സഭാപ്രസംഗകൻ
1 യരുശലേമിൽ+ രാജാവായി ഭരിച്ച ദാവീദിന്റെ മകനായ സഭാസംഘാടകന്റെ*+ വാക്കുകൾ.
5 സൂര്യൻ ഉദിക്കുന്നു, സൂര്യൻ അസ്തമിക്കുന്നു.
ഉദിക്കുന്നിടത്തേക്കുതന്നെ അതു തിടുക്കത്തിൽ മടങ്ങുന്നു.*+
6 കാറ്റു തെക്കോട്ടു വീശി ചുറ്റിത്തിരിഞ്ഞ് വടക്കോട്ടു ചെല്ലുന്നു.
അതു നിൽക്കാതെ വീണ്ടുംവീണ്ടും ചുറ്റുന്നു.
അങ്ങനെ, കാറ്റിന്റെ ഈ പരിവൃത്തി തുടർന്നുകൊണ്ടേയിരിക്കുന്നു.
7 നദികളെല്ലാം* സമുദ്രത്തിൽ എത്തുന്നു, എന്നിട്ടും സമുദ്രം നിറയുന്നില്ല.+
വീണ്ടും ഒഴുകാൻ അവ ഉത്ഭവസ്ഥാനത്തേക്കു മടങ്ങിപ്പോകുന്നു.+
8 എല്ലാ കാര്യങ്ങളും മടുപ്പിക്കുന്നതാണ്.
അവയൊന്നും വിവരിക്കാൻ ആർക്കും സാധിക്കില്ല.
കണ്ടിട്ടും കണ്ണിനു തൃപ്തിവരുന്നില്ല,
കേട്ടിട്ടും ചെവിക്കു മതിവരുന്നില്ല.
9 ഉണ്ടായിരുന്നതുതന്നെയാണ് ഇനിയും ഉണ്ടായിരിക്കുക,
ചെയ്തതുതന്നെയായിരിക്കും ഇനിയും ചെയ്യുക.
അതെ, സൂര്യനു കീഴെ പുതിയതായി ഒന്നുമില്ല.+
10 “കണ്ടോ! ഇതു പുതിയതാണ്” എന്നു പറയാൻ എന്തെങ്കിലുമുണ്ടോ?
അതു പണ്ടുതൊട്ടേ, നമ്മുടെ കാലത്തിനു മുമ്പുമുതലേ, ഉണ്ടായിരുന്നു.
11 പണ്ടുള്ളവരെ ആരും ഓർക്കുന്നില്ല.
ജനിക്കാനിരിക്കുന്നവരെ അവർക്കു ശേഷമുള്ളവരും ഓർക്കില്ല.
അവരെ അതിനു ശേഷമുള്ളവരും ഓർക്കില്ല.+
12 യരുശലേമിൽ ഇസ്രായേലിന്റെ രാജാവായി വാണുകൊണ്ടിരിക്കെ, സഭാസംഘാടകനായ ഞാൻ+ 13 ആകാശത്തിൻകീഴെ നടക്കുന്ന എല്ലാത്തിനെയുംകുറിച്ച്, അതായത് ദൈവം മനുഷ്യമക്കൾക്കു കൊടുത്തിട്ടുള്ളതും അവർ വ്യാപൃതരായിരിക്കുന്നതും ആയ പരിതാപകരമായ കാര്യങ്ങളെക്കുറിച്ച്, എന്റെ ജ്ഞാനം+ ഉപയോഗിച്ച് പഠിക്കാനും അപഗ്രഥിക്കാനും ഹൃദയത്തിൽ നിശ്ചയിച്ചു.+
14 സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങളെല്ലാം ഞാൻ നിരീക്ഷിച്ചു.
എല്ലാം വ്യർഥവും കാറ്റിനെ പിടിക്കാനുള്ള ഓട്ടവും ആണ്.+
15 വളഞ്ഞിരിക്കുന്നതു നേരെയാക്കാൻ സാധിക്കില്ല;
ഇല്ലാത്തത് ഒരിക്കലും എണ്ണാനും കഴിയില്ല.
16 “യരുശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും+ കൂടുതൽ ജ്ഞാനം ഞാൻ സമ്പാദിച്ചു. എന്റെ ഹൃദയം ജ്ഞാനവും അറിവും സമൃദ്ധമായി നേടി”+ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. 17 ജ്ഞാനം മാത്രമല്ല, ഭ്രാന്തും* വിഡ്ഢിത്തവും കൂടെ അറിയാൻ ഞാൻ മനസ്സുവെച്ചു,+ ഇതും കാറ്റിനെ പിടിക്കാനുള്ള ഓട്ടമാണ്.
18 ജ്ഞാനം ഏറുമ്പോൾ നിരാശയും ഏറുന്നു;
അതുകൊണ്ട് അറിവ് വർധിപ്പിക്കുന്നവൻ വേദന വർധിപ്പിക്കുന്നു.+
2 “ഞാനൊന്ന് ആനന്ദിച്ചുല്ലസിക്കട്ടെ; അതുകൊണ്ട് എന്തു നേട്ടമുണ്ടെന്നു നോക്കാം” എന്നു ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷേ അതും വ്യർഥതയായിരുന്നു.
2 ചിരിയെക്കുറിച്ച്, “അതു ഭ്രാന്ത്!” എന്നും
ആനന്ദത്തെക്കുറിച്ച്, “അതുകൊണ്ട് എന്തു പ്രയോജനം” എന്നും ഞാൻ പറഞ്ഞു.
