പഠനലേഖനം 49
എന്റെ പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുമോ?
“നിങ്ങൾ എന്നെ വിളിക്കും; വന്ന് എന്നോടു പ്രാർഥിക്കും. ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും.”—യിരെ. 29:12.
ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ
ചുരുക്കംa
1-2. യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നില്ലെന്നു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
“യഹോവയിൽ അത്യധികം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും.” (സങ്കീ. 37:4) എത്ര നല്ല വാഗ്ദാനം! എന്നാൽ പ്രാർഥനയിൽ നമ്മൾ ചോദിക്കുന്നതെല്ലാം യഹോവ അപ്പോൾത്തന്നെ നടത്തിത്തരുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ? എന്തുകൊണ്ടാണു നമ്മൾ ആ ചോദ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ഇനി പറയുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുക: ഏകാകിനിയായ ഒരു സഹോദരി രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കുന്നതിനുവേണ്ടി പ്രാർഥിക്കുന്നു. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും സഹോദരിക്കു ക്ഷണം കിട്ടുന്നില്ല. ഗുരുതരമായ ആരോഗ്യപ്രശ്നമുള്ള ഒരു യുവസഹോദരൻ സഭയെ കൂടുതൽ സഹായിക്കുന്നതിനുവേണ്ടി തന്റെ രോഗം മാറിക്കിട്ടാൻ യഹോവയോടു പ്രാർഥിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നില്ല. മാതാപിതാക്കൾ തങ്ങളുടെ കുട്ടി സത്യത്തിൽ തുടരാൻ ഇടയാക്കണമെന്നു പ്രാർഥിക്കുന്നു. പക്ഷേ യഹോവയെ സേവിക്കുന്നതു നിറുത്താൻ കുട്ടി തീരുമാനിക്കുന്നു.
2 ഇതുപോലെ നിങ്ങളും യഹോവയോട് ഒരു കാര്യം ആവശ്യപ്പെട്ടിട്ട് അതു കിട്ടാതിരുന്നിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ ‘യഹോവ മറ്റുള്ളവരുടെ പ്രാർഥന കേൾക്കും, പക്ഷേ എന്റെ പ്രാർഥന കേൾക്കില്ല’ എന്നു ചിലപ്പോൾ നിങ്ങൾ ചിന്തിച്ചുപോയേക്കാം. അല്ലെങ്കിൽപ്പിന്നെ നിങ്ങളുടെ എന്തെങ്കിലും തെറ്റുകൊണ്ടായിരിക്കാം യഹോവ ഉത്തരം തരാത്തത് എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. ജാനിസ്b എന്ന സഹോദരിക്ക് അങ്ങനെ തോന്നി. ബഥേലിൽ സേവിക്കാനുള്ള അവസരം കിട്ടാനായി സഹോദരിയും ഭർത്താവും പ്രാർഥിച്ചിരുന്നു. സഹോദരി പറയുന്നു: “പെട്ടെന്നുതന്നെ ഞങ്ങളെ ബഥേലിലേക്കു വിളിക്കുമെന്നാണു ഞങ്ങൾ കരുതിയത്.” മാസങ്ങൾ അല്ല വർഷങ്ങൾ കഴിഞ്ഞിട്ടും ആ ദമ്പതികൾക്കു ക്ഷണം ലഭിച്ചില്ല. ജാനിസ് പറയുന്നു: “എനിക്ക് ആകെ നിരാശയായി. യഹോവയെ വിഷമിപ്പിക്കുന്ന എന്താണു ഞാൻ ചെയ്തതെന്നു ചിന്തിക്കാൻതുടങ്ങി. ബഥേലിൽ പോകാനുള്ള എന്റെ ആഗ്രഹം എടുത്തുപറഞ്ഞ് ഞാൻ പ്രാർഥിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ദൈവം എന്റെ പ്രാർഥനയ്ക്ക് ഉത്തരം തരാതിരുന്നത്?”
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 യഹോവ നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ എന്നു ചിലപ്പോൾ നമുക്കു സംശയം തോന്നിയേക്കാം. മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തരായ ചില ദൈവദാസർപോലും അങ്ങനെ ചിന്തിച്ചിട്ടുണ്ട്. (ഇയ്യോ. 30:20; സങ്കീ. 22:2; ഹബ. 1:2) യഹോവ നിങ്ങളുടെ പ്രാർഥന കേൾക്കുന്നുണ്ടെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും? (സങ്കീ. 65:2) ആ ചോദ്യത്തിനുള്ള ഉത്തരം മനസ്സിലാക്കാൻ ആദ്യം പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കാം: (1) യഹോവയിൽനിന്ന് നമുക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും? (2) യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്? (3) നമ്മൾ പ്രാർഥിക്കുന്ന കാര്യങ്ങൾക്കു ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാവുന്നത് എന്തുകൊണ്ട്?
