എല്ലാ വിഭാഗത്തിലുംപെട്ട ആളുകൾ രക്ഷിക്കപ്പെടും
1 “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” യഹോവ ഇച്ഛിക്കുന്നു. (1 തിമൊ. 2:4) പാരമ്പര്യം, പശ്ചാത്തലം, പരിസ്ഥിതി എന്നിവയാൽ ആളുകൾ ഒരു പരിധിവരെ സ്വാധീനിക്കപ്പെടുന്നുവെങ്കിലും, അവർക്ക് ഇച്ഛാസ്വാതന്ത്ര്യമുണ്ട്. തങ്ങളുടെ ജീവനെ എങ്ങനെ ഉപയോഗിക്കണമെന്ന് അവർക്കു വ്യക്തിപരമായി തീരുമാനിക്കാവുന്നതാണ്. അവർക്കു നന്മ ചെയ്ത് ജീവിച്ചിരിക്കാനും അല്ലെങ്കിൽ തിന്മ ചെയ്ത് നാശമനുഭവിക്കാനും കഴിയും. (മത്താ. 7:13, 14) നാം രാജ്യസുവാർത്തയുമായി സമീപിക്കുന്ന ആളുകളോടുള്ള നമ്മുടെ മനോഭാവത്തെ ഈ ഗ്രാഹ്യം എങ്ങനെ ബാധിക്കുന്നു?
2 ഒരു വ്യക്തിക്കു സത്യത്തിലുള്ള താത്പര്യം, ദേശീയമോ സാംസ്കാരികമോ ആയ പശ്ചാത്തലം അല്ലെങ്കിൽ സാമൂഹിക നില തുടങ്ങിയ ഘടകങ്ങളാൽ നിർണയിക്കപ്പെടുന്നുവെന്നു നാം നിഗമനം ചെയ്യരുത്. പരിമിതമോ ഉന്നതമോ ആയ വിദ്യാഭ്യാസമുള്ളവർ, രാഷ്ട്രീയ അനുധാവനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ, വിദഗ്ധൻമാർ, നിരീശ്വരവാദികൾ, അജ്ഞേയവാദികൾ തുടങ്ങിയവർക്കും, കുപ്രസിദ്ധ ദുഷ്പ്രവൃത്തിക്കാർക്കു പോലും സത്യം ആകർഷകമായിരിക്കാവുന്നതാണ്. എല്ലാ പശ്ചാത്തലങ്ങളിൽനിന്നും സാമൂഹിക നിലകളിൽനിന്നും ഉള്ള ആളുകൾ തങ്ങളുടെ പഴയ പെരുമാറ്റഗതിക്കു മാറ്റംവരുത്തിയിട്ടുണ്ട്. ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനുവേണ്ടി അവർ ഇപ്പോൾ നോക്കിപ്പാർത്തിരിക്കുകയാണ്. (സദൃ. 11:19) അതുകൊണ്ട്, രാജ്യസന്ദേശവുമായി എല്ലാ ജീവിത പന്ഥാവുകളിലുമുള്ള ആളുകളെ സമീപിക്കാൻ നാം മടിക്കരുത്.
3 ഈ ദൃഷ്ടാന്തങ്ങൾ പരിഗണിക്കുക: ഒരുവൻ തന്റെ രണ്ടാനപ്പനെ കൊല്ലാൻ പദ്ധതിയിട്ടു, എന്നാൽ അതു ചെയ്തില്ല. പിന്നീട് അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും പരാജയപ്പെട്ടു. മോഷണവും മയക്കുമരുന്നു കള്ളക്കടത്തും നിമിത്തം തടവിലായതിനെത്തുടർന്ന് അയാളുടെ വിവാഹം തകർന്നു. ഇന്ന് ഈ വ്യക്തി ഒരു സത്യസന്ധമായ ജീവിതം നയിക്കുകയും ഒരു സന്തുഷ്ട വിവാഹവും തന്റെ രണ്ടാനപ്പനുമായി ഒരു നല്ല ബന്ധവും ആസ്വദിക്കുകയും ചെയ്യുന്നു. വ്യത്യാസത്തിനിടയാക്കിയത് എന്താണ്? അദ്ദേഹം യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയും പഠിച്ചതു ബാധകമാക്കുകയും ചെയ്തു. യഹോവ അദ്ദേഹത്തെ വീണ്ടെടുക്കാൻ കഴിയാത്തവനായി കണക്കാക്കയില്ല.