3 ജ്ഞാനം കൈവിടാതെതന്നെ ഞാൻ വീഞ്ഞു കുടിച്ച് രസിച്ച്+ ഹൃദയംകൊണ്ട് സൂക്ഷ്മവിശകലനം നടത്തി. ആകാശത്തിൻകീഴെയുള്ള ചുരുങ്ങിയ ആയുസ്സുകൊണ്ട് മനുഷ്യർക്കു ചെയ്യാനാകുന്ന ഏറ്റവും ഉത്തമമായ കാര്യം എന്തെന്ന് അറിയാൻ ഞാൻ വിഡ്ഢിത്തത്തിന്റെ പുറകേപോലും പോയി. 4 ഞാൻ മഹത്തായ സംരംഭങ്ങളിൽ ഏർപ്പെട്ടു.+ എനിക്കുവേണ്ടി അരമനകൾ പണിതു.+ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി.+ 5 ഞാൻ എനിക്കുവേണ്ടി തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി. അവയിൽ എല്ലാ തരം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. 6 വൃക്ഷത്തൈകൾ തഴച്ചുവളരുന്ന തോപ്പു* നനയ്ക്കാൻ ഞാൻ കുളങ്ങളും കുഴിച്ചു. 7 ഞാൻ ദാസന്മാരെയും ദാസിമാരെയും സമ്പാദിച്ചു.+ എന്റെ വീട്ടിൽ പിറന്ന ദാസരും* എനിക്കുണ്ടായിരുന്നു. ഞാൻ വൻതോതിൽ കന്നുകാലിക്കൂട്ടങ്ങളെയും ആട്ടിൻപറ്റങ്ങളെയും സമ്പാദിച്ചു.+ അങ്ങനെ, യരുശലേമിലെ എന്റെ ഏതു പൂർവികനെക്കാളും കൂടുതൽ മൃഗസമ്പത്ത് എനിക്കു സ്വന്തമായി. 8 ഞാൻ എനിക്കുവേണ്ടി സ്വർണവും വെള്ളിയും+ രാജാക്കന്മാരുടെയും സംസ്ഥാനങ്ങളുടെയും വിശേഷസമ്പത്തും*+ സ്വരൂപിച്ചുവെച്ചു. ഞാൻ ഗായകന്മാരെയും ഗായികമാരെയും സ്വന്തമാക്കി. ഒപ്പം, പുരുഷന് ആനന്ദകാരണമായ സ്ത്രീയെ, എന്തിന്, അനേകം സ്ത്രീകളെത്തന്നെ ഞാൻ സ്വന്തമാക്കി. 9 അങ്ങനെ, ഞാൻ മഹാനും യരുശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും ഉന്നതനും ആയി വളർന്നു.+ എന്റെ ജ്ഞാനമോ എന്നിൽത്തന്നെയുണ്ടായിരുന്നു.
10 ആഗ്രഹിച്ചതൊന്നും* ഞാൻ എനിക്കു നിഷേധിച്ചില്ല.+ ആനന്ദമേകുന്നതൊന്നും ഞാൻ ഹൃദയത്തിനു വിലക്കിയില്ല. കാരണം എന്റെ കഠിനാധ്വാനത്തെപ്രതി എന്റെ ഹൃദയം നല്ല ആഹ്ലാദത്തിലായിരുന്നു. ഇതായിരുന്നു എന്റെ എല്ലാ കഠിനാധ്വാനത്തിനും എനിക്കു കിട്ടിയ പ്രതിഫലം.*+ 11 പക്ഷേ, ഞാൻ എന്റെ കൈകളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും കുറിച്ച് ചിന്തിച്ചപ്പോൾ,+ എല്ലാം വ്യർഥമാണെന്നു കണ്ടു. അവയെല്ലാം കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ വാസ്തവത്തിൽ, മൂല്യമുള്ളതായി* സൂര്യനു കീഴെ ഒന്നുമില്ല.+
12 പിന്നെ ഞാൻ ജ്ഞാനത്തിലേക്കും വിഡ്ഢിത്തത്തിലേക്കും ഭ്രാന്തിലേക്കും ശ്രദ്ധ തിരിച്ചു.+ (രാജാവിനു ശേഷം വരുന്നയാൾക്ക് എന്തു ചെയ്യാനാകും? നേരത്തേ ചെയ്തിട്ടുള്ള കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല.) 13 ഇരുളിനെക്കാൾ വെളിച്ചം പ്രയോജനകരമായിരിക്കുന്നതുപോലെ വിഡ്ഢിത്തത്തെക്കാൾ ജ്ഞാനം പ്രയോജനകരമെന്നു+ ഞാൻ കണ്ടു.