യഹോവയിൽനിന്ന് നമുക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും?
4. യിരെമ്യ 29:12 അനുസരിച്ച് യഹോവ തന്നിരിക്കുന്ന ഉറപ്പ് എന്താണ്?
4 നമ്മുടെ പ്രാർഥനകൾ കേൾക്കുമെന്ന ഉറപ്പ് യഹോവ തന്നിട്ടുണ്ട്. (യിരെമ്യ 29:12 വായിക്കുക.) ദൈവം തന്റെ വിശ്വസ്തദാസരെ ഒരുപാടു സ്നേഹിക്കുന്നു. അതുകൊണ്ട് അവരുടെ പ്രാർഥനകൾക്ക് എപ്പോഴും ചെവി ചായിക്കും. (സങ്കീ. 10:17; 37:28) എന്നാൽ അതിന്റെ അർഥം നമ്മുടെ എല്ലാ അപേക്ഷകളും ദൈവം നടത്തിത്തരുമെന്നല്ല. നമ്മൾ ചോദിക്കുന്ന ചില കാര്യങ്ങൾ നടന്നുകിട്ടാൻ ചിലപ്പോൾ പുതിയ ലോകംവരെ കാത്തിരിക്കേണ്ടിവന്നേക്കാം.
5. യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുമ്പോൾ ഏതു കാര്യം കണക്കിലെടുക്കുന്നു? വിശദീകരിക്കുക.
5 യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുമ്പോൾ തന്റെ ഉദ്ദേശ്യവുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്ന കാര്യംകൂടെ കണക്കിലെടുക്കും. (യശ. 55:8, 9) ഭരണാധികാരിയായി തന്നെ അനുസരിക്കുന്ന, സ്നേഹവും ഐക്യവും ഉള്ള സ്ത്രീപുരുഷന്മാരെക്കൊണ്ട് ഈ ഭൂമി നിറയ്ക്കുക എന്നത് യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഒരു ഭാഗമാണ്. എന്നാൽ മനുഷ്യർക്കു മനുഷ്യരുടെ മേൽ വിജയകരമായി ഭരണം നടത്താനാകും എന്നാണു സാത്താന്റെ അവകാശവാദം. (ഉൽപ. 3:1-5) അത് ഒരു നുണയാണെന്നു തെളിയിക്കുന്നതിനുവേണ്ടി തങ്ങളെത്തന്നെ ഭരിക്കാൻ ദൈവം മനുഷ്യരെ അനുവദിച്ചു. പക്ഷേ മനുഷ്യരുടെ ഭരണം നമ്മൾ ഇന്നു കാണുന്ന പല പ്രശ്നങ്ങളിലേക്കും നയിച്ചു. (സഭാ. 8:9) ഈ പ്രശ്നങ്ങളെല്ലാം യഹോവ ഇപ്പോൾ പരിഹരിക്കില്ലെന്ന കാര്യം നമുക്ക് അറിയാം. കാരണം അങ്ങനെ ചെയ്താൽ മനുഷ്യർക്കു മനുഷ്യരുടെ പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കാൻ കഴിയുമെന്നു ചിലരെങ്കിലും ചിന്തിക്കാനിടയുണ്ട്.
