യഹോവയുടെ സേവനത്തിൽ സന്തോഷം കണ്ടെത്തൽ
1 നിശ്വസ്തതയിൻ കീഴിൽ എഴുതവേ യശയ്യാ ഉചിതമായി ദൈവജനത്തെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചു: “എന്റെ സ്വന്തം ദാസൻമാർ ഹൃദയത്തിന്റെ നല്ല അവസ്ഥ നിമിത്തം സന്തോഷിച്ചുല്ലസിക്കും.” (യശയ്യാ 65:14, NW) പലരും ഇങ്ങനെ ചോദിച്ചേക്കാം, ഒരുവൻ ദിവസംതോറും വളരെയധികം സമ്മർദങ്ങളും പ്രശ്നങ്ങളും തരണം ചെയ്യേണ്ടതായുളളപ്പോൾ എനിക്കെങ്ങനെ സന്തോഷമുളളവനായിരിക്കാൻ കഴിയും? നാം അഭിമുഖീകരിച്ചേക്കാവുന്ന സാമ്പത്തികവും വൈകാരികവും മററു തരത്തിലുളള ശാരീരികവുമായ വിഷമതകളും കൂടാതെ ക്രിസ്തീയ ആരാധനയുടെയും സേവനത്തിന്റെയും കടമകളും കൂടിയുണ്ട്. ആധുനികകാല ജീവിതത്തിന്റെ ഈ ഉത്തരവാദിത്വങ്ങളോടും ഭാരങ്ങളോടുമെല്ലാം പൊരുത്തപ്പെട്ടുപോകാൻ ശ്രമിക്കുമ്പോൾ തങ്ങൾക്കെങ്ങനെ സന്തുഷ്ടരായിരിക്കാൻ കഴിയുമെന്ന് പലരും അമ്പരക്കുന്നു.
2 നമ്മുടെ ജീവിതത്തിൽ സന്തോഷത്തെ ഉദ്ദീപിപ്പിക്കുന്നത് “ഹൃദയത്തിന്റെ നല്ല അവസ്ഥ”യാണെന്നു യശയ്യായുടെ നിശ്വസ്ത വാക്കുകൾ പറഞ്ഞതായി നിങ്ങൾ ശ്രദ്ധിച്ചോ? സന്തോഷം ഭൗതിക സ്വത്തുക്കളിലോ വിനോദത്തിലോ സ്വാതന്ത്ര്യത്തിലോ ആണ് ആശ്രയിച്ചിരിക്കുന്നത് എന്ന സംഗതിയെ പ്രോത്സാഹിപ്പിക്കുന്ന ലോകത്തിന്റെ ജ്ഞാനത്തിനു വിരുദ്ധമാണ് ഇത്. നമ്മുടെ പ്രവർത്തനങ്ങൾ, ആഗ്രഹങ്ങൾ, പ്രീതികൾ, വികാരങ്ങൾ എന്നിവയിലെല്ലാം സ്വയം പ്രകടമാകുന്ന ആലങ്കാരിക ഹൃദയത്തിൽനിന്ന് അഥവാ ആന്തരിക മനുഷ്യനിൽനിന്നാണു യഥാർഥ സന്തോഷം വരുന്നത്. എന്താണു സന്തോഷം? “നൻമയുടെ സമ്പാദനത്താലോ പ്രതീക്ഷയാലോ ഉളവാകുന്ന വികാരം; സന്തുഷ്ടിയുടെ അവസ്ഥ; ഉല്ലാസം.” (ഉൾക്കാഴ്ച [ഇംഗ്ലീഷ്], വാല്യം 2, പേജ് 119) വളരെ വേഗം സമീപിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകത്തെക്കുറിച്ചു നമുക്കു വൈകാരികമായ സന്തോഷം തോന്നേണ്ടതല്ലേ? എന്നാൽ നമ്മുടെ ജീവിതത്തെ തുടർച്ചയായി ആക്രമിക്കുന്നതെന്നു തോന്നുന്ന പ്രശ്നങ്ങളൊക്കെയുളള സ്ഥിതിക്ക്, ഇപ്പോൾ ‘സന്തുഷ്ടിയുടെ അവസ്ഥ’ നമുക്കെങ്ങനെ നേടാൻ കഴിയുമെന്നു നിങ്ങൾ ചോദിച്ചേക്കാം.
