എസ്ര
1 യഹോവ യിരെമ്യയിലൂടെ പറഞ്ഞതു+ നിറവേറാനായി, പേർഷ്യൻ രാജാവായ കോരെശിന്റെ*+ വാഴ്ചയുടെ ഒന്നാം വർഷം യഹോവ കോരെശിന്റെ മനസ്സുണർത്തി. അങ്ങനെ പേർഷ്യൻ രാജാവായ കോരെശ് രാജ്യത്ത് ഉടനീളം ഇങ്ങനെയൊരു വിളംബരം നടത്തുകയും അതിലെ വാക്കുകൾ രേഖപ്പെടുത്തിവെക്കുകയും ചെയ്തു:+
2 “പേർഷ്യൻ രാജാവായ കോരെശ് ഇങ്ങനെ പറയുന്നു: ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ എല്ലാ രാജ്യങ്ങളും എനിക്കു തന്നു.+ യഹൂദയിലെ യരുശലേമിൽ ദൈവത്തിന് ഒരു ഭവനം പണിയാൻ എന്നെ നിയോഗിക്കുകയും ചെയ്തു.+ 3 ആ ദൈവത്തിന്റെ ജനത്തിൽപ്പെട്ടവർ ഇവിടെയുണ്ടെങ്കിൽ അവരുടെ ദൈവം അവരുടെകൂടെയുണ്ടായിരിക്കട്ടെ. അവർ യഹോവയുടെ ഭവനം സ്ഥിതി ചെയ്തിരുന്ന,* യഹൂദയിലെ യരുശലേമിലേക്കു ചെന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ ഭവനം പുതുക്കിപ്പണിയട്ടെ; ആ ദൈവമാണു സത്യദൈവം. 4 മടങ്ങിപ്പോകുന്നവരെ+ ഇവിടെ തുടരുന്ന അവരുടെ അയൽക്കാർ* സഹായിക്കേണ്ടതാണ്. യരുശലേമിലെ ദൈവഭവനത്തിലേക്കു സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾക്കു+ പുറമേ അവർ അവർക്കു വളർത്തുമൃഗങ്ങൾ, സ്വർണം, വെള്ളി, മറ്റു സാധനസാമഗ്രികൾ എന്നിവയും നൽകണം.’”
5 അപ്പോൾ, യരുശലേമിൽ ചെന്ന് യഹോവയുടെ ഭവനം പുതുക്കിപ്പണിയാനായി യഹൂദയുടെയും ബന്യാമീന്റെയും പിതൃഭവനത്തലവന്മാരും* പുരോഹിതന്മാരും ലേവ്യരും തയ്യാറെടുത്തു. അങ്ങനെ ചെയ്യാൻ സത്യദൈവം അവരുടെയെല്ലാം മനസ്സിൽ തോന്നിച്ചു. 6 അവരുടെ ചുറ്റും താമസിച്ചിരുന്നവർ സ്വമനസ്സാലെയുള്ള കാഴ്ചകൾ, വളർത്തുമൃഗങ്ങൾ, സ്വർണവും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനസാമഗ്രികൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നൽകി അവരെ സഹായിച്ചു.
7 നെബൂഖദ്നേസർ രാജാവ് യരുശലേമിലെ യഹോവയുടെ ഭവനത്തിൽനിന്ന് എടുത്ത് അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ വെച്ചിരുന്ന ഉപകരണങ്ങൾ കോരെശ് രാജാവ് പുറത്ത് എടുപ്പിച്ചു.+ 8 ധനകാര്യവിചാരകനായ മിത്രെദാത്തിന്റെ മേൽനോട്ടത്തിലാണു പേർഷ്യൻ രാജാവായ കോരെശ് അവ പുറത്ത് എടുപ്പിച്ചത്. മിത്രെദാത്ത് അവ എണ്ണി യഹൂദാതലവനായ ശേശ്ബസ്സരിനെ*+ ഏൽപ്പിച്ചു.
9 ഇത്രയുമായിരുന്നു അവയുടെ എണ്ണം: കൊട്ടയുടെ ആകൃതിയിലുള്ള സ്വർണപാത്രങ്ങൾ 30, കൊട്ടയുടെ ആകൃതിയിലുള്ള വെള്ളിപ്പാത്രങ്ങൾ 1,000, പകരം ഉപയോഗിക്കാനുള്ള പാത്രങ്ങൾ 29, 10 സ്വർണംകൊണ്ടുള്ള ചെറിയ കുഴിയൻപാത്രങ്ങൾ 30, വെള്ളികൊണ്ടുള്ള ചെറിയ കുഴിയൻപാത്രങ്ങൾ 410, മറ്റ് ഉപകരണങ്ങൾ 1,000. 11 സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ഉപകരണങ്ങളുടെ മൊത്തം എണ്ണം 5,400 ആയിരുന്നു. ബാബിലോണിൽ ബന്ദികളായി കഴിഞ്ഞിരുന്നവരെ+ യരുശലേമിലേക്കു കൊണ്ടുപോയ സമയത്ത് ശേശ്ബസ്സർ ഇവയെല്ലാം കൂടെക്കൊണ്ടുപോയി.
2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+ 2 സെരുബ്ബാബേൽ,+ യേശുവ,+ നെഹമ്യ, സെരായ, രയേലയ, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രഹൂം, ബാനെ എന്നിവരോടൊപ്പം മടങ്ങിയെത്തി.
ഇസ്രായേല്യപുരുഷന്മാരുടെ സംഖ്യ:+ 3 പരോശിന്റെ വംശജർ 2,172; 4 ശെഫത്യയുടെ വംശജർ 372; 5 ആരഹിന്റെ+ വംശജർ 775; 6 പഹത്-മോവാബിന്റെ+ വംശത്തിലുള്ള യേശുവയുടെയും യോവാബിന്റെയും വംശജർ 2,812; 7 ഏലാമിന്റെ+ വംശജർ 1,254; 8 സത്ഥുവിന്റെ+ വംശജർ 945; 9 സക്കായിയുടെ വംശജർ 760; 10 ബാനിയുടെ വംശജർ 642; 11 ബേബായിയുടെ വംശജർ 623; 12 അസ്ഗാദിന്റെ വംശജർ 1,222; 13 അദോനിക്കാമിന്റെ വംശജർ 666; 14 ബിഗ്വായിയുടെ വംശജർ 2,056; 15 ആദീന്റെ വംശജർ 454; 16 ഹിസ്കിയഗൃഹത്തിലെ ആതേരിന്റെ വംശജർ 98; 17 ബസായിയുടെ വംശജർ 323; 18 യോരയുടെ വംശജർ 112; 19 ഹാശൂമിന്റെ+ വംശജർ 223; 20 ഗിബ്ബാരിന്റെ വംശജർ 95; 21 ബേത്ത്ലെഹെമിൽനിന്നുള്ളവർ 123; 22 നെതോഫയിലെ പുരുഷന്മാർ 56; 23 അനാഥോത്തിലെ+ പുരുഷന്മാർ 128; 24 അസ്മാവെത്തിൽനിന്നുള്ളവർ 42; 25 കിര്യത്ത്-യയാരീം, കെഫീര, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ളവർ 743; 26 രാമയിൽനിന്നും+ ഗേബയിൽനിന്നും+ ഉള്ളവർ 621; 27 മിക്മാസിലെ പുരുഷന്മാർ 122; 28 ബഥേലിലെയും ഹായിയിലെയും+ പുരുഷന്മാർ 223; 29 നെബോയിൽനിന്നുള്ളവർ+ 52; 30 മഗ്ബീശിൽനിന്നുള്ളവർ 156; 31 മറ്റേ ഏലാമിന്റെ വംശജർ 1,254; 32 ഹാരീമിന്റെ വംശജർ 320; 33 ലോദ്, ഹാദീദ്, ഓനൊ എന്നിവിടങ്ങളിൽനിന്നുള്ളവർ 725; 34 യരീഹൊയിൽനിന്നുള്ളവർ 345; 35 സെനായയിൽനിന്നുള്ളവർ 3,630.
36 പുരോഹിതന്മാർ:+ യേശുവഗൃഹത്തിലെ+ യദയയുടെ+ വംശജർ 973; 37 ഇമ്മേരിന്റെ+ വംശജർ 1,052; 38 പശ്ഹൂരിന്റെ+ വംശജർ 1,247; 39 ഹാരീമിന്റെ+ വംശജർ 1,017.
40 ലേവ്യർ:+ ഹോദവ്യഗൃഹത്തിലെ യേശുവയുടെയും കദ്മിയേലിന്റെയും+ വംശജർ 74. 41 ഗായകർ:+ ആസാഫിന്റെ+ വംശജർ 128. 42 കാവൽക്കാരുടെ+ വംശജർ: ശല്ലൂം, ആതേർ, തൽമോൻ,+ അക്കൂബ്,+ ഹതീത, ശോബായി എന്നിവരുടെ വംശജർ ആകെ 139.
43 ദേവാലയസേവകർ:*+ സീഹയുടെ വംശജർ, ഹസൂഫയുടെ വംശജർ, തബ്ബായോത്തിന്റെ വംശജർ, 44 കേരോസിന്റെ വംശജർ, സീയാഹയുടെ വംശജർ, പാദോന്റെ വംശജർ, 45 ലബാനയുടെ വംശജർ, ഹഗാബയുടെ വംശജർ, അക്കൂബിന്റെ വംശജർ, 46 ഹാഗാബിന്റെ വംശജർ, ശൽമായിയുടെ വംശജർ, ഹാനാന്റെ വംശജർ, 47 ഗിദ്ദേലിന്റെ വംശജർ, ഗാഹരിന്റെ വംശജർ, രയായയുടെ വംശജർ, 48 രസീന്റെ വംശജർ, നെക്കോദയുടെ വംശജർ, ഗസ്സാമിന്റെ വംശജർ, 49 ഉസയുടെ വംശജർ, പാസേഹയുടെ വംശജർ, ബേസായിയുടെ വംശജർ, 50 അസ്നയുടെ വംശജർ, മെയൂനിമിന്റെ വംശജർ, നെഫൂസീമിന്റെ വംശജർ, 51 ബക്ബുക്കിന്റെ വംശജർ, ഹക്കൂഫയുടെ വംശജർ, ഹർഹൂരിന്റെ വംശജർ, 52 ബസ്ലൂത്തിന്റെ വംശജർ, മെഹീദയുടെ വംശജർ, ഹർശയുടെ വംശജർ, 53 ബർക്കോസിന്റെ വംശജർ, സീസെരയുടെ വംശജർ, തേമഹിന്റെ വംശജർ, 54 നെസീഹയുടെ വംശജർ, ഹതീഫയുടെ വംശജർ.
55 ശലോമോന്റെ ദാസന്മാരുടെ വംശജർ: സോതായിയുടെ വംശജർ, സോഫേരെത്തിന്റെ വംശജർ, പെരൂദയുടെ+ വംശജർ, 56 യാലഹിന്റെ വംശജർ, ദർക്കോന്റെ വംശജർ, ഗിദ്ദേലിന്റെ വംശജർ, 57 ശെഫത്യയുടെ വംശജർ, ഹത്തീലിന്റെ വംശജർ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ വംശജർ, ആമിയുടെ വംശജർ.
58 ദേവാലയസേവകരും ശലോമോന്റെ ദാസന്മാരുടെ വംശജരും കൂടെ ആകെ 392.
59 തെൽ-മേലഹ്, തെൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നിവിടങ്ങളിൽനിന്ന് വന്ന ചിലർക്ക് അവരുടെ പിതൃഭവനമോ വംശമോ തെളിയിക്കാനും അവർ ഇസ്രായേല്യരാണെന്നു സ്ഥാപിക്കാനും കഴിഞ്ഞില്ല.+ താഴെപ്പറയുന്നവരാണ് അവർ: 60 ദലായയുടെ വംശജർ, തോബീയയുടെ വംശജർ, നെക്കോദയുടെ വംശജർ; ആകെ 652 പേർ. 61 പുരോഹിതന്മാരുടെ വംശജരിൽപ്പെട്ടവർ: ഹബയ്യയുടെ വംശജർ, ഹക്കോസിന്റെ+ വംശജർ, ബർസില്ലായിയുടെ വംശജർ. ഈ ബർസില്ലായി ഗിലെയാദ്യനായ ബർസില്ലായിയുടെ+ പെൺമക്കളിൽ ഒരാളെ വിവാഹം കഴിച്ചതുകൊണ്ടാണ് ആ പേരിൽ അറിയപ്പെട്ടത്. 62 ഇവർ വംശാവലി തെളിയിക്കാൻ ആവശ്യമായ രേഖകൾ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതുകൊണ്ട് അവരെ പൗരോഹിത്യസേവനത്തിന് അയോഗ്യരെന്നു+ പ്രഖ്യാപിച്ചു.* 63 ഊറീമും തുമ്മീമും*+ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ അതിവിശുദ്ധവസ്തുക്കൾ+ അവർക്കു കഴിക്കാനാകില്ലെന്നു ഗവർണർ* അവരോടു പറഞ്ഞു.
