സഭാപുസ്തകാദ്ധ്യയന ക്രമീകരണം
ഭാഗം 5: സേവനമേൽവിചാരകന്റെ സന്ദർശനം
1 സേവനമേൽവിചാരകൻ ഒരു സുവിശേഷകനും ഒരു അദ്ധ്യാപകനുമായിരിക്കണം. അദ്ദേഹം സഭയെ അതിന്റെ നിയമിതപ്രദേശത്ത് സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനുളള ചുമതല നിറവേററുന്നതിന് സഹായിക്കുന്നതിൽ ഒരു മുഖ്യ പങ്കു വഹിക്കുന്നു. (മർക്കോ. 13:10) അദ്ദേഹം തന്റെ ചുമതല ഗൗരവമായി എടുക്കുകയും എല്ലാവരും സഹകരിക്കുകയും ചെയ്യുമ്പോൾ, പ്രസാധകർ സമർപ്പിക്കുന്നതിൽ കൂടുതൽ വൈദഗ്ദ്ധ്യം വളർത്തിയെടുക്കുകയും പ്രദേശത്തിന്റെ കൂടുതൽ പൂർണ്ണമായ പ്രവർത്തനം നടക്കുകയും ചെയ്യും.
2 സേവനമേൽവിചാരകൻ വയൽശുശ്രൂഷയിൽ കൂടുതലായ പ്രവർത്തനത്തിന് ഉത്തേജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് പ്രാഥമികമായി സഭാപുസ്തകാദ്ധ്യയനത്തിലൂടെ നിറവേററപ്പെടുന്നു. സാധാരണയായി സേവനമേൽവിചാരകൻ ഒരു പുസ്തകാദ്ധ്യയനം നിർവഹിക്കുന്നതിന് നിയമിക്കപ്പെടുന്നു, എന്നാൽ അദ്ദേഹം മറെറാരു കൂട്ടത്തെ സന്ദർശിക്കുന്ന മാസത്തിൽ ഒരിക്കൽ അദ്ദേഹത്തിന്റെ സഹായിക്ക് അദ്ദേഹത്തിന്റെ ഒഴിവു നികുത്താവുന്നതാണ്.—രാ.ശു. 11⁄81 പേജുകൾ 1, 7.
3 സന്ദർശനത്തിനുവേണ്ടിയുളള ഒരുക്കം: ഈ സന്ദർശനവാരത്തിനു മുമ്പ് സേവനമേൽവിചാരകൻ ആ കൂട്ടത്തോടൊത്ത് സഹവസിക്കുന്നവരുടെ സഭാപ്രസാധക രേഖാകാർഡുകൾ പരിശോധിക്കണം. അദ്ദേഹം നിർവാഹകനുമായി യോഗം ചേരുന്നതിനും ആ കൂട്ടത്തിൽ നിയമിച്ചിട്ടുളള പ്രസാധകരുടെ പ്രവർത്തനം പുനരവലോകനം ചെയ്യുന്നതിനും ക്രമീകരിക്കണം. നിർവാഹകന് രേഖാകാർഡുകളിൽ നിന്ന് വ്യക്തമല്ലാത്ത, സേവനത്തോടു ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്നങ്ങളൊ ആവശ്യങ്ങളൊ സേവനമേൽവിചാരകനെ അറിയിക്കാൻ കഴിയും. സേവനമേൽവിചാരകനാലുളള 15 മിനിററു നേരത്തെ സേവനപ്രസംഗത്തിന് സമയമനുവദിക്കുന്നതിനുവേണ്ടി അദ്ധ്യയനം 45 മിനിററു നേരത്തേക്കു മാത്രമായിരിക്കേണ്ടതാണെന്ന് അദ്ധ്യയനനേതാവിനെ ഓർമ്മിപ്പിച്ചിരിക്കണം.
4 ഈ പ്രസംഗം ശുശ്രൂഷയോടുളള വിലമതിപ്പ് കൂടുതലായി അഭിവൃദ്ധിപ്പെടുത്തുന്നതിൽ ലക്ഷ്യം വെക്കും. പ്രസാധകർക്ക് ശുശ്രൂഷയുടെ ചില വശങ്ങളിൽ സഹായം ആവശ്യമെങ്കിൽ സേവനമേൽവിചാരകൻ അഭിവൃദ്ധിപ്പെടുന്നതിനുളള പ്രായോഗിക നിർദ്ദേശങ്ങൾ പ്രദാനം ചെയ്യണം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിഷേധാത്മകമായ പ്രസ്താവനകൾ ആരെയെങ്കിലും ശല്യപ്പെടുത്തുകയൊ നിരുൽസാഹപ്പെടുത്തുകയൊ ചെയ്യാത്തതായിരിക്കത്തക്കവണ്ണം ക്രിയാത്മകവും പ്രോൽസാഹജനകവുമായിരിക്കണം. മറിച്ചാണെങ്കിൽ അത് അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശ്യത്തെ പരാജയപ്പെടുത്തുകയേയുളളു. അദ്ദേഹത്തിന്റെ പ്രസംഗം അഭിവൃദ്ധിപ്പെടുന്നതിന് എല്ലാവരേയും പ്രോൽസാഹിപ്പിക്കണം.
