നിങ്ങൾ ഒരു ബൈബിളദ്ധ്യയനം നടത്താൻ ആഗ്രഹിക്കേണ്ടതെന്തുകൊണ്ട്?
1 ഒരു ക്രിസ്ത്യാനിയെസംബന്ധിച്ചടത്തോളം ഏററം പ്രതിഫലദായകമായ അനുഭവങ്ങളിലൊന്ന് യേശുവിന്റെ ശിഷ്യനായിത്തീരാൻ മറെറാരാളെ സഹായിക്കുന്നതിന് യഹോവയാൽ ഉപയോഗിക്കപ്പെടുന്നതാണ്. (മത്താ. 28:19, 20; 1 കൊരി. 3:6, 9) ഈ വിധത്തിൽ നാം സഹായിക്കുന്നവർക്ക് അത് നിത്യജീവൻ കൈവരുത്തിയേക്കാം.
2 പഠിപ്പിക്കുന്നയാളും പഠിക്കുന്നയാളും തമ്മിൽ വളരെ അടുത്ത ഒരു ബന്ധം വികാസംപ്രാപിക്കുന്നു. വിദ്യാർത്ഥിയുടെ ആത്മീയവളർച്ച തീർച്ചയായും വലിയ സന്തോഷത്തിന്റെ ഒരു ഉറവാണ്. (1 തെസ്സ. 2:11, 19, 20) അതുകൊണ്ട്, തന്റെ കുടുംബത്തിനു പുറത്ത് കുറഞ്ഞപക്ഷം ഒരു ഭവനബൈബിളദ്ധ്യയനമെങ്കിലും നടത്തുകയെന്നതായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും ലാക്ക്. തീർച്ചയായും സ്വന്തം കുടുംബവുമായി അർത്ഥവത്തും നിരന്തരവുമായ ഒരു അദ്ധ്യയനം നടത്തുകയെന്നത് ഓരോ കുടുംബത്തലവന്റെയും ഉത്തരവാദിത്തമാണ്. പിതാവ് ഒരു വിശ്വാസിയല്ലാത്ത കുടുംബങ്ങളിൽ കുട്ടികളുമായി ബൈബിളദ്ധ്യയനം നടത്തുന്നതിന് ക്രിസ്തീയ മാതാവ് സമുചിത ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.
അദ്ധ്യയനങ്ങൾക്കായി പ്രാർത്ഥിക്കുക
3 നാം അന്ത്യകാലത്ത് ബഹുദൂരം എത്തിയിരിക്കുന്നതുകൊണ്ട് ഫലപ്രദമായ ബൈബിൾ അദ്ധ്യയനങ്ങൾ നടത്താൻ എല്ലാവരും ശ്രമം ചെയ്യേണ്ടതാണ്. ഈ കാര്യത്തിൽ യഹോവയോടുളള നിരന്തരപ്രാർത്ഥന ഒരു ബൈബിളദ്ധ്യയനം നടത്താനുളള നമ്മുടെ ആത്മാർത്ഥമായ ആഗ്രഹത്തെ പ്രകടമാക്കുന്നു. ഉൾപ്പെട്ടിരിക്കുന്ന ജീവൻമരണവിവാദവിഷയം നാം മനസ്സിലാക്കുന്നുണ്ടെന്ന് അതു പ്രകടമാക്കുന്നു. (യെഹെ. 33:7-9, 14-16) നമ്മുടെ മനസ്സാക്ഷിപൂർവകമായ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് നമുക്കുറപ്പുണ്ടായിരിക്കാവുന്നതാണ്.—1 യോഹ. 5:14, 15.
