ആനന്ദിക്കുന്ന മാതാപിതാക്കൾ!
1 നിങ്ങൾ ഒരു ക്രിസ്തീയ കുടുംബത്തിൽ ജീവിക്കുന്ന ഒരു യുവ വ്യക്തിയാണെങ്കിൽ ഒരു പ്രത്യേക വിധത്തിൽ നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾക്കു സന്തോഷിപ്പിക്കാൻ കഴിയും. നിങ്ങൾ നീതിയുള്ള ഒരു ജീവിതഗതി പിന്തുടരുന്നപക്ഷം ‘നിങ്ങളുടെ അമ്മയപ്പന്മാർ സന്തോഷിക്കും.’ (സദൃ. 23:22-25) നിങ്ങളുടെ മാതാപിതാക്കൾ സ്വാഭാവികമായും നിങ്ങൾക്കുവേണ്ടി ഏറ്റവും ഉത്തമമാണു കാംക്ഷിക്കുന്നത്. നിങ്ങൾ സത്യം സ്വന്തമാക്കുകയും ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്യുന്നതിലും അധികമായി അവരെ സന്തോഷിപ്പിക്കുന്ന ഒന്നുമില്ല.
2 സത്യത്തിലായിരിക്കുന്ന മാതാപിതാക്കൾ നിമിത്തം നിങ്ങൾക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയും. നിങ്ങൾ ജനിച്ചപ്പോൾ മുതൽ അവർ നിങ്ങളെ ഊട്ടുകയും ഉടുപ്പിക്കുകയും പാർപ്പിക്കുകയും രോഗാവസ്ഥയിൽ പരിപാലിക്കുകയും ചെയ്തിരിക്കുന്നു. അതിലും പ്രധാനമായി, യഹോവയെക്കുറിച്ചും അവന്റെ നീതിയുള്ള വഴികളെക്കുറിച്ചും നിങ്ങളെ പഠിപ്പിക്കാൻ അവർ ശ്രമം ചെലുത്തിയിരിക്കുന്നു; നിങ്ങൾക്കു നിത്യജീവൻ ഉറപ്പുവരുത്തുന്ന പരിശീലനമാണത്. (എഫെ. 6:1-4) നിങ്ങൾക്ക് എങ്ങനെ വിലമതിപ്പു കാണിക്കാൻ കഴിയും?
3 സത്യം നിങ്ങളുടെ സ്വന്തമാക്കുക: സത്യം ഗൗരവമായിട്ടെടുക്കാനും ആത്മീയ പുരോഗതി നേടാനും യഹോവയുടെ സ്ഥാപനത്തോടു പറ്റിനിൽക്കാനും നിങ്ങളെ പഠിപ്പിക്കേണ്ടതിനു നിങ്ങളുടെ മാതാപിതാക്കൾ ശ്രമംചെലുത്തിയിട്ടുണ്ട്. നിർബന്ധം ചെലുത്താതെതന്നെ കുടുംബ അധ്യയനത്തിൽ താത്പര്യമെടുത്തുകൊണ്ടു നിങ്ങൾക്കു വിലമതിപ്പു പ്രകടമാക്കാൻ കഴിയും. യോഗങ്ങളിൽ പങ്കെടുക്കാനുള്ള താത്പര്യം പ്രകടമാക്കുക. നിങ്ങൾതന്നെ മുൻകൈ എടുത്തു തയ്യാറാകുക. അങ്ങനെയാകുമ്പോൾ കുടുംബത്തിലെ മറ്റുള്ളവർക്കും സമയത്ത് എത്താൻ കഴിയുമല്ലോ. യോഗങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ഇരിക്കുകയും പഠിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണത്തിൽ അടുത്ത ശ്രദ്ധചെലുത്തുകയും ചെയ്യുക. അഭിപ്രായം പറഞ്ഞുകൊണ്ടു യോഗങ്ങളിൽ ഒരു പങ്കുണ്ടായിരിക്കാൻ ശ്രമിക്കുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നിയമനങ്ങൾ സ്വീകരിച്ചുകൊണ്ടും അവ കഴിവിന്റെ പരമാവധി മെച്ചമായി ചെയ്തുകൊണ്ടും നിങ്ങൾ മനസ്സൊരുക്കമുള്ള വിദ്യാർഥിയാണെന്നു കാണിക്കുക. രാജ്യഹാളിനു ചുറ്റുപാടുമുള്ള ജോലികളിൽ നിങ്ങളുടെ സഹായം പ്രയോജനപ്രദമായിരിക്കുന്നിടത്തു സഹായിക്കാൻ സന്നദ്ധത കാട്ടുക. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആത്മീയമായി നിങ്ങൾക്കു പ്രയോജനപ്രദമായ കാര്യങ്ങളിൽ നിങ്ങളുടെ ഹൃദയം കേന്ദ്രീകരിക്കാൻ ഇടയാക്കും.
