ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—സാധ്യതയുള്ള സംഭാഷണം മുടക്കികളോടു പ്രതികരിക്കാവുന്ന വിധം
എന്തുകൊണ്ടു പ്രധാനം: ഒരു പ്രകൃതിവിപത്ത് ആസന്നമായിരിക്കുന്നതായി നിങ്ങൾ അറിഞ്ഞുവെന്ന് സങ്കൽപ്പിക്കുക. സുരക്ഷിത സ്ഥാനത്ത് അഭയം പ്രാപിച്ചില്ലെങ്കിൽ ആളുകളുടെ മരണം ഉറപ്പാണ്. നിങ്ങൾ അയൽക്കാരന്റെ വീട്ടിലേക്ക് മുന്നറിയിപ്പുമായി പോകുന്നു, എന്നാൽ താൻ തിരക്കിലാണ് എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തടസ്സം ഉന്നയിക്കുന്നു. അതോടെ അദ്ദേഹത്തെ സഹായിക്കാനുള്ള ശ്രമം നിങ്ങൾ ഉടനെ ഉപേക്ഷിക്കുമോ? തീർച്ചയായും ഇല്ല! ജീവരക്ഷാകരമായ സന്ദേശമാണ് നമ്മുടേതെന്ന് തിരിച്ചറിയാതെ നിരസിക്കുന്നവരാണ് നമ്മുടെ പ്രദേശത്തുള്ള അനേകരും. നമ്മൾ സന്ദർശിക്കുന്ന സമയത്ത് ഒരുപക്ഷേ അവർ പല കാര്യങ്ങളിൽ വ്യാപൃതരായിരുന്നേക്കാം, (മത്താ. 24:37-39) അല്ലെങ്കിൽ അസത്യപ്രചാരണം നിമിത്തമുള്ള മുൻവിധിയായിരിക്കാം അവർക്ക്. (മത്താ. 11:18, 19) മോശമായ ഫലം പുറപ്പെടുവിക്കുന്ന മതങ്ങളിൽനിന്നു വ്യത്യസ്തരല്ല നാമും എന്ന് അവർ ചിന്തിച്ചേക്കാം. (2 പത്രോ. 2:1, 2) അതുകൊണ്ട്, വീട്ടുകാരൻ താത്പര്യം കാണിച്ചില്ലെങ്കിലും എതിർപ്പില്ലെങ്കിൽ ഉടനെ ശ്രമം ഉപേക്ഷിക്കരുത്.
ഇത് എങ്ങനെ ചെയ്യാം:
• വീടുതോറുമുള്ള ശുശ്രൂഷയ്ക്കുമുമ്പ്, സാധ്യതയുള്ള സംഭാഷണം മുടക്കികളോടു നയത്തോടെ എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ചു ചിന്തിക്കാൻ അൽപ്പം സമയമെടുക്കുക.
• അക്ഷരീയ ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ മൃദുസമീപനമാണ് ആത്മീയ ഉറക്കത്തിലായവരെ ഉണർത്താൻ ഏറെ നല്ലത്. ഉദാഹരണത്തിന്, വീട്ടുകാരൻ ദേഷ്യത്തോടെ നിങ്ങളോടു പ്രതികരിക്കുന്നെങ്കിൽ അദ്ദേഹത്തിന്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് തുറന്ന് ഇടപെട്ടതിൽ നന്ദി പറഞ്ഞു ശാന്തതയോടെ തിരിച്ചു പോരുക. (സദൃ. 15:1; 17:14; 2 തിമൊ. 2:24) മറ്റ് അവസരങ്ങളിൽ വീട്ടുകാരുടെ സാഹചര്യങ്ങളും വികാരങ്ങളും മനസ്സിലാക്കുന്നത് സംഭാഷണം തുടരാൻ നമ്മെ സഹായിച്ചേക്കാം. ഉദാഹരണത്തിന്, താൻ തിരക്കിലാണെന്ന് അദ്ദേഹം പറയുന്നെങ്കിൽ, നിങ്ങൾക്കിങ്ങനെ പറയാം: “എനിക്കു മനസ്സിലായി. ഞാൻ പോകുന്നതിനുമുമ്പ് ഇതു താങ്കൾക്കു നൽകാൻ ആഗ്രഹിക്കുന്നു.” തനിക്കു താത്പര്യമില്ലെന്ന് പറയുന്ന വീട്ടുകാരനോട് ഒരു ചോദ്യം ചോദിക്കുന്നതാണ് മറ്റൊരു സമീപനം. നിങ്ങൾക്ക് ഇപ്രകാരം പറയാം, “ബൈബിളിൽ താത്പര്യമില്ല എന്നാണോ അതോ പൊതുവേ മതത്തിലാണോ നിങ്ങൾക്കു താത്പര്യമില്ലാത്തത്?” വൈദഗ്ധ്യത്തോടെയും തുടർച്ചയായുള്ള ദയാപൂർവമായ ശ്രമത്തിലൂടെയും ആത്മീയകാര്യങ്ങളിലുള്ള വീട്ടുകാരന്റെ താത്പര്യം ഉണർത്താനാകുന്ന ചിന്തിപ്പിക്കുന്ന ഒരു ചോദ്യം ചോദിക്കാൻ കഴിഞ്ഞേക്കും.—കൊലോ. 4:6.
• ന്യായബോധമുള്ളവരായിരിക്കുക. കേൾക്കാൻ ആളുകളെ യഹോവ നിർബന്ധിക്കുന്നില്ലെന്ന് ഓർക്കുക. (ആവ. 30:19) ഓരോരുത്തനും താന്താന്റെ ആത്മീയ ഉത്തരവാദിത്വമാകുന്ന ചുമടു ചുമക്കേണ്ടതാണ്. (ഗലാ. 6:5) വീട്ടുകാരന്റെ നിലപാടിനു യാതൊരു അയവുമില്ലെങ്കിൽ അഥവാ ബൈബിളിൽനിന്നുള്ള ഏതു സന്ദേശത്തോടും അസഹിഷ്ണുത കാണിക്കുന്നെങ്കിൽ അവിടെനിന്നു പോരുന്നതാണ് ഉചിതം. അദ്ദേഹത്തിന്റെ വികാരങ്ങളോട് ആദരവു കാണിക്കുന്നെങ്കിൽ ഭാവിയിൽ മറ്റൊരു പ്രസാധകന് സാക്ഷ്യം നൽകുന്നതിനുള്ള വാതിൽ തുറന്നേക്കാം.—1 പത്രോ. 3:15.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
• ഒരു സംഭാഷണം മുടക്കിയെ അഭിമുഖീകരിച്ചതിനുശേഷം ആ വീട്ടിൽനിന്നും മടങ്ങുമ്പോൾ മെച്ചമായി എങ്ങനെ പ്രതികരിക്കാമായിരുന്നുവെന്ന് പങ്കാളിയുമായി ചർച്ച ചെയ്യുക.