കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത്
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമൊഥെയൊസും+ കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിൽ+ എല്ലായിടത്തുമുള്ള എല്ലാ വിശുദ്ധർക്കും എഴുതുന്നത്:
2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ലഭിക്കട്ടെ!
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ+ വാഴ്ത്തപ്പെടട്ടെ. നമ്മുടെ ദൈവം മനസ്സലിവുള്ള പിതാവും+ ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ.+ 4 നമ്മുടെ കഷ്ടതകളിലെല്ലാം ദൈവം നമ്മളെ ആശ്വസിപ്പിക്കുന്നു.*+ അങ്ങനെ ദൈവത്തിൽനിന്ന് കിട്ടുന്ന ആശ്വാസംകൊണ്ട്+ ഏതുതരം കഷ്ടതകൾ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കാൻ നമുക്കും കഴിയുന്നു.+ 5 ക്രിസ്തുവിനെപ്രതി നമുക്ക് ഉണ്ടാകുന്ന കഷ്ടതകൾ പെരുകുന്തോറും+ ക്രിസ്തുവിലൂടെ കിട്ടുന്ന ആശ്വാസവും നമ്മിൽ നിറഞ്ഞുകവിയുന്നു. 6 ഞങ്ങൾ കഷ്ടതകൾ സഹിക്കുന്നെങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം കിട്ടുന്നെങ്കിൽ അതും നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്. ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടപ്പാടുകൾ ക്ഷമയോടെ സഹിക്കാൻ അതു നിങ്ങളെ സഹായിക്കും. 7 നിങ്ങളെക്കുറിച്ച് ഞങ്ങൾക്കുള്ള പ്രതീക്ഷയ്ക്ക് ഇളക്കംതട്ടില്ല. കാരണം ഞങ്ങളുടെ കഷ്ടതകളിലെന്നപോലെ ഞങ്ങളുടെ ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും എന്നു ഞങ്ങൾക്ക് അറിയാം.+
8 സഹോദരങ്ങളേ, ഏഷ്യ സംസ്ഥാനത്ത് ഞങ്ങൾ സഹിച്ച കഷ്ടതകൾ നിങ്ങൾ അറിയാതെപോകരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.+ ജീവനോടിരിക്കുമോ എന്നുപോലും ആശങ്ക തോന്നുന്ന വിധത്തിൽ സഹിക്കാവുന്നതിനും അപ്പുറം സമ്മർദം ഞങ്ങൾക്ക് അനുഭവപ്പെട്ടു.+ 9 ശരിക്കും ഞങ്ങളെ മരണത്തിനു വിധിച്ചതായി ഞങ്ങൾക്കു തോന്നി. ഞങ്ങൾ ഞങ്ങളിൽത്തന്നെ ആശ്രയിക്കാതെ മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ആശ്രയിക്കാൻവേണ്ടിയാണ്+ അങ്ങനെ സംഭവിച്ചത്. 10 മരണത്തിന്റെ വായിൽനിന്നെന്നപോലെ അത്ര ഭയങ്കരമായ വിപത്തിൽനിന്നാണു ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഇനിയും ദൈവം ഞങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ ദൈവത്തിൽ ഞങ്ങൾ പ്രത്യാശ വെക്കുന്നു.+ 11 ഞങ്ങൾക്കുവേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് നിങ്ങൾക്കും ഞങ്ങളെ സഹായിക്കാനാകും.+ അങ്ങനെ, പലരുടെ പ്രാർഥനയിലൂടെ ഞങ്ങൾക്കു ലഭിക്കുന്ന സഹായത്തിന്റെ പേരിൽ അനേകർ ഞങ്ങൾക്കുവേണ്ടി നന്ദി പറയാൻ ഇടയാകട്ടെ.+
12 ഞങ്ങൾക്ക് അഭിമാനം തോന്നുന്ന ഒരു കാര്യം ഇതാണ്: ലോകത്തിലെ ഞങ്ങളുടെ ജീവിതം, പ്രത്യേകിച്ച് നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം, വിശുദ്ധിയോടും ദൈവദത്തമായ ആത്മാർഥതയോടും കൂടെയായിരുന്നു. ഞങ്ങൾ ആശ്രയിച്ചതു ലോകത്തിന്റെ ജ്ഞാനത്തിലല്ല,+ ദൈവത്തിന്റെ അനർഹദയയിലാണ്. അതിനു ഞങ്ങളുടെ മനസ്സാക്ഷി സാക്ഷി പറയുന്നു. 13 വായിക്കാനും മനസ്സിലാക്കാനും പറ്റുന്ന* കാര്യങ്ങൾ മാത്രമേ ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നുള്ളൂ. തുടർന്നും നിങ്ങൾക്ക് അവ മുഴുവനായി* മനസ്സിലാകുമെന്നാണ് എന്റെ പ്രതീക്ഷ. 14 നിങ്ങൾക്ക് അഭിമാനിക്കാൻ ഞങ്ങളൊരു കാരണമായിരിക്കുന്നെന്നു നിങ്ങൾ ഏറെക്കുറെ മനസ്സിലാക്കിയല്ലോ. അതുപോലെ, നമ്മുടെ കർത്താവായ യേശുവിന്റെ ദിവസത്തിൽ നിങ്ങൾ ഞങ്ങൾക്കും അഭിമാനിക്കാൻ ഒരു കാരണമായിരിക്കും.
15 ഈ ബോധ്യമുള്ളതുകൊണ്ടാണ് ആദ്യം നിങ്ങളുടെ അടുത്ത് വരാൻ ഞാൻ ആലോചിച്ചത്. അങ്ങനെ നിങ്ങൾക്കു രണ്ടാമതും സന്തോഷിക്കാൻ കാരണമുണ്ടാകണമെന്നു* ഞാൻ ആഗ്രഹിച്ചു. 16 മാസിഡോണിയയിലേക്കു പോകുന്നവഴി നിങ്ങളെ സന്ദർശിക്കണമെന്നും മാസിഡോണിയയിൽനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുത്ത് വരണമെന്നും അവിടെനിന്ന് നിങ്ങൾ എന്നെ യഹൂദ്യയിലേക്കു യാത്ര അയയ്ക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു.+ 17 ഞാൻ അങ്ങനെയൊരു പരിപാടിയിട്ടത് ഒട്ടും ചിന്തിക്കാതെയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ആദ്യം “ഉവ്വ്, ഉവ്വ്” എന്നു പറഞ്ഞിട്ട് പിന്നെ “ഇല്ല, ഇല്ല” എന്നു പറയുന്ന ജഡികരീതിയിലാണു* ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത് എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? 18 നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകൾ ഒരേ സമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല. ദൈവം വിശ്വസ്തനാണെന്നത് എത്ര തീർച്ചയാണോ അത്രതന്നെ തീർച്ചയാണ് ഇക്കാര്യവും. 19 ഞാനും സില്വാനൊസും* തിമൊഥെയൊസും നിങ്ങൾക്കിടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു+ ഒരേ സമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല. യേശുവിന്റെ കാര്യത്തിൽ “ഉവ്വ്” എന്നത് എപ്പോഴും “ഉവ്വ്” എന്നുതന്നെയാണ്. 20 ദൈവത്തിന്റെ വാഗ്ദാനങ്ങൾ എത്രയുണ്ടെങ്കിലും അവയെല്ലാം യേശുവിലൂടെ “ഉവ്വ്” എന്നായിരിക്കുന്നു.+ അതുകൊണ്ടാണ് ദൈവത്തെ മഹത്ത്വപ്പെടുത്താൻവേണ്ടി നമ്മൾ യേശുവിലൂടെ ദൈവത്തോട് “ആമേൻ” എന്നു പറയുന്നത്.+ 21 എന്നാൽ നിങ്ങളും ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് ഉറപ്പു തരുന്നതും നമ്മളെ അഭിഷേകം ചെയ്തതും ദൈവമാണ്.+ 22 ദൈവം നമ്മുടെ മേൽ തന്റെ മുദ്ര പതിപ്പിക്കുകയും+ വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ഉറപ്പായി* തന്റെ ആത്മാവിനെ+ നമ്മുടെ ഹൃദയങ്ങളിൽ പകരുകയും ചെയ്തിരിക്കുന്നു.
23 നിങ്ങളെ കൂടുതൽ വിഷമിപ്പിക്കരുതെന്നു കരുതിയാണു ഞാൻ ഇതുവരെ കൊരിന്തിലേക്കു വരാതിരുന്നത്. ഇതിനു ദൈവംതന്നെ എനിക്ക് എതിരെ സാക്ഷിയായിരിക്കട്ടെ. 24 ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിന്മേൽ ആധിപത്യം നടത്തുന്നവരാണെന്നല്ല+ ഞാൻ പറഞ്ഞുവരുന്നത്. ശരിക്കും പറഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ സന്തോഷത്തിനുവേണ്ടിയുള്ള സഹപ്രവർത്തകരാണ്. നിങ്ങൾ ഉറച്ചുനിൽക്കുന്നതു നിങ്ങളുടെതന്നെ വിശ്വാസംകൊണ്ടാണല്ലോ.
2 ഞാൻ വീണ്ടും നിങ്ങളുടെ അടുത്ത് വരുന്നതു നിങ്ങളെ ദുഃഖിപ്പിക്കാനായിരിക്കരുത് എന്ന് എനിക്കുണ്ട്. 2 ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ, ഞാൻ ദുഃഖിപ്പിച്ച നിങ്ങളല്ലാതെ എന്നെ സന്തോഷിപ്പിക്കാൻ വേറെ ആരാണുള്ളത്? 3 ഞാൻ വരുമ്പോൾ, എന്നെ സന്തോഷിപ്പിക്കേണ്ടവർ കാരണം ഞാൻ ദുഃഖിക്കാതിരിക്കാനാണു ഞാൻ അങ്ങനെയെല്ലാം എഴുതിയത്. എന്നെ സന്തോഷിപ്പിക്കുന്നതൊക്കെ നിങ്ങളെയും സന്തോഷിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 4 വലിയ വിഷമത്തോടെയും ഹൃദയവേദനയോടെയും കണ്ണീരോടെയും ആണ് ഞാൻ നിങ്ങൾക്ക് എഴുതിയത്. അതു നിങ്ങളെ ദുഃഖിപ്പിക്കാനായിരുന്നില്ല;+ പകരം എനിക്കു നിങ്ങളോടുള്ള സ്നേഹത്തിന്റെ ആഴം നിങ്ങൾ മനസ്സിലാക്കാൻവേണ്ടിയായിരുന്നു.
5 ദുഃഖം വരുത്തിയയാൾ+ എന്നെ മാത്രമല്ല, ഒരു അളവുവരെ നിങ്ങളെ എല്ലാവരെയുമാണു ദുഃഖിപ്പിച്ചത്. കൂടുതൽ കടുപ്പിച്ചുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 6 നിങ്ങളിൽ ഭൂരിപക്ഷം പേരിൽനിന്നും കിട്ടിയ ശകാരംതന്നെ അയാൾക്കു ധാരാളം. 7 ഇനി നിങ്ങൾ ദയയോടെ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം.+ ഇല്ലെങ്കിൽ അയാൾ കടുത്ത ദുഃഖത്തിൽ ആണ്ടുപോകും.+ 8 അതുകൊണ്ട് അയാളോടുള്ള നിങ്ങളുടെ സ്നേഹത്തിന് ഉറപ്പു കൊടുക്കണമെന്നു ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.+ 9 എല്ലാ കാര്യങ്ങളിലും നിങ്ങൾ അനുസരണമുള്ളവരാണോ എന്ന് ഉറപ്പാക്കാൻകൂടെയാണ് ഞാൻ നിങ്ങൾക്ക് എഴുതിയത്. 10 നിങ്ങൾ ക്ഷമിക്കുന്നയാളോടു ഞാനും ക്ഷമിക്കും. വാസ്തവത്തിൽ, ഞാൻ ക്ഷമിച്ചിട്ടുള്ളതെല്ലാം (ഞാൻ അങ്ങനെ വല്ലതും ക്ഷമിച്ചിട്ടുണ്ടെങ്കിൽ) ക്രിസ്തുസന്നിധിയിൽ നിങ്ങളെ ഓർത്താണ്. 11 കാരണം, സാത്താൻ നമ്മളെ തോൽപ്പിക്കരുതല്ലോ.*+ നമ്മൾ സാത്താന്റെ തന്ത്രങ്ങൾ* അറിയാത്തവരല്ല.+
12 ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാൻ ത്രോവാസിൽ എത്തിയപ്പോൾ+ എനിക്ക് അവിടെ കർത്താവിന്റെ വേലയിൽ ഒരു വാതിൽ തുറന്നുകിട്ടി. 13 പക്ഷേ എന്റെ സഹോദരനായ തീത്തോസിനെ+ കാണാഞ്ഞതുകൊണ്ട് എന്റെ മനസ്സിന്* ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ അവരോടു യാത്ര പറഞ്ഞ് മാസിഡോണിയയിലേക്കു പോയി.+
14 ജയിച്ചുവരുന്നവരുടെ ഒരു ഘോഷയാത്രയിൽ എന്നപോലെ ക്രിസ്തുവിനോടൊപ്പം നമ്മളെ എല്ലായ്പോഴും നയിക്കുന്ന ദൈവത്തിനു നന്ദി! നമ്മളിലൂടെ തന്നെക്കുറിച്ചുള്ള അറിവിന്റെ സുഗന്ധം ദൈവം എല്ലായിടത്തും പരത്തുന്നല്ലോ! 15 നമ്മൾ ദൈവത്തിനു ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയുടെ സുഗന്ധമാണ്. രക്ഷ നേടുന്നവരുടെയും നശിക്കുന്നവരുടെയും ഇടയിൽ അതു പരക്കുന്നു. 16 നശിച്ചുപോകുന്നവർക്ക് അതു മരണത്തിലേക്കു നയിക്കുന്ന, മരണത്തിന്റെ ഗന്ധം.*+ എന്നാൽ രക്ഷപ്പെടുന്നവർക്ക് അതു ജീവനിലേക്കു നയിക്കുന്ന, ജീവന്റെ സുഗന്ധം. ഇതിനെല്ലാം ആർക്കാണു വേണ്ടത്ര യോഗ്യതയുള്ളത്? 17 ഞങ്ങൾക്കു യോഗ്യതയുണ്ട്. കാരണം പലരെയുംപോലെ ഞങ്ങൾ ദൈവവചനത്തെ കച്ചവടച്ചരക്കാക്കുന്നില്ല.*+ പകരം ദൈവം അയച്ചവർ എന്ന നിലയിൽ ഞങ്ങൾ ദൈവസന്നിധിയിൽ തികഞ്ഞ ആത്മാർഥതയോടെ ക്രിസ്തുവിനോടു ചേർന്ന് സംസാരിക്കുന്നു.
