ജൂൺ
ജൂൺ 1 ഞായർ
“അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്.”—പ്രവൃ. 14:22.
സാഹചര്യങ്ങൾക്കു മാറ്റം വന്നപ്പോൾ അതിനോടു പൊരുത്തപ്പെടാൻ തയ്യാറായതുകൊണ്ട് യഹോവ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ അനുഗ്രഹിച്ചു. അവർക്കു പലപ്പോഴും ഉപദ്രവങ്ങൾ സഹിക്കേണ്ടതായിവന്നു. ചിലപ്പോൾ അത് അവർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു. ലുസ്ത്രയിൽ പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ടിരുന്ന ബർന്നബാസിനും അപ്പോസ്തലനായ പൗലോസിനും എന്താണു സംഭവിച്ചതെന്നു നോക്കാം. ആദ്യം അവിടത്തെ ആളുകൾ അവരെ സ്വീകരിക്കുകയും അവർ പറയുന്നതു കേൾക്കുകയും ചെയ്തു. എന്നാൽ പിന്നീട് എതിരാളികൾ “ജനക്കൂട്ടത്തെ ഇളക്കിവിട്ടു.” അപ്പോൾ ആദ്യമൊക്കെ പൗലോസിനെ ശ്രദ്ധിക്കാൻ തയ്യാറായ ചിലർതന്നെ അദ്ദേഹത്തെ കല്ലെറിയുകയും മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയും ചെയ്തു. (പ്രവൃ. 14:19) എന്നാൽ പൗലോസും ബർന്നബാസും മറ്റു സ്ഥലങ്ങളിൽ പ്രസംഗപ്രവർത്തനം ചെയ്യുന്നതിൽ തുടർന്നു. എന്തായിരുന്നു ഫലം? ‘കുറെ പേരെ ശിഷ്യരാക്കാൻ’ അവർക്കു കഴിഞ്ഞു. കൂടാതെ അവരുടെ മാതൃകയും അവർ പറഞ്ഞ കാര്യങ്ങളും സഹോദരങ്ങളെ ഒരുപാടു ബലപ്പെടുത്തുകയും ചെയ്തു. (പ്രവൃ. 14:21, 22) അങ്ങനെ അപ്രതീക്ഷിതമായി ഉപദ്രവം നേരിട്ടിട്ടും പൗലോസും ബർന്നബാസും പ്രസംഗപ്രവർത്തനം നിറുത്താതിരുന്നതുകൊണ്ട് ഒരുപാടു പേർക്ക് അതിന്റെ പ്രയോജനം കിട്ടി. അതുപോലെ നമ്മളും യഹോവ ഏൽപ്പിച്ച പ്രവർത്തനം ചെയ്യുന്നതിൽ മടുത്തുപോകാതെ തുടർന്നാൽ യഹോവ ഉറപ്പായും നമ്മളെ അനുഗ്രഹിക്കും. w23.04 16–17 ¶13-14
ജൂൺ 2 തിങ്കൾ
“യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ; സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കേണമേ. കഷ്ടകാലത്ത് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് എനിക്ക് ഉത്തരം തരുമെന്ന് എനിക്ക് അറിയാം.”—സങ്കീ. 86:6, 7.
ദാവീദ് രാജാവിനു ജീവിതകാലത്തെല്ലാം അപകടകാരികളായ പല ശത്രുക്കളെയും നേരിടേണ്ടിവന്നു. കൂടെക്കൂടെ അദ്ദേഹം പ്രാർഥനയിൽ യഹോവയുടെ സഹായം തേടുകയും ചെയ്തു. യഹോവ തന്റെ പ്രാർഥന കേട്ട് അതിന് ഉത്തരം തരുന്നുണ്ടെന്നു സങ്കീർത്തനക്കാരനായ ദാവീദിന് ഉറപ്പായിരുന്നു. നിങ്ങൾക്കും അതേ ഉറപ്പുണ്ടായിരിക്കാനാകും. നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരമായി യഹോവ ജ്ഞാനവും സഹിച്ചുനിൽക്കാനുള്ള ശക്തിയും തരും എന്ന് ബൈബിൾ ഉറപ്പു നൽകുന്നു. കൂടാതെ, നമ്മളെ സഹായിക്കുന്നതിനുവേണ്ടി സഹോദരങ്ങളെയോ ഇപ്പോൾ സത്യാരാധകർ അല്ലാത്ത ആളുകളെപ്പോലുമോ ഉപയോഗിക്കാനും യഹോവയ്ക്കാകും. പ്രാർഥനയ്ക്കു നമ്മൾ പ്രതീക്ഷിക്കുന്ന ഉത്തരം യഹോവ എപ്പോഴും തരില്ലായിരിക്കും. പക്ഷേ, ഉത്തരം തരുമെന്ന് ഉറപ്പാണ്. നമുക്ക് എന്താണോ വേണ്ടത് അതായിരിക്കും യഹോവ തരുന്നത്, അതും ഏറ്റവും ആവശ്യമായ സമയത്തുതന്നെ. അതുകൊണ്ട് വിശ്വാസത്തോടെ തുടർന്നും പ്രാർഥിക്കുക. ഇപ്പോൾത്തന്നെ യഹോവ നിങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നും വരാനിരിക്കുന്ന പുതിയ ലോകത്തിൽ ‘ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുമെന്നും’ ഉള്ള ഉറപ്പോടെ നിങ്ങൾക്ക് അതു ചെയ്യാനാകും.—സങ്കീ. 145:16. w23.05 8 ¶4; 13 ¶17-18
ജൂൺ 3 ചൊവ്വ
“യഹോവ ചെയ്തുതന്ന സകല നന്മകൾക്കും ഞാൻ എന്തു പകരം കൊടുക്കും?”—സങ്കീ. 116:12.
ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു നല്ലതാണ്. എന്തെല്ലാമാണ് പ്രയോജനങ്ങൾ? ബൈബിൾവായനയോടോ പ്രാർഥനയോടോ ബന്ധപ്പെട്ട ലക്ഷ്യമാണു നിങ്ങൾ വെച്ചിരിക്കുന്നതെങ്കിൽ അത് യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദം ശക്തിപ്പെടുത്തുന്നത് എങ്ങനെയെന്നു ചിന്തിക്കുക. (സങ്കീ. 145:18, 19) ഇനി, ഒരു ക്രിസ്തീയഗുണം വളർത്തിയെടുക്കുക എന്നതാണു നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതു മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്നു ചിന്തിച്ചുനോക്കുക. (കൊലോ. 3:14) ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് എഴുതിവെക്കുന്നതു നല്ലതായിരിക്കും. കൂടെക്കൂടെ അത് എടുത്ത് നോക്കുകയും ചെയ്യുക. ലക്ഷ്യത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നവരോടൊപ്പം സമയം ചെലവഴിക്കുകയും വേണം. (സുഭാ. 13:20) ചില ദിവസങ്ങളിൽ ലക്ഷ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നമുക്ക് ഒട്ടും ആഗ്രഹം തോന്നില്ല. അതിന്റെ അർഥം ഇനി ഒന്നും ചെയ്യാനാകില്ലെന്നാണോ? അല്ല. ആഗ്രഹം തോന്നാത്തപ്പോഴും ലക്ഷ്യത്തിൽ എത്തുന്നതിനുവേണ്ടി പ്രയത്നിക്കാൻ നമുക്കു കഴിയും. അത് അത്ര എളുപ്പമല്ലെങ്കിലും അങ്ങനെ ചെയ്താൽ കിട്ടുന്ന പ്രയോജനങ്ങൾ വളരെ വലുതാണ്. w23.05 27–28 ¶5-8
ജൂൺ 4 ബുധൻ
“ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാ. 6:7.
നമ്മുടെ തെറ്റിനു നമ്മൾതന്നെയാണ് ഉത്തരവാദികൾ എന്ന് ഓർക്കുന്നത്, കുറ്റം സമ്മതിക്കാനും തെറ്റു തിരുത്താനും അത് ആവർത്തിക്കാതിരിക്കാനും നമ്മളെ പ്രേരിപ്പിക്കും. ഇങ്ങനെയൊക്കെ ചെയ്യുന്നതു ജീവനുവേണ്ടിയുള്ള ഓട്ടം തുടരാൻ നമ്മളെ സഹായിക്കും. നിങ്ങൾ തെറ്റായ ഒരു തീരുമാനമെടുത്തുപോയെങ്കിൽ എന്തു ചെയ്യാം? ന്യായീകരിക്കുകയോ നിങ്ങളെത്തന്നെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ട് സമയവും ഊർജവും പാഴാക്കരുത്. പകരം തെറ്റ് സമ്മതിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്നത് ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുക. ഇനി, ചെയ്തുപോയ തെറ്റിനെക്കുറിച്ച് ഓർത്ത് കുറ്റബോധം തോന്നുന്നെങ്കിൽ താഴ്മയോടെ യഹോവയോടു പ്രാർഥിക്കുക. കുറ്റം ഏറ്റുപറഞ്ഞ് ക്ഷമയ്ക്കായി യാചിക്കുക. (സങ്കീ. 25:11; 51:3, 4) നിങ്ങൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടും ക്ഷമ ചോദിക്കുക. ആവശ്യമെങ്കിൽ മൂപ്പന്മാരുടെ സഹായം തേടുക. (യാക്കോ. 5:14, 15) നിങ്ങൾക്കു പറ്റിയ തെറ്റുകളിൽനിന്ന് പഠിക്കുക. അവ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ യഹോവ നിങ്ങളോടു കരുണ കാണിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്യുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം.—സങ്കീ. 103:8-13. w23.08 28–29 ¶8-9
ജൂൺ 5 വ്യാഴം
“ഉപദേശിക്കാൻ യഹോയാദ പുരോഹിതനുണ്ടായിരുന്ന കാലത്തെല്ലാം യഹോവാശ് രാജാവ് യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.”—2 രാജാ. 12:2.
