ആവർത്തനം
1 വിജനഭൂമിയിലുള്ള* യോർദാൻ പ്രദേശത്തുവെച്ച്, അതായത് സൂഫിനു മുന്നിൽ പാരാൻ, തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നിവയ്ക്കു നടുവിലുള്ള മരുപ്രദേശത്തുവെച്ച്, മോശ ഇസ്രായേലിനോടെല്ലാം പറഞ്ഞ വാക്കുകൾ ഇതാണ്. 2 ഹോരേബിൽനിന്ന് സേയീർ പർവതം വഴി കാദേശ്-ബർന്നേയയിലേക്ക്+ 11 ദിവസത്തെ വഴിദൂരമുണ്ട്. 3 ഇസ്രായേല്യരോടു പറയാൻ യഹോവ മോശയോടു കല്പിച്ചതെല്ലാം 40-ാം വർഷം+ 11-ാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു. 4 ഹെശ്ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനെയും,+ എദ്രെയിൽവെച്ച് അസ്താരോത്തിൽ+ താമസിച്ചിരുന്ന ബാശാൻരാജാവായ ഓഗിനെയും+ മോശ തോൽപ്പിച്ചശേഷമായിരുന്നു അത്. 5 മോവാബ് ദേശത്തെ യോർദാൻ പ്രദേശത്തുവെച്ച് മോശ ഈ നിയമം* വിശദീകരിച്ചു.+ മോശ പറഞ്ഞു:
6 “നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മളോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ കുറെ കാലമായി ഈ മലനാട്ടിൽ താമസിക്കുന്നു.+ 7 ഇപ്പോൾ തിരിഞ്ഞ് അമോര്യരുടെ+ മലനാട്ടിലേക്കും അവരുടെ അടുത്തുള്ള അരാബ,+ മലനാട്, ഷെഫേല, നെഗെബ്, തീരദേശം+ എന്നിങ്ങനെ കനാന്യർ താമസിക്കുന്ന പ്രദേശങ്ങളിലേക്കും പോകുക. ലബാനോനിലേക്കും*+ മഹാനദിയായ യൂഫ്രട്ടീസ്+ വരെയും നിങ്ങൾ ചെല്ലണം. 8 ഇതാ, ഞാൻ ദേശം നിങ്ങളുടെ മുന്നിൽ വെച്ചിരിക്കുന്നു. നിങ്ങൾ ചെന്ന് യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്,+ യാക്കോബ്+ എന്നിവരോട്, അവർക്കും അവരുടെ ശേഷം അവരുടെ സന്തതിക്കും* നൽകുമെന്നു സത്യം ചെയ്ത ദേശം കൈവശമാക്കിക്കൊള്ളുക.’+
9 “അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: ‘എനിക്ക് ഒറ്റയ്ക്കു നിങ്ങളെ വഹിക്കാൻ കഴിയില്ല.+ 10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു; നിങ്ങൾ ഇതാ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായിരിക്കുന്നു.+ 11 നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിന്റെ ആയിരം മടങ്ങായി വർധിപ്പിക്കട്ടെ;+ വാഗ്ദാനം ചെയ്തതുപോലെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.+ 12 പക്ഷേ എനിക്കു തനിയെ ചുമക്കാൻ പറ്റാത്തത്ര ഭാരമാണു നിങ്ങൾ. ഈ ചുമടും നിങ്ങളുടെ കലഹങ്ങളും ഞാൻ തനിയെ എങ്ങനെ വഹിക്കും?+ 13 അതുകൊണ്ട് നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് ജ്ഞാനവും വിവേകവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഞാൻ അവരെ നിങ്ങൾക്കു തലവന്മാരായി നിയമിക്കാം.’+ 14 അപ്പോൾ നിങ്ങൾ എന്നോട്, ‘അങ്ങ് പറഞ്ഞതു നല്ല കാര്യമാണ്’ എന്നു പറഞ്ഞു. 15 അങ്ങനെ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരെ, ജ്ഞാനവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെ, ആയിരം പേർക്കു പ്രമാണിമാർ, നൂറു പേർക്കു പ്രമാണിമാർ, അമ്പതു പേർക്കു പ്രമാണിമാർ, പത്തു പേർക്കു പ്രമാണിമാർ, ഗോത്രങ്ങൾക്ക് അധികാരികൾ എന്നിങ്ങനെ നിങ്ങൾക്കു തലവന്മാരായി നിയമിച്ചു.+
16 “അക്കാലത്ത് നിങ്ങളുടെ ന്യായാധിപന്മാർക്കു ഞാൻ ഈ നിർദേശം നൽകി: ‘ഒരുവൻ സഹോദരന് എതിരെയോ അല്ലെങ്കിൽ ദേശത്ത് വന്നുതാമസിക്കുന്ന ഒരു വിദേശിക്കെതിരെയോ+ പരാതിയുമായി വന്നാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നീതിയോടെ വിധിക്കണം.+ 17 ന്യായം വിധിക്കുമ്പോൾ നിങ്ങൾ പക്ഷപാതം കാണിക്കരുത്.+ വലിയവന്റെ ഭാഗം കേൾക്കുന്നതുപോലെതന്നെ ചെറിയവന്റെ ഭാഗവും കേൾക്കണം.+ നിങ്ങൾ മനുഷ്യരെ ഭയപ്പെടരുത്.+ കാരണം ന്യായവിധി ദൈവത്തിനുള്ളതാണ്.+ ഒരു പരാതി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ അത് എന്റെ അടുത്ത് കൊണ്ടുവരുക, ഞാൻ അതു കേട്ടുകൊള്ളാം.’+ 18 അങ്ങനെ, ചെയ്യേണ്ട കാര്യങ്ങളെല്ലാം അക്കാലത്ത് ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നു.
19 “അതിനു ശേഷം, നമ്മുടെ ദൈവമായ യഹോവ കല്പിച്ചതുപോലെ നമ്മൾ ഹോരേബിൽനിന്ന് പുറപ്പെട്ട് അമോര്യരുടെ മലനാട്ടിലേക്കുള്ള+ വഴിയിൽ കണ്ട വലുതും ഭയാനകവും ആയ ആ വിജനഭൂമിയിലെങ്ങും+ സഞ്ചരിച്ചു. ഒടുവിൽ നമ്മൾ കാദേശ്-ബർന്നേയയിൽ എത്തി.+ 20 അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: ‘നമ്മുടെ ദൈവമായ യഹോവ നമുക്കു തന്നിരിക്കുന്ന അമോര്യരുടെ മലനാട്ടിൽ നിങ്ങൾ എത്തിയിരിക്കുന്നു. 21 ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. ചെന്ന് നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു പറഞ്ഞതുപോലെ അതു കൈവശമാക്കിക്കൊള്ളുക.+ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ.’
22 “എന്നാൽ നിങ്ങൾ എല്ലാവരും എന്റെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: ‘നമുക്കു മുമ്പായി ദേശം ഒറ്റുനോക്കാൻ ചില പുരുഷന്മാരെ അയയ്ക്കാം. ഏതു വഴിക്കു പോകണമെന്നും നമ്മൾ തോൽപ്പിക്കേണ്ട നഗരങ്ങൾ എങ്ങനെയുള്ളതാണെന്നും മനസ്സിലാക്കി, അവർ നമ്മളെ വിവരം അറിയിക്കട്ടെ.’+ 23 ആ നിർദേശം കൊള്ളാമെന്ന് എനിക്കു തോന്നി. അങ്ങനെ ഞാൻ നിങ്ങളിൽനിന്ന് 12 പേരെ, ഒരു ഗോത്രത്തിന് ഒരാളെ വീതം, തിരഞ്ഞെടുത്തു.+ 24 അവർ മലനാട്ടിലേക്കു പുറപ്പെട്ട് എശ്ക്കോൽ താഴ്വരയോളം* ചെന്ന് അത് ഒറ്റുനോക്കി.+ 25 ആ ദേശത്തെ ചില പഴങ്ങളുമായി അവർ നമ്മുടെ അടുത്ത് മടങ്ങിവന്നു; ഈ വാർത്തയും നമ്മളെ അറിയിച്ചു: ‘നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം വളരെ നല്ലതാണ്.’+ 26 എന്നാൽ നിങ്ങൾ അങ്ങോട്ടു പോകാൻ വിസമ്മതിച്ചുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചു.+ 27 നിങ്ങളുടെ കൂടാരങ്ങളിൽവെച്ച് നിങ്ങൾ ഇങ്ങനെ പിറുപിറുത്തു: ‘യഹോവയ്ക്കു നമ്മളോടു വെറുപ്പാണ്. അതുകൊണ്ടാണ് അമോര്യരുടെ കൈയിൽ ഏൽപ്പിച്ച് നമ്മളെ നശിപ്പിക്കാനായി ഈജിപ്ത് ദേശത്തുനിന്ന് നമ്മളെ കൊണ്ടുവന്നത്. 28 നമ്മൾ ആ ദേശത്തേക്ക് എങ്ങനെ കടക്കാനാണ്? നമ്മുടെ സഹോദരന്മാർ നമ്മുടെ മനസ്സ് ഇടിച്ചുകളഞ്ഞു.*+ അവർ പറഞ്ഞു: “ആ ജനം നമ്മളെക്കാൾ വലിയവരും ഉയരമുള്ളവരും ആണ്. അവരുടെ നഗരങ്ങൾ പ്രബലവും കോട്ടകൾ ആകാശത്തോളം എത്തുന്നവയും ആണ്.+ അനാക്യവംശജരെയും+ അവിടെ കണ്ടു.”’
29 “അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: ‘അവർ കാരണം നടുങ്ങുകയോ ഭയപ്പെടുകയോ ചെയ്യരുത്.+ 30 ഈജിപ്തിൽ നിങ്ങളുടെ കൺമുന്നിൽവെച്ച് ചെയ്തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു മുമ്പായി പോകുകയും നിങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യും.+ 31 ഒരു അപ്പൻ മകനെ കൈകളിൽ എടുത്ത് നടക്കുന്നതുപോലെ, നിങ്ങൾ ഇവിടെ എത്തുംവരെ, നിങ്ങൾ പോയ സ്ഥലത്തൊക്കെയും, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൈകളിൽ കൊണ്ടുനടന്നതു വിജനഭൂമിയിൽവെച്ച് നിങ്ങൾ കണ്ടതല്ലേ?’ 32 എന്നിട്ടും നിങ്ങളുടെ ദൈവമായ യഹോവയിൽ നിങ്ങൾ വിശ്വസിച്ചില്ല.+ 33 നിങ്ങൾക്കു പാളയമടിക്കാനുള്ള സ്ഥലം കണ്ടെത്താൻവേണ്ടി ദൈവം നിങ്ങൾക്കു മുമ്പായി നിങ്ങളുടെ വഴിയേ പോയി. നിങ്ങൾക്കു വഴി കാട്ടാൻ രാത്രി അഗ്നിയിലും പകൽ മേഘത്തിലും പ്രത്യക്ഷനായി.+
34 “എന്നാൽ നിങ്ങൾ പറഞ്ഞതെല്ലാം യഹോവ കേൾക്കുന്നുണ്ടായിരുന്നു. ദൈവം നിങ്ങളോടു കോപിച്ച് ഇങ്ങനെ സത്യം ചെയ്തു:+ 35 ‘ഈ ദുഷ്ടതലമുറയിൽപ്പെട്ട ഒരാൾപ്പോലും നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ സത്യം ചെയ്ത ആ നല്ല ദേശം കാണില്ല.+ 36 എന്നാൽ യഫുന്നയുടെ മകനായ കാലേബ് അതു കാണും. അവൻ നടന്നുകണ്ട ആ ദേശം ഞാൻ അവനും അവന്റെ പുത്രന്മാർക്കും കൊടുക്കുകയും ചെയ്യും. കാരണം കാലേബ് യഹോവയെ മുഴുഹൃദയത്തോടെ* അനുഗമിച്ചിരിക്കുന്നു.+ 37 (നിങ്ങൾ കാരണം യഹോവ എന്നോടും കോപിച്ചു. എന്നോടു പറഞ്ഞു: “നീയും അവിടേക്കു കടക്കില്ല.+ 38 എന്നാൽ നിനക്കു ശുശ്രൂഷ ചെയ്യുന്ന, നൂന്റെ മകനായ യോശുവ+ ആ ദേശത്തേക്കു കടക്കും.+ ഇസ്രായേലിനു ദേശം അവകാശമാക്കിക്കൊടുക്കുന്നത് അവനായിരിക്കും. അതുകൊണ്ട് അവനെ ബലപ്പെടുത്തുക.”*)+ 39 കൂടാതെ, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളും,+ ഗുണവും ദോഷവും വിവേചിക്കാൻ അറിയാത്ത നിങ്ങളുടെ കുട്ടികളും അവിടെ കടക്കും. ഞാൻ അവർക്ക് അത് അവകാശമായി കൊടുക്കുകയും ചെയ്യും.+ 40 എന്നാൽ നിങ്ങൾ ഇപ്പോൾ തിരിഞ്ഞ് ചെങ്കടലിന്റെ വഴിക്കു വിജനഭൂമിയിലേക്കു പോകുക.’+
41 “അപ്പോൾ നിങ്ങൾ എന്നോടു പറഞ്ഞു: ‘ഞങ്ങൾ യഹോവയോടു പാപം ചെയ്തു. ഞങ്ങളുടെ ദൈവമായ യഹോവ കല്പിച്ചതുപോലെ ഞങ്ങൾ ഇപ്പോൾ കയറിച്ചെന്ന് യുദ്ധം ചെയ്യും!’ അങ്ങനെ നിങ്ങൾ ഓരോരുത്തരും ആയുധം ഏന്തി യുദ്ധത്തിനു സജ്ജരായി; പർവതത്തിലേക്കു കയറിച്ചെല്ലുന്നത് എളുപ്പമായിരിക്കുമെന്നു നിങ്ങൾ കരുതി.+ 42 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘അവരോടു പറയുക: “നിങ്ങൾ യുദ്ധത്തിനു പോകരുത്; കാരണം ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ നിങ്ങൾ പോയാൽ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.”’ 43 ഞാൻ അതു നിങ്ങളെ അറിയിച്ചു. പക്ഷേ നിങ്ങൾ കേട്ടില്ല; അഹങ്കാരികളായ നിങ്ങൾ യഹോവയുടെ ആജ്ഞ ധിക്കരിച്ച് പർവതത്തിലേക്കു കയറിച്ചെല്ലാൻ ശ്രമിച്ചു. 44 അപ്പോൾ ആ പർവതത്തിൽ താമസിച്ചിരുന്ന അമോര്യർ തേനീച്ചകളെപ്പോലെ വന്ന് നിങ്ങളെ പിന്തുടർന്ന് സേയീരിലെ ഹോർമ വരെ നിങ്ങളെ ചിതറിച്ചുകളഞ്ഞു. 45 ഒടുവിൽ നിങ്ങൾ തിരിച്ചുവന്ന് യഹോവയോടു നിലവിളിച്ചു. പക്ഷേ യഹോവ അതു കേൾക്കുകയോ നിങ്ങളെ ശ്രദ്ധിക്കുകയോ ചെയ്തില്ല. 46 അതുകൊണ്ട് അത്രയും കാലം നിങ്ങൾക്കു കാദേശിൽത്തന്നെ താമസിക്കേണ്ടിവന്നു.
2 “അതിനു ശേഷം, യഹോവ എന്നോടു കല്പിച്ചതുപോലെ നമ്മൾ ചെങ്കടലിന്റെ വഴിക്കു വിജനഭൂമിയിലേക്കു തിരിഞ്ഞ്+ കുറെ കാലം സേയീർ പർവതത്തെ ചുറ്റി സഞ്ചരിച്ചു. 2 ഒടുവിൽ യഹോവ എന്നോടു പറഞ്ഞു: 3 ‘നിങ്ങൾ കുറെ നാളായി ഈ പർവതത്തിനു ചുറ്റും സഞ്ചരിക്കുന്നു. ഇനി വടക്കോട്ടു തിരിയുക. 4 ജനത്തോട് ഇങ്ങനെ കല്പിക്കുക: “സേയീരിൽ താമസിക്കുന്ന+ നിങ്ങളുടെ സഹോദരന്മാരുടെ, ഏശാവിന്റെ വംശജരുടെ,+ അതിർത്തിക്കരികിലൂടെ നിങ്ങൾ ഇപ്പോൾ സഞ്ചരിക്കും. അവർക്കു നിങ്ങളെ ഭയമായിരിക്കും;+ അതുകൊണ്ട് നിങ്ങൾ വളരെ സൂക്ഷിക്കണം. 5 നിങ്ങൾ അവരോട് ഏറ്റുമുട്ടരുത്.* അവരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും, കാലു കുത്താനുള്ള ഇടംപോലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവിന് അവന്റെ അവകാശമായി കൊടുത്തിരിക്കുന്നു.+ 6 അവിടെനിന്ന് കഴിക്കുന്ന ആഹാരത്തിനും കുടിക്കുന്ന വെള്ളത്തിനും നിങ്ങൾ അവർക്കു വില നൽകണം.+ 7 കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ പ്രവൃത്തികളെയൊക്കെ അനുഗ്രഹിച്ചിരിക്കുന്നു. ഈ വലിയ വിജനഭൂമിയിലൂടെ നിങ്ങൾ ചെയ്ത യാത്രയെക്കുറിച്ച് ദൈവത്തിനു നന്നായി അറിയാം. ഇക്കഴിഞ്ഞ 40 വർഷവും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങൾക്ക് ഒന്നിനും കുറവ് വന്നിട്ടില്ല.”’+ 8 അങ്ങനെ നമ്മൾ അരാബയ്ക്കുള്ള വഴിയിലേക്കോ ഏലത്തിലേക്കോ എസ്യോൻ-ഗേബരിലേക്കോ+ കടക്കാതെ, സേയീരിൽ താമസിക്കുന്ന ഏശാവിന്റെ വംശജരായ+ നമ്മുടെ സഹോദരന്മാരുടെ അടുത്തുകൂടി കടന്നുപോയി.
“പിന്നെ നമ്മൾ തിരിഞ്ഞ് മോവാബ് വിജനഭൂമിയുടെ വഴിക്കു സഞ്ചരിച്ചു.+ 9 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നിങ്ങൾ മോവാബിനോട് ഏറ്റുമുട്ടുകയോ അവരോടു യുദ്ധം ചെയ്യുകയോ അരുത്. അർ നഗരം ഞാൻ ലോത്തിന്റെ വംശജർക്ക്+ അവകാശമായി കൊടുത്തിരിക്കുന്നു. അതുകൊണ്ട് അവന്റെ ദേശത്ത് അൽപ്പം സ്ഥലംപോലും ഞാൻ നിങ്ങൾക്ക് അവകാശമായി തരില്ല. 10 (പണ്ട് ഏമിമ്യരാണ്+ അവിടെ താമസിച്ചിരുന്നത്. അനാക്യരെപ്പോലെ ഉയരമുണ്ടായിരുന്ന അവർ അസംഖ്യം ആളുകളുള്ള ഒരു മഹാജനമായിരുന്നു. 11 രഫായീമ്യരെയും+ അനാക്യരെപ്പോലെയാണു+ കണക്കാക്കിയിരുന്നത്. മോവാബ്യർ അവരെ ഏമിമ്യർ എന്നാണു വിളിച്ചിരുന്നത്. 12 ഹോര്യരാണു+ പണ്ടു സേയീരിൽ താമസിച്ചിരുന്നത്. എന്നാൽ ഏശാവിന്റെ വംശജർ ഹോര്യരെ അവിടെനിന്ന് തുരത്തിയോടിക്കുകയും അവരെ നിശ്ശേഷം നശിപ്പിച്ചശേഷം അവരുടെ ദേശത്ത് താമസമുറപ്പിക്കുകയും ചെയ്തു.+ യഹോവ ഇസ്രായേലിനു കൊടുക്കുന്ന ദേശത്തോട്, അവർക്ക് അവകാശമായി ലഭിക്കുന്ന ദേശത്തോട്, ഇസ്രായേൽ ചെയ്യാനിരിക്കുന്നതുപോലെതന്നെ.) 13 നിങ്ങൾ പുറപ്പെട്ട് സേരെദ് താഴ്വര* കുറുകെ കടക്കുക.’ അങ്ങനെ നമ്മൾ സേരെദ് താഴ്വര കടന്നു.+ 14 കാദേശ്-ബർന്നേയയിൽനിന്ന് പുറപ്പെട്ടതുമുതൽ സേരെദ് താഴ്വര കുറുകെ കടന്നതുവരെയുള്ള കാലം ആകെ 38 വർഷമായിരുന്നു. അപ്പോഴേക്കും, യഹോവ സത്യം ചെയ്ത് പറഞ്ഞിരുന്നതുപോലെ യോദ്ധാക്കളുടെ ആ തലമുറ മുഴുവൻ പാളയത്തിൽനിന്ന് നശിച്ചുപോയിരുന്നു.+ 15 അവരെല്ലാം നശിച്ചൊടുങ്ങുന്നതുവരെ അവരെ പാളയത്തിൽനിന്ന് നീക്കിക്കളയാനായി യഹോവയുടെ കൈ അവർക്കെതിരെ നിലകൊണ്ടു.+
16 “ആ യോദ്ധാക്കളെല്ലാം ജനത്തിന് ഇടയിൽനിന്ന് മരിച്ചുപോയശേഷം വൈകാതെതന്നെ+ 17 യഹോവ എന്നോടു വീണ്ടും സംസാരിച്ചു. ദൈവം പറഞ്ഞു: 18 ‘നിങ്ങൾ ഇന്നു മോവാബിന്റെ പ്രദേശത്തുകൂടി, അതായത് അർ നഗരത്തിലൂടെ, കടന്നുപോകും. 19 നിങ്ങൾ അമ്മോന്യരുടെ അടുത്ത് ചെല്ലുമ്പോൾ അവരെ ദ്രോഹിക്കുകയോ പ്രകോപിപ്പിക്കുകയോ അരുത്. ഞാൻ അമ്മോന്യരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും നിങ്ങൾക്ക് അവകാശമായി തരില്ല. കാരണം ഞാൻ അതു ലോത്തിന്റെ വംശജർക്ക് അവരുടെ അവകാശമായി കൊടുത്തതാണ്.+ 20 അതും രഫായീമ്യരുടെ+ ദേശമായി കണക്കാക്കിയിരുന്നു. (രഫായീമ്യരാണു പണ്ട് അവിടെ താമസിച്ചിരുന്നത്. അമ്മോന്യർ അവരെ സംസുമ്മ്യർ എന്നാണു വിളിച്ചിരുന്നത്. 21 ഇവരും അനാക്യരെപ്പോലെ ഉയരമുള്ള,+ അസംഖ്യം ആളുകളുള്ള ഒരു മഹാജനമായിരുന്നു. എന്നാൽ യഹോവ അവരെ അമ്മോന്യരുടെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞു. അവർ അവരെ ഓടിച്ചുകളയുകയും അവരുടെ സ്ഥലത്ത് താമസമാക്കുകയും ചെയ്തു. 22 സേയീരിൽ ഇപ്പോൾ താമസിക്കുന്ന ഏശാവിന്റെ വംശജരുടെ+ മുന്നിൽനിന്ന് ദൈവം ഹോര്യരെ നീക്കിക്കളഞ്ഞപ്പോൾ+ അവർക്കുവേണ്ടിയും ഇതുതന്നെയാണു ചെയ്തത്. അങ്ങനെ അവർ ഹോര്യരെ തുരത്തിയോടിച്ച് ഇന്നും അവരുടെ ദേശത്ത് താമസിക്കുന്നു. 23 അവ്വീമ്യരാകട്ടെ, ഗസ്സ വരെയുള്ള സ്ഥലത്ത് താമസമാക്കിയിരുന്നു.+ എന്നാൽ കഫ്തോരിൽനിന്ന്*+ പുറപ്പെട്ടുവന്ന കഫ്തോരീമ്യർ അവരെ പാടേ നശിപ്പിച്ച് അവരുടെ സ്ഥലത്ത് താമസമാക്കി.)
24 “‘എഴുന്നേറ്റ് അർന്നോൻ താഴ്വര* കുറുകെ കടക്കുവിൻ.+ ഇതാ, ഹെശ്ബോൻരാജാവായ സീഹോൻ+ എന്ന അമോര്യനെ ഞാൻ നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു. അവന്റെ ദേശം കൈവശമാക്കിത്തുടങ്ങുക; അവനോടു യുദ്ധം ചെയ്യുക. 25 ഇന്നുമുതൽ, നിങ്ങളെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങളും നടുങ്ങിവിറയ്ക്കാൻ ഞാൻ ഇടവരുത്തും. നിങ്ങൾ കാരണം അവർ അസ്വസ്ഥരാകുകയും ഭയന്നുവിറയ്ക്കുകയും* ചെയ്യും.’+
26 “പിന്നെ ഞാൻ കെദേമോത്ത്+ വിജനഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുത്തേക്കു സമാധാനത്തിന്റെ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു:+ 27 ‘അങ്ങയുടെ ദേശത്തുകൂടി കടന്നുപോകാൻ എന്നെ അനുവദിക്കണം. ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ പ്രധാനവീഥിയിലൂടെത്തന്നെ പൊയ്ക്കൊള്ളാം.+ 28 അങ്ങ് എനിക്കു വിൽക്കുന്ന ഭക്ഷണം മാത്രമേ ഞാൻ കഴിക്കൂ; അങ്ങ് വിലയ്ക്കു തരുന്ന വെള്ളം മാത്രമേ ഞാൻ കുടിക്കൂ. 29 സേയീരിൽ താമസിക്കുന്ന ഏശാവിന്റെ വംശജരും അർ ദേശത്ത് താമസിക്കുന്ന മോവാബ്യരും അവരുടെ ദേശത്തുകൂടി പോകാൻ എന്നെ അനുവദിച്ചതുപോലെ അങ്ങയുടെ ദേശത്തുകൂടി നടന്നുപോകാൻ അങ്ങും എന്നെ അനുവദിക്കേണമേ. യോർദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തേക്കു ഞാൻ പോകട്ടെ.’ 30 പക്ഷേ ഹെശ്ബോനിലെ സീഹോൻ രാജാവ് നമ്മളെ അതുവഴി കടത്തിവിട്ടില്ല. സീഹോന്റെ മനസ്സും ഹൃദയവും കഠിനമാകാൻ നിങ്ങളുടെ ദൈവമായ യഹോവ അനുവദിച്ചു.+ സീഹോനെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്തത്. ദൈവം സീഹോനെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരുകയും ചെയ്തു.+
31 “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘ഇതാ, സീഹോനെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തന്നിരിക്കുന്നു. ചെന്ന് അവന്റെ ദേശം കൈവശമാക്കിത്തുടങ്ങുക.’+ 32 പിന്നീട്, സീഹോൻ അയാളുടെ സർവജനത്തോടും ഒപ്പം നമ്മളോടു യുദ്ധം ചെയ്യാൻ യാഹാസിൽ+ വന്നപ്പോൾ 33 നമ്മുടെ ദൈവമായ യഹോവ സീഹോനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചു. അങ്ങനെ നമ്മൾ സീഹോനെയും ആൺമക്കളെയും അയാളുടെ സർവജനത്തെയും തോൽപ്പിച്ചു. 34 സീഹോന്റെ നഗരങ്ങളെല്ലാം പിടിച്ചടക്കി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും സഹിതം ആ നഗരങ്ങളെല്ലാം നശിപ്പിച്ചുകളഞ്ഞു; ഒരാളെയും ബാക്കി വെച്ചില്ല.+ 35 പിടിച്ചടക്കിയ നഗരങ്ങളിൽനിന്ന് കിട്ടിയ കൊള്ളവസ്തുക്കളോടൊപ്പം നമ്മൾ മൃഗങ്ങളെ മാത്രമേ കൊണ്ടുപോന്നുള്ളൂ. 36 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ+ ഗിലെയാദ് വരെയുള്ള പ്രദേശത്ത് (ആ താഴ്വരയിലുള്ള നഗരം ഉൾപ്പെടെ) നമുക്കു പിടിച്ചടക്കാനാകാത്ത ഒരു പട്ടണവുമുണ്ടായിരുന്നില്ല. നമ്മുടെ ദൈവമായ യഹോവ അവയെല്ലാം നമ്മുടെ കൈയിൽ ഏൽപ്പിച്ചു.+ 37 എന്നാൽ അമ്മോന്യരുടെ ദേശത്തെ+ യബ്ബോക്ക് താഴ്വരയിലെ* പ്രദേശങ്ങളിലേക്കും+ മലനാട്ടിലെ നഗരങ്ങളിലേക്കും നിങ്ങൾ പോയില്ല; നമ്മുടെ ദൈവമായ യഹോവ വിലക്കിയ ഒരു സ്ഥലത്തേക്കും നിങ്ങൾ കടന്നുചെന്നില്ല.
3 “പിന്നെ നമ്മൾ തിരിഞ്ഞ് ബാശാൻ വഴിയിലൂടെ ചെന്നു. അപ്പോൾ ബാശാനിലെ രാജാവായ ഓഗ് നമ്മളോടു യുദ്ധം ചെയ്യാൻ അയാളുടെ ജനത്തെ മുഴുവൻ കൂട്ടി എദ്രെയിൽ വന്നു.+ 2 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘ഓഗിനെ പേടിക്കേണ്ടാ. അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തരും. ഹെശ്ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെതന്നെ നീ അവനോടും ചെയ്യും.’ 3 അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാനിലെ ഓഗ് രാജാവിനെയും ഓഗിന്റെ മുഴുവൻ ജനത്തെയും നമ്മുടെ കൈയിൽ തന്നു. നമ്മൾ ഓഗ് രാജാവിനോടു പൊരുതി അവരെ സംഹരിച്ചു; അയാളുടെ ജനത്തിൽ ആരും ശേഷിച്ചില്ല. 4 ഓഗിന്റെ എല്ലാ നഗരങ്ങളും നമ്മൾ പിടിച്ചടക്കി; അവരിൽനിന്ന് പിടിച്ചെടുക്കാത്ത ഒരു പട്ടണവുമുണ്ടായിരുന്നില്ല. ആ 60 നഗരങ്ങൾ, ബാശാനിലെ ഓഗിന്റെ രാജ്യമായ അർഗോബ് പ്രദേശം മുഴുവനും, നമ്മൾ കൈവശമാക്കി.+ 5 ഉയർന്ന മതിലുകളും ഓടാമ്പലുകൾ വെച്ച വലിയ വാതിലുകളും കൊണ്ട് സുരക്ഷിതമാക്കിയ നഗരങ്ങളായിരുന്നു അവയെല്ലാം. അനേകം ഉൾനാടൻ പട്ടണങ്ങളും ആ പ്രദേശത്തുണ്ടായിരുന്നു. 6 എന്നാൽ ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നമ്മൾ അവയെ നശിപ്പിച്ചു.+ എല്ലാ നഗരങ്ങളെയും അവയിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നമ്മൾ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.+ 7 കൊള്ളവസ്തുക്കളോടൊപ്പം ആ നഗരങ്ങളിലെ എല്ലാ മൃഗങ്ങളെയും നമ്മൾ കൊണ്ടുപോന്നു.
8 “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത് നമ്മൾ പിടിച്ചടക്കി.+ അതായത്, അർന്നോൻ താഴ്വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+ 9 (സീദോന്യർ ആ പർവതത്തെ സീറിയോൻ എന്നും അമോര്യർ സെനീർ എന്നും ആണ് വിളിച്ചിരുന്നത്.) 10 അങ്ങനെ പീഠഭൂമിയിലെ എല്ലാ നഗരങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തെ സൽക്ക, എദ്രെ+ എന്നീ നഗരങ്ങൾവരെയുള്ള ബാശാൻ മുഴുവനും നമ്മൾ കൈവശമാക്കി. 11 ബാശാൻരാജാവായ ഓഗായിരുന്നു അവസാനത്തെ രഫായീമ്യൻ. അയാളുടെ ശവമഞ്ചം ഇരുമ്പുകൊണ്ടുള്ളതായിരുന്നു.* അത് ഇപ്പോഴും അമ്മോന്യനഗരമായ രബ്ബയിലുണ്ട്. അതിന് ഒൻപതു മുഴം* നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു. 12 ആ സമയത്ത് നമ്മൾ ഈ ദേശം, അതായത് അർന്നോൻ താഴ്വരയുടെ അടുത്തുള്ള അരോവേർ+ മുതൽ ഗിലെയാദ് മലനാടിന്റെ പകുതി വരെയുള്ള പ്രദേശം, കൈവശമാക്കി. അതിലെ നഗരങ്ങൾ ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.+ 13 ഗിലെയാദിന്റെ ബാക്കി പ്രദേശവും ഓഗിന്റെ രാജ്യത്തെ ബാശാൻപ്രദേശം മുഴുവനും മനശ്ശെയുടെ പാതി ഗോത്രത്തിനു കൊടുത്തു.+ ബാശാനിലുള്ള അർഗോബ് പ്രദേശമെല്ലാം രഫായീമ്യരുടെ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്.
14 “ഗശൂര്യരുടെയും മാഖാത്യരുടെയും+ അതിർത്തിവരെയുള്ള അർഗോബ് പ്രദേശം മുഴുവനും+ മനശ്ശെയുടെ വംശജനായ യായീർ+ പിടിച്ചടക്കി. യായീർ ബാശാനിലെ ആ ഗ്രാമങ്ങൾക്കു തന്റെ പേരുകൂടെ ചേർത്ത് ഹവ്വോത്ത്-യായീർ*+ എന്നു പേരിട്ടു. ഇന്നും അതുതന്നെയാണ് അവയുടെ പേര്. 15 ഗിലെയാദ് ഞാൻ മാഖീരിനു+ കൊടുത്തു. 16 രൂബേന്യർക്കും ഗാദ്യർക്കും+ ഞാൻ ഗിലെയാദ് മുതൽ അർന്നോൻ താഴ്വര വരെയുള്ള പ്രദേശം കൊടുത്തു. താഴ്വരയുടെ മധ്യഭാഗമായിരുന്നു അതിന്റെ ഒരു അതിർത്തി. അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്വരയിലേക്കും 17 മറുവശത്ത് അരാബയിലേക്കും യോർദാനിലേക്കും അതിന്റെ അതിർത്തിപ്രദേശത്തേക്കും അതു വ്യാപിച്ചുകിടന്നു. കിന്നേരെത്ത് മുതൽ കിഴക്ക് പിസ്ഗയുടെ ചെരിവിനു താഴെ അരാബ കടൽ എന്ന ഉപ്പുകടൽ* വരെ അതു നീണ്ടുകിടന്നു.+
18 “പിന്നെ ഞാൻ നിങ്ങളോട് ഇങ്ങനെ കല്പിച്ചു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക് ഒരു അവകാശമായി തന്നിരിക്കുന്നു. നിങ്ങൾക്കിടയിലെ വീരന്മാരെല്ലാം ആയുധം ഏന്തി, നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യർക്കു മുമ്പാകെ നദി കടക്കണം.+ 19 നിങ്ങളുടെ ഭാര്യമാരും കുട്ടികളും മൃഗങ്ങളും മാത്രം (നിങ്ങൾക്ക് അനവധി മൃഗങ്ങളുണ്ടെന്ന് എനിക്ക് അറിയാം.) ഞാൻ നിങ്ങൾക്കു തന്ന നഗരങ്ങളിൽ തുടർന്നും താമസിക്കും. 20 നിങ്ങൾക്കു നൽകിയതുപോലെ യഹോവ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും യോർദാന്റെ മറുകരയിൽ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്തശേഷം ഞാൻ തന്ന ഈ അവകാശത്തിലേക്കു നിങ്ങൾക്ക് ഓരോരുത്തർക്കും മടങ്ങിവരാം.’+
21 “ആ സമയത്ത് ഞാൻ യോശുവയോട്+ ഇങ്ങനെ കല്പിച്ചു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ രണ്ടു രാജാക്കന്മാരോടും ചെയ്തതു നീ നിന്റെ കണ്ണുകൊണ്ട് കണ്ടല്ലോ. നീ കടന്നുചെല്ലുന്ന എല്ലാ രാജ്യങ്ങളോടും യഹോവ ഇതുതന്നെ ചെയ്യും.+ 22 നിങ്ങൾ അവരെ പേടിക്കരുത്, നിങ്ങളുടെ ദൈവമായ യഹോവയാണു നിങ്ങൾക്കുവേണ്ടി പോരാടുന്നത്.’+
23 “അപ്പോൾ ഞാൻ യഹോവയോട് ഇങ്ങനെ യാചിച്ചു: 24 ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ മാഹാത്മ്യവും അങ്ങയുടെ ബലമുള്ള കൈയും അങ്ങ് അടിയനെ കാണിച്ചുതുടങ്ങിയിരിക്കുന്നു.+ അങ്ങയെപ്പോലെ അത്ഭുതങ്ങൾ ചെയ്യുന്ന വേറെ ഏതു ദൈവമാണു സ്വർഗത്തിലോ ഭൂമിയിലോ ഉള്ളത്!+ 25 യോർദാന് അക്കരെയുള്ള ആ നല്ല ദേശത്തേക്കു കടന്നുചെല്ലാൻ, മനോഹരമായ ആ മലനാടും ലബാനോനും കാണാൻ, അങ്ങ് എന്നെ അനുവദിക്കേണമേ.’+ 26 എന്നാൽ നിങ്ങൾ കാരണം യഹോവ അപ്പോഴും എന്നോട് ഉഗ്രമായി കോപിച്ച് എന്റെ അപേക്ഷ കേൾക്കാൻ വിസമ്മതിച്ചു.+ യഹോവ എന്നോടു പറഞ്ഞത് ഇതാണ്: ‘മതി! ഇനി എന്നോട് ഇക്കാര്യം സംസാരിക്കരുത്. 27 നീ ഈ യോർദാൻ കടക്കില്ല; പിസ്ഗയുടെ+ മുകളിൽ ചെന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കി ആ ദേശം കണ്ടുകൊള്ളുക.+ 28 നീ യോശുവയെ നിയോഗിച്ച്+ അവനെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും വേണം. യോശുവയായിരിക്കും അവിടേക്ക് ഈ ജനത്തെ നയിച്ചുകൊണ്ടുപോകുന്നത്.+ നീ കാണാൻപോകുന്ന ആ ദേശം ജനത്തിന് അവകാശമാക്കിക്കൊടുക്കുന്നതും യോശുവയായിരിക്കും.’ 29 നമ്മൾ ബേത്ത്-പെയോരിനു മുന്നിലുള്ള താഴ്വരയിൽ താമസിക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്.+
4 “ഇസ്രായേലേ, നിങ്ങൾ ജീവിച്ചിരിക്കാനും+ നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത് ചെന്ന് അതു കൈവശമാക്കാനും വേണ്ടി ഞാൻ നിങ്ങളെ പഠിപ്പിക്കുന്ന ചട്ടങ്ങളും ന്യായത്തീർപ്പുകളും അനുസരിക്കുക. 2 ഞാൻ നിങ്ങൾക്കു നൽകുന്ന കല്പനയോടു നിങ്ങൾ ഒന്നും കൂട്ടിച്ചേർക്കരുത്; അതിൽനിന്ന് ഒന്നും കുറയ്ക്കുകയുമരുത്.+ ഞാൻ നിങ്ങളോടു കല്പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അതേപടി പാലിക്കണം.