3 ഞങ്ങൾ എങ്ങനെയുള്ളവരാണെന്ന് ഇനിയും നിങ്ങളെ ബോധ്യപ്പെടുത്തണോ? മറ്റു ചിലരെപ്പോലെ നിങ്ങൾക്കു ശുപാർശക്കത്തുകൾ തരുകയോ നിങ്ങളിൽനിന്ന് അവ വാങ്ങുകയോ ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കുണ്ടോ? 2 ഞങ്ങളുടെ കത്തു നിങ്ങൾതന്നെയാണ്.+ അതു ഞങ്ങളുടെ ഹൃദയങ്ങളിലാണ് എഴുതിയിരിക്കുന്നത്. എല്ലാ മനുഷ്യരും അത് അറിയുകയും വായിക്കുകയും ചെയ്യുന്നു. 3 ശുശ്രൂഷകർ എന്ന നിലയിൽ ഞങ്ങൾ എഴുതിയ ക്രിസ്തുവിന്റെ കത്താണു നിങ്ങൾ എന്നതു വ്യക്തമാണ്.+ അത് എഴുതിയതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്. കൽപ്പലകകളിലല്ല,+ ഹൃദയമെന്ന മാംസപ്പലകകളിലാണ്.+
4 ഞങ്ങൾക്കു ദൈവസന്നിധിയിൽ ക്രിസ്തു മുഖാന്തരം ഈ വിധത്തിലുള്ള ഒരു ഉറപ്പുണ്ട്. 5 ഞങ്ങൾക്കു വേണ്ട യോഗ്യത ഞങ്ങൾ സ്വന്തപ്രയത്നത്താൽ നേടിയതല്ല, അതു ദൈവം തന്നതാണ്.+ അതുകൊണ്ട് അതിന്റെ മഹത്ത്വം ഞങ്ങൾക്കുള്ളതല്ല. 6 ദൈവം ഞങ്ങളെ പുതിയ ഉടമ്പടിയുടെ+ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി; എഴുതിവെച്ചിരിക്കുന്ന ഒരു നിയമസംഹിതയുടെ+ ശുശ്രൂഷകരല്ല, ദൈവാത്മാവിന്റെ ശുശ്രൂഷകരായിരിക്കാനാണു യോഗ്യരാക്കിയത്. എഴുതപ്പെട്ട നിയമസംഹിത മരണത്തിനു വിധിക്കുന്നു.+ പക്ഷേ ദൈവാത്മാവ് ജീവിപ്പിക്കുന്നു.+
7 മരണം വരുത്തുന്ന, കല്ലിൽ അക്ഷരങ്ങളായി കൊത്തിയ ആ നിയമസംഹിത+ തേജസ്സോടെയാണു വെളിപ്പെട്ടത്. ആ തേജസ്സു നീങ്ങിപ്പോകാനുള്ളതായിരുന്നെങ്കിലും ഇസ്രായേൽമക്കൾക്കു നോക്കാൻപോലും പറ്റാത്തത്ര തേജസ്സായിരുന്നു അപ്പോൾ മോശയുടെ മുഖത്ത്.+ 8 ആ സ്ഥിതിക്ക്, ദൈവാത്മാവിന്റെ ശുശ്രൂഷ+ അതിലും എത്രയോ തേജസ്സുള്ളതായിരിക്കണം!+ 9 കുറ്റക്കാരായി വിധിക്കുന്ന നിയമസംഹിത+ തേജസ്സുള്ളതായിരുന്നെങ്കിൽ+ നീതിമാന്മാരായി പ്രഖ്യാപിക്കുന്ന ശുശ്രൂഷ അതിലും എത്രയോ തേജസ്സുള്ളതായിരിക്കും!+ 10 ഒരു കാലത്ത് തേജസ്സോടെ വന്ന അത് അതിനെ വെല്ലുന്ന തേജസ്സു വന്നപ്പോൾ നിഷ്പ്രഭമായിപ്പോയി.+ 11 നീങ്ങിപ്പോകാനിരുന്നതു തേജസ്സോടെ വന്നെങ്കിൽ+ നിലനിൽക്കുന്നത് എത്രയോ അധികം തേജസ്സുള്ളതായിരിക്കും!+
12 ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ട്+ ധൈര്യത്തോടെ സംസാരിക്കാൻ നമുക്കു കഴിയുന്നു.* 13 നീങ്ങിപ്പോകാനിരുന്ന തേജസ്സിലേക്ക്* ഇസ്രായേൽമക്കൾ നോക്കിക്കൊണ്ടിരിക്കുന്നത് ഒഴിവാക്കാൻ മോശ തുണികൊണ്ട് മുഖം മൂടിയതുപോലെ,+ നമ്മൾ ചെയ്യുന്നില്ല. 14 അവരുടെ മനസ്സ് ഇരുളടഞ്ഞുപോയിരുന്നു.+ ഇന്നും പഴയ ഉടമ്പടി വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ് അതേ മൂടുപടംകൊണ്ട് മറഞ്ഞുതന്നെയിരിക്കുന്നു.+ കാരണം ക്രിസ്തുവിലൂടെ മാത്രമേ അത് എടുത്തുമാറ്റാനാകൂ.+ 15 അതെ, ഇന്നും മോശ എഴുതിയതു വായിക്കുമ്പോൾ+ അവരുടെ ഹൃദയത്തെ ഒരു മൂടുപടം മറച്ചിരിക്കുകയാണ്.+ 16 എന്നാൽ ഒരാൾ യഹോവയിലേക്കു* തിരിയുമ്പോൾ ആ മൂടുപടം നീങ്ങുന്നു.+ 17 യഹോവ* ഒരു ആത്മവ്യക്തിയാണ്.+ യഹോവയുടെ* ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്.+ 18 മൂടുപടം നീങ്ങിയ മുഖത്തോടെ യഹോവയുടെ* തേജസ്സു കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്ന നമ്മൾ കൂടുതൽക്കൂടുതൽ തേജസ്സുള്ളവരായി* ആത്മവ്യക്തിയായ യഹോവ* നമ്മളെ ആക്കിത്തീർക്കുന്നതുപോലെ ദൈവത്തിന്റെ ഛായയിലേക്കു രൂപാന്തരപ്പെടുന്നു.+
4 ഈ ശുശ്രൂഷ ഞങ്ങൾക്കു ലഭിച്ചതു ദൈവത്തിന്റെ കരുണകൊണ്ടാണ്. അതുകൊണ്ട് ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല. 2 ആളുകൾ രഹസ്യമായി ചെയ്യുന്ന നാണംകെട്ട പ്രവൃത്തികൾ ഞങ്ങൾ വർജിക്കുന്നു. കൗശലം പ്രയോഗിക്കാനോ ദൈവവചനത്തിൽ മായം ചേർക്കാനോ+ ഞങ്ങൾ തയ്യാറല്ല. പകരം, സത്യം വെളിപ്പെടുത്തിക്കൊണ്ട് ദൈവസന്നിധിയിൽ എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കു നല്ലൊരു മാതൃകയായി ഞങ്ങൾ ഞങ്ങളെത്തന്നെ ശുപാർശ ചെയ്യുന്നു.+ 3 ഞങ്ങൾ ഘോഷിക്കുന്ന സന്തോഷവാർത്ത മൂടുപടംകൊണ്ട് മറഞ്ഞിരിക്കുന്നെങ്കിൽ, നശിക്കാനിരിക്കുന്നവർക്കാണ് അതു മറഞ്ഞിരിക്കുന്നത്. 4 ദൈവത്തിന്റെ പ്രതിരൂപമായ+ ക്രിസ്തുവിന്റെ മഹത്ത്വമാർന്ന സന്തോഷവാർത്തയുടെ വെളിച്ചം കടന്നുചെല്ലാതിരിക്കാൻ,+ ഈ വ്യവസ്ഥിതിയുടെ* ദൈവം+ അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുകയാണ്.+ 5 ഞങ്ങൾ പ്രസംഗിക്കുന്നതു ഞങ്ങളെക്കുറിച്ചല്ല, യേശുക്രിസ്തുവിനെക്കുറിച്ചാണ്. യേശു കർത്താവാണെന്നും ഞങ്ങൾ യേശുവിനെപ്രതി നിങ്ങളുടെ അടിമകളാണെന്നും ആണ് ഞങ്ങൾ പ്രസംഗിക്കുന്നത്. 6 “ഇരുട്ടിൽനിന്ന് വെളിച്ചം പ്രകാശിക്കട്ടെ”+ എന്നു പറഞ്ഞ ദൈവം, ക്രിസ്തുവിന്റെ മുഖത്തുള്ള ദൈവപരിജ്ഞാനത്തിന്റെ തേജസ്സുകൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നു.+
7 എങ്കിലും ഞങ്ങളുടെ കാര്യത്തിൽ ഈ അമൂല്യനിധി+ മൺപാത്രങ്ങളിലാണ്.*+ അത്, ഞങ്ങൾക്കുള്ള അസാധാരണശക്തി ഞങ്ങളുടെ സ്വന്തമല്ല, ദൈവത്തിൽനിന്നുള്ളതാണ്+ എന്നു വരാൻവേണ്ടിയാണ്. 8 എല്ലാ വശത്തുനിന്നും സമ്മർദം നേരിടുന്നെങ്കിലും ഞങ്ങൾ ഒട്ടും അനങ്ങാൻ പറ്റാത്ത നിലയിലായിട്ടില്ല. ആകെ ആശയക്കുഴപ്പത്തിലാണെങ്കിലും വഴിമുട്ടിപ്പോയിട്ടില്ല.*+ 9 ഉപദ്രവമേൽക്കുന്നെങ്കിലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല.+ മർദനമേറ്റ് വീഴുന്നെങ്കിലും ഞങ്ങൾ നശിച്ചുപോയിട്ടില്ല.+ 10 യേശുവിന്റെ ജീവിതം ഞങ്ങളുടെ ശരീരങ്ങളിലൂടെ വെളിപ്പെടാൻവേണ്ടി യേശുവിനെപ്പോലെ ഞങ്ങളും മാരകമായ ഉപദ്രവങ്ങൾ+ എപ്പോഴും ഞങ്ങളുടെ ശരീരങ്ങളിൽ ഏറ്റുവാങ്ങുന്നു. 11 ഞങ്ങളുടെ നശ്വരശരീരങ്ങളിലൂടെ യേശുവിന്റെ ജീവിതം വെളിപ്പെടാൻ യേശുവിനെപ്രതി ഞങ്ങൾ എപ്പോഴും മരണത്തെ മുന്നിൽക്കണ്ട് ജീവിക്കുന്നു.+ 12 അങ്ങനെ, ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.