6. യഹോവ എപ്പോഴും നീതിയോടും സ്നേഹത്തോടും കൂടെയേ പ്രവർത്തിക്കൂ എന്ന ബോധ്യം നമുക്കുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
6 ഒരേപോലെയുള്ള അപേക്ഷകൾക്കു വ്യത്യസ്ത വിധങ്ങളിലായിരിക്കാം യഹോവ ഉത്തരം കൊടുക്കുന്നത്. ഉദാഹരണത്തിന്, ഹിസ്കിയ രാജാവിനു കടുത്ത രോഗം വന്നപ്പോൾ അതു മാറിക്കിട്ടാൻ അദ്ദേഹം യഹോവയോട് അപേക്ഷിച്ചു. യഹോവ അദ്ദേഹത്തെ സുഖപ്പെടുത്തുകയും ചെയ്തു. (2 രാജാ. 20:1-6) എന്നാൽ അപ്പോസ്തലനായ പൗലോസ് തന്റെ ‘ജഡത്തിലെ മുള്ള്’ മാറിക്കിട്ടുന്നതിനുവേണ്ടി യഹോവയോട് അപേക്ഷിച്ചെങ്കിലും യഹോവ അദ്ദേഹത്തിന്റെ ആ പ്രശ്നം പരിഹരിച്ചില്ല. സാധ്യതയനുസരിച്ച്, അദ്ദേഹത്തിനുണ്ടായിരുന്ന ഒരു ആരോഗ്യപ്രശ്നമായിരുന്നിരിക്കാം ആ മുള്ള്. (2 കൊരി. 12:7-9) ഇനി, അപ്പോസ്തലന്മാരായ യാക്കോബിന്റെയും പത്രോസിന്റെയും ഉദാഹരണം ചിന്തിക്കുക. അവരെ രണ്ടു പേരെയും കൊല്ലാൻ ഹെരോദ് രാജാവ് പദ്ധതിയിട്ടു. സഭ ഒന്നടങ്കം പത്രോസിനുവേണ്ടി പ്രാർഥിച്ചതായി ബൈബിളിൽ വായിക്കുന്നു. തീർച്ചയായും അവർ യാക്കോബിനുവേണ്ടിയും പ്രാർഥിച്ചിട്ടുണ്ടായിരിക്കും. എന്നാൽ യാക്കോബ് കൊല്ലപ്പെട്ടു. പക്ഷേ പത്രോസിനെ ഒരു ദൈവദൂതൻ രക്ഷിച്ചു. (പ്രവൃ. 12:1-11) ‘യഹോവ പത്രോസിനെ രക്ഷിച്ചെങ്കിലും എന്തുകൊണ്ട് യാക്കോബിനെ രക്ഷിച്ചില്ല’ എന്ന് ഒരുപക്ഷേ നമ്മൾ ചിന്തിച്ചേക്കാം. ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ല.c എന്നാൽ ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം: യഹോവയുടെ വഴികൾ ‘അനീതിയില്ലാത്തതാണ്.’ (ആവ. 32:4) മാത്രമല്ല, പത്രോസിനും യാക്കോബിനും യഹോവയുടെ അംഗീകാരം ഉണ്ടായിരുന്നെന്നു നമുക്ക് ഉറപ്പാണ്. (വെളി. 21:14) ചിലപ്പോൾ പ്രാർഥനകൾക്കു നമ്മൾ പ്രതീക്ഷിക്കുന്ന ഉത്തരം യഹോവ തരണമെന്നില്ല. പക്ഷേ യഹോവ എപ്പോഴും നീതിയോടെയും സ്നേഹത്തോടെയും ആണ് പ്രവർത്തിക്കുന്നതെന്ന ബോധ്യമുള്ളതുകൊണ്ട് യഹോവ നമ്മുടെ പ്രാർഥനകൾക്ക് എന്ത് ഉത്തരം തന്നാലും നമുക്കു പരാതിയില്ല.—ഇയ്യോ. 33:13.
7. നമ്മൾ ഏതു കാര്യത്തിൽ ശ്രദ്ധിക്കണം, എന്തുകൊണ്ട്?
7 നമ്മുടെ സാഹചര്യത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ഒരു പ്രത്യേകകാര്യത്തിനുവേണ്ടി നമ്മൾ പ്രാർഥിക്കുന്നു. പക്ഷേ യഹോവ അതിന് ഉത്തരം തരുന്നില്ല. എന്നാൽ വേറൊരാൾ അതുപോലൊരു കാര്യത്തിനുവേണ്ടി പ്രാർഥിച്ചതായി പിന്നീടു നമ്മൾ അറിയുന്നു. യഹോവ അതിന് ഉത്തരം കൊടുത്തതായി തോന്നുകയും ചെയ്യുന്നു. അന്ന സഹോദരിക്ക് അത്തരം ഒരു അനുഭവമുണ്ടായി. തന്റെ ഭർത്താവായ മാത്യുവിന്റെ ക്യാൻസർ സുഖപ്പെടുത്തിത്തരണമെന്നു സഹോദരി യഹോവയോടു പ്രാർഥിച്ചു. ആ സമയത്ത് പ്രായമായ വേറെ രണ്ടു സഹോദരിമാർക്കും ക്യാൻസർ രോഗം പിടിപെട്ടിരുന്നു. മാത്യുവിനുവേണ്ടിയും ആ രണ്ടു സഹോദരിമാർക്കുവേണ്ടിയും അന്ന ആത്മാർഥമായി പ്രാർഥിച്ചു. സഹോദരിമാരുടെ അസുഖം ഭേദമായി. പക്ഷേ മാത്യു മരിച്ചു. ആദ്യമൊക്കെ അന്ന ഇങ്ങനെ ചിന്തിക്കുമായിരുന്നു: ‘എന്തായാലും യഹോവ ഇടപെട്ടിട്ടായിരിക്കുമല്ലോ ആ സഹോദരിമാരുടെ അസുഖം ഭേദമായത്. പിന്നെ എന്തുകൊണ്ട് യഹോവ എന്റെ ഭർത്താവിന്റെ കാര്യത്തിൽ അതു ചെയ്തില്ല.’ ആ രണ്ടു സഹോദരിമാരുടെ അസുഖം ഭേദമായത് എങ്ങനെയാണെന്നു നമുക്ക് അറിയില്ല. എന്നാൽ ഒരു കാര്യം നമുക്ക് അറിയാം: നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും യഹോവ സ്ഥിരമായ ഒരു പരിഹാരം കൊണ്ടുവരും. മാത്രമല്ല, മരിച്ചുപോയ തന്റെ പ്രിയ സുഹൃത്തുക്കളെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവ കൊതിയോടെ കാത്തിരിക്കുകയുമാണ്.—ഇയ്യോ. 14:15.
