സ്മാരകക്ഷണക്കത്ത് വിതരണം—മാർച്ച് 1 മുതൽ
1. സ്മാരകക്ഷണക്കത്ത് വിതരണം എന്ന് ആരംഭിക്കും, ഈ വർഷം അതിന് കൂടുതൽ സമയം ലഭിക്കുന്നത് എന്തുകൊണ്ട്?
1 നമ്മോടൊപ്പം സ്മാരകാചരണത്തിൽ പങ്കുപറ്റാൻ മാർച്ച് 1 വെള്ളിയാഴ്ച മുതൽ നാം മറ്റുള്ളവരെ ക്ഷണിച്ചുതുടങ്ങും. സ്മാരകാചരണം മാർച്ച് 26-ന് ആയതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ക്ഷണക്കത്ത് വിതരണത്തിന് ഏറെ സമയം ലഭ്യമാണ്. കൂടുതൽ ആളുകളെ ക്ഷണിക്കാൻ അതുമൂലം സാധിക്കും. വളരെയേറെ പ്രദേശം പ്രവർത്തിച്ചുതീർക്കേണ്ട സഭകൾക്ക് ഇത് വിശേഷാൽ പ്രയോജനകരമാണ്.
2. ക്ഷണക്കത്തുകൾ കൈപ്പറ്റുന്നതിനോടും പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിനോടും ബന്ധപ്പെട്ട് എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു?
2 വേണ്ട ക്രമീകരണങ്ങൾ ചെയ്യുക: പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിനെക്കുറിച്ചും ആളില്ലാഭവനങ്ങളിൽ ക്ഷണക്കത്ത് വെക്കുന്നതിനെക്കുറിച്ചും വേണ്ട നിർദേശങ്ങൾ മൂപ്പന്മാർ നൽകുന്നതായിരിക്കും. വീടുതോറുമുള്ള പ്രദേശം പ്രവർത്തിച്ചുതീർന്നിട്ടും ക്ഷണക്കത്തുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ പരസ്യസാക്ഷീകരണത്തിൽ അവ വിതരണം ചെയ്യാവുന്നതാണ്. സ്ഥലവും സമയവും രേഖപ്പെടുത്തി ക്ഷണക്കത്തുകൾ സാഹിത്യകൗണ്ടറിൽ വെച്ചിട്ടുണ്ടെന്ന് സേവനമേൽവിചാരകൻ ഉറപ്പുവരുത്തണം. പ്രസാധകർക്ക് ആവശ്യാനുസരണം അവ എടുത്തുകൊണ്ടുപോകാവുന്നതാണ്. ക്ഷണക്കത്തുകളെല്ലാം ഒരുമിച്ച് സാഹിത്യകൗണ്ടറിൽ വെക്കേണ്ടതില്ല. അതുപോലെതന്നെ പ്രസാധകരും, ഓരോ ആഴ്ചത്തേക്കും ആവശ്യമായ ക്ഷണക്കത്തുകൾ മാത്രമേ എടുക്കാവൂ.
3. ക്ഷണക്കത്ത് വിതരണം ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?
3 എന്തു പറയാം? അവതരണം ഹ്രസ്വമായിരിക്കുന്നതാണ് നല്ലത്; കഴിയുന്നത്ര ആളുകൾക്ക് ക്ഷണക്കത്ത് നൽകാൻ അത് സഹായിക്കും. 6-ാം പേജിൽ ഒരു മാതൃകാവതരണം നൽകിയിട്ടുണ്ട്; പ്രദേശത്തിന് അനുയോജ്യമാംവിധം അത് അവതരിപ്പിക്കാവുന്നതാണ്. എന്നാൽ വീട്ടുകാരന് കൂടുതൽ സംസാരിക്കാൻ താത്പര്യമുണ്ടെങ്കിൽ അല്ലെങ്കിൽ അദ്ദേഹത്തിന് ചോദ്യങ്ങൾ ഉണ്ടെങ്കിൽ ധൃതികൂട്ടേണ്ടതില്ല. വാരാന്തങ്ങളിൽ ക്ഷണക്കത്ത് വിതരണം ചെയ്യുമ്പോൾ ഉചിതമെങ്കിൽ മാസികകളും സമർപ്പിക്കേണ്ടതാണ്. മാർച്ച് 2-ാം തീയതി ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് ലക്ഷ്യമിടുന്നതിനെക്കാൾ ക്ഷണക്കത്ത് നൽകുന്നതിലായിരിക്കും നമ്മുടെ മുഖ്യശ്രദ്ധ.
4. സ്മാരകക്ഷണക്കത്ത് വിതരണം ചെയ്യുന്നതിൽ നാമെല്ലാം തീക്ഷ്ണതയോടെ ഏർപ്പെടേണ്ടത് എന്തുകൊണ്ട്?
4 സ്മാരകാചരണത്തിന് നമ്മോടൊപ്പം അനേകർ വന്നുചേരുമെന്ന് നാം പ്രതീക്ഷിക്കുന്നു. യേശു യഥാർഥത്തിൽ ആരാണ്? (1 കൊരി. 11:26) അവന്റെ മരണം നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ? (റോമ. 6:23) നാം അവനെ ഓർമിക്കേണ്ടത് എന്തുകൊണ്ട്? (യോഹ. 17:3) സ്മാരകപ്രസംഗം ഇതെല്ലാം വിശദീകരിക്കും. അതുകൊണ്ട് സ്മാരകക്ഷണക്കത്ത് നൽകുന്നതിൽ നമുക്കെല്ലാം തീക്ഷ്ണതയോടെ ഏർപ്പെടാം!