മനുഷ്യവർഗ്ഗം ഒരു പുതിയലോകത്തിനുവേണ്ടി വാഞ്ഛിക്കുന്നു
ഒരു പുതിയലോകത്തിനുവേണ്ടിയുള്ള അഭിലാഷം ഒരിക്കലും ഇപ്പോഴത്തേക്കാൾ വലുതായിരുന്നിട്ടില്ല. കഴിഞ്ഞ എട്ടുവർഷങ്ങളിലെ യുദ്ധങ്ങളും സംക്ഷോഭങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും കുററകൃത്യങ്ങളും മലിനീകരണവും ഒരു പേടിസ്വപ്നമായിരുന്നിട്ടുണ്ട്. സമാധാനമുള്ള ഒരു പുതിയലോകത്തിനുവേണ്ടി ഉണരാൻ മനുഷ്യവർഗ്ഗം ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തോടു പ്രതികരിച്ചുകൊണ്ടു ലോകനേതാക്കൾ അത്തരമൊരു പുതിയലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരു പുതിയലോകം സമീപിച്ചിരിക്കുന്നുവെന്ന പ്രമുഖനേതാക്കളുടെ പ്രസംഗങ്ങളിലെ പ്രഖ്യാപനങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ട് അല്ലെങ്കിൽ കേട്ടിട്ടുണ്ട് എന്നതിനു സംശയമില്ല. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിയൊന്നു സെപ്ററംബറിലെ ഒരു പ്രസംഗത്തിൽ യു.എസ്. പ്രസിഡണ്ട് ജോർജ്ജ് ബുഷ് പറഞ്ഞു: “ഇന്നുരാത്രി, ഞാൻ ഗോളത്തിനുചുററും ജനകീയഭരണം വ്യാപിക്കുന്ന നാടകം കാണുമ്പോൾ, ഒരുപക്ഷേ—ഒരുപക്ഷേ നാം ആ പുതിയലോകത്തോട് മുമ്പെന്നത്തേക്കാളും അടുത്താണ്.”
പാശ്ചാത്യ, പൗരസ്ത്യ ചേരികൾക്കിടയിലുള്ള ശീതസമരത്തിന്റെ അന്ത്യം ഒരു പുതിയലോകം അടുത്തിരിക്കുന്നുവെന്നതിന്റെ തെളിവെന്നനിലയിൽ ലോകനേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. നിരായുധീകരണ പദ്ധതികൾ നടപ്പിലാക്കിയപ്പോൾ ലോകം അല്പമൊന്ന് ആശ്വസിച്ചു. ആണവായുധങ്ങളുടെ വെട്ടിക്കുറയ്ക്കൽ സമാധാനവും സുരക്ഷിതത്വവുമുള്ള ഒരു പുതിയലോകത്തിനുവേണ്ടിയുള്ള അനേകരുടെയും പ്രത്യാശയെ കൂടുതൽ ബലിഷ്ഠമാക്കുന്നു.
പരേതനായ യു.എസ്. പ്രസിഡണ്ട് ജോൺ എഫ്. കെന്നഡിയുടെ ഭരണകാലത്ത് സ്റേറററ് അണ്ടർസെക്രട്ടറി ജോർജ്ജ് മെഗി, കഴിഞ്ഞവർഷം ഏപ്രിലിൽ ഇങ്ങനെ പ്രഖ്യാപിച്ചു: “ഒരു പുതിയ ലോകത്തിനുവേണ്ടി പുതിയ സുരക്ഷിതത്വ ധാരണകളെ അടിസ്ഥാനമാക്കി ഒരു രൂപരേഖ നിർമ്മിക്കുന്നതിനുള്ള അവസരം—തീർച്ചയായും, അതിന്റെ ആവശ്യം—നമുക്കുണ്ട്.” അദ്ദേഹം തുടർന്നു: “വിജയപ്രദമായ ഒരു പുതിയലോക സമ്പ്രദായത്തിനുള്ള ഏററം ആശാവഹമായ പ്രത്യാശ, സാർവ്വദേശീയ ജനസമുദായത്തിന്റെ ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതിലാണു സ്ഥിതിചെയ്യുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു.”
