പഠനലേഖനം 22
‘വിശുദ്ധവഴിയിലൂടെയുള്ള’ യാത്ര തുടരുക
“അവിടെ ഒരു പ്രധാനവീഥിയുണ്ടായിരിക്കും, വിശുദ്ധവഴി എന്നായിരിക്കും അതിന്റെ പേര്.”—യശ. 35:8.
ഗീതം 31 യാഹിനോടൊപ്പം നടക്കാം!
ചുരുക്കംa
1-2. ബാബിലോണിൽ താമസിച്ചിരുന്ന ജൂതന്മാർക്കു പ്രധാനപ്പെട്ട ഏതു തീരുമാനമെടുക്കേണ്ടിവന്നു? (എസ്ര 1:2-4)
രാജാവ് ഒരു വിളംബരം നടത്തി! ഏതാണ്ട് 70 വർഷമായി ബാബിലോണിൽ അടിമകളായിരുന്ന ജൂതന്മാർക്ക് ഇനി അവരുടെ സ്വദേശമായ ഇസ്രായേലിലേക്കു തിരിച്ചുപോകാം. (എസ്ര 1:2-4 വായിക്കുക.) അങ്ങനെയൊരു കാര്യം സാധ്യമാക്കാൻ യഹോവയ്ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം ബാബിലോൺകാർ പൊതുവേ അടിമകളെ വിട്ടയയ്ക്കാറില്ലായിരുന്നു. (യശ. 14:4, 17) എന്നാൽ സംഭവിച്ചതോ? ബാബിലോൺ സാമ്രാജ്യം തകർക്കപ്പെട്ടു! പുതിയ ഭരണാധികാരി ജൂതന്മാർക്കു രാജ്യം വിട്ടുപോകാനുള്ള അനുവാദം നൽകി. അതുകൊണ്ടുതന്നെ എല്ലാ ജൂതന്മാർക്കും, പ്രത്യേകിച്ച് കുടുംബനാഥന്മാർക്ക്, ഒരു തീരുമാനം എടുക്കേണ്ടതായിവന്നു. ബാബിലോൺ വിട്ടുപോകണോ, അതോ അവിടെ തുടരണോ? അത് അത്ര പെട്ടെന്ന് എടുക്കാൻ പറ്റുന്ന ഒരു തീരുമാനമായിരുന്നില്ല. എന്തുകൊണ്ട്?
2 പ്രായമായതുകൊണ്ട് അവരിൽ പലർക്കും ഒരു നീണ്ട യാത്ര ബുദ്ധിമുട്ടായിരുന്നിരിക്കാം. ഇനി, മിക്ക ജൂതന്മാരും ബാബിലോണിൽത്തന്നെ ജനിച്ചതുകൊണ്ട് അവർക്ക് അവിടം മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. ഇസ്രായേൽ എന്നത് അവർക്കു പൂർവികരുടെ ദേശം മാത്രമായിരുന്നു. വേറേ ചിലർക്കാണെങ്കിൽ ബാബിലോണിൽ നല്ല വീടും വലിയ ബിസിനെസ്സും ഒക്കെയുണ്ടായിരുന്നു. അതെല്ലാം വിട്ട് പരിചയമില്ലാത്ത ഒരു സ്ഥലത്ത് പോയി താമസിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
3. ഇസ്രായേലിലേക്കു മടങ്ങിച്ചെല്ലുന്ന ജൂതന്മാർക്ക് എന്ത് അനുഗ്രഹമാണ് യഹോവ കരുതിവെച്ചിരുന്നത്?