14 ബുദ്ധിയുള്ളവനു തലയിൽ കണ്ണുണ്ട്.*+ മണ്ടന്മാരോ ഇരുളിൽ നടക്കുന്നു.+ അവർക്കെല്ലാം സംഭവിക്കാനിരിക്കുന്നത് ഒന്നുതന്നെയെന്നും ഞാൻ മനസ്സിലാക്കി.+ 15 “മണ്ടന്മാർക്കു സംഭവിക്കുന്നതുതന്നെ എനിക്കും സംഭവിക്കും”+ എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു. അങ്ങനെയെങ്കിൽ അതിബുദ്ധിമാനായതുകൊണ്ട് ഞാൻ എന്തു നേടി? അതുകൊണ്ട്, “ഇതും വ്യർഥതതന്നെ” എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു. 16 ബുദ്ധിമാന്മാരായാലും മണ്ടന്മാരായാലും അവരെയൊന്നും എന്നെന്നും ഓർമിക്കില്ലല്ലോ.+ ക്രമേണ എല്ലാവരെയും ആളുകൾ മറന്നുപോകും. ബുദ്ധിമാന്റെ മരണവും മണ്ടന്മാരുടേതുപോലെതന്നെ.+
17 അങ്ങനെ, സൂര്യനു കീഴെ സംഭവിക്കുന്നതെല്ലാം വേദനാജനകമായി തോന്നിയതുകൊണ്ട് ഞാൻ ജീവിതം വെറുത്തു.+ എല്ലാം വ്യർഥമാണ്,+ കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ 18 സൂര്യനു കീഴെ ഞാൻ എന്തിനൊക്കെവേണ്ടി കഠിനാധ്വാനം ചെയ്തോ അവയെ എല്ലാം ഞാൻ വെറുത്തു.+ കാരണം എനിക്കു ശേഷം വരുന്നവനുവേണ്ടി അവയെല്ലാം ഞാൻ വിട്ടിട്ടുപോകണമല്ലോ.+ 19 അവൻ ബുദ്ധിമാനോ വിഡ്ഢിയോ എന്ന് ആർക്ക് അറിയാം?+ അവൻ എങ്ങനെയുള്ളവനായാലും ഞാൻ വളരെ ശ്രമം ചെയ്ത് ജ്ഞാനം ഉപയോഗിച്ച് സൂര്യനു കീഴെ സമ്പാദിച്ചതെല്ലാം അവൻ കൈയടക്കും. ഇതും വ്യർഥതയാണ്. 20 സൂര്യനു കീഴെ ഞാൻ ചെയ്ത കഠിനാധ്വാനത്തെക്കുറിച്ചെല്ലാം ഓർത്ത് എന്റെ ഹൃദയം നിരാശയിലായി. 21 ജ്ഞാനത്തോടെയും അറിവോടെയും വൈദഗ്ധ്യത്തോടെയും ഒരു മനുഷ്യൻ കഠിനാധ്വാനം ചെയ്തേക്കാം. പക്ഷേ, താൻ നേടിയതെല്ലാം അതിനുവേണ്ടി അധ്വാനിക്കാത്ത ഒരാൾക്കു വിട്ടുകൊടുക്കേണ്ടിവരും.+ ഇതും വ്യർഥതയും വലിയ ദുരന്തവും ആണ്.
22 വാസ്തവത്തിൽ, ഒരു മനുഷ്യനു സൂര്യനു കീഴെയുള്ള തന്റെ എല്ലാ കഠിനാധ്വാനംകൊണ്ടും അതിനു പ്രേരിപ്പിക്കുന്ന അതിമോഹംകൊണ്ടും* എന്തു നേട്ടമാണുള്ളത്?+ 23 ജീവിതകാലം മുഴുവൻ അവൻ ചെയ്യുന്ന കാര്യങ്ങൾ നിരാശയ്ക്കും മനഃക്ലേശത്തിനും കാരണമാകുന്നു.+ രാത്രിയിൽപ്പോലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല.+ ഇതും വ്യർഥതയാണ്.
24 തിന്നുകയും കുടിക്കുകയും അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യന് ഒന്നുമില്ല.+ പക്ഷേ ഇതും സത്യദൈവത്തിന്റെ കൈകളിൽനിന്നാണെന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.+ 25 എന്നെക്കാൾ മെച്ചമായി തിന്നുകയും കുടിക്കുകയും ചെയ്യുന്ന വേറെ ആരുമില്ലല്ലോ.+
26 തന്നെ പ്രസാദിപ്പിക്കുന്നവനു സത്യദൈവം ജ്ഞാനവും അറിവും അത്യാനന്ദവും കൊടുക്കുന്നു.+ പക്ഷേ, ദൈവം പാപിക്കു ശേഖരിക്കാനുള്ള ജോലി കൊടുക്കുന്നു; തന്നെ പ്രസാദിപ്പിക്കുന്നവനു കൊടുക്കാൻവേണ്ടി കേവലം സമാഹരിക്കാനുള്ള ജോലി!+ ഇതും വ്യർഥതയാണ്; കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.
3 എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്.
ആകാശത്തിൻകീഴെ നടക്കുന്ന ഓരോ കാര്യത്തിനും ഒരു സമയമുണ്ട്:
2 ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം.
നടാൻ ഒരു സമയം, നട്ടതു പറിച്ചുകളയാൻ ഒരു സമയം.
3 കൊല്ലാൻ ഒരു സമയം, സുഖപ്പെടുത്താൻ ഒരു സമയം.
ഇടിച്ചുകളയാൻ ഒരു സമയം, പണിതുയർത്താൻ ഒരു സമയം.
4 കരയാൻ ഒരു സമയം, ചിരിക്കാൻ ഒരു സമയം.
വിലപിക്കാൻ ഒരു സമയം, തുള്ളിച്ചാടാൻ ഒരു സമയം.
5 കല്ല് എറിഞ്ഞുകളയാൻ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാൻ ഒരു സമയം.
ആലിംഗനം ചെയ്യാൻ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാൻ ഒരു സമയം.
6 തിരയാൻ ഒരു സമയം, നഷ്ടപ്പെട്ടതായി കണക്കാക്കാൻ ഒരു സമയം.
കൈവശം വെക്കാൻ ഒരു സമയം, എറിഞ്ഞുകളയാൻ ഒരു സമയം.
7 കീറിക്കളയാൻ ഒരു സമയം,+ തുന്നിച്ചേർക്കാൻ ഒരു സമയം.