13 “ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ. വിശ്വാസത്തിന്റെ അതേ ആത്മാവുള്ളതുകൊണ്ട് ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു; 14 കാരണം യേശുവിനെ ഉയിർപ്പിച്ച ദൈവം യേശുവിനോടൊപ്പം ഞങ്ങളെയും ഉയിർപ്പിക്കുമെന്നും നിങ്ങളുടെകൂടെ ഞങ്ങളെയും യേശുവിന്റെ മുമ്പാകെ കൊണ്ടുവരുമെന്നും ഞങ്ങൾക്ക് അറിയാം.+ 15 ഇതെല്ലാം നിങ്ങൾക്കുവേണ്ടിയാണ്. അങ്ങനെ, കൂടുതൽക്കൂടുതൽ ആളുകൾ നന്ദി പറഞ്ഞുകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തിയിട്ട് അനർഹദയ നിറഞ്ഞുകവിയാൻ ഇടവരട്ടെ.+
16 അതുകൊണ്ട് ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല. പുറമേ ഞങ്ങൾ* ക്ഷയിക്കുകയാണെങ്കിലും ഞങ്ങളിലെ ആന്തരികമനുഷ്യൻ ഓരോ ദിവസവും പുതുക്കപ്പെടുകയാണ്. 17 ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ക്ഷണികവും നിസ്സാരവും ആണെങ്കിലും അത് അത്യന്തം ഗംഭീരമായ നിത്യതേജസ്സാണു നേടിത്തരുന്നത്.+ 18 കാണുന്ന കാര്യങ്ങളിലല്ല, കാണാത്തവയിലാണു ഞങ്ങൾ കണ്ണു നട്ടിരിക്കുന്നത്.+ കാണുന്നവ താത്കാലികം, പക്ഷേ കാണാത്തവ എന്നെന്നും നിലനിൽക്കുന്നു.
5 ഭൂമിയിലെ ഞങ്ങളുടെ വീടായ ഈ കൂടാരം പൊളിഞ്ഞുപോയാലും+ ദൈവത്തിൽനിന്നുള്ള ഒരു കെട്ടിടം ഞങ്ങൾക്കു കിട്ടുമെന്നു ഞങ്ങൾക്ക് അറിയാം. കൈകൊണ്ട് പണിതതല്ലാത്ത ആ വീടു+ സ്വർഗത്തിലുള്ളതും നിത്യം നിലനിൽക്കുന്നതും ആണ്. 2 ഞങ്ങൾക്കുവേണ്ടി സ്വർഗത്തിൽ കരുതിയിട്ടുള്ള+ അതു ധരിക്കാൻ അതിയായി ആഗ്രഹിക്കുന്ന ഞങ്ങൾ ഈ വീട്ടിൽ കഴിയുമ്പോൾ വാസ്തവത്തിൽ ഞരങ്ങുകയാണ്. 3 അതു ധരിക്കുമ്പോൾ ഞങ്ങൾ നഗ്നരായി കാണപ്പെടില്ല. 4 ഈ കൂടാരത്തിൽ കഴിയുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നതു നശ്വരമായ ഇത് ഉരിഞ്ഞുകളയാനുള്ള ആഗ്രഹംകൊണ്ടല്ല, സ്വർഗീയമായതു ധരിക്കാനുള്ള ആഗ്രഹംകൊണ്ടാണ്.+ അപ്പോൾ, നശ്വരമായ ഇതിനെ ജീവൻ വിഴുങ്ങിക്കളയുമല്ലോ.+ 5 വരാൻപോകുന്നതിന്റെ ഉറപ്പായി*+ പരിശുദ്ധാത്മാവിനെ* തന്ന ദൈവമാണ്+ ഇതിനുവേണ്ടി ഞങ്ങളെ ഒരുക്കിയത്.
6 അതുകൊണ്ട് ഞങ്ങൾ എപ്പോഴും നല്ല ധൈര്യമുള്ളവരാണ്. അതേസമയം ഞങ്ങളുടെ വീട് ഈ ശരീരത്തിലായിരിക്കുന്നിടത്തോളം ഞങ്ങൾ കർത്താവിൽനിന്ന് അകലെയാണെന്നും ഞങ്ങൾക്ക് അറിയാം.+ 7 കാഴ്ചയാലല്ല വിശ്വാസത്താലാണു ഞങ്ങൾ നടക്കുന്നത്. 8 എങ്കിലും ഞങ്ങൾ നല്ല ധൈര്യത്തോടെ, ഈ ശരീരം വിട്ട് കർത്താവിന്റെകൂടെ താമസിക്കാൻ കാത്തിരിക്കുന്നു. അതാണു ഞങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.+ 9 അതുകൊണ്ട് കർത്താവിന്റെകൂടെ താമസിച്ചാലും കർത്താവിൽനിന്ന് അകലെയായിരുന്നാലും കർത്താവിന്റെ അംഗീകാരമുണ്ടായിരിക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. 10 നമ്മളെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേണ്ടവരാണല്ലോ. ഈ ശരീരത്തിലായിരിക്കുമ്പോൾ ചെയ്ത നന്മയ്ക്കോ തിന്മയ്ക്കോ ഉള്ള പ്രതിഫലം അപ്പോൾ കിട്ടും.+
11 അതുകൊണ്ട് കർത്താവിനെ ഭയപ്പെടണമെന്ന് അറിയാവുന്ന ഞങ്ങൾ ആളുകൾക്കു ബോധ്യം വരുന്ന രീതിയിൽ അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ദൈവത്തിനു ഞങ്ങളെ നന്നായി അറിയാം. അതുപോലെ, നിങ്ങളുടെ മനസ്സാക്ഷിക്കും ഞങ്ങളെ നന്നായി അറിയാമായിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. 12 ഞങ്ങൾ വീണ്ടും നിങ്ങളുടെ മുന്നിൽ ഞങ്ങളെത്തന്നെ പുകഴ്ത്തുകയല്ല, ഞങ്ങളെപ്രതി അഭിമാനിക്കാൻ നിങ്ങൾക്കു കാരണം തരുകയാണ്. അങ്ങനെ, ഹൃദയത്തിലുള്ളതു നോക്കാതെ പുറമേ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ+ വീമ്പിളക്കുന്നവരോട് ഉത്തരം പറയാൻ നിങ്ങൾക്കാകും. 13 ഞങ്ങൾ സുബോധമില്ലാത്തവരായിരുന്നെങ്കിൽ+ അതു ദൈവത്തിനുവേണ്ടിയായിരുന്നു; സുബോധമുള്ളവരാണെങ്കിലോ, അതു നിങ്ങൾക്കുവേണ്ടിയും. 14 ക്രിസ്തുവിന്റെ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്. കാരണം ഒരു മനുഷ്യൻ എല്ലാവർക്കുംവേണ്ടി മരിച്ചെന്നു ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.+ വാസ്തവത്തിൽ, എല്ലാവരും മരിച്ചവരായിരുന്നല്ലോ. 15 അങ്ങനെ, ക്രിസ്തു എല്ലാവർക്കുംവേണ്ടി മരിച്ചതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല,+ തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.
16 അതുകൊണ്ട് ഇനിമുതൽ ഞങ്ങൾ ഒരാളെയും മാനുഷികമായ കാഴ്ചപ്പാടിൽ കാണില്ല.+ മുമ്പ് ഞങ്ങൾ ക്രിസ്തുവിനെ അറിഞ്ഞിരുന്നതു ജഡപ്രകാരമാണെങ്കിലും* ഇപ്പോൾ അങ്ങനെയല്ല.+ 17 അതുകൊണ്ട് ക്രിസ്തുവിനോടു യോജിപ്പിലായവൻ ഒരു പുതിയ സൃഷ്ടിയാണ്.+ പഴയതു കടന്നുപോയി. പക്ഷേ ഇതാ, പുതിയതു വന്നുകഴിഞ്ഞു! 18 എന്നാൽ എല്ലാം ദൈവത്തിൽനിന്നാണ്. ദൈവം ക്രിസ്തുവിലൂടെ ഞങ്ങളെ ദൈവവുമായി അനുരഞ്ജനത്തിലാക്കി+ അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നു.+ 19 ദൈവം ഒരു ലോകത്തെ, അവരുടെ തെറ്റുകൾ കണക്കിലെടുക്കാതെ+ ക്രിസ്തുവിലൂടെ താനുമായി അനുരഞ്ജനത്തിലാക്കുകയാണെന്ന് ആ ശുശ്രൂഷയിലൂടെ ഞങ്ങൾ പ്രഖ്യാപിക്കുന്നു.+ അനുരഞ്ജനത്തിന്റെ ഈ സന്ദേശം ദൈവം ഞങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ്.+
20 അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായ സ്ഥാനപതികളാണ്.+ “ദൈവവുമായി അനുരഞ്ജനപ്പെടൂ” എന്നു ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായി യാചിക്കുന്നു.+ ഇതു ഞങ്ങളിലൂടെ ദൈവംതന്നെ അപേക്ഷിക്കുന്നതുപോലെയാണ്. 21 പാപത്തെ അറിയാത്ത ഒരാളെ+ ദൈവം നമുക്കുവേണ്ടി പാപമാക്കി.* ആ ഒരാളിലൂടെ നമ്മളെ ദൈവമുമ്പാകെ നീതിമാന്മാരാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം.+
6 നിങ്ങളോടു ദൈവം കാണിച്ച അനർഹദയ വെറുതേയായിപ്പോകാൻ ഇടവരുത്തരുതെന്നു+ ദൈവത്തിന്റെ സഹപ്രവർത്തകരായ+ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. 2 “സ്വീകാര്യമായ ഒരു സമയത്ത് ഞാൻ നിനക്കു ചെവി ചായിച്ചു; രക്ഷയുടെ ഒരു ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു”+ എന്നു ദൈവം പറയുന്നുണ്ടല്ലോ. എന്നാൽ ഇപ്പോഴാണ് ഏറെ സ്വീകാര്യമായ സമയം! ഇതാണു ശരിക്കും രക്ഷാദിവസം!
3 ഞങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് ആരും ഒരു കുറ്റവും പറയരുതല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം ആരും ഒരുതരത്തിലും ഇടറിവീഴാതിരിക്കാൻ ഞങ്ങൾ നോക്കുന്നു.+ 4 എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു+ തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. കുറെയേറെ സഹനം, കഷ്ടപ്പാടുകൾ, ഞെരുക്കം, ബുദ്ധിമുട്ടുകൾ,+ 5 തല്ല്, തടവ്,+ കലാപങ്ങൾ, കഠിനാധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, പട്ടിണി,+ 6 ശുദ്ധി, അറിവ്, ക്ഷമ,+ ദയ,+ പരിശുദ്ധാത്മാവ്, കാപട്യമില്ലാത്ത സ്നേഹം,+ 7 സത്യസന്ധമായ സംസാരം, ദൈവശക്തി+ എന്നിവയാലും വലങ്കൈയിലും* ഇടങ്കൈയിലും* ഉള്ള നീതിയുടെ ആയുധങ്ങളാലും,+ 8 മാനത്താലും അപമാനത്താലും, ദുഷ്കീർത്തിയാലും സത്കീർത്തിയാലും ഒക്കെയാണു ഞങ്ങൾ അതു തെളിയിക്കുന്നത്. വഞ്ചിക്കുന്നവരായിട്ടാണു ഞങ്ങളെ കണക്കാക്കുന്നതെങ്കിലും ഞങ്ങൾ സത്യസന്ധരാണ്. 9 ഒട്ടും അറിയപ്പെടാത്തവരായിട്ടാണു ഞങ്ങളെ വീക്ഷിക്കുന്നതെങ്കിലും ഞങ്ങൾ നന്നായി അറിയപ്പെടുന്നവരാണ്. ഞങ്ങൾ മരിച്ചുപോകുമെന്നു* കരുതിയെങ്കിലും ഞങ്ങൾ ഇതാ, ജീവിക്കുന്നു!+ ഞങ്ങൾ ശിക്ഷ അനുഭവിക്കുന്നെങ്കിലും ഇതുവരെ ഞങ്ങളെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തിട്ടില്ല.+ 10 ഞങ്ങൾ ദുഃഖിതരായി കാണപ്പെട്ടാലും എപ്പോഴും സന്തോഷിക്കുന്നു. ദരിദ്രരാണെന്നു തോന്നിയാലും ഒരുപാടു പേരെ സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവരായി കാണപ്പെട്ടാലും എല്ലാമുള്ളവരാണു ഞങ്ങൾ.+
11 കൊരിന്തുകാരേ, ഞങ്ങൾ നിങ്ങളോട് എല്ലാം തുറന്ന് സംസാരിച്ചു. ഞങ്ങൾ ഹൃദയം വിശാലമായി തുറന്നു. 12 നിങ്ങളോടു സ്നേഹം കാണിക്കുന്നതിൽ ഞങ്ങൾ ഒരു പരിധിയും വെച്ചിട്ടില്ല;+ പക്ഷേ ഞങ്ങളോട് ആർദ്രസ്നേഹം കാണിക്കുന്നതിൽ നിങ്ങൾ പരിധി വെച്ചിരിക്കുന്നു. 13 അതുകൊണ്ട് സ്വന്തം മക്കളോടു പറയുന്നതുപോലെ ഞാൻ പറയുകയാണ്: നിങ്ങളും ഹൃദയം വിശാലമായി തുറക്കണം.*+
14 അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീഴിൽ വരരുത്.*+ നീതിയും അധർമവും തമ്മിൽ എന്തു ബന്ധമാണുള്ളത്?+ വെളിച്ചവും ഇരുട്ടും തമ്മിൽ എന്തെങ്കിലും യോജിപ്പുണ്ടോ?+ 15 ക്രിസ്തുവിനും ബലീയാലിനും*+ തമ്മിൽ എന്താണു പൊരുത്തം? വിശ്വാസിയും അവിശ്വാസിയും തമ്മിൽ എന്തിലെങ്കിലും സമാനതയുണ്ടോ?+ 16 ദേവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു ബന്ധം?+ നമ്മൾ ജീവനുള്ള ദൈവത്തിന്റെ ആലയമല്ലേ?+ കാരണം ദൈവം പറഞ്ഞത് ഇതാണ്: “ഞാൻ അവരുടെ ഇടയിൽ താമസിക്കുകയും+ അവരുടെ ഇടയിൽ നടക്കുകയും ചെയ്യും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.”+ 17 “‘അതുകൊണ്ട് അവരുടെ ഇടയിൽനിന്ന് പുറത്ത് കടന്ന് അവരിൽനിന്ന് അകന്നുമാറൂ, അശുദ്ധമായതു തൊടരുത്;’”+ “‘എങ്കിൽ ഞാൻ നിങ്ങളെ സ്വീകരിക്കും’+ എന്ന് യഹോവ* പറയുന്നു.” 18 “‘ഞാൻ നിങ്ങളുടെ പിതാവും+ നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആകും’+ എന്നു സർവശക്തനായ യഹോവ* പറയുന്നു.”
