എസ്ഥേർ
1 ഇന്ത്യ മുതൽ എത്യോപ്യ* വരെയുള്ള 127 സംസ്ഥാനങ്ങൾ+ ഭരിച്ച അഹശ്വേരശിന്റെ* ഭരണകാലത്ത്, 2 അദ്ദേഹം ശൂശൻ*+ കോട്ടയിലുള്ള* രാജാസനത്തിൽ ഇരിക്കുമ്പോൾ, 3 തന്റെ ഭരണത്തിന്റെ മൂന്നാം വർഷം എല്ലാ പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും വേണ്ടി ഗംഭീരമായ ഒരു വിരുന്ന് ഒരുക്കി. പേർഷ്യയിലെയും+ മേദ്യയിലെയും+ സൈനികരും പ്രധാനികളും സംസ്ഥാനപ്രഭുക്കന്മാരും രാജാവിന്റെ സന്നിധിയിലുണ്ടായിരുന്നു. 4 രാജാവ് തന്റെ മഹത്ത്വമാർന്ന രാജ്യത്തിന്റെ സമ്പത്തും മഹിമയുടെ പ്രതാപവും പ്രൗഢിയും 180 ദിവസം അവരുടെ മുന്നിൽ പ്രദർശിപ്പിച്ചു. 5 അതു കഴിഞ്ഞ് രാജാവ് ശൂശൻ കോട്ടയിലുണ്ടായിരുന്ന മഹാന്മാർമുതൽ താഴേക്കിടയിലുള്ളവർവരെ എല്ലാവർക്കുംവേണ്ടി രാജാവിന്റെ കൊട്ടാരോദ്യാനത്തിലെ അങ്കണത്തിൽ ഏഴു ദിവസം നീണ്ട ഗംഭീരമായ ഒരു വിരുന്ന് ഒരുക്കി. 6 അവിടെ ലിനനും നേർത്ത പരുത്തിത്തുണിയും നീല നിറത്തിലുള്ള തുണിയും കൊണ്ടുള്ള തിരശ്ശീല, അതു ബന്ധിക്കുന്ന മേത്തരം തുണികൊണ്ടുണ്ടാക്കിയ കയർ, വെള്ളിവളയത്തിൽ പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, മാർബിൾത്തൂണുകൾ എന്നിവയുണ്ടായിരുന്നു. കൂടാതെ, മാർബിൾ, മുത്ത്, വർണക്കല്ല്, കറുത്ത മാർബിൾ എന്നിവ പതിച്ച തളത്തിൽ സ്വർണവും വെള്ളിയും കൊണ്ടുള്ള മഞ്ചങ്ങളും ഉണ്ടായിരുന്നു.
7 വീഞ്ഞു വിളമ്പിയതു പൊൻപാനപാത്രങ്ങളിലാണ്.* ഓരോ പാനപാത്രവും വ്യത്യസ്തമായിരുന്നു. രാജാവിന്റെ നിലയ്ക്കു ചേരുന്ന വിധത്തിൽ ഇഷ്ടംപോലെ രാജകീയവീഞ്ഞുമുണ്ടായിരുന്നു. 8 കുടിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ച് വ്യവസ്ഥയൊന്നും വെക്കരുതെന്നു കല്പനയുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ച് ചെയ്യട്ടെ എന്നു രാജാവ് കൊട്ടാരോദ്യോഗസ്ഥന്മാരോടു പറഞ്ഞ് ഏർപ്പാടാക്കി.
9 വസ്ഥി രാജ്ഞിയും+ അഹശ്വേരശിന്റെ രാജഭവനത്തിൽ* സ്ത്രീകൾക്കുവേണ്ടി ഒരു ഗംഭീരവിരുന്നു നടത്തി.
10 ഏഴാം ദിവസം അഹശ്വേരശ് രാജാവ് വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുമ്പോൾ രാജസന്നിധിയിൽ ശുശ്രൂഷ ചെയ്തിരുന്ന കൊട്ടാരോദ്യോഗസ്ഥന്മാരായ മെഹൂമാൻ, ബിസ്ഥ, ഹർബോന,+ ബിഗ്ധ, അബഗ്ത, സേഥർ, കർക്കസ് എന്നീ ഏഴു പേരോട് 11 രാജകീയശിരോവസ്ത്രം* ധരിപ്പിച്ച് വസ്ഥി രാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; രാജ്ഞി അതിസുന്ദരിയായിരുന്നതുകൊണ്ട് ജനങ്ങളെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാൻ രാജാവ് ആഗ്രഹിച്ചു. 12 പക്ഷേ എത്ര നിർബന്ധിച്ചിട്ടും കൊട്ടാരോദ്യോഗസ്ഥന്മാർ മുഖേന അറിയിച്ച രാജകല്പനയനുസരിച്ച് അവിടെ ചെല്ലാൻ വസ്ഥി രാജ്ഞി കൂട്ടാക്കിയില്ല. അപ്പോൾ രാജാവിനു നല്ല ദേഷ്യം വന്നു. രാജാവിന്റെ ഉള്ളിൽ രോഷം ആളിക്കത്തി.
13 അപ്പോൾ രാജാവ് അവിടത്തെ കീഴ്വഴക്കങ്ങളെക്കുറിച്ച്* അറിവും ഗ്രാഹ്യവും ഉള്ള ജ്ഞാനികളോടു സംസാരിച്ചു. (ഇത്തരത്തിൽ, നിയമത്തിലും നീതിന്യായവ്യവഹാരത്തിലും പാണ്ഡിത്യമുള്ള എല്ലാവരുടെയും മുന്നിൽ രാജാവിന്റെ കാര്യം അവതരിപ്പിക്കുന്ന ഒരു രീതിയുണ്ടായിരുന്നു; 14 രാജ്യത്ത് ഏറ്റവും ഉന്നതമായ സ്ഥാനങ്ങൾ വഹിച്ചിരുന്നവരും രാജസന്നിധിയിൽ ചെല്ലാൻ അനുവാദമുണ്ടായിരുന്നവരും ആയിരുന്നു കെർശന, ശേഥാർ, അദ്മാഥ, തർശീശ്, മേരെസ്, മർസെന, മെമൂഖാൻ എന്നിവർ. പേർഷ്യയിലെയും മേദ്യയിലെയും ഈ ഏഴു പ്രഭുക്കന്മാരായിരുന്നു+ രാജാവിനോട് ഏറ്റവും അടുപ്പമുള്ളവർ.) 15 രാജാവ് അവരോടു ചോദിച്ചു: “കൊട്ടാരോദ്യോഗസ്ഥന്മാർ മുഖേന അറിയിച്ച അഹശ്വേരശ് രാജാവിന്റെ കല്പന അനുസരിക്കാത്ത വസ്ഥി രാജ്ഞിയെ നിയമമനുസരിച്ച് എന്തു ചെയ്യണം?”
16 അപ്പോൾ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സന്നിധിയിൽ മെമൂഖാൻ പറഞ്ഞു: “വസ്ഥി രാജ്ഞി തെറ്റു ചെയ്തിരിക്കുന്നത്+ രാജാവിനോടു മാത്രമല്ല, രാജാവിന്റെ സംസ്ഥാനങ്ങളിലെങ്ങുമുള്ള എല്ലാ പ്രഭുക്കന്മാരോടും ജനങ്ങളോടും ആണ്. 17 കാരണം, രാജ്ഞി ചെയ്തത് എല്ലാ ഭാര്യമാരും അറിയും; അപ്പോൾ അവരും അവരുടെ ഭർത്താക്കന്മാരെ നിന്ദിക്കുകയും ‘അഹശ്വേരശ് രാജാവ് വസ്ഥി രാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരാൻ കല്പിച്ചിട്ട് രാജ്ഞി ചെന്നില്ലല്ലോ’ എന്നു പറയുകയും ചെയ്യും. 18 രാജ്ഞി ചെയ്തതിനെക്കുറിച്ച് അറിയുന്ന പേർഷ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ ഇന്നുതന്നെ രാജാവിന്റെ എല്ലാ പ്രഭുക്കന്മാരോടും അതുപോലെ പറയും; അത് ഏറെ നിന്ദയും ധാർമികരോഷവും ഉളവാക്കും. 19 ഉചിതമെന്നു രാജാവിനു തോന്നുന്നെങ്കിൽ, വസ്ഥി മേലാൽ അഹശ്വേരശ് രാജാവിന്റെ സന്നിധിയിൽ വരരുതെന്നു തിരുമനസ്സ് ഒരു കല്പന പുറപ്പെടുവിച്ച് പേർഷ്യയുടെയും മേദ്യയുടെയും മാറ്റം വരുത്താനാകാത്ത നിയമങ്ങളിൽ അത് എഴുതിക്കട്ടെ;+ രാജാവ് വസ്ഥിയുടെ രാജ്ഞീപദം വസ്ഥിയെക്കാൾ ഉത്തമയായ മറ്റൊരു സ്ത്രീക്കു കൊടുക്കട്ടെ. 20 ഈ രാജകല്പന അങ്ങയുടെ വിസ്തൃതമായ സാമ്രാജ്യത്തിലെങ്ങും കേൾക്കുമ്പോൾ എല്ലാ ഭാര്യമാരും വലിയവരോ ചെറിയവരോ എന്ന വ്യത്യാസം കൂടാതെ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.”
21 ഈ അഭിപ്രായം രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടമായി; മെമൂഖാൻ പറഞ്ഞതുപോലെ രാജാവ് ചെയ്തു. 22 അതനുസരിച്ച്, രാജാവ് തന്റെ എല്ലാ രാജകീയസംസ്ഥാനങ്ങളിലേക്കും കത്ത് അയച്ചു.+ ഓരോ സംസ്ഥാനത്തിനും അതതിന്റെ ലിപിയിലും* ഓരോ ജനത്തിനും അതതിന്റെ ഭാഷയിലും ആണ് കത്ത് അയച്ചത്. എല്ലാ ഭർത്താക്കന്മാരും സ്വന്തം വീട്ടിൽ യജമാനനായിരിക്കുകയും സ്വന്തം ജനത്തിന്റെ ഭാഷ സംസാരിക്കുകയും വേണമെന്ന് ആ കത്തിൽ എഴുതിയിരുന്നു.
