ഭാഗം 21
യേശു ഉയിർത്തെഴുന്നേൽക്കുന്നു!
യേശു തന്റെ അനുഗാമികൾക്ക് പ്രത്യക്ഷപ്പെട്ട് അവരെ പ്രബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
യേശു മരിച്ച് മൂന്നാംനാൾ അവന്റെ അനുഗാമികളായ ചില സ്ത്രീകൾ അവന്റെ കല്ലറ സന്ദർശിക്കുന്നു. കല്ലറവാതിൽക്കൽ വെച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി അവർ കാണുന്നു. കല്ലറയും ശൂന്യമായിരുന്നു.
അപ്പോൾ രണ്ട് ദൂതന്മാർ അവർക്കു പ്രത്യക്ഷപ്പെട്ടു. “നസറായനായ യേശുവിനെയാണല്ലോ നിങ്ങൾ തിരയുന്നത്. . . . അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു” എന്ന് അതിലൊരു ദൂതൻ അവരോടു പറഞ്ഞു. (മർക്കോസ് 16:6) സ്ത്രീകൾ ഉടനെ അപ്പൊസ്തലന്മാരെ വിവരം അറിയിക്കാൻ ഓടി. പോകുന്ന വഴിക്ക് അവർ യേശുവിനെ കണ്ടുമുട്ടി. യേശു അവരോട്, “ഭയപ്പെടേണ്ട! പോയി എന്റെ സഹോദരന്മാർ ഗലീലയ്ക്കു പോകേണ്ടതിന് അവരെ വിവരം അറിയിക്കുക. അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.—മത്തായി 28:10.
അന്നേ ദിവസം രണ്ടുശിഷ്യന്മാർ യെരുശലേമിൽനിന്ന് എമ്മാവുസ് എന്ന ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. വഴിയിൽവെച്ച് ഒരു അപരിചിതനും അവരോടൊപ്പം കൂടി. അവർ എന്താണ് ചർച്ചചെയ്യുന്നതെന്ന് ആ മനുഷ്യൻ തിരക്കി. വാസ്തവത്തിൽ, ഉയിർത്തെഴുന്നേറ്റ യേശുതന്നെയായിരുന്നു അവരോടു സംസാരിച്ചത്. എന്നാൽ അവർക്ക് യേശുവിനെ ആദ്യം തിരിച്ചറിയാനായില്ല. കാരണം മരിക്കുന്നതിനുമുമ്പുള്ള അതേ ശരീരമായിരുന്നില്ല അപ്പോൾ അവന്റേത്; ആത്മസ്വരൂപിയായി ഉയിർപ്പിക്കപ്പെട്ട യേശു പുതിയൊരു ജഡശരീരം ധരിച്ചാണ് അവർക്കു പ്രത്യക്ഷനായത്. തങ്ങൾ യേശുവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വാടിയ മുഖത്തോടെ അവർ അറിയിച്ചു. മിശിഹായെക്കുറിച്ച് തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നത് അവൻ അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. മിശിഹായെ സംബന്ധിച്ചുള്ള പ്രവചനങ്ങൾa അതേപടി യേശുവിൽ നിവൃത്തിയേറിയിരുന്നു. ആ അപരിചിതൻ യേശുവാണെന്ന് അവർ തിരിച്ചറിഞ്ഞപ്പോഴേക്കും അവൻ അപ്രത്യക്ഷനായി.
ആ രണ്ടുശിഷ്യന്മാർ ഉടനെ യെരുശലേമിലേക്കു തിരിച്ചുപോയി. അവർ ചെല്ലുമ്പോൾ അപ്പൊസ്തലന്മാർ ഒരു മുറിയിൽ കതകടച്ചിരിക്കുകയായിരുന്നു. ആ രണ്ടുപേർ അവരുടെ അനുഭവം വിവരിക്കവെ, യേശു വീണ്ടും പ്രത്യക്ഷനായി. അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല! അപ്പോൾ യേശു അവരോടു പറഞ്ഞു: ‘നിങ്ങളുടെ ഹൃദയത്തിൽ സംശയങ്ങൾ ഉയരുന്നതെന്ത്? ക്രിസ്തു കഷ്ടം സഹിക്കുകയും മൂന്നാംനാൾ മരിച്ചവരിൽനിന്ന് ഉയിർക്കുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിരിക്കുന്നു.’—ലൂക്കോസ് 24:38, 46, 47.
ഉയിർത്തെഴുന്നേറ്റ് 40 ദിവസത്തിനുള്ളിൽ യേശു പല തവണ ശിഷ്യന്മാർക്കു പ്രത്യക്ഷനായി. 500-ലധികം പേർക്ക് പ്രത്യക്ഷനായ അവസരത്തിലായിരിക്കണം, പ്രധാനപ്പെട്ട ഈ നിയോഗം അവൻ തന്റെ ശിഷ്യന്മാർക്കു നൽകിയത്: “നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. . . . ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ. ഞാനോ യുഗസമാപ്തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്.”—മത്തായി 28:19, 20.
വിശ്വസ്തരായ 11 അപ്പൊസ്തലന്മാരുമായുള്ള അവസാന കൂടിക്കാഴ്ചയുടെ അവസരത്തിൽ യേശു അവർക്ക് ഈ വാഗ്ദാനം നൽകി: “പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ലഭിച്ചിട്ട് നിങ്ങൾ . . . ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.” (പ്രവൃത്തികൾ 1:8) ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം അവനെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു.
—മത്തായി 28-ാം അധ്യായം, മർക്കോസ് 16-ാം അധ്യായം, ലൂക്കോസ് 24-ാം അധ്യായം, യോഹന്നാൻ 20, 21 അധ്യായങ്ങൾ, 1 കൊരിന്ത്യർ 15:5, 6 എന്നിവയെ ആധാരമാക്കിയുള്ളത്.
a യേശുവിൽ നിവൃത്തിയേറിയ മിശിഹൈക പ്രവചനങ്ങളെക്കുറിച്ചുള്ള ഉദാഹരണങ്ങൾ ഈ പത്രികയുടെ 17-19 പേജുകളിലും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 199-201 പേജുകളിലും കാണാവുന്നതാണ്.