യഹോവാശ് രാജാവിനെ യഹോയാദ വളരെ നല്ല രീതിയിൽ സ്വാധീനിച്ചു. (2 രാജാ. 12:2) അതുകൊണ്ടുതന്നെ അദ്ദേഹം ചെറുപ്പത്തിൽ യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചു. എന്നാൽ, യഹോയാദയുടെ മരണശേഷം യഹോവാശ് വിശ്വാസത്യാഗികളായ പ്രഭുക്കന്മാരുടെ വാക്കിനു ചെവികൊടുത്തു. (2 ദിന. 24:4, 17, 18) അത് യഹോവയെ വല്ലാതെ വേദനിപ്പിച്ചു. എന്നിട്ടും “അവരെ തന്നിലേക്കു തിരിച്ചുകൊണ്ടുവരാൻവേണ്ടി യഹോവ അവരുടെ ഇടയിലേക്കു വീണ്ടുംവീണ്ടും പ്രവാചകന്മാരെ അയച്ചു.” എങ്കിലും “അവർ കേൾക്കാൻ കൂട്ടാക്കിയില്ല.” അവർ യഹോയാദയുടെ മകനായ സെഖര്യയെപ്പോലും ശ്രദ്ധിച്ചില്ല. അദ്ദേഹം യഹോവയുടെ ഒരു പ്രവാചകനും പുരോഹിതനും ആയിരുന്നുവെന്നു മാത്രമല്ല യഹോവാശിന്റെ ബന്ധുവും കൂടിയായിരുന്നു. എന്നിട്ടും, യഹോവാശ് രാജാവ് സെഖര്യയെ കൊന്നുകളഞ്ഞു. (2 ദിന. 22:11; 24:19-22) യഹോവാശ് ദൈവഭയമുള്ള വ്യക്തിയായി തുടർന്നില്ല. “എന്നെ നിന്ദിക്കുന്നവരെ ഞാൻ നിന്ദിക്കും” എന്ന് യഹോവ പറഞ്ഞിരുന്നു. (1 ശമു. 2:30) സിറിയക്കാരുടെ ചെറിയൊരു സൈന്യം യഹോവാശിന്റെ “വലിയ സൈന്യത്തെ” തോൽപ്പിക്കുകയും അദ്ദേഹത്തിനു ‘മാരകമായി മുറിവേൽക്കുകയും’ ചെയ്തു. (2 ദിന. 24:24, 25) സെഖര്യയെ കൊന്നതിന്റെ പേരിൽ സ്വന്തം ദാസന്മാർതന്നെ യഹോവാശിനെ കൊന്നുകളഞ്ഞു. w23.06 18–19 ¶16-17
ജൂൺ 6 വെള്ളി
‘മുമ്പ് നിങ്ങൾ ഇരുട്ടായിരുന്നു. പക്ഷേ ഇപ്പോൾ വെളിച്ചമാണ്.’—എഫെ. 5:8.
പൗലോസ് അപ്പോസ്തലൻ സന്തോഷവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് കുറച്ച് നാൾ എഫെസൊസിൽ ചെലവഴിച്ചു. (പ്രവൃ. 19:1, 8-10; 20:20, 21) പൗലോസ് അവിടെയുള്ള സഹോദരങ്ങളെ ഒരുപാടു സ്നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരുന്നതിന് അവരെ സഹായിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. പൗലോസ് എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് ഒരു കത്ത് എഴുതി. എഫെസൊസിലുള്ളവർ തെറ്റായ മതാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിമകളായിരുന്നു. അവർ ധാർമികമായി അധഃപതിച്ചവരും നാണംകെട്ട പ്രവൃത്തികൾ ചെയ്യുന്നവരും ആയിരുന്നു. അശ്ലീലസംസാരം ആ നഗരത്തിലെ പ്രദർശനശാലകളിൽ മാത്രമല്ല മതപരമായ ആഘോഷങ്ങളിൽപോലും വളരെ സാധാരണമായിരുന്നു. (എഫെ. 5:3) അവിടെയുള്ളവരിൽ പലരും ‘സദാചാരബോധം തീർത്തും നഷ്ടപ്പെട്ടവരായിരുന്നു.’ ആ പ്രയോഗത്തിന്റെ അക്ഷരാർഥമെടുത്താൽ, അവർ തെറ്റു ചെയ്യുമ്പോൾ ഹൃദയത്തിൽ “ഒട്ടും വേദന തോന്നാത്ത അവസ്ഥയിൽ” ആയിരുന്നു. (എഫെ. 4:17-19) ശരിയും തെറ്റും സംബന്ധിച്ച് യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് പഠിക്കുന്നതിനു മുമ്പ് തെറ്റു ചെയ്യുമ്പോൾ അവർക്ക് യാതൊരു മനസ്സാക്ഷിക്കുത്തും തോന്നിയിരുന്നില്ല. അതുകൊണ്ടാണു പൗലോസ് ഇങ്ങനെ പറഞ്ഞത്: “അവരുടെ മനസ്സ് ഇരുളടഞ്ഞതായിത്തീർന്നു. അങ്ങനെ, ദൈവം തരുന്ന ജീവനിൽനിന്ന് അവർ അകന്നുപോയിരിക്കുന്നു.” എന്നാൽ എഫെസൊസിലുണ്ടായിരുന്ന ചിലർ ഇരുട്ടിൽത്തന്നെ തുടർന്നില്ല. w24.03 20 ¶2; 21 ¶4-6
ജൂൺ 7 ശനി
“യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും. അവർ ക്ഷീണിച്ചുപോകില്ല.”—യശ. 40:31.
ന്യായാധിപനായുള്ള ഗിദെയോന്റെ നിയമനത്തിൽ കഠിനാധ്വാനം ഉൾപ്പെട്ടിരുന്നു. ഒരു രാത്രി നടന്ന പോരാട്ടത്തിനിടെ മിദ്യാന്യർ ഓടിപ്പോയപ്പോൾ ഗിദെയോൻ ജസ്രീൽ താഴ്വര മുതൽ യോർദാൻ നദി വരെ അവരെ പിന്തുടർന്നുചെന്നു. (ന്യായാ. 7:22) യോർദാൻ നദിക്കരെ എത്തിയപ്പോൾ ഇനി മുന്നോട്ടു പോകേണ്ട എന്നു ഗിദെയോൻ തീരുമാനിച്ചോ? ഇല്ല. നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും അദ്ദേഹവും കൂടെയുണ്ടായിരുന്ന 300 പേരും നദി കടന്ന് മിദ്യാന്യരുടെ പുറകേ ചെന്നു. അങ്ങനെ ആ ശത്രുക്കളെ പരാജയപ്പെടുത്താൻ അവർക്കു കഴിഞ്ഞു. (ന്യായാ. 8:4-12) യഹോവ തന്നെ ബലപ്പെടുത്തുമെന്നു ഗിദെയോന് ഉറപ്പുണ്ടായിരുന്നു. യഹോവ ചെയ്തതും അതുതന്നെയാണ്. (ന്യായാ. 6:14, 34) അതിന് ഒരു ഉദാഹരണമാണ് ഗിദെയോനും കൂട്ടരും രണ്ട് മിദ്യാന്യരാജാക്കന്മാരെ പിന്തുടർന്ന സംഭവം. ആ രാജാക്കന്മാർ രക്ഷപ്പെടാൻ നോക്കിയതു സാധ്യതയനുസരിച്ച് ഒട്ടകപ്പുറത്തായിരുന്നു. അവരെ പിന്തുടർന്നുപോയ ഗിദെയോനും കൂട്ടർക്കുമാകട്ടെ അതൊന്നുമില്ലായിരുന്നു. (ന്യായാ. 8:12, 21) എന്നാൽ യഹോവയുടെ സഹായത്താൽ ഇസ്രായേല്യർക്ക് അവരെ പിടികൂടാനും തോൽപ്പിക്കാനും കഴിഞ്ഞു. ഗിദെയോനെപ്പോലെ മൂപ്പന്മാർക്കും ഒരിക്കലും ‘ക്ഷീണിച്ച് തളരാത്ത’ യഹോവയിൽ ആശ്രയിക്കാനാകും. തളർച്ച തോന്നുമ്പോൾ യഹോവ അവരെ ശക്തീകരിക്കും.—യശ. 40:28, 29. w23.06 6 ¶14; 7 ¶16
ജൂൺ 8 ഞായർ
“(യഹോവ) നിങ്ങളെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല.”—ആവ. 31:6.
എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും അചഞ്ചലമായ ഹൃദയത്തോടെ ഉറച്ചുനിൽക്കാൻ നമുക്കും പറ്റും. അതുകൊണ്ട് യഹോവയിൽ ആശ്രയിക്കുക. യഹോവയിൽ ആശ്രയംവെച്ച് പ്രവർത്തിച്ചതുകൊണ്ട് ബാരാക്കിനു വിജയം നേടാനായത് എങ്ങനെയാണെന്നു നോക്കാം. ആ സമയത്ത് ഇസ്രായേൽ ജനത്തിന്റെ കൈയിൽ യുദ്ധത്തിനായുള്ള ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും, യഹോവ ബാരാക്കിനോട് ഒരുപാട് ആയുധങ്ങളുമായി വന്ന കനാനിലെ സൈന്യാധിപനായ സീസെരയോടും സൈന്യത്തോടും പോരാടാൻ ആവശ്യപ്പെട്ടു. (ന്യായാ. 5:8) 900 യുദ്ധരഥങ്ങളുമായി വരുന്ന സീസെരയെ നേരിടുന്നതിനു നിരപ്പായ സ്ഥലത്തേക്ക് ഇറങ്ങിച്ചെല്ലാൻ പ്രവാചികയായ ദബോര ബാരാക്കിനോടു പറഞ്ഞു. നിരപ്പായ സ്ഥലത്ത് രഥം ഓടിക്കാൻ ശത്രുസൈന്യത്തിനു കൂടുതൽ എളുപ്പമാണെന്ന് അറിയാമായിരുന്നിട്ടും ബാരാക്ക് യഹോവ പറഞ്ഞത് അനുസരിച്ചു. ഇസ്രായേൽ സൈന്യം താബോർ പർവതത്തിൽനിന്ന് ഇറങ്ങി ചെല്ലുന്ന സമയത്ത് വലിയൊരു മഴ പെയ്യാൻ യഹോവ ഇടയാക്കി. അതുകൊണ്ട് സീസെരയുടെ യുദ്ധരഥങ്ങൾ ചെളിയിൽ പൂണ്ടുപോയി. അങ്ങനെ യഹോവ ബാരാക്കിനു വിജയം നൽകി. (ന്യായാ. 4:1-7, 10, 13-16) അതുപോലെ നമ്മളും, യഹോവയിലും ദൈവം തന്റെ സംഘടനയിലൂടെ നൽകുന്ന നിർദേശങ്ങളിലും ആശ്രയിക്കുകയാണെങ്കിൽ വിജയിക്കാൻ യഹോവ നമ്മളെയും സഹായിക്കും. w23.07 18–19 ¶17-18
ജൂൺ 9 തിങ്കൾ
“അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.”—മത്താ. 24:13.
രക്ഷ കിട്ടണമെങ്കിൽ നമുക്കു ക്ഷമ കൂടിയേ തീരൂ. മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തരായ ദൈവദാസന്മാരെപ്പോലെ ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറുന്നതു കാണാൻവേണ്ടി നമ്മളും ക്ഷമയോടെ കാത്തിരിക്കണം. (എബ്രാ. 6:11, 12) നമ്മുടെ സാഹചര്യത്തെ ഒരു കർഷകന്റെ ജീവിതത്തോടാണു ബൈബിൾ താരതമ്യം ചെയ്തിരിക്കുന്നത്. (യാക്കോ. 5:7, 8) വിത്തു നടാനും അതിനു വെള്ളം ഒഴിക്കാനും ഒരു കർഷകൻ കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ എപ്പോഴായിരിക്കും അതു വളരുന്നതെന്ന് കൃത്യമായി അദ്ദേഹത്തിന് അറിയില്ല. എങ്കിലും വിളവ് കിട്ടുമെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നു. അതുപോലെ ‘കർത്താവ് ഏതു ദിവസം വരുമെന്ന് അറിയില്ലെങ്കിലും’ നമ്മൾ തിരക്കോടെ ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. (മത്താ. 24:42) ഒപ്പം യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ കൃത്യസമയത്തുതന്നെ നടപ്പിലാക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് നമ്മൾ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ ക്ഷമ നശിച്ചാൽ, കാത്തിരിക്കുന്നതു ചിലപ്പോൾ നമുക്കു മടുപ്പായി തോന്നിയേക്കാം. അങ്ങനെ പതിയെപ്പതിയെ യഹോവയിൽനിന്ന് അകന്നുപോകാനും ഇടയുണ്ട്. കൂടാതെ നമ്മൾ ഇപ്പോൾത്തന്നെ സന്തോഷം തരുമെന്നു വിചാരിക്കുന്ന കാര്യങ്ങളുടെ പുറകേ പോകാനും തുടങ്ങിയേക്കാം. എന്നാൽ നമ്മൾ ക്ഷമയുള്ളവരാണെങ്കിൽ അവസാനംവരെ സഹിച്ചുനിൽക്കാനും രക്ഷ നേടാനും കഴിയും.—മീഖ 7:7. w23.08 22 ¶7
ജൂൺ 10 ചൊവ്വ
‘പാദത്തിലെ വിരലുകൾ ഭാഗികമായി ഇരുമ്പും ഭാഗികമായി കളിമണ്ണും കൊണ്ടായിരുന്നു.’—ദാനി. 2:42.
ദാനിയേൽ 2:41-43-ലെ പ്രവചനം ദാനിയേലിലെയും വെളിപാടിലെയും മറ്റു പ്രവചനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കാര്യം നമുക്കു മനസ്സിലാകുന്നു: ഇന്ന് ഏറ്റവും അധികാരമുള്ള ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെയാണു പ്രതിമയുടെ പാദം അർഥമാക്കുന്നത്. ഈ ലോകശക്തിയെക്കുറിച്ച് ദാനിയേൽ പറയുന്നത് അതു “ഭാഗികമായി ബലമുള്ളതും ഭാഗികമായി ദുർബലവും” ആണെന്നാണ്. എന്തുകൊണ്ടാണു ഭാഗികമായി ദുർബലമായിരിക്കുന്നത്? കാരണം കളിമണ്ണു പ്രതിനിധാനം ചെയ്യുന്ന സാധാരണജനങ്ങൾ ഇരുമ്പിന്റെ ശക്തി കാണിക്കാൻ ഈ ലോകശക്തിയെ അനുവദിക്കുന്നില്ല. രാജാവ് സ്വപ്നത്തിൽ കണ്ട ആ പ്രതിമയെക്കുറിച്ച് ദാനിയേൽ നൽകിയ വിശദീകരണത്തിൽനിന്ന് പ്രധാനപ്പെട്ട പല സത്യങ്ങളും നമുക്കു പഠിക്കാനാകും. ഒന്നാമതായി, ആംഗ്ലോ-അമേരിക്കൻ ലോകശക്തി അതിന്റെ കരുത്ത് പല വിധങ്ങളിൽ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ വിജയിച്ചത് ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഉൾപ്പെട്ട രാഷ്ട്രങ്ങളാണ്. ആ വിജയത്തിൽ അവർക്കു വലിയൊരു പങ്കുണ്ടായിരുന്നു. അതേസമയം ഈ ലോകശക്തിയുടെ കീഴിലുള്ള പൗരന്മാർ തമ്മിൽത്തമ്മിലും ഗവൺമെന്റിനോടും പോരടിക്കുന്നതുകൊണ്ട് അതു ദുർബലമാണെന്നും പറയാം. അത് അങ്ങനെതന്നെ തുടരുകയും ചെയ്യും. രണ്ടാമതായി, ദൈവരാജ്യം എല്ലാ മനുഷ്യഭരണങ്ങളെയും ഇല്ലാതാക്കുമ്പോൾ അധികാരത്തിലിരിക്കുന്നത് അവസാനത്തെ ഈ ലോകശക്തിയായിരിക്കും. w23.08 11 ¶12-13
ജൂൺ 11 ബുധൻ
“എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; സഹായത്തിനായി ഞാൻ നിരന്തരം എന്റെ ദൈവത്തെ വിളിച്ചു. ദൈവം ആലയത്തിൽനിന്ന് എന്റെ സ്വരം കേട്ടു.”—സങ്കീ. 18:6.
പലപ്പോഴും താൻ നേരിടുന്ന പ്രശ്നങ്ങളും പരിശോധനകളും കാരണം ദാവീദിനു വളരെ വിഷമം തോന്നി. (സങ്കീ. 18:4, 5) എന്നാൽ യഹോവയുടെ സ്നേഹവും വാത്സല്യവും ദാവീദിന് ഉന്മേഷം പകർന്നു. ആകെ ക്ഷീണിതനായ തന്റെ ഈ സുഹൃത്തിനെ യഹോവ ‘പച്ചപ്പുൽപ്പുറങ്ങളിലേക്കും ജലസമൃദ്ധമായ വിശ്രമസ്ഥലങ്ങളിലേക്കും’ നയിച്ചു. അങ്ങനെ ദാവീദിനു ശക്തി വീണ്ടെടുക്കാനും മുന്നോട്ടുപോകാനും കഴിഞ്ഞു. (സങ്കീ. 18:28-32; 23:2) അതുപോലെ ഇന്നും ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടുന്നുണ്ടെങ്കിലും യഹോവയുടെ അചഞ്ചലസ്നേഹം നിമിത്തമാണു നമുക്ക് ഇപ്പോഴും പിടിച്ചുനിൽക്കാനാകുന്നത്. (വിലാ. 3:22; കൊലോ. 1:11) ദാവീദിന്റെ ജീവൻ പലപ്പോഴും അപകടത്തിലായിട്ടുണ്ട്. കൂടാതെ ശക്തരായ പല എതിരാളികളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിരുന്നാലും യഹോവയുടെ സ്നേഹം, താൻ സുരക്ഷിതനാണെന്നു ദാവീദിന് ഉറപ്പുകൊടുത്തു. ഓരോ സാഹചര്യത്തിലും, യഹോവ തന്റെ കൂടെയുണ്ടെന്നു തിരിച്ചറിഞ്ഞതു ദാവീദിനു വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ടാണ് ദാവീദ് ഇങ്ങനെ പാടിയത്: “എന്റെ സകല ഭയങ്ങളിൽനിന്നും (യഹോവ) എന്നെ മോചിപ്പിച്ചു.” (സങ്കീ. 34:4) ദാവീദിനു ചിലപ്പോഴൊക്കെ വലിയ പേടി തോന്നി. എന്നാൽ, യഹോവ തന്നെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം അതിലും വലുതായിരുന്നതുകൊണ്ട് ദാവീദിന് ആ പേടിയെ മറികടക്കാൻ കഴിഞ്ഞു. w24.01 30 ¶15-17
ജൂൺ 12 വ്യാഴം
“മകനേ, പാപികൾ നിന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ, നീ സമ്മതിക്കരുത്.”—സുഭാ. 1:10.