3 ജീവിതത്തിലെ പ്രശ്നങ്ങളെയെല്ലാം പൂർണമായും തുടച്ചുനീക്കുക എന്നത് അസാധ്യമാണ്. പ്രശ്നവിമുക്തമായ ഒരു ജീവിതം നയിക്കാൻ പുതിയ ലോകം മാത്രമേ നമ്മെ സഹായിക്കുകയുളളൂ. എന്നാൽ നമ്മുടെ ജീവിതത്തിലെ സന്തോഷം വർധിപ്പിക്കുന്നതിനു നമുക്കു സ്വീകരിക്കാവുന്ന ചില പടികളുണ്ട്. സന്തുഷ്ടമായ ജനത്തോടു കൂടെ സഹവസിക്കുന്നത് നമ്മുടെ സന്തോഷം വർധിപ്പിക്കും. “സന്തുഷ്ടനായ ദൈവ”മായി യഹോവയെ വർണിച്ചിരിക്കുന്നു. (1 തിമൊ. 1:11, NW) യാക്കോബ് 4:8-ലെ പ്രോത്സാഹനത്തെ പിൻപററിക്കൊണ്ടു നമ്മുടെ സന്തോഷത്തെ വർധിപ്പിക്കാൻ നമുക്കു കഴിയുമോ? “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന് അതു പറയുന്നു. പ്രാർഥന, ദൈവവചനത്തിന്റെ വായന, അതിന്റെ വ്യക്തിപരമായ പഠനം, അവിടുത്തെ ഇഷ്ടം ചെയ്യൽ എന്നിവയാൽ നാം ദൈവത്തോട് അടുത്തുവരുന്നു. യേശുവിനു സന്തോഷം കൈവരുത്തിയത് ഇതാണ്. തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനെ നല്ല ഒരു ഭക്ഷണം ആസ്വദിക്കുന്നതിനോട് അവിടുന്ന് ഉപമിച്ചു. (യോഹ. 4:34) സമാനമായ ഒരു വിധത്തിൽ നിങ്ങൾക്കു നിങ്ങളുടെ സന്തോഷം വർധിപ്പിക്കാൻ കഴിയുമോ?
4 ഏപ്രിൽ, വർധിച്ച സന്തോഷത്തിന്റെ ഒരു സമയം: ഏപ്രിൽ സന്തോഷകരമായ ആത്മീയ പ്രവർത്തനത്തിന്റെ ഒരു മാസമാക്കിത്തീർക്കാൻ എല്ലാ സഭകളും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രവർത്തനത്തിന്റെ മൂന്നു വശങ്ങൾക്കു പ്രത്യേക ഊന്നൽ നൽകപ്പെടും. (1) സഹായ പയനിയറിങ്ങിനെക്കുറിച്ചു സഗൗരവം ചിന്തിക്കാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു; (2) പുതിയ ബൈബിളധ്യയനങ്ങൾ തുടങ്ങുകയെന്ന ലാക്കിന് ഊന്നൽ ലഭിക്കും; (3) തെരുവുസാക്ഷീകരണത്തിനായി മുഖ്യമായ ശ്രദ്ധ ക്ഷണിക്കപ്പെടുന്നിടത്ത് പ്രത്യേക മാസികാദിവസത്തിൽ പങ്കുപററാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ശുശ്രൂഷയുടെ ഈ വശങ്ങളിൽ പങ്കുപററുന്നതിന്റെ സന്തോഷം നിങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ലായിരിക്കാം. ഈ ക്രമീകരണങ്ങൾക്കു മുഴുഹൃദയത്തോടെയുളള പിന്തുണ നൽകിക്കൊണ്ട് ഏപ്രിൽ മാസത്തിൽ നിങ്ങളുടെ സന്തോഷം വർധിപ്പിക്കാൻ ഇപ്പോൾ ആസൂത്രണം ചെയ്യുക.
5 സഹായ പയനിയറിങ്. നിങ്ങൾക്കു പ്രാപ്യമല്ലാത്ത ഒന്നായി ഈ പ്രവർത്തനത്തെ ഉടൻതന്നെ തളളിക്കളയുന്നതിനു മുമ്പു നിങ്ങളുടെ ജീവിതത്തിന് ഇതു കൈവരുത്തിയേക്കാവുന്ന സന്തോഷത്തെക്കുറിച്ചു പരിചിന്തിക്കുക. സുവാർത്ത പ്രസംഗിക്കുന്നതിൽ ഏർപ്പെട്ടപ്പോൾ യേശുവിന്റെ ശിഷ്യൻമാർ അനുഭവിച്ച സന്തോഷം എന്ന വികാരത്തെക്കുറിച്ച് ഒരു നിമിഷം ധ്യാനിക്കുക. ഈ പ്രവർത്തനത്തിൽ ആദ്യം ഏർപ്പെട്ട ചിലർ ആഹ്ലാദത്തോടെ യേശുവിന്റെ അടുക്കലേക്കു മടങ്ങിവന്നു. “ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു.” (ലൂക്കൊ. 10:17) തങ്ങളുടെ സംസാരപ്രാപ്തി സംബന്ധിച്ച ശങ്ക കൂടാതെ തങ്ങൾ പഠിച്ചിരുന്ന സത്യങ്ങൾ പ്രഖ്യാപിക്കാൻ അവർ പുറപ്പെട്ടു. അവരുടെ ഹൃദയങ്ങൾ അവർ യേശുവിൽനിന്നു പഠിച്ച നല്ല കാര്യങ്ങൾക്കൊണ്ടു നിറഞ്ഞിരുന്നു, ഈ കാര്യങ്ങൾ മററുളളവരോടു പറയാൻ അവർ ആകാംക്ഷയുളളവരായിരുന്നു. അസുഖകരമായ അനുഭവങ്ങളും അനേകർക്കുമിടയിലെ താത്പര്യക്കുറവും അവരുടെ സന്തോഷത്തെ നശിപ്പിച്ചില്ല. ദൈവത്തെ സേവിക്കുന്ന ഈ രീതിയുടെ നേർക്ക് അവർ കാണിച്ച നല്ല മാനസികഭാവത്താൽ അതു സജീവമായി നിലനിർത്തപ്പെട്ടു, തങ്ങൾ അവിടുത്തെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ.—സദൃ. 27:11.