4 ടെലിവിഷൻ നടി എന്നനിലയിലുള്ള പ്രശസ്തി ഒരു യുവതിക്കു സന്തുഷ്ടി കൈവരുത്തിയില്ല. എന്നാൽ, സാക്ഷികളുടെ ഉത്തമ ധാർമിക നടത്തയിൽ മതിപ്പുളവായ അവൾ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. രാജ്യസുവാർത്തയെക്കുറിച്ചു മനസ്സിലാക്കാൻ അവൾ പെട്ടെന്നുതന്നെ മറ്റുള്ളവരെ സഹായിച്ചുതുടങ്ങി. വീടുതോറുമുള്ള ശുശ്രൂഷയിൽ അവൾ പോയിടത്തെല്ലാം ആളുകൾ അവളെ തിരിച്ചറിഞ്ഞു. എന്നാൽ, ഒരു നടി എന്നതിനുപകരം യഹോവയുടെ സാക്ഷികളിൽ ഒരുവളായി അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവൾ സന്തോഷപൂർവം വിശദീകരിച്ചു.
5 വീക്ഷാഗോപുരത്തിന്റെ വരിസംഖ്യയുളള ഒരാളുമായി ഒരു സാക്ഷി ബൈബിളധ്യയനം ക്രമീകരിച്ചപ്പോൾ ഒരു അയൽക്കാരി അതേക്കുറിച്ചു കേൾക്കുകയും അധ്യയനത്തിനു സംബന്ധിക്കുകയും ചെയ്തു. താൻ തേടിക്കൊണ്ടിരുന്ന സത്യം അയൽക്കാരി ഉടൻതന്നെ തിരിച്ചറിഞ്ഞു! തങ്ങൾക്ക് അനുവദിച്ച വിവാഹമോചനം റദ്ദാക്കിച്ചിട്ട് അവളും ഭർത്താവും സമാധാനം സ്ഥാപിച്ചു. അവൾ ജ്യോതിഷത്തിൽ ആഴമായി ഉൾപ്പെടുകയും ആത്മവിദ്യാ പൂജയുമായി ബന്ധപ്പെടുകയും ചെയ്തുവന്നു. എന്നാൽ ഭൂതവിദ്യയുമായി ബന്ധപ്പെട്ട, തന്റെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള പുസ്തകങ്ങളും മറ്റു സകലതും അവൾ ഉടനടി നശിപ്പിച്ചുകളഞ്ഞു. അവൾ പെട്ടെന്നുതന്നെ യോഗങ്ങൾക്കു ഹാജരാകാനും പുതതായി കണ്ടെത്തിയ വിശ്വാസത്തെക്കുറിച്ചു ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കാനും തുടങ്ങി. ഇപ്പോൾ അവൾ മറ്റുള്ളവരോട് ഉത്സാഹപൂർവം സാക്ഷീകരിക്കുന്നു.
6 നാം ആരെയും മുൻകൂട്ടി വിധിക്കരുത്. പകരം, നമുക്ക് എല്ലായിടത്തുമുള്ള ആളുകളുമായി സുവാർത്ത സതീക്ഷ്ണം പങ്കുവെക്കാം. “ഹൃദയത്തെ നോക്കുന്ന” യഹോവ “സകലമനുഷ്യരുടെയും . . . രക്ഷിതാവാ”യിത്തീരുമെന്ന് ഉറപ്പുള്ളവരായിരിക്കുന്നതിന് നമുക്കു സകല കാരണവുമുണ്ട്.—1 ശമൂ. 16:7; 1 തിമൊ. 4:10.