3 എന്നാൽ വിശ്വസ്തരായ ജൂതന്മാർക്ക് ഒരു കാര്യം ഉറപ്പായിരുന്നു. ഇസ്രായേലിലേക്കു മടങ്ങാൻവേണ്ടി അവർ ചെയ്യുന്ന ത്യാഗങ്ങളെക്കാൾ വളരെ വലുതായിരിക്കും അവർക്കു കിട്ടാൻപോകുന്ന അനുഗ്രഹങ്ങൾ. ആരാധനയുമായി ബന്ധപ്പെട്ടതായിരുന്നു അവയിൽ ഏറ്റവും വലുത്. കാരണം ബാബിലോണിൽ വ്യാജാരാധനയ്ക്കുവേണ്ടി 50-ലധികം ക്ഷേത്രങ്ങളുണ്ടായിരുന്നെങ്കിലും യഹോവയെ ആരാധിക്കാൻ ഒരു ആലയംപോലുമുണ്ടായിരുന്നില്ല. ഇനി, മോശയുടെ നിയമം ആവശ്യപ്പെട്ടിരുന്ന ബലികൾ അർപ്പിക്കാനുള്ള യാഗപീഠമോ അതു ചെയ്യാൻ ഒരു പൗരോഹിത്യക്രമീകരണമോ അവിടെ ഇല്ലായിരുന്നു. മാത്രമല്ല യഹോവയെയോ ദൈവത്തിന്റെ നിലവാരങ്ങളെയോ ആദരിക്കാത്ത വ്യാജാരാധകരായിരുന്നു അവിടെ എണ്ണത്തിൽ കൂടുതൽ. അതുകൊണ്ട് ദൈവഭക്തരായ ജൂതന്മാർ സ്വദേശത്തേക്കു മടങ്ങാനും അവിടെ ശുദ്ധാരാധന പുനഃസ്ഥാപിക്കാനും കാത്തിരിക്കുകയായിരുന്നു.
4. ഇസ്രായേലിലേക്കു മടങ്ങുന്ന ജൂതന്മാർക്ക് എന്തു സഹായം നൽകുമെന്നാണ് യഹോവ വാക്കുകൊടുത്തത്?
4 ബാബിലോണിൽനിന്ന് ഇസ്രായേലിൽ എത്താൻ ഏകദേശം നാലു മാസമെടുക്കുമായിരുന്നു. എന്നാൽ ആ യാത്രയിൽ ഉണ്ടായേക്കാവുന്ന എല്ലാ ബുദ്ധിമുട്ടുകളും നീക്കുമെന്ന് യഹോവ ഉറപ്പുകൊടുത്തു. യശയ്യ എഴുതി: “യഹോവയുടെ വഴി നിരപ്പാക്കുക! നമ്മുടെ ദൈവത്തിനു മരുഭൂമിയിലൂടെ, നേരെയുള്ള ഒരു പ്രധാനവീഥി ഉണ്ടാക്കുക. . . . കുന്നും കുഴിയും നിറഞ്ഞ നിലം നിരപ്പാക്കുക, പാറകൾ നിറഞ്ഞ നിരപ്പല്ലാത്ത നിലം സമതലമാക്കുക.” (യശ. 40:3, 4) ഇതൊന്നു ഭാവനയിൽ കാണുക: മരുഭൂമിയിലൂടെ നിരപ്പായ ഒരു വലിയ വഴി! യാത്രക്കാർക്ക് അത് എന്തൊരു അനുഗ്രഹമായിരിക്കും! കുന്നുകളും മലകളും താഴ്വരകളും ഒക്കെയുള്ള വഴിയിലൂടെ പോകുന്നതിനെക്കാൾ എത്രയോ എളുപ്പമായിരിക്കും നിരപ്പായ പ്രധാനവീഥിയിലൂടെയുള്ള യാത്ര. ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തുകയും ചെയ്യും.
5. ബാബിലോണിൽനിന്ന് ഇസ്രായേലിലേക്കു പോകുന്ന ആലങ്കാരിക പ്രധാനവീഥിക്ക് എന്തു പേരാണു നൽകിയത്?