യഹോവാശിന്റെ മോശം തീരുമാനങ്ങളിൽനിന്ന് പാഠം പഠിക്കുക. യഹോയാദയുടെ മരണശേഷം യഹോവാശ് ചീത്ത കൂട്ടുകെട്ടിലേക്കു പോയി. (2 ദിന. 24:17, 18) യഹോവയെ സ്നേഹിക്കാത്ത യഹൂദാപ്രഭുക്കന്മാരുടെ വാക്കുകൾ അനുസരിക്കാനാണു രാജാവ് തീരുമാനിച്ചത്. അവരുമായുള്ള കൂട്ടുകെട്ട് അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നു. അതിനോടു നിങ്ങളും യോജിക്കുന്നില്ലേ? എന്നാൽ അദ്ദേഹം അവരുടെ ഉപദേശം അനുസരിക്കുകയാണു ചെയ്തത്. മാത്രമല്ല, ബന്ധുവായ സെഖര്യ തിരുത്താൻ ശ്രമിച്ചപ്പോൾ യഹോവാശ് അദ്ദേഹത്തെ കൊല്ലുകപോലും ചെയ്തു. (2 ദിന. 24:20, 21; മത്താ. 23:35) എത്ര വലിയ ബുദ്ധിമോശമാണ് യഹോവാശ് കാണിച്ചത്! തുടക്കം വളരെ നല്ലതായിരുന്നെങ്കിലും ഒടുവിൽ അദ്ദേഹം വിശ്വാസത്യാഗിയും കൊലപാതകിയും ആയി. അവസാനം സ്വന്തം ദാസന്മാർതന്നെ അദ്ദേഹത്തെ കൊന്നുകളഞ്ഞു. (2 ദിന. 24:22-25) യഹോവയുടെയും യഹോവയെ സ്നേഹിക്കുന്നവരുടെയും വാക്കുകൾ ശ്രദ്ധിക്കുന്നതിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം എത്ര വ്യത്യസ്തമായിരുന്നേനെ! w23.09 9 ¶6
ജൂൺ 13 വെള്ളി
“പേടിക്കാതിരിക്കൂ!”—ലൂക്കോ. 5:10.
പത്രോസിനു വിശ്വസ്തനായി തുടരാൻ കഴിയുമെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് യേശു ദയയോടെ പത്രോസിനോട്, “പേടിക്കാതിരിക്കൂ!” എന്നു പറഞ്ഞു. യേശുവിനു പത്രോസിലുണ്ടായിരുന്ന വിശ്വാസം അദ്ദേഹത്തിന്റെ ജീവിതത്തെ ശരിക്കും സ്വാധീനിച്ചു. അങ്ങനെ പിന്നീട് പത്രോസും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസും മീൻപിടുത്തം ഒക്കെ ഉപേക്ഷിച്ച് മിശിഹയെ മുഴുസമയം അനുഗമിക്കാൻതുടങ്ങി. അത് അവർക്കു ധാരാളം അനുഗ്രഹങ്ങൾ നേടിക്കൊടുത്തു. (മർക്കോ. 1:16-18) യേശുവിന്റെ അനുഗാമിയായതുകൊണ്ട് പത്രോസിന് ഒരുപാടു നല്ല അനുഭവങ്ങളുണ്ടായി. യേശു രോഗികളെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും മരിച്ചവരെ ഉയിർപ്പിക്കുന്നതുപോലും അദ്ദേഹം കണ്ടു. (മത്താ. 8:14-17; മർക്കോ. 5:37, 41, 42) ഭാവിയിൽ ദൈവരാജ്യത്തിന്റെ രാജാവാകുമ്പോൾ യേശുവിനു ലഭിക്കാനിരിക്കുന്ന മഹത്ത്വം ഒരു ദിവ്യദർശനത്തിലൂടെ കാണാനും പത്രോസിന് അവസരം ലഭിച്ചു. അദ്ദേഹത്തിന് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്. (മർക്കോ. 9:1-8; 2 പത്രോ. 1:16-18) യേശുവിനെ അനുഗമിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും പത്രോസിന് ഒരിക്കലും കാണാനാകുമായിരുന്നില്ല. തനിക്കുണ്ടായിരുന്ന പേടിയെല്ലാം മറികടക്കാനും ഈ അനുഗ്രഹങ്ങളൊക്കെ ആസ്വദിക്കാനും കഴിഞ്ഞതിൽ പത്രോസിന് എത്ര സന്തോഷം തോന്നിക്കാണും! w23.09 21 ¶4-5
ജൂൺ 14 ശനി
“യേശു പത്രോസിനോടു പറഞ്ഞു: ‘7 അല്ല, 77 തവണ എന്നു ഞാൻ പറയുന്നു.’”—മത്താ. 18:22.
തന്റെ ആദ്യത്തെ കത്തിൽ അപ്പോസ്തലനായ പത്രോസ് “അഗാധമായി സ്നേഹിക്കണം” എന്നു പറഞ്ഞിട്ടുണ്ട്. അത്തരം സ്നേഹം ‘പാപങ്ങൾ എത്രയുണ്ടെങ്കിലും അതെല്ലാം മറയ്ക്കും.’ (1 പത്രോ. 4:8) ഇത് എഴുതിയപ്പോൾ ക്ഷമിക്കുന്നതിനെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് യേശു പഠിപ്പിച്ച പാഠം പത്രോസിന്റെ മനസ്സിലേക്കു വന്നിട്ടുണ്ടാകാം. സഹോദരനോട് “ഏഴു തവണ” ക്ഷമിക്കുമെന്നു പറഞ്ഞപ്പോൾ അക്കാര്യത്തിൽ താൻ വളരെ ഉദാരനാണ് എന്നായിരിക്കും പത്രോസ് അന്നു ചിന്തിച്ചത്. പക്ഷേ യേശു പത്രോസിനോട് “77 തവണ” ക്ഷമിക്കാൻ പറഞ്ഞു. അതിലൂടെ പരിധിയില്ലാതെ ക്ഷമിക്കണമെന്നു യേശു അദ്ദേഹത്തെയും നമ്മളെയും പഠിപ്പിക്കുകയായിരുന്നു. (മത്താ. 18:21) ആ നിർദേശം അനുസരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ നിരാശപ്പെടരുത്. യഹോവയുടെ അപൂർണരായ എല്ലാ ദാസന്മാർക്കും ഇടയ്ക്കൊക്കെ അങ്ങനെ തോന്നിയിട്ടുണ്ട്. അതുകൊണ്ട് പ്രധാനപ്പെട്ട കാര്യം, മറ്റുള്ളവരോടു ക്ഷമിക്കാനും അവരുമായി സമാധാനത്തിലാകാനും നമ്മൾ സകല ശ്രമവും ചെയ്യണം എന്നതാണ്.w23.09 29 ¶12
ജൂൺ 15 ഞായർ
“ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.”—യോന 2:2.
താഴ്മയോടെ പശ്ചാത്തപിച്ച് പ്രാർഥിച്ചാൽ യഹോവ ആ പ്രാർഥന കേൾക്കുമെന്നും തന്നെ യഹോവ സഹായിക്കുമെന്നും യോനയ്ക്ക് ഉറപ്പായിരുന്നു. യഹോവ യോനയെ രക്ഷിക്കുകയും ചെയ്തു. പിന്നീട്, യഹോവ കൊടുത്ത നിയമനം ചെയ്യാൻ യോന തയ്യാറായി. (യോന 2:10–3:4) ഒരു പ്രശ്നം നേരിടുന്ന സമയത്ത് പ്രാർഥിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നാറുണ്ടോ? അതല്ലെങ്കിൽ ബൈബിൾ പഠിക്കാൻ പറ്റാത്ത അത്ര ക്ഷീണം തോന്നാറുണ്ടോ? എങ്കിൽ വിഷമിക്കേണ്ടാ. യഹോവയ്ക്കു നിങ്ങളുടെ സാഹചര്യം നന്നായി മനസ്സിലാക്കാനാകും. അതുകൊണ്ട് നിങ്ങളുടെ പ്രാർഥന തീരെ ചെറുതാണെങ്കിൽപ്പോലും, നിങ്ങൾക്ക് എന്താണോ ആവശ്യം അത് യഹോവ നടത്തിത്തരുമെന്ന് ഉറപ്പുണ്ടായിരിക്കുക. (എഫെ. 3:20) ക്ഷീണമോ രോഗമോ ഉത്കണ്ഠയോ ഒക്കെ കാരണം വായിക്കാനും പഠിക്കാനും നിങ്ങൾക്ക് ഒട്ടും പറ്റാത്ത സാഹചര്യമാണെങ്കിൽ ബൈബിളിന്റെയും നമ്മുടെ പ്രസിദ്ധീകരണങ്ങളുടെയും ഓഡിയോ റെക്കോർഡിങ് കേൾക്കാൻ ശ്രമിക്കാവുന്നതാണ്. ഇനി, jw.org–ലെ നമ്മുടെ ഏതെങ്കിലും ഒരു പാട്ടു കേൾക്കുന്നതും വീഡിയോ കാണുന്നതും നിങ്ങളെ സഹായിച്ചേക്കും. നമ്മൾ ഒരു പ്രയാസസാഹചര്യം നേരിടുമ്പോൾ നമ്മളെ സഹായിക്കാൻ യഹോവ ഒരുപാട് ആഗ്രഹിക്കുന്നു. യഹോവയോടു പ്രാർഥിക്കുകയും ബൈബിളിൽനിന്നും യഹോവ തരുന്ന മറ്റു കാര്യങ്ങളിൽനിന്നും ആ പ്രാർഥനയ്ക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ യഹോവ തീർച്ചയായും നിങ്ങളെ ശക്തീകരിക്കും. w23.10 13 ¶6; 14 ¶9
ജൂൺ 16 തിങ്കൾ
“ആദ്യകൂടാരം നിലനിന്നിടത്തോളം കാലം വിശുദ്ധസ്ഥലത്തേക്കുള്ള വഴി വെളിപ്പെട്ടിരുന്നില്ലെന്നു പരിശുദ്ധാത്മാവ് വ്യക്തമാക്കിത്തരുന്നു.”—എബ്രാ. 9:8.