6 പരിപുഷ്ടിപ്പെടുത്തുന്നതും ജീവനെ നിലനിർത്തുന്നതുമായ സംഗതി ഒരുവൻ മററുളളവർക്കു നിർല്ലോഭമായി കൊടുക്കുന്നത് ദൈവവചനത്തിലെ നല്ല കാര്യങ്ങളുടെ പരസ്യ പ്രഖ്യാപനം ആവശ്യപ്പെടുന്നു. ഇതു സന്തോഷം കൈവരുത്തുന്നു, കാരണം മററുളളവർക്കു നല്ല വസ്തുക്കൾ കൊടുക്കുന്നതിൽ സന്തുഷ്ടിയുണ്ട്. ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ചു സംസാരിക്കവേ അപ്പോസ്തലനായ പൗലോസ് ചൂണ്ടിക്കാട്ടിയ തത്ത്വമാണ് ഇത്. “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” (പ്രവൃ. 20:35) തങ്ങൾ പഠിച്ച നല്ല കാര്യങ്ങൾ മററുളളവർക്കു കൊടുക്കുന്നതിൽ പൗലോസും അദ്ദേഹത്തിന്റെ സഹകാരികളും സന്തോഷം കണ്ടെത്തിയതുപോലെ, കെട്ടുപണി ചെയ്യുന്ന അതേ വേലയിൽ അതേ നല്ല മാനസികഭാവം നിലനിർത്തുന്നെങ്കിൽ യഹോവയാം ദൈവത്തെ സേവിക്കുന്നവർക്ക് ഇന്നു സന്തോഷം കണ്ടെത്താൻ കഴിയും.
7 ഏപ്രിൽ മാസത്തിൽ വർധിച്ച വയൽപ്രവർത്തനത്താൽ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുന്നതിനു നിങ്ങൾക്ക് ആസൂത്രണം ചെയ്യാൻ കഴിയുമോ? ഞങ്ങളുടെ പ്രദേശം ഇപ്പോൾത്തന്നെ നന്നായി പ്രവർത്തിച്ചുതീർന്നതാണ്, പ്രതികരണം അത്ര പ്രോത്സാഹജനകമല്ല; ഞാൻ എന്റെ ഒഴിവുസമയവും ഒരുപക്ഷേ വിശ്രമവും പരിത്യജിക്കേണ്ടതായി വന്നേക്കാം; ഞാൻ എന്റെ പട്ടികയിൽ ആത്മത്യാഗപരമായ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരിക്കാം തുടങ്ങിയ നിഷേധാത്മകങ്ങളായ കാര്യങ്ങളിൽ നിങ്ങളുടെ മനസ്സു വ്യാപരിക്കാൻ അനുവദിക്കരുത്. അതേ, നിങ്ങളുടെ ആത്മീയ ക്ഷേമത്തിന് അത്യാവശ്യമല്ലാത്ത ചില കാര്യങ്ങൾ നിങ്ങൾ വെട്ടിച്ചുരുക്കേണ്ടതുണ്ടായിരിക്കാം. നിഷേധാത്മകമായ കാര്യങ്ങളിൽ വ്യാപരിക്കുന്നതിനു പകരം വർധിച്ച വയൽപ്രവർത്തനത്താൽ ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചു ചിന്തിക്കുക. “ഹൃദയത്തിന്റെ നല്ല അവസ്ഥ നിമിത്ത”മാണ് സന്തോഷമുണ്ടാകുന്നതെന്ന് ഓർക്കുക. (യശയ്യാ 65:14, NW) യഹോവയെ പ്രസാദിപ്പിക്കുന്നതിനു വേണ്ടിയും മററുളളവർക്കു വേണ്ടിയും നിങ്ങൾ കഠിനശ്രമം നടത്തുന്നുവെന്നറിയുന്നത് നിങ്ങളുടെ ആലങ്കാരിക ഹൃദയത്തിലേക്ക് ആഴമായ സംതൃപ്തിയുടെ ഒരു വികാരം കൈവരുത്തും, അതു നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തെ പ്രകാശിപ്പിക്കുകയും ചെയ്യും.