മൗനമായിരിക്കാൻ ഒരു സമയം,+ സംസാരിക്കാൻ ഒരു സമയം.+
8 സ്നേഹിക്കാൻ ഒരു സമയം, വെറുക്കാൻ ഒരു സമയം.+
യുദ്ധത്തിന് ഒരു സമയം, സമാധാനത്തിന് ഒരു സമയം.
9 ജോലി ചെയ്യുന്നവൻ തന്റെ പ്രയത്നംകൊണ്ട് എന്തു നേടുന്നു?+ 10 മനുഷ്യമക്കളെ വ്യാപൃതരാക്കിനിറുത്താൻ ദൈവം അവർക്കു കൊടുത്തിട്ടുള്ള ജോലി ഞാൻ കണ്ടു. 11 ദൈവം ഓരോന്നും അതതിന്റെ സമയത്ത് ഭംഗിയായി* ഉണ്ടാക്കി.+ നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും സത്യദൈവം ആദിയോടന്തം ചെയ്തിരിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല.
12 ഇതിൽനിന്നെല്ലാം ഞാൻ മനസ്സിലാക്കിയത് ഇതാണ്: സ്വന്തം ജീവിതകാലത്ത് ആനന്ദിക്കുന്നതിലും നല്ല കാര്യങ്ങൾ ചെയ്യുന്നതിലും മെച്ചമായി ആർക്കും ഒന്നുമില്ല.+ 13 മാത്രമല്ല, ഓരോരുത്തരും തിന്നുകുടിച്ച് തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.+
14 സത്യദൈവം ഉണ്ടാക്കുന്നതെല്ലാം എന്നും നിലനിൽക്കുമെന്നു ഞാൻ മനസ്സിലാക്കി. അതിനോട് ഒന്നും കൂട്ടാനില്ല, അതിൽനിന്ന് ഒന്നും കുറയ്ക്കാനുമില്ല. അവയൊക്കെയും സത്യദൈവം ഈ രീതിയിൽ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ട് ആളുകൾ ദൈവത്തെ ഭയപ്പെടും.+
15 സംഭവിക്കുന്നതൊക്കെ ഇതിനോടകം സംഭവിച്ചിട്ടുള്ളതാണ്. വരാനിരിക്കുന്നത് ഇതിനോടകം വന്നിട്ടുള്ളതുമാണ്.+ പക്ഷേ പലരും ലക്ഷ്യമിട്ടതു* സത്യദൈവം തേടുന്നു.
16 സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: നീതി നടക്കേണ്ടിടത്ത് ദുഷ്ടത നടമാടുന്നു. ന്യായം നടക്കേണ്ടിടത്തും ദുഷ്ടതതന്നെ.+ 17 അതുകൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു: “സത്യദൈവം നീതിമാന്മാരെയും ദുഷ്ടന്മാരെയും ന്യായം വിധിക്കും.+ കാരണം, ഓരോ കാര്യത്തിനും ഓരോ പ്രവൃത്തിക്കും ഒരു സമയമുണ്ട്.”
18 സത്യദൈവം മനുഷ്യമക്കളെ പരിശോധിച്ച്, അവർ മൃഗങ്ങളെപ്പോലെയാണെന്ന് അവർക്കു കാണിച്ചുകൊടുക്കുമെന്നും ഞാൻ മനസ്സിൽ പറഞ്ഞു. 19 കാരണം, മനുഷ്യർക്കും മൃഗങ്ങൾക്കും ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെയാണ്.+ ഒന്നു മരിക്കുന്നതുപോലെ മറ്റേതും മരിക്കുന്നു. അവയ്ക്കെല്ലാം ഒരേ ജീവശക്തിയാണുള്ളത്.*+ അതുകൊണ്ട്, മനുഷ്യനു മൃഗങ്ങളെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. എല്ലാം വ്യർഥമാണ്. 20 അവയെല്ലാം ഒരേ സ്ഥലത്തേക്കാണു പോകുന്നത്.+ എല്ലാം പൊടിയിൽനിന്ന് വന്നു,+ എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.+ 21 മനുഷ്യരുടെ ജീവശക്തി* മുകളിലേക്കു പോകുന്നോ? മൃഗങ്ങളുടെ ജീവശക്തി* താഴെ ഭൂമിയിലേക്കു പോകുന്നോ? ആർക്ക് അറിയാം?+ 22 അതുകൊണ്ട്, മനുഷ്യനു തന്റെ പ്രവൃത്തികളിൽ ആസ്വാദനം കണ്ടെത്തുന്നതിനെക്കാൾ മെച്ചമായി ഒന്നുമില്ലെന്നു ഞാൻ കണ്ടു.+ അതാണല്ലോ അവന്റെ പ്രതിഫലം.* അവൻ പോയശേഷം സംഭവിക്കുന്ന കാര്യങ്ങൾ കാണാനായി ആർക്കെങ്കിലും അവനെ മടക്കിവരുത്താൻ കഴിയുമോ?+
4 സൂര്യനു കീഴെ നടക്കുന്ന എല്ലാ അടിച്ചമർത്തലുകളും കാണാൻ ഞാൻ വീണ്ടും ശ്രദ്ധ തിരിച്ചു. അവരുടെ കണ്ണീർ ഞാൻ കണ്ടു. അവരെ ആശ്വസിപ്പിക്കാൻ ആരുമില്ലായിരുന്നു.+ അടിച്ചമർത്തുന്നവർ ശക്തരായിരുന്നു. അതുകൊണ്ട്, അതിന് ഇരയായവരെ ആശ്വസിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. 2 അതുകൊണ്ട്, ഇപ്പോൾ ജീവിച്ചിരിക്കുന്നവരെ അഭിനന്ദിക്കുന്നതിനു പകരം ഇതിനോടകം മരിച്ചുപോയവരെ+ ഞാൻ അഭിനന്ദിച്ചു. 3 ഈ രണ്ടു കൂട്ടരെക്കാളും ഇതുവരെ ജനിച്ചിട്ടില്ലാത്തവരുടെ സ്ഥിതി ഏറെ നല്ലത്.+ സൂര്യനു കീഴെ നടക്കുന്ന വേദനിപ്പിക്കുന്ന കാര്യങ്ങൾ അവർ കണ്ടിട്ടില്ലല്ലോ.+
4 ആളുകൾക്കിടയിലെ മത്സരം അവർ പ്രയത്നിക്കുന്നതിനും വിദഗ്ധമായി ജോലി ചെയ്യുന്നതിനും കാരണമാകുന്നെന്നു ഞാൻ കണ്ടു.+ ഇതും വ്യർഥതയാണ്, കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.