3 “പെയോരിലെ ബാലിന്റെ കാര്യത്തിൽ യഹോവ ചെയ്തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണല്ലോ. പെയോരിലെ ബാലിന്റെ പിന്നാലെ പോയ എല്ലാവരെയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കിടയിൽനിന്ന് നിശ്ശേഷം നശിപ്പിച്ചു.+ 4 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിനിൽക്കുന്ന നിങ്ങളെല്ലാം ഇന്നു ജീവനോടെയുണ്ട്. 5 നിങ്ങളുടെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളെ ചട്ടങ്ങളും ന്യായത്തീർപ്പുകളും പഠിപ്പിച്ചിരിക്കുന്നു.+ നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് നിങ്ങൾ അവയെല്ലാം പാലിക്കണം. 6 നിങ്ങൾ അവയെല്ലാം ശ്രദ്ധാപൂർവം പിൻപറ്റിയാൽ+ ഈ ചട്ടങ്ങളെക്കുറിച്ച് കേൾക്കുന്ന ജനങ്ങളുടെ മുമ്പാകെ നിങ്ങൾ ജ്ഞാനികളും+ വകതിരിവുള്ളവരും+ ആയിരിക്കും. അവർ നിങ്ങളെക്കുറിച്ച്, ‘ഈ മഹാജനത ജ്ഞാനവും വകതിരിവും ഉള്ളവരാണ്’+ എന്നു പറയും. 7 നമ്മൾ വിളിക്കുമ്പോഴെല്ലാം നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്ത് എത്തുന്നതുപോലെ, ദൈവം ഇത്ര അടുത്തുള്ള വേറെ ഏതെങ്കിലും മഹാജനതയുണ്ടോ?+ 8 വേറെ ഏതു ജനതയ്ക്കാണ് ഇന്നു ഞാൻ നിങ്ങളുടെ മുമ്പാകെ വെക്കുന്ന ഈ നിയമസംഹിതപോലെ നീതിയുള്ള ചട്ടങ്ങളും ന്യായത്തീർപ്പുകളും ഉള്ളത്?+
9 “നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും ജീവകാലത്ത് ഒരിക്കലും അവ നിങ്ങളുടെ ഹൃദയത്തിൽനിന്ന് നീങ്ങിപ്പോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക; ഇക്കാര്യത്തിൽ അതീവജാഗ്രത കാണിക്കുക. അവ നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കുകയും വേണം.+ 10 ഹോരേബിൽവെച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിന്ന നാളിൽ യഹോവ എന്നോടു പറഞ്ഞു: ‘ജനത്തെ എന്റെ മുമ്പാകെ കൂട്ടിവരുത്തുക. ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർ എന്നെ ഭയപ്പെടാൻ പഠിക്കേണ്ടതിനും+ അവരുടെ മക്കളെ പഠിപ്പിക്കേണ്ടതിനും+ ഞാൻ എന്റെ വചനങ്ങൾ അവരെ അറിയിക്കും.’+
11 “അങ്ങനെ നിങ്ങൾ മലയുടെ അടിവാരത്ത് വന്ന് നിന്നു. അപ്പോൾ ആ മല കത്തിജ്വലിക്കുന്നുണ്ടായിരുന്നു; അതിന്റെ ജ്വാല അങ്ങ് ആകാശത്തോളം* എത്തി. ഇരുളും മേഘവും കനത്ത മൂടലും അവിടെയുണ്ടായിരുന്നു.+ 12 പിന്നെ യഹോവ തീയിൽനിന്ന് നിങ്ങളോടു സംസാരിക്കാൻതുടങ്ങി.+ നിങ്ങൾ സ്വരം കേട്ടെങ്കിലും രൂപമൊന്നും കണ്ടില്ല,+ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.+ 13 ദൈവത്തിന്റെ ഉടമ്പടി,+ അതായത് നിങ്ങൾ പാലിക്കണമെന്നു കല്പിച്ച ആ പത്തു കല്പനകൾ,*+ ദൈവം നിങ്ങളോടു പ്രഖ്യാപിച്ചു. തുടർന്ന് ദൈവം അവ രണ്ടു കൽപ്പലകകളിൽ എഴുതി.+ 14 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് ചെല്ലുമ്പോൾ നിങ്ങൾ പാലിക്കേണ്ട ചട്ടങ്ങളും ന്യായത്തീർപ്പുകളും നിങ്ങളെ പഠിപ്പിക്കണമെന്ന് ആ സമയത്ത് യഹോവ എന്നോടു കല്പിച്ചു.
15 “അതുകൊണ്ട് വഷളത്തം പ്രവർത്തിക്കാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. യഹോവ ഹോരേബിൽവെച്ച് തീയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങൾ രൂപമൊന്നും കണ്ടില്ലല്ലോ. 16 അതിനാൽ എന്തിന്റെയെങ്കിലും പ്രതീകമായ ഒരു രൂപം കൊത്തിയുണ്ടാക്കി നിങ്ങൾ വഷളത്തം പ്രവർത്തിക്കരുത്. ആണിന്റെയോ പെണ്ണിന്റെയോ+ 17 ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്ത് പറക്കുന്ന ഏതെങ്കിലും പക്ഷിയുടെയോ+ 18 നിലത്ത് ഇഴയുന്ന ഏതെങ്കിലും ജീവിയുടെയോ ഭൂമിക്കു കീഴെ വെള്ളത്തിലുള്ള ഏതെങ്കിലും മത്സ്യത്തിന്റെയോ രൂപം നിങ്ങൾ ഉണ്ടാക്കരുത്.+ 19 നിങ്ങൾ കണ്ണ് ഉയർത്തി ആകാശത്തേക്കു നോക്കി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും—ആകാശത്തിലെ സർവസൈന്യത്തെയും—കാണുമ്പോൾ അവയുടെ മുമ്പാകെ കുമ്പിട്ട് അവയെ സേവിക്കാൻ പ്രലോഭിതരാകരുത്.+ അവയെ നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങൾക്കുമായി കൊടുത്തിരിക്കുന്നു. 20 എന്നാൽ നിങ്ങൾ, ഇന്നായിരിക്കുന്നതുപോലെ തന്റെ സ്വകാര്യസ്വത്തായിരിക്കാൻ*+ ഈജിപ്ത് എന്ന ഇരുമ്പുചൂളയിൽനിന്ന് യഹോവ പുറത്ത് കൊണ്ടുവന്ന ജനമാണ്.
21 “നിങ്ങൾ കാരണം യഹോവ എന്നോടു കോപിച്ചു;+ ഞാൻ യോർദാൻ കടക്കുകയോ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ആ നല്ല ദേശത്തേക്കു പോകുകയോ ഇല്ലെന്നു ദൈവം സത്യം ചെയ്ത് പറഞ്ഞു.+ 22 ഞാൻ ഈ ദേശത്തുവെച്ച് മരിക്കും; ഞാൻ യോർദാൻ കടക്കില്ല.+ എന്നാൽ നിങ്ങൾ യോർദാൻ കടക്കുകയും ആ നല്ല ദേശം കൈവശമാക്കുകയും ചെയ്യും. 23 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുമായി ചെയ്ത ഉടമ്പടി നിങ്ങൾ ഒരിക്കലും മറന്നുകളയരുത്.+ നിങ്ങളുടെ ദൈവമായ യഹോവ വിലക്കിയ ഏതെങ്കിലും രൂപം നിങ്ങൾ കൊത്തിയുണ്ടാക്കരുത്.+ 24 കാരണം നിങ്ങളുടെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയാണ്,+ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ഒരു ദൈവം.+
25 “നിങ്ങൾക്കു മക്കളും പേരക്കുട്ടികളും ഉണ്ടായി ആ ദേശത്ത് ദീർഘകാലം താമസിച്ചശേഷം നിങ്ങൾ നിങ്ങൾക്കുതന്നെ നാശം വരുത്തുന്ന വിധത്തിൽ പ്രവർത്തിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഒരു രൂപം കൊത്തിയുണ്ടാക്കി+ നിങ്ങളുടെ ദൈവമായ യഹോവയെ കോപിപ്പിച്ചുകൊണ്ട് ദൈവമുമ്പാകെ തിന്മ പ്രവർത്തിക്കുകയും ചെയ്താൽ,+ 26 ഇന്നു ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷി നിറുത്തി പറയുന്നു, യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ആ ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും, ഉറപ്പ്. അവിടെ അധികകാലം തുടരാൻ നിങ്ങൾക്കു കഴിയില്ല, നിങ്ങളെ അവിടെനിന്ന് നിശ്ശേഷം തുടച്ചുനീക്കും.+ 27 യഹോവ നിങ്ങളെ ജനതകൾക്കിടയിൽ ചിതറിക്കും.+ നിങ്ങളിൽ കുറച്ച് പേർ മാത്രമേ യഹോവ നിങ്ങളെ ഓടിച്ചുകളയുന്ന സ്ഥലങ്ങളിലെ ജനതകൾക്കിടയിൽ ശേഷിക്കൂ.+ 28 മനുഷ്യർ മരത്തിലും കല്ലിലും നിർമിച്ച, കാണാനോ കേൾക്കാനോ തിന്നാനോ മണക്കാനോ കഴിയാത്ത, ദൈവങ്ങളെ അവിടെ നിങ്ങൾക്കു സേവിക്കേണ്ടിവരും.+
29 “എന്നാൽ അവിടെവെച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നെങ്കിൽ, നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ തിരയുന്നെങ്കിൽ,+ നിങ്ങൾ ദൈവത്തെ കണ്ടെത്തും.+ 30 നിങ്ങൾ വലിയ ക്ലേശത്തിലാകുകയും ഭാവിയിൽ ഈ കാര്യങ്ങളെല്ലാം നിങ്ങൾക്കു സംഭവിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുകയും ദൈവത്തിന്റെ വാക്കിനു ചെവി കൊടുക്കുകയും ചെയ്യും.+ 31 നിങ്ങളുടെ ദൈവമായ യഹോവ കരുണാമയനായ ദൈവമാണല്ലോ.+ ദൈവം നിങ്ങളെ ഉപേക്ഷിക്കുകയോ നിങ്ങളെ നശിപ്പിക്കുകയോ നിങ്ങളുടെ പൂർവികർക്കു സത്യം ചെയ്ത് നൽകിയ ഉടമ്പടി മറന്നുകളയുകയോ ഇല്ല.+
32 “ഇപ്പോൾ നിങ്ങൾ മുൻകാലത്തെക്കുറിച്ച്, ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചതുമുതലുള്ള കാലത്തെക്കുറിച്ച്, ചോദിക്കുക. ആകാശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അന്വേഷിക്കുക. ഇങ്ങനെയൊരു മഹാകാര്യം എപ്പോഴെങ്കിലും സംഭവിക്കുകയോ ഇതുപോലൊരു കാര്യത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടുണ്ടോ?+ 33 നിങ്ങൾ കേട്ടതുപോലെ വേറെ ഏതെങ്കിലും ജനം തീയിൽനിന്ന് ദൈവത്തിന്റെ ശബ്ദം കേൾക്കുകയും ജീവനോടിരിക്കുകയും ചെയ്തിട്ടുണ്ടോ?+ 34 അല്ല, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾ കാൺകെ ഈജിപ്തിൽവെച്ച് നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ ദൈവം ഇന്നേവരെ പ്രവർത്തിച്ചിട്ടുണ്ടോ? ന്യായവിധികൾ,* അടയാളങ്ങൾ, അത്ഭുതങ്ങൾ,+ യുദ്ധം,+ ബലമുള്ള കൈ,+ നീട്ടിയ കരം, ഭയാനകമായ പ്രവൃത്തികൾ+ എന്നിവയാൽ മറ്റൊരു ജനതയുടെ മധ്യേനിന്ന് തനിക്കായി ഒരു ജനതയെ എടുക്കാൻ ദൈവം മുമ്പ് എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? 35 എന്നാൽ യഹോവയാണു സത്യദൈവമെന്നു നിങ്ങൾ അറിയാൻവേണ്ടി ഇതെല്ലാം നിങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു;+ അവിടുന്നല്ലാതെ മറ്റൊരു ദൈവവുമില്ല.+ 36 നിങ്ങളെ തിരുത്താൻ സ്വർഗത്തിൽനിന്ന് ദൈവം തന്റെ സ്വരം കേൾപ്പിക്കുകയും ഭൂമിയിൽ തന്റെ മഹാജ്വാല കാണിച്ചുതരുകയും ചെയ്തല്ലോ. ആ തീയിൽനിന്ന് നിങ്ങൾ ദൈവത്തിന്റെ സ്വരം കേൾക്കുകയും ചെയ്തു.+
37 “ദൈവം നിങ്ങളുടെ പൂർവികരെ സ്നേഹിക്കുകയും അവർക്കു ശേഷം അവരുടെ സന്തതിയെ* തന്റെ ജനമായി തിരഞ്ഞെടുക്കുകയും ചെയ്തു.+ അതിനാൽ ഈജിപ്തിൽനിന്ന് തന്റെ സാന്നിധ്യത്തിൽ തന്റെ മഹാശക്തിയാൽ നിങ്ങളെ വിടുവിച്ചു. 38 നിങ്ങളെക്കാൾ ശക്തരായ മഹാജനതകളുടെ ദേശത്തേക്കു നിങ്ങളെ കൊണ്ടുവരാനും ഇന്നായിരിക്കുന്നതുപോലെ അവരുടെ ദേശം നിങ്ങൾക്ക് അവകാശമായി തരാനും വേണ്ടി ദൈവം ആ ജനതകളെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞു.+ 39 അതുകൊണ്ട് മീതെ ആകാശത്തിലും താഴെ ഭൂമിയിലും യഹോവതന്നെ സത്യദൈവം, അല്ലാതെ മറ്റാരുമില്ല+ എന്ന കാര്യം ഇന്നു നിങ്ങൾ തിരിച്ചറിഞ്ഞ് ഹൃദയത്തിൽ വെച്ചുകൊള്ളുക.+ 40 നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളുടെ മക്കൾക്കും നന്മ വരാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ തരുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിക്കാനും ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ദൈവത്തിന്റെ ചട്ടങ്ങളും കല്പനകളും പാലിക്കണം.”+
41 ആ കാലത്ത് മോശ യോർദാന്റെ കിഴക്കുഭാഗത്ത് മൂന്നു നഗരങ്ങൾ വേർതിരിച്ചു.+ 42 മുൻവൈരാഗ്യമൊന്നും കൂടാതെ അബദ്ധത്തിൽ ആരെങ്കിലും സഹമനുഷ്യനെ കൊന്നാൽ+ അയാൾ ഈ നഗരങ്ങളിലൊന്നിലേക്ക് ഓടിപ്പോയി അവിടെ ജീവിക്കണം.+ 43 ഇവയാണ് ആ നഗരങ്ങൾ: രൂബേന്യർക്കു പീഠഭൂമിയിലെ വിജനഭൂമിയിലുള്ള ബേസെർ,+ ഗാദ്യർക്കു ഗിലെയാദിലെ രാമോത്ത്,+ മനശ്ശെയർക്കു+ ബാശാനിലെ ഗോലാൻ.+
44 മോശ ഇസ്രായേൽ ജനത്തിനു കൊടുത്ത നിയമം ഇതാണ്.+ 45 ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നശേഷം മോശ ഇസ്രായേല്യർക്ക് ഈ ഓർമിപ്പിക്കലുകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും നൽകി.+ 46 ഈജിപ്തിൽനിന്ന്+ പോന്നശേഷം മോശയും ഇസ്രായേല്യരും പരാജയപ്പെടുത്തിയ, ഹെശ്ബോനിൽ+ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ ദേശത്തെ ബേത്ത്-പെയോരിന്+ എതിരെയുള്ള താഴ്വരയിൽവെച്ച്, അതായത് യോർദാൻപ്രദേശത്തുവെച്ച്, മോശ അവ അവർക്കു കൊടുത്തു. 47 അവർ സീഹോന്റെ ദേശവും ബാശാനിലെ രാജാവായ ഓഗിന്റെ+ ദേശവും, അതായത് യോർദാനു കിഴക്കുള്ള രണ്ട് അമോര്യരാജാക്കന്മാരുടെ പ്രദേശം, കൈവശമാക്കി. 48 അവർ അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർ+ മുതൽ സിയോൻ പർവതം, അതായത് ഹെർമോൻ,+ വരെയും 49 യോർദാനു കിഴക്കുള്ള പ്രദേശത്തെ അരാബ മുഴുവനും പിസ്ഗയുടെ ചെരിവിനു താഴെ അരാബ കടൽ* വരെയും കൈവശമാക്കി.+
5 മോശ അപ്പോൾ ഇസ്രായേലിനെ മുഴുവൻ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഇസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്ന ചട്ടങ്ങളും ന്യായത്തീർപ്പുകളും കേൾക്കുക. നിങ്ങൾ അവ പഠിക്കുകയും ശ്രദ്ധയോടെ പിൻപറ്റുകയും വേണം. 2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മളുമായി ഒരു ഉടമ്പടി ചെയ്തു.+ 3 യഹോവ ആ ഉടമ്പടി ചെയ്തതു നമ്മുടെ പൂർവികരുമായല്ല നമ്മളുമായാണ്, ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന നമ്മളോടെല്ലാമാണ്. 4 മലയിൽവെച്ച് യഹോവ തീയിൽനിന്ന് നിങ്ങളോടു മുഖാമുഖം സംസാരിച്ചു.+ 5 തീ കണ്ട് ഭയന്ന നിങ്ങൾ മലയിലേക്കു കയറിയില്ല.+ അതിനാൽ ആ സമയത്ത് യഹോവയുടെ വാക്കുകൾ നിങ്ങളെ അറിയിക്കാൻ ഞാൻ യഹോവയ്ക്കും നിങ്ങൾക്കും മധ്യേ നിന്നു.+ അപ്പോൾ ദൈവം പറഞ്ഞു:
6 “‘അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിന്നെ പുറത്ത് കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയാണു ഞാൻ.+ 7 ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്.+
8 “‘മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+ 9 നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്.+ കാരണം നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.+ എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാമത്തെ തലമുറയുടെ മേലും നാലാമത്തെ തലമുറയുടെ മേലും വരുത്തും.+ 10 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കല്പനകൾ അനുസരിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ അചഞ്ചലമായ സ്നേഹം കാണിക്കും.
11 “‘നിന്റെ ദൈവമായ യഹോവയുടെ പേര് നീ വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കരുത്.+ തന്റെ പേര് വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കുന്ന ആരെയും യഹോവ ശിക്ഷിക്കാതെ വിടില്ല.+
12 “‘നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നീ ശബത്തുദിവസം വിശുദ്ധമായി കണക്കാക്കി അത് ആചരിക്കണം.+ 13 ആറു ദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം.+ 14 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്.+ അന്നു നീ ഒരു പണിയും ചെയ്യരുത്.+ നീയോ, നിന്റെ മകനോ മകളോ, നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയോ പുരുഷനോ, നിന്റെ കാളയോ കഴുതയോ ഏതെങ്കിലും വളർത്തുമൃഗമോ, നിന്റെ നഗരങ്ങളിൽ* വന്നുതാമസമാക്കിയ വിദേശിയോ ആ ദിവസം പണിയൊന്നും ചെയ്യരുത്.+ അങ്ങനെ, നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്നെപ്പോലെ അന്നു വിശ്രമിക്കട്ടെ.+ 15 നീയും ഈജിപ്ത് ദേശത്ത് അടിമയായിരുന്നെന്ന് ഓർക്കണം. നിന്റെ ദൈവമായ യഹോവ തന്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ കരംകൊണ്ടും നിന്നെ അവിടെനിന്ന് വിടുവിച്ചു.+ അതുകൊണ്ടാണ് ശബത്തുദിവസം ആചരിക്കാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചത്.
16 “‘നീ ദീർഘായുസ്സോടിരിക്കാനും നിന്റെ ദൈവമായ യഹോവ തരുന്ന ദേശത്ത് നിനക്ക് അഭിവൃദ്ധി ഉണ്ടാകാനും,* നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+
18 “‘വ്യഭിചാരം ചെയ്യരുത്.+
20 “‘സഹമനുഷ്യന് എതിരെ കള്ളസാക്ഷി പറയരുത്.+
21 “‘സഹമനുഷ്യന്റെ ഭാര്യയെ മോഹിക്കരുത്.+ സഹമനുഷ്യന്റെ വീട്, വയൽ, അവന് അടിമപ്പണി ചെയ്യുന്ന സ്ത്രീ, അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.’+
22 “യഹോവ പർവതത്തിൽവെച്ച് തീയുടെയും മേഘത്തിന്റെയും കനത്ത മൂടലിന്റെയും മധ്യേനിന്ന് ഗംഭീരസ്വരത്തോടെ ഈ കല്പനകൾ* നിങ്ങളുടെ സഭയെ മുഴുവൻ അറിയിച്ചു,+ കൂടുതലൊന്നും ദൈവം കല്പിച്ചില്ല. പിന്നെ ദൈവം അവയെല്ലാം രണ്ടു കൽപ്പലകകളിൽ എഴുതി എനിക്കു തന്നു.+
23 “എന്നാൽ പർവതം കത്തിജ്വലിച്ചുകൊണ്ടിരുന്ന സമയത്ത് ഇരുട്ടിൽനിന്ന് നിങ്ങൾ ആ ശബ്ദം+ കേട്ട ഉടനെ നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും* എന്റെ അടുത്ത് വന്നു. 24 നിങ്ങൾ പറഞ്ഞു: ‘ഇതാ, നമ്മുടെ ദൈവമായ യഹോവ തന്റെ മഹത്ത്വവും ശ്രേഷ്ഠതയും ഞങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു. തീയിൽനിന്ന് ഞങ്ങൾ ദൈവത്തിന്റെ സ്വരവും കേട്ടു.+ ദൈവം മനുഷ്യരോടു സംസാരിക്കുകയും അവർ ജീവനോടിരിക്കുകയും ചെയ്യുമെന്ന് ഇന്നു ഞങ്ങൾ കണ്ടിരിക്കുന്നു.+ 25 പക്ഷേ, ഞങ്ങൾ എന്തിനു മരിക്കണം? ഈ വലിയ തീ ഞങ്ങളെ വിഴുങ്ങിക്കളയുമല്ലോ. നമ്മുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടുകൊണ്ടിരുന്നാൽ ഞങ്ങൾ ഉറപ്പായും മരിച്ചുപോകും. 26 ജീവനുള്ള ദൈവം തീയിൽനിന്ന് സംസാരിക്കുന്നതു കേട്ട ഞങ്ങളെപ്പോലെ, ദൈവം സംസാരിക്കുന്നതു കേൾക്കുകയും ജീവനോടിരിക്കുകയും ചെയ്ത മറ്റ് ഏതെങ്കിലും മനുഷ്യരുണ്ടോ? 27 അതുകൊണ്ട് അങ്ങ് അടുത്ത് ചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതെല്ലാം കേൾക്കണം. ദൈവമായ യഹോവ അങ്ങയോടു പറയുന്നതെല്ലാം അങ്ങ് ഞങ്ങളെ അറിയിച്ചാൽ മതി. ഞങ്ങൾ അതു കേട്ടനുസരിച്ചുകൊള്ളാം.’+
28 “നിങ്ങൾ എന്നോടു പറഞ്ഞതെല്ലാം യഹോവ കേട്ടു. യഹോവ എന്നോടു പറഞ്ഞു: ‘ഈ ജനം നിന്നോടു പറഞ്ഞതെല്ലാം ഞാൻ കേട്ടിരിക്കുന്നു. അവർ പറഞ്ഞതെല്ലാം ശരിയാണ്.+ 29 എന്നെ ഭയപ്പെടാനും എന്റെ കല്പനകളെല്ലാം പാലിക്കാനും+ ചായ്വുള്ള ഒരു ഹൃദയം എക്കാലവും അവർക്കുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ എന്നും അവർക്കും അവരുടെ മക്കൾക്കും നന്മ വരുമായിരുന്നു.+ 30 ചെന്ന്, “നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുക” എന്ന് അവരോടു പറയുക. 31 പക്ഷേ നീ ഇവിടെ എന്റെ അടുത്ത് നിൽക്കണം. അവരെ പഠിപ്പിക്കേണ്ട എല്ലാ കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഞാൻ നിനക്കു പറഞ്ഞുതരാം. ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ അവ പാലിക്കണം.’ 32 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതെല്ലാം അതേപടി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക;+ അതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+ 33 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് അഭിവൃദ്ധിയും ദീർഘായുസ്സും ഉണ്ടാകാനും+ നിങ്ങളുടെ ദൈവമായ യഹോവ കല്പിച്ച വഴിയേതന്നെ നിങ്ങൾ നടക്കണം.+
6 “നിങ്ങളെ പഠിപ്പിക്കാൻ നിങ്ങളുടെ ദൈവമായ യഹോവ നൽകിയ കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഇവയാണ്. നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് ഇവയെല്ലാം നിങ്ങൾ പാലിക്കണം. 2 നിങ്ങൾ ദീർഘായുസ്സോടിരിക്കാൻ ആയുഷ്കാലം മുഴുവൻ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുകയും+ ഞാൻ കല്പിക്കുന്ന ദൈവനിയമങ്ങളും കല്പനകളും നിങ്ങളും നിങ്ങളുടെ മക്കളും അവരുടെ മക്കളും+ പാലിക്കുകയും വേണം. 3 നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ആ ദേശത്ത് നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകാനും നിങ്ങൾ അനേകമനേകമായി വർധിക്കാനും വേണ്ടി, ഇസ്രായേലേ, ഇവയെല്ലാം കേട്ട് ശ്രദ്ധാപൂർവം പിൻപറ്റണം.
4 “ഇസ്രായേലേ, കേൾക്കുക: യഹോവ, നമ്മുടെ ദൈവമായ യഹോവ, ഒരുവനേ ഉള്ളൂ.+ 5 നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും*+ നിന്റെ മുഴുശക്തിയോടും* കൂടെ സ്നേഹിക്കണം.+ 6 ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയത്തിലുണ്ടായിരിക്കണം. 7 നീ അവ ആവർത്തിച്ചുപറഞ്ഞ് നിന്റെ മക്കളുടെ മനസ്സിൽ പതിപ്പിക്കണം.+ നീ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം.+ 8 എപ്പോഴും ഓർക്കാനായി നീ അവ നിന്റെ കൈയിൽ കെട്ടണം; ഒരു പട്ടപോലെ അവ നിന്റെ നെറ്റിയിലുണ്ടായിരിക്കണം.*+ 9 നിന്റെ വീടിന്റെ കട്ടിളക്കാലുകളിലും നിങ്ങളുടെ കവാടങ്ങളിലും നീ അവ എഴുതിവെക്കണം.
10 “നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു നിന്റെ പൂർവികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുപോയി,+ നീ പണിയാത്ത വലുതും ശ്രേഷ്ഠവും ആയ നഗരങ്ങളും+ 11 നീ അധ്വാനിച്ചുണ്ടാക്കാത്ത നല്ല വസ്തുക്കളെല്ലാം നിറഞ്ഞ വീടുകളും നീ വെട്ടിയുണ്ടാക്കാത്ത ജലസംഭരണികളും* നീ നട്ടുവളർത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവ് മരങ്ങളും നിനക്കു തരുകയും നീ തിന്ന് തൃപ്തനാകുകയും ചെയ്യുമ്പോൾ+ 12 അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിന്നെ വിടുവിച്ച് കൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.+ 13 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടണം;+ ഈ ദൈവത്തെയാണു നീ സേവിക്കേണ്ടത്;+ ഈ ദൈവത്തിന്റെ പേര് പറഞ്ഞാണു നീ സത്യം ചെയ്യേണ്ടത്.+ 14 അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്. നിനക്കു ചുറ്റുമുള്ള ജനങ്ങൾ സേവിക്കുന്ന ഏതെങ്കിലും ദൈവങ്ങളെ നീ സേവിച്ചാൽ+ 15 നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്ക് എതിരെ ജ്വലിക്കുകയും+ ഭൂമുഖത്തുനിന്ന് ദൈവം നിന്നെ തുടച്ചുനീക്കുകയും ചെയ്യും.+ കാരണം നിന്റെ മധ്യേ വസിക്കുന്ന നിന്റെ ദൈവമായ യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.+
16 “മസ്സയിൽവെച്ച് നിങ്ങൾ ചെയ്തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.+ 17 അനുസരിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ച കല്പനകളും ഓർമിപ്പിക്കലുകളും ചട്ടങ്ങളും നിങ്ങൾ ഉത്സാഹത്തോടെ പാലിക്കണം. 18 നിങ്ങൾ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്യണം. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും; നിങ്ങളുടെ പൂർവികരോട് യഹോവ സത്യം ചെയ്ത ആ നല്ല ദേശത്ത് നിങ്ങൾ പ്രവേശിക്കുകയും+ 19 യഹോവ വാഗ്ദാനം ചെയ്തതുപോലെ ശത്രുക്കളെയെല്ലാം നിങ്ങളുടെ മുന്നിൽനിന്ന് തുരത്തി, നിങ്ങൾ അത് അവകാശമാക്കുകയും ചെയ്യും.+
20 “ഭാവിയിൽ നിന്റെ മകൻ നിന്നോട്, ‘നമ്മുടെ ദൈവമായ യഹോവ കല്പിച്ച ഈ ഓർമിപ്പിക്കലുകളുടെയും ചട്ടങ്ങളുടെയും ന്യായത്തീർപ്പുകളുടെയും ഉദ്ദേശ്യം എന്താണ്’ എന്നു ചോദിക്കുമ്പോൾ 21 നീ അവന് ഇങ്ങനെ പറഞ്ഞുകൊടുക്കണം: ‘നമ്മൾ ഈജിപ്തിൽ ഫറവോന് അടിമകളായിരുന്നു. എന്നാൽ യഹോവ തന്റെ ബലമുള്ള കൈകൊണ്ട് അവിടെനിന്ന് നമ്മളെ പുറത്ത് കൊണ്ടുവന്നു. 22 നമ്മൾ കാൺകെ യഹോവ ഈജിപ്തിന്റെ മേലും ഫറവോന്റെ മേലും ഫറവോന്റെ വീട്ടിലുള്ള എല്ലാവരുടെ മേലും+ ഒന്നിനു പുറകേ ഒന്നായി ഉഗ്രമായ, വിനാശകരമായ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു.+ 23 അങ്ങനെ, നമ്മുടെ പൂർവികരോടു സത്യം ചെയ്ത ഈ ദേശം നമുക്കു തരാനായി ദൈവം നമ്മളെ അവിടെനിന്ന് ഇവിടേക്കു കൊണ്ടുവന്നു.+ 24 എല്ലാ കാലത്തും നമുക്കു നന്മ വരാനും ഇന്നത്തെപ്പോലെ ജീവനോടിരിക്കാനും+ വേണ്ടി ഈ ചട്ടങ്ങളെല്ലാം പാലിക്കണമെന്നും നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടണമെന്നും യഹോവ നമ്മളോടു കല്പിച്ചു.+ 25 നമ്മുടെ ദൈവമായ യഹോവ നമ്മളോടു കല്പിച്ചതുപോലെ, ദൈവത്തെ അനുസരിച്ച് ഈ കല്പനകളെല്ലാം നമ്മൾ ശ്രദ്ധാപൂർവം അനുസരിക്കുന്നെങ്കിൽ ദൈവം നമ്മളെ നീതിമാന്മാരായി കണക്കാക്കും.’+
7 “നിങ്ങൾ പെട്ടെന്നുതന്നെ കൈവശമാക്കാൻപോകുന്ന ആ ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുപോകുമ്പോൾ+ അവിടത്തെ ജനതകളെ, അതായത് ഹിത്യർ, ഗിർഗശ്യർ, അമോര്യർ,+ കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ നിങ്ങളെക്കാൾ സംഖ്യാബലവും ശക്തിയും ഉള്ള ഏഴു ജനതകളെ,+ ദൈവം നിങ്ങളുടെ മുന്നിൽനിന്ന് നീക്കിക്കളയും.+ 2 നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുകയും നിങ്ങൾ അവരെ പരാജയപ്പെടുത്തുകയും ചെയ്യും.+ അവരെ നിങ്ങൾ നിശ്ശേഷം നശിപ്പിച്ചുകളയണം.+ നിങ്ങൾ അവരുമായി ഏതെങ്കിലും ഉടമ്പടിയിൽ ഏർപ്പെടുകയോ അവരോടു കരുണ കാണിക്കുകയോ അരുത്.+ 3 അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്.* നിങ്ങളുടെ പെൺമക്കളെ അവരുടെ ആൺമക്കൾക്കു കൊടുക്കുകയോ അവരുടെ പെൺമക്കളെ നിങ്ങളുടെ ആൺമക്കൾക്കുവേണ്ടി എടുക്കുകയോ അരുത്.+ 4 കാരണം സത്യദൈവത്തെ അനുഗമിക്കുന്നതു മതിയാക്കി മറ്റു ദൈവങ്ങളെ സേവിക്കാൻ അവർ നിന്റെ മക്കളെ പ്രേരിപ്പിക്കും.+ അപ്പോൾ യഹോവയുടെ കോപം നിങ്ങൾക്കെതിരെ ജ്വലിക്കുകയും നിങ്ങളെ പെട്ടെന്നു തുടച്ചുനീക്കുകയും ചെയ്യും.+
5 “പകരം, നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇതാണ്: അവരുടെ യാഗപീഠങ്ങൾ നിങ്ങൾ നശിപ്പിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഇടിച്ചുകളയണം;+ അവരുടെ പൂജാസ്തൂപങ്ങൾ* നിങ്ങൾ വെട്ടിവീഴ്ത്തണം;+ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ കത്തിച്ചുകളയുകയും വേണം.+ 6 കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണ്. തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+
7 “നിങ്ങൾ മറ്റെല്ലാ ജനങ്ങളിലുംവെച്ച് എണ്ണത്തിൽ കൂടുതലായിരുന്നതുകൊണ്ടല്ല യഹോവയ്ക്കു നിങ്ങളോടു വാത്സല്യം തോന്നിയതും നിങ്ങളെ തിരഞ്ഞെടുത്തതും;+ എല്ലാ ജനങ്ങളിലുംവെച്ച് ഏറ്റവും ചെറിയ ജനമായിരുന്നല്ലോ നിങ്ങൾ.+ 8 യഹോവയ്ക്കു നിങ്ങളോടുള്ള സ്നേഹവും നിങ്ങളുടെ പൂർവികരോട് ആണയിട്ട് ചെയ്ത സത്യവും+ നിമിത്തമാണു ദൈവം നിങ്ങളെ മോചിപ്പിച്ചത്. അതുകൊണ്ടാണ് യഹോവ തന്റെ ബലമുള്ള കൈയാൽ അടിമവീട്ടിൽനിന്ന്, ഈജിപ്തിലെ രാജാവായ ഫറവോന്റെ കൈയിൽനിന്ന്, നിങ്ങളെ വിടുവിച്ച് കൊണ്ടുവന്നത്.+ 9 നിങ്ങളുടെ ദൈവമായ യഹോവയാണു സത്യദൈവമെന്നും വിശ്വസ്തനായ ദൈവമെന്നും നിങ്ങൾക്കു നന്നായി അറിയാമല്ലോ. തന്നെ സ്നേഹിക്കുകയും തന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരുടെ ആയിരം തലമുറവരെ ദൈവം തന്റെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം കാണിക്കുകയും ചെയ്യുന്നു.+ 10 എന്നാൽ തന്നെ വെറുക്കുന്നവരോടു നേർക്കുനേർ പൊരുതി അവരെ നശിപ്പിച്ചുകൊണ്ട് ദൈവം പകരം വീട്ടും.+ അവരോടു പകരം വീട്ടാൻ ദൈവം താമസിക്കില്ല; അവരോടു നേർക്കുനേർ പൊരുതി പകരം വീട്ടും. 11 അതുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ഈ കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും നിങ്ങൾ അനുസരിച്ച് ശ്രദ്ധാപൂർവം പിൻപറ്റണം.
12 “നിങ്ങൾ എക്കാലവും ഈ ന്യായത്തീർപ്പുകൾ ശ്രദ്ധിച്ച് അവ അനുസരിക്കുകയും പാലിക്കുകയും ചെയ്താൽ നിങ്ങളുടെ ദൈവമായ യഹോവ തന്റെ ഉടമ്പടി പാലിക്കുകയും നിങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ നിങ്ങളോട് അചഞ്ചലമായ സ്നേഹം കാണിക്കുകയും ചെയ്യും. 13 ദൈവം നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. അതെ, നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോടു സത്യം ചെയ്ത ദേശത്ത് അനേകം മക്കളെ* നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കും.+ നിങ്ങളുടെ ആടുകളും കന്നുകാലികളും പെറ്റുപെരുകും.+ നിങ്ങളുടെ നിലത്തെ വിളവും ധാന്യവും പുതുവീഞ്ഞും എണ്ണയും സമൃദ്ധമായിരിക്കും.+ 14 നിങ്ങൾ മറ്റെല്ലാ ജനങ്ങളെക്കാളും അനുഗൃഹീതരായിരിക്കും.+ കുട്ടികളില്ലാത്ത സ്ത്രീയോ പുരുഷനോ മൃഗങ്ങളോ നിങ്ങൾക്കിടയിലുണ്ടായിരിക്കില്ല.+ 15 നിങ്ങൾക്കിടയിൽനിന്ന് യഹോവ രോഗങ്ങളെല്ലാം നീക്കിക്കളയും. ഈജിപ്തിൽ നിങ്ങൾ കേട്ടിട്ടുള്ള മാരകമായ രോഗങ്ങളൊന്നും യഹോവ നിങ്ങളുടെ മേൽ വരുത്തില്ല.+ പകരം, നിങ്ങളെ വെറുക്കുന്ന എല്ലാവരുടെയും മേൽ അവ വരുത്തും. 16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്ന ജനങ്ങളെയെല്ലാം നിങ്ങൾ വകവരുത്തണം.*+ അവരോടു കനിവ് തോന്നുകയോ+ അവരുടെ ദൈവങ്ങളെ സേവിക്കുകയോ അരുത്.+ കാരണം അതു നിങ്ങൾക്കൊരു കെണിയായിത്തീരും.+
17 “‘ഈ ജനതകൾ എണ്ണത്തിൽ ഞങ്ങളെക്കാൾ അധികമാണ്, ഞാൻ അവരെ എങ്ങനെ ഓടിച്ചുകളയും’+ എന്നു ഹൃദയത്തിൽ പറഞ്ഞ് 18 നീ അവരെ ഭയപ്പെടരുത്.+ പകരം, നിങ്ങളുടെ ദൈവമായ യഹോവ ഫറവോനോടും ഈജിപ്തിനോടും ചെയ്തത് എന്താണെന്ന് ഓർക്കുക.+ 19 നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ആ മഹാന്യായവിധികളാലും* അടയാളങ്ങൾ, അത്ഭുതങ്ങൾ,+ തന്റെ ബലമുള്ള കൈ, നീട്ടിയ കരം എന്നിവയാലും നിങ്ങളുടെ ദൈവമായ യഹോവ നിന്നെ വിടുവിച്ചു.+ ഇതുതന്നെയാണ്, നീ ഭയപ്പെടുന്ന എല്ലാ ജനങ്ങളോടും നിങ്ങളുടെ ദൈവമായ യഹോവ ചെയ്യാൻപോകുന്നത്.+ 20 ആ ജനങ്ങളിൽ ബാക്കിയുള്ളവരും നിങ്ങൾ കാണാതെ ഒളിച്ചിരിക്കുന്നവരും എല്ലാം നശിച്ചുപോകുംവരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു പരിഭ്രാന്തി* വരുത്തും.+ 21 നിങ്ങളുടെ ദൈവമായ യഹോവ ഭയാദരവ് ഉണർത്തുന്ന മഹാദൈവമാണ്.+ ആ ദൈവം നിങ്ങളുടെകൂടെയുള്ളതുകൊണ്ട് അവർ കാരണം നിങ്ങൾ പേടിക്കരുത്.+
22 “നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ അൽപ്പാൽപ്പമായി നിങ്ങളുടെ മുന്നിൽനിന്ന് നീക്കിക്കളയും.+ അവരെ പെട്ടെന്നു നശിപ്പിച്ചുകളയാൻ നിങ്ങളെ അനുവദിക്കില്ല. അങ്ങനെ ചെയ്താൽ, വന്യമൃഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണിയായിത്തീരും. 23 നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ തരും; അവർ തീർത്തും നശിക്കുംവരെ ദൈവം അവരെ പരിപൂർണമായി തോൽപ്പിക്കും.+ 24 അവരുടെ രാജാക്കന്മാരെ ദൈവം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും;+ ആകാശത്തിൻകീഴിൽനിന്ന് നിങ്ങൾ അവരുടെ പേര് മായ്ച്ചുകളയും.+ നിങ്ങൾ അവരെ അപ്പാടേ നശിപ്പിച്ചുകളയുന്നതുവരെ+ ഒരുത്തനും നിങ്ങളുടെ മുന്നിൽ നിൽക്കില്ല.+ 25 അവരുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നിങ്ങൾ കത്തിച്ചുകളയണം.+ അവയിലെ സ്വർണവും വെള്ളിയും മോഹിക്കുകയോ എടുക്കുകയോ ചെയ്ത് നിങ്ങൾ കെണിയിൽപ്പെടരുത്.+ അവ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.+ 26 അറപ്പായ ഒരു വസ്തുവും നിന്റെ വീട്ടിൽ കൊണ്ടുവരരുത്. കൊണ്ടുവന്നാൽ, നാശയോഗ്യമായ ആ വസ്തുവിനെപ്പോലെ നിന്നെയും നിശ്ശേഷം നശിപ്പിക്കും. നീ അതിനെ അത്യധികം വെറുക്കണം; അതു നിനക്ക് അങ്ങേയറ്റം അറപ്പായിരിക്കണം.
