നമ്മുടെ രാജ്യപ്രസംഗം മെച്ചപ്പെടുത്തുന്നതിനുളള മാർഗങ്ങൾ
1 നമ്മുടെ പ്രസംഗവേല മുമ്പെന്നത്തെക്കാൾ ഇപ്പോൾ അടിയന്തിരമാണ്. ആളുകൾ ജീവിക്കുമോ മരിക്കുമോ എന്നത് സുവാർത്തയോടുളള അവരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും. (1 പത്രൊ. 4:5, 6, 17; വെളി. 14:6, 7) ഇക്കാരണത്താൽ നാം എല്ലായ്പോഴും നമ്മുടെ രാജ്യപ്രസംഗം മെച്ചപ്പെടുത്തുന്നതിനുളള മാർഗങ്ങൾ അന്വേഷിക്കണം. മെച്ചപ്പെടുത്തലിനുളള ചില മാർഗങ്ങൾ ഏവയാണ്?
2 നന്നായി തയ്യാറാകുക: നമ്മുടെ രാജ്യ ശുശ്രൂഷയുടെ നിലവിലുളള ലക്കമുപയോഗിച്ച്, നിങ്ങളുടെ പ്രദേശത്തുളള അധികം ജനങ്ങൾക്കും ആകർഷകമായിരിക്കുമെന്നു നിങ്ങൾക്കു തോന്നുന്ന ഒരു അവതരണം തിരഞ്ഞെടുക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രദേശിക സാഹചര്യങ്ങളോടു പൊരുത്തപ്പെടുത്തുന്നതു പ്രധാനമാണ്. അല്ലെങ്കിൽ ഒരുപക്ഷേ ഫലപ്രദമെന്നു നിങ്ങൾ വ്യക്തിപരമായി കണ്ടെത്തിയ ആശയങ്ങളും തിരുവെഴുത്തു ഭാഗങ്ങളും ഉപയോഗിച്ചുകൊണ്ടു നിങ്ങൾ നിങ്ങളുടേതായ ഒരു അവതരണം തയ്യാറാക്കാൻ ഇഷ്ടപ്പെട്ടേക്കാം. താത്പര്യത്തെ ഉണർത്തുന്ന ഒരു മുഖവുര നിങ്ങൾക്കാവശ്യമാണ്. (കാണുക: ന്യായവാദം പുസ്തകം, പേജുകൾ, 9-15.) ഒരുപക്ഷേ, നിങ്ങൾ ഒരു ചിന്തോദ്ദീപകമായ ചോദ്യം ചോദിക്കാൻ പ്ലാൻചെയ്തേക്കാം അല്ലെങ്കിൽ പ്രാദേശിക താത്പര്യമുളള ചില വാർത്തായിനങ്ങൾ സംബന്ധിച്ചു വീട്ടുകാരന്റെ അഭിപ്രായം നിങ്ങൾ ആരാഞ്ഞേക്കാം. നിങ്ങൾക്കു നിങ്ങളുടെ അവതരണം മനസ്സിലുളളപ്പോൾ, നിങ്ങളുടെ മെച്ചപ്പെടലിനുവേണ്ടി നിർദേശങ്ങൾ തരാൻ കഴിയുന്ന കുടുംബത്തിലെ ഒരു അംഗത്തോടൊപ്പമോ മറെറാരു പ്രസാധകനോടൊപ്പമോ അത് അഭ്യസിക്കുക.
3 ആളുകളുമായി സംഭാഷണം നടത്തുക: നമ്മുടെ ഉദ്ദേശ്യം ഒരു പ്രധാനപ്പെട്ട സന്ദേശം കൈമാറുക എന്നതാണ്. നമ്മുടെ ശ്രോതാവുമായി അർഥവത്തായ ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നതിലൂടെ ഇതു ചെയ്യാൻ കഴിയും. വീട്ടുകാരൻ ഒരു തടസ്സം ഉന്നയിക്കുന്നുവെങ്കിലോ ഒരു അഭിപ്രായം പറയുന്നുവെങ്കിലോ അയാൾക്കു പറയാനുളളത് എന്തെന്ന് അവധാനപൂർവം ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിങ്ങളിലുളള പ്രത്യാശ സംബന്ധിച്ചു തിരുവെഴുത്തുപരമായ ഒരു ഉത്തരം കൊടുക്കുന്നതിനു നിങ്ങളെ സഹായിക്കും. (1 പത്രൊ. 3:15) അദ്ദേഹത്തിന്റെ കാഴ്ചപ്പാടു ബൈബിളിനോടു യോജിക്കുന്നില്ലെങ്കിൽ, നിങ്ങൾ നയപൂർവം ഇങ്ങനെ പറഞ്ഞേക്കാം: “താങ്കൾ പറഞ്ഞതുപോലെ അനേകമാളുകളും വിചാരിക്കുന്നു, എന്നാൽ വിഷയത്തിലേക്കു നോക്കുന്നതിനുളള മറെറാരു വിധം ഇതാ.” അതിനുശേഷം ഉചിതമായ ഒരു തിരുവെഴുത്തു വായിച്ചിട്ട് അദ്ദേഹത്തിന്റെ അഭിപ്രായം ആരായുക.