5 തന്റെ ശരീരം ശോഷിക്കുമ്പോഴും* മണ്ടൻ കൈയും കെട്ടി നിൽക്കുന്നു.+
6 ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.+
7 സൂര്യനു കീഴെയുള്ള മറ്റൊരു വ്യർഥതയിലേക്കു ഞാൻ ശ്രദ്ധ തിരിച്ചു: 8 ഒറ്റയ്ക്കുള്ള ഒരാളുണ്ട്, അയാൾക്കു കൂട്ടിന് ആരുമില്ല. മക്കളോ സഹോദരങ്ങളോ ഇല്ല. എങ്കിലും, അയാളുടെ കഠിനാധ്വാനത്തിന് ഒരു അവസാനവുമില്ല. സമ്പത്തു കണ്ട് അയാളുടെ കണ്ണിന് ഒരിക്കലും തൃപ്തിവരുന്നുമില്ല.+ “ആർക്കുവേണ്ടിയാണ് ഞാൻ ഇങ്ങനെ അധ്വാനിക്കുകയും സുഖങ്ങളൊക്കെ ത്യജിക്കുകയും ചെയ്യുന്നത്” എന്ന് അയാൾ തന്നോടുതന്നെ ചോദിക്കാറുണ്ടോ?+ ഇതും വ്യർഥതയാണ്. വളരെ പരിതാപകരം!+
9 ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്.+ കാരണം അവർക്ക് അവരുടെ അധ്വാനത്തിനു നല്ല പ്രതിഫലമുണ്ട്.* 10 ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ. പക്ഷേ എഴുന്നേൽപ്പിക്കാൻ ആരും കൂടെയില്ലെങ്കിൽ വീണയാളുടെ അവസ്ഥ എന്താകും?
11 കൂടാതെ, രണ്ടു പേർ ഒരുമിച്ച് കിടന്നാൽ അവർക്കു ചൂടു കിട്ടും. പക്ഷേ ഒറ്റയ്ക്കു കിടന്നാൽ എങ്ങനെ ചൂടു കിട്ടും? 12 മാത്രമല്ല, തനിച്ചായിരിക്കുന്ന ഒരാളെ ആരെങ്കിലും കീഴ്പെടുത്തിയേക്കാം. പക്ഷേ രണ്ടു പേർ ഒരുമിച്ചാണെങ്കിൽ അവർക്ക് എതിർത്തുനിൽക്കാനാകും. മുപ്പിരിച്ചരട് എളുപ്പം പൊട്ടിക്കാനാകില്ല.
13 പ്രായമായവനെങ്കിലും മേലാൽ മുന്നറിയിപ്പിനു ചെവി കൊടുക്കാത്ത മണ്ടനായ രാജാവിനെക്കാൾ ഭേദം ദരിദ്രനെങ്കിലും ബുദ്ധിമാനായ ബാലനാണ്.+ 14 ആ രാജാവിന്റെ ഭരണകാലത്ത് ദരിദ്രനായി ജനിച്ച+ അവൻ* തടവറയിൽനിന്ന് ഇറങ്ങിവന്ന് രാജാവായി വാഴുന്നു.+ 15 രാജാവിനു പിൻഗാമിയായി വന്ന ഈ ബാലനും സൂര്യനു കീഴെ ചരിക്കുന്ന ജീവനുള്ള എല്ലാവർക്കും സംഭവിക്കുന്നതു ഞാൻ കണ്ടു. 16 അസംഖ്യം ആളുകൾ അവനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പിൽക്കാലത്ത് വരുന്നവർ അവനിൽ തൃപ്തരായിരിക്കില്ല.+ ഇതും വ്യർഥതയാണ്, കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.
5 സത്യദൈവത്തിന്റെ ഭവനത്തിലേക്കു പോകുമ്പോഴെല്ലാം നിന്റെ കാലടികൾ സൂക്ഷിക്കുക.+ അടുത്ത് ചെന്ന് ശ്രദ്ധിക്കുന്നതാണ്,+ മണ്ടന്മാർ ബലി അർപ്പിക്കുന്നതുപോലെ ബലി അർപ്പിക്കുന്നതിലും നല്ലത്.+ കാരണം, തങ്ങൾ ചെയ്യുന്നതു ശരിയല്ലെന്ന് അവർ അറിയുന്നില്ല.
