നിങ്ങൾ ഉദാസീനതയോട് എങ്ങനെ പ്രതികരിക്കുന്നു?
1 ഉദാസീനത എന്നതു വികാരവിചാരമില്ലാത്ത, താത്പര്യമോ പരിഗണനയോ ഇല്ലാത്ത അവസ്ഥയാണ്. ശുശ്രൂഷയിൽ നാം അഭിമുഖീകരിക്കുന്ന മനോഭാവങ്ങളിൽവെച്ച് കൈകാര്യംചെയ്യാൻ ഏറ്റവും പ്രയാസമുള്ളതും സർവസാധാരണവുമായ ഒന്നാണിത്. നിങ്ങളതിനോട് എങ്ങനെയാണു പ്രതികരിക്കുന്നത്? അതു നിങ്ങൾക്കു ശുശ്രൂഷയിൽ മടുപ്പുളവാകാനിടയാക്കിയിട്ടുണ്ടോ? രാജ്യസന്ദേശം ആളുകളുടെ അടുക്കലെത്തിക്കാൻ തക്കവണ്ണം നിങ്ങൾക്ക് അതിനെ എങ്ങനെ തരണംചെയ്യാൻ സാധിക്കും?
2 ഒന്നാമതായി, നിങ്ങളുടെ പ്രദേശത്തുള്ളവർ ഉദാസീനരായിരിക്കുന്നതെന്തുകൊണ്ടെന്നു കണ്ടെത്തുക. അവർ തങ്ങളുടെ രാഷ്ട്രീയ, മത നേതാക്കന്മാർ നിമിത്തം നിരാശരായിത്തീർന്നതുകൊണ്ടാണോ? തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽനിന്നു രക്ഷ നേടാൻ ഒരു മാർഗവുമില്ലെന്ന് അവർക്കു തോന്നുന്നുണ്ടോ? മെച്ചപ്പെട്ട അവസ്ഥയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ സംബന്ധിച്ചു സംശയമുള്ളവരാണോ അവർ? ഉടനടിയുള്ള, വ്യക്തമായ പ്രയോജനങ്ങൾ കാണാത്തപക്ഷം അവർ ആത്മീയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ മടിയുള്ളവരാണോ?
3 രാജ്യ പ്രത്യാശ പ്രദീപ്തമാക്കുക: രാജ്യം പരിഹരിക്കാത്ത യാതൊരു പ്രശ്നവും ഉണ്ടായിരിക്കില്ല. അതുകൊണ്ട്, സാധ്യമാകുമ്പോഴെല്ലാം നാം രാജ്യ വാഗ്ദാനങ്ങളെക്കുറിച്ചു സംസാരിക്കണം, ഒരു ബൈബിൾ വാക്യം പരാമർശിക്കുക പ്രായോഗികമല്ലാത്ത, സാധ്യമല്ലാത്ത സാഹചര്യങ്ങളിൽപ്പോലും നാം മുഖ്യ തിരുവെഴുത്തു പ്രസ്താവനകളിലേക്കു ശ്രദ്ധതിരിച്ചുകൊണ്ട് അപ്രകാരം ചെയ്യും. (എബ്രാ. 4:12) എങ്കിലും, സംഭാഷണം ആ ഘട്ടംവരെ എത്തിക്കാനെങ്ങനെ സാധിക്കും?
4 ആളുകൾക്കു നമ്മുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം മനസ്സിലാകണം. അയൽക്കാരോടുള്ള സ്നേഹവും സമൂഹത്തോടുള്ള പരിഗണനയും നിമിത്തമാണ് നാമവിടെ ചെന്നിരിക്കുന്നതെന്ന് അവർക്കു ബോധ്യമാകണം. “[സമുദായത്തെ ബാധിക്കുന്ന ഒരു പ്രത്യേക പ്രശ്ന]ത്തിനു പരിഹാരം എന്തായിരിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?” എന്നതുപോലുള്ള സുചിന്തിതമായ ഒരു ചോദ്യം നമുക്കു ചോദിക്കാവുന്നതാണ്. ഒരു സമീപനം ഫലപ്രദമല്ലെങ്കിൽ, മറ്റൊന്നു പരീക്ഷിക്കുക.
5 സാമ്പത്തികമായി മേൽത്തട്ടിലുള്ളവർ താമസിക്കുന്ന ഒരു പ്രദേശത്ത് വീട്ടുകാർ രാജ്യസന്ദേശത്തോടു തീരെ ഉദാസീനമായി പ്രതികരിച്ചപ്പോൾ പ്രസാധകർ താത്പര്യജനകമായ ഒരു മുഖവുര കണ്ടെത്താൻ കിണഞ്ഞു പരിശ്രമിച്ചു. പരിജ്ഞാനം പുസ്തകത്തെ കേന്ദ്രീകരിച്ചു സംസാരിക്കവേ ഒരു ദമ്പതികൾ ഈ മുഖവുര പരീക്ഷിച്ചു നോക്കി: “ഇന്നത്തെ ലോകത്തിൽ വിജയിക്കുന്നതിന് നല്ല വിദ്യാഭ്യാസം ആവശ്യമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? സമഗ്രമായ വിദ്യാഭ്യാസത്തിൽ ബൈബിളിനെക്കുറിച്ചുള്ള പരിജ്ഞാനവും ഉൾപ്പെടുമെന്നതിനോടു നിങ്ങൾ യോജിക്കുന്നുവോ?” ഒരു മധ്യാഹ്നത്തിൽത്തന്നെ അവർ മൂന്നു പുസ്തകങ്ങൾ സമർപ്പിച്ചു. അവയിലൊന്നു സ്വീകരിച്ച ഒരു സ്ത്രീ പിന്നീട് താൻ പരിജ്ഞാനം പുസ്തകം മുഴുവൻ വായിച്ചുകഴിഞ്ഞെന്നു പറയുകയും ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു.
6 നിങ്ങൾ ഉദാസീനതയെ അഭിമുഖീകരിക്കുമ്പോൾ, വ്യത്യസ്ത സമീപനങ്ങൾ പരീക്ഷിച്ചുനോക്കുക, ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിക്കുക, ദൈവവചനത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുക. അങ്ങനെ, നമ്മുടെ വിസ്മയകരമായ രാജ്യപ്രത്യാശ ഉത്സാഹപൂർവം സ്വീകരിക്കാൻ നിങ്ങൾക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയും.