സുവാർത്ത സമർപ്പിക്കൽ—പ്രാർത്ഥനാപൂർവകമായ ഒരു വിധത്തിൽ
1 അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയർക്ക് പ്രോത്സാഹജനകമായി എഴുതി, “എനിക്കു ശക്തിപകരുന്നവൻ മുഖാന്തരം എനിക്ക് എല്ലാററിനും ശക്തിയുണ്ട്.” (ഫിലി. 4:13) സുവാർത്ത ധൈര്യത്തോടെ അവതരിപ്പിക്കുന്നതിന് ശക്തി ലഭിക്കാൻ നാമും യഹോവയിൽ പൂർണ്ണമായി ആശ്രയിക്കേണ്ടയാവശ്യമുണ്ട്. നമുക്കിതെങ്ങനെ ചെയ്യാൻ കഴിയും?
2 നാം “എല്ലായ്പ്പോഴും പ്രാർത്ഥിക്കണം, മടുത്തുപോകരുത്” എന്ന് യേശു ഊന്നിപ്പറഞ്ഞു. (ലൂക്കോസ് 18:1) “ഇടവിടാതെ പ്രാർത്ഥിക്കുക,” എന്ന് പൗലോസ് ഉദ്ബോധിപ്പിച്ചു. (1 തെസ്സ. 5:17) അതെ, ബലം പ്രാർത്ഥനയിൽനിന്ന് വരുന്നു. നാം പ്രാർത്ഥനാപൂർവകമായ ഒരു വിധത്തിൽ സുവാർത്ത സമർപ്പിക്കേണ്ടതുണ്ട്. നമുക്ക് മററുളളവരോട് സാക്ഷീകരിക്കുന്നതിനുളള അവസരത്തിനുവേണ്ടിയും വീടുതോറുമുളള വേലക്ക് ജ്ഞാനവും വിവേചനയും ലഭിക്കുന്നതിനും നമ്മുടെ ബൈബിൾവിദ്യാർത്ഥികളുടെ ഹൃദയങ്ങളിലെത്തിച്ചേരുന്നതിൽ വിജയിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കാവുന്നതാണ്. അവസാനം വരുന്നതിനുമുമ്പ് സുവാർത്ത പ്രസംഗിക്കുന്നതിന്റെ അടിയന്തിരമായ ആവശ്യമുളളതിനാൽ ലോകവിസ്തൃതമായ രാജ്യതാൽപ്പര്യങ്ങളുടെ പുരോഗതിക്കുവേണ്ടിയും പ്രാർത്ഥിക്കേണ്ടയാവശ്യമുണ്ട്. (മത്താ. 24:14) ആത്മീയമായ ഉറക്കം ഒഴിവാക്കുന്നതിനും യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് മററുളളവരോട് സംസാരിക്കുന്നതിനുളള പദവിക്കുവേണ്ടിയുളള നമ്മുടെ വിലമതിപ്പ് വർദ്ധിക്കുന്നതിനും നാം പ്രാർത്ഥനയിൽ ‘ഉണർവുളളവരായി നിലനിൽക്കണം.’—കൊലോ. 4:2; w62 പേ. 497.
ബൈബിളദ്ധ്യയനങ്ങളിൽ
3 ഒരു ബൈബിളദ്ധ്യയനം നടത്തുമ്പോൾ പ്രാർത്ഥിക്കുന്നത് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? പ്രാർത്ഥനയോടെ അദ്ധ്യയനം ആരംഭിക്കുന്നത് നമ്മെ ശരിയായ മാനസികാവസ്ഥയിൽ നിർത്തുന്നു, അത് പറയപ്പെടുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിന് വിദ്യാർത്ഥിയെ സഹായിക്കുകയും ചെയ്യുന്നു. അയാൾ യഹോവയുടെ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി നോക്കുന്നതിന് പഠിക്കുന്നു. നമ്മുടെ ദൃഷ്ടാന്തത്തിൽനിന്ന് വിദ്യാർത്ഥി പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നും പഠിക്കുന്നു.—ലൂക്കോ. 11:1.
