നിങ്ങൾ നിങ്ങളുടെ മടക്കസന്ദർശനങ്ങൾ നടത്തുന്നുണ്ടോ?
1 ഊർജ്ജസ്വലമായ പ്രവർത്തനത്തിന്റെ എത്ര രോമാഞ്ചമുളവാക്കുന്ന റിപ്പോർട്ടാണ് യഹോവയുടെ സാക്ഷികളുടെ 1989-ലെ വാർഷികപ്പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്! ദശലക്ഷക്കണക്കിന് ആളുകൾ സുവാർത്ത കേട്ടുകൊണ്ടിരുന്നു, താൽപ്പര്യമുളളവർക്ക് ദശലക്ഷക്കണക്കിന് സാഹിത്യം സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട്, സത്യത്തിന്റെ വിത്തു വിതക്കപ്പെട്ടിടങ്ങളിൽ മടങ്ങിച്ചെല്ലുന്നതിനുളള ഒരു തീവ്രമായ താത്പര്യത്തിന്റെ ആവശ്യം സൂചിപ്പിക്കുന്നു. (1 കൊരി. 3:6, 7) കൂടുതൽ പരിചരണം അത്യാവശ്യമാണ്. കഴിഞ്ഞ വർഷം മൊത്തം 28,80,17,474 മടക്കസന്ദർശനങ്ങൾ നടത്തിയ യഹോവയുടെ ജനത്തിന് പൂർണ്ണമായി ഈ വേലയിൽ പങ്കു പററിയതിലുളള വലിയ സന്തോഷം കൈവന്നു.
എപ്പോൾ?
2 നിങ്ങൾ താൽപ്പര്യമുളളവരെ കണ്ടെത്തുമ്പോൾ, പ്രാരംഭ താൽപ്പര്യം തണുത്തുപോകുന്നതിനു മുമ്പ് നിങ്ങൾ മടക്കസന്ദർശനങ്ങൾ നടത്തുന്നുണ്ടോ? ചുരുക്കം ദിവസങ്ങൾക്കകം മടങ്ങിച്ചെല്ലുന്നത് മിക്കപ്പോഴും നല്ല ഫലങ്ങൾ കൈവരുത്തുന്നു. എല്ലാ സമർപ്പണങ്ങളുടെയും നിങ്ങൾ കണ്ടെത്തിയ താൽപ്പര്യത്തിന്റെയും ഒരു കൃത്യവും പൂർണ്ണവുമായ രേഖ സൂക്ഷിക്കുക. നിങ്ങളുടെ എല്ലാ മടക്കസന്ദർശനങ്ങളും കൃത്യമായി നിർവഹിക്കപ്പെടുന്നുണ്ടോ എന്ന് കാണുന്നതിന് ക്രമമായി ഈ രേഖകൾ പുനരവലോകനം ചെയ്യുക. നിങ്ങളുടെ ഉൽസാഹവും സ്ഥിരതയും യഹോവയാൽ അനുഗ്രഹിക്കപ്പെടുകയും താൽപ്പര്യം കാണിച്ചവർക്ക് വളരെ പ്രയോജനം കൈവരുത്തുകയും ചെയ്യും.
3 നിങ്ങളുടെ പ്രദേശത്തെ രൂക്ഷമായ കാലാവസ്ഥ മാർച്ചിൽ ശുശ്രൂഷക്ക് വെളിയിൽ പോകുന്നത് കൂടുതൽ പ്രയാസമാക്കിത്തീർത്തേക്കാം. അങ്ങനെയെങ്കിൽ, മടക്കസന്ദർശനങ്ങൾ നടത്തുന്നതിനും ബൈബിൾ അദ്ധ്യയനങ്ങൾ തുടങ്ങുന്നതിനും എന്തുകൊണ്ട് കൂടുതൽ സമയം ചെലവഴിച്ചുകൂടാ? മാസികകൾ ക്രമമായി എടുക്കുന്നവരും ഇപ്പോൾ പഠിക്കുന്നതിന് മനസ്സുളളവരുമായിരുന്നേക്കാവുന്ന ആളുകൾ ഉണ്ടോ? ഒരു സഹോദരൻ ഒരു മനുഷ്യന് രണ്ടു മാസികകൾ സമർപ്പിച്ചു. എന്നാൽ അയാൾ യഥാർത്ഥ താൽപ്പര്യമുളളവനല്ല എന്നു ചിന്തിച്ചുകൊണ്ട് മടക്ക സന്ദർശനം നടത്തിയില്ല. ആ മനുഷ്യൻ ആത്മീയ സഹായം അഭ്യർത്ഥിച്ചുകൊണ്ട് സ്ഥലത്തെ സഭക്ക് ഒരു കത്ത് അയച്ചു. അനേക പയനിയർമാർ, മാസികാസമർപ്പണങ്ങളെ പിൻപററിയതിനാൽ നല്ല അദ്ധ്യയനങ്ങളിൽ കലാശിച്ചതായി റിപ്പോർട്ടു ചെയ്യുന്നു. സ്മാരകത്തിനൊ വല്ലപ്പോഴും മറേറതെങ്കിലും യോഗങ്ങൾക്കൊ ഹാജരായ വ്യക്തികൾക്ക് പഠിക്കാനിഷ്ടമുണ്ടോ?