8 ദൈവവചനത്തിൽനിന്നു നിങ്ങൾ പഠിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു മററുളളവരോടു സംസാരിക്കുന്നതിൽ പ്രാപ്തിക്കുറവുണ്ടെന്ന ഏതൊരു തോന്നലും ഏപ്രിൽ മാസത്തിൽ സഹായ പയനിയറിങ് നടത്തുന്നതിൽനിന്ന് നിങ്ങളെ തടസ്സപ്പെടുത്താൻ അനുവദിക്കരുത്. അങ്ങനെ ചെയ്താൽ ദൈവസേവനത്തിന്റെ സന്തോഷത്തെ നിങ്ങളിൽനിന്നു കവർന്നുകളയാൻ ഇടയാക്കുന്ന ഒരു മാനസികഭാവം വളർന്നുവരാൻ നിങ്ങൾ അനുവദിക്കുകയായിരിക്കും. സംസാരത്തിൽ നിപുണനായ ഒരു ക്രിസ്തീയ സഹോദരന്റെ പ്രാപ്തിയുമായി നിങ്ങളുടെ പ്രാപ്തിയെ താരതമ്യം ചെയ്യരുത്. മറിച്ച്, ശുശ്രൂഷയിൽ നിങ്ങൾ കണ്ടുമുട്ടുന്ന ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരും എന്നാൽ മററുളളവരോട് ദൈവത്തിന്റെ സത്യം സംസാരിക്കാത്തവരും സംസാരിക്കാൻ കഴിയാത്തവരുമായ ആളുകളുമായി അതിനെ താരതമ്യപ്പെടുത്തുക. നിങ്ങൾക്കുളള പ്രാപ്തി ഉപയോഗിക്കുകയും അതു മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക. തന്റെ ഉദ്ദേശ്യങ്ങൾ പ്രഖ്യാപിക്കാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്, ഈ ലോകത്തിലെ ജ്ഞാനികളെയോ വലിയ മതപ്രസംഗകരെയോ അല്ല, മറിച്ച് സവിശേഷമായ സംസാരപ്രാപ്തികളില്ലാത്ത എളിയ മനുഷ്യരെയാണ് എന്ന് ഓർക്കുക. (1 കൊരി. 1:26-29) യേശുവിന്റെ നാളിൽ ശുശ്രൂഷയിൽനിന്നു വളരെയധികം സന്തോഷം ലഭിച്ച അവിടുത്തെ ശിഷ്യൻമാർ മീൻ പിടിക്കുന്നവർപോലുളള സാധാരണക്കാരായ മനുഷ്യരായിരുന്നു. ശരിയായ മാനസികഭാവമുണ്ടെങ്കിൽ യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം നിങ്ങളുടേതായിരിക്കാൻ കഴിയും.
9 നിങ്ങൾക്ക് ഇപ്പോൾ ഏതു പടികൾ സ്വീകരിക്കാൻ കഴിയും? ഒന്നാമത്, സത്യസന്ധമായി പ്രാർഥനാപൂർവം നിങ്ങളുടെ സാഹചര്യങ്ങൾ വിലയിരുത്തുക. നിങ്ങൾ ഒരു ക്രിസ്തീയ കുടുംബത്തിന്റെ ഭാഗമാണെങ്കിൽ, ഭർത്താവ് അല്ലെങ്കിൽ പിതാവ് നേതൃത്വമെടുക്കവേ ഇത് ഒത്തൊരുമിച്ചു ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഏററവും ദുഷ്കരമായ പടി ഇതാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. രാജ്യതാത്പര്യങ്ങളെ ഒന്നാമതു വയ്ക്കുകയെന്ന കാഴ്ചപ്പാടോടെ നിങ്ങളുടെ ജീവിതരീതിയെ അവലോകനം ചെയ്യുന്നതിനു ധൈര്യമാവശ്യമാണ്. ദൈവത്തിനുളള നിങ്ങളുടെ സേവനത്തെ വർധിപ്പിക്കുന്നതിനു വേണ്ടി അനാവശ്യവും എന്നാൽ ആസ്വാദ്യവുമായ പ്രവർത്തനങ്ങളെ ഒഴിവാക്കുന്നതിന് ആത്മീയ മനക്കരുത്ത് ആവശ്യമാണ്. ദൈവത്തെ സേവിക്കുന്നതിനു പൊരുത്തപ്പെടുത്തലുകൾ വരുത്താനുളള മനസ്സൊരുക്കമുണ്ടെങ്കിൽ അതിനു പ്രതിഫലമുണ്ട്—സന്തോഷം. സജീവമായ ഒരു വിധത്തിൽ യഹോവയെ സേവിക്കാനുളള ഒരവസരത്തെ പ്രയോജനപ്പെടുത്തിയതിന്റെ ഫലം 1 ദിനവൃത്താന്തം 29:9-ൽ രേഖപ്പെടുത്തിയിരിക്കുന്നു. “അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ്രാജാവും അത്യന്തം സന്തോഷിച്ചു.” ഏപ്രിൽ മാസക്കാലത്തു യഹോവയിൽനിന്നുളള സന്തോഷം അനുഭവിക്കാൻ ആസൂത്രണം ചെയ്യുക.