8 “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന എല്ലാ കല്പനകളും നിങ്ങൾ ശ്രദ്ധാപൂർവം പാലിക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾ തുടർന്നും ജീവിച്ചിരിക്കുകയും+ അനേകമായി വർധിക്കുകയും യഹോവ നിങ്ങളുടെ പൂർവികരോടു സത്യം ചെയ്ത ദേശത്ത് ചെന്ന് അതു കൈവശമാക്കുകയും ചെയ്യും.+ 2 നിങ്ങളെ താഴ്മ പഠിപ്പിക്കാനും നിങ്ങൾ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിച്ച്+ നിങ്ങളുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് അറിയാനും+ വേണ്ടി ഈ 40 വർഷക്കാലം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വിജനഭൂമിയിലൂടെ നടത്തിക്കൊണ്ടുവന്ന സുദീർഘമായ ആ പാതയെക്കുറിച്ച് ഓർക്കുക.+ 3 അങ്ങനെ മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെ വായിൽനിന്ന് വരുന്ന എല്ലാ വചനങ്ങൾകൊണ്ടുമാണു ജീവിക്കുന്നതെന്നു+ നിങ്ങൾ അറിയേണ്ടതിനു ദൈവം നിങ്ങളെ താഴ്മ പഠിപ്പിക്കുകയും വിശപ്പ് അറിയാൻ ഇടയാക്കുകയും+ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് നിങ്ങളെ പോഷിപ്പിക്കുകയും ചെയ്തു.+ 4 ഈ 40 വർഷക്കാലം, നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം പഴകിയില്ല, നിങ്ങളുടെ പാദം നീരുവെച്ച് വീങ്ങിയുമില്ല.+ 5 ഒരു അപ്പൻ മകനെ തിരുത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരുത്തുകയായിരുന്നെന്നു നിങ്ങൾക്കു നന്നായി മനസ്സിലായല്ലോ.+
6 “അതിനാൽ നിങ്ങളുടെ ദൈവമായ യഹോവയുടെ വഴികളിൽ നടന്നുകൊണ്ടും ദൈവത്തെ ഭയപ്പെട്ടുകൊണ്ടും നിങ്ങൾ ദൈവത്തിന്റെ കല്പനകൾ അനുസരിക്കണം. 7 കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുപോകുന്നത് ഒരു നല്ല ദേശത്തേക്കാണ്.+ താഴ്വരകളിലും മലനാട്ടിലും അരുവികളും നീരുറവകളും* ഉള്ള നീരൊഴുക്കുള്ള* ഒരു ദേശം; 8 ഗോതമ്പും ബാർളിയും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;+ ഒലിവെണ്ണയും തേനും ഉള്ള ദേശം;+ 9 ഭക്ഷണത്തിനു പഞ്ഞമില്ലാത്ത, ഒന്നിനും കുറവില്ലാത്ത ദേശം; കല്ലുകളിൽ ഇരുമ്പുള്ള ദേശം; ആ ദേശത്തെ മലകളിൽനിന്ന് നിങ്ങൾ ചെമ്പു കുഴിച്ചെടുക്കും.
10 “നിങ്ങൾ തിന്ന് തൃപ്തരാകുമ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന ആ നല്ല ദേശത്തെപ്രതി ദൈവത്തെ സ്തുതിക്കണം.+ 11 ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളും ന്യായത്തീർപ്പുകളും നിയമങ്ങളും പാലിക്കാതെ ദൈവത്തെ മറന്നുപോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. 12 നിങ്ങൾ തിന്ന് തൃപ്തരാകുകയും നല്ല വീടുകൾ പണിത് താമസിക്കുകയും+ 13 നിങ്ങളുടെ ആടുമാടുകൾ പെരുകുകയും സ്വർണവും വെള്ളിയും വർധിക്കുകയും അങ്ങനെ നിങ്ങൾക്ക് എല്ലാത്തിലും സമൃദ്ധി ഉണ്ടാകുകയും ചെയ്യുമ്പോൾ 14 നിങ്ങളുടെ ഹൃദയം അഹങ്കരിച്ചുപോകുകയോ+ അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളയുകയോ അരുത്.+ 15 വിഷപ്പാമ്പുകളും തേളുകളും നിറഞ്ഞ, വെള്ളമില്ലാതെ വരണ്ടുണങ്ങിയ, വലുതും ഭയാനകവും ആയ ഈ വിജനഭൂമിയിലൂടെ നിങ്ങളെ നടത്തിക്കൊണ്ടുവന്നതു+ ദൈവമാണ്. തീക്കൽപ്പാറയിൽനിന്ന് വെള്ളം പുറപ്പെടുവിക്കുകയും+ 16 നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്ന തന്ന് വിജനഭൂമിയിൽ നിങ്ങളെ പോഷിപ്പിക്കുകയും+ ചെയ്തുകൊണ്ട് ഭാവിയിലെ പ്രയോജനത്തിനായി ദൈവം നിങ്ങളെ താഴ്മ പഠിപ്പിക്കുകയും+ പരീക്ഷിക്കുകയും ചെയ്തു.+ 17 ‘ഞാൻ എന്റെ സ്വന്തം ശക്തിയും കൈക്കരുത്തും കൊണ്ടാണ് ഈ സമ്പത്തെല്ലാം സ്വരൂപിച്ചത്’+ എന്നു നീ ഹൃദയത്തിൽ പറഞ്ഞുപോയാൽ 18 ഓർക്കുക: നിന്റെ ദൈവമായ യഹോവയാണു സമ്പത്ത് സ്വരൂപിക്കാനുള്ള ശക്തി നിനക്കു തരുന്നത്.+ ഇന്നോളം ചെയ്തുവരുന്നതുപോലെ, നിന്റെ പൂർവികരോടു സത്യം ചെയ്ത തന്റെ ഉടമ്പടി പാലിക്കാനാണു ദൈവം അങ്ങനെ ചെയ്യുന്നത്.+
19 “നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ ദൈവമായ യഹോവയെ മറന്ന് മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിക്കുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്താൽ ഇന്ന് ഇതാ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷിയാകുന്നു, നിങ്ങൾ നിശ്ചയമായും നശിച്ചുപോകും.+ 20 നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കാതിരുന്നാൽ യഹോവ നിങ്ങളുടെ മുന്നിൽനിന്ന് തുടച്ചുനീക്കുന്ന ജനതകളെപ്പോലെ നിങ്ങളും നശിക്കും.+
9 “ഇസ്രായേലേ, കേൾക്കുക. ഇന്നു നിങ്ങൾ യോർദാൻ കടന്നുചെന്ന്+ നിങ്ങളെക്കാൾ വലുപ്പവും ശക്തിയും ഉള്ള ജനതകളെ ഓടിച്ചുകളയും;+ ആകാശത്തോളം എത്തുന്ന കോട്ടകളുള്ള മഹാനഗരങ്ങൾ നിങ്ങൾ പിടിച്ചടക്കും.+ 2 ഉയരവും ശക്തിയും ഉള്ള അവിടത്തെ ജനങ്ങളെ, അനാക്യവംശജരെ,+ നിങ്ങൾ തോൽപ്പിക്കും. അവരെ നിങ്ങൾക്ക് അറിയാമല്ലോ. ‘അനാക്കിന്റെ വംശജരോട് എതിർത്തുനിൽക്കാൻ ആർക്കു കഴിയും’ എന്ന ചൊല്ലും നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 3 അതുകൊണ്ട് ഇന്നു നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുക: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു മുമ്പേ അവിടേക്കു പോകും.+ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്,+ ദൈവം അവരെ നിശ്ശേഷം നശിപ്പിക്കും. നിങ്ങളുടെ കൺമുന്നിൽ അവരെ കീഴടക്കും. അങ്ങനെ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരെ പെട്ടെന്നു തുരത്തിയോടിക്കുകയും* നശിപ്പിക്കുകയും ചെയ്യും.+
4 “നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുമ്പോൾ, ‘ഞാൻ നീതിയുള്ളവനായതുകൊണ്ടാണ് ഈ ദേശം കൈവശമാക്കാൻ യഹോവ എന്നെ കൊണ്ടുവന്നത്’+ എന്നു നീ ഹൃദയത്തിൽ പറയരുത്. ഈ ജനതകളുടെ ദുഷ്ടത കാരണമാണ്+ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നത്. 5 നിങ്ങൾക്കു നീതിയോ ഹൃദയശുദ്ധിയോ ഉള്ളതുകൊണ്ടല്ല നിങ്ങൾ അവരുടെ ദേശം അവകാശമാക്കാൻപോകുന്നത്. ഈ ജനതകളുടെ ദുഷ്ടത കാരണവും നിങ്ങളുടെ പൂർവികരായ അബ്രാഹാം,+ യിസ്ഹാക്ക്,+ യാക്കോബ്+ എന്നിവരോട് യഹോവ സത്യം ചെയ്ത വാക്കു പാലിക്കുന്നതിനുവേണ്ടിയും ആണ് നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നത്.+ 6 അതുകൊണ്ട്, നിങ്ങൾ നീതിയുള്ളവരായതുകൊണ്ടല്ല നിങ്ങളുടെ ദൈവമായ യഹോവ ഈ നല്ല ദേശം നിങ്ങൾക്ക് അവകാശമായി തരുന്നതെന്ന് അറിഞ്ഞുകൊള്ളുക. നിങ്ങൾ ദുശ്ശാഠ്യമുള്ള ഒരു ജനമാണല്ലോ.+
7 “വിജനഭൂമിയിൽവെച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ പ്രകോപിപ്പിച്ചത് എങ്ങനെയാണെന്ന് ഓർക്കുക, അക്കാര്യം നിങ്ങൾ ഒരിക്കലും മറന്നുകളയരുത്.+ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടതുമുതൽ ഇവിടെ എത്തുംവരെ നിങ്ങൾ യഹോവയെ ധിക്കരിച്ചു.+ 8 ഹോരേബിൽവെച്ചുപോലും യഹോവയെ കോപിപ്പിച്ചു. നിങ്ങളെ നശിപ്പിച്ചുകളയാൻ തുനിയുന്ന അളവോളം യഹോവയുടെ കോപം ആളിക്കത്തി.+ 9 യഹോവ നിങ്ങളുമായി ചെയ്ത ഉടമ്പടിയുടെ കൽപ്പലകകൾ+ സ്വീകരിക്കാൻ മലയിലേക്കു കയറിച്ചെന്ന ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതെ 40 രാവും 40 പകലും അവിടെ ചെലവഴിച്ചു.+ 10 പിന്നെ, സ്വന്തം കൈവിരൽകൊണ്ട് എഴുതിയ രണ്ടു കൽപ്പലകകൾ യഹോവ എനിക്കു തന്നു. നിങ്ങൾ കൂടിവന്ന ദിവസം യഹോവ മലയിൽവെച്ച് തീയുടെ മധ്യേനിന്ന് നിങ്ങളോടു പറഞ്ഞ വചനങ്ങളെല്ലാം അവയിലുണ്ടായിരുന്നു.+ 11 യഹോവ ആ രണ്ടു കൽപ്പലകകൾ, ഉടമ്പടിയുടെ പലകകൾ, 40 രാവും 40 പകലും കഴിഞ്ഞപ്പോൾ എനിക്കു തന്നു. 12 യഹോവ എന്നോടു പറഞ്ഞു: ‘എഴുന്നേറ്റ് വേഗം താഴേക്കു ചെല്ലുക. നീ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം വഷളത്തം കാണിച്ചിരിക്കുന്നു.+ ഞാൻ അവരോടു കല്പിച്ച വഴിയിൽനിന്ന് അവർ പെട്ടെന്നു മാറിപ്പോയി. അവർ തങ്ങൾക്കുവേണ്ടി ഒരു ലോഹവിഗ്രഹം* ഉണ്ടാക്കിയിരിക്കുന്നു.’+ 13 തുടർന്ന് യഹോവ എന്നോട്: ‘ഈ ജനം ദുശ്ശാഠ്യമുള്ള ഒരു ജനമാണെന്ന് എനിക്കു മനസ്സിലായി.+ 14 നീ എന്നെ തടയരുത്, ഞാൻ അവരെ തുടച്ചുനീക്കുകയും അവരുടെ പേര് ആകാശത്തിൻകീഴിൽനിന്ന് മായ്ച്ചുകളയുകയും ചെയ്യും. എന്നാൽ നിന്നെ ഞാൻ എണ്ണത്തിലും ശക്തിയിലും അവരെക്കാൾ മികച്ച ഒരു ജനതയാക്കാം.’+
15 “ഞാൻ അപ്പോൾ ഉടമ്പടിയുടെ രണ്ടു കൽപ്പലകകളും കൈകളിലെടുത്ത് മലയിറങ്ങി.+ ആ സമയം മല കത്തിജ്വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.+ 16 ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നതായി കണ്ടു. നിങ്ങൾ ലോഹംകൊണ്ട്* ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, യഹോവ നിങ്ങളോടു കല്പിച്ച വഴിയിൽനിന്ന് പെട്ടെന്നു മാറിപ്പോയി.+ 17 അതിനാൽ ഞാൻ ആ കൽപ്പലകകൾ രണ്ടും എന്റെ കൈകളിൽ എടുത്ത് നിങ്ങളുടെ കൺമുന്നിൽവെച്ച് എറിഞ്ഞ് തകർത്തു.+ 18 പിന്നെ ഞാൻ ആദ്യത്തെപ്പോലെ 40 രാവും 40 പകലും യഹോവയുടെ മുമ്പാകെ സാഷ്ടാംഗം വീണ് നമസ്കരിച്ചു. യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിക്കുകയും ദൈവത്തെ കോപിപ്പിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ ചെയ്ത പാപങ്ങളെല്ലാം കാരണം ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.+ 19 നിങ്ങളെ നശിപ്പിച്ചുകളയാൻ തുനിയുന്ന അളവോളം യഹോവയുടെ കോപം ആളിക്കത്തിയതിനാൽ+ ഞാൻ ഭയന്നുപോയിരുന്നു. എന്നാൽ ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു.+
20 “അഹരോന് എതിരെയും യഹോവയുടെ കോപം ആളിക്കത്തി; അഹരോനെയും നശിപ്പിച്ചുകളയാൻ ദൈവം ഒരുങ്ങി.+ എന്നാൽ ആ സമയത്ത് ഞാൻ അഹരോനുവേണ്ടിയും ഉള്ളുരുകി പ്രാർഥിച്ചു. 21 പിന്നെ ഞാൻ നിങ്ങൾ ഉണ്ടാക്കിയ ആ പാപവസ്തുവിനെ, ആ കാളക്കുട്ടിയെ,+ എടുത്ത് തീയിലിട്ട് കത്തിച്ചു. എന്നിട്ട് ഞാൻ അതു തകർത്തുടച്ച് നേർത്ത പൊടിയാക്കി, മലയിൽനിന്ന് ഒഴുകുന്ന അരുവിയിൽ ഒഴുക്കി.+
22 “പിന്നീട്, തബേരയിലും+ മസ്സയിലും+ കിബ്രോത്ത്-ഹത്താവയിലും+ വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു. 23 യഹോവ കാദേശ്-ബർന്നേയയിൽനിന്ന്+ നിങ്ങളെ അയച്ച്, ‘പോയി ഞാൻ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കിക്കൊള്ളുക’ എന്നു പറഞ്ഞപ്പോൾ വീണ്ടും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചു.+ നിങ്ങൾ ദൈവത്തിൽ വിശ്വാസമർപ്പിക്കുകയോ+ ദൈവത്തെ അനുസരിക്കുകയോ ചെയ്തില്ല. 24 എനിക്കു നിങ്ങളെ അറിയാവുന്ന കാലംമുതൽ നിങ്ങൾ യഹോവയെ ധിക്കരിച്ചുകൊണ്ടിരിക്കുന്നു.
25 “അതിനാൽ ഞാൻ 40 രാവും 40 പകലും+ യഹോവയുടെ മുമ്പാകെ സാഷ്ടാംഗം വീണ് നമസ്കരിച്ചു. നിങ്ങളെ നശിപ്പിച്ചുകളയും എന്ന് യഹോവ പറഞ്ഞതുകൊണ്ടാണു ഞാൻ അങ്ങനെ ചെയ്തത്. 26 ഞാൻ യഹോവയോട് ഇങ്ങനെ ഉള്ളുരുകി പ്രാർഥിച്ചു: ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ ജനത്തെ നശിപ്പിച്ചുകളയരുതേ. അവർ അങ്ങയുടെ സ്വകാര്യസ്വത്താണല്ലോ,*+ അങ്ങ് അങ്ങയുടെ മാഹാത്മ്യത്താൽ മോചിപ്പിക്കുകയും അങ്ങയുടെ ബലമുള്ള കൈയാൽ ഈജിപ്തിൽനിന്ന് വിടുവിക്കുകയും ചെയ്തവർ!+ 27 അങ്ങയുടെ ദാസരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കേണമേ.+ ഈ ജനത്തിന്റെ ശാഠ്യവും ദുഷ്ടതയും പാപവും അങ്ങ് കാര്യമാക്കരുതേ.+ 28 അല്ലാത്തപക്ഷം, അങ്ങ് ഞങ്ങളെ വിടുവിച്ച് കൊണ്ടുവന്ന ആ ദേശത്തെ ജനങ്ങൾ, “താൻ വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കാൻ യഹോവയ്ക്കു കഴിഞ്ഞില്ല; ആ ദൈവം അവരെ വെറുത്തതുകൊണ്ടാണ് അവരെ കൊല്ലാൻവേണ്ടി വിജനഭൂമിയിലേക്കു കൊണ്ടുപോയത്” എന്നു പറയും.+ 29 എന്നാൽ, അവർ അങ്ങയുടെ ജനവും സ്വകാര്യസ്വത്തും ആണല്ലോ;+ അങ്ങ് അങ്ങയുടെ മഹാശക്തിയാലും നീട്ടിയ കരത്താലും വിടുവിച്ച് കൊണ്ടുവന്നവർ!’+
10 “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നീ ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ വെട്ടിയുണ്ടാക്കി,+ എന്റെ അടുത്ത് മലയിലേക്കു വരുക. തടികൊണ്ടുള്ള ഒരു പെട്ടകവും* നീ ഉണ്ടാക്കണം. 2 നീ എറിഞ്ഞുടച്ച ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവ പെട്ടകത്തിൽ വെക്കണം.’ 3 അങ്ങനെ ഞാൻ കരുവേലത്തടികൊണ്ട്* ഒരു പെട്ടകം ഉണ്ടാക്കി; ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകളും വെട്ടിയെടുത്തു. പിന്നെ ഞാൻ ആ രണ്ടു പലകകളും കൈയിൽ എടുത്ത് മലകയറി.+ 4 ദൈവം മുമ്പ് എഴുതിയിരുന്ന വാക്കുകൾ, ജനത്തെ കൂട്ടിവരുത്തിയ ദിവസം+ യഹോവ മലയിൽവെച്ച് തീയുടെ മധ്യേനിന്ന് നിങ്ങളോടു പറഞ്ഞ+ ആ പത്തു കല്പനകൾ,*+ ആ കൽപ്പലകകളിൽ എഴുതി.+ പിന്നെ യഹോവ അവ എനിക്കു തന്നു. 5 തുടർന്ന് ഞാൻ മലയിൽനിന്ന് ഇറങ്ങിവന്ന്+ യഹോവ എന്നോടു കല്പിച്ചതുപോലെ, ഞാൻ ഉണ്ടാക്കിയ പെട്ടകത്തിൽ ആ കൽപ്പലകകൾ വെച്ചു; അത് ഇന്നും അവിടെയുണ്ട്.
6 “പിന്നീട് ഇസ്രായേല്യർ ബേരോത്ത് ബനേ-ആക്കാനിൽനിന്ന് മോസരയിലേക്കു പുറപ്പെട്ടു. അവിടെവെച്ച് അഹരോൻ മരിച്ചു;+ അഹരോനെ അവിടെ അടക്കി. തുടർന്ന് മകനായ എലെയാസർ അഹരോനു പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു.+ 7 അവിടെനിന്ന് അവർ ഗുദ്ഗോദയിലേക്കു പുറപ്പെട്ടു. പിന്നെ അവർ ഗുദ്ഗോദയിൽനിന്ന് അരുവികളുടെ* ദേശമായ യൊത്ബാഥയിലേക്കു+ പുറപ്പെട്ടു.
8 “ആ സമയത്ത് യഹോവ ലേവി ഗോത്രത്തെ,+ അവർ ഇന്നോളം ചെയ്തുപോരുന്നതുപോലെ, യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കാനും+ യഹോവയുടെ മുമ്പാകെ നിന്ന് ശുശ്രൂഷ ചെയ്യാനും ദൈവനാമത്തിൽ അനുഗ്രഹിക്കാനും+ ആയി വേർതിരിച്ചു. 9 അതുകൊണ്ടാണ് ലേവിക്കു സഹോദരന്മാരോടൊപ്പം ഓഹരിയോ അവകാശമോ കൊടുക്കാത്തത്. നിങ്ങളുടെ ദൈവമായ യഹോവ ലേവിയോടു പറഞ്ഞതുപോലെ,+ യഹോവയാണു ലേവിയുടെ അവകാശം. 10 ആദ്യത്തെപ്പോലെ 40 രാവും 40 പകലും ഞാൻ ആ മലയിൽ തങ്ങി.+ ആ സന്ദർഭത്തിലും യഹോവ എന്റെ വാക്കു കേട്ടു;+ നിങ്ങളെ കൊന്നുകളയാൻ യഹോവയ്ക്കു മനസ്സുവന്നില്ല. 11 പിന്നീട് യഹോവ എന്നോടു പറഞ്ഞു: ‘ഞാൻ അവർക്കു കൊടുക്കുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്ത ദേശം+ അവർ കൈവശമാക്കേണ്ടതിനു നിങ്ങൾ പുറപ്പെടാൻ തയ്യാറാകുക. നീ അവർക്കു മുമ്പായി പോകുക.’
12 “അതുകൊണ്ട് ഇസ്രായേലേ, എന്താണു നിന്റെ ദൈവമായ യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?+ നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും+ ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കുകയും+ ദൈവത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* കൂടെ സേവിക്കുകയും+ 13 നിന്റെ നന്മയ്ക്കുവേണ്ടി ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന യഹോവയുടെ കല്പനകളും നിയമങ്ങളും പാലിക്കുകയും ചെയ്യുക—ഇത്ര മാത്രം.+ 14 ഇതാ, ആകാശവും ആകാശങ്ങളുടെ ആകാശവും* ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയുടേതാണ്.+ 15 എങ്കിലും, നിന്റെ പൂർവികരോടു മാത്രമാണ് യഹോവയ്ക്ക് അടുപ്പം തോന്നിയത്; അവരെ മാത്രമാണു ദൈവം സ്നേഹിച്ചത്. അവരുടെ സന്തതിയായ നിന്നെ,+ ഇതാ നീ ഇന്നായിരിക്കുന്നതുപോലെ, എല്ലാ ജനങ്ങളിൽനിന്നും തിരഞ്ഞെടുത്തിരിക്കുന്നു. 16 നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഹൃദയം ശുദ്ധീകരിക്കുകയും*+ നിങ്ങളുടെ ഈ ശാഠ്യം ഉപേക്ഷിക്കുകയും വേണം.+ 17 കാരണം നിന്റെ ദൈവമായ യഹോവ ദൈവാധിദൈവവും+ കർത്താധികർത്താവും ആണ്. അവിടുന്ന് മഹാദൈവവും ശക്തനും ഭയാദരവ് ഉണർത്തുന്നവനും ആണ്; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല. 18 വിധവയ്ക്കും അനാഥനും* ദൈവം നീതി നടത്തിക്കൊടുക്കുന്നു.+ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയെ സ്നേഹിച്ച്+ ദൈവം അയാൾക്ക് ആഹാരവും വസ്ത്രവും നൽകുന്നു. 19 നിങ്ങളും നിങ്ങൾക്കിടയിൽ വന്നുതാമസമാക്കിയ വിദേശിയെ സ്നേഹിക്കണം. കാരണം നിങ്ങളും ഒരിക്കൽ ഈജിപ്ത് ദേശത്ത് വിദേശികളായി താമസിച്ചിരുന്നു.+
20 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; ഈ ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്;+ ഈ ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്; ഈ ദൈവത്തിന്റെ നാമത്തിലാണു നിങ്ങൾ സത്യം ചെയ്യേണ്ടത്. 21 ഈ ദൈവത്തെയാണു നിങ്ങൾ സ്തുതിക്കേണ്ടത്.+ അവിടുന്നാണു നിങ്ങളുടെ ദൈവം. നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ഭയാദരവ് ഉണർത്തുന്ന ഈ മഹാകാര്യങ്ങളെല്ലാം നിങ്ങൾക്കുവേണ്ടി ചെയ്തത് ഈ ദൈവമാണ്!+ 22 നിങ്ങളുടെ പൂർവികർ ഈജിപ്തിലേക്കു പോയപ്പോൾ അവർ 70 പേരായിരുന്നു.+ എന്നാൽ ഇപ്പോൾ ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായി നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു.+
11 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും+ എപ്പോഴും ദൈവത്തോടുള്ള നിങ്ങളുടെ കടമ നിറവേറ്റുകയും ദൈവത്തിന്റെ നിയമങ്ങളും ന്യായത്തീർപ്പുകളും കല്പനകളും പാലിക്കുകയും വേണം. 2 നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷണം, മഹത്ത്വം,+ ബലമുള്ള കൈ,+ നീട്ടിയ കരം എന്നിവയൊന്നും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ ഇന്നു സംസാരിക്കുന്നത്,+ പകരം നിങ്ങളോടാണ് എന്നു നിങ്ങൾക്ക് അറിയാമല്ലോ. 3 ഈജിപ്തിൽവെച്ച് അവിടത്തെ രാജാവായ ഫറവോനോടും ഫറവോന്റെ മുഴുവൻ ദേശത്തോടും ദൈവം ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മക്കൾ നേരിൽ കണ്ടിട്ടില്ല.+ 4 ഈജിപ്തിലെ സൈന്യവും ഫറവോന്റെ കുതിരകളും യുദ്ധരഥങ്ങളും നിങ്ങളെ പിന്തുടർന്നുവന്നപ്പോൾ ദൈവം ചെയ്തത് എന്താണെന്നും അവർ കണ്ടിട്ടില്ലല്ലോ. ചെങ്കടലിലെ വെള്ളം അവരുടെ മേൽ വന്ന് മൂടി; യഹോവ അവരെ നിശ്ശേഷം* സംഹരിച്ചു.+ 5 നിങ്ങൾ ഇവിടെ എത്തുന്നതുവരെ വിജനഭൂമിയിൽവെച്ച് ദൈവം നിങ്ങൾക്കുവേണ്ടി* ചെയ്ത കാര്യങ്ങളൊന്നും നിങ്ങളുടെ മക്കൾ കണ്ടിട്ടില്ല. 6 രൂബേന്യവംശജനായ എലിയാബിന്റെ മക്കളായ ദാഥാൻ, അബീരാം എന്നിവരോടു ദൈവം ചെയ്തതും അവർ കണ്ടിട്ടില്ല; ഇസ്രായേലെല്ലാം കാൺകെ ഭൂമി വായ് പിളർന്ന് അവരെയും അവരുടെ വീട്ടിലുള്ളവരെയും, അവരുടെ കൂടാരങ്ങളോടും അവരെ അനുഗമിച്ച ജീവനുള്ള എല്ലാത്തിനോടും ഒപ്പം വിഴുങ്ങിക്കളഞ്ഞു.+ 7 എന്നാൽ നിങ്ങൾ, യഹോവ ചെയ്ത ഈ മഹാകാര്യങ്ങളെല്ലാം നേരിൽ കണ്ടവരാണ്.
8 “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന കല്പനകളെല്ലാം നിങ്ങൾ പാലിക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾ ബലം പ്രാപിച്ച് ആ ദേശത്ത് ചെന്ന് അതു കൈവശമാക്കും; 9 യഹോവ നിങ്ങളുടെ പൂർവികർക്കും അവരുടെ സന്തതിക്കും* കൊടുക്കുമെന്നു സത്യം ചെയ്ത ആ ദേശത്ത്,+ പാലും തേനും ഒഴുകുന്ന ദേശത്ത്,+ നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കുകയും ചെയ്യും.+
10 “നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം നിങ്ങൾ പുറപ്പെട്ടുപോന്ന ഈജിപ്ത് ദേശംപോലെയല്ല. അവിടെ നിങ്ങൾ വിത്തു വിതച്ചിട്ട് കാലുകൊണ്ട് നനയ്ക്കേണ്ടിയിരുന്നു,* ഒരു പച്ചക്കറിത്തോട്ടം നനയ്ക്കുന്നതുപോലെ. 11 എന്നാൽ നിങ്ങൾ യോർദാൻ കടന്ന് കൈവശമാക്കാൻപോകുന്ന ദേശം മലകളും താഴ്വരകളും ഉള്ള ഒരു ദേശമാണ്.+ അത് ആകാശത്തുനിന്ന് പെയ്യുന്ന മഴവെള്ളം കുടിക്കുന്നു.+ 12 നിങ്ങളുടെ ദൈവമായ യഹോവ പരിപാലിക്കുന്ന ദേശമാണ് അത്. വർഷത്തിന്റെ ആരംഭംമുതൽ അവസാനംവരെ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ കണ്ണ് അതിന്മേലുണ്ട്.
13 “ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ അനുസരിക്കാൻ നിങ്ങൾ ഉത്സാഹമുള്ളവരായിരിക്കണം. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ സേവിക്കുകയും വേണം.+ അങ്ങനെ ചെയ്താൽ 14 ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്ത് മഴ പെയ്യിക്കും—മുൻമഴയും പിൻമഴയും നിങ്ങൾക്കു ലഭിക്കും; നിങ്ങൾ നിങ്ങളുടെ ധാന്യവും പുതുവീഞ്ഞും എണ്ണയും ശേഖരിക്കും.+ 15 ഞാൻ നിങ്ങളുടെ നിലങ്ങളിൽ മൃഗങ്ങൾക്ക് ആഹാരമായി പുല്ലു മുളപ്പിക്കും. അങ്ങനെ നിങ്ങൾ തിന്ന് തൃപ്തരാകും.+ 16 എന്നാൽ സൂക്ഷിച്ചുകൊള്ളുക: നിങ്ങളുടെ ഹൃദയം വഴിതെറ്റി അന്യദൈവങ്ങളെ ആരാധിക്കാനും അവയുടെ മുമ്പാകെ കുമ്പിടാനും വശീകരിക്കപ്പെടരുത്.+ 17 അങ്ങനെ സംഭവിച്ചാൽ, യഹോവയുടെ കോപം നിങ്ങൾക്കെതിരെ ആളിക്കത്തുകയും ദൈവം ആകാശം അടച്ചുകളയുകയും ചെയ്യും; മഴ പെയ്യുകയോ+ നിലം അതിന്റെ ഫലം തരുകയോ ഇല്ല. അങ്ങനെ യഹോവ നിങ്ങൾക്കു തരുന്ന ആ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.+
18 “എന്റെ ഈ വാക്കുകൾ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും പതിപ്പിക്കുകയും ഒരു ഓർമിപ്പിക്കലായി നിങ്ങളുടെ കൈയിൽ കെട്ടുകയും വേണം; ഒരു പട്ടപോലെ അവ നിന്റെ നെറ്റിയിലുണ്ടായിരിക്കണം.*+ 19 നിങ്ങൾ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവ നിങ്ങളുടെ മക്കൾക്കു പഠിപ്പിച്ചുകൊടുക്കണം.+ 20 നിങ്ങളുടെ വീടിന്റെ കട്ടിളക്കാലുകളിലും നിങ്ങളുടെ കവാടങ്ങളിലും അവ എഴുതിവെക്കണം. 21 അങ്ങനെ ചെയ്താൽ യഹോവ നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്ത്+ നിങ്ങളും നിങ്ങളുടെ മക്കളും ദീർഘകാലം, ആകാശം ഭൂമിക്കു മീതെയുള്ളിടത്തോളം കാലം, ജീവിച്ചിരിക്കും.+
22 “ഞാൻ നിങ്ങൾക്കു തരുന്ന ഈ കല്പന നിങ്ങൾ അതേപടി അനുസരിക്കുകയും പാലിക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും+ ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കുകയും ദൈവത്തോടു പറ്റിച്ചേരുകയും ചെയ്താൽ,+ 23 ഈ ജനതകളെയെല്ലാം യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയും;+ നിങ്ങളെക്കാൾ സംഖ്യാബലമുള്ള മഹാജനതകളെ നിങ്ങൾ തുരത്തിയോടിക്കും.+ 24 നിങ്ങൾ കാൽ കുത്തുന്ന സ്ഥലമൊക്കെയും നിങ്ങളുടേതായിത്തീരും.+ വിജനഭൂമി മുതൽ അങ്ങു ലബാനോൻ വരെയും യൂഫ്രട്ടീസ് നദി മുതൽ പടിഞ്ഞാറേ കടൽ* വരെയും നിങ്ങളുടെ അതിർത്തിയായിരിക്കും.+ 25 ആരും നിങ്ങൾക്കു നേരെ നിൽക്കില്ല.+ താൻ വാഗ്ദാനം ചെയ്തതുപോലെ, നിങ്ങൾ പോകുന്ന ദേശത്തൊക്കെയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചുള്ള ഭീതിയും നടുക്കവും പരത്തും.+
26 “ഇതാ, ഇന്നു ഞാൻ അനുഗ്രഹവും ശാപവും നിങ്ങളുടെ മുന്നിൽ വെക്കുന്നു:+ 27 ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കുന്നെങ്കിൽ നിങ്ങൾ അനുഗൃഹീതരാകും.+ 28 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ,+ ഞാൻ ഇന്നു കല്പിക്കുന്ന വഴിയിൽനിന്ന് മാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങളെ സേവിച്ചാൽ നിങ്ങൾ ശാപം പേറേണ്ടിവരും.
29 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുമ്പോൾ നിങ്ങൾ ഗരിസീം പർവതത്തിൽവെച്ച് അനുഗ്രഹവും ഏബാൽ പർവതത്തിൽവെച്ച്+ ശാപവും പ്രസ്താവിക്കണം.* 30 അവ പടിഞ്ഞാറ്* യോർദാന്റെ മറുകരയിൽ, ഗിൽഗാലിന് എതിർവശത്ത് മോരെയിലെ വലിയ മരങ്ങൾക്കരികെ അരാബയിൽ താമസിക്കുന്ന കനാന്യരുടെ ദേശത്താണല്ലോ.+ 31 നിങ്ങൾ യോർദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത് ചെന്ന് അതു കൈവശമാക്കാൻപോകുന്നു.+ നിങ്ങൾ ദേശം കൈവശമാക്കി അവിടെ താമസിക്കുമ്പോൾ 32 ഞാൻ ഇന്നു നിങ്ങളുടെ മുമ്പാകെ വെക്കുന്ന എല്ലാ ചട്ടങ്ങളും ന്യായത്തീർപ്പുകളും ശ്രദ്ധയോടെ പാലിക്കണം.+
12 “നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങൾ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ശ്രദ്ധാപൂർവം പാലിക്കേണ്ട ചട്ടങ്ങളും ന്യായത്തീർപ്പുകളും ഇവയാണ്. 2 നിങ്ങൾ ഓടിച്ചുകളയുന്ന ജനതകൾ അവരുടെ ദൈവങ്ങളെ സേവിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിങ്ങൾ നശിപ്പിക്കണം.+ ഉയർന്ന മലകളിലാകട്ടെ കുന്നുകളിലാകട്ടെ തഴച്ചുവളരുന്ന മരങ്ങളുടെ കീഴിലാകട്ടെ അത്തരം സ്ഥലങ്ങളെല്ലാം നിങ്ങൾ പൂർണമായും നശിപ്പിച്ചുകളയണം. 3 അവരുടെ യാഗപീഠങ്ങൾ ഇടിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഉടയ്ക്കുകയും+ പൂജാസ്തൂപങ്ങൾ* കത്തിച്ചുകളയുകയും വേണം; അവരുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ വെട്ടിവീഴ്ത്തണം;+ അവയുടെ പേരുകൾപോലും ആ സ്ഥലത്തുനിന്ന് മായ്ച്ചുകളയണം.+
4 “നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ആ വിധത്തിൽ ആരാധിക്കരുത്.+ 5 പകരം, തന്റെ പേരും വാസസ്ഥലവും സ്ഥാപിക്കാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ ഗോത്രങ്ങൾക്കുമിടയിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു നിങ്ങൾ പോകണം. അവിടെ നിങ്ങൾ ദൈവത്തെ അന്വേഷിക്കണം.+ 6 അവിടെയാണു നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ,+ ബലികൾ, ദശാംശങ്ങൾ,*+ നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകൾ,+ നിങ്ങളുടെ നേർച്ചയാഗങ്ങൾ, സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾ,+ നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ+ എന്നിവയെല്ലാം കൊണ്ടുവരേണ്ടത്. 7 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് അവിടെ നിങ്ങളും വീട്ടിലുള്ളവരും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹാരം കഴിക്കുകയും+ നിങ്ങളുടെ അധ്വാനത്തെപ്രതി ആഹ്ലാദിക്കുകയും വേണം.+
8 “ഇന്നു നമ്മൾ ഇവിടെ ചെയ്യുന്നതുപോലെ സ്വന്തം കണ്ണിനു ശരിയെന്നു തോന്നുന്നതു നിങ്ങൾ അവിടെ ചെയ്യരുത്. 9 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകുന്ന സ്ഥലത്തേക്കും+ ദൈവം തരുന്ന അവകാശത്തിലേക്കും നിങ്ങൾ ഇതുവരെ പ്രവേശിച്ചിട്ടില്ല. 10 എന്നാൽ നിങ്ങൾ യോർദാൻ കടന്നുചെന്ന്+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് താമസിക്കുമ്പോൾ ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും ദൈവം ഉറപ്പായും നിങ്ങൾക്കു സ്വസ്ഥത തരും, നിങ്ങൾ സുരക്ഷിതരായി ജീവിക്കും.+ 11 ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം, നിങ്ങളുടെ ദഹനയാഗങ്ങളും ബലികളും ദശാംശങ്ങളും+ നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകളും നിങ്ങൾ യഹോവയ്ക്കു നേരുന്ന എല്ലാ നേർച്ചയാഗങ്ങളും, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങൾ കൊണ്ടുവരണം.+ 12 നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽ നിങ്ങളും നിങ്ങളുടെ ആൺമക്കളും പെൺമക്കളും നിങ്ങൾക്ക് അടിമപ്പണി ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും ആഹ്ലാദിക്കണം.+ നിങ്ങളോടൊപ്പം നിങ്ങളുടെ നഗരങ്ങൾക്കുള്ളിലുള്ള* ലേവ്യരും ആഹ്ലാദിക്കണം; അവർക്കു നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ നൽകിയിട്ടില്ലല്ലോ.+ 13 നിങ്ങളുടെ ദഹനയാഗങ്ങൾ മറ്റ് ഏതെങ്കിലും സ്ഥലത്ത് അർപ്പിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.+ 14 നിങ്ങളുടെ ഏതെങ്കിലുമൊരു ഗോത്രത്തിന്റെ പ്രദേശത്ത് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് മാത്രമേ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ അർപ്പിക്കാവൂ. ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം അവിടെവെച്ച് നിങ്ങൾ ചെയ്യണം.+
15 “ഇറച്ചി തിന്നാൻ ആഗ്രഹിക്കുമ്പോഴെല്ലാം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നഗരങ്ങളിലെല്ലാം നിങ്ങൾക്കു നൽകിയ അനുഗ്രഹത്തിനനുസരിച്ച്, നിങ്ങൾക്ക് അവ അറുത്ത് ഭക്ഷിക്കാം.+ ശുദ്ധനായ വ്യക്തിക്കും അശുദ്ധനായ വ്യക്തിക്കും മാനുകളെ* തിന്നുന്നതുപോലെ അതു തിന്നാം. 16 എന്നാൽ നിങ്ങൾ രക്തം കഴിക്കരുത്;+ അതു നിങ്ങൾ വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.+ 17 നിങ്ങളുടെ ധാന്യത്തിന്റെയോ പുതുവീഞ്ഞിന്റെയോ എണ്ണയുടെയോ പത്തിലൊന്ന്, ആടുമാടുകളുടെ കടിഞ്ഞൂലുകൾ,+ നിങ്ങൾ നേരുന്ന ഏതെങ്കിലും നേർച്ചയാഗങ്ങൾ, സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾ, നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകൾ എന്നിവയൊന്നും നിങ്ങൾ നിങ്ങളുടെ നഗരങ്ങളിൽവെച്ച് ഭക്ഷിക്കരുത്. 18 നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽവെച്ചാണു നിങ്ങൾ അവ തിന്നേണ്ടത്.+ നിങ്ങളും നിങ്ങളുടെ മകനും മകളും നിങ്ങൾക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനും സ്ത്രീയും നിങ്ങളുടെ നഗരങ്ങൾക്കുള്ളിലുള്ള ലേവ്യനും അവ ഭക്ഷിക്കണം. നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും നിങ്ങൾ ആഹ്ലാദിക്കണം. 19 നിങ്ങൾ ദേശത്ത് താമസിക്കുന്നിടത്തോളം കാലം ലേവ്യരെ മറന്നുകളയാതിരിക്കാൻ+ പ്രത്യേകം ശ്രദ്ധിക്കുക.