2 തിടുക്കത്തിൽ ഒന്നും പറയരുത്. സത്യദൈവത്തിന്റെ മുമ്പാകെ ചിന്താശൂന്യമായി സംസാരിക്കാൻ ഹൃദയത്തെ അനുവദിക്കുകയുമരുത്.+ കാരണം, സത്യദൈവം സ്വർഗത്തിലാണ്; നീയോ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകൾ ചുരുക്കമായിരിക്കണം.+ 3 അനവധി വിചാരങ്ങളിൽനിന്ന്*+ സ്വപ്നം ഉരുത്തിരിയുന്നു. വാക്കുകളേറുമ്പോൾ അതു മൂഢസംസാരമാകും.+ 4 ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറവേറ്റാൻ വൈകരുത്.+ കാരണം മണ്ടന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല.+ നീ നേരുന്നതു നിറവേറ്റുക.+ 5 നേർന്നിട്ടു നിറവേറ്റാതിരിക്കുന്നതിനെക്കാൾ ഭേദം നേരാതിരിക്കുന്നതാണ്.+ 6 നിന്നെക്കൊണ്ട് പാപം ചെയ്യിക്കാൻ നിന്റെ വായെ അനുവദിക്കരുത്.+ അത് ഒരു അബദ്ധം പറ്റിയതാണെന്നു ദൈവദൂതന്റെ* മുമ്പാകെ പറയുകയുമരുത്.+ നിന്റെ വാക്കുകളാൽ സത്യദൈവത്തെ രോഷംകൊള്ളിച്ചിട്ട് ദൈവം നിന്റെ അധ്വാനഫലം നശിപ്പിക്കാൻ ഇടയാക്കുന്നത് എന്തിന്?+ 7 അനവധി വിചാരങ്ങൾ സ്വപ്നങ്ങൾക്കു+ കാരണമാകുന്നതുപോലെ അനവധി വാക്കുകൾ വ്യർഥതയ്ക്കു കാരണമാകുന്നു. പക്ഷേ, സത്യദൈവത്തെ ഭയപ്പെടുക.+
8 നിന്റെ നാട്ടിൽ ദരിദ്രരെ ദ്രോഹിക്കുന്നതും നീതിയും ന്യായവും നിഷേധിക്കുന്നതും കാണുമ്പോൾ നീ അതിൽ അതിശയിച്ചുപോകരുത്.+ അങ്ങനെ ചെയ്യുന്ന അധികാരിയെ നിരീക്ഷിക്കുന്ന മേലധികാരിയും അവർക്കു മീതെ അവരെക്കാൾ അധികാരമുള്ളവരും ഉണ്ടല്ലോ.
9 മണ്ണിൽനിന്നുള്ള ആദായം ഇവർക്കെല്ലാവർക്കുമായി വീതിക്കുന്നു. രാജാവുപോലും നിലത്തെ വിളവിനെ ആശ്രയിക്കുന്നു.+
10 വെള്ളിയെ സ്നേഹിക്കുന്നവനു വെള്ളികൊണ്ടും ധനത്തെ സ്നേഹിക്കുന്നവനു വരുമാനംകൊണ്ടും ഒരിക്കലും തൃപ്തിവരില്ല.+ ഇതും വ്യർഥതയാണ്.+
11 നല്ല വസ്തുക്കൾ വർധിക്കുമ്പോൾ അവ അനുഭവിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു.+ ഉടമസ്ഥന് അവയൊക്കെ വെറുതേ കാണാമെന്നല്ലാതെ എന്തു പ്രയോജനം?+
12 കഴിക്കുന്നതു കുറച്ചായാലും കൂടുതലായാലും വേലക്കാരന്റെ ഉറക്കം സുഖകരമാണ്. പക്ഷേ ധനികന്റെ സമൃദ്ധി അവന്റെ ഉറക്കം കെടുത്തുന്നു.
13 സൂര്യനു കീഴെ ഞാൻ കണ്ട ശോചനീയമായൊരു കാര്യം ഇതാണ്: ഒരാൾ സമ്പാദ്യം പൂഴ്ത്തിവെക്കുന്നത് അയാൾക്കുതന്നെ ദോഷം ചെയ്യുന്നു. 14 കുഴപ്പംപിടിച്ച ഒരു സംരംഭത്തിൽ ഏർപ്പെട്ട് ആ സമ്പാദ്യം നഷ്ടപ്പെടുന്നു. ഒരു മകൻ ജനിക്കുമ്പോഴോ അയാളുടെ കൈയിൽ ഒന്നുമില്ല.+
15 അമ്മയുടെ ഗർഭത്തിൽനിന്ന് വന്നതുപോലെ ഒരാൾ നഗ്നനായി യാത്രയാകും, വന്നതുപോലെതന്നെ അയാൾ പോകും.+ കഠിനാധ്വാനത്തിനെല്ലാമുള്ള പ്രതിഫലമായി ഒന്നും കൂടെ കൊണ്ടുപോകാൻ അയാൾക്കു പറ്റില്ല.+
16 ഇതും വളരെ ശോചനീയമായൊരു കാര്യമാണ്: വന്നതുപോലെതന്നെ അയാൾ യാത്രയാകും. കാറ്റിനുവേണ്ടി അധ്വാനിക്കുന്നതുകൊണ്ട് അയാൾക്ക് എന്തു പ്രയോജനം?+ 17 മാത്രമല്ല, അയാൾ ദിവസവും ഇരുട്ടത്ത് ഇരുന്ന് തിന്നുന്നു. രോഗവും കോപവും കടുത്ത നിരാശയും മനഃക്ലേശവും അയാളെ വിട്ടുമാറുന്നില്ല.+
18 നല്ലതും ഉചിതവും ആയി ഞാൻ കണ്ടത് ഇതാണ്: സത്യദൈവം തന്നിരിക്കുന്ന ഹ്രസ്വമായ ജീവിതകാലത്ത് മനുഷ്യൻ തിന്നുകുടിക്കുകയും സൂര്യനു കീഴെ ചെയ്യുന്ന കഠിനാധ്വാനത്തിലെല്ലാം ആനന്ദിക്കുകയും ചെയ്യുക.+ അതാണല്ലോ അയാളുടെ പ്രതിഫലം.*+ 19 കൂടാതെ, സത്യദൈവം മനുഷ്യനു സമ്പത്തും വസ്തുവകകളും+ അതോടൊപ്പം അവ ആസ്വദിക്കാനുള്ള കഴിവും തരുമ്പോൾ അയാൾ തന്റെ പ്രതിഫലം കൈപ്പറ്റുകയും കഠിനാധ്വാനത്തിൽ ആനന്ദിക്കുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.+ 20 സത്യദൈവം അയാളുടെ ഹൃദയം ആനന്ദഭരിതമാക്കുന്നതുകൊണ്ട്+ ജീവിതത്തിൽ ദിവസങ്ങൾ കടന്നുപോകുന്നത് അയാൾ അത്ര ശ്രദ്ധിക്കില്ല.