വിശുദ്ധകൂടാരത്തിനും യരുശലേമിൽ പിന്നീട് പണിത ആലയങ്ങൾക്കും ഒരുപാടു സമാനതകളുണ്ടായിരുന്നു. അവയുടെ ഉള്ളിൽ രണ്ടു ഭാഗങ്ങളുണ്ടായിരുന്നു: ‘വിശുദ്ധസ്ഥലവും അതിവിശുദ്ധവും.’ അവ തമ്മിൽ ചിത്രപ്പണികളുള്ള തിരശ്ശീലകൊണ്ട് വേർതിരിച്ചിരുന്നു. (എബ്രാ. 9:2-5; പുറ. 26:31-33) വിശുദ്ധസ്ഥലത്ത് സ്വർണംകൊണ്ടുള്ള ഒരു തണ്ടുവിളക്കും സുഗന്ധക്കൂട്ട് കത്തിക്കാനുള്ള ഒരു യാഗപീഠവും കാഴ്ചയപ്പം വെക്കാനുള്ള ഒരു മേശയും ഉണ്ടായിരുന്നു. ‘അഭിഷിക്തപുരോഹിതന്മാർക്കു’ മാത്രമേ വിശുദ്ധസ്ഥലത്ത് പുരോഹിതകർമങ്ങൾ നിർവഹിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. (സംഖ്യ 3:3, 7, 10) അതിവിശുദ്ധസ്ഥലത്ത് യഹോവയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന സ്വർണം പൊതിഞ്ഞ ഉടമ്പടിപ്പെട്ടകമുണ്ടായിരുന്നു. (പുറ. 25:21, 22) തിരശ്ശീലയ്ക്ക് അപ്പുറത്തുള്ള അതിവിശുദ്ധത്തിൽ പ്രവേശിക്കാൻ മഹാപുരോഹിതനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. അദ്ദേഹം വർഷത്തിലൊരിക്കൽ പാപപരിഹാരദിവസമാണ് അതിൽ പ്രവേശിച്ചിരുന്നത്. (ലേവ്യ 16:2, 17) അദ്ദേഹം തന്റെതന്നെയും മുഴുജനതയുടെയും പാപപരിഹാരത്തിനായി മൃഗങ്ങളുടെ രക്തവുംകൊണ്ട് അവിടെ പ്രവേശിക്കുമായിരുന്നു. പിന്നീട് യഹോവ ഇവയുടെയെല്ലാം ശരിക്കുള്ള അർഥം എന്താണെന്നു പരിശുദ്ധാത്മാവിലൂടെ നമുക്കു വെളിപ്പെടുത്തിത്തന്നു.—എബ്രാ. 9:6, 7. w23.10 27 ¶12
ജൂൺ 17 ചൊവ്വ
‘നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം.’—യോഹ. 15:17.
‘തമ്മിൽത്തമ്മിൽ സ്നേഹിക്കാനുള്ള’ കല്പന ബൈബിളിൽ പലയിടങ്ങളിലും ആവർത്തിച്ചിട്ടുണ്ട്. (യോഹ. 15:12; റോമ. 13:8; 1 തെസ്സ. 4:9; 1 പത്രോ. 1:22; 1 യോഹ. 4:11) എന്നാൽ സ്നേഹം ഹൃദയത്തിലെ അല്ലെങ്കിൽ ഉള്ളിന്റെ ഉള്ളിലെ ഒരു ഗുണമാണ്. ഹൃദയത്തിൽ എന്താണെന്നു മറ്റുള്ളവർക്കു കാണാനാകില്ലല്ലോ. അതുകൊണ്ട് സഹോദരങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ തെളിയിക്കാം? നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും. സഹോദരങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു പല രീതിയിൽ നമുക്കു തെളിയിക്കാം. അതിനുള്ള ചില വിധങ്ങൾ ഇവയാണ്: “പരസ്പരം സത്യം പറയുക.” (സെഖ. 8:16) ‘പരസ്പരം സമാധാനത്തിൽ കഴിയുന്നവർ ആയിരിക്കുക.’ (മർക്കോ. 9:50) “പരസ്പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കുക.” (റോമ. 12:10) “അന്യോന്യം സ്വീകരിക്കുക.” (റോമ. 15:7) “അന്യോന്യം . . . ക്ഷമിക്കുക.” (കൊലോ. 3:13) “തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുക.” (ഗലാ. 6:2) “പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക.” (1 തെസ്സ. 4:18) “പരസ്പരം . . . ബലപ്പെടുത്തുക.” (1 തെസ്സ. 5:11) “ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുക.”—യാക്കോ. 5:16. w23.11 9 ¶7-8
ജൂൺ 18 ബുധൻ
“പ്രത്യാശ ഓർത്ത് സന്തോഷിക്കുക.”—റോമ. 12:12.
ശക്തമായ വിശ്വാസം ആവശ്യമായ പല തീരുമാനങ്ങളും നമുക്കു ജീവിതത്തിൽ എടുക്കേണ്ടിവരാറുണ്ട്. ഉദാഹരണത്തിന്, വിനോദം, വിദ്യാഭ്യാസം, കൂട്ടുകാർ, വിവാഹം, കുട്ടികൾ, ജോലി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ. നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഈ ലോകം മാറി ദൈവത്തിന്റെ പുതിയ ലോകം വരുമെന്ന ബോധ്യം എനിക്കുണ്ടെന്നു തെളിയിക്കുന്നതാണോ ഞാൻ എടുക്കുന്ന തീരുമാനങ്ങൾ? അതോ മരണത്തോടെ എല്ലാം അവസാനിക്കുമെന്നു വിശ്വസിക്കുന്ന ആളുകളുടേതുപോലെയാണോ എന്റെ തീരുമാനങ്ങൾ?’ (മത്താ. 6:19, 20; ലൂക്കോ. 12:16-21) പുതിയ ലോകം തൊട്ടടുത്ത് എത്തിയെന്ന വിശ്വാസം ശക്തമാക്കുകയാണെങ്കിൽ ഏറ്റവും നല്ല തീരുമാനങ്ങളെടുക്കാൻ നമുക്കാകും. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോഴും ശക്തമായ വിശ്വാസം ആവശ്യമായിവരും. ഉപദ്രവമോ ഗുരുതരമായ രോഗമോ മറ്റ് ഏതെങ്കിലും കാര്യങ്ങളോ ചിലപ്പോൾ നമ്മളെ നിരുത്സാഹപ്പെടുത്തിയേക്കാം. ആദ്യമൊക്കെ ആ പരീക്ഷണത്തെ നമ്മൾ സഹിച്ചുനിന്നേക്കാം. എന്നാൽ പ്രശ്നങ്ങൾ പെട്ടെന്നു മാറാതെവരുമ്പോൾ അതു സഹിച്ചുനിൽക്കാനും സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരാനും ശക്തമായ വിശ്വാസം കൂടിയേ തീരൂ.—1 പത്രോ. 1:6, 7. w23.04 27 ¶4-5
ജൂൺ 19 വ്യാഴം
“ഇടവിടാതെ പ്രാർഥിക്കുക.”—1 തെസ്സ. 5:17.