4 ശിഷ്യരെ ഉളവാക്കുന്നതിൽ ഫലപ്രദരായിത്തീരുന്നതിന് നാം നന്നായി തയ്യാറാകണം. ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നതിൽ വൈദഗ്ദ്ധ്യമുളള മററുളളവരെ നിരീക്ഷിക്കുന്നതും വളരെ സഹായകമാണ്. വരുംമാസങ്ങളിൽ ശിഷ്യരെ ഉളവാക്കുന്നതിൽ ഫലപ്രദരായിരിക്കുന്ന സഞ്ചാരമേൽവിചാരകൻമാരിൽനിന്നും മററുളളവരിൽനിന്നുമുളള നിർദ്ദേശങ്ങൾ ഞങ്ങൾ നൽകുന്നതായിരിക്കും. ലേഖനങ്ങളുടെ ഒരു പരമ്പര ഫലപ്രദമായ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച പ്രായോഗികമായ ചില ആശയങ്ങളെ പ്രദീപ്തമാക്കും.
ഭാവി ലേഖനങ്ങൾ
5 നമ്മുടെ രാജ്യശുശ്രൂഷയുടെ ഭാവിലക്കങ്ങളിൽ പരിചിന്തിക്കപ്പെടുന്ന ഈ ആശയങ്ങളിൽ ചിലത് ഏവയാണ്? വിവിധ പ്രസാധകരും പയനിയർമാരും ബൈബിളദ്ധ്യയനങ്ങൾ തുടങ്ങിയിട്ടുളളതെങ്ങനെയെന്നും തങ്ങളുടെ അദ്ധ്യേതാക്കളുടെ ഹൃദയങ്ങളിൽ എത്തുന്നതിന് അവർ ഏതു പഠിപ്പിക്കൽരീതികൾ ഉപയോഗിച്ചിട്ടുണ്ടെന്നും നാം ചർച്ചചെയ്യും. യഹോവയുടെ സ്ഥാപനത്തേട് വിലമതിപ്പ് കെട്ടുപണിചെയ്യുന്നതു സംബന്ധിച്ചും വയൽസേവനത്തിൽ പങ്കെടുക്കാനുളള ആഗ്രഹം നട്ടുവളർത്തുന്നതു സംബന്ധിച്ചുമുളള നിർദ്ദേശങ്ങളും ഞങ്ങൾ പങ്കുവെക്കുന്നതായിരിക്കും. നിങ്ങളുടെ കുട്ടികൾ യഹോവയുമായി വ്യക്തിപരമായ അടുത്ത ബന്ധം വളർത്തിയെടുക്കത്തക്കവണ്ണം നിങ്ങളുടെ സ്വന്തം കുടുംബ ബൈബിളദ്ധ്യയനത്തെ കൂടുതൽ അർത്ഥവത്താക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങളും ഉണ്ടായിരിക്കും.
6 കഴിഞ്ഞ നാലു സേവനവർഷങ്ങളിൽ 9,59,834 പേർ ലോകവ്യാപകമായി സ്നാപനമേററിട്ടുണ്ട്. ഇവരിൽ 836 പേർ ഇൻഡ്യയിലെ സഭകളിൽനിന്നുളളവരായിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും അവരോടുകൂടെ ഒരു ബൈബിളദ്ധ്യയനം നടത്തിയ ഒരാളുടെ സഹായത്തോടെയാണ് സ്നാപനഘട്ടത്തിലെത്തിയത്. സ്മാരകത്തിന്റെയും നമ്മുടെ ഡിസ്ട്രിക്ററ് കൺവെൻഷനുകളുടെയും ഹാജർ സ്നാപനത്തിലേക്കു പുരോഗമിക്കാൻ സഹായിക്കപ്പെടാവുന്ന അനേകർകൂടെ ഉണ്ടെന്നു സൂചിപ്പിക്കുന്നു. അങ്ങനെയുളളവരുമായി അദ്ധ്യയനംതുടങ്ങി നടത്താനുളള നമ്മുടെ ശ്രമങ്ങൾ തുടരുന്നതിനാൽ ശിഷ്യരായിത്തീരാനും ഒടുവിൽ നിത്യജീവൻ ആസ്വദിക്കാനും അനേകരെക്കൂടെ സഹായിക്കാൻ നാം പ്രാപ്തരായിത്തീർന്നേക്കാം.—1 തിമൊ.6:12, 19.