64 സഭയുടെ മൊത്തം അംഗസംഖ്യ 42,360 ആയിരുന്നു;+ 65 ഇതു കൂടാതെ, അടിമകളായി 7,337 സ്ത്രീപുരുഷന്മാരും ഗായികാഗായകന്മാരായി 200 പേരും ഉണ്ടായിരുന്നു. 66 അവർക്ക് 736 കുതിരകളും 245 കോവർകഴുതകളും 67 435 ഒട്ടകങ്ങളും 6,720 കഴുതകളും ഉണ്ടായിരുന്നു.
68 അവർ യരുശലേമിൽ യഹോവയുടെ ഭവനത്തിൽ എത്തിയപ്പോൾ പിതൃഭവനത്തലവന്മാരിൽ ചിലർ, സത്യദൈവത്തിന്റെ ഭവനം അത് ഉണ്ടായിരുന്നിടത്തുതന്നെ+ വീണ്ടും പണിയാനായി സ്വമനസ്സാലെ സംഭാവനകൾ+ കൊടുത്തു. 69 അവരുടെ പ്രാപ്തിയനുസരിച്ച് അവർ നിർമാണനിധിയിലേക്ക് 61,000 സ്വർണദ്രഹ്മയും* 5,000 വെള്ളിമിനയും* കൊടുത്തു;+ പുരോഹിതന്മാർക്കുവേണ്ടി 100 നീളൻ കുപ്പായങ്ങളും സംഭാവന നൽകി. 70 പിന്നെ പുരോഹിതന്മാരും ലേവ്യരും ഗായകരും കവാടത്തിന്റെ കാവൽക്കാരും ദേവാലയസേവകരും ബാക്കിയുള്ള ഇസ്രായേല്യരും അവരവരുടെ നഗരങ്ങളിൽ താമസമാക്കി. അങ്ങനെ ഇസ്രായേല്യരെല്ലാം അവരവരുടെ നഗരങ്ങളിൽ താമസമുറപ്പിച്ചു.+
3 ഏഴാം മാസമായപ്പോൾ+ ഇസ്രായേല്യരെല്ലാം അവരവരുടെ നഗരങ്ങളിൽനിന്ന് ഏകമനസ്സോടെ യരുശലേമിൽ കൂടിവന്നു. 2 ദൈവപുരുഷനായ മോശയുടെ നിയമത്തിൽ* എഴുതിയിരിക്കുന്നതനുസരിച്ച് ദഹനബലികൾ അർപ്പിക്കാനായി,+ യഹോസാദാക്കിന്റെ മകൻ യേശുവയും+ സഹപുരോഹിതന്മാരും ശെയൽതീയേലിന്റെ+ മകൻ സെരുബ്ബാബേലും+ സഹോദരന്മാരും ചേർന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
3 ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളെ പേടിയുണ്ടായിരുന്നെങ്കിലും അവർ യാഗപീഠം അതു മുമ്പുണ്ടായിരുന്ന സ്ഥാനത്തുതന്നെ സ്ഥാപിച്ചു.+ എന്നിട്ട് അതിൽ രാവിലെയും വൈകുന്നേരവും യഹോവയ്ക്ക് അർപ്പിക്കേണ്ട ദഹനബലികൾ അർപ്പിച്ചുതുടങ്ങി.+ 4 അതിനു ശേഷം, എഴുതിയിരിക്കുന്നതുപോലെതന്നെ അവർ കൂടാരോത്സവം* ആഘോഷിച്ചു.+ ഓരോ ദിവസവും അർപ്പിക്കേണ്ടിയിരുന്നത്രയും+ ദഹനബലികൾ അവർ കൃത്യമായി അർപ്പിച്ചു. 5 പിന്നെ പതിവുദഹനയാഗവും+ അമാവാസികളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയുടെ വിശുദ്ധമായ ഉത്സവകാലങ്ങളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയ്ക്കു ജനം സ്വമനസ്സാലെ കൊണ്ടുവന്ന കാഴ്ചകളും+ അർപ്പിച്ചു. 6 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടിരുന്നില്ലെങ്കിലും ഏഴാം മാസം ഒന്നാം ദിവസംമുതൽ+ അവർ യഹോവയ്ക്കു ദഹനബലികൾ അർപ്പിച്ചുതുടങ്ങി.
7 അവർ കല്ലുവെട്ടുകാർക്കും+ ശില്പികൾക്കും+ പണം കൊടുത്തു. കൂടാതെ പേർഷ്യൻ രാജാവായ കോരെശ്+ അനുമതി നൽകിയിരുന്നതനുസരിച്ച് ലബാനോനിൽനിന്ന് കടൽമാർഗം യോപ്പയിലേക്കു+ ദേവദാരുത്തടി കൊണ്ടുവരുന്നതിന് അവർ സീദോന്യർക്കും സോർദേശക്കാർക്കും ഭക്ഷണപാനീയങ്ങളും എണ്ണയും കൊടുത്തു.
8 അവർ യരുശലേമിലെ ദൈവഭവനത്തിൽ എത്തിയതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും യഹോസാദാക്കിന്റെ മകൻ യേശുവയും അവരുടെ മറ്റു സഹോദരന്മാരും, അതായത് പുരോഹിതന്മാരും ലേവ്യരും അടിമത്തത്തിൽനിന്ന് മോചിതരായി യരുശലേമിൽ എത്തിയ എല്ലാവരും,+ ചേർന്ന് നിർമാണം തുടങ്ങി. 20 വയസ്സും അതിനു മുകളിലും പ്രായമുള്ള ലേവ്യരെ അവർ യഹോവയുടെ ഭവനത്തിന്റെ നിർമാണത്തിനു മേൽനോട്ടക്കാരായി നിയമിച്ചു. 9 അങ്ങനെ യേശുവയും ആൺമക്കളും യേശുവയുടെ സഹോദരന്മാരും യഹൂദയുടെ മക്കളായ കദ്മിയേലും ആൺമക്കളും ചേർന്ന് ദൈവഭവനത്തിന്റെ പണികൾ ചെയ്തിരുന്നവർക്കു മേൽനോട്ടം വഹിച്ചു. ലേവ്യരായ ഹെനാദാദിന്റെ ആൺമക്കളും+ അവരുടെ ആൺമക്കളും അവരുടെ സഹോദരന്മാരും അവരോടൊപ്പമുണ്ടായിരുന്നു.
10 പണിക്കാർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട+ സമയത്ത്, ഇസ്രായേൽരാജാവായ ദാവീദ് നിർദേശിച്ചിരുന്നതുപോലെ യഹോവയെ സ്തുതിക്കാൻ, ഔദ്യോഗികവസ്ത്രം അണിഞ്ഞ പുരോഹിതന്മാർ കാഹളങ്ങളുമായും+ ആസാഫിന്റെ വംശത്തിൽപ്പെട്ട ലേവ്യർ ഇലത്താളങ്ങളുമായും മുന്നോട്ടു വന്നു.+ 11 “ദൈവം നല്ലവനല്ലോ; ഇസ്രായേലിനോടുള്ള ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്”+ എന്നു പാടുകയും ഏറ്റുപാടുകയും+ ചെയ്തുകൊണ്ട് അവർ ദൈവമായ യഹോവയെ സ്തുതിച്ച് ദൈവത്തിനു നന്ദി പറഞ്ഞു. യഹോവയുടെ ഭവനത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനം മുഴുവൻ ഉച്ചത്തിൽ ആർത്തുവിളിച്ച് യഹോവയെ സ്തുതിച്ചു. 12 ഭവനത്തിന് അടിസ്ഥാനമിടുന്നതു കണ്ടപ്പോൾ, മുമ്പുണ്ടായിരുന്ന ഭവനം+ കണ്ടിട്ടുള്ള വൃദ്ധരായ പല പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും ഉറക്കെ കരഞ്ഞു. എന്നാൽ മറ്റു പലരും ആ സമയത്ത് സന്തോഷിച്ച് ആർത്തുവിളിച്ചു.+ 13 അതുകൊണ്ട് കരച്ചിലിന്റെ സ്വരവും ആർത്തുവിളിക്കുന്നതിന്റെ സ്വരവും വേർതിരിച്ചറിയാൻ ജനത്തിനു കഴിഞ്ഞില്ല. അങ്ങു ദൂരെവരെ കേൾക്കുന്ന വിധത്തിൽ അത്ര ഉച്ചത്തിലാണു ജനം ആർത്തുവിളിച്ചത്.
4 പ്രവാസത്തിൽനിന്ന്* തിരിച്ചുവന്നവർ+ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുന്നെന്ന് യഹൂദയുടെയും ബന്യാമീന്റെയും ശത്രുക്കൾ+ കേട്ടപ്പോൾ 2 അവർ ഉടനെ ചെന്ന് സെരുബ്ബാബേലിനോടും പിതൃഭവനത്തലവന്മാരോടും പറഞ്ഞു: “ഞങ്ങളും നിങ്ങളോടൊപ്പം പണിയട്ടേ? നിങ്ങളുടെ ദൈവത്തെത്തന്നെയാണു ഞങ്ങളും ആരാധിക്കുന്നത്.*+ ഞങ്ങളെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ച അസീറിയൻ രാജാവായ+ ഏസെർ-ഹദ്ദോന്റെ+ കാലംമുതൽ ഞങ്ങൾ ആ ദൈവത്തിനാണു ബലി അർപ്പിക്കുന്നത്.” 3 പക്ഷേ സെരുബ്ബാബേലും യേശുവയും ഇസ്രായേലിലെ മറ്റു പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന്റെ ഭവനം പണിയുന്ന കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ടാ.+ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഭവനം ഞങ്ങൾതന്നെ നിർമിച്ചുകൊള്ളാം. അങ്ങനെ ചെയ്യാനാണു പേർഷ്യൻ രാജാവായ കോരെശ് ഞങ്ങളോടു കല്പിച്ചിരിക്കുന്നത്.”+
4 എന്നാൽ ദേവാലയം പണിയുന്ന യഹൂദാജനത്തെ നിരുത്സാഹപ്പെടുത്താനും അവരുടെ മനസ്സിടിച്ചുകളയാനും ദേശത്തെ ആളുകൾ ശ്രമിച്ചുകൊണ്ടിരുന്നു.+ 5 ജനത്തിന്റെ പദ്ധതികൾ തകർക്കാൻ അവർ പേർഷ്യൻ രാജാവായ കോരെശിന്റെ ഭരണകാലംമുതൽ ദാര്യാവേശിന്റെ+ ഭരണകാലംവരെ ഉപദേശകരെ കൂലിക്കെടുത്തു.+ 6 യഹൂദയിലും യരുശലേമിലും താമസിക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അഹശ്വേരശിന്റെ വാഴ്ചയുടെ തുടക്കത്തിൽ അവർ ഒരു കത്ത് എഴുതി. 7 പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ, അയാളുടെ മറ്റു സഹപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് അർഥഹ്ശഷ്ട രാജാവിനു കത്ത് എഴുതി. അവർ അത് അരമായ ഭാഷയിലേക്കു+ തർജമ ചെയ്ത് അരമായലിപിയിൽ എഴുതി.*
8 * മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും ചേർന്ന് യരുശലേമിന് എതിരെ അർഥഹ്ശഷ്ട രാജാവിന് ഇങ്ങനെയൊരു കത്ത് എഴുതി: 9 (മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും അവരുടെ സഹപ്രവർത്തകരായ ന്യായാധിപന്മാർ, ഉപഗവർണർമാർ എന്നിവരും സെക്രട്ടറിമാരും ഏരെക്കിലെ+ ജനങ്ങളും ബാബിലോൺകാരും ശൂശയിലെ+ ഏലാമ്യരും+ ചേർന്നാണ് അത് എഴുതിയത്. 10 ആദരണീയനും ശ്രേഷ്ഠനും ആയ അസ്നപ്പാർ ബന്ദികളായി പിടിച്ചുകൊണ്ടുവന്ന് ശമര്യനഗരങ്ങളിൽ താമസിപ്പിച്ച മറ്റു ജനതകളും+ അക്കരപ്രദേശത്ത്* താമസിക്കുന്ന മറ്റെല്ലാവരും കത്ത് എഴുതുന്നതിൽ പങ്കുചേർന്നു. 11 അവർ രാജാവിന് അയച്ച കത്തിന്റെ പകർപ്പാണ് ഇത്.)
