വിലമതിപ്പു വർധിപ്പിക്കാൻ മടങ്ങിച്ചെല്ലൽ
1 അർഥവത്തായ മടക്കസന്ദർശനങ്ങൾ ഒരു വിശ്വാസിയായിത്തീരുന്നതിലേക്കുളള വീട്ടുകാരന്റെ വളർച്ചയെ അനുക്രമമായി ത്വരിതപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നു. താത്പര്യം പ്രകടമാക്കിയ വ്യക്തികൾക്കു മടക്കസന്ദർശനം നടത്തുമ്പോൾ മനസ്സിൽ പിടിക്കേണ്ട ചില പ്രായോഗിക നിർദേശങ്ങൾ എന്തെല്ലാമാണ്?
2 ഒന്നാമതായി, നന്നായി തയ്യാറാകുക. ഇത് ആദ്യ സന്ദർശനത്തിൽ തുടങ്ങുന്നു. എങ്ങനെ? പ്രകടമായ താത്പര്യത്തെക്കുറിച്ചുളള കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതുവഴി. വീട്ടുകാരന്റെ പേര്, ചർച്ച ചെയ്ത വിഷയം, പ്രതികരണം, സമർപ്പിച്ച പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ കുറിച്ചിടുക. പിന്നീടു നിങ്ങൾ മടങ്ങിച്ചെല്ലുന്നതിനു മുമ്പായി നിങ്ങളുടെ വീടുതോറുമുളള രേഖ പുനരവലോകനം ചെയ്യുകയും നിങ്ങൾ പറയാൻ പോകുന്ന കാര്യത്തിനു പ്രാർഥനാപൂർവകമായ പരിചിന്തനം നൽകുകയും ചെയ്യുക.
3 ഇപ്പോൾ നിങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. നിങ്ങൾക്ക് എന്തു പറയാൻ കഴിയും? പ്രഥമ സന്ദർശനത്തിൽ നിങ്ങൾ വീട്ടുകാരനോട് ഒരു ചോദ്യം ചോദിച്ചിട്ടാണു പോന്നതെങ്കിൽ, മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്ക് ആ വിഷയത്തെ വിപുലമാക്കാൻ കഴിയും. ഉദാഹരണത്തിന്, ദൈവം കരുതുന്നുവോ? എന്ന ലഘുപത്രികയിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ ഭാവി സംബന്ധിച്ച അത്ഭുതകരമായ നമ്മുടെ പ്രത്യാശയെക്കുറിച്ചാണു നിങ്ങൾ പ്രഥമ സന്ദർശനത്തിൽ സംസാരിച്ചതെങ്കിൽ, “ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്” എന്ന ചോദ്യം നിങ്ങൾക്ക് ഉന്നയിക്കാവുന്നതാണ്.
മടങ്ങിച്ചെല്ലുമ്പോൾ സ്വയം പരിചയപ്പെടുത്തിയശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“കഴിഞ്ഞ പ്രാവശ്യം നമ്മൾ കണ്ടപ്പോൾ, വളരെ പെട്ടെന്നുതന്നെ ദൈവം സ്ഥാപിക്കാൻ പോകുന്ന അവസ്ഥകളെക്കുറിച്ചുളള ഈ മനോഹരമായ ചിത്രം നാം നോക്കി. എന്നാൽ അങ്ങനെ ചെയ്യാൻ ദൈവത്തിനു ശക്തിയുണ്ടായിരിക്കുകയും അവിടുന്ന് വാസ്തവത്തിൽ നമുക്കുവേണ്ടി കരുതുകയും ചെയ്യുന്നെങ്കിൽ അവിടുന്ന് എന്തുകൊണ്ടാണു കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത്? അതായിരുന്നു ഉന്നയിക്കപ്പെട്ട ചോദ്യം. തൃപ്തികരമായ ഒരു ഉത്തരം ഈ ലഘുപത്രികയുടെ ആറാം ഭാഗത്തിൽ കാണാം. . .” അവിടെനിന്നു സംഭാഷണം തുടരാൻ കഴിയും.