10 ഏപ്രിൽ മാസം സഭ, സായാഹ്ന സാക്ഷീകരണവും മധ്യവാര സാക്ഷീകരണവും ഉൾപ്പെടെ, വയൽസേവനത്തിനുളള പ്രത്യേക ക്രമീകരണങ്ങൾ നടത്തണം. വയൽസേവനത്തിനു വേണ്ടിയുളള ഈ യോഗങ്ങൾക്കു നിങ്ങൾ ഹാജരാകുന്നത് മററുളളവർക്ക് ഒരു പ്രോത്സാഹനമായിരിക്കും. വയൽസേവനക്രമീകരണങ്ങൾക്കു വേണ്ടിയുളള സമയങ്ങൾ നിങ്ങളുടെ പട്ടികയുമായി യോജിക്കുന്നില്ലെങ്കിൽ മൂപ്പൻമാരോട് അതേക്കുറിച്ചു സംസാരിക്കുക. വയൽസേവനത്തിനു നിങ്ങൾക്കു പോകാൻ സാധിക്കുന്ന സമയത്തു മററുളളവരാരെങ്കിലും നിങ്ങളുടെ കൂടെ പോരാൻ ക്രമീകരണം നടത്തുന്നതു സാധ്യമായിരിക്കാം.
11 നിങ്ങളുടെ സാഹചര്യങ്ങൾ സത്യസന്ധമായും പ്രാർഥനാപൂർവവും വിലയിരുത്തിയശേഷം ഒരു സഹായ പയനിയറെന്ന നിലയിൽ 60 മണിക്കൂറിൽ എത്തിച്ചേരാൻ നിങ്ങൾക്കു കഴിയില്ലെന്നു കണ്ടെത്തുന്നെങ്കിൽ നിരുത്സാഹപ്പെടരുത്. പയനിയറിങ് നടത്താൻ മററുളളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും പ്രായോഗിക വിധങ്ങളിൽ അവരെ പിന്താങ്ങിക്കൊണ്ടും ഈ മാസത്തിലെ ആത്മാവിൽ ഒരു പങ്കുണ്ടായിരിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് ഒരു നല്ല മാതൃക വെച്ചുകൊണ്ട് നിങ്ങളുടെ പ്രവർത്തനം അൽപ്പം വർധിപ്പിക്കാൻ കഴിയും. ഏകാഗ്രഹൃദയത്താൽ പ്രേരിതമായ സേവനം യഹോവയെ സന്തോഷിപ്പിക്കുന്നു. പലർക്കും തങ്ങൾ ആഗ്രഹിക്കുന്ന അളവോളം പ്രവർത്തിക്കാൻ അനുവദിക്കാത്ത ശാരീരികവും മററു തരത്തിലുളളതുമായ പരിമിതികളുണ്ട്. മനസ്സാക്ഷിപൂർവം യഹോവയെ പൂർണദേഹിയോടെ സേവിക്കുന്നതു നിമിത്തം തങ്ങൾ യഹോവക്കു സന്തോഷം കൈവരുത്തിയിരിക്കുന്നു എന്നറിയുന്നതിന്റെ സംതൃപ്തി അപ്പോഴും ഇവർക്ക് അനുഭവിക്കാനാകും.