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിരണ്ടിന്റെ അവസാനത്തോടെ ഫ്രാൻസിന്റെ ആണവായുധ പരീക്ഷണങ്ങളുടെ വിലക്കൽ “മററ് ആണവശക്തികൾക്കു ഇതുതന്നെ ചെയ്യുന്നതിനുള്ള ഒരു പ്രോത്സാഹനമായിരുന്നിട്ടുണ്ട്” എന്നു മെഗി പറഞ്ഞു. “ആയുധങ്ങളുടെ കുറയ്ക്കലിനും പ്രവർത്തനക്ഷമമായ നിർണ്ണായകസ്ഥാനങ്ങളിൽനിന്നുള്ള ആണവസൈന്യത്തിന്റെ തന്ത്രപ്രധാനമായ പിൻവലിക്കലിനും റഷ്യ മുൻകൈ എടുത്തു”വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, പേർഷ്യൻ ഗൾഫ് യുദ്ധസഖ്യം “‘സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥിതീകരിക്കുന്നതിനും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും’ ഒരുമിച്ചു പ്രവർത്തിക്കാനുള്ള അന്താരാഷ്ട്ര ജനവിഭാഗത്തിന്റെ കഴിവു സ്ഥിരീകരിച്ചുവെന്ന്” 1991 ജൂലൈയിൽ ലണ്ടനിൽവച്ചു നടന്ന ലോകനേതാക്കളുടെ ഒരു മീററിംഗിലെ ഏഴു പേർ പ്രഖ്യാപിച്ചു.
ഏതു തരത്തിലുള്ള പുതിയലോകം?
ഇതെല്ലാം പ്രോത്സാഹജനകമാണ്. എന്നാൽ നിങ്ങളോടുതന്നെ ചോദിക്കുക, ഏതു തരത്തിലുള്ള പുതിയലോകം സൃഷ്ടിക്കാനാണു രാഷ്ട്രങ്ങൾ പ്രത്യാശിക്കുന്നത്? അത് ഒരു ആയുധ-രഹിത, യുദ്ധ-രഹിത ലോകമാണോ?
മെഗി ഉത്തരം നൽകുന്നു: “ഭാവിയിലെ ഏതെങ്കിലും ഐക്യസൈനികശ്രമങ്ങൾക്കു തങ്ങളുടെ പങ്കു സംഭാവന ചെയ്യുന്നതിനും അല്ലെങ്കിൽ യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണെങ്കിൽ ജയിക്കുന്നതിനും അമേരിക്ക വേണ്ടത്ര ആയുധങ്ങൾ വച്ചുകൊണ്ടിരിക്കണം.” മെഗി പറഞ്ഞതുപോലെ, “യുദ്ധം ഒഴിച്ചുകൂടാനാവാത്ത”തായതുകൊണ്ട് സമ്പൂർണ്ണ നിരായുധീകരണത്തിനോ സൈനികശ്രമങ്ങൾ ഒഴിവാക്കുന്നതിനോ ലോകനേതാക്കൾ ഉപദേശിക്കുന്നില്ല. ഗവൺമെൻറുകൾക്കു കേവലം യുദ്ധരഹിതമായ ഒരു പുതിയലോകം വാഗ്ദാനം ചെയ്യാൻ കഴിയില്ല. വാസ്തവമായും, അത്തരമൊരു ലോകം സൃഷ്ടിക്കാൻ കഴിയില്ലെന്ന് അവർക്ക് അറിയാം.
ഉദാഹരണത്തിന്, ഇതിനോടകം എന്താണു സംഭവിച്ചുകഴിഞ്ഞതെന്നു നോക്കുക. “പുതിയലോക ക്രമം” എന്ന തലക്കെട്ടിൻകീഴിൽ മേയ് 17, 1992-ലെ ന്യൂയോർക്ക് ടൈംസൽ കോളമെഴുത്തുകാരനായ ആൻറണി ലൂയിസ് എഴുതി: “(സരായെവോയിലും ബോസ്നിയയിലും ഹെർസിഗോവിനായിലും) ഷെല്ലുകൾ വീഴുന്നതും ജനങ്ങൾ ഭയത്തിൽ പതുങ്ങിക്കഴിയുന്നതും ടെലിവിഷനിൽ വീക്ഷിച്ചപ്പോൾ റോട്ടർഡാമിൽ നാസിബോംബുകൾ വീണതുമുതൽ മാനവസംസ്കാരം പുരോഗമിച്ചിരുന്നില്ലെന്നു ഞാൻ ചിന്തിച്ചു. എന്തൊരു പുതിയലോക ക്രമം”.
