യോശുവ
1 യഹോവയുടെ ദാസനായ മോശയുടെ മരണശേഷം, നൂന്റെ മകനും മോശയ്ക്കു ശുശ്രൂഷ ചെയ്തിരുന്നവനും+ ആയ യോശുവയോട്*+ യഹോവ പറഞ്ഞു: 2 “എന്റെ ദാസനായ മോശ മരിച്ചു;+ ഇപ്പോൾ നീയും ഈ ജനം മുഴുവനും യോർദാൻ കടന്ന് ഞാൻ ഇസ്രായേൽ ജനത്തിനു കൊടുക്കുന്ന ദേശത്തേക്കു പോകുക.+ 3 ഞാൻ മോശയോടു വാഗ്ദാനം ചെയ്തതുപോലെതന്നെ, നിങ്ങൾ കാൽ വെക്കുന്ന സ്ഥലമെല്ലാം ഞാൻ നിങ്ങൾക്കു തരും.+ 4 നിങ്ങളുടെ പ്രദേശം വിജനഭൂമി* മുതൽ ലബാനോൻ വരെയും യൂഫ്രട്ടീസ് മഹാനദി വരെയും—അതായത് ഹിത്യരുടെ+ ദേശം മുഴുവനും—പടിഞ്ഞാറോട്ടു* മഹാസമുദ്രം വരെയും*+ വ്യാപിച്ചുകിടക്കും. 5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ആർക്കും നിന്റെ മുന്നിൽ പിടിച്ചുനിൽക്കാനാകില്ല.+ ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെതന്നെ നിന്റെകൂടെയും ഉണ്ടാകും.+ ഞാൻ നിന്നെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല.+ 6 ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക.+ കാരണം, ഞാൻ ഈ ജനത്തിനു കൊടുക്കുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്ത ദേശം+ അവർ അവകാശമാക്കാൻ അവരെ അവിടേക്കു നയിക്കേണ്ടതു നീയാണ്.
7 “നല്ല ധൈര്യവും മനക്കരുത്തും ഉള്ളവനായിരുന്നാൽ മതി. എന്റെ ദാസനായ മോശ നിന്നോടു കല്പിച്ച നിയമം* മുഴുവൻ ശ്രദ്ധാപൂർവം പാലിക്കുക. അതിൽനിന്ന് വലത്തോട്ടോ ഇടത്തോട്ടോ മാറരുത്.+ അപ്പോൾ, നീ എവിടെ പോയാലും നിനക്കു ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യാനാകും.+ 8 ഈ നിയമപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്.+ അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ രാവും പകലും അതു മന്ദസ്വരത്തിൽ വായിക്കണം.*+ അങ്ങനെ ചെയ്താൽ നീ വിജയിക്കും.+ നീ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും. 9 ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കല്പിച്ചിട്ടുള്ളതല്ലേ? പേടിക്കുകയോ ഭയപരവശനാകുകയോ അരുത്. കാരണം നീ എവിടെ പോയാലും നിന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്.”+
10 പിന്നെ യോശുവ ജനത്തിലെ അധികാരികളോടു കല്പിച്ചു: 11 “പാളയത്തിലെല്ലായിടത്തും ചെന്ന് ജനത്തെ ഈ കല്പന അറിയിക്കുക: ‘ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊള്ളുക. കാരണം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് പ്രവേശിച്ച് അതു കൈവശമാക്കാൻ, മൂന്നു ദിവസം കഴിഞ്ഞ് നിങ്ങൾ യോർദാൻ കടക്കും.’”+
12 യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതി ഗോത്രത്തോടും പറഞ്ഞു: 13 “യഹോവയുടെ ദാസനായ മോശ നിങ്ങളോടു കല്പിച്ചത് ഓർക്കുക:+ ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശം തന്ന് ഇവിടെ നിങ്ങൾക്കു സ്വസ്ഥത നൽകിയിരിക്കുന്നു. 14 യോർദാന്റെ ഇക്കരെ* മോശ നിങ്ങൾക്കു തന്നിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭാര്യമാരും കുട്ടികളും മൃഗങ്ങളും താമസിക്കും.+ പക്ഷേ, വീരയോദ്ധാക്കളായ+ നിങ്ങളെല്ലാം നിങ്ങളുടെ സഹോദരങ്ങളുടെ മുന്നിൽ യുദ്ധസജ്ജരായി അക്കര കടക്കണം.+ 15 യഹോവ നിങ്ങൾക്കു സ്വസ്ഥത തന്നിരിക്കുന്നതുപോലെതന്നെ നിങ്ങളുടെ സഹോദരങ്ങൾക്കും സ്വസ്ഥത കൊടുക്കുകയും നിങ്ങളുടെ ദൈവമായ യഹോവ കൊടുക്കുന്ന ദേശം അവരും കൈവശമാക്കുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരെ സഹായിക്കണം. അതിനു ശേഷം, യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു തന്ന, യോർദാന്റെ കിഴക്കുവശത്തുള്ള ഈ ദേശത്തേക്കു മടങ്ങിവന്ന് ഇതു കൈവശമാക്കിക്കൊള്ളുക.’”+
16 അപ്പോൾ അവർ യോശുവയോടു പറഞ്ഞു: “ഞങ്ങളോടു കല്പിച്ചതെല്ലാം ഞങ്ങൾ ചെയ്യും. ഞങ്ങളെ എങ്ങോട്ട് അയച്ചാലും ഞങ്ങൾ പോകും.+ 17 മോശ പറഞ്ഞതെല്ലാം കേട്ടനുസരിച്ചതുപോലെതന്നെ യോശുവ പറയുന്നതും ഞങ്ങൾ കേട്ടനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയുടെകൂടെയുണ്ടായിരുന്നതുപോലെതന്നെ അങ്ങയുടെകൂടെയുമുണ്ടായിരുന്നാൽ മാത്രം മതി.+ 18 ആരെങ്കിലും യോശുവയുടെ ആജ്ഞ ധിക്കരിക്കുകയും യോശുവ നൽകുന്ന കല്പനകളിലേതെങ്കിലും അനുസരിക്കാതിരിക്കുകയും ചെയ്താൽ അയാളെ കൊന്നുകളയും.+ യോശുവ ധൈര്യവും മനക്കരുത്തും ഉള്ളവനായിരുന്നാൽ മാത്രം മതി.”+
2 പിന്നെ, നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന്+ രണ്ടു പുരുഷന്മാരെ രഹസ്യത്തിൽ ചാരന്മാരായി അയച്ചു. യോശുവ അവരോടു പറഞ്ഞു: “പോയി ദേശം സൂക്ഷ്മമായി നിരീക്ഷിക്കുക, പ്രത്യേകിച്ച് യരീഹൊ.” അങ്ങനെ അവർ പുറപ്പെട്ട് രാഹാബ്+ എന്നു പേരുള്ള ഒരു വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ താമസിച്ചു. 2 പക്ഷേ, “ദേശം ഒറ്റുനോക്കാൻ ഈ രാത്രി ഇസ്രായേല്യപുരുഷന്മാർ ഇവിടെ വന്നിട്ടുണ്ട്” എന്ന് യരീഹൊയിലെ രാജാവിനു വിവരം കിട്ടി. 3 അപ്പോൾ യരീഹൊരാജാവ് രാഹാബിന് ഇങ്ങനെയൊരു സന്ദേശം കൊടുത്തയച്ചു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷന്മാരെ പുറത്ത് കൊണ്ടുവരുക. കാരണം അവർ ഈ ദേശം മുഴുവൻ ഒറ്റുനോക്കാൻ വന്നവരാണ്.”
4 എന്നാൽ, രാഹാബ് ആ രണ്ടു പുരുഷന്മാരെ കൊണ്ടുപോയി ഒളിപ്പിച്ചു. എന്നിട്ട്, പറഞ്ഞു: “ആ പുരുഷന്മാർ എന്റെ അടുത്ത് വന്നു എന്നതു ശരിയാണ്. പക്ഷേ, അവർ എവിടെനിന്നുള്ളവരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 5 ഇരുട്ടിയപ്പോൾ, നഗരകവാടം അടയ്ക്കുന്നതിനു തൊട്ടുമുമ്പ് അവർ പോയി. അവർ എങ്ങോട്ടു പോയെന്ന് എനിക്ക് അറിയില്ല. ഉടനെ പിന്തുടർന്നുചെന്നാൽ ഒരുപക്ഷേ നിങ്ങൾക്ക് അവരുടെ ഒപ്പം എത്താം.” 6 (രാഹാബോ അവരെ വീടിനു മുകളിൽ കൊണ്ടുപോയി അവിടെ നിരനിരയായി അടുക്കിവെച്ചിരുന്ന ഫ്ളാക്സ് ചെടിത്തണ്ടുകൾക്കിടയിൽ ഒളിപ്പിച്ചിരുന്നു.) 7 അങ്ങനെ, ആ പുരുഷന്മാർ അവരെ അന്വേഷിച്ച് യോർദാൻ നദിയുടെ കടവുകൾ+ ലക്ഷ്യമാക്കി പോയി. അന്വേഷിച്ച് പോയവർ പുറത്ത് കടന്ന ഉടനെ നഗരകവാടം അടച്ചു.
8 ആ രണ്ടു പുരുഷന്മാർ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് രാഹാബ് വീടിനു മുകളിൽ അവരുടെ അടുത്ത് ചെന്നു. 9 രാഹാബ് അവരോടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെക്കുറിച്ചുള്ള പേടി ഞങ്ങളെ ബാധിച്ചിരിക്കുന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസിക്കുന്നവരുടെയെല്ലാം മനസ്സിടിഞ്ഞുപോയിരിക്കുന്നു;+ 10 കാരണം, നിങ്ങൾ ഈജിപ്ത് വിട്ട് പോരുമ്പോൾ യഹോവ നിങ്ങളുടെ മുന്നിൽ ചെങ്കടലിലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ചും+ യോർദാന്റെ മറുകരയിൽവെച്ച്* രണ്ട് അമോര്യരാജാക്കന്മാരായ സീഹോനെയും+ ഓഗിനെയും+ നിശ്ശേഷം നശിപ്പിച്ചുകൊണ്ട് നിങ്ങൾ അവരോടു ചെയ്തതിനെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. 11 അതു കേട്ടപ്പോൾത്തന്നെ ഞങ്ങളുടെ ഹൃദയത്തിൽ ഭയം നിറഞ്ഞു.* നിങ്ങൾ കാരണം എല്ലാവരുടെയും ധൈര്യം ചോർന്നുപോയിരിക്കുന്നു.* നിങ്ങളുടെ ദൈവമായ യഹോവ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും ദൈവമാണല്ലോ.+ 12 ഞാൻ നിങ്ങളോട് അചഞ്ചലമായ സ്നേഹം കാണിച്ചതുകൊണ്ട് നിങ്ങളും എന്റെ പിതൃഭവനത്തോട്* അചഞ്ചലമായ സ്നേഹം കാണിക്കുമെന്നു ദയവായി ഇപ്പോൾ യഹോവയുടെ നാമത്തിൽ എന്നോടു സത്യം ചെയ്താലും. ഉറപ്പിനുവേണ്ടി നിങ്ങൾ എനിക്ക് ഒരു അടയാളം തരുകയും വേണം. 13 നിങ്ങൾ എന്റെ അപ്പന്റെയും അമ്മയുടെയും സഹോദരീസഹോദരന്മാരുടെയും അവർക്കുള്ള ആരുടെയും ജീവനു ഹാനി വരുത്തരുത്; ഞങ്ങളെ മരണത്തിൽനിന്ന് രക്ഷിക്കണം.”+
14 അപ്പോൾ, ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: “നിങ്ങളുടെ ജീവനു പകരം ഞങ്ങൾ ഞങ്ങളുടെ ജീവൻ തരും! ഞങ്ങളുടെ ദൗത്യത്തെക്കുറിച്ച് ആരോടും പറയാതിരുന്നാൽ, ഞങ്ങൾ രാഹാബിനോടു വിശ്വസ്തരായിരിക്കും. യഹോവ ഞങ്ങൾക്ക് ഈ ദേശം തരുമ്പോൾ ഞങ്ങൾ അചഞ്ചലമായ സ്നേഹം കാണിക്കും.” 15 അതിനു ശേഷം, രാഹാബ് അവരെ ജനലിൽക്കൂടി ഒരു കയർവഴി ഇറക്കിവിട്ടു.+ കാരണം, നഗരമതിലിന്റെ ഒരു വശത്തായിരുന്നു രാഹാബിന്റെ വീട്. വാസ്തവത്തിൽ, നഗരമതിലിൽത്തന്നെയാണു രാഹാബ് താമസിച്ചിരുന്നത്. 16 രാഹാബ് അവരോടു പറഞ്ഞു: “നിങ്ങൾ മലനാട്ടിലേക്കു പോയി മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കണം. അങ്ങനെയാകുമ്പോൾ നിങ്ങളെ തിരഞ്ഞുപോകുന്നവർക്കു നിങ്ങളെ കണ്ടെത്താനാകില്ല. നിങ്ങളെ പിന്തുടർന്ന് പോയവർ മടങ്ങിയെത്തിയശേഷം നിങ്ങൾക്കു നിങ്ങളുടെ വഴിക്കു പോകാം.”
17 ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: “ഞങ്ങൾ പറയുന്നതുപോലെ ചെയ്യുന്നില്ലെങ്കിൽ ഞങ്ങളെക്കൊണ്ട് ഇടുവിച്ച ഈ ആണയുടെ കാര്യത്തിൽ ഞങ്ങൾ കുറ്റമില്ലാത്തവരായിരിക്കും:+ 18 ഞങ്ങൾ ഈ ദേശത്തേക്കു വരുമ്പോൾ, ഞങ്ങളെ ഇറക്കിവിട്ട ജനലിൽ ഈ കടുഞ്ചുവപ്പുചരടു കെട്ടിയിരിക്കണം. അപ്പനെയും അമ്മയെയും സഹോദരങ്ങളെയും പിതൃഭവനത്തിലുള്ള എല്ലാവരെയും രാഹാബിന്റെകൂടെ ഈ വീട്ടിൽ ഒരുമിച്ചുകൂട്ടുകയും വേണം.+ 19 ആരെങ്കിലും വീട്ടിൽനിന്ന് പുറത്ത് ഇറങ്ങിയാൽ അയാളുടെ രക്തത്തിന് അയാൾത്തന്നെയായിരിക്കും ഉത്തരവാദി. ഞങ്ങൾ പക്ഷേ കുറ്റമില്ലാത്തവരായിരിക്കും. രാഹാബിന്റെകൂടെ വീട്ടിലായിരിക്കുന്ന ആർക്കെങ്കിലുമാണു ഹാനി വരുന്നതെങ്കിൽ* അയാളുടെ രക്തത്തിനു ഞങ്ങളായിരിക്കും ഉത്തരവാദികൾ. 20 പക്ഷേ, ഞങ്ങളുടെ ദൗത്യത്തെക്കുറിച്ച് ആർക്കെങ്കിലും വിവരം കൊടുത്താൽ,+ ഞങ്ങളെക്കൊണ്ട് ഇടുവിച്ച ഈ ആണയുടെ കാര്യത്തിൽ ഞങ്ങൾ കുറ്റമില്ലാത്തവരായിരിക്കും.” 21 അപ്പോൾ രാഹാബ്, “നിങ്ങൾ പറഞ്ഞതുപോലെതന്നെയാകട്ടെ” എന്നു പറഞ്ഞു.
എന്നിട്ട്, അവരെ യാത്രയാക്കി. അവർ അവിടെനിന്ന് പോയി. അതിനു ശേഷം, രാഹാബ് ആ കടുഞ്ചുവപ്പുചരടു ജനലിൽ കെട്ടിയിട്ടു. 22 അവരോ, മലനാട്ടിലേക്കു പോയി; പിന്തുടർന്നുപോയവർ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം അവിടെ താമസിച്ചു. തിരഞ്ഞുപോയവർ എല്ലാ വഴികളിലും അന്വേഷിച്ചെങ്കിലും അവരെ കണ്ടില്ല. 23 പിന്നെ, ആ രണ്ടു പുരുഷന്മാർ മലനാട്ടിൽനിന്ന് ഇറങ്ങി നദി കടന്ന് നൂന്റെ മകനായ യോശുവയുടെ അടുത്തെത്തി. സംഭവിച്ചതെല്ലാം അവർ യോശുവയോടു പറഞ്ഞു. 24 അവർ യോശുവയോട് ഇതുംകൂടെ പറഞ്ഞു: “ആ ദേശം മുഴുവൻ യഹോവ നമുക്ക് ഏൽപ്പിച്ചുതന്നിരിക്കുന്നു.+ വാസ്തവത്തിൽ, നമ്മൾ കാരണം ആ നാട്ടിലുള്ളവരുടെയെല്ലാം മനസ്സിടിഞ്ഞിരിക്കുകയാണ്.”+
3 യോശുവ അതിരാവിലെ എഴുന്നേറ്റു. അവനും എല്ലാ ഇസ്രായേല്യരും ശിത്തീമിൽനിന്ന്+ പുറപ്പെട്ട് യോർദാന്റെ അടുത്ത് എത്തി. അക്കര കടക്കുന്നതിനു മുമ്പ് ആ രാത്രി അവർ അവിടെ തങ്ങി.
2 മൂന്നു ദിവസം കഴിഞ്ഞ് അധികാരികൾ+ പാളയത്തിലെല്ലായിടത്തും ചെന്ന് 3 ജനത്തോട് ഇങ്ങനെ കല്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകവും എടുത്ത് ലേവ്യപുരോഹിതന്മാർ+ പോകുന്നതു കണ്ടാൽ ഉടൻ നിങ്ങൾ അതിനെ അനുഗമിച്ച് നിങ്ങളുടെ സ്ഥലത്തുനിന്ന് യാത്ര പുറപ്പെടണം. 4 ഏതു വഴിക്കു പോകണമെന്ന് അങ്ങനെ നിങ്ങൾക്ക് അറിയാനാകും. കാരണം, നിങ്ങൾ ഇതിനു മുമ്പ് ഈ വഴിക്കു സഞ്ചരിച്ചിട്ടില്ലല്ലോ. പക്ഷേ, അതിൽനിന്ന് 2,000 മുഴം* അകലം പാലിക്കണം; അതിലും അടുത്ത് ചെല്ലരുത്.”
5 യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക.+ കാരണം, നാളെ യഹോവ നിങ്ങളുടെ ഇടയിൽ അത്ഭുതകാര്യങ്ങൾ ചെയ്യാനിരിക്കുകയാണ്.”+
6 പിന്നെ, യോശുവ പുരോഹിതന്മാരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുത്ത്+ ജനത്തിനു മുന്നിലായി പോകുക.” അങ്ങനെ, അവർ ഉടമ്പടിപ്പെട്ടകം എടുത്ത് ജനത്തിനു മുന്നിലായി നടന്നു.
7 യഹോവ യോശുവയോടു പറഞ്ഞു: “ഇന്നുമുതൽ എല്ലാ ഇസ്രായേല്യരുടെയും മുന്നിൽ ഞാൻ നിന്നെ ഉന്നതനാക്കും.+ അങ്ങനെ, ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ+ നിന്റെകൂടെയും ഉണ്ടായിരിക്കുമെന്ന്+ അവർ അറിയട്ടെ. 8 ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർക്കു നീ ഈ കല്പന കൊടുക്കുക: ‘നിങ്ങൾ യോർദാന്റെ ഓരത്ത് എത്തുമ്പോൾ നദിയിൽ നിശ്ചലരായി നിൽക്കണം.’”+
9 യോശുവ ഇസ്രായേല്യരോടു പറഞ്ഞു: “ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കൂ.” 10 യോശുവ തുടർന്നു: “ജീവനുള്ള ഒരു ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നും+ ആ ദൈവം കനാന്യരെയും ഹിത്യരെയും ഹിവ്യരെയും പെരിസ്യരെയും ഗിർഗശ്യരെയും അമോര്യരെയും യബൂസ്യരെയും നിങ്ങളുടെ മുന്നിൽനിന്ന് നിശ്ചയമായും ഓടിച്ചുകളയുമെന്നും+ ഇപ്പോൾ നിങ്ങൾ അറിയും. 11 ഇതാ! മുഴുഭൂമിയുടെയും നാഥനായവന്റെ ഉടമ്പടിപ്പെട്ടകം നിങ്ങൾക്കു മുന്നിലായി യോർദാനിലേക്കു കടക്കുന്നു. 12 ഇപ്പോൾ, ഇസ്രായേൽഗോത്രങ്ങളിൽനിന്ന്, ഓരോ ഗോത്രത്തിനുംവേണ്ടി ഓരോ ആൾ വീതം, 12 പുരുഷന്മാരെ എടുക്കുക.+ 13 മുഴുഭൂമിയുടെയും നാഥനായ യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദാനിലെ വെള്ളത്തിൽ സ്പർശിച്ചാൽ* ഉടൻ യോർദാനിലെ വെള്ളത്തിന്റെ, മുകളിൽനിന്നുള്ള ഒഴുക്കു നിലയ്ക്കും. അത് അണകെട്ടിയതുപോലെ* നിശ്ചലമായി നിൽക്കും.”+
14 അങ്ങനെ, യോർദാൻ കടക്കുന്നതിനു തൊട്ടുമുമ്പ് ജനം തങ്ങളുടെ കൂടാരങ്ങൾ വിട്ട് പുറപ്പെട്ടപ്പോൾ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന+ പുരോഹിതന്മാർ ജനത്തിനു മുന്നിൽ നടന്നു. 15 പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദാൻ നദിക്കരികെ എത്തി വെള്ളത്തിലേക്കു കാലെടുത്ത് വെച്ച ഉടൻ (കൊയ്ത്തുകാലത്തെല്ലാം യോർദാൻ കരകവിഞ്ഞ് ഒഴുകാറുണ്ട്.)+ 16 മുകളിൽനിന്ന് ഒഴുകിവന്നിരുന്ന വെള്ളം അങ്ങ് അകലെ, സാരെഥാന് അടുത്തുള്ള ആദാം നഗരത്തിന് അരികെ അണകെട്ടിയതുപോലെ പൊങ്ങി നിശ്ചലമായി നിന്നു. പക്ഷേ, താഴേക്ക് ഒഴുകിക്കൊണ്ടിരുന്ന വെള്ളം ഉപ്പുകടൽ* എന്നു വിളിക്കുന്ന അരാബ കടലിലേക്കു വാർന്നുപോയി. അങ്ങനെ, നദിയുടെ ഒഴുക്കു നിലച്ചു. ജനം യരീഹൊയുടെ നേർക്കു മറുകര കടന്നു. 17 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാർ യോർദാനു നടുവിൽ ഉണങ്ങിയ നിലത്ത് നിശ്ചലരായി നിൽക്കുമ്പോൾ+ എല്ലാ ഇസ്രായേല്യരും ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.+ അങ്ങനെ, ആ ജനത മുഴുവൻ യോർദാൻ കടന്നു.
4 ജനം മുഴുവൻ യോർദാൻ കടന്നുതീർന്ന ഉടനെ യഹോവ യോശുവയോടു പറഞ്ഞു: 2 “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന് 12 പുരുഷന്മാരെ വിളിച്ച്+ 3 അവർക്ക് ഈ കല്പന കൊടുക്കണം: ‘യോർദാന്റെ നടുവിൽ പുരോഹിതന്മാർ കാൽ ഉറപ്പിച്ച് നിന്ന+ സ്ഥലത്തുനിന്ന് 12 കല്ലുകൾ എടുത്ത് അവ കൊണ്ടുപോയി നിങ്ങൾ ഇന്നു രാത്രിതങ്ങുന്ന സ്ഥലത്ത് വെക്കുക.’”+
4 അതുകൊണ്ട് യോശുവ, ഓരോ ഇസ്രായേല്യഗോത്രത്തിൽനിന്നും ഓരോ ആൾ എന്ന കണക്കിൽ താൻ നിയമിച്ച 12 പുരുഷന്മാരെ വിളിച്ച് 5 അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകം കടന്ന് യോർദാന്റെ നടുവിലേക്കു ചെല്ലുക. ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് നിങ്ങൾ ഓരോരുത്തരും ഓരോ കല്ല് തോളിൽ എടുക്കണം. 6 ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കട്ടെ. ‘എന്തിനാണ് ഈ കല്ലുകൾ’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ* ചോദിച്ചാൽ+ 7 നിങ്ങൾ അവരോടു പറയണം: ‘യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന്റെ മുന്നിൽ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കു നിലച്ചതിന്റെ+ ഓർമയ്ക്കാണ് ഇത്. പെട്ടകം യോർദാൻ കടന്നപ്പോൾ വെള്ളത്തിന്റെ ഒഴുക്കു നിന്നു. ഈ കല്ലുകൾ ഇസ്രായേൽ ജനത്തിന് ദീർഘകാലത്തേക്കുള്ള ഒരു സ്മാരകമായിരിക്കും.’”*+
8 അങ്ങനെ ഇസ്രായേല്യർ, യോശുവ കല്പിച്ചതുപോലെതന്നെ ചെയ്തു. യഹോവ യോശുവയോടു നിർദേശിച്ചതുപോലെ അവർ ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 കല്ലുകൾ യോർദാന്റെ നടുവിൽനിന്ന് എടുത്ത് അവർ രാത്രിതങ്ങുന്ന സ്ഥലത്ത് കൊണ്ടുപോയി വെച്ചു.
9 യോശുവയും യോർദാന്റെ നടുവിൽ, ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാർ കാൽ ഉറപ്പിച്ച് നിന്ന സ്ഥലത്ത് 12 കല്ലുകൾ സ്ഥാപിച്ചു.+ ആ കല്ലുകൾ ഇന്നും അവിടെയുണ്ട്.
10 മോശ യോശുവയോടു കല്പിച്ചിരുന്ന എല്ലാ കാര്യങ്ങൾക്കും ചേർച്ചയിൽ, ജനം ചെയ്യണമെന്നു പറയാൻ പറഞ്ഞ് യഹോവ യോശുവയോടു കല്പിച്ചതെല്ലാം ചെയ്തുതീരുന്നതുവരെ, പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ നിന്നു. ആ സമയമത്രയും ജനം തിടുക്കത്തിൽ മറുകര കടക്കുകയായിരുന്നു. 11 ജനം മുഴുവൻ മറുകര കടന്നുതീർന്ന ഉടൻ യഹോവയുടെ പെട്ടകവുമായി പുരോഹിതന്മാർ ജനം കാൺകെ മറുകര കടന്നു.+ 12 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും മോശ അവരോടു നിർദേശിച്ചിരുന്നതുപോലെതന്നെ, മറ്റ് ഇസ്രായേല്യരുടെ മുന്നിൽ യുദ്ധസജ്ജരായി അക്കര കടന്നു.+ 13 യുദ്ധസജ്ജരായ ഏകദേശം 40,000 പടയാളികൾ യഹോവയുടെ മുമ്പാകെ അക്കര കടന്ന് യരീഹൊ മരുപ്രദേശത്തെത്തി.
14 ആ ദിവസം എല്ലാ ഇസ്രായേല്യരുടെയും മുന്നിൽ യഹോവ യോശുവയെ ഉന്നതനാക്കി.+ അവർ മോശയെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നതുപോലെതന്നെ*+ യോശുവയെയും അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ അങ്ങേയറ്റം ബഹുമാനിച്ചു.
15 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: 16 “സാക്ഷ്യപ്പെട്ടകം+ ചുമക്കുന്ന പുരോഹിതന്മാരോടു യോർദാനിൽനിന്ന് കയറിവരാൻ കല്പിക്കുക.” 17 അതുകൊണ്ട്, യോശുവ പുരോഹിതന്മാരോട്, “യോർദാനിൽനിന്ന് കയറിവരൂ” എന്നു കല്പിച്ചു. 18 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ+ യോർദാന്റെ നടുവിൽനിന്ന് കയറി ഉണങ്ങിയ നിലത്തേക്ക് കാലെടുത്ത് വെച്ച ഉടൻ യോർദാനിലെ വെള്ളം വീണ്ടും ഒഴുകിത്തുടങ്ങി. അതു മുമ്പത്തെപ്പോലെ കരകവിഞ്ഞ് ഒഴുകി.+
19 ഒന്നാം മാസം പത്താം ദിവസം ജനം യോർദാനിൽനിന്ന് കയറി യരീഹൊയുടെ കിഴക്കേ അതിർത്തിയിലുള്ള ഗിൽഗാലിൽ+ പാളയമടിച്ചു.