4 സമാനമായ ഒരു ചോദ്യം ഉന്നയിച്ചിട്ട് നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം സമർപ്പിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “കഴിഞ്ഞ തവണ നാം സംസാരിച്ചപ്പോൾ സ്നേഹത്തിന്റെ ഒരു ദൈവം ഇന്ന് എന്തുകൊണ്ട് ദുഷ്ടത അനുവദിക്കുന്നു എന്ന വിഷയത്തെക്കുറിച്ചു നാം ചർച്ച ചെയ്തു. നിങ്ങൾ അതു സംബന്ധിച്ചു കൂടുതലായി ചിന്തിച്ചോ? [പ്രതികരണത്തിന് അനുവദിക്കുക.] യോഹന്നാൻ 3:16-ൽ ബൈബിൾ എന്തു പറയുന്നു എന്നു നോക്കുക.” ആ വാക്യം വായിച്ചശേഷം, സത്യം പുസ്തകത്തിൽ, ഇന്നു ദൈവം ദുഷ്ടതയെ സഹിക്കുന്നതിന്റെ കാരണങ്ങളെ പ്രകടമാക്കുന്ന 8-ാം അധ്യായത്തിലെ പ്രത്യേക ഭാഗങ്ങളിലേക്കു നിങ്ങൾക്കു ശ്രദ്ധയാകർഷിക്കാവുന്നതാണ്.
5 നിങ്ങളുടെ ആദ്യ സന്ദർശനത്തിൽ നിങ്ങൾക്കു ചോദിക്കാൻ കഴിയുന്ന ചിന്തോദ്ദീപകമായ മറെറാരു ചോദ്യമായിരിക്കും പിൻവരുന്നത്: “മനുഷ്യൻ എന്നേക്കും ജീവിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നെങ്കിൽ ആളുകൾ വാർധക്യം പ്രാപിച്ചു മരിക്കുന്നത് എന്തുകൊണ്ടാണ്?” മടങ്ങിച്ചെല്ലുമ്പോൾ ആ ചോദ്യത്തിനുളള ബൈബിളിന്റെ ഉത്തരം റോമർ 5:12-ൽ കാണുംപ്രകാരം നിങ്ങൾക്ക് അവരെ കാട്ടിക്കൊടുക്കാൻ കഴിയും. ആ തിരുവെഴുത്തു വായിച്ചശേഷം ഈ ജീവിതം മാത്രമാണോ ഉളളത്? എന്ന പുസ്തകത്തിന്റെ 35-ാം പേജിലെ ആദ്യ ഖണ്ഡിക പരാമർശിക്കുക. മനുഷ്യർ വാർധക്യം പ്രാപിച്ചു മരിക്കുന്നതിന്റെ അടിസ്ഥാന കാരണത്തെക്കുറിച്ച് അതു ചർച്ച ചെയ്യുന്നു.
6 എന്നാൽ ഒരു മുന്നറിയിപ്പിൻ വാക്ക്. നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾ സംബന്ധിച്ചു സൂക്ഷ്മത പുലർത്തുക. “ഞാൻ തന്നിട്ടു പോയ പുസ്തകം നിങ്ങൾ വായിച്ചോ?,” “നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ?” അല്ലെങ്കിൽ “കഴിഞ്ഞ പ്രാവശ്യം ഞാനിവിടെ വന്നപ്പോൾ നമ്മൾ സംസാരിച്ച വിഷയം നിങ്ങൾ ഓർക്കുന്നുണ്ടോ?” എന്നിങ്ങനെയുളള ചോദ്യങ്ങൾ വീട്ടുകാരനെ വിഷമകരമായ ഒരവസ്ഥയിൽ ആക്കാനാണു സാധ്യതയുളളത്. അത്തരം ചോദ്യങ്ങൾ സാധാരണമായി നല്ല ഫലങ്ങൾ ഉളവാക്കുന്നില്ല. മറിച്ച്, സൗഹൃദഭാവമുളളവരും വഴക്കമുളളവരും ഹ്രസ്വഭാഷികളുമായിരിക്കുക. ഈ ഗുണങ്ങൾ സന്ദേശത്തിന്റെ മൂല്യത്തെ വർധിപ്പിക്കും.
7 താത്പര്യമുളള വ്യക്തികളുടെ ഹൃദയങ്ങളിൽ വിലമതിപ്പു നട്ടുവളർത്താൻ ഇവയും മററുളള സമീപനങ്ങളും ഉപയോഗിക്കാവുന്നതാണ്. ഓരോ വാരത്തിലും ചുരുങ്ങിയത് ഒരു മടക്കസന്ദർശനമെങ്കിലും നടത്താൻ എന്തുകൊണ്ടു ലക്ഷ്യം വെച്ചുകൂടാ? മേൽപ്പറഞ്ഞ പ്രായോഗിക നിർദേശങ്ങൾ ബാധകമാക്കുക, നിങ്ങളെ സഹായിക്കാൻ കഴിയുന്ന അനുഭവപരിചയമുളള പ്രസാധകരെ അന്വേഷിക്കുക. ഫലപ്രദമായ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് ആദ്യം പ്രകടമായ താത്പര്യത്തെ വർധിപ്പിക്കാൻ ശ്രമിക്കവേ നിങ്ങളുടെ സന്തോഷം ഏറും.