“അർഥഹ്ശഷ്ട രാജാവിന് അക്കരപ്രദേശത്ത് താമസിക്കുന്ന ദാസന്മാർ എഴുതുന്നത്: 12 രാജാവേ, അങ്ങയുടെ അടുത്തുനിന്ന് ഞങ്ങളുടെ അടുത്തേക്കു പോന്ന ജൂതന്മാർ ഇവിടെ യരുശലേമിൽ എത്തിയിരിക്കുന്നെന്ന വിവരം അങ്ങ് അറിഞ്ഞാലും. ദുഷ്ടതയും ധിക്കാരവും നിറഞ്ഞ ആ നഗരം അവർ പുതുക്കിപ്പണിയുകയാണ്. അവർ ഇതാ അതിന്റെ മതിലുകൾ പണിയുകയും+ അടിസ്ഥാനങ്ങളുടെ കേടുപാടുകൾ നീക്കുകയും ചെയ്യുന്നു. 13 ആ നഗരം പുതുക്കിപ്പണിയാനും അതിന്റെ മതിലുകളുടെ പണി പൂർത്തിയാക്കാനും അനുവദിച്ചാൽ അവർ പിന്നെ കരമോ കപ്പമോ+ യാത്രാനികുതിയോ തരില്ല. അങ്ങനെ രാജാക്കന്മാരുടെ ഖജനാവിലേക്കുള്ള വരുമാനം കുറഞ്ഞുപോകും എന്ന് അങ്ങ് അറിഞ്ഞാലും. 14 ഞങ്ങൾ കൊട്ടാരത്തിലെ ഉപ്പു തിന്നുന്നവരാണ്;* രാജാവിന് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നതു ഞങ്ങൾക്കു കണ്ടുനിൽക്കാനാകില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇതു രാജാവിനെ എഴുതി അറിയിക്കുന്നത്. 15 അങ്ങയുടെ പൂർവികരുടെ രേഖകൾ+ പരിശോധിച്ചുനോക്കിയാലും. ആ നഗരം രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ദോഷം ചെയ്തിട്ടുള്ള, ധിക്കാരികളുടെ നഗരമാണെന്നും പണ്ടുമുതലേ അവിടെ വിപ്ലവകാരികൾ ഉണ്ടായിരുന്നെന്നും അങ്ങയ്ക്കു ബോധ്യമാകും. വാസ്തവത്തിൽ, അക്കാരണങ്ങൾകൊണ്ടാണ് ആ നഗരം നശിപ്പിക്കപ്പെട്ടത്.+ 16 നഗരം പുതുക്കിപ്പണിയാനും അതിന്റെ മതിലുകളുടെ പണി പൂർത്തിയാക്കാനും അനുവദിച്ചാൽ, പിന്നെ അക്കരപ്രദേശത്തിന്മേൽ അങ്ങയ്ക്ക് ഒരു നിയന്ത്രണവുമുണ്ടായിരിക്കില്ല*+ എന്ന് ഇതിനാൽ ഞങ്ങൾ രാജാവിനെ അറിയിച്ചുകൊള്ളുന്നു.”
17 രാജാവ് മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമിനും പകർപ്പെഴുത്തുകാരനായ ശിംശായിക്കും ശമര്യയിൽ താമസിക്കുന്ന അവരുടെ സഹപ്രവർത്തകർക്കും അക്കരപ്രദേശത്ത് താമസിക്കുന്ന മറ്റുള്ളവർക്കും ഇങ്ങനെ സന്ദേശം അയച്ചു:
“നിങ്ങൾക്കു വന്ദനം! 18 നിങ്ങൾ അയച്ച നിവേദനം ഞാൻ വ്യക്തമായി വായിച്ചുകേട്ടു.* 19 എന്റെ ആജ്ഞയനുസരിച്ച് ഒരു അന്വേഷണം നടത്തിയപ്പോൾ, ആ നഗരത്തിൽ പണ്ടുമുതലേ രാജാക്കന്മാർക്കെതിരെ വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവിടെ പ്രക്ഷോഭങ്ങളും ലഹളകളും നടന്നിട്ടുണ്ടെന്നും+ എനിക്കു ബോധ്യപ്പെട്ടു. 20 യരുശലേമിൽ ശക്തരായ രാജാക്കന്മാരുണ്ടായിരുന്നെന്നും അവർ അക്കരപ്രദേശം മുഴുവനും ഭരിച്ച് കരവും കപ്പവും യാത്രാനികുതിയും പിരിച്ചിരുന്നെന്നും ഞാൻ കണ്ടെത്തി. 21 അതുകൊണ്ട്, പണി നിറുത്തിവെക്കാൻ അവരോട് ആജ്ഞാപിക്കുക. ഞാൻ ഇനി കല്പിക്കുന്നതുവരെ ആ നഗരത്തിന്റെ പുനർനിർമാണം നടത്തരുത്. 22 ഇക്കാര്യത്തിൽ നിങ്ങൾ വീഴ്ചയൊന്നും വരുത്തരുത്; രാജാവിന്റെ താത്പര്യങ്ങൾക്കു ഭീഷണിയാകുന്നതൊന്നും ഇനി അനുവദിച്ചുകൂടാ.”+
23 അർഥഹ്ശഷ്ട രാജാവ് അയച്ച ഔദ്യോഗിക സന്ദേശത്തിന്റെ പകർപ്പു വായിച്ചുകേട്ടപ്പോൾ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും അവരുടെ സഹപ്രവർത്തകരും ഉടൻതന്നെ യരുശലേമിലുള്ള ജൂതന്മാരുടെ അടുത്ത് ചെന്ന് ബലം പ്രയോഗിച്ച് പണി നിറുത്തിച്ചു. 24 അക്കാലത്താണ് യരുശലേമിലെ ദൈവഭവനത്തിന്റെ പണി നിന്നുപോയത്. പേർഷ്യൻ രാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷംവരെ അതു മുടങ്ങിക്കിടന്നു.+
5 പിന്നെ, പ്രവാചകന്മാരായ ഹഗ്ഗായിയും+ ഇദ്ദൊയുടെ+ കൊച്ചുമകൻ സെഖര്യയും+ യഹൂദയിലും യരുശലേമിലും ഉള്ള ജൂതന്മാരോട്, അവരുടെകൂടെയുണ്ടായിരുന്ന ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു. 2 അക്കാലത്താണു ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും+ യഹോസാദാക്കിന്റെ മകൻ യേശുവയും+ യരുശലേമിലുള്ള ദൈവഭവനത്തിന്റെ പണി വീണ്ടും തുടങ്ങിയത്.+ അവരെ പിന്തുണച്ചുകൊണ്ട് ദൈവത്തിന്റെ പ്രവാചകന്മാരും അവരോടൊപ്പമുണ്ടായിരുന്നു.+ 3 അപ്പോൾ അക്കരപ്രദേശത്തിന്റെ* ഗവർണറായ തത്നായിയും ശെഥർ-ബോസ്നായിയും സഹപ്രവർത്തകരും വന്ന് അവരോടു ചോദിച്ചു: “ഈ ഭവനം പണിയാനും ഇതു പൂർത്തിയാക്കാനും ആരാണു നിങ്ങൾക്ക് അനുമതി തന്നത്?” 4 പിന്നെ അവർ ചോദിച്ചു: “ആരെല്ലാം ചേർന്നാണ് ഈ കെട്ടിടം പണിയുന്നത്? അവരുടെ പേരുകൾ പറയൂ.” 5 എന്നാൽ ദൈവത്തിന്റെ പിന്തുണ ജൂതന്മാരുടെ മൂപ്പന്മാർക്കുണ്ടായിരുന്നതുകൊണ്ട്*+ അന്വേഷണറിപ്പോർട്ട് ദാര്യാവേശിനു സമർപ്പിച്ച് അതിന് ഔദ്യോഗികമായ ഒരു മറുപടി ലഭിക്കുന്നതുവരെ തത്നായിയും കൂട്ടരും അവരുടെ പണി നിറുത്തിച്ചില്ല.
6 അക്കരപ്രദേശത്തിന്റെ ഗവർണറായ തത്നായിയും ശെഥർ-ബോസ്നായിയും അക്കരപ്രദേശത്തിന്റെ ഉപഗവർണർമാരായ അയാളുടെ സഹപ്രവർത്തകരും ചേർന്ന് ദാര്യാവേശ് രാജാവിന് അയച്ച കത്തിന്റെ പകർപ്പാണ് ഇത്. 7 അവർ ഇതു ദാര്യാവേശിന് അയച്ചുകൊടുത്തു. ഇങ്ങനെയാണ് അവർ എഴുതിയത്:
“ദാര്യാവേശ് രാജാവിന്,
“അങ്ങയ്ക്കു സമാധാനം! 8 പ്രഭോ, ഞങ്ങൾ യഹൂദാസംസ്ഥാനത്തിൽ ആ മഹാദൈവത്തിന്റെ ഭവനത്തിൽ പോയിരുന്നു. അവർ വലിയ കല്ലുകൾ ഉരുട്ടിക്കയറ്റി ആ ഭവനം നിർമിക്കുന്നു, ചുവരുകളിൽ തടികൾ വെച്ച് പണിയുന്നു. ആളുകൾ ഉത്സാഹത്തോടെ പണിയെടുക്കുന്നതുകൊണ്ട് നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 9 ഞങ്ങൾ അവരുടെ മൂപ്പന്മാരോട്, ‘ഈ ഭവനം പണിയാനും ഇതു പൂർത്തിയാക്കാനും ആരാണു നിങ്ങൾക്ക് അനുമതി തന്നത്’ എന്നു ചോദിച്ചു.+ 10 പണിക്കു നേതൃത്വമെടുക്കുന്നവരുടെ പേരുകൾ അങ്ങയെ എഴുതി അറിയിക്കാനായി ഞങ്ങൾ അതും അവരോടു ചോദിച്ചു.
11 “ഇതാണ് അവർ പറഞ്ഞ മറുപടി: ‘സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്റെ ദാസന്മാരാണു ഞങ്ങൾ. മഹാനായ ഒരു ഇസ്രായേൽരാജാവ് വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച ഒരു ഭവനമാണു ഞങ്ങൾ ഇപ്പോൾ പുനർനിർമിക്കുന്നത്.+ 12 എന്നാൽ ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട്+ ദൈവം അവരെ ബാബിലോൺരാജാവിന്റെ, കൽദയനായ നെബൂഖദ്നേസറിന്റെ,+ കൈയിൽ ഏൽപ്പിച്ചു. നെബൂഖദ്നേസർ ഈ ഭവനം തകർത്ത് തരിപ്പണമാക്കി+ ജനത്തെ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+ 13 പക്ഷേ ബാബിലോൺരാജാവായ കോരെശിന്റെ ഒന്നാം വർഷം കോരെശ് ഈ ദൈവഭവനം പുതുക്കിപ്പണിയാൻ ഉത്തരവിട്ടു.+ 14 മാത്രമല്ല നെബൂഖദ്നേസർ യരുശലേമിലെ ദേവാലയത്തിൽനിന്ന് എടുത്ത് ബാബിലോണിലെ ആലയത്തിലേക്കു കൊണ്ടുവന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കോരെശ് അവിടെനിന്ന് പുറത്ത് എടുപ്പിച്ചു.+ എന്നിട്ട്, കോരെശ് രാജാവ് ഗവർണറായി നിയമിച്ച ശേശ്ബസ്സരിന്റെ*+ കൈയിൽ അത് ഏൽപ്പിച്ചു.+ 15 കോരെശ് ശേശ്ബസ്സരിനോടു പറഞ്ഞു: “ഈ പാത്രങ്ങൾ കൊണ്ടുപോയി യരുശലേമിലെ ദേവാലയത്തിൽ വെക്കുക; ദൈവത്തിന്റെ ഭവനം അത് ഇരുന്ന സ്ഥലത്തുതന്നെ വീണ്ടും പണിയുകയും വേണം.”+ 16 അങ്ങനെ ശേശ്ബസ്സർ വന്ന് യരുശലേമിലുള്ള ദൈവഭവനത്തിന് അടിസ്ഥാനമിട്ടു.+ അന്നുമുതൽ ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്; ഇതുവരെ പൂർത്തിയായിട്ടില്ല.’+
17 “അങ്ങയ്ക്ക് ഉചിതമെന്നു തോന്നുന്നെങ്കിൽ, യരുശലേമിലുള്ള ദൈവഭവനം പുതുക്കിപ്പണിയാൻ കോരെശ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നു ബാബിലോണിലെ ഖജനാവിൽ* ഒരു അന്വേഷണം നടത്തിയാലും.+ എന്നിട്ട് അതു സംബന്ധിച്ച അങ്ങയുടെ തീരുമാനം ഞങ്ങളെ അറിയിച്ചാലും.”
