ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തുക
1 “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്ന നിലയിലുളള നമ്മുടെ സേവനത്തിന്റെ ഒരു പ്രധാനഭാഗം മടക്കസന്ദർശനങ്ങൾ നടത്തലാണ്. (1കൊരി. 3:6-9) സത്യത്തിൽ താൽപര്യം പ്രകടമാക്കിയ ആരെയെങ്കിലുമാണ് നാം സന്ദർശിക്കുന്നതെന്നുളളതുകൊണ്ട് വീട്ടുകാരന്റെ പ്രതികരണം സംബന്ധിച്ച് ശങ്കിക്കേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ ഭാഗത്തെ നല്ല തയ്യാറാകൽ, ആകർഷകമായ ഒരു ബൈബിൾ വിഷയം നാം ചർച്ചചെയ്യുമളവിൽ സന്ദർശിക്കുന്ന ആളിലുളള വ്യക്തിപരമായ ഒരു ആത്മാർത്ഥ താൽപര്യം പ്രതിഫലിപ്പിക്കും.
2 വ്യക്തമായി പറയുക; നയപൂർവമായ ചോദ്യങ്ങൾ ചോദിക്കുക.
ആദ്യസന്ദർശനത്തിലെ നിങ്ങളുടെ കുറിപ്പുകളിൽനിന്ന് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
▪ “നീതിയിൽ ഭൂമിയെ ഭരിക്കാനുളള ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതൽ ചിന്തിച്ചോ?”
മറെറാരു ചോദ്യം ഇങ്ങനെ ആകാം:
▪ “കഴിഞ്ഞയാഴ്ചത്തെ നമ്മുടെ ബൈബിൾ ചർച്ചക്കുശേഷം ദൈവരാജ്യം വരാനുളള നിങ്ങളുടെ പ്രാർത്ഥന കൂടുതൽ അർത്ഥവത്താണെന്ന് നിങ്ങൾക്കു തോന്നുന്നുവോ?”
മുഖഭാവത്തിലും സംസാരത്തിലും പ്രകടിപ്പിക്കുന്ന ഒരു സൗഹൃദഭാവം അത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിലെ നമ്മുടെ ആത്മാർത്ഥമായ താൽപര്യം വളരെയധികം പ്രതിഫലിപ്പിക്കുന്നു.
3 ധൃതി കൂട്ടരുത്; വീട്ടുകാരൻ പറയുന്നത് ശ്രദ്ധിക്കുക. വീട്ടുകാരൻ പറയുന്നത് നാം ശ്രദ്ധിക്കുകയും മറുപടി പറയുന്നതിനുമുമ്പ് ഗൗരവപൂർവം ചിന്തിക്കുകയും ചെയ്യുന്നെങ്കിൽ ഒരു വ്യക്തിയെന്ന നിലയിൽ അയാളിലുളള ആത്മാർത്ഥമായ താൽപര്യം പ്രകടമായിരിക്കും. അയാൾ പറയുന്നതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ ആദ്യസന്ദർശനത്തോടു ബന്ധപ്പെട്ട ഒരു തിരുവെഴുത്താശയം നിങ്ങൾക്ക് അവതരിപ്പിക്കാൻ കഴിയും. നിങ്ങൾ സന്ദർശിക്കുന്ന ഓരോ സമയത്തും വീട്ടുകാരനെ എന്തെങ്കിലും പഠിപ്പിക്കാൻ ഒരുക്കമുളളവരായിരിക്കുക. ഒരു അപ്രതീക്ഷിത വിഷയം ഉന്നയിക്കപ്പെടുന്നെങ്കിൽ നിങ്ങളുടെ ന്യായവാദം പുസ്തകം എടുക്കാനും ആവശ്യമായ വിവരം കണ്ടെത്താനും ആ അവസരം ഉപയോഗിക്കുക.