4 അയവുളള ഒരു പട്ടിക ഉണ്ടായിരിക്കുക: ആളുകളോടു സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ നന്നായി തയ്യാറാകുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. നാം സന്ദർശിക്കുമ്പോൾ ചുരുക്കം ചില വീട്ടുകാരെ മാത്രം ഭവനങ്ങളിൽ കണ്ടെത്തുക എന്നത് ഇന്ന് സാധാരണമാണ്. നിങ്ങളുടെ പ്രദേശത്ത് ഇത് അപ്രകാരമാണെങ്കിൽ കൂടുതൽ ആളുകൾ വീട്ടിലുളളപ്പോൾ നിങ്ങൾക്കു വീടുവീടാന്തരമുളള വേല ചെയ്യാൻ കഴിയുംവിധം നിങ്ങളുടെ പട്ടിക ക്രമീകരിക്കാൻ ശ്രമിക്കുക. വാരാന്ത്യങ്ങളാണ് സന്ദർശിക്കുന്നതിനുളള ഏററവും നല്ല സമയമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം; മററുചിലർ വാരത്തിലെ വൈകുന്നേര സമയത്തായിരിക്കും കൂടുതൽ ലഭ്യമായിരിക്കുന്നത്. ചില സ്ഥലങ്ങളിൽ ലൗകിക അവധിദിവസങ്ങളിൽ സാക്ഷീകരിക്കുന്നതു കൂടുതൽ പ്രയോജനകരമാണെന്നു പ്രസാധകർ കണ്ടെത്തുന്നു, കാരണം അവർ കൂടുതൽ ഭവനങ്ങളിൽ ആളുകളെ കണ്ടെത്തുന്നു. അത്തരം സമയങ്ങളിൽ ആളുകൾ സാധാരണമായി ഒരു വിശ്രമ മനോവൃത്തിയിൽ ആയിരിക്കും, ഒരുപക്ഷേ സംഭാഷണം നടത്താൻ കൂടുതൽ മനസ്സൊരുക്കമുളളവരുമായിരിക്കും. നിങ്ങളുടെ മുഖവുര സന്ദർഭത്തോടു പൊരുത്തപ്പെടുത്തുന്നതും അതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു തിരുവെഴുത്തു വിഷയവുമായി ബന്ധിപ്പിക്കുന്നതും നല്ലതാണ്.
5 നിങ്ങളുടെ അവതരണത്തിന്റെ ഫലപ്രദത്വം വിശകലനം ചെയ്യുക: ഓരോ വീട്ടിൽനിന്നും ഇറങ്ങിയശേഷം നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ വീട്ടുകാരന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നോ? ചിന്തകൾ പ്രകടിപ്പിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുകയും അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഞാൻ അവധാനപൂർവം ശ്രദ്ധിക്കുകയും ചെയ്തോ? ഞാൻ നയപൂർവം ഉത്തരം പറഞ്ഞോ? സാഹചര്യങ്ങളോടുളള വീക്ഷണത്തിൽ ഞാൻ ഏററവും നല്ല ഒരു സമീപനമാണോ നടത്തിയത്?’ ശുശ്രൂഷയിൽ നിങ്ങളുടെതന്നെ ഫലപ്രദത്വം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അനുഭവപരിചയമുളള ഒരു പ്രസാധകനോടോ പയനിയറോടോ ഒപ്പം ഇടയ്ക്കിടയ്ക്കു പ്രവർത്തിക്കുന്നതും അദ്ദേഹത്തിന്റെ അവതരണങ്ങൾ അവധാനപൂർവം ശ്രദ്ധിക്കുന്നതും സഹായകമായിരിക്കും.
6 നിങ്ങൾ നിങ്ങളുടെ വേലയിൽ വൈദഗ്ധ്യമുളളവരാണെങ്കിൽ, ‘നിങ്ങളെയും നിങ്ങളുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കു’ന്ന രാജ്യസത്യങ്ങൾ പങ്കുവെക്കുന്നതിനു നിങ്ങൾക്കു കഴിയും.—1 തിമൊ. 4:16; സദൃ. 22:29.