7 അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങൾ+ നമുക്കുള്ളതുകൊണ്ട് ശരീരത്തെയും ചിന്തകളെയും* മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിച്ച്+ ദൈവഭയത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.
2 നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം തരുക.+ ഞങ്ങൾ ആരോടും അന്യായം കാണിച്ചിട്ടില്ല. ആരെയും വഷളാക്കിയിട്ടില്ല. ആരെയും ചൂഷണം ചെയ്തിട്ടുമില്ല.+ 3 നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാൻ ഇതൊക്കെ പറയുന്നത്. ജീവിച്ചാലും മരിച്ചാലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ. 4 എനിക്കു നിങ്ങളോട് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നിങ്ങളെ ഓർത്ത് ഞാൻ വളരെ അഭിമാനിക്കുകയും ചെയ്യുന്നു. എനിക്കു നല്ല ആശ്വാസം തോന്നുന്നു. എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു.+
5 വാസ്തവത്തിൽ മാസിഡോണിയയിൽ+ എത്തിയപ്പോഴും ഞങ്ങൾക്ക്* ഒരു സ്വസ്ഥതയും ഉണ്ടായില്ല. എല്ലാ വിധത്തിലും ബുദ്ധിമുട്ടുകൾ മാത്രം: പുറമേ ഉപദ്രവങ്ങൾ; അകമേ ആശങ്കകൾ. 6 പക്ഷേ മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവം+ തീത്തോസിനെ അയച്ച് ഞങ്ങളെ ആശ്വസിപ്പിച്ചു. 7 തീത്തോസിന്റെ സാമീപ്യം മാത്രമല്ല, നിങ്ങൾ കാരണം തീത്തോസിനുണ്ടായ ആശ്വാസവും എന്നെ ആശ്വസിപ്പിച്ചു. എന്നെ കാണാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെന്നും നിങ്ങൾക്കു കടുത്ത ദുഃഖമുണ്ടെന്നും എന്റെ കാര്യത്തിൽ നിങ്ങൾക്ക് ആത്മാർഥമായ താത്പര്യമുണ്ടെന്നും* തീത്തോസ് ഞങ്ങളോടു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കു കൂടുതൽ സന്തോഷമായി.
8 എന്റെ കത്തിലൂടെ ഞാൻ നിങ്ങളെ കുറച്ച് വിഷമിപ്പിച്ചെങ്കിലും+ എനിക്ക് അതിൽ ഖേദമില്ല. തത്കാലത്തേക്കാണെങ്കിലും, ആ കത്തു നിങ്ങളെ വിഷമിപ്പിച്ചല്ലോ എന്ന് ഓർത്ത് ആദ്യം ഖേദം തോന്നിയെങ്കിലും 9 ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു. നിങ്ങൾ ദുഃഖിച്ചതുകൊണ്ടല്ല, നിങ്ങളുടെ ദുഃഖം നിങ്ങളെ പശ്ചാത്താപത്തിലേക്കു നയിച്ചതുകൊണ്ട്. നിങ്ങൾ ദുഃഖിച്ചതു ദൈവികമായ രീതിയിലാണല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം നിങ്ങൾക്ക് ഒരു ദോഷവും വന്നില്ല. 10 ദൈവികമായ ദുഃഖം, രക്ഷയിലേക്കു നയിക്കുന്ന പശ്ചാത്താപം ഉണ്ടാക്കുന്നു. അതിനെപ്പറ്റി പിന്നെ ഖേദിക്കേണ്ടിവരില്ല.+ എന്നാൽ ലോകപ്രകാരമുള്ള ദുഃഖമാകട്ടെ മരണത്തിലേക്കു നയിക്കുന്നു. 11 ദൈവികമായ ഈ ദുഃഖം നിങ്ങളിൽ എത്രമാത്രം ഉത്സാഹമാണ് ഉണ്ടാക്കിയത്! ശുദ്ധരാകാനുള്ള നിങ്ങളുടെ ആഗ്രഹം! ആ ധാർമികരോഷം! ആ ഭയഭക്തി! ആത്മാർഥമായ നിങ്ങളുടെ ആഗ്രഹം! ആ ആവേശം! തെറ്റിന് എതിരെ നടപടിയെടുക്കാനുള്ള ആ സന്നദ്ധത!+ അങ്ങനെ നിങ്ങൾ ഇക്കാര്യത്തിൽ എല്ലാ വിധത്തിലും നിർമലരാണെന്നു* തെളിയിച്ചിരിക്കുന്നു. 12 തെറ്റു ചെയ്ത ആളെയോ+ തെറ്റിന് ഇരയായ ആളെയോ ഓർത്തല്ല ഞാൻ നിങ്ങൾക്ക് എഴുതിയത്. ഞങ്ങളെ ശ്രദ്ധിക്കാനുള്ള നിങ്ങളുടെ മനസ്സൊരുക്കം ദൈവമുമ്പാകെയും നിങ്ങൾക്കിടയിലും വെളിപ്പെടാൻവേണ്ടിയാണ്. 13 അതു വെളിപ്പെട്ടതുകൊണ്ടാണു ഞങ്ങൾക്ക് ആശ്വാസം തോന്നിയത്.
ഞങ്ങൾക്കുണ്ടായ ഈ ആശ്വാസത്തിനു പുറമേ, തീത്തോസിനുണ്ടായ സന്തോഷം ഞങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചു. കാരണം നിങ്ങൾ എല്ലാവരും തീത്തോസിന്റെ മനസ്സിന്* ഉന്മേഷം പകർന്നു. 14 ഞാൻ തീത്തോസിനോടു നിങ്ങളെക്കുറിച്ച് എന്തെങ്കിലും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് അതിൽ ലജ്ജിക്കേണ്ടിവന്നിട്ടില്ല. ഞങ്ങൾ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നതുപോലെ തീത്തോസിനോടു നിങ്ങളെക്കുറിച്ച് പുകഴ്ത്തിപ്പറഞ്ഞതും സത്യമാണെന്നു തെളിഞ്ഞല്ലോ. 15 നിങ്ങൾ എല്ലാവരും കാണിച്ച അനുസരണത്തെക്കുറിച്ചും+ തീത്തോസിനെ നിങ്ങൾ ഭയത്തോടെയും വിറയലോടെയും സ്വീകരിച്ചതിനെക്കുറിച്ചും തീത്തോസ് ഓർക്കുന്നുണ്ട്. അതുകൊണ്ട് തീത്തോസിനു നിങ്ങളോടുള്ള ആർദ്രപ്രിയം മുമ്പത്തേതിലും കൂടിയിരിക്കുന്നു. 16 ഏതു കാര്യത്തിലും നിങ്ങളെ വിശ്വസിക്കാമല്ലോ എന്ന് ഓർത്ത്* എനിക്കു വളരെ സന്തോഷം തോന്നുന്നു.
8 സഹോദരങ്ങളേ, മാസിഡോണിയയിലെ+ സഭകളോടു ദൈവം കാണിച്ച അനർഹദയയെക്കുറിച്ച് ഞങ്ങൾ നിങ്ങളോടു പറയാം. 2 ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കഠിനപരിശോധന നേരിടുകയായിരുന്നെങ്കിലും നിറഞ്ഞ സന്തോഷത്തോടെ അവർ വലിയ* ഔദാര്യം കാണിച്ചു. കൊടിയ ദാരിദ്ര്യത്തിലായിരുന്നിട്ടുപോലും അങ്ങനെ ചെയ്തുകൊണ്ട് അവർ സമ്പന്നരാണെന്നു തെളിയിച്ചു. 3 അവർ തങ്ങളുടെ കഴിവനുസരിച്ചും+ അതിന് അപ്പുറവും കൊടുത്തു എന്നതിനു ഞാൻ സാക്ഷി.+ 4 വിശുദ്ധർക്കുവേണ്ടിയുള്ള ഈ ദുരിതാശ്വാസശുശ്രൂഷയിൽ+ ഒരു പങ്കുണ്ടായിരിക്കാനുള്ള പദവിക്കുവേണ്ടി അവർ നിറുത്താതെ ഞങ്ങളോടു യാചിച്ചുകൊണ്ടിരുന്നു. മറ്റാരും പറയാതെ അവർതന്നെ മുൻകൈയെടുത്ത് അതു ചെയ്യുകയായിരുന്നു. 5 വാസ്തവത്തിൽ, ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറം അവർ ചെയ്തു. ആദ്യം അവർ കർത്താവിനു തങ്ങളെത്തന്നെ ഏൽപ്പിച്ചു; കൂടാതെ ദൈവേഷ്ടമനുസരിച്ച് ഞങ്ങൾക്കും. 6 അതുകൊണ്ട് തീത്തോസ്+ നിങ്ങൾക്കിടയിൽ തുടങ്ങിവെച്ച ദാനശേഖരണം പൂർത്തിയാക്കാൻ ഞങ്ങൾ തീത്തോസിനോട് ആവശ്യപ്പെട്ടു. 7 വിശ്വാസത്തിലും വചനത്തിലും അറിവിലും തികഞ്ഞ ശുഷ്കാന്തിയിലും ഞങ്ങൾക്കു നിങ്ങളോടുള്ള തരം സ്നേഹത്തിലും നിങ്ങൾ മുന്നിട്ടുനിൽക്കുന്നതുപോലെ, ഈ ദാനധർമത്തിന്റെ കാര്യത്തിലും മുന്നിട്ടുനിൽക്കുക.+
8 ഇത് ഒരു കല്പനയല്ല. ഞാൻ ഇതെല്ലാം പറഞ്ഞതു മറ്റുള്ളവരുടെ ശുഷ്കാന്തി നിങ്ങളെ അറിയിക്കാനും നിങ്ങളുടെ സ്നേഹം എത്ര ആത്മാർഥമാണ് എന്നു പരിശോധിക്കാനും വേണ്ടിയാണ്. 9 നമ്മുടെ കർത്താവായ യേശുക്രിസ്തു കാണിച്ച അനർഹദയയെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ. യേശു സമ്പന്നനായിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായി.+ തന്റെ ദാരിദ്ര്യംകൊണ്ട് നിങ്ങളെ സമ്പന്നരാക്കാൻവേണ്ടിയാണ് യേശു അങ്ങനെ ചെയ്തത്.
