നിങ്ങളുടെ കുട്ടിക്കു പക്വതയുള്ള ഒരു തീരുമാനം എടുക്കാനാകുമോ?
1. രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് യുവസാക്ഷികൾ എന്തു നിലപാട് സ്വീകരിച്ചു? ഒരു ദൃഷ്ടാന്തം നൽകുക.
1 എന്തിനെ സംബന്ധിച്ച പക്വതയുള്ള തീരുമാനം? രക്തപ്പകർച്ച സംബന്ധിച്ച്. 1992 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ “യഹോവയാൽ പ്രബോധിപ്പിക്കപ്പെട്ടതുപോലെ നടക്കുക” എന്ന ലേഖനത്തിൽ യഹോവയുടെ സാക്ഷികളായ ചില കുട്ടികൾക്കുണ്ടായ അനുഭവം വിവരിക്കുന്നു. രക്തം സംബന്ധിച്ച ദൈവനിയമം അനുസരിക്കുക എന്നത് മാതാപിതാക്കളെപ്പോലെതന്നെ തങ്ങളും സുപ്രധാനമായി കണക്കാക്കുന്നുവെന്നു തെളിയിക്കുന്നതിന് അവർ വ്യക്തവും ഉറച്ചതുമായ ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ടായിരുന്നു. നിങ്ങളുടെ കുട്ടിയുടെ കാര്യത്തിലും അത് ആവശ്യമായി വരുമോ?
2. രക്തപ്പകർച്ച നിരസിച്ച ഒരു മൈനറിന്റെ കാര്യത്തിൽ നിയമപരമായ ഏതു നിലപാടാണ് ഒരു കോടതി പിൻപറ്റിയത്, ക്രിസ്തീയ മാതാപിതാക്കളും അവരുടെ മൈനറായ കുട്ടികളും ഇതിൽനിന്ന് എന്തു പഠിക്കുന്നു?
2 നിയമം എന്ത് അനുശാസിക്കുന്നു? ഐക്യനാടുകളിൽ പക്വതയുള്ള മൈനറായ കുട്ടികൾക്കു രക്തപ്പകർച്ച നിരസിക്കാനുള്ള അവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചിട്ടുള്ള ഉന്നത കോടതി ഇല്ലിനോയ്സ് സുപ്രീം കോടതിയാണ്. 17 വയസ്സുള്ള ഒരു സഹോദരിയുടെ കേസ് പുനർവിചിന്തനം ചെയ്യവേ കോടതി ഇപ്രകാരം പ്രഖ്യാപിച്ചു: “കുട്ടി തന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങൾ ഗ്രഹിക്കാനും ഒരു മുതിർന്നയാളുടെ വിവേചനാസാമർഥ്യം ഉപയോഗിക്കാനും തക്കവണ്ണം പക്വതയുള്ളവളാണെന്ന് തെളിവ് വ്യക്തമാക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ വൈദ്യ ചികിത്സ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള പൊതു നിയമാവകാശം പക്വതയുള്ള മൈനറിനുള്ള നിയമം അവൾക്കു നൽകുന്നു.” അതുകൊണ്ട് ഒരു കുട്ടി സ്വന്തമായി ഒരു തീരുമാനം എടുക്കാൻമാത്രം പക്വതയുള്ള ആളാണോ എന്നു നിർണയിക്കുന്നതിന് രക്തം സ്വീകരിക്കുന്നതു സംബന്ധിച്ചു രോഗി വ്യക്തിപരമായി എതിർപ്പു പ്രകടിപ്പിക്കുന്നത് കേൾക്കാൻ ഡോക്ടർമാരോ മറ്റ് അധികാരികളോ അവനുമായി അഭിമുഖം നടത്തിയേക്കാം. കുട്ടിക്ക് തന്റെ രോഗാവസ്ഥയുടെ ഗൗരവം, ചികിത്സ സംബന്ധിച്ച തന്റെ തീരുമാനം പിൻപറ്റിയാൽ ഉണ്ടായേക്കാവുന്ന പരിണതഫലങ്ങൾ എന്നിവ സംബന്ധിച്ചു ന്യായമായ അറിവ് ഉണ്ടായിരിക്കണം. കൂടാതെ രക്തത്തെക്കുറിച്ചുള്ള ദൈവനിയമം സംബന്ധിച്ച തന്റെ മതവിശ്വാസത്തെക്കുറിച്ച് വ്യക്തതയോടും ഉറപ്പോടും കൂടി പറയാനും അറിഞ്ഞിരിക്കണം.
3. ഏതു ചോദ്യങ്ങൾ മാതാപിതാക്കൾ ഗൗരവപൂർവം പരിചിന്തിക്കണം, എന്തുകൊണ്ട്?
