ഏപ്രിൽ മാസത്തിൽ യഹോവക്കുളള നിങ്ങളുടെ സ്തുതി വർധിപ്പിക്കാൻ നിങ്ങൾക്കാകുമോ?
1 സ്വീകാര്യമാംവിധം യഹോവയെ സ്തുതിക്കാൻ സങ്കീർത്തനക്കാരനായ ദാവീദിന് ഹൃദയംഗമമായ ഒരാഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.” (സങ്കീ. 109:30) വയൽശുശ്രൂഷയിലെ നമ്മുടെ പങ്കു വർധിപ്പിച്ചുകൊണ്ട് ‘അധികമധികം അവിടുത്തെ സ്തുതിക്കാനുളള’ ഒരു നല്ല സമയമാണ് ഏപ്രിൽ മാസം. (സങ്കീ. 71:14, ഓശാന ബൈബിൾ) സഹായപയനിയർ നിരകളിൽ ചേർന്നുകൊണ്ട് ഇതു ചെയ്യുന്ന അനേകരുടെ കൂട്ടത്തിലായിരിക്കാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ?
2 ഇപ്പോൾ പദ്ധതിയിടുക: “ഉത്സാഹിയുടെ വിചാരങ്ങൾ [“പദ്ധതികൾ,” NW] സമൃദ്ധിഹേതുകങ്ങൾ ആകുന്നു” എന്ന് സദൃശവാക്യങ്ങൾ 21:5-ൽ നാം അനുസ്മരിപ്പിക്കപ്പെടുന്നു. പ്രാർഥനയിൽ കാര്യം യഹോവയോടു പറയുന്നതും നിങ്ങളുടെ ആസൂത്രണങ്ങളിൽ അവിടുത്തെ ഒന്നാമതു വയ്ക്കുന്നതും ഇത് ആവശ്യമാക്കിത്തീർക്കുന്നു. (സദൃ. 3:5, 6) അടുത്തതായി, ശുശ്രൂഷയിൽ ദിവസവും ശരാശരി രണ്ടു മണിക്കൂർ ചെലവഴിക്കുന്നതിനു നിങ്ങളുടെ ഇപ്പോഴത്തെ പട്ടികയിൽ എവിടെ മാററങ്ങൾ വരുത്താൻ കഴിയുമെന്നു തീരുമാനിക്കുന്നതിന് അതു സൂക്ഷ്മമായി വിശകലനം ചെയ്യുക. മററു പ്രവർത്തനങ്ങളിൽനിന്നു നിങ്ങളുടെ സമയം ‘വിലയ്ക്കു വാങ്ങുന്നത്’ പ്രസംഗവേലയിൽ കൂടുതൽ സമയം അർപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നു.—എഫേ. 5:16, NW.
3 ആശയവിനിയമം നടത്തുകയും സഹകരിക്കുകയും ചെയ്യുക: ശുശ്രൂഷ നിവർത്തിക്കുന്നതിൽ തനിക്ക് “ആശ്വാസമായിത്തീർന്ന” ചിലരെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് സംസാരിച്ചു. (കൊലൊ. 4:11) ഏപ്രിൽ മാസം സഹായ പയനിയർമാരായി പേർ ചാർത്താൻ ആഗ്രഹിക്കുന്ന മററുളളവരോടൊത്തു നിങ്ങളുടെ പദ്ധതികൾ ചർച്ച ചെയ്യുക. അവരുടെ പിന്തുണയ്ക്കും സഖിത്വത്തിനും പരസ്പരമുളള ആത്മീയ പ്രയോജനങ്ങൾ കൈവരുത്താൻ കഴിയും. സേവന ക്രമീകരണങ്ങൾ സംബന്ധിച്ചോ പ്രവർത്തിക്കേണ്ട പ്രദേശം സംബന്ധിച്ചോ നിങ്ങൾക്കു സംശയങ്ങളുണ്ടെങ്കിൽ സേവനമേൽവിചാരകനു നിങ്ങളെ സഹായിക്കാനാകും.