20 അവർ യോർദാനിൽനിന്ന് എടുത്ത 12 കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു.+ 21 എന്നിട്ട്, ഇസ്രായേല്യരോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ മക്കൾ അപ്പന്മാരോട്, ‘എന്തിനാണ് ഈ കല്ലുകൾ ഇവിടെ വെച്ചിരിക്കുന്നത്’ എന്നു ചോദിച്ചാൽ+ 22 നിങ്ങൾ മക്കൾക്ക് ഇങ്ങനെ പറഞ്ഞുകൊടുക്കണം: ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു.+ 23 അവർക്ക് അക്കര കടക്കാൻ അന്ന് അവരുടെ മുന്നിൽനിന്ന് നിങ്ങളുടെ ദൈവമായ യഹോവ യോർദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു. ചെങ്കടൽ കടക്കാൻ നമ്മുടെ ദൈവമായ യഹോവ നമ്മുടെ മുന്നിൽനിന്ന് അതിലെ വെള്ളം വറ്റിച്ചുകളഞ്ഞതുപോലെതന്നെ.+ 24 യഹോവയുടെ കൈ എത്ര ബലമുള്ളതാണെന്നു ഭൂമിയിലെ ജനങ്ങളെല്ലാം അറിയാനും+ നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും വേണ്ടിയാണു ദൈവം ഇതു ചെയ്തത്.’”
5 ഇസ്രായേല്യർക്ക് അക്കര കടക്കാൻ യഹോവ അവരുടെ മുന്നിൽനിന്ന് യോർദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ച് യോർദാന്റെ പടിഞ്ഞാറുള്ള* എല്ലാ അമോര്യരാജാക്കന്മാരും+ കടലിന് അടുത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും+ കേട്ടതോടെ അവരുടെ ഹൃദയത്തിൽ ഭയം നിറഞ്ഞു;*+ ഇസ്രായേല്യർ കാരണം അവരുടെ ധൈര്യം മുഴുവൻ ചോർന്നുപോയി.*+
2 ആ സമയത്ത് യഹോവ യോശുവയോടു പറഞ്ഞു: “നീ കൽക്കത്തികൾ ഉണ്ടാക്കി വീണ്ടും, രണ്ടാംതവണ, ഇസ്രായേല്യർക്കു പരിച്ഛേദന*+ ചെയ്യണം, ഇസ്രായേൽപുരുഷന്മാരുടെ അഗ്രചർമം പരിച്ഛേദന ചെയ്യണം.” 3 അതുകൊണ്ട്, യോശുവ കൽക്കത്തികൾ ഉണ്ടാക്കി ഗിബെയാത്ത്-ഹാരലോത്തിൽവെച്ച്* ഇസ്രായേൽപുരുഷന്മാരുടെ അഗ്രചർമം പരിച്ഛേദന ചെയ്തു.+ 4 യോശുവ അവരുടെ അഗ്രചർമം പരിച്ഛേദിച്ചതിന്റെ കാരണം ഇതായിരുന്നു: ഈജിപ്ത് വിട്ട് പോന്ന ജനത്തിലെ ആണുങ്ങളെല്ലാം, യുദ്ധവീരന്മാരായ* എല്ലാവരും, യാത്രയ്ക്കിടയിൽ വിജനഭൂമിയിൽവെച്ച് മരിച്ചുപോയിരുന്നു.+ 5 ഈജിപ്ത് വിട്ട് പോന്ന എല്ലാവരുടെയും അഗ്രചർമം പരിച്ഛേദന ചെയ്തിരുന്നെങ്കിലും ഈജിപ്തിൽനിന്നുള്ള യാത്രയ്ക്കിടയിൽ വിജനഭൂമിയിൽവെച്ച് ജനിച്ച ആരുടെയും അഗ്രചർമം പരിച്ഛേദന ചെയ്തിരുന്നില്ല. 6 ഈജിപ്ത് വിട്ട് പോന്ന ജനത മുഴുവനും, അതായത് യഹോവയുടെ സ്വരം കേട്ടനുസരിക്കാതിരുന്ന യുദ്ധവീരന്മാരെല്ലാം, മരിച്ചുതീരുന്നതുവരെ ഇസ്രായേല്യർ 40 വർഷം വിജനഭൂമിയിലൂടെ നടന്നു.+ നമുക്കു തരുമെന്ന് അവരുടെ പൂർവികരോടു യഹോവ സത്യം ചെയ്ത ദേശം,+ പാലും തേനും ഒഴുകുന്ന ഒരു ദേശം,+ കാണാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്ന്+ യഹോവ അവരോടു സത്യം ചെയ്തിരുന്നു.+ 7 അതുകൊണ്ട്, ദൈവം അവർക്കു പകരം അവരുടെ പുത്രന്മാരെ എഴുന്നേൽപ്പിച്ചു.+ ഇവരുടെ അഗ്രചർമമാണു യോശുവ പരിച്ഛേദന ചെയ്തത്. യാത്രയ്ക്കിടയിൽ അവർ അവരുടെ അഗ്രചർമം പരിച്ഛേദന ചെയ്യാതിരുന്നതുകൊണ്ടാണ് അവർ അഗ്രചർമികളായിരുന്നത്.
8 ജനത്തിന്റെ മുഴുവൻ അഗ്രചർമം പരിച്ഛേദന ചെയ്തശേഷം, സുഖം പ്രാപിക്കുന്നതുവരെ അവരെല്ലാം പാളയത്തിൽ അവരവരുടെ സ്ഥലത്തുതന്നെ കഴിഞ്ഞു.
9 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: “ഇന്നു ഞാൻ ഈജിപ്തിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിനീക്കിയിരിക്കുന്നു.” അതുകൊണ്ട്, ആ സ്ഥലത്തെ ഇന്നോളം ഗിൽഗാൽ*+ എന്നു വിളിച്ചുവരുന്നു.
10 ഇസ്രായേല്യർ ഗിൽഗാലിൽത്തന്നെയായിരിക്കെ മാസത്തിന്റെ 14-ാം ദിവസം വൈകുന്നേരം യരീഹൊയിലെ മരുപ്രദേശത്തുവെച്ച് പെസഹ ആചരിച്ചു.+ 11 പെസഹ കഴിഞ്ഞ് പിറ്റെ ദിവസം അവർ ദേശത്തെ വിളവ് കഴിച്ചുതുടങ്ങി. അന്നുതന്നെ അവർ പുളിപ്പില്ലാത്ത* അപ്പവും+ മലരും കഴിച്ചു. 12 പിറ്റെ ദിവസം, അതായത് ദേശത്തെ വിളവിൽനിന്ന് അവർ കഴിച്ച ദിവസം, മന്ന നിന്നുപോയി.+ ഇസ്രായേല്യർക്കു പിന്നെ മന്ന കിട്ടിയില്ല. അങ്ങനെ, അവർ ആ വർഷംമുതൽ കനാൻ ദേശത്തെ വിളവ് കഴിച്ചുതുടങ്ങി.+
13 യോശുവ ഇപ്പോൾ യരീഹൊയുടെ സമീപത്തായിരുന്നു. യോശുവ തല ഉയർത്തി നോക്കിയപ്പോൾ വാളും ഊരിപ്പിടിച്ച്+ ഒരു മനുഷ്യൻ+ മുന്നിൽ നിൽക്കുന്നതു കണ്ടു. യോശുവ ആ മനുഷ്യന്റെ അടുത്തേക്കു ചെന്ന്, “നീ ഞങ്ങളുടെ പക്ഷക്കാരനോ അതോ ശത്രുപക്ഷക്കാരനോ” എന്നു ചോദിച്ചു. 14 അപ്പോൾ അയാൾ, “അല്ല, ഞാൻ വന്നിരിക്കുന്നത് യഹോവയുടെ സൈന്യത്തിന്റെ പ്രഭുവായിട്ടാണ്”*+ എന്നു പറഞ്ഞു. അപ്പോൾ യോശുവ കമിഴ്ന്നുവീണ് നമസ്കരിച്ച്, “എന്റെ യജമാനന് ഈ ദാസനോട് എന്താണു പറയാനുള്ളത്” എന്നു ചോദിച്ചു. 15 യഹോവയുടെ സൈന്യത്തിന്റെ പ്രഭു യോശുവയോടു പറഞ്ഞു: “നിന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുമാറ്റുക. കാരണം നീ നിൽക്കുന്ന സ്ഥലം വിശുദ്ധനിലമാണ്.”+ ഉടൻതന്നെ യോശുവ അങ്ങനെ ചെയ്തു.
6 ഇസ്രായേല്യരെ പേടിച്ച് യരീഹൊ അടച്ച് ഭദ്രമാക്കിയിരുന്നു; ആരും പുറത്ത് ഇറങ്ങുകയോ അകത്ത് കയറുകയോ ചെയ്തില്ല.+
2 യഹോവ യോശുവയോടു പറഞ്ഞു: “ഇതാ, ഞാൻ യരീഹൊയെയും അതിന്റെ രാജാവിനെയും അതിന്റെ വീരയോദ്ധാക്കളെയും നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ 3 യോദ്ധാക്കളായ നിങ്ങൾ എല്ലാവരും നഗരത്തെ ഒരു പ്രാവശ്യം ചുറ്റണം. നിങ്ങൾ ആറു ദിവസം ഇങ്ങനെ ചെയ്യണം. 4 ഏഴു പുരോഹിതന്മാർ ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യവും പിടിച്ച് പെട്ടകത്തിനു മുന്നിൽ നടക്കണം. പക്ഷേ, ഏഴാം ദിവസം നിങ്ങൾ നഗരത്തെ ഏഴു പ്രാവശ്യം ചുറ്റണം; പുരോഹിതന്മാർ കൊമ്പു വിളിക്കുകയും വേണം.+ 5 കൊമ്പുവിളിയുടെ ശബ്ദം* മുഴങ്ങുമ്പോൾ—ആ ശബ്ദം കേൾക്കുന്ന ഉടൻതന്നെ—നിങ്ങൾ എല്ലാവരും ഉച്ചത്തിൽ പോർവിളി മുഴക്കണം. അപ്പോൾ നഗരമതിൽ നിലംപൊത്തും.+ പടയാളികൾ ഓരോരുത്തരും നേരെ മുന്നോട്ടു ചെല്ലണം.”
6 അപ്പോൾ, നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കൂ. ഏഴു പുരോഹിതന്മാർ ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യവും പിടിച്ച് യഹോവയുടെ പെട്ടകത്തിനു മുന്നിൽ നടക്കണം.”+ 7 പിന്നെ, പടയാളികളോടു പറഞ്ഞു: “പോകൂ. പോയി നഗരത്തെ ചുറ്റൂ. ആയുധധാരികൾ യഹോവയുടെ പെട്ടകത്തിനു മുന്നിൽ നടക്കണം.”+ 8 യോശുവ പറഞ്ഞതുപോലെ ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യങ്ങൾ പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ മുന്നോട്ടു നീങ്ങി കൊമ്പു വിളിച്ചു. യഹോവയുടെ ഉടമ്പടിപ്പെട്ടകം അവരുടെ പിന്നാലെ നീങ്ങി. 9 ആയുധധാരികൾ, കൊമ്പു വിളിക്കുന്ന പുരോഹിതന്മാരുടെ മുന്നിൽ നടന്നു. പിൻപട* പെട്ടകത്തിനു പിന്നാലെയും നീങ്ങി. കൊമ്പുവിളി തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു.
10 യോശുവ പടയാളികളോട് ഇങ്ങനെ കല്പിച്ചിരുന്നു: “ആർപ്പിടരുത്. നിങ്ങളുടെ ശബ്ദം വെളിയിൽ കേൾക്കാനും പാടില്ല. ഞാൻ നിങ്ങളോട് ‘ആർപ്പിടുക’ എന്നു പറയുന്ന ദിവസംവരെ ഒരു വാക്കുപോലും മിണ്ടരുത്. അതിനു ശേഷം ആർപ്പിടുക.” 11 അങ്ങനെ, യഹോവയുടെ പെട്ടകവുമായി അവർ ഒരു പ്രാവശ്യം നഗരത്തെ ചുറ്റി. അതു കഴിഞ്ഞ് അവർ പാളയത്തിലേക്കു മടങ്ങിവന്ന് അവിടെ രാത്രിതങ്ങി.
12 യോശുവ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.+ 13 ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യങ്ങൾ പിടിച്ചിരുന്ന ഏഴു പുരോഹിതന്മാർ തുടർച്ചയായി കൊമ്പു വിളിച്ചുകൊണ്ട് യഹോവയുടെ പെട്ടകത്തിനു മുന്നിൽ നടന്നു. ആയുധധാരികൾ അവർക്കും മുന്നിലായിരുന്നു. പിൻപടയോ യഹോവയുടെ പെട്ടകത്തിനു പിന്നാലെയും. കൊമ്പുവിളി തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു. 14 രണ്ടാം ദിവസം അവർ ഒരു പ്രാവശ്യം നഗരത്തെ ചുറ്റി. അതു കഴിഞ്ഞ് അവർ പാളയത്തിലേക്കു മടങ്ങി. അവർ ആറു ദിവസം ഇങ്ങനെ ചെയ്തു.+
15 ഏഴാം ദിവസം അവർ നേരത്തേ, വെട്ടംവീണുതുടങ്ങിയപ്പോൾത്തന്നെ, എഴുന്നേറ്റ് അതേ വിധത്തിൽ നഗരത്തെ ഏഴു പ്രാവശ്യം ചുറ്റി. ആ ദിവസം മാത്രമാണ് അവർ നഗരത്തെ ഏഴു പ്രാവശ്യം ചുറ്റിയത്.+ 16 ഏഴാം പ്രാവശ്യം പുരോഹിതന്മാർ കൊമ്പു വിളിച്ചപ്പോൾ യോശുവ പടയാളികളോടു പറഞ്ഞു: “ആർപ്പിടുക!+ കാരണം, യഹോവ നഗരം നിങ്ങൾക്കു തന്നിരിക്കുന്നു! 17 നഗരവും അതിലുള്ളതു മുഴുവനും നിശ്ശേഷം നശിപ്പിക്കണം;+ അതെല്ലാം യഹോവയുടേതാണ്. വേശ്യയായ രാഹാബും+ രാഹാബിന്റെകൂടെ ആ വീട്ടിലുള്ളവരും മാത്രം ജീവനോടിരിക്കട്ടെ. കാരണം, നമ്മൾ അയച്ച ദൂതന്മാരെ രാഹാബ് ഒളിപ്പിച്ചല്ലോ.+ 18 പക്ഷേ, നശിപ്പിച്ചുകളയേണ്ട എന്തിനോടെങ്കിലും ആഗ്രഹം തോന്നി അത് എടുക്കാതിരിക്കാൻ+ നിങ്ങൾ അവയിൽനിന്ന് അകന്നുനിൽക്കുക.+ അല്ലാത്തപക്ഷം, നിങ്ങൾ ഇസ്രായേൽപാളയത്തെ നാശയോഗ്യമാക്കിത്തീർത്തുകൊണ്ട് അതിന്മേൽ ആപത്തു* വരുത്തിവെക്കും.+ 19 ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള എല്ലാ ഉരുപ്പടികളും വെള്ളിയും സ്വർണവും യഹോവയ്ക്കു വിശുദ്ധമാണ്.+ അവ യഹോവയുടെ ഖജനാവിലേക്കു പോകണം.”+
20 കൊമ്പുവിളി മുഴങ്ങിയപ്പോൾ പടയാളികൾ ആർപ്പുവിളിച്ചു.+ അവർ കൊമ്പുവിളിയുടെ ശബ്ദം കേട്ട് ഉച്ചത്തിൽ പോർവിളി മുഴക്കിയ ഉടൻ മതിൽ നിലംപൊത്തി.+ അപ്പോൾ അവർ നേരെ മുന്നോട്ടു ചെന്ന് നഗരത്തിനുള്ളിൽ കയറി നഗരം പിടിച്ചടക്കി. 21 പുരുഷന്മാർ, സ്ത്രീകൾ, ചെറുപ്പക്കാർ, പ്രായമായവർ, കാള, കഴുത, ആട് എന്നിങ്ങനെ നഗരത്തിലുള്ളതെല്ലാം അവർ വാളുകൊണ്ട് നിശ്ശേഷം നശിപ്പിച്ചു.+
22 ദേശം ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ പറഞ്ഞു: “ആ വേശ്യയുടെ വീട്ടിൽ ചെന്ന്, നിങ്ങൾ അവളോടു സത്യം ചെയ്തതുപോലെ അവളെയും അവൾക്കുള്ള എല്ലാവരെയും പുറത്ത് കൊണ്ടുവരൂ!”+ 23 അപ്പോൾ, ഒറ്റുനോക്കാൻ പോയ ആ ചെറുപ്പക്കാർ അകത്ത് ചെന്ന് രാഹാബിനെയും രാഹാബിന്റെ അപ്പനെയും അമ്മയെയും സഹോദരങ്ങളെയും രാഹാബിനുള്ള എല്ലാവരെയും പുറത്ത് കൊണ്ടുവന്നു. അങ്ങനെ അവർ രാഹാബിന്റെ കുടുംബത്തെ മുഴുവൻ പുറത്ത് കൊണ്ടുവന്നു.+ അവർ അവരെ ഇസ്രായേൽപാളയത്തിനു വെളിയിലുള്ള ഒരു സ്ഥലത്ത് സുരക്ഷിതരായി എത്തിച്ചു.
24 പിന്നെ അവർ നഗരവും അതിലുള്ളതു മുഴുവനും തീക്കിരയാക്കി. പക്ഷേ, ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള ഉരുപ്പടികളും വെള്ളിയും സ്വർണവും അവർ യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്കു കൊടുത്തു.+ 25 യരീഹൊ ഒറ്റുനോക്കാൻ യോശുവ അയച്ച ദൂതന്മാരെ വേശ്യയായ രാഹാബ് ഒളിപ്പിച്ചതുകൊണ്ട് രാഹാബിന്റെ പിതൃഭവനക്കാരെയും രാഹാബിനുള്ള എല്ലാവരെയും മാത്രം യോശുവ ജീവനോടെ വെച്ചു.+ രാഹാബ്+ ഇന്നും ഇസ്രായേലിൽ താമസിക്കുന്നുണ്ട്.
26 ആ സമയത്ത് യോശുവ ഇങ്ങനെ ആണയിട്ട് പ്രഖ്യാപിച്ചു:* “ഈ യരീഹൊ നഗരം പുനർനിർമിക്കാൻ തുനിയുന്നവൻ യഹോവയുടെ മുന്നിൽ ശപിക്കപ്പെട്ടവൻ. അയാൾ അതിന് അടിസ്ഥാനമിടുമ്പോൾ അയാൾക്കു മൂത്ത മകനെ നഷ്ടപ്പെടും. അതിനു വാതിൽ പിടിപ്പിക്കുമ്പോൾ ഇളയ മകനെയും നഷ്ടമാകും.”+
27 യഹോവ യോശുവയുടെകൂടെ ഉണ്ടായിരുന്നു.+ യോശുവയുടെ പ്രശസ്തി ഭൂമിയിലെങ്ങും പരന്നു.+
7 പക്ഷേ യഹൂദാഗോത്രത്തിലെ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ,+ നശിപ്പിച്ചുകളയേണ്ടവയിൽ ചിലത് എടുത്തു.+ അങ്ങനെ, നശിപ്പിച്ചുകളയേണ്ടവയുടെ കാര്യത്തിൽ ഇസ്രായേല്യർ അവിശ്വസ്തരായി. അപ്പോൾ യഹോവയുടെ കോപം ഇസ്രായേല്യരുടെ നേരെ ആളിക്കത്തി.+
2 പിന്നെ യോശുവ യരീഹൊയിൽനിന്ന് ചില പുരുഷന്മാരെ ബഥേലിനു+ കിഴക്ക് ബേത്ത്-ആവെനു സമീപത്തുള്ള ഹായിയിലേക്ക്+ അയച്ച് അവരോട്, “ചെന്ന് ദേശം ഒറ്റുനോക്കുക” എന്നു പറഞ്ഞു. അവർ ചെന്ന് ഹായി ഒറ്റുനോക്കി. 3 യോശുവയുടെ അടുത്ത് മടങ്ങിയെത്തിയ അവർ പറഞ്ഞു: “എല്ലാവരുംകൂടെ പോകേണ്ടതില്ല. ഹായിയെ തോൽപ്പിക്കാൻ 2,000-ഓ 3,000-ഓ പേർ മതിയാകും. എല്ലാവരെയുംകൂടെ പറഞ്ഞയച്ച് അവരെയെല്ലാം ക്ഷീണിതരാക്കേണ്ടാ. കാരണം, അവിടെ കുറച്ച് പേരേ ഉള്ളൂ.”
4 അങ്ങനെ ഏകദേശം 3,000 പേർ അവിടേക്കു ചെന്നു. പക്ഷേ, ഹായിയിലെ പുരുഷന്മാരുടെ മുന്നിൽനിന്ന് അവർക്കു തോറ്റോടേണ്ടിവന്നു.+ 5 ഹായിയിലെ പുരുഷന്മാർ 36 പേരെ വെട്ടിവീഴ്ത്തി. നഗരകവാടത്തിനു പുറത്തുനിന്ന് ശെബാരീം* വരെ അവർ അവരെ പിന്തുടർന്നു. ഇറക്കം ഇറങ്ങുമ്പോഴും അവർ അവരെ വെട്ടിവീഴ്ത്തിക്കൊണ്ടിരുന്നു. അതുകൊണ്ട്, ജനത്തിന്റെ ധൈര്യം* ഉരുകി വെള്ളംപോലെ ഒലിച്ചുപോയി.
6 അപ്പോൾ, യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിനു മുന്നിൽ കമിഴ്ന്നുവീണ് തലയിൽ പൊടി വാരിയിട്ടുകൊണ്ട് വൈകുന്നേരംവരെ നിലത്ത് കിടന്നു; അങ്ങനെതന്നെ ഇസ്രായേൽമൂപ്പന്മാരും* ചെയ്തു. 7 യോശുവ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, ഈ ജനത്തെ ഈ ദൂരമത്രയും കൊണ്ടുവന്നത് എന്തിനാണ്? ഞങ്ങളെ അമോര്യരുടെ കൈയിൽ ഏൽപ്പിച്ച് സംഹരിക്കാനാണോ യോർദാന് ഇക്കരെ എത്തിച്ചത്? യോർദാന്റെ മറുകരയിൽത്തന്നെ* കഴിയാൻ ഞങ്ങൾ തീരുമാനിച്ചിരുന്നെങ്കിൽ! 8 യഹോവേ, എന്നോടു ക്ഷമിക്കേണമേ. ശത്രുക്കളുടെ മുന്നിൽനിന്ന് ഇസ്രായേൽ പിൻവാങ്ങിയ* സ്ഥിതിക്ക് ഞാൻ ഇനി എന്തു പറയാനാണ്? 9 കനാന്യരും ദേശത്ത് താമസിക്കുന്ന മറ്റെല്ലാവരും ഇതു കേൾക്കുമ്പോൾ അവർ ഞങ്ങളെ വളഞ്ഞ് ഞങ്ങളുടെ പേരുപോലും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും. ഇനി, അങ്ങയുടെ മഹനീയനാമത്തിന്റെ+ കാര്യത്തിലോ, അങ്ങ് എന്തു ചെയ്യും?”
10 അപ്പോൾ യഹോവ യോശുവയോടു പറഞ്ഞു: “എഴുന്നേൽക്കൂ! എന്തിനാണ് നീ ഇങ്ങനെ കമിഴ്ന്നുവീണ് കിടക്കുന്നത്? 11 ഇസ്രായേൽ പാപം ചെയ്തിരിക്കുന്നു. ഞാൻ അവരോടു പാലിക്കാൻ കല്പിച്ച എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു.+ നശിപ്പിക്കാൻ വേർതിരിച്ചവയിൽ+ ചിലത് അവർ മോഷ്ടിച്ച്+ അവരുടെ വസ്തുവകകളുടെ ഇടയിൽ ഒളിച്ചുവെച്ചിരിക്കുന്നു.+ 12 അതുകൊണ്ട്, ഇസ്രായേല്യർക്കു ശത്രുക്കളോടു ചെറുത്തുനിൽക്കാനാകില്ല. അവർ ശത്രുക്കളുടെ മുന്നിൽനിന്ന് പിന്തിരിഞ്ഞ് ഓടും. കാരണം അവർതന്നെ നാശയോഗ്യരായിരിക്കുകയാണ്. നശിപ്പിച്ചുകളയേണ്ടതിനെ നിങ്ങളുടെ ഇടയിൽനിന്ന് നിശ്ശേഷം നശിപ്പിക്കാത്തിടത്തോളം ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ 13 എഴുന്നേറ്റ് ജനത്തെ വിശുദ്ധീകരിക്കുക!+ അവരോട് ഇങ്ങനെ പറയുക: ‘നാളത്തേക്കായി നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: “ഇസ്രായേലേ, നശിപ്പിച്ചുകളയേണ്ടതു നിങ്ങളുടെ ഇടയിലുണ്ട്. അതു നിങ്ങളുടെ ഇടയിൽനിന്ന് നീക്കം ചെയ്യാത്തിടത്തോളം നിങ്ങൾക്കു ശത്രുക്കളോടു ചെറുത്തുനിൽക്കാൻ സാധിക്കില്ല. 14 രാവിലെ നിങ്ങൾ ഗോത്രംഗോത്രമായി ഹാജരാകണം. അവയിൽനിന്ന് യഹോവ തിരഞ്ഞെടുക്കുന്ന+ ഗോത്രം കുലംകുലമായി അടുത്തേക്കു വരണം. യഹോവ തിരഞ്ഞെടുക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തേക്കു വരണം. യഹോവ തിരഞ്ഞെടുക്കുന്ന കുടുംബത്തിലെ പുരുഷന്മാർ അടുത്തേക്കു വരണം. 15 നശിപ്പിച്ചുകളയേണ്ട വസ്തുവുമായി പിടിയിലാകുന്നവനെ തീയിലിട്ട് ചുട്ടുകളയണം. അയാളോടൊപ്പം അയാൾക്കുള്ളതെല്ലാം ചുട്ടുകളയണം.+ കാരണം, അയാൾ യഹോവയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു,+ ഇസ്രായേലിൽ അപമാനകരമായ ഒരു കാര്യം ചെയ്തിരിക്കുന്നു.”’”
16 യോശുവ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ഇസ്രായേലിനെ ഗോത്രംഗോത്രമായി അടുത്ത് വരുത്തി. അതിൽനിന്ന് യഹൂദാഗോത്രം പിടിയിലായി. 17 യഹൂദാഗോത്രത്തിലെ കുലങ്ങളെ യോശുവ അടുത്ത് വരുത്തി. അതിൽനിന്ന് സേരഹ്യകുലം+ പിടിയിലായി. തുടർന്ന്, സേരഹ്യകുലത്തിലെ പുരുഷന്മാരെ ഓരോരുത്തരെ അടുത്ത് വരുത്തി. അതിൽനിന്ന് സബ്ദി പിടിയിലായി. 18 ഒടുവിൽ, സബ്ദിയുടെ കുടുംബത്തിൽപ്പെട്ട പുരുഷന്മാരെ ഓരോരുത്തരെ അടുത്ത് വരുത്തി. അവരിൽനിന്ന്, യഹൂദാഗോത്രത്തിലെ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിയിലായി.+ 19 അപ്പോൾ, യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ, ദയവായി ഇസ്രായേലിന്റെ ദൈവമായ യഹോവയോടു കുറ്റം ഏറ്റുപറഞ്ഞ് ദൈവത്തെ ആദരിക്കൂ. നീ എന്താണു ചെയ്തത്? ദയവായി എന്നോടു പറയൂ. ഒന്നും മറച്ചുവെക്കരുത്.”
20 ആഖാൻ യോശുവയോടു പറഞ്ഞു: “വാസ്തവത്തിൽ, ഇസ്രായേലിന്റെ ദൈവമായ യഹോവയോടു പാപം ചെയ്തതു ഞാനാണ്. ഇതാണു ഞാൻ ചെയ്തത്: 21 അവിടെ കണ്ട സാധനങ്ങളുടെ* കൂട്ടത്തിൽ ശിനാരിൽനിന്നുള്ള+ മനോഹരമായ ഒരു മേലങ്കിയും 200 ശേക്കെൽ* വെള്ളിയും 50 ശേക്കെൽ തൂക്കം വരുന്ന ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ എനിക്ക് അവയോടു മോഹം തോന്നി. അങ്ങനെ, ഞാൻ അവ എടുത്തു. അവ ഇപ്പോൾ എന്റെ കൂടാരത്തിനുള്ളിൽ നിലത്ത് കുഴിച്ചിട്ടിട്ടുണ്ട്. പണം അടിയിലായാണു വെച്ചിരിക്കുന്നത്.”
