പ്രതികരണം ലഭിക്കുന്ന അവതരണങ്ങൾ
1 വിഷയം വീട്ടുകാരനെ എങ്ങനെ ബാധിക്കുന്നുവെന്ന്, അത് അയാൾക്ക് ആവശ്യമുളള അഥവാ ഉപയോഗിക്കാൻ കഴിയുന്ന എന്തെങ്കിലുമാണെന്ന് വ്യക്തമായി പ്രകടമാക്കുന്നവയാണ് പ്രതികരണം ലഭിക്കുന്ന അവതരണങ്ങൾ. “ഇത് എന്നെ ഉൾപ്പെടുത്തുന്നു” എന്ന് തിരിച്ചറിയാൻ സംഭാഷണത്തിലുടനീളം വീട്ടുകാരനെ സഹായിക്കുക. ഒരു അവതരണം തയ്യാറാകുമ്പോൾ നാം നമ്മോടുതന്നെ ചോദിക്കണം: ‘എന്റെ പ്രദേശത്തെ ആളുകൾക്ക് ഏററവും അധികം താല്പര്യമുളള വിഷയങ്ങൾ ഏവയാണ്? അവരുടെ ആവശ്യങ്ങൾ ഏവയാണ്? അവരുടെ ആവശ്യങ്ങൾ യഹോവയുടെ മനസ്സിലുണ്ടെന്ന് പ്രകടമാക്കാൻ എനിക്ക് ദൂത് എങ്ങനെ അവതരിപ്പിക്കാൻ കഴിയും?’ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത് ഇന്ന് ആളുകൾക്ക് വളരെ താല്പര്യമുളള ഏതാനും കാര്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും അല്ലങ്കിൽ അതിന് സമാനമായത് നിങ്ങളുടെ അവതരണത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോ? യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിലെ ആശയങ്ങൾ എങ്ങനെ ബന്ധിപ്പിക്കാമെന്നുളളതും കുറിക്കൊളളുക.
2 സന്തുഷ്ടിയുടെ അഭാവം സംബന്ധിച്ച ചിന്ത: “നമ്മുടെ സമൂഹത്തിൽ ജീവിതത്തിന്റെ ഗുണമേന്മ സംബന്ധിച്ച് യഥാർത്ഥത്തിൽ ചിന്തയുളള ആളുകളുമായി ഞങ്ങൾ സംസാരിച്ചുവരികയാണ്. ആളുകൾക്ക് ഭൗതികമായി ആവശ്യമായതുണ്ടെങ്കിലും അനേകർ തങ്ങളുടെ ജീവിതഭാഗധേയം സംബന്ധിച്ച് യഥാർത്ഥത്തിൽ സന്തുഷ്ടരല്ല. ആണവയുദ്ധത്തിന്റെ സാദ്ധ്യതയും പണപ്പെരുപ്പവും ഏതൊരാളുടെയും ഭാവിയെ ഭീഷണിപ്പെടുത്തുന്നു. ഒരു സന്തുഷ്ടഭാവി ഉറപ്പുവരുത്തുന്നതിന് നമുക്ക് മനുഷ്യരിൽ ആശ്രയിക്കാൻ കഴിയുമോ? നാം യിരെമ്യാവ് 10:23 വായിക്കുമളവിൽ വിജയിക്കുന്നതിനുളള മമനുഷ്യന്റെ അപ്രാപ്തിസംബന്ധിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് കുറിക്കൊളളുക. (വായിക്കുക) ഭാവിയെക്കുറിച്ച് ദൈവം പറയുന്നതെന്തെന്ന് ഗ്രഹിക്കുന്നത് നിങ്ങൾക്ക് സന്തുഷ്ടി കൈവരുത്തിയേക്കാം. അവന്റെ വാഗ്ദാനങ്ങളിലൊന്ന് കുറിക്കൊളളുക.” വെളിപ്പാട് 21:3,4 വായിക്കുകയും അതിനുശേഷം യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തന്റെ 307-ാം പേജിൽ 2-ാം ഖണ്ഡിക വായിക്കുകയും ചെയ്യുക.
3 ഭാവിയെക്കുറിച്ചുളള ചിന്ത: “ഭാവിയെക്കുറിച്ചുളള വസ്തുനിഷ്ടമായ ഒരു വീക്ഷണം ഞങ്ങളുടെ അയൽക്കാരുമായി പങ്കുവെക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. തടസ്സംനിൽക്കുന്നത് എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? നാം യിരെമ്യാവ് 10:23 വായിക്കുമളവിൽ ഒരു തടസ്സമെന്നനിലയിൽ ബൈബിൾ ചൂണ്ടിക്കാണിക്കുന്നതെന്തെന്ന് കുറിക്കൊളളുക. (വായിക്കുക) ഒരു സന്തുഷ്ടഭാവിക്ക് മനുഷ്യൻ തന്റെ സ്രഷ്ടാവിനാൽ നയിക്കപ്പെടേണ്ടതിന്റെ ആവശ്യം അടുത്ത വാക്യം കാണിച്ചുതരുന്നു.” 24-ാം വാക്യം വായിക്കുക.