8. (എ) യശയ്യ 43:2 പറയുന്നതനുസരിച്ച് യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്? (ബി) ബുദ്ധിമുട്ടേറിയ പ്രശ്നങ്ങൾ നേരിടുമ്പോൾ പ്രാർഥന നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? (പ്രശ്നങ്ങൾ നേരിടാൻ പ്രാർഥന സഹായിക്കും എന്ന വീഡിയോ കാണുക.)
8 യഹോവ എപ്പോഴും നമ്മളെ സഹായിക്കും. നമ്മുടെ സ്നേഹമുള്ള അപ്പനായ യഹോവ നമ്മൾ വേദനിക്കുന്നതു കാണാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. (യശ. 63:9) എങ്കിലും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും യഹോവ തടയുമെന്ന് അതിന് അർഥമില്ല. നദികളോടും അഗ്നിജ്വാലകളോടും ഉപമിക്കാവുന്ന തരത്തിലുള്ള പ്രശ്നങ്ങൾപോലും നമുക്കു ജീവിതത്തിൽ ഉണ്ടായേക്കാം. (യശയ്യ 43:2 വായിക്കുക.) എന്നാൽ അത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകാൻ നമ്മളെ സഹായിക്കുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. ദൈവവുമായി നമുക്കുള്ള ബന്ധത്തിനു വിള്ളൽ വീഴ്ത്താൻ ഒരു പരീക്ഷണത്തെയും യഹോവ അനുവദിക്കില്ല. ഇനി, സഹിച്ചുനിൽക്കാൻ കഴിയേണ്ടതിനു തന്റെ ശക്തമായ പരിശുദ്ധാത്മാവിനെയും യഹോവ നമുക്കു തരുന്നു. (ലൂക്കോ. 11:13; ഫിലി. 4:13) അതുകൊണ്ട് സഹിച്ചുനിൽക്കാനും വിശ്വസ്തരായി തുടരാനും നമുക്ക് എന്താണോ ആവശ്യമായിരിക്കുന്നത് അത് യഹോവ കൃത്യസമയത്തുതന്നെ നൽകുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം.d
യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്?
9. യാക്കോബ് 1:6, 7 പറയുന്നതനുസരിച്ച് യഹോവ നമ്മളെ സഹായിക്കുമെന്നു നമ്മൾ ഉറച്ച് വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
9 നമ്മൾ തന്നിൽ ആശ്രയിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (എബ്രാ. 11:6) ചിലപ്പോൾ ഒരുതരത്തിലും കൈകാര്യം ചെയ്യാൻ പറ്റില്ലെന്നു തോന്നുന്ന രീതിയിലുള്ള പ്രശ്നങ്ങളായിരിക്കാം നമുക്കു നേരിടുന്നത്. യഹോവ നമ്മളെ സഹായിക്കുമോ എന്നുപോലും നമ്മൾ സംശയിച്ചുതുടങ്ങിയേക്കാം. എന്നാൽ ദൈവത്തിന്റെ ശക്തിയാൽ നമുക്കു ‘മതിൽ ചാടിക്കടക്കാനാകും’ എന്നു ബൈബിൾ ഉറപ്പു തരുന്നുണ്ട്. (സങ്കീ. 18:29) അതുകൊണ്ട് സംശയിക്കാതെ, യഹോവ ഉത്തരം തരുമെന്ന ഉറച്ച വിശ്വാസത്തോടെ നമ്മൾ പ്രാർഥിക്കണം.—യാക്കോബ് 1:6, 7 വായിക്കുക.
10. പ്രാർഥനയ്ക്കു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാം എന്നതിന് ഒരു ഉദാഹരണം നൽകുക.
10 നമ്മൾ പ്രാർഥനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, മേഖലാ കൺവെൻഷനു പോകുന്നതിന് അവധി കിട്ടാൻ സഹായിക്കണമെന്ന് ഒരു സഹോദരൻ യഹോവയോടു പ്രാർഥിക്കുന്നു. യഹോവ എങ്ങനെയായിരിക്കാം ആ പ്രാർഥനയ്ക്ക് ഉത്തരം കൊടുക്കുന്നത്? അതെക്കുറിച്ച് ബോസിനോടു സംസാരിക്കാനുള്ള ധൈര്യം യഹോവ കൊടുത്തേക്കാം. എങ്കിലും സഹോദരൻ ചെയ്യേണ്ട ഒരു കാര്യമുണ്ട്: ബോസിന്റെ അടുത്ത് ചെന്ന് അവധി ചോദിക്കണം. ഒരുപക്ഷേ പല പ്രാവശ്യം ചോദിക്കേണ്ടിവന്നേക്കാം. ഇനി, ചിലപ്പോൾ മറ്റൊരാളുമായി ജോലിസമയം വെച്ചുമാറാനോ ശമ്പളമില്ലാതെ അവധി എടുക്കാനോ തയ്യാറാണെന്നുപോലും പറയേണ്ടിവരും.
11. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ വീണ്ടുംവീണ്ടും പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
11 നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് വീണ്ടുംവീണ്ടും പ്രാർഥിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (1 തെസ്സ. 5:17) പ്രാർഥനയിൽ നമ്മൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അപ്പോൾത്തന്നെ യഹോവ സാധിച്ചുതരണമെന്നില്ലെന്നു യേശു സൂചിപ്പിച്ചു. (ലൂക്കോ. 11:9) അതുകൊണ്ട് നമ്മൾ മടുത്തുപോകാതെ ആത്മാർഥമായി വീണ്ടുംവീണ്ടും പ്രാർഥിച്ചുകൊണ്ടിരിക്കണം. (ലൂക്കോ. 18:1-7) ഒരു കാര്യത്തെക്കുറിച്ച് കൂടെക്കൂടെ പ്രാർഥിക്കുന്നതിലൂടെ, അതു നമുക്കു വളരെ പ്രധാനപ്പെട്ടതാണെന്നു തെളിയിക്കുകയായിരിക്കും. നമ്മളെ സഹായിക്കാൻ യഹോവയ്ക്കു കഴിവുണ്ടെന്നു നമ്മൾ ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും അതിലൂടെ കാണിക്കുന്നു.
നമ്മൾ പ്രാർഥിക്കുന്ന കാര്യങ്ങൾക്കു ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാവുന്നത് എന്തുകൊണ്ട്?
12. (എ) നമ്മുടെ പ്രാർഥനകളോടുള്ള ബന്ധത്തിൽ നമ്മൾ ചിന്തിക്കേണ്ട ഒരു ചോദ്യം എന്താണ്, എന്തുകൊണ്ട്? (ബി) നമ്മൾ പ്രാർഥിക്കുന്നത് ആദരവോടെയാണെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം? (“യഹോവയെ ബഹുമാനിക്കുന്ന വിധത്തിലുള്ളതാണോ എന്റെ അപേക്ഷകൾ?” എന്ന ചതുരം കാണുക.)