2 ഈ സംഭവങ്ങൾക്കു ശേഷം അഹശ്വേരശ് രാജാവിന്റെ+ ഉഗ്രകോപം അടങ്ങിയപ്പോൾ രാജാവ് വസ്ഥി ചെയ്തതിനെയും+ വസ്ഥിക്കെതിരെ എടുത്ത തീരുമാനത്തെയും കുറിച്ച് ഓർത്തു.+ 2 അപ്പോൾ രാജാവിന്റെ അടുത്ത പരിചാരകർ പറഞ്ഞു: “രാജാവിനുവേണ്ടി സുന്ദരികളായ യുവകന്യകമാരെ അന്വേഷിക്കണം. 3 ശൂശൻ* കോട്ടയിലെ* അന്തഃപുരത്തിലേക്കു* സുന്ദരികളായ എല്ലാ യുവകന്യകമാരെയും കൊണ്ടുവരുന്നതിനു രാജാവിന്റെ സാമ്രാജ്യത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം രാജാവ് ഉദ്യോഗസ്ഥരെ നിയമിച്ചാലും.+ രാജാവിന്റെ ഷണ്ഡനും* സ്ത്രീകളുടെ രക്ഷാധികാരിയും ആയ ഹേഗായിയുടെ+ ചുമതലയിൽ അവരെ ഏൽപ്പിച്ച് അവർക്കു സൗന്ദര്യപരിചരണം കൊടുക്കണം.* 4 രാജാവിന് ഏറ്റവും ഇഷ്ടമാകുന്ന പെൺകുട്ടി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ.”+ ഈ നിർദേശം രാജാവിനു ബോധിച്ചു; രാജാവ് അങ്ങനെതന്നെ ചെയ്തു.
5 ശൂശൻ+ കോട്ടയിൽ മൊർദെഖായി എന്നു പേരുള്ള ഒരു ജൂതനുണ്ടായിരുന്നു; മൊർദെഖായി+ ബന്യാമീൻഗോത്രക്കാരനായ+ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു. 6 ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് യഹൂദാരാജാവായ യഖൊന്യയുടെകൂടെ*+ യരുശലേമിൽനിന്ന് ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനത്തോടൊപ്പം മൊർദെഖായിയുമുണ്ടായിരുന്നു. 7 അദ്ദേഹം പിതൃസഹോദരന്റെ മകളായ ഹദസ്സ* എന്ന എസ്ഥേറിന്റെ+ രക്ഷാകർത്താവായിരുന്നു. കാരണം എസ്ഥേറിന് അപ്പനും അമ്മയും ഉണ്ടായിരുന്നില്ല. അതിസുന്ദരിയും ആകാരഭംഗിയുള്ളവളും ആയിരുന്നു അവൾ; എസ്ഥേറിന്റെ അമ്മയപ്പന്മാർ മരിച്ചതോടെ മൊർദെഖായി അവളെ മകളായി സ്വീകരിച്ചതാണ്. 8 രാജാവിന്റെ വാക്കും രാജാവിന്റെ നിയമവും പ്രസിദ്ധമാക്കി ധാരാളം യുവതികളെ ശൂശൻ കോട്ടയിൽ ഹേഗായിയുടെ ചുമതലയിൽ ഏൽപ്പിക്കാൻ കൊണ്ടുവന്നു.+ അക്കൂട്ടത്തിൽ എസ്ഥേറിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുചെന്ന് സ്ത്രീകളുടെ രക്ഷാധികാരിയായ ഹേഗായിയുടെ ചുമതലയിൽ ഏൽപ്പിച്ചു.
9 ഹേഗായിക്ക് ഈ പെൺകുട്ടിയെ ഇഷ്ടമായി. അവൾ ഹേഗായിയുടെ പ്രീതി* നേടുകയും ചെയ്തു. അതുകൊണ്ട് പെട്ടെന്നുതന്നെ ഹേഗായി അവളുടെ സൗന്ദര്യപരിചരണത്തിനും*+ പ്രത്യേകഭക്ഷണത്തിനും വേണ്ട ഏർപ്പാടുകൾ ചെയ്തു. കൂടാതെ, രാജഗൃഹത്തിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്ത ഏഴു യുവതികളെ തോഴിമാരായി നിയമിച്ചു. എന്നിട്ട്, എസ്ഥേറിനെയും ആ യുവപരിചാരികമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥലത്തേക്കു മാറ്റി. 10 എസ്ഥേർ സ്വന്തം ജനത്തെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ ഒന്നും വെളിപ്പെടുത്തിയില്ല;+ ഇക്കാര്യം ആരോടും പറയരുതെന്നു മൊർദെഖായി+ നിർദേശിച്ചിരുന്നു.+ 11 എസ്ഥേറിന്റെ ക്ഷേമം അറിയാനും എസ്ഥേറിന് എന്തു സംഭവിക്കുന്നെന്നു മനസ്സിലാക്കാനും വേണ്ടി മൊർദെഖായി ദിവസവും അന്തഃപുരത്തിന്റെ അങ്കണത്തിനു മുന്നിലൂടെ നടക്കുമായിരുന്നു.
12 സ്ത്രീകൾക്കുവേണ്ടി നിർദേശിച്ചിരുന്ന 12 മാസത്തെ പരിചരണം പൂർത്തിയായതിനു ശേഷമാണ് ഓരോ പെൺകുട്ടിക്കും അഹശ്വേരശ് രാജാവിന്റെ അടുത്ത് ചെല്ലാൻ ഊഴം വന്നിരുന്നത്; കാരണം, ആറു മാസം മീറയെണ്ണയും+ ആറു മാസം സുഗന്ധതൈലവും*+ വ്യത്യസ്തതരം സൗന്ദര്യപരിചരണലേപനികളും ഉപയോഗിച്ച്* അവർ സൗന്ദര്യപരിചരണം നടത്തണമായിരുന്നു. 13 അതിനു ശേഷം, ഓരോരുത്തർക്കും രാജാവിന്റെ അടുത്ത് ചെല്ലാനാകുമായിരുന്നു. അന്തഃപുരത്തിൽനിന്ന് രാജഗൃഹത്തിലേക്കു പോകുന്ന സമയത്ത് ഓരോ പെൺകുട്ടിയും ചോദിക്കുന്നതെന്തും അവൾക്കു കൊടുക്കുകയും ചെയ്തിരുന്നു. 14 വൈകുന്നേരം അവൾ അകത്തേക്കു പോകും; രാവിലെ രാജാവിന്റെ ഷണ്ഡനും ഉപപത്നിമാരുടെ* രക്ഷാധികാരിയും ആയ ശയസ്ഗസിന്റെ+ ചുമതലയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിന് ഏതെങ്കിലും പെൺകുട്ടിയോടു പ്രത്യേകമായ ഒരു ഇഷ്ടം തോന്നിയിട്ട് അവളെ പേരെടുത്തുപറഞ്ഞ് വിളിപ്പിച്ചാലല്ലാതെ അവൾ വീണ്ടും രാജാവിന്റെ അടുത്ത് പോകില്ലായിരുന്നു.+
15 മൊർദെഖായിയുടെ വളർത്തുമകളായ എസ്ഥേറിന്,+ അതായത് അദ്ദേഹത്തിന്റെ പിതൃസഹോദരനായ അബീഹയിലിന്റെ മകൾക്ക്, രാജാവിന്റെ അടുത്ത് പോകാൻ ഊഴം വന്നു. രാജാവിന്റെ ഷണ്ഡനും സ്ത്രീകളുടെ രക്ഷാധികാരിയും ആയ ഹേഗായി ശുപാർശ ചെയ്തതല്ലാതെ മറ്റൊന്നും എസ്ഥേർ ആവശ്യപ്പെട്ടില്ല. (തന്നെ കാണുന്നവരുടെയെല്ലാം പ്രീതി എസ്ഥേർ നേടിക്കൊണ്ടിരുന്നു.) 16 അഹശ്വേരശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം+ പത്താം മാസം, അതായത് തേബത്ത്* മാസം, എസ്ഥേറിനെ രാജകൊട്ടാരത്തിൽ രാജാവിന്റെ അടുത്ത് കൊണ്ടുപോയി. 17 രാജാവിനു മറ്റെല്ലാ സ്ത്രീകളെക്കാളും എസ്ഥേറിനോടു സ്നേഹം തോന്നി. എസ്ഥേർ മറ്റ് ഏതൊരു കന്യകയെക്കാളും രാജാവിന്റെ പ്രീതിയും അംഗീകാരവും* നേടി. അതുകൊണ്ട് രാജാവ് എസ്ഥേറിനെ രാജകീയശിരോവസ്ത്രം* അണിയിച്ച് വസ്ഥിക്കു പകരം രാജ്ഞിയാക്കി.+ 18 എസ്ഥേറിന്റെ ബഹുമാനാർഥം രാജാവ് സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും വേണ്ടി അതിഗംഭീരമായ ഒരു വിരുന്നു നടത്തി. പിന്നെ, രാജാവ് സംസ്ഥാനങ്ങൾക്ക് ഒരു പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജാവിന്റെ നിലയ്ക്കു ചേർന്ന വിധം ഉദാരമായി സമ്മാനങ്ങളും കൊടുത്തു.
