സ്മാരകാചരണത്തെക്കുറിച്ചുള്ള പ്രത്യേക പ്രചാരണ പരിപാടി
1. മാർച്ച് 17-ന്റെ പ്രത്യേകത എന്താണ്?
1 യേശുവിന്റെ ബലിമരണത്തെ അനുസ്മരിക്കാനുള്ള ഒരു അവസരമാണ് സ്മാരകാചരണം. (1 കൊരി. 11:26) അതുകൊണ്ടുതന്നെ മറ്റുള്ളവരും ഈ ആചരണത്തിൽ പങ്കെടുക്കാനും യഹോവ നമുക്കായി ചെയ്ത മറുവിലയെന്ന മഹത്തായ ക്രമീകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും നാം ആഗ്രഹിക്കുന്നു. (യോഹ. 3:16) ഈ വർഷം മാർച്ച് 17 ശനിയാഴ്ചമുതൽ നാം സ്മാരക ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്നതായിരിക്കും. ഈ പ്രചാരണ പരിപാടിയിൽ സജീവമായി പങ്കെടുക്കാൻ നിങ്ങൾ ഒരുങ്ങിയിരിക്കുകയാണോ?
2. ക്ഷണക്കത്ത് കൊടുക്കുമ്പോൾ എന്തു പറയാം, ഏതു കാര്യം ശ്രദ്ധിക്കണം?
2 എന്തു പറയണം: ഹ്രസ്വമായ ഒരു അവതരണമാണ് അഭികാമ്യം. ഇങ്ങനെ പറയാം: “നമസ്കാരം, ലോകവ്യാപകമായി ഏപ്രിൽ 5-ന് നടക്കുന്ന ഒരു വാർഷിക ആചരണത്തിന് താങ്കളെയും കുടുംബത്തെയും ക്ഷണിക്കാനാണ് ഞങ്ങൾ വന്നത്. (ക്ഷണക്കത്ത് കൈമാറുക.) ഈ ആചരണത്തിന്റെ ഭാഗമായി, യേശു തന്റെ ജീവൻ ബലിയായി അർപ്പിച്ചത് എന്തിനായിരുന്നെന്നും ഇപ്പോൾ അവൻ എന്തു ചെയ്യുകയാണെന്നും വിശദമാക്കുന്ന ഒരു ബൈബിളധിഷ്ഠിത പ്രസംഗം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടി നടക്കുന്ന സമയവും സ്ഥലവും ഇതിൽ കൊടുത്തിട്ടുണ്ട്.” വീട്ടുകാരന്റേത് ക്രൈസ്തവ മതപശ്ചാത്തലം അല്ലെങ്കിൽ, അദ്ദേഹത്തിന് താത്പര്യമുണ്ടെന്നു മനസ്സിലാക്കിയശേഷമേ ക്ഷണക്കത്തു നൽകാവൂ. സാഹചര്യംപോലെ, വാരാന്തങ്ങളിൽ ക്ഷണക്കത്തിനോടൊപ്പം മാസികകളും നൽകാവുന്നതാണ്.
3. കഴിയുന്നത്ര ആളുകളെ ക്ഷണിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
3 കഴിയുന്നത്ര ആളുകളെ ക്ഷണിക്കുക: സാധിക്കുന്നത്ര ആളുകളെ സ്മാരകത്തിനു ക്ഷണിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ട് ബൈബിൾ വിദ്യാർഥികൾ, നിങ്ങൾ മടക്കസന്ദർശനം നടത്തുന്നവർ, ബന്ധുക്കൾ, സഹജോലിക്കാർ, സഹപാഠികൾ, അയൽക്കാർ, പരിചയക്കാർ എന്നിവരെയെല്ലാം ക്ഷണിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും മറ്റും കണക്കിലെടുത്തശേഷം, പ്രദേശം എങ്ങനെ പ്രവർത്തിച്ചുതീർക്കണം എന്നതു സംബന്ധിച്ച് മൂപ്പന്മാർ വേണ്ട നിർദേശങ്ങൾ നൽകുന്നതായിരിക്കും. ഈ പ്രത്യേക പ്രചാരണ പരിപാടി നല്ല ഫലങ്ങൾ കൈവരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം സ്മാരകത്തിനു സംബന്ധിക്കാൻ എത്തിയ ഒരു സ്ത്രീയോട് സേവകന്മാരിൽ ഒരാൾ, അവരെ സ്മാരകത്തിനു ക്ഷണിച്ച വ്യക്തിയെ കണ്ടുപിടിക്കാൻ സഹായിക്കാമെന്നു പറഞ്ഞു. തനിക്ക് പരിചയമുള്ള ആരും അവിടെയില്ലെന്നും രാവിലെ വീടുതോറും സാക്ഷീകരിക്കുകയായിരുന്ന ആരോ ഒരാൾ ക്ഷണക്കത്ത് അവർക്ക് കൊടുത്തതാണെന്നും ആ സ്ത്രീ പറഞ്ഞു.
4. ക്ഷണക്കത്ത് വിതരണത്തിൽ സജീവമായി പങ്കെടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത് എന്താണ്?
4 നിങ്ങൾ കൊടുത്ത ക്ഷണക്കത്ത് സ്വീകരിച്ച ചിലരും ഇതുപോലെ സ്മാരകാചരണത്തിന് ഹാജരായേക്കാം; ഒരുപക്ഷേ നിങ്ങൾപോലും അത് അറിഞ്ഞെന്നുവരില്ല. ഇനി, ആളുകൾ ക്ഷണം സ്വീകരിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ ശ്രമം ഒരു സാക്ഷ്യമായി ഉതകും എന്നതിനു സംശയം വേണ്ടാ. യേശു ഇപ്പോൾ അജയ്യനായ രാജാവായി വാഴ്ച നടത്തുകയാണെന്ന സത്യം ആ ക്ഷണക്കത്തിലൂടെ അവർ മനസ്സിലാക്കും. ഇക്കാര്യത്തിൽ ശുഷ്കാന്തിയോടെയുള്ള നിങ്ങളുടെ പ്രവർത്തനം കാണുന്ന എല്ലാവർക്കും—നിങ്ങളുടെ പ്രദേശത്തുള്ളവർക്കും സഹവിശ്വാസികൾക്കും സർവോപരി യഹോവയാം ദൈവത്തിനും—മറുവിലയെന്ന മഹത്തായ ദാനത്തെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാകും.—കൊലോ. 3:15.