20 “നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിർത്തി വിശാലമാക്കുമ്പോൾ+ നിങ്ങൾ ഇറച്ചി തിന്നാൻ ആഗ്രഹിച്ചിട്ട്, ‘എനിക്ക് ഇറച്ചി തിന്നണം’ എന്നു പറഞ്ഞാൽ നിങ്ങളുടെ ആഗ്രഹംപോലെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അതു തിന്നാം.+ 21 നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം+ ദൂരെയാണെങ്കിൽ ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ, യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ആടുമാടുകളിൽനിന്ന് ചിലതിനെ അറുത്ത് നിങ്ങളുടെ നഗരത്തിനുള്ളിൽവെച്ച് തിന്നണം, ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങൾക്ക് അങ്ങനെ ചെയ്യാം. 22 മാനുകളെ* തിന്നുന്നതുപോലെ നിങ്ങൾക്ക് അവയെ തിന്നാം.+ ശുദ്ധനായ വ്യക്തിക്കും അശുദ്ധനായ വ്യക്തിക്കും അതു തിന്നാം. 23 എന്നാൽ രക്തം കഴിക്കാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കുക, ഒരു വിട്ടുവീഴ്ചയും പാടില്ല. കാരണം രക്തം ജീവനാണ്.+ ജീവനോടുകൂടെ നിങ്ങൾ ഇറച്ചി തിന്നരുത്.+ 24 നിങ്ങൾ അതു കഴിക്കരുത്. വെള്ളംപോലെ അതു നിലത്ത് ഒഴിച്ചുകളയണം.+ 25 നിങ്ങൾ അതു കഴിക്കാതിരുന്നാൽ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നല്ലതു വരും. കാരണം യഹോവയുടെ മുമ്പാകെ ശരിയായതാണു നിങ്ങൾ ചെയ്യുന്നത്. 26 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വരുമ്പോൾ നിങ്ങളുടെ സ്വന്തം വിശുദ്ധവസ്തുക്കളും നേർച്ചയാഗങ്ങളും മാത്രമേ നിങ്ങൾ കൊണ്ടുവരാവൂ. 27 അവിടെ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ, അവയുടെ മാംസവും രക്തവും,+ നിങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ അർപ്പിക്കണം. നിങ്ങളുടെ ബലിമൃഗങ്ങളുടെ രക്തം നിങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന് അരികെ ഒഴിക്കണം.+ എന്നാൽ അവയുടെ മാംസം നിങ്ങൾക്കു തിന്നാം.
28 “ഞാൻ നിങ്ങളോടു കല്പിക്കുന്ന ഈ വചനങ്ങളെല്ലാം അനുസരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്യുന്നതിനാൽ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും എന്നും അഭിവൃദ്ധിയുണ്ടാകും.
29 “നിങ്ങൾ കീഴടക്കേണ്ട ദേശത്തുള്ള ജനതകളെ നിങ്ങളുടെ ദൈവമായ യഹോവ നിശ്ശേഷം നശിപ്പിക്കുകയും+ നിങ്ങൾ അവരുടെ ദേശത്ത് താമസിക്കുകയും ചെയ്യും. 30 എന്നാൽ അവർ നിങ്ങളുടെ മുന്നിൽനിന്ന് പരിപൂർണമായി നശിപ്പിക്കപ്പെട്ടശേഷം കെണിയിലകപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ‘ഈ ജനതകൾ അവരുടെ ദൈവങ്ങളെ സേവിച്ചിരുന്നത് എങ്ങനെയാണ്’ എന്നു നിങ്ങൾ ചോദിക്കരുത്; ‘എനിക്കും അതുപോലെ ചെയ്യണം’ എന്നു പറഞ്ഞ് നിങ്ങൾ അവരുടെ ദൈവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പാടില്ല.+ 31 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കേണ്ടത് അങ്ങനെയല്ല. കാരണം യഹോവ വെറുക്കുന്ന ഹീനമായ എല്ലാ കാര്യങ്ങളും അവർ തങ്ങളുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യുന്നു. അവർ തങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും തങ്ങളുടെ ദൈവങ്ങൾക്കായി തീയിൽ ദഹിപ്പിക്കുകപോലും ചെയ്യുന്നു!+ 32 എന്നാൽ ഞാൻ നിങ്ങളോടു കല്പിക്കുന്ന സകല വചനങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.+ അതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അതിൽനിന്ന് എന്തെങ്കിലും കുറയ്ക്കാനോ പാടില്ല.+
13 “നിങ്ങൾക്കിടയിൽനിന്ന് ഒരു പ്രവാചകനോ സ്വപ്നം വ്യാഖ്യാനിച്ച് ഭാവി പറയുന്നവനോ വന്ന് ഒരു അടയാളം തരുകയോ ലക്ഷണം പറയുകയോ ചെയ്യുന്നെന്നിരിക്കട്ടെ. 2 ആ അടയാളമോ ലക്ഷണമോ പോലെ സംഭവിക്കുകയും ആ വ്യക്തി നിങ്ങളോട്, ‘വരൂ,’ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ‘അന്യദൈവങ്ങളുടെ പിന്നാലെ പോയി നമുക്ക് അവയെ സേവിക്കാം’ എന്നു പറയുകയും ചെയ്താൽ 3 ആ പ്രവാചകന്റെയോ സ്വപ്നദർശിയുടെയോ വാക്കുകൾക്കു ചെവി കൊടുക്കരുത്.+ കാരണം നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ സ്നേഹിക്കുന്നുണ്ടോ+ എന്ന് അറിയാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.+ 4 നിങ്ങളുടെ ദൈവമായ യഹോവയെയാണു നിങ്ങൾ അനുഗമിക്കേണ്ടത്; ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്; ദൈവത്തിന്റെ കല്പനകളാണു നിങ്ങൾ പാലിക്കേണ്ടത്; ദൈവത്തിന്റെ വാക്കുകൾക്കാണു നിങ്ങൾ ചെവി കൊടുക്കേണ്ടത്; ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്; ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്.+ 5 ആ പ്രവാചകനെ അല്ലെങ്കിൽ സ്വപ്നദർശിയെ നിങ്ങൾ കൊന്നുകളയണം.+ കാരണം ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവരുകയും അടിമവീട്ടിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്ത നിങ്ങളുടെ ദൈവമായ യഹോവയെ ധിക്കരിക്കാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ച വഴി വിട്ടുമാറാനും അയാൾ നിങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഇടയിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.+
6 “നിന്റെ അമ്മയുടെ വയറ്റിൽ പിറന്ന നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ പ്രിയപ്പെട്ട ഭാര്യയോ നിന്റെ ഉറ്റ സുഹൃത്തോ രഹസ്യമായി നിന്റെ അടുത്ത് വന്ന്, ‘വരൂ, നമുക്കു പോയി അന്യദൈവങ്ങളെ സേവിക്കാം’+ എന്നു പറഞ്ഞ് ആ ദൈവങ്ങളെ—നീയോ നിന്റെ പൂർവികരോ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങളെ, 7 ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിങ്ങൾക്കു ചുറ്റും നിങ്ങളുടെ അടുത്തോ അകലെയോ താമസിക്കുന്ന ജനങ്ങളുടെ ദൈവങ്ങളെ—സേവിക്കാൻ നിന്നെ വശീകരിച്ചാൽ 8 നീ അവനു വഴങ്ങിക്കൊടുക്കുകയോ അവൻ പറയുന്നതു കേൾക്കുകയോ ചെയ്യരുത്.+ അനുകമ്പയോ കനിവോ തോന്നി അവനെ സംരക്ഷിക്കുകയുമരുത്. 9 അവനെ നീ കൊന്നുകളയുകതന്നെ വേണം.+ അവനെ കൊല്ലാൻ അവനു നേരെ ആദ്യം കൈ ഉയർത്തുന്നതു നീയായിരിക്കണം. അതിനു ശേഷം ജനങ്ങളുടെയെല്ലാം കൈ അവനു നേരെ ഉയരണം.+ 10 അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ അകറ്റിക്കളയാൻ അവൻ ശ്രമിച്ചതിനാൽ നിങ്ങൾ അവനെ കല്ലെറിഞ്ഞ് കൊല്ലണം.+ 11 ഇസ്രായേലെല്ലാം അതു കേട്ട് ഭയപ്പെടും; മേലാൽ ഇതുപോലൊരു തിന്മ നിങ്ങൾക്കിടയിൽ ചെയ്യാൻ അവർ മുതിരില്ല.+
12 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു താമസിക്കാൻ തരുന്ന നഗരങ്ങളിലൊന്നിൽ ഇങ്ങനെയൊരു കാര്യം നടന്നതായി കേട്ടാൽ, അതായത് 13 ‘ഒന്നിനും കൊള്ളാത്ത അലസരായ ചിലർ നിങ്ങൾക്കിടയിൽനിന്ന് പുറപ്പെട്ട്, “നമുക്കു പോയി അന്യദൈവങ്ങളെ സേവിക്കാം” എന്നു പറഞ്ഞ് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത മറ്റു ദൈവങ്ങളെ സേവിക്കാനായി തങ്ങളുടെ നഗരങ്ങളിലുള്ളവരെ വഴി തെറ്റിക്കുന്നു’ എന്നു കേട്ടാൽ 14 നിങ്ങൾ അതെക്കുറിച്ച് ആരായുകയും സൂക്ഷ്മപരിശോധന നടത്തി സമഗ്രമായി അന്വേഷിക്കുകയും വേണം.+ നിങ്ങൾക്കിടയിൽ ഈ മ്ലേച്ഛകാര്യം നടന്നെന്നു സ്ഥിരീകരിച്ചാൽ 15 നിങ്ങൾ ആ നഗരവാസികളെ വാളിന് ഇരയാക്കണം.+ നഗരവും മൃഗങ്ങൾ ഉൾപ്പെടെ അതിലുള്ള സകലവും വാളുകൊണ്ട് നിശ്ശേഷം നശിപ്പിക്കണം.+ 16 പിന്നെ, ആ നഗരത്തിലെ വസ്തുക്കളെല്ലാം കൊള്ളയടിച്ച് അതിന്റെ തെരുവിൽ* കൊണ്ടുവന്ന് ആ നഗരം തീയിട്ട് നശിപ്പിക്കണം. അതിലെ കൊള്ളവസ്തുക്കൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു സമ്പൂർണയാഗംപോലെയായിരിക്കും. ആ നഗരം എന്നും നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായി അവശേഷിക്കും. അത് ഒരിക്കലും പുനർനിർമിക്കരുത്. 17 ദൈവമായ യഹോവയുടെ ഉഗ്രകോപം ശമിക്കുകയും ദൈവം നിങ്ങളോടു കരുണയും അനുകമ്പയും കാണിച്ച് നിങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ+ നിങ്ങളെ വർധിപ്പിക്കുകയും ചെയ്യണമെങ്കിൽ, നശിപ്പിക്കാൻവേണ്ടി വേർതിരിച്ച* ഒന്നും നിങ്ങൾ എടുക്കരുത്.+ 18 ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെല്ലാം പാലിച്ചുകൊണ്ട് നിങ്ങൾ ദൈവത്തെ അനുസരിക്കണം.* അങ്ങനെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്യണം.+
14 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കളാണ്. മരിച്ച ഒരാൾക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവ് ഉണ്ടാക്കുകയോ+ നിങ്ങളുടെ നെറ്റി വടിച്ച് കഷണ്ടി ഉണ്ടാക്കുകയോ* അരുത്.+ 2 കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണ്.+ തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+
3 “അറപ്പായതൊന്നും നിങ്ങൾ തിന്നരുത്.+ 4 നിങ്ങൾക്കു തിന്നാവുന്ന മൃഗങ്ങൾ ഇവയാണ്:+ കാള, ചെമ്മരിയാട്, കോലാട്, 5 മാൻ,* ചെറുമാൻ, കാട്ടാട്, കൃഷ്ണമൃഗം, കാട്ടുചെമ്മരിയാട്, മലയാട്. 6 അയവിറക്കുന്ന, കുളമ്പു പൂർണമായും രണ്ടായി പിളർന്ന മൃഗങ്ങളെയെല്ലാം നിങ്ങൾക്കു തിന്നാം. 7 പക്ഷേ അയവിറക്കുന്നതോ കുളമ്പു പിളർന്നിരിക്കുന്നതോ ആയ മൃഗങ്ങളിൽ ഇപ്പറയുന്നവ നിങ്ങൾ തിന്നരുത്: ഒട്ടകം, മുയൽ, പാറമുയൽ. കാരണം അയവിറക്കുന്നെങ്കിലും ഇവയ്ക്കു പിളർന്ന കുളമ്പുകളില്ല. ഇവ നിങ്ങൾക്ക് അശുദ്ധമാണ്.+ 8 പന്നിയെയും നിങ്ങൾ തിന്നരുത്. അതിന്റെ കുളമ്പു പിളർന്നതാണെങ്കിലും അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ മാംസം തിന്നുകയോ ജഡം തൊടുകയോ അരുത്.
9 “വെള്ളത്തിൽ ജീവിക്കുന്നവയിൽ ചിറകും ചെതുമ്പലും ഉള്ള എല്ലാത്തിനെയും നിങ്ങൾക്കു തിന്നാം.+ 10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ തിന്നരുത്. അവ നിങ്ങൾക്ക് അശുദ്ധമാണ്.
11 “ശുദ്ധിയുള്ള എല്ലാ പക്ഷികളെയും നിങ്ങൾക്കു തിന്നാം. 12 എന്നാൽ കഴുകൻ, താലിപ്പരുന്ത്, കരിങ്കഴുകൻ,+ 13 ചെമ്പരുന്ത്, ചക്കിപ്പരുന്ത് എന്നിവയെ നിങ്ങൾ തിന്നരുത്. കൂടാതെ ഒരുതരത്തിലുമുള്ള ഗരുഡനെയും 14 മലങ്കാക്കയെയും 15 പ്രാപ്പിടിയനെയും നിങ്ങൾ തിന്നരുത്. ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, 16 നത്ത്, നെടുഞ്ചെവിയൻമൂങ്ങ, അരയന്നം, 17 ഞാറപ്പക്ഷി, ശവംതീനിക്കഴുകൻ, നീർക്കാക്ക, 18 കൊക്ക്, ഉപ്പൂപ്പൻ, വവ്വാൽ എന്നിവയും എല്ലാ തരം മുണ്ടിയും 19 കൂട്ടമായി കാണപ്പെടുന്ന, ചിറകുള്ള എല്ലാ ജീവികളും* നിങ്ങൾക്ക് അശുദ്ധമാണ്; അവയെ തിന്നരുത്. 20 ശുദ്ധിയുള്ള എല്ലാ പറവകളെയും നിങ്ങൾക്കു തിന്നാം.
21 “ചത്തുകിടക്കുന്ന ഒരു മൃഗത്തെയും നിങ്ങൾ തിന്നരുത്.+ പക്ഷേ, അതിനെ നിങ്ങളുടെ നഗരത്തിൽ* വന്നുതാമസിക്കുന്ന വിദേശിക്കു കൊടുക്കാം; അവന് അതു തിന്നാം. അല്ലെങ്കിൽ നിങ്ങൾക്ക് അതിനെ ഒരു വിദേശിക്കു വിൽക്കാം. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണല്ലോ.
“നിങ്ങൾ ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.+
22 “വർഷംതോറും നിങ്ങളുടെ നിലത്തെ എല്ലാ വിളവുകളുടെയും പത്തിലൊന്നു* നിങ്ങൾ നിർബന്ധമായും നൽകണം.+ 23 നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയുടെ പത്തിലൊന്നും അതുപോലെ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും കൊണ്ടുവന്ന് ദൈവത്തിന്റെ സന്നിധിയിൽവെച്ച് നിങ്ങൾ തിന്നണം.+ അങ്ങനെ, നിങ്ങൾ എല്ലായ്പോഴും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കും.+
24 “പക്ഷേ നിന്റെ ദൈവമായ യഹോവ തന്റെ നാമത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ ദൂരെയാണെന്നിരിക്കട്ടെ. ഇത്രയധികം സാധനങ്ങളുംകൊണ്ട് (കാരണം, നിന്റെ ദൈവമായ യഹോവ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കുമല്ലോ.) അത്രയും ദൂരം പോകുന്നതു ദുഷ്കരമാണെങ്കിൽ+ 25 നീ അതു പണമാക്കി മാറ്റി, ആ പണവുമായി നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു യാത്ര ചെയ്യണം. 26 നീ ആഗ്രഹിക്കുന്ന വിധത്തിൽ നിനക്ക് ആ പണം ചെലവഴിക്കാം; കന്നുകാലി, ചെമ്മരിയാട്, കോലാട്, വീഞ്ഞ്, മറ്റു ലഹരിപാനീയങ്ങൾ എന്നിങ്ങനെ ഇഷ്ടമുള്ളതെന്തും നിനക്കു വാങ്ങാം. അങ്ങനെ നീയും നിന്റെ വീട്ടിലുള്ളവരും നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽവെച്ച് ഭക്ഷണം കഴിച്ച് ആഹ്ലാദിക്കണം.+ 27 എന്നാൽ നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യരെ നീ മറന്നുകളയരുത്;+ അവർക്കു നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ നൽകിയിട്ടില്ലല്ലോ.+
28 “എല്ലാ മൂന്നാം വർഷത്തിന്റെയും ഒടുവിൽ, ആ വർഷത്തെ വിളവിന്റെ പത്തിലൊന്നു മുഴുവനും കൊണ്ടുവന്ന് നിങ്ങളുടെ നഗരങ്ങളിൽ സംഭരിക്കണം.+ 29 നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ ലഭിച്ചിട്ടില്ലാത്ത ലേവ്യനും നിങ്ങളുടെ നഗരങ്ങളിൽ വന്നുതാമസിക്കുന്ന വിദേശിയും അനാഥനും* വിധവയും വന്ന് കഴിച്ച് തൃപ്തരാകട്ടെ.+ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും അനുഗ്രഹിക്കും.+
15 “ഓരോ ഏഴാം വർഷത്തിന്റെയും അവസാനം നിങ്ങൾ ഒരു വിമോചനം അനുവദിക്കണം.+ 2 അത് ഇങ്ങനെയായിരിക്കണം: കടം കൊടുത്തവരെല്ലാം തങ്ങളോടു വാങ്ങിയ കടത്തിൽനിന്ന് അയൽക്കാരനെ മോചിപ്പിക്കണം. യഹോവയ്ക്കുവേണ്ടി വിമോചനം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അയൽക്കാരനോടോ സഹോദരനോടോ ആരും പണം തിരികെ ആവശ്യപ്പെടരുത്.+ 3 അന്യദേശക്കാരനു കൊടുത്ത കടം നിനക്കു തിരികെ ആവശ്യപ്പെടാം.+ എന്നാൽ നിന്റെ സഹോദരൻ നിനക്കു തരാനുള്ളതെല്ലാം നീ വേണ്ടെന്നു വെക്കണം. 4 നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഉറപ്പായും അനുഗ്രഹിക്കും.+ 5 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അതേപടി അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന ഈ കല്പനകളെല്ലാം ശ്രദ്ധാപൂർവം പാലിക്കുകയും ചെയ്താൽ നിങ്ങൾക്കിടയിൽ ആരും ദരിദ്രനായിത്തീരില്ല.+ 6 നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ അനേകം ജനതകൾക്കു വായ്പ* കൊടുക്കും; എന്നാൽ നിങ്ങൾ വായ്പ വാങ്ങേണ്ടിവരില്ല.+ നിങ്ങൾ അനേകം ജനതകളുടെ മേൽ ആധിപത്യം നടത്തും; എന്നാൽ അവർ നിങ്ങളുടെ മേൽ ആധിപത്യം നടത്തില്ല.+
7 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തെ നഗരങ്ങളിലൊന്നിൽ നിന്റെ ഒരു സഹോദരൻ ദരിദ്രനായിത്തീരുന്നെങ്കിൽ നീ നിന്റെ ഹൃദയം കഠിനമാക്കുകയോ ദരിദ്രനായ നിന്റെ സഹോദരനെ കൈ തുറന്ന് സഹായിക്കാതിരിക്കുകയോ അരുത്.+ 8 നീ കൈയയച്ച് സഹായിക്കുകയും+ ആവശ്യമുള്ളതെല്ലാം വായ്പയായി* കൊടുത്ത് ആ സഹോദരന്റെ കുറവ് നികത്തുകയും വേണം. 9 എന്നാൽ സൂക്ഷിച്ചുകൊള്ളുക, ‘വിമോചനത്തിനുള്ള ഏഴാം വർഷം അടുക്കാറായല്ലോ’ എന്ന ദുഷ്ടചിന്ത നീ നിന്റെ ഹൃദയത്തിൽ വെച്ചുകൊണ്ടിരിക്കരുത്.+ അങ്ങനെ ചിന്തിച്ച്, ദരിദ്രനായ നിന്റെ സഹോദരനോടു നീ ഉദാരത കാണിക്കാതിരിക്കുകയോ ഒന്നും കൊടുക്കാതിരിക്കുകയോ ചെയ്താൽ ആ സഹോദരൻ നിനക്ക് എതിരെ യഹോവയോടു നിലവിളിച്ചേക്കാം; അതു നിനക്ക് ഒരു പാപമായിത്തീരും.+ 10 നിങ്ങൾ* മനസ്സില്ലാമനസ്സോടെയല്ല, ഉദാരമായി സഹോദരനു കൊടുക്കണം.+ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും പ്രയത്നങ്ങളെയും അനുഗ്രഹിക്കും.+ 11 ദരിദ്രർ എപ്പോഴും ദേശത്തുണ്ടായിരിക്കും.+ അതുകൊണ്ടാണ്, ‘നീ നിന്റെ കൈ തുറന്ന് നിങ്ങളുടെ ദേശത്തുള്ള ദരിദ്രരും ക്ലേശിതരും ആയ സഹോദരന്മാരെ ഉദാരമായി സഹായിക്കണം’ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്നത്.+
12 “നിങ്ങളുടെ ഒരു എബ്രായ സഹോദരനോ സഹോദരിയോ തന്നെത്തന്നെ നിനക്കു വിൽക്കുകയും ആറു വർഷം നിന്നെ സേവിക്കുകയും ചെയ്താൽ ഏഴാം വർഷം നീ അയാളെ സ്വതന്ത്രനാക്കണം.+ 13 അങ്ങനെ സ്വതന്ത്രനാക്കുമ്പോൾ നീ അയാളെ വെറുങ്കൈയോടെ അയയ്ക്കരുത്. 14 നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിക്കളത്തിൽനിന്നും എണ്ണയുടെയും മുന്തിരിയുടെയും ചക്കിൽനിന്നും ഉദാരമായി നീ അയാൾക്കു കൊടുക്കണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നതുപോലെതന്നെ നീ നൽകണം. 15 നീയും ഈജിപ്ത് ദേശത്ത് അടിമയായിരുന്നെന്നും നിന്റെ ദൈവമായ യഹോവ നിന്നെ മോചിപ്പിച്ചതാണെന്നും ഓർക്കുക. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്നത്.
16 “എന്നാൽ നിന്റെകൂടെയായിരുന്നത് ആ സഹോദരനു സന്തോഷമായിരുന്നതിനാലും നിന്നെയും നിന്റെ വീട്ടിലുള്ളവരെയും സ്നേഹിക്കുന്നതിനാലും അയാൾ നിന്നോട്, ‘ഞാൻ അങ്ങയെ വിട്ട് പോകില്ല’ എന്നു പറഞ്ഞാൽ,+ 17 നീ ഒരു സൂചി എടുത്ത് അയാളുടെ കാത് വാതിലിനോടു ചേർത്തുവെച്ച് കുത്തിത്തുളയ്ക്കണം; പിന്നെ ജീവിതകാലം മുഴുവൻ അയാൾ നിന്റെ അടിമയായിരിക്കും. നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയുടെ കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം. 18 എന്നാൽ അടിമയെ സ്വതന്ത്രനാക്കുമ്പോൾ അയാൾ നിന്നെ വിട്ട് പോകുന്നെങ്കിൽ നിനക്കു ബുദ്ധിമുട്ടു തോന്നരുത്. ആറു വർഷത്തെ അയാളുടെ സേവനം ഒരു കൂലിക്കാരൻ ചെയ്യുന്നതിന്റെ ഇരട്ടിയായിരുന്നല്ലോ. നിന്റെ ദൈവമായ യഹോവ നിന്നെ എല്ലാത്തിലും അനുഗ്രഹിക്കുകയും ചെയ്തു.
19 “നിന്റെ ആടുമാടുകളിൽ കടിഞ്ഞൂലായ ആണിനെയൊക്കെയും നീ നിന്റെ ദൈവമായ യഹോവയ്ക്കായി വിശുദ്ധീകരിക്കണം.+ നിന്റെ കന്നുകാലികളുടെ* കടിഞ്ഞൂലുകളെക്കൊണ്ട് പണിയെടുപ്പിക്കുകയോ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കുകയോ അരുത്. 20 നീയും നിന്റെ വീട്ടിലുള്ളവരും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ വർഷംതോറും അവയെ തിന്നണം.+ 21 എന്നാൽ അതിനു പൊട്ടക്കണ്ണോ ചട്ടുകാലോ ഗുരുതരമായ മറ്റ് എന്തെങ്കിലും വൈകല്യങ്ങളോ ഉണ്ടെങ്കിൽ, നീ അതിനെ നിന്റെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കരുത്.+ 22 മാനുകളുടെ* കാര്യത്തിലെന്നപോലെ, അശുദ്ധനായ വ്യക്തിയും ശുദ്ധനായ വ്യക്തിയും നിങ്ങളുടെ നഗരത്തിനുള്ളിൽവെച്ച്* അതിനെ തിന്നണം.+ 23 എന്നാൽ നിങ്ങൾ അതിന്റെ രക്തം കഴിക്കരുത്;+ അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.+
16 “നിങ്ങൾ ആബീബ്* മാസം ആചരിച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആഘോഷിക്കണം.+ ആബീബ് മാസത്തിലെ രാത്രിയിലാണല്ലോ നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്തിൽനിന്ന് നിങ്ങളെ വിടുവിച്ചത്.+ 2 യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്+ നിങ്ങൾ നിങ്ങളുടെ ആടുമാടുകളിൽനിന്ന്+ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം.+ 3 പുളിപ്പുള്ളതൊന്നും അതിന്റെകൂടെ തിന്നരുത്.+ ഏഴു ദിവസം നിങ്ങൾ ക്ലേശത്തിന്റെ അപ്പമായ പുളിപ്പില്ലാത്ത* അപ്പം തിന്നണം. കാരണം തിടുക്കത്തിലാണല്ലോ നിങ്ങൾ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നത്.+ നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന ആ ദിവസം ജീവിതകാലത്തൊക്കെയും ഓർക്കേണ്ടതിനു നിങ്ങൾ ഇത് ആചരിക്കണം.+ 4 ഏഴു ദിവസത്തേക്കു നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിച്ച മാവ് കാണരുത്.+ ഒന്നാം ദിവസം വൈകുന്നേരം നിങ്ങൾ അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും രാവിലെവരെ ശേഷിപ്പിക്കാനും പാടില്ല.+ 5 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ഏതെങ്കിലുമൊരു നഗരത്തിൽവെച്ച് നിങ്ങൾ പെസഹായാഗം അർപ്പിക്കരുത്. 6 പകരം, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിങ്ങൾ അത് അർപ്പിക്കണം. നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന അതേ ദിവസം, വൈകുന്നേരം സൂര്യൻ അസ്തമിച്ച ഉടനെ, നിങ്ങൾ പെസഹായാഗം അർപ്പിക്കണം.+ 7 നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച്+ നിങ്ങൾ അതു പാകം ചെയ്ത് ഭക്ഷിക്കണം;+ രാവിലെ നിങ്ങൾക്കു നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാം. 8 ആറു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം. ഏഴാം ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പവിത്രമായ ഒരു സമ്മേളനമായിരിക്കും. നിങ്ങൾ പണിയൊന്നും ചെയ്യരുത്.+
9 “നിങ്ങൾ ഏഴ് ആഴ്ചകൾ എണ്ണണം. വിളഞ്ഞുനിൽക്കുന്ന കതിരിൽ ആദ്യം അരിവാൾ വെക്കുന്നതുമുതൽ നിങ്ങൾ അത് എണ്ണിത്തുടങ്ങണം.+ 10 പിന്നെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി,+ സ്വമനസ്സാലെയുള്ള കാഴ്ചകളുമായി വന്ന് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വാരോത്സവം കൊണ്ടാടണം.+ 11 നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നീയും നിന്റെ മകനും മകളും നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്റെ നഗരങ്ങളിൽ* താമസിക്കുന്ന ലേവ്യനും വിദേശിയും നിങ്ങൾക്കിടയിലുള്ള വിധവമാരും അനാഥരും* നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹ്ലാദിക്കണം.+ 12 നിങ്ങൾ ഈജിപ്തിൽ അടിമകളായിരുന്നെന്ന് ഓർത്ത്+ ഈ ചട്ടങ്ങൾ അനുസരിക്കുകയും പാലിക്കുകയും വേണം.
13 “നിങ്ങളുടെ മെതിക്കളത്തിൽനിന്ന് ധാന്യവും നിങ്ങളുടെ ചക്കുകളിൽനിന്ന് എണ്ണയും വീഞ്ഞും ശേഖരിക്കുമ്പോൾ നിങ്ങൾ ഏഴു ദിവസം കൂടാരോത്സവം* ആഘോഷിച്ച്+ 14 ആഹ്ലാദിക്കണം. നീയും നിന്റെ മകനും മകളും നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്റെ നഗരങ്ങളിൽ വന്നുതാമസിക്കുന്ന വിദേശിയും ലേവ്യനും വിധവയും അനാഥനും* ആഹ്ലാദിക്കണം.+ 15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഉത്സവം കൊണ്ടാടണം.+ നിങ്ങളുടെ എല്ലാ വിളവുകളെയും നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ യഹോവ അനുഗ്രഹിക്കുമല്ലോ.+ നിങ്ങൾ അങ്ങനെ ഒരുപാടു സന്തോഷിച്ചാനന്ദിക്കും.+
16 “വർഷത്തിൽ മൂന്നു പ്രാവശ്യം—പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം,+ വാരോത്സവം,+ കൂടാരോത്സവം+ എന്നിവയുടെ സമയത്ത്—നിങ്ങൾക്കിടയിലെ ആണുങ്ങളെല്ലാം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ, ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടിവരണം. എന്നാൽ ഒരു പുരുഷനും വെറുങ്കൈയോടെ യഹോവയുടെ മുന്നിൽ വരരുത്. 17 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി നിങ്ങൾ ഓരോരുത്തരും കാഴ്ച കൊണ്ടുവരണം.+
18 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലെല്ലാം* ഓരോ ഗോത്രത്തിനും നിങ്ങൾ ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കണം.+ അവർ ജനത്തിന് ഇടയിൽ നീതിയോടെ വിധി കല്പിക്കും. 19 നിങ്ങൾ നീതി നിഷേധിക്കുകയോ+ പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ അരുത്. കാരണം കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും+ നീതിമാന്റെ വാക്കുകൾ തെറ്റിച്ചുകളയുകയും ചെയ്യുന്നു. 20 നീതി—അതെ, നീതിയാണു നിങ്ങൾ അന്വേഷിക്കേണ്ടത്.+ അങ്ങനെ ചെയ്താൽ നിങ്ങൾ ജീവനോടിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കുകയും ചെയ്യും.
21 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പണിയുന്ന യാഗപീഠത്തിന് അരികെ ഒരുതരത്തിലുള്ള വൃക്ഷവും പൂജാസ്തൂപമായി* നടരുത്.+
22 “നിങ്ങൾ പൂജാസ്തംഭം നാട്ടുകയുമരുത്;+ അതു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വെറുപ്പാണ്.
17 “വൈകല്യമോ എന്തെങ്കിലും ന്യൂനതയോ ഉള്ള കാളയെയോ ആടിനെയോ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കരുത്. അതു നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.+
2 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലൊന്നിൽ ഒരു പുരുഷനോ സ്ത്രീയോ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്യുന്നെന്നിരിക്കട്ടെ. അയാൾ ആ ദുഷ്പ്രവൃത്തി വിട്ടുമാറാതെ ദൈവത്തിന്റെ ഉടമ്പടി ലംഘിക്കുകയും+ 3 വഴിതെറ്റി എന്റെ കല്പനയ്ക്കു വിരുദ്ധമായി+ അന്യദൈവങ്ങളെ ആരാധിക്കുകയും അവയുടെയോ സൂര്യന്റെയോ ചന്ദ്രന്റെയോ ആകാശത്തിലെ സർവസൈന്യങ്ങളുടെയോ മുമ്പാകെ കുമ്പിടുകയും ചെയ്യുന്നു.+ 4 ഇക്കാര്യം ആരെങ്കിലും നിങ്ങളെ അറിയിക്കുകയോ നിങ്ങൾ അതെക്കുറിച്ച് കേൾക്കുകയോ ചെയ്താൽ നിങ്ങൾ സമഗ്രമായ ഒരു അന്വേഷണം നടത്തണം. ഇങ്ങനെയൊരു മ്ലേച്ഛകാര്യം ഇസ്രായേലിൽ നടന്നെന്നു സ്ഥിരീകരിച്ചാൽ+ 5 തിന്മ ചെയ്ത ആ പുരുഷനെയോ സ്ത്രീയെയോ നഗരകവാടത്തിൽ കൊണ്ടുവരണം. എന്നിട്ട് ആ വ്യക്തിയെ കല്ലെറിഞ്ഞ് കൊല്ലണം.+ 6 മരണയോഗ്യമായ കുറ്റം ചെയ്ത വ്യക്തിയെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിലായിരിക്കണം.+ ഒരു സാക്ഷിയുടെ മാത്രം മൊഴി കണക്കിലെടുത്ത് ആ വ്യക്തിയെ കൊല്ലരുത്.+ 7 അയാളെ കൊല്ലാൻ അയാൾക്കു നേരെ ആദ്യം കൈ ഉയർത്തുന്നതു സാക്ഷികളായിരിക്കണം. അതിനു ശേഷം ജനത്തിന്റെ കൈ അയാൾക്കു നേരെ ഉയരണം. നിങ്ങൾക്കിടയിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.+
8 “നിങ്ങൾക്കു ന്യായം വിധിക്കാൻ പറ്റാത്തത്ര ബുദ്ധിമുട്ടേറിയ ഒരു പ്രശ്നം നിങ്ങളുടെ നഗരങ്ങളിലൊന്നിൽ ഉടലെടുക്കുന്നെങ്കിൽ—അതു രക്തച്ചൊരിച്ചിലോ+ നിയമപരമായ അവകാശവാദമോ അതിക്രമമോ തർക്കങ്ങളോ ആകട്ടെ—നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകണം.+ 9 ലേവ്യപുരോഹിതന്മാരുടെയും ആ സമയത്ത് ന്യായാധിപനായി സേവിക്കുന്ന വ്യക്തിയുടെയും അടുത്ത് ചെന്ന് പ്രശ്നം അവതരിപ്പിക്കുക;+ അവർ നിങ്ങൾക്കു തീർപ്പു കല്പിച്ചുതരും.+ 10 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ നിന്നെ അറിയിക്കുന്ന തീരുമാനംപോലെ നീ ചെയ്യണം. അവർ നിർദേശിക്കുന്നതുപോലെതന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 11 അവർ കാണിച്ചുതരുന്ന നിയമത്തിനും അവർ അറിയിക്കുന്ന തീരുമാനത്തിനും ചേർച്ചയിൽ നീ പ്രവർത്തിക്കണം.+ അവർ നിന്നെ അറിയിക്കുന്ന തീരുമാനത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+ 12 നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന പുരോഹിതനും ന്യായാധിപനും പറയുന്നത് അനുസരിക്കാതെ ധിക്കാരത്തോടെ പ്രവർത്തിക്കുന്ന മനുഷ്യൻ മരിക്കണം.+ ഇങ്ങനെ നിങ്ങൾ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയണം.+ 13 അപ്പോൾ ജനമെല്ലാം അതു കേട്ട് ഭയപ്പെടും; മേലാൽ ധിക്കാരത്തോടെ പെരുമാറാൻ അവർ ധൈര്യപ്പെടില്ല.+
14 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിച്ച് അതു കൈവശമാക്കി നീ അവിടെ താമസിക്കുമ്പോൾ, ‘ചുറ്റുമുള്ള എല്ലാ ജനതകളെയുംപോലെ ഞാനും ഒരു രാജാവിനെ വാഴിക്കും’+ എന്നു നീ പറഞ്ഞാൽ 15 നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന ഒരാളെ വേണം നീ രാജാവായി നിയമിക്കാൻ.+ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നാണു നീ രാജാവിനെ തിരഞ്ഞെടുക്കേണ്ടത്. നിന്റെ സഹോദരനല്ലാത്ത ഒരു അന്യദേശക്കാരനെ നീ നിന്റെ മേൽ നിയമിക്കാൻ പാടില്ല. 16 രാജാവ് കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്’ എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ. 17 രാജാവിന് അനേകം ഭാര്യമാരുണ്ടായിരിക്കരുത്; അല്ലാത്തപക്ഷം രാജാവിന്റെ ഹൃദയം വഴിതെറ്റിപ്പോകും.+ രാജാവ് ഒരുപാടു വെള്ളിയും സ്വർണവും സ്വരൂപിക്കാനും പാടില്ല.+ 18 രാജാവ് സിംഹാസനസ്ഥനാകുമ്പോൾ ലേവ്യപുരോഹിതന്മാരുടെ കൈയിൽനിന്ന് ഈ നിയമം വാങ്ങി, ഒരു പുസ്തകത്തിൽ* പകർത്തിയെഴുതി തനിക്കുവേണ്ടി അതിന്റെ ഒരു പകർപ്പ് ഉണ്ടാക്കണം.+
19 “അത് എക്കാലവും രാജാവിന്റെ കൈയിലുണ്ടായിരിക്കുകയും ജീവിതകാലം മുഴുവൻ അതു വായിക്കുകയും വേണം.+ അപ്പോൾ രാജാവ് തന്റെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയും ഈ നിയമത്തിലും ചട്ടങ്ങളിലും പറഞ്ഞിരിക്കുന്ന വാക്കുകളെല്ലാം അനുസരിക്കുകയും പാലിക്കുകയും ചെയ്യും.+ 20 അങ്ങനെയാകുമ്പോൾ, സഹോദരന്മാരെക്കാൾ ഉയർന്നവനാണെന്നു രാജാവ് ഹൃദയത്തിൽ ഭാവിക്കില്ല; ഈ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറുകയുമില്ല. അങ്ങനെ രാജാവും രാജാവിന്റെ മക്കളും ഇസ്രായേലിൽ ദീർഘകാലം രാജ്യാധികാരത്തിലിരിക്കും.
18 “ലേവ്യപുരോഹിതന്മാർക്കും ലേവിഗോത്രത്തിൽപ്പെട്ട ഒരാൾക്കും ഇസ്രായേലിനോടൊപ്പം ഓഹരിയോ അവകാശമോ ലഭിക്കില്ല. യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗത്തിൽനിന്നാണ് അവർ ഭക്ഷിക്കേണ്ടത്—അതു ലേവിയുടെ അവകാശമാണല്ലോ.+ 2 അതുകൊണ്ട് തങ്ങളുടെ സഹോദരന്മാർക്കിടയിൽ അവർക്ക് ഒരു അവകാശവും ഉണ്ടാകരുത്. ദൈവമായ യഹോവ അവരോടു പറഞ്ഞതുപോലെ ദൈവമാണ് അവരുടെ അവകാശം.
3 “ജനത്തിൽനിന്ന് പുരോഹിതന്മാർക്കു ലഭിക്കേണ്ട ഓഹരി ഇതാണ്: കാളയെയോ ആടിനെയോ ബലി അർപ്പിക്കുന്നവരെല്ലാം അതിന്റെ കൈക്കുറക്, കവിളുകൾ, ആമാശയം എന്നിവ പുരോഹിതനു കൊടുക്കണം. 4 നിങ്ങളുടെ ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ആദ്യം കത്രിക്കുന്ന രോമവും നിങ്ങൾ പുരോഹിതനു കൊടുക്കണം.+ 5 യഹോവയുടെ നാമത്തിൽ എന്നും ശുശ്രൂഷ ചെയ്യാനായി ലേവിയെയും ആൺമക്കളെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്തിരിക്കുന്നു.+
6 “ഇസ്രായേലിലെ ഏതെങ്കിലുമൊരു നഗരത്തിൽ താമസിക്കുന്ന ഒരു ലേവ്യൻ+ അവിടം വിട്ട് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു* പോകാൻ ആഗ്രഹിച്ചാൽ+ 7 യഹോവയുടെ മുമ്പാകെ സേവിക്കുന്ന, ലേവ്യരായ എല്ലാ സഹോദരന്മാരെയുംപോലെ ആ ലേവ്യനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവിടെ ശുശ്രൂഷ ചെയ്യാം.+ 8 അവരോടൊപ്പം അയാൾക്കും ഭക്ഷണത്തിൽ തുല്യപങ്കു ലഭിക്കും.+ അയാളുടെ പിതൃസ്വത്തു വിറ്റപ്പോൾ കിട്ടിയ പണത്തിനു പുറമേയായിരിക്കും ഇത്.