19 രണ്ടാം തവണ കന്യകമാരെ*+ കൊണ്ടുവന്നപ്പോൾ മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുകയായിരുന്നു. 20 മൊർദെഖായി നിർദേശിച്ചതുപോലെതന്നെ എസ്ഥേർ സ്വന്തം ബന്ധുക്കളെയോ ജനത്തെയോ കുറിച്ച് ഒന്നും വെളിപ്പെടുത്തിയില്ല;+ മൊർദെഖായിയുടെ സംരക്ഷണത്തിലായിരുന്ന കാലത്തെന്നപോലെ എസ്ഥേർ തുടർന്നും മൊർദെഖായി പറയുന്നതെല്ലാം ചെയ്തുപോന്നു.+
21 അക്കാലത്ത് മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരും വാതിൽക്കാവൽക്കാരും ആയ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ഗൂഢാലോചന നടത്തി. 22 ഇക്കാര്യം അറിഞ്ഞ മൊർദെഖായി പെട്ടെന്നുതന്നെ വിവരം എസ്ഥേർ രാജ്ഞിയോടു പറഞ്ഞു. എസ്ഥേറാകട്ടെ അക്കാര്യം മൊർദെഖായിയുടെ പേരിൽ* രാജാവിനെ അറിയിച്ചു. 23 അന്വേഷണം നടത്തിയപ്പോൾ കാര്യം സത്യമാണെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും സ്തംഭത്തിൽ തൂക്കി; ഇതെല്ലാം രാജസന്നിധിയിൽവെച്ച് അക്കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തു.+
3 ഇതിനു ശേഷം അഹശ്വേരശ് രാജാവ് ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകൻ ഹാമാനു സ്ഥാനക്കയറ്റം കൊടുത്ത്+ ഒപ്പമുണ്ടായിരുന്ന പ്രഭുക്കന്മാരെക്കാളെല്ലാം+ ഉയർന്ന പദവിയിലാക്കി ഹാമാനെ മഹത്ത്വപ്പെടുത്തി. 2 രാജകൊട്ടാരത്തിന്റെ കവാടത്തിലുള്ള എല്ലാ ഭൃത്യന്മാരും ഹാമാനെ താണുവണങ്ങി സാഷ്ടാംഗം നമസ്കരിച്ചിരുന്നു. കാരണം, അതു രാജകല്പനയായിരുന്നു. മൊർദെഖായി പക്ഷേ, വണങ്ങാനോ നമസ്കരിക്കാനോ തയ്യാറായില്ല. 3 അതുകൊണ്ട് രാജകൊട്ടാരത്തിന്റെ കവാടത്തിലുള്ള രാജഭൃത്യർ മൊർദെഖായിയോട് “താങ്കൾ എന്താ രാജകല്പന അനുസരിക്കാത്തത്” എന്നു ചോദിച്ചു. 4 അവർ ദിവസങ്ങളോളം ചോദിച്ചിട്ടും മൊർദെഖായി അവർക്കു ശ്രദ്ധകൊടുത്തില്ല. അപ്പോൾ അവർ ഹാമാനോട്, മൊർദെഖായിയുടെ ഈ പെരുമാറ്റം വെച്ചുപൊറുപ്പിക്കാവുന്നതാണോ എന്ന് ഒന്ന് ഉറപ്പിക്കണമെന്നു പറഞ്ഞു.+ കാരണം, താൻ ഒരു ജൂതനാണെന്നു മൊർദെഖായി അവരോടു പറഞ്ഞിരുന്നു.+
5 തന്നെ താണുവണങ്ങി സാഷ്ടാംഗം നമസ്കരിക്കാൻ മൊർദെഖായി കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ ഹാമാനു കടുത്ത ദേഷ്യം വന്നു.+ 6 പക്ഷേ, മൊർദെഖായിയെ മാത്രം വകവരുത്തുന്നതു* തനിക്കു കുറച്ചിലായി അയാൾക്കു തോന്നി. കാരണം, മൊർദെഖായിയുടെ ജനത്തെക്കുറിച്ച് അവർ അയാളോടു പറഞ്ഞിരുന്നു. അങ്ങനെ, അഹശ്വേരശ് രാജാവിന്റെ സാമ്രാജ്യത്തിലെങ്ങുമുള്ള എല്ലാ ജൂതന്മാരെയും, അതായത് മൊർദെഖായിയുടെ ജനത്തെ ഒന്നടങ്കം, കൊന്നൊടുക്കാൻ ഹാമാൻ ശ്രമം തുടങ്ങി.
7 അതിനുള്ള ദിവസവും മാസവും തീരുമാനിക്കാൻ അവർ അഹശ്വേരശ് രാജാവിന്റെ വാഴ്ചയുടെ 12-ാം വർഷം,+ ഒന്നാം മാസമായ നീസാൻ* മാസം ഹാമാന്റെ മുമ്പാകെ പൂര്,+ അതായത് നറുക്ക്, ഇട്ടു. 12-ാം മാസമായ ആദാറിനു*+ നറുക്കു വീണു. 8 അപ്പോൾ ഹാമാൻ അഹശ്വേരശ് രാജാവിനോടു പറഞ്ഞു: “അങ്ങയുടെ സാമ്രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള+ ജനങ്ങൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരു ജനമുണ്ട്.+ അവരുടെ നിയമങ്ങൾ മറ്റെല്ലാവരുടേതിൽനിന്നും വ്യത്യസ്തമാണ്. മാത്രമല്ല, രാജാവിന്റെ നിയമങ്ങൾ അവർ അനുസരിക്കുന്നുമില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിനു നല്ലതല്ല. 9 തിരുമനസ്സിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാനുള്ള ഒരു കല്പന എഴുതിയുണ്ടാക്കിയാലും. രാജാവിന്റെ ഖജനാവിൽ നിക്ഷേപിക്കാൻ 10,000 താലന്തു* വെള്ളി ഞാൻ ഉദ്യോഗസ്ഥന്മാരുടെ കൈയിൽ ഏൽപ്പിക്കാം.”*
10 അപ്പോൾ രാജാവ് സ്വന്തം മുദ്രമോതിരം+ ഊരി ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകനും ജൂതന്മാരുടെ ശത്രുവും ആയ ഹാമാനു+ കൊടുത്തു. 11 രാജാവ് ഹാമാനോടു പറഞ്ഞു: “വെള്ളിയും ജനവും, രണ്ടും ഞാൻ നിന്നെ ഏൽപ്പിക്കുന്നു. ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക.” 12 അങ്ങനെ, ഒന്നാം മാസം 13-ാം ദിവസം രാജാവിന്റെ സെക്രട്ടറിമാരെ+ വിളിച്ചുകൂട്ടി. ഹാമാന്റെ ആജ്ഞകളെല്ലാം അവർ രാജാവിന്റെ സംസ്ഥാനാധിപതിമാർക്കും സംസ്ഥാനങ്ങളുടെ മേൽ അധികാരമുള്ള ഗവർണർമാർക്കും വ്യത്യസ്തജനങ്ങളുടെ പ്രഭുക്കന്മാർക്കും വേണ്ടി ഓരോ സംസ്ഥാനത്തിന് അതതിന്റെ ലിപിയിലും* ഓരോ ജനത്തിന് അവരവരുടെ ഭാഷയിലും എഴുതിയുണ്ടാക്കി.+ ഇത് അഹശ്വേരശ് രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരംകൊണ്ട് മുദ്രവെച്ചു.+
13 യുവാക്കളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ജൂതന്മാരെ മുഴുവൻ 12-ാം മാസമായ ആദാർ+ മാസം 13-ാം തീയതി, ഒരൊറ്റ ദിവസംകൊണ്ട് കൊന്നുമുടിച്ച് നിശ്ശേഷം നശിപ്പിക്കാനും അവരുടെ വസ്തുവകകൾ കൈവശപ്പെടുത്താനും ആജ്ഞാപിച്ചുകൊണ്ട് രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകർ മുഖേന കത്തുകൾ അയച്ചു.+ 14 ആ ദിവസത്തിനുവേണ്ടി ജനമെല്ലാം ഒരുങ്ങാൻ പ്രസ്തുത രേഖയുടെ ഒരു പകർപ്പ് ഓരോ സംസ്ഥാനത്തിലും ഒരു നിയമമായി കൊടുത്ത് എല്ലാ ജനങ്ങളുടെയും ഇടയിൽ പ്രസിദ്ധമാക്കണമായിരുന്നു. 15 രാജകല്പനപ്രകാരം സന്ദേശവാഹകർ തിടുക്കത്തിൽ പോയി.+ ശൂശൻ*+ കോട്ടയിലും* ആ നിയമം പുറപ്പെടുവിച്ചു. പിന്നെ രാജാവും ഹാമാനും കുടിക്കാൻ ഇരുന്നു; പക്ഷേ ശൂശൻ നഗരം ആകെ പരിഭ്രാന്തിയിലായി.
4 നടന്നതൊക്കെ അറിഞ്ഞപ്പോൾ+ മൊർദെഖായി+ വസ്ത്രം വലിച്ചുകീറി വിലാപവസ്ത്രം ധരിച്ച്, ദേഹത്തു ചാരം വാരിയിട്ട്, അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് നഗരമധ്യത്തിലേക്കു ചെന്നു. 2 രാജകൊട്ടാരത്തിന്റെ കവാടംവരെയേ മൊർദെഖായി ചെന്നുള്ളൂ; കാരണം വിലാപവസ്ത്രം ധരിച്ച് ആരും രാജാവിന്റെ കവാടത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു. 3 രാജകല്പനയും തീരുമാനവും എത്തിച്ചേർന്ന സംസ്ഥാനങ്ങളിലെല്ലാം+ ജൂതന്മാർ വലിയ സങ്കടത്തിലായി; അവർ ഉപവസിച്ച്+ കരഞ്ഞ് വിലപിച്ചു. പലരും വിലാപവസ്ത്രം വിരിച്ച് അതിൽ ചാരം വാരിയിട്ട് കിടന്നു.+ 4 എസ്ഥേറിന്റെ പരിചാരികമാരും ഷണ്ഡന്മാരും* വന്ന് ഇക്കാര്യം അറിയിച്ചപ്പോൾ രാജ്ഞി ആകെ ദുഃഖത്തിലായി. എസ്ഥേർ മൊർദെഖായിക്ക്, വിലാപവസ്ത്രം മാറ്റി പകരം ധരിക്കാനുള്ള വസ്ത്രങ്ങൾ കൊടുത്തുവിട്ടു. പക്ഷേ മൊർദെഖായി അതു വാങ്ങിയില്ല. 5 അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡന്മാരിൽ ഒരാളും തന്റെ ശുശ്രൂഷയ്ക്കുവേണ്ടി രാജാവ് നിയമിച്ചവനും ആയ ഹഥാക്കിനെ വിളിപ്പിച്ചു. ഇതിന്റെയൊക്കെ അർഥമെന്തെന്നും എന്താണു സംഭവിക്കുന്നതെന്നും മൊർദെഖായിയോടു ചോദിച്ചറിയാൻ എസ്ഥേർ അയാളോടു കല്പിച്ചു.