22 ഉടനെ യോശുവ ദൂതന്മാരെ അയച്ചു. അവർ കൂടാരത്തിലേക്ക് ഓടിച്ചെന്നു. അവിടെ ആഖാന്റെ കൂടാരത്തിൽ വസ്ത്രം ഒളിപ്പിച്ചുവെച്ചിരുന്നത് അവർ കണ്ടെത്തി. അതിന്റെ അടിയിൽ പണവും ഉണ്ടായിരുന്നു. 23 അവർ അവ കൂടാരത്തിൽനിന്ന് എടുത്ത് യോശുവയുടെയും എല്ലാ ഇസ്രായേല്യരുടെയും അടുത്ത് കൊണ്ടുവന്ന് യഹോവയുടെ മുന്നിൽ വെച്ചു. 24 അപ്പോൾ, യോശുവയും യോശുവയുടെകൂടെ എല്ലാ ഇസ്രായേല്യരും സേരഹിന്റെ മകനായ ആഖാനെ+ വെള്ളി, മേലങ്കി, സ്വർണക്കട്ടി+ എന്നിവയും, അയാളുടെ പുത്രീപുത്രന്മാർ, കാള, കഴുത, ആട്ടിൻപറ്റം, കൂടാരം തുടങ്ങി അയാൾക്കുള്ളതെല്ലാം സഹിതം ആഖോർ താഴ്വരയിൽ+ കൊണ്ടുവന്നു. 25 യോശുവ പറഞ്ഞു: “എന്തിനാണു നീ ഞങ്ങളുടെ മേൽ ആപത്തു* വരുത്തിവെച്ചത്?+ ഈ ദിവസം യഹോവ നിന്റെ മേൽ ആപത്തു വരുത്തും.” ഇതു പറഞ്ഞ ഉടനെ ഇസ്രായേൽ മുഴുവനും അയാളെ കല്ലെറിഞ്ഞു.+ അതിനു ശേഷം അവർ അവരെ തീയിലിട്ട് ചുട്ടുകളഞ്ഞു.+ അങ്ങനെ, അവർ അവരെ എല്ലാവരെയും കല്ലെറിഞ്ഞ് കൊന്നു. 26 അവർ അയാളുടെ മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി. അത് ഇന്നുവരെയും അവിടെയുണ്ട്. അതോടെ യഹോവയുടെ ഉഗ്രകോപം ശമിച്ചു.+ അതുകൊണ്ടാണ് ആ സ്ഥലത്തിന് ഇന്നുവരെയും ആഖോർ* താഴ്വര എന്നു പേര് വിളിക്കുന്നത്.
8 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: “പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ എല്ലാ യോദ്ധാക്കളെയും കൂട്ടി നീ ഹായിയുടെ നേരെ ചെല്ലുക. ഇതാ, ഹായിയിലെ രാജാവിനെയും അയാളുടെ ജനത്തെയും നഗരത്തെയും ദേശത്തെയും ഞാൻ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ 2 യരീഹൊയോടും അവിടത്തെ രാജാവിനോടും ചെയ്തതുപോലെതന്നെ+ ഹായിയോടും അവിടത്തെ രാജാവിനോടും ചെയ്യുക. പക്ഷേ, ഹായിയിൽനിന്ന് നിങ്ങൾക്കു വസ്തുക്കൾ കൊള്ളയടിക്കാം. മൃഗങ്ങളെയും എടുക്കാം. ആക്രമിക്കാൻവേണ്ടി പതിയിരിക്കാൻ നഗരത്തിനു പിന്നിൽ യോദ്ധാക്കളെ നിയോഗിക്കണം.”
3 അങ്ങനെ, യോശുവയും എല്ലാ യോദ്ധാക്കളും ഹായിയെ ആക്രമിക്കാൻ പുറപ്പെട്ടു. യോശുവ 30,000 വീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് രാത്രിയിൽ അങ്ങോട്ട് അയച്ചു. 4 യോശുവ അവർക്ക് ഈ കല്പന കൊടുത്തു: “നിങ്ങൾ നഗരത്തിനു പിന്നിൽ ആക്രമിക്കാൻ പതിയിരിക്കണം. നഗരത്തിൽനിന്ന് വളരെ അകലെയായിരിക്കരുത്; എല്ലാവരും തയ്യാറായിരിക്കണം. 5 ഞാനും എന്റെകൂടെയുള്ള എല്ലാ പടയാളികളും നഗരത്തിന് അടുത്തേക്കു ചെല്ലും. മുമ്പത്തെപ്പോലെ അവർ ഞങ്ങളുടെ നേരെ വരുമ്പോൾ+ ഞങ്ങൾ അവരുടെ മുന്നിൽനിന്ന് പിൻവാങ്ങും. 6 അവർ ഞങ്ങളെ പിന്തുടരുമ്പോൾ ഞങ്ങൾ അവരെ നഗരത്തിൽനിന്ന് അകറ്റിക്കൊണ്ടുപോകും.+ ‘അവർ മുമ്പത്തെപ്പോലെതന്നെ നമ്മുടെ മുന്നിൽനിന്ന് പിൻവാങ്ങുകയാണ്’ എന്ന് അവർ പറയും. ഞങ്ങൾ അങ്ങനെ അവരുടെ മുന്നിൽനിന്ന് പിൻവാങ്ങും. 7 അപ്പോൾ, നിങ്ങൾ പതിയിരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് നഗരം പിടിച്ചടക്കണം. നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. 8 നഗരം പിടിച്ചെടുത്താൽ ഉടൻ നിങ്ങൾ അതിനു തീ വെക്കണം.+ യഹോവയുടെ വാക്കുപോലെതന്നെ നിങ്ങൾ ചെയ്യണം. ഇത് എന്റെ ആജ്ഞയാണ്.”
9 പിന്നെ, യോശുവ അവരെ അയച്ചു. പതിയിരിക്കേണ്ട സ്ഥലത്തേക്ക് അവർ പോയി. ഹായിക്കു പടിഞ്ഞാറ്, ബഥേലിനും ഹായിക്കും ഇടയിൽ, അവർ ഒളിച്ചിരുന്നു. യോശുവ ആ രാത്രി പടയാളികളുടെകൂടെ തങ്ങി.
10 യോശുവ അതിരാവിലെ എഴുന്നേറ്റ് പടയാളികളെ ഒരുമിച്ചുകൂട്ടി.* യോശുവയും ഇസ്രായേൽമൂപ്പന്മാരും ചേർന്ന് അവരെ ഹായിയിലേക്കു നയിച്ചു. 11 യോശുവയുടെകൂടെയുണ്ടായിരുന്ന എല്ലാ യോദ്ധാക്കളും+ നഗരത്തിന്റെ മുന്നിലേക്കു നീങ്ങി. അവർ ഹായിക്കു വടക്ക് പാളയമടിച്ചു. അവർക്കും ഹായിക്കും ഇടയിൽ ഒരു താഴ്വരയുണ്ടായിരുന്നു. 12 ഇതിനിടെ, യോശുവ ഏകദേശം 5,000 പുരുഷന്മാരെ നഗരത്തിനു പടിഞ്ഞാറ്, ബഥേലിനും+ ഹായിക്കും ഇടയിൽ, ആക്രമിക്കാൻ പതിയിരുത്തിയിരുന്നു.+ 13 അങ്ങനെ, അവരുടെ മുഖ്യസേന നഗരത്തിനു+ വടക്കും പിൻപട+ നഗരത്തിനു പടിഞ്ഞാറും ആയി. യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു ചെന്നു.
14 ഇതു കണ്ട ഉടൻ ഹായിയിലെ രാജാവും നഗരത്തിലെ പുരുഷന്മാരും മരുപ്രദേശത്തിന് അഭിമുഖമായുള്ള ഒരു പ്രത്യേകസ്ഥലത്തുവെച്ച് ഇസ്രായേല്യരോട് ഏറ്റുമുട്ടാൻ അതിരാവിലെതന്നെ അവിടേക്കു കുതിച്ചു. പക്ഷേ, നഗരത്തിനു പിന്നിൽ ശത്രുസൈന്യം ആക്രമിക്കാൻ പതിയിരിക്കുന്നുണ്ടെന്ന കാര്യം അയാൾ അറിഞ്ഞില്ല. 15 ഹായിയിലെ പുരുഷന്മാർ ആക്രമിച്ചപ്പോൾ യോശുവയും എല്ലാ ഇസ്രായേലും വിജനഭൂമിയുടെ നേർക്കുള്ള വഴിയിലൂടെ ഓടി.+ 16 അപ്പോൾ, അവരെ പിന്തുടരാൻ നഗരത്തിലുണ്ടായിരുന്നവരെല്ലാം ഒന്നിച്ചുകൂടി. യോശുവയെ പിന്തുടർന്ന് പോയ അവർ നഗരത്തിൽനിന്ന് അകന്നുപോയി. 17 ഇസ്രായേല്യരുടെ പുറകേ പോകാത്തതായി ഒരാൾപ്പോലും ഹായിയിലും ബഥേലിലും ഉണ്ടായിരുന്നില്ല. നഗരം മലർക്കെ തുറന്നിട്ടിട്ടാണ് അവർ ഇസ്രായേലിനെ പിന്തുടർന്ന് പോയത്.
18 യഹോവ യോശുവയോടു പറഞ്ഞു: “നിന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക.+ കാരണം, അതു ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും.”+ അങ്ങനെ, യോശുവ കുന്തം നഗരത്തിനു നേരെ നീട്ടി. 19 യോശുവ കൈ നീട്ടിയ ആ നിമിഷംതന്നെ, ആക്രമിക്കാൻ പതിയിരിക്കുന്നവർ ചാടിയെഴുന്നേറ്റ് നഗരത്തിലേക്ക് ഓടിച്ചെന്ന് അതു പിടിച്ചടക്കി. അവർ ഉടനടി നഗരത്തിനു തീ വെച്ചു.+
20 ഹായിക്കാർ തിരിഞ്ഞുനോക്കിയപ്പോൾ നഗരത്തിൽനിന്ന് പുക ഉയരുന്നതു കണ്ടു. അപ്പോൾ അവരുടെ ധൈര്യം ചോർന്നുപോയി. അവർക്ക് എങ്ങോട്ടും ഓടിപ്പോകാൻ കഴിഞ്ഞില്ല. ആ സമയം, വിജനഭൂമിയുടെ നേർക്ക് ഓടിക്കൊണ്ടിരുന്ന പടയാളികൾ തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു. 21 ആക്രമിക്കാൻ പതിയിരുന്നവർ നഗരത്തെ പിടിച്ചടക്കിയെന്നും നഗരത്തിൽനിന്ന് പുക ഉയരുന്നെന്നും കണ്ടപ്പോൾ യോശുവയും എല്ലാ ഇസ്രായേലും തിരിഞ്ഞ് ഹായിക്കാരെ ആക്രമിച്ചു. 22 ഈ സമയം മറ്റുള്ളവർ നഗരത്തിൽനിന്ന് പുറപ്പെട്ട് ഹായിക്കാരുടെ നേരെ വന്നു. അങ്ങനെ, ഇരുവശത്തുനിന്നും വന്ന ഇസ്രായേല്യരുടെ നടുവിൽ ഹായിക്കാർ കുടുങ്ങിപ്പോയി. ഒരുത്തൻപോലും അതിജീവിക്കുകയോ ഓടിരക്ഷപ്പെടുകയോ ചെയ്യാത്ത വിധത്തിൽ ഇസ്രായേല്യർ അവരെയെല്ലാം വെട്ടിവീഴ്ത്തി.+ 23 പക്ഷേ, ഹായിയിലെ രാജാവിനെ+ അവർ ജീവനോടെ പിടിച്ച് യോശുവയുടെ മുന്നിൽ കൊണ്ടുവന്നു.
24 ഇസ്രായേല്യരെ വിജനഭൂമിയിലൂടെ പിന്തുടർന്ന ഹായിക്കാരെ മുഴുവൻ അവർ വിജനഭൂമിയിൽവെച്ച് ഒന്നൊഴിയാതെ വാളുകൊണ്ട് വെട്ടിക്കൊന്നു. എന്നിട്ട്, ഹായിയിലേക്കു മടങ്ങിച്ചെന്ന് അതിനെ വാളിന് ഇരയാക്കി. 25 ഹായിയിലെ ജനം മുഴുവൻ ആ ദിവസം മരിച്ചുവീണു; ആകെ 12,000 സ്ത്രീപുരുഷന്മാർ. 26 ഹായിക്കാരെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ+ കുന്തം നീട്ടിപ്പിടിച്ച+ കൈ യോശുവ പിൻവലിച്ചില്ല. 27 പക്ഷേ, യഹോവ യോശുവയ്ക്കു കൊടുത്ത ആജ്ഞയനുസരിച്ച് മൃഗങ്ങളെ ഇസ്രായേൽ എടുത്തു; നഗരം കൊള്ളയടിച്ച് കിട്ടിയതും സ്വന്തമാക്കി.+
28 പിന്നെ, യോശുവ ഹായിയെ തീക്കിരയാക്കി അതിനെ നാശാവശിഷ്ടങ്ങളുടെ ഒരു ശാശ്വതകൂമ്പാരമാക്കി+ മാറ്റി. ഈ ദിവസംവരെ അത് അങ്ങനെതന്നെ കിടക്കുന്നു. 29 യോശുവ ഹായിയിലെ രാജാവിനെ വൈകുന്നേരംവരെ സ്തംഭത്തിൽ* തൂക്കി. സൂര്യൻ അസ്തമിക്കാറായപ്പോൾ, ശവശരീരം സ്തംഭത്തിൽനിന്ന് ഇറക്കാൻ+ യോശുവ ആജ്ഞ കൊടുത്തു. അവർ അതു കൊണ്ടുപോയി നഗരകവാടത്തിന്റെ മുന്നിൽ ഇട്ട് അതിന്റെ മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി. അത് ഇന്നുവരെ അവിടെയുണ്ട്.
30 ഈ സമയത്താണു യോശുവ ഏബാൽ പർവതത്തിൽ+ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു യാഗപീഠം പണിതത്. 31 “ചെത്തിയൊരുക്കുകയോ ഇരുമ്പായുധം തൊടുവിക്കുകയോ ചെയ്യാത്ത കല്ലുകൾകൊണ്ടുള്ള+ ഒരു യാഗപീഠം” എന്നു മോശയുടെ നിയമപുസ്തകത്തിൽ+ എഴുതിയതുപോലെയും യഹോവയുടെ ദാസനായ മോശ ഇസ്രായേല്യരോടു കല്പിച്ചതുപോലെയും ആണ് അതു പണിതത്. അതിൽ അവർ യഹോവയ്ക്കുള്ള ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+
32 പിന്നെ, മോശ മുമ്പ് ഇസ്രായേല്യരുടെ മുന്നിൽവെച്ച് എഴുതിയ+ നിയമത്തിന്റെ ഒരു പകർപ്പു യോശുവ അവിടെ കല്ലുകളിൽ എഴുതി.+ 33 എല്ലാ ഇസ്രായേലും അവരുടെ മൂപ്പന്മാരും അധികാരികളും ന്യായാധിപന്മാരും യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരുടെ മുന്നിൽ, പെട്ടകത്തിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്നുണ്ടായിരുന്നു. സ്വദേശികൾ മാത്രമല്ല അവരുടെ ഇടയിൽ വന്നുതാമസമാക്കിയ വിദേശികളും അവിടെയുണ്ടായിരുന്നു.+ ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കാൻവേണ്ടി അവരിൽ പകുതി പേർ ഗരിസീം പർവതത്തിന്റെ മുന്നിലും പകുതി പേർ ഏബാൽ പർവതത്തിന്റെ+ മുന്നിലും നിന്നു. (യഹോവയുടെ ദാസനായ മോശ മുമ്പ് കല്പിച്ചിരുന്നതുപോലെതന്നെ.)+ 34 അതിനു ശേഷം യോശുവ, നിയമപുസ്തകത്തിൽ എഴുതിയിട്ടുള്ളതുപോലെ നിയമത്തിലെ എല്ലാ വാക്കുകളും, അനുഗ്രഹങ്ങളും+ ശാപങ്ങളും,+ ഉച്ചത്തിൽ വായിച്ചു.+ 35 സ്ത്രീകളും കുട്ടികളും ഇസ്രായേല്യരുടെ ഇടയിൽ വന്നുതാമസമാക്കിയ* വിദേശികളും+ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽസഭയുടെയും+ മുന്നിൽ യോശുവ, മോശ കല്പിച്ച ഒരു വാക്കുപോലും വിട്ടുകളയാതെ+ എല്ലാം ഉച്ചത്തിൽ വായിച്ചു.
9 സംഭവിച്ചതിനെക്കുറിച്ച് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ രാജാക്കന്മാരും,+ അതായത് ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ മലനാട്ടിലും ഷെഫേലയിലും ഉള്ളവരും മഹാസമുദ്രത്തിന്റെ* തീരദേശത്തെല്ലായിടത്തുമുള്ളവരും+ ലബാനോന്റെ മുന്നിലുള്ളവരും, കേട്ടപ്പോൾ 2 യോശുവയോടും ഇസ്രായേലിനോടും പോരാടാൻ അവർ ഒരു സഖ്യം രൂപീകരിച്ചു.+
3 യോശുവ യരീഹൊയോടും+ ഹായിയോടും+ ചെയ്തതിനെക്കുറിച്ച് ഗിബെയോൻനിവാസികൾ+ കേട്ടപ്പോൾ 4 അവർ ബുദ്ധിപൂർവം പ്രവർത്തിച്ചു. പഴകിയ ചാക്കുകളിൽ ഭക്ഷണസാധനങ്ങൾ ഇട്ട് അവർ കഴുതപ്പുറത്ത് കയറ്റി. തുന്നിച്ചേർത്ത പഴകിയ വീഞ്ഞുതുരുത്തികളും എടുത്തു. 5 തേഞ്ഞുതീർന്ന, തുന്നിപ്പിടിപ്പിച്ച ചെരിപ്പുകളാണ് അവർ കാലിലിട്ടിരുന്നത്. അവർ ധരിച്ചിരുന്ന വസ്ത്രങ്ങളാകട്ടെ കീറിപ്പറിഞ്ഞവയും. ഭക്ഷണമായി അവർ കരുതിയ അപ്പമെല്ലാം ഉണങ്ങി പൊടിയാറായിരുന്നു. 6 അവർ ഗിൽഗാൽപ്പാളയത്തിൽ+ യോശുവയുടെ അടുത്ത് ചെന്ന് യോശുവയോടും ഇസ്രായേൽപുരുഷന്മാരോടും പറഞ്ഞു: “ഞങ്ങൾ ഒരു ദൂരദേശത്തുനിന്ന് വരുകയാണ്. ഇപ്പോൾ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്താലും.” 7 എന്നാൽ, ഇസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു+ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ അടുത്ത് താമസിക്കുന്നവരല്ലെന്ന് ആരു കണ്ടു. ആ സ്ഥിതിക്കു ഞങ്ങൾ നിങ്ങളോട് എങ്ങനെ ഒരു ഉടമ്പടി ചെയ്യും?”+ 8 അപ്പോൾ അവർ യോശുവയോട്, “ഞങ്ങൾ അങ്ങയുടെ ദാസരാണ്”* എന്നു പറഞ്ഞു.
അപ്പോൾ യോശുവ അവരോട്, “നിങ്ങൾ ആരാണ്, എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു. 9 അതിന് അവർ പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയുടെ പേരിനോടുള്ള ആദരവ് കാരണം വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്ന് വരുന്നവരാണ് ഈ ദാസർ.+ കാരണം, ആ ദൈവത്തിന്റെ കീർത്തിയെക്കുറിച്ചും ഈജിപ്തിൽ ആ ദൈവം ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ ഞങ്ങൾ കേട്ടിരിക്കുന്നു. 10 കൂടാതെ, യോർദാന് അക്കരെയുണ്ടായിരുന്ന* രണ്ട് അമോര്യരാജാക്കന്മാരോട്, ഹെശ്ബോൻരാജാവായ സീഹോനോടും+ അസ്താരോത്തിലെ ബാശാൻരാജാവായ ഓഗിനോടും,+ ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. 11 അതുകൊണ്ട്, ഞങ്ങളുടെ മൂപ്പന്മാരും ദേശത്തെ എല്ലാ ആളുകളും ഞങ്ങളോടു പറഞ്ഞു: ‘വഴിയാത്രയ്ക്കു വേണ്ട ഭക്ഷണസാധനങ്ങൾ എടുത്ത് അവരെ ചെന്ന് കാണുക. അവരോടു പറയണം: “ഞങ്ങൾ നിങ്ങളുടെ ദാസരായിരിക്കും.+ ഇപ്പോൾ ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്താലും.”’+ 12 നിങ്ങളെ കാണാൻ ഞങ്ങൾ വീട്ടിൽനിന്ന് പുറപ്പെട്ടപ്പോൾ യാത്രയ്ക്കിടെ കഴിക്കാൻ ചൂടോടെ എടുത്തതായിരുന്നു ഈ അപ്പം. പക്ഷേ ഇപ്പോൾ കണ്ടോ, ഇത് ഉണങ്ങി പൊടിയാറായിരിക്കുന്നു.+ 13 ഞങ്ങൾ ഈ വീഞ്ഞുതുരുത്തികൾ നിറച്ചപ്പോൾ അവ പുതിയവയായിരുന്നു. പക്ഷേ, ഇപ്പോൾ അവ പൊട്ടിയിരിക്കുന്നു.+ വളരെ ദൂരം യാത്ര ചെയ്തതുകൊണ്ട് ഞങ്ങളുടെ വസ്ത്രങ്ങൾ പഴകിക്കീറുകയും ചെരിപ്പുകൾ തേഞ്ഞുതീരുകയും ചെയ്തിരിക്കുന്നു.”
14 അപ്പോൾ, ഇസ്രായേൽപുരുഷന്മാർ അവർ കൊണ്ടുവന്ന ഭക്ഷണസാധനങ്ങളിൽ കുറച്ച് എടുത്തു.* പക്ഷേ, അവർ യഹോവയോടു ചോദിച്ചില്ല.+ 15 അങ്ങനെ, അവരെ ജീവനോടെ വെച്ചുകൊള്ളാമെന്നു യോശുവ അവരോട് ഉടമ്പടി ചെയ്ത് അവരുമായി സമാധാനത്തിലായി.+ അതേ കാര്യംതന്നെ ഇസ്രായേൽസമൂഹത്തിലെ തലവന്മാർ അവരോട് ആണയിട്ട് പറയുകയും ചെയ്തു.+
16 അവരോട് ഉടമ്പടി ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോൾ, അവർ തങ്ങളുടെ അടുത്ത്, ചുറ്റുവട്ടത്തുതന്നെ, താമസിക്കുന്നവരാണെന്ന് ഇസ്രായേല്യർ കേട്ടു. 17 അപ്പോൾ, ഇസ്രായേല്യർ പുറപ്പെട്ടു; മൂന്നാം ദിവസം അവരുടെ നഗരങ്ങളിൽ എത്തി. ഗിബെയോൻ,+ കെഫീര, ബേരോത്ത്, കിര്യത്ത്-യയാരീം+ എന്നിവയായിരുന്നു അവരുടെ നഗരങ്ങൾ. 18 പക്ഷേ, ഇസ്രായേൽസമൂഹത്തിലെ തലവന്മാർ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവരോട് ആണയിട്ടിരുന്നതുകൊണ്ട്+ ഇസ്രായേല്യർ അവരെ ആക്രമിച്ചില്ല. അതുകൊണ്ട്, ഇസ്രായേൽസമൂഹം മുഴുവനും തലവന്മാർക്കെതിരെ പിറുപിറുത്തുതുടങ്ങി. 19 അപ്പോൾ, എല്ലാ തലവന്മാരും സമൂഹത്തോടു മുഴുവൻ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നമ്മൾ അവരോട് ആണയിട്ടതുകൊണ്ട് അവരെ ഉപദ്രവിച്ചുകൂടാ. 20 നമുക്ക് അവരെ ജീവനോടെ വെക്കാം. അല്ലാത്തപക്ഷം, നമ്മൾ അവരോട് ആണയിട്ടിട്ടുള്ളതുകൊണ്ട് നമുക്കെതിരെ ദൈവകോപമുണ്ടാകും.”+ 21 തലവന്മാർ ഇങ്ങനെയും പറഞ്ഞു: “അവർ ജീവനോടിരിക്കട്ടെ. പക്ഷേ, അവർ മുഴുസമൂഹത്തിനുംവേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആയിരിക്കും.” ഇങ്ങനെയാണു തലവന്മാർ അവർക്കു വാക്കു കൊടുത്തിരുന്നത്.
22 യോശുവ അവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ ഇടയിൽത്തന്നെ താമസിക്കുന്നവരായിട്ടും, ‘വളരെ ദൂരെനിന്നുള്ളവരാണ്’ എന്നു പറഞ്ഞ് എന്തിനാണു ഞങ്ങളെ പറ്റിച്ചത്?+ 23 ഇപ്പോൾമുതൽ നിങ്ങൾ ശപിക്കപ്പെട്ടവരാണ്.+ എന്റെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി വിറകു ശേഖരിക്കുകയും വെള്ളം കോരുകയും ചെയ്തുകൊണ്ട് നിങ്ങൾ എല്ലായ്പോഴും ഒരു അടിമയുടെ സ്ഥാനത്തായിരിക്കും.” 24 അപ്പോൾ, അവർ യോശുവയോടു പറഞ്ഞു: “ദേശം മുഴുവൻ നിങ്ങൾക്കു തരണമെന്നും നിങ്ങളുടെ മുന്നിൽനിന്ന് അതിലെ നിവാസികളെയെല്ലാം നിശ്ശേഷം നശിപ്പിക്കണമെന്നും+ അങ്ങയുടെ ദൈവമായ യഹോവ തന്റെ ദാസനായ മോശയോടു കല്പിച്ചെന്ന് അങ്ങയുടെ ഈ ദാസർക്കു വ്യക്തമായി അറിവുകിട്ടിയിരുന്നു. അതുകൊണ്ട്, നിങ്ങൾ നിമിത്തം ഞങ്ങൾ പ്രാണഭയത്തിലായി.+ അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചെയ്തത്.+ 25 ഇനി, ഞങ്ങൾ അങ്ങയുടെ കാരുണ്യത്തിലാണ്.* അങ്ങയ്ക്കു നല്ലതും ശരിയും എന്നു തോന്നുന്നതെന്തും ഞങ്ങളോടു ചെയ്തുകൊള്ളുക.” 26 അതുതന്നെയാണ് യോശുവ അവരോടു ചെയ്തതും. ഇസ്രായേല്യരുടെ കൈയിൽനിന്ന് യോശുവ അവരെ രക്ഷിച്ചു. അവർ അവരെ കൊന്നില്ല. 27 പക്ഷേ, ആ ദിവസം യോശുവ അവരെ ഇസ്രായേൽസമൂഹത്തിനും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ+ യാഗപീഠത്തിനും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആക്കി.+ അവർ ഇന്നുവരെ അങ്ങനെതന്നെ കഴിയുന്നു.+
10 യോശുവ ഹായി പിടിച്ചടക്കി അതിനെ നിശ്ശേഷം നശിപ്പിച്ചെന്നും യരീഹൊയോടും അവിടത്തെ രാജാവിനോടും+ ചെയ്തതുപോലെതന്നെ ഹായിയോടും അവിടത്തെ രാജാവിനോടും+ ചെയ്തെന്നും ഗിബെയോൻനിവാസികൾ ഇസ്രായേലുമായി സമാധാനത്തിലായി+ അവരോടൊപ്പം കഴിയുന്നെന്നും യരുശലേംരാജാവായ അദോനീ-സേദെക് കേട്ടപ്പോൾ 2 അയാൾക്കു വലിയ പേടി തോന്നി.+ കാരണം, രാജാവ് ഭരിക്കുന്ന നഗരംപോലുള്ള ഒരു മഹാനഗരമായിരുന്നു ഗിബെയോൻ. അതു ഹായിയെക്കാൾ വലുതും+ അവിടത്തെ പുരുഷന്മാരെല്ലാം യുദ്ധവീരന്മാരും ആയിരുന്നു. 3 അതുകൊണ്ട്, യരുശലേംരാജാവായ അദോനീ-സേദെക് ഹെബ്രോൻരാജാവായ+ ഹോഹാമിനും യർമൂത്തുരാജാവായ പിരാമിനും ലാഖീശുരാജാവായ യാഫീയയ്ക്കും എഗ്ലോൻരാജാവായ+ ദബീരിനും ഈ സന്ദേശം അയച്ചു: 4 “വന്ന് എന്നെ സഹായിക്കൂ! നമുക്കു ഗിബെയോനെ ആക്രമിക്കാം. കാരണം, അവർ യോശുവയോടും ഇസ്രായേല്യരോടും സഖ്യം ചെയ്ത് സമാധാനത്തിലായിരിക്കുന്നു.”+ 5 അപ്പോൾ യരുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാർ+ തങ്ങളുടെ സൈന്യങ്ങളോടൊപ്പം ഒന്നിച്ചുകൂടി ഗിബെയോനോടു പോരാടാൻ അവിടേക്കു ചെന്ന് അതിന് എതിരെ പാളയമടിച്ചു.
