ബൈബിൾ നന്നായി ഉപയോഗിക്കുക
1. ബൈബിൾ ഇത്രമാത്രം ഉപയോഗപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
1 ദൈവത്തിന്റെ നിശ്വസ്തവചനത്തിന്റെ സമർഥവും വിവേകപൂർവകവുമായ ഉപയോഗം, സത്യം വ്യക്തമായി ഘോഷിക്കാനും പഠിപ്പിക്കാനും നമ്മെ സഹായിക്കുന്നു. കൂടാതെ വ്യാജോപദേശങ്ങളും തിരുവെഴുത്തുവിരുദ്ധമായ മനുഷ്യ പാരമ്പര്യങ്ങളും തുറന്നുകാട്ടാനും അത് ഉപകരിക്കുന്നു.—2 തിമൊ. 2:15; 1 പത്രോ. 3:15.
2. തിരുവെഴുത്തുകൾ എളുപ്പം കണ്ടുപിടിക്കാൻ നമ്മെ എന്തു സഹായിക്കും?
2 ബൈബിൾ നന്നായി ഉപയോഗിക്കാൻ പഠിക്കുക: ഏതൊരു ഉപകരണത്തിന്റെയും കാര്യത്തിലെന്നപോലെ, കൂടെക്കൂടെ കൈകാര്യംചെയ്യുമ്പോഴാണ് നാം ബൈബിളിന്റെ ഉപയോഗത്തിൽ സമർഥരായിത്തീരുന്നത്. ബൈബിൾ പുറത്തോടുപുറം വായിക്കുന്നതിലൂടെ അതിന്റെ പ്രതിപാദ്യവിഷയം സംബന്ധിച്ച് ഒരു ആകമാന വീക്ഷണം നമുക്കു ലഭിക്കുന്നു. തിരുവെഴുത്തുകൾ ഓർത്തിരിക്കാനും പെട്ടെന്നു കണ്ടുപിടിക്കാനും അതു നമ്മെ സഹായിക്കും. അനൗപചാരികമായും വീടുതോറും സാക്ഷീകരിക്കുമ്പോൾ കൂടുതൽ ഉത്സാഹത്തോടെയും ബോധ്യത്തോടെയും സംസാരിക്കാനും നാം പ്രാപ്തരായിത്തീരും.—1 തെസ്സ. 1:5.
3, 4. (എ) ബൈബിളിന്റെ ഉപയോഗത്തിൽ വൈദഗ്ധ്യം നേടുന്നതിനുള്ള ചില മാർഗങ്ങളേവ? (ബി) ഇതിനായി മറ്റെന്തെങ്കിലും മാർഗങ്ങൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ?
3 സഭായോഗങ്ങളുടെ സമയത്ത് സ്വന്തം ബൈബിൾ തുറന്ന് വാക്യങ്ങൾ ഒത്തുനോക്കുന്നതു ശീലമാക്കുക. വ്യക്തിപരമായ പഠനം നടത്തുമ്പോഴും യോഗങ്ങൾക്കു തയ്യാറാകുമ്പോഴും പരാമർശിത വാക്യങ്ങൾ എടുത്തുനോക്കി അവയെങ്ങനെ ബാധകമാകുന്നു എന്നതിനെക്കുറിച്ചു ധ്യാനിക്കുക. ബൈബിൾവാക്യങ്ങൾ കമ്പ്യൂട്ടറിൽനിന്നോ ഒരു പേപ്പറിൽ പ്രിന്റ്ചെയ്ത് എടുത്തിട്ടോ വായിക്കുന്നതിനു പകരം ബൈബിളിൽനിന്നു നേരിട്ടുവായിക്കുന്നത് പിന്നീട് ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ആ വാക്യങ്ങൾ എളുപ്പം കണ്ടുപിടിക്കാൻ സഹായകമാണെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു.—യോഹ. 14:26.
4 ബൈബിൾവാക്യങ്ങൾ മനഃപാഠമാക്കാൻ ചില കുടുംബങ്ങൾ സമയം വേർതിരിച്ചിരിക്കുന്നു. ഒരു വശത്ത് തിരുവെഴുത്തു പരാമർശവും മറുവശത്ത് ആ വാക്യവും എഴുതിയിട്ടുള്ള കാർഡുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. തിരുവെഴുത്തുകൾ ഉദ്ധരിക്കാൻ അല്ലെങ്കിൽ അവ ബൈബിളിൽ എവിടെയാണെന്നു പറയാൻ ഓരോരുത്തർക്കും കഴിയുമോയെന്നറിയാൻ ഈ കാർഡുകൾ എല്ലാവരും മാറിമാറി ഉപയോഗിക്കുന്നു. കൂടാതെ വയൽസേവനത്തിനുള്ള അവതരണങ്ങൾ നടത്തിനോക്കുന്നതും തടസ്സവാദത്തിനോ ചോദ്യത്തിനോ ബൈബിളുപയോഗിച്ച് ഉത്തരം നൽകാൻ പരിശീലിക്കുന്നതും നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കും.
5. ബൈബിൾ ഉപയോഗിക്കുന്നതിൽ നാം വിദഗ്ധരായിത്തീരേണ്ടത് എന്തുകൊണ്ട്?
5 ബൈബിളിനോടു കിടപിടിക്കുന്ന മറ്റൊരു ഗ്രന്ഥവുമില്ല. ആളുകളെ “രക്ഷ പ്രാപിക്കുന്നതിനു . . . ജ്ഞാനിയാക്കാൻ പര്യാപ്തമായ” വചനങ്ങൾ അടങ്ങിയ ഏക പുസ്തകമാണ് അത്. (2 തിമൊ. 3:15) ബൈബിളിലെ അമൂല്യമായ നിക്ഷേപത്തെക്കുറിച്ച് മിക്കവർക്കും അറിയില്ലാത്തതിനാൽ, അതിലെ വിവരങ്ങൾ അവർക്കു പകർന്നുകൊടുക്കാനായി നാം നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കേണ്ടതുണ്ട്.—സദൃ. 2:1-5.