6 അങ്ങനെ, ദാര്യാവേശ് രാജാവ് ആജ്ഞാപിച്ചതനുസരിച്ച് അവർ ചരിത്രരേഖകൾ സൂക്ഷിക്കുന്നിടത്ത്,* അതായത് ബാബിലോണിലുള്ള വിലപിടിച്ച വസ്തുക്കൾ സൂക്ഷിക്കുന്നിടത്ത്, ഒരു അന്വേഷണം നടത്തി. 2 മേദ്യസംസ്ഥാനത്തുള്ള എക്ബത്താനയിലെ കോട്ടയിൽനിന്ന് അവർ ഒരു ചുരുൾ കണ്ടെടുത്തു. അതിൽ ഇങ്ങനെയൊരു സന്ദേശം രേഖപ്പെടുത്തിയിരുന്നു:
3 “കോരെശ് രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷം യരുശലേമിലുള്ള ദൈവഭവനത്തെക്കുറിച്ച് രാജാവ് പുറപ്പെടുവിച്ച ഉത്തരവ്:+ ‘ബലികൾ അർപ്പിക്കാനായി ജൂതന്മാർ ആ ഭവനം പുതുക്കിപ്പണിയട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പിച്ച് 60 മുഴം* ഉയരത്തിലും 60 മുഴം വീതിയിലും അതു പണിതുയർത്തുക.+ 4 മൂന്നു നിര വലിയ കല്ലുകളും അതിനു മുകളിൽ ഒരു നിര തടിയും+ വരുന്ന വിധത്തിൽ വേണം അതു പണിയാൻ. രാജാവിന്റെ ഭവനം അതിന്റെ നിർമാണച്ചെലവുകൾ വഹിക്കുന്നതായിരിക്കും.+ 5 നെബൂഖദ്നേസർ യരുശലേമിലെ ദൈവഭവനത്തിൽനിന്ന് എടുത്ത് ബാബിലോണിലേക്കു കൊണ്ടുവന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും+ തിരിച്ചുകൊടുക്കണം. അവർ അത് യരുശലേമിലെ ദേവാലയത്തിലേക്കു കൊണ്ടുപോയി ദൈവഭവനത്തിൽ അതാതിന്റെ സ്ഥാനത്ത് വെക്കട്ടെ.’+
6 “അതുകൊണ്ട്, അക്കരപ്രദേശത്തിന്റെ* ഗവർണറായ തത്നായിയും ശെഥർ-ബോസ്നായിയും+ ഉപഗവർണർമാരായ അവരുടെ സഹപ്രവർത്തകരും അറിയാൻ എഴുതുന്നത്: നിങ്ങൾ അങ്ങോട്ടു പോയി അവരുടെ പണി തടസ്സപ്പെടുത്തരുത്. 7 ജൂതന്മാരുടെ ഗവർണറും അവരുടെ മൂപ്പന്മാരും ചേർന്ന് ആ ദൈവഭവനം അതിന്റെ പഴയ സ്ഥാനത്തുതന്നെ നിർമിക്കും. അതിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്. 8 മാത്രമല്ല, ദൈവഭവനം പുതുക്കിപ്പണിയാനായി ജൂതന്മാരുടെ മൂപ്പന്മാർക്കു നിങ്ങൾ ചില സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നും ഞാൻ ഇതാ ഉത്തരവിടുന്നു: തടസ്സമില്ലാതെ പണി നടത്താൻ+ ആവശ്യമായ പണം നിങ്ങൾ അപ്പപ്പോൾ ഖജനാവിൽനിന്ന്,+ അതായത് അക്കരപ്രദേശത്തുനിന്ന് പിരിച്ച നികുതിയിൽനിന്ന്, അവർക്കു കൊടുക്കണം. 9 നിങ്ങൾ ഓരോ ദിവസവും അവർക്കു വേണ്ടതെല്ലാം കൊടുക്കണം. സ്വർഗത്തിലെ ദൈവത്തിനു ദഹനയാഗമായി അർപ്പിക്കാൻ കാളക്കുട്ടികൾ,+ മുട്ടനാടുകൾ,+ ആട്ടിൻകുട്ടികൾ+ എന്നിവയും യരുശലേമിലെ പുരോഹിതന്മാർ ചോദിക്കുന്നത്ര ഗോതമ്പ്,+ ഉപ്പ്,+ വീഞ്ഞ്,+ എണ്ണ+ എന്നിവയും നിങ്ങൾ അവർക്കു കൊടുക്കണം; ഇതിൽ മുടക്കമൊന്നും വരുത്തരുത്. 10 അങ്ങനെയാകുമ്പോൾ അവർക്ക് എന്നും സ്വർഗത്തിലെ ദൈവത്തെ പ്രസാദിപ്പിക്കാനായി യാഗങ്ങൾ അർപ്പിക്കാനും രാജാവിന്റെയും മക്കളുടെയും ദീർഘായുസ്സിനുവേണ്ടി പ്രാർഥിക്കാനും കഴിയും.+ 11 ആരെങ്കിലും ഈ കല്പന ലംഘിച്ചാൽ അവന്റെ വീടിന്റെ ഉത്തരം വലിച്ചൂരി അവനെ അതിൽ തറയ്ക്കുമെന്നും അവന്റെ വീടു പൊതുകക്കൂസാക്കുമെന്നും* ഞാൻ ഉത്തരവിട്ടിരിക്കുന്നു. 12 ഈ ഉത്തരവ് ധിക്കരിക്കാനും യരുശലേമിലുള്ള ദൈവഭവനം നശിപ്പിക്കാനും ഏതെങ്കിലുമൊരു രാജാവോ ജനതയോ കൈ ഉയർത്തിയാൽ, തന്റെ പേര് എന്നേക്കുമായി അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം+ അവരെ തകർത്തുകളയട്ടെ. ദാര്യാവേശ് എന്ന ഞാൻ ഈ ഉത്തരവിറക്കിയിരിക്കുന്നു; ഇത് എത്രയും പെട്ടെന്നു നടപ്പിലാക്കുക.”
13 അക്കരപ്രദേശത്തിന്റെ ഗവർണറായ തത്നായിയും ശെഥർ-ബോസ്നായിയും+ അവരുടെ സഹപ്രവർത്തകരും ദാര്യാവേശ് രാജാവ് കല്പിച്ചതെല്ലാം പെട്ടെന്നുതന്നെ നടപ്പിലാക്കി. 14 പ്രവാചകനായ ഹഗ്ഗായിയുടെയും+ ഇദ്ദൊയുടെ കൊച്ചുമകൻ സെഖര്യയുടെയും പ്രവചനങ്ങളിൽനിന്ന്+ പ്രോത്സാഹനം ഉൾക്കൊണ്ട ജൂതമൂപ്പന്മാർ നിർമാണം തുടർന്നു.+ ഒടുവിൽ, ഇസ്രായേലിന്റെ ദൈവവും+ കോരെശും+ ദാര്യാവേശും+ പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയും+ കല്പിച്ചിരുന്നതുപോലെ അവർ പണി പൂർത്തിയാക്കി. 15 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷം, ആദാർ* മാസം മൂന്നാം തീയതിയാണ് ദേവാലയനിർമാണം പൂർത്തിയായത്.
16 ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും+ പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയ മറ്റുള്ളവരും ചേർന്ന് സന്തോഷപൂർവം ദൈവഭവനത്തിന്റെ ഉദ്ഘാടനം* നടത്തി. 17 അതിന്റെ ഉദ്ഘാടനത്തിനുവേണ്ടി അവർ 100 കാളകളെയും 200 മുട്ടനാടുകളെയും 400 ആട്ടിൻകുട്ടികളെയും കൊണ്ടുവന്നു; എല്ലാ ഇസ്രായേല്യർക്കുമുള്ള പാപയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 ആൺകോലാടുകളെയും അവർ അർപ്പിച്ചു.+ 18 മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ,+ യരുശലേമിൽ ദൈവസേവനത്തിനായി പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെ വിഭാഗമനുസരിച്ചും+ നിയമിച്ചു.
19 പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയവർ ഒന്നാം മാസം 14-ാം ദിവസം പെസഹ ആഘോഷിച്ചു.+ 20 എല്ലാ പുരോഹിതന്മാരും ലേവ്യരും ശുദ്ധിയുള്ളവരായിരുന്നു. അവരെല്ലാം തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നതിനാൽ+ തങ്ങൾക്കും സഹപുരോഹിതന്മാർക്കും പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയ എല്ലാവർക്കും വേണ്ടി അവർ പെസഹാമൃഗത്തെ അറുത്തു. 21 പ്രവാസത്തിൽനിന്ന് തിരിച്ചുവന്ന ഇസ്രായേല്യരും ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാനായി* ദേശത്തെ ജനതകളുടെ മ്ലേച്ഛമായ രീതികൾ ഉപേക്ഷിച്ച് അവരോടൊപ്പം ചേർന്നവരും അതു കഴിച്ചു.+ 22 സത്യദൈവം അവർക്കു സന്തോഷം നൽകിയതുകൊണ്ടും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഭവനം പണിയുന്നതിൽ സഹായിക്കാനായി അസീറിയൻ രാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കിയതുകൊണ്ടും+ അവർ ആഹ്ലാദത്തോടെ ഏഴു ദിവസം പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവം കൊണ്ടാടി.+
7 ഇതെല്ലാം കഴിഞ്ഞശേഷം, പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ+ ഭരണകാലത്ത് എസ്ര*+ മടങ്ങിവന്നു. സെരായയുടെ+ മകനായിരുന്നു എസ്ര. സെരായ അസര്യയുടെ മകൻ; അസര്യ ഹിൽക്കിയയുടെ+ മകൻ; 2 ഹിൽക്കിയ ശല്ലൂമിന്റെ മകൻ; ശല്ലൂം സാദോക്കിന്റെ മകൻ; സാദോക്ക് അഹീതൂബിന്റെ മകൻ; 3 അഹീതൂബ് അമര്യയുടെ മകൻ; അമര്യ അസര്യയുടെ+ മകൻ; അസര്യ മെരായോത്തിന്റെ മകൻ; 4 മെരായോത്ത് സെരഹ്യയുടെ മകൻ; സെരഹ്യ ഉസ്സിയുടെ മകൻ; ഉസ്സി ബുക്കിയുടെ മകൻ; 5 ബുക്കി അബീശൂവയുടെ മകൻ; അബീശൂവ ഫിനെഹാസിന്റെ+ മകൻ; ഫിനെഹാസ് എലെയാസരിന്റെ+ മകൻ; എലെയാസർ മുഖ്യപുരോഹിതനായ അഹരോന്റെ+ മകൻ. 6 എസ്ര ബാബിലോണിൽനിന്ന് വന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവ നൽകിയ മോശയുടെ നിയമത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന* ഒരു പകർപ്പെഴുത്തുകാരനായിരുന്നു* എസ്ര.+ ദൈവമായ യഹോവയുടെ കൈ എസ്രയുടെ മേലുണ്ടായിരുന്നതുകൊണ്ട് എസ്ര ചോദിച്ചതെല്ലാം രാജാവ് കൊടുത്തു.