6 അപ്പോൾ, ഗിബെയോനിലെ പുരുഷന്മാർ ഗിൽഗാൽപ്പാളയത്തിലുള്ള+ യോശുവയ്ക്ക് ഈ സന്ദേശം കൊടുത്തയച്ചു: “അങ്ങയുടെ ഈ അടിമകളെ കൈവിടരുതേ!*+ വേഗം വന്ന് ഞങ്ങളെ രക്ഷിക്കണേ! ഞങ്ങളെ സഹായിക്കണേ! മലനാട്ടിൽനിന്നുള്ള എല്ലാ അമോര്യരാജാക്കന്മാരും ഞങ്ങൾക്കെതിരെ സംഘടിച്ചിരിക്കുന്നു.” 7 അതുകൊണ്ട്, യോശുവ എല്ലാ പോരാളികളെയും വീരയോദ്ധാക്കളെയും കൂട്ടി ഗിൽഗാലിൽനിന്ന് അങ്ങോട്ടു പുറപ്പെട്ടു.+
8 യഹോവ അപ്പോൾ യോശുവയോടു പറഞ്ഞു: “അവരെ പേടിക്കേണ്ടാ.+ അവരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ അവരിൽ ഒരാൾക്കുപോലും നിന്നോട് എതിർത്തുനിൽക്കാനാകില്ല.”+ 9 യോശുവ ഗിൽഗാലിൽനിന്ന് രാത്രി മുഴുവൻ നടന്ന് അവർ ഒട്ടും പ്രതീക്ഷിക്കാതിരുന്നപ്പോൾ അവരുടെ നേരെ ചെന്നു. 10 യഹോവ അവരെ ഇസ്രായേലിന്റെ മുന്നിൽ പരിഭ്രാന്തരാക്കി.+ ഇസ്രായേല്യർ ഗിബെയോനിൽവെച്ച് അവരിൽ അനേകരെ സംഹരിച്ചു. അവർ ബേത്ത്-ഹോരോൻ കയറ്റംവഴി അവരെ പിന്തുടർന്ന് അസേക്കയും മക്കേദയും വരെ അവരെ കൊന്നുകൊണ്ടിരുന്നു. 11 അവർ ഇസ്രായേലിന്റെ മുന്നിൽനിന്ന് ഓടി ബേത്ത്-ഹോരോൻ ഇറക്കം ഇറങ്ങുമ്പോൾ യഹോവ ആകാശത്തുനിന്ന് അവരുടെ മേൽ വലിയ ആലിപ്പഴങ്ങൾ വർഷിച്ചു. അവർ അസേക്കയിൽ എത്തുന്നതുവരെ അതു തുടർന്നു. അങ്ങനെ, അവർ ചത്തൊടുങ്ങി. വാസ്തവത്തിൽ, ഇസ്രായേല്യർ വാളുകൊണ്ട് കൊന്നവരെക്കാൾ കൂടുതലായിരുന്നു ആലിപ്പഴം വീണ് മരിച്ചവർ.
12 യഹോവ ഇസ്രായേല്യർ കാൺകെ അമോര്യരെ തുരത്തിയോടിച്ച ആ ദിവസമാണു യോശുവ ഇസ്രായേല്യരുടെ മുന്നിൽവെച്ച് യഹോവയോട് ഇങ്ങനെ പറഞ്ഞത്:
“സൂര്യാ, നീ ഗിബെയോന്റെ+ മുകളിൽ നിശ്ചലമായി നിൽക്കൂ!+
ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയുടെ മുകളിലും!”
13 അങ്ങനെ, ഇസ്രായേൽ ജനത ശത്രുക്കളോടു പ്രതികാരം നടത്തിക്കഴിയുന്നതുവരെ സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും അനങ്ങിയില്ല. യാശാരിന്റെ പുസ്തകത്തിൽ+ ഇക്കാര്യം എഴുതിയിട്ടുണ്ടല്ലോ. ആ ദിവസം മുഴുവൻ സൂര്യൻ ആകാശമധ്യേ നിശ്ചലമായി നിന്നു; അത് അസ്തമിച്ചില്ല. 14 യഹോവ ഒരു മനുഷ്യന്റെ വാക്കിനു ചെവി കൊടുത്ത+ അതുപോലൊരു ദിവസം അതിനു മുമ്പോ പിമ്പോ, ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. കാരണം, യഹോവതന്നെയായിരുന്നു ഇസ്രായേല്യർക്കുവേണ്ടി പോരാടിയത്.+
15 അതിനു ശേഷം, യോശുവയും എല്ലാ ഇസ്രായേല്യരും ഗിൽഗാലിലെ+ പാളയത്തിലേക്കു മടങ്ങിപ്പോയി.
16 ഇതിനിടെ, ആ അഞ്ചു രാജാക്കന്മാർ ഓടിപ്പോയി മക്കേദയിലെ+ ഗുഹയിൽ ഒളിച്ചു. 17 “ആ അഞ്ചു രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു യോശുവയ്ക്കു വിവരം കിട്ടി.+ 18 അപ്പോൾ, യോശുവ പറഞ്ഞു: “ഗുഹാമുഖത്ത് വലിയ കല്ലുകൾ ഉരുട്ടിവെച്ച് കാവലിന് ആളെയും നിയമിക്കുക. 19 പക്ഷേ, നിങ്ങളിൽ ബാക്കിയുള്ളവർ നിൽക്കാതെ ശത്രുക്കളെ പിന്തുടർന്ന് അവരെ പിന്നിൽനിന്ന് ആക്രമിക്കണം.+ അവരുടെ നഗരങ്ങളിൽ കയറാൻ അവരെ അനുവദിക്കരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
20 യോശുവയുടെയും ഇസ്രായേല്യരുടെയും കൈയിൽനിന്ന് രക്ഷപ്പെട്ട് കോട്ടമതിലുള്ള നഗരത്തിൽ കയറിയ ഏതാനും പേർ ഒഴികെ എല്ലാവരെയും അവർ കൊന്നൊടുക്കി. 21 അതിനു ശേഷം, എല്ലാ പടയാളികളും സുരക്ഷിതരായി മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുത്ത് എത്തി. ഇസ്രായേല്യർക്കെതിരെ നാവ് അനക്കാൻപോലും ആരും ധൈര്യം കാണിച്ചില്ല. 22 അപ്പോൾ, യോശുവ പറഞ്ഞു: “ഗുഹ തുറന്ന് ആ അഞ്ചു രാജാക്കന്മാരെയും എന്റെ അടുത്ത് കൊണ്ടുവരൂ.” 23 അങ്ങനെ അവർ, യരുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ്+ എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് യോശുവയുടെ അടുത്ത് കൊണ്ടുവന്നു. 24 അവർ ഈ രാജാക്കന്മാരെ യോശുവയുടെ അടുത്ത് കൊണ്ടുവന്നപ്പോൾ യോശുവ എല്ലാ ഇസ്രായേൽപുരുഷന്മാരെയും വിളിച്ചുകൂട്ടി. എന്നിട്ട്, തന്നോടൊപ്പം പോന്ന പോരാളികളുടെ അധിപന്മാരോടു പറഞ്ഞു: “മുന്നോട്ടു വരുക. നിങ്ങളുടെ കാൽ ഈ രാജാക്കന്മാരുടെ കഴുത്തിന്റെ പിൻവശത്ത് വെക്കുക.” അങ്ങനെ, അവർ മുന്നോട്ടുവന്ന് തങ്ങളുടെ കാൽ അവരുടെ കഴുത്തിന്റെ പിൻവശത്ത് വെച്ചു.+ 25 അപ്പോൾ, യോശുവ അവരോടു പറഞ്ഞു: “പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. കാരണം, നിങ്ങൾ പോരാടുന്ന നിങ്ങളുടെ എല്ലാ ശത്രുക്കളോടും യഹോവ ഇതുതന്നെ ചെയ്യും.”+
26 യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു സ്തംഭത്തിൽ* തൂക്കി. വൈകുന്നേരംവരെ അവർ സ്തംഭത്തിൽ തൂങ്ങിക്കിടന്നു. 27 സൂര്യാസ്തമയസമയത്ത്, അവരുടെ ശവശരീരങ്ങൾ സ്തംഭത്തിൽനിന്ന് താഴെ ഇറക്കി+ അവർ ഒളിച്ചിരുന്ന ഗുഹയിലേക്ക് എറിയാൻ യോശുവ കല്പിച്ചു. പിന്നെ, വലിയ കല്ലുകൾ ഗുഹാമുഖത്ത് വെച്ചു. അവ ഇന്നും അവിടെയുണ്ട്.
28 യോശുവ അന്നു മക്കേദ പിടിച്ചടക്കി+ അതിനെ വാളിന് ഇരയാക്കി. അവിടത്തെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിശ്ശേഷം നശിപ്പിച്ചു. ആരെയും ബാക്കി വെച്ചില്ല.+ യരീഹൊരാജാവിനോടു ചെയ്തതുപോലെതന്നെ യോശുവ മക്കേദരാജാവിനോടും+ ചെയ്തു.
29 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി മക്കേദയിൽനിന്ന് ലിബ്നയിലേക്കു+ ചെന്ന് അതിന് എതിരെ പോരാടി. 30 യഹോവ അതിനെയും അവിടത്തെ രാജാവിനെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു.+ അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന് ഇരയാക്കുകയും ചെയ്തു. ആരെയും ബാക്കി വെച്ചില്ല. യരീഹൊരാജാവിനോടു ചെയ്തതുപോലെതന്നെ+ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
31 അടുത്തതായി, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ലിബ്നയിൽനിന്ന് ലാഖീശിലേക്കു+ ചെന്ന് അവിടെ പാളയമടിച്ച് അതിന് എതിരെ പോരാടി. 32 യഹോവ ലാഖീശിനെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ രണ്ടാം ദിവസം അതിനെ പിടിച്ചടക്കി. ലിബ്നയോടു ചെയ്തതുപോലെതന്നെ അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന് ഇരയാക്കുകയും ചെയ്തു.+
33 അപ്പോൾ, ഗേസെർരാജാവായ+ ഹോരാം ലാഖീശിനെ സഹായിക്കാൻ അവിടേക്കു ചെന്നു. പക്ഷേ, യോശുവ ഒരാളെപ്പോലും ബാക്കി വെക്കാതെ ഹോരാമിനെയും ഹോരാമിന്റെ ആളുകളെയും വെട്ടിക്കൊന്നു.
34 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ലാഖീശിൽനിന്ന് എഗ്ലോനിലേക്കു+ ചെന്ന് അവിടെ പാളയമടിച്ച് അതിന് എതിരെ പോരാടി. 35 അവർ അന്നേ ദിവസം എഗ്ലോനെ പിടിച്ചടക്കി അതിനെ വാളിന് ഇരയാക്കി. ലാഖീശിനോടു ചെയ്തതുപോലെതന്നെ+ അവർ അന്ന് അവിടെയുള്ള എല്ലാവരെയും നിശ്ശേഷം സംഹരിച്ചു.
36 പിന്നീട്, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്കു+ ചെന്ന് അതിന് എതിരെ പോരാടി. 37 അവർ അതിനെ പിടിച്ചടക്കി അതിനെയും അവിടത്തെ രാജാവിനെയും അതിന്റെ പട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും വാളിന് ഇരയാക്കി. ആരെയും ബാക്കി വെച്ചില്ല. എഗ്ലോനോടു ചെയ്തതുപോലെതന്നെ അതിനെയും അതിലുള്ള എല്ലാവരെയും നിശ്ശേഷം സംഹരിച്ചു.
38 ഒടുവിൽ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ദബീരിനു+ നേരെ തിരിഞ്ഞ് അതിന് എതിരെ പോരാടി. 39 യോശുവ അതിനെയും അതിന്റെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചടക്കി. അവർ അവരെ വാളുകൊണ്ട് വെട്ടി എല്ലാവരെയും നിശ്ശേഷം സംഹരിച്ചു.+ ആരെയും ബാക്കി വെച്ചില്ല.+ ഹെബ്രോനോടും ലിബ്നയോടും അവിടത്തെ രാജാവിനോടും ചെയ്തതുപോലെതന്നെ ദബീരിനോടും അവിടത്തെ രാജാവിനോടും ചെയ്തു.
40 മലനാട്, നെഗെബ്, ഷെഫേല,+ മലഞ്ചെരിവുകൾ എന്നീ പ്രദേശങ്ങൾ യോശുവ അധീനതയിലാക്കി. അവിടത്തെ എല്ലാ രാജാക്കന്മാരെയും യോശുവ കീഴടക്കി. അവിടെയെങ്ങും ആരെയും ബാക്കി വെച്ചില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെതന്നെ,+ ശ്വസിക്കുന്ന എല്ലാത്തിനെയും യോശുവ നിശ്ശേഷം സംഹരിച്ചു.+ 41 യോശുവ കാദേശ്-ബർന്നേയ+ മുതൽ ഗസ്സ+ വരെയും ഗോശെൻ ദേശം+ മുഴുവനും ഗിബെയോൻ+ വരെയും അവരെ കീഴടക്കി. 42 ഈ എല്ലാ രാജാക്കന്മാരെയും അവരുടെ ദേശങ്ങളെയും ഒറ്റയടിക്കു പിടിച്ചടക്കി. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു ഇസ്രായേലിനുവേണ്ടി പോരാടിയത്.+ 43 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ഗിൽഗാലിലെ പാളയത്തിലേക്കു മടങ്ങിവന്നു.+
11 സംഭവിച്ചതിനെക്കുറിച്ച് കേട്ട ഉടനെ ഹാസോർരാജാവായ യാബീൻ, മാദോൻരാജാവായ+ യോബാബിനും ശിമ്രോൻരാജാവിനും അക്ക്ശാഫ്രാജാവിനും+ 2 വടക്കൻ മലനാട്ടിലും കിന്നേരെത്തിനു തെക്ക് സമതലപ്രദേശത്തും* ഷെഫേലയിലും പടിഞ്ഞാറ് ദോർകുന്നിൻചെരിവുകളിലും+ ഉള്ള രാജാക്കന്മാർക്കും 3 കിഴക്കും പടിഞ്ഞാറും ഉള്ള കനാന്യർക്കും+ അമോര്യർക്കും+ ഹിത്യർക്കും പെരിസ്യർക്കും മലനാട്ടിലുള്ള യബൂസ്യർക്കും ഹെർമോന്റെ+ അടിവാരത്തിൽ മിസ്പ ദേശത്തുള്ള ഹിവ്യർക്കും+ സന്ദേശം കൊടുത്തയച്ചു. 4 അങ്ങനെ, അവർ എല്ലാവരും തങ്ങളുടെ സൈന്യങ്ങളുമായി പുറപ്പെട്ടു. ധാരാളം കുതിരകളും യുദ്ധരഥങ്ങളും സഹിതം കടൽത്തീരത്തെ മണൽത്തരികൾപോലെ എണ്ണമറ്റ ഒരു വൻപട! 5 ഒന്നിച്ചുകൂടാൻ ധാരണയിലെത്തിയ ഈ രാജാക്കന്മാരെല്ലാം വന്ന് ഇസ്രായേലിനോടു പോരാടാൻ മേരോമിലെ നീരുറവിന് അരികെ ഒരുമിച്ച് പാളയമടിച്ചു.
6 അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “അവരെ പേടിക്കേണ്ടാ.+ നാളെ ഈ സമയത്ത് അവരെ ഒന്നടങ്കം ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. നിങ്ങൾ അവരെ കൊന്നുവീഴ്ത്തും. അവരുടെ കുതിരകളുടെ+ കുതിഞരമ്പു നിങ്ങൾ വെട്ടണം. അവരുടെ രഥങ്ങൾ തീയിലിട്ട് ചുട്ടുകളയണം.” 7 അങ്ങനെ, യോശുവയും എല്ലാ പോരാളികളും ചേർന്ന് മേരോമിലെ നീരുറവിന് അരികെവെച്ച് അവർക്കെതിരെ അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിട്ടു. 8 യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു.+ അവർ അവരെ തോൽപ്പിച്ച് സീദോൻ മഹാനഗരം+ വരെയും മിസ്രെഫോത്ത്-മയീം+ വരെയും കിഴക്ക് മിസ്പെ താഴ്വര വരെയും പിന്തുടർന്നു. ഒരാളെപ്പോലും ബാക്കി വെക്കാതെ എല്ലാവരെയും അവർ കൊന്നുകളഞ്ഞു.+ 9 തുടർന്ന്, യഹോവ തന്നോടു പറഞ്ഞിരുന്നതുപോലെതന്നെ യോശുവ അവരോടു ചെയ്തു; അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി, രഥങ്ങൾ തീയിലിട്ട് ചുട്ടുകളഞ്ഞു.+
10 ഇതു കൂടാതെ, യോശുവ മടങ്ങിവന്ന് ഹാസോർ പിടിച്ചടക്കി അവിടത്തെ രാജാവിനെ+ വെട്ടിക്കൊന്നു. ഹാസോർ മുമ്പ് ഈ രാജ്യങ്ങളുടെയെല്ലാം തലപ്പത്തായിരുന്നു. 11 അവർ അവിടെയുള്ള എല്ലാവരെയും വെട്ടി നിശ്ശേഷം സംഹരിച്ചു;+ ജീവനുള്ള ഒന്നും ശേഷിച്ചില്ല.+ തുടർന്ന്, ഹാസോരിനെ തീക്കിരയാക്കി. 12 യോശുവ ഈ രാജാക്കന്മാരുടെ നഗരങ്ങളെല്ലാം പിടിച്ചടക്കി അവിടത്തെ രാജാക്കന്മാരെയെല്ലാം വാളുകൊണ്ട് സംഹരിച്ചു.+ യഹോവയുടെ ദാസനായ മോശ കല്പിച്ചിരുന്നതുപോലെതന്നെ അവരെ നിശ്ശേഷം സംഹരിച്ചു.+ 13 പക്ഷേ, കുന്നിന്മുകളിലുള്ള നഗരങ്ങളിൽ ഹാസോർ ഒഴികെ ഒന്നും ഇസ്രായേൽ തീക്കിരയാക്കിയില്ല; യോശുവ തീക്കിരയാക്കിയ ഒരേ ഒരു നഗരമായിരുന്നു ഹാസോർ. 14 ഈ നഗരങ്ങളിലെ എല്ലാ വസ്തുവകകളും അവിടെയുള്ള മൃഗങ്ങളെയും ഇസ്രായേല്യർ കൊള്ളയടിച്ച് സ്വന്തമാക്കി.+ പക്ഷേ, മനുഷ്യരെയെല്ലാം അവർ വാളുകൊണ്ട് വെട്ടിക്കൊന്നു.+ ഒരാളെയും അവർ ജീവനോടെ ബാക്കി വെച്ചില്ല.+ 15 യഹോവ തന്റെ ദാസനായ മോശയോടു കല്പിച്ചിരുന്നത് അങ്ങനെതന്നെ മോശ യോശുവയോടും കല്പിച്ചു;+ യോശുവ അങ്ങനെതന്നെ പ്രവർത്തിക്കുകയും ചെയ്തു. യഹോവ മോശയോടു കല്പിച്ചിരുന്ന കാര്യങ്ങളിൽ ഒന്നുപോലും യോശുവ ചെയ്യാതെ വിട്ടില്ല.+
16 യോശുവ മലനാടും നെഗെബ്+ മുഴുവനും ഗോശെൻ ദേശം മുഴുവനും ഷെഫേലയും+ അരാബയും+ ഇസ്രായേൽമലനാടും അതിന്റെ ഷെഫേലയും* കീഴടക്കി. 17 സേയീരിനു നേരെ ഉയർന്നുനിൽക്കുന്ന ഹാലാക്ക് പർവതം മുതൽ ഹെർമോൻ പർവതത്തിന്റെ+ അടിവാരത്തുള്ള ലബാനോൻ താഴ്വരയിലെ ബാൽ-ഗാദ്+ വരെയുള്ള പ്രദേശമായിരുന്നു അത്. യോശുവ അവരുടെ രാജാക്കന്മാരെയെല്ലാം പിടികൂടി വധിച്ചു. 18 ഏറെക്കാലം യോശുവ ഈ രാജാക്കന്മാരുമായി യുദ്ധത്തിലായിരുന്നു. 19 ഗിബെയോൻനിവാസികളായ ഹിവ്യരല്ലാതെ മറ്റൊരു നഗരവും ഇസ്രായേല്യരുമായി സമാധാനബന്ധം സ്ഥാപിച്ചില്ല.+ മറ്റുള്ളവരെയെല്ലാം അവർ യുദ്ധം ചെയ്ത് കീഴ്പെടുത്തി.+ 20 അവർ ഇസ്രായേലിനോടു യുദ്ധം ചെയ്യേണ്ടതിന് അവരുടെ ഹൃദയം ശാഠ്യമുള്ളതാകാൻ യഹോവ അനുവദിച്ചു.+ ഒരു പരിഗണനയും കാണിക്കാതെ അവരെ നിശ്ശേഷം നശിപ്പിക്കാൻവേണ്ടിയായിരുന്നു ദൈവം അങ്ങനെ ചെയ്തത്.+ യഹോവ മോശയോടു കല്പിച്ചിരുന്നതുപോലെ അവരെ നിശ്ശേഷം സംഹരിക്കണമായിരുന്നു.+
21 ആ സമയത്ത് യോശുവ അനാക്യരെ+ മലനാട്ടിൽനിന്ന് തുടച്ചുനീക്കി. ഹെബ്രോൻ, ദബീർ, അനാബ്, യഹൂദാമലനാട്, ഇസ്രായേൽമലനാട് എന്നീ സ്ഥലങ്ങൾ അതിൽപ്പെടും. യോശുവ അവരെയും അവരുടെ നഗരങ്ങളെയും നിശ്ശേഷം സംഹരിച്ചു.+ 22 ഗസ്സയിലും+ ഗത്തിലും+ അസ്തോദിലും+ അല്ലാതെ ഇസ്രായേല്യരുടെ ദേശത്ത് ഒരിടത്തും ഒരു അനാക്യൻപോലും ബാക്കിയുണ്ടായിരുന്നില്ല.+ 23 അങ്ങനെ, യഹോവ മോശയോടു വാഗ്ദാനം+ ചെയ്തിരുന്നതുപോലെതന്നെ യോശുവ ദേശം മുഴുവൻ അധീനതയിലാക്കി. തുടർന്ന് യോശുവ ഗോത്രവിഹിതമനുസരിച്ച് അത് ഇസ്രായേലിന് അവകാശമായി കൊടുത്തു.+ യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+
12 യോർദാനു കിഴക്ക് അർന്നോൻ താഴ്വര*+ മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശവും കിഴക്കൻ അരാബയും ഭരിച്ചിരുന്ന+ രാജാക്കന്മാരെ തോൽപ്പിച്ച് ഇസ്രായേല്യർ അവരുടെ ദേശം കൈവശപ്പെടുത്തി.+ ആ രാജാക്കന്മാർ ഇവരാണ്: 2 അമോര്യരാജാവായ സീഹോൻ;+ അയാൾ ഹെശ്ബോനിൽ താമസിച്ച് അർന്നോൻ താഴ്വരയോടു+ ചേർന്നുകിടക്കുന്ന അരോവേർ,+ താഴ്വരയുടെ മധ്യഭാഗം എന്നീ പ്രദേശങ്ങൾമുതൽ ഗിലെയാദിന്റെ പകുതിവരെ, അതായത് അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്വര* വരെ, ഭരിച്ചിരുന്നു. 3 കൂടാതെ, അയാൾ കിന്നേരെത്ത് കടൽ*+ വരെയും ബേത്ത്-യശീമോത്തിന്റെ ദിശയിൽ ഉപ്പുകടലായ* അരാബ കടൽ വരെയും ഉള്ള കിഴക്കൻ അരാബയും തെക്കോട്ട് പിസ്ഗച്ചെരിവുകൾക്കു+ താഴെവരെയും ഭരിച്ചു.
4 ബാശാൻരാജാവായ ഓഗിന്റെ+ പ്രദേശവും അവർ കൈവശമാക്കി. അസ്താരോത്തിലും എദ്രെയിലും താമസിച്ച അയാൾ രഫായീമ്യരിലെ+ അവസാനത്തവരിൽ ഒരാളായിരുന്നു. 5 ഹെർമോൻ പർവതവും സൽക്കയും ഗശൂര്യരുടെയും മാഖാത്യരുടെയും+ അതിർത്തിവരെയുള്ള ബാശാൻ+ മുഴുവനും ഹെശ്ബോൻരാജാവായ സീഹോന്റെ+ പ്രദേശംവരെയുള്ള ഗിലെയാദിന്റെ പകുതിയും ഓഗ് ആണു ഭരിച്ചിരുന്നത്.
6 യഹോവയുടെ ദാസനായ മോശയും ഇസ്രായേല്യരും അവരെയെല്ലാം തോൽപ്പിച്ചു.+ അതിനു ശേഷം അവരുടെ ദേശം യഹോവയുടെ ദാസനായ മോശ രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും+ അവകാശമായി കൊടുത്തു.
7 യോർദാനു പടിഞ്ഞാറ്, ലബാനോൻ താഴ്വരയിലെ+ ബാൽ-ഗാദ്+ മുതൽ സേയീരിനു+ നേരെ ഉയർന്നുനിൽക്കുന്ന ഹാലാക്ക് പർവതം+ വരെയുള്ള പ്രദേശത്തെ രാജാക്കന്മാരെ യോശുവയും ഇസ്രായേല്യരും തോൽപ്പിച്ചു. അവരുടെ ദേശം ഗോത്രവിഹിതമനുസരിച്ച് യോശുവ ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി കൊടുത്തു.+ 8 മലനാട്, ഷെഫേല, അരാബ, മലഞ്ചെരിവുകൾ, വിജനഭൂമി, നെഗെബ്+ എന്നിവിടങ്ങളിലായിരുന്നു അതു കൊടുത്തത്. ഹിത്യരുടെയും അമോര്യരുടെയും+ കനാന്യരുടെയും പെരിസ്യരുടെയും ഹിവ്യരുടെയും യബൂസ്യരുടെയും+ പ്രദേശമായിരുന്നു ഇവ. അവർ തോൽപ്പിച്ച രാജാക്കന്മാർ:
9 യരീഹൊരാജാവ്+ ഒന്ന്; ബഥേലിനു സമീപമുള്ള ഹായിയിലെ രാജാവ്+ ഒന്ന്;
10 യരുശലേംരാജാവ് ഒന്ന്; ഹെബ്രോൻരാജാവ്+ ഒന്ന്;
11 യർമൂത്ത്രാജാവ് ഒന്ന്; ലാഖീശ്രാജാവ് ഒന്ന്;
12 എഗ്ലോൻരാജാവ് ഒന്ന്; ഗേസെർരാജാവ്+ ഒന്ന്;
13 ദബീർരാജാവ്+ ഒന്ന്; ഗേദെർരാജാവ് ഒന്ന്;
14 ഹോർമരാജാവ് ഒന്ന്; അരാദ്രാജാവ് ഒന്ന്;
15 ലിബ്നരാജാവ്+ ഒന്ന്; അദുല്ലാംരാജാവ് ഒന്ന്;
16 മക്കേദരാജാവ്+ ഒന്ന്; ബഥേൽരാജാവ്+ ഒന്ന്;
17 തപ്പൂഹരാജാവ് ഒന്ന്; ഹേഫെർരാജാവ് ഒന്ന്;
18 അഫേക്ക്രാജാവ് ഒന്ന്; ലാശാരോൻരാജാവ് ഒന്ന്;
19 മാദോൻരാജാവ് ഒന്ന്; ഹാസോർരാജാവ്+ ഒന്ന്;
20 ശിമ്രോൻ-മെരോൻരാജാവ് ഒന്ന്; അക്ക്ശാഫ്രാജാവ് ഒന്ന്;
21 താനാക്ക്രാജാവ് ഒന്ന്; മെഗിദ്ദോരാജാവ് ഒന്ന്;
22 കേദെശ്രാജാവ് ഒന്ന്; കർമേലിലെ യൊക്നെയാംരാജാവ്+ ഒന്ന്;
23 ദോർകുന്നിൻചെരിവുകളിലെ ദോർരാജാവ്+ ഒന്ന്; ഗിൽഗാലിലെ ഗോയീംരാജാവ് ഒന്ന്;
24 തിർസരാജാവ് ഒന്ന്; ആകെ 31 രാജാക്കന്മാർ.