5 ഇന്നുള്ള മിക്ക ഹൈവേകൾക്കും ഒരു പേരോ നമ്പരോ ഉണ്ട്. യശയ്യ ആലങ്കാരികാർഥത്തിൽ പറഞ്ഞ പ്രധാനവീഥിക്കും ഒരു പേരുണ്ടായിരുന്നു. അതിനെക്കുറിച്ച് നമ്മൾ വായിക്കുന്നു: “അവിടെ ഒരു പ്രധാനവീഥിയുണ്ടായിരിക്കും, വിശുദ്ധവഴി എന്നായിരിക്കും അതിന്റെ പേര്. ഒരു അശുദ്ധനും അതിലൂടെ സഞ്ചരിക്കില്ല.” (യശ. 35:8) അന്നത്തെ ഇസ്രായേല്യരുടെ കാര്യത്തിൽ ഈ വാക്കുകളുടെ അർഥം എന്തായിരുന്നു? നമ്മുടെ കാര്യത്തിൽ അതിന് എന്ത് അർഥമാണുള്ളത്?
“വിശുദ്ധവഴി”—അന്നും ഇന്നും
6. എന്തുകൊണ്ടാണു പ്രധാനവീഥിയെ വിശുദ്ധം എന്നു വിളിച്ചിരിക്കുന്നത്?
6 “വിശുദ്ധവഴി”—എത്ര മനോഹരമായ ഒരു പേര്! എന്തുകൊണ്ടാണ് ആ വഴിയെ വിശുദ്ധം എന്നു വിളിച്ചത്? “ഒരു അശുദ്ധനും,” അതായത് അധാർമികത, വിഗ്രഹാരാധന എന്നിവപോലുള്ള ഗുരുതരമായ തെറ്റുകൾ ചെയ്യുന്ന ഒരു ജൂതനുപോലും ഇസ്രായേലിലായിരിക്കാൻ അനുവാദമില്ലായിരുന്നു. അതെ, ആ ജൂതന്മാർ തങ്ങളുടെ ദൈവത്തിന് ‘ഒരു വിശുദ്ധജനം’ ആയിരിക്കുമായിരുന്നു. (ആവ. 7:6) എന്നാൽ അതിന്റെ അർഥം ബാബിലോണിൽനിന്ന് പോന്നതിനു ശേഷം അവർ യഹോവയെ സന്തോഷിപ്പിക്കാൻ ഒരു മാറ്റവും വരുത്തേണ്ടതില്ലായിരുന്നു എന്നാണോ? അല്ല.
7. ചില ജൂതന്മാർ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു? ഒരു ഉദാഹരണം പറയുക.
7 നമ്മൾ നേരത്തേ കണ്ടതുപോലെ മിക്ക ജൂതന്മാരും ജനിച്ചതു ബാബിലോണിലായിരുന്നു. അതുകൊണ്ടുതന്നെ ബാബിലോൺകാരുടെ ചിന്തയും നിലവാരങ്ങളും ഒക്കെയായിരുന്നു അവർക്കു കൂടുതൽ പരിചയം. ആദ്യകൂട്ടം ജൂതന്മാർ ഇസ്രായേലിലേക്കു മടങ്ങിവന്ന് കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ എസ്ര ഒരു കാര്യം മനസ്സിലാക്കി. അവരിൽ പലരും വ്യാജദൈവങ്ങളെ ആരാധിക്കുന്ന സ്ത്രീകളെ വിവാഹം കഴിച്ചിരിക്കുന്നു. (പുറ. 34:15, 16; എസ്ര 9:1, 2) വീണ്ടും കുറെക്കാലം കഴിഞ്ഞപ്പോൾ ഗവർണറായ നെഹമ്യയും അതിശയിപ്പിക്കുന്ന ഒരു കാര്യം അറിയാനിടയായി. ഇസ്രായേലിൽ ജനിച്ച പല കുട്ടികൾക്കും ജൂതന്മാരുടെ ഭാഷപോലും അറിയില്ലായിരുന്നു. (ആവ. 6:6, 7; നെഹ. 13:23, 24) എബ്രായഭാഷ അറിയാതെ ആ കുട്ടികൾ എങ്ങനെ യഹോവയെ സ്നേഹിക്കാനും ആരാധിക്കാനും പഠിക്കുമായിരുന്നു? കാരണം ആ ഭാഷയിലായിരുന്നല്ലോ ദൈവവചനം പ്രധാനമായും എഴുതിയിരുന്നത്. (എസ്ര 10:3, 44) അതുകൊണ്ട് ആ ജൂതന്മാർ വലിയ പല മാറ്റങ്ങളും വരുത്തണമായിരുന്നു. എന്നാൽ ഇസ്രായേലിലായതുകൊണ്ട് അവർക്ക് അതു കൂടുതൽ എളുപ്പമായിരുന്നു. കാരണം അവിടെ ശുദ്ധാരാധന പടിപടിയായി പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു.—നെഹ. 8:8, 9.