7 അർഥഹ്ശഷ്ട രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും+ ഗായകരും+ കാവൽക്കാരും+ ദേവാലയസേവകരും*+ യരുശലേമിലേക്കു പോയി. 8 രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം അഞ്ചാം മാസം എസ്ര യരുശലേമിൽ എത്തി. 9 ഒന്നാം മാസം ഒന്നാം ദിവസമാണ് എസ്ര ബാബിലോണിൽനിന്ന് യാത്ര തിരിച്ചത്. ദൈവത്തിന്റെ കൈ എസ്രയുടെ മേലുണ്ടായിരുന്നതുകൊണ്ട്+ അഞ്ചാം മാസം ഒന്നാം ദിവസം എസ്ര യരുശലേമിൽ എത്തിച്ചേർന്നു. 10 യഹോവയുടെ നിയമം പരിശോധിച്ച് അതിനു ചേർച്ചയിൽ നടക്കാനും+ അതിലെ ചട്ടങ്ങളും ന്യായത്തീർപ്പുകളും ഇസ്രായേല്യരെ പഠിപ്പിക്കാനും+ എസ്ര തന്റെ ഹൃദയം ഒരുക്കിയിരുന്നു.*
11 പകർപ്പെഴുത്തുകാരനും പുരോഹിതനും യഹോവ ഇസ്രായേലിനു കൊടുത്ത കല്പനകളും ചട്ടങ്ങളും പഠിക്കുന്നതിൽ സമർഥനും ആയിരുന്ന എസ്രയ്ക്ക് അർഥഹ്ശഷ്ട രാജാവ് കൊടുത്ത കത്തിന്റെ പകർപ്പാണ് ഇത്:
12 * “പുരോഹിതനും സ്വർഗത്തിലെ ദൈവത്തിന്റെ നിയമം പകർത്തിയെഴുതുന്നവനും* ആയ എസ്രയ്ക്കു രാജാധിരാജനായ അർഥഹ്ശഷ്ട+ എഴുതുന്നത്: നിനക്കു സമാധാനം! 13 എന്റെ സാമ്രാജ്യത്തിലുള്ള ഇസ്രായേല്യർക്കോ അവരുടെ പുരോഹിതന്മാർക്കോ ലേവ്യർക്കോ നിന്നോടൊപ്പം യരുശലേമിലേക്കു വരാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കെല്ലാം അങ്ങനെ ചെയ്യാവുന്നതാണ് എന്നു ഞാൻ ഇതാ ഉത്തരവിട്ടിരിക്കുന്നു.+ 14 രാജാവും രാജാവിന്റെ ഏഴ് ഉപദേഷ്ടാക്കളും ചേർന്ന് നിന്നെ അയയ്ക്കുന്നത്, യഹൂദയിലും യരുശലേമിലും ഉള്ളവർ നിന്റെ കൈവശമുള്ള ദൈവത്തിന്റെ നിയമം പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനും 15 യരുശലേമിൽ വസിക്കുന്ന, ഇസ്രായേലിന്റെ ദൈവത്തിനായി രാജാവും ഉപദേഷ്ടാക്കളും സ്വമനസ്സാലെ നൽകിയ സ്വർണവും വെള്ളിയും കൊണ്ടുപോകുന്നതിനും വേണ്ടിയാണ്. 16 യരുശലേമിലുള്ള തങ്ങളുടെ ദൈവഭവനത്തിനു ജനവും പുരോഹിതന്മാരും സ്വമനസ്സാലെ നൽകുന്ന കാഴ്ചയും ബാബിലോൺസംസ്ഥാനത്തുനിന്ന് നിനക്കു ലഭിക്കുന്ന* മുഴുവൻ സ്വർണവും വെള്ളിയും നീ കൊണ്ടുപോകണം.+ 17 നീ പെട്ടെന്നുതന്നെ ആ പണംകൊണ്ട് കാളകൾ,+ മുട്ടനാടുകൾ,+ ആട്ടിൻകുട്ടികൾ,+ അവയുടെ ധാന്യയാഗങ്ങൾ,+ അവയുടെ പാനീയയാഗങ്ങൾ+ എന്നിവ വാങ്ങി അവ യരുശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ഭവനത്തിലെ യാഗപീഠത്തിൽ അർപ്പിക്കണം.
18 “ബാക്കിയുള്ള സ്വർണവും വെള്ളിയും നിനക്കും നിന്റെ സഹോദരന്മാർക്കും ഉചിതമെന്നു തോന്നുന്നതുപോലെ നിങ്ങളുടെ ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ഉപയോഗിക്കാം. 19 നിന്റെ ദൈവത്തിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്കായി നിനക്കു തന്നിരിക്കുന്ന പാത്രങ്ങളെല്ലാം നീ യരുശലേമിലെ ദൈവസന്നിധിയിൽ സമർപ്പിക്കണം.+ 20 നിന്റെ ദൈവത്തിന്റെ ഭവനത്തിലെ മറ്റ് ആവശ്യങ്ങൾക്കായി നീ കൊടുക്കേണ്ടതെല്ലാം നിനക്കു ഖജനാവിൽനിന്ന് എടുക്കാവുന്നതാണ്.+
21 “അർഥഹ്ശഷ്ട രാജാവ് എന്ന ഞാൻ അക്കരപ്രദേശത്തെ* ധനകാര്യവിചാരകന്മാരോടെല്ലാം, സ്വർഗത്തിലെ ദൈവത്തിന്റെ നിയമം പകർത്തിയെഴുതുന്നവനായ എസ്ര+ പുരോഹിതൻ ആവശ്യപ്പെടുന്നതെന്തും എത്രയുംവേഗം ചെയ്തുകൊടുക്കണമെന്ന് ആജ്ഞാപിച്ചിരിക്കുന്നു. 22 വെള്ളി 100 താലന്തുവരെയും* ഗോതമ്പ് 100 കോർവരെയും* വീഞ്ഞ്+ 100 ബത്തുവരെയും* എണ്ണ+ 100 ബത്തുവരെയും ഉപ്പ്+ ആവശ്യംപോലെയും കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 23 രാജാവിന്റെ മക്കളുടെ മേലും സാമ്രാജ്യത്തിന്മേലും ദൈവകോപം വരാതിരിക്കാൻ സ്വർഗത്തിലെ ദൈവം+ കല്പിച്ചതെല്ലാം സ്വർഗത്തിലെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി ഉത്സാഹത്തോടെ ചെയ്യുക.+ 24 കൂടാതെ പുരോഹിതന്മാർ, ലേവ്യർ, സംഗീതജ്ഞർ,+ വാതിൽക്കാവൽക്കാർ, ദേവാലയസേവകർ,+ ദൈവഭവനത്തിലെ പണിക്കാർ എന്നിവരോടൊന്നും കരമോ കപ്പമോ+ യാത്രാനികുതിയോ പിരിക്കാൻ അധികാരമില്ലെന്ന കാര്യവും അറിഞ്ഞുകൊള്ളുക.
25 “എസ്രാ, നിന്റെ ദൈവത്തിൽനിന്ന് നിനക്കു ലഭിച്ച ജ്ഞാനം ഉപയോഗിച്ച്, അക്കരപ്രദേശത്ത് താമസിക്കുന്ന ജനത്തിന്, നിന്റെ ദൈവത്തിന്റെ നിയമങ്ങൾ അറിയാവുന്ന ജനത്തിനു മുഴുവൻ, ന്യായപാലനം നടത്താനായി നീ മജിസ്റ്റ്രേട്ടുമാരെയും ന്യായാധിപന്മാരെയും നിയമിക്കണം. ആ നിയമങ്ങൾ അറിയില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ നീ അവരെ അതു പഠിപ്പിക്കുകയും വേണം.+ 26 നിന്റെ ദൈവത്തിന്റെ നിയമവും രാജാവിന്റെ നിയമവും അനുസരിക്കാത്ത എല്ലാവരെയും നീ ഉടനടി ശിക്ഷിക്കണം. നിനക്ക് അവരെ വധിക്കുകയോ നാടുകടത്തുകയോ തടവിലാക്കുകയോ അവരിൽനിന്ന് പിഴ ഈടാക്കുകയോ ചെയ്യാവുന്നതാണ്.”
27 യരുശലേമിലെ യഹോവയുടെ ഭവനം മോടി പിടിപ്പിക്കാൻ രാജാവിന്റെ ഹൃദയത്തിൽ തോന്നിച്ച നമ്മുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു സ്തുതി!+ 28 രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും+ രാജാവിന്റെ വീരന്മാരായ എല്ലാ പ്രഭുക്കന്മാരുടെയും മുന്നിൽ ദൈവം എന്നോട് അചഞ്ചലമായ സ്നേഹം കാണിച്ചിരിക്കുന്നു.+ എന്റെ ദൈവമായ യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട് എന്നോടൊപ്പം പോരുന്നതിന് ഇസ്രായേലിലെ പ്രധാനികളെയെല്ലാം വിളിച്ചുകൂട്ടാൻ എനിക്കു ധൈര്യം തോന്നി.
8 അർഥഹ്ശഷ്ട രാജാവിന്റെ ഭരണകാലത്ത് എന്നോടൊപ്പം ബാബിലോണിൽനിന്ന് പോന്നവരുടെ+ വംശാവലിരേഖയും പിതൃഭവനത്തലവന്മാരുടെ പേരുകളും: 2 ഫിനെഹാസിന്റെ+ ആൺമക്കളിൽ ഗർശോം; ഈഥാമാരിന്റെ+ ആൺമക്കളിൽ ദാനിയേൽ; ദാവീദിന്റെ ആൺമക്കളിൽ ഹത്തൂശ്; 3 പരോശിന്റെയും ശെഖന്യയുടെയും വംശത്തിൽപ്പെട്ട സെഖര്യ, സെഖര്യയുടെകൂടെ രേഖയിൽ പേരുള്ള 150 പുരുഷന്മാർ; 4 പഹത്-മോവാബിന്റെ+ ആൺമക്കളിൽ സെരഹ്യയുടെ മകൻ എല്യെഹോവേനായി, എല്യെഹോവേനായിയുടെകൂടെ 200 പുരുഷന്മാർ; 5 സത്ഥുവിന്റെ+ ആൺമക്കളിൽ യഹസീയേലിന്റെ മകൻ ശെഖന്യ, ശെഖന്യയുടെകൂടെ 300 പുരുഷന്മാർ; 6 ആദീന്റെ+ ആൺമക്കളിൽ യോനാഥാന്റെ മകൻ ഏബെദ്, ഏബെദിന്റെകൂടെ 50 പുരുഷന്മാർ; 7 ഏലാമിന്റെ+ ആൺമക്കളിൽ അഥല്യയുടെ മകൻ എശയ്യ, എശയ്യയുടെകൂടെ 70 പുരുഷന്മാർ; 8 ശെഫത്യയുടെ+ ആൺമക്കളിൽ മീഖായേലിന്റെ മകൻ സെബദ്യ, സെബദ്യയുടെകൂടെ 80 പുരുഷന്മാർ; 9 യോവാബിന്റെ ആൺമക്കളിൽ യഹീയേലിന്റെ മകൻ ഓബദ്യ, ഓബദ്യയുടെകൂടെ 218 പുരുഷന്മാർ; 10 ബാനിയുടെ ആൺമക്കളിൽ യോസിഫ്യയുടെ മകൻ ശെലോമീത്ത്, ശെലോമീത്തിന്റെകൂടെ 160 പുരുഷന്മാർ; 11 ബേബായിയുടെ+ ആൺമക്കളിൽ ബേബായിയുടെ മകൻ സെഖര്യ, സെഖര്യയുടെകൂടെ 28 പുരുഷന്മാർ; 12 അസ്ഗാദിന്റെ+ ആൺമക്കളിൽ ഹക്കാതാന്റെ മകൻ യോഹാനാൻ, യോഹാനാന്റെകൂടെ 110 പുരുഷന്മാർ; 13 അദോനിക്കാമിന്റെ+ ആൺമക്കളിൽ അവസാനത്തവരായ എലീഫേലെത്ത്, യയീയേൽ, ശെമയ്യ എന്നിവരും അവരുടെകൂടെ 60 പുരുഷന്മാരും; 14 ബിഗ്വായിയുടെ+ ആൺമക്കളിൽ ഊഥായി, സബൂദ്, അവരുടെകൂടെ 70 പുരുഷന്മാർ.