4 ഭവനബൈബിളദ്ധ്യയനങ്ങളിലെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നതിന് ഉചിതമായിരിക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ്? യേശുവിന്റെ മാതൃകാപ്രാർത്ഥനയും ഫിലിപ്പിയർക്കുവേണ്ടിയുളള പൗലോസിന്റെ പ്രാർത്ഥനയും വളരെ നല്ല ദൃഷ്ടാന്തങ്ങളാണ്. (മത്താ. 6:9-13; ഫിലി. 1:9-11) നമ്മുടെ പ്രാർത്ഥനകൾ ദീർഘിച്ചവയായിരിക്കേണ്ടയാവശ്യമില്ല, എന്നാൽ അവ പ്രത്യേകമായ കാര്യങ്ങൾ കൈകാര്യംചെയ്യണം. വിശിഷ്ടമായ യഹോവയുടെ അസംഖ്യം പ്രവൃത്തികൾക്കുവേണ്ടി സമുചിതമായ സ്തുതി ഉൾപ്പെടുത്തുന്നത് പ്രധാനമാണ്. നമുക്ക് അവന്റെ മാഹാത്മ്യത്തിന്റേയും പ്രതാപത്തിന്റേയും പൂർണ്ണതയുളള ഗുണങ്ങളുടെയും അംഗീകാരം പ്രകടമാക്കാവുന്നതാണ്. (സങ്കീ. 145:3-5) ഒരുപക്ഷേ ബൈബിൾവിദ്യാർത്ഥിയുടെ സാഹചര്യങ്ങൾ സമ്മതിച്ചുപറഞ്ഞുകൊണ്ടും പേർപറഞ്ഞുകൊണ്ടും അയാൾ ആത്മീയപുരോഗതി പ്രാപിക്കാൻ പ്രാർത്ഥിക്കുന്നത് പ്രയോജനകരമായിരിക്കും. അയാൾ പുരോഗതി പ്രാപിക്കുമ്പോൾ യോഗങ്ങൾക്കു ഹാജരാകാനും താൻ പഠിക്കുന്ന സത്യം മററുളളവർക്ക് പങ്കുവെക്കാനും ഉളള അയാളുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹത്തിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്.
നമ്മുടെ സഹോദരീസഹോദരൻമാർക്കുവേണ്ടി
5 യഹോവയുടെ ജനമെല്ലാം നമ്മുടെ സഹപ്രവർത്തകരാണ്. (1 കൊരി. 3:9) അതുകൊണ്ട് ലൗകികാധികാരികൾ സുവാർത്താപ്രസംഗത്തിന് പ്രതിബന്ധം വരുത്താൻ ശ്രമിക്കുമ്പോൾ “രാജാക്കൻമാരെയും ഉന്നതസ്ഥാനീയരായ സകലരെയും സംബന്ധിച്ച്” പ്രാർത്ഥിക്കാൻ നാം പ്രേരിതരായിത്തീരുന്നു. എന്തുദ്ദേശ്യത്തിൽ? “നാം പൂർണ്ണ ദൈവികഭക്തിയോടും ഗൗരവത്തോടുംകൂടെ ശാന്തവും സ്വൈരവുമായ ജീവിതം നയിക്കേണ്ടതിന്.” (1 തിമൊ. 2:1, 2) അങ്ങനെയുളള പ്രാർത്ഥനകൾ യഥാർത്ഥത്തിൽ ലോകമാസകലമുളള നമ്മുടെ സഹോദരൻമാർക്കുവേണ്ടിയാണ്. അധികാരികൾ നമ്മുടെ വേലയോട് ആനുകൂല്യംകാട്ടാൻ നാം പ്രാർത്ഥിക്കുന്നു.
6 പ്രാർത്ഥന മുഖാന്തരം പ്രയാസമുളള സാഹചര്യങ്ങളിൽ പ്രസംഗിക്കുന്ന നമ്മുടെ സഹോദരൻമാർക്കുവേണ്ടിയും ആത്മീയരോഗികളായിരിക്കാവുന്നവർക്കുവേണ്ടിയും ശക്തിക്കായി നമുക്കപേക്ഷക്തിക്കാവുന്നതാണ്, ശുശ്രൂഷയിൽ അവർക്ക് തികവേറിയ പങ്ക് ഉണ്ടായിരിക്കേണ്ടതിനുതന്നെ. (2 തെസ്സ. 3:1, 2) സഭാമൂപ്പൻമാർക്കുവേണ്ടിയും സഞ്ചാരമേൽവിചാരകൻമാർക്കുവേണ്ടിയും ഭരണസംഘത്തിനുവേണ്ടിയും—“നിങ്ങളുടെയിടയിൽ കഠിനവേലചെയ്യുന്ന” എല്ലാവർക്കും വേണ്ടിയും—പ്രാർത്ഥിക്കുന്നതും നല്ലതാണ്.—1 തെസ്സ. 5:12.
7 എല്ലാ സമയങ്ങളിലും നാം യഹോവയുടെമേൽ നമ്മുടെ ഉൽക്കണ്ഠകൾ ഇടേണ്ടതുണ്ട്. (സങ്കീ. 55:22; 1 പത്രോ. 5:7) അവന്റെ ഇഷ്ടത്തിന് അനുയോജ്യമായി നാം എന്തു ചോദിച്ചാലും അവൻ കേൾക്കുമെന്ന് നമുക്ക് ഉറപ്പു ലഭിച്ചിരിക്കുന്നു. (1 യോഹ. 5:14) അതുകൊണ്ട് നമ്മുടെ ശുശ്രൂഷ പൂർണ്ണമായി നിറവേററുന്നതിൽ യഹോവയുടെ സഹായത്തിനുവേണ്ടി നാം പ്രാർത്ഥിക്കുന്നെങ്കിൽ അവൻ കേൾക്കുമെന്നും നമ്മുടെ വഴി വിജയപ്രദമാക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കണം.—2 തിമൊ. 4:5.