12 ഒരു ബൈബിളധ്യയനം തുടങ്ങുന്നതു കൂടുതലായ സന്തോഷം കൈവരുത്തുന്നു. രാജ്യത്തെക്കുറിച്ചുളള സുവാർത്ത പ്രസംഗിക്കാനുളള നിയോഗം അനുസരിക്കുന്നതു സന്തോഷമായിരിക്കെ, ശിഷ്യരാക്കുന്നവർ ആയിത്തീരുന്നവർക്കു കൂടുതലായ സന്തോഷം ലഭിക്കുന്നു. (മത്താ. 24:14; 28:19, 20) ശിഷ്യരായിത്തീരാൻ മററുളളവരെ പഠിപ്പിക്കാനുളള ഇപ്പോൾ പ്രസിദ്ധമായ കൽപ്പന യേശു നൽകിയപ്പോൾ അവിടുന്ന് പുരുഷൻമാരും സ്ത്രീകളും കുട്ടികളും വരുന്ന അഞ്ഞൂറ് പേരോടു സംസാരിക്കുകയായിരുന്നു. അതേ ഉത്തരവാദിത്വം ഇന്ന് അവിടുത്തെ ക്രിസ്തീയ ശിഷ്യൻമാരുടെ മഹാപുരുഷാരത്തിനുണ്ട്.
13 ഇതു നമ്മുടെ പ്രസംഗത്തെ എങ്ങനെ ബാധിക്കണം? വീടുതോറും പരസ്യമായും പ്രസംഗിക്കാനുളള പ്രമുഖമായ കാരണങ്ങളിൽ ഒന്നിനെ വിലമതിക്കാൻ ഇതു നമ്മെ സഹായിക്കുന്നു. അടുത്തുകൊണ്ടിരിക്കുന്ന ലോകാവസാനത്തെക്കുറിച്ചുളള മുന്നറിയിപ്പു മുഴക്കുന്നതു കൂടാതെ ചെമ്മരിയാടു തുല്യരായ ആളുകളെ കണ്ടെത്തി, ക്രിസ്തുവിന്റെ അനുസരണമുളള ശിഷ്യൻമാരായിത്തീരുന്നവർക്ക് ക്രിയാത്മകമായ ഒരു പ്രത്യാശയുണ്ടെന്നു പഠിപ്പിക്കുന്നത് നമ്മുടെ ലക്ഷ്യമാണ്. ദൈവത്തോടൊത്ത് ഒരു കൂട്ടുവേലക്കാരനായിരിക്കുന്നതും ഒരു വ്യക്തി യഹോവയുടെ ഒരു സജീവ ദാസനായിത്തീരുന്നതുവരെ ആത്മീയമായി പുരോഗമിക്കുന്നതു കാണുന്നതും എന്തൊരു സന്തോഷമാണ്.—1 കൊരി. 3:6-9.
14 നാമമാത്രമായ സേവനംകൊണ്ടു തൃപ്തരായിരുന്നാൽ നാം അത്തരം സന്തോഷം ഒരിക്കലും അനുഭവിക്കാൻ പോകുന്നില്ല. നാമമാത്രമായ സേവനത്തെ യഹോവ അംഗീകരിക്കുന്നില്ല. അവിടുത്തേക്കു സ്നേഹപൂർവം അർപ്പിക്കപ്പെട്ട ഒരു ഹൃദയത്തിൽനിന്നു വരുന്നതല്ല അത്, മാത്രമല്ല അത് ഒരുവന്റെ അയൽക്കാരനോടുളള സ്നേഹപുരസ്സരമായ താത്പര്യത്തെ പ്രകടമാക്കുന്നുമില്ല. നാമമാത്രമായ സേവനം രണ്ടുവിധത്തിലാണു പ്രകടമാകുന്നത്. ഒരുവൻ ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുന്നില്ല, അതുകൊണ്ട് അൽപ്പമാത്രമായ സേവനത്താൽ തൃപ്തനാകുന്നു, അയാൾ താത്പര്യം നട്ടുവളർത്താനുളള ആഗ്രഹം പ്രകടിപ്പിക്കുന്നില്ല. അത്തരം മനോഭാവം പൗലോസ് 1 തിമൊഥെയൊസ് 2:3, 4-ൽ രേഖപ്പെടുത്തിയ വാക്കുകൾക്കു നേരെ വിരുദ്ധമാണ്: “അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.”
15 രക്ഷ നേടുന്നതിനു സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ മററുളളവരെ സഹായിച്ചുകൊണ്ട് യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നാം താത്പര്യമുളളവരാണ് എന്നു പ്രകടമാക്കുന്നതിന് ഏപ്രിൽ മാസം നമുക്ക് എന്തു ചെയ്യാൻ കഴിയും? ഒരു ബൈബിളധ്യയനം തുടങ്ങുക എന്നത് ഒരു ലാക്കാക്കുക! നിങ്ങൾ നേരത്തെ സത്യം പങ്കുവച്ചിട്ടുളള ജോലിസ്ഥലത്തുളളവർ, സ്കൂളിലുളളവർ, അയൽക്കാർ, ബന്ധുക്കൾ എന്നിവരെയോ അല്ലെങ്കിൽ മററുളളവരെയോ കുറിച്ചു ചിന്തിക്കുക. അവരോടൊത്ത് ഒരു ബൈബിളധ്യയനം തുടങ്ങുകയെന്ന ലക്ഷ്യത്തിൽ നിങ്ങൾ വാസ്തവത്തിൽ പ്രവർത്തിച്ചിട്ടുണ്ടോ? അതോ അവരോടൊത്തു കേവലം രസകരമായ സംഭാഷണത്തിൽ ഏർപ്പെടുന്നതിൽ നിങ്ങൾ തൃപ്തനായിരിക്കുന്നുവോ? ഒരു ശിഷ്യനെ ഉളവാക്കുക എന്ന കാഴ്ചപ്പാടോടെ സത്യം പഠിപ്പിക്കാനുളള ഏററവും ഫലപ്രദമായ വിധം ഒരു ബൈബിളധ്യയനം നടത്തുന്നതാണ്.