13 യോശുവ പ്രായംചെന്ന് നന്നേ വൃദ്ധനായി.+ അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “നീ പ്രായംചെന്ന് നന്നേ വൃദ്ധനായിരിക്കുന്നു. പക്ഷേ, ദേശത്തിന്റെ നല്ലൊരു ഭാഗം ഇനിയും കൈവശമാക്കാനുണ്ട്.* 2 കൈവശമാക്കാൻ ബാക്കിയുള്ള ഭാഗം ഇതാണ്:+ ഫെലിസ്ത്യരുടെയും ഗശൂര്യരുടെയും പ്രദേശം+ മുഴുവൻ. 3 (ഈജിപ്തിനു കിഴക്കുള്ള* നൈലിന്റെ ശാഖമുതൽ* വടക്കോട്ട് എക്രോന്റെ അതിർത്തിവരെ; ഇതു കനാന്യരുടെ പ്രദേശമായി കണക്കാക്കിയിരുന്നു.)+ ഇതിൽ ഗസ്സ്യർ, അസ്തോദ്യർ,+ അസ്കലോന്യർ,+ ഗിത്ത്യർ,+ എക്രോന്യർ+ എന്നീ അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരുടെ+ പ്രദേശം ഉൾപ്പെടും. കൂടാതെ, തെക്ക് അവ്യരുടെ+ പ്രദേശവും 4 കനാന്യരുടെ ദേശം മുഴുവനും സീദോന്യരുടെ+ മെയാരയും അഫേക്ക് വരെ, അമോര്യരുടെ അതിർത്തിവരെ, ഉള്ള പ്രദേശവും 5 ഗബാല്യരുടെ+ ദേശവും കിഴക്ക് ഹെർമോൻ പർവതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ് മുതൽ ലബോ-ഹമാത്ത്*+ വരെ ലബാനോൻ മുഴുവനും 6 ലബാനോൻ മുതൽ+ മിസ്രെഫോത്ത്-മയീം+ വരെയുള്ള മലനാട്ടിൽ താമസിക്കുന്നവരും എല്ലാ സീദോന്യരും+ അതിൽപ്പെടുന്നു. ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഞാൻ അവരെ ഓടിച്ചുകളയും.*+ ഞാൻ കല്പിച്ചതുപോലെ നീ അത് ഇസ്രായേലിന് അവകാശമായി നിയമിച്ചുകൊടുത്താൽ മാത്രം മതി.+ 7 ഇപ്പോൾ, നീ ഈ ദേശം ഒൻപതു ഗോത്രത്തിനും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി വിഭാഗിക്കണം.”+
8 മറ്റേ പാതി ഗോത്രവും രൂബേന്യരും ഗാദ്യരും, യഹോവയുടെ ദാസനായ മോശ യോർദാന്റെ കിഴക്ക് അവർക്കു കൊടുത്ത അവകാശം സ്വന്തമാക്കി. മോശ നിയമിച്ചുകൊടുത്തതുപോലെതന്നെ അവർ അത് എടുത്തു.+ 9 അത് അർന്നോൻ താഴ്വരയോടു*+ ചേർന്നുകിടക്കുന്ന അരോവേർ+ മുതൽ താഴ്വരയുടെ മധ്യത്തിലുള്ള നഗരവും ദീബോൻ വരെ മെദബപീഠഭൂമി മുഴുവനും 10 ഹെശ്ബോനിൽനിന്ന് ഭരിച്ച അമോര്യരാജാവായ സീഹോന് അമ്മോന്യരുടെ അതിർത്തിവരെയുള്ള എല്ലാ നഗരങ്ങളും+ 11 ഗിലെയാദും ഗശൂര്യരുടെയും മാഖാത്യരുടെയും+ പ്രദേശവും ഹെർമോൻ പർവതം മുഴുവനും സൽക്ക+ വരെ ബാശാൻ+ മുഴുവനും 12 അസ്താരോത്തിലും എദ്രെയിലും ഭരിച്ച ബാശാനിലെ ഓഗിന്റെ (അവൻ രഫായീമ്യരിലെ+ അവസാനത്തവരിൽ ഒരാളായിരുന്നു.) ഭരണപ്രദേശം മുഴുവനും ആയിരുന്നു. മോശ അവരെ തോൽപ്പിച്ച് അവിടെനിന്ന് ഓടിച്ചുകളഞ്ഞു.+ 13 പക്ഷേ, ഗശൂര്യരെയും മാഖാത്യരെയും ഇസ്രായേല്യർ ഓടിച്ചുകളഞ്ഞില്ല.+ അവർ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ താമസിക്കുന്നുണ്ടല്ലോ.
14 ലേവ്യഗോത്രത്തിനു മാത്രമാണു മോശ അവകാശം കൊടുക്കാതിരുന്നത്.+ ഇസ്രായേലിന്റെ ദൈവമായ യഹോവ അവരോടു വാഗ്ദാനം ചെയ്തതുപോലെ+ ദൈവത്തിനു തീയിലർപ്പിക്കുന്ന യാഗങ്ങളാണ് അവരുടെ അവകാശം.+
15 തുടർന്ന്, മോശ രൂബേൻഗോത്രത്തിന് അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു. 16 അവരുടെ പ്രദേശം അർന്നോൻ താഴ്വരയോടു ചേർന്നുകിടക്കുന്ന അരോവേർ മുതൽ താഴ്വരയുടെ മധ്യത്തിലുള്ള നഗരവും മെദബയ്ക്കു സമീപമുള്ള പീഠഭൂമി മുഴുവനും 17 ഹെശ്ബോനും പീഠഭൂമിയിലുള്ള അതിന്റെ എല്ലാ പട്ടണങ്ങളും+ ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും+ 18 യാഹാസും+ കെദേമോത്തും+ മേഫാത്തും+ 19 കിര്യത്തയീമും സിബ്മയും+ താഴ്വരയിലെ മലയിലുള്ള സേരെത്ത്-ശഹരും 20 ബേത്ത്-പെയോരും പിസ്ഗച്ചെരിവുകളും+ ബേത്ത്-യശീമോത്തും+ 21 പീഠഭൂമിയിലെ എല്ലാ നഗരങ്ങളും ഹെശ്ബോനിൽനിന്ന്+ ഭരിച്ച അമോര്യരാജാവായ സീഹോന്റെ ഭരണപ്രദേശം മുഴുവനും ആയിരുന്നു. മോശ സീഹോനെയും ദേശത്ത് താമസിച്ചിരുന്ന സീഹോന്റെ ആശ്രിതരും* മിദ്യാന്യതലവന്മാരും ആയ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിവരെയും തോൽപ്പിച്ചു.+ 22 കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഇസ്രായേല്യർ വാളാൽ സംഹരിച്ച, ബയോരിന്റെ മകനും ഭാവിഫലം പറയുന്നവനും+ ആയ ബിലെയാമുമുണ്ടായിരുന്നു.+ 23 യോർദാനായിരുന്നു രൂബേന്യരുടെ അതിർത്തി. ഈ പ്രദേശമായിരുന്നു നഗരങ്ങളും അവയുടെ ഗ്രാമങ്ങളും സഹിതം രൂബേന്യർക്ക് അവരുടെ കുലമനുസരിച്ചുള്ള അവകാശം.
24 കൂടാതെ, മോശ ഗാദ്ഗോത്രത്തിനും അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു. 25 അവരുടെ പ്രദേശം യസേരും+ ഗിലെയാദിലെ എല്ലാ നഗരങ്ങളും രബ്ബയ്ക്ക്+ അഭിമുഖമായുള്ള അരോവേർ വരെ അമ്മോന്യരുടെ+ ദേശത്തിന്റെ പകുതിയും 26 ഹെശ്ബോൻ+ മുതൽ രാമത്ത്-മിസ്പെ, ബതോനീം എന്നിവ വരെയും മഹനയീം+ മുതൽ ദബീരിന്റെ അതിർത്തി വരെയും 27 താഴ്വരയിലുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്ര,+ സുക്കോത്ത്,+ സാഫോൻ എന്നിങ്ങനെ ഹെശ്ബോൻരാജാവായ+ സീഹോന്റെ ഭരണപ്രദേശത്തെ ബാക്കി പ്രദേശങ്ങളും ആയിരുന്നു. അവരുടെ പ്രദേശം കിന്നേരെത്ത് കടലിന്റെ*+ താഴത്തെ അറ്റംമുതൽ യോർദാൻ അതിരായി യോർദാന്റെ കിഴക്കുവശത്തായിരുന്നു. 28 ഇതായിരുന്നു നഗരങ്ങളും അവയുടെ ഗ്രാമങ്ങളും സഹിതം ഗാദ്യർക്ക് അവരുടെ കുലമനുസരിച്ചുള്ള അവകാശം.
29 കൂടാതെ, മോശ മനശ്ശെയുടെ പാതി ഗോത്രത്തിനും അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു.+ 30 അവരുടെ പ്രദേശം മഹനയീം+ മുതൽ ബാശാൻ മുഴുവനും, അതായത് ബാശാൻരാജാവായ ഓഗിന്റെ ഭരണപ്രദേശം മുഴുവനും, ബാശാനിലെ യായീരിന്റെ ചെറുപട്ടണങ്ങൾ+ മുഴുവനും ആയിരുന്നു; ആകെ 60 പട്ടണങ്ങൾ. 31 ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ ഭരണപ്രദേശത്തെ അസ്താരോത്ത്, എദ്രെ+ എന്നീ നഗരങ്ങളും മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാരിൽ+ പകുതിപ്പേർക്ക് അവരുടെ കുലമനുസരിച്ച് കിട്ടി.
32 ഇവയായിരുന്നു മോവാബ് മരുപ്രദേശത്തായിരിക്കുമ്പോൾ മോശ യരീഹൊയ്ക്കു കിഴക്ക്, യോർദാന്റെ മറുകരയിൽ അവർക്കു കൊടുത്ത അവകാശങ്ങൾ.+
33 പക്ഷേ, ലേവ്യഗോത്രത്തിനു മോശ അവകാശം കൊടുത്തില്ല.+ ഇസ്രായേലിന്റെ ദൈവമായ യഹോവ വാഗ്ദാനം+ ചെയ്തതുപോലെ, ദൈവമായിരുന്നു അവരുടെ അവകാശം.
14 കനാൻ ദേശത്ത് ഇസ്രായേല്യർ അവകാശമാക്കിയ പ്രദേശം ഇതാണ്. പുരോഹിതനായ എലെയാസരും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരും ആണ് ഇത് അവർക്ക് അവകാശമായി കൊടുത്തത്.+ 2 ഒൻപതര ഗോത്രത്തിന്റെ കാര്യത്തിൽ യഹോവ മോശ മുഖാന്തരം കല്പിച്ചതുപോലെ, അവർ അവകാശം നറുക്കിട്ടെടുത്തു.+ 3 മറ്റേ രണ്ടര ഗോത്രത്തിനു യോർദാന്റെ മറുകരയിൽ*+ മോശ അവകാശം കൊടുത്തിരുന്നു. പക്ഷേ, ലേവ്യർക്ക് അവരുടെ ഇടയിൽ അവകാശം കൊടുത്തില്ല.+ 4 യോസേഫിന്റെ വംശജരെ മനശ്ശെ, എഫ്രയീം+ എന്നിങ്ങനെ രണ്ടു ഗോത്രമായി+ കണക്കാക്കിയിരുന്നു. അതേസമയം ലേവ്യർക്കു ദേശത്ത് ഓഹരിയൊന്നും കൊടുത്തില്ല. താമസിക്കാൻ നഗരങ്ങളും അവരുടെ കന്നുകാലികൾക്കും ആട്ടിൻപറ്റങ്ങൾക്കും വേണ്ടി ആ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങളും മാത്രമാണ് അവർക്കു കിട്ടിയത്.+ 5 അങ്ങനെ, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ ദേശം വിഭാഗിച്ചു.
6 പിന്നെ, യഹൂദാഗോത്രത്തിലെ പുരുഷന്മാർ ഗിൽഗാലിൽ+ യോശുവയുടെ അടുത്ത് ചെന്നു. കെനിസ്യനായ യഫുന്നയുടെ മകൻ കാലേബ്+ യോശുവയോടു പറഞ്ഞു: “എന്നെയും നിന്നെയും കുറിച്ച് യഹോവ കാദേശ്-ബർന്നേയയിൽവെച്ച്+ ദൈവപുരുഷനായ+ മോശയോടു പറഞ്ഞത്+ എന്താണെന്നു നന്നായി അറിയാമല്ലോ. 7 യഹോവയുടെ ദാസനായ മോശ എന്നെ കാദേശ്-ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കാൻ അയച്ചപ്പോൾ+ എനിക്ക് 40 വയസ്സായിരുന്നു. ഞാൻ മടങ്ങിവന്ന് ഉള്ള കാര്യങ്ങൾ അതേപടി അറിയിച്ചു.*+ 8 എന്നോടൊപ്പം പോന്ന എന്റെ സഹോദരന്മാർ ജനത്തിന്റെ ഹൃദയത്തിൽ ഭയം നിറയാൻ* ഇടയാക്കിയെങ്കിലും ഞാൻ എന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ* പറ്റിനിന്നു.+ 9 അന്നു മോശ ഇങ്ങനെ സത്യം ചെയ്തു: ‘എന്റെ ദൈവമായ യഹോവയോടു നീ മുഴുഹൃദയത്തോടെ പറ്റിനിന്നതുകൊണ്ട് നീ കാൽ വെച്ച ദേശം നിനക്കും നിന്റെ പുത്രന്മാർക്കും ദീർഘകാലത്തേക്കുള്ള അവകാശമാകും.’+ 10 ഇസ്രായേല്യർ വിജനഭൂമിയിലൂടെ സഞ്ചരിച്ച കാലത്ത്+ യഹോവ മോശയോട് ഈ വാഗ്ദാനം ചെയ്തതുമുതൽ ഇതുവരെ, ഇക്കഴിഞ്ഞ 45 വർഷവും, ആ വാഗ്ദാനംപോലെതന്നെ+ യഹോവ എന്നെ ജീവനോടെ കാത്തുസൂക്ഷിച്ചു.+ ഇപ്പോൾ എനിക്ക് 85 വയസ്സായി. ഞാൻ ഇന്നും ഇവിടെയുണ്ട്. 11 മോശ എന്നെ അയച്ച ദിവസം എനിക്കുണ്ടായിരുന്ന അതേ ആരോഗ്യം ഇന്നും എനിക്കുണ്ട്. യുദ്ധത്തിനും മറ്റു കാര്യങ്ങൾക്കും വേണ്ട കരുത്ത് എനിക്ക് അന്നത്തെപ്പോലെതന്നെ ഇന്നുമുണ്ട്. 12 അതുകൊണ്ട്, യഹോവ അന്നു വാഗ്ദാനം ചെയ്ത ഈ മലനാട് എനിക്കു തരുക. കോട്ടമതിലുകളോടുകൂടിയ മഹാനഗരങ്ങളുള്ള+ അനാക്യർ+ അവിടെയുള്ളതായി യോശുവ അന്നു കേട്ടതാണല്ലോ. എങ്കിലും, യഹോവ ഉറപ്പു തന്നതുപോലെ ഞാൻ അവരെ ഓടിച്ചുകളയും,*+ യഹോവ തീർച്ചയായും എന്റെകൂടെയുണ്ടായിരിക്കും.”+
13 അങ്ങനെ, യോശുവ യഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവകാശമായി കൊടുത്തു.+ 14 അതുകൊണ്ടാണ്, കെനിസ്യനായ യഫുന്നയുടെ മകൻ കാലേബിന് ഇന്നുവരെ ഹെബ്രോൻ അവകാശമായിരിക്കുന്നത്. കാലേബ് ഇസ്രായേലിന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നല്ലോ.+ 15 ഹെബ്രോന്റെ പേര് മുമ്പ് കിര്യത്ത്-അർബ+ എന്നായിരുന്നു. (അനാക്യരിൽ മഹാനായിരുന്നു അർബ.) യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+
15 കുടുംബമനുസരിച്ച് യഹൂദാഗോത്രത്തിനു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവിജനഭൂമിവരെയും നെഗെബിന്റെ തെക്കേ അറ്റംവരെയും ആയിരുന്നു. 2 അവരുടെ തെക്കേ അതിർ ഉപ്പുകടലിന്റെ*+ അറ്റംമുതൽ, അതായത് അതിന്റെ തെക്കേ ഉൾക്കടൽമുതൽ, 3 തെക്കോട്ട് അക്രബ്ബീംകയറ്റംവരെ+ ചെന്ന് സീനിലേക്കു കടന്നു. പിന്നെ തെക്കുനിന്ന് കാദേശ്-ബർന്നേയയിലേക്കു+ കയറി ഹെസ്രോനിലേക്കു കടന്ന് ആദാരിലേക്കു കയറി അവിടെനിന്ന് ചുറ്റിവളഞ്ഞ് കാർക്കയ്ക്കു നേരെ ചെന്നു. 4 പിന്നെ അത് അസ്മോനിലേക്കു+ കടന്ന് ഈജിപ്ത് നീർച്ചാൽ*+ വരെ എത്തി. ഈ അതിർ കടലിൽ* അവസാനിച്ചു. ഇതായിരുന്നു അവരുടെ തെക്കേ അതിർ.
5 കിഴക്കേ അതിർ യോർദാന്റെ നദീമുഖംവരെ ഉപ്പുകടൽ.* അതിരിന്റെ വടക്കേ കോൺ യോർദാന്റെ നദീമുഖത്തെ ഉൾക്കടലായിരുന്നു.+ 6 ഈ അതിർ ബേത്ത്-ഹൊഗ്ലയിലേക്കു+ കയറി ബേത്ത്-അരാബയുടെ+ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ചെന്നു.+ 7 അത് ആഖോർ താഴ്വരയിലെ+ ദബീരിലേക്കു കയറി വടക്കോട്ട്, നീർച്ചാലിന്റെ തെക്കുള്ള അദുമ്മീംകയറ്റത്തിന്റെ മുന്നിലുള്ള ഗിൽഗാലിലേക്ക്,+ തിരിഞ്ഞു. പിന്നെ അത് ഏൻ-ശേമെശ്നീരുറവിലേക്കു+ കടന്ന് ഏൻ-രോഗേലിൽ+ അവസാനിച്ചു. 8 അതു ബൻ-ഹിന്നോം താഴ്വരയിലൂടെ,*+ അതായത് യരുശലേം+ എന്ന യബൂസ്യനഗരത്തിന്റെ+ തെക്കേ ചെരിവിലൂടെ, കയറി ഹിന്നോം താഴ്വരയുടെ പടിഞ്ഞാറും രഫായീം താഴ്വരയുടെ വടക്കേ അറ്റത്തും ആയി സ്ഥിതിചെയ്യുന്ന മലമുകളിലേക്കു കയറി. 9 അതു മലമുകളിൽനിന്ന് നെപ്തോഹനീരുറവുവരെയും+ എഫ്രോൻ പർവതത്തിലെ നഗരങ്ങൾവരെയും കിര്യത്ത്-യയാരീം എന്നു പേരുള്ള ബാല വരെയും ചെന്നു.+ 10 അതു ബാലയിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് സേയീർ പർവതം വരെ എത്തി. അവിടെനിന്ന് അത് യയാരീം പർവതത്തിന്റെ വടക്കേ ചെരിവിലേക്ക്, അതായത് കെസാലോനിലേക്ക്, കടന്നു. പിന്നെ, അതു ബേത്ത്-ശേമെശിലേക്ക്+ ഇറങ്ങി തിമ്നയിൽ+ എത്തി. 11 അവിടെനിന്ന് അത് എക്രോന്റെ+ വടക്കേ ചെരിവുവരെയും തുടർന്ന് ശിക്രോൻ വരെയും ചെന്ന് ബാല പർവതത്തിലേക്കു കടന്ന് യബ്നേൽ വരെ എത്തി. ഈ അതിർ കടലിൽ അവസാനിച്ചു.
12 പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായിരുന്നു യഹൂദയുടെ വംശജർക്കു കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
13 യഹോവയുടെ ആജ്ഞയനുസരിച്ച് യോശുവ യഫുന്നയുടെ മകനായ കാലേബിന്+ യഹൂദാമക്കൾക്കിടയിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ (അനാക്കിന്റെ അപ്പനായിരുന്നു അർബ.) ഓഹരിയായി കൊടുത്തു. 14 അവിടെനിന്ന് കാലേബ് അനാക്കിന്റെ+ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി+ എന്നീ മൂന്ന് അനാക്യരെ ഓടിച്ചുകളഞ്ഞു. 15 പിന്നെ അവിടെനിന്ന് ദബീരിലെ (ദബീരിന്റെ പേര് മുമ്പ് കിര്യത്ത്-സേഫെർ എന്നായിരുന്നു.) ആളുകളുടെ നേരെ ചെന്നു.+ 16 അപ്പോൾ കാലേബ് പറഞ്ഞു: “കിര്യത്ത്-സേഫെരിനെ ആക്രമിച്ച് അതു പിടിച്ചടക്കുന്നയാൾക്കു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും.” 17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ+ ഒത്നീയേൽ+ അതു പിടിച്ചടക്കി. കാലേബ് മകളായ അക്സയെ+ ഒത്നീയേലിനു ഭാര്യയായി കൊടുത്തു. 18 ഭർത്തൃഗൃഹത്തിലേക്കു പോകുമ്പോൾ, തന്റെ അപ്പനോട് ഒരു സ്ഥലം ചോദിച്ചുവാങ്ങാൻ അക്സ ഭർത്താവിനെ നിർബന്ധിച്ചു. അക്സ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ* കാലേബ് അക്സയോട്, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.+ 19 അക്സ പറഞ്ഞു: “എനിക്ക് ഒരു അനുഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാണല്ലോ അപ്പൻ എനിക്കു തന്നത്. ഗുല്ലോത്ത്-മയിമുംകൂടെ* എനിക്കു തരുമോ?” അതുകൊണ്ട്, കാലേബ് മേലേ-ഗുല്ലോത്തും താഴേ-ഗുല്ലോത്തും അക്സയ്ക്കു കൊടുത്തു.
20 കുലമനുസരിച്ച് യഹൂദാഗോത്രത്തിനു കിട്ടിയ അവകാശം ഇതായിരുന്നു.
21 യഹൂദാഗോത്രത്തിനു കിട്ടിയ പ്രദേശത്തിന്റെ തെക്കേ അറ്റത്ത് ഏദോമിന്റെ+ അതിരിനോടു ചേർന്നുള്ള നഗരങ്ങൾ ഇവയായിരുന്നു: കെബ്സെയേൽ, ഏദെർ, യാഗൂർ, 22 കീന, ദിമോന, അദാദ, 23 കേദെശ്, ഹാസോർ, യിത്നാൻ, 24 സീഫ്, തേലെം, ബയാലോത്ത്, 25 ഹാസോർ-ഹദത്ഥ, ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ, 26 അമാം, ശേമ, മോലാദ,+ 27 ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്ത്,+ 28 ഹസർ-ശൂവാൽ, ബേർ-ശേബ,+ ബിസോത്യ, 29 ബാല, ഇയ്യീം, ഏസെം, 30 എൽതോലദ്, കെസീൽ, ഹോർമ,+ 31 സിക്ലാഗ്,+ മദ്മന്ന, സൻസന്ന, 32 ലബായോത്ത്, ശിൽഹീം, അയീൻ, രിമ്മോൻ.+ അങ്ങനെ ആകെ 29 നഗരവും അവയുടെ ഗ്രാമങ്ങളും.
33 ഷെഫേലയിലുള്ളവ+ ഇവയായിരുന്നു: എസ്തായോൽ, സൊര,+ അശ്ന, 34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, 35 യർമൂത്ത്, അദുല്ലാം,+ സോഖൊ, അസേക്ക,+ 36 ശാരയീം,+ അദീഥയീം, ഗദേരയും ഗദെരോഥയീമും*—ഇങ്ങനെ 14 നഗരവും അവയുടെ ഗ്രാമങ്ങളും.
37 സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, 38 ദിലാൻ, മിസ്പെ, യൊക്തെയേൽ, 39 ലാഖീശ്,+ ബൊസ്കത്ത്, എഗ്ലോൻ, 40 കബ്ബോൻ, ലഹ്മാം, കിത്ലീശ്, 41 ഗദേരോത്ത്, ബേത്ത്-ദാഗോൻ, നയമ, മക്കേദ+ എന്നിങ്ങനെ 16 നഗരവും അവയുടെ ഗ്രാമങ്ങളും.
42 ലിബ്ന,+ ഏഥെർ, ആഷാൻ,+ 43 യിപ്താഹ്, അശ്ന, നെസീബ്, 44 കെയില, അക്കസീബ്, മാരേശ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമങ്ങളും.
45 എക്രോനും അതിന്റെ ആശ്രിതപട്ടണങ്ങളും* ഗ്രാമങ്ങളും; 46 എക്രോനു പടിഞ്ഞാറോട്ട് അസ്തോദിനോടു ചേർന്നുള്ള എല്ലാ സ്ഥലങ്ങളും അവയുടെ ഗ്രാമങ്ങളും.
47 അസ്തോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും ഗ്രാമങ്ങളും; ഗസ്സയും+ ഈജിപ്ത് നീർച്ചാൽ, മഹാസമുദ്രം,* അതിന്റെ തീരപ്രദേശം എന്നിവവരെയുള്ള അതിന്റെ ആശ്രിതപട്ടണങ്ങളും ഗ്രാമങ്ങളും.+
48 മലനാട്ടിലുള്ളവ ഇവയായിരുന്നു: ശാമീർ, യത്ഥീർ,+ സോഖൊ, 49 ദന്ന, ദബീർ എന്ന കിര്യത്ത്-സന്ന, 50 അനാബ്, എസ്തെമൊ,+ ആനീം, 51 ഗോശെൻ,+ ഹോലോൻ, ഗീലൊ+ എന്നിങ്ങനെ 11 നഗരവും അവയുടെ ഗ്രാമങ്ങളും.
52 അരാബ്, ദൂമ, എശാൻ, 53 യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, 54 ഹൂമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ,+ സീയോർ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമങ്ങളും.
55 മാവോൻ,+ കർമേൽ, സീഫ്,+ യൂത, 56 ജസ്രീൽ, യോക്ക്ദെയാം, സനോഹ, 57 കെയീൻ, ഗിബെയ, തിമ്ന+ എന്നിങ്ങനെ പത്തു നഗരവും അവയുടെ ഗ്രാമങ്ങളും.
58 ഹൽഹൂൽ, ബേത്ത്-സൂർ, ഗദോർ, 59 മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമങ്ങളും.
60 കിര്യത്ത്-യയാരീം+ എന്ന കിര്യത്ത്-ബാൽ, രബ്ബ എന്നിങ്ങനെ രണ്ടു നഗരവും അവയുടെ ഗ്രാമങ്ങളും.
61 വിജനഭൂമിയിലുള്ളവ ഇവയായിരുന്നു: ബേത്ത്-അരാബ,+ മിദ്ദീൻ, സെഖാഖ, 62 നിബ്ശാൻ, ഉപ്പുനഗരം, ഏൻ-ഗദി+ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമങ്ങളും.
63 പക്ഷേ, യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ+ തുരത്താൻ യഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല.+ അതുകൊണ്ട്, യബൂസ്യർ ഇന്നും യരുശലേമിൽ അവരോടൊപ്പം താമസിക്കുന്നു.
16 യോസേഫിന്റെ+ വംശജർക്കു നറുക്കിട്ട്+ കിട്ടിയ ദേശം യരീഹൊയ്ക്കടുത്ത് യോർദാൻ മുതൽ യരീഹൊയ്ക്കു കിഴക്കുള്ള വെള്ളം വരെ എത്തി, യരീഹൊയിൽനിന്ന് വിജനഭൂമിയിലൂടെ ബഥേൽമലനാട്ടിലേക്കു കയറി.+ 2 അതു ലുസിന്റെ ഭാഗമായ ബഥേൽ മുതൽ അർഖ്യരുടെ അതിർത്തിയായ അതാരോത്തു വരെ നീണ്ടു. 3 പിന്നെ, അതു പടിഞ്ഞാറോട്ട് ഇറങ്ങി യഫ്ളേത്യരുടെ അതിർത്തിവരെ, താഴേ ബേത്ത്-ഹോരോന്റെ+ അതിർത്തിവരെയും ഗേസെർ+ വരെയും ചെന്നു. ഒടുവിൽ അതു കടലിൽ അവസാനിച്ചു.