എ.ഡി. 1919 മുതൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾ ബാബിലോൺ എന്ന മഹതിയെ വിട്ട് ‘വിശുദ്ധവഴിയിലൂടെ’ യാത്ര ചെയ്യുന്നുണ്ട് (8-ാം ഖണ്ഡിക കാണുക)
8. വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങളിൽ നമ്മൾ ഇന്നു താത്പര്യം കാണിക്കുന്നത് എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
8 ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഇതെല്ലാം രസകരമായ വിവരങ്ങളാണ്. പക്ഷേ അവ വർഷങ്ങൾക്കു മുമ്പ് ജൂതന്മാരുടെ കാര്യത്തിൽ സംഭവിച്ചതല്ലേ? ഇന്നു നമ്മുടെ ജീവിതത്തിൽ ഇതിന് എന്തെങ്കിലും അർഥമുണ്ടോ?’ തീർച്ചയായുമുണ്ട്. കാരണം ഒരർഥത്തിൽ നമ്മളും ‘വിശുദ്ധവഴിയിലൂടെ’ യാത്ര ചെയ്യുകയാണ്. നമ്മൾ അഭിഷിക്തരിൽപ്പെട്ടവരോ ‘വേറെ ആടുകളിൽപ്പെട്ടവരോ’ ആണെങ്കിലും ‘വിശുദ്ധവഴിയിലൂടെയുള്ള’ യാത്ര തുടരണം. (യോഹ. 10:16) കാരണം യഹോവയെ ആരാധിക്കുന്നതിൽ തുടരാനും ദൈവരാജ്യത്തിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ നേടാനും അതു നമ്മളെ സഹായിക്കും.b എ.ഡി. 1919 മുതൽ വ്യാജമത ലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയെ വിട്ട് ലക്ഷക്കണക്കിനു പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആ ആലങ്കാരിക വഴിയേ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങളും അവരിൽ ഒരാളായിരിക്കാം. ആ വഴി തുറന്നിട്ട് ഏതാണ്ട് 100 വർഷമേ ആയുള്ളൂ എങ്കിലും അതിനു വേണ്ട ഒരുക്കങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പേ തുടങ്ങിയിരുന്നു.
വഴി ഒരുക്കുന്നു
9. യശയ്യ 57:14-നു ചേർച്ചയിൽ “വിശുദ്ധവഴി” ഒരുക്കിയത് എങ്ങനെയാണ്?