16 വീടുതോറുമുളള ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ഈ ലക്ഷ്യം നമുക്ക് എങ്ങനെ മനസ്സിൽ പിടിക്കാൻ കഴിയും? നിങ്ങൾക്കു ചെമ്മരിയാടു തുല്യരായ വ്യക്തികളെ കണ്ടെത്താൻ ആത്മാർഥമായ ആഗ്രഹമുണ്ടെന്നും ഒരു ബൈബിളധ്യയനം നടത്തിക്കൊണ്ട് ഇത്തരക്കാരെ സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനത്തിലേക്കു വരാൻ സഹായിക്കുന്നതിനു മനസ്സൊരുക്കമുണ്ടെന്നും പ്രാർഥനകളിൽ യഹോവയെ അറിയിക്കുക. സാഹിത്യം സമർപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങൾ കണ്ടെത്തുന്ന എല്ലാ താത്പര്യത്തെയും പിന്തുടരുക. നിങ്ങളുടെ മടക്കസന്ദർശനത്തിനുവേണ്ടി ഉത്തരം നൽകാത്ത ഒരു ചോദ്യം ഉന്നയിച്ചിട്ടു പോരുന്നതുപോലെ പ്രഥമ സന്ദർശനത്തിൽ തീർച്ചയായും ഉറപ്പുളള ഒരു അടിസ്ഥാനമിടുക. സാധ്യമെങ്കിൽ ദിവസങ്ങൾക്കുളളിൽത്തന്നെ മടക്കസന്ദർശനം നടത്തുക. മടക്കസന്ദർശനങ്ങൾ നടത്തുന്നതിലും ബൈബിളധ്യയനങ്ങൾ നടത്തുന്നതിലും വിജയം വരിച്ചിട്ടുളളവരിൽനിന്ന് സഹായം തേടുക. യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിച്ചുകൊണ്ടേയിരിക്കുക.—മത്താ. 7:7-11.
17 പ്രത്യേക മാസികാദിവസത്തിന്റെ സന്തോഷം. 1994 ഏപ്രിൽ 16 ശനിയാഴ്ച ഇൻഡ്യയിലുടനീളം തെരുവുവേലയ്ക്കു പ്രത്യേക ഊന്നൽ നൽകുന്ന ഒരു പ്രത്യേക മാസികാദിവസമായിരിക്കും. നിങ്ങളുടെ സഭയ്ക്കു വേണ്ടിയുളള ക്രമീകരണങ്ങൾ നിങ്ങളുടെ മൂപ്പൻമാർ അറിയിക്കുന്നതായിരിക്കും. രാവിലെയും ഉച്ചതിരിഞ്ഞും വൈകുന്നേരവും വയൽസേവനത്തിനു വേണ്ടിയുളള യോഗങ്ങൾ പട്ടികപ്പെടുത്തിയിട്ടുളള ആ ദിവസം മുഴുവനും പ്രവർത്തനമുണ്ടായിരിക്കും. പ്രായോഗികമാണെങ്കിൽ ഇവയിലൊന്ന്, ഒരുപക്ഷേ രാവിലത്തെ കൂട്ടം, സഭയിലുളള എല്ലാവരും ഒരു സ്ഥലത്തു കൂടാൻ ക്ഷണിക്കപ്പെട്ടിട്ടുളള ഒരു സംയുക്ത ശ്രമമായിരിക്കാൻ കഴിയും. ഈ പ്രത്യേക ദിവസം വയലിൽ കുറെ സമയം ചെലവഴിക്കാൻ സഭയിലുളള ഓരോരുത്തർക്കും കഴിഞ്ഞാൽ എന്തൊരു സന്തോഷമായിരിക്കും തത്ഫലമായി ഉണ്ടാകുക.