10 ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായം ഇതാണ്:+ നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണു ഞാൻ ഇതു പറയുന്നത്. ഒരു വർഷം മുമ്പ് നിങ്ങൾ അതു തുടങ്ങിവെച്ചു. നിങ്ങൾ അത് ഒരുപാട് ആഗ്രഹിച്ചതുമാണ്. 11 അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ കഴിവനുസരിച്ച് കൊടുക്കുക. അങ്ങനെ നിങ്ങൾ തുടങ്ങിവെച്ച അക്കാര്യം തുടക്കത്തിൽ നിങ്ങൾക്കുണ്ടായിരുന്ന അതേ മനസ്സൊരുക്കത്തോടെ ചെയ്തുതീർക്കുക. 12 മനസ്സൊരുക്കമാണു പ്രധാനം. മനസ്സോടെ കൊടുക്കുന്നെങ്കിൽ അതായിരിക്കും ദൈവത്തിനു കൂടുതൽ സ്വീകാര്യം. ഒരാൾ തന്റെ കഴിവിന് അപ്പുറമല്ല, കഴിവനുസരിച്ച് കൊടുക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്.+ 13 നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടു മറ്റുള്ളവർക്കു കാര്യം എളുപ്പമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. 14 നിങ്ങൾക്ക് ഇപ്പോഴുള്ള സമൃദ്ധികൊണ്ട് അവരുടെ കുറവ് നികത്തുകയാണെങ്കിൽ പിന്നീടു നിങ്ങൾക്ക് ഒരു കുറവ് ഉണ്ടാകുമ്പോൾ അവരുടെ സമൃദ്ധികൊണ്ട് അതു നികന്നുകിട്ടും. അങ്ങനെ സമത്വം ഉണ്ടാകണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. 15 “കൂടുതൽ ശേഖരിച്ചയാൾക്കു കൂടുതലായിപ്പോയില്ല, കുറച്ച് ശേഖരിച്ചയാൾക്കു കുറഞ്ഞുംപോയില്ല”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
16 നിങ്ങളെക്കുറിച്ച് ഞങ്ങൾക്കുള്ള അതേ ആത്മാർഥതാത്പര്യം തീത്തോസിന്റെ+ ഹൃദയത്തിലും തോന്നിപ്പിച്ച ദൈവത്തിനു നന്ദി. 17 കാരണം നിങ്ങളുടെ അടുത്തേക്കു വരാൻ ഞങ്ങൾ അഭ്യർഥിച്ചപ്പോൾ തീത്തോസ് അതിനു സമ്മതിച്ചു. വാസ്തവത്തിൽ, നിങ്ങളുടെ അടുത്ത് വരാനുള്ള അതിയായ ആഗ്രഹംകൊണ്ട് തീത്തോസുതന്നെയാണ് അതിനു മുൻകൈയെടുത്തത്. 18 സന്തോഷവാർത്തയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ പേരിൽ എല്ലാ സഭകളിലും പ്രസിദ്ധനായ ഒരു സഹോദരനെയും ഞങ്ങൾ തീത്തോസിന്റെകൂടെ അയയ്ക്കുന്നുണ്ട്. 19 കർത്താവിനു മഹത്ത്വം വരുത്തുന്നതും സഹായിക്കാനുള്ള ഞങ്ങളുടെ മനസ്സൊരുക്കം വെളിപ്പെടുത്തുന്നതും ആയ ഈ കാരുണ്യപ്രവർത്തനത്തിനു ഞങ്ങളുടെകൂടെ പോരാൻ സഭകൾ നിയമിച്ച ആളുംകൂടെയാണ് ആ സഹോദരൻ. 20 അതുവഴി ഈ സംഭാവന കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ആർക്കും ഞങ്ങൾ ഇടകൊടുക്കാതിരിക്കുന്നു.+ 21 ഞങ്ങൾ, ‘യഹോവയുടെ* മുന്നിൽ മാത്രമല്ല, മനുഷ്യരുടെ മുന്നിലും എല്ലാം സത്യസന്ധമായി ചെയ്യാൻ ശ്രദ്ധിക്കുന്നു.’+
22 വളരെ ഉത്സാഹിയാണെന്നു പലപ്പോഴും പല കാര്യങ്ങളിലും ഞങ്ങൾ പരീക്ഷിച്ചറിഞ്ഞിട്ടുള്ള ഒരു സഹോദരനെയും അവരുടെകൂടെ അയയ്ക്കുന്നുണ്ട്. നിങ്ങളെക്കുറിച്ച് നല്ല ഉറപ്പുള്ളതുകൊണ്ട് ആ സഹോദരൻ ഇപ്പോൾ കൂടുതൽ ഉത്സാഹിയാണ്. 23 തീത്തോസിനെപ്പറ്റി ഇനി വല്ലതും അറിയണമെന്നുണ്ടെങ്കിൽ,* തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ എന്റെ സഹപ്രവർത്തകനും ആണ്. മറ്റു സഹോദരന്മാരെപ്പറ്റി ചോദ്യങ്ങളുണ്ടെങ്കിൽ ഞാൻ പറയട്ടെ, അവർ സഭകളുടെ അപ്പോസ്തലന്മാരും ക്രിസ്തുവിന്റെ മഹത്ത്വവും ആണ്. 24 അതുകൊണ്ട് നിങ്ങൾക്ക് ആത്മാർഥസ്നേഹമുണ്ടെന്ന് അവർക്കു കാണിച്ചുകൊടുക്കുക.+ നിങ്ങളെക്കുറിച്ച് ഞങ്ങൾ പുകഴ്ത്തിപ്പറഞ്ഞത് എന്തുകൊണ്ടാണെന്നു സഭകൾ മനസ്സിലാക്കട്ടെ.
9 വിശുദ്ധർക്കുവേണ്ടിയുള്ള ഈ ശുശ്രൂഷയെക്കുറിച്ച്+ ഞാൻ നിങ്ങൾക്ക് എഴുതേണ്ട കാര്യമേ ഇല്ല. 2 സഹായിക്കാനുള്ള നിങ്ങളുടെ മനസ്സൊരുക്കത്തെക്കുറിച്ച് എനിക്ക് അറിയാം. ‘കഴിഞ്ഞ ഒരു വർഷമായി അഖായക്കാർ ഒരുങ്ങിയിരിക്കുകയാണ്’ എന്നു നിങ്ങളെപ്പറ്റി ഞാൻ മാസിഡോണിയക്കാരോടു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഉത്സാഹം അവരിൽ മിക്കവർക്കും ഒരു പ്രചോദനമായി. 3 ഇക്കാര്യത്തിൽ നിങ്ങളെക്കുറിച്ച് ഞങ്ങൾ പുകഴ്ത്തിപ്പറഞ്ഞതു വെറുതേയല്ലെന്നു വരാനും നിങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞതുപോലെതന്നെ നിങ്ങൾ ശരിക്കും ഒരുങ്ങിയിരിക്കാനും വേണ്ടിയാണു ഞാൻ ഈ സഹോദരന്മാരെ അയയ്ക്കുന്നത്. 4 അല്ലെങ്കിൽ ഒരുപക്ഷേ, മാസിഡോണിയക്കാർ എന്റെകൂടെ വന്നിട്ട് നിങ്ങളെ ഒരുങ്ങിയിരിക്കാത്തവരായി കണ്ടാൽ നിങ്ങളെ വിശ്വസിച്ചതിന്റെ പേരിൽ ഞങ്ങൾ നാണംകെട്ടുപോകും. നിങ്ങളുടെ കാര്യമൊട്ടു പറയുകയും വേണ്ടാ. 5 അതുകൊണ്ടാണ് നിങ്ങൾ വാഗ്ദാനം ചെയ്ത ഉദാരമായ സംഭാവന മുൻകൂട്ടി ഒരുക്കിവെക്കണമെന്നു നിങ്ങളോട് ആവശ്യപ്പെടാൻവേണ്ടി ഈ സഹോദരന്മാരെ നേരത്തേതന്നെ അവിടേക്ക് അയയ്ക്കാൻ എനിക്കു തോന്നിയത്. അങ്ങനെയാകുമ്പോൾ, അതു ഞങ്ങൾ പിടിച്ചുവാങ്ങിയ ഒന്നായിട്ടല്ല, ഉദാരമായ സംഭാവനയായിത്തന്നെ ഇരിക്കുമല്ലോ.
6 എന്നാൽ ഇത് ഓർത്തുകൊള്ളൂ: കുറച്ച് വിതയ്ക്കുന്നവർ കുറച്ച് മാത്രമേ കൊയ്യൂ; ധാരാളം വിതയ്ക്കുന്നവരോ ധാരാളം കൊയ്യും.+ 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ* നിർബന്ധത്താലോ അരുത്.+ സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.+
8 മാത്രമല്ല, തന്റെ അനർഹദയ മുഴുവൻ നിങ്ങളുടെ മേൽ ധാരാളമായി ചൊരിയാൻ ദൈവത്തിനു കഴിയും. അങ്ങനെ, ആവശ്യമുള്ളതെല്ലാം നിങ്ങൾക്ക് എപ്പോഴുമുണ്ടാകും. ഒപ്പം, നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടതും സമൃദ്ധമായുണ്ടാകും.+ 9 (“അവൻ വാരിക്കോരി* കൊടുത്തു. ദരിദ്രർക്കു ദാനം ചെയ്തു. അവൻ എന്നെന്നും നീതിനിഷ്ഠൻ”+ എന്നാണല്ലോ എഴുതിയിട്ടുള്ളത്. 10 വിതക്കാരനു വിത്തും കഴിക്കാൻ അപ്പവും സമൃദ്ധമായി കൊടുക്കുന്ന ദൈവം നിങ്ങൾക്കും വിതയ്ക്കാൻ വിത്തു തരും. ദൈവം അതു ധാരാളമായിത്തന്നെ തരും. നിങ്ങൾ സമൃദ്ധമായി നീതി കൊയ്യാൻ ദൈവം ഇടയാക്കും.) 11 നിങ്ങൾ എല്ലാ വിധത്തിലും ഉദാരമനസ്കരായിരിക്കാൻവേണ്ടിയാണു ദൈവം എല്ലാത്തിലും നിങ്ങളെ അനുഗ്രഹിക്കുന്നത്. അങ്ങനെ ഞങ്ങളിലൂടെ വിതരണം ചെയ്യുന്ന നിങ്ങളുടെ ഔദാര്യദാനത്തെപ്രതി ആളുകൾ ദൈവത്തിനു നന്ദി പറയും. 12 പൊതുജനസേവനമായി നിങ്ങൾ ചെയ്യുന്ന ഈ ശുശ്രൂഷ വിശുദ്ധരുടെ ആവശ്യങ്ങൾ നന്നായി നിറവേറ്റാൻ ഉപകരിക്കുമെന്നു+ മാത്രമല്ല, അനേകമാളുകൾ ദൈവത്തോടു നന്ദി പറയാനും അവസരമൊരുക്കും. 13 ഈ ദുരിതാശ്വാസശുശ്രൂഷയിലൂടെ വ്യക്തമാകുന്ന നിങ്ങളുടെ സന്മനസ്സു കണ്ടിട്ട് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു. കാരണം നിങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതുപോലെതന്നെ നിങ്ങൾ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കു കീഴ്പെട്ടിരിക്കുകയും അവർക്കും മറ്റെല്ലാവർക്കും വേണ്ടി ഉദാരമായി സംഭാവന കൊടുക്കുകയും ചെയ്യുന്നല്ലോ.+ 14 ദൈവം നിങ്ങളോട് അളവറ്റ അനർഹദയ കാണിച്ചതുകൊണ്ട് അവർ നിങ്ങളെ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ അവർ നിങ്ങൾക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കുന്നു.
15 വാക്കുകൾകൊണ്ട് വർണിക്കാനാകാത്ത സൗജന്യമായ ഈ സമ്മാനത്തിനായി ദൈവത്തിനു നന്ദി.