4 നിങ്ങൾ 1992 മെയ് 1 “വാച്ച്ററവർ” സമർപ്പിച്ചെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
▪ “കഴിഞ്ഞ പ്രാവശ്യം നാം 1914 എന്ന വർഷത്തെക്കുറിച്ച് സംസാരിച്ചു. ആ വർഷത്തിൽ തുടങ്ങിയ യുദ്ധം പല ഗവൺമെൻറുകളിലും മാററങ്ങൾ വരുത്തി. അതിനുശേഷം തുടർന്നും പല മാററങ്ങൾ ഉണ്ടാകുന്നു. എന്നാൽ ഈ മാററങ്ങളിൽ ഏതെങ്കിലും ഒന്നോ എല്ലാമോ ആളുകളുടെ ആവശ്യങ്ങൾ യഥാർത്ഥത്തിൽ തൃപ്തിപ്പെടുത്തിയിട്ടുണ്ടോ, അഥവാ അവർക്ക് നിലനിൽക്കുന്ന സമാധാനം ഉറപ്പു നൽകാൻ കഴിയുമോ? [അഭിപ്രായത്തിന് അനുവദിക്കുക.] നാം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ പരിഹരിക്കാൻ കഴിയുന്ന ഒരു ഗവൺമെൻറിനുവേണ്ടി പ്രാർത്ഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചതെങ്ങനെയെന്ന് ശ്രദ്ധിക്കുക. [മത്തായി 6:9,10 വായിക്കുക.] ദൈവരാജ്യം എന്തു കൈവരുത്തുമെന്നാണ് നിങ്ങൾ കരുതുന്നത്? [അഭിപ്രായത്തിന് അനുവദിക്കുക.] ബൈബിളിന്റെ വിശദീകരണവും വളരെ രസകരമാണ്.” തുടർന്ന് ദാനിയേൽ 2:44 വായിക്കുക. ദൈവരാജ്യത്തിൻ കീഴിൽ പ്രതീക്ഷിക്കാവുന്ന അവസ്ഥകൾ കാണിച്ചുകൊടുക്കാൻ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 12, 13 പേജുകളിൽ കാണുന്ന ചിത്രം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
5 നിങ്ങൾ “വീക്ഷാഗോപുര”ത്തിന്റെ 1992 മെയ് 1-ലെ പ്രാദേശിക പതിപ്പ് സമർപ്പിച്ചെങ്കിൽ ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും:
▪ “കഴിഞ്ഞപ്രാവശ്യം ഞാൻ സന്ദർശിച്ചപ്പോൾ കുടുംബജീവിതം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും എന്നതുസംബന്ധിച്ച് നാം സംസാരിച്ചു. കുടുംബങ്ങളിൽ സമ്മർദ്ദം ഏറിവരുന്ന ഒരു കാലത്ത് നാം ജീവിക്കുന്നതുകൊണ്ട് അത് മിക്കവാറും നാം എല്ലാവരും വിലമതിക്കുന്ന ഒന്നാണ്. കുടുംബജീവിതത്തിന്റെ ഗുണം മെച്ചപ്പെടുത്തുന്നതിനുളള സഹായം അത്യന്തം സ്വാഗതാർഹമായിരിക്കും എന്ന് നിങ്ങൾ വിചാരിക്കുന്നില്ലേ?” പ്രതികരണത്തെ ആശ്രയിച്ച് “നിങ്ങളുടെ കുടുംബജീവിതത്തിൽ ദൈവത്തെ ഒന്നാമതു വെക്കുക” എന്ന ലേഖനം നിങ്ങൾക്ക് പരാമർശിക്കാൻ കഴിയും, ആദ്യം ഉപതലക്കെട്ടുകളിലേക്ക് ശ്രദ്ധയാകർഷിച്ചുകൊണ്ടും തുടർന്ന് ഓരോ തലക്കെട്ടിനും കീഴിലെ മുഖ്യ ആശയങ്ങൾ സംക്ഷേപിച്ചുകൊണ്ടും തന്നെ. ഉപസംഹാരമായി യോഹന്നാൻ 17:3, വെളിപ്പാട് 21:3, 4 എന്നിവ വായിക്കാൻ കഴിയും.
6 നമ്മുടെ മടക്കസന്ദർശനങ്ങൾ വിജയകരമാകുന്നതിന് നമുക്ക് വ്യക്തിപരമായ താൽപര്യം പ്രകടമാക്കുകയും ചർച്ചചെയ്യുന്നതിന് ആകർഷകമായ ബൈബിൾ വിഷയങ്ങൾ മനസ്സിൽപിടിക്കുകയും ചെയ്യുന്നതിൽ തുടരാം.