18 ഈ പ്രത്യേക ദിവസം തെരുവുവേലയ്ക്കു വേണ്ടി മൂപ്പൻമാർ പ്രത്യേകമായ ക്രമീകരണങ്ങൾ നടത്തും. തെരുവുവേലയ്ക്കു വേണ്ടി പരിമിതമായ സ്ഥലമുളള സഭകൾക്ക് പാർക്കുകൾ, കടലോരങ്ങൾ എന്നിവപോലെ ആളുകൾ കൂടിവരുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ പ്രദേശത്ത് അപൂർവമായി മാത്രം സാക്ഷ്യം ലഭിക്കുന്ന ഭാഗങ്ങളിലോ സാക്ഷീകരണം നടത്താൻ ആസൂത്രണം ചെയ്യാവുന്നതാണ്. ആളുകളെ സമീപിക്കുന്നതിൽ നയമുളളവരായിരിക്കുകയും ചൂടുപിടിച്ച ചർച്ചകളിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുക. റോമർ 12:18-ൽ നമ്മോട് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.”
19 തെരുവുവേലയിൽ ഏർപ്പെടുമ്പോൾ സന്തോഷം നിലനിർത്താൻ കഴിയുമോ? ശുശ്രൂഷയുടെ ഈ വശത്തോടു നിങ്ങൾക്കു വിമുഖതയോ “ഭയ”മോ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ഒററയ്ക്കല്ല. പൊതുസ്ഥലങ്ങളിൽവെച്ച് ആളുകളെ സമീപിച്ച് അവരോടു പ്രസംഗിക്കാൻ വിശ്വാസവും യഹോവയിലുളള ആശ്രയവും ആവശ്യമാണ്. ഈ പടി സ്വീകരിക്കുന്നതു സംബന്ധിച്ചു നിങ്ങൾക്കു മടി തോന്നിയേക്കാം, എന്നാൽ ഒരിക്കൽ നിങ്ങൾ ശ്രമം നടത്തിക്കഴിയുമ്പോൾ യഹോവ തന്റെ ഇഷ്ടം നിവർത്തിക്കാൻ നിങ്ങൾക്കു ശക്തിയും ധൈര്യവും തന്നിരിക്കുന്നു എന്ന് അറിയുന്നതിൽനിന്നും സന്തോഷം ഉത്ഭൂതമാകുന്നു. ഫിലിപ്പിയർ 4:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളിൽനിന്നു നമുക്ക് ആശ്വാസം നേടാൻ കഴിയും. അത് ഇപ്രകാരം പ്രസ്താവിക്കുന്നു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”
20 ഏപ്രിൽ മാസത്തിൽ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക: “എന്റെ സ്വന്തം ദാസൻമാർ ഹൃദയത്തിന്റെ നല്ല അവസ്ഥ നിമിത്തം സന്തോഷിച്ചുല്ലസിക്കും” [NW] എന്ന യശയ്യാ 65:14-ലെ വാക്കുകളുടെ വലിയ നിവൃത്തി നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കാണുന്ന ഒരു മാസമാണെന്നു തെളിയട്ടെ ഏപ്രിൽ. സ്രഷ്ടാവിനെ ഇന്നു സേവിക്കാൻ, അവിടുത്തേക്ക് അനന്യമായ ഭക്തി കൊടുക്കാൻ, അവിടുത്തെ ദൃഷ്ടിയിൽ പ്രസാദകരമായതു പ്രവർത്തിക്കാൻ, അവിടുത്തെ അംഗീകാരവും ജീവന്റെ ദാനവും ലഭിക്കാൻ, ഇതൊക്കെയും ആഗ്രഹിക്കുന്ന ഒരുവനാണ് നിങ്ങളെങ്കിൽ ആ സന്തോഷം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. യഹോവയുടെ ജനത്തിന്റെ ഒരു അടയാളമായിരിക്കുന്ന ഹൃദയത്തിന്റെ നല്ല അവസ്ഥ അവിടുന്ന് തന്റെ ആത്മാവു മുഖാന്തരം നിങ്ങളിൽ നട്ടുവളർത്തട്ടെ. നിങ്ങളുടെ ഹൃദയം അവിടുത്തെ പ്രബോധനങ്ങൾക്കായി തുറക്കുക. അവിടുത്തെ സേവനത്തോടുളള ശരിയായ മാനസികഭാവം അവ നിങ്ങളിൽ വികസിപ്പിച്ചെടുക്കട്ടെ. പ്രപഞ്ചത്തിന്റെ മഹാ ദൈവത്തെ സേവിക്കുന്നതിൽ മാത്രം കണ്ടെത്താൻ കഴിയുന്ന വ്യതിരിക്തമായ സന്തോഷം നട്ടുവളർത്താൻ അവിടുത്തെ വചനത്തിലെ സുവാർത്തയും ജീവിതത്തിനു പരിവർത്തനം വരുത്തുന്ന അതിലെ സത്യങ്ങളും നിങ്ങളെ ഉത്തേജിപ്പിക്കട്ടെ.