6 അങ്ങനെ ഹഥാക്ക് രാജകൊട്ടാരത്തിന്റെ കവാടത്തിനു മുന്നിൽ നഗരത്തിലെ പൊതുസ്ഥലത്ത്* മൊർദെഖായിയുടെ അടുത്ത് ചെന്നു. 7 തനിക്കു സംഭവിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും ജൂതന്മാരെ കൊന്നുമുടിക്കുന്നതിനുവേണ്ടി+ രാജാവിന്റെ ഖജനാവിലേക്കു കൊടുക്കാമെന്നു ഹാമാൻ വാഗ്ദാനം ചെയ്ത കൃത്യമായ തുകയെക്കുറിച്ചും+ മൊർദെഖായി അയാളോടു പറഞ്ഞു. 8 ജൂതന്മാരെ ഇല്ലായ്മ ചെയ്യാൻ എഴുതിയുണ്ടാക്കി ശൂശനിൽ* പ്രസിദ്ധപ്പെടുത്തിയ കല്പനയുടെ+ ഒരു പകർപ്പും മൊർദെഖായി അയാൾക്കു കൊടുത്തു. അത് എസ്ഥേറിനെ കാണിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ മൊർദെഖായി ഹഥാക്കിനോട് ആവശ്യപ്പെട്ടു.+ രാജസന്നിധിയിൽ നേരിട്ട് ചെന്ന് പ്രീതിക്കായി യാചിക്കാനും സ്വന്തം ജനത്തിനുവേണ്ടി രാജാവിനോട് അപേക്ഷിക്കാനും എസ്ഥേറിനോടു പറയണമെന്നും മൊർദെഖായി നിർദേശിച്ചു.
9 ഹഥാക്ക് ചെന്ന് മൊർദെഖായി പറഞ്ഞത് എസ്ഥേറിനെ അറിയിച്ചു. 10 അപ്പോൾ, മൊർദെഖായിയോട്+ ഇങ്ങനെ പറയാൻ എസ്ഥേർ ഹഥാക്കിനോടു പറഞ്ഞു: 11 “ക്ഷണിക്കപ്പെടാതെ ഒരു പുരുഷനോ സ്ത്രീയോ രാജസന്നിധിയിലുള്ള അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ,+ നിയമം ഒന്നേ ഉള്ളൂ: അയാളെ വധിക്കണം; രാജാവ് പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടിയാൽ മാത്രമേ അയാൾ ജീവിച്ചിരിക്കൂ.+ ഇക്കാര്യങ്ങൾ രാജാവിന്റെ എല്ലാ ഭൃത്യന്മാർക്കും രാജാവിന്റെ സംസ്ഥാനങ്ങളിലുള്ള ജനത്തിനും അറിയാവുന്നതാണ്. എന്നെയാണെങ്കിൽ 30 ദിവസത്തേക്കു രാജാവിന്റെ അടുത്ത് ചെല്ലാൻ വിളിച്ചിട്ടുമില്ല.”
12 എസ്ഥേറിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ 13 ഇങ്ങനെ മറുപടി പറയാൻ മൊർദെഖായി പറഞ്ഞു: “നീ രാജകൊട്ടാരത്തിലായതുകൊണ്ട് മറ്റെല്ലാ ജൂതന്മാരെക്കാളും സുരക്ഷിതയാണെന്നു കരുതേണ്ടാ. 14 നീ ഈ സമയത്ത് മൗനം പാലിച്ചാൽ ജൂതന്മാർക്ക് ആശ്വാസവും മോചനവും മറ്റൊരു ഉറവിൽനിന്ന് വരും.+ പക്ഷേ നീയും നിന്റെ പിതൃഭവനവും* നശിക്കും. ആർക്കറിയാം, ഈ രാജ്ഞീപദത്തിലേക്കു നീ വന്നതുതന്നെ ഇങ്ങനെയൊരു സമയത്തിനുവേണ്ടിയാണെങ്കിലോ?”+
15 അപ്പോൾ മൊർദെഖായിയോട് ഇങ്ങനെ മറുപടി പറയാൻ എസ്ഥേർ പറഞ്ഞു: 16 “പോയി ശൂശനിലുള്ള എല്ലാ ജൂതന്മാരെയും കൂട്ടിവരുത്തി എനിക്കുവേണ്ടി ഉപവസിക്കുക.+ മൂന്നു ദിവസം+ രാവും പകലും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്റെ പരിചാരികമാരുടെകൂടെ ഉപവസിക്കും. നിയമവിരുദ്ധമാണെങ്കിലും ഞാൻ രാജാവിന്റെ അടുത്ത് ചെല്ലും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.” 17 അങ്ങനെ മൊർദെഖായി പോയി എസ്ഥേർ നിർദേശിച്ചതുപോലെയെല്ലാം ചെയ്തു.
5 മൂന്നാം ദിവസം+ എസ്ഥേർ രാജകീയവസ്ത്രം അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ, രാജഗൃഹത്തിനു നേരെയായി വന്ന് നിന്നു. രാജാവ് അപ്പോൾ അവിടെ തന്റെ സിംഹാസനത്തിൽ വാതിലിന് അഭിമുഖമായി ഇരിക്കുകയായിരുന്നു. 2 എസ്ഥേർ രാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടപ്പോൾ രാജാവിനു രാജ്ഞിയോടു പ്രീതി തോന്നി കൈയിലെ പൊൻചെങ്കോൽ രാജ്ഞിയുടെ നേരെ നീട്ടി.+ അപ്പോൾ എസ്ഥേർ അടുത്ത് ചെന്ന് ചെങ്കോലിന്റെ അഗ്രത്തിൽ തൊട്ടു.
3 രാജാവ് ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു കാര്യം? എന്താണു നിന്റെ അപേക്ഷ? രാജ്യത്തിന്റെ പകുതിയായാലും അതു നിനക്കു തന്നിരിക്കും!” 4 അപ്പോൾ എസ്ഥേർ, “രാജാവിനു പ്രസാദമെങ്കിൽ, അങ്ങയ്ക്കായി ഞാൻ ഒരുക്കിയ വിരുന്നിന് ഇന്നു രാജാവും ഹാമാനും+ വന്നാലും” എന്നു പറഞ്ഞു. 5 അപ്പോൾ രാജാവ് ആളുകളോട്, “എസ്ഥേറിന്റെ അഭ്യർഥനപോലെ ഹാമാനോട് ഉടൻ വരാൻ പറയൂ” എന്നു കല്പിച്ചു. അങ്ങനെ എസ്ഥേർ ഒരുക്കിയ വിരുന്നിനു രാജാവും ഹാമാനും പോയി.
6 വീഞ്ഞുസത്കാരവേളയിൽ രാജാവ് എസ്ഥേറിനോടു ചോദിച്ചു: “എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടിയിരിക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യത്തിന്റെ പകുതിയായാലും അതു തന്നിരിക്കും!”+ 7 അപ്പോൾ എസ്ഥേർ പറഞ്ഞു: “എന്റെ അപേക്ഷയും അഭ്യർഥനയും ഇതാണ്: 8 രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളമെങ്കിൽ, നാളെ ഞാൻ രാജാവിനും ഹാമാനും വേണ്ടി ഒരുക്കുന്ന വിരുന്നിനു വന്നാലും. അപ്പോൾ എന്റെ ആഗ്രഹം ഞാൻ രാജാവിനോടു പറഞ്ഞുകൊള്ളാം.”
9 ഹാമാനു സന്തോഷമായി. ഹൃദയാനന്ദത്തോടെ അയാൾ അവിടെനിന്ന് പോയി. പോകുന്ന വഴി അയാൾ രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുന്ന മൊർദെഖായിയെ കണ്ടു. പക്ഷേ, മൊർദെഖായി തന്നെ കണ്ടിട്ടും എഴുന്നേൽക്കുകയോ പേടിച്ചുവിറയ്ക്കുകയോ ചെയ്യാത്തതുകൊണ്ട് ഹാമാനു കടുത്ത കോപം തോന്നി.+ 10 എങ്കിലും സ്വയം നിയന്ത്രിച്ച് അയാൾ വീട്ടിലേക്കു പോയി. പിന്നെ ഹാമാൻ സ്നേഹിതരെയും ഭാര്യ സേരെശിനെയും+ വിളിപ്പിച്ചു. 11 ഹാമാൻ തന്റെ ധനമാഹാത്മ്യത്തെയും പുത്രസമ്പത്തിനെയും+ കുറിച്ചും രാജാവ് തനിക്കു സ്ഥാനക്കയറ്റം തന്ന് രാജാവിന്റെ പ്രഭുക്കന്മാരെക്കാളും ദാസന്മാരെക്കാളും ഉയർത്തിയതിനെക്കുറിച്ചും+ വീമ്പിളക്കി.