15 ഞാൻ അവരെ അഹവയിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് കൂട്ടിവരുത്തി.+ ഞങ്ങൾ അവിടെ കൂടാരം അടിച്ച് മൂന്നു ദിവസം താമസിച്ചു. എന്നാൽ ഞാൻ ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ അന്വേഷിച്ചപ്പോൾ ലേവ്യർ ആരും അക്കൂട്ടത്തിലില്ലെന്നു മനസ്സിലായി. 16 അതുകൊണ്ട് ഞാൻ പ്രധാനികളായ എലീയേസെർ, അരിയേൽ, ശെമയ്യ, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യ, മെശുല്ലാം എന്നിവരെയും ഗുരുക്കന്മാരായ യൊയാരീബ്, എൽനാഥാൻ എന്നിവരെയും ആളയച്ച് വിളിപ്പിച്ചു. 17 എന്നിട്ട് കാസിഫ്യ എന്ന സ്ഥലത്തെ പ്രധാനിയായ ഇദ്ദൊയുടെ അടുത്തേക്കു പോകാൻ ഒരു കല്പന കൊടുത്തു. കാസിഫ്യയിൽ ചെന്ന് ദേവാലയസേവകരുടെ* കുടുംബത്തിൽപ്പെട്ട ഇദ്ദൊയെയും സഹോദരന്മാരെയും കണ്ട് ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരെ കൊണ്ടുവരാൻ പറയണമെന്നു പറഞ്ഞു. 18 ഞങ്ങളുടെ ദൈവത്തിന്റെ അനുഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നതുകൊണ്ട് അവർക്ക് ഇസ്രായേലിന്റെ മകനായ ലേവിയുടെ കൊച്ചുമകനായ മഹ്ലിയുടെ+ ആൺമക്കളിൽപ്പെട്ട ജ്ഞാനിയായ ശേരെബ്യയെയും+ ശേരെബ്യയുടെ ആൺമക്കളെയും സഹോദരന്മാരെയും കൊണ്ടുവരാൻ കഴിഞ്ഞു. അവർ ആകെ 18 പേർ. 19 കൂടാതെ ഹശബ്യയെയും മെരാര്യനായ+ എശയ്യയെയും സഹോദരന്മാരെയും അവരുടെ ആൺമക്കളെയും അവർ കൊണ്ടുവന്നു. അവർ ആകെ 20 പേർ. 20 പേര് വിളിച്ച് തിരഞ്ഞെടുത്ത 220 ദേവാലയസേവകരും അക്കൂട്ടത്തിലുണ്ടായിരുന്നു. ദാവീദും പ്രഭുക്കന്മാരും ആണ് ലേവ്യരെ സഹായിക്കാനായി ദേവാലയസേവകരെ ഏർപ്പെടുത്തിയത്.
21 അതിനു ശേഷം, ഞങ്ങളുടെ ദൈവത്തിനു മുമ്പാകെ ഞങ്ങളെത്തന്നെ താഴ്ത്തുന്നതിനും കുട്ടികളോടും സാധനസാമഗ്രികളോടും കൂടെയുള്ള ഞങ്ങളുടെ യാത്രയെക്കുറിച്ച് ദൈവത്തോട് ഉപദേശം തേടുന്നതിനും വേണ്ടി ഞാൻ അഹവ നദീതീരത്ത് ഒരു ഉപവാസം പ്രഖ്യാപിച്ചു. 22 വഴിയിൽ ശത്രുക്കളുടെ ആക്രമണം തടയാനായി രാജാവിനോടു സൈനികരെയും കുതിരപ്പടയാളികളെയും ചോദിക്കാൻ എനിക്കു മടി തോന്നി. കാരണം, “ഞങ്ങളുടെ ദൈവത്തിന്റെ ശക്തിയുള്ള കരം ദൈവത്തെ അന്വേഷിക്കുന്ന എല്ലാവരെയും പിന്തുണയ്ക്കുന്നു,+ എന്നാൽ ദൈവത്തെ ഉപേക്ഷിക്കുന്നവരോട് ദൈവം കോപിക്കുകയും അവർക്കെതിരെ തന്റെ ശക്തി പ്രയോഗിക്കുകയും ചെയ്യും”+ എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നു. 23 അതുകൊണ്ട് ഞങ്ങൾ ഉപവസിക്കുകയും ഇതെക്കുറിച്ച് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു. ദൈവം ഞങ്ങളുടെ യാചന കേട്ടു.+
24 പിന്നെ ഞാൻ 12 പ്രധാനപുരോഹിതന്മാരെ, അതായത് ശേരെബ്യയെയും ഹശബ്യയെയും+ അവരുടെ പത്തു സഹോദരന്മാരെയും, വിളിച്ചുകൂട്ടി. 25 എന്നിട്ട് രാജാവും രാജാവിന്റെ ഉപദേഷ്ടാക്കളും പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്ന എല്ലാ ഇസ്രായേല്യരും ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി സംഭാവനയായി നൽകിയ സ്വർണവും വെള്ളിയും ഉപകരണങ്ങളും തൂക്കിനോക്കിയിട്ട് അവരുടെ കൈയിൽ കൊടുത്തു.+ 26 അങ്ങനെ ഞാൻ അവർക്ക് 650 താലന്തു* വെള്ളിയും 2 താലന്തു വിലവരുന്ന 100 വെള്ളിയുപകരണങ്ങളും 100 താലന്തു സ്വർണവും 27 1,000 ദാരിക്ക്* വിലവരുന്ന 20 ചെറിയ സ്വർണപാത്രങ്ങളും സ്വർണംപോലെ വിശിഷ്ടമായ, തിളങ്ങുന്ന ചുവപ്പു നിറത്തിൽ മേത്തരം ചെമ്പുകൊണ്ട് ഉണ്ടാക്കിയ 2 ഉപകരണങ്ങളും തൂക്കിക്കൊടുത്തു.
28 പിന്നെ ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധരാണ്;+ ഉപകരണങ്ങളും വിശുദ്ധമാണ്. ഈ സ്വർണവും വെള്ളിയും ആകട്ടെ, നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു ലഭിച്ച കാഴ്ചകളാണ്. 29 യരുശലേമിൽ യഹോവയുടെ ഭവനത്തിലെ അറകളിൽവെച്ച്* പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രമാണികളും ഇസ്രായേലിന്റെ പിതൃഭവനങ്ങളുടെ പ്രഭുക്കന്മാരും കാൺകെ തൂക്കിനോക്കുന്നതുവരെ നിങ്ങൾ ഇവ ഭദ്രമായി സൂക്ഷിക്കണം.”+ 30 അങ്ങനെ പുരോഹിതന്മാരും ലേവ്യരും കൂടി യരുശലേമിലുള്ള ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിലേക്കു കൊണ്ടുപോകാനായി തൂക്കിക്കൊടുത്ത ആ സ്വർണവും വെള്ളിയും ഉപകരണങ്ങളും ഏറ്റുവാങ്ങി.
31 ഒടുവിൽ, ഒന്നാം മാസം+ 12-ാം ദിവസം ഞങ്ങൾ അഹവ നദിക്കരയിൽനിന്ന്+ യരുശലേമിലേക്കു പുറപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങളുടെ മേലുണ്ടായിരുന്നു; ദൈവം വഴിയിലെ ശത്രുക്കളിൽനിന്നും കൊള്ളക്കാരിൽനിന്നും ഞങ്ങളെ രക്ഷിച്ചു. 32 അങ്ങനെ ഞങ്ങൾ യരുശലേമിൽ എത്തി,+ മൂന്നു ദിവസം അവിടെ താമസിച്ചു. 33 നാലാം ദിവസം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽവെച്ച് ആ സ്വർണവും വെള്ളിയും ഉപകരണങ്ങളും തൂക്കിനോക്കി+ പുരോഹിതനായ ഉരിയയുടെ മകൻ മെരേമോത്തിനെ+ ഏൽപ്പിച്ചു. മെരേമോത്തിന്റെകൂടെ ഫിനെഹാസിന്റെ മകൻ എലെയാസരും യേശുവയുടെ മകൻ യോസാബാദ്,+ ബിന്നൂവിയുടെ+ മകൻ നോവദ്യ എന്നീ ലേവ്യരും ഉണ്ടായിരുന്നു. 34 അങ്ങനെ എല്ലാത്തിന്റെയും എണ്ണമെടുത്ത് തൂക്കിനോക്കി, തൂക്കമെല്ലാം രേഖപ്പെടുത്തിവെച്ചു. 35 പ്രവാസത്തിൽനിന്ന് മോചിതരായി വന്നവർ ഇസ്രായേലിന്റെ ദൈവത്തിനു ദഹനബലികൾ അർപ്പിച്ചു. പാപയാഗമായി 12 ആൺകോലാടുകളെയും+ 96 ആൺചെമ്മരിയാടുകളെയും+ 77 ആണാട്ടിൻകുട്ടികളെയും എല്ലാ ഇസ്രായേല്യർക്കുംവേണ്ടി 12 കാളകളെയും+ അർപ്പിച്ചു. ഇതെല്ലാം യഹോവയ്ക്കുള്ള ദഹനയാഗമായിരുന്നു.+
36 പിന്നെ ഞങ്ങൾ രാജാവിന്റെ ഉത്തരവുകൾ+ രാജാവിന്റെ സംസ്ഥാനാധിപതിമാർക്കും* അക്കരപ്രദേശത്തെ*+ ഗവർണർമാർക്കും കൈമാറി; അവർ ജനത്തെയും ദൈവഭവനത്തെയും സഹായിച്ചു.+
9 ഇതെല്ലാം കഴിഞ്ഞശേഷം, പ്രഭുക്കന്മാർ എന്റെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ചുറ്റുമുള്ള ദേശങ്ങളിലെ കനാന്യർ, ഹിത്യർ, പെരിസ്യർ, യബൂസ്യർ, അമ്മോന്യർ, മോവാബ്യർ, അമോര്യർ,+ ഈജിപ്തുകാർ+ എന്നീ ജനതകളിൽനിന്ന് ഇസ്രായേൽ ജനവും പുരോഹിതന്മാരും ലേവ്യരും അകന്നുനിൽക്കുന്നില്ല; അവർ ഇപ്പോഴും ആ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടരുകയാണ്.+ 2 അവർ ജനതകളുടെ പെൺമക്കളെ വിവാഹം കഴിച്ചു; അവരുടെ മക്കളെക്കൊണ്ടും ജനതകളുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ചു.+ അങ്ങനെ വിശുദ്ധസന്തതികളായ+ അവർ ദേശത്തെ ജനങ്ങളുമായി ഇടകലർന്നിരിക്കുന്നു.+ നമ്മുടെ പ്രഭുക്കന്മാരും ഉപഭരണാധികാരികളും ആണ് ഇങ്ങനെ അവിശ്വസ്തത കാണിക്കുന്നതിൽ മുൻപന്തിയിലുള്ളത്.”
3 ഇതു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി, താടിയും മുടിയും പിച്ചിപ്പറിച്ചു; ഞാൻ അവിടെ തരിച്ച് ഇരുന്നുപോയി. 4 വൈകുന്നേരത്തെ ധാന്യയാഗത്തിന്റെ+ സമയംവരെ ഞാൻ അങ്ങനെ ഇരുന്നു. പ്രവാസത്തിൽനിന്ന് തിരിച്ചെത്തിയ ജനത്തിന്റെ അവിശ്വസ്തതയെക്കുറിച്ച് കേട്ടപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ വാക്കുകൾ ആദരിക്കുന്ന* എല്ലാവരും എനിക്കു ചുറ്റും കൂടി.