4 കുടുംബത്തിൽനിന്നുളള സഹകരണത്തിനും പിന്തുണയ്ക്കും സഹായ പയനിയറിങ് നടത്താൻ ഓരോ അംഗത്തെയും സഹായിക്കാനാകും. ഗൃഹജോലികൾ താത്കാലികമായി വീണ്ടും വിഭജിച്ചു കൊടുക്കേണ്ടതായി വന്നേക്കാം. ഈ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനുളള പട്ടികയിലും പൊരുത്തപ്പെടുത്തൽ ആവശ്യമായി വന്നേക്കാം. നിങ്ങളുടെ ലക്ഷ്യം നിറവേററുന്നതിനായി ഈ ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു കുടുംബയോഗം നടത്തുന്നത് സഹായകമായിരിക്കാം. നല്ല ആശയവിനിമയവും സഹകരണവുമാണ് വിജയത്തിലേക്കുളള താക്കോൽ.
5 ക്രിയാത്മകമായ ഒരു വീക്ഷണം പുലർത്തുക: പ്രതികൂല സാഹചര്യങ്ങൾ നിമിത്തം സഹായ പയനിയറിങ്ങിന്റെ സാധ്യത അവഗണിക്കാൻ തിടുക്കം കൂട്ടരുത്. സ്കൂളിലെ യുവജനങ്ങൾ, ജോലിയിൽനിന്നു വിരമിച്ചവർ, കുട്ടികളുളള വീട്ടമ്മമാർ, മുഴുസമയം ജോലി ചെയ്യുന്ന കുടുംബത്തലവൻമാർ—ഏപ്രിൽ മാസം സഹായ പയനിയറിങ് ചെയ്യുന്നതിനു സന്തോഷത്തോടെ ത്യാഗമനുഷ്ഠിക്കാൻ ഇവർക്കെല്ലാവർക്കും കഴിഞ്ഞിട്ടുണ്ട്. “സ്തുതിക്കുന്നതു നേരുളളവർക്കു ഉചിതമല്ലോ” എന്നതിൽ സങ്കീർത്തനക്കാരനോട് അവർ യോജിക്കുന്നു, ശുശ്രൂഷയിലെ 60 മണിക്കൂറിനു ചെലവഴിക്കാൻ ആവശ്യമായ കൂടുതൽ ശ്രമം നടത്തുന്നത് വളരെയധികം വില കൂടിപ്പോയതായി അവർ കരുതുന്നില്ല. (സങ്കീ. 33:1) പേർ ചാർത്താൻ നിങ്ങൾ അപ്രാപ്തനാണെങ്കിൽ ഒരു സഭാപ്രസാധകനെന്ന നിലയിലുളള നിങ്ങളുടെ പ്രവർത്തനം വർധിപ്പിച്ചുകൊണ്ട് എന്തുകൊണ്ട് ഈ സന്തോഷത്തിൽ പങ്കുപററിക്കൂടാ?
6 അനേകരെ സംബന്ധിച്ചിടത്തോളം ഏപ്രിൽ മാസത്തെ സഹായ പയനിയറിങ് നിരന്തരപയനിയർ സേവനത്തിലേക്കുളള ഒരു ചവിട്ടുപടിയായിരുന്നിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനം വർധിപ്പിച്ചപ്പോൾ നിരന്തരപയനിയർ സേവനത്തിലേക്കുളള പരിവർത്തനം കൂടുതൽ എളുപ്പമുളളതായി അവർ കണ്ടെത്തി.
7 അതേ, ഏപ്രിൽ വർധിച്ച ദിവ്യാധിപത്യ പ്രവർത്തനത്തിന് അനുകൂലമായ സമയമാണ്. ദൈർഘ്യം കൂടിയ പകൽസമയത്തെ മണിക്കൂറുകൾ രാവിലെയും വൈകുന്നേരവും കൂടുതൽ സാക്ഷീകരണം നടത്താൻ സഹായിക്കുന്നു. നമ്മുടെ ദൈവമായ യഹോവയെ സ്തുതിക്കാൻ നമുക്കാവതെല്ലാം ചെയ്യാൻ നാം ആഗ്രഹിക്കുന്നു. അവിടുന്ന് നമ്മോടു കാട്ടുന്ന അനവധി അനർഹദയാ പ്രവൃത്തികളോടുളള വിലമതിപ്പ് കാണിക്കാനുളള ഒരു നല്ല മാർഗമാണ് ഏപ്രിൽ മാസത്തെ സഹായ പയനിയറിങ്.