4 അങ്ങനെ, യോസേഫിന്റെ വംശജരായ+ മനശ്ശെഗോത്രവും എഫ്രയീംഗോത്രവും തങ്ങളുടെ ദേശം കൈവശമാക്കി.+ 5 കുലമനുസരിച്ച് എഫ്രയീമ്യർക്കു കിട്ടിയ പ്രദേശത്തിന്റെ അതിർത്തി ഇതായിരുന്നു: കിഴക്ക് അവരുടെ അവകാശത്തിന്റെ അതിർത്തി മേലേ-ബേത്ത്-ഹോരോൻ+ വരെ അതെരോത്ത്-അദ്ദാർ.+ 6 ആ അതിർത്തി കടൽവരെ നീണ്ടു. വടക്ക് മിഖ്മെഥാത്ത്.+ തുടർന്ന്, അതിർത്തി കിഴക്കോട്ടു ചുറ്റിവളഞ്ഞ് താനത്ത്-ശീലോയിലേക്കും പിന്നെ കിഴക്ക് യാനോഹയിലേക്കും ചെന്നു. 7 തുടർന്ന്, അതു യാനോഹയിൽനിന്ന് അതാരോത്തിലേക്കും നയരയിലേക്കും ഇറങ്ങി യരീഹൊയിലെത്തി+ യോർദാൻ വരെ നീണ്ടു. 8 തപ്പൂഹയിൽനിന്ന്+ അതിർത്തി പടിഞ്ഞാറ് കാനെ നീർച്ചാലിലേക്കു ചെന്നു. ഒടുവിൽ അതു കടലിൽ അവസാനിച്ചു.+ ഇതാണു കുലമനുസരിച്ച് എഫ്രയീംഗോത്രക്കാർക്കുള്ള അവകാശം. 9 എഫ്രയീമ്യർക്ക് ഇതു കൂടാതെ, മനശ്ശെയുടെ അവകാശത്തിന്റെ ഇടയിൽ വേർതിരിച്ചുകൊടുത്ത നഗരങ്ങളുമുണ്ടായിരുന്നു.+ ആ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും അവരുടേതായിരുന്നു.
10 പക്ഷേ, ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ അവർ തുരത്തിയോടിച്ചില്ല.+ ഇന്നും എഫ്രയീമ്യരുടെ ഇടയിൽ താമസിക്കുന്ന അവരെക്കൊണ്ട്+ അവർ നിർബന്ധിതജോലി ചെയ്യിച്ചുവരുന്നു.+
17 പിന്നെ, മനശ്ശെയുടെ+ ഗോത്രത്തിനു നറുക്കു+ വീണു. കാരണം, മനശ്ശെയായിരുന്നു യോസേഫിന്റെ മൂത്ത മകൻ.+ മനശ്ശെയുടെ മൂത്ത മകനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ+ യുദ്ധവീരനായിരുന്നതുകൊണ്ട് മാഖീറിനു ഗിലെയാദും ബാശാനും കിട്ടി.+ 2 പിന്നെ, മനശ്ശെയുടെ വംശജരിൽ ബാക്കിയുള്ളവർക്കു കുലമനുസരിച്ച് നറുക്കു വീണു. അബിയേസരിന്റെ+ പുത്രന്മാർ, ഹേലെക്കിന്റെ പുത്രന്മാർ, അസ്രിയേലിന്റെ പുത്രന്മാർ, ശെഖേമിന്റെ പുത്രന്മാർ, ഹേഫെരിന്റെ പുത്രന്മാർ, ശെമീദയുടെ പുത്രന്മാർ എന്നിവരായിരുന്നു അവർ. ഇവരായിരുന്നു യോസേഫിന്റെ മകനായ മനശ്ശെയുടെ വംശജർ, അവരുടെ കുലമനുസരിച്ചുള്ള ആണുങ്ങൾ.+ 3 മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിനു പക്ഷേ, പെൺമക്കളല്ലാതെ ആൺമക്കളുണ്ടായിരുന്നില്ല. സെലോഫഹാദിന്റെ+ പെൺമക്കളുടെ പേരുകൾ ഇവയായിരുന്നു: മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ. 4 അതുകൊണ്ട്, അവർ പുരോഹിതനായ എലെയാസരിന്റെയും+ നൂന്റെ മകനായ യോശുവയുടെയും തലവന്മാരുടെയും അടുത്ത് വന്ന് പറഞ്ഞു: “യഹോവയാണു ഞങ്ങളുടെ സഹോദരന്മാർക്കിടയിൽ ഞങ്ങൾക്ക് അവകാശം നൽകണമെന്നു+ മോശയോടു കല്പിച്ചത്.” അങ്ങനെ, യഹോവയുടെ ആജ്ഞപോലെ, അവരുടെ അപ്പന്റെ സഹോദരന്മാർക്കിടയിൽ യോശുവ അവർക്ക് അവകാശം കൊടുത്തു.+
5 യോർദാനു മറുകരയുള്ള* ഗിലെയാദും ബാശാനും കൂടാതെ പത്തു പങ്കുകൂടെ മനശ്ശെക്കു കിട്ടി.+ 6 കാരണം, മനശ്ശെയുടെ ആൺമക്കളുടെകൂടെ പെൺമക്കൾക്കും അവകാശം കിട്ടിയിരുന്നു. ഗിലെയാദ് ദേശം മനശ്ശെയുടെ വംശജരിൽ ബാക്കിയുള്ളവരുടെ അവകാശമായി.
7 മനശ്ശെയുടെ അതിർത്തി ആശേർ മുതൽ ശെഖേമിന്+ അഭിമുഖമായുള്ള മിഖ്മെഥാത്ത്+ വരെ എത്തി. അതു തെക്കോട്ട്* ഏൻ-തപ്പൂഹനിവാസികളുടെ ദേശംവരെ ചെന്നു. 8 തപ്പൂഹ ദേശം+ മനശ്ശെക്കു കിട്ടി. പക്ഷേ, മനശ്ശെയുടെ അതിർത്തിയിലുള്ള തപ്പൂഹ നഗരം എഫ്രയീമ്യരുടേതായിരുന്നു. 9 അതിർത്തി അവിടെനിന്ന് തെക്കോട്ട് ഇറങ്ങി കാനെ നീർച്ചാലിലേക്കു ചെന്നു. മനശ്ശെയുടെ നഗരങ്ങൾക്കിടയിൽ എഫ്രയീമിനു നഗരങ്ങളുണ്ടായിരുന്നു.+ മനശ്ശെയുടെ അതിർത്തി നീർച്ചാലിന്റെ വടക്കായിരുന്നു. ഒടുവിൽ അതു കടലിൽ ചെന്ന് അവസാനിച്ചു.+ 10 തെക്കോട്ടുള്ള ഭാഗം എഫ്രയീമിന്റേതും വടക്കോട്ടുള്ള ഭാഗം മനശ്ശെയുടേതും ആയിരുന്നു. മനശ്ശെയുടെ അതിർത്തി കടലായിരുന്നു.+ അവർ* വടക്ക് ആശേർ വരെയും കിഴക്ക് യിസ്സാഖാർ വരെയും എത്തി.
11 യിസ്സാഖാരിന്റെയും ആശേരിന്റെയും പ്രദേശങ്ങളിൽ ബേത്ത്-ശെയാനും അതിന്റെ ആശ്രിതപട്ടണങ്ങളും* യിബ്ലെയാമും+ അതിന്റെ ആശ്രിതപട്ടണങ്ങളും ദോരിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും ഏൻ-ദോരിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും താനാക്കിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും മെഗിദ്ദോയിലെ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും മനശ്ശെയുടേതായി. അവർക്കു മൂന്നു കുന്നിൻപ്രദേശങ്ങൾ കിട്ടി.
12 പക്ഷേ, മനശ്ശെയുടെ വംശജർക്ക് ഈ നഗരങ്ങൾ കൈവശമാക്കാൻ സാധിച്ചില്ല. കനാന്യർ അവിടം വിട്ട് പോകാൻ കൂട്ടാക്കാതെ അവിടെത്തന്നെ കഴിഞ്ഞു.+ 13 ഇസ്രായേല്യർ ശക്തരായപ്പോൾ കനാന്യരെക്കൊണ്ട് നിർബന്ധിതജോലി ചെയ്യിച്ചു.+ പക്ഷേ, അവർ അവരെ പരിപൂർണമായി നീക്കിക്കളഞ്ഞില്ല.*+
14 യോസേഫിന്റെ വംശജർ യോശുവയോടു പറഞ്ഞു: “എന്തുകൊണ്ടാണ് അങ്ങ് ഞങ്ങൾക്ക്* അവകാശമായി ഒരു വീതവും ഒരു പങ്കും മാത്രം തന്നത്?+ യഹോവ ഞങ്ങളെ ഇതുവരെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് ഞങ്ങളുടെ ആളുകൾ അസംഖ്യമാണ്.”+ 15 അപ്പോൾ യോശുവ പറഞ്ഞു: “നിങ്ങളുടെ ആളുകൾ അത്ര അധികമുണ്ടെങ്കിൽ പെരിസ്യരുടെയും+ രഫായീമ്യരുടെയും+ ദേശത്തെ വനത്തിൽ ചെന്ന് നിങ്ങൾ സ്ഥലം വെട്ടിത്തെളിച്ച് എടുത്തുകൊള്ളുക. എഫ്രയീംമലനാടിനു+ നിങ്ങളെ ഉൾക്കൊള്ളാൻ മാത്രം വിസ്തൃതിയില്ലല്ലോ.” 16 അപ്പോൾ യോസേഫിന്റെ വംശജർ പറഞ്ഞു: “മലനാടു ഞങ്ങൾക്കു പോരാ. ഇനി, ബേത്ത്-ശെയാനിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും ജസ്രീൽ താഴ്വരയിലും+ താമസിക്കുന്ന, താഴ്വാരപ്രദേശത്തെ കനാന്യരുടെ കാര്യത്തിലാണെങ്കിൽ, ഇരുമ്പരിവാൾ പിടിപ്പിച്ച യുദ്ധരഥങ്ങൾ* അവർക്കെല്ലാമുണ്ട്.”+ 17 അതുകൊണ്ട്, യോശുവ യോസേഫിന്റെ ഭവനത്തോട്, എഫ്രയീമിനോടും മനശ്ശെയോടും, പറഞ്ഞു: “നിങ്ങൾ അസംഖ്യം ആളുകളുണ്ട്. നിങ്ങൾക്കു മഹാശക്തിയുമുണ്ട്. നിങ്ങൾക്കു കിട്ടുന്നതു വെറും ഒരു പങ്കായിരിക്കില്ല.+ 18 മലനാടും നിങ്ങൾക്കുള്ളതാണ്.+ അതു വനമാണെങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കും. അതു നിങ്ങളുടെ പ്രദേശത്തിന്റെ അറ്റമായിരിക്കും. കനാന്യർ ശക്തരും ഇരുമ്പരിവാൾ പിടിപ്പിച്ച യുദ്ധരഥങ്ങളുള്ളവരും ആണെങ്കിലും നിങ്ങൾ അവരെ തുരത്തിയോടിക്കും.”+
18 ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്+ ഇസ്രായേല്യസമൂഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചുകൂടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+ 2 പക്ഷേ, അവകാശം ഭാഗിച്ച് കിട്ടാത്ത ഏഴു ഗോത്രം ഇസ്രായേല്യരിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു. 3 അതുകൊണ്ട്, യോശുവ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന ദേശത്തേക്കു പോയി അതു കൈവശമാക്കുന്ന കാര്യത്തിൽ നിങ്ങൾ ഇനിയും എത്ര കാലം അനാസ്ഥ കാണിക്കും?+ 4 ഓരോ ഗോത്രത്തിൽനിന്നും മൂന്നു പേരെ എനിക്കു തരൂ; ഞാൻ അവരെ അയയ്ക്കാം. അവർ പോയി ദേശം മുഴുവൻ നടന്ന്, പ്രദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തണം. അവർക്ക് അവകാശം വീതിച്ച് കൊടുക്കാൻ കഴിയുന്ന രീതിയിൽ വേണം അവർ അതു ചെയ്യാൻ. എന്നിട്ട് എന്റെ അടുത്ത് മടങ്ങിവരണം. 5 അത് ഏഴ് ഓഹരികളായി അവർ വിഭാഗിക്കണം.+ യഹൂദ തെക്ക് തന്റെ പ്രദേശത്തും+ യോസേഫിന്റെ ഭവനം വടക്ക് അവരുടെ പ്രദേശത്തും തുടരും.+ 6 നിങ്ങൾ പ്രദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തി അത് ഏഴ് ഓഹരിയാക്കി ഇവിടെ എന്റെ അടുത്ത് കൊണ്ടുവരണം. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് നിങ്ങൾക്കുവേണ്ടി നറുക്കിടും.+ 7 പക്ഷേ, ലേവ്യർക്കു നിങ്ങളുടെ ഇടയിൽ ഓഹരി നൽകില്ല.+ കാരണം, യഹോവയുടെ പൗരോഹിത്യമാണ് അവരുടെ അവകാശം.+ ഇനി, ഗാദും രൂബേനും മനശ്ശെയുടെ പാതി ഗോത്രവും+ ആകട്ടെ യഹോവയുടെ ദാസനായ മോശ അവർക്കു കൊടുത്ത അവകാശം ഇതിനോടകംതന്നെ യോർദാനു കിഴക്ക് സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു.”
8 ആ പുരുഷന്മാർ പോകാൻ തയ്യാറെടുത്തു. ദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ പോകുന്ന അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “പോയി ദേശത്തിലൂടെ നടന്ന് അതിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ട് എന്റെ അടുത്ത് മടങ്ങിവരണം. ഞാൻ ഇവിടെ ശീലോയിൽ യഹോവയുടെ സന്നിധിയിൽവെച്ച്+ നിങ്ങൾക്കുവേണ്ടി നറുക്കിടും.” 9 അപ്പോൾ, ആ പുരുഷന്മാർ പോയി ദേശത്തിലൂടെ യാത്ര ചെയ്ത് നഗരമനുസരിച്ച് ദേശത്തിന്റെ വിശദവിവരങ്ങൾ ശേഖരിച്ച് അതിനെ ഏഴ് ഓഹരിയായി പുസ്തകത്തിൽ രേഖപ്പെടുത്തി. അതിനു ശേഷം, അവർ ശീലോപാളയത്തിൽ യോശുവയുടെ അടുത്ത് മടങ്ങിവന്നു. 10 തുടർന്ന്, യോശുവ ശീലോയിൽ യഹോവയുടെ സന്നിധിയിൽവെച്ച് അവർക്കുവേണ്ടി നറുക്കിട്ടു.+ അവിടെവെച്ച് യോശുവ ഇസ്രായേല്യർക്ക് അവർക്കുള്ള ഓഹരിയനുസരിച്ച് ദേശം വിഭാഗിച്ചുകൊടുത്തു.+
11 ബന്യാമീൻഗോത്രത്തിനു കുലമനുസരിച്ച് നറുക്കു വീണു. അവർക്കു നറുക്കിട്ട് കിട്ടിയ പ്രദേശം യഹൂദയുടെ ആളുകൾക്കും+ യോസേഫിന്റെ ആളുകൾക്കും+ ഇടയിലായിരുന്നു. 12 അവരുടെ വടക്കേ അതിർത്തി യോർദാനിൽ തുടങ്ങി യരീഹൊയുടെ+ വടക്കൻ ചെരിവിലേക്കും പടിഞ്ഞാറോട്ടു മലയിലേക്കും കയറി ബേത്ത്-ആവെൻവിജനഭൂമിയിലേക്കു+ ചെന്നു. 13 അവിടെനിന്ന് അതിർത്തി ബഥേൽ+ എന്ന ലുസിന്റെ തെക്കൻ ചെരിവിലേക്കു ചെന്ന് താഴേ ബേത്ത്-ഹോരോനു+ തെക്കുള്ള മലയിലെ അതെരോത്ത്-അദ്ദാരിലേക്ക്+ ഇറങ്ങി. 14 അതിർത്തി പടിഞ്ഞാറോട്ടു പോയി ബേത്ത്-ഹോരോനു തെക്ക് അതിന് അഭിമുഖമായുള്ള മലയിൽനിന്ന് തെക്കോട്ടു തിരിഞ്ഞു. എന്നിട്ട്, അത് യഹൂദയുടെ നഗരമായ കിര്യത്ത്-യയാരീം+ എന്ന കിര്യത്ത്-ബാലിൽ ചെന്ന് അവസാനിച്ചു. ഇതാണു പടിഞ്ഞാറുവശം.
15 തെക്കുവശത്തെ അതിർത്തി കിര്യത്ത്-യയാരീമിന്റെ അറ്റത്തുനിന്ന് തുടങ്ങി പടിഞ്ഞാറോട്ടു ചെന്നു. അതു നെപ്തോഹനീരുറവിന്റെ+ ഉറവിടംവരെ എത്തി. 16 പിന്നെ, അതു ബൻ-ഹിന്നോം താഴ്വരയ്ക്ക്*+ അഭിമുഖമായും രഫായീം+ താഴ്വരയിൽ അതിന്റെ വടക്കായും സ്ഥിതിചെയ്യുന്ന മലയുടെ അടിവാരത്തേക്ക് ഇറങ്ങി. തുടർന്ന്, അതു ഹിന്നോം താഴ്വരയിലേക്ക്, അതായത് യബൂസ്യരുടെ+ തെക്കേ ചെരിവിലേക്ക്, ചെന്ന് അവിടെനിന്ന് ഏൻ-രോഗേലിലേക്ക്+ ഇറങ്ങി. 17 അതിനു ശേഷം, അതു വടക്കോട്ട് ഏൻ-ശേമെശിലേക്കും തുടർന്ന് അദുമ്മീംകയറ്റത്തിന്റെ+ മുന്നിലുള്ള ഗലീലോത്തിലേക്കും ചെന്നു. അത് അവിടെനിന്ന് ഇറങ്ങി രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ+ എത്തി.+ 18 എന്നിട്ട്, അത് അരാബയ്ക്കു മുന്നിലുള്ള വടക്കൻ ചെരിവിൽ ചെന്ന് അരാബയിലേക്ക് ഇറങ്ങി. 19 തുടർന്ന്, അതു ബേത്ത്-ഹൊഗ്ലയുടെ+ വടക്കൻ ചെരിവിലേക്കു ചെന്ന് ഉപ്പുകടലിന്റെ* വടക്കേ അറ്റത്തുള്ള ഉൾക്കടലിന് അടുത്ത് യോർദാന്റെ തെക്കേ അറ്റത്ത് അവസാനിച്ചു.+ ഇതായിരുന്നു തെക്കൻ അതിർത്തി. 20 കിഴക്കുവശത്തെ അതിർത്തി യോർദാനായിരുന്നു. ബന്യാമീന്റെ വംശജർക്ക് അവരുടെ കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർത്തികളായിരുന്നു ഇവ.
21 ബന്യാമീൻഗോത്രത്തിനു കുലമനുസരിച്ച് കിട്ടിയ നഗരങ്ങൾ ഇവയായിരുന്നു: യരീഹൊ, ബേത്ത്-ഹൊഗ്ല, ഏമെക്ക്-കെസീസ്, 22 ബേത്ത്-അരാബ,+ സെമരായീം, ബഥേൽ,+ 23 അവ്വീം, പാര, ഒഫ്ര, 24 കെഫാർ-അമ്മോനി, ഒഫ്നി, ഗേബ.+ അങ്ങനെ 12 നഗരവും അവയുടെ ഗ്രാമങ്ങളും.
25 ഗിബെയോൻ,+ രാമ, ബേരോത്ത്, 26 മിസ്പെ, കെഫീര, മോസ, 27 രേക്കെം, യിർപ്പേൽ, തരല, 28 സെലാ,+ ഹാ-എലെഫ്, യരുശലേം എന്ന യബൂസ്യനഗരം,+ ഗിബെയ,+ കിര്യത്ത് എന്നിങ്ങനെ 14 നഗരവും അവയുടെ ഗ്രാമങ്ങളും.
ഇതായിരുന്നു ബന്യാമീന്റെ വംശജർക്ക് അവരുടെ കുലമനുസരിച്ച് കിട്ടിയ അവകാശം.
19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+ 2 അവരുടെ അവകാശം ശേബ ഉൾപ്പെടെ ബേർ-ശേബ,+ മോലാദ,+ 3 ഹസർ-ശൂവാൽ,+ ബാലെ, ഏസെം,+ 4 എൽതോലദ്,+ ബേഥൂൽ, ഹോർമ, 5 സിക്ലാഗ്,+ ബേത്ത്-മർക്കാബോത്ത്, ഹസർസൂസ, 6 ബേത്ത്-ലബായോത്ത്,+ ശാരൂഹെൻ എന്നിങ്ങനെ 13 നഗരവും അവയുടെ ഗ്രാമങ്ങളും 7 അയീൻ, രിമ്മോൻ, ഏഥെർ, ആഷാൻ+ എന്നിങ്ങനെ നാലു നഗരവും അവയുടെ ഗ്രാമങ്ങളും 8 കൂടാതെ, ഈ നഗരങ്ങളുടെ ചുറ്റുമായി ബാലത്ത്-ബേർ വരെ, അതായത് തെക്കുള്ള രാമ വരെ, ഉള്ള എല്ലാ ഗ്രാമങ്ങളും ആയിരുന്നു. ഇതായിരുന്നു കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുള്ള അവകാശം. 9 ശിമെയോൻവംശജരുടെ അവകാശം യഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തതായിരുന്നു. കാരണം, യഹൂദയുടെ ഓഹരി അവർക്ക് ആവശ്യമായിരുന്നതിലും വളരെ കൂടുതലായിരുന്നു. അതുകൊണ്ട്, അവരുടെ അവകാശത്തിന് ഇടയിൽ ശിമെയോൻവംശജർക്ക് അവകാശം കിട്ടി.+
10 മൂന്നാമത്തെ നറുക്കു+ കുലമനുസരിച്ച് സെബുലൂൻവംശജർക്കു+ വീണു. അവരുടെ അവകാശത്തിന്റെ അതിർത്തി സാരീദ് വരെ ചെന്നു. 11 അതു പടിഞ്ഞാറോട്ടു മാരയാലിലേക്കു കയറി ദബ്ബേശെത്ത് വരെ എത്തി. തുടർന്ന്, അതു യൊക്നെയാമിനു മുന്നിലുള്ള താഴ്വരയിലേക്കു* ചെന്നു. 12 സാരീദിൽനിന്ന് അതു സൂര്യോദയദിശയിൽ കിഴക്കോട്ടു പോയി കിസ്ലോത്ത്-താബോരിന്റെ അതിർത്തിയിൽ ചെന്ന് ദാബെരത്തിലെത്തി+ യാഫീയയിലേക്കു കയറി. 13 അവിടെനിന്ന് അതു വീണ്ടും സൂര്യോദയദിശയിൽ കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും+ ഏത്ത്-കാസീനിലേക്കും രിമ്മോനിലേക്കും ചെന്ന് നേയ വരെ എത്തി. 14 അതിർത്തി ഇവിടെനിന്ന് തിരിഞ്ഞ് വടക്കുവശത്തുകൂടി ഹന്നാഥോനിൽ ചെന്ന് യിഫ്താഹ്-ഏൽ താഴ്വരയിൽ അവസാനിച്ചു. 15 കൂടാതെ കത്താത്ത്, നഹലാൽ, ശിമ്രോൻ,+ യിദല, ബേത്ത്ലെഹെം+ എന്നിവയും അതിൽ ഉൾപ്പെടുന്നു. അങ്ങനെ ആകെ 12 നഗരവും അവയുടെ ഗ്രാമങ്ങളും. 16 ഇവയായിരുന്നു സെബുലൂൻവംശജർക്കു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
17 നാലാമത്തെ നറുക്കു+ യിസ്സാഖാരിന്,+ കുലമനുസരിച്ച് യിസ്സാഖാർവംശജർക്ക്, വീണു. 18 അവരുടെ അതിർത്തി ജസ്രീൽ,+ കെസുല്ലോത്ത്, ശൂനേം,+ 19 ഹഫാരയീം, ശീയോൻ, അനാഹരാത്ത്, 20 രബ്ബിത്ത്, കിശ്യോൻ, ഏബെസ്, 21 രേമെത്ത്, ഏൻ-ഗന്നീം,+ ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവയായിരുന്നു. 22 അതിർത്തി താബോർ,+ ശഹസൂമ, ബേത്ത്-ശേമെശ് എന്നിവിടങ്ങൾ വഴി ചെന്ന് യോർദാനിൽ അവസാനിച്ചു. അങ്ങനെ, ആകെ 16 നഗരവും അവയുടെ ഗ്രാമങ്ങളും. 23 ഇവയായിരുന്നു യിസ്സാഖാർഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
24 അഞ്ചാമത്തെ നറുക്കു+ കുലമനുസരിച്ച് ആശേർഗോത്രത്തിനു+ വീണു. 25 അവരുടെ അതിർത്തി ഹെൽക്കത്ത്,+ ഹലി, ബേതെൻ, അക്ക്ശാഫ്, 26 അല്ലമേലെക്ക്, അമാദ്, മിശാൽ എന്നിവയായിരുന്നു. അതു പടിഞ്ഞാറോട്ടു കർമേലിലേക്കും+ ശീഹോർ-ലിബ്നാത്തിലേക്കും എത്തി. 27 കിഴക്ക് അതു ബേത്ത്-ദാഗോനിലേക്കു പോയി സെബുലൂൻ വരെയും യിഫ്താഹ്-ഏൽ താഴ്വരയുടെ വടക്കുഭാഗം വരെയും ചെന്നു. പിന്നെ, അതു ബേത്ത്-ഏമെക്കിലേക്കും നെയീയേലിലേക്കും ചെന്ന് കാബൂലിന്റെ ഇടതുവശംവരെ എത്തി. 28 തുടർന്ന്, അത് എബ്രോൻ, രഹോബ്, ഹമ്മോൻ, കാനെ എന്നിവയിലൂടെ സീദോൻ+ മഹാനഗരംവരെ ചെന്നു. 29 അവിടെനിന്ന് അതിർത്തി, തിരിഞ്ഞ് രാമയിലേക്കും കോട്ടമതിലുള്ള നഗരമായ സോരിലേക്കും,+ തുടർന്ന് ഹോസയിലേക്കും ചെന്ന് അക്കസീബ്, 30 ഉമ്മ, അഫേക്ക്,+ രഹോബ്+ എന്നിവയ്ക്കടുത്ത് കടലിൽ അവസാനിച്ചു. അങ്ങനെ, ആകെ 22 നഗരവും അവയുടെ ഗ്രാമങ്ങളും. 31 ഇവയായിരുന്നു ആശേർഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
32 ആറാമത്തെ നറുക്കു+ കുലമനുസരിച്ച് നഫ്താലിവംശജർക്കു വീണു. 33 അവരുടെ അതിർത്തി ഹേലെഫിലും സാനന്നീമിലെ വലിയ വൃക്ഷത്തിന് അടുത്തും+ തുടങ്ങി അദാമീ-നേക്കെബ്, യബ്നേൽ എന്നിവിടങ്ങളിലൂടെ ലക്കൂം വരെ എത്തി. ഒടുവിൽ അതു യോർദാനിൽ അവസാനിച്ചു. 34 പടിഞ്ഞാറ് അത് അസ്നോത്ത്-താബോരിലേക്കു ചെന്ന് ഹുക്കോക്ക് വരെ എത്തി. അതു തെക്ക് സെബുലൂൻ വരെയും പടിഞ്ഞാറ് ആശേർ വരെയും കിഴക്ക് യോർദാനു സമീപമുള്ള യഹൂദ വരെയും ചെന്നു. 35 കോട്ടമതിലുള്ള നഗരങ്ങൾ സിദ്ദീം, സേർ, ഹമാത്ത്,+ രക്കത്ത്, കിന്നേരെത്ത്, 36 അദമ, രാമ, ഹാസോർ,+ 37 കേദെശ്,+ എദ്രെ, ഏൻ-ഹാസോർ, 38 യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ്+ എന്നിവയായിരുന്നു. ആകെ 19 നഗരവും അവയുടെ ഗ്രാമങ്ങളും. 39 ഇവയായിരുന്നു നഫ്താലിഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
40 ഏഴാമത്തെ നറുക്കു+ കുലമനുസരിച്ച് ദാൻഗോത്രത്തിനു+ വീണു. 41 അവരുടെ അവകാശത്തിന്റെ അതിർത്തി സൊര,+ എസ്തായോൽ, ഈർ-ശേമെശ്, 42 ശാലബ്ബീൻ,+ അയ്യാലോൻ,+ യിത്ള, 43 ഏലോൻ, തിമ്ന,+ എക്രോൻ,+ 44 എൽതെക്കെ, ഗിബ്ബെഥോൻ,+ ബാലാത്ത്, 45 യിഹൂദ്, ബനേ-ബരാക്ക്, ഗത്ത്-രിമ്മോൻ,+ 46 മേയർക്കോൻ, രക്കോൻ എന്നിവയായിരുന്നു. യോപ്പയ്ക്ക്+ അഭിമുഖമായിട്ടായിരുന്നു അവരുടെ അതിർത്തി. 47 പക്ഷേ, ദാന്റെ പ്രദേശത്തിന് അവരെ ഉൾക്കൊള്ളാൻമാത്രം വിസ്തൃതിയില്ലായിരുന്നു.+ അതുകൊണ്ട്, അവർ ലേശെമിനു+ നേർക്കു ചെന്ന് അതിനോടു പോരാടി. അവർ അതിനെ പിടിച്ചടക്കി വാളിന് ഇരയാക്കി. തുടർന്ന്, അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു. അവർ ലേശെമിന്റെ പേര് മാറ്റി അതിനു ദാൻ എന്നു പേരിട്ടു; അവരുടെ പൂർവികന്റെ പേരായിരുന്നു ദാൻ.+ 48 ഇവയായിരുന്നു ദാൻഗോത്രത്തിനു കുലമനുസരിച്ച് അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
49 അങ്ങനെ, അവകാശം കൊടുക്കാൻ ദേശം പല പ്രദേശങ്ങളായി വിഭാഗിക്കുന്നത് അവർ പൂർത്തിയാക്കി. തുടർന്ന് ഇസ്രായേല്യർ, നൂന്റെ മകനായ യോശുവയ്ക്ക് അവരുടെ ഇടയിൽ അവകാശം കൊടുത്തു. 50 യഹോവയുടെ ആജ്ഞയനുസരിച്ച്, യോശുവ ചോദിച്ച നഗരംതന്നെ അവർ കൊടുത്തു. എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ്+ ആയിരുന്നു അത്. യോശുവ ആ നഗരം വീണ്ടും പണിത് അവിടെ താമസമാക്കി.
