ഏപ്രിൽ 2-ന് ആരംഭിക്കുന്ന ക്ഷണക്കത്ത് വിതരണം
1. ഈ വർഷത്തെ സ്മാരക ക്ഷണക്കത്ത് വിതരണം ചെയ്യുന്നത് എപ്പോഴായിരിക്കും? ഈ പ്രചാരണ പരിപാടി പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
1 ഈ വർഷത്തെ സ്മാരകത്തിന്റെ ക്ഷണക്കത്ത് നാം വിതരണം ചെയ്യുന്നത് ഏപ്രിൽ 2 മുതൽ ഏപ്രിൽ 17 വരെ ആയിരിക്കും. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഈ പ്രചാരണ പരിപാടി മൂലം, ഈ സുപ്രധാന കൂടിവരവിൽ സംബന്ധിക്കാൻ അനേകർക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സ്മാരക ദിവസം ഒരു സ്ത്രീ ബ്രാഞ്ച് ഓഫീസിലേക്ക് ഫോൺചെയ്തു: “ഞാൻ വീട്ടിൽ ഇല്ലായിരുന്നു. തിരിച്ചു വന്നപ്പോൾ ഒരു ക്ഷണക്കത്ത് വാതിൽക്കൽ ഇരിക്കുന്നതു കണ്ടു. ഈ പരിപാടിയിൽ പങ്കെടുക്കാൻ എനിക്കു താത്പര്യമുണ്ട്. പക്ഷേ അതിന്റെ സമയം എനിക്കറിയില്ല.” ക്ഷണക്കത്തിൽ സ്ഥലവും സമയവും രേഖപ്പെടുത്തിയിരിക്കുന്നത് എവിടെയാണെന്ന് ഫോൺ എടുത്ത സഹോദരൻ അവർക്ക് പറഞ്ഞുകൊടുത്തു. “ഞാൻ എന്തായാലും നിങ്ങളുടെ ഈ യോഗത്തിൽ പങ്കെടുക്കും” എന്നു പറഞ്ഞിട്ടാണ് അവർ ഫോൺ വെച്ചത്.
2. ക്ഷണക്കത്ത് നൽകുമ്പോൾ എന്തു പറയാം?
2 വിതരണം ചെയ്യേണ്ടത് എങ്ങനെ? ചുരുങ്ങിയ സമയംകൊണ്ട് പ്രദേശം പ്രവർത്തിച്ചു തീർക്കേണ്ടതുള്ളതിനാൽ ഹ്രസ്വമായ ഒരു അവതരണമാണ് അഭികാമ്യം. ഇങ്ങനെ പറയാവുന്നതാണ്: “ഏപ്രിൽ 17 ഞായറാഴ്ച യേശുവിന്റെ മരണത്തിന്റെ ഓർമ ഞങ്ങൾ ആചരിക്കുന്നുണ്ട്. ലോകവ്യാപകമായി നടക്കുന്ന ഈ വാർഷിക ആചരണത്തിൽ പങ്കുചേരാൻ താങ്കളെയും കുടുംബത്തെയും ക്ഷണിക്കാനാണ് ഞങ്ങൾ വന്നത്. [ക്ഷണക്കത്ത് വീട്ടുകാരനു കൊടുക്കുക.] ക്രിസ്തുവിന്റെ ബലിമരണം നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ നൽകുമെന്നു വിവരിക്കുന്ന ഒരു ബൈബിളധിഷ്ഠിത പ്രസംഗം ഉണ്ടായിരിക്കും. അവിടെ പണപ്പിരിവ് ഉണ്ടായിരിക്കുന്നതല്ല. ഈ ക്ഷണക്കത്തിൽ സമയവും സ്ഥലവും കൊടുത്തിട്ടുണ്ട്.” പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ, വീട്ടുകാരന് താത്പര്യമുണ്ടെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം ക്ഷണക്കത്ത് നൽകാൻ ശ്രദ്ധിക്കുക.
3. കഴിയുന്നത്ര ആളുകളെ ക്ഷണിക്കാൻ നാം എന്തു ചെയ്യണം?
3 ഒരു വിശാലമായ പ്രദേശമാണ് നിങ്ങളുടെ സഭയ്ക്ക് ഉള്ളതെങ്കിൽ, ആളില്ലാ ഭവനങ്ങളിൽ ക്ഷണക്കത്ത് വെച്ചിട്ടുപോരാൻ മൂപ്പന്മാർ നിർദേശിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ, വഴിപോക്കരുടെ കണ്ണിൽപ്പെടാത്ത ഒരു സ്ഥലത്ത് അതു വെക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ മടക്കസന്ദർശനം നടത്തുന്നവർ, ബന്ധുക്കൾ, സഹപ്രവർത്തകർ, സഹപാഠികൾ, പരിചയക്കാർ എന്നിവരെയെല്ലാം ക്ഷണിക്കാൻ ഓർക്കുക. വാരാന്തങ്ങളിൽ ക്ഷണക്കത്തു വിതരണം ചെയ്യുമ്പോൾ ഉചിതമെങ്കിൽ മാസികകളും സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ മാസത്തിൽ സഹായപയനിയറിങ് ചെയ്തുകൊണ്ട് പ്രചാരണ പരിപാടിയിൽ കൂടുതലായി പങ്കുപറ്റാൻ നിങ്ങൾക്ക് കഴിയുമോ?
4. ആളുകൾ സ്മാരകാചരണത്തിൽ സംബന്ധിക്കണമെന്ന് നാം ആഗഹിക്കുന്നത് എന്തുകൊണ്ട്?
4 സ്മാരകത്തിനു ഹാജരാകുന്നവർ എത്ര അമൂല്യമായ വിവരങ്ങളായിരിക്കും അവിടെ കേൾക്കുക! മറുവില നൽകിയതിലൂടെ യഹോവ കാണിച്ചിരിക്കുന്ന ആ വലിയ സ്നേഹത്തെക്കുറിച്ച് അവർ കേൾക്കും. (യോഹ. 3:16) ദൈവരാജ്യം കൊണ്ടുവരുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവർ മനസ്സിലാക്കും. (യെശ. 65:21-23) ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടെങ്കിൽ സേവകന്മാരെ അത് അറിയിക്കാനുള്ള ക്ഷണവും അവർക്ക് ലഭിക്കും. പരമാർഥ ഹൃദയരായ ആളുകൾ നമ്മുടെ ക്ഷണത്തോടു പ്രതികരിച്ച് സ്മാരകത്തിൽ പങ്കെടുക്കാൻ ഇടയാകട്ടെ എന്നാണ് നമ്മുടെ പ്രാർഥന.