നിങ്ങൾക്കു സഹായഹസ്തം നീട്ടാനാകുമോ?
1 തന്റെ വിശ്വസ്ത ദാസർക്കു സഹായഹസ്തം നീട്ടിക്കൊടുക്കാനുള്ള മാർഗങ്ങൾ യഹോവ സദാ തേടിക്കൊണ്ടിരിക്കുകയാണ്. (2 ദിന. 16:9; യെശ. 41:10, 13) നന്നായി പരിപാലിക്കുന്ന ഒരു ഇടയനോട് ഉപമിച്ചുകൊണ്ട് യഹോവയെക്കുറിച്ച് യെശയ്യാവ് ഇപ്രകാരം എഴുതി: “അവൻ . . . കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.” (യെശ. 40:11) യഹോവയുടെ സ്നേഹനിർഭരമായ താത്പര്യത്തെ നമുക്ക് അനുകരിക്കാൻ കഴിയുന്ന ഏതാനും ചില മാർഗങ്ങൾ നോക്കുക.
2 പുതിയവരെ സഹായിക്കുക: നമ്മോടൊപ്പം കെട്ടുപണി ചെയ്യുന്ന സഹവാസം ആസ്വദിക്കാനായി പുതിയവരെ ക്ഷണിച്ചുകൊണ്ട് അവർക്കു സഹായഹസ്തം നീട്ടിക്കൊടുക്കാൻ നമുക്കു കഴിയും. (സദൃ. 13:20) സഭയുമായി സഹവസിക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ തന്നെ സഹായിച്ച വിധത്തെക്കുറിച്ച് ഒരു സഹോദരൻ ഇപ്രകാരം പറഞ്ഞു: “ഒരു കുടുംബം അവരുടെ കുടുംബാധ്യയനത്തിൽ എന്നെ പലപ്പോഴും ഉൾപ്പെടുത്തുമായിരുന്നു. ഞാൻ പുരോഗതി പ്രാപിച്ചപ്പോൾ, ഒരു യുവ പയനിയർ ദമ്പതികൾ മുഴുദിനവും അവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാൻ എന്നെ ക്രമമായി ക്ഷണിച്ചിരുന്നു. ഞങ്ങൾ എല്ലായ്പോഴും വളരെ നല്ല ആത്മീയ സംഭാഷണങ്ങൾ ആസ്വദിക്കുമായിരുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒരു ക്രിസ്ത്യാനി ആയിത്തീരുന്നതിനുമുമ്പ് ഞാൻ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിൽ സഹവാസത്തിനായി പുറത്തുപോകുമായിരുന്നു. എന്നാൽ സഹോദരങ്ങളുമായി ഞാൻ ചെലവഴിച്ച സമയം സഹവാസത്തിനായുള്ള എന്റെ ആവശ്യം നിറവേറ്റിയിരിക്കുന്നു.” വിശ്വാസത്തിൽ വേരുറച്ച് സ്ഥിരത കൈവരിക്കാൻ ഈ സഹോദരനെ സഹായിച്ചത് സഭയിലെ സഹോദരങ്ങളുടെ സ്നേഹനിർഭരമായ താത്പര്യമാണ്. അദ്ദേഹം ഇപ്പോൾ ബെഥേലിൽ സേവിക്കുന്നു.—കൊലൊ. 2:6, 7.
3 അന്യോന്യം കെട്ടുപണി ചെയ്യുക: നമ്മുടെ സഹോദരങ്ങൾ പ്രയാസങ്ങൾ അനുഭവിക്കുന്ന സന്ദർഭങ്ങളിൽ സഹായഹസ്തം നീട്ടിക്കൊടുക്കാനുള്ള അവസരം നമുക്കു ലഭിച്ചേക്കാം. സുഖമില്ലാത്ത ഒരു പ്രസാധകനെ ടെലിഫോൺ സാക്ഷീകരണം നടത്തുന്നതിൽ സഹായിക്കാനുള്ള ക്രമീകരണം ചെയ്യാനോ അദ്ദേഹത്തെ നിങ്ങളുടെ ഒരു ബൈബിളധ്യയനത്തിനു കൂട്ടിക്കൊണ്ടുപോകാനോ ഒരുപക്ഷേ വിദ്യാർഥിയെ ആ പ്രസാധകന്റെ വീട്ടിലേക്കു കൊണ്ടുചെല്ലാൻപോലുമോ നിങ്ങൾക്കു കഴിയുമോ? കൊച്ചുകുട്ടികളുള്ള ഒരു മാതാവോ പിതാവോ ശുശ്രൂഷയിലായിരിക്കെ ഒരു സഹായഹസ്തം വിലമതിച്ചേക്കുമോ? മടക്കസന്ദർശനങ്ങൾ നടത്താനും ശുശ്രൂഷയുടെ മറ്റു രൂപങ്ങളിൽ ഏർപ്പെടാനും ഭയമുള്ള, ഇക്കാര്യങ്ങളിൽ നിങ്ങളുടെ സഹായം സ്വാഗതം ചെയ്യുന്ന, വ്യക്തികളുണ്ടോ? സഹോദരങ്ങളിലുള്ള നമ്മുടെ സ്നേഹനിർഭരമായ താത്പര്യം, കെട്ടുപണി ചെയ്യാനുള്ള വഴികൾ തേടാൻ നമ്മെ പ്രേരിപ്പിക്കും.—റോമ. 14:19.
4 തന്റെ ദാസരോടുള്ള യഹോവയുടെ ആർദ്രമായ പരിഗണനയെ അനുകരിക്കുന്ന നാം, അന്യോന്യം ശക്തിപ്പെടുത്തുകയും സ്നേഹത്തിൽ ഏകീകൃതരാകാൻ സഭയെ സഹായിക്കുകയും സർവോപരി നമ്മുടെ സ്വർഗീയ പിതാവിനെ മഹത്ത്വീകരിക്കുകയും ചെയ്യുന്നു.—എഫെ. 4:16.