12 ഹാമാൻ ഇങ്ങനെയും പറഞ്ഞു: “അതു മാത്രമല്ല, എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിനു രാജാവിനോടൊപ്പം ചെല്ലാൻ എന്നെയല്ലാതെ മറ്റാരെയും രാജ്ഞി ക്ഷണിച്ചില്ല.+ രാജാവിനോടും രാജ്ഞിയോടും ഒപ്പമായിരിക്കാൻ നാളെയും എനിക്കു ക്ഷണമുണ്ട്.+ 13 പക്ഷേ, ജൂതനായ ആ മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുന്നതു കാണുന്നിടത്തോളം ഇതൊന്നും എന്നെ സന്തോഷിപ്പിക്കില്ല.” 14 അതു കേട്ട്, ഭാര്യ സേരെശും ഹാമാന്റെ സ്നേഹിതരും അയാളോടു പറഞ്ഞു: “50 മുഴം* ഉയരമുള്ള ഒരു സ്തംഭം നാട്ടുക. എന്നിട്ട്, മൊർദെഖായിയെ അതിൽ തൂക്കണമെന്നു രാവിലെ രാജാവിനോടു പറയണം.+ പിന്നെ രാജാവിനോടൊപ്പം വിരുന്നിനു പോയി സന്തോഷിച്ചുകൊള്ളൂ.” ഈ നിർദേശം ഹാമാന് ഇഷ്ടപ്പെട്ടു. അയാൾ സ്തംഭം നാട്ടി.
6 അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട്, അക്കാലത്തെ ചരിത്രപുസ്തകം+ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; അതു രാജാവിനെ വായിച്ചുകേൾപ്പിച്ചു. 2 അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ബിഗ്ധാനും തേരെശും ഗൂഢാലോചന നടത്തിയതിനെക്കുറിച്ച് മൊർദെഖായി അറിയിച്ച കാര്യം അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ രണ്ടു പേരും രാജാവിന്റെ വാതിൽക്കാവൽക്കാരായ കൊട്ടാരോദ്യോഗസ്ഥന്മാരായിരുന്നു.+ 3 അപ്പോൾ രാജാവ്, “ഇതിനു മൊർദെഖായിക്ക് എന്തു ബഹുമതിയും അംഗീകാരവും ആണ് കൊടുത്തത്” എന്നു ചോദിച്ചു. രാജാവിന്റെ അടുത്ത പരിചാരകർ, “ഒന്നും ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
4 പിന്നീടു രാജാവ്, “ആരാണ് അങ്കണത്തിൽ” എന്നു ചോദിച്ചു. ഹാമാൻ അപ്പോൾ, താൻ ഒരുക്കിയ സ്തംഭത്തിൽ മൊർദെഖായിയെ തൂക്കുന്നതിനെക്കുറിച്ച്+ രാജാവിനോടു സംസാരിക്കാൻ രാജകൊട്ടാരത്തിന്റെ പുറത്തെ അങ്കണത്തിൽ+ വന്ന് നിൽപ്പുണ്ടായിരുന്നു. 5 അപ്പോൾ രാജാവിന്റെ പരിചാരകർ, “ഹാമാനാണ്+ അങ്കണത്തിൽ നിൽക്കുന്നത്” എന്നു പറഞ്ഞു. അപ്പോൾ രാജാവ്, “അയാൾ അകത്ത് വരട്ടെ” എന്നു കല്പിച്ചു.
6 ഹാമാൻ അകത്ത് വന്നപ്പോൾ രാജാവ് ഹാമാനോട്, “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് എന്താണു ചെയ്തുകൊടുക്കേണ്ടത്” എന്നു ചോദിച്ചു. അപ്പോൾ ഹാമാൻ മനസ്സിൽ പറഞ്ഞു: “എന്നെയല്ലാതെ മറ്റാരെയാണു രാജാവ് ബഹുമാനിക്കുക?”+ 7 അതുകൊണ്ട് ഹാമാൻ രാജാവിനോടു പറഞ്ഞു: “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്കുവേണ്ടി 8 രാജാവ് ധരിക്കുന്ന രാജകീയവസ്ത്രം+ കൊണ്ടുവരട്ടെ. കൂടാതെ, രാജാവ് സവാരിക്ക് ഉപയോഗിക്കുന്ന, തലയിൽ രാജകീയശിരോവസ്ത്രം അണിഞ്ഞ ഒരു കുതിരയും വേണം. 9 പിന്നെ ആ വസ്ത്രവും കുതിരയും രാജാവിന്റെ ശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുവന്റെ ചുമതലയിൽ ഏൽപ്പിക്കുക. രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ അവർ ആ വസ്ത്രം അണിയിക്കുകയും നഗരത്തിലെ പൊതുസ്ഥലത്തുകൂടി* കുതിരപ്പുറത്ത് എഴുന്നള്ളിച്ച് ‘രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ കാര്യത്തിൽ ഇങ്ങനെ ചെയ്യും!’ എന്ന് ആ വ്യക്തിയുടെ മുന്നിൽ വിളിച്ചുപറയുകയും വേണം.”+ 10 ഉടൻതന്നെ രാജാവ് ഹാമാനോടു പറഞ്ഞു: “വേഗം പോയി വസ്ത്രവും കുതിരയും കൊണ്ടുവന്ന് നീ ഇപ്പോൾ പറഞ്ഞതുപോലെയെല്ലാം രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുന്ന ജൂതനായ മൊർദെഖായിക്കു ചെയ്തുകൊടുക്കുക. നീ പറഞ്ഞതിൽ ഒന്നും വിട്ടുകളയരുത്.”
11 അങ്ങനെ ഹാമാൻ രാജവസ്ത്രവും കുതിരയും ആയി വന്നു. എന്നിട്ട് മൊർദെഖായിയെ+ ആ വസ്ത്രം അണിയിച്ച്, “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ കാര്യത്തിൽ ഇങ്ങനെ ചെയ്യും!” എന്നു മൊർദെഖായിക്കു മുന്നിൽ വിളിച്ചുപറഞ്ഞുകൊണ്ട് നഗരത്തിലെ പൊതുസ്ഥലത്തുകൂടി കുതിരപ്പുറത്ത് എഴുന്നള്ളിച്ചു. 12 അതിനു ശേഷം, മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിലേക്കു മടങ്ങി. പക്ഷേ ഹാമാൻ തല മൂടിക്കൊണ്ട് ദുഃഖത്തോടെ തിടുക്കത്തിൽ വീട്ടിലേക്കു പോയി. 13 തനിക്കു സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യ സേരെശിനോടും+ എല്ലാ സ്നേഹിതരോടും വിവരിച്ചപ്പോൾ അയാളുടെ ഉപദേഷ്ടാക്കളും ഭാര്യ സേരെശും അയാളോടു പറഞ്ഞു: “ഇപ്പോൾ മൊർദെഖായിയുടെ മുന്നിൽ നിങ്ങൾ തോൽക്കാൻതുടങ്ങിയിരിക്കുന്നു. മൊർദെഖായി ഒരു ജൂതനാണോ, എങ്കിൽ അയാളെ വെല്ലാൻ കഴിയില്ല. നിങ്ങൾ അയാളുടെ മുന്നിൽ തോറ്റുപോകുമെന്ന് ഉറപ്പാണ്.”
14 അവർ ഹാമാനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രാജാവിന്റെ കൊട്ടാരോദ്യോഗസ്ഥന്മാർ വന്ന് എസ്ഥേർ ഒരുക്കിയ വിരുന്നിനു ഹാമാനെ തിടുക്കത്തിൽ കൂട്ടിക്കൊണ്ടുപോയി.+
7 അങ്ങനെ, രാജാവും ഹാമാനും+ എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു. 2 രണ്ടാം ദിവസത്തെ വീഞ്ഞുസത്കാരവേളയിൽ രാജാവ് വീണ്ടും എസ്ഥേറിനോടു ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടിയിരിക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യത്തിന്റെ പകുതിയായാലും അതു തന്നിരിക്കും!”+ 3 അപ്പോൾ എസ്ഥേർ രാജ്ഞി പറഞ്ഞു: “രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, അങ്ങയ്ക്കു തിരുവുള്ളമെങ്കിൽ, എന്റെ ജീവൻ രക്ഷിക്കേണമേ എന്നാണ് എന്റെ അപേക്ഷ. എന്റെ ജനത്തെ+ രക്ഷിക്കണമെന്നാണ് എന്റെ അഭ്യർഥന. 4 കാരണം ഞങ്ങളെ, അതായത് എന്നെയും എന്റെ ജനത്തെയും, കൊന്നുമുടിച്ച് നിശ്ശേഷം സംഹരിക്കാൻ+ വിറ്റുകളഞ്ഞിരിക്കുന്നല്ലോ.+ ഞങ്ങളെ വെറും അടിമകളായി വിറ്റിരുന്നെങ്കിൽപ്പോലും ഞാൻ മൗനം പാലിക്കുമായിരുന്നു. പക്ഷേ ഈ വിപത്ത് രാജാവിനു ദോഷം ചെയ്യും. അതുകൊണ്ടുതന്നെ ഇതു സംഭവിച്ചുകൂടാ.”
5 അപ്പോൾ അഹശ്വേരശ് രാജാവ് എസ്ഥേർ രാജ്ഞിയോടു ചോദിച്ചു: “ആരാണ് അയാൾ? ഇങ്ങനെയൊരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?” 6 അപ്പോൾ എസ്ഥേർ, “ആ എതിരാളിയും ശത്രുവും ദുഷ്ടനായ ഈ ഹാമാനാണ്” എന്നു പറഞ്ഞു.
രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ ഹാമാൻ പേടിച്ചുവിറച്ചു. 7 രാജാവാകട്ടെ ഉഗ്രകോപത്തോടെ എഴുന്നേറ്റ് വീഞ്ഞുസത്കാരശാലയിൽനിന്ന് കൊട്ടാരോദ്യാനത്തിലേക്കു പോയി. പക്ഷേ, രാജാവ് ഉറപ്പായും തന്നെ ശിക്ഷിക്കുമെന്നു മനസ്സിലാക്കിയ ഹാമാൻ ജീവനുവേണ്ടി എസ്ഥേറിനോടു യാചിക്കാൻ അവിടെനിന്ന് എഴുന്നേറ്റു. 8 കൊട്ടാരോദ്യാനത്തിൽനിന്ന് വീഞ്ഞുസത്കാരശാലയിലേക്കു മടങ്ങിവന്ന രാജാവ് കണ്ടതു ഹാമാൻ എസ്ഥേറിനോടു യാചിച്ചുകൊണ്ട് എസ്ഥേർ ഇരിക്കുന്ന മഞ്ചത്തിലേക്കു വീണുകിടക്കുന്നതാണ്. അപ്പോൾ രാജാവ്, “എന്റെ സ്വന്തം ഭവനത്തിൽവെച്ച് ഇവൻ രാജ്ഞിയെ ബലാത്സംഗം ചെയ്യാനും നോക്കുന്നോ” എന്ന് ആക്രോശിച്ചു. രാജാവിന്റെ വായിൽനിന്ന് ഈ വാക്കുകൾ പുറപ്പെട്ട ഉടനെ അവർ ഹാമാന്റെ മുഖം മൂടി. 9 രാജാവിന്റെ കൊട്ടാരോദ്യോഗസ്ഥന്മാരിൽ ഒരാളായ ഹർബോന+ അപ്പോൾ പറഞ്ഞു: “രാജാവിന്റെ ജീവൻ രക്ഷിച്ച+ മൊർദെഖായിയെ+ തൂക്കാൻവേണ്ടി ഹാമാൻ ഉണ്ടാക്കിയ 50 മുഴം* ഉയരമുള്ള ഒരു സ്തംഭം അയാളുടെ വീട്ടിൽ നിൽപ്പുണ്ട്.” അപ്പോൾ രാജാവ്, “അയാളെ അതിൽ തൂക്കൂ” എന്നു പറഞ്ഞു. 10 അങ്ങനെ അവർ ഹാമാനെ, അയാൾ മൊർദെഖായിക്കുവേണ്ടി ഒരുക്കിയ സ്തംഭത്തിൽത്തന്നെ തൂക്കി. അതോടെ രാജാവിന്റെ ഉഗ്രകോപം അടങ്ങി.
8 അന്ന് അഹശ്വേരശ് രാജാവ് ജൂതന്മാരുടെ ശത്രുവായ ഹാമാന്റെ+ വസ്തുവകകളെല്ലാം+ എസ്ഥേർ രാജ്ഞിക്കു കൊടുത്തു. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം+ എസ്ഥേർ വെളിപ്പെടുത്തിയതുകൊണ്ട് മൊർദെഖായി രാജസന്നിധിയിൽ വന്നു. 2 രാജാവ് ഹാമാന്റെ പക്കൽനിന്ന് തിരിച്ചെടുത്ത മുദ്രമോതിരം+ ഊരി മൊർദെഖായിക്കു കൊടുത്തു. എസ്ഥേർ ഹാമാന്റെ വസ്തുവകകളുടെ ചുമതല മൊർദെഖായിയെ ഏൽപ്പിച്ചു.+
3 എസ്ഥേർ വീണ്ടും രാജാവിനോടു സംസാരിച്ചു. എസ്ഥേർ രാജാവിന്റെ കാൽക്കൽ വീണ്, ആഗാഗ്യനായ ഹാമാൻ വരുത്തിവെച്ച ദ്രോഹവും ജൂതന്മാർക്കെതിരെയുള്ള അയാളുടെ ഗൂഢതന്ത്രവും+ നിഷ്ഫലമാക്കാൻ കരഞ്ഞപേക്ഷിച്ചു. 4 രാജാവ് പൊൻചെങ്കോൽ എസ്ഥേറിനു നേരെ നീട്ടി.+ എസ്ഥേർ എഴുന്നേറ്റ് രാജാവിന്റെ മുന്നിൽ നിന്നു. 5 എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ, അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, അങ്ങയ്ക്ക് ഉചിതമെന്നു തോന്നുന്നെങ്കിൽ, തൃക്കണ്ണിൽ ഞാൻ പ്രിയയെങ്കിൽ, രാജാവിന്റെ സംസ്ഥാനങ്ങളിലെല്ലാമുള്ള ജൂതന്മാരെ കൊന്നുകളയാൻ ഗൂഢാലോചന നടത്തിയ ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകൻ ഹാമാൻ തയ്യാറാക്കിയ രേഖകൾ+ അസാധുവാക്കാൻ ഒരു കല്പന എഴുതിയുണ്ടാക്കിയാലും. 6 എന്റെ ജനത്തിനു വരുന്ന ആപത്തു ഞാൻ എങ്ങനെ കണ്ടുനിൽക്കും? എന്റെ ബന്ധുക്കളുടെ നാശം ഞാൻ എങ്ങനെ സഹിക്കും?”
7 അപ്പോൾ അഹശ്വേരശ് രാജാവ് എസ്ഥേർ രാജ്ഞിയോടും ജൂതനായ മൊർദെഖായിയോടും പറഞ്ഞു: “ഹാമാൻ ജൂതന്മാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുകൊണ്ട്* ഞാൻ അയാളുടെ വസ്തുവകകൾ എസ്ഥേറിനു കൊടുത്തു.+ ഞാൻ അയാളെ സ്തംഭത്തിൽ തൂക്കുകയും ചെയ്തു.+ 8 ഇപ്പോൾ, ശരിയെന്നു നിങ്ങൾക്കു തോന്നുന്നതെന്തും രാജാവിന്റെ പേരിൽ ജൂതന്മാർക്കുവേണ്ടി എഴുതിയുണ്ടാക്കി രാജാവിന്റെ മുദ്രമോതിരംകൊണ്ട് മുദ്രയിട്ടുകൊള്ളുക. രാജനാമത്തിൽ എഴുതി രാജമോതിരംകൊണ്ട് മുദ്രയിട്ട കല്പന പിൻവലിക്കാനാകില്ലല്ലോ.”+
9 അങ്ങനെ അന്ന്, അതായത് മൂന്നാം മാസമായ സീവാൻ* മാസം 23-ാം തീയതി, രാജാവിന്റെ സെക്രട്ടറിമാരെ വിളിപ്പിച്ചു. അവർ മൊർദെഖായി കല്പിച്ചതെല്ലാം ജൂതന്മാർക്കും അതുപോലെ സംസ്ഥാനാധിപതിമാർക്കും+ ഗവർണർമാർക്കും ഇന്ത്യ മുതൽ എത്യോപ്യ വരെയുള്ള 127 സംസ്ഥാനങ്ങളിലെ പ്രഭുക്കന്മാർക്കും+ വേണ്ടി എഴുതിയുണ്ടാക്കി. ഓരോ സംസ്ഥാനത്തിനും അതതിന്റെ ലിപിയിലും* ഓരോ ജനതയ്ക്കും അവരവരുടെ ഭാഷയിലും ജൂതന്മാർക്ക് അവരുടെ സ്വന്തം ലിപിയിലും ഭാഷയിലും ആണ് എഴുതിയത്.
10 മൊർദെഖായി അത് അഹശ്വേരശ് രാജാവിന്റെ പേരിൽ എഴുതിയുണ്ടാക്കി രാജാവിന്റെ മുദ്രമോതിരംകൊണ്ട്+ മുദ്രവെച്ചു; എന്നിട്ട്, സന്ദേശവാഹകരുടെ കൈവശം ഈ ലിഖിതങ്ങൾ കൊടുത്തുവിട്ടു. രാജാവിന്റെ ആവശ്യങ്ങൾക്കായി വളർത്തുന്ന അതിവേഗ തപാൽക്കുതിരകളുടെ പുറത്താണ് അവർ പോയത്. 11 ഈ ലിഖിതങ്ങൾ മുഖേന, എല്ലാ നഗരങ്ങളിലുമുള്ള ജൂതന്മാർക്ക് ഒന്നിച്ചുകൂടി സ്വയരക്ഷയ്ക്കുവേണ്ടി പൊരുതാനും അവരെ ആക്രമിക്കാൻ ഏതൊരു സംസ്ഥാനത്തുനിന്നോ ജനതയിൽനിന്നോ സേനകൾ വന്നാലും അവരെ, സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ, കൊന്നുമുടിച്ച് നിശ്ശേഷം സംഹരിക്കാനും അവരുടെ വസ്തുവകകൾ കൈവശപ്പെടുത്താനും രാജാവ് അനുമതി കൊടുത്തു.+ 12 ഇത് അഹശ്വേരശ് രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസം, അതായത് 12-ാം മാസമായ ആദാർ* മാസം 13-ാം തീയതിതന്നെ, നടക്കേണ്ടതായിരുന്നു.+ 13 ലിഖിതത്തിൽ എഴുതിയിരിക്കുന്നതു* സംസ്ഥാനങ്ങളിലെല്ലാം അങ്ങോളമിങ്ങോളം നിയമമായി കൊടുക്കണമായിരുന്നു. ജൂതന്മാർ അന്നേ ദിവസം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യാൻവേണ്ടി ഒരുങ്ങിയിരിക്കാൻ ഇത് എല്ലാ ജനതകളോടും പ്രസിദ്ധമാക്കണമായിരുന്നു.+ 14 രാജാവിന്റെ ആവശ്യങ്ങൾക്കായുള്ള തപാൽക്കുതിരകളുടെ പുറത്ത് സന്ദേശവാഹകർ രാജാവിന്റെ കല്പനയനുസരിച്ച് അടിയന്തിരതയോടെ അതിവേഗം പോയി. ശൂശൻ*+ കോട്ടയിലും* ഈ നിയമം പുറപ്പെടുവിച്ചു.
