“എനിക്കു താത്പര്യമില്ല”
1 ചില പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ നാം സ്ഥിരം കേൾക്കുന്ന പല്ലവിയാണ് ഇത്. അത്തരം നിസ്സംഗതയ്ക്കു മുന്നിൽ നിരുത്സാഹിതരാകാതിരിക്കാൻ നമ്മെ എന്തു സഹായിക്കും? അപ്പോഴും സുവാർത്തയിൽ താത്പര്യം ഉണർത്താൻ നമുക്ക് എങ്ങനെ കഴിയും?
2 സന്തോഷം നിലനിറുത്തുക: എന്തുകൊണ്ടാണ് അനേകർക്കും താത്പര്യമില്ലാത്തത് എന്നോർക്കുന്നത് സന്തോഷം നിലനിറുത്താൻ നമ്മെ സഹായിക്കും. പരിണാമ സിദ്ധാന്തം പഠിക്കാനോ ദൈവവിശ്വാസമില്ലാത്ത ഒരു സമൂഹത്തിൽ വളർന്നുവരാനോ ഇടയായിട്ടുള്ളവർ ബൈബിളിന്റെ മൂല്യം മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടാവില്ല. മതങ്ങളുടെ കാപട്യം കണ്ട് മനസ്സു മടുത്തുപോയവർ ആയിരിക്കാം മറ്റു ചിലർ. ചിലരുടെ കാര്യത്തിൽ, ഇച്ഛാഭംഗവും നിരാശയുമായിരിക്കാം അടിസ്ഥാന കാരണം. (എഫെ. 2:12) ഉപജീവനചിന്തകളാൽ ഭാരപ്പെട്ടിരിക്കുന്നതിനാൽ ‘ശ്രദ്ധനൽകാത്തവരും’ (NW) ഉണ്ട്.—മത്താ. 24:37-39.
3 പ്രതികരണം പ്രതികൂലമായിരിക്കുമ്പോഴും നമ്മുടെ ശ്രമം യഹോവയെ മഹത്ത്വപ്പെടുത്തുന്നുവെന്ന് അറിഞ്ഞുകൊണ്ട് ശുശ്രൂഷയിൽ സന്തോഷം നിലനിറുത്താൻ നമുക്കു കഴിയും. (1 പത്രൊ. 4:11) കൂടാതെ, സത്യത്തെക്കുറിച്ചു സംസാരിക്കുന്നത് നമ്മുടെതന്നെ വിശ്വാസം ശക്തമാക്കും. ബൈബിൾസത്യം ഇനിയും വിലമതിക്കാൻ കഴിഞ്ഞിട്ടില്ലാത്തവരോടു സംസാരിക്കുമ്പോൾപ്പോലും ഇതു സത്യമാണ്. നമ്മുടെ പ്രദേശത്തുള്ളവരെ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ നമുക്കു ശ്രമിക്കാം. “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത” നീനെവേക്കാരോട് അവനു സഹതാപം തോന്നി. (യോനാ 4:11) നമ്മുടെ പ്രദേശത്തുള്ള ആളുകൾ സുവാർത്ത കേൾക്കേണ്ടതുണ്ട്! അതുകൊണ്ട് മടുത്തു പിന്മാറാതെ ബൈബിൾ സന്ദേശത്തിൽ അവർക്കു താത്പര്യമുണർത്താൻ നാം വഴികൾ തേടണം.
4 പ്രദേശത്തെ ആളുകളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുക: ഒരുപക്ഷേ, നിങ്ങളുടെ പ്രദേശത്ത് ആളുകൾ നേരിടുന്ന ഒരു പ്രശ്നം ആമുഖത്തിൽ പരാമർശിക്കാനും അതു സംബന്ധിച്ച് വീട്ടുകാരന്റെ അഭിപ്രായം ചോദിക്കാനും നിങ്ങൾക്കു കഴിയും. അദ്ദേഹം പറയുന്നതു ശ്രദ്ധിച്ചശേഷം, അതിനോടു ബന്ധപ്പെട്ട് ബൈബിളിൽനിന്നുള്ള ആശ്വാസദായകമായ സന്ദേശം കാണിച്ചുകൊടുക്കുക. ഒരു പ്രദേശത്ത് ഒരു ദുരന്തമുണ്ടായപ്പോൾ അവിടെയുള്ള ഒരു സാക്ഷി, അദ്ദേഹം സന്ദർശിച്ച എല്ലാ വീട്ടുകാരോടും തന്റെ ആഴമായ ദുഃഖം അറിയിച്ചു. “ആളുകൾ പെട്ടെന്നു സംഭാഷണം ആരംഭിച്ചു. അവരുടെ ജീവിതത്തിൽ താത്പര്യം പ്രകടമാക്കിയതിനാൽ ആ ദിവസം പലരോടും ഫലകരമായി സംസാരിക്കാൻ എനിക്കു കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.
5 മനുഷ്യവർഗം നേരിടുന്ന സകല പ്രശ്നങ്ങളും ദൈവരാജ്യം പരിഹരിക്കും. വീട്ടുകാരനെ ഏറ്റവുമധികം ഉത്കണ്ഠപ്പെടുത്തുന്ന പ്രശ്നം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ബൈബിളിലെ പ്രത്യാശാദൂത് കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചേക്കാം, അല്ലെങ്കിൽ മറ്റൊരു സമയത്ത് വീണ്ടും ശ്രദ്ധിക്കാൻ മനസ്സു കാണിച്ചേക്കാം.—പ്രവൃ. 17:32.