12 പ്രാർഥനയിൽ നമ്മൾ ചോദിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ലെങ്കിൽ മൂന്നു ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കാവുന്നതാണ്: ആദ്യത്തെ ചോദ്യം, ‘ഞാൻ പ്രാർഥിക്കുന്നതു ശരിയായ കാര്യത്തിനുവേണ്ടിയാണോ’ എന്നതാണ്. നമ്മുടെ കാര്യത്തിൽ എന്താണ് ഏറ്റവും നല്ലതെന്നു നമുക്ക് അറിയാമെന്നാണു മിക്കപ്പോഴും നമ്മൾ ചിന്തിക്കുന്നത്. എന്നാൽ നമ്മുടെ മുന്നോട്ടുള്ള ജീവിതം കണക്കിലെടുക്കുമ്പോൾ നമ്മൾ ആവശ്യപ്പെടുന്ന കാര്യം നമുക്കു ശരിക്കും പ്രയോജനം ചെയ്യണമെന്നില്ല. നമ്മുടെ പ്രശ്നത്തിനു നമ്മൾ ആവശ്യപ്പെടുന്നതിനെക്കാൾ മികച്ച ഒരു പരിഹാരം വേറെ ഉണ്ടായിരിക്കാം. ഇനി, ചിലപ്പോൾ നമ്മൾ അപേക്ഷിച്ച കാര്യം യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലുള്ളതായിരിക്കില്ല. (1 യോഹ. 5:14) ഉദാഹരണത്തിന്, ഒന്നാം ഖണ്ഡികയിൽ നമ്മൾ പറഞ്ഞ മാതാപിതാക്കളുടെ കാര്യംതന്നെയെടുക്കുക. തങ്ങളുടെ കുട്ടി സത്യത്തിൽ തുടരാനിടയാക്കണമെന്ന് അവർ യഹോവയോടു പ്രാർഥിച്ചിരുന്നു. അങ്ങനെ അപേക്ഷിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ ഓർക്കേണ്ട കാര്യം, തന്നെ സേവിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല എന്നതാണ്. മക്കൾ ഉൾപ്പെടെ നമ്മൾ എല്ലാവരും അതു സ്വയം തിരഞ്ഞെടുക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. (ആവ. 10:12, 13; 30:19, 20) അതുകൊണ്ട് യഹോവയെ സ്നേഹിക്കാനും സുഹൃത്താക്കാനും പ്രേരിപ്പിക്കുന്ന വിധത്തിൽ കുട്ടിയെ പഠിപ്പിക്കാൻ സഹായിക്കണമെന്നു മാതാപിതാക്കൾക്ക് യഹോവയോടു പ്രാർഥിക്കാൻ കഴിയും.—സുഭാ. 22:6; എഫെ. 6:4.
13. എബ്രായർ 4:16 പറയുന്നതനുസരിച്ച് യഹോവ എപ്പോൾ നമ്മളെ സഹായിക്കും? വിശദീകരിക്കുക.
13 നമ്മൾ ചിന്തിക്കേണ്ട രണ്ടാമത്തെ കാര്യം ‘ഇതു നമ്മുടെ അപേക്ഷ സാധിച്ചുതരാനുള്ള യഹോവയുടെ സമയമാണോ’ എന്നതാണ്. നമ്മൾ പ്രാർഥിക്കുന്ന കാര്യത്തിന് അപ്പോൾത്തന്നെ ഒരു ഉത്തരം കിട്ടണമെന്നായിരിക്കാം നമ്മുടെ ആഗ്രഹം. എന്നാൽ നമ്മളെ സഹായിക്കാനുള്ള ഏറ്റവും പറ്റിയ സമയം ഏതാണെന്ന് യഹോവയ്ക്കാണ് അറിയാവുന്നത്. (എബ്രായർ 4:16 വായിക്കുക.) നമ്മൾ അപേക്ഷിച്ച കാര്യത്തിന് ഉടനടി ഉത്തരം കിട്ടാതെ വരുമ്പോൾ ഒരുപക്ഷേ നമ്മൾ ചിന്തിച്ചേക്കാം, അതിനുള്ള യഹോവയുടെ ഉത്തരം ‘ഇല്ല’ എന്നാണെന്ന്. എന്നാൽ ശരിക്കും യഹോവയുടെ ഉത്തരം ‘ഇതുവരെ സമയമായിട്ടില്ല’ എന്നായിരിക്കാം. ഒന്നാം ഖണ്ഡികയിൽ കണ്ട ആ ചെറുപ്പക്കാരന്റെ കാര്യംതന്നെയെടുക്കുക. തന്റെ അസുഖം ഭേദമാകാൻ സഹായിക്കണമെന്ന് ആ സഹോദരൻ യഹോവയോടു പ്രാർഥിച്ചു. യഹോവ അത്ഭുതകരമായി അദ്ദേഹത്തിന്റെ അസുഖം ഭേദമാക്കിയാൽ അതുകൊണ്ടു മാത്രമാണ് അദ്ദേഹം ഇപ്പോഴും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതെന്നു സാത്താൻ ഒരുപക്ഷേ വാദിക്കുമായിരുന്നു. (ഇയ്യോ. 1:9-11; 2:4) ഇനി, എല്ലാ അസുഖങ്ങളും സുഖപ്പെടുത്താൻ യഹോവ ഒരു സമയം തീരുമാനിച്ചിട്ടുണ്ട്. (യശ. 33:24; വെളി. 21:3, 4) അതിനു മുമ്പ് യഹോവ അത്ഭുതകരമായി അസുഖം ഭേദമാക്കുമെന്നു പ്രതീക്ഷിക്കുന്നതു ശരിയല്ല. അതുകൊണ്ട് അസുഖമൊക്കെ ഉണ്ടെങ്കിൽപ്പോലും യഹോവയെ തുടർന്നും വിശ്വസ്തമായി സേവിക്കാനും മനസ്സമാധാനത്തോടെ സഹിച്ചുനിൽക്കാനും ആവശ്യമായ ശക്തിക്കുവേണ്ടി സഹോദരന് യഹോവയോടു പ്രാർഥിക്കാനാകും.—സങ്കീ. 29:11.
14. ജാനിസിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
14 ബഥേലിൽ സേവിക്കുന്നതിനുവേണ്ടി പ്രാർഥിച്ച ജാനിസ് സഹോദരിയുടെ അനുഭവത്തെക്കുറിച്ച് ചിന്തിക്കുക. അഞ്ചു വർഷത്തിനു ശേഷമാണ്, തന്റെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം തന്ന വിധം സഹോദരിക്കു മനസ്സിലായത്. സഹോദരി പറയുന്നു: “എന്നെ പലതും പഠിപ്പിക്കാനും ഒരു നല്ല ക്രിസ്ത്യാനിയായിത്തീരാൻ സഹായിക്കാനും യഹോവ ആ സമയം ഉപയോഗിച്ചു. യഹോവയിലുളള എന്റെ വിശ്വാസം കുറെക്കൂടെ ശക്തമാകേണ്ടിയിരുന്നു. പഠനശീലങ്ങൾ മെച്ചപ്പെടേണ്ടതുണ്ടായിരുന്നു. കൂടാതെ എവിടെയായിരുന്നാലും സന്തോഷത്തോടെ യഹോവയെ സേവിക്കാനാകുമെന്ന കാര്യം എനിക്കു ബോധ്യമാകേണ്ടിയുമിരുന്നു.” പിന്നീട് ജാനിസ് സഹോദരിയെയും ഭർത്താവിനെയും സർക്കിട്ട് വേലയ്ക്കായി ക്ഷണിച്ചു. പണ്ടു നടത്തിയ പ്രാർഥനകളെക്കുറിച്ച് സഹോദരി ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്: “യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തന്നു. പക്ഷേ ഞാൻ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ലെന്നു മാത്രം. യഹോവ തന്ന ഉത്തരം എത്ര നല്ലതാണെന്നു തിരിച്ചറിയാൻ കുറച്ച് സമയമെടുത്തെങ്കിലും യഹോവയുടെ സ്നേഹവും ദയയും അനുഭവിച്ചറിയാൻ കഴിഞ്ഞതിൽ എനിക്ക് യഹോവയോട് ഒരുപാടു നന്ദിയുണ്ട്.”
നിങ്ങൾ പ്രാർഥിക്കുന്ന കാര്യങ്ങൾക്ക് യഹോവ ഉത്തരം തരുന്നില്ലെന്നു തോന്നുന്നെങ്കിൽ മറ്റു കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുക (15-ാം ഖണ്ഡിക കാണുക)f
15. ചിലപ്പോഴെങ്കിലും ഒരു പ്രത്യേകകാര്യത്തിനുവേണ്ടി മാത്രം പ്രാർഥിക്കാതിരിക്കുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ട്? (ചിത്രങ്ങളും കാണുക.)