ഒരു അദ്ധ്യയനം ആരംഭിക്കൽ
4 എന്നേക്കും ജീവിക്കാൻ പുസ്തകം നമ്മുടെ ശുശ്രൂഷയിൽ ഫലപ്രദമായ ഒരു ഉപകരണമാണെന്ന് തെളിഞ്ഞിരിക്കുന്നു. എന്നിരുന്നാലും, അതിന്റെ സമർപ്പണം ഒരു അദ്ധ്യയനം ആരംഭിക്കുന്നതിന്റെ ആദ്യ പടി മാത്രമാണ്. ആദ്യ സന്ദർശനത്തിലൊ ഒരു മടക്കസന്ദർശനത്തിലൊ ഇപ്രകാരം ചോദിക്കുക: “നിങ്ങൾ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരണം നടത്തുന്നതിന് അനുവദിക്കുക.] തീർച്ചയായും അനേകർ ഇക്കാലത്ത് അനേകരെ ബാധിച്ചിരിക്കുന്ന കഷ്ടപ്പാടും അക്രമവും വിശപ്പും സഹിക്കേണ്ടിവരുന്നത് ഇഷ്ടപ്പെടുകയില്ല.” 11-13 പേജുകളിലേക്കു തിരിയുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “ഇതുപോലുളള അവസ്ഥകളിൽ നിങ്ങൾക്ക് ജീവിക്കാൻ കഴിയുമെന്നു സങ്കൽപ്പിക്കുക. അത് ഉല്ലാസപ്രദമായിരിക്കുകയില്ലേ? [മറുപടി പറയാനനുവദിക്കുക.] അത്തരം പൂർണ്ണതയുളള അവസ്ഥകളിലെ ജീവിതം നമ്മിൽ നിന്ന് ചിലത് ആവശ്യപ്പെടുന്നു. 19-ാം ഖണ്ഡികയിൽ പറയുന്നത് ശ്രദ്ധിക്കുക. [വായിക്കുക] ഈ പുസ്തകം അത്തരത്തിലുളള ജ്ഞാനം സമ്പാദിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്നത് എങ്ങനെയെന്ന് ഞാൻ പ്രകടിപ്പിച്ചു കാണിക്കട്ടെ?”
5 നിരന്തര സാഹിത്യ സമർപ്പണം സ്വീകരിക്കാതിരുന്നേക്കാവുന്ന ആളുകൾക്കും വീട്ടിൽ ആരും ഇല്ലാത്തിടത്തും ലഘുലേഖകൾ ഇട്ടിട്ടുപോകുന്നതിന് പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നു. ഇവ നമ്മുടെ മടക്കസന്ദർശനങ്ങളിൽ നമ്മുടെ അദ്ധ്യയന രീതി പ്രകടിപ്പിക്കുന്നതിന് ഫലകരമായി ഉപയോഗിക്കാൻ കഴിയും. ഓരോ ലഘുലേഖയും രണ്ടൊ മൂന്നൊ ആശയങ്ങൾ ചർച്ചചെയ്യുന്നു. വീട്ടുകാരനോടൊത്ത് ഒരു തവണ ഒരു ഖണ്ഡിക വായിക്കുക. ഒരു ചോദ്യം ചോദിക്കപ്പെടുമ്പോൾ നിർത്തുകയും വീട്ടുകാരൻ അഭിപ്രായം പറയാൻ ക്ഷണിക്കുകയും ചെയ്യുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ നോക്കുകയും ബാധകമാക്കുകയും ചെയ്യുക.
6 മടക്ക സന്ദർശനങ്ങൾ നടത്തുന്നതിനും അദ്ധ്യയനങ്ങൾ വികസിപ്പിച്ചെടുക്കുകയും നടത്തുകയും ചെയ്യുന്നതിനും നിശ്ചിതസമയങ്ങൾ പട്ടികപ്പെടുത്തുന്നതാണ് ഏററവും നല്ലത് എന്ന് അനുഭവങ്ങൾ കാണിക്കുന്നു. ഈ വേലക്കുവേണ്ടി ഒരു ക്ലിപ്ത സമയം ഉണ്ടായിരിക്കുന്നത് താൽപ്പര്യത്തെ കൃത്യമായി പിൻപററുന്നതിന് നമ്മെ സഹായിക്കും. ഒരുപക്ഷേ വൈകുന്നേരത്തൊ വാരാന്ത്യത്തിലോ നമ്മുടെ വീടുതോറുമുളള വേല പൂർത്തീകരിച്ചശേഷമൊ ഇതിനുവേണ്ടി സമയം നീക്കിവെക്കാവുന്നതാണ്. നിങ്ങൾക്കും പ്രദേശത്തിനും ഏററവും മെച്ചപ്പെട്ട സമയം നിശ്ചയപ്പെടുത്തുക. പിന്നീട് ശിഷ്യരെ ഉളവാക്കാൻ കഴിയത്തക്കവണ്ണം ഈ വേലയിൽ ക്രമമായി പങ്കുപററാൻ കഠിന ശ്രമം ചെയ്യുക.—മത്താ. 28:19, 20.