നിങ്ങൾക്കു ക്ഷണിക്കാനാകുമോ?
അനേകം സഭകളിലും, വാർധക്യത്താലും മാറാത്ത അസുഖങ്ങളാലും കഷ്ടപ്പെടുന്ന പ്രസാധകർക്കു ശുശ്രൂഷയിൽ പരിമിതമായ അളവിലേ ഉൾപ്പെടാനാകുന്നുള്ളൂ. (2 കൊരി. 4:16) അത്തരം സാഹചര്യത്തിലുള്ള ഒരാളെ ബൈബിളധ്യയനത്തിനു പോരാൻ ക്ഷണിക്കരുതോ? വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണു ചില പ്രസാധകർ. നമ്മുടെ ബൈബിളധ്യയനം അവരുടെ ഭവനത്തിൽവെച്ചു നടത്താനാകും. ശാരീരികദൗർബല്യങ്ങൾ നിമിത്തം വയൽസേവനത്തിനു പോകാൻ ബുദ്ധിമുട്ടുള്ള പ്രസാധകരെ ചിലപ്പോഴെങ്കിലും ചുരുക്കം ചില വീടുകൾ സന്ദർശിക്കുന്നതിനോ ഒന്നോ രണ്ടോ മടക്കസന്ദർശനങ്ങൾക്കോ കൂട്ടിക്കൊണ്ടുപോകരുതോ? പ്രായാധിക്യത്തിലുള്ള പല പ്രസാധകരും ശുശ്രൂഷയിൽ അനുഭവസമ്പന്നരാണ്. ആയതിനാൽ ഇത്തരത്തിലുള്ള നിങ്ങളുടെ ശ്രമങ്ങൾ അവർക്കു പ്രോത്സാഹനമേകും, നിങ്ങൾക്കും പ്രയോജനപ്പെടും. (റോമ. 1:12) കൂടാതെ, സ്നേഹം പ്രകടമാക്കാനുള്ള നിങ്ങളുടെ ഇത്തരം ശ്രമത്തിനു യഹോവ പ്രതിഫലം നൽകും.—സദൃ. 19:17; 1 യോഹ. 3:17, 18.