സ്വന്തം മാസികാ അവതരണം തയ്യാറാക്കുക
1 ലോകത്തിലെ പ്രധാന വിഷയങ്ങൾ മുതൽ ‘ദൈവത്തിന്റെ ആഴങ്ങൾ’ വരെ എല്ലാ കാര്യങ്ങളും ചർച്ചചെയ്യുന്ന കാലോചിതവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ നിമിത്തം നാം വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിലമതിക്കുന്നു. (1 കൊരി. 2:10) സത്യം പടിപടിയായി വെളിപ്പെടുത്താൻ യഹോവ ഉപയോഗിക്കുന്ന ഈ പത്രികകളിൽ വായിച്ചിട്ടുള്ള പുതിയതും കെട്ടുപണി ചെയ്യുന്നതുമായ പല കാര്യങ്ങളും നാം അനുസ്മരിക്കുന്നു. (സദൃ. 4:18) ഏത് അവസരങ്ങളിലും, ഒറ്റപ്രതികളും വരിസംഖ്യകളും നൽകിക്കൊണ്ട്, കഴിയുന്നത്ര വ്യാപകമായി അവ വിതരണം ചെയ്യുന്നതിൽ ഉത്സുകരായിരിക്കാൻ നാം ആഗ്രഹിക്കുന്നു.
2 നിങ്ങളുടെ പ്രദേശത്തെ വിശകലനം ചെയ്യുക: ഏതു തരം ആളുകളാണ് നിങ്ങളുടെ പ്രദേശത്തു വസിക്കുന്നത്? തിരക്കുപിടിച്ച ഒരു ജീവിതമാണ് അവരുടേതെങ്കിൽ ഹ്രസ്വവും കുറിക്കുകൊള്ളുന്നതുമായ ഒരു അവതരണം നിങ്ങൾ തയ്യാറാക്കേണ്ടതുണ്ടായിരിക്കാം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടേത് അത്ര തിരക്കുപിടിച്ച ജീവിതമല്ലെങ്കിൽ അവതരണത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. വീട്ടുകാർ പകൽസമയത്തു ജോലിചെയ്യുന്നവരാണെങ്കിൽ സായാഹ്നത്തോടടുത്തോ സായാഹ്നാരംഭത്തിലോ കൂടുതൽ വിജയകരമായി നിങ്ങൾക്ക് അവരുടെ ഭവനങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞേക്കും. തെരുവുസാക്ഷീകരണത്തിന്റെ സമയത്തോ കടകൾതോറും പ്രവർത്തിക്കുമ്പോഴോ പകൽസമയത്തു നിങ്ങൾക്കു ചിലരുമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞേക്കും. ബസ് സ്റ്റാൻഡുകൾക്കോ റെയിൽവേ സ്റ്റേഷനുകൾക്കോ അടുത്തുവെച്ച് അല്ലെങ്കിൽ പാർക്കുകളിൽവെച്ച് ആളുകളെ സമീപിച്ചു ചില പ്രസാധകർ നല്ല ഫലം കൊയ്യുന്നു.
3 മാസികകൾ പരിചിതമാക്കുക: ലഭിച്ച ഉടൻതന്നെ ഓരോ ലക്കവും വായിക്കുക. നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് ഇഷ്ടപ്പെടുമെന്നു നിങ്ങൾ കരുതുന്ന ലേഖനങ്ങൾ തിരഞ്ഞെടുക്കുക. അവരെ ബാധിക്കുന്ന വിഷയങ്ങൾ ഏതാണ്? വിശേഷവത്കരിക്കാൻ ഉദ്ദേശിച്ചിക്കുന്ന ലേഖനത്തിൽനിന്നു നിങ്ങൾക്ക് ഉദ്ധരിക്കാൻ കഴിയുന്ന ഒരു നിർദിഷ്ട ആശയം കണ്ടുപിടിക്കുക. താത്പര്യം ഉണർത്താൻ കഴിയുന്ന ഒരു ചോദ്യം ഏതായിരിക്കുമെന്ന് ആലോചിക്കുക. അവസരം ലഭിക്കുന്നപക്ഷം വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാൻ പറ്റിയ സന്ദർഭോചിതമായ ഒരു തിരുവെഴുത്തു തിരഞ്ഞെടുക്കുക. ഒരു വരിസംഖ്യ എടുക്കാൻ വീട്ടുകാരനെ പ്രേരിപ്പിക്കാൻ തക്കവണ്ണം നിങ്ങൾക്ക് എന്തു പറയാൻ കഴിയുമെന്നും ഒരു മടക്കസന്ദർശനത്തിനുള്ള അടിത്തറ പാകാൻ എങ്ങനെ കഴിയുമെന്നും ചിന്തിക്കുക.