എന്നിരുന്നാലും, ഒരു സംതൃപ്തിദായകമായ പുതിയലോകം സൃഷ്ടിക്കുന്നതിനു യുദ്ധങ്ങൾ ഉച്ചാടനം ചെയ്യുന്നതു കൂടാതെ മററനേകം പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ അന്തരീക്ഷത്തെയും കരയെയും കടലിനെയും സാവധാനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രച്ഛന്നമായ മലിനീകരണവും ശക്തമായ അധോലോക സംഘങ്ങളും ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യവും സ്വത്തുക്കളും അപഹരിക്കുന്ന മയക്കുമരുന്നു കള്ളക്കടത്തുസംഘങ്ങളും മണ്ണൊലിപ്പിനും ക്രമേണ വിളവുകൾ നശിപ്പിക്കുന്ന പ്രളയത്തിനും സംഭാവനചെയ്യുന്ന മഴക്കാടുകളുടെ നിരുത്തരവാദപരമായ നശീകരണവും പരിഗണിക്കുക.
കൂടുതലായി, ഹൃദ്രോഗങ്ങൾ, അർബുദം, എയ്ഡ്സ്, രക്താർബ്ബുദം, പ്രമേഹം എന്നിവ ഉൾപ്പെടെയുള്ള ഭയങ്കരമായ ശാരീരിക ക്ലേശങ്ങൾക്ക് ഇനിയും പ്രതിവിധി കണ്ടെത്തേണ്ടിയിരിക്കുന്നു. ദാരിദ്ര്യം, ഭവനരാഹിത്യം, ഭക്ഷ്യ-ജല ദൗർലഭ്യം, വികലപോഷണം, നിരക്ഷരത, ഓസോൺ പാളിയുടെ ശുഷ്കിക്കൽ എന്നീ പ്രശ്നങ്ങൾ സംബന്ധിച്ചെന്ത്? തീർച്ചയായും പട്ടിക ഇങ്ങനെ നീണ്ടു നീണ്ടുപോകുന്നു. ഈ സങ്കീർണ്ണ പ്രശ്നങ്ങൾ പ്രവർത്തനസജ്ജമാക്കിയിരിക്കുന്ന ഒരു ടൈം ബോംബുപോലെയാണ്. മമനുഷ്യന്റെ നാശത്തിലേക്കു നയിക്കുന്ന വിപത്തുകളുടെ പരമ്പരയുടെ സ്ഫോടനത്തിനു മുമ്പ് അവൻ ഇപ്പോൾ അവ നിർവ്വീര്യമാക്കേണ്ടതുണ്ട്. ഇതുചെയ്യുന്നതിനുള്ള സമയത്ത് ഒരു പുതിയലോകം കെട്ടിപ്പടുക്കാൻ അവനു കഴിയുമോ?
ഭൂമിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി വർഷങ്ങളായി സ്ഥാപനങ്ങളും ചർച്ചാസമ്മേളനങ്ങളും കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നിരുന്നാലും, പ്രശ്നങ്ങൾ വർദ്ധിച്ചുവെന്നുമാത്രമല്ല പുതിയതും കൂടുതൽ സങ്കീർണ്ണവുമായവ വികാസം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ഇവ പരിഹരിക്കുന്നതിനുള്ള മമനുഷ്യന്റെ കഴിവുകുറവു സമാധാനപൂർണ്ണമായ, സുരക്ഷിതമായ പുതിയലോകത്തിനുവേണ്ടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ അഭിലാഷം വ്യർത്ഥമാണെന്ന് അർത്ഥമാക്കുന്നുണ്ടോ? ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ ഇല്ല എന്ന് ഉത്തരം പറയാൻ കഴിയും! ഞങ്ങൾ ഇതു പറയുന്നതെന്തുകൊണ്ടെന്നു ദയവായി പരിഗണിക്കുക. (g92 10⁄22)