താൽപര്യക്കാരെക്കുറിച്ചുളള ചിന്ത പ്രകടമാക്കുക
1 ആളുകളെക്കുറിച്ചുളള ചിന്ത പ്രകടമാക്കുന്നതിൽ എല്ലാവരേക്കാളുമുപരി യഹോവ ഉദാരമതിയായിരുന്നിട്ടുണ്ട്. അവൻ സമൃദ്ധമായി ഭൗതിക വസ്തുക്കൾ പ്രദാനം ചെയ്തിരിക്കുന്നു എന്നു മാത്രമല്ല ആവശ്യമുളളതും നാം ആസ്വദിക്കുന്നതുമായ ആത്മീയ കാര്യങ്ങളും അവൻ നമുക്കു നൽകിയിരിക്കുന്നു. അവൻ നമ്മെക്കുറിച്ച് വളരെ ചിന്തയുളളവനാണ്, അതുകൊണ്ട് അവൻ നമ്മുടെ ഹൃദയത്തിലുളളത് പരിശോധിക്കുകപോലും ചെയ്യുന്നു.—സങ്കീ. 139:23.
2 യേശു ഭൂമിയിലായിരുന്നപ്പോൾ, മററുളളവരെക്കുറിച്ചുളള ചിന്ത പ്രകടമാക്കുന്നതിൽ അവൻ തന്റെ പിതാവിന്റെ മാതൃക പൂർണ്ണമായി പിൻപററി. “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്ന് യേശുവിനോടു പറഞ്ഞ മനുഷ്യനെ ഓർക്കുക. “എനിക്കു മനസ്സുണ്ട്” എന്ന് യേശു പ്രതികരിച്ചു. (മത്താ. 8:1-3) യേശു ദുഃഖിക്കുന്ന ഒരു വിധവയെ കണ്ടപ്പോൾ അവൻ എന്തു ചെയ്തു? അവൻ അവളെ സഹായിക്കാൻ ചെന്നു. (ലൂക്കോ. 7:11-15) താൽപര്യക്കാരോടുളള ചിന്ത പ്രകടമാക്കുന്നതിനു നിങ്ങൾക്കു കൂടുതൽ ജാഗ്രതയുളളവരായിരിക്കാൻ കഴിയുമോ?
3 നമ്മുടെ പിതാവായ യഹോവയെയും അവന്റെ പുത്രനായ ക്രിസ്തുയേശുവിനെയും അനുകരിച്ചുകൊണ്ട് നാമും മററുളളവരിൽ വ്യക്തിപരമായ താൽപര്യം പ്രകടമാക്കേണ്ടതുണ്ട്. കൃത്യമായ ഒരു വീടുതോറുമുളള രേഖ സൂക്ഷിച്ചുകൊണ്ട് നാം ഇതു ചെയ്യുന്നു. ഇതിൽ താൽപര്യക്കാരന്റെ പേരും കൃത്യമായ അഡ്രസ്സും ആദ്യസന്ദർശനത്തിൽ ചർച്ചചെയ്ത വിഷയവും എഴുതിയിടുന്നത് ഉൾപ്പെടുന്നു. അതിനുശേഷം മടക്കസന്ദർശനം നടത്തുന്നതിനുമുമ്പ് നന്നായി തയ്യാറാവുക. മുൻസന്ദർശനത്തിൽ നാം മാസികകൾ കൊടുത്തെങ്കിൽ, ഒരുപക്ഷേ നമ്മുടെ മടക്കസന്ദർശനം ലേഖനങ്ങളിലൊന്നിൽ പ്രതിപാദിച്ചിട്ടുളള ഒരു പ്രത്യേക ആശയത്തെ അടിസ്ഥാനമാക്കി ആയിരിക്കാൻ കഴിയും. ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്നു കാണുക.
4 നിങ്ങൾ 1992 നവംബർ 1-ലെ വീക്ഷാഗോപുരം കൊടുക്കുകയും “നിത്യജീവനാകുന്ന ദൈവത്തിന്റെ വാഗ്ദത്തം” എന്ന 6-ാം പേജിലെ തലക്കെട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തെങ്കിൽ, നിങ്ങളുടെ മടക്കസന്ദർശനത്തിൽ വെളിപ്പാട് 21:4-ഉം യോഹന്നാൻ 17:3-ഉം പ്രദീപ്തമാക്കാൻ നിങ്ങൾക്കു തയ്യാറാകാവുന്നതാണ്.