15 നമ്മൾ ചിന്തിക്കേണ്ട മൂന്നാമത്തെ കാര്യം, ‘നമ്മൾ ഏതെങ്കിലും ഒരു പ്രത്യേകകാര്യത്തിനുവേണ്ടി മാത്രമാണോ പ്രാർഥിക്കുന്നത്’ എന്നതാണ്. ഒരു പ്രത്യേകകാര്യത്തിനുവേണ്ടി പ്രാർഥിക്കുന്നതു നല്ലതാണ്. പക്ഷേ ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതിലൂടെ നമ്മളെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടം എന്താണെന്നു നമുക്കു തിരിച്ചറിയാനാകും. രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കുന്നതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്ന ഏകാകിനിയായ സഹോദരിയുടെ കാര്യം ചിന്തിക്കുക. ആവശ്യം അധികമുള്ളിടത്ത് പോയി പ്രവർത്തിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണു സഹോദരി സ്കൂളിൽ പങ്കെടുക്കാൻ ലക്ഷ്യം വെച്ചത്. അതുകൊണ്ട് സ്കൂളിലേക്കു ക്ഷണം കിട്ടുന്നതിനുവേണ്ടി പ്രാർഥിക്കുമ്പോൾത്തന്നെ, ശുശ്രൂഷയിൽ കൂടുതൽ ചെയ്യാനുള്ള അവസരം കണ്ടെത്താൻ സഹായിക്കണമെന്നും സഹോദരിക്കു പ്രാർഥിക്കാം. (പ്രവൃ. 16:9, 10) എന്നിട്ട് ആ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യാം. അതിനുവേണ്ടി കൂടുതൽ മുൻനിരസേവകരെ ആവശ്യമുള്ള സഭകൾ അടുത്തുണ്ടോ എന്നു സർക്കിട്ട് മേൽവിചാരകനോടു ചോദിക്കാം. അതല്ലെങ്കിൽ കൂടുതൽ പ്രചാരകരുടെ ആവശ്യമുള്ളത് എവിടെയാണെന്നു ബ്രാഞ്ചോഫീസിനോടും ചോദിക്കാം.e
16. ഏതു കാര്യത്തിനു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
16 നമ്മൾ പഠിച്ചുകഴിഞ്ഞതുപോലെ യഹോവ നമ്മുടെ പ്രാർഥനകൾക്കു സ്നേഹത്തോടെയും നീതിയോടെയും ഉത്തരം തരുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം. (സങ്കീ. 4:3; യശ. 30:18) ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഉത്തരമായിരിക്കില്ല കിട്ടുന്നത്. എങ്കിലും യഹോവ ഒരിക്കലും നമ്മുടെ പ്രാർഥന കേൾക്കാതിരിക്കില്ല. യഹോവ നമ്മളെ വളരെയധികം സ്നേഹിക്കുന്നു. നമ്മളെ ഒരിക്കലും ഉപേക്ഷിക്കുകയുമില്ല. (സങ്കീ. 9:10) അതുകൊണ്ട് നമുക്ക് ‘എപ്പോഴും ദൈവത്തിൽ ആശ്രയിക്കാം,’ പ്രാർഥനയിലൂടെ നമ്മുടെ ഹൃദയം ദൈവമുമ്പാകെ പകരാം.—സങ്കീ. 62:8.
ഗീതം 43 നന്ദി അർപ്പിക്കുന്ന ഒരു പ്രാർഥന
a യഹോവ നമ്മുടെ പ്രാർഥനകൾക്ക് എപ്പോഴും സ്നേഹത്തോടെയും നീതിയോടെയും ഉത്തരം തരുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നതിന്റെ കാരണങ്ങൾ ഈ ലേഖനം വിശദീകരിക്കും.
b ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
c 2022 ഫെബ്രുവരി ലക്കം വീക്ഷാഗോപുരത്തിലെ “യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധം എപ്പോഴും ശരിയാണെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?” എന്ന ലേഖനത്തിന്റെ ഖ. 3-6 കാണുക.
d പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് jw.org-ൽ പ്രശ്നങ്ങൾ നേരിടാൻ പ്രാർഥന സഹായിക്കും എന്ന വീഡിയോ കാണുക.
e മറ്റൊരു ബ്രാഞ്ചുപ്രദേശത്ത് പോയി പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ നിർദേശങ്ങൾക്ക് യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ അധ്യാ. 10 ഖ. 6-9 കാണുക.
f ചിത്രത്തിന്റെ വിവരണം: രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാനായി അപേക്ഷ അയയ്ക്കുന്നതിനു മുമ്പ് രണ്ടു സഹോദരിമാർ പ്രാർഥിക്കുന്നു. അവരിൽ ഒരാൾക്കു ക്ഷണം കിട്ടുന്നു. മറ്റേയാൾക്കു കിട്ടുന്നില്ല. ക്ഷണം കിട്ടാത്ത സഹോദരി അതിൽ അധികം നിരാശപ്പെട്ടുപോകുന്നതിനു പകരം ശുശ്രൂഷയിൽ കൂടുതൽ ചെയ്യാനുള്ള അവസരങ്ങൾ കണ്ടെത്താൻ സഹായിക്കണമെന്ന് യഹോവയോടു പ്രാർഥിക്കുന്നു. എന്നിട്ട് സഹോദരി, ആവശ്യം അധികമുള്ളിടത്ത് പോയി പ്രവർത്തിക്കാൻ തയ്യാറാണെന്നു പറഞ്ഞ് ബ്രാഞ്ചോഫീസിന് ഒരു കത്ത് എഴുതുന്നു.