നമ്മൾ പ്രാർഥനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, മേഖലാ കൺവെൻഷനു പോകുന്നതിന് അവധി കിട്ടാൻ സഹായിക്കണമെന്ന് ഒരു സഹോദരൻ യഹോവയോടു പ്രാർഥിക്കുന്നു. യഹോവ എങ്ങനെയായിരിക്കാം ആ പ്രാർഥനയ്ക്ക് ഉത്തരം കൊടുക്കുന്നത്? അതെക്കുറിച്ച് ബോസിനോടു സംസാരിക്കാനുള്ള ധൈര്യം യഹോവ കൊടുത്തേക്കാം. എങ്കിലും സഹോദരൻ ചെയ്യേണ്ട ഒരു കാര്യമുണ്ട്: ബോസിന്റെ അടുത്ത് ചെന്ന് അവധി ചോദിക്കണം. ഒരുപക്ഷേ പല പ്രാവശ്യം ചോദിക്കേണ്ടിവന്നേക്കാം. ഇനി, ചിലപ്പോൾ മറ്റൊരാളുമായി ജോലിസമയം വെച്ചുമാറാനോ ശമ്പളമില്ലാതെ അവധി എടുക്കാനോ തയ്യാറാണെന്നുപോലും പറയേണ്ടിവരും. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് വീണ്ടുംവീണ്ടും പ്രാർഥിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. പ്രാർഥനയിൽ നമ്മൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അപ്പോൾത്തന്നെ യഹോവ സാധിച്ചുതരണമെന്നില്ലെന്നു യേശു സൂചിപ്പിച്ചു. (ലൂക്കോ. 11:9) അതുകൊണ്ട് നമ്മൾ മടുത്തുപോകാതെ ആത്മാർഥമായി വീണ്ടുംവീണ്ടും പ്രാർഥിച്ചുകൊണ്ടിരിക്കണം. (ലൂക്കോ. 18:1-7) അങ്ങനെ ചെയ്യുന്നതിലൂടെ, അതു നമുക്കു വളരെ പ്രധാനപ്പെട്ടതാണെന്നു തെളിയിക്കുകയായിരിക്കും. നമ്മളെ സഹായിക്കാൻ യഹോവയ്ക്കു കഴിവുണ്ടെന്നു നമ്മൾ ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും അതിലൂടെ കാണിക്കുന്നു. w23.11 22 ¶10-11
ജൂൺ 20 വെള്ളി
“പ്രത്യാശ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല.”—റോമ. 5:5.
യഹോവ തന്റെ സുഹൃത്തായ അബ്രാഹാമിന് അദ്ദേഹത്തിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും എന്ന ഉറപ്പുകൊടുത്തു. (ഉൽപ. 15:5; 22:18) അബ്രാഹാമിനു ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ആ പറഞ്ഞത് എന്തായാലും നടക്കുമെന്ന ബോധ്യമുണ്ടായിരുന്നു. പക്ഷേ, അബ്രാഹാമിന് 100 വയസ്സും ഭാര്യയായ സാറയ്ക്ക് 90 വയസ്സും ഉള്ളപ്പോഴും അവർക്കൊരു മകൻ ഉണ്ടായിരുന്നില്ല. (ഉൽപ. 21:1-7) എന്നാൽ ബൈബിൾ പറയുന്നു: “വാഗ്ദാനത്തിനു ചേർച്ചയിൽ താൻ അനേകം ജനതകൾക്കു പിതാവാകും എന്ന് അബ്രാഹാം പ്രത്യാശയോടെ വിശ്വസിച്ചു.” (റോമ. 4:18) കാലങ്ങളായുള്ള അബ്രാഹാമിന്റെ പ്രത്യാശ വെറുതെയായില്ലെന്നു നമുക്ക് അറിയാം. കാത്തിരുന്നതുപോലെ യിസ്ഹാക്ക് എന്നൊരു മകൻ അവർക്കു ജനിച്ചു. യഹോവ തന്റെ വാക്കു പാലിക്കുമെന്ന് അബ്രാഹാമിനു അത്രയും ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ടാണ്? യഹോവയെ വളരെ നന്നായി അറിയാമായിരുന്നതുകൊണ്ട് ദൈവത്തിന്റെ വാഗ്ദാനം നിറവേറുമെന്ന് “അബ്രാഹാമിനു പൂർണബോധ്യമുണ്ടായിരുന്നു.” (റോമ. 4:21) ശക്തമായ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് അബ്രാഹാമിനെ യഹോവ അംഗീകരിച്ചതും നീതിമാനായി കണക്കാക്കിയതും.—യാക്കോ. 2:23. w23.12 8 ¶1-2
ജൂൺ 21 ശനി
“ചെറിയ കാര്യത്തിൽ വിശ്വസ്തനായവൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ നീതികേടു കാണിക്കുന്നവൻ വലിയ കാര്യത്തിലും നീതികേടു കാണിക്കും.”—ലൂക്കോ. 16:10.
ആശ്രയയോഗ്യനായ ഒരു ചെറുപ്പക്കാരൻ തനിക്കുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ശ്രദ്ധയോടെ, വിശ്വസ്തമായി ചെയ്യും. തികവുറ്റ മാതൃകയായ യേശുവിനെക്കുറിച്ച് ചിന്തിക്കുക. യേശു ഒരിക്കലും ഒരു തണുപ്പൻ മട്ടിൽ, ഉത്തരവാദിത്വബോധമില്ലാതെ പ്രവർത്തിച്ചില്ല. പകരം, യഹോവ ഏൽപ്പിച്ച എല്ലാ നിയമനങ്ങളും യേശു ചെയ്തു, അതു ബുദ്ധിമുട്ടായിരുന്നപ്പോഴും. അതിന് ഒരു ഉദാഹരണമാണ് മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കാൻ യേശു തയ്യാറായത്. ആളുകളോടുള്ള സ്നേഹമാണ് യേശുവിനെ അതിനു പ്രേരിപ്പിച്ചത്; പ്രത്യേകിച്ച് തന്റെ അനുഗാമികളോടുള്ള സ്നേഹം. (യോഹ. 13:1) യേശുവിനെ അനുകരിച്ചുകൊണ്ട്, നിങ്ങൾക്കു ലഭിക്കുന്ന ഏതൊരു നിയമനവും ചെയ്യാൻ കഠിനമായി ശ്രമിക്കുക. ആ നിയമനം എങ്ങനെ ചെയ്യണമെന്ന് നിങ്ങൾക്ക് അത്ര അറിയില്ലെങ്കിൽ താഴ്മയോടെ, പക്വതയുള്ള സഹോദരങ്ങളുടെ സഹായം ചോദിക്കുക. എന്തെങ്കിലും ഒന്നു ചെയ്തെന്നു വരുത്തിത്തീർക്കുക ആയിരിക്കരുത് നിങ്ങളുടെ ലക്ഷ്യം. (റോമ. 12:11) പകരം, “മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക് എന്നപോലെ . . . ചെയ്യുക.” (കൊലോ. 3:23) അപ്പോൾ നിങ്ങളുടെ നിയമനം ആത്മാർഥതയോടെ, മുഴുവനായി ചെയ്തുതീർക്കാൻ നിങ്ങൾക്കു തോന്നും. നിങ്ങൾ പൂർണരല്ലാത്തതുകൊണ്ട് തെറ്റുകൾ പറ്റും; എളിമയോടെ അതു സമ്മതിക്കുക.—സുഭാ. 11:2. w23.12 26 ¶8
ജൂൺ 22 ഞായർ
“യഹോവയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യൻ അനുഗൃഹീതൻ.”—യിരെ. 17:7.
സ്നാനപ്പെട്ട് യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകുന്നത് എത്ര വലിയ സന്തോഷമാണ്! അത് ഒരു ബഹുമതിതന്നെയാണ്. അതിന് അവസരം ലഭിച്ചവർ തീർച്ചയായും സങ്കീർത്തനക്കാരനായ ദാവീദിനോട് പൂർണമായും യോജിക്കും. അദ്ദേഹം ഇങ്ങനെ എഴുതി: “തിരുമുറ്റത്ത് വസിക്കാനായി അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ.” (സങ്കീ. 65:4) യഹോവ എല്ലാവരെയും തന്റെ തിരുമുറ്റത്തേക്കു ക്ഷണിക്കുമോ? ഇല്ല. താനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ ആഗ്രഹിക്കുന്നു എന്നു തെളിയിക്കുന്നവരെയാണ് യഹോവ ക്ഷണിക്കുന്നത്. (യാക്കോ. 4:8) സമർപ്പിച്ച് സ്നാനപ്പെടുമ്പോൾ യഹോവ ‘ഒന്നിനും കുറവില്ലാത്ത വിധം നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയും’ എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകും. (മലാ. 3:10; യിരെ. 17:8) സ്നാനം ഒരു തുടക്കം മാത്രമാണ്. സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും, തെറ്റു ചെയ്യാനുള്ള പ്രലോഭനമോ വിശ്വാസത്തിന്റെ പേരിലുള്ള പരിശോധനയോ ഒക്കെ നേരിട്ടാൽപ്പോലും. (സഭാ. 5:4, 5) ക്രിസ്തുശിഷ്യനെന്ന നിലയിൽ നിങ്ങൾ യേശുവിന്റെ മാതൃകയും കല്പനകളും അടുത്ത് പിൻപറ്റാനും കഠിനശ്രമം ചെയ്യും.—മത്താ. 28:19, 20; 1 പത്രോ. 2:21. w24.03 8 ¶1-3
ജൂൺ 23 തിങ്കൾ
“പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും.”—ഉൽപ. 2:24.