5 വൈകുന്നേരത്തെ ധാന്യയാഗത്തിന്റെ+ സമയമായപ്പോൾ കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ ഞാൻ എന്റെ ലജ്ജിതാവസ്ഥയിൽനിന്ന് എഴുന്നേറ്റു. ഞാൻ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിച്ച് 6 ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമേ, അങ്ങയെ മുഖം ഉയർത്തി നോക്കാൻ എനിക്കു നാണവും ലജ്ജയും തോന്നുന്നു. ദൈവമേ, ഞങ്ങളുടെ തെറ്റുകൾ വർധിച്ചുപെരുകി ഞങ്ങളുടെ തലയ്ക്കു മീതെ എത്തിയിരിക്കുന്നു; ഞങ്ങളുടെ കുറ്റങ്ങൾ ആകാശത്തോളം കുന്നുകൂടിയിരിക്കുന്നു.+ 7 ഞങ്ങളുടെ പൂർവികരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾ ഒരുപാടു കുറ്റങ്ങൾ ചെയ്തുകൂട്ടി.+ ഞങ്ങളുടെ തെറ്റുകൾ കാരണം അങ്ങ് ഞങ്ങളെയും ഞങ്ങളുടെ രാജാക്കന്മാരെയും പുരോഹിതന്മാരെയും ചുറ്റുമുള്ള രാജാക്കന്മാരുടെ കൈയിൽ ഏൽപ്പിച്ചു; ഞങ്ങളെ വാളിനും+ അടിമത്തത്തിനും+ കൊള്ളയ്ക്കും+ അപമാനത്തിനും ഇരയാക്കി. ഇന്നും അതുതന്നെയാണു ഞങ്ങളുടെ അവസ്ഥ.+ 8 എന്നാൽ ഇപ്പോൾ ഇതാ, ഞങ്ങളുടെ ദൈവമായ യഹോവ അൽപ്പനേരത്തേക്ക് ഒരു ചെറിയ കൂട്ടത്തോടു കരുണ കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങാനും അടിമത്തത്തിൽനിന്ന് ഞങ്ങൾക്ക് അൽപ്പം ആശ്വാസം പകരാനും വേണ്ടി അങ്ങ് ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു; അങ്ങയുടെ വിശുദ്ധസ്ഥലത്ത് ഞങ്ങൾക്ക് ഒരു സുരക്ഷിതസ്ഥാനം* നൽകുകയും ചെയ്തിരിക്കുന്നു.+ 9 ഞങ്ങൾ അടിമകളാണെങ്കിലും+ ഞങ്ങളുടെ ദൈവം ഞങ്ങളെ അടിമത്തത്തിൽ വിട്ടുകളഞ്ഞില്ല. പേർഷ്യൻ രാജാക്കന്മാരുടെ മുമ്പാകെ അങ്ങ് ഞങ്ങളോട് അചഞ്ചലമായ സ്നേഹം കാണിച്ചു.+ അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ ഭവനം പണിയാനും അതിന്റെ നാശാവശിഷ്ടങ്ങൾ പുനരുദ്ധരിക്കാനും+ ഞങ്ങൾക്കു ശക്തി ലഭിച്ചു; യഹൂദയിലും യരുശലേമിലും ഞങ്ങൾക്കൊരു കൻമതിൽ* ലഭിക്കാനും അങ്ങ് ഇടയാക്കി.
10 “എന്നാൽ ഞങ്ങളുടെ ദൈവമേ, ഇപ്പോൾ ഞങ്ങൾ എന്തു പറയാനാണ്? അങ്ങയുടെ കല്പനകൾ ഞങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. 11 അങ്ങയുടെ ദാസരായ പ്രവാചകന്മാരിലൂടെ അങ്ങ് ഇങ്ങനെ പറഞ്ഞിരുന്നല്ലോ: ‘നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം അശുദ്ധമായ ഒരു ദേശമാണ്. കാരണം അവിടത്തെ ജനങ്ങൾ അതിനെ തങ്ങളുടെ അശുദ്ധികൊണ്ട് നിറച്ചിരിക്കുന്നു; മ്ലേച്ഛമായ ആചാരങ്ങൾകൊണ്ട് അവർ ആ ദേശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ മലിനമാക്കിയിരിക്കുന്നു.+ 12 അതുകൊണ്ട് അവരുടെ ആൺമക്കൾക്കു നിങ്ങളുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ചുകൊടുക്കുകയോ നിങ്ങളുടെ ആൺമക്കളെക്കൊണ്ട് അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കുകയോ അരുത്.+ അവരുടെ സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി നിങ്ങൾ പ്രവർത്തിക്കരുത്.+ ഈ കല്പന അനുസരിക്കുന്നെങ്കിൽ നിങ്ങൾ ശക്തരായിത്തീരുകയും ദേശത്തിന്റെ നന്മ ആസ്വദിക്കുകയും ചെയ്യും. ഈ ദേശം നിങ്ങളുടെ മക്കൾക്ക് ഒരു അവകാശമായി കൈമാറാനും നിങ്ങൾക്കാകും.’ 13 ഞങ്ങൾ ചെയ്ത വലിയ തെറ്റുകളുടെയും കുറ്റങ്ങളുടെയും ഫലം ഞങ്ങൾ അനുഭവിച്ചിരിക്കുന്നു.—എന്നാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ തെറ്റുകൾക്ക് അർഹിക്കുന്ന ശിക്ഷ തരാതെ+ ഒരു ചെറിയ കൂട്ടം രക്ഷപ്പെടാൻ അങ്ങ് അനുവദിച്ചു.+— 14 എന്നിട്ടും, അങ്ങയുടെ കല്പനകൾ വീണ്ടും ലംഘിച്ചുകൊണ്ട് മ്ലേച്ഛമായ രീതികളുള്ള ജനങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയോ?*+ അങ്ങ് ഞങ്ങളോട് ഉഗ്രമായി കോപിച്ച് ഒരാളെപ്പോലും ബാക്കി വെക്കാതെ ഞങ്ങളെ ഒന്നടങ്കം നശിപ്പിച്ചുകളയില്ലേ? 15 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നീതിമാനാണ്;+ ഈ ദിവസംവരെ അങ്ങ് ഈ ചെറിയ കൂട്ടത്തെ ജീവനോടെ ശേഷിപ്പിച്ചിരിക്കുന്നല്ലോ. തെറ്റുകാരായ ഞങ്ങൾ ഇതാ, തിരുമുമ്പാകെ വന്നിരിക്കുന്നു. വാസ്തവത്തിൽ, അങ്ങയുടെ മുന്നിൽ നിൽക്കാനുള്ള യോഗ്യത ഞങ്ങൾക്കില്ല.”+
10 എസ്ര സത്യദൈവത്തിന്റെ ഭവനത്തിനു മുന്നിൽ സാഷ്ടാംഗം വീണ് കരഞ്ഞുപ്രാർഥിച്ചു.+ അങ്ങനെ എസ്ര തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇസ്രായേല്യരുടെ ഒരു വലിയ കൂട്ടം ചുറ്റും കൂടി അതിദുഃഖത്തോടെ കരഞ്ഞു. 2 അപ്പോൾ ഏലാമിന്റെ+ വംശജനായ യഹീയേലിന്റെ+ മകൻ ശെഖന്യ എസ്രയോടു പറഞ്ഞു: “ചുറ്റുമുള്ള ദേശങ്ങളിലെ സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ട്* ഞങ്ങൾ ഞങ്ങളുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു.+ എങ്കിലും ഇസ്രായേലിന്റെ കാര്യത്തിൽ ഇപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. 3 അതുകൊണ്ട് യഹോവയുടെയും ദൈവകല്പനകൾ ആദരിക്കുന്നവരുടെയും നിർദേശമനുസരിച്ച്,+ നമ്മുടെ ആ ഭാര്യമാരെയും അവരിൽ ജനിച്ച മക്കളെയും പറഞ്ഞയയ്ക്കുമെന്നു നമുക്കു നമ്മുടെ ദൈവവുമായി ഒരു ഉടമ്പടി ചെയ്യാം.+ അങ്ങനെ നമുക്കു നിയമം അനുസരിക്കാം. 4 എഴുന്നേൽക്കൂ, അങ്ങയുടെ ഉത്തരവാദിത്വമാണ് ഇത്. ധൈര്യമായി നടപടിയെടുത്തുകൊള്ളൂ; ഞങ്ങൾ അങ്ങയുടെകൂടെയുണ്ട്.”
5 അപ്പോൾ എസ്ര എഴുന്നേറ്റ്, പറഞ്ഞതുപോലെതന്നെ ചെയ്തുകൊള്ളാമെന്നു സത്യം ചെയ്യാൻ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേല്യരുടെയും തലവന്മാരോട് ആവശ്യപ്പെട്ടു;+ അവർ സത്യം ചെയ്തു. 6 തുടർന്ന് എസ്ര സത്യദൈവത്തിന്റെ ഭവനത്തിനു മുന്നിൽനിന്ന് എല്യാശീബിന്റെ മകനായ യഹോഹാനാന്റെ അറയിലേക്കു* പോയി. പ്രവാസത്തിൽനിന്ന് മടങ്ങിവന്നവരുടെ അവിശ്വസ്തതയെക്കുറിച്ച് ഓർത്ത് വിലപിച്ചുകൊണ്ടിരുന്നതിനാൽ എസ്ര അവിടെനിന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.+
7 പിന്നെ, പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയ എല്ലാവരും യരുശലേമിൽ കൂടിവരണമെന്ന് അവർ യഹൂദയിലും യരുശലേമിലും ഒരു വിളംബരം നടത്തി. 8 മൂന്നു ദിവസത്തിനകം കൂടിവരാത്തവരുടെ വസ്തുവകകളെല്ലാം കണ്ടുകെട്ടുമെന്നും പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയവരുടെ സഭയിൽനിന്ന് അവരെ പുറത്താക്കുമെന്നും പ്രഭുക്കന്മാരും മൂപ്പന്മാരും തീരുമാനിച്ചു.+ 9 മൂന്നു ദിവസത്തിനുള്ളിൽത്തന്നെ യഹൂദയിലും ബന്യാമീനിലും ഉള്ള പുരുഷന്മാരെല്ലാം യരുശലേമിൽ കൂടിവന്നു. അങ്ങനെ, ഒൻപതാം മാസം 20-ാം ദിവസം സത്യദൈവത്തിന്റെ ഭവനത്തിന്റെ ഒരു മുറ്റത്ത് അവർ ഒരുമിച്ചുകൂടി. പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ച് ഓർത്തുള്ള ഭയവും കനത്ത മഴയും കാരണം അവിടെ ഇരുന്നവരെല്ലാം വിറയ്ക്കുകയായിരുന്നു.
10 അപ്പോൾ എസ്ര പുരോഹിതൻ എഴുന്നേറ്റുനിന്ന് അവരോടു പറഞ്ഞു: “അന്യദേശക്കാരായ സ്ത്രീകളെ വിവാഹം ചെയ്തതിലൂടെ+ നിങ്ങൾ അവിശ്വസ്തതയാണു കാണിച്ചിരിക്കുന്നത്; നിങ്ങൾ ഇസ്രായേലിന്റെ പാപഭാരം വർധിപ്പിച്ചിരിക്കുന്നു. 11 അതുകൊണ്ട് നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയോടു കുറ്റം ഏറ്റുപറഞ്ഞ് ദൈവത്തിന്റെ ഇഷ്ടം ചെയ്യുക. ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളിൽനിന്നും നിങ്ങളുടെ അന്യദേശക്കാരായ ഭാര്യമാരിൽനിന്നും അകന്നിരിക്കുക.”+ 12 അപ്പോൾ സഭ മുഴുവനും ഇങ്ങനെ ഉച്ചത്തിൽ മറുപടി പറഞ്ഞു: “അങ്ങ് പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും; അതു ഞങ്ങളുടെ കടമയാണ്. 13 പക്ഷേ, ഇവിടെ ധാരാളം ആളുകൾ വന്നിട്ടുണ്ട്. മഴക്കാലമായതുകൊണ്ട് പുറത്ത് നിൽക്കാനും പറ്റില്ല. ഒന്നോ രണ്ടോ ദിവസംകൊണ്ട് തീർക്കാവുന്ന ഒരു കാര്യവുമല്ല ഇത്; ഇക്കാര്യത്തിൽ ഞങ്ങൾ കാണിച്ചിരിക്കുന്ന അനുസരണക്കേട് അത്ര വലുതാണ്. 14 അതുകൊണ്ട് സഭയെ മുഴുവൻ പ്രതിനിധീകരിക്കാൻ ഞങ്ങളുടെ പ്രഭുക്കന്മാരെ അനുവദിച്ചാലും.+ അന്യദേശക്കാരായ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ളവരെല്ലാം അവരവരുടെ നഗരങ്ങളിലെ മൂപ്പന്മാരെയും ന്യായാധിപന്മാരെയും കൂട്ടി നിശ്ചയിച്ച സമയത്ത് വരട്ടെ. നമുക്കു നേരെ ജ്വലിച്ചിരിക്കുന്ന ദൈവകോപം ശമിക്കുന്നതുവരെ നമുക്ക് അങ്ങനെ ചെയ്യാം.”