4 പുരോഗമനപരമായ ലാക്കുകൾ വയ്ക്കുക: ഒരു പ്രസാധകനെന്ന നിലയിൽ യോഗ്യത പ്രാപിക്കുന്നതിനു വയൽസേവനത്തിൽ അർഥവത്തായ പങ്കുണ്ടായിരിക്കാൻ ശ്രമിക്കുക. വാരംതോറുമുള്ള ബൈബിൾ വായന ക്രമമായി നടത്തുക, അല്ലെങ്കിൽ മുഴു ബൈബിളും സ്വന്തമായി വായിച്ചു തീർക്കുന്നത് ഏറെ മെച്ചമായിരിക്കും. സമർപ്പണത്തിനും സ്നാപനത്തിനുമുള്ള യോഗ്യതകൾ നേടിയെടുക്കുമെന്നു ദൃഢനിശ്ചയം ചെയ്യുക. യഹോവയുടെ സേവനത്തിൽ ഒരു മുഴു പങ്കുണ്ടായിരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന പരിശീലനം നേടണമെന്ന ലക്ഷ്യത്തിൽ സ്കൂളിലെ വിഷയങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതിനു മാതാപിതാക്കൾക്കു നിങ്ങളെ സഹായിക്കാനാവും. പയനിയറിങ്ങോ ബെഥേൽ സേവനമോ പോലുള്ള പ്രത്യേക പദവികൾക്കു മറ്റുള്ളവർ നിങ്ങളെ ശുപാർശ ചെയ്യത്തക്ക സത്പേരു സമ്പാദിച്ചെടുക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. (പ്രവൃ. 16:1, 2) ലാക്കുകൾ നേടിയെടുക്കുന്നത് ‘പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടുത്തി . . . നീതിഫലങ്ങൾകൊണ്ടു നിറയുന്നതിനു’ നിങ്ങളെ സഹായിച്ചേക്കാം.—ഫിലി. 1:10, 11.
5 യുവപ്രായം, പഠിക്കുന്നതിനും അനുഭവം നേടിയെടുക്കുന്നതിനും മറ്റുള്ളവരുമായുള്ള ഇടപെടലിലൂടെ നിപുണത നേടിയെടുക്കുന്നതിനുമുള്ള സമയമാണ്. പ്രായപൂർത്തിയാകുന്നതോടൊപ്പം ഉണ്ടാകുന്ന സമ്മർദങ്ങളും ഉത്തരവാദിത്വങ്ങളും ഒന്നുമില്ലാതെ ജീവിതം ആസ്വദിക്കാൻ പറ്റിയ സമയമാണത്. “യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ” എന്നു ശലോമോൻ പറഞ്ഞു. (സഭാ. 11:9) നിങ്ങളുടെ യൗവനകാലത്തു യഹോവയെ സേവിക്കാൻ ഹൃദയത്തെ ഏകാഗ്രമാക്കുന്നുവെങ്കിൽ എന്നേക്കും നിലനിൽക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾ കൊയ്തെടുക്കും.—1 ദിന. 28:9.
6 ‘യൌവനമോഹങ്ങൾ’ക്കു പകരം ‘നീതി പിന്തുടരു’ന്നുവെങ്കിൽ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ തലയിൽനിന്ന് ഉത്കണ്ഠയും ഹൃദയവേദനയുമെന്ന ഭാരിച്ച ചുമട് ഇറക്കിവയ്ക്കുകയായിരിക്കും ചെയ്യുക. (2 തിമൊ. 2:22) നിങ്ങളുടെ തന്നെ ഹൃദയം ആനന്ദിക്കാനിടയാക്കുകയാണു ചെയ്യുന്നത്. (സദൃ. 12:25) സർവോപരി, സ്രഷ്ടാവായ യഹോവയാം ദൈവത്തിനു നിങ്ങൾ സന്തോഷം കൈവരുത്തും.—സദൃ. 27:11.