നിങ്ങൾക്ക് ഇണയോടൊപ്പം സമയം ചെലവഴിക്കാൻ അത്ര ഇഷ്ടമില്ലെങ്കിലോ? നിങ്ങൾക്ക് എന്തു ചെയ്യാം? ഒരു ഉദാഹരണം നോക്കാം. പുറത്ത് തീ കൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുക. ആദ്യം അത്ര വലിയ തീയൊന്നും കാണില്ല. എന്നാൽ, പതിയെപ്പതിയെ വലിയ വിറകുകഷണങ്ങൾ വെച്ചുകൊടുക്കുമ്പോഴാണു തീ ആളിക്കത്തുന്നത്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ സ്നേഹം വളരാനും അതുതന്നെ ചെയ്യാം. ഓരോ ദിവസവും അൽപ്പസമയം ഒരുമിച്ച് ചെലവഴിച്ചുകൊണ്ട് ഒരു തുടക്കമിടാം. ആ സമയത്ത് രണ്ടു പേർക്കും ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാം. (യാക്കോ. 3:18) അങ്ങനെ പതിയെപ്പതിയെ നിങ്ങൾക്കിടയിലുള്ള സ്നേഹം വീണ്ടും ആളിക്കത്താൻ ഇടയാകും. വിവാഹബന്ധത്തിൽ പരസ്പരമുള്ള ബഹുമാനം വളരെ പ്രധാനമാണ്. തീ ആളിക്കത്താൻ സഹായിക്കുന്ന ഓക്സിജൻപോലെയാണ് അതെന്നു പറയാം. ഓക്സിജൻ ഇല്ലെങ്കിൽ തീ പെട്ടെന്നു കെട്ടുപോകും. അതുപോലെ പരസ്പരം ബഹുമാനമില്ലെങ്കിൽ ദമ്പതികൾക്കിടയിലെ സ്നേഹം പെട്ടെന്നു തണുത്തുപോകും. എന്നാൽ, ഭാര്യാഭർത്താക്കന്മാർ പരസ്പരം ബഹുമാനം കാണിക്കുമ്പോൾ അവർക്കിടയിലെ സ്നേഹം ജ്വലിപ്പിച്ചുനിറുത്താൻ ശ്രമിക്കുകയായിരിക്കും. എന്നാൽ മനസ്സിൽപ്പിടിക്കേണ്ട ഒരു കാര്യം ഇണയെ ബഹുമാനിക്കുന്നുണ്ടെന്നു നിങ്ങൾക്കു മാത്രം തോന്നിയാൽ പോരാ, ഇണയ്ക്കുംകൂടെ തോന്നണം. w23.05 22 ¶9; 24 ¶14-15
ജൂൺ 24 ചൊവ്വ
“ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.”—സങ്കീ. 94:19.
ബൈബിളിൽ, ശത്രുക്കൾ നിമിത്തമോ മറ്റു സമ്മർദങ്ങൾകൊണ്ടോ പേടിയും സംഭ്രമവും ഒക്കെ തോന്നിയ വിശ്വസ്തരായ ദൈവദാസരെക്കുറിച്ച് പറയുന്നുണ്ട്. (സങ്കീ. 18:4; 55:1, 5) ഇതുപോലെ സ്കൂളിൽനിന്നോ ജോലിസ്ഥലത്തുനിന്നോ കുടുംബത്തിൽനിന്നോ ഗവൺമെന്റിൽനിന്നോ നമുക്ക് എതിർപ്പുകൾ നേരിട്ടേക്കാം. അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗം കാരണം മരിച്ചുപോകുമോ എന്ന പേടി തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ നിസ്സഹായനായ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് നമ്മളെന്നു നമുക്കു തോന്നും. എന്നാൽ യഹോവ സഹായിക്കും. എങ്ങനെ? യഹോവ നമ്മളെ ആശ്വസിപ്പിക്കും, സാന്ത്വനപ്പെടുത്തും. അതുകൊണ്ട് പ്രാർഥിച്ചുകൊണ്ടും ദൈവവചനം വായിച്ചുകൊണ്ടും യഹോവയോടൊപ്പം പതിവായി സമയം ചെലവഴിക്കുക. (സങ്കീ. 77:1, 12-14) അങ്ങനെയൊരു ശീലം നമുക്കുണ്ടെങ്കിൽ, പ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മുടെ സ്വർഗീയപിതാവായ യഹോവയുടെ അടുത്തേക്ക് ഓടിച്ചെല്ലാനായിരിക്കും മിക്കവാറും നമുക്ക് ആദ്യം തോന്നുക. നമ്മുടെ പേടിയും ആകുലതകളും എല്ലാം യഹോവയോടു തുറന്നുപറയുക. എന്നിട്ട്, തിരുവെഴുത്തുകൾ വായിക്കുക. അപ്പോൾ യഹോവ നിങ്ങളെ ആശ്വസിപ്പിക്കുന്നത് നിങ്ങൾക്കു അനുഭവിച്ചറിയാനാകും.—സങ്കീ. 119:28. w24.01 24–25 ¶14-16
ജൂൺ 25 ബുധൻ
‘നിങ്ങൾക്ക് ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും തന്നുകൊണ്ട് നിങ്ങൾക്ക് ഊർജം പകരുന്നതു ദൈവമാണ്.’—ഫിലി. 2:13.
ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ശക്തമായ ആഗ്രഹമുണ്ടായിരിക്കുന്നതു വളരെ പ്രധാനമാണ്. കാരണം അത്തരം ആഗ്രഹമുള്ള ഒരു വ്യക്തി അതിനുവേണ്ടി കഠിനശ്രമം ചെയ്യും. ലക്ഷ്യം നേടിയെടുക്കാനുള്ള നമ്മുടെ ആഗ്രഹം എത്രയധികമാണോ അത്രയധികമായിരിക്കും അതിൽ എത്തിച്ചേരാനുള്ള സാധ്യതയും. അതുകൊണ്ട് ആഗ്രഹം ശക്തമാക്കാൻ നമുക്ക് എന്തു ചെയ്യാം? ആഗ്രഹം ശക്തമാക്കാൻ പ്രാർഥിക്കുക. യഹോവയ്ക്കു തന്റെ ആത്മാവിനെ ഉപയോഗിച്ചുകൊണ്ട് ലക്ഷ്യത്തിൽ എത്താനുള്ള ആഗ്രഹം നമ്മളിൽ വളർത്താൻ കഴിയും. ചിലപ്പോൾ നമ്മൾ ഒരു ലക്ഷ്യം വെക്കുന്നത് അങ്ങനെ ചെയ്യേണ്ടതാണല്ലോ എന്ന് ഓർത്തായിരിക്കാം, അതു നല്ലതാണുതാനും. പക്ഷേ ആ ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള ആഗ്രഹമൊന്നും നമുക്കുണ്ടായിരിക്കണമെന്നില്ല. യഹോവ നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. (സങ്കീ. 143:5) യഹോവ തന്നോടു കാണിച്ച അനർഹദയയെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് ചിന്തിച്ചു. അതു ദൈവത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. (1 കൊരി. 15:9, 10; 1 തിമൊ. 1:12-14) അതുപോലെ യഹോവ നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് എത്രയധികം ചിന്തിക്കുന്നോ അതനുസരിച്ച് ലക്ഷ്യങ്ങളിൽ എത്തിച്ചേരാനുള്ള നിങ്ങളുടെ ആഗ്രഹവും ശക്തമാകും.—സങ്കീ. 116:12. w23.05 27 ¶3-5
ജൂൺ 26 വ്യാഴം
“യഹോവയുടെ പേരിനെ സ്തുതിക്കുവിൻ!”—സങ്കീ. 113:1.
നമ്മൾ യഹോവയുടെ നാമത്തെ സ്തുതിക്കുമ്പോൾ അത് സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കും. (സങ്കീ. 119:108) അതിന്റെ അർഥം സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ട് മറ്റുള്ളവരിൽനിന്ന് പുകഴ്ച കിട്ടണമെന്ന് ആഗ്രഹിക്കുന്ന അപൂർണമനുഷ്യരെപ്പോലെയാണു പരമാധികാരിയായ ദൈവം എന്നാണോ? അല്ല. നമ്മൾ സ്വർഗീയപിതാവിനെ സ്തുതിക്കുമ്പോൾ സാത്താൻ നമ്മളെക്കുറിച്ചുതന്നെ പറഞ്ഞ ഒരു നുണ തെറ്റാണെന്നു തെളിയിക്കാൻ നമുക്കു കഴിയും. ഒരു മനുഷ്യനും ദൈവനാമത്തെ വിശ്വസ്തമായി പിന്തുണയ്ക്കില്ലെന്നും പരിശോധന നേരിട്ടാൽ നിഷ്കളങ്കനായി തുടരില്ലെന്നും ആണ് സാത്താന്റെ വാദം. സ്വന്തം നേട്ടത്തിനുവേണ്ടി മനുഷ്യൻ ദൈവത്തെപ്പോലും തള്ളിപ്പറയാൻ തയ്യാറാകുമെന്നു സാത്താൻ പറയുന്നു. (ഇയ്യോ. 1:9-11; 2:4) പക്ഷേ വിശ്വസ്തനായ ഇയ്യോബ് സാത്താൻ ഒരു നുണയനാണെന്നു തെളിയിച്ചു. നിങ്ങളും അങ്ങനെ ചെയ്യുമോ? ദൈവനാമത്തിനുവേണ്ടി വിശ്വസ്തമായി നിൽക്കാനും നിഷ്കളങ്കതയോടെ ദൈവത്തെ സേവിച്ചുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാനും നമുക്കെല്ലാം അവസരമുണ്ട്. (സുഭാ. 27:11) അത് എത്ര വലിയൊരു കാര്യമാണ്! w24.02 8–9 ¶3-5
ജൂൺ 27 വെള്ളി
‘ദൈവത്തിന്റെ പ്രവാചകന്മാരിൽ വിശ്വസിക്കുക; നിങ്ങൾ വിജയം വരിക്കും.’—2 ദിന. 20:20.