15 മൊർദെഖായിയോ നീലയും വെള്ളയും നിറമുള്ള രാജകീയവസ്ത്രവും+ വിശിഷ്ടമായ പൊൻകിരീടവും പർപ്പിൾ നിറത്തിലുള്ള മേത്തരം കമ്പിളിനൂലുകൊണ്ടുള്ള മേലങ്കിയും അണിഞ്ഞ് രാജസന്നിധിയിൽനിന്ന് പോയി. ശൂശൻ നഗരത്തിലെങ്ങും സന്തോഷാരവം മുഴങ്ങി. 16 ജൂതന്മാർക്ക് ആശ്വാസവും* ആഹ്ലാദവും ആനന്ദവും ഉണ്ടായി, ബഹുമാനവും കിട്ടി. 17 രാജാവിന്റെ കല്പനയും നിയമവും എത്തിയ എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ജൂതന്മാർ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്തു. അവർക്ക് അത് ഗംഭീരവിരുന്നിന്റെയും ആഘോഷത്തിന്റെയും അവസരമായിരുന്നു. ജൂതന്മാരെക്കുറിച്ചുള്ള പേടി കാരണം സാമ്രാജ്യത്തിൽ എല്ലായിടത്തുമുള്ള അനേകർ ജൂതന്മാരായിത്തീർന്നു.+
9 12-ാം മാസമായ ആദാർ* മാസം+ 13-ാം തീയതിയായിരുന്നു രാജാവിന്റെ വാക്കും നിയമവും നടപ്പിലാക്കേണ്ടിയിരുന്നത്.+ അന്നു ജൂതന്മാരെ കീഴടക്കാൻ അവരുടെ ശത്രുക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ, അതിനു നേർവിപരീതമാണ് അന്നു സംഭവിച്ചത്. അവരെ വെറുത്തിരുന്നവരെ ജൂതന്മാർ അന്നു തോൽപ്പിച്ചു.+ 2 അഹശ്വേരശ് രാജാവിന്റെ+ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജൂതന്മാർ, അവരെ ഉപദ്രവിക്കാൻ വരുന്നവരെ ആക്രമിക്കാൻ അവരവരുടെ നഗരങ്ങളിൽ ഒന്നിച്ചുകൂടി. എല്ലാ ജനതകൾക്കും ജൂതന്മാരെ പേടിയായിരുന്നതുകൊണ്ട് അവരെ എതിർക്കാൻ ഒരാൾക്കുപോലും കഴിഞ്ഞില്ല.+ 3 സംസ്ഥാനാധിപതിമാരും+ ഗവർണർമാരും രാജാവിന്റെ കാര്യാദികൾ നോക്കിനടത്തുന്നവരും സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും മൊർദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് ജൂതന്മാരെ പിന്തുണച്ചു. 4 മൊർദെഖായി രാജകൊട്ടാരത്തിൽ ഏറെ അധികാരമുള്ളവനായിത്തീർന്നിരുന്നു.+ മൊർദെഖായി കൂടുതൽക്കൂടുതൽ ശക്തനായിത്തീർന്നതുകൊണ്ട് സംസ്ഥാനങ്ങളിലെങ്ങും മൊർദെഖായിയുടെ പ്രശസ്തി പരന്നു.
5 ജൂതന്മാർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളുകൊണ്ട് കൊന്നുമുടിച്ചു. തങ്ങളെ വെറുക്കുന്നവരോട് അവർ തോന്നിയതുപോലെയെല്ലാം ചെയ്തു.+ 6 ശൂശൻ*+ കോട്ടയിൽ* ജൂതന്മാർ 500 പേരെ കൊന്നു. 7 കൂടാതെ അവർ, ജൂതന്മാരുടെ ശത്രുവും ഹമ്മെദാഥയുടെ മകനും ആയ ഹാമാന്റെ+ പത്ത് ആൺമക്കളെയും കൊന്നു. അവരുടെ പേരുകൾ: പർശൻദാഥ, ദൽഫോൻ, അസ്പാഥ, 8 പോറാഥ, അദല്യ, അരിദാഥ, 9 പർമസ്ഥ, അരീസായി, അരീദായി, വയെസാഥ. 10 പക്ഷേ ഇവരെ കൊന്നതല്ലാതെ അവർ ഒന്നും കൊള്ളയടിച്ചില്ല.+
11 അന്നു ശൂശൻ കോട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രാജാവിനെ അറിയിച്ചു.
12 രാജാവ് എസ്ഥേർ രാജ്ഞിയോടു പറഞ്ഞു: “ശൂശൻ കോട്ടയിൽ ജൂതന്മാർ 500 പേരെയും ഹാമാന്റെ പത്ത് ആൺമക്കളെയും കൊന്നു. ആ സ്ഥിതിക്ക് രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും?+ ഇനി എന്താണു നിന്റെ അപേക്ഷ? അതു നിനക്കു നടത്തിത്തരും. ഇനി നിന്റെ അഭ്യർഥന എന്താണ്? അതു ഞാൻ സാധിച്ചുതരും.” 13 അപ്പോൾ എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ,+ ശൂശനിലുള്ള ജൂതന്മാർക്ക് ഇന്നത്തെ നിയമമനുസരിച്ചുതന്നെ+ നാളെയും പ്രവർത്തിക്കാൻ അനുവാദം തന്നാലും. ഹാമാന്റെ പത്ത് ആൺമക്കളെ സ്തംഭത്തിൽ തൂക്കുകയും ചെയ്യേണമേ.”+ 14 അങ്ങനെ ചെയ്യാൻ രാജാവ് കല്പന കൊടുത്തു. ശൂശനിൽ ഒരു നിയമം പുറപ്പെടുവിക്കുകയും ഹാമാന്റെ പത്ത് ആൺമക്കളെ തൂക്കുകയും ചെയ്തു.
15 ശൂശനിലുള്ള ജൂതന്മാർ ആദാർ മാസം 14-ാം തീയതി+ വീണ്ടും ഒന്നിച്ചുകൂടി ശൂശനിൽ 300 പേരെ കൊന്നു. പക്ഷേ അവർ ഒന്നും കൊള്ളയടിച്ചില്ല.
16 രാജാവിന്റെ സംസ്ഥാനങ്ങളിലെ ബാക്കി ജൂതന്മാരും ഒന്നിച്ചുകൂടി സ്വയരക്ഷയ്ക്കുവേണ്ടി പോരാടി.+ തങ്ങളെ വെറുത്തിരുന്നവരിൽ 75,000 പേരെ കൊന്ന് അവർ തങ്ങളുടെ ശത്രുക്കളെ ഇല്ലായ്മ ചെയ്തു.+ പക്ഷേ അവർ ഒന്നും കൊള്ളയടിച്ചില്ല. 17 ഇതു സംഭവിച്ചത് ആദാർ മാസം 13-ാം തീയതിയായിരുന്നു. 14-ാം തീയതി അവർ വിശ്രമിച്ചു. അവർക്ക് അതു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിവസമായിരുന്നു.
18 ശൂശനിലുള്ള ജൂതന്മാർ 13-ാം തീയതിയും+ 14-ാം തീയതിയും+ ഒന്നിച്ചുകൂടി. 15-ാം തീയതി അവർ വിശ്രമിച്ചു. അവർക്ക് അതു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിവസമായിരുന്നു. 19 ദൂരെയുള്ള ജില്ലകളിൽ താമസിക്കുന്ന ജൂതന്മാർ ആദാർ മാസം 14-ാം തീയതി ആഹ്ലാദത്തിന്റെയും വിരുന്നിന്റെയും ദിവസമായി ആഘോഷിച്ചതും+ പരസ്പരം ഭക്ഷണത്തിന്റെ ഓഹരി കൊടുത്തയയ്ക്കാനുള്ള അവസരമായി കണ്ടതും അതുകൊണ്ടാണ്.+
20 മൊർദെഖായി+ ഈ സംഭവങ്ങൾ രേഖപ്പെടുത്തുകയും അഹശ്വേരശ് രാജാവിന്റെ, അടുത്തും അകലെയും ഉള്ള എല്ലാ സംസ്ഥാനങ്ങളിലെയും ജൂതന്മാർക്കെല്ലാം ഔദ്യോഗികകത്തുകൾ അയയ്ക്കുകയും ചെയ്തു. 21 ആദാർ മാസം 14-ാം തീയതിയും 15-ാം തീയതിയും വർഷംതോറും ആചരിക്കാൻ മൊർദെഖായി അവർക്കു നിർദേശം കൊടുത്തു. 22 കാരണം, ആ ദിവസങ്ങളിലാണു ജൂതന്മാർ തങ്ങളുടെ ശത്രുക്കളിൽനിന്ന് മോചനം നേടിയത്. ആ മാസം അവരുടെ വ്യസനം+ ആഹ്ലാദത്തിനും അവരുടെ ദുഃഖം ആഘോഷത്തിനും വഴിമാറി. അവർ അതു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിവസങ്ങളായി, പരസ്പരം ഭക്ഷണം കൊടുത്തയയ്ക്കാനും ദരിദ്രർക്കു സമ്മാനങ്ങൾ കൊടുക്കാനും ഉള്ള ദിനങ്ങളായി, ആചരിക്കണമായിരുന്നു.