10 നേരിൽ കാണുമ്പോൾ നിസ്സാരനെന്നും+ അകലെയായിരിക്കുമ്പോൾ തന്റേടമുള്ളവനെന്നും+ നിങ്ങൾ കരുതുന്ന പൗലോസ് എന്ന ഞാൻ ക്രിസ്തുവിന്റേതുപോലുള്ള സൗമ്യതയോടെയും ദയയോടെയും+ നിങ്ങളോട് അപേക്ഷിക്കുന്നു. 2 ഞങ്ങൾ ജഡപ്രകാരം* ജീവിക്കുന്നു എന്നു ചിന്തിക്കുന്ന ചിലർ അവിടെയുണ്ടല്ലോ. ഞാൻ വരുമ്പോൾ തന്റേടത്തോടെ അവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരുമെന്നാണു കരുതുന്നത്. പക്ഷേ അങ്ങനെയൊന്നും ഉണ്ടാകാൻ ഇടവരുത്തരുതെന്നാണ് എന്റെ അഭ്യർഥന. 3 ഞങ്ങൾ ജഡത്തിലാണു ജീവിക്കുന്നതെങ്കിലും ജഡപ്രകാരമല്ല പോരാടുന്നത്. 4 പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല,+ പകരം കോട്ടകളെപ്പോലും തകർത്തുകളയാൻമാത്രം ശക്തിയുള്ള ദൈവികമായ ആയുധങ്ങളാണ്.+ 5 ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും, എല്ലാ വൻപ്രതിബന്ധങ്ങളെയും ഞങ്ങൾ ഇടിച്ചുകളയുന്നു.+ സകല ചിന്താഗതികളെയും കീഴടക്കി അവയെ ക്രിസ്തുവിനോട് അനുസരണമുള്ളതാക്കാനാണു ഞങ്ങൾ നോക്കുന്നത്. 6 നിങ്ങൾ എല്ലാ കാര്യത്തിലും അനുസരണമുള്ളവരാണെന്നു തെളിഞ്ഞാൽ ഉടൻതന്നെ, നിങ്ങൾക്കിടയിലെ ഓരോ അനുസരണക്കേടിനും ശിക്ഷ തരാൻ ഞങ്ങൾ തയ്യാറെടുത്തിരിക്കുകയാണ്.+
7 പുറമേ കാണുന്നതുവെച്ചാണു നിങ്ങൾ കാര്യങ്ങളെ വിലയിരുത്തുന്നത്. താൻ ക്രിസ്തുവിനുള്ളവനാണെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ അയാൾ ഒരു കാര്യം മറക്കരുത്: അയാളെപ്പോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണ്. 8 കർത്താവ് ഞങ്ങൾക്കു തന്നിരിക്കുന്ന അധികാരം നിങ്ങളെ പണിതുയർത്താനാണ്, തകർത്തുകളയാനല്ല.+ ആ അധികാരത്തെക്കുറിച്ച് ഞാൻ കുറച്ച് അധികം വീമ്പിളക്കിയാൽ അതു ന്യായമാണുതാനും. 9 എന്റെ കത്തുകളിലൂടെ ഞാൻ നിങ്ങളെ പേടിപ്പിക്കുകയാണെന്നു നിങ്ങൾ വിചാരിക്കാതിരിക്കാനാണ് ഇതു പറയുന്നത്. 10 “അയാളുടെ കത്തുകൾക്ക് എന്തൊരു ഗാംഭീര്യവും ശക്തിയും ആണ്! പക്ഷേ നേരിൽ കാണുമ്പോൾ അയാൾ ദുർബലനും അയാളുടെ സംസാരം കഴമ്പില്ലാത്തതും ആണ്” എന്നു ചിലർ പറയുന്നുണ്ടല്ലോ. 11 അങ്ങനെ ചിന്തിക്കുന്നവർ ഇതു മനസ്സിലാക്കിക്കൊള്ളുക: അകലെയായിരിക്കുമ്പോൾ കത്തുകളിലൂടെ ഞങ്ങൾ പറയുന്നത് എന്താണോ, അതുതന്നെയായിരിക്കും* അവിടെ വരുമ്പോൾ ചെയ്യുന്നതും.*+ 12 സ്വയം പുകഴ്ത്തുന്ന ചിലരെപ്പോലെയാകാനോ അവരുമായി ഞങ്ങളെ താരതമ്യം ചെയ്യാനോ ഞങ്ങൾ മുതിരുന്നില്ല.+ അത്തരക്കാർ അവരെവെച്ചുതന്നെ അവരെ അളക്കുകയും തങ്ങളുമായിത്തന്നെ തങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. അവർക്കു വകതിരിവില്ല.+
13 ഞങ്ങൾക്കു നിയമിച്ചുതന്നിട്ടുള്ള* പ്രദേശത്തിന്റെ അതിരുകൾക്കുള്ളിൽ ചെയ്തിട്ടുള്ളതിനെക്കുറിച്ച് മാത്രമേ ഞങ്ങൾ വീമ്പിളക്കൂ. ആ അതിരിന് അപ്പുറത്തുള്ളതിനെക്കുറിച്ച് ഞങ്ങൾ വീമ്പിളക്കില്ല. ആ അതിരിന് ഉള്ളിലാണു നിങ്ങൾ.+ 14 ആയാസപ്പെട്ട് കൈയെത്തിപ്പിടിക്കാൻ നിങ്ങൾ ഞങ്ങളുടെ അതിർത്തിക്ക് അപ്പുറത്തല്ലല്ലോ. ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിച്ചുകൊണ്ട് നിങ്ങളുടെ അടുത്തേക്ക് ആദ്യം വന്നതുതന്നെ ഞങ്ങളല്ലേ?+ 15 ഞങ്ങൾക്കു നിയമിച്ചുതന്ന അതിരിനു വെളിയിൽ മറ്റൊരാൾ അധ്വാനിച്ചുണ്ടാക്കിയതിനെക്കുറിച്ചല്ല ഞങ്ങൾ വീമ്പിളക്കുന്നത്. നിങ്ങളുടെ വിശ്വാസം വർധിക്കുന്നതനുസരിച്ച് ഞങ്ങളുടെ അതിർത്തിക്കുള്ളിൽ ഞങ്ങൾ ചെയ്തതിനു വലിയ വളർച്ച ഉണ്ടാകുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനമണ്ഡലം കുറച്ചുകൂടെ വിശാലമാക്കും. 16 നിങ്ങളുടേതിന് അപ്പുറത്തുള്ള നാടുകളിലും സന്തോഷവാർത്തയുമായി ഞങ്ങൾ കടന്നുചെല്ലും. കാരണം മറ്റൊരാളുടെ പ്രദേശത്ത് അതിനോടകം ഉണ്ടായ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. 17 “വീമ്പിളക്കുന്നവൻ യഹോവയിൽ* വീമ്പിളക്കട്ടെ.”+ 18 കാരണം സ്വയം പുകഴ്ത്തുന്നവനല്ല,+ യഹോവ* പുകഴ്ത്തുന്നവനാണ് അംഗീകാരം കിട്ടുന്നത്.+
11 ഇടയ്ക്കു ഞാൻ വല്ല വിഡ്ഢിത്തം പറഞ്ഞാലും നിങ്ങൾ സഹിക്കുമെന്നു ഞാൻ വിചാരിക്കുന്നു. വാസ്തവത്തിൽ, നിങ്ങൾ ഇപ്പോൾത്തന്നെ എന്നെ സഹിക്കുന്നുണ്ടല്ലോ! 2 നിങ്ങളുടെ കാര്യത്തിൽ ഞാൻ ദൈവികമായ എരിവോടെ* എരിയുന്നു. കാരണം ക്രിസ്തു എന്ന ഏകഭർത്താവിന്റെ കൈയിൽ നിങ്ങളെ ഒരു നിർമലകന്യകയായി* ഏൽപ്പിക്കാൻ ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം നടത്തിയതു ഞാനാണ്.+ 3 പക്ഷേ സർപ്പം കൗശലം പ്രയോഗിച്ച്+ ഹവ്വയെ വശീകരിച്ചതുപോലെ ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ മനസ്സു ക്രിസ്തു അർഹിക്കുന്ന ആത്മാർഥതയും നിർമലതയും* വിട്ട് വഷളായിപ്പോകുമോ എന്നു ഞാൻ പേടിക്കുന്നു.+ 4 കാരണം, ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ ഒരു യേശുവിനെക്കുറിച്ച് ആരെങ്കിലും വന്ന് പ്രസംഗിക്കുകയോ നിങ്ങൾക്കു കിട്ടിയതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങൾക്കു കിട്ടുകയോ നിങ്ങൾ സ്വീകരിച്ചതല്ലാത്ത മറ്റൊരു സന്തോഷവാർത്ത നിങ്ങൾ കേൾക്കുകയോ ചെയ്യുമ്പോൾ+ നിങ്ങൾ വേഗം അതിനോട് ഇണങ്ങിച്ചേരുന്നല്ലോ. 5 നിങ്ങൾക്കിടയിലെ അതികേമന്മാരായ അപ്പോസ്തലന്മാരെക്കാൾ ഞാൻ ഒട്ടും താഴെയല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.+ 6 എനിക്കു വാക്സാമർഥ്യമില്ലെങ്കിലും+ അറിവിന്റെ കാര്യത്തിൽ അങ്ങനെയല്ല. അതു ഞങ്ങൾ എല്ലാ വിധത്തിലും എല്ലാ കാര്യങ്ങളിലും നിങ്ങൾക്കു തെളിയിച്ചുതന്നിട്ടുമുണ്ട്.
7 പ്രതിഫലമൊന്നും വാങ്ങിക്കാതെ ഞാൻ സന്തോഷത്തോടെ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.+ അതെ, നിങ്ങളെ ഉയർത്താൻവേണ്ടി ഞാൻ എന്നെത്തന്നെ താഴ്ത്തി. അതാണോ ഞാൻ ചെയ്ത തെറ്റ്? 8 നിങ്ങൾക്കു ശുശ്രൂഷ ചെയ്യാൻ മറ്റു സഭകളിൽനിന്ന് സഹായം സ്വീകരിച്ചുകൊണ്ട് ഞാൻ അവരുടെ വസ്തുക്കൾ അപഹരിച്ചു.+ 9 എങ്കിലും നിങ്ങളുടെകൂടെയായിരുന്ന സമയത്ത് എനിക്കു പെട്ടെന്ന് ഒരു ആവശ്യം വന്നപ്പോൾ നിങ്ങൾക്ക് ആർക്കും ഞാൻ ഒരു ഭാരമായില്ല. മാസിഡോണിയയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങളൊക്കെ നിറവേറ്റിത്തന്നത്.+ ഒരുതരത്തിലും നിങ്ങൾക്കൊരു ഭാരമാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇനിയും അങ്ങനെതന്നെ ചെയ്യും.+ 10 എന്നിലുള്ള ക്രിസ്തുവിന്റെ സത്യമാണെ, അഖായപ്രദേശങ്ങളിൽ ഇങ്ങനെ വീമ്പിളക്കുന്നതു ഞാൻ നിറുത്തില്ല.+ 11 എന്തുകൊണ്ട്? നിങ്ങളോടു സ്നേഹമില്ലാത്തതുകൊണ്ടാണോ? എനിക്കു നിങ്ങളോടു സ്നേഹമുണ്ടെന്നു ദൈവത്തിന് അറിയാം.
12 പക്ഷേ ഞാൻ ഈ ചെയ്യുന്നത് ഇനിയും ചെയ്യും.+ അങ്ങനെ, ഞങ്ങൾക്കു തുല്യരാണെന്നു വരുത്തിത്തീർക്കാൻവേണ്ടി വീമ്പിളക്കി നടക്കുന്നവരുടെ* നാട്യം ഞാൻ ഇല്ലാതാക്കും. 13 കാരണം അങ്ങനെയുള്ളവർ ക്രിസ്തുവിന്റെ അപ്പോസ്തലന്മാരായി ആൾമാറാട്ടം നടത്തുന്ന കള്ളയപ്പോസ്തലന്മാരും വഞ്ചകരും ആണ്.+ 14 അതിൽ അത്ഭുതപ്പെടാനില്ല. കാരണം സാത്താൻപോലും വെളിച്ചദൂതനായി ആൾമാറാട്ടം നടത്തുന്നില്ലേ?+ 15 അപ്പോൾ സാത്താന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി ആൾമാറാട്ടം നടത്തുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? പക്ഷേ അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും.+
16 ഞാൻ വീണ്ടും പറയട്ടെ: ഞാൻ ഒരു വിഡ്ഢിയാണെന്ന് ആരും കരുതരുത്. അഥവാ അങ്ങനെ കരുതുന്നെങ്കിൽത്തന്നെ, ഒരു വിഡ്ഢിയായി കണ്ട് എന്നെ സഹിച്ചുകൊള്ളൂ. അങ്ങനെയെങ്കിലും എനിക്ക് അൽപ്പം വീമ്പിളക്കാമല്ലോ. 17 ഞാൻ ഈ സംസാരിക്കുന്നതു കർത്താവ് വെച്ച മാതൃകയ്ക്കു ചേർച്ചയിലല്ല. പകരം അതിരുകവിഞ്ഞ ആത്മവിശ്വാസത്തോടെ വീമ്പിളക്കുന്ന ഒരു വിഡ്ഢിയെപ്പോലെയാണ്. 18 പലരും ജഡികമായ* കാര്യങ്ങളുടെ പേരിൽ* വീമ്പിളക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഞാനും അങ്ങനെ ചെയ്യും. 19 എന്തായാലും നിങ്ങൾ വലിയ ‘ബുദ്ധിമാന്മാർ’ ആയതുകൊണ്ട് വിഡ്ഢികളെ സന്തോഷത്തോടെ സഹിക്കാൻ പറ്റുമല്ലോ. 20 ആരെങ്കിലും നിങ്ങളെ അടിമയാക്കിയാലും, നിങ്ങളുടെ വസ്തുവകകൾ വിഴുങ്ങിക്കളഞ്ഞാലും, നിങ്ങൾക്കുള്ളതു പിടിച്ചുപറിച്ചാലും, നിങ്ങളെക്കാൾ കേമന്മാരായി ഭാവിച്ചാലും, നിങ്ങളുടെ മുഖത്ത് അടിച്ചാലും അതെല്ലാം സഹിക്കുന്നവരാണല്ലോ നിങ്ങൾ.