51 ഇവയായിരുന്നു പുരോഹിതനായ എലെയാസരും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരും ചേർന്ന് ശീലോയിൽ+ യഹോവയുടെ സന്നിധിയിൽ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്+ നറുക്കിട്ട് കൊടുത്ത+ അവകാശങ്ങൾ. അങ്ങനെ, അവർ ദേശം വിഭാഗിക്കുന്നതു പൂർത്തിയാക്കി.
20 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: 2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘മോശയിലൂടെ ഞാൻ നിങ്ങളോടു പറഞ്ഞ അഭയനഗരങ്ങൾ+ തിരഞ്ഞെടുക്കുക. 3 ഒരാൾ മനഃപൂർവമല്ലാതെയോ അബദ്ധവശാലോ* ആരെയെങ്കിലും കൊന്നാൽ* ആ കൊലയാളിക്ക് അങ്ങോട്ട് ഓടിപ്പോകാം. രക്തത്തിനു പകരം ചോദിക്കുന്നവനിൽനിന്ന്+ അവ നിങ്ങൾക്ക് അഭയം തരും. 4 കൊലയാളി ഈ നഗരങ്ങളിൽ ഏതിലേക്കെങ്കിലും ഓടിച്ചെന്ന്+ നഗരകവാടത്തിന്+ അടുത്ത് നിന്ന് തനിക്കു പറയാനുള്ളത് ആ നഗരത്തിലെ മൂപ്പന്മാരെ അറിയിക്കണം. അപ്പോൾ അവർ അവനെ കൈക്കൊണ്ട് നഗരത്തിനുള്ളിൽ കൊണ്ടുപോയി താമസിക്കാൻ ഒരിടം നൽകണം. അവൻ അവരുടെകൂടെ കഴിയും. 5 രക്തത്തിനു പകരം ചോദിക്കുന്നവൻ പിന്തുടർന്ന് വരുന്നെങ്കിൽ അവർ കൊലയാളിയെ അയാളുടെ കൈയിൽ ഏൽപ്പിക്കരുത്. കാരണം, അബദ്ധവശാലാണു കൊലയാളി സഹമനുഷ്യനെ കൊന്നത്. കൊലയാളിക്കു കൊല്ലപ്പെട്ടവനോടു മുൻവൈരാഗ്യം ഉണ്ടായിരുന്നുമില്ല.+ 6 സമൂഹത്തിന്റെ മുമ്പാകെ വിചാരണയ്ക്കായി നിൽക്കുന്നതുവരെ+ കൊലയാളി ആ നഗരത്തിൽ താമസിക്കണം. അപ്പോഴുള്ള മഹാപുരോഹിതന്റെ മരണംവരെ കൊലയാളി അവിടെത്തന്നെ കഴിയുകയും വേണം.+ അതിനു ശേഷം, കൊലയാളിക്കു താൻ വിട്ട് ഓടിപ്പോന്ന നഗരത്തിലേക്കു മടങ്ങിപ്പോകാം. തന്റെ നഗരത്തിലും വീട്ടിലും പ്രവേശിക്കാൻ പിന്നെ അവനു വിലക്കില്ല.’”+
7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.* 8 യരീഹൊയ്ക്കു കിഴക്കുള്ള യോർദാൻപ്രദേശത്ത് അവർ തിരഞ്ഞെടുത്തതാകട്ടെ, രൂബേൻഗോത്രത്തിൽനിന്ന് പീഠഭൂമിയിലെ വിജനഭൂമിയിലുള്ള ബേസെർ,+ ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്ത്,+ മനശ്ശെഗോത്രത്തിൽനിന്ന് ബാശാനിലെ ഗോലാൻ+ എന്നിവയായിരുന്നു.+
9 ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ ഓടിച്ചെല്ലാനും+ സഭയുടെ മുമ്പാകെ+ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് രക്തത്തിനു പകരം ചോദിക്കുന്നവന്റെ കൈയാൽ കൊല്ലപ്പെടാതിരിക്കാനും വേണ്ടി എല്ലാ ഇസ്രായേല്യർക്കും അവരുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശികൾക്കും നിയമിച്ചുകൊടുത്ത നഗരങ്ങളാണ് ഇവ.
21 ഇപ്പോൾ, ലേവ്യരുടെ പിതൃഭവനത്തലവന്മാർ പുരോഹിതനായ എലെയാസരിനെയും+ നൂന്റെ മകനായ യോശുവയെയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരെയും സമീപിച്ച് 2 കനാൻ ദേശത്തെ ശീലോയിൽവെച്ച്+ അവരോട്, “ഞങ്ങൾക്കു താമസിക്കാൻ നഗരങ്ങളും ഞങ്ങളുടെ മൃഗങ്ങൾക്കുവേണ്ടി ആ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങളും തരണമെന്ന് യഹോവ മോശയിലൂടെ കല്പിച്ചിട്ടുണ്ടല്ലോ”+ എന്നു പറഞ്ഞു. 3 അതുകൊണ്ട്, ഇസ്രായേല്യർ യഹോവയുടെ ആജ്ഞപോലെ അവരവരുടെ അവകാശത്തിൽനിന്ന് ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലേവ്യർക്കു കൊടുത്തു.+
4 കൊഹാത്യകുടുംബങ്ങൾക്കു+ നറുക്കു വീണു. പുരോഹിതനായ അഹരോന്റെ വംശജരായ ലേവ്യർക്ക് യഹൂദ,+ ശിമെയോൻ,+ ബന്യാമീൻ+ എന്നീ ഗോത്രങ്ങളിൽനിന്ന് 13 നഗരം നറുക്കിട്ട് കൊടുത്തു.
5 ബാക്കി കൊഹാത്യർക്ക് എഫ്രയീം,+ ദാൻ എന്നീ ഗോത്രങ്ങളിലെയും മനശ്ശെയുടെ പാതി ഗോത്രത്തിലെയും കുടുംബങ്ങളുടെ അവകാശത്തിൽനിന്ന് പത്തു നഗരം കൊടുത്തു.*+
6 ഗർശോന്യർക്ക്+ യിസ്സാഖാർ, ആശേർ, നഫ്താലി എന്നീ ഗോത്രങ്ങളിലെയും ബാശാനിലുള്ള മനശ്ശെയുടെ പാതി ഗോത്രത്തിലെയും കുടുംബങ്ങളുടെ അവകാശത്തിൽനിന്ന് 13 നഗരം കൊടുത്തു.+
7 മെരാര്യർക്കു+ കുടുംബമനുസരിച്ച് രൂബേൻ, ഗാദ്, സെബുലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് 12 നഗരം കിട്ടി.+
8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു.
9 യഹൂദ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽനിന്ന് ഇവിടെ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഈ നഗരങ്ങൾ+ അവർ കൊടുത്തു. 10 ആദ്യത്തെ നറുക്കു ലേവ്യരിലെ കൊഹാത്യകുടുംബങ്ങളിൽപ്പെട്ട അഹരോന്റെ പുത്രന്മാർക്കു വീണതുകൊണ്ട് അവർക്കാണ് അവ കിട്ടിയത്. 11 അവർ അവർക്ക് യഹൂദാമലനാട്ടിലെ ഹെബ്രോൻ+ എന്ന കിര്യത്ത്-അർബയും+ (അനാക്കിന്റെ അപ്പനായിരുന്നു അർബ.) അതിനു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളും കൊടുത്തു. 12 എന്നാൽ നഗരത്തിനു ചുറ്റുമുള്ള നിലവും അതിന്റെ ഗ്രാമങ്ങളും അവർ യഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.+
13 അവർ പുരോഹിതനായ അഹരോന്റെ പുത്രന്മാർക്ക്, കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ+ ഹെബ്രോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തതു കൂടാതെ ലിബ്നയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 14 യത്ഥീരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും എസ്തെമോവയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 15 ഹോലോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ദബീരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 16 അയീനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യൂതയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, ഈ രണ്ടു ഗോത്രത്തിൽനിന്ന് ഒൻപതു നഗരം അവർക്കു കിട്ടി.
17 ബന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗേബയും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 18 അനാഥോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അൽമോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
19 അഹരോന്റെ വംശജരായ പുരോഹിതന്മാർക്കു കൊടുത്തത് ആകെ 13 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും+ ആയിരുന്നു.
20 ലേവ്യരിലെ ശേഷിച്ച കൊഹാത്യകുടുംബങ്ങൾക്ക് എഫ്രയീംഗോത്രത്തിൽനിന്ന് നഗരങ്ങൾ നറുക്കിട്ട് കൊടുത്തു. 21 അവർ അവർക്ക് എഫ്രയീംമലനാട്ടിൽ കൊലയാളിക്കുവേണ്ടിയുള്ള അഭയനഗരമായ+ ശേഖേമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗേസെരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 22 കിബ്സയീമും അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ഹോരോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
23 ദാൻഗോത്രത്തിൽനിന്ന് എൽതെക്കെയും അതിന്റെ മേച്ചിൽപ്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ മേച്ചിൽപ്പുറങ്ങളും 24 അയ്യാലോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
25 മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന് താനാക്കും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി.
26 ബാക്കി കൊഹാത്യകുടുംബങ്ങൾക്കു കിട്ടിയത് ആകെ പത്തു നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു.
27 ലേവ്യകുടുംബങ്ങളിലെ ഗർശോന്യർക്കു+ മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന്, കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ ബാശാനിലെ ഗോലാനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ബയെസ്തെരയും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി.
28 യിസ്സാഖാർഗോത്രത്തിൽനിന്ന്+ കിശ്യോനും അതിന്റെ മേച്ചിൽപ്പുറങ്ങളും ദാബെരത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 29 യർമൂത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
30 ആശേർഗോത്രത്തിൽനിന്ന്+ മിശാലും അതിന്റെ മേച്ചിൽപ്പുറങ്ങളും അബ്ദോനും അതിന്റെ മേച്ചിൽപ്പുറങ്ങളും 31 ഹെൽക്കത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും രഹോബും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
32 നഫ്താലിഗോത്രത്തിൽനിന്ന്, കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ+ ഗലീലയിലെ കേദെശും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ മേച്ചിൽപ്പുറങ്ങളും കർഥാനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, മൂന്നു നഗരം അവർക്കു കിട്ടി.
33 ഗർശോന്യർക്കു കുലമനുസരിച്ച് കൊടുത്തത് ആകെ 13 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു.
34 ലേവ്യരിൽ ശേഷിച്ചവരായ മെരാര്യകുടുംബങ്ങൾക്കു+ സെബുലൂൻഗോത്രത്തിൽനിന്ന്+ കിട്ടിയത് യൊക്നെയാമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കർഥയും അതിന്റെ മേച്ചിൽപ്പുറങ്ങളും 35 ദിംനയും അതിന്റെ മേച്ചിൽപ്പുറങ്ങളും നഹലാലും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
36 രൂബേൻഗോത്രത്തിൽനിന്ന് ബേസെരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യാഹാസും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 37 കെദേമോത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും മേഫാത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
38 ഗാദ്ഗോത്രത്തിൽനിന്ന്,+ കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ ഗിലെയാദിലെ രാമോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും മഹനയീമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 39 ഹെശ്ബോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യസേരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
40 ലേവ്യകുടുംബങ്ങളിൽ ശേഷിച്ച മെരാര്യർക്കു കുടുംബമനുസരിച്ച് കൊടുത്തത് ആകെ 12 നഗരമായിരുന്നു.
41 ഇസ്രായേല്യരുടെ അവകാശത്തിനുള്ളിൽ ലേവ്യർക്കുണ്ടായിരുന്നത് ആകെ 48 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു.+ 42 ഈ ഓരോ നഗരത്തിനും ചുറ്റോടുചുറ്റും മേച്ചിൽപ്പുറങ്ങളുണ്ടായിരുന്നു. ഈ നഗരങ്ങൾക്കെല്ലാം അങ്ങനെതന്നെയുണ്ടായിരുന്നു.
43 അങ്ങനെ, ഇസ്രായേല്യരുടെ പൂർവികർക്കു നൽകുമെന്നു സത്യം ചെയ്ത ദേശമെല്ലാം യഹോവ ഇസ്രായേലിനു കൊടുത്തു.+ അവർ അതു കൈവശമാക്കി അവിടെ താമസമുറപ്പിച്ചു.+ 44 കൂടാതെ, യഹോവ അവരുടെ പൂർവികരോടു സത്യം ചെയ്തതുപോലെ ചുറ്റുമുള്ളവരിൽനിന്നെല്ലാം അവർക്കു സ്വസ്ഥത കൊടുത്തു.+ അവരോടു ചെറുത്തുനിൽക്കാൻ ശത്രുക്കൾക്കാർക്കും കഴിഞ്ഞില്ല.+ അവരെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ 45 ഇസ്രായേൽഗൃഹത്തിന് യഹോവ കൊടുത്ത നല്ല വാഗ്ദാനങ്ങളെല്ലാം നിറവേറി. അവയിൽ ഒന്നുപോലും* നിറവേറാതിരുന്നില്ല.+
22 പിന്നെ, യോശുവ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും വിളിച്ചുകൂട്ടി 2 അവരോടു പറഞ്ഞു: “യഹോവയുടെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങൾ ചെയ്തിരിക്കുന്നു.+ ഞാൻ നിങ്ങളോടു കല്പിച്ച കാര്യങ്ങളെല്ലാം നിങ്ങൾ കേട്ടനുസരിച്ചിട്ടുമുണ്ട്.+ 3 ഇന്നേവരെ ഒരിക്കലും നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ കൈവെടിഞ്ഞിട്ടില്ല.+ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന അനുസരിക്കാനുള്ള കടപ്പാടു നിങ്ങൾ നിറവേറ്റിയിരിക്കുന്നു.+ 4 ഇപ്പോൾ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാരോടു വാഗ്ദാനം ചെയ്തതുപോലെതന്നെ അവർക്കു സ്വസ്ഥത കൊടുത്തു.+ അതുകൊണ്ട്, യോർദാന്റെ മറുകരയിൽ* യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു കൈവശമാക്കാൻ തന്ന ദേശത്തുള്ള നിങ്ങളുടെ കൂടാരങ്ങളിലേക്കു നിങ്ങൾക്ക് ഇപ്പോൾ മടങ്ങിപ്പോകാം.+ 5 പക്ഷേ, നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും+ ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കുകയും വേണം.+ ദൈവത്തിന്റെ കല്പനകൾ എല്ലാം പാലിച്ച്+ ദൈവത്തോടു പറ്റിനിൽക്കണം.+ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടെയും നിങ്ങളുടെ മുഴുദേഹിയോടെയും*+ ദൈവത്തെ സേവിക്കണം.+ അങ്ങനെ, യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു തന്ന നിയമവും കല്പനയും അനുസരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.”+
6 പിന്നെ, യോശുവ അവരെ അനുഗ്രഹിച്ച് യാത്രയാക്കി. അവരോ അവരുടെ കൂടാരങ്ങളിലേക്കു പോയി. 7 മനശ്ശെയുടെ പാതി ഗോത്രത്തിനു മോശ ബാശാനിൽ+ അവകാശം കൊടുത്തിരുന്നു. മറ്റേ പാതി ഗോത്രത്തിന് അവരുടെ സഹോദരന്മാരുടെകൂടെ യോശുവ യോർദാനു പടിഞ്ഞാറ് സ്ഥലം കൊടുത്തു.+ അതിനു പുറമേ, യോശുവ അവരെ തങ്ങളുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചപ്പോൾ അവരെ അനുഗ്രഹിച്ച് 8 ഇങ്ങനെ പറയുകയും ചെയ്തു: “ധാരാളം സമ്പത്ത്, വളരെയധികം മൃഗങ്ങൾ, അനവധി വസ്ത്രങ്ങൾ, സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവയെല്ലാംകൊണ്ട് നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങുക.+ ശത്രുക്കളെ കൊള്ളയടിച്ച് കിട്ടിയതു+ നിങ്ങളും സഹോദരന്മാരും വീതിച്ച് എടുത്തുകൊള്ളുക.”
9 അതിനു ശേഷം, രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും മറ്റ് ഇസ്രായേല്യരെ വിട്ട് കനാൻ ദേശത്തെ ശീലോയിൽനിന്ന് യാത്രയായി. മോശയിലൂടെ യഹോവ കല്പിച്ചതനുസരിച്ച്+ അവർ താമസമാക്കിയിരുന്ന അവരുടെ അവകാശദേശമായ ഗിലെയാദ് ദേശത്തേക്ക് അവർ മടങ്ങിപ്പോയി.+ 10 കനാൻ ദേശത്തെ യോർദാൻപ്രദേശത്ത് എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും അവിടെ യോർദാനു സമീപം ഒരു യാഗപീഠം പണിതു, വലുതും ഗംഭീരവും ആയ ഒരു യാഗപീഠം! 11 പിന്നീട്, മറ്റ് ഇസ്രായേല്യരുടെ അടുത്ത് ഈ വാർത്ത+ എത്തി: “ഇതാ! രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും കനാൻ ദേശത്തിന്റെ അതിർത്തിയിൽ യോർദാൻപ്രദേശത്ത്, ഇസ്രായേല്യർക്ക് അവകാശപ്പെട്ട പടിഞ്ഞാറുവശത്ത്, ഒരു യാഗപീഠം പണിതിരിക്കുന്നു.” 12 ഇതു കേട്ട ഇസ്രായേല്യസമൂഹം മുഴുവനും അവരോടു യുദ്ധത്തിനു പോകാൻ ശീലോയിൽ+ ഒന്നിച്ചുകൂടി.
13 പിന്നെ, ഇസ്രായേല്യർ പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസിനെ+ ഗിലെയാദ് ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതി ഗോത്രത്തിന്റെയും അടുത്തേക്ക് അയച്ചു. 14 എല്ലാ ഇസ്രായേൽഗോത്രങ്ങളുടെയും ഓരോ പിതൃഭവനത്തിൽനിന്നും ഒരു അധിപൻ വീതം പത്ത് അധിപന്മാർ ഫിനെഹാസിന്റെകൂടെയുണ്ടായിരുന്നു. അവരെല്ലാം ഇസ്രായേൽസഹസ്രങ്ങളിൽ* അവരവരുടെ പിതൃഭവനത്തിന്റെ തലവന്മാരായിരുന്നു.+ 15 അവർ ഗിലെയാദ് ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതി ഗോത്രത്തിന്റെയും അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു:
16 “യഹോവയുടെ സഭ ഒന്നടങ്കം ചോദിക്കുന്നു: ‘നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, ഇസ്രായേലിന്റെ ദൈവത്തോട് അവിശ്വസ്തത കാട്ടുന്നോ?+ നിങ്ങൾ നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം ഉണ്ടാക്കി യഹോവയെ ധിക്കരിച്ച് യഹോവയെ അനുഗമിക്കുന്നതിൽനിന്ന് ഇപ്പോൾ പിന്മാറിയിരിക്കുന്നു.+ 17 പെയോരിൽവെച്ച് ചെയ്ത തെറ്റുകൊണ്ടൊന്നും നമുക്കു മതിയായില്ലേ? യഹോവയുടെ ജനത്തിന്മേൽ ബാധ വന്നിട്ടുപോലും+ നമ്മൾ ആ തെറ്റിൽനിന്ന് നമ്മളെത്തന്നെ ഇന്നുവരെ ശുദ്ധീകരിച്ചിട്ടില്ല. 18 എന്നിട്ട്, ഇപ്പോൾ നിങ്ങൾ യഹോവയെ അനുഗമിക്കുന്നതിൽനിന്ന് പിന്മാറുന്നോ? ഇന്നു നിങ്ങൾ യഹോവയെ ധിക്കരിച്ചാൽ നാളെ ദൈവം ഇസ്രായേൽസമൂഹത്തോടു മുഴുവൻ കോപിക്കും.+ 19 ഇനി, നിങ്ങളുടെ അവകാശദേശം അശുദ്ധമാണെന്നു നിങ്ങൾക്കു തോന്നുന്നതാണു കാര്യമെങ്കിൽ അക്കരെ യഹോവയുടെ വിശുദ്ധകൂടാരം സ്ഥിതിചെയ്യുന്ന+ യഹോവയുടെ അവകാശദേശത്തേക്കു+ വന്ന് ഞങ്ങളുടെ ഇടയിൽ താമസമാക്കുക. പക്ഷേ, യഹോവയെ ധിക്കരിക്കുക മാത്രമരുത്. നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിനു പുറമേ നിങ്ങൾക്കുവേണ്ടി മറ്റൊരു യാഗപീഠം പണിത് ഞങ്ങളെയുംകൂടെ ധിക്കാരികളാക്കരുത്.+ 20 നശിപ്പിച്ചുകളയേണ്ട വസ്തുക്കളുടെ കാര്യത്തിൽ സേരഹിന്റെ മകനായ ആഖാൻ+ അവിശ്വസ്തത കാണിച്ചപ്പോൾ+ മുഴുവൻ ഇസ്രായേൽസമൂഹവും ദൈവത്തിന്റെ ധാർമികരോഷത്തിന് ഇരയായില്ലേ? ആഖാന്റെ തെറ്റുകൊണ്ട് ആ ഒരാൾ മാത്രമല്ലല്ലോ മരിച്ചത്.’”+
21 അപ്പോൾ, രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും ഇസ്രായേൽസഹസ്രങ്ങളുടെ അധിപന്മാരോടു+ പറഞ്ഞു: 22 “ദൈവാധിദൈവമായ യഹോവ!+ ദൈവാധിദൈവമായ യഹോവ! ആ ദൈവത്തിന് അറിയാം, ഇസ്രായേലും അറിയും. ഞങ്ങൾ യഹോവയെ ധിക്കരിക്കുകയോ അവിശ്വസ്തത കാട്ടുകയോ ചെയ്തെങ്കിൽ ഞങ്ങളെ ഇന്നു വെറുതേ വിടേണ്ടാ. 23 യഹോവയെ അനുഗമിക്കുന്നതിൽനിന്ന് പിന്മാറാനും ദഹനയാഗങ്ങൾ, ധാന്യയാഗങ്ങൾ, സഹഭോജനബലികൾ എന്നിവ അർപ്പിക്കാനും ആണ് ഞങ്ങൾ യാഗപീഠം പണിതതെങ്കിൽ യഹോവ ഞങ്ങളെ ശിക്ഷിക്കട്ടെ.+ 24 വാസ്തവത്തിൽ, മറ്റൊരു ആശങ്കയുള്ളതുകൊണ്ടാണു ഞങ്ങൾ ഇതു ചെയ്തത്. ഞങ്ങൾ ഇങ്ങനെ ചിന്തിച്ചുപോയി: ‘ഭാവിയിൽ നിങ്ങളുടെ പുത്രന്മാർ ഞങ്ങളുടെ പുത്രന്മാരോട് ഇങ്ങനെ പറഞ്ഞാലോ: “ഇസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്തു കാര്യം? 25 യഹോവ ഞങ്ങൾക്കും രൂബേന്യരും ഗാദ്യരും ആയ നിങ്ങൾക്കും ഇടയിൽ യോർദാൻ അതിരായി വെച്ചിരിക്കുന്നു. യഹോവയിൽ നിങ്ങൾക്ക് ഒരു ഓഹരിയുമില്ല.” അങ്ങനെ, യഹോവയെ ആരാധിക്കുന്നതിൽനിന്ന്* നിങ്ങളുടെ പുത്രന്മാർ ഞങ്ങളുടെ പുത്രന്മാരെ തടയും.’
26 “അതുകൊണ്ട് ഞങ്ങൾ പറഞ്ഞു: ‘നമ്മൾ ഇപ്പോൾ എന്തെങ്കിലും ചെയ്തേ തീരൂ. നമുക്ക് ഒരു യാഗപീഠം പണിയാം; ദഹനയാഗങ്ങൾക്കും ബലികൾക്കും വേണ്ടിയല്ല 27 മറിച്ച്, യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും ബലികളും സഹഭോജനബലികളും അർപ്പിച്ചുകൊണ്ട്+ ഞങ്ങൾ ദൈവത്തിനു ശുശ്രൂഷ ചെയ്യുമെന്നതിനു നിങ്ങൾക്കും ഞങ്ങൾക്കും നമ്മുടെ വരുംതലമുറകൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കാൻവേണ്ടിയാണ്+ ആ യാഗപീഠം. അങ്ങനെയാകുമ്പോൾ, ഭാവിയിൽ നിങ്ങളുടെ പുത്രന്മാർ ഞങ്ങളുടെ പുത്രന്മാരോട്, “യഹോവയിൽ നിങ്ങൾക്ക് ഒരു ഓഹരിയുമില്ല” എന്നു പറയാൻ ഇടവരില്ല.’ 28 അതുകൊണ്ട്, ഞങ്ങൾ പറഞ്ഞു: ‘ഭാവിയിൽ ഞങ്ങളോടും ഞങ്ങളുടെ വരുംതലമുറകളോടും അവർ അങ്ങനെ പറയുന്നെങ്കിൽ, ഞങ്ങൾ പറയും: “ഞങ്ങളുടെ പൂർവികർ ഉണ്ടാക്കിയ, യഹോവയുടെ യാഗപീഠത്തിന്റെ തനിപ്പകർപ്പു കണ്ടോ. ഇതു ദഹനയാഗങ്ങളോ ബലികളോ അർപ്പിക്കാനല്ല മറിച്ച്, നിങ്ങൾക്കും ഞങ്ങൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കാൻവേണ്ടി ഉണ്ടാക്കിയതാണ്.”’ 29 വിശുദ്ധകൂടാരത്തിനു മുന്നിലുള്ള, നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ ദഹനയാഗങ്ങൾക്കോ ധാന്യയാഗങ്ങൾക്കോ ബലികൾക്കോ വേണ്ടി മറ്റൊരു യാഗപീഠം പണിത് യഹോവയെ ധിക്കരിക്കുന്നതിനെക്കുറിച്ചും+ ദൈവത്തെ അനുഗമിക്കുന്നതിൽനിന്ന് പിന്മാറുന്നതിനെക്കുറിച്ചും ഞങ്ങൾക്കു ചിന്തിക്കാനേ കഴിയില്ല!”+
30 രൂബേൻ, ഗാദ്, മനശ്ശെ എന്നിവരുടെ വംശജർ പറഞ്ഞതു പുരോഹിതനായ ഫിനെഹാസും കൂടെയുണ്ടായിരുന്ന ഇസ്രായേൽസഹസ്രങ്ങളുടെ അധിപന്മാരായ സമൂഹത്തലവന്മാരും+ കേട്ടപ്പോൾ അവർക്കു തൃപ്തിയായി. 31 അതുകൊണ്ട് രൂബേൻ, ഗാദ്, മനശ്ശെ എന്നിവരുടെ വംശജരോടു പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസ് പറഞ്ഞു: “നിങ്ങൾ ഇക്കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടിയിട്ടില്ലാത്തതുകൊണ്ട് യഹോവ നമ്മുടെ ഇടയിലുണ്ടെന്ന് ഇന്നു ഞങ്ങൾ അറിയുന്നു. ഇപ്പോൾ, നിങ്ങൾ യഹോവയുടെ കൈയിൽനിന്ന് ഇസ്രായേല്യരെ രക്ഷിച്ചിരിക്കുന്നു.”