4 നല്ല ആരോഗ്യം നിലനിർത്തുന്നതുസംബന്ധിച്ച ചിന്ത: “നമ്മുടെ അയൽപക്കത്തുളള പലരും നല്ല ആരോഗ്യം നിലനിർത്തുന്നതുസംബന്ധിച്ച് ബോധമുളളവരാണ്. നാം എന്തു മുൻകരുതലുകൾ എടുത്താലും നമുക്ക് രോഗം ഉണ്ടാകുന്നു. എല്ലാവരും പൂർണ്ണ ആരോഗ്യവും ഓജസ്സും ആസ്വദിക്കുന്ന ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഇത് അവിശ്വസനീയമെന്ന് തോന്നിയേക്കാമെങ്കിലും അത്തരമൊരു കാലത്തെക്കുറിച്ച് വെളിപ്പാട് എന്ന ബൈബിൾപുസ്തകം സംസാരിക്കുകയും അത് തൊട്ടടുത്ത ഭാവിയിലാണെന്ന് നമ്മോടുപറയുകയും ചെയ്യുന്നു. (വെളിപ്പാട് 21:3,4 വായിക്കുക.) അത്തരം സന്തുഷ്ടമായ അവസ്ഥകൾ അനുഭവിക്കുന്നതിന് നമ്മുടെ ഭാഗത്ത് ആവശ്യമായിരിക്കുന്നത് എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?” ദൈവത്തിൽനിന്ന് നിത്യജീവൻ നേടുന്നതിന് വിശ്വാസം അത്യന്താപേക്ഷിതമാണെന്ന് കാണിക്കുന്ന യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 302-ാം പേജിൽ 2-ാം ഖണ്ഡിക നിങ്ങൾക്ക് വായിക്കാൻ കഴിയും.
5 മലിനീകരണവും പരിസ്ഥിതിയും സംബന്ധിച്ച ചിന്ത: “ഞങ്ങളുടെ അയൽക്കാരുമായി സംസാരിക്കുകയിൽ നമ്മുടെ വായുവും വെളളവും ആഹാരവും മലീമസമാകുന്നതുസംബന്ധിച്ച് അനേകർ ചിന്താകുലരാണെന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഗവൺമെൻറുകൾക്ക് ഇതിനൊരവസാനം വരുത്താൻ എന്നെങ്കിലും കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [ഒരുനിമിഷത്തേക്ക് നിർത്തുക.] ഭൂമിയെ നശിപ്പിക്കുന്നവർക്ക് സംഭവിക്കുന്നതുസംബന്ധിച്ച് ബൈബിൾ എന്തുപറയുന്നുവെന്ന് കുറിക്കൊളളുന്നത് പ്രോത്സാഹജനകമാണ്.” വെളിപ്പാട് 11:18ബി വായിക്കുക. ഭൂമിയെ നശിപ്പിക്കുന്നവരെ നീക്കംചെയ്യുന്നതിനുപുറമെ സങ്കീർത്തനം 37:10,11-ലോ യെശയ്യാ 65:21,22-ലോ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം സൗമ്യതയുളളവർ ഭൂമിയെ ഒരു പരദീസയാക്കുകയെന്നത് ദൈവോദ്ദേശ്യമാണെന്ന് ചൂണ്ടിക്കാണിക്കുക.
6 മതപരമായി ചായ്വുളളവർക്ക്: “ഞങ്ങൾ ഞങ്ങളുടെ അയൽക്കാരോട് ഒരു ചോദ്യം ചോദിക്കുകയാണ്: വ്യക്തികൾക്ക് അത്യുത്തമമെന്ന് തോന്നിയേക്കാവുന്ന ഒരു വിധത്തിൽ മനുഷ്യൻ ദൈവത്തെ ആരാധിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? (ഒരു നിമിഷം അനുവദിക്കുക) യിരെമ്യാവ്10:23-ൽ ബൈബിൾ പറയുന്നതെന്തെന്ന് ശ്രദ്ധിക്കുക.”
7 നിങ്ങളുടെ ശ്രോതാക്കളുടെ ഹൃദയത്തിൽ എത്താൻ നിങ്ങൾ ആത്മാർത്ഥമായി ശ്രമിക്കുമളവിൽ സത്യത്തിനും നീതിക്കും വേണ്ടി വിശക്കുന്നവർ പ്രതികരിക്കും.—മത്താ. 5:3,6.