6 സൂര്യനു കീഴെ ഞാൻ കണ്ട മറ്റൊരു ദുരന്തമുണ്ട്. മനുഷ്യരുടെ ഇടയിൽ പൊതുവേ കണ്ടുവരുന്ന ഒരു കാര്യം: 2 ആഗ്രഹിക്കുന്ന ഒന്നിനും കുറവുവരാത്ത വിധം സത്യദൈവം ഒരുവനു സമ്പത്തും വസ്തുവകകളും പ്രതാപവും കൊടുക്കുന്നു. പക്ഷേ ഒന്നും അനുഭവിക്കാൻ ദൈവം അയാൾക്ക് അവസരം കൊടുക്കുന്നില്ല. അതേസമയം ഒരു അന്യൻ അവ അനുഭവിച്ചേക്കാം. ഇതു വ്യർഥതയും വലിയ കഷ്ടവും ആണ്. 3 ഒരു മനുഷ്യൻ നൂറു മക്കളെ ജനിപ്പിച്ചാലും വളരെക്കാലം ജീവിച്ച് വൃദ്ധനായിത്തീർന്നാലും ശവക്കുഴിയിലേക്കു പോകുന്നതിനു മുമ്പ് തനിക്കുള്ള നല്ലതെല്ലാം ആസ്വദിക്കുന്നില്ലെങ്കിൽ, അയാളെക്കാൾ ഭേദം ചാപിള്ളയായി ജനിക്കുന്നവനാണെന്നു ഞാൻ പറയും.+ 4 ഇവൻ വെറുതേ വന്നു, ഇരുളിലേക്കു യാത്രയായി, ഇവന്റെ പേർ ഇരുളിൽ മറയുന്നു. 5 സൂര്യനെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒന്നും അറിഞ്ഞിട്ടില്ലെങ്കിലും, മുമ്പ് പറഞ്ഞയാളെക്കാൾ ഇവൻ എത്രയോ ഭേദം!*+ 6 ആയിരമോ രണ്ടായിരമോ വർഷം ജീവിച്ചാലും ജീവിതം ആസ്വദിക്കാനാകുന്നില്ലെങ്കിൽ എന്തു പ്രയോജനം? എല്ലാവരും പോകുന്നത് ഒരേ സ്ഥലത്തേക്കല്ലേ?+
7 വയറു നിറയ്ക്കാൻവേണ്ടിയാണു മനുഷ്യന്റെ അധ്വാനമെല്ലാം.+ പക്ഷേ ഒരിക്കലും അവന്റെ വിശപ്പ് അടങ്ങുന്നില്ല. 8 ആ സ്ഥിതിക്കു മണ്ടന്മാരെക്കാൾ ബുദ്ധിമാന് എന്തു മേന്മയാണുള്ളത്?+ കഴിഞ്ഞുകൂടാൻ* അറിയാമെന്നതുകൊണ്ട് ദരിദ്രന് എന്താണു പ്രയോജനം? 9 ആഗ്രഹങ്ങൾക്കു പിന്നാലെ പായുന്നതിനെക്കാൾ ഏറെ നല്ലതു കൺമുന്നിലുള്ളത് ആസ്വദിക്കുന്നതാണ്. ഇതും വ്യർഥതയാണ്, കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.
10 അസ്തിത്വത്തിൽ വന്നിട്ടുള്ളവയ്ക്കെല്ലാം ഇതിനോടകം പേരിട്ടിട്ടുണ്ട്. മനുഷ്യൻ വാസ്തവത്തിൽ ആരാണെന്നും വെളിപ്പെട്ടിരിക്കുന്നു. തന്നെക്കാൾ ശക്തനായവനോടു തർക്കിക്കാൻ* അവനു കഴിവില്ല. 11 വാക്കുകൾ* പെരുകുമ്പോൾ വ്യർഥതയും പെരുകുന്നു. ആ സ്ഥിതിക്ക് ഏറെ വാക്കുകൾകൊണ്ട് മനുഷ്യന് എന്തു പ്രയോജനം? 12 നിഴൽപോലെ പെട്ടെന്നു കടന്നുപോകുന്ന വ്യർഥമായ ജീവിതത്തിൽ മനുഷ്യനു ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം എന്താണെന്നു പറഞ്ഞുകൊടുക്കാൻ ആർക്കാകും?+ അവൻ പോയശേഷം സൂര്യനു കീഴെ എന്തു നടക്കുമെന്ന് ആർക്ക് അവനോടു പറയാനാകും?