9 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിക്കുമ്പോൾ നീ അവിടത്തെ ജനതകളുടെ മ്ലേച്ഛമായ രീതികൾ പഠിച്ച് അവ അനുകരിക്കരുത്.+ 10 മകനെയോ മകളെയോ തീയിൽ ദഹിപ്പിക്കുന്നവൻ,*+ ഭാവിഫലം പറയുന്നവൻ,+ മന്ത്രവാദി,+ ശകുനം നോക്കുന്നവൻ,+ ആഭിചാരകൻ,*+ 11 മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ*+ ഭാവി പറയുന്നവന്റെയോ+ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ+ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്. 12 ഇക്കാര്യങ്ങൾ ചെയ്യുന്നവരെ യഹോവയ്ക്ക് അറപ്പാണ്. ഇത്തരത്തിലുള്ള മ്ലേച്ഛമായ രീതികൾ കാരണമാണു നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നത്. 13 നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിഷ്കളങ്കനായിരിക്കണം.+
14 “നീ ഓടിച്ചുകളയുന്ന ഈ ജനതകൾ മന്ത്രവാദികളെയും+ ഭാവിഫലം പറയുന്നവരെയും+ അനുസരിച്ച് നടക്കുക പതിവായിരുന്നു. എന്നാൽ അത്തരത്തിലുള്ളതൊന്നും ചെയ്യാൻ നിന്നെ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല. 15 നിന്റെ ദൈവമായ യഹോവ നിന്റെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി എഴുന്നേൽപ്പിക്കും. ആ പ്രവാചകൻ പറയുന്നതു നീ കേൾക്കണം.+ 16 ഹോരേബിൽ സമ്മേളിച്ച ദിവസം നീ നിന്റെ ദൈവമായ യഹോവയോട്,+ ‘ഇനിയും എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ദൈവത്തിന്റെ ഈ മഹാജ്വാല കാണാനും ഇടവരുത്തരുതേ, ഞാൻ മരിച്ചുപോകുമല്ലോ’+ എന്ന് അപേക്ഷിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഇത്. 17 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘അവർ പറഞ്ഞതൊക്കെ ശരിയാണ്. 18 അവർക്കുവേണ്ടി ഞാൻ നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാർക്കിടയിൽനിന്ന് എഴുന്നേൽപ്പിക്കും.+ ഞാൻ എന്റെ വചനങ്ങൾ ആ പ്രവാചകന്റെ നാവിൽ വെക്കും;+ ഞാൻ അവനോടു കല്പിക്കുന്നതെല്ലാം അവൻ അവരെ അറിയിക്കും.+ 19 എന്റെ നാമത്തിൽ അവൻ നിങ്ങളോടു പറയുന്ന എന്റെ വചനങ്ങൾ അനുസരിക്കാത്ത മനുഷ്യനോടു ഞാൻ കണക്കു ചോദിക്കുകതന്നെ ചെയ്യും.+
20 “‘ഒരു പ്രവാചകൻ ധിക്കാരത്തോടെ ഞാൻ കല്പിക്കാത്ത ഒരു കാര്യം എന്റെ നാമത്തിൽ നിന്നെ അറിയിക്കുകയോ മറ്റു ദൈവങ്ങളുടെ നാമത്തിൽ നിന്നോടു സംസാരിക്കുകയോ ചെയ്താൽ അയാൾ മരിക്കണം.+ 21 എന്നാൽ, “അയാൾ സംസാരിക്കുന്നത് യഹോവ പറഞ്ഞിട്ടില്ലാത്ത കാര്യമാണെന്നു ഞങ്ങൾ എങ്ങനെ അറിയും” എന്നു നീ ഹൃദയത്തിൽ ചോദിച്ചേക്കാം. 22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചിട്ട് ആ വാക്കുപോലെ സംഭവിക്കുകയോ അതു സത്യമായിത്തീരുകയോ ചെയ്യുന്നില്ലെങ്കിൽ യഹോവ അക്കാര്യം പറഞ്ഞിട്ടില്ല; അത് ആ പ്രവാചകൻ ധാർഷ്ട്യത്തോടെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞതാണ്. നീ അയാളെ ഭയപ്പെടരുത്.’
19 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്തെ ജനതകളെ നിങ്ങളുടെ ദൈവമായ യഹോവ സംഹരിക്കുകയും നിങ്ങൾ അവരെ ഓടിച്ചുകളഞ്ഞ് അവരുടെ നഗരങ്ങളിലും വീടുകളിലും താമസമുറപ്പിക്കുകയും ചെയ്യുമ്പോൾ+ 2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്തിന്മധ്യേ നിങ്ങൾ മൂന്നു നഗരങ്ങൾ വേർതിരിക്കണം.+ 3 കൊല ചെയ്ത ഒരാൾക്ക് അതിൽ ഏതെങ്കിലുമൊരു നഗരത്തിലേക്ക് എളുപ്പം ഓടിയെത്താൻ കഴിയാനായി, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം നിങ്ങൾ മൂന്നായി ഭാഗിക്കുകയും അവിടേക്കു വഴികൾ ഉണ്ടാക്കുകയും വേണം.
4 “ജീവരക്ഷാർഥം അവിടേക്ക് ഓടിപ്പോകുന്ന ഒരു കൊലയാളിയുടെ കാര്യത്തിൽ നടക്കേണ്ടത് ഇതാണ്: മുൻവൈരാഗ്യമൊന്നും കൂടാതെ ഒരാൾ അബദ്ധത്തിൽ സഹമനുഷ്യനെ കൊല ചെയ്താൽ+ 5 —ഉദാഹരണത്തിന്, സഹമനുഷ്യനോടൊപ്പം കാട്ടിൽ വിറകു വെട്ടാൻപോയ ഒരാൾ മരം വെട്ടാനായി കോടാലി ഓങ്ങിയപ്പോൾ അതു പിടിയിൽനിന്ന് തെറിച്ച് കൂടെയുള്ളവന്റെ മേൽ കൊള്ളുകയും അയാൾ മരിക്കുകയും ചെയ്യുന്നു—ആ കൊലയാളി ജീവരക്ഷാർഥം ഇതിൽ ഏതെങ്കിലും നഗരത്തിലേക്ക് ഓടിപ്പോകണം.+ 6 അഭയനഗരം വളരെ ദൂരെയാണെങ്കിൽ രക്തത്തിനു പകരം ചോദിക്കുന്നവൻ ഉഗ്രകോപത്തോടെ*+ കൊലയാളിയുടെ പിന്നാലെ ഓടിയെത്തി അയാളെ പിടിച്ച് കൊന്നുകളഞ്ഞേക്കാം. (വാസ്തവത്തിൽ അയാൾ മരണയോഗ്യനല്ലല്ലോ; അയാൾക്കു സഹമനുഷ്യനോടു വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ല.)+ 7 അതുകൊണ്ടാണ്, ‘മൂന്നു നഗരങ്ങൾ വേർതിരിക്കുക’ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്നത്.
8 “നിങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിർത്തി വിശാലമാക്കുകയും+ നിങ്ങളുടെ പൂർവികർക്കു നൽകുമെന്നു വാഗ്ദാനം ചെയ്ത ദേശമെല്ലാം തരുകയും ചെയ്യുന്നെങ്കിൽ+ 9 ഈ മൂന്നു നഗരങ്ങളുടെകൂടെ നിങ്ങൾ മറ്റു മൂന്നെണ്ണംകൂടെ ചേർക്കണം.+ എന്നാൽ ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന ഈ കല്പനകളെല്ലാം വിശ്വസ്തമായി പാലിച്ചാൽ, അതായത് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിച്ച് എന്നെന്നും ദൈവത്തിന്റെ വഴികളിൽ നടന്നാൽ,+ മാത്രമേ ദൈവം ആ ദേശം നിങ്ങൾക്കു തരുകയുള്ളൂ. 10 അങ്ങനെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ആ ദേശത്ത് ഒരു നിരപരാധിയുടെയും രക്തം വീഴാൻ ഇടയാകില്ല;+ രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളുടെ മേൽ വരുകയുമില്ല.+
11 “എന്നാൽ ഒരാൾ സഹമനുഷ്യനെ വെറുക്കുകയും+ തക്കം നോക്കി അയാളെ ആക്രമിച്ച് മാരകമായി മുറിവേൽപ്പിക്കുകയും അങ്ങനെ അയാൾ മരിച്ചുപോകുകയും ചെയ്യുന്നെന്നിരിക്കട്ടെ. കൊല ചെയ്തവൻ ഇതിൽ ഏതെങ്കിലും നഗരത്തിലേക്ക് ഓടിപ്പോയാൽ 12 അയാളുടെ നഗരത്തിലുള്ള മൂപ്പന്മാർ അയാളെ അവിടെനിന്ന് വിളിച്ചുവരുത്തി രക്തത്തിനു പകരം ചോദിക്കുന്നവന്റെ കൈയിൽ ഏൽപ്പിക്കണം; അയാൾ മരിക്കണം.+ 13 നിങ്ങൾക്ക്* അയാളോടു കനിവ് തോന്നരുത്. നിരപരാധിയുടെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം നിങ്ങൾ ഇസ്രായേലിൽനിന്ന് നീക്കിക്കളയുകതന്നെ വേണം.+ അങ്ങനെ ചെയ്താൽ നിങ്ങൾക്കു നന്മ വരും.
14 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങളുടെ ഓഹരി ലഭിക്കുമ്പോൾ, പൂർവികർ നിശ്ചയിച്ച സ്ഥാനത്തുനിന്ന് നിങ്ങൾ അയൽക്കാരന്റെ അതിർത്തി നീക്കരുത്.+
15 “ഒരാൾ എന്തെങ്കിലും തെറ്റോ പാപമോ ചെയ്തെന്നു സ്ഥിരീകരിക്കാൻ ഒരു സാക്ഷി മാത്രം പോരാ.+ രണ്ടു സാക്ഷികളുടെയോ മൂന്നു സാക്ഷികളുടെയോ മൊഴിയുടെ* അടിസ്ഥാനത്തിലാണു കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടത്.+ 16 ദ്രോഹചിന്തയോടെ ആരെങ്കിലും ഒരാൾ അതിക്രമം ചെയ്തെന്ന് ആരോപിച്ച് അയാൾക്കെതിരെ സാക്ഷി പറയുന്നെങ്കിൽ+ 17 ഇരുകക്ഷികളും യഹോവയുടെ മുമ്പാകെ, അതായത് അക്കാലത്തെ ന്യായാധിപന്മാരുടെയും പുരോഹിതന്മാരുടെയും മുമ്പാകെ, നിൽക്കണം.+ 18 ന്യായാധിപന്മാർ സമഗ്രമായ അന്വേഷണം നടത്തിയപ്പോൾ,+ സാക്ഷി പറഞ്ഞവൻ കള്ളസാക്ഷിയാണെന്നും തന്റെ സഹോദരന് എതിരെ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും തെളിഞ്ഞാൽ 19 അയാൾ തന്റെ സഹോദരനോടു ചെയ്യണമെന്നു കരുതിയതുതന്നെ നിങ്ങൾ അയാളോടു ചെയ്യണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.+ 20 മറ്റുള്ളവർ ഇതു കേട്ട് ഭയപ്പെടും; മേലാൽ ഇത്തരമൊരു തിന്മ നിങ്ങൾക്കിടയിൽ ചെയ്യാൻ അവർ മുതിരില്ല.+ 21 നിങ്ങൾക്കു* കനിവ് തോന്നരുത്:+ ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.+
20 “ശത്രുക്കൾക്കെതിരെ നിങ്ങൾ യുദ്ധത്തിനു പോകുമ്പോൾ അവരുടെ കുതിരകളെയും രഥങ്ങളെയും നിങ്ങളുടേതിനെക്കാൾ വലിയ സൈന്യങ്ങളെയും കണ്ട് പേടിക്കരുത്. കാരണം ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെയുണ്ട്.+ 2 നിങ്ങൾ യുദ്ധത്തിനു പോകാൻ ഒരുങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോടു സംസാരിക്കണം.+ 3 പുരോഹിതൻ അവരോടു പറയണം: ‘ഇസ്രായേലേ, കേൾക്കുക. നിങ്ങൾ ഇതാ, ശത്രുക്കളോടു യുദ്ധം ചെയ്യാൻപോകുന്നു. നിങ്ങൾ ധൈര്യത്തോടിരിക്കണം. അവർ കാരണം പേടിക്കുകയോ ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ. 4 കാരണം നിങ്ങളുടെകൂടെ വരുന്നതു നിങ്ങളുടെ ദൈവമായ യഹോവയാണ്. ദൈവം നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.’+
5 “അധികാരികൾ ജനത്തോട് ഇങ്ങനെ പറയണം: ‘പുതിയ ഒരു വീടു പണിതിട്ട് അതിന്റെ ഗൃഹപ്രവേശം നടത്താത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അയാൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾ അതിന്റെ ഗൃഹപ്രവേശം നടത്തുകയും ചെയ്തേക്കാം. 6 ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയിട്ട് അതിന്റെ ഫലം അനുഭവിച്ചുതുടങ്ങിയിട്ടില്ലാത്ത ആരെങ്കിലുമുണ്ടോ? എങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അയാൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തേക്കാം. 7 വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹിതനാകാത്ത ആരെങ്കിലുമുണ്ടോ? എങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.+ അല്ലാത്തപക്ഷം അയാൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾ ആ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തേക്കാം.’ 8 അധികാരികൾ ഇങ്ങനെയും ജനത്തോടു പറയണം: ‘ഭീരുവും ദുർബലഹൃദയനും ആയ ആരെങ്കിലും നിങ്ങൾക്കിടയിലുണ്ടെങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.+ അല്ലെങ്കിൽ, തന്റെ സഹോദരന്മാരുടെ ഹൃദയവും അയാൾ ദുർബലമാക്കിയേക്കാം.’*+ 9 ജനത്തോടു സംസാരിച്ചശേഷം അവരെ നയിക്കാൻ അവർ സൈന്യാധിപന്മാരെ നിയമിക്കണം.
10 “യുദ്ധം ചെയ്യാനായി ഒരു നഗരത്തിന് അടുത്ത് എത്തുമ്പോൾ നിങ്ങൾ ആദ്യം സമാധാനത്തിനുള്ള വ്യവസ്ഥകൾ അവരെ അറിയിക്കണം.+ 11 അവർ സമാധാനത്തോടെ നിങ്ങളോടു സംസാരിക്കുകയും കവാടം തുറന്നുതരുകയും ചെയ്യുന്നെങ്കിൽ അവിടെയുള്ള ജനങ്ങളെല്ലാം നിങ്ങൾക്ക് അടിമകളായിരിക്കും; അവർ നിങ്ങളെ സേവിക്കും.+ 12 എന്നാൽ അവർ നിങ്ങളോടു സമാധാനത്തിലായിരിക്കാൻ വിസമ്മതിക്കുകയും നിങ്ങൾക്കെതിരെ യുദ്ധത്തിനു വരുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ആ നഗരം ഉപരോധിക്കണം. 13 നിങ്ങളുടെ ദൈവമായ യഹോവ അത് ഉറപ്പായും നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. അവിടെയുള്ള പുരുഷന്മാരെയെല്ലാം നിങ്ങൾ വാളുകൊണ്ട് കൊല്ലണം. 14 എന്നാൽ സ്ത്രീകൾ, കുട്ടികൾ, മൃഗങ്ങൾ എന്നിങ്ങനെ ആ നഗരത്തിലുള്ളതെല്ലാം, അവിടെയുള്ളതു മുഴുവനും, നിങ്ങൾക്കു കൊള്ളയടിക്കാം.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ, നിങ്ങളുടെ ശത്രുക്കളുടെ കൊള്ളവസ്തുക്കളെല്ലാം നിങ്ങൾ അനുഭവിക്കും.+
15 “വിദൂരത്തുള്ള എല്ലാ നഗരങ്ങളോടും നിങ്ങൾ ഇങ്ങനെയാണു ചെയ്യേണ്ടത്. എന്നാൽ നിങ്ങളുടെ അടുത്തുള്ള ഈ ജനതകളുടെ നഗരങ്ങളിൽ, 16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ഈ ജനങ്ങളുടെ നഗരങ്ങളിൽ, ജീവശ്വാസമുള്ള ഒന്നിനെയും നിങ്ങൾ ശേഷിപ്പിക്കരുത്.+ 17 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെതന്നെ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരെ നിങ്ങൾ നിശ്ശേഷം നശിപ്പിച്ചുകളയണം. 18 അല്ലാത്തപക്ഷം, അവരുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യുന്ന മ്ലേച്ഛമായ പ്രവൃത്തികളെല്ലാം അനുകരിക്കാൻ അവർ നിങ്ങളെ പഠിപ്പിക്കുകയും അങ്ങനെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാൻ ഇടവരുകയും ചെയ്തേക്കാം.+
19 “നിങ്ങൾ ഒരു നഗരം പിടിച്ചടക്കാൻവേണ്ടി അതിനെ ഉപരോധിക്കുകയും അതിന് എതിരെ കുറെ ദിവസം പോരാടേണ്ടിവരുകയും ചെയ്യുന്നെങ്കിൽ അവിടെയുള്ള വൃക്ഷങ്ങളിൽ കോടാലി വെക്കരുത്. അവയുടെ ഫലം നിങ്ങൾക്കു തിന്നാം; എന്നാൽ അവ വെട്ടിനശിപ്പിക്കരുത്.+ അവിടത്തെ വൃക്ഷങ്ങളെ ഉപരോധിക്കാൻ അവ എന്താ മനുഷ്യരാണോ? 20 ഭക്ഷ്യയോഗ്യമല്ലെന്നു നിങ്ങൾക്ക് അറിയാവുന്നവ മാത്രമേ നിങ്ങൾ വെട്ടിയിടാവൂ. അവ വെട്ടി, നിങ്ങൾക്കെതിരെ പോരാടുന്ന ആ നഗരം തോൽക്കുന്നതുവരെ അതിനു ചുറ്റും നിങ്ങൾക്ക് ഉപരോധനിര തീർക്കാം.
21 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് എവിടെയെങ്കിലും ഒരാൾ മരിച്ചുകിടക്കുന്നതായി കാണുന്നെന്നു കരുതുക. എന്നാൽ ആരാണ് അയാളെ കൊന്നതെന്ന് അറിയില്ലെങ്കിൽ 2 നിങ്ങളുടെ മൂപ്പന്മാരും ന്യായാധിപന്മാരും+ ചെന്ന് ശവശരീരത്തിനു ചുറ്റുമുള്ള നഗരങ്ങളിലേക്കുള്ള ദൂരം അളക്കണം. 3 ശവശരീരത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ മൂപ്പന്മാർ കന്നുകാലികളിൽനിന്ന്, ഇതുവരെ പണിയെടുപ്പിക്കുകയോ നുകം വെക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു പശുക്കിടാവിനെ തിരഞ്ഞെടുക്കണം. 4 അവർ ആ പശുക്കിടാവിനെ ഉഴവും വിതയും നടത്തിയിട്ടില്ലാത്ത, നീരോട്ടമുള്ള ഒരു താഴ്വരയിലേക്കു* കൊണ്ടുപോയി അവിടെവെച്ച് അതിന്റെ കഴുത്ത് ഒടിക്കണം.+
5 “തുടർന്ന് ലേവ്യപുരോഹിതന്മാർ അടുത്ത് വരണം. നിങ്ങളുടെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷ ചെയ്യാനും+ തന്റെ നാമത്തിൽ അനുഗ്രഹിക്കാനും തിരഞ്ഞെടുത്തിരിക്കുന്നത് അവരെയാണല്ലോ.+ ദേഹോപദ്രവം ഉൾപ്പെട്ട ഓരോ തർക്കവും എങ്ങനെ പരിഹരിക്കണമെന്ന് അവർ അറിയിക്കും.+ 6 പിന്നെ, ശവശരീരത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ മൂപ്പന്മാരെല്ലാം താഴ്വരയിൽവെച്ച് കഴുത്ത് ഒടിച്ച പശുക്കിടാവിന്റെ മേൽ തങ്ങളുടെ കൈകൾ കഴുകണം.+ 7 എന്നിട്ട് അവർ ഇങ്ങനെ പ്രഖ്യാപിക്കണം: ‘ഞങ്ങളുടെ കൈകൾ ഈ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ് ഇതു കണ്ടിട്ടുമില്ല. 8 യഹോവേ, അങ്ങ് മോചിപ്പിച്ച അങ്ങയുടെ ജനമായ ഇസ്രായേലിന് എതിരെ ഇതു കണക്കിടരുതേ;+ നിരപരാധിയുടെ രക്തത്തിന്റെ കുറ്റം അങ്ങയുടെ ജനമായ ഇസ്രായേലിന്മേൽ ഇരിക്കാൻ അങ്ങ് ഇടവരുത്തരുതേ.’+ അപ്പോൾ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം അവർക്കെതിരെ കണക്കിടില്ല. 9 ഇങ്ങനെ, യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തുകൊണ്ട് നിരപരാധിയുടെ രക്തം വീണതിന്റെ കുറ്റം നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് നീക്കിക്കളയണം.
10 “നീ ശത്രുക്കൾക്കെതിരെ യുദ്ധത്തിനു പോകുമ്പോൾ നിന്റെ ദൈവമായ യഹോവ അവരെ തോൽപ്പിച്ച് നിനക്കു വിജയം തരുന്നെന്നിരിക്കട്ടെ. നീ അവരെ ബന്ദികളായി പിടിക്കുമ്പോൾ+ 11 അവർക്കിടയിൽ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും നിനക്ക് ആ സ്ത്രീയോട് ഇഷ്ടം തോന്നി അവളെ ഭാര്യയാക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ 12 നിനക്ക് ആ സ്ത്രീയെ നിന്റെ വീട്ടിലേക്കു കൊണ്ടുവരാം. അവൾ തല വടിക്കുകയും നഖം വെട്ടുകയും 13 പ്രവാസവസ്ത്രം* മാറുകയും ചെയ്തിട്ട് നിന്റെ വീട്ടിൽ താമസിക്കണം. ഒരു മാസം മുഴുവൻ ആ സ്ത്രീ തന്റെ മാതാപിതാക്കളെ ഓർത്ത് വിലപിക്കട്ടെ.+ അതിനു ശേഷം നിനക്ക് ആ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാം. നീ അവളുടെ ഭർത്താവും അവൾ നിനക്കു ഭാര്യയും ആകും. 14 എന്നാൽ നിനക്ക് ആ സ്ത്രീയെ ഇഷ്ടമല്ലാതായാൽ അവൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്കു പോകാൻ നീ അനുവദിക്കണം.+ അവളെ വിൽക്കുകയോ അവളോടു പരുഷമായി പെരുമാറുകയോ അരുത്; നീ ആ സ്ത്രീയെ അപമാനിച്ചിരിക്കുന്നല്ലോ.
15 “രണ്ടു ഭാര്യമാരുള്ള ഒരാൾ അതിൽ ഒരുവളെ കൂടുതൽ സ്നേഹിക്കുന്നെന്നിരിക്കട്ടെ.* രണ്ടു ഭാര്യമാരിലും അയാൾക്ക് ആൺമക്കൾ ജനിക്കുന്നു. ആദ്യത്തെ മകൻ ജനിക്കുന്നതു പക്ഷേ, ഇഷ്ടം കുറവുള്ള ഭാര്യയിലാണെന്നു കരുതുക.+ 16 അയാൾ മക്കൾക്ക് അവകാശം കൊടുക്കുമ്പോൾ അനിഷ്ടയായ ഭാര്യയിൽ ഉണ്ടായ മൂത്ത മകനെ മാറ്റിനിറുത്തിയിട്ട് താൻ ഏറെ സ്നേഹിക്കുന്നവളുടെ മകനു മൂത്ത മകന്റെ അവകാശം കൊടുക്കാൻ പാടില്ല. 17 തനിക്കുള്ള എല്ലാത്തിൽനിന്നും ഇരട്ടി ഓഹരി കൊടുത്തുകൊണ്ട് അനിഷ്ടയായ ഭാര്യയുടെ മകനെ അയാൾ മൂത്ത മകനായി അംഗീകരിക്കണം. ആ മകൻ അയാളുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലമാണല്ലോ. മൂത്ത മകന്റെ സ്ഥാനം ആ മകന് അവകാശപ്പെട്ടതാണ്.+
18 “ശാഠ്യക്കാരനും ധിക്കാരിയും ആയ മകൻ അവന്റെ മാതാപിതാക്കളെ അനുസരിക്കുന്നില്ലെന്നു കരുതുക.+ അവർ തിരുത്താൻ ശ്രമിച്ചിട്ടും അവരെ അനുസരിക്കുന്നില്ലെങ്കിൽ+ 19 അപ്പനും അമ്മയും ആ മകനെ പിടിച്ച് അവരുടെ നഗരകവാടത്തിൽ മൂപ്പന്മാരുടെ അടുത്തേക്കു കൊണ്ടുവരണം. 20 അവർ ആ മൂപ്പന്മാരോട് ഇങ്ങനെ പറയണം: ‘ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും ധിക്കാരിയും ആണ്; അവൻ ഞങ്ങളെ അനുസരിക്കുന്നില്ല. അവൻ ഒരു തീറ്റിഭ്രാന്തനും+ മുഴുക്കുടിയനും ആണ്.’+ 21 അപ്പോൾ അവന്റെ നഗരത്തിലുള്ളവരെല്ലാം അവനെ കല്ലെറിഞ്ഞ് കൊല്ലണം. അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം. ഇസ്രായേലെല്ലാം അതു കേട്ട് ഭയപ്പെടും.+
22 “ഒരാൾ മരണശിക്ഷ അർഹിക്കുന്ന ഒരു പാപം ചെയ്തിട്ട് നിങ്ങൾ അയാളെ കൊന്ന്+ സ്തംഭത്തിൽ തൂക്കിയാൽ+ 23 അയാളുടെ ശവശരീരം രാത്രി മുഴുവൻ സ്തംഭത്തിൽ കിടക്കരുത്.+ അന്നേ ദിവസംതന്നെ നിങ്ങൾ അയാളെ അടക്കം ചെയ്യണം. കാരണം സ്തംഭത്തിൽ തൂക്കപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം നിങ്ങൾ അശുദ്ധമാക്കരുത്.+
22 “സഹോദരന്റെ കാളയോ ആടോ വഴിതെറ്റി നടക്കുന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടില്ലെന്നു നടിക്കരുത്.+ നീ അതിനെ നിന്റെ സഹോദരന്റെ അടുത്ത് എത്തിക്കണം. 2 എന്നാൽ സഹോദരൻ താമസിക്കുന്നതു നിന്റെ അടുത്തല്ലെങ്കിൽ അഥവാ അതിന്റെ ഉടമസ്ഥൻ ആരാണെന്നു നിനക്ക് അറിയില്ലെങ്കിൽ നീ ആ മൃഗത്തെ നിന്റെ വീട്ടിലേക്കു കൊണ്ടുപോയി സഹോദരൻ തിരഞ്ഞുവരുന്നതുവരെ അതിനെ നിന്റെ അടുത്ത് സൂക്ഷിക്കണം. പിന്നെ അതിനെ ഉടമസ്ഥനു തിരിച്ചുകൊടുക്കണം.+ 3 സഹോദരന്റെ കഴുത, വസ്ത്രം എന്നിങ്ങനെ സഹോദരനു നഷ്ടപ്പെട്ട എന്തെങ്കിലും നിനക്കു കിട്ടിയാൽ ഇങ്ങനെയാണു നീ ചെയ്യേണ്ടത്. നീ അതു കണ്ടില്ലെന്നു നടിക്കരുത്.
4 “സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടില്ലെന്നു നടിക്കരുത്. ആ മൃഗത്തെ എഴുന്നേൽപ്പിക്കാൻ നീ സഹോദരനെ സഹായിക്കണം.+
5 “സ്ത്രീ പുരുഷന്റെയോ പുരുഷൻ സ്ത്രീയുടെയോ വസ്ത്രം ധരിക്കരുത്. അങ്ങനെ ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.
6 “കുഞ്ഞുങ്ങളോ മുട്ടയോ ഉള്ള ഒരു പക്ഷിക്കൂടു വഴിയരികിൽ കണ്ടാൽ, അതു നിലത്താകട്ടെ മരത്തിലാകട്ടെ, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോ മേൽ ഇരിക്കുന്നുണ്ടെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ നീ തള്ളപ്പക്ഷിയെ പിടിക്കരുത്.+ 7 തള്ളപ്പക്ഷിയെ നീ വിട്ടയയ്ക്കണം; എന്നാൽ കുഞ്ഞുങ്ങളെ നിനക്ക് എടുക്കാം. അങ്ങനെയായാൽ നിനക്ക് അഭിവൃദ്ധി ഉണ്ടാകുകയും നീ ദീർഘകാലം ജീവിച്ചിരിക്കുകയും ചെയ്യും.
8 “ഒരു പുതിയ വീടു പണിതാൽ നീ അതിനു മുകളിൽ കൈമതിൽ കെട്ടണം.+ അല്ലെങ്കിൽ ആരെങ്കിലും അതിന്റെ മുകളിൽനിന്ന് വീഴുകയും നീ നിന്റെ വീടിനു മേൽ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം വരുത്തിവെക്കുകയും ചെയ്യും.
9 “നിന്റെ മുന്തിരിത്തോട്ടത്തിൽ രണ്ടു തരം വിത്തു വിതയ്ക്കരുത്.+ അങ്ങനെ ചെയ്താൽ, നീ വിതച്ച വിത്തിന്റെ ഫലവും മുന്തിരിത്തോട്ടത്തിന്റെ ഫലവും വിശുദ്ധമന്ദിരത്തിലേക്കു കണ്ടുകെട്ടും.
10 “കാളയെയും കഴുതയെയും ഒരുമിച്ച് പൂട്ടി നിലം ഉഴരുത്.+
11 “കമ്പിളിയും ലിനനും ഇടകലർത്തി ഉണ്ടാക്കിയ വസ്ത്രം നീ ധരിക്കരുത്.+
12 “നിന്റെ വസ്ത്രത്തിന്റെ നാലു കോണിലും നീ പൊടിപ്പ് ഉണ്ടാക്കണം.+
13 “ഒരാൾ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അവളുമായി ബന്ധപ്പെട്ടശേഷം അയാൾക്ക് അവളോട് ഇഷ്ടക്കേടു തോന്നുന്നെന്നു* കരുതുക. 14 ‘ഞാൻ ഇവളെ സ്വീകരിച്ചു. എന്നാൽ ഇവളുമായി ബന്ധപ്പെട്ടപ്പോൾ ഇവൾ കന്യകയാണ് എന്നതിന്റെ തെളിവ് കണ്ടില്ല’ എന്നു പറഞ്ഞ് അവളിൽ സ്വഭാവദൂഷ്യം ആരോപിച്ച് അയാൾ അവളെ അപകീർത്തിപ്പെടുത്തിയാൽ 15 പെൺകുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടി കന്യകയായിരുന്നു എന്നതിന്റെ തെളിവ് നഗരകവാടത്തിൽ മൂപ്പന്മാരുടെ മുമ്പാകെ ഹാജരാക്കണം. 16 പെൺകുട്ടിയുടെ അപ്പൻ മൂപ്പന്മാരോട് ഇങ്ങനെ പറയണം: ‘ഞാൻ എന്റെ മകളെ ഇവനു ഭാര്യയായി കൊടുത്തു. എന്നാൽ ഇവൻ എന്റെ മകളെ വെറുക്കുകയും* 17 “നിങ്ങളുടെ മകൾ കന്യകയാണ് എന്നതിന്റെ തെളിവ് കണ്ടില്ല” എന്നു പറഞ്ഞ് അവൾക്കു സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്നു. എന്നാൽ ഇതാ, എന്റെ മകൾ കന്യകയായിരുന്നു എന്നതിന്റെ തെളിവ്.’ എന്നിട്ട് അവർ ആ തുണി നഗരത്തിലെ മൂപ്പന്മാരുടെ മുമ്പാകെ നിവർത്തിക്കാണിക്കണം. 18 നഗരത്തിലെ മൂപ്പന്മാർ+ ആ പുരുഷനെ പിടിച്ച് ശിക്ഷാനടപടികൾക്കു വിധേയനാക്കണം.+ 19 അവർ അയാളിൽനിന്ന് പിഴയായി 100 ശേക്കെൽ* വെള്ളി ഈടാക്കി പെൺകുട്ടിയുടെ അപ്പനു കൊടുക്കണം. ആ പുരുഷൻ ഇസ്രായേലിലെ ഒരു കന്യകയെ അപകീർത്തിപ്പെടുത്തിയല്ലോ.+ ആ പെൺകുട്ടി തുടർന്നും അയാളുടെ ഭാര്യയായിരിക്കും. ആയുഷ്കാലത്ത് ഒരിക്കലും അവളുമായുള്ള ബന്ധം വേർപെടുത്താൻ അയാൾക്ക് അനുവാദമുണ്ടായിരിക്കില്ല.
20 “എന്നാൽ ആ ആരോപണം സത്യമാണെങ്കിൽ, പെൺകുട്ടി കന്യകയായിരുന്നു എന്നതിനു തെളിവില്ലെങ്കിൽ, 21 അവർ പെൺകുട്ടിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുവരണം. എന്നിട്ട് ആ നഗരത്തിലെ ആളുകൾ അവളെ കല്ലെറിഞ്ഞ് കൊല്ലണം. തന്റെ അപ്പന്റെ വീട്ടിൽവെച്ച് അധാർമികപ്രവൃത്തി* ചെയ്തുകൊണ്ട്+ അവൾ ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.+
22 “ഒരാൾ മറ്റൊരാളുടെ ഭാര്യയോടുകൂടെ കിടക്കുന്നതു കണ്ടാൽ ഇരുവരെയും, ആ സ്ത്രീയെയും ഒപ്പം കിടന്ന പുരുഷനെയും, നിങ്ങൾ കൊല്ലണം.+ അങ്ങനെ നിങ്ങൾ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയണം.
23 “വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യകയെ മറ്റൊരു പുരുഷൻ നഗരത്തിൽവെച്ച് കാണുകയും ആ സ്ത്രീയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ 24 ഇരുവരെയും നിങ്ങൾ നഗരകവാടത്തിൽ കൊണ്ടുവരണം. നഗരത്തിലായിരുന്നെങ്കിലും നിലവിളിക്കാതിരുന്നതുകൊണ്ട് സ്ത്രീയെയും സഹമനുഷ്യന്റെ ഭാര്യയെ അപമാനിച്ചതുകൊണ്ട് ആ പുരുഷനെയും നിങ്ങൾ കല്ലെറിഞ്ഞ് കൊല്ലണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.
25 “എന്നാൽ ആ പുരുഷൻ വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ വയലിൽവെച്ച് കണ്ടുമുട്ടുകയും ബലം പ്രയോഗിച്ച് പെൺകുട്ടിയുമായി ബന്ധപ്പെടുകയും ചെയ്താൽ അവളുമായി ബന്ധപ്പെട്ട പുരുഷനെ മാത്രം നിങ്ങൾ കൊല്ലണം. 26 പെൺകുട്ടിയെ ഒന്നും ചെയ്യരുത്. മരണശിക്ഷ അർഹിക്കുന്ന ഒരു പാപവും പെൺകുട്ടി ചെയ്തിട്ടില്ല. ഒരാൾ സഹമനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതുപോലുള്ള ഒരു സാഹചര്യമാണ് ഇത്.+ 27 കാരണം വയലിൽവെച്ചാണ് അയാൾ പെൺകുട്ടിയെ കണ്ടത്; ആ പെൺകുട്ടി അലമുറയിട്ടെങ്കിലും അവളെ രക്ഷിക്കാൻ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല.
28 “ഒരു പുരുഷൻ വിവാഹനിശ്ചയം കഴിയാത്ത ഒരു കന്യകയെ കണ്ട് അവളെ കടന്നുപിടിച്ച് അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും അവർ പിടിക്കപ്പെടുകയും ചെയ്താൽ+ 29 അവളോടൊപ്പം കിടന്ന ആ പുരുഷൻ പെൺകുട്ടിയുടെ അപ്പന് 50 ശേക്കെൽ വെള്ളി കൊടുക്കണം. അയാൾ ആ പെൺകുട്ടിയെ ഭാര്യയായി സ്വീകരിക്കുകയും വേണം.+ കാരണം അയാൾ അവളെ അപമാനിച്ചിരിക്കുന്നു. ആയുഷ്കാലത്ത് ഒരിക്കലും അയാൾ ആ സ്ത്രീയുമായുള്ള ബന്ധം വേർപെടുത്താൻ പാടില്ല.
30 “അപ്പന്റെ ഭാര്യയെ വിവാഹം കഴിച്ച് ആരും അപ്പനെ അപമാനിക്കരുത്.*+
23 “ലിംഗം മുറിച്ചുകളഞ്ഞ ഒരാളോ വൃഷണം ഉടച്ച ഒരു ഷണ്ഡനോ* യഹോവയുടെ സഭയിൽ വരരുത്.+
2 “അവിഹിതബന്ധത്തിൽ ജനിച്ച ആരും യഹോവയുടെ സഭയിൽ വരരുത്.+ അയാളുടെ പിൻതലമുറക്കാർ ആരും, പത്താം തലമുറപോലും, യഹോവയുടെ സഭയിൽ വരരുത്.
3 “ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ വരരുത്.+ അവരുടെ വംശജർ ആരും, പത്താം തലമുറപോലും, ഒരിക്കലും യഹോവയുടെ സഭയിൽ വരരുത്. 4 കാരണം നിങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുവരുന്ന വഴിക്ക് ആഹാരവും വെള്ളവും തന്ന് അവർ നിങ്ങളെ സഹായിച്ചില്ല.+ മാത്രമല്ല, നിങ്ങളെ ശപിക്കുന്നതിനുവേണ്ടി മെസൊപ്പൊത്താമ്യയിലെ പെഥോരിലുള്ള ബയോരിന്റെ മകനായ ബിലെയാമിനെ അവർ കൂലിക്കെടുക്കുകയും ചെയ്തു.+ 5 എന്നാൽ ബിലെയാമിനു ചെവി കൊടുക്കാൻ നിങ്ങളുടെ ദൈവമായ യഹോവ ഒരുക്കമായിരുന്നില്ല.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സ്നേഹിച്ചതുകൊണ്ട്+ ആ ശാപം യഹോവ ഒരു അനുഗ്രഹമാക്കി മാറ്റി.+ 6 ആയുഷ്കാലത്ത് ഒരിക്കലും നിങ്ങൾ അവരുടെ ക്ഷേമത്തിനോ അഭിവൃദ്ധിക്കോ വേണ്ടി പ്രവർത്തിക്കരുത്.+
7 “ഏദോമ്യനെ നീ വെറുക്കരുത്; അയാൾ നിന്റെ സഹോദരനല്ലോ.+
“ഈജിപ്തുകാരനെയും നീ വെറുക്കരുത്; നീ അയാളുടെ ദേശത്ത് ഒരു വിദേശിയായി താമസിച്ചതാണല്ലോ.+ 8 അവരുടെ മൂന്നാം തലമുറയിലെ മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.
9 “ശത്രുക്കൾക്കെതിരെ പാളയമിറങ്ങുമ്പോൾ എല്ലാ തരം അശുദ്ധിയും നിങ്ങൾ ഒഴിവാക്കണം.+ 10 നിശാസ്ഖലനത്താൽ ഒരാൾ അശുദ്ധനായാൽ അയാൾ പാളയത്തിനു പുറത്ത് പോകണം;+ അയാൾ തിരിച്ചുവരരുത്. 11 വൈകുന്നേരം അയാൾ കുളിക്കണം. സൂര്യാസ്തമയത്തോടെ അയാൾക്കു പാളയത്തിലേക്കു തിരിച്ചുവരാം.+ 12 വിസർജനത്തിനായി* പാളയത്തിനു പുറത്ത് നിങ്ങൾ ഒരു സ്ഥലം വേർതിരിക്കണം; അവിടെയാണു നിങ്ങൾ പോകേണ്ടത്. 13 നിങ്ങളുടെ ഉപകരണങ്ങളുടെ കൂട്ടത്തിൽ ഒരു പാരയുമുണ്ടായിരിക്കണം. നിങ്ങൾ വിസർജനത്തിന് പോകുമ്പോൾ ഒരു കുഴി കുത്തി വിസർജ്യം മണ്ണിട്ട് മൂടണം. 14 കാരണം നിങ്ങളെ വിടുവിക്കാനും നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കാനും വേണ്ടി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ പാളയത്തിനു മധ്യേ നടക്കുന്നുണ്ട്.+ ദൈവം നിങ്ങൾക്കിടയിൽ മാന്യതയില്ലാത്ത എന്തെങ്കിലും കണ്ടാൽ നിങ്ങളെ വിട്ട് പോകും. അതുകൊണ്ട് നിങ്ങളുടെ പാളയം വിശുദ്ധമായിരിക്കണം.+
15 “യജമാനന്റെ അടുത്തുനിന്ന് രക്ഷപ്പെട്ട് നിന്റെ അടുത്തേക്കു വരുന്ന ഒരു അടിമയെ നീ അയാളുടെ യജമാനനു കൈമാറരുത്. 16 നിങ്ങളുടെ ഒരു നഗരത്തിൽ ഇഷ്ടമുള്ള ഒരു സ്ഥലത്ത് അയാൾ താമസിക്കട്ടെ. നീ അയാളെ ദ്രോഹിക്കരുത്.+
17 “ഇസ്രായേൽപുത്രിമാർ ആരും ക്ഷേത്രവേശ്യയാകരുത്.+ ഇസ്രായേൽപുത്രന്മാരും ക്ഷേത്രവേശ്യയാകാൻ പാടില്ല.+ 18 ഒരു വേശ്യാസ്ത്രീയുടെ കൂലിയോ വേശ്യാവൃത്തി ചെയ്തുപോരുന്ന ഒരു പുരുഷന്റെ* കൂലിയോ നേർച്ച നിറവേറ്റാനായി നിങ്ങളുടെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു നിങ്ങൾ കൊണ്ടുവരരുത്. അവ രണ്ടും നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.