21 ഞങ്ങൾ ദുർബലരാണെന്നു നിങ്ങൾക്കു തോന്നിയേക്കാം എന്നതുകൊണ്ട്, ഞാൻ ഇതൊക്കെ പറയുന്നതു ഞങ്ങൾക്കു നാണക്കേടാണെന്നു ഞാൻ സമ്മതിക്കുന്നു.
ഒരു വിഡ്ഢിയെപ്പോലെ ഞാൻ പറയട്ടെ. മറ്റുള്ളവർ തന്റേടം കാണിക്കുന്നെങ്കിൽ ഞാനും തന്റേടം കാണിക്കും. 22 അവർ എബ്രായരാണോ? ഞാനും അതെ.+ അവർ ഇസ്രായേല്യരാണോ? ഞാനും അതെ. അവർ അബ്രാഹാമിന്റെ സന്തതിയാണോ? ഞാനും അതെ.+ 23 അവർ ക്രിസ്തുവിന്റെ ശുശ്രൂഷകരാണോ? ഒരു ഭ്രാന്തനെപ്പോലെ ഞാൻ പറയട്ടെ, ഞാൻ അവരെക്കാൾ മികച്ചവനാണ്. കാരണം ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു.+ കൂടുതൽ പ്രാവശ്യം തടവിലായി.+ കണക്കില്ലാതെ തല്ലു കൊണ്ടു. പലവട്ടം മരണത്തെ മുഖാമുഖം കണ്ടു.+ 24 എനിക്കു ജൂതന്മാരിൽനിന്ന് ഒന്നു കുറച്ച് 40 അടി,* അഞ്ചു പ്രാവശ്യം കൊള്ളേണ്ടിവന്നു.+ 25 മൂന്നു തവണ എനിക്കു വടികൊണ്ട് അടി കിട്ടി.+ ഒരിക്കൽ ആളുകൾ എന്നെ കല്ലെറിഞ്ഞു.+ മൂന്നു തവണ കപ്പലപകടത്തിൽപ്പെട്ടു.+ ഒരു രാത്രിയും പകലും പുറങ്കടലിൽ ഒഴുകിനടന്നു. 26 ഞാൻ വിശ്രമമില്ലാതെ യാത്ര ചെയ്തു. നദികളിലെ ആപത്ത്, കവർച്ചക്കാരിൽനിന്നുള്ള ആപത്ത്, സ്വന്തം ജനത്തിൽനിന്നുള്ള ആപത്ത്,+ മറ്റു ജനതകളിൽനിന്നുള്ള ആപത്ത്,+ നഗരത്തിലെ ആപത്ത്,+ മരുഭൂമിയിലെ* ആപത്ത്, കടലിലെ ആപത്ത്, കള്ളസഹോദരന്മാരിൽനിന്നുള്ള ആപത്ത് എന്നിവയ്ക്കെല്ലാം ഞാൻ ഇരയായി. 27 ഞാൻ അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്തു. പലപ്പോഴും ഉറക്കമിളച്ചു.+ വിശപ്പും ദാഹവും സഹിച്ചു.+ പലവട്ടം പട്ടിണി കിടന്നു.+ കൊടുംതണുപ്പിലും നഗ്നതയിലും കഴിഞ്ഞു.
28 പുറമേയുള്ള ഇവയെല്ലാം കൂടാതെ, എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും ഓരോ ദിവസവും എന്നെ അലട്ടുന്നു.+ 29 ആരു ബലഹീനനായപ്പോഴാണു ഞാൻ ബലഹീനനാകാതിരുന്നത്? ആര് ഇടറിവീണപ്പോഴാണ് എനിക്കു ധാർമികരോഷം തോന്നാതിരുന്നത്?
30 ഞാൻ വീമ്പിളക്കുന്നെങ്കിൽ എന്റെ ബലഹീനത വെളിവാക്കുന്ന കാര്യങ്ങളെക്കുറിച്ചായിരിക്കും വീമ്പിളക്കുക. 31 കർത്താവായ യേശുവിന്റെ ദൈവവും പിതാവും ആയവന്, എന്നെന്നും സ്തുതിക്കപ്പെടേണ്ടവന്, ഞാൻ പറയുന്നതു നുണയല്ല എന്ന് അറിയാം. 32 ദമസ്കൊസിൽവെച്ച് അരേത രാജാവിന്റെ കീഴിലുള്ള ഗവർണർ എന്നെ പിടിക്കാൻവേണ്ടി ആ നഗരത്തിനു കാവൽ ഏർപ്പെടുത്തി. 33 പക്ഷേ എന്നെ ഒരു കൊട്ടയിലാക്കി* നഗരമതിലിലെ ജനലിലൂടെ ഇറക്കിവിട്ടതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.+
12 വീമ്പിളക്കുന്നതുകൊണ്ട് നേട്ടമില്ലെങ്കിലും എനിക്കു വീമ്പിളക്കേണ്ടിവരുന്നു. കർത്താവിൽനിന്നുള്ള ദർശനങ്ങളിലേക്കും+ വെളിപാടുകളിലേക്കും ഞാൻ കടക്കട്ടെ.+ 2 ക്രിസ്തുവിനോടു യോജിപ്പിലുള്ള ഒരു മനുഷ്യനെ എനിക്ക് അറിയാം. 14 വർഷം മുമ്പ് അയാൾ പെട്ടെന്നു മൂന്നാം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിയില്ല, പക്ഷേ ദൈവത്തിന് അറിയാം. 3 അതെ, അങ്ങനെ ഒരു മനുഷ്യനെ എനിക്ക് അറിയാം. പക്ഷേ ശരീരത്തോടെയാണോ ശരീരം കൂടാതെയാണോ എടുക്കപ്പെട്ടത് എന്ന് എനിക്ക് അറിയില്ല, പക്ഷേ ദൈവത്തിന് അറിയാം. 4 ആ മനുഷ്യൻ പറുദീസയിലേക്ക് എടുക്കപ്പെട്ടു. പറഞ്ഞുകൂടാത്തതും മനുഷ്യർക്കു പറയാൻ അനുവാദമില്ലാത്തതും ആയ വാക്കുകൾ അയാൾ കേട്ടു. 5 ആ മനുഷ്യനെക്കുറിച്ച് ഞാൻ അഭിമാനത്തോടെ സംസാരിക്കും. പക്ഷേ എന്നെക്കുറിച്ച് എന്റെ ബലഹീനതകളെപ്പറ്റിയല്ലാതെ ഞാൻ വീമ്പിളക്കില്ല. 6 അഥവാ, ഞാൻ വീമ്പിളക്കാൻ മുതിർന്നാൽത്തന്നെ ഞാൻ പറയുന്നതു വിഡ്ഢിത്തമാകില്ല. കാരണം ഞാൻ സത്യമേ പറയൂ. എങ്കിലും എന്നിൽ കാണുകയോ എന്നിൽനിന്ന് കേൾക്കുകയോ ചെയ്യുന്നതിന് അപ്പുറമുള്ള എന്തിന്റെയെങ്കിലും പേരിൽ ആരും എനിക്കു ബഹുമതി തരാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് ഞാൻ വീമ്പിളക്കില്ല. 7 എനിക്ക് ഇങ്ങനെയുള്ള അസാധാരണമായ വെളിപാടുകൾ കിട്ടുന്നല്ലോ എന്ന് ഓർത്ത് ആളുകൾ എനിക്കു ബഹുമതി തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ വല്ലാതെ അഹങ്കരിച്ചുപോകാതിരിക്കാൻ എന്റെ ജഡത്തിൽ* ഒരു മുള്ളു വെച്ചിരിക്കുന്നു.+ ഞാൻ നിഗളിക്കാതിരിക്കാൻ എന്നെ വീണ്ടുംവീണ്ടും അടിക്കാനുള്ള സാത്താന്റെ ഒരു ദൂതനാണ് അത്. 8 ഈ മുള്ള് എന്നിൽനിന്ന് നീക്കിക്കളയാൻവേണ്ടി ഞാൻ മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു. 9 പക്ഷേ കർത്താവ് എന്നോടു പറഞ്ഞു: “എന്റെ അനർഹദയ മതി നിനക്ക്. കാരണം ബലഹീനതയിലാണ് എന്റെ ശക്തി പൂർണമാകുന്നത്.”+ അതുകൊണ്ട് ക്രിസ്തുവിന്റെ ശക്തി എന്റെ മീതെ ഒരു കൂടാരംപോലെ നിൽക്കാൻവേണ്ടി ഞാൻ ഏറ്റവും സന്തോഷത്തോടെ എന്റെ ബലഹീനതകളെപ്പറ്റി വീമ്പിളക്കും. 10 ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കമുള്ള സാഹചര്യങ്ങൾ, ഉപദ്രവങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവ സഹിക്കുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ. കാരണം ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമാണ്.+
11 ഞാൻ വിഡ്ഢിയായിരിക്കുന്നു. നിങ്ങളാണ് എന്നെ അങ്ങനെയാക്കിയത്. വാസ്തവത്തിൽ, നിങ്ങൾ എന്നെക്കുറിച്ച് പുകഴ്ത്തിപ്പറയേണ്ടിയിരുന്നതാണ്. കാരണം, ഞാൻ തീരെ നിസ്സാരനാണെങ്കിലും നിങ്ങളുടെ അതികേമന്മാരായ അപ്പോസ്തലന്മാരെക്കാൾ ഒരു കാര്യത്തിലും ഒട്ടും കുറഞ്ഞവനല്ല.+ 12 വാസ്തവത്തിൽ എന്റെ വലിയ സഹനത്തിലൂടെയും,+ നിങ്ങൾ കണ്ട അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വിസ്മയപ്രവൃത്തികളിലൂടെയും+ ഞാൻ ഒരു അപ്പോസ്തലനാണ് എന്നതിന്റെ തെളിവുകൾ നിങ്ങൾക്കു വെളിപ്പെട്ടതാണല്ലോ. 13 ഞാൻ നിങ്ങൾക്ക് ഒരു ഭാരമായില്ല+ എന്നതൊഴിച്ചാൽ ഏതു കാര്യത്തിലാണു നിങ്ങൾക്കു മറ്റു സഭകളെക്കാൾ കുറവ് വന്നിട്ടുള്ളത്? ദയവുചെയ്ത് ആ തെറ്റ് എന്നോടു ക്ഷമിച്ചാലും.
14 ഇതു മൂന്നാം പ്രാവശ്യമാണു നിങ്ങളെ വന്ന് കാണാൻ ഞാൻ ഒരുങ്ങുന്നത്. ഞാൻ നിങ്ങൾക്ക് ഒരു ഭാരമാകില്ല. എനിക്കു വേണ്ടത് നിങ്ങളുടെ വസ്തുവകകളല്ല,+ നിങ്ങളെയാണ്. കാരണം മക്കൾ+ അമ്മയപ്പന്മാർക്കുവേണ്ടിയല്ല, അമ്മയപ്പന്മാർ മക്കൾക്കുവേണ്ടിയാണല്ലോ സമ്പാദിച്ചുവെക്കേണ്ടത്. 15 അതുകൊണ്ട് ഞാൻ ഏറ്റവും സന്തോഷത്തോടെ എനിക്കുള്ളതും എന്നെത്തന്നെയും നിങ്ങൾക്കുവേണ്ടി തരും.+ ഞാൻ നിങ്ങളെ ഇത്രയധികം സ്നേഹിക്കുമ്പോൾ നിങ്ങൾ എന്നെ ഇത്ര കുറച്ചാണോ സ്നേഹിക്കേണ്ടത്? 16 അത് എന്തുമാകട്ടെ, ഞാൻ നിങ്ങളെ ഭാരപ്പെടുത്തിയിട്ടില്ല.+ എന്നിട്ടും ഞാൻ “സൂത്രക്കാരൻ” ആണെന്നും ഞാൻ നിങ്ങളെ “തന്ത്രപൂർവം” വശത്താക്കിയെന്നും നിങ്ങൾ പറയുന്നു. 17 നിങ്ങളുടെ അടുത്തേക്ക് അയച്ച ആരെയെങ്കിലും ഉപയോഗിച്ച് ഞാൻ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടോ? 18 നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ തീത്തോസിനോട് അഭ്യർഥിച്ചു. കൂടെ ഒരു സഹോദരനെയും പറഞ്ഞയച്ചു. തീത്തോസ് നിങ്ങളെ ചൂഷണം ചെയ്തോ?+ ഞങ്ങൾക്ക് ഒരേ മനോഭാവമായിരുന്നില്ലേ?* ഒരേ പാതയല്ലേ ഞങ്ങൾ പിന്തുടർന്നത്?