7 വിശേഷതൈലത്തെക്കാൾ സത്പേര്*+ നല്ലത്. ജനനദിവസത്തെക്കാൾ മരണദിവസവും നല്ലത്. 2 വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്.+ അതാണല്ലോ എല്ലാ മനുഷ്യന്റെയും അവസാനം. ജീവിച്ചിരിക്കുന്നവർ ഇതു മനസ്സിൽപ്പിടിക്കണം. 3 ചിരിയെക്കാൾ വ്യസനം നല്ലത്.+ കാരണം, മുഖത്തെ ദുഃഖം ഹൃദയത്തിനു ഗുണം ചെയ്യുന്നു.+ 4 ബുദ്ധിമാന്റെ ഹൃദയം വിലാപഭവനത്തിലാണ്, മണ്ടന്മാരുടെ ഹൃദയമോ ആനന്ദഭവനത്തിലും.*+
5 വിഡ്ഢികളുടെ പാട്ടു കേൾക്കുന്നതിനെക്കാൾ ബുദ്ധിമാന്റെ ശകാരം കേൾക്കുന്നതു+ നല്ലത്. 6 കലത്തിന്റെ അടിയിലെ തീയിൽ മുള്ള് എരിഞ്ഞുപൊട്ടുന്ന ശബ്ദംപോലെയാണു വിഡ്ഢിയുടെ ചിരി.+ ഇതും വ്യർഥതയാണ്. 7 പക്ഷേ, അടിച്ചമർത്തലിന് ഇരയായാൽ ബുദ്ധിമാനും ഭ്രാന്തനായേക്കാം. കൈക്കൂലി ഹൃദയത്തെ ദുഷിപ്പിക്കുന്നു.+
8 ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്. അഹങ്കാരഭാവത്തെക്കാൾ ക്ഷമാശീലം നല്ലത്.+ 9 പെട്ടെന്നു നീരസപ്പെടരുത്.+ നീരസം വിഡ്ഢികളുടെ ഹൃദയത്തിലല്ലേ ഇരിക്കുന്നത്?*+
10 “കഴിഞ്ഞ കാലം ഇപ്പോഴത്തെക്കാൾ നല്ലതായിരുന്നതിന്റെ കാരണം എന്ത്” എന്നു നീ ചോദിക്കരുത്. നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.+
11 പൈതൃകസ്വത്തുകൂടിയുണ്ടെങ്കിൽ ജ്ഞാനം ഏറെ നല്ലത്. പകൽവെളിച്ചം കാണുന്നവർക്കെല്ലാം* അതു ഗുണം ചെയ്യും. 12 കാരണം, പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ+ ജ്ഞാനവും ഒരു സംരക്ഷണമാണ്.+ പക്ഷേ, അറിവിന്റെ മേന്മ ഇതാണ്: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.+
13 സത്യദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കുക. ദൈവം വളച്ചത് ആർക്കു നേരെയാക്കാൻ കഴിയും?+ 14 നല്ല ദിവസത്തിൽ അതിന്റെ നന്മയെ പ്രതിഫലിപ്പിക്കുക.+ പക്ഷേ ദുരന്തദിവസത്തിൽ, ആ ദിവസംപോലെതന്നെ ഈ ദിവസവും ദൈവം ഒരുക്കിയെന്ന കാര്യം ഓർക്കുക.+ അതുകൊണ്ടുതന്നെ, തങ്ങൾക്കു ഭാവിയിൽ സംഭവിക്കാൻപോകുന്നതൊന്നും മനുഷ്യർക്കു മുന്നമേ കൃത്യമായി അറിയാനാകില്ല.+
15 എന്റെ വ്യർഥജീവിതത്തിൽ+ ഞാൻ എല്ലാം കണ്ടിട്ടുണ്ട്. നീതി പ്രവർത്തിക്കുമ്പോൾത്തന്നെ മരിച്ചുപോകുന്ന നീതിമാനെയും+ അതേസമയം, തെറ്റുകൾ ചെയ്തിട്ടും ദീർഘകാലം ജീവിക്കുന്ന ദുഷ്ടനെയും ഞാൻ കണ്ടിരിക്കുന്നു.+
16 അതിനീതിമാനായിരിക്കരുത്;+ അതിബുദ്ധിമാനായി ഭാവിക്കാനും പാടില്ല.+ എന്തിനു നീ നാശം വിളിച്ചുവരുത്തണം?+ 17 അതിദുഷ്ടനായിരിക്കരുത്; വിഡ്ഢിയായിരിക്കുകയുമരുത്.+ എന്തിനു നീ നിന്റെ സമയത്തിനു മുമ്പേ മരിക്കണം?+ 18 ഇവയിൽ ഒരു മുന്നറിയിപ്പു വിട്ടുകളയാതെതന്നെ മറ്റേതും മുറുകെ പിടിക്കുന്നതാണ് ഏറ്റവും നല്ലത്.+ ദൈവത്തെ ഭയപ്പെടുന്നവൻ അതു രണ്ടും ഗൗനിക്കും.
19 ബുദ്ധിമാന്റെ ജ്ഞാനം നഗരത്തിലെ പത്തു ബലവാന്മാരെക്കാൾ അവനെ ശക്തനാക്കുന്നു.+ 20 ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ലല്ലോ.+
21 ആളുകൾ പറയുന്ന ഓരോ വാക്കിനും വേണ്ടതിലധികം ശ്രദ്ധ കൊടുക്കരുത്.+ അല്ലെങ്കിൽ, നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാനിടയാകും. 22 നീതന്നെ പലപ്പോഴും മറ്റുള്ളവരെ ശപിച്ചിട്ടുണ