9 ജൂതന്മാർ ബാബിലോൺ വിട്ട് പോന്നപ്പോൾ വഴിയിലുള്ള തടസ്സങ്ങളെല്ലാം മാറ്റിയിട്ടുണ്ടെന്ന് യഹോവ ഉറപ്പുവരുത്തി. (യശയ്യ 57:14 വായിക്കുക.) ആധുനികനാളിലെ ‘വിശുദ്ധവഴിയുടെ’ കാര്യത്തിലോ? ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടക്കാൻ ആളുകളെ സഹായിക്കുന്നതിനുവേണ്ടി വഴി ഒരുക്കാൻ 1919-നു പല നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ദൈവഭയമുള്ള മനുഷ്യരെ യഹോവ ഉപയോഗിച്ചുതുടങ്ങി. (യശയ്യ 40:3 താരതമ്യം ചെയ്യുക.) അവർ നടത്തിയ ആ മുന്നൊരുക്കങ്ങൾ വ്യാജമതം ഉപേക്ഷിക്കാനും ദൈവജനത്തോടൊപ്പം യഹോവയെ ആരാധിക്കാനും പിൽക്കാലത്ത് ആത്മാർഥഹൃദയരായ ആളുകളെ സഹായിച്ചു. അവർ അതിനുവേണ്ടി എന്തൊക്കെയാണു ചെയ്തത്? ചില കാര്യങ്ങൾ നോക്കാം.
ആളുകൾക്കു ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടക്കാൻ ദൈവഭയമുള്ള മനുഷ്യർ പല നൂറ്റാണ്ടുകളായി വഴി ഒരുക്കി (10-11 ഖണ്ഡികകൾ കാണുക)
10-11. ബൈബിൾസത്യങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ അച്ചടിയും പരിഭാഷയും സഹായിച്ചത് എങ്ങനെ? (ചിത്രവും കാണുക.)
10 അച്ചടി. 15-ാം നൂറ്റാണ്ടിന്റെ പകുതിവരെ ബൈബിളിന്റെ പകർപ്പുകൾ ഉണ്ടാക്കിയിരുന്നതു കൈകൊണ്ട് എഴുതിയാണ്. അതിന് ഒരുപാടു സമയം വേണമായിരുന്നു. വലിയ ചെലവുമുണ്ടായിരുന്നു. അതുകൊണ്ട് ബൈബിളിന്റെ കൂടുതൽ പ്രതികൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അച്ചടിയന്ത്രം വന്നതോടെ കൂടുതൽ ബൈബിളുകൾ എളുപ്പത്തിൽ തയ്യാറാക്കാനും വിതരണം ചെയ്യാനും കഴിഞ്ഞു.
11 പരിഭാഷ. നൂറ്റാണ്ടുകളോളം ബൈബിൾ ലത്തീൻ ഭാഷയിൽ മാത്രമാണു ലഭ്യമായിരുന്നത്. അതുകൊണ്ട് നല്ല വിദ്യാഭ്യാസമുള്ളവർക്കു മാത്രമേ അതു വായിച്ച് മനസ്സിലാക്കാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ അച്ചടി കൂടുതൽ വ്യാപകമായതോടെ ദൈവഭക്തരായ ആളുകൾ സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷകളിലേക്കു ബൈബിൾ പരിഭാഷ ചെയ്യാൻ കൂടുതൽ ശ്രമം ചെയ്തു. അതോടെ ബൈബിൾ വായിക്കുന്നവർക്കു ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതും പുരോഹിതന്മാർ പറയുന്നതും തമ്മിൽ താരതമ്യം ചെയ്തുനോക്കാൻ കഴിഞ്ഞു.
ആളുകൾക്കു ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടക്കാൻ ദൈവഭയമുള്ള മനുഷ്യർ വഴി ഒരുക്കി (12-14 ഖണ്ഡികകൾ കാണുക)c
12-13. 19-ാം നൂറ്റാണ്ടിൽ ആത്മാർഥഹൃദയത്തോടെ ബൈബിൾ പഠിച്ചിരുന്ന ആളുകൾ തെറ്റായ മതോപദേശങ്ങൾ തുറന്നുകാട്ടിയതിന്റെ ഒരു ഉദാഹരണം പറയുക.
