പ്രാരംഭ അഭിപ്രായങ്ങൾക്ക് ഒരു വ്യത്യാസം ഉളവാക്കാൻ കഴിയും
1 ന്യായവാദം പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില മുഖവുരകളോ നമ്മുടെ രാജ്യശുശ്രൂഷയുടെ ഈയിടെയുളള ലക്കങ്ങളിൽ പ്രത്യക്ഷപ്പെട്ടവയോ നിങ്ങൾ ഉപയോഗിച്ചിരുന്നോ? ഈ പ്രാരംഭ അഭിപ്രായങ്ങൾ അച്ചടിച്ചുവരുന്ന അതേ രൂപത്തിൽതന്നെ ഉപയോഗിച്ചതിനാൽ പല പ്രസാധകരും തങ്ങളുടെ വീടുതോറുമുളള ശുശ്രൂഷയിൽ വർദ്ധിച്ച വിജയം റിപ്പോർട്ടു ചെയ്യുന്നു. വയൽശുശ്രൂഷക്ക് തയ്യാറാകുന്നതിന് അൽപസമയം കൂടെ എടുക്കുന്നതിനാൽ അച്ചടിച്ച നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി പ്രാരംഭ അഭിപ്രായങ്ങൾ തങ്ങളുടെ സ്വന്ത വാക്കുകളിൽ രൂപപ്പെടുത്തിയെടുക്കാൻ കഴിയുമെന്ന് മററുളളവർ കണ്ടെത്തിയിരിക്കുന്നു.
2 ഒരു കാര്യം തീർച്ചയാണ്, അതായത് രാജ്യദൂതുമായി ആരെയെങ്കിലും സമീപിക്കുന്നതിനു മുമ്പ് പ്രാരംഭ അഭിപ്രായങ്ങൾ നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ നിങ്ങൾക്ക് കൂടുതൽ ആശ്വാസവും ആത്മവിശ്വാസവും അനുഭവപ്പെടും. നിങ്ങളുടെ വാക്കുകൾ സുവാർത്ത പങ്കുവെക്കാനുളള നിങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കും. നിങ്ങളുടെ നല്ല ഒരുക്കം നിങ്ങളുടെ ശുശ്രൂഷ കൂടുതൽ ആസ്വാദ്യകരമാക്കും, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് മെച്ചപ്പെട്ട ഫലങ്ങൾ ലഭിക്കും. സേവനമാകുന്ന നമ്മുടെ യാഗം നമുക്ക് അർപ്പിക്കാൻ കഴിയുന്നതിൽ ഏററവും മികച്ചതാക്കിത്തീർക്കുക എന്നതാണ് ഏററവും അധികം പ്രധാനം.—എബ്രാ. 13:15; 1 പത്രോ. 2:5.
3 അതുകൊണ്ട് തയ്യാറാകാൻ സമയമെടുക്കുക. നിങ്ങളുടെ പ്രദേശത്ത് നിങ്ങൾ കണ്ടുമുട്ടാൻ ഇടയുളള ആളുകളുടെ സ്വഭാവം പരിഗണിക്കുക. അവരുടെ ഉൽക്കണ്ഠകളും താൽപര്യങ്ങളും ഏവയാണ്? ഏത് വർത്തമാനകാലസംഭവങ്ങൾ അവരുടെ ജീവിതത്തെ ബാധിക്കുന്നു? ഈ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ പരിചിന്തിച്ചശേഷം ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകളിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രാരംഭ അഭിപ്രായങ്ങൾ നോക്കുക, അല്ലെങ്കിൽ നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്ന് ഒന്നോ അധികമോ പ്രാരംഭ അഭിപ്രായങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് സുഗമമായി അവതരിപ്പിക്കാവുന്നവണ്ണം വാക്കുകൾ പുനഃക്രമീകരിക്കാനോ വ്യത്യാസപ്പെടുത്താനോ സ്വാതന്ത്ര്യമുണ്ട്. അടുത്ത പടി ഒരു അഭ്യസന പരിപാടിയിൽ നിങ്ങളുടെ പ്രാരംഭ അഭിപ്രായങ്ങൾ മററു പ്രസാധകരുമൊത്ത് അഭ്യസിക്കുക എന്നതായിരിക്കും. ഒരുപക്ഷേ ഇത് മററുളളവരെ അവരുടെ പ്രാരംഭ അഭിപ്രായങ്ങളും മെച്ചപ്പെടുത്താൻ പ്രോൽസാഹിപ്പിക്കും. ഏതായാലും നിങ്ങൾ തീർച്ചയായും അന്യോന്യം സൽപ്രവൃത്തികൾക്ക് പ്രോൽസാഹിപ്പിക്കുകയും കെട്ടുപണിചെയ്യുകയും ആയിരിക്കും.
4 നിങ്ങളുടെ വയൽ അവതരണങ്ങൾ തയ്യാറാകുന്നതിന് നിങ്ങൾ ചെലവഴിക്കുന്ന സമയത്തിനും ശ്രമത്തിനും പ്രതിഫലം ലഭിക്കും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുളകപ്രദമായ കൂട്ടിച്ചേർക്കൽ വേലയിൽ കൂടുതൽ ഫലകരമായ ഒരു പങ്കുണ്ടായിരിക്കുന്നതിനാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടേക്കാം.