പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
1 ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യനെക്കുറിച്ചുളള പഠനം യേശുക്രിസ്തുവിനോടുളള നമ്മുടെ വിലമതിപ്പു വർധിപ്പിച്ചു. അതിനോടുളള ചേർച്ചയിൽ, ഫെബ്രുവരിയിൽ ആരംഭിക്കുന്ന പ്രത്യേക സമ്മേളനദിന പരിപാടി “നമ്മുടെ വലിയ മാതൃകാപുരുഷനെ അടുത്തു പിന്തുടരൽ” എന്ന വിഷയം വികസിപ്പിക്കും. അവിടുത്തെ പിന്തുടരുക എന്നതിന്റെ അർഥം കൂടുതൽ പൂർണമായി മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും.
2 പ്രായമോ സത്യത്തിലായിരുന്ന വർഷങ്ങളോ ഗണ്യമാക്കാതെ സമ്മേളനത്തിൽ സംബന്ധിക്കുന്ന എല്ലാവരും അധികമധികം ക്രിസ്തുതുല്യരായിത്തീരാൻ പ്രോത്സാഹിപ്പിക്കപ്പെടും. പരിപാടിയുടെ ഒരു ഭാഗം യുവജനങ്ങൾക്കുളള ബുദ്ധ്യുപദേശം വിശേഷവത്കരിക്കും. വിദ്യാഭ്യാസം, വിനോദം, ഭൗതികത്വം എന്നിവയോടു ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ ഇത് അവരെ സജ്ജരാക്കും. ലോകത്തിന്റെ സ്വാധീനത്തെ എങ്ങനെ ചെറുത്തുനിൽക്കാമെന്നും ക്രിസ്തുവിനെ എങ്ങനെ അനുകരിക്കാമെന്നും എടുത്തുകാട്ടുന്ന പ്രസംഗങ്ങളും അനുഭവങ്ങളും പ്രകടനങ്ങളും ഉണ്ടായിരിക്കും.—1 പത്രൊ. 2:21.
3 പുതുതായി സമർപ്പണം നടത്തിയ വ്യക്തികൾക്കു സ്നാപനപ്പെടുന്നതിനാൽ തങ്ങൾ ക്രിസ്തുവിന്റെ അനുഗാമികളാണെന്നു പരസ്യമായി പ്രഖ്യാപിക്കാനുളള അവസരമുണ്ടായിരിക്കും. സ്നാപനച്ചടങ്ങിനു മുമ്പായി ഈ വിഷയത്തെക്കുറിച്ചുളള തിരുവെഴുത്തുപരമായ ഒരു ചർച്ചയുണ്ടായിരിക്കും. പ്രത്യേക സമ്മേളനദിനത്തിനു സ്നാപനപ്പെടാൻ ആഗ്രഹിക്കുന്നവർ വേണ്ടത്ര സമയം മുൻകൂട്ടിത്തന്നെ തങ്ങളുടെ ആഗ്രഹം അധ്യക്ഷമേൽവിചാരകനെ അറിയിക്കണം. തൻമൂലം സ്നാപനാർഥികൾക്കുവേണ്ടിയുളള നിർദിഷ്ട ചോദ്യങ്ങൾ പരിചിന്തിക്കാൻ അദ്ദേഹത്തിനു മൂപ്പൻമാരെ ക്രമീകരിക്കാൻ കഴിയും.
4 “നമ്മുടെ വലിയ മാതൃകാപുരുഷനെ പിന്തുടരൽ—നാം എന്തിലേക്കു നയിക്കപ്പെടുന്നു?” എന്ന ശീർഷകത്തിലുളള മുഖ്യ പ്രസംഗം ഒരു അതിഥി പ്രസംഗകൻ നടത്തും. പ്രോത്സാഹജനകവും വിശ്വാസത്തെ ബലപ്പെടുത്തുന്നതുമായ ഈ പരിപാടിയിലേക്കു താത്പര്യമുളള എല്ലാ വ്യക്തികളെയും തീർച്ചയായും ക്ഷണിക്കുക. നമ്മുടെ വലിയ മാതൃകാപുരുഷനായ യേശുക്രിസ്തുവിനെ പിന്തുടരുന്നതിനെക്കാൾ വലുതോ പ്രതിഫലദായകമോ ആയ യാതൊരു ഗതിയുമില്ല.—മത്താ. 19:27-29.