5 സേവനമേൽവിചാരകൻ തന്റെ പട്ടിക അനുവദിക്കുന്നടത്തോളം അനേകം സഹോദരൻമാർക്കും സഹോദരിമാർക്കും വ്യക്തിപരമായ ശ്രദ്ധ കൊടുക്കുന്നതിന് കഠിനശ്രമം ചെയ്യുന്നു. അദ്ദേഹത്തിന് സേവനത്തിൽ വിവിധ ആളുകളുമായി പ്രവർത്തിക്കുന്നതിന് നിയമനം നടത്താവുന്നതാണ്. പ്രസാധകരോടൊത്ത് വീടുതോറും പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന് അവരുടെ അവതരണങ്ങൾ മെച്ചപ്പെടുന്നതിന് സഹായകമായ ഒന്നോ രണ്ടോ നിർദ്ദേശങ്ങൾ നൽകാവുന്നതാണ്. ഇത് വിമർശനരൂപത്തിലല്ല, പിന്നെയോ സഹായിക്കുകയെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെയായിരിക്കണം ചെയ്യുന്നത്. അദ്ദേഹത്തിന് മടക്കസന്ദർശനങ്ങൾക്കൊ ബൈബിളദ്ധ്യയനങ്ങൾക്കൊ പ്രസാധകരുടെ കൂടെ പോകാനും വാഗ്ദാനം ചെയ്യാവുന്നതാണ്. കൂട്ടത്തിലെ ആർക്കെങ്കിലും വ്യക്തിപരമായ സഹായം ആവശ്യമാണെന്ന് കാണപ്പെടുന്നുവെങ്കിൽ ആ വാരത്തിൽ അവരെ സഹായിക്കുന്നതിന് അദ്ദേഹം ഒരു ഇടയസന്ദർശനം നടത്തിയേക്കാം. അതിനുശേഷം കൊടുക്കപ്പെട്ട നിർദ്ദേശങ്ങൾ അദ്ദേഹത്തിന് നിർവാഹകനെ അറിയിക്കാൻ കഴിയും. ഈ ഊഷ്മളമായ വ്യക്തിപരമായ ശ്രദ്ധ തങ്ങളുടെ വയൽസേവനത്തിൽ മാന്ദ്യംഭവിച്ച ചിലർക്ക് ഉത്തേജകമായിരുന്നിട്ടുണ്ട്.
6 സേവനത്തിനുവേണ്ടിയുളള യോഗം: ആ വാരത്തിലെ വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ സേവനമേൽവിചാരകനാൽ നടത്തപ്പെടണം. കുറച്ചുപേർമാത്രമേ സന്നിഹിതരായിട്ടുളളവെങ്കിലും അവ കൃത്യ സമയത്ത് തുടങ്ങണം. യോഗങ്ങൾ 10 മുതൽ 15 വരെ മിനിററിൽ കവിയരുത്. ദൈനംദിന തിരുവെഴുത്തു വാക്യത്തിന്റെ ചർച്ച ഐച്ഛികമാണ്. കൂട്ടത്തെ പിരിച്ചയക്കുന്നതിനു മുമ്പ് ഓരോരുത്തരും എവിടെ ആരോടൊത്ത് പ്രവർത്തിക്കുമെന്ന് അറിയിച്ചിരിക്കണം. (1 കൊരി. 14:33, 40) താമസം വരുത്താതെ വയൽസേവനത്തിന് പുറപ്പെടാൻ സേവനമേൽവിചാരകൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കണം.
7 പുസ്തകാദ്ധ്യയന കൂട്ടങ്ങളിലുളള സേവനമേൽവിചാരകന്റെ ക്രമമായ സന്ദർശനങ്ങൾ സഭക്ക് ഒരു യഥാർത്ഥ അനുഗ്രഹമായിരിക്കാൻ കഴിയും. അദ്ദേഹം സന്ദർശിക്കുമ്പോൾ അദ്ദേഹത്തോട് നാം ഓരോരുത്തരും സഹകരിക്കുന്നതിനാൽ നമ്മുടെ ശുശ്രൂഷ ക്രമീകൃതവും ഫലപ്രദവുമായിരിക്കും. കൂടാതെ അദ്ദേഹത്തിന് തന്റെ വേലയിൽനിന്ന് സന്തോഷം ലഭിക്കുകയും ചെയ്യും. (എബ്രാ. 13:17) ചെമ്മരിയാടു തുല്യരായവർ കൂട്ടിച്ചേർക്കപ്പെടും, കേൾക്കുന്ന എല്ലാവരോടും പ്രസംഗിക്കുന്നതിനുളള നമ്മുടെ നിയോഗം നാം നിറവേററിയിരിക്കുന്നു എന്നറിയുന്നതിലുളള സന്തോഷം നമുക്കുണ്ടായിരിക്കുകയും ചെയ്യും.—യെശ. 61:1, 2; യെഹെ. 9:11; യോഹ. 17:26.