ഭൂവ്യാപകമായി വിതരണം ചെയ്യപ്പെടേണ്ട സ്മാരക ക്ഷണക്കത്ത്!
1. സ്മാരകത്തിനുമുമ്പ് ഭൂവ്യാപകമായി ഏത് പ്രചാരണപരിപാടി ഉണ്ടായിരിക്കും?
1 “എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുവിൻ.” (ലൂക്കോ. 22:19) യേശുവിന്റെ ഈ കൽപ്പന അനുസരിച്ചുകൊണ്ട് യഹോവയുടെ ആരാധകർ താത്പര്യക്കാരോടൊപ്പം 2010 മാർച്ച് 30-ന് യേശുവിന്റെ മരണത്തിന്റെ ഓർമയ്ക്കായി കൂടിവരും. മാർച്ച് 13 മുതൽ മാർച്ച് 30 വരെ ഭൂവ്യാപകമായി സ്മാരകത്തിനുള്ള ക്ഷണക്കത്തു വിതരണം ഉണ്ടായിരിക്കുന്നതാണ്.
2. എങ്ങനെയാണ് ക്ഷണക്കത്ത് നൽകേണ്ടത്?
2 ക്ഷണക്കത്ത് നൽകേണ്ടവിധം: നയത്തോടെയും വിവേചനയോടെയും വേണം ക്ഷണക്കത്ത് നൽകാൻ. യേശുവിനെക്കുറിച്ച് അറിയാൻ വീട്ടുകാരന് താത്പര്യമുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നപക്ഷം ക്ഷണക്കത്ത് അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കാനാകും, അങ്ങനെയാകുമ്പോൾ ക്ഷണക്കത്തിലെ ചിത്രം അദ്ദേഹത്തിനു കാണാൻ കഴിയും. എന്നിട്ട് ഇങ്ങനെ പറയാം: “മാർച്ച് 30-ാം തീയതി വൈകുന്നേരം യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നതിന് ലോകവ്യാപകമായി ദശലക്ഷക്കണക്കിന് ആളുകൾ കൂടിവരും. ആ ആചരണത്തിനായി താങ്കളെയും കുടുംബത്തെയും ക്ഷണിക്കാനാണ് ഞാൻ വന്നത്.” പ്രാദേശികമായി ഈ ആചരണം നടക്കുന്ന സ്ഥലവും സമയവും അറിയിക്കുക. സാഹചര്യം അനുവദിക്കുന്നപക്ഷം, ലൂക്കോസ് 22:19 വായിച്ചുകൊണ്ട് സ്മാരകം ആചരിക്കാനുള്ള തിരുവെഴുത്തു കൽപ്പന വീട്ടുകാരനെ കാണിക്കാവുന്നതാണ്. ഒരു നിശ്ചിത സമയത്തിനുള്ളിൽ പ്രദേശം പ്രവർത്തിച്ചു തീർക്കേണ്ടതുള്ളതിനാൽ കാര്യങ്ങൾ ചുരുക്കിപ്പറയുന്നതായിരിക്കും അഭികാമ്യം.
3. ആരെയൊക്കെ ക്ഷണിക്കാം?
3 ഉചിതമെങ്കിൽ ക്ഷണക്കത്തിനൊപ്പം മാസികകളും കൊടുക്കാവുന്നതാണ്. നിങ്ങൾ മടക്കസന്ദർശനം നടത്തുന്നവർ, നിങ്ങളുടെ ബൈബിൾ വിദ്യാർഥികൾ, സഹജോലിക്കാർ, സഹപാഠികൾ, ബന്ധുക്കൾ, അയൽക്കാർ, മറ്റു പരിചയക്കാർ എന്നിവരെയൊക്കെ മറക്കാതെ ക്ഷണിക്കുക.
4. മറുവിലയിലൂടെ യഹോവ കാണിച്ച സ്നേഹത്തോടുള്ള വിലമതിപ്പ് എന്തുചെയ്യാൻ നമ്മെ പ്രേരിപ്പിക്കും?
4 പൂർണപിന്തുണ നൽകുക: നമ്മുടെ വയൽപ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനു പറ്റിയ ഒരു സമയമാണ് സ്മാരകകാലം. ഈ സമയത്ത് കാര്യാദികൾ ക്രമീകരിച്ചുകൊണ്ട് നിങ്ങൾക്കു സഹായപയനിയറിങ് ചെയ്യാനാകുമോ? ആത്മീയപുരോഗതിവരുത്തുന്ന മക്കളോ ബൈബിൾ വിദ്യാർഥികളോ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ, സ്നാനമേറ്റിട്ടില്ലാത്ത പ്രസാധകരായി ഈ പ്രചാരണപരിപാടിയിൽ പങ്കെടുക്കാൻ അവർക്ക് യോഗ്യതയുണ്ടോയെന്ന് മൂപ്പന്മാരോടു ചോദിക്കുക. മറുവില നൽകിയതിലൂടെ യഹോവ നമ്മോടു കാണിച്ച സ്നേഹത്തെ വിലമതിക്കുന്നപക്ഷം നാം സ്മാരകത്തിനു ഹാജരാകുമെന്നു മാത്രമല്ല കഴിയുന്നത്ര ആളുകളെ അതിനു ക്ഷണിക്കുകയും ചെയ്യും.—യോഹ. 3:16.