23 അങ്ങനെ അവർ ആരംഭിച്ച ഈ ആഘോഷം വർഷംതോറും നടത്താനും മൊർദെഖായി അവർക്ക് എഴുതിയതുപോലെ ചെയ്യാനും ജൂതന്മാർ സമ്മതിച്ചു. 24 കാരണം, ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകനും ജൂതന്മാരുടെയെല്ലാം ശത്രുവും ആയ ഹാമാൻ+ ജൂതന്മാരെ കൊല്ലാൻ പദ്ധതി മനയുകയും+ അവരെ പരിഭ്രാന്തരാക്കാനും ഇല്ലാതാക്കാനും പൂര്,+ അതായത് നറുക്ക്, ഇടുകയും ചെയ്തിരുന്നു. 25 എന്നാൽ എസ്ഥേർ രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് ഈ കല്പന എഴുതിച്ചു:+ “ജൂതന്മാർക്കെതിരെയുള്ള ഹാമാന്റെ കുടിലപദ്ധതി,+ തിരിച്ച് അയാളുടെ തലയിൽത്തന്നെ വരട്ടെ.” അങ്ങനെ അവർ ഹാമാനെയും അയാളുടെ ആൺമക്കളെയും സ്തംഭത്തിൽ തൂക്കി.+ 26 പൂര്*+ എന്ന വാക്കിൽനിന്നാണ് ആ ദിവസങ്ങൾക്കു പൂരീം എന്ന പേര് വന്നത്. അങ്ങനെ, ഈ കത്തിൽ എഴുതിയിരിക്കുന്ന എല്ലാ കാര്യങ്ങളും, ഈ വിഷയത്തിൽ അവർ കണ്ടതും അവർക്കു സംഭവിച്ചതും ആയ സംഗതികളും പരിഗണിച്ച് 27 ജൂതന്മാർ ഇങ്ങനെയൊരു കാര്യം വ്യവസ്ഥ ചെയ്തു: തങ്ങളും പിൻതലമുറക്കാരും തങ്ങളോടു ചേരുന്നവരും+ ഈ രണ്ടു ദിവസങ്ങൾ ഓരോ വർഷവും മുടക്കം കൂടാതെ, നിശ്ചയിച്ചിട്ടുള്ള സമയത്തുതന്നെ ആചരിച്ച് അവയെക്കുറിച്ച് എഴുതിയിരിക്കുന്നതു നിവർത്തിക്കണമെന്നായിരുന്നു അത്. 28 ഈ ദിവസങ്ങൾ ഓരോ കുടുംബവും ഓരോ സംസ്ഥാനവും ഓരോ നഗരവും തലമുറതലമുറയോളം അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യണമായിരുന്നു. ജൂതന്മാർക്കിടയിൽ ഈ പൂരീം ദിനങ്ങളുടെ ആചരണം നിലച്ചുപോകരുതായിരുന്നു. അവരുടെ പിൻതലമുറക്കാരുടെ ഇടയിൽ ഇതിന്റെ അനുസ്മരണം നിന്നുപോകരുതായിരുന്നു.
29 അബീഹയിലിന്റെ മകളായ എസ്ഥേർ രാജ്ഞിയും ജൂതനായ മൊർദെഖായിയും പൂരീമിനെ സംബന്ധിച്ച രണ്ടാമത്തെ കത്ത് സർവാധികാരത്തോടെ എഴുതി സ്ഥിരീകരിച്ചു. 30 മൊർദെഖായി അഹശ്വേരശിന്റെ+ സാമ്രാജ്യത്തിലെ 127 സംസ്ഥാനങ്ങളിലുള്ള+ എല്ലാ ജൂതന്മാർക്കും സമാധാനവും സത്യവും പ്രതിഫലിക്കുന്ന വാക്കുകളിൽ ഔദ്യോഗികകത്തുകൾ അയച്ചു. 31 നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ പൂരീം ദിനങ്ങൾ ഉപവാസവും+ പ്രാർഥനയും+ സഹിതം ആചരിക്കുന്നെന്ന് ഉറപ്പാക്കാനായിരുന്നു അത്. ജൂതനായ മൊർദെഖായിയും എസ്ഥേർ രാജ്ഞിയും ജൂതന്മാരോടു നിർദേശിച്ചിരുന്നതും+ ജൂതന്മാർ തങ്ങൾക്കും പിൻതലമുറക്കാർക്കും വേണ്ടി വ്യവസ്ഥ ചെയ്തിരുന്നതും ഇതുതന്നെയായിരുന്നു.+ 32 അങ്ങനെ, പൂരീമിനെ+ സംബന്ധിച്ച ഇക്കാര്യങ്ങൾ എസ്ഥേറിന്റെ കല്പനകൊണ്ട് സ്ഥിരീകരിക്കുകയും അത് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു.
10 അഹശ്വേരശ് രാജാവ് സാമ്രാജ്യത്തിലെങ്ങും, കരമുതൽ കടലിലെ ദ്വീപുകൾവരെ, നിർബന്ധിതജോലി ഏർപ്പെടുത്തി.
2 അഹശ്വേരശ് രാജാവിന്റെ പ്രബലവും മഹത്തരവും ആയ എല്ലാ നേട്ടങ്ങളും രാജാവ് മൊർദെഖായിയെ+ ഉയർത്തി മഹത്ത്വപ്പെടുത്തിയതിന്റെ+ വിശദവിവരണവും മേദ്യയിലെയും പേർഷ്യയിലെയും+ രാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ+ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 3 ജൂതനായ മൊർദെഖായിക്കായിരുന്നു അഹശ്വേരശ് രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം. സ്വന്തം ജനത്തിന്റെ നന്മയ്ക്കും അവരുടെ പിൻതലമുറക്കാരുടെയെല്ലാം ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച* മൊർദെഖായി ജൂതന്മാരുടെ ഇടയിൽ മഹാനും* അനേകംവരുന്ന സഹോദരങ്ങളുടെ ഇടയിൽ ബഹുമാന്യനും ആയിരുന്നു.
അഥവാ “കൂശ്.”
മഹാനായ ദാര്യാവേശിന്റെ (ദാരിയൂസ് ഹിസ്റ്റാസ്പിസിന്റെ) മകനായ സെർക്സിസ് ഒന്നാമൻ എന്നു കരുതപ്പെടുന്നു.
അഥവാ “സൂസ.”
അഥവാ “കൊട്ടാരത്തിലുള്ള.”
അഥവാ “പൊൻപാത്രങ്ങളിലാണ്; പൊൻചഷകങ്ങളിലാണ്.”
അഥവാ “രാജകൊട്ടാരത്തിൽ.”
അഥവാ “രാജകീയതലപ്പാവ്.”
അഥവാ “നടപടിക്രമങ്ങളെക്കുറിച്ച്.” അക്ഷ. “സമയങ്ങളെക്കുറിച്ച്.”
അഥവാ “എഴുത്തുരീതിയിലും.”
അഥവാ “സൂസ.”
അഥവാ “കൊട്ടാരത്തിലെ.”
അതായത്, സ്ത്രീകൾ താമസിക്കുന്ന സ്ഥലം.
പദാവലി കാണുക.
അഥവാ “ഉഴിച്ചിൽ നടത്തണം.”
2രാജ 24:8-ൽ യഹോയാഖീൻ എന്നു വിളിച്ചിരിക്കുന്നു.
അർഥം: “മിർട്ടൽ മരം.”
അഥവാ “അചഞ്ചലസ്നേഹം.”
അഥവാ “ഉഴിച്ചിലിനും.”
അഥവാ “സുഗന്ധക്കറയും.”
അഥവാ “സുഗന്ധതൈലവും സ്ത്രീകൾക്കുള്ള ഉഴിച്ചിലും കൊണ്ട്.”
പദാവലി കാണുക.
അനു. ബി15 കാണുക.
അഥവാ “അചഞ്ചലസ്നേഹവും.”
അഥവാ “രാജകീയതലപ്പാവ്.”
അഥവാ “യുവതികളെ.”
അക്ഷ. “രാജാവിന്റെ മേൽ കൈവയ്ക്കാൻ.”
അഥവാ “മൊർദെഖായിക്കുവേണ്ടി.”
അഥവാ “മൊർദെഖായിയുടെ മേൽ മാത്രം കൈവയ്ക്കുന്നത്.”
അനു. ബി15 കാണുക.
അനു. ബി15 കാണുക.
ഒരു താലന്ത് = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
മറ്റൊരു സാധ്യത “ഇതു നടപ്പാക്കുന്നവർക്കുവേണ്ടി ഞാൻ രാജാവിന്റെ ഖജനാവിൽ 10,000 താലന്ത് നിക്ഷേപിക്കും.”
അഥവാ “എഴുത്തുരീതിയിലും.”
അഥവാ “സൂസ.”
അഥവാ “കൊട്ടാരത്തിലും.”
പദാവലി കാണുക.
അഥവാ “പൊതുചത്വരത്തിൽ.”
അഥവാ “സൂസയിൽ.”
പദാവലി കാണുക.
ഏകദേശം 22.3 മീ. (73 അടി). അനു. ബി14 കാണുക.
അക്ഷ. “രാജാവിന്റെ മേൽ കൈവയ്ക്കാൻ.”
അഥവാ “പൊതുചത്വരത്തിൽക്കൂടി.”
ഏകദേശം 22.3 മീ. (73 അടി). അനു. ബി14 കാണുക.
അക്ഷ. “ജൂതന്മാർക്കു വിരോധമായി കൈ നീട്ടിയതുകൊണ്ട്.”
അനു. ബി15 കാണുക.
അഥവാ “എഴുത്തുരീതിയിലും.”
അനു. ബി15 കാണുക.
അഥവാ “ലിഖിതത്തിന്റെ പകർപ്പ്.”
അഥവാ “സൂസ.”
അഥവാ “കൊട്ടാരത്തിലും.”
അക്ഷ. “വെളിച്ചവും.”
അനു. ബി15 കാണുക.
അഥവാ “സൂസ.”
അഥവാ “കൊട്ടാരത്തിൽ.”
“പൂര്” അർഥം: “ചീട്ട്.” ഇതിന്റെ ബഹുവചനരൂപമായ “പൂരീം,” വിശുദ്ധ കലണ്ടറിലെ 12-ാം മാസത്തിലെ ജൂത-ഉത്സവത്തിന്റെ പേരായി മാറി. അനു. ബി15 കാണുക.
അക്ഷ. “പിൻതലമുറക്കാർക്കുവേണ്ടി സമാധാനം സംസാരിച്ച.”
അഥവാ “വളരെ ആദരണീയനും.”