മോശയുടെയും യോശുവയുടെയും കാലത്തിനു ശേഷം, തന്റെ ജനത്തെ വഴിനയിക്കാൻ യഹോവ ന്യായാധിപന്മാരെ ഉപയോഗിച്ചു. പിന്നീട്, രാജാക്കന്മാരുടെ കാലമായപ്പോൾ പ്രവാചകന്മാരിലൂടെയാണ് യഹോവ തന്റെ ജനത്തെ നയിച്ചത്. വിശ്വസ്തരായ രാജാക്കന്മാർ, പ്രവാചകന്മാർ പറഞ്ഞത് അനുസരിച്ചു. ഉദാഹരണത്തിന്, നാഥാൻ പ്രവാചകൻ ഒരു തിരുത്തൽ കൊടുത്തപ്പോൾ ദാവീദ് രാജാവ് അത് താഴ്മയോടെ സ്വീകരിച്ചു. (2 ശമു. 12:7, 13; 1 ദിന. 17:3, 4) യഹോശാഫാത്ത് രാജാവ് നിർദേശങ്ങൾക്കായി പ്രവാചകനായ യഹസീയേലിലേക്കു നോക്കുകയും ‘ദൈവത്തിന്റെ പ്രവാചകന്മാരിൽ വിശ്വസിക്കാൻ’ യഹൂദയിലുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (2 ദിന. 20:14, 15) ഇനി, ഒരു പ്രശ്നം നേരിട്ടപ്പോൾ രാജാവായ ഹിസ്കിയ, യശയ്യ പ്രവാചകന്റെ സഹായം തേടി. (യശ. 37:1-6) രാജാക്കന്മാർ യഹോവയുടെ വഴിനടത്തിപ്പ് അനുസരിച്ചപ്പോഴെല്ലാം യഹോവ അവരെ അനുഗ്രഹിക്കുകയും ദേശത്തെ സംരക്ഷിക്കുകയും ചെയ്തു. (2 ദിന. 20:29, 30; 32:22) പ്രവാചകന്മാരെ ഉപയോഗിച്ച് യഹോവയാണു തന്റെ ജനത്തെ വഴിനയിക്കുന്നതെന്ന് വ്യക്തമായിരുന്നു. w24.02 21 ¶8
ജൂൺ 28 ശനി
“നിങ്ങൾ അവരുടെകൂടെ കൂടരുത്.”—എഫെ. 5:7.
ചില ആളുകളുമായി സഹവസിച്ച് കഴിഞ്ഞാൽ യഹോവയുടെ നിലവാരങ്ങൾ അനുസരിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാകും. അങ്ങനെയുള്ളവരുമായി നമ്മൾ സമയം ചെലവഴിക്കണം എന്നാണ് സാത്താൻ ആഗ്രഹിക്കുന്നത്. ഇക്കാലത്ത്, നേരിട്ട് മാത്രമല്ല സോഷ്യൽമീഡിയയിലൂടെയും മോശമായ സുഹൃത്തുക്കൾ നമ്മുടെ അടുത്ത് വന്നേക്കാം. അധാർമികപ്രവൃത്തികളൊന്നും ഒരു തെറ്റല്ല എന്ന ലോകത്തിന്റെ ചിന്തയ്ക്ക് എതിരെ നമ്മൾ പോരാടണം. കാരണം, ആ ചിന്ത തെറ്റാണെന്നു നമുക്ക് അറിയാം. (എഫെ. 4:19, 20) നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്: ‘യഹോവയുടെ നിലവാരങ്ങളെ ആദരിക്കാത്ത സഹജോലിക്കാരുമായും സഹപാഠികളുമായും മറ്റുള്ളവരുമായും അതിരുകവിഞ്ഞ സഹവാസത്തിനു പോകാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടോ? മറ്റുള്ളവർ എന്നെ കടുംപിടുത്തക്കാരൻ എന്ന് വിളിച്ചാൽപ്പോലും ധൈര്യത്തോടെ യഹോവയുടെ നിലവാരങ്ങൾ അനുസരിക്കാൻ ഞാൻ തയ്യാറാകുമോ?’ ഇനി, 2 തിമൊഥെയൊസ് 2:20-22 പറയുന്നതുപോലെ, ക്രിസ്തീയസഭയിൽനിന്ന് അടുത്ത സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കണം. കാരണം, സഭയിലുള്ളവരാണെങ്കിലും ചിലർ, യഹോവയെ വിശ്വസ്തമായി സേവിക്കാൻ നമ്മളെ സഹായിക്കണമെന്നില്ല. w24.03 22–23 ¶11-12
ജൂൺ 29 ഞായർ
‘യഹോവ വാത്സല്യം നിറഞ്ഞ ദൈവമാണ്.’—യാക്കോ. 5:11.
യഹോവയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ എങ്ങനെയുള്ള ഒരു ചിത്രമാണു വരുന്നത്? യഹോവയെ കാണാൻ പറ്റില്ലെങ്കിലും ബൈബിൾ ദൈവത്തെ പല വിധങ്ങളിൽ വർണിച്ചിട്ടുണ്ട്. യഹോവയെ “സൂര്യനും പരിചയും” എന്നും “ദഹിപ്പിക്കുന്ന അഗ്നി” എന്നും വിളിച്ചിരിക്കുന്നു. (സങ്കീ. 84:11; എബ്രാ. 12:29) യഹോവയുടെ സാന്നിധ്യത്തെ ഇന്ദ്രനീലക്കല്ലിനോടും തിളങ്ങുന്ന ഒരു ലോഹത്തോടും മഴവില്ലിന്റെ ശോഭയോടും ഒക്കെ താരതമ്യപ്പെടുത്തിയിട്ടുണ്ട്. (യഹ. 1:26-28) നമുക്കു ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട് ദൈവം നമ്മളെ സ്നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. നമ്മളിൽ ചിലർ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങൾ കാരണം യഹോവയ്ക്കു തങ്ങളെ സ്നേഹിക്കാനേ കഴിയില്ലെന്നു ചിന്തിക്കുന്നവരായിരിക്കും. നമ്മുടെ ഈ ചിന്തകൾ യഹോവ മനസ്സിലാക്കുന്നുണ്ട്. യഹോവയോട് അടുക്കാൻ നമുക്കു തോന്നുന്ന ആ ബുദ്ധിമുട്ട് ദൈവത്തിന് അറിയാം. അതുകൊണ്ട് നമ്മളെ സഹായിക്കുന്നതിനായി, താൻ എങ്ങനെയുള്ള ഒരു പിതാവാണെന്നു ദൈവവചനത്തിലൂടെ യഹോവ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഒറ്റ വാക്കിൽ ദൈവത്തെ വർണിക്കാൻ പറഞ്ഞാൽ നമുക്ക് യഹോവയെ സ്നേഹം എന്നു വിളിക്കാനാകും. ബൈബിൾ പറയുന്നു: “ദൈവം സ്നേഹമാണ്.” (1 യോഹ. 4:8) യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈ സ്നേഹമുണ്ട്. ഈ സ്നേഹം വളരെ വിശാലമാണ്, ശക്തവുമാണ്. അതുകൊണ്ടാണ്, തന്നെ സ്നേഹിക്കാത്തവരെപ്പോലും യഹോവ സ്നേഹിക്കുന്നത്.—മത്താ. 5:44, 45. w24.01 26 ¶1-3
ജൂൺ 30 തിങ്കൾ
“മേഘസ്തംഭത്തിൽനിന്ന് ദൈവം അവരോടു സംസാരിച്ചു.”—സങ്കീ. 99:7.
ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് മോചിപ്പിച്ച് കൊണ്ടുവരാൻ യഹോവ മോശയെ നിയമിച്ചു. വ്യക്തമായ അടയാളം എന്ന നിലയിൽ പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും തങ്ങൾക്കു മുമ്പേ പോകുന്നത് ഇസ്രായേല്യർക്കു കാണാമായിരുന്നു. (പുറ. 13:21) അത് നയിക്കുന്ന വഴിയിലൂടെയാണു മോശ ഇസ്രായേല്യരെ കൊണ്ടുപോയത്. അങ്ങനെ അവർ ചെങ്കടലിന് അടുത്തെത്തി. അപ്പോഴാണ്, ഈജിപ്തിലെ സൈന്യം പിന്നാലെ വന്നത്. കടലിനും സൈന്യത്തിനും നടുവിലായ അവർ ആകെ പേടിച്ചുപോയി. പക്ഷേ, മോശയ്ക്കു തെറ്റുപറ്റിയിട്ടില്ലായിരുന്നു. മോശയിലൂടെ യഹോവ മനഃപൂർവ്വം തന്റെ ജനത്തെ അങ്ങോട്ട് നയിച്ചതുതന്നെയാണ്. (പുറ. 14:2) അതിശയകരമായ വിധത്തിൽ യഹോവ അന്ന് അവരെ വിടുവിച്ചു. (പുറ. 14:26-28) പിന്നീടുള്ള 40 വർഷം, ദൈവജനത്തെ വിജനഭൂമിയിലൂടെ നയിക്കുന്നതിനു മോശ ഈ മേഘസ്തംഭത്തെ ആശ്രയിച്ചു. (പുറ. 33:7, 9, 10) ആ സ്തംഭത്തിൽനിന്ന് യഹോവ മോശയോടു സംസാരിക്കും. അങ്ങനെ കിട്ടുന്ന നിർദേശങ്ങൾ മോശ ജനത്തെ അറിയിച്ചു. അതുകൊണ്ടുതന്നെ യഹോവയാണു മോശയെ ഉപയോഗിക്കുന്നതെന്നു വിശ്വസിക്കാൻ ഇസ്രായേല്യർക്കു ശക്തമായ കാരണങ്ങളുണ്ടായിരുന്നു. w24.02 21 ¶4-5