താഴ്മ ധരിച്ചുകൊള്ളുവിൻ
1 യഹോവയിൽ ആശ്രയിച്ചുകൊണ്ട് ഒരു ഇടയബാലൻ മല്ലനായ ഒരു യോദ്ധാവിനെ പരാജയപ്പെടുത്തുന്നു. (1 ശമൂ. 17:45-47) ധനികനായ ഒരു മനുഷ്യൻ ക്ഷമാപൂർവം ദുരിതത്തിൻമധ്യേ സഹിച്ചുനിൽക്കുന്നു. (ഇയ്യോ. 1:20-22; 2:9, 10) ദൈവപുത്രൻ താൻ പഠിപ്പിച്ച കാര്യങ്ങൾക്കെല്ലാമുള്ള മഹത്ത്വം തന്റെ പിതാവിലേക്കു തിരിച്ചുവിടുന്നു. (യോഹ. 7:15-18; 8:28) ഈ ദൃഷ്ടാന്തങ്ങളിൽ ഓരോന്നിലും, താഴ്മ മർമപ്രധാനമായ ഒരു പങ്കു വഹിച്ചു. സമാനമായി, ഇന്നു നാം അഭിമുഖീകരിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളിൽ താഴ്മ പ്രകടമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.—കൊലൊ. 3:12.
2 പ്രസംഗ പ്രവർത്തനത്തിൽ: വർഗത്തിന്റെയോ സംസ്കാരത്തിന്റെയോ സാമൂഹിക പശ്ചാത്തലത്തിന്റെയോ അടിസ്ഥാനത്തിൽ ആളുകളെ വിധിക്കാതെ, ക്രിസ്തീയ ശുശ്രൂഷകർ എന്ന നിലയിൽ താഴ്മയോടെ നാം എല്ലാത്തരം ആളുകളുമായും സുവാർത്ത പങ്കുവെക്കുന്നു. (1 കൊരി. 9:22, 23) ആരെങ്കിലും പരുഷമായി പെരുമാറുകയോ അഹങ്കാരപൂർവം രാജ്യസന്ദേശം തിരസ്കരിക്കുകയോ ചെയ്താൽ നാം അതേ നാണയത്തിൽ തിരിച്ചടിക്കുന്നില്ല, മറിച്ച് ക്ഷമാപൂർവം അർഹരായവർക്കു വേണ്ടിയുള്ള അന്വേഷണം നാം തുടരും. (മത്താ. 10:11, 14) നമ്മുടെ പരിജ്ഞാനമോ വിദ്യാഭ്യാസമോ കൊണ്ട് മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ ശ്രമിക്കുന്നതിനു പകരം ദൈവവചനത്തിലേക്ക് നാം ശ്രദ്ധ തിരിച്ചുവിടുന്നു. കാരണം നാം പറയുന്ന എന്തിനെക്കാളുമേറെ പ്രേരണ ചെലുത്താൻ ദൈവവചനത്തിനു കഴിയും എന്നു നാം തിരിച്ചറിയുന്നു. (1 കൊരി. 2:1-5; എബ്രാ. 4:12) യേശുവിനെ അനുകരിച്ചുകൊണ്ട്, നാം സകല സ്തുതിയും യഹോവയ്ക്കു നൽകുന്നു.—മർക്കൊ. 10:17, 18.
3 സഭയിൽ: ക്രിസ്ത്യാനികൾ ‘അന്യോന്യം ഇടപെടുന്നതിലും താഴ്മ ധരിച്ചുകൊള്ളുന്നത്’ അനിവാര്യമാണ്. (1 പത്രൊ. 5:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) നമ്മെക്കാൾ ശ്രേഷ്ഠരായി നാം മറ്റുള്ളവരെ കരുതുന്നെങ്കിൽ, നമ്മുടെ സഹോദരങ്ങളെ സേവിക്കുന്നതിനുള്ള വഴികൾ നാം തേടും. അല്ലാതെ, അവർ നമ്മെ സേവിക്കാൻ നാം പ്രതീക്ഷിക്കുകയില്ല. (യോഹ. 13:12-17; ഫിലി. 2:3, 4) രാജ്യഹാൾ വൃത്തിയാക്കുന്നതുപോലുള്ള ജോലികൾ ചെയ്യുന്നത് സ്വന്തം നിലയ്ക്കും വിലയ്ക്കും ചേർന്നതല്ല എന്ന് നാം കരുതുകയില്ല.
4 ‘സ്നേഹത്തിൽ അന്യോന്യം പൊറുക്കുന്നതിനും’ അതുവഴി സഭയിലെ സമാധാനവും ഐക്യവും ഉന്നമിപ്പിക്കുന്നതിനും താഴ്മ നമ്മെ സഹായിക്കുന്നു. (എഫെ. 4:1-3) നേതൃത്വമെടുക്കാൻ നിയമിതരായിരിക്കുന്നവർക്കു കീഴ്പെട്ടിരിക്കാൻ അതു നമ്മെ സഹായിക്കുന്നു. (എബ്രാ. 13:17) നമുക്കു ലഭിക്കുന്ന ഏതൊരു ബുദ്ധിയുപദേശവും ശിക്ഷണവും സ്വീകരിക്കാൻ അതു നമ്മെ പ്രചോദിപ്പിക്കുന്നു. (സങ്കീ. 141:5) കൂടാതെ, സഭയിൽ നമുക്കു ലഭിച്ചേക്കാവുന്ന ഏതൊരു നിയമനം നിർവഹിക്കുമ്പോഴും യഹോവയിൽ ആശ്രയിക്കാൻ താഴ്മ നമ്മെ പ്രേരിപ്പിക്കുന്നു. (1 പത്രൊ. 4:11) വിജയം ആശ്രയിച്ചിരിക്കുന്നത് മനുഷ്യന്റെ കഴിവിലല്ല, പ്രത്യുത ദൈവത്തിന്റെ അനുഗ്രഹത്തിലാണ് എന്ന് ദാവീദിനെപ്പോലെ നാമും തിരിച്ചറിയുന്നു.—1 ശമൂ. 17:37.
5 നമ്മുടെ ദൈവത്തിനു മുമ്പാകെ: ഏറ്റവും പ്രധാനമായി, നാം “ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരി”ക്കേണ്ടതുണ്ട്. (1 പത്രൊ. 5:6) പരിശോധനകൾ നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നെങ്കിൽ, ദൈവരാജ്യം കൈവരുത്താനിരിക്കുന്ന ആശ്വാസത്തിനു വേണ്ടി നാം ഉത്കടമായി വാഞ്ഛിച്ചേക്കാം. എങ്കിലും വാഗ്ദാനങ്ങൾ നിവർത്തിക്കാനുള്ള യഹോവയുടെ നിയമിത സമയംവരെ കാത്തിരുന്നുകൊണ്ട്, നാം താഴ്മയോടെ സഹിഷ്ണുത പ്രകടമാക്കുന്നു. (യാക്കോ. 5:7-11) നിർമലതാ പാലകനായ ഇയ്യോബിനെപ്പോലെ, “യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നതാണ് നമ്മുടെ മുഖ്യ താത്പര്യം.—ഇയ്യോ. 1:21.
6 ദാനീയേൽ പ്രവാചകൻ ‘ദൈവത്തിന്റെ മുമ്പാകെ തന്നെത്തന്നേ താഴ്ത്തി.’ തത്ഫലമായി അവൻ യഹോവയുടെ പ്രീതിയും മറ്റനേകം വിശിഷ്ട സേവന പദവികളും ആസ്വദിച്ചു. (ദാനീ. 10:11, 12) “താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു” എന്നു തിരിച്ചറിഞ്ഞുകൊണ്ട്, നമുക്കും സമാനമായി താഴ്മ ധരിക്കാം.—സദൃ. 22:4.