19 “നിന്റെ സഹോദരനിൽനിന്ന് നീ പലിശ ഈടാക്കരുത്.+ പണമാകട്ടെ ഭക്ഷണമാകട്ടെ പലിശ ഈടാക്കാവുന്ന മറ്റ് എന്തെങ്കിലുമാകട്ടെ അവയ്ക്കൊന്നിനും നീ നിന്റെ സഹോദരനോടു പലിശ വാങ്ങരുത്. 20 ഒരു അന്യദേശക്കാരനോടു നിനക്കു പലിശ വാങ്ങാം.+ എന്നാൽ, നീ അവകാശമാക്കാൻപോകുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കണമെങ്കിൽ+ നിന്റെ സഹോദരനിൽനിന്ന് നീ പലിശ വാങ്ങരുത്.+
21 “നീ നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക് ഒരു പാപമായിത്തീരും.+ 22 എന്നാൽ നേർച്ച നേരാതിരിക്കുന്നതു പാപമായി കണക്കാക്കില്ല.+ 23 നിന്റെ വായിൽനിന്ന് വരുന്ന വാക്കുപോലെതന്നെ നീ ചെയ്യണം.+ സ്വമനസ്സാലെയുള്ള നേർച്ചയായി നിന്റെ ദൈവമായ യഹോവയ്ക്കു വായ്കൊണ്ട് നേരുന്നതെല്ലാം നീ നിറവേറ്റണം.+
24 “നീ അയൽക്കാരന്റെ മുന്തിരിത്തോട്ടത്തിൽ കയറിയാൽ വിശപ്പടങ്ങുംവരെ നിനക്കു മുന്തിരി തിന്നാം; എന്നാൽ അതിൽ അൽപ്പംപോലും കൂടയിൽ ശേഖരിക്കരുത്.+
25 “അയൽക്കാരന്റെ വിളഞ്ഞുനിൽക്കുന്ന വയലിൽ ചെല്ലുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം. എന്നാൽ അയാളുടെ ധാന്യത്തിന്മേൽ നീ അരിവാൾ വെക്കരുത്.+
24 “ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ചശേഷം ആ സ്ത്രീയിൽ ഉചിതമല്ലാത്ത എന്തെങ്കിലും കണ്ട് അവളോട് അനിഷ്ടം തോന്നിയാൽ അയാൾ ഒരു മോചനപത്രം എഴുതി+ കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയയ്ക്കണം.+ 2 അയാളുടെ വീട്ടിൽനിന്ന് പോന്നശേഷം ആ സ്ത്രീക്കു മറ്റൊരാളുടെ ഭാര്യയാകാം.+ 3 രണ്ടാമത്തെ പുരുഷനും ആ സ്ത്രീയെ വെറുത്തിട്ട്* ഒരു മോചനപത്രം എഴുതി കൈയിൽ കൊടുത്ത് വീട്ടിൽനിന്ന് പറഞ്ഞയയ്ക്കുകയോ, അല്ലെങ്കിൽ രണ്ടാമതു വിവാഹം കഴിച്ച പുരുഷൻ മരിച്ചുപോകുകയോ ചെയ്താൽ 4 അവളെ ഉപേക്ഷിച്ച ആദ്യഭർത്താവ്, അശുദ്ധയായ അവളെ വീണ്ടും ഭാര്യയായി സ്വീകരിക്കാൻ പാടില്ല. അത് യഹോവയ്ക്ക് അറപ്പാണ്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്തിന്മേൽ നിങ്ങൾ പാപം വരുത്തിവെക്കരുത്.
5 “വിവാഹം കഴിഞ്ഞ ഉടനെ ഒരു പുരുഷൻ സൈന്യത്തിൽ സേവിക്കരുത്; അയാളെ മറ്റ് ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കരുത്. ഒരു വർഷത്തേക്ക് അയാൾ അവയിൽനിന്നെല്ലാം ഒഴിഞ്ഞുനിന്ന് വീട്ടിൽ താമസിച്ച് ഭാര്യയെ സന്തോഷിപ്പിക്കണം.+
6 “ഒരാളുടെ തിരികല്ലോ അതിന്റെ മേൽക്കല്ലോ ആരും പണയമായി വാങ്ങരുത്.+ അങ്ങനെ ചെയ്യുന്നയാൾ അയാളുടെ ഉപജീവനമാർഗമാണു* പണയമായി വാങ്ങുന്നത്.
7 “ഒരാൾ തന്റെ ഇസ്രായേല്യസഹോദരന്മാരിൽ ഒരാളെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി പെരുമാറി ആ സഹോദരനെ വിൽക്കുകയും ചെയ്താൽ+ അയാളെ നിങ്ങൾ കൊന്നുകളയണം.+ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.+
8 “കുഷ്ഠരോഗബാധ* ഉണ്ടായാൽ ലേവ്യപുരോഹിതന്മാർ നൽകുന്ന നിർദേശങ്ങളെല്ലാം നിങ്ങൾ ശ്രദ്ധാപൂർവം പാലിക്കണം.+ ഞാൻ അവരോടു കല്പിച്ചതുപോലെതന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 9 നിങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്ന വഴിക്കു നിങ്ങളുടെ ദൈവമായ യഹോവ മിര്യാമിനോടു ചെയ്തത് എന്താണെന്ന് ഓർക്കുക.+
10 “അയൽക്കാരന് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ+ അയാൾ തരാമെന്നു പറഞ്ഞ പണയവസ്തു വാങ്ങാൻ നീ അയാളുടെ വീടിന് അകത്തേക്കു കയറിച്ചെല്ലരുത്. 11 വായ്പ വാങ്ങിയവൻ പണയവസ്തു കൊണ്ടുവന്ന് തരുന്നതുവരെ നീ പുറത്ത് നിൽക്കണം. 12 എന്നാൽ അയാൾ ബുദ്ധിമുട്ടിലാണെങ്കിൽ അയാളുടെ പണയവസ്തു കൈവശം വെച്ചുകൊണ്ട് നീ ഉറങ്ങാൻപോകരുത്.+ 13 സൂര്യൻ അസ്തമിക്കുമ്പോഴേക്കും നീ ആ പണയവസ്തു അയാൾക്കു തിരികെ കൊടുത്തിരിക്കണം; അയാൾ തന്റെ വസ്ത്രവുമായി കിടന്നുറങ്ങട്ടെ.+ അപ്പോൾ അയാൾ നിന്നെ അനുഗ്രഹിക്കും. അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായി കണക്കിടും.
14 “നിന്റെ നഗരത്തിലുള്ള,* ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു കൂലിക്കാരനെ, അയാൾ നിന്റെ സഹോദരനോ നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, നീ ചതിക്കരുത്.+ 15 അതാതു ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് നീ അയാളുടെ കൂലി കൊടുക്കണം.+ അയാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവനും തനിക്കു കിട്ടുന്ന കൂലികൊണ്ട് നിത്യവൃത്തി കഴിക്കുന്നവനും ആണല്ലോ. മറിച്ചായാൽ, അയാൾ നിനക്ക് എതിരെ യഹോവയോടു നിലവിളിക്കുകയും അതു നിനക്കു പാപമായിത്തീരുകയും ചെയ്യും.+
16 “മക്കളുടെ പ്രവൃത്തികൾക്കു പിതാക്കന്മാരും പിതാക്കന്മാരുടെ പ്രവൃത്തികൾക്കു മക്കളും മരണശിക്ഷ അനുഭവിക്കരുത്.+ ഓരോരുത്തനും ചെയ്ത പാപത്തിന് അവനവൻതന്നെ മരണശിക്ഷ അനുഭവിക്കണം.+
17 “നീ നിങ്ങൾക്കിടയിൽ വന്നുതാമസിക്കുന്ന വിദേശിയുടെയും അനാഥന്റെയും* നീതി നിഷേധിക്കരുത്;+ ഒരു വിധവയുടെ വസ്ത്രം പണയമായി വാങ്ങുകയുമരുത്.+ 18 നീ ഈജിപ്തിൽ അടിമയായിരുന്നെന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്ന് മോചിപ്പിച്ചതാണെന്നും ഓർക്കണം.+ അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ഞാൻ നിന്നോടു കല്പിക്കുന്നത്.
19 “നിന്റെ വയലിലെ വിളവെടുക്കുമ്പോൾ ഒരു കറ്റ അവിടെ മറന്നുവെച്ചാൽ അത് എടുക്കാൻ നീ തിരിച്ചുപോകരുത്. അതു നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും വേണ്ടി വിട്ടേക്കുക.+ അപ്പോൾ നിന്റെ ദൈവമായ യഹോവ നിന്റെ പ്രവൃത്തികളെയൊക്കെ അനുഗ്രഹിക്കും.+
20 “നീ നിന്റെ ഒലിവ് മരം തല്ലി വിളവെടുക്കുമ്പോൾ അവയുടെ ഓരോ കൊമ്പിലും വീണ്ടുംവീണ്ടും തല്ലരുത്. അതിൽ ശേഷിക്കുന്നതു നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്.+
21 “നിന്റെ മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ, ശേഷിച്ചവ ശേഖരിക്കാൻ നീ തിരികെ പോകരുത്. നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും ആയി നീ അവ വിട്ടേക്കണം. 22 നീ ഈജിപ്ത് ദേശത്ത് അടിമയായിരുന്നെന്ന് ഓർക്കണം. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ഞാൻ നിന്നോടു കല്പിക്കുന്നത്.
25 “രണ്ടു പേർ തമ്മിൽ തർക്കം ഉണ്ടായിട്ട് അവർ ന്യായാധിപന്മാരുടെ മുമ്പാകെ ഹാജരാകുമ്പോൾ+ ന്യായാധിപന്മാർ അവർക്കു മധ്യേ വിധി കല്പിച്ച് നീതിമാനെ നിരപരാധി എന്നും ദുഷ്ടനെ കുറ്റക്കാരൻ എന്നും വിധിക്കണം.+ 2 ദുഷ്ടൻ അടിക്ക് അർഹമായത് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ+ ന്യായാധിപൻ അയാളെ നിലത്ത് കമിഴ്ത്തിക്കിടത്തി താൻ കാൺകെ അയാളെ അടിപ്പിക്കണം. അയാളുടെ ദുഷ്ചെയ്തിയുടെ കാഠിന്യമനുസരിച്ചാണ് എത്ര അടി കൊടുക്കണമെന്നു നിശ്ചയിക്കേണ്ടത്. 3 അയാളെ 40 അടിവരെ അടിക്കാം;+ അതിൽ കൂടുതലാകരുത്. അതിൽ കൂടുതൽ അടിച്ചാൽ നിന്റെ സഹോദരൻ നിന്റെ മുന്നിൽ അപമാനിതനായിത്തീരും.
4 “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്.+
5 “സഹോദരന്മാർ ഒരുമിച്ച് താമസിക്കുമ്പോൾ അവരിൽ ഒരാൾ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ ആ കുടുംബത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കരുത്. ആ സ്ത്രീയുടെ ഭർത്താവിന്റെ സഹോദരൻ അവളുടെ അടുത്ത് ചെന്ന് അവളെ വിവാഹം കഴിച്ച് ഭർത്തൃസഹോദരധർമം* അനുഷ്ഠിക്കണം.+ 6 ആ സ്ത്രീയിൽ അയാൾക്ക് ഉണ്ടാകുന്ന മൂത്ത മകൻ, മരിച്ചുപോയ സഹോദരന്റെ പേര് നിലനിറുത്തും.+ അങ്ങനെ, മരണമടഞ്ഞവന്റെ പേര് ഇസ്രായേലിൽനിന്ന് അറ്റുപോകാതിരിക്കും.+
7 “എന്നാൽ സഹോദരന്റെ വിധവയെ വിവാഹം കഴിക്കാൻ അയാൾക്കു സമ്മതമല്ലെങ്കിൽ ആ വിധവ നഗരകവാടത്തിലുള്ള മൂപ്പന്മാരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറയണം: ‘സഹോദരന്റെ പേര് ഇസ്രായേലിൽ നിലനിറുത്താൻ എന്റെ ഭർത്തൃസഹോദരൻ തയ്യാറാകുന്നില്ല. എന്നെ വിവാഹം കഴിച്ച് ഭർത്തൃസഹോദരധർമം* അനുഷ്ഠിക്കാൻ അയാൾക്കു സമ്മതമല്ല.’ 8 അപ്പോൾ അയാളുടെ നഗരത്തിലെ മൂപ്പന്മാർ അയാളെ വിളിച്ചുവരുത്തി അയാളോടു സംസാരിക്കണം. എന്നാൽ അയാൾ, ‘എനിക്ക് ഈ സ്ത്രീയെ വിവാഹം കഴിക്കാൻ താത്പര്യമില്ല’ എന്നു തറപ്പിച്ചുപറയുകയാണെങ്കിൽ 9 അയാളുടെ സഹോദരന്റെ വിധവ മൂപ്പന്മാർ കാൺകെ അയാളുടെ അടുത്ത് ചെന്ന് അയാളുടെ കാലിൽനിന്ന് ചെരിപ്പ് ഊരിയിട്ട്+ അയാളുടെ മുഖത്ത് തുപ്പണം. എന്നിട്ട്, ‘സഹോദരന്റെ ഭവനം പണിയാത്തവനോട് ഇങ്ങനെയാണു ചെയ്യേണ്ടത്’ എന്നു പറയണം. 10 അതിനു ശേഷം ഇസ്രായേലിൽ അയാളുടെ കുടുംബപ്പേര്,* ‘ചെരിപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം’ എന്നായിരിക്കും.
11 “രണ്ടു പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ അതിലൊരുവന്റെ ഭാര്യ ഭർത്താവിനെ രക്ഷിക്കാനായി ഇടയ്ക്കു കയറുകയും കൈ നീട്ടി, ഭർത്താവിനെ അടിക്കുന്നവന്റെ ജനനേന്ദ്രിയത്തിൽ കയറിപ്പിടിക്കുകയും ചെയ്താൽ 12 നിങ്ങൾ സ്ത്രീയുടെ കൈ വെട്ടിക്കളയണം. നിങ്ങൾക്ക്* ആ സ്ത്രീയോടു കനിവ് തോന്നരുത്.
13 “നിങ്ങളുടെ സഞ്ചിയിൽ ഒരു തൂക്കത്തിനുതന്നെ ചെറുതും വലുതും ആയ രണ്ടു തൂക്കക്കട്ടികൾ ഉണ്ടാകരുത്.+ 14 നിങ്ങളുടെ വീട്ടിൽ ചെറുതും വലുതും ആയ രണ്ടു തരം അളവുപാത്രങ്ങളും* ഉണ്ടായിരിക്കരുത്.+ 15 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കണമെങ്കിൽ നേരും കൃത്യതയും ഉള്ള തൂക്കങ്ങളും അളവുകളും നിങ്ങൾ ഉപയോഗിക്കണം.+ 16 കാരണം ഇങ്ങനെയുള്ള അന്യായങ്ങൾ പ്രവർത്തിക്കുന്ന എല്ലാവരെയും നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.+
17 “നിങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോരുമ്പോൾ വഴിയിൽവെച്ച് അമാലേക്ക് നിങ്ങളോടു ചെയ്തത് എന്താണെന്ന് ഓർക്കുക:+ 18 നിങ്ങൾ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ അമാലേക്ക് നിങ്ങൾക്കെതിരെ വന്ന് നിങ്ങളിൽ പിന്നിലായിപ്പോയവരെയെല്ലാം ആക്രമിച്ചു. അമാലേക്കിനു ദൈവഭയമില്ലായിരുന്നു. 19 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത തരുമ്പോൾ+ നിങ്ങൾ അമാലേക്കിനെക്കുറിച്ചുള്ള ഓർമപോലും ആകാശത്തിൻകീഴിൽനിന്ന് നീക്കിക്കളയണം.+ നിങ്ങൾ ഇക്കാര്യം മറക്കരുത്.
26 “ഒടുവിൽ, നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് പ്രവേശിച്ച് നീ അതു കൈവശമാക്കി അതിൽ താമസിക്കുമ്പോൾ 2 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഉണ്ടാകുന്ന എല്ലാ വിളവിന്റെയും* ആദ്യഫലങ്ങളിൽ കുറച്ച് എടുത്ത് ഒരു കൊട്ടയിലാക്കി, നിന്റെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു ചെല്ലണം.+ 3 എന്നിട്ട്, അക്കാലത്ത് പുരോഹിതനായി സേവിക്കുന്ന വ്യക്തിയുടെ അടുത്ത് ചെന്ന് നീ ഇങ്ങനെ പറയണം: ‘ഞങ്ങൾക്കു തരുമെന്ന് യഹോവ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്ത ദേശത്ത് ഞാൻ എത്തിയിരിക്കുന്നെന്ന കാര്യം ഇന്ന് ഇതാ, ഞാൻ അങ്ങയുടെ ദൈവമായ യഹോവയെ അറിയിക്കുന്നു.’+
4 “പുരോഹിതൻ ആ കൊട്ട നിന്റെ കൈയിൽനിന്ന് വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിനു മുന്നിൽ വെക്കും. 5 പിന്നെ നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഈ പ്രസ്താവന നടത്തണം: ‘എന്റെ അപ്പൻ അലഞ്ഞുനടന്ന* ഒരു അരാമ്യനായിരുന്നു.+ ഏതാനും പേർ മാത്രംവരുന്ന കുടുംബത്തോടൊപ്പം അപ്പൻ ഈജിപ്തിലേക്കു പോയി,+ അവിടെ ഒരു വിദേശിയായി താമസിച്ചു.+ എന്നാൽ അവിടെവെച്ച് അപ്പൻ ശക്തിയും ആൾപ്പെരുപ്പവും ഉള്ള ഒരു മഹാജനതയായിത്തീർന്നു.+ 6 പക്ഷേ ഈജിപ്തുകാർ ഞങ്ങളെ ദ്രോഹിക്കുകയും അടിച്ചമർത്തുകയും ക്രൂരമായി അടിമപ്പണി ചെയ്യിക്കുകയും ചെയ്തു.+ 7 അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു. യഹോവ ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളുടെ ക്ലേശവും ബുദ്ധിമുട്ടും കാണുകയും ഞങ്ങളെ അവർ അടിച്ചമർത്തിയത് അറിയുകയും ചെയ്തു.+ 8 ഒടുവിൽ യഹോവ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്ത് ബലമുള്ള കൈയാലും നീട്ടിയ കരത്താലും+ ഭയാനകമായ പ്രവൃത്തികളാലും ഞങ്ങളെ ഈജിപ്തിൽനിന്ന് വിടുവിച്ചു.+ 9 പിന്നെ ഞങ്ങളെ ഇവിടേക്കു കൊണ്ടുവന്ന് പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നു.+ 10 ഇപ്പോൾ ഇതാ, യഹോവ എനിക്കു തന്ന നിലത്തെ വിളവിൽനിന്നുള്ള ആദ്യഫലങ്ങൾ ഞാൻ കൊണ്ടുവന്നിരിക്കുന്നു.’+
“നീ അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ സമർപ്പിച്ച് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ കുമ്പിടണം. 11 തുടർന്ന്, നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ വീട്ടിലുള്ളവർക്കും ചെയ്ത എല്ലാ നന്മകളെയും പ്രതി നീയും നിങ്ങൾക്കിടയിൽ താമസിക്കുന്ന ലേവ്യനും വിദേശിയും ആഹ്ലാദിക്കണം.+
12 “ദശാംശത്തിന്റെ വർഷമായ മൂന്നാം വർഷത്തിൽ നിന്റെ എല്ലാ വിളവിന്റെയും ദശാംശം വേർതിരിച്ച്+ ലേവ്യനും ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും* വിധവയ്ക്കും കൊടുക്കണം. അവർ നിന്റെ നഗരങ്ങളിൽവെച്ച്* തിന്ന് തൃപ്തരാകട്ടെ.+ 13 പിന്നെ നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഇങ്ങനെ പറയണം: ‘അങ്ങ് എന്നോടു കല്പിച്ചതുപോലെ വിശുദ്ധമായ ഓഹരിയെല്ലാം ഞാൻ എന്റെ ഭവനത്തിൽനിന്ന് നീക്കി, ലേവ്യനും ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും+ കൊടുത്തിരിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകൾ ലംഘിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല. 14 ഞാൻ വിലാപകാലത്ത് അതിൽനിന്ന് തിന്നുകയോ അശുദ്ധനായിരിക്കുമ്പോൾ അതിൽനിന്ന് എടുക്കുകയോ മരിച്ചവനുവേണ്ടി അതു കൊടുക്കുകയോ ചെയ്തിട്ടില്ല. ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കുകയും അങ്ങ് എന്നോടു കല്പിച്ചതെല്ലാം പാലിക്കുകയും ചെയ്തിരിക്കുന്നു. 15 അങ്ങ് ഇപ്പോൾ അങ്ങയുടെ വിശുദ്ധവാസസ്ഥലമായ സ്വർഗത്തിൽനിന്ന് കടാക്ഷിച്ച് ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ+ അങ്ങയുടെ ജനമായ ഇസ്രായേലിനെയും അങ്ങ് ഞങ്ങൾക്കു തന്ന, പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും+ അനുഗ്രഹിക്കേണമേ.’+
16 “ഈ ചട്ടങ്ങളും ന്യായത്തീർപ്പുകളും പാലിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ ഇന്നു നിങ്ങളോടു കല്പിക്കുന്നു. നിങ്ങൾ ഇവ നിങ്ങളുടെ മുഴുഹൃദയത്തോടും+ നിങ്ങളുടെ മുഴുദേഹിയോടും* കൂടെ അനുസരിക്കുകയും പാലിക്കുകയും വേണം. 17 നിങ്ങൾ യഹോവയുടെ വഴികളിൽ നടക്കുകയും ദൈവത്തിന്റെ ചട്ടങ്ങളും+ കല്പനകളും+ ന്യായത്തീർപ്പുകളും+ പാലിക്കുകയും ദൈവത്തിന്റെ വാക്കുകൾ കേൾക്കുകയും ചെയ്യുന്നതിൽ തുടർന്നാൽ അവിടുന്നു നിങ്ങളുടെ ദൈവമായിത്തീരും എന്ന പ്രഖ്യാപനം ഇന്നു ദൈവത്തിൽനിന്ന് നിങ്ങൾ നേടിയിരിക്കുന്നു. 18 നിങ്ങൾ ദൈവത്തിന്റെ എല്ലാ കല്പനകളും അനുസരിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ ദൈവത്തിന്റെ ജനവും പ്രത്യേകസ്വത്തും*+ ആയിത്തീരുമെന്നും ഉള്ള നിങ്ങളുടെ പ്രഖ്യാപനം ഇന്ന് യഹോവയ്ക്കും ലഭിച്ചിരിക്കുന്നു. 19 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണെന്നു തെളിയിക്കുമ്പോൾ, താൻ വാഗ്ദാനം ചെയ്തതുപോലെ, കീർത്തിയും മഹത്ത്വവും പ്രശംസയും നൽകി,+ താൻ ഉണ്ടാക്കിയ മറ്റു ജനതകളുടെയെല്ലാം മീതെ+ നിങ്ങളെ ഉയർത്തുമെന്നും ദൈവം പറഞ്ഞിരിക്കുന്നു.”
27 പിന്നെ മോശ ഇസ്രായേൽമൂപ്പന്മാരോടൊപ്പം നിന്ന് ജനത്തോട് ഇങ്ങനെ കല്പിച്ചു: “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന എല്ലാ കല്പനകളും നിങ്ങൾ അനുസരിക്കണം. 2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്തേക്കു യോർദാൻ കടന്ന് ചെല്ലുന്ന ദിവസം നിങ്ങൾ വലിയ കല്ലുകൾ നാട്ടി അവയിൽ കുമ്മായം പൂശണം.+ 3 അക്കര കടന്നിട്ട് ഈ നിയമത്തിലെ വാക്കുകളെല്ലാം നിങ്ങൾ അവയിൽ എഴുതണം. അങ്ങനെ ചെയ്താൽ നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്തേക്ക്, നിങ്ങൾ പ്രവേശിക്കും.+ 4 നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ, ഏബാൽ പർവതത്തിൽ+ ആ കല്ലുകൾ നാട്ടി അവയിൽ കുമ്മായം പൂശണം. 5 നിങ്ങൾ അവിടെ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു കല്ലുകൊണ്ടുള്ള ഒരു യാഗപീഠവും പണിയണം. അതിനുവേണ്ടി നിങ്ങൾ ഇരുമ്പായുധങ്ങൾ ഉപയോഗിക്കരുത്.+ 6 വെട്ടുകയോ ചെത്തുകയോ ചെയ്യാത്ത കല്ലുകൾകൊണ്ടായിരിക്കണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗപീഠം പണിയുന്നത്. അതിൽ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ദഹനയാഗങ്ങൾ അർപ്പിക്കണം. 7 നിങ്ങൾ സഹഭോജനബലികളും അർപ്പിക്കണം;+ അവിടെവെച്ച് നിങ്ങൾ അതു തിന്ന്+ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹ്ലാദിക്കണം.+ 8 ഈ നിയമത്തിലെ എല്ലാ വാക്കുകളും നിങ്ങൾ ആ കല്ലുകളിൽ വ്യക്തമായി എഴുതണം.”+
9 പിന്നെ മോശയും ലേവ്യപുരോഹിതന്മാരും ഇസ്രായേല്യരോടെല്ലാം ഇങ്ങനെ പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്ന് കേൾക്കുക. ഇന്നു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു!+ 10 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കുകയും ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ദൈവകല്പനകളും ചട്ടങ്ങളും പാലിക്കുകയും വേണം.”+
11 അന്നേ ദിവസം മോശ ജനത്തോട് ഇങ്ങനെ കല്പിച്ചു: 12 “നിങ്ങൾ യോർദാൻ കടന്നശേഷം, ജനത്തെ അനുഗ്രഹിക്കാനായി ശിമെയോൻ, ലേവി, യഹൂദ, യിസ്സാഖാർ, യോസേഫ്, ബന്യാമീൻ എന്നീ ഗോത്രങ്ങൾ ഗരിസീം പർവതത്തിലും+ 13 ശപിക്കാനായി രൂബേൻ, ഗാദ്, ആശേർ, സെബുലൂൻ, ദാൻ, നഫ്താലി എന്നീ ഗോത്രങ്ങൾ ഏബാൽ പർവതത്തിലും+ നിൽക്കണം. 14 പിന്നെ ഇസ്രായേൽ മുഴുവൻ കേൾക്കെ ലേവ്യർ ഉച്ചത്തിൽ ഇങ്ങനെ പറയണം:+
15 “‘ശില്പിയുടെ* പണിയായ ഒരു വിഗ്രഹം ഉണ്ടാക്കുകയോ+ ഒരു ലോഹപ്രതിമ വാർത്തുണ്ടാക്കുകയോ+ ചെയ്തിട്ട് യഹോവയ്ക്ക് അറപ്പുള്ള ആ വസ്തു+ മറച്ചുവെക്കുന്നവൻ ശപിക്കപ്പെട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’* എന്നു പറയണം.)
16 “‘അമ്മയോടോ അപ്പനോടോ അവജ്ഞയോടെ പെരുമാറുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
17 “‘അയൽക്കാരന്റെ അതിർത്തി മാറ്റുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
18 “‘അന്ധനെ വഴിതെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
19 “‘അനാഥനോ* വിധവയ്ക്കോ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കോ+ നീതി നിഷേധിക്കുന്നവൻ+ ശപിക്കപ്പെട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
20 “‘അപ്പന്റെ ഭാര്യയോടൊപ്പം കിടന്ന് അപ്പനെ അപമാനിക്കുന്നവൻ* ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
21 “‘ഏതെങ്കിലും മൃഗത്തോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
22 “‘അപ്പന്റെയോ അമ്മയുടെയോ മകളായ തന്റെ സഹോദരിയോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
23 “‘അമ്മായിയമ്മയോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
24 “‘പതിയിരുന്ന് അയൽക്കാരനെ കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
25 “‘നിരപരാധിയെ കൊല്ലാൻ പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
26 “‘ഈ നിയമത്തിലെ വാക്കുകൾ പാലിച്ച് അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
28 “ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെല്ലാം ശ്രദ്ധാപൂർവം പാലിച്ചുകൊണ്ട് നിങ്ങൾ ദൈവത്തിന്റെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരുന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഭൂമിയിലെ എല്ലാ ജനതകൾക്കും മീതെ ഉയർത്തും.+ 2 നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കുന്നതിനാൽ ഈ അനുഗ്രഹങ്ങളെല്ലാം ദൈവം നിങ്ങളുടെ മേൽ സമൃദ്ധമായി വർഷിക്കും:+
3 “നഗരത്തിൽ നിങ്ങൾ അനുഗൃഹീതരായിരിക്കും; നാട്ടിൻപുറത്തായാലും നിങ്ങൾ അനുഗൃഹീതരായിരിക്കും.+
4 “നിങ്ങളുടെ മക്കൾ* അനുഗൃഹീതരായിരിക്കും;+ നിങ്ങളുടെ നിലത്തെ വിളവും നിങ്ങളുടെ മൃഗങ്ങളുടെ കുഞ്ഞുങ്ങളും—നിങ്ങളുടെ കന്നുകാലിക്കിടാങ്ങളും നിങ്ങളുടെ ആട്ടിൻകുട്ടികളും—അനുഗൃഹീതമായിരിക്കും.+
5 “നിങ്ങളുടെ കൊട്ടയും+ മാവ് കുഴയ്ക്കുന്ന പാത്രവും+ അനുഗൃഹീതമായിരിക്കും.
6 “പോകുന്നിടത്തെല്ലാം നിങ്ങൾ അനുഗൃഹീതരായിരിക്കും; നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങൾ അനുഗൃഹീതരാകും.
7 “നിങ്ങളുടെ നേരെ വരുന്ന ശത്രുക്കളെ യഹോവ നിങ്ങളുടെ മുമ്പാകെ തോൽപ്പിച്ചുകളയും.+ അവർ ഒരു ദിശയിൽനിന്ന് നിങ്ങളെ ആക്രമിക്കും; എന്നാൽ നിങ്ങളുടെ മുന്നിൽനിന്ന് ഏഴു ദിശകളിലേക്ക് അവർ ഓടിപ്പോകും.+ 8 യഹോവ നിങ്ങളുടെ സംഭരണശാലകളുടെ മേലും നിങ്ങളുടെ എല്ലാ പ്രയത്നങ്ങളുടെ മേലും അനുഗ്രഹം അയയ്ക്കും;+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത് ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും. 9 നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ പാലിക്കുകയും ദൈവത്തിന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നതിനാൽ നിങ്ങളോടു സത്യം ചെയ്തതുപോലെ+ യഹോവ നിങ്ങളെ തന്റെ വിശുദ്ധജനമായി സ്ഥിരപ്പെടുത്തും.+ 10 നിങ്ങൾ യഹോവയുടെ പേര് വഹിക്കുന്നവരാണെന്നു ഭൂമിയിലെ ജനങ്ങളെല്ലാം കാണുകതന്നെ ചെയ്യും;+ അവർ നിങ്ങളെ ഭയപ്പെടും.+
11 “നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോട് യഹോവ സത്യം ചെയ്ത ദേശത്ത്+ സന്താനസമൃദ്ധിയും മൃഗസമ്പത്തും ഫലപുഷ്ടിയുള്ള മണ്ണും നൽകി യഹോവ നിങ്ങളെ കടാക്ഷിക്കും.+ 12 യഹോവ തന്റെ സമ്പന്നമായ സംഭരണശാല തുറന്ന്, അതായത് ആകാശം തുറന്ന്, യഥാസമയം നിങ്ങളുടെ ദേശത്ത് മഴ പെയ്യിക്കുകയും+ നിങ്ങളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കുകയും ചെയ്യും. നിങ്ങൾ അനേകം ജനതകൾക്കു വായ്പ കൊടുക്കും; എന്നാൽ നിങ്ങൾ വായ്പ വാങ്ങേണ്ടിവരില്ല.+ 13 അനുസരിക്കണമെന്നു പറഞ്ഞ് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ എപ്പോഴും അനുസരിക്കുന്നെങ്കിൽ യഹോവ നിങ്ങളെ ആരുടെയും കാൽക്കീഴാക്കില്ല, പകരം തലപ്പത്താക്കും. നിങ്ങൾ എല്ലാവർക്കും മീതെയായിരിക്കും,+ ആരുടെയും കീഴിലായിരിക്കില്ല. 14 ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ഈ വാക്കുകൾ വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+ അങ്ങനെ അന്യദൈവങ്ങൾക്കു പിന്നാലെ പോയി അവയെ സേവിക്കരുത്.+
15 “എന്നാൽ, ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളും നിയമങ്ങളും പാലിക്കാൻ കൂട്ടാക്കാതെ നിങ്ങൾ ദൈവത്തിന്റെ വാക്കുകൾ അവഗണിക്കുന്നെങ്കിൽ ഈ ശാപങ്ങളെല്ലാം നിങ്ങളുടെ മേൽ വരുകയും നിങ്ങളെ വിടാതെ പിന്തുടരുകയും ചെയ്യും:+
16 “നഗരത്തിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും; നാട്ടിൻപുറത്തായാലും നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും.+
17 “നിങ്ങളുടെ കൊട്ടയും+ മാവ് കുഴയ്ക്കുന്ന പാത്രവും ശപിക്കപ്പെട്ടതായിരിക്കും.+
18 “നിങ്ങളുടെ മക്കൾ ശപിക്കപ്പെട്ടവരായിരിക്കും;+ നിങ്ങളുടെ നിലത്തെ വിളവും നിങ്ങളുടെ കന്നുകാലിക്കിടാങ്ങളും നിങ്ങളുടെ ആട്ടിൻകുട്ടികളും ശപിക്കപ്പെട്ടതായിരിക്കും.+
19 “പോകുന്നിടത്തെല്ലാം നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും; നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും.
20 “എന്നെ ഉപേക്ഷിച്ച് നിങ്ങൾ ചെയ്തുകൂട്ടുന്ന ദുഷ്പ്രവൃത്തികൾ കാരണം, നിങ്ങളെ തുടച്ചുനീക്കുകയും നിങ്ങൾ പെട്ടെന്നു നശിച്ചുപോകുകയും ചെയ്യുന്നതുവരെ നിങ്ങളുടെ മേലും നിങ്ങളുടെ എല്ലാ പ്രയത്നങ്ങളുടെ മേലും യഹോവ ശാപവും പരിഭ്രമവും ശിക്ഷയും അയയ്ക്കും.+ 21 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തുനിന്ന് ദൈവം നിങ്ങളെ തുടച്ചുനീക്കുംവരെ നിങ്ങൾക്കു മാറാരോഗങ്ങൾ വരാൻ യഹോവ ഇടയാക്കും.+ 22 ക്ഷയരോഗം, ചുട്ടുപൊള്ളുന്ന പനി,+ വീക്കം, അതികഠിനമായ ചൂട്, വാൾ,+ ഉഷ്ണക്കാറ്റ്, പൂപ്പൽരോഗം+ എന്നിവയെല്ലാം നിങ്ങളെ ബാധിക്കാൻ യഹോവ ഇടവരുത്തും; നിങ്ങൾ നശിച്ചൊടുങ്ങുംവരെ അവ നിങ്ങളെ വിടാതെ പിന്തുടരും. 23 നിങ്ങളുടെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിങ്ങളുടെ കാലിനു കീഴെയുള്ള ഭൂമി ഇരുമ്പും ആയിരിക്കും.+ 24 യഹോവ നിങ്ങളുടെ ദേശത്ത് മഴയായി പെയ്യിക്കുന്നതു പൂഴിയും പൊടിയും ആയിരിക്കും; നിങ്ങൾ പൂർണമായി നശിക്കുന്നതുവരെ അവ ആകാശത്തുനിന്ന് നിങ്ങളുടെ മേൽ പെയ്യും. 25 ശത്രുക്കളുടെ മുമ്പാകെ നിങ്ങൾ തോറ്റുപോകാൻ യഹോവ ഇടവരുത്തും.+ ഒരു ദിശയിൽനിന്ന് നിങ്ങൾ അവരെ ആക്രമിക്കും; എന്നാൽ അവരുടെ മുന്നിൽനിന്ന് ഏഴു ദിശകളിലേക്കു നിങ്ങൾ ഓടിപ്പോകും. നിങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിയുന്ന ഭൂമിയിലെ രാജ്യങ്ങളെല്ലാം ഭയന്നുവിറയ്ക്കും.+ 26 നിങ്ങളുടെ ശവങ്ങൾ ആകാശത്തിലെ എല്ലാ പക്ഷികൾക്കും നിലത്തെ ജന്തുക്കൾക്കും ആഹാരമായിത്തീരും; അവയെ ആട്ടിയോടിക്കാൻ ആരുമുണ്ടാകില്ല.+
27 “യഹോവ നിന്നെ ഈജിപ്തിലെ പരുക്കളാലും മൂലക്കുരു, ചിരങ്ങ്, ചൊറി എന്നിവയാലും പ്രഹരിക്കും; അവ ഒരിക്കലും ഭേദമാകില്ല. 28 യഹോവ നിനക്കു ഭ്രാന്തും അന്ധതയും+ പരിഭ്രമവും* വരുത്തും. 29 അന്ധൻ ഇരുട്ടിൽ തപ്പിത്തടയുന്നതുപോലെ നീ നട്ടുച്ചയ്ക്കു തപ്പിനടക്കും.+ നീ എന്തു ചെയ്താലും അതു വിജയിക്കില്ല. നീ എപ്പോഴും കവർച്ചയ്ക്കും ചതിക്കും ഇരയാകും; നിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.+ 30 നീ ഒരു സ്ത്രീയുമായി വിവാഹനിശ്ചയം ചെയ്യും; എന്നാൽ മറ്റൊരാൾ അവളെ ബലാത്സംഗം ചെയ്യും. നീ ഒരു വീടു പണിയും; എന്നാൽ നീ അതിൽ താമസിക്കില്ല.+ നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാൽ നീ അതിന്റെ ഫലം അനുഭവിക്കില്ല.+ 31 നിന്റെ കൺമുന്നിൽവെച്ച് നിന്റെ കാളയെ അറുക്കും; എന്നാൽ അൽപ്പംപോലും നിനക്കു തിന്നാനാകില്ല. നിന്റെ മുന്നിൽവെച്ച് നിന്റെ കഴുതയെ മോഷ്ടിച്ചുകൊണ്ടുപോകും; എന്നാൽ നിനക്ക് അതിനെ തിരികെ ലഭിക്കില്ല. നിന്റെ ആടുകളെ ശത്രുക്കൾ കൈവശമാക്കും; ആരും നിന്റെ രക്ഷയ്ക്ക് എത്തില്ല. 32 നീ നോക്കിക്കൊണ്ടിരിക്കെ നിന്റെ ആൺമക്കളും പെൺമക്കളും മറ്റു ജനങ്ങളുടെ പിടിയിലാകും.+ നീ അവരെ കാണാൻ കൊതിക്കും; എന്നാൽ നിന്റെ കൈകൾക്കു ശക്തിയുണ്ടാകില്ല. 33 നീ അറിയാത്ത ഒരു ജനം നിന്റെ നിലത്തെ വിളവും നിന്റെ അധ്വാനഫലവും തിന്നും;+ നീ എന്നും വഞ്ചനയ്ക്കും മർദനത്തിനും ഇരയാകും. 34 നീ കാണുന്ന കാര്യങ്ങൾ കാരണം നിന്റെ സമനില തെറ്റും.