3 നിങ്ങളുടെ കുട്ടി എന്തു പറയും? രക്തം സംബന്ധിച്ച ദൈവനിയമം വ്യക്തമായി വിശദമാക്കാൻ നിങ്ങളുടെ കുട്ടികൾ പ്രാപ്തരാണോ? ‘രക്തം വർജിക്കുക’ എന്നത് ദിവ്യ കൽപ്പനയാണെന്ന് അവർ പൂർണ ഹൃദയത്തോടെ വിശ്വസിക്കുന്നുണ്ടോ? (പ്രവൃ. 15:29; 21:25) തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് തിരുവെഴുത്തുകളിൽനിന്നു വിശദീകരിക്കാൻ അവർക്കു കഴിയുമോ? അവരുടെ ജീവൻ അപകടത്തിലാണെന്നു ഡോക്ടർമാർ കരുതുന്ന ഒരു സാഹചര്യത്തിൽ, മാതാപിതാക്കൾ അടുത്ത് ഇല്ലെങ്കിൽപ്പോലും രക്തം സംബന്ധിച്ച തങ്ങളുടെ ഉറച്ച തീരുമാനം വ്യക്തമാക്കിക്കൊണ്ട് അവർ ധൈര്യപൂർവം പ്രതിവാദം ചെയ്യുമോ? ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും നമുക്കെല്ലാം വന്നു ഭവിച്ചേക്കാം’ എന്നതിനാൽ നിങ്ങളുടെ കുട്ടികൾ നേരിട്ടേക്കാവുന്ന നിർമലതയുടെ അപ്രതീക്ഷിത പരിശോധനകൾക്കായി നിങ്ങൾക്ക് എങ്ങനെ അവരെ ഒരുക്കാൻ കഴിയും?—സഭാ. 9:11, NW; എഫെ. 6:4.
4, 5. (എ) മാതാപിതാക്കൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്, അത് അവർക്ക് എങ്ങനെ നിറവേറ്റാനാകും? (ബി) ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് എന്തെല്ലാം സഹായം ലഭ്യമാണ്?
4 മാതാപിതാക്കളേ, നിങ്ങൾക്ക് എന്തു ചെയ്യാനാകും? രക്തത്തെക്കുറിച്ചുള്ള ദൈവിക വീക്ഷണം സംബന്ധിച്ചു കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. (2 തിമൊ. 3:14, 15) ന്യായവാദം പുസ്തകത്തിന്റെ 70-4 പേജുകളിൽ വ്യക്തമായ ഒരു വിശദീകരണം കാണാവുന്നതാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം അത് ശ്രദ്ധാപൂർവം പഠിക്കുക. 74-6 പേജുകളിൽ കൊടുത്തിരിക്കുന്ന “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—” എന്ന ഭാഗത്തെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു കാര്യങ്ങൾ വിശദീകരിക്കുന്നവിധം കുട്ടികളോടൊപ്പം പരിശീലിക്കുക. അങ്ങനെ ചെയ്യുന്നത് തങ്ങൾ എന്തു വിശ്വസിക്കുന്നെന്നും എന്തുകൊണ്ടു വിശ്വസിക്കുന്നെന്നും വിശദീകരിക്കുന്നതിൽ അനുഭവപരിചയം നേടാൻ അവരെ സഹായിക്കും. (1 പത്രൊ. 3:15) രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച നമ്മുടെ നിലപാടു വിശദീകരിക്കാൻ നമ്മെ സജ്ജരാക്കുന്നതിനുള്ള മറ്റു സഹായങ്ങൾ രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രികയും 2004 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 14-24 പേജുകളിലെ ലേഖനങ്ങളും ആണ്. അതുകൂടാതെ, ഇംഗ്ലീഷിലുള്ള രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു, രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്നീ വീഡിയോ പ്രോഗ്രാമുകളും രക്തരഹിത ചികിത്സയുടെയും ശസ്ത്രക്രിയയുടെയും ന്യായയുക്തതയും ഫലപ്രദത്വവും സംബന്ധിച്ച് ബോധ്യംവരുത്തുന്ന വിവരങ്ങൾ പ്രദാനം ചെയ്യുന്നു. രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ—ചിത്രീകരണ പരമ്പര എന്ന ശീർഷകത്തിലുള്ള ഡിവിഡി-യിൽ അവ ലഭ്യമാണ്. നിങ്ങളുടെ കുടുംബം അടുത്ത കാലത്ത് ഈ അവതരണങ്ങൾ കാണുകയും അതേക്കുറിച്ചു ചർച്ചചെയ്യുകയും ചെയ്തോ?
5 രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് തങ്ങളുടെ കാര്യത്തിൽ “നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറി”യാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. അപ്പോൾ യഹോവയുടെ അനുഗ്രഹം നേടിക്കൊടുക്കുന്ന പക്വതയുള്ള തീരുമാനം കൈക്കൊള്ളാൻ അവർക്കു കഴിയും.—റോമ. 12:2.