ഉദാഹരണത്തിന് വെളിപ്പാട് 21:4 വായിച്ചശേഷം നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
▪“നമുക്കെങ്ങനെ നിത്യജീവൻ നേടാൻ കഴിയും? [പ്രതികരണത്തിന് അനുവദിക്കുക.] ഏഴാം പേജിൽ ചിത്രീകരിച്ചിരിക്കുന്നതുപോലുളള ഒരു ലോകത്തിൽ ജീവൻ സമ്പാദിക്കാൻ എന്താണാവശ്യമെന്ന് യേശു പറയുന്നതു ശ്രദ്ധിക്കൂ.” അതിനുശേഷം, ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുളള പരിജ്ഞാനം ഉൾക്കൊണ്ടുകൊണ്ട് സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ നിത്യജീവൻ സമ്പാദിക്കാൻ കഴിയുമെന്ന് പ്രദീപ്തമാക്കിക്കൊണ്ട് യോഹന്നാൻ 17:3 വായിക്കുക. അൽപം താൽപര്യമുണ്ടെങ്കിൽ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖയിൽനിന്ന് ഒരു അദ്ധ്യയനം ആരംഭിക്കാൻ ശ്രമിക്കുക.
5 നവംബർ 8, 1992-ലെ ഉണരുക!യിൽ “ലോകജനസംഖ്യ—ഭാവിയെ സംബന്ധിച്ചെന്ത്?” എന്ന ലേഖനത്തിൽനിന്ന് തിരഞ്ഞെടുത്ത ഒരാശയം ചർച്ചചെയ്യുന്നതിനാൽ നിങ്ങൾക്ക് നല്ല പ്രതികരണം ലഭിച്ചേക്കാം. ഒരു മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് സങ്കീർത്തനം 72:12, 16-ൽ നിങ്ങളുടെ ചർച്ച അടിസ്ഥാനപ്പെടുത്താൻ കഴിയും.
നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
▪“ഇന്ന് ലോകത്തിൽ കാണുന്ന ഭക്ഷ്യദൗർലഭ്യത്തിനുളള പരിഹാരം എന്താണെന്നാണ് താങ്കൾ കരുതുന്നത്?” പ്രതികരണം കേട്ടശേഷം പറയുക: “സമീപഭാവിയിൽ ഈ പ്രശ്നം ലോകത്തിൽനിന്ന് നീക്കംചെയ്യുമെന്ന് യഹോവ വാഗ്ദത്തം ചെയ്തിരിക്കുന്നത് രസകരംതന്നെ. [സങ്കീർത്തനം 72:12, 16 വായിക്കുക] ഭക്ഷ്യവിതരണവും മമനുഷ്യന്റെ എല്ലാ കാര്യാദികളും പൂർണ്ണമായി ഭരിക്കപ്പെടുന്നതും ഇന്ന് അഭിമുഖീകരിക്കുന്ന വിലക്കയററവും ഭക്ഷ്യദൗർലഭ്യവും നിമിത്തം ആരും കഷ്ടപ്പെടുകയില്ലാത്തതുമായ ഒരു കാലം ബൈബിൾ ചൂണ്ടിക്കാണിക്കുന്നു.” അതിനുശേഷം സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ പരിചിന്തിച്ചുകൊണ്ട് മററു ഭാവി അനുഗ്രഹങ്ങൾ പ്രദീപ്തമാക്കുകയും ഒരു അദ്ധ്യയനത്തിലേക്കു നയിക്കുകയും ചെയ്യുക.
6 വീട്ടുകാരന് നമ്മുടെ പ്രസിദ്ധീകരണങ്ങളിലൊന്ന് ഇപ്പോൾതന്നെ ഉണ്ടെങ്കിലെന്ത്? ഒരു അദ്ധ്യയനം തുടങ്ങാൻ അത് ഉപയോഗിച്ചുകൂടാത്തതെന്തുകൊണ്ട്? അത് എന്നേക്കും ജീവിക്കാൻ പുസ്തകമാണെങ്കിൽ ഉളളടക്കത്തിലേക്കു മറിക്കുകയും താൻ ചർച്ചചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വിഷയം തിരഞ്ഞെടുക്കാൻ വീട്ടുകാരനോട് ആവശ്യപ്പെടുകയും ചെയ്യുക. അതിനുശേഷം ഒന്നോ രണ്ടോ ഖണ്ഡികകൾ പരിചിന്തിച്ചുകൊണ്ട് നിങ്ങൾ ഒരു അദ്ധ്യയനം ആരംഭിച്ചേക്കാം.
7 നന്നായി തയ്യാറാവുകയും ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് താൽപര്യക്കാരെക്കുറിച്ചുളള ചിന്ത പ്രകടമാക്കുന്നത്, കഴിവതും ആളുകൾ രക്ഷപെടാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെയും ക്രിസ്തുവിന്റെയും അനുകാരികളാണു നാമെന്ന് പ്രകടമാക്കുന്നു.—2 പത്രൊ. 3:9.