4 മുഖവുര തയ്യാറാകുക: സ്വയം പരിചയപ്പെടുത്തുന്നതിനും ഒരു സംഭാഷണം തുടങ്ങുന്നതിനും വേണ്ടി നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. ഇപ്രകാരം തുടക്കമിടുന്നതിൽ ചിലർ വിജയം കണ്ടെത്തിയിട്ടുണ്ട്: “ഈ മാസികയിൽ രസകരമായ ഒരു ലേഖനം ഞാൻ വായിക്കുകയുണ്ടായി. മറ്റുള്ളവരുമായി അതു പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” തങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന സംസാരാശയത്തിൽ കേന്ദ്രീകൃതമായ ഒരു ചോദ്യത്തോടെ പലരും സംഭാഷണത്തിനു തുടക്കമിടുന്നു. ഉദാഹരണത്തിന്:
5 കുറ്റകൃത്യത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഒരു ലേഖനമാണു വിശേഷവത്കരിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
◼“കൊള്ളയടിക്കപ്പെടുമെന്നോ ഉപദ്രവിക്കപ്പെടുമെന്നോ ഉള്ള ഭയമില്ലാതെ രാത്രി നമുക്ക് ഉറങ്ങാൻ സാധിക്കണമെങ്കിൽ എന്താണ് ആവശ്യമായിരിക്കുന്നത്?” ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമാർഗം സംബന്ധിച്ച ചില വിവരങ്ങൾ നിങ്ങളുടെ പക്കലുണ്ടെന്നു വിവരിക്കുക. സാമൂഹികമായ മറ്റെല്ലാത്തരം കുഴപ്പങ്ങളെയും ഈ പരിഹാരമാർഗം താമസിയാതെ തുടച്ചുനീക്കും. അത്തരമൊരു പ്രത്യാശ പ്രദാനം ചെയ്യുന്ന മാസികയിലെ എന്തെങ്കിലും വിവരം പരാമർശിക്കുക. മടങ്ങിച്ചെല്ലുമ്പോൾ, പരിജ്ഞാനം പുസ്തകത്തിലെ ഒന്നാം അധ്യായത്തിലേക്കു വീട്ടുകാരന്റെ ശ്രദ്ധയാകർഷിക്കാൻ നിങ്ങൾക്കു കഴിയും.
6 കുടുംബജീവിതത്തെക്കുറിച്ചുള്ള ഒരു ലേഖനം സമർപ്പിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഇക്കാലത്തു കുട്ടികളെ വളർത്തിക്കൊണ്ടുവരിക എന്നത് ഒരു യഥാർഥ വെല്ലുവിളിയാണെന്നു മിക്ക മാതാപിതാക്കളും കണ്ടെത്തുന്നു. ഈ വിഷയം സംബന്ധിച്ച് ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും വിദഗ്ധർ പോലും ഇവയുമായി യോജിക്കുന്നില്ല. ആശ്രയയോഗ്യമായ മാർഗനിർദേശം പ്രദാനം ചെയ്യാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ?” ബൈബിളിൽ കാണുന്ന ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു സുനിശ്ചിത അഭിപ്രായം മാസികയിൽനിന്നു പങ്കിടുക. മടക്കസന്ദർശനം നടത്തുമ്പോൾ, പരിജ്ഞാനം പുസ്തകത്തിന്റെ 145-8 വരെയുള്ള പേജുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള, കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതു സംബന്ധിച്ച തിരുവെഴുത്തുപരമായ ആശയങ്ങൾ ചർച്ചചെയ്യുക.
7 ഒരു സാമൂഹിക പ്രശ്നം സംബന്ധിച്ച ലേഖനം വിശേഷവത്കരിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
◼“നാം ജീവിക്കുന്നതു പിരിമുറുക്കമേറിയ കാലഘട്ടത്തിലായതുകൊണ്ടു പലർക്കും സമ്മർദം അനുഭവപ്പെടുന്നു. നാം ഇങ്ങനെ ജീവിക്കാനാണു ദൈവം ഉദ്ദേശിച്ചിരുന്നതെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” ഇന്നത്തെ പ്രശ്നങ്ങളെ തരണംചെയ്യാൻ അല്ലെങ്കിൽ ഉത്കണ്ഠാവിമുക്തമായ ഒരു ഭാവിക്കുവേണ്ടി നോക്കിപ്പാർത്തിരിക്കാൻവേണ്ട കാരണങ്ങൾ നൽകുന്ന ഒരു ലേഖനം ചൂണ്ടിക്കാട്ടുക. അടുത്ത സന്ദർശനത്തിൽ, പരിജ്ഞാനം പുസ്തകത്തിന്റെ 4-5 പേജുകളിലുള്ള ചിത്രത്തെയും ചിത്രക്കുറിപ്പിനെയും കുറിച്ചു ചർച്ചചെയ്യുക. എന്നിട്ട് നേരേ ബൈബിളധ്യയനത്തിലേക്കു നയിക്കുക.