12 ബൈബിൾപഠന സഹായികൾ. പലരും ദൈവവചനം ശ്രദ്ധയോടെ പഠിക്കുകയും അതിൽ പറഞ്ഞിരിക്കുന്ന ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. എന്നാൽ അവർ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻതുടങ്ങിയപ്പോൾ അതു പുരോഹിതന്മാരെ ദേഷ്യംപിടിപ്പിച്ചു. 19-ാം നൂറ്റാണ്ടിൽ ആത്മാർഥഹൃദയരായ ഒരു കൂട്ടം ആളുകൾ സഭകളുടെ തെറ്റായ പഠിപ്പിക്കലുകൾ തുറന്നുകാണിക്കുന്ന ലഘുലേഖകൾ പുറത്തിറക്കാൻതുടങ്ങി.
13 ദൈവഭക്തനായ ഒരാളായിരുന്നു ഹെൻട്രി ഗ്രൂ. 1835-ഓടെ മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് പറയുന്ന ഒരു ലഘുലേഖ അദ്ദേഹം പുറത്തിറക്കി. അതിൽ മനുഷ്യർ അമർത്യമായ ആത്മാവോടെയാണു ജനിക്കുന്നതെന്ന സഭകളുടെ പഠിപ്പിക്കൽ തെറ്റാണെന്നും പകരം അമർത്യത എന്നതു ദൈവം തരുന്ന സമ്മാനമാണെന്നും തിരുവെഴുത്തുകളിൽനിന്ന് അദ്ദേഹം തെളിയിച്ചു. മതശുശ്രൂഷകനായ ജോർജ് സ്റ്റോഴ്സിന് 1837-ൽ ആ ലഘുലേഖയുടെ ഒരു പ്രതി ട്രെയിനിൽക്കിടന്ന് കിട്ടി. അതു വായിച്ചപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു സത്യമാണു താൻ കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിനു ബോധ്യമായി. മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ അദ്ദേഹം തീരുമാനിച്ചു. അതിനുവേണ്ടി 1842-ൽ “ഒരു അന്വേഷണം—ദുഷ്ടന്മാർ അമർത്യരോ?” എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു പ്രസംഗപരമ്പര നടത്തി. ജോർജ് സ്റ്റോഴ്സ് എഴുതിയ പല കാര്യങ്ങളും ചാൾസ് റ്റെയ്സ് റസ്സൽ എന്ന ചെറുപ്പക്കാരനെ വളരെയധികം സ്വാധീനിച്ചു.
14. ആത്മീയാർഥത്തിൽ നടന്ന വഴി ഒരുക്കലിൽനിന്ന് റസ്സൽ സഹോദരനും സഹകാരികൾക്കും എന്തൊക്കെ പ്രയോജനങ്ങളാണു കിട്ടിയത്? (ചിത്രവും കാണുക.)
14 ആത്മീയാർഥത്തിൽ നടന്ന ഈ വഴി ഒരുക്കലിൽനിന്നെല്ലാം റസ്സൽ സഹോദരനും സഹകാരികൾക്കും എന്തൊക്കെ പ്രയോജനങ്ങളാണു കിട്ടിയത്? അവരുടെ കാലമായപ്പോഴേക്കും ബൈബിളിനോടു ബന്ധപ്പെട്ട ഡിക്ഷ്ണറികളും പദസൂചികകളും പല ബൈബിൾ പരിഭാഷകളും പുറത്തിറങ്ങിയിരുന്നു. അവയെല്ലാം ബൈബിൾ ആഴത്തിൽ പഠിക്കുന്നതിനുവേണ്ടി ഉപയോഗിക്കാൻ അവർക്കു കഴിഞ്ഞു. ഹെൻട്രി ഗ്രൂവിനെയും ജോർജ് സ്റ്റോഴ്സിനെയും പോലുള്ളവർ നടത്തിയ ബൈബിൾഗവേഷണങ്ങളും അവർക്ക് ഒരുപാടു പ്രയോജനം ചെയ്തു. റസ്സൽ സഹോദരനും സഹകാരികളും തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ബൈബിൾവിഷയങ്ങളെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചു. അങ്ങനെ അവരും ആത്മീയാർഥത്തിലുള്ള വഴി ഒരുക്കലിൽ ഉൾപ്പെട്ടു.