35 “വേദനയുളവാക്കുന്ന, ഭേദപ്പെടാത്ത പരുക്കൾ നിങ്ങളുടെ കാലിലും കാൽമുട്ടിലും വരുത്തി യഹോവ നിങ്ങളെ ശിക്ഷിക്കും; ഉള്ളങ്കാൽമുതൽ നെറുകവരെ അതു നിങ്ങളെ ബാധിക്കും. 36 നിങ്ങളും നിങ്ങളുടെ പൂർവികരും അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുത്തേക്ക് യഹോവ നിങ്ങളെയും നിങ്ങൾ നിങ്ങളുടെ മേൽ ആക്കിവെച്ച രാജാവിനെയും ഓടിച്ചുകളയും.+ അവിടെ നിങ്ങൾ, മരംകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ അന്യദൈവങ്ങളെ സേവിക്കും.+ 37 യഹോവ നിങ്ങളെ ഓടിച്ചുകളയുന്ന സ്ഥലങ്ങളിലുള്ള എല്ലാ ജനങ്ങൾക്കുമിടയിൽ നിങ്ങൾ ഭീതിക്കും നിന്ദയ്ക്കും* പരിഹാസത്തിനും പാത്രമായിത്തീരും.+
38 “നീ കുറെ വിത്തുമായി വയലിലേക്കു പോകും; എന്നാൽ കുറച്ച് മാത്രമേ കൊയ്തുകൊണ്ടുവരൂ.+ കാരണം വെട്ടുക്കിളി അവയെല്ലാം തിന്നുകളയും. 39 നീ മുന്തിരിത്തോട്ടങ്ങൾ നട്ട് പരിപാലിക്കും; എന്നാൽ നീ വീഞ്ഞു കുടിക്കുകയോ മുന്തിരിപ്പഴം ശേഖരിക്കുകയോ ഇല്ല.+ കാരണം പുഴു അതെല്ലാം തിന്നുതീർക്കും. 40 നിന്റെ പ്രദേശത്തെല്ലാം ഒലിവ് മരങ്ങളുണ്ടായിരിക്കും; എന്നാൽ നീ ദേഹത്ത് എണ്ണ പുരട്ടില്ല. കാരണം ഒലിവുകായ്കളെല്ലാം പൊഴിഞ്ഞുപോകും. 41 നിനക്ക് ആൺമക്കളും പെൺമക്കളും ഉണ്ടാകും. എന്നാൽ അവർ എന്നും നിന്റെ സ്വന്തമായിരിക്കില്ല. കാരണം ആളുകൾ അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോകും.+ 42 കീടങ്ങൾ* കൂട്ടമായി വന്ന് നിന്റെ എല്ലാ വൃക്ഷങ്ങളും നിന്റെ നിലത്തെ വിളവുകളും നശിപ്പിക്കും. 43 നിങ്ങൾക്കിടയിൽ താമസമാക്കിയ വിദേശി നിനക്കു മീതെ ഉയർന്നുയർന്നുവരും; എന്നാൽ നീ താണുതാണുപോകും. 44 വിദേശി നിനക്കു വായ്പ തരും; എന്നാൽ അയാൾക്കു വായ്പ കൊടുക്കാൻ നിനക്കാകില്ല.+ വിദേശി തലപ്പത്തും നീ കാൽക്കീഴും ആകും.+
45 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ച നിയമങ്ങളും കല്പനകളും പാലിക്കാതെ നിങ്ങൾ ദൈവത്തിന്റെ വാക്ക് അവഗണിച്ചതുകൊണ്ട്+ നിങ്ങൾ നശിച്ചൊടുങ്ങുംവരെ ഈ ശാപങ്ങളെല്ലാം+ നിങ്ങളുടെ മേൽ വരുകയും അവ നിങ്ങളെ പിന്തുടർന്ന് പിടിക്കുകയും ചെയ്യും.+ 46 സ്ഥിരമായ ഒരു അടയാളവും മുന്നറിയിപ്പും ആയി+ അവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും മേലുണ്ടായിരിക്കും. 47 കാരണം നിങ്ങൾക്കു സമ്പദ്സമൃദ്ധി ഉണ്ടായപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ആഹ്ലാദത്തോടും സന്തുഷ്ടഹൃദയത്തോടും കൂടെ സേവിച്ചില്ല.+ 48 യഹോവ നിങ്ങളുടെ ശത്രുക്കളെ നിങ്ങൾക്കു നേരെ അയയ്ക്കും. തിന്നാനോ+ കുടിക്കാനോ ഉടുക്കാനോ ഇല്ലാതെ ഇല്ലായ്മയിൽ നിങ്ങൾ അവരെ സേവിക്കേണ്ടിവരും.+ നിങ്ങളെ പാടേ നശിപ്പിക്കുന്നതുവരെ ദൈവം നിങ്ങളുടെ കഴുത്തിൽ ഇരുമ്പുനുകം വെക്കും.
49 “യഹോവ വിദൂരത്തുനിന്ന്, ഭൂമിയുടെ അറ്റത്തുനിന്ന്, ഒരു ജനതയെ നിങ്ങൾക്കെതിരെ എഴുന്നേൽപ്പിക്കും.+ നിങ്ങൾക്കു മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ആ ജനത+ ഒരു കഴുകനെപ്പോലെ വേഗത്തിൽ വന്ന് നിങ്ങളെ റാഞ്ചിയെടുക്കും.+ 50 ക്രൂരഭാവമുള്ള ആ ജനത വൃദ്ധരെ ബഹുമാനിക്കുകയോ കുഞ്ഞുങ്ങളോടു കരുണ കാണിക്കുകയോ ഇല്ല.+ 51 നിങ്ങൾ നശിച്ചൊടുങ്ങുംവരെ നിങ്ങളുടെ മൃഗങ്ങളുടെ കുട്ടികളെയും നിങ്ങളുടെ നിലത്തെ വിളവുകളെയും അവർ ആഹാരമാക്കും. നിങ്ങളെ ഇല്ലായ്മ ചെയ്യുന്നതുവരെ ധാന്യം, പുതുവീഞ്ഞ്, എണ്ണ, കന്നുകാലിക്കിടാങ്ങൾ, ആട്ടിൻകുട്ടികൾ എന്നിവ അവർ കൈവശമാക്കും; അവർ നിങ്ങൾക്കായി ഒന്നും ബാക്കി വെക്കില്ല.+ 52 അവർ നിങ്ങളെ ഉപരോധിക്കും. നിങ്ങൾ ആശ്രയം വെച്ചിരിക്കുന്ന, നിങ്ങളുടെ കോട്ടകെട്ടി ഉറപ്പിച്ച വൻമതിലുകൾ നിലംപൊത്തുന്നതുവരെ അവർ നിങ്ങളെ നിങ്ങളുടെ നഗരങ്ങൾക്കുള്ളിൽ* തളച്ചിടും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ ദേശത്തെങ്ങുമുള്ള നഗരങ്ങളിൽ അവർ നിങ്ങളെ ഉപരോധിക്കും.+ 53 ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ മേൽ വരുത്തുന്ന കഷ്ടതയും കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ നിങ്ങളുടെ കുട്ടികളെ നിങ്ങൾ തിന്നേണ്ടിവരും. നിങ്ങളുടെ സ്വന്തം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാംസം നിങ്ങൾ തിന്നും.+
54 “നിങ്ങൾക്കിടയിലുള്ള ഏറ്റവും ലോലഹൃദയനും ദയാലുവും ആയ പുരുഷനുപോലും തന്റെ സഹോദരനോടോ പ്രിയപത്നിയോടോ ശേഷിച്ചിരിക്കുന്ന മക്കളോടോ അലിവ് തോന്നില്ല. 55 തന്റെ മക്കളുടെ മാംസം തിന്നുമ്പോൾ അയാൾ അത് അവർക്കു കൊടുക്കില്ല. ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ നഗരങ്ങളിൽ വരുത്തുന്ന കഷ്ടതയും കാരണം അയാൾക്കു തിന്നാൻ മറ്റൊന്നുമുണ്ടാകില്ല.+ 56 ഉള്ളങ്കാൽ നിലത്ത് കുത്താൻപോലും മടിക്കുന്ന, ഏറ്റവും ലോലഹൃദയയും മൃദുലയും ആയ സ്ത്രീപോലും+ തന്റെ പ്രിയപ്പെട്ട ഭർത്താവിനോടോ മകനോടോ മകളോടോ കനിവ് കാണിക്കില്ല. 57 താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളോടും പ്രസവാനന്തരം സ്വന്തം ശരീരത്തിൽനിന്ന്, തന്റെ കാലുകൾക്കിടയിൽനിന്ന്, പുറത്തുവരുന്നവയോടുപോലും അവൾ കനിവ് കാണിക്കില്ല. ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ നഗരങ്ങളിൽ വരുത്തുന്ന കഷ്ടതയും കാരണം ആ സ്ത്രീ അവ രഹസ്യമായി തിന്നും.
58 “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ വാക്കുകളെല്ലാം+ നിങ്ങൾ ശ്രദ്ധാപൂർവം പാലിക്കുകയോ മഹത്ത്വമാർന്നതും ഭയാദരവ് ഉണർത്തുന്നതും ആയ, നിങ്ങളുടെ ദൈവമായ യഹോവയുടെ പേര്+ ഭയപ്പെടുകയോ ചെയ്യുന്നില്ലെങ്കിൽ+ 59 യഹോവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും മേൽ അതികഠിനമായ ബാധകൾ, അതായത് മാരകവും ദീർഘനാൾ നിൽക്കുന്നതും ആയ ബാധകൾ, വരുത്തും.+ വേദനാജനകവും വിട്ടുമാറാത്തതും ആയ രോഗങ്ങളും ദൈവം നിങ്ങളുടെ മേൽ അയയ്ക്കും. 60 നിങ്ങൾ ഭയപ്പെട്ടിരുന്ന ഈജിപ്തിലെ രോഗങ്ങളെല്ലാം നിങ്ങളുടെ മേൽ തിരികെ വരുത്തും. അവ ഒരിക്കലും നിങ്ങളെ വിട്ടുമാറില്ല. 61 കൂടാതെ ഈ നിയമപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത രോഗങ്ങളും ബാധകളും പോലും യഹോവ നിങ്ങളുടെ മേൽ വരുത്തും. നിങ്ങൾ പൂർണമായി നശിക്കുന്നതുവരെ ദൈവം അങ്ങനെ ചെയ്യും. 62 നിങ്ങൾ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായിത്തീർന്നെങ്കിലും+ നിങ്ങളിൽ കുറച്ച് പേർ മാത്രമേ ശേഷിക്കൂ.+ കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചില്ല.
63 “നിങ്ങൾക്ക് അഭിവൃദ്ധി തരാനും നിങ്ങളെ വർധിപ്പിക്കാനും ഒരു കാലത്ത് യഹോവ പ്രസാദിച്ചിരുന്നതുപോലെ, നിങ്ങളെ സംഹരിക്കാനും തുടച്ചുനീക്കാനും യഹോവയ്ക്കു താത്പര്യം തോന്നും; നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തുനിന്ന് നിങ്ങളെ ദൈവം പിഴുതെറിയും.
64 “യഹോവ നിങ്ങളെ എല്ലാ ജനതകൾക്കുമിടയിൽ, ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ, ചിതറിച്ചുകളയും.+ നിങ്ങളോ നിങ്ങളുടെ പൂർവികരോ അറിഞ്ഞിട്ടില്ലാത്ത, മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെ അവിടെ നിങ്ങൾ സേവിക്കേണ്ടിവരും.+ 65 ആ ജനതകൾക്കിടയിൽ നിങ്ങൾക്കു സമാധാനമുണ്ടായിരിക്കില്ല;+ അവിടെ നിങ്ങളുടെ കാലിനു വിശ്രമം ലഭിക്കില്ല. ഉത്കണ്ഠ നിറഞ്ഞ ഹൃദയവും+ മങ്ങിയ കണ്ണുകളും നിരാശയുള്ള മനസ്സും+ ആയിരിക്കും യഹോവ നിങ്ങൾക്കു തരുന്നത്. 66 നിങ്ങളുടെ ജീവിതം കഷ്ടത്തിലാകും. രാവും പകലും നിങ്ങൾ പേടിച്ചുവിറയ്ക്കും. നിങ്ങളുടെ ജീവന് ഒരു ഉറപ്പുമുണ്ടാകില്ല. 67 നിങ്ങളുടെ ഉള്ളിലെ ഭയവും നിങ്ങൾ കാണുന്ന കാഴ്ചകളും കാരണം, ‘വൈകുന്നേരമായിരുന്നെങ്കിൽ!’ എന്നു രാവിലെയും ‘രാവിലെയായിരുന്നെങ്കിൽ!’ എന്നു വൈകുന്നേരവും നിങ്ങൾ പറഞ്ഞുപോകും. 68 ‘നിങ്ങൾ ഇനി ഒരിക്കലും കാണില്ല’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വഴിയേ യഹോവ നിങ്ങളെ ഈജിപ്തിലേക്കു കപ്പൽ കയറ്റി തിരികെ കൊണ്ടുപോകും. അവിടെ നിങ്ങളുടെ എല്ലാ സ്ത്രീകളും പുരുഷന്മാരും തങ്ങളെത്തന്നെ അടിമകളായി ശത്രുക്കൾക്കു വിൽക്കേണ്ടിവരും. എന്നാൽ നിങ്ങളെ വാങ്ങാൻ ആരുമുണ്ടാകില്ല.”
29 ഹോരേബിൽവെച്ച് ഇസ്രായേൽ ജനവുമായി ചെയ്ത ഉടമ്പടിക്കു പുറമേ മോവാബ് ദേശത്തുവെച്ച് അവരുമായി മറ്റൊരു ഉടമ്പടി ചെയ്യാൻ യഹോവ മോശയോടു കല്പിച്ചു. ആ ഉടമ്പടിയിലെ വാക്കുകളാണ് ഇവ.+
2 മോശ ഇസ്രായേലിനെ മുഴുവൻ വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “ഈജിപ്ത് ദേശത്ത് നിങ്ങളുടെ കൺമുന്നിൽവെച്ച് യഹോവ ഫറവോനോടും ഫറവോന്റെ എല്ലാ ദാസന്മാരോടും ഫറവോന്റെ ദേശത്തോടു മുഴുവനും ചെയ്തതു നിങ്ങൾ കണ്ടിരിക്കുന്നു;+ 3 മഹത്തായ ന്യായവിധികളും* വലിയ അടയാളങ്ങളും അത്ഭുതങ്ങളും നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടു.+ 4 പക്ഷേ യഹോവ നിങ്ങൾക്കു തിരിച്ചറിവുള്ള ഒരു ഹൃദയവും കാണുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും ഇന്നുവരെ നൽകിയിട്ടില്ല.+ 5 ‘ഞാൻ നിങ്ങളെ വിജനഭൂമിയിലൂടെ നയിച്ച 40 വർഷം+ നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം പഴകുകയോ നിങ്ങളുടെ കാലിലെ ചെരിപ്പു തേഞ്ഞുപോകുകയോ ചെയ്തില്ല.+ 6 നിങ്ങൾക്കു തിന്നാൻ അപ്പമോ കുടിക്കാൻ വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ ഇല്ലായിരുന്നു. എങ്കിലും ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തിരിച്ചറിയാൻ ഞാൻ നിങ്ങളെ പരിപാലിച്ചു.’ 7 ഒടുവിൽ നിങ്ങൾ ഈ സ്ഥലത്ത് എത്തി. അപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും+ ബാശാനിലെ രാജാവായ ഓഗും+ നമുക്കെതിരെ യുദ്ധത്തിനു വന്നു. എന്നാൽ നമ്മൾ അവരെ തോൽപ്പിച്ചു.+ 8 നമ്മൾ അവരുടെ ദേശം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയരുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു.+ 9 അതുകൊണ്ട് ഈ ഉടമ്പടിയിലെ വാക്കുകൾ പാലിച്ച് അവ അനുസരിക്കുക. അപ്പോൾ നിങ്ങൾ ചെയ്യുന്നതെല്ലാം സഫലമാകും.+
10 “നിങ്ങൾ എല്ലാവരും ഇന്ന് ഇതാ, നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിൽക്കുന്നു; നിങ്ങളുടെ ഗോത്രത്തലവന്മാരും നിങ്ങളുടെ മൂപ്പന്മാരും നിങ്ങളുടെ അധികാരികളും ഇസ്രായേലിലെ എല്ലാ പുരുഷന്മാരും 11 നിങ്ങളുടെ കുട്ടികളും നിങ്ങളുടെ ഭാര്യമാരും+ നിങ്ങളുടെ പാളയത്തിൽ താമസിച്ച് നിങ്ങൾക്കുവേണ്ടി വിറകു ശേഖരിക്കുകയും വെള്ളം കോരുകയും ചെയ്യുന്ന വിദേശിയും+ ഇവിടെയുണ്ട്. 12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുമായി ആണയിട്ട് ചെയ്യുന്ന ഉടമ്പടിയിൽ പങ്കാളികളാകാനാണു നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ ദൈവമായ യഹോവ ഇന്നു നിങ്ങളുമായി ഈ ഉടമ്പടി ചെയ്യുന്നതു+ 13 നിങ്ങളെ സ്വന്തം ജനമായി സ്ഥിരപ്പെടുത്താനും+ അവിടുന്ന് നിങ്ങളുടെ ദൈവമാകാനും വേണ്ടിയാണ്.+ ദൈവം നിങ്ങളോടു വാഗ്ദാനം ചെയ്തതും നിങ്ങളുടെ പൂർവികരായ അബ്രാഹാം,+ യിസ്ഹാക്ക്,+ യാക്കോബ്+ എന്നിവരോടു സത്യം ചെയ്തതും ഇതായിരുന്നല്ലോ.
14 “ഞാൻ ഇപ്പോൾ ആണയിടുന്നതും ഈ ഉടമ്പടി ചെയ്യുന്നതും നിങ്ങളോടു മാത്രമല്ല, 15 ഇന്ന് ഇവിടെ നമ്മളോടൊപ്പം നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ കൂടിവന്നിരിക്കുന്നവരോടും ഇന്നു നമ്മളോടൊപ്പം ഇവിടെ വന്നിട്ടില്ലാത്തവരോടും കൂടെയാണ്. 16 (നമ്മൾ ഈജിപ്ത് ദേശത്ത് കഴിഞ്ഞത് എങ്ങനെയാണെന്നും പല ജനതകൾക്കിടയിലൂടെ കടന്നുപോന്നത് എങ്ങനെയാണെന്നും നിങ്ങൾക്കു നന്നായി അറിയാം.+ 17 അവരുടെ വൃത്തികെട്ട വസ്തുക്കളും മരം, കല്ല്, സ്വർണം, വെള്ളി എന്നിവയിൽ തീർത്ത അവരുടെ മ്ലേച്ഛവിഗ്രഹങ്ങളും*+ നിങ്ങൾ അപ്പോൾ കാണാറുണ്ടായിരുന്നല്ലോ.) 18 നമ്മുടെ ദൈവമായ യഹോവയിൽനിന്ന് ഹൃദയംകൊണ്ട് അകന്നുപോകുകയും ആ ജനതകളുടെ ദൈവങ്ങളെ സേവിക്കാൻ ചായ്വ് കാണിക്കുകയും ചെയ്യുന്ന ഒരു പുരുഷനോ സ്ത്രീയോ ഒരു കുടുംബമോ ഗോത്രമോ ഇന്നു നിങ്ങൾക്കിടയിൽ ഉണ്ടാകാതെ സൂക്ഷിച്ചുകൊള്ളുക.+ വിഷക്കായും കാഞ്ഞിരവും ഉണ്ടാകുന്ന അത്തരമൊരു വേരു നിങ്ങൾക്കിടയിൽ ഉണ്ടാകാതിരിക്കട്ടെ.+
19 “എന്നാൽ ഈ ആണയിലെ വാക്കുകൾ കേട്ടിട്ടും, ‘എനിക്കു മനസ്സിൽ* തോന്നുന്നതുപോലെ നടന്നാലും ഞാൻ സമാധാനത്തോടെ കഴിയും’ എന്നു പറഞ്ഞ് ഒരു വ്യക്തി തന്റെ ഹൃദയത്തിൽ വീമ്പിളക്കിക്കൊണ്ട് തന്റെ വഴിയിലുള്ള എല്ലാത്തിനും* നാശം വിതച്ചാൽ 20 യഹോവ അയാളോടു ക്ഷമിക്കില്ല.+ യഹോവയുടെ ഉഗ്രകോപം അയാൾക്കു നേരെ ആളിക്കത്തുകയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപങ്ങളെല്ലാം അയാളുടെ മേൽ വരുകയും ചെയ്യും.+ യഹോവ ഉറപ്പായും അയാളുടെ പേര് ആകാശത്തിൻകീഴിൽനിന്ന് മായ്ച്ചുകളയും. 21 ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്ന ഉടമ്പടിയിലെ എല്ലാ ശാപങ്ങൾക്കും ചേർച്ചയിൽ അയാളുടെ മേൽ ആപത്തു വരുത്താനായി യഹോവ അയാളെ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും വേർതിരിക്കും.
22 “ദൂരദേശത്തുനിന്ന് വരുന്നവരും നിങ്ങളുടെ മക്കളുടെ ഭാവിതലമുറയും യഹോവ നിങ്ങളുടെ ദേശത്തിന്മേൽ വരുത്തിയ ബാധകളും ദുരിതങ്ങളും കാണും. 23 യഹോവ കോപത്തിലും ക്രോധത്തിലും നശിപ്പിച്ചുകളഞ്ഞ സൊദോം, ഗൊമോറ,+ ആദ്മ, സെബോയിം+ എന്നിവയെപ്പോലെ ദേശം ഒന്നാകെ നശിക്കുന്നത് അവർ കാണും. ഗന്ധകവും* ഉപ്പും തീയും കാരണം വിതയും വിളയും അവിടെയുണ്ടാകില്ല, സസ്യജാലങ്ങളൊന്നും മുളച്ചുവരില്ല. 24 അപ്പോൾ അവരും എല്ലാ ജനതകളും ഇങ്ങനെ ചോദിക്കും: ‘യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇങ്ങനെ ചെയ്തത്?+ ദൈവം ഇത്രയധികം കോപിക്കാൻ എന്താണു കാരണം?’ 25 അപ്പോൾ അവർ പറയും: ‘അവർ അവരുടെ പൂർവികരുടെ ദൈവമായ യഹോവയുടെ ഉടമ്പടി, അതായത് അവരെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്നപ്പോൾ ദൈവം അവരോടു ചെയ്ത ഉടമ്പടി,+ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.+ 26 മാത്രമല്ല, അവർ ചെന്ന് തങ്ങൾ അറിഞ്ഞിട്ടില്ലാത്ത, ആരാധിക്കാൻ അവർക്ക് അനുവാദമില്ലാതിരുന്ന,* അന്യദൈവങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്തു.+ 27 അപ്പോൾ യഹോവയുടെ കോപം ആ ദേശത്തിനു നേരെ ആളിക്കത്തുകയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപങ്ങളെല്ലാം ദൈവം അതിന്മേൽ വരുത്തുകയും ചെയ്തു.+ 28 തന്റെ കോപവും ക്രോധവും കടുത്ത ധാർമികരോഷവും നിമിത്തം യഹോവ അവരെ അവരുടെ മണ്ണിൽനിന്ന് പിഴുതെടുത്ത് മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.+ അവർ ഇന്നും അവിടെ കഴിയുന്നു.’+
29 “മറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാണ്.+ വെളിപ്പെടുത്തിക്കിട്ടിയ കാര്യങ്ങളോ നമ്മൾ ഈ നിയമത്തിലെ വാക്കുകളെല്ലാം എന്നെന്നും പാലിക്കാൻവേണ്ടി, നമുക്കും നമ്മുടെ വരുംതലമുറകൾക്കും ഉള്ളതാണ്.+
30 “ഈ വാക്കുകളെല്ലാം, അതായത് ഞാൻ നിങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്ന ഈ അനുഗ്രഹവും ശാപവും,+ നിങ്ങളുടെ മേൽ വരുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളയുന്ന എല്ലാ ജനതകളുടെയും ഇടയിൽവെച്ച്+ അവ നിങ്ങളുടെ മനസ്സിലേക്കു വരുകയും*+ 2 നിങ്ങളും മക്കളും നിങ്ങളുടെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞ്+ ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ദൈവത്തിന്റെ വാക്കുകളെല്ലാം നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ അനുസരിക്കുകയും ചെയ്യുമ്പോൾ,+ 3 ബന്ദികളായി പോകേണ്ടിവന്ന നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങളോടു കരുണ കാണിക്കുകയും+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകല ജനങ്ങളിൽനിന്നും നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ 4 നിങ്ങളെ ആകാശത്തിന്റെ അറ്റത്തോളം ചിതറിച്ചുകളഞ്ഞാലും അവിടെനിന്നെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും.+ 5 നിങ്ങളുടെ പിതാക്കന്മാർ കൈവശമാക്കിയ ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുവരും; നിങ്ങൾ അത് അവകാശമാക്കും. ദൈവം നിങ്ങൾക്ക് അഭിവൃദ്ധി നൽകുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരെക്കാൾ വർധിപ്പിക്കുകയും ചെയ്യും.+ 6 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും ഹൃദയം ശുദ്ധീകരിക്കും.*+ അങ്ങനെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും കൂടെ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും ജീവനോടിരിക്കുകയും ചെയ്യും.+ 7 നിങ്ങളുടെ ദൈവമായ യഹോവ ഈ ശാപങ്ങളെല്ലാം നിങ്ങളെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്ത നിങ്ങളുടെ ശത്രുക്കളുടെ മേൽ വരുത്തും.+
8 “നിങ്ങൾ തിരിഞ്ഞുവന്ന് യഹോവയുടെ വാക്കു കേൾക്കുകയും ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ദൈവകല്പനകളെല്ലാം അനുസരിക്കുകയും ചെയ്യും. 9 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളുടെ എല്ലാ പ്രവൃത്തികളെയും സമൃദ്ധമായി അനുഗ്രഹിക്കും.+ അങ്ങനെ നിങ്ങളുടെ മക്കളും മൃഗങ്ങളും നിലത്തെ വിളവുകളും അനേകമായി വർധിക്കും. യഹോവ നിങ്ങളുടെ പൂർവികരിൽ ആനന്ദിച്ചതുപോലെ, നിങ്ങൾക്ക് അഭിവൃദ്ധി നൽകുന്നതിൽ വീണ്ടും ആനന്ദം കണ്ടെത്തും.+ 10 കാരണം നിങ്ങൾ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കുകയും ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്ന ദൈവകല്പനകളും നിയമങ്ങളും പാലിക്കുകയും നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും കൂടെ നിങ്ങളുടെ ദൈവമായ യഹോവയിലേക്കു തിരിയുകയും ചെയ്യുമല്ലോ.+
11 “ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ഈ കല്പന അത്ര ബുദ്ധിമുട്ടുള്ളതല്ല; അതു നിങ്ങളുടെ എത്തുപാടിന് അതീതവുമല്ല.*+ 12 ‘ഞങ്ങൾ കേട്ടനുസരിക്കാൻവേണ്ടി ആരാണ് ആകാശത്തിൽ കയറിച്ചെന്ന് അതു കൊണ്ടുവരുക’ എന്നു നിങ്ങൾ പറയാൻ അത് ആകാശത്തിലല്ല.+ 13 ‘ഞങ്ങൾ കേട്ടനുസരിക്കാൻവേണ്ടി കടലിന് അക്കരെ ചെന്ന് ആര് അതു കൊണ്ടുവരും’ എന്നു പറയാൻ അതു കടലിന് അക്കരെയുമല്ല. 14 നിങ്ങൾക്കു പാലിക്കാൻ കഴിയേണ്ടതിനു+ വചനം നിങ്ങളുടെ ഏറ്റവും അടുത്ത്, നിങ്ങളുടെ വായിലും ഹൃദയത്തിലും, തന്നെയുണ്ടല്ലോ.+
15 “ഇതാ, ഞാൻ ഇന്നു ജീവനും അനുഗ്രഹവും, മരണവും ശാപവും നിങ്ങളുടെ മുന്നിൽ വെക്കുന്നു.+ 16 നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും ദൈവത്തിന്റെ വഴികളിൽ നടക്കുകയും ദൈവത്തിന്റെ കല്പനകൾ, നിയമങ്ങൾ, ന്യായത്തീർപ്പുകൾ എന്നിവയെല്ലാം പാലിക്കുകയും ചെയ്തുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നെങ്കിൽ+ നിങ്ങൾ ജീവിച്ചിരുന്ന്+ അനേകമായി വർധിക്കും. നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിക്കും.+
17 “എന്നാൽ നിങ്ങളുടെ ഹൃദയം വഴിതെറ്റുകയും+ നിങ്ങൾ അനുസരണക്കേടു കാണിക്കുകയും വശീകരിക്കപ്പെട്ട് അന്യദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയും അവയെ സേവിക്കുകയും ചെയ്താൽ,+ 18 ഇന്നു ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ ഉറപ്പായും നശിച്ചുപോകും;+ യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് നിങ്ങൾ അധികകാലം ജീവിച്ചിരിക്കില്ല. 19 ഞാൻ നിങ്ങളുടെ മുമ്പാകെ ജീവനും മരണവും, അനുഗ്രഹവും ശാപവും വെച്ചിരിക്കുന്നു+ എന്നതിന് ഇന്നു ഞാൻ ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കെതിരെ സാക്ഷിയാക്കുന്നു. നിങ്ങളും നിങ്ങളുടെ വംശജരും ജീവിച്ചിരിക്കാനായി+ ജീവൻ തിരഞ്ഞെടുത്തുകൊള്ളുക.+ 20 നിങ്ങൾ ജീവനോടിരിക്കണമെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും+ ദൈവത്തിന്റെ വാക്കു കേൾക്കുകയും ദൈവത്തോടു പറ്റിച്ചേരുകയും വേണം.+ കാരണം ദൈവമാണു നിങ്ങൾക്കു ജീവനും ദീർഘായുസ്സും തരുന്നത്. നിങ്ങളുടെ പൂർവികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവർക്കു കൊടുക്കുമെന്ന് യഹോവ സത്യം ചെയ്ത ദേശത്ത് ദീർഘകാലം ജീവിച്ചിരിക്കാൻ ദൈവം നിങ്ങളെ സഹായിക്കും.”+
31 പിന്നെ മോശ ചെന്ന് ഇസ്രായേലിനോടു മുഴുവൻ സംസാരിച്ചു. 2 മോശ പറഞ്ഞു: “എനിക്ക് ഇപ്പോൾ 120 വയസ്സായി.+ ഇനി നിങ്ങളെ നയിക്കാൻ* എനിക്കു കഴിയില്ല. കാരണം, ‘നീ ഈ യോർദാൻ കടക്കില്ല’+ എന്ന് യഹോവ എന്നോടു പറഞ്ഞിരിക്കുന്നു. 3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പാകെ പോകും. ദൈവം ഈ ജനതകളെ നിങ്ങളുടെ മുന്നിൽനിന്ന് തുടച്ചുനീക്കുകയും+ നിങ്ങൾ അവരുടെ ദേശം സ്വന്തമാക്കുകയും ചെയ്യും. യഹോവ പറഞ്ഞതുപോലെ യോശുവയായിരിക്കും നിങ്ങളെ മറുകരയിലേക്കു നയിക്കുക.+ 4 അമോര്യരാജാക്കന്മാരായ സീഹോൻ,+ ഓഗ്+ എന്നിവരെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ യഹോവ അവിടെയുള്ളവരെയും പരിപൂർണമായി നശിപ്പിക്കും.+ 5 യഹോവ നിങ്ങൾക്കുവേണ്ടി അവരെ തോൽപ്പിക്കും. അപ്പോൾ, ഞാൻ നിങ്ങളോടു കല്പിച്ചതുപോലെയെല്ലാം അവരോടു ചെയ്യണം.+ 6 ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക.+ അവരുടെ മുന്നിൽ നടുങ്ങുകയോ ഭയപ്പെടുകയോ അരുത്.+ കാരണം നിങ്ങളുടെ ദൈവമായ യഹോവയാണു നിങ്ങളോടൊപ്പം വരുന്നത്. ദൈവം നിങ്ങളെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല.”+
7 പിന്നെ മോശ യോശുവയെ വിളിച്ച് ഇസ്രായേൽ മുഴുവൻ കാൺകെ ഇങ്ങനെ പറഞ്ഞു: “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക.+ കാരണം നീയായിരിക്കും ജനത്തെ യഹോവ അവർക്കു നൽകുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്ത ദേശത്തേക്കു കൊണ്ടുപോകുന്നത്. നീ അത് അവർക്ക് ഒരു അവകാശമായി കൊടുക്കും.+ 8 യഹോവ നിനക്കു മുന്നിൽ പോകുകയും നിന്നോടുകൂടെയിരിക്കുകയും ചെയ്യും.+ ദൈവം നിന്നെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല. നീ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.”+
9 തുടർന്ന് മോശ ഈ നിയമം എഴുതി+ യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ മൂപ്പന്മാർക്കും കൊടുത്തു. 10 മോശ അവരോട് ഇങ്ങനെ കല്പിച്ചു: “എല്ലാ ഏഴാം വർഷത്തിന്റെയും അവസാനം, വിമോചനത്തിനുള്ള വർഷത്തിൽ+ നിശ്ചിതസമയത്ത്, അതായത് കൂടാരോത്സവത്തിൽ,*+ 11 ഇസ്രായേൽ മുഴുവൻ നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ദൈവത്തിന്റെ മുമ്പാകെ വരുമ്പോൾ+ അവരെല്ലാം കേൾക്കാൻ നിങ്ങൾ ഈ നിയമം വായിക്കണം.+ 12 ഈ നിയമത്തിലെ വാക്കുകളെല്ലാം കേട്ടുപഠിക്കാനും ശ്രദ്ധാപൂർവം പാലിക്കാനും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും വേണ്ടി ജനത്തെയെല്ലാം, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിങ്ങളുടെ നഗരങ്ങളിൽ* വന്നുതാമസമാക്കിയ വിദേശികളെയും, വിളിച്ചുകൂട്ടുക.+ 13 അപ്പോൾ, ഈ നിയമം അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ ഇതു കേൾക്കുകയും+ യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയും ചെയ്യും.”+
14 യഹോവ മോശയോടു പറഞ്ഞു: “ഇതാ, നീ മരിക്കാനുള്ള സമയം അടുത്തിരിക്കുന്നു.+ യോശുവയെയും കൂട്ടി സാന്നിധ്യകൂടാരത്തിലേക്കു* വരുക; ഞാൻ യോശുവയെ നിയമിക്കട്ടെ.”+ അങ്ങനെ മോശയും യോശുവയും സാന്നിധ്യകൂടാരത്തിലേക്കു ചെന്നു. 15 അപ്പോൾ യഹോവ മേഘസ്തംഭത്തിൽ സാന്നിധ്യകൂടാരത്തിങ്കൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിന്നു.+
16 യഹോവ മോശയോടു പറഞ്ഞു: “നീ ഇതാ മരിക്കാൻപോകുന്നു.* ഈ ജനം, അവർ പോകുന്ന ദേശത്ത് അവർക്കു ചുറ്റുമുള്ള അന്യദൈവങ്ങളുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെടും.+ അവർ എന്നെ ഉപേക്ഷിക്കുകയും+ ഞാൻ അവരുമായി ചെയ്ത എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്യും.+ 17 അപ്പോൾ എന്റെ കോപം അവർക്കു നേരെ ആളിക്കത്തും.+ ഞാൻ അവരെ ഉപേക്ഷിക്കും.+ അവർ നശിച്ചൊടുങ്ങുംവരെ അവരിൽനിന്ന് ഞാൻ എന്റെ മുഖം മറയ്ക്കും.+ അനേകം ആപത്തുകളും കഷ്ടതകളും അവരുടെ മേൽ വന്നശേഷം,+ ‘നമ്മുടെ ദൈവം നമ്മുടെകൂടെയില്ലാത്തതുകൊണ്ടല്ലേ ഈ ആപത്തുകൾ നമുക്കു വന്നത്’ എന്ന് അവർ പറയും.+ 18 എന്നാൽ അന്യദൈവങ്ങളിലേക്കു തിരിഞ്ഞ് അവർ ചെയ്തുകൂട്ടിയ എല്ലാ ദുഷ്ടതകളും കാരണം ഞാൻ അന്ന് എന്റെ മുഖം അവരിൽനിന്ന് മറയ്ക്കും.+
19 “ഇപ്പോൾ ഈ പാട്ട് എഴുതിയെടുത്ത്+ ഇസ്രായേല്യരെ പഠിപ്പിക്കുക.+ അവർ അതു പഠിക്കട്ടെ;* അങ്ങനെ ആ പാട്ട് ഇസ്രായേൽ ജനത്തിന് എതിരെ എന്റെ സാക്ഷിയായിരിക്കും.+ 20 അവരുടെ പൂർവികരോടു സത്യം ചെയ്ത ദേശത്തേക്ക്,+ പാലും തേനും ഒഴുകുന്ന ദേശത്തേക്ക്,+ ഞാൻ അവരെ കൊണ്ടുപോകുകയും അവർ തിന്ന് തൃപ്തരായി അഭിവൃദ്ധി നേടുകയും ചെയ്യുമ്പോൾ+ അവർ അന്യദൈവങ്ങളിലേക്കു തിരിഞ്ഞ് അവയെ സേവിക്കുകയും എന്നോട് അനാദരവ് കാണിച്ച് എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്യും.+ 21 അനേകം ആപത്തുകളും കഷ്ടതകളും അവരുടെ മേൽ വരുമ്പോൾ+ ഈ പാട്ട് അവർക്കെതിരെ ഒരു സാക്ഷിയായിരിക്കും. (അവരുടെ വരുംതലമുറകൾ ഇതു മറക്കാൻ പാടില്ല.) കാരണം ഞാൻ അവരോടു സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുന്നതിനു മുമ്പുതന്നെ അവർ വളർത്തിയെടുത്തിരിക്കുന്ന മനോഭാവം+ എങ്ങനെയുള്ളതാണെന്ന് എനിക്കു നന്നായി അറിയാം.”
22 അങ്ങനെ, അന്നേ ദിവസം മോശ ഈ പാട്ട് എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.
23 പിന്നെ ദൈവം നൂന്റെ മകനായ യോശുവയെ നിയമിച്ചിട്ട്+ ഇങ്ങനെ പറഞ്ഞു: “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക.+ കാരണം നീയായിരിക്കും ഇസ്രായേല്യരെ ഞാൻ അവർക്കു നൽകുമെന്ന് അവരോടു സത്യം ചെയ്ത ദേശത്തേക്കു കൊണ്ടുപോകുന്നത്;+ ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും.”
24 ഈ നിയമത്തിലെ വാക്കുകൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിയ ഉടനെ മോശ+ 25 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യരോട് ഇങ്ങനെ പറഞ്ഞു: 26 “ഈ നിയമപുസ്തകം എടുത്ത്+ നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് അടുത്ത് വെക്കുക.+ അതു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും. 27 കാരണം നിങ്ങളുടെ ധിക്കാരവും ദുശ്ശാഠ്യവും+ എനിക്കു നന്നായി അറിയാം.+ ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ യഹോവയെ ഇത്രയധികം ധിക്കരിക്കുന്നെങ്കിൽ എന്റെ മരണശേഷം നിങ്ങളുടെ ധിക്കാരം എത്രയധികമായിരിക്കും! 28 നിങ്ങളുടെ ഗോത്രങ്ങളിലെ എല്ലാ മൂപ്പന്മാരെയും അധികാരികളെയും എന്റെ മുന്നിൽ കൂട്ടിവരുത്തുക. അവർ കേൾക്കെ ഞാൻ ഇക്കാര്യങ്ങൾ പറയാം. ആകാശവും ഭൂമിയും അവർക്കെതിരെ സാക്ഷിയായിരിക്കും.+ 29 എന്റെ മരണശേഷം നിങ്ങൾ ദുഷ്ടത ചെയ്യുമെന്നും+ ഞാൻ നിങ്ങളോടു കല്പിച്ച വഴി വിട്ടുമാറുമെന്നും എനിക്കു നന്നായി അറിയാം. നിങ്ങൾ യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിക്കുകയും നിങ്ങളുടെ ചെയ്തികളാൽ ദൈവത്തെ കോപിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഭാവിയിൽ നിങ്ങൾക്ക് ആപത്തു വരും.”+
30 പിന്നെ ഇസ്രായേൽസഭ മുഴുവൻ കേൾക്കെ മോശ ഈ പാട്ട് ആദ്യംമുതൽ അവസാനംവരെ ചൊല്ലി:+
32 “ആകാശമേ, ചെവി തരുക; ഞാൻ സംസാരിക്കട്ടെ,
ഭൂമി എന്റെ വാമൊഴികൾ കേൾക്കട്ടെ.
2 എന്റെ ഉപദേശം മഴപോലെ പെയ്യും;
എന്റെ വാക്കുകൾ മഞ്ഞുപോലെ പൊഴിയും.