19 ഞങ്ങൾ നിങ്ങളുടെ മുന്നിൽ സ്വയം ന്യായീകരിക്കുകയാണെന്നാണോ നിങ്ങൾ ഇപ്പോഴും വിചാരിക്കുന്നത്? ക്രിസ്തുവിനോടു യോജിപ്പിലായവരെന്ന നിലയിൽ ദൈവസന്നിധിയിലാണു ഞങ്ങൾ സംസാരിക്കുന്നത്. പ്രിയപ്പെട്ടവരേ, ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതു നിങ്ങളെ ബലപ്പെടുത്താൻവേണ്ടിയാണ്. 20 ഞാൻ വരുമ്പോൾ എനിക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നാണ് എന്റെ പേടി. കലഹം, അസൂയ, കോപംകൊണ്ട് പൊട്ടിത്തെറിക്കൽ, അഭിപ്രായഭിന്നത, ഏഷണി, കുശുകുശുപ്പ്,* അഹങ്കാരം, കുഴഞ്ഞുമറിഞ്ഞ അവസ്ഥ ഇതൊക്കെയായിരിക്കുമോ നിങ്ങൾക്കിടയിൽ കാണുക എന്നു ഞാൻ ഭയക്കുന്നു. 21 ഒരുപക്ഷേ ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം നിങ്ങളുടെ മുന്നിൽ എന്നെ ലജ്ജിപ്പിച്ചേക്കാം. പാപത്തിൽ നടന്നിരുന്ന പലരും അവരുടെ അശുദ്ധി, ലൈംഗിക അധാർമികത,* ധിക്കാരത്തോടെയുള്ള പെരുമാറ്റം* എന്നിവയെപ്പറ്റി പശ്ചാത്തപിക്കാത്തതുകൊണ്ട് അവരെ ഓർത്ത് എനിക്കു സങ്കടപ്പെടേണ്ടിവരുമായിരിക്കും.
13 ഇത് ഇപ്പോൾ മൂന്നാം തവണയാണു ഞാൻ നിങ്ങളുടെ അടുത്ത് വരാൻ ഒരുങ്ങുന്നത്. “രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ ഏതു കാര്യവും സ്ഥിരീകരിക്കാം.”+ 2 ഇപ്പോൾ ഞാൻ നിങ്ങളുടെകൂടെയില്ലെങ്കിലും രണ്ടാം പ്രാവശ്യം നിങ്ങളുടെകൂടെയുണ്ടായിരുന്നാൽ എന്നപോലെ, മുമ്പ് പാപം ചെയ്തവർക്കും മറ്റെല്ലാവർക്കും ഞാൻ മുൻകൂട്ടി ഈ താക്കീതു തരുകയാണ്: ഇനി ഞാൻ അവിടെ വന്നാൽ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. 3 ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിനു നിങ്ങൾ തെളിവ് ആവശ്യപ്പെടുന്നല്ലോ. എന്നാൽ നിങ്ങളോട് ഇടപെടുന്നതിൽ ക്രിസ്തു ദുർബലനല്ല; നിങ്ങളുടെ ഇടയിൽ ക്രിസ്തു ശക്തനാണ്. 4 ദുർബലനായിരുന്നപ്പോൾ ക്രിസ്തുവിനെ സ്തംഭത്തിലേറ്റി വധിച്ചെങ്കിലും ദൈവത്തിന്റെ ശക്തികൊണ്ട് ക്രിസ്തു ജീവിക്കുന്നു.+ ക്രിസ്തു ദുർബലനായിരുന്നതുപോലെ ഞങ്ങളും ദുർബലരാണ്. പക്ഷേ നിങ്ങളിൽ പ്രവർത്തിക്കുന്ന ദൈവശക്തികൊണ്ട്+ ഞങ്ങൾ ക്രിസ്തുവിന്റെകൂടെ ജീവിക്കും.+
5 നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം.+ നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക. അതോ യേശുക്രിസ്തു നിങ്ങളോടു യോജിപ്പിലാണെന്നു നിങ്ങൾക്ക് അറിയില്ലെന്നുണ്ടോ? അറിയില്ലെങ്കിൽ നിങ്ങൾ അംഗീകാരം നഷ്ടപ്പെട്ടവരായിരിക്കണം. 6 ഞങ്ങൾക്ക് അംഗീകാരം നഷ്ടപ്പെട്ടിട്ടില്ലെന്നു നിങ്ങൾ മനസ്സിലാക്കുമെന്നാണ് എന്റെ പ്രതീക്ഷ.
7 നിങ്ങൾ ഒരു തെറ്റും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. അതു ഞങ്ങൾക്ക് ആരുടെയെങ്കിലും അംഗീകാരം കിട്ടാൻവേണ്ടിയല്ല. ഞങ്ങളെ ആരും അംഗീകരിച്ചില്ലെങ്കിലും നിങ്ങൾ ശരിയായതു ചെയ്യണമെന്നേ ഞങ്ങൾക്കുള്ളൂ. 8 കാരണം സത്യത്തിന് എതിരെ ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിയില്ല. സത്യത്തിനുവേണ്ടി മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ. 9 ഞങ്ങൾ ദുർബലരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോഴൊക്കെ ഞങ്ങൾ സന്തോഷിക്കുന്നു. നിങ്ങൾ ആവശ്യമായ മാറ്റങ്ങൾ വരുത്താനാണു ഞങ്ങൾ പ്രാർഥിക്കുന്നത്. 10 കർത്താവ് എനിക്ക് അധികാരം തന്നതു നിങ്ങളെ തകർത്തുകളയാനല്ല പണിതുയർത്താനാണ്. ഞാൻ വരുമ്പോൾ ഈ അധികാരം പരുഷമായ വിധത്തിൽ+ പ്രയോഗിക്കാൻ ഇടവരാതിരിക്കാനാണ് അകലെയായിരിക്കുമ്പോൾത്തന്നെ ഇക്കാര്യങ്ങൾ എഴുതുന്നത്.
11 അതുകൊണ്ട് സഹോദരങ്ങളേ, തുടർന്നും സന്തോഷിക്കുക; വേണ്ട മാറ്റങ്ങൾ വരുത്തുക; ആശ്വാസം സ്വീകരിക്കുക;+ ചിന്തകളിൽ യോജിപ്പുള്ളവരായിരിക്കുക;+ സമാധാനത്തിൽ ജീവിക്കുക;+ അപ്പോൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം+ നിങ്ങളുടെകൂടെയുണ്ടായിരിക്കും. 12 വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനം ചെയ്യുക. 13 വിശുദ്ധരെല്ലാം നിങ്ങളെ സ്നേഹാന്വേഷണം അറിയിക്കുന്നു.
14 കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയയും ദൈവത്തിന്റെ സ്നേഹവും നിങ്ങളുടെ മേലുണ്ടായിരിക്കട്ടെ. നിങ്ങളെല്ലാം പരിശുദ്ധാത്മാവിൽ പങ്കുകാരും ആയിരിക്കട്ടെ.
അഥവാ “പ്രോത്സാഹിപ്പിക്കുന്നു.”
മറ്റൊരു സാധ്യത “നിങ്ങൾക്ക് ഇപ്പോൾത്തന്നെ നന്നായി അറിയാവുന്നതും മനസ്സിലാക്കാൻ പറ്റിയിട്ടുള്ളതും ആയ.”
അക്ഷ. “നിങ്ങൾക്ക് അവ ഒടുക്കംവരെ.”
മറ്റൊരു സാധ്യത “നിങ്ങൾക്കു രണ്ടു വട്ടം പ്രയോജനമുണ്ടാകണമെന്ന്.”
പദാവലിയിൽ “ജഡം” കാണുക.
ശീലാസ് എന്നും വിളിച്ചിരുന്നു.
അഥവാ “ആദ്യഗഡുവായി (അച്ചാരമായി); അഡ്വാൻസ് തുകയായി; ഈടായി.”
അഥവാ “പറ്റിക്കരുതല്ലോ.”
അഥവാ “മനസ്സിലിരുപ്പ്; കുടിലപദ്ധതികൾ.”
അക്ഷ. “ആത്മാവിന്.”
അഥവാ “സുഗന്ധം.”
അഥവാ “വാണിജ്യവത്കരിക്കുന്നില്ല; ദൈവവചനം ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നില്ല.”
അഥവാ “നമുക്കു വലിയ സംസാരസ്വാതന്ത്ര്യമുണ്ട്.”
അക്ഷ. “നീങ്ങിപ്പോകാനിരിക്കുന്നതിന്റെ പരിസമാപ്തിയിലേക്ക്.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “തേജസ്സിൽനിന്ന് തേജസ്സിലേക്ക്.”
മറ്റൊരു സാധ്യത “യഹോവയുടെ ആത്മാവ്.” അനു. എ5 കാണുക.
അഥവാ “ഈ യുഗത്തിന്റെ.” പദാവലി കാണുക.
അഥവാ “കളിമണ്ണുകൊണ്ടുള്ള ഭരണികളിലാണ്.”
മറ്റൊരു സാധ്യത “ആശയറ്റവരാകുന്നില്ല.”
അഥവാ “ബാഹ്യമനുഷ്യൻ.”
“ആദ്യഗഡുവായി (അച്ചാരമായി); അഡ്വാൻസ് തുകയായി; ഈടായി.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അതായത്, ന്യായാധിപന്റെ ഇരിപ്പിടം.
പദാവലിയിൽ “ജഡം” കാണുക.
അഥവാ “പാപയാഗമാക്കി.”
ഒരുപക്ഷേ, ആക്രമിക്കാനുള്ളത്.
ഒരുപക്ഷേ, പ്രതിരോധിക്കാനുള്ളത്.
അഥവാ “മരണം അർഹിക്കുന്നവരാണെന്ന്.”
അഥവാ “വിശാലതയുള്ളവരാകണം.”
ചേർച്ചയില്ലാത്ത രീതിയിൽ ഒരേ നുകത്തിൽ കെട്ടുന്നതിനെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത്.
“ഒന്നിനും കൊള്ളാത്ത” എന്ന് അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നുള്ളത്. സാത്താനെ സൂചിപ്പിക്കുന്നു.
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ആത്മാവിനെയും.”
അഥവാ “ഞങ്ങളുടെ ശരീരത്തിന്.”
അക്ഷ. “നിങ്ങൾക്കു തീക്ഷ്ണതയുണ്ടെന്നും.”
അഥവാ “കളങ്കമില്ലാത്തവരാണെന്ന്; കുറ്റമറ്റവരാണെന്ന്.”
അക്ഷ. “ആത്മാവിന്.”
മറ്റൊരു സാധ്യത “നിങ്ങൾ കാരണം എനിക്കു നല്ല ധൈര്യം കിട്ടിയിരിക്കുന്നതുകൊണ്ട്.”
അഥവാ “നിറഞ്ഞുകവിയുന്ന.”
അനു. എ5 കാണുക.
അഥവാ “ചോദ്യങ്ങളുണ്ടെങ്കിൽ.”
അഥവാ “വിമുഖതയോടെയോ.”
അഥവാ “ഉദാരമായി.”
പദാവലിയിൽ “ജഡം” കാണുക.
അക്ഷ. “കത്തുകളിലെ വാക്കുകളിൽ ഞങ്ങൾ എങ്ങനെയോ, അങ്ങനെയായിരിക്കും.”
അക്ഷ. “പ്രവൃത്തിയിലും.”
അഥവാ “അളന്നുതിരിച്ചുതന്നിട്ടുള്ള.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “ദൈവത്തിന്റെ തീക്ഷ്ണതയോടെ.”
അഥവാ “കളങ്കമില്ലാത്ത ഒരു കന്യകയായി.”
അഥവാ “കളങ്കമില്ലായ്മയും.”
അഥവാ “തങ്ങളുടെ പദവിയെക്കുറിച്ച് വീമ്പിളക്കുന്നവരുടെ.”
പദാവലിയിൽ “ജഡം” കാണുക.
അതായത്, മാനുഷികമായ രീതിയിൽ.
അതായത്, 39 അടി.
അഥവാ “വിജനഭൂമിയിലെ.” പദാവലി കാണുക.
അഥവാ “നെയ്തെടുത്ത ഒരു കൊട്ടയിലാക്കി.”
പദാവലി കാണുക.
അക്ഷ. “ഒരേ ആത്മാവോടെയല്ലേ ഞങ്ങൾ നടന്നത്?”
അഥവാ “പരകാര്യങ്ങൾ പറഞ്ഞുപരത്തൽ.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അഥവാ “നാണംകെട്ട പെരുമാറ്റം.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അക്ഷ. “വായുടെ.”