32 പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസും തലവന്മാരും ഗിലെയാദ് ദേശത്തുള്ള രൂബേന്യരുടെയും ഗാദ്യരുടെയും അടുത്തുനിന്ന് കനാൻ ദേശത്ത് മടങ്ങിവന്ന് മറ്റ് ഇസ്രായേല്യരെ വിവരം ധരിപ്പിച്ചു. 33 അത് അറിഞ്ഞപ്പോൾ അവർക്കു സമാധാനമായി. ഇസ്രായേല്യർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും താമസിക്കുന്ന ദേശം നശിപ്പിക്കാൻവേണ്ടി അവരോടു യുദ്ധത്തിനു പോകുന്നതിനെക്കുറിച്ച് അവർ പിന്നെ ഒന്നും പറഞ്ഞില്ല.
34 അതുകൊണ്ട്, “യഹോവയാണു സത്യദൈവം എന്നതിന് ഇതു നമുക്കു മധ്യേ ഒരു സാക്ഷി” എന്നു പറഞ്ഞ് രൂബേന്യരും ഗാദ്യരും യാഗപീഠത്തിനു പേരിട്ടു.*
23 ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് യഹോവ ഇസ്രായേലിനു സ്വസ്ഥത+ കൊടുത്ത് ഏറെക്കാലം കഴിഞ്ഞ്, യോശുവ പ്രായം ചെന്ന് നന്നേ വൃദ്ധനായപ്പോൾ+ 2 എല്ലാ ഇസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും അധികാരികളെയും+ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:+ “ഞാൻ പ്രായം ചെന്ന് നന്നേ വൃദ്ധനായിരിക്കുന്നു. 3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ഇക്കണ്ട ജനതകളോടു ചെയ്തതെല്ലാം നിങ്ങൾ കണ്ടല്ലോ. നിങ്ങളുടെ ദൈവമായ യഹോവയാണു നിങ്ങൾക്കുവേണ്ടി പോരാടിയത്.+ 4 ഇതാ ഞാൻ, യോർദാൻ മുതൽ പടിഞ്ഞാറ്* മഹാസമുദ്രം* വരെ, ശേഷിച്ചിരിക്കുന്ന ജനതകളുടെ ദേശവും ഞാൻ സംഹരിച്ച ജനതകളുടെ+ ദേശവും നറുക്കിട്ട്+ നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നിയമിച്ചുതന്നിരിക്കുന്നു.+ 5 നിങ്ങളുടെ ദൈവമായ യഹോവയാണ് അവരെ നിങ്ങളുടെ മുന്നിൽനിന്ന് തുരത്തിയോടിച്ചുകൊണ്ടിരുന്നത്,+ നിങ്ങൾക്കുവേണ്ടി അവരെ നീക്കിക്കളഞ്ഞത്.* അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കി.+
6 “മോശയുടെ നിയമപുസ്തകത്തിൽ+ എഴുതിയിരിക്കുന്നതെല്ലാം അനുസരിക്കാനും പിൻപറ്റാനും നിങ്ങൾ നല്ല ധൈര്യം കാണിക്കണം. ഒരിക്കലും അതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+ 7 നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളോട് ഇടപഴകുകയുമരുത്.+ നിങ്ങൾ അവരുടെ ദൈവങ്ങളുടെ പേരുകൾ പരാമർശിക്കാൻപോലും പാടില്ല.+ അവയെ ചൊല്ലി സത്യം ചെയ്യുകയോ അവയെ സേവിക്കുകയോ അവയുടെ മുന്നിൽ കുമ്പിടുകയോ അരുത്.+ 8 പകരം, ഇന്നോളം ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിനിൽക്കണം.+ 9 പ്രബലരായ വലിയ ജനതകളെപ്പോലും യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയും.+ നിങ്ങളോട് എതിർത്തുനിൽക്കാൻ ഇന്നുവരെ ഒരു മനുഷ്യനും സാധിച്ചിട്ടില്ലല്ലോ.+ 10 ആയിരം പേരെ തുരത്താൻ നിങ്ങളിൽ ഒരുവൻ മതിയാകും.+ കാരണം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉറപ്പു തന്നതുപോലെ+ ആ ദൈവമാണു നിങ്ങൾക്കുവേണ്ടി പോരാടുന്നത്.+ 11 അതുകൊണ്ട്, നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിച്ച്+ എപ്പോഴും ജാഗ്രതയോടെയിരിക്കുക.+
12 “പക്ഷേ, നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളിൽപ്പെട്ടവരോടു പറ്റിച്ചേരുകയും+ അവരുമായി വിവാഹബന്ധത്തിലേർപ്പെടുകയും*+ നിങ്ങൾ അവരുമായോ അവർ നിങ്ങളുമായോ ഇടപഴകുകയും ചെയ്താൽ 13 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഈ ജനതകളെ മേലാൽ ഓടിച്ചുകളയില്ല+ എന്നു നിങ്ങൾ നിശ്ചയമായും അറിഞ്ഞുകൊള്ളുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുന്നതുവരെ അവർ ഒരു കെണിയും കുടുക്കും നിങ്ങളുടെ മുതുകിന് ഒരു ചാട്ടയും നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും ആയിത്തീരും.+
14 “ഇപ്പോൾ ഇതാ, ഞാൻ മരിക്കാറായി.* നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്ദാനങ്ങളിലെയും ഒറ്റ വാക്കുപോലും നിറവേറാതിരുന്നിട്ടില്ല എന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാമല്ലോ. അവയെല്ലാം നിങ്ങളുടെ കാര്യത്തിൽ അങ്ങനെതന്നെ സംഭവിച്ചു, ഒന്നും നിറവേറാതിരുന്നിട്ടില്ല.+ 15 പക്ഷേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്ദാനങ്ങളും നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീർന്നതുപോലെതന്നെ മുൻകൂട്ടിപ്പറഞ്ഞ ആപത്തുകളും നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീരാൻ യഹോവ ഇടയാക്കും.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങളെ നിശ്ശേഷം നശിപ്പിക്കും.+ 16 നിങ്ങളോടു കല്പിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി പാലിക്കാതെ, നിങ്ങൾ അതു ലംഘിക്കുകയും നിങ്ങൾ ചെന്ന് അന്യദൈവങ്ങളെ സേവിച്ച് അവരുടെ മുന്നിൽ കുമ്പിടുകയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ആളിക്കത്തും.+ അങ്ങനെ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.”+
24 പിന്നെ, യോശുവ ഇസ്രായേൽഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടിവരുത്തി. ഇസ്രായേൽ ജനത്തിന്റെ മൂപ്പന്മാർ, തലവന്മാർ, ന്യായാധിപന്മാർ, അധികാരികൾ+ എന്നിവരെ യോശുവ വിളിപ്പിച്ചു. അവർ സത്യദൈവത്തിന്റെ സന്നിധിയിൽ നിന്നു. 2 യോശുവ ജനത്തോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അബ്രാഹാമിന്റെയും നാഹോരിന്റെയും അപ്പനായ തേരഹ് ഉൾപ്പെടെ നിങ്ങളുടെ പൂർവികർ+ പണ്ടു നദിയുടെ* അക്കരെയാണു ജീവിച്ചിരുന്നത്.+ അവർ അന്യദൈവങ്ങളെ സേവിച്ചുപോന്നു.+
3 “‘പിന്നീട്, ഞാൻ നദിയുടെ അക്കരെനിന്ന് നിങ്ങളുടെ പൂർവികനായ അബ്രാഹാമിനെ+ കനാൻ ദേശത്ത് കൊണ്ടുവന്നു. അബ്രാഹാം ആ ദേശത്തുകൂടെയെല്ലാം സഞ്ചരിച്ചു. ഞാൻ അബ്രാഹാമിന്റെ സന്തതിയെ* വർധിപ്പിക്കുകയും ചെയ്തു.+ ഞാൻ അബ്രാഹാമിനു യിസ്ഹാക്കിനെ കൊടുത്തു.+ 4 യിസ്ഹാക്കിനു യാക്കോബിനെയും ഏശാവിനെയും കൊടുത്തു.+ പിന്നീട്, ഏശാവിനു ഞാൻ സേയീർ പർവതം അവകാശമായി കൊടുത്തു.+ യാക്കോബും പുത്രന്മാരും ഈജിപ്തിലേക്കും പോയി.+ 5 പിന്നീട്, ഞാൻ മോശയെയും അഹരോനെയും അയച്ചു;+ ബാധകൾ വരുത്തി ഈജിപ്തുകാരെ കഷ്ടപ്പെടുത്തി.+ പിന്നെ ഞാൻ നിങ്ങളെ വിടുവിച്ചു. 6 ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവരുന്ന സമയത്ത്,+ നിങ്ങൾ കടലിന് അടുത്ത് എത്തിയപ്പോൾ ഈജിപ്തുകാർ യുദ്ധരഥങ്ങളും കുതിരപ്പടയാളികളും സഹിതം നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്ന് ചെങ്കടലിന് അടുത്തേക്കു വന്നു.+ 7 നിങ്ങൾ യഹോവയെ വിളിച്ചപേക്ഷിച്ചു.+ അപ്പോൾ, ഞാൻ നിങ്ങൾക്കും ഈജിപ്തുകാർക്കും ഇടയിൽ അന്ധകാരം വരുത്തി; കടൽ വന്ന് അവരെ മൂടിക്കളയാൻ ഇടയാക്കുകയും ചെയ്തു.+ ഞാൻ ഈജിപ്തിൽ ചെയ്തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടു.+ പിന്നെ, അനേകവർഷങ്ങൾ* നിങ്ങൾ വിജനഭൂമിയിൽ താമസിച്ചു.+
8 “‘ഞാൻ നിങ്ങളെ യോർദാന്റെ മറുകരയിൽ* വസിച്ചിരുന്ന അമോര്യരുടെ ദേശത്ത് കൊണ്ടുവന്നു. അവർ നിങ്ങളോടു പോരാടി.+ പക്ഷേ, നിങ്ങൾ അവരുടെ ദേശം കൈവശമാക്കാൻ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. ഞാൻ അവരെ നിങ്ങളുടെ മുന്നിൽനിന്ന് നിശ്ശേഷം നീക്കിക്കളഞ്ഞു.+ 9 പിന്നെ സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവ് എഴുന്നേറ്റ് ഇസ്രായേലിനോടു പോരാടി. നിങ്ങളെ ശപിക്കാൻ ബാലാക്ക് ബയോരിന്റെ മകനായ ബിലെയാമിനെ+ വിളിച്ചുവരുത്തി. 10 പക്ഷേ ഞാൻ ബിലെയാമിനു ചെവി കൊടുത്തില്ല.+ അതുകൊണ്ട് ബിലെയാം നിങ്ങളെ വീണ്ടുംവീണ്ടും അനുഗ്രഹിച്ചു.+ ഞാൻ നിങ്ങളെ അയാളുടെ കൈയിൽനിന്ന് രക്ഷപ്പെടുത്തി.+
11 “‘പിന്നെ, നിങ്ങൾ യോർദാൻ കടന്ന്+ യരീഹൊയിലെത്തി.+ യരീഹൊയിലെ തലവന്മാർ,* അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗശ്യർ, ഹിവ്യർ, യബൂസ്യർ എന്നിവർ നിങ്ങളോടു പോരാടി. പക്ഷേ, ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു.+ 12 നിങ്ങൾ എത്തുംമുമ്പേ ഞാൻ അവരുടെ ഇടയിൽ പരിഭ്രാന്തി* പരത്തി. ആ രണ്ട് അമോര്യരാജാക്കന്മാരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ പരിഭ്രാന്തി അവരെയും നിങ്ങളുടെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞു.+ നിങ്ങളുടെ വാളുകൊണ്ടോ വില്ലുകൊണ്ടോ അല്ല അതു സാധിച്ചത്.+ 13 അങ്ങനെ, നിങ്ങൾ അധ്വാനിക്കാതെതന്നെ ഞാൻ നിങ്ങൾക്ക് ഒരു ദേശം തന്നു; നിങ്ങൾ പണിയാത്ത നഗരങ്ങളും തന്നു.+ നിങ്ങൾ അവയിൽ താമസമുറപ്പിച്ചു. നിങ്ങൾ നടാത്ത മുന്തിരിത്തോട്ടങ്ങളിൽനിന്നും ഒലിവുതോട്ടങ്ങളിൽനിന്നും ആണ് നിങ്ങൾ ഭക്ഷിക്കുന്നത്.’+
14 “അതുകൊണ്ട്, യഹോവയെ ഭയപ്പെടുക. ധർമനിഷ്ഠയോടും* വിശ്വസ്തതയോടും+ കൂടെ* ആ ദൈവത്തെ സേവിക്കുക. നദിക്ക്* അക്കരെവെച്ചും ഈജിപ്തിൽവെച്ചും+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങൾ യഹോവയെ സേവിക്കുക. 15 പക്ഷേ, യഹോവയെ സേവിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നു തോന്നുന്നെങ്കിൽ, ആരെ സേവിക്കണമെന്നു നിങ്ങൾ ഇന്നു തീരുമാനിക്കുക.+ നദിക്ക് അക്കരെവെച്ച്+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെയോ നിങ്ങൾ താമസിക്കുന്ന അമോര്യദേശത്തെ ദൈവങ്ങളെയോ+ ആരെ വേണമെങ്കിലും നിങ്ങൾക്കു സേവിക്കാം. പക്ഷേ, ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും.”
16 അപ്പോൾ, ജനം ഇങ്ങനെ മറുപടി പറഞ്ഞു: “യഹോവയെ ഉപേക്ഷിച്ച് മറ്റു ദൈവങ്ങളെ സേവിക്കുന്നതിനെപ്പറ്റി ഞങ്ങൾക്കു ചിന്തിക്കാനേ കഴിയില്ല. 17 അടിമത്തത്തിന്റെ വീടായ ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും വിടുവിച്ച് കൊണ്ടുവന്നതു ഞങ്ങളുടെ ദൈവമായ യഹോവയാണ്.+ ഞങ്ങളുടെ കൺമുന്നിൽ ഇത്ര വലിയ അടയാളങ്ങൾ കാണിച്ചതും,+ ഞങ്ങൾ പിന്നിട്ട വഴിയിലുടനീളവും ഞങ്ങൾ കടന്നുപോന്ന ജനതകളുടെയെല്ലാം ഇടയിൽവെച്ചും ഞങ്ങളെ കാത്തുരക്ഷിച്ചതും മറ്റാരുമല്ലല്ലോ.+ 18 ഞങ്ങൾക്കു മുമ്പേ ദേശത്ത് ജീവിച്ചിരുന്ന അമോര്യർ ഉൾപ്പെടെയുള്ള എല്ലാ ജനതകളെയും യഹോവ ഓടിച്ചുകളഞ്ഞു. അതുകൊണ്ട്, ഞങ്ങളും യഹോവയെ സേവിക്കും. കാരണം, ഇതാണു ഞങ്ങളുടെ ദൈവം.”
19 അപ്പോൾ, യോശുവ ജനത്തോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് യഹോവയെ സേവിക്കാനാകില്ല. കാരണം, ഈ ദൈവം വിശുദ്ധനും+ സമ്പൂർണഭക്തി ആഗ്രഹിക്കുന്നവനും+ ആണ്. നിങ്ങളുടെ ലംഘനങ്ങളും* പാപങ്ങളും ദൈവം പൊറുക്കില്ല.+ 20 നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ നിങ്ങൾക്കു നന്മ ചെയ്തുവന്ന ഇതേ ദൈവം നിങ്ങൾക്കെതിരെ തിരിഞ്ഞ് നിങ്ങളെ നിശ്ശേഷം സംഹരിക്കും.”+
21 പക്ഷേ, ജനം യോശുവയോടു പറഞ്ഞു: “ഇല്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും!”+ 22 അപ്പോൾ, യോശുവ ജനത്തോടു പറഞ്ഞു: “യഹോവയെ സേവിക്കാൻ നിങ്ങൾ സ്വമനസ്സാലെ തീരുമാനിച്ചിരിക്കുന്നു എന്നതിനു നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷികൾ.”+ മറുപടിയായി ജനം, “അതെ, ഞങ്ങൾതന്നെ സാക്ഷികൾ” എന്നു പറഞ്ഞു.
23 “അങ്ങനെയെങ്കിൽ, നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങളുടെ ഹൃദയം ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു ചായിക്കൂ.” 24 ജനം യോശുവയോടു പറഞ്ഞു: “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയെ സേവിക്കും. ഞങ്ങൾ ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കും!”
25 അങ്ങനെ, യോശുവ ആ ദിവസം ജനവുമായി ഒരു ഉടമ്പടി ചെയ്ത്, ശെഖേമിൽവെച്ച് അവർക്കുവേണ്ടി ഒരു ചട്ടവും നിയമവും സ്ഥാപിച്ചു. 26 തുടർന്ന്, യോശുവ ഈ വാക്കുകൾ ദൈവത്തിന്റെ നിയമപുസ്തകത്തിലെഴുതി.+ യോശുവ ഒരു വലിയ കല്ല്+ എടുത്ത് യഹോവയുടെ വിശുദ്ധസ്ഥലത്തിന് അടുത്തുള്ള വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ നാട്ടി.
27 യോശുവ സർവജനത്തോടുമായി ഇങ്ങനെയും പറഞ്ഞു: “ഇതാ! ഈ കല്ല് നമുക്കെതിരെ ഒരു സാക്ഷിയാണ്.+ കാരണം, യഹോവ നമ്മളോടു പറഞ്ഞതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ ദൈവത്തെ തള്ളിപ്പറയാതിരിക്കാൻ ഇതു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കട്ടെ.” 28 ഇത്രയും പറഞ്ഞിട്ട് യോശുവ ജനത്തെ അവരവരുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.+
29 ഇതെല്ലാം കഴിഞ്ഞ്, നൂന്റെ മകനും യഹോവയുടെ ദാസനും ആയ യോശുവ മരിച്ചു. അപ്പോൾ, യോശുവയ്ക്ക് 110 വയസ്സായിരുന്നു.+ 30 അവർ യോശുവയെ അദ്ദേഹത്തിന് അവകാശമായി കിട്ടിയ പ്രദേശത്ത്, ഗായശ് പർവതത്തിനു വടക്ക് എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹിൽ,+ അടക്കം ചെയ്തു. 31 യോശുവയുടെ കാലത്തും യഹോവ ഇസ്രായേലിനുവേണ്ടി ചെയ്ത കാര്യങ്ങളെല്ലാം കണ്ട, യോശുവയുടെ കാലത്തെ മൂപ്പന്മാർ മരിക്കുന്നതുവരെയും ഇസ്രായേൽ യഹോവയെ സേവിച്ചുപോന്നു.+
32 ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോരുമ്പോൾ കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികൾ+ അവർ ശെഖേമിൽ യാക്കോബ് വാങ്ങിയിരുന്ന നിലത്ത് അടക്കം ചെയ്തു. ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ പുത്രന്മാരുടെ കയ്യിൽനിന്ന് യാക്കോബ് 100 കാശിനു+ വാങ്ങിയതായിരുന്നു ആ നിലം.+ അതു യോസേഫിന്റെ പുത്രന്മാരുടെ അവകാശമായി.+
33 അഹരോന്റെ മകനായ എലെയാസരും മരിച്ചു.+ അവർ എലെയാസരിനെ മകനായ ഫിനെഹാസിന്റെ+ കുന്നിൽ അടക്കി. എഫ്രയീംമലനാട്ടിൽ അദ്ദേഹത്തിനു ലഭിച്ചതായിരുന്നു ഈ ഫിനെഹാസ് കുന്ന്.
അഥവാ “യഹോശുവയോട്.” അർഥം: “യഹോവ രക്ഷയാണ്.”
പദാവലി കാണുക.
അഥവാ “സൂര്യാസ്തമയദിശയിൽ.”
അതായത്, മെഡിറ്ററേനിയൻ കടൽ.
പദാവലി കാണുക.
അഥവാ “അതിനെപ്പറ്റി ധ്യാനിക്കണം.”
അതായത്, കിഴക്കുവശത്ത്.
അതായത്, കിഴക്കുവശത്തുവെച്ച്.
അക്ഷ. “ഞങ്ങളുടെ ഹൃദയം ഉരുകിപ്പോയി.”
അക്ഷ. “നിങ്ങൾ കാരണം ഒരു മനുഷ്യനിലും പിന്നെ ആത്മാവ് ഉണർന്നില്ല.”
പദാവലി കാണുക.
അഥവാ “ആരുടെയെങ്കിലും മേൽ കൈവയ്ക്കുന്നെങ്കിൽ.”
ഏകദേശം 890 മീ. (2,920 അടി). അനു. ബി14 കാണുക.
അക്ഷ. “വിശ്രമിച്ചാൽ.”
അഥവാ “മതിലുപോലെ.”
അതായത്, ചാവുകടൽ.
അക്ഷ. “പുത്രന്മാർ.”
അഥവാ “ഓർമിപ്പിക്കലായിരിക്കും.”
അക്ഷ. “ഭയപ്പെട്ടിരുന്നതുപോലെതന്നെ.”
അക്ഷ. “കടലിനു നേർക്കുള്ള വശത്തെ.”
അക്ഷ. “അവരിൽ ആത്മാവില്ലാതായി.”
അക്ഷ. “അവരുടെ ഹൃദയം ഉരുകിപ്പോയി.”
പദാവലി കാണുക.
അർഥം: “അഗ്രചർമങ്ങളുടെ കുന്ന്.”
അഥവാ “സൈനികസേവനത്തിനു പ്രായമായ.”
അർഥം: “ഉരുട്ടുക; ഉരുട്ടിനീക്കുക.”
പദാവലി കാണുക.
അഥവാ “അധിപനായിട്ടാണ്.”
അഥവാ “നീണ്ട കൊമ്പുവിളി.”
പിന്നിൽനിന്നുള്ള ആക്രമണത്തെ ചെറുക്കുന്നവരാണു “പിൻപട.”
അഥവാ “കുഴപ്പം; ഭ്രഷ്ട്.”
മറ്റൊരു സാധ്യത “ജനത്തെക്കൊണ്ട് ഇങ്ങനെ ആണയിടുവിച്ചു.”
അർഥം: “പാറമടകൾ.”
അക്ഷ. “ഹൃദയം.”
പദാവലിയിൽ “മൂപ്പൻ” കാണുക.
അതായത്, കിഴക്കുവശത്ത്.
അഥവാ “ഇസ്രായേൽ ശത്രുക്കൾക്കു പുറംതിരിഞ്ഞ.”
അഥവാ “കൊള്ളവസ്തുക്കളുടെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “കുഴപ്പം; ഭ്രഷ്ട്.”
അർഥം: “ആപത്ത്; ഭ്രഷ്ട്.”
അഥവാ “സൈന്യപരിശോധനയ്ക്കു വിളിച്ചുകൂട്ടി.”
അഥവാ “മരത്തിൽ.”
അക്ഷ. “നടന്ന.”
അതായത്, മെഡിറ്ററേനിയൻ കടൽ.
അഥവാ “അടിമകളാണ്.”
അതായത്, കിഴക്കുവശത്ത്.
അഥവാ “പരിശോധിച്ചു.”
അക്ഷ. “അങ്ങയുടെ കൈകളിലാണ്.”
അക്ഷ. “അടിമകളിൽനിന്ന് അങ്ങയുടെ കൈകൾ വിട്ടുകളയരുതേ!”
അഥവാ “മരത്തിൽ.”
അഥവാ “അരാബയിലും.”
അഥവാ “അതിന്റെ അടിവാരക്കുന്നുകളും.”
അഥവാ “നീർച്ചാൽ.”
അഥവാ “നീർച്ചാൽ.”
അതായത്, ഗന്നേസരെത്ത് തടാകം (ഗലീലക്കടൽ).
അതായത്, ചാവുകടൽ.
അഥവാ “കീഴടക്കാനുണ്ട്.”
അക്ഷ. “മുന്നിലുള്ള.”
അഥവാ “കിഴക്കുള്ള ശീഹോർ മുതൽ.”
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”
അഥവാ “കുടിയിറക്കും.”
അഥവാ “നീർച്ചാലിനോട്.”
അതായത്, സീഹോനു കീഴ്പെട്ടിരുന്ന രാജാക്കന്മാർ.
അതായത്, ഗന്നേസരെത്ത് തടാകം (ഗലീലക്കടൽ).
അതായത്, കിഴക്കുവശത്ത്.
അക്ഷ. “മടങ്ങിവന്ന് അറിയിച്ച വാക്ക് എന്റെ ഹൃദയത്തിലുള്ളതുപോലെതന്നെയായിരുന്നു.”
അക്ഷ. “ഹൃദയം ഉരുകിപ്പോകാൻ.”
അക്ഷ. “മുഴുവനായി; പൂർണമായി.”
അഥവാ “കുടിയിറക്കും.”
അഥവാ “നറുക്കിട്ട് കൊടുത്ത.”
അതായത്, ചാവുകടൽ.
പദാവലി കാണുക.
അതായത്, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
അതായത്, ചാവുകടൽ.
അർഥം: “ഹിന്നോംപുത്രന്റെ താഴ്വര.”
അതായത്, മെഡിറ്ററേനിയൻ കടൽ.
മറ്റൊരു സാധ്യത “കഴുതപ്പുറത്ത് ഇരുന്ന് കൈ കൊട്ടിയപ്പോൾ.”
അഥവാ “നെഗെബിലുള്ള.”
അർഥം: “വെള്ളത്തിന്റെ പാത്രങ്ങൾ (ചരുവങ്ങൾ).”
മറ്റൊരു സാധ്യത “ഗദേരയും അതിന്റെ ആട്ടിൻകൂടുകളും.”
അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
അതായത്, മെഡിറ്ററേനിയൻ കടൽ.
അതായത്, കിഴക്കുവശത്ത്.
അക്ഷ. “വലതുവശത്തേക്ക്.”
അതായത്, മനശ്ശെഗോത്രക്കാരോ മനശ്ശെയുടെ പ്രദേശമോ.
അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
അഥവാ “അവരെ കുടിയിറക്കിയില്ല.”
അക്ഷ. “എനിക്ക്.”
അക്ഷ. “ഇരുമ്പുരഥങ്ങൾ.”
അഥവാ “സമാഗമനകൂടാരം.” പദാവലി കാണുക.
അർഥം: “ഹിന്നോംപുത്രന്റെ താഴ്വര.”
അതായത്, ചാവുകടൽ.
അഥവാ “നീർച്ചാലിലേക്ക്.”
അഥവാ “അറിയാതെയോ.”
അഥവാ “മാരകമായി പ്രഹരിക്കുന്നെങ്കിൽ.”
അഥവാ “എന്നിവയെ വേർതിരിച്ചു.”
അഥവാ “നറുക്കിട്ട് കൊടുത്തു.”
അഥവാ “അവയിൽ ഒരു വാക്കുപോലും.”
അതായത്, കിഴക്കുവശത്ത്.
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “ഇസ്രായേൽകുലങ്ങളിൽ.”
അക്ഷ. “ഭയപ്പെടുന്നതിൽനിന്ന്.”
വിശദീകരണമനുസരിച്ച്, യാഗപീഠത്തിനു “സാക്ഷി” എന്നായിരിക്കാം പേരിട്ടത്.
അഥവാ “സൂര്യാസ്തമയദിശയിൽ.”
അതായത്, മെഡിറ്ററേനിയൻ കടൽ.
അഥവാ “അവരെ കുടിയിറക്കിയത്.”
അഥവാ “മിശ്രവിവാഹം ചെയ്യുകയും.”
അക്ഷ. “ഇന്നു ഞാൻ മുഴുഭൂമിയുടെയും വഴിക്കു പോകുന്നു.”
അതായത്, യൂഫ്രട്ടീസ്.
അക്ഷ. “വിത്തിനെ.”
അക്ഷ. “അനേകദിവസങ്ങൾ.”
അതായത്, കിഴക്കുവശത്ത്.
മറ്റൊരു സാധ്യത “ഭൂവുടമകൾ.”
മറ്റൊരു സാധ്യത “നിരാശ.”
അഥവാ “കുറ്റമറ്റ വിധത്തിലും.” പദാവലി കാണുക.
അഥവാ “ധർമനിഷ്ഠയോടെ, സത്യത്തിൽ.”
അതായത്, യൂഫ്രട്ടീസ്.
അഥവാ “ധിക്കാരവും.”