15. 1919-ൽ എന്തൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണു സംഭവിച്ചത്?
15 1919-ൽ ബാബിലോൺ എന്ന മഹതിക്ക് ദൈവജനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ആ വർഷം “വിശ്വസ്തനും വിവേകിയും ആയ അടിമ” പ്രവർത്തനം ആരംഭിച്ചു. (മത്താ. 24:45-47) അങ്ങനെ ആത്മാർഥഹൃദയരായ ആളുകൾക്കു പുതുതായി തുറന്ന ‘വിശുദ്ധവഴിയിലൂടെ’ യാത്ര തുടങ്ങാനായി. ആ വഴി ഒരുക്കാൻ മുമ്പ് പലരും ഒരുപാടു കാര്യങ്ങൾ ചെയ്തിരുന്നതുകൊണ്ട് പുതുതായി യാത്ര തുടങ്ങിയവർക്ക് യഹോവയെയും യഹോവയുടെ ഉദ്ദേശ്യങ്ങളെയും കുറിച്ച് കൂടുതൽക്കൂടുതൽ പഠിക്കാൻ കഴിഞ്ഞു. (സുഭാ. 4:18) യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും അവർക്കു സാധിച്ചു. എന്നാൽ തന്റെ ജനം ആ മാറ്റങ്ങൾ ഒറ്റയടിക്ക് വരുത്താനൊന്നും യഹോവ പ്രതീക്ഷിച്ചില്ല. പകരം പടിപടിയായിട്ടാണ് യഹോവ അവരെ ശുദ്ധീകരിച്ചത്. (“യഹോവ പടിപടിയായി തന്റെ ജനത്തെ ശുദ്ധീകരിക്കുന്നു” എന്ന ചതുരം കാണുക.) ഭാവിയിൽ എല്ലാ കാര്യങ്ങളും യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ചെയ്യാൻ പറ്റുമ്പോൾ നമുക്ക് എത്ര സന്തോഷമായിരിക്കും!—കൊലോ. 1:10.
‘വിശുദ്ധവഴിയിലേക്ക്’ ഇനിയും പ്രവേശനമുണ്ട്
16. 1919 മുതൽ ‘വിശുദ്ധവഴിയിൽ’ എന്തൊക്കെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്നു? (യശയ്യ 48:17; 60:17)
16 റോഡുകൾ നല്ല നിലയിൽ തുടരണമെങ്കിൽ പതിവായി അറ്റകുറ്റപ്പണികൾ ചെയ്യണം. 1919 മുതൽ ‘വിശുദ്ധവഴിയിൽ’ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. പുതുതായി നിയമിക്കപ്പെട്ട വിശ്വസ്തനും വിവേകിയും ആയ അടിമ അന്നുമുതൽ പ്രവർത്തനം ആരംഭിച്ചു. ബാബിലോൺ എന്ന മഹതിയെ വിട്ട് പുറത്ത് കടക്കാൻ കൂടുതൽ ആളുകളെ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടി 1921-ൽ ബൈബിൾസത്യങ്ങൾ മനസ്സിലാക്കുന്നതിനു താത്പര്യക്കാരെ സഹായിക്കാൻ ഒരു ബൈബിൾപഠന സഹായി അവർ പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ കിന്നരം എന്ന പുസ്തകമായിരുന്നു അത്. 36 ഭാഷകളിലായി അതിന്റെ ഏതാണ്ട് 60 ലക്ഷം കോപ്പികൾ വിതരണം ചെയ്തു. അതിലൂടെ പല ആളുകൾക്കും സത്യം പഠിക്കാനായി. ഈ അടുത്ത കാലത്ത്, ബൈബിൾപഠനം നടത്താൻ നമുക്കു പുതിയൊരു പ്രസിദ്ധീകരണം ലഭിച്ചു—ജീവിതം ആസ്വദിക്കാം എന്നേക്കും! ഈ അവസാനകാലത്ത് ഉടനീളം യഹോവ തന്റെ സംഘടനയിലൂടെ ആത്മീയാഹാരം മുടക്കം കൂടാതെ നമുക്കു ലഭ്യമാക്കിയിരിക്കുന്നു. ‘വിശുദ്ധവഴിയിലൂടെ’ യാത്ര തുടരാൻ നമ്മളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് അത്.—യശയ്യ 48:17; 60:17 വായിക്കുക.