അവ പുല്ലിന്മേൽ വീഴുന്ന ചാറ്റൽമഴപോലെയും
സസ്യങ്ങളുടെ മേൽ ചൊരിയുന്ന സമൃദ്ധമായ മഴപോലെയും ആയിരിക്കും.
3 ഞാൻ യഹോവയുടെ പേര് പ്രസിദ്ധമാക്കും.+
നമ്മുടെ ദൈവത്തിന്റെ മാഹാത്മ്യം പ്രകീർത്തിക്കുവിൻ!+
5 അവരാണു വഷളത്തം കാണിച്ചത്;+
അവർ ദൈവത്തിന്റെ മക്കളല്ല, കുറ്റം അവരുടേതു മാത്രം;+
വക്രതയും കോട്ടവും ഉള്ള ഒരു തലമുറ!+
ദൈവമല്ലേ നിനക്കു ജന്മം നൽകിയ പിതാവ്?+
നിന്നെ മനഞ്ഞതും നിന്നെ സുസ്ഥിരമായി സ്ഥാപിച്ചതും ദൈവമല്ലോ.
7 കഴിഞ്ഞുപോയ കാലങ്ങൾ ഓർക്കുക;
മുൻതലമുറകളുടെ നാളുകളെക്കുറിച്ച് ചിന്തിക്കുക.
നിന്റെ അപ്പനോടു ചോദിക്കുക, അപ്പൻ പറഞ്ഞുതരും;+
പ്രായംചെന്നവരോട് ആരായുക, അവർ വിവരിച്ചുതരും.
8 അത്യുന്നതൻ ജനതകൾക്ക് അവരുടെ അവകാശം നൽകിയപ്പോൾ,+
ആദാമിന്റെ മക്കളെ* വേർതിരിച്ചപ്പോൾ,+
ഇസ്രായേൽമക്കളുടെ എണ്ണത്തിനനുസരിച്ച്+
ദൈവം ജനങ്ങളുടെ അതിർത്തി നിർണയിച്ചു.+
11 ഒരു കഴുകൻ അതിന്റെ കൂട് ഇളക്കി
കുഞ്ഞുങ്ങളുടെ മീതെ വട്ടമിട്ട് പറക്കുന്നതുപോലെ,
ചിറകു വിരിച്ച് അവയെ
തന്റെ ചിറകുകളിൽ വഹിക്കുന്നതുപോലെ,+
12 യഹോവ തനിയെ യാക്കോബിനെ നയിച്ചു;+
അന്യദൈവങ്ങളൊന്നും ഒപ്പമില്ലായിരുന്നു.+
പാറയിൽനിന്ന് തേനും
തീക്കൽപ്പാറയിൽനിന്ന് എണ്ണയും
14 കന്നുകാലികളുടെ വെണ്ണയും ആട്ടിൻപറ്റത്തിന്റെ പാലും
മേന്മയേറിയ ഗോതമ്പും+ നൽകി ദൈവം യാക്കോബിനെ പോഷിപ്പിച്ചു;
മേത്തരമായ ചെമ്മരിയാടുകളെയും*
ബാശാനിലെ ആൺചെമ്മരിയാടുകളെയും ആൺകോലാടുകളെയും നൽകി.
മുന്തിരിച്ചാറിൽനിന്നുള്ള* വീഞ്ഞും നീ കുടിച്ചു.
15 പുഷ്ടിവെച്ചപ്പോൾ യശുരൂൻ* ധിക്കാരപൂർവം തൊഴിച്ചു.
നീ തടിച്ചുകൊഴുത്തിരിക്കുന്നു, പുഷ്ടിവെച്ച് മിനുത്തിരിക്കുന്നു.+
അങ്ങനെ, അവനെ ഉണ്ടാക്കിയ ദൈവത്തെ അവൻ ഉപേക്ഷിച്ചു,+
രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി.
17 അവർ ദൈവത്തിനല്ല, ഭൂതങ്ങൾക്ക്,
അവർ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങൾക്ക്, ബലി അർപ്പിച്ചു;+
ഈയിടെ വന്ന പുതുദൈവങ്ങൾക്ക്,
അവരുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങൾക്ക്, ബലി അർപ്പിച്ചു.
19 അതു കണ്ടപ്പോൾ യഹോവ അവരെ തള്ളിക്കളഞ്ഞു;+
ദൈവത്തിന്റെ പുത്രീപുത്രന്മാർ ദൈവത്തെ കോപിപ്പിച്ചല്ലോ.
21 ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നിൽ ക്രോധം ജനിപ്പിച്ചു;+
ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളാൽ അവർ എന്നെ കോപിപ്പിച്ചു.+
നിസ്സാരരായ ഒരു ജനത്തെക്കൊണ്ട് ഞാനും അവരിൽ രോഷം ജനിപ്പിക്കും;+
ബുദ്ധിഹീനരായ ജനതയാൽ അവരെ കോപിപ്പിക്കും.+
22 എന്റെ കോപം അഗ്നിയായിത്തീർന്നിരിക്കുന്നു,+
അതു ശവക്കുഴിയുടെ* ആഴങ്ങളെപ്പോലും ദഹിപ്പിക്കും.+
അതു ഭൂമിയെയും അതിലുള്ളതിനെയും വിഴുങ്ങിക്കളയും,
പർവതങ്ങളുടെ അടിസ്ഥാനങ്ങളെ അതു ചുട്ടുചാമ്പലാക്കും.
23 അവരുടെ കഷ്ടതകൾ ഞാൻ വർധിപ്പിക്കും;
എന്റെ അമ്പുകളെല്ലാം ഞാൻ അവർക്കു നേരെ തൊടുത്തുവിടും.
കടിച്ചുകീറുന്ന കാട്ടുമൃഗങ്ങളെയും
പൊടിയിൽ ഇഴയുന്ന വിഷജന്തുക്കളെയും ഞാൻ അവർക്കു നേരെ അയയ്ക്കും.+
25 പുറത്ത്, വാൾ അവരെ സംഹരിക്കും;+
അകത്ത്, ഭീതി അവരെ വിഴുങ്ങും.+
അതിൽനിന്ന് യുവാവും കന്യകയും രക്ഷപ്പെടില്ല;
കൊച്ചുകുട്ടിയും തല നരച്ചവനും ഒഴിവാകില്ല.+
26 “ഞാൻ അവരെ ചിതറിക്കും;
അവരുടെ ഓർമപോലും മനുഷ്യകുലത്തിൽനിന്ന് മായ്ച്ചുകളയും” എന്നു ഞാൻ പറഞ്ഞേനേ.
ഇതൊന്നും ചെയ്തത് യഹോവയല്ല” എന്നു പറഞ്ഞ്
എന്റെ എതിരാളികൾ അതു തെറ്റായി വ്യാഖ്യാനിക്കുമോ+ എന്നു ഞാൻ ഭയപ്പെട്ടു.
29 അവർക്കു ജ്ഞാനമുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ അവർ ഇതു ധ്യാനിക്കുമായിരുന്നു;+
തങ്ങളുടെ പ്രവൃത്തികളുടെ ഭവിഷ്യത്തിനെക്കുറിച്ച് അവർ ചിന്തിക്കുമായിരുന്നു.+
30 അവരുടെ പാറ അവരെ വിറ്റുകളയുകയും+
യഹോവ അവരെ ശത്രുക്കൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തല്ലോ.
അല്ലായിരുന്നെങ്കിൽ ഒരുവന് 1,000 പേരെ പിന്തുടരാനാകുമോ?
ഇരുവർക്ക് 10,000 പേരെ തുരത്താനാകുമോ?+
32 അവരുടെ മുന്തിരിവള്ളി സൊദോമിൽനിന്നുള്ളതും
ഗൊമോറയുടെ മലഞ്ചെരിവുകളിൽനിന്നുള്ളതും ആകുന്നു.+
അവരുടെ മുന്തിരിപ്പഴങ്ങൾ വിഷപ്പഴങ്ങൾ;
അവരുടെ മുന്തിരിക്കുലകൾ കയ്പുള്ളവ.+
33 അവരുടെ വീഞ്ഞു പാമ്പിൻവിഷം;
മൂർഖന്റെ കൊടിയ വിഷം.
34 അവരുടെ പ്രവൃത്തികളെല്ലാം ഞാൻ മുദ്രയിട്ട്
എന്റെ സംഭരണശാലയിൽ സൂക്ഷിച്ചിരിക്കുന്നല്ലോ!+
35 പ്രതികാരം എനിക്കുള്ളത്; ഞാൻ ശിക്ഷ നടപ്പാക്കും.+
കൃത്യസമയത്ത് അവരുടെ കാൽ വഴുതും.+
അവരുടെ വിനാശകാലം അടുത്തിരിക്കുന്നല്ലോ,
അവർക്കു സംഭവിക്കാനുള്ളതു പെട്ടെന്നു വരും.’
36 യഹോവ തന്റെ ജനത്തെ വിധിക്കും,+
തന്റെ ദാസരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നും
നിസ്സഹായരും ബലഹീനരും മാത്രം ശേഷിച്ചിരിക്കുന്നെന്നും കാണുമ്പോൾ
37 അപ്പോൾ ദൈവം പറയും: ‘അവരുടെ ദൈവങ്ങൾ എവിടെ?+
അവർ അഭയം പ്രാപിച്ചിരുന്ന പാറ എവിടെ?
38 അവരുടെ ബലികളുടെ കൊഴുപ്പു* ഭക്ഷിക്കുകയും
അവരുടെ പാനീയയാഗങ്ങളുടെ വീഞ്ഞു കുടിക്കുകയും ചെയ്തിരുന്നവർ എവിടെ?+
അവർ എഴുന്നേറ്റ് നിങ്ങളെ സഹായിക്കട്ടെ,
അവർ നിങ്ങളുടെ അഭയസ്ഥാനമായിരിക്കട്ടെ.
കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്,+
41 ഞാൻ എന്റെ മിന്നുന്ന വാളിനു മൂർച്ച കൂട്ടിയാൽ,
ന്യായവിധിക്കായി ഒരുങ്ങിയാൽ,+
എന്റെ എതിരാളികളോടു ഞാൻ പ്രതികാരം ചെയ്യും;+
എന്നെ വെറുക്കുന്നവരോടു ഞാൻ പകരം വീട്ടും.
42 എന്റെ അസ്ത്രങ്ങളെ ഞാൻ രക്തം കുടിപ്പിക്കും,
കൊല്ലപ്പെട്ടവരുടെയും ബന്ദികളുടെയും രക്തംതന്നെ!
എന്റെ വാൾ മാംസം തിന്നും,
ശത്രുനിരയിലെ നായകന്മാരുടെ ശിരസ്സുകൾതന്നെ.’
43 ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ,+
തന്റെ ദാസന്മാരുടെ രക്തത്തിനു ദൈവം പ്രതികാരം ചെയ്യുമല്ലോ;+
തന്റെ എതിരാളികളോടു ദൈവം പകരം വീട്ടും,+
തന്റെ ജനത്തിന്റെ ദേശത്തിനു പാപപരിഹാരം വരുത്തും.”*
44 മോശയും നൂന്റെ മകനായ ഹോശയയും*+ വന്ന് ഈ പാട്ടു മുഴുവനും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.+ 45 ഈ വാക്കുകൾ മോശ ഇസ്രായേലിനെ മുഴുവൻ അറിയിച്ചു. 46 പിന്നെ മോശ പറഞ്ഞു: “ഈ നിയമത്തിലെ വാക്കുകളെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ നിങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടതിന്+ ഇന്നു ഞാൻ നിങ്ങളെ അറിയിച്ച എല്ലാ മുന്നറിയിപ്പുകളും ഹൃദയത്തിൽ സൂക്ഷിക്കുക.+ 47 ഇവ അർഥശൂന്യമായ വാക്കുകളല്ല; നിങ്ങളുടെ ജീവൻതന്നെയാണ്.+ ഇവ അനുസരിക്കുന്നെങ്കിൽ യോർദാൻ കടന്ന് കൈവശമാക്കാൻപോകുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കും.”
48 അന്നേ ദിവസംതന്നെ യഹോവ മോശയോടു പറഞ്ഞു: 49 “അബാരീം പ്രദേശത്തെ ഈ മലയിലേക്ക്,+ യരീഹൊയുടെ എതിർവശത്തുള്ള മോവാബ് ദേശത്തെ നെബോ പർവതത്തിലേക്ക്,+ കയറിച്ചെന്ന് ഇസ്രായേല്യർക്കു ഞാൻ അവകാശമായി കൊടുക്കാൻപോകുന്ന കനാൻ ദേശം കണ്ടുകൊള്ളുക.+ 50 നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ച് മരിച്ച് തന്റെ ജനത്തോടു ചേർന്നതുപോലെ* നീ കയറിച്ചെല്ലുന്ന മലയിൽവെച്ച് നീ മരിക്കുകയും+ നിന്റെ ജനത്തോടു ചേരുകയും ചെയ്യും. 51 കാരണം, നിങ്ങൾ ഇരുവരും സീൻ വിജനഭൂമിയിലെ കാദേശിലുള്ള മെരീബയിലെ നീരുറവിൽവെച്ച്+ ഇസ്രായേല്യരുടെ മധ്യേ എന്നോട് അവിശ്വസ്തത കാണിച്ചു; ഇസ്രായേൽ ജനത്തിനു മുമ്പാകെ നിങ്ങൾ എന്നെ വിശുദ്ധീകരിച്ചില്ല.+ 52 നീ ദൂരെനിന്ന് ആ ദേശം കാണും; എന്നാൽ ഞാൻ ഇസ്രായേൽ ജനത്തിനു കൊടുക്കുന്ന ദേശത്ത് നീ കടക്കില്ല.”+
33 ദൈവപുരുഷനായ മോശ തന്റെ മരണത്തിനു മുമ്പ് ഇസ്രായേല്യരെ അനുഗ്രഹിച്ച്+ 2 ഇങ്ങനെ പറഞ്ഞു:
“യഹോവ! അവിടുന്ന് സീനായിൽനിന്ന് വന്നു,+
സേയീരിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു.
പാരാൻമലനാട്ടിൽനിന്ന് തന്റെ മഹത്ത്വത്തിൽ ശോഭിച്ചു.+
ദൈവത്തിന്റെകൂടെ വിശുദ്ധസഹസ്രങ്ങളും*+
ദൈവത്തിന്റെ വലങ്കൈയിൽ+ ദൈവത്തിന്റെ യോദ്ധാക്കളും ഉണ്ടായിരുന്നു.
7 മോശ യഹൂദയെ ഇങ്ങനെ അനുഗ്രഹിച്ചു:+
“യഹോവേ, യഹൂദയുടെ സ്വരം കേൾക്കേണമേ,+
യഹൂദയെ സ്വന്തം ജനത്തിലേക്കു മടക്കിവരുത്തേണമേ.
യഹൂദയുടെ കൈകൾ സ്വന്തം അവകാശത്തിനായി പോരാടി,
ശത്രുക്കളെ നേരിടാൻ അങ്ങ് യഹൂദയ്ക്കു തുണയായിരിക്കേണമേ.”+
8 ലേവിയെക്കുറിച്ച് മോശ പറഞ്ഞു:+
“അങ്ങയുടെ* ഊറീമും തുമ്മീമും+ അങ്ങയുടെ വിശ്വസ്തനുള്ളത്,+
അവനെ അങ്ങ് മസ്സയിൽവെച്ച് പരീക്ഷിച്ചു.+
മെരീബയിലെ നീരുറവിൽവെച്ച് അങ്ങ് അവനോടു പോരാടി,+
9 അവൻ തന്റെ മാതാപിതാക്കളോട്, ‘ഞാൻ നിങ്ങളെ ആദരിക്കുന്നില്ല’ എന്നു പറഞ്ഞു.
തന്റെ സഹോദരന്മാരെപ്പോലും അവൻ അംഗീകരിച്ചില്ല,+
സ്വന്തം ആൺമക്കളെ അവൻ അവഗണിച്ചു.
പകരം, അവർ അങ്ങയുടെ വാക്ക് അനുസരിച്ചു,
അങ്ങയുടെ ഉടമ്പടി അവർ പാലിച്ചു.+
അവർ അങ്ങയ്ക്കു* ഹൃദ്യമായ സുഗന്ധക്കൂട്ട് അർപ്പിക്കട്ടെ,+
അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണയാഗം കഴിക്കട്ടെ.+
11 യഹോവേ, അവന്റെ ശക്തിയെ അനുഗ്രഹിക്കേണമേ,
അവന്റെ പ്രവൃത്തികളിൽ പ്രസാദിക്കേണമേ.
അവന് എതിരെ എഴുന്നേൽക്കുന്നവരുടെ കാലുകൾ* തകർക്കേണമേ,
അവനെ വെറുക്കുന്നവർ മേലാൽ എഴുന്നേൽക്കാതിരിക്കട്ടെ.”
12 ബന്യാമീനെക്കുറിച്ച് മോശ പറഞ്ഞു:+
“യഹോവയ്ക്കു പ്രിയപ്പെട്ടവൻ ബന്യാമീന്* അരികെ സുരക്ഷിതനായി വസിക്കട്ടെ;
ബന്യാമീൻ, ദിനം മുഴുവൻ അവന്* അഭയം നൽകട്ടെ,
ബന്യാമീന്റെ ചുമലുകൾക്കു മധ്യേ അവൻ* വസിക്കും.”
13 യോസേഫിനെക്കുറിച്ച് മോശ പറഞ്ഞു:+
“യഹോവ യോസേഫിന്റെ ദേശത്തെ അനുഗ്രഹിക്കട്ടെ,+
ആകാശത്തിന്റെ വിശിഷ്ടവസ്തുക്കൾകൊണ്ടും,
തുഷാരവർഷംകൊണ്ടും നീരുറവിലെ ജലംകൊണ്ടും,+
14 സൂര്യൻ വളർത്തുന്ന ശ്രേഷ്ഠവസ്തുക്കൾകൊണ്ടും,
മാസംതോറുമുള്ള ശ്രേഷ്ഠവിളകൾകൊണ്ടും,+
15 പുരാതനഗിരികളുടെ* അതിവിശിഷ്ടവസ്തുക്കൾകൊണ്ടും,+
ശാശ്വതശൈലങ്ങളുടെ ഉത്കൃഷ്ടവസ്തുക്കൾകൊണ്ടും,
16 ഭൂമിയുടെ വിശിഷ്ടവസ്തുക്കൾകൊണ്ടും അതിന്റെ സകല സമൃദ്ധികൊണ്ടും,+
മുൾച്ചെടിയിൽ വസിക്കുന്നവന്റെ+ പ്രസാദംകൊണ്ടും യോസേഫിനെ അനുഗ്രഹിക്കട്ടെ.
അവയെല്ലാം യോസേഫിന്റെ ശിരസ്സിൽ,
തന്റെ സഹോദരന്മാരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവന്റെ നെറുകയിൽ, വസിക്കട്ടെ.+
17 യോസേഫിന്റെ പ്രൗഢി കടിഞ്ഞൂൽക്കാളയുടേതുപോലെ,
യോസേഫിന്റെ കൊമ്പുകൾ കാട്ടുപോത്തിന്റേതുപോലെ.
അവകൊണ്ട് യോസേഫ് ജനങ്ങളെ തള്ളും,*
അവരെ ഒന്നടങ്കം ഭൂമിയുടെ അറുതികളിലേക്കു നീക്കും.
അവ എഫ്രയീമിന്റെ പതിനായിരങ്ങളാണ്,+
മനശ്ശെയുടെ ആയിരങ്ങളും.”
18 സെബുലൂനെക്കുറിച്ച്+ മോശ പറഞ്ഞു:
“സെബുലൂനേ, നീ നിന്റെ പ്രയാണങ്ങളിലും
യിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആഹ്ലാദിക്കുക.+
19 അവർ ജനങ്ങളെ പർവതത്തിലേക്കു ക്ഷണിക്കും.
അവിടെ അവർ നീതിയുടെ ബലികൾ അർപ്പിക്കും.
ജലാശയങ്ങളുടെ സമൃദ്ധമായ സമ്പത്ത് അവർ കോരിയെടുക്കും,*
മണലിൽ മറഞ്ഞിരിക്കുന്ന നിധികൾ അവർ കുഴിച്ചെടുക്കും.”
20 ഗാദിനെക്കുറിച്ച് മോശ പറഞ്ഞു:+
“ഗാദിന്റെ അതിരുകൾ വിശാലമാക്കുന്നവൻ അനുഗൃഹീതൻ.+
ഗാദ് അവിടെ സിംഹത്തെപ്പോലെ പതുങ്ങിക്കിടക്കുന്നു,
ഭുജവും നെറുകയും വലിച്ചുകീറാൻ ഒരുങ്ങിയിരിക്കുന്നു.
21 ഗാദ് തനിക്കുവേണ്ടി ആദ്യഭാഗം തിരഞ്ഞെടുക്കും,+
അവിടെയല്ലോ നിയമദാതാവ് ഗാദിന് ഓഹരി കരുതിവെച്ചിരിക്കുന്നത്.+
ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടും.
ഗാദ് യഹോവയുടെ നീതിയും,
ഇസ്രായേലിനുള്ള ദൈവത്തിന്റെ വിധികളും നടപ്പാക്കും.”
22 ദാനെക്കുറിച്ച് മോശ പറഞ്ഞു:+
“ദാൻ ഒരു സിംഹക്കുട്ടി.+
ദാൻ ബാശാനിൽനിന്ന് കുതിച്ചുചാടും.”+
23 നഫ്താലിയെക്കുറിച്ച് മോശ പറഞ്ഞു:+
“നഫ്താലി അംഗീകാരത്താൽ തൃപ്തനും
യഹോവയുടെ അനുഗ്രഹം നിറഞ്ഞവനും ആണ്.
പടിഞ്ഞാറും തെക്കും നീ അവകാശമാക്കിക്കൊള്ളുക.”
24 ആശേരിനെക്കുറിച്ച് മോശ പറഞ്ഞു:+
“ആശേർ പുത്രസമ്പത്തുകൊണ്ട് അനുഗൃഹീതനാണ്.
ആശേരിനു സഹോദരന്മാരുടെ പ്രീതി ലഭിക്കട്ടെ,
ആശേർ തന്റെ പാദം എണ്ണയിൽ മുക്കട്ടെ.*
25 നിന്റെ കവാടത്തിന്റെ പൂട്ടുകൾ ഇരുമ്പിലും ചെമ്പിലും തീർത്തവ,+
ജീവിതകാലം മുഴുവൻ നീ സുരക്ഷിതനായിരിക്കും.*
26 യശുരൂന്റെ+ സത്യദൈവത്തെപ്പോലെ ആരുമില്ല,+
നിനക്കു തുണയേകാൻ ദൈവം ആകാശത്ത് എഴുന്നള്ളുന്നു,
തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.+
ശത്രുവിനെ ദൈവം നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും,+
‘അവരെ തുടച്ചുനീക്കുവിൻ!’ എന്നു ദൈവം പറയും.+
28 ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും ദേശത്ത്+
ഇസ്രായേൽ സുരക്ഷിതനായി വസിക്കും,
യാക്കോബിന്റെ നീരുറവ സ്വച്ഛമായി ഒഴുകും.
യാക്കോബിന്റെ ആകാശം മഞ്ഞു പൊഴിക്കും.+
യഹോവ രക്ഷിച്ച ജനമേ,+
നിന്നെപ്പോലെ ആരുണ്ട്?+
നിന്നെ കാക്കുന്ന പരിചയും+
നിന്റെ മഹിമയാർന്ന വാളും ദൈവമല്ലോ.
34 പിന്നെ മോശ മോവാബ് മരുപ്രദേശത്തുനിന്ന് നെബോ പർവതത്തിലേക്ക്,+ യരീഹൊയ്ക്ക്+ അഭിമുഖമായി നിൽക്കുന്ന പിസ്ഗയുടെ മുകളിലേക്ക്,+ കയറിച്ചെന്നു. യഹോവ ദേശം മുഴുവൻ മോശയ്ക്കു കാണിച്ചുകൊടുത്തു. അതായത്, ഗിലെയാദ് മുതൽ ദാൻ വരെയും+ 2 നഫ്താലി മുഴുവനും എഫ്രയീംദേശവും മനശ്ശെദേശവും പടിഞ്ഞാറേ കടൽ* വരെയുള്ള യഹൂദാദേശം മുഴുവനും+ 3 നെഗെബും+ യോർദാൻ പ്രദേശവും+—ഈന്തപ്പനകളുടെ നഗരമായ യരീഹൊയിലെ താഴ്വര മുതൽ സോവർ+ വരെയും—കാണിച്ചു.
4 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും, ‘നിന്റെ സന്തതിക്കു* ഞാൻ കൊടുക്കും’ എന്നു സത്യം ചെയ്ത ദേശം ഇതാണ്.+ അതു കാണാൻ നിന്നെ ഞാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ നീ അവിടേക്കു കടക്കില്ല.”+
5 അതിനു ശേഷം, യഹോവ പറഞ്ഞിരുന്നതുപോലെതന്നെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബ് ദേശത്തുവെച്ച് മരിച്ചു.+ 6 ദൈവം* മോശയെ ബേത്ത്-പെയോരിന് എതിർവശത്തുള്ള, മോവാബ് ദേശത്തെ താഴ്വരയിൽ അടക്കം ചെയ്തു. മോശയെ അടക്കിയത് എവിടെയാണെന്ന് ഇന്നുവരെ ആർക്കും അറിയില്ല.+ 7 മരിക്കുമ്പോൾ മോശയ്ക്ക് 120 വയസ്സായിരുന്നു.+ അതുവരെ മോശയുടെ കാഴ്ച മങ്ങുകയോ ആരോഗ്യം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. 8 ഇസ്രായേൽ ജനം മോവാബ് മരുപ്രദേശത്തുവെച്ച് 30 ദിവസം മോശയ്ക്കുവേണ്ടി വിലപിച്ചു.+ അങ്ങനെ മോശയ്ക്കുവേണ്ടിയുള്ള വിലാപകാലം പൂർത്തിയായി.
9 നൂന്റെ മകനായ യോശുവയുടെ മേൽ മോശ കൈകൾ വെച്ച് അനുഗ്രഹിച്ചിരുന്നു.+ അങ്ങനെ യോശുവ ജ്ഞാനത്തിന്റെ ആത്മാവ് നിറഞ്ഞവനായി. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ യോശുവയെ അനുസരിക്കാൻതുടങ്ങി.+ 10 എന്നാൽ മോശയെപ്പോലെ, യഹോവ മുഖാമുഖം കണ്ടറിഞ്ഞ+ ഒരു പ്രവാചകൻ പിന്നീട് ഒരിക്കലും ഇസ്രായേലിലുണ്ടായിട്ടില്ല.+ 11 മോശ ഈജിപ്ത് ദേശത്ത് ചെന്ന് ഫറവോന്റെ മേലും ഫറവോന്റെ ദാസന്മാരുടെ മേലും ഫറവോന്റെ മുഴുവൻ ദേശത്തിന്മേലും യഹോവ പറഞ്ഞ എല്ലാ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.+ 12 ഇസ്രായേല്യർ കാൺകെയും മോശ ബലമുള്ള കൈയാൽ ശക്തവും ഭയങ്കരവും ആയ പ്രവൃത്തികൾ ചെയ്തു.+
പദാവലി കാണുക.
പദാവലി കാണുക.
തെളിവനുസരിച്ച് ലബാനോൻ മലനിരകൾ.
അക്ഷ. “വിത്തിനും.”
അഥവാ “നീർച്ചാലോളം.”
അക്ഷ. “ഹൃദയം ഉരുക്കിക്കളഞ്ഞു.”
അക്ഷ. “മുഴുവനായി; പൂർണമായി.”
മറ്റൊരു സാധ്യത “ദൈവം അവനെ ബലപ്പെടുത്തിയിരിക്കുന്നു.”
അഥവാ “അവരെ പ്രകോപിപ്പിക്കരുത്.”
അഥവാ “നീർച്ചാൽ.”
അതായത്, ക്രേത്തയിൽനിന്ന്.
അഥവാ “നീർച്ചാൽ.”
അഥവാ “അവർക്കു പ്രസവവേദനപോലുള്ള വേദന ഉണ്ടാകുകയും.”
അഥവാ “നീർച്ചാലിലെ.”
അഥവാ “നീർച്ചാൽ.”
മറ്റൊരു സാധ്യത “കറുത്ത കല്ലുകൊണ്ടുള്ളതായിരുന്നു.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അർഥം: “കൂടാരങ്ങൾ നിറഞ്ഞ യായീരിന്റെ ഗ്രാമങ്ങൾ.”
അതായത്, ചാവുകടൽ.
അക്ഷ. “ആകാശത്തിന്റെ ഹൃദയത്തോളം.”
അക്ഷ. “പത്തു വചനങ്ങൾ.”
അഥവാ “അവകാശമായിരിക്കാൻ.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “വിചാരണകൾ.”
അക്ഷ. “വിത്തിനെ.”
അതായത്, ഉപ്പുകടൽ അഥവാ ചാവുകടൽ.
അഥവാ “എന്നെ ധിക്കരിച്ചുകൊണ്ട്.” അക്ഷ. “എന്റെ മുഖത്തിന് എതിരെ.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
അഥവാ “നീ സുഖമായിരിക്കാനും.”
അക്ഷ. “വചനങ്ങൾ.”
പദാവലി കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “മുഴുവൻ ഓജസ്സോടും; മുഴുവൻ വിഭവങ്ങളോടും.”
അക്ഷ. “കണ്ണുകൾക്കു മധ്യേ ഉണ്ടായിരിക്കണം.”
പദാവലി കാണുക.
അഥവാ “മിശ്രവിവാഹം ചെയ്യരുത്.”
പദാവലി കാണുക.
അഥവാ “വിലമതിക്കാനാകാത്ത അവകാശമായിരിക്കാനായി.”
അക്ഷ. “ഗർഭഫലം.”
അക്ഷ. “വിഴുങ്ങിക്കളയണം.”
അഥവാ “വിചാരണകളാലും.”
മറ്റൊരു സാധ്യത “നിരാശ.”
അഥവാ “ആഴത്തിലെ ജലസ്രോതസ്സുകളും.”
അഥവാ “നീർച്ചാലുകളുള്ള.”
അഥവാ “കുടിയിറക്കുകയും.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമ.”
അഥവാ “വാർത്ത്.”
അഥവാ “അവകാശമാണല്ലോ.”
അഥവാ “പെട്ടിയും.”
ഒരുതരം അക്കേഷ്യ മരത്തിന്റെ തടി.
അക്ഷ. “പത്തു വചനങ്ങൾ.”
അഥവാ “നീർച്ചാലുകളുടെ.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “ഏറ്റവും ഉന്നതമായ ആകാശവും.”
അക്ഷ. “ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദന ചെയ്യുകയും.”
അഥവാ “പിതാവില്ലാത്ത കുട്ടിക്കും.”
അഥവാ “ഇന്നുവരെ.”
അഥവാ “നിങ്ങളോട്.”
അക്ഷ. “വിത്തിനും.”
അതായത്, കാലുകൊണ്ട് ജലചക്രം കറക്കിയോ നീർച്ചാലുകൾ കീറിയോ നനയ്ക്കേണ്ടിയിരുന്നു.
പദാവലിയിൽ “ദേഹി” കാണുക.
അക്ഷ. “കണ്ണുകൾക്കു മധ്യേ ഉണ്ടായിരിക്കണം.”
അതായത്, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
അഥവാ “കൊടുക്കണം.”
അഥവാ “സൂര്യാസ്തമയദിശയിൽ.”
പദാവലി കാണുക.
അഥവാ “പത്തിലൊന്ന്.”
അക്ഷ. “കവാടങ്ങൾക്കുള്ളിലുള്ള.”
അക്ഷ. “ഗസൽമാനുകളെയും മാനുകളെയും.”
അക്ഷ. “ഗസൽമാനുകളെയും മാനുകളെയും.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “പൊതുചത്വരത്തിൽ.”
അഥവാ “നിരോധനത്താൽ വിശുദ്ധീകരിച്ച.”
അഥവാ “ദൈവത്തിന്റെ വാക്കു ശ്രദ്ധിക്കണം.”
അക്ഷ. “കണ്ണുകൾക്കു മധ്യേ കഷണ്ടി വെക്കുകയോ (ഉണ്ടാക്കുകയോ).”
അഥവാ “വിലമതിക്കാനാവാത്ത അവകാശമായിരിക്കാനായി.”
അക്ഷ. “മാൻ, ഗസൽമാൻ.”
അഥവാ “പ്രാണികളും.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
അഥവാ “ദശാംശം.”
അഥവാ “പിതാവില്ലാത്ത കുട്ടിയും.”
അഥവാ “പണയത്തിന്മേൽ കടം.”
അഥവാ “പണയത്തിന്മേൽ കടം.”
അക്ഷ. “നിങ്ങളുടെ ഹൃദയം.”
അക്ഷ. “കാളകളുടെ.”
അക്ഷ. “ഗസൽമാനുകളുടെയും മാനുകളുടെയും.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽവെച്ച്.”
അനു. ബി15 കാണുക.
പദാവലി കാണുക.
അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
അഥവാ “പിതാവില്ലാത്ത കുട്ടികളും.”
അഥവാ “താത്കാലിക വാസസ്ഥലങ്ങളുടെ ഉത്സവം.”
അഥവാ “പിതാവില്ലാത്ത കുട്ടിയും.”
അക്ഷ. “കവാടങ്ങളുടെയെല്ലാം ഉള്ളിൽ.”
പദാവലി കാണുക.
അക്ഷ. “വായുടെ.”
അഥവാ “ഒരു ചുരുളിൽ.”
അതായത്, ആരാധനയ്ക്കുള്ള കേന്ദ്രമായി യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക്.
അക്ഷ. “തീയിലൂടെ കടത്തിവിടുന്നവൻ.”
പദാവലിയിൽ “ആഭിചാരം” കാണുക.
പദാവലി കാണുക.
അക്ഷ. “ഹൃദയം ചൂടു പിടിച്ചിട്ട്.”
അക്ഷ. “നിങ്ങളുടെ കണ്ണിന്.”
അക്ഷ. “വായുടെ.”
അക്ഷ. “നിങ്ങളുടെ കണ്ണിന്.”
അഥവാ “തന്റേതുപോലെ സഹോദരന്മാരുടെ ഹൃദയവും ഉരുകിപ്പോകാൻ ഇടയാക്കിയേക്കാം.”
അഥവാ “നീർച്ചാലിലേക്ക്.”
പദാവലിയിൽ “പ്രവാസം” കാണുക.
അക്ഷ. “ഒരുവളെ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നെന്നിരിക്കട്ടെ.”
അഥവാ “അയാൾ അവളെ തിരസ്കരിക്കുന്നെന്ന്.”
അഥവാ “തിരസ്കരിക്കുകയും.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. അഥവാ “വേശ്യാവൃത്തി.”
അക്ഷ. “അപ്പന്റെ വസ്ത്രം നീക്കരുത്.”
പദാവലി കാണുക.
അതായത്, കക്കൂസായി.
അക്ഷ. “നായുടെ.”
അഥവാ “തിരസ്കരിച്ചിട്ട്.”
അഥവാ “ജീവനാണ്.”
“കുഷ്ഠം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു വിപുലമായ അർഥമാണുള്ളത്. പകരുന്ന തരത്തിലുള്ള പല ചർമരോഗങ്ങളും, വസ്ത്രങ്ങളിലും വീടുകളിലും കാണുന്ന ചില അണുബാധകളും ഇതിൽ ഉൾപ്പെടാം.
അക്ഷ. “കവാടങ്ങൾക്കുള്ളിലുള്ള.”
അഥവാ “പിതാവില്ലാത്ത കുട്ടിയുടെയും.”
പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “അയാളുടെ പേര്.”
അക്ഷ. “നിങ്ങളുടെ കണ്ണിന്.”
അക്ഷ. “നിങ്ങളുടെ വീട്ടിൽ ഒരു ഏഫായും മറ്റൊരു ഏഫായും.” അനു. ബി14 കാണുക.
അക്ഷ. “ഫലത്തിന്റെയും.”
മറ്റൊരു സാധ്യത “ക്ഷയിച്ചുകൊണ്ടിരുന്ന.”
അഥവാ “പിതാവില്ലാത്ത കുട്ടിക്കും.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽവെച്ച്.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “വിലമതിക്കാനാവാത്ത അവകാശവും.”
അഥവാ “തടിയിലോ ലോഹത്തിലോ പണി ചെയ്യുന്നവന്റെ.”
അഥവാ “അങ്ങനെതന്നെയാകട്ടെ!”
അഥവാ “പിതാവില്ലാത്ത കുട്ടിക്കോ.”
അക്ഷ. “അപ്പന്റെ വസ്ത്രം നീക്കുന്നവൻ.”
അക്ഷ. “ഗർഭഫലം.”
അഥവാ “ഹൃദയസംഭ്രമവും.”
അക്ഷ. “പഴഞ്ചൊല്ലിനും.”
അഥവാ “മൂളിപ്പറക്കുന്ന കീടങ്ങൾ.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
അഥവാ “വിചാരണകളും.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അക്ഷ. “ഹൃദയത്തിൽ.”
അക്ഷ. “വരണ്ടതിനോടൊപ്പം നനവുള്ളതിനും.”
അതായത്, സൾഫർ.
അക്ഷ. “അവർക്കു ഭാഗിച്ചുകൊടുത്തിട്ടില്ലാത്ത.”
അക്ഷ. “നിങ്ങൾ വീണ്ടും നിങ്ങളുടെ ഹൃദയത്തിലേക്കു കൊണ്ടുവരുകയും.”
പദാവലിയിൽ “ദേഹി” കാണുക.
അക്ഷ. “പരിച്ഛേദന ചെയ്യും.”
അക്ഷ. “അതു ദൂരത്തുമല്ല.”
അക്ഷ. “ഇനി പുറത്ത് പോകാനും അകത്ത് വരാനും.”
അഥവാ “താത്കാലിക വാസസ്ഥലങ്ങളുടെ ഉത്സവത്തിൽ.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
അഥവാ “സമാഗമനകൂടാരത്തിലേക്ക്.” പദാവലി കാണുക.
അക്ഷ. “പിതാക്കന്മാരോടൊപ്പം കിടക്കാൻപോകുന്നു.”
അക്ഷ. “അവരുടെ വായിൽ അതു വെക്കുക.”
മറ്റൊരു സാധ്യത “മനുഷ്യവർഗത്തെ.”
അക്ഷ. “ചെമ്മരിയാടുകളുടെ കൊഴുപ്പും.”
അക്ഷ. “മുന്തിരിയുടെ രക്തത്തിൽനിന്നുള്ള.”
അർഥം: “നേരുള്ളവൻ,” ബഹുമാനസൂചകമായി ഇസ്രായേലിനെ സംബോധന ചെയ്യുന്ന പദം.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ഉപദേശത്തിനു ചെവിയടച്ച.”
അഥവാ “അവരെപ്രതി ഖേദം.”
അഥവാ “അവരുടെ മേത്തരമായ ബലികൾ.”
അഥവാ “ദേശം ശുദ്ധീകരിക്കും.”
യോശുവയുടെ യഥാർഥപേര്. “യാഹിനാൽ രക്ഷിക്കപ്പെട്ട; യാഹ് രക്ഷിച്ചിരിക്കുന്നു” എന്നെല്ലാം അർഥമുള്ള ഹോശയ്യ എന്ന പേരിന്റെ മറ്റൊരു രൂപമാണു ഹോശയ.
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
അഥവാ “ആയിരക്കണക്കിനു വിശുദ്ധന്മാരും.”
അർഥം: “നേരുള്ളവൻ,” ബഹുമാനസൂചകമായി ഇസ്രായേലിനെ സംബോധന ചെയ്യുന്ന പദം.
ഈ വാക്യത്തിൽ, “അങ്ങയുടെ,” “അങ്ങ്” എന്നീ വാക്കുകൾ ദൈവത്തെ കുറിക്കുന്നു.
അക്ഷ. “അങ്ങയുടെ മൂക്കിൽ.”
അഥവാ “അര.”
മറ്റൊരു സാധ്യത “ദൈവത്തിന്.”
മറ്റൊരു സാധ്യത “ദൈവം ദിനം മുഴുവൻ ബന്യാമീന്.”
മറ്റൊരു സാധ്യത “ദൈവത്തിന്റെ ചുമലുകൾക്കു മധ്യേ ബന്യാമീൻ.”
മറ്റൊരു സാധ്യത “കിഴക്കുള്ള പർവതങ്ങളുടെ.”
അഥവാ “കുത്തും.”
അക്ഷ. “സമൃദ്ധി വലിച്ചുകുടിക്കും.”
അഥവാ “കഴുകട്ടെ.”
അക്ഷ. “നിന്റെ ദിനങ്ങൾപോലെയായിരിക്കും നിന്റെ ശക്തി.”
മറ്റൊരു സാധ്യത “ഉയർന്ന സ്ഥലങ്ങളിൽ.”
അതായത്, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
അക്ഷ. “വിത്തിന്.”
അക്ഷ. “അവൻ.”