8 വീട്ടുകാരനോട് അനുരൂപപ്പെടുക: വ്യത്യസ്ത താത്പര്യങ്ങളും പശ്ചാത്തലങ്ങളുമുള്ള ആളുകളെ നിങ്ങൾ കണ്ടുമുട്ടും. ഓരോ വീട്ടുകാരനും യോജിക്കുന്ന ഒരു അടിസ്ഥാന അവതരണം തയ്യാറാക്കുക. നിങ്ങൾക്കു പറയേണ്ട കാര്യങ്ങൾ—ഒരു പുരുഷനോട്, സ്ത്രീയോട്, പ്രായംചെന്ന ഒരാളോട്, അല്ലെങ്കിൽ ഒരു യുവാവിനോട് അനുരൂപപ്പെടുത്തേണ്ട വിധം—മനസ്സിൽ പിടിക്കുക. നിങ്ങൾ എന്തു പറയണം എന്നതു സംബന്ധിച്ചു കർക്കശമായ നിയമങ്ങളൊന്നുമില്ല. നിങ്ങൾക്കു സൗകര്യപ്രദമായതും ഫലം കൈവരുത്തുന്നതുമായ എന്തും ഉപയോഗിക്കുക. എങ്കിലും, ഉത്സാഹമുള്ളവരായിരിക്കുക, ഹൃദയത്തിൽനിന്നു സംസാരിക്കുക. കൂടാതെ, ഒരു നല്ല ശ്രോതാവായിരിക്കുക. “നിയമിക്കപ്പെട്ടവർ” നിങ്ങളുടെ ആത്മാർഥത തിരിച്ചറിഞ്ഞ് അനുകൂലമായി പ്രതികരിക്കും.—പ്രവൃ. 13: 48.
9 പരസ്പരം സഹായിക്കുക: ആശയങ്ങൾ പരസ്പരം പങ്കുവെക്കുമ്പോൾ ആശയപ്രകടനം നടത്താനുള്ള പുതിയ മാർഗങ്ങൾ നാം പഠിക്കുന്നു. ഒത്തൊരുമിച്ച് അവതരണങ്ങൾ അഭ്യസിക്കുന്നതു നമുക്കു പരിചയവും ആത്മവിശ്വാസവും നൽകുന്നു. (സദൃ. 27:17) നിങ്ങൾ പറയാൻ പോകുന്നതു മുൻകൂട്ടി അഭ്യസിക്കുകയാണെങ്കിൽ വീട്ടുവാതിൽക്കൽ പിരിമുറുക്കമില്ലാതെ സ്വസ്ഥമായി സംസാരിക്കാൻ നിങ്ങൾക്കു കഴിയും. മാതാപിതാക്കൾ, തയ്യാറാകാൻ തങ്ങളുടെ മക്കളെ സഹായിക്കുന്നതും അവതരണം അഭ്യസിക്കുമ്പോൾ ശ്രദ്ധിക്കുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതും മർമപ്രധാനമാണ്. കൂടുതൽ അനുഭവപരിചയമുള്ള പ്രസാധകരുമൊത്തു പ്രവർത്തിക്കുന്നതു പുതിയവർക്കു പ്രയോജനം കൈവരുത്തും.
10 സ്വന്തം മാസികാ അവതരണങ്ങൾ തയ്യാറാക്കുന്നത് ബുദ്ധിമുട്ടായിരിക്കണമെന്നില്ല. ഏതെങ്കിലും ഒരു നിർദിഷ്ട സംഗതി മനസ്സിൽ പിടിച്ച് അത് ആകർഷകമായ രീതിയിൽ അവതരിപ്പിക്കേണ്ട കാര്യമേയുള്ളൂ. മുൻകൈ എടുക്കുന്നതിനാലും മുന്നമേ ചിന്തിക്കുന്നതിനാലും നല്ല പ്രതികരണം ലഭിക്കുന്ന മേന്മയേറിയ ഒരു അവതരണം നിങ്ങൾക്കു തയ്യാറാക്കാൻ കഴിയും.
11 നാം ലോകവ്യാപകമായി രാജ്യസന്ദേശം പ്രചരിപ്പിക്കുന്ന മുഖ്യ വിധങ്ങളിലൊന്നാണ് മാസികാ വിതരണം. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികളോ വരിസംഖ്യകളോ ആത്മാർഥഹൃദയരായ ആളുകൾക്കു സമർപ്പിക്കാൻ കഴിഞ്ഞാൽ മാസികകൾ തന്നെ സംസാരിച്ചുകൊള്ളും. അവയുടെ മൂല്യത്തെയും അവയുടെ സന്ദേശം ജീവൻ രക്ഷിക്കുന്ന വിധത്തെയും കുറിച്ച് എപ്പോഴും ഓർമിക്കുക. ഇത്തരത്തിൽ ‘നന്മ ചെയ്യുന്നതും കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കു’ന്നതുമാണ് യഹോവയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്.—എബ്രാ. 13:16, NW.