17-18. “വിശുദ്ധവഴി” നമ്മളെ എങ്ങോട്ടാണു നയിക്കുന്നത്?
17 ഒരാൾ ബൈബിൾ പഠിക്കാൻ തയ്യാറാകുന്നതോടെ ‘വിശുദ്ധവഴിയിലൂടെ’ യാത്ര ചെയ്യാനുള്ള അവസരം കിട്ടുകയാണ്. ചിലർ കുറച്ച് നാൾ കഴിയുമ്പോൾ ആ യാത്ര ഉപേക്ഷിച്ച് പോയേക്കാം. എന്നാൽ മറ്റുള്ളവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ യാത്ര തുടരാൻ തീരുമാനിച്ചിരിക്കുന്നു. ഏതാണ് ആ ലക്ഷ്യസ്ഥാനം?
18 ഈ “വിശുദ്ധവഴി” സ്വർഗീയപ്രത്യാശയുള്ളവരെ സ്വർഗത്തിൽ ‘ദൈവത്തിന്റെ പറുദീസയിലേക്കാണു’ നയിക്കുന്നത്. (വെളി. 2:7) ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ ഈ വിശുദ്ധവഴിയിലൂടെ യാത്ര ചെയ്ത് 1,000 വർഷഭരണത്തിന്റെ അവസാനം പൂർണതയിൽ എത്തിച്ചേരും. നിങ്ങൾ ഇന്ന് ആ വഴിയിലൂടെ യാത്ര ചെയ്യുകയാണോ? എങ്കിൽ പിന്നിൽ വിട്ടുകളഞ്ഞ കാര്യങ്ങളിലേക്കു തിരിഞ്ഞുനോക്കരുത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ നിങ്ങൾ ആ യാത്ര ഉപേക്ഷിക്കുകയുമരുത്. ഞങ്ങൾ നിങ്ങൾക്ക് ഒരു ശുഭയാത്ര നേരുന്നു!
ഗീതം 24 യഹോവയുടെ പർവതത്തിലേക്കു വരൂ!
a ബാബിലോണിൽനിന്ന് ഇസ്രായേലിലേക്കുള്ളതായി ആലങ്കാരികാർഥത്തിൽ പറഞ്ഞിരിക്കുന്ന പ്രധാനവീഥിയെ യഹോവ “വിശുദ്ധവഴി” എന്നാണു വിളിച്ചിരിക്കുന്നത്. ആധുനികകാലത്തും തന്റെ ജനത്തിനുവേണ്ടി യഹോവ ഇത്തരത്തിൽ ഒരു വഴി ഒരുക്കിയിട്ടുണ്ടോ? ഉണ്ട്! എ.ഡി. 1919 മുതൽ ലക്ഷക്കണക്കിന് ആളുകൾ ബാബിലോൺ എന്ന മഹതിയെ വിട്ട് ‘വിശുദ്ധവഴിയിലൂടെയുള്ള’ യാത്ര തുടങ്ങിയിരിക്കുന്നു. ലക്ഷ്യത്തിലെത്തുന്നതുവരെ നമ്മളെല്ലാം ആ വഴിയിലൂടെതന്നെ സഞ്ചരിക്കണം.
c ചിത്രത്തിന്റെ വിവരണം: റസ്സൽ സഹോദരനും സഹകാരികളും അവരുടെ കാലത്തിനു മുമ്പുതന്നെ തയ്യാറാക്കിയിരുന്ന ബൈബിൾപഠന സഹായികൾ ഉപയോഗിച്ചു.