15 എന്നാൽ അസാഹേലിന്റെ മകനായ യോനാഥാനും തിക്വയുടെ മകനായ യഹ്സെയയും ഈ നടപടിയെ ചോദ്യം ചെയ്തു. ലേവ്യരായ മെശുല്ലാമും ശബ്ബെത്തായിയും+ അവരെ പിന്തുണച്ചു. 16 പ്രവാസത്തിൽനിന്ന് തിരിച്ചെത്തിയവർ തങ്ങൾ പറഞ്ഞതുപോലെതന്നെ ചെയ്തു. ഇക്കാര്യം ചർച്ച ചെയ്യാനായി പത്താം മാസം ഒന്നാം ദിവസം എസ്ര പുരോഹിതനും പേര് വിളിച്ച് തിരഞ്ഞെടുത്ത പിതൃഭവനത്തലവന്മാരും പ്രത്യേകമായി ഒരു യോഗം കൂടി. 17 അന്യദേശക്കാരികളെ വിവാഹം കഴിച്ച എല്ലാവരുടെയും കാര്യങ്ങൾ, ഒന്നാം മാസം ഒന്നാം ദിവസമായപ്പോഴേക്കും അവർ കൈകാര്യം ചെയ്തുതീർത്തു. 18 പുരോഹിതന്മാരുടെ ആൺമക്കളിൽ ചിലർപോലും അന്യദേശക്കാരികളെ വിവാഹം കഴിച്ചിട്ടുണ്ടെന്നു കണ്ടെത്തി.+ യഹോസാദാക്കിന്റെ മകനായ യേശുവയുടെ+ ആൺമക്കളും സഹോദരന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ പേരുകൾ: മയസേയ, എലീയേസെർ, യാരീബ്, ഗദല്യ. 19 ഭാര്യമാരെ പറഞ്ഞയയ്ക്കാമെന്ന് അവർ വാക്കു കൊടുത്തു.* ചെയ്ത കുറ്റത്തിനു പരിഹാരമായി ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആൺചെമ്മരിയാടിനെ യാഗം അർപ്പിക്കാനും അവർ തീരുമാനിച്ചു.+
20 ഇമ്മേരിന്റെ+ ആൺമക്കളിൽ ഹനാനിയും സെബദ്യയും; 21 ഹാരീമിന്റെ+ ആൺമക്കളിൽ മയസേയ, ഏലിയ, ശെമയ്യ, യഹീയേൽ, ഉസ്സീയ; 22 പശ്ഹൂരിന്റെ+ ആൺമക്കളിൽ എല്യോവേനായി, മയസേയ, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാശ; 23 ലേവ്യരിൽ യോസാബാദ്, ശിമെയി, കേലായ (അതായത് കെലീത), പെതഹ്യ, യഹൂദ, എലീയേസെർ; 24 ഗായകരിൽ എല്യാശീബ്; കവാടത്തിന്റെ കാവൽക്കാരിൽ ശല്ലൂം, തേലെം, ഊരി.
25 ഇസ്രായേല്യരിൽ പരോശിന്റെ+ ആൺമക്കളായ രാമിയ, യിസ്സിയ്യ, മൽക്കീയ, മീയാമിൻ, എലെയാസർ, മൽക്കീയ, ബനയ; 26 ഏലാമിന്റെ+ ആൺമക്കളായ മത്ഥന്യ, സെഖര്യ, യഹീയേൽ,+ അബ്ദി, യരേമോത്ത്, ഏലിയ; 27 സത്ഥുവിന്റെ+ ആൺമക്കളായ എല്യോവേനായി, എല്യാശീബ്, മത്ഥന്യ, യരേമോത്ത്, സാബാദ്, അസീസ; 28 ബേബായിയുടെ+ ആൺമക്കളായ യഹോഹാനാൻ, ഹനന്യ, സബ്ബായി, അഥെലായി; 29 ബാനിയുടെ ആൺമക്കളായ മെശുല്ലാം, മല്ലൂക്ക്, അദായ, യാശൂബ്, ശെയാൽ, യരേമോത്ത്; 30 പഹത്-മോവാബിന്റെ+ ആൺമക്കളായ അദ്ന, കെലാൽ, ബനയ, മയസേയ, മത്ഥന്യ, ബസലേൽ, ബിന്നൂവി, മനശ്ശെ; 31 ഹാരീമിന്റെ+ ആൺമക്കളായ എലീയേസെർ, യിശ്ശീയ, മൽക്കീയ,+ ശെമയ്യ, ശിമെയോൻ, 32 ബന്യാമീൻ, മല്ലൂക്ക്, ശെമര്യ; 33 ഹാശൂമിന്റെ+ ആൺമക്കളായ മത്ഥെനായി, മത്ഥത്ഥ, സാബാദ്, എലീഫേലെത്ത്, യരേമായി, മനശ്ശെ, ശിമെയി; 34 ബാനിയുടെ ആൺമക്കളായ മയദായി, അമ്രാം, ഊവേൽ, 35 ബനയ, ബേദെയ, കെലൂഹി, 36 വാനിയ, മെരേമോത്ത്, എല്യാശീബ്, 37 മത്ഥന്യ, മത്ഥെനായി, യാസു; 38 ബിന്നൂവിയുടെ ആൺമക്കളായ ശിമെയി, 39 ശേലെമ്യ, നാഥാൻ, അദായ, 40 മഖ്നദെബായി, ശാശായി, ശാരായി, 41 അസരേൽ, ശേലെമ്യ, ശെമര്യ, 42 ശല്ലൂം, അമര്യ, യോസേഫ്; 43 നെബോയുടെ ആൺമക്കളായ യയീയേൽ, മത്ഥിഥ്യ, സാബാദ്, സെബീന, യദ്ദായി, യോവേൽ, ബനയ. 44 ഇവർക്കെല്ലാം അന്യദേശക്കാരായ ഭാര്യമാരുണ്ടായിരുന്നു.+ അവർ ആ ഭാര്യമാരെയും അവരിൽ ഉണ്ടായ മക്കളെയും പറഞ്ഞയച്ചു.+
അഥവാ “സൈറസിന്റെ.”
മറ്റൊരു സാധ്യത “യഹോവ വസിക്കുന്ന.”
അക്ഷ. “അവന്റെ സ്ഥലത്തെ പുരുഷന്മാർ.”
പദാവലിയിൽ “പിതൃഭവനം” കാണുക.
അഥവാ “നെഥിനിം.” അക്ഷ. “നൽകപ്പെട്ടവർ.”
അഥവാ “അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യസേവനത്തിൽനിന്ന് ഒഴിവാക്കി.”
പദാവലി കാണുക.
അഥവാ “തിർശാഥ.” ഒരു സംസ്ഥാനത്തിന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാനപ്പേര്.
ഇത് 8.4 ഗ്രാം തൂക്കമുള്ള, ദാരിക്ക് എന്ന പേർഷ്യൻ സ്വർണനാണയമാണെന്നു പൊതുവേ കരുതുന്നു. ഇതു ഗ്രീക്കുതിരുവെഴുത്തുകളിലെ ദ്രഹ്മ അല്ല. അനു. ബി14 കാണുക.
എബ്രായതിരുവെഴുത്തുകളിലെ മിന = 570 ഗ്രാം. അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “താത്കാലിക വാസസ്ഥലങ്ങളുടെ ഉത്സവം.”
പദാവലി കാണുക.
അക്ഷ. “അന്വേഷിക്കുന്നത്.”
മറ്റൊരു സാധ്യത “അരമായ ഭാഷയിൽ എഴുതിയിട്ട് തർജമ ചെയ്തു.”
എസ്ര 4:8 മുതൽ 6:18 വരെ അരമായ ഭാഷയിലാണ് ആദ്യം എഴുതിയത്.
അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശം.
അഥവാ “കൊട്ടാരത്തിൽനിന്നാണു ഞങ്ങൾക്കു ശമ്പളം കിട്ടുന്നത്.”
അക്ഷ. “ഓഹരിയുമുണ്ടായിരിക്കില്ല.”
മറ്റൊരു സാധ്യത “അവർ തർജമ ചെയ്ത് എന്നെ വായിച്ചുകേൾപ്പിച്ചു.”
അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശം.
അക്ഷ. “അവരുടെ ദൈവത്തിന്റെ കണ്ണുകൾ ജൂതന്മാരുടെ മൂപ്പന്മാരുടെ മേലുണ്ടായിരുന്നതുകൊണ്ട്.” പദാവലിയിൽ “മൂപ്പൻ” കാണുക.
അഥവാ “ചരിത്രരേഖകൾ സൂക്ഷിക്കുന്നിടത്ത്.”
അക്ഷ. “രേഖകളുടെ ഭവനത്തിൽ.”
ഏകദേശം 26.7 മീ. (87.6 അടി). അനു. ബി14 കാണുക.
അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശം.
മറ്റൊരു സാധ്യത “ചവറ്റുകൂനയാക്കുമെന്നും; ചാണകക്കൂമ്പാരമാക്കുമെന്നും.”
അനു. ബി15 കാണുക.
അഥവാ “സമർപ്പണം.”
അക്ഷ. “അന്വേഷിക്കാനായി.”
പദാവലി കാണുക.
അർഥം: “സഹായം.”
അഥവാ “നിയമത്തിന്റെ വിദഗ്ധനായ.”
അഥവാ “ശാസ്ത്രിയായിരുന്നു.”
അഥവാ “നെഥിനിമും.” അക്ഷ. “നൽകപ്പെട്ടവരും.”
അഥവാ “തന്റെ ഹൃദയത്തിൽ തീരുമാനിച്ചുറച്ചിരുന്നു.”
എസ്ര 7:12 മുതൽ 7:26 വരെയുള്ള ഭാഗം അരമായ ഭാഷയിലാണ് ആദ്യം എഴുതിയത്.
അഥവാ “നിയമത്തിന്റെ ശാസ്ത്രിയും.”
അക്ഷ. “നീ കണ്ടെത്തുന്ന.”
അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശം.
ഒരു താലന്ത് = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
ഒരു കോർ = 220 ലി. അനു. ബി14 കാണുക.
ഒരു ബത്ത് = 22 ലി. അനു. ബി14 കാണുക.
അഥവാ “നെഥിനിമിന്റെ.” അക്ഷ. “നൽകപ്പെട്ടവരുടെ.”
ഒരു താലന്ത് = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
ഒരു പേർഷ്യൻ സ്വർണനാണയം. അനു. ബി14 കാണുക.
അഥവാ “ഊണുമുറികളിൽവെച്ച്.”
മൂലഭാഷയിൽ “സാമ്രാജ്യത്തിന്റെ സംരക്ഷകർ” എന്ന് അർഥമുള്ള ഒരു സ്ഥാനപ്പേര്. പേർഷ്യൻ സാമ്രാജ്യത്തിലെ സംസ്ഥാനങ്ങളുടെ ഗവർണർമാരെയാണ് ഇവിടെ കുറിക്കുന്നത്.
അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശത്തെ.
അക്ഷ. “കേട്ട് വിറച്ച.”
അക്ഷ. “കുറ്റി.”
അഥവാ “സംരക്ഷകമതിൽ.”
അഥവാ “മിശ്രവിവാഹം ചെയ്യുകയോ?”
അഥവാ “ഞങ്ങളുടെ വീട്ടിലേക്കു കൊണ്ടുപോയിക്കൊണ്ട്.”
അഥവാ “ഊണുമുറിയിലേക്ക്.”
അക്ഷ. “പറഞ്ഞയയ്ക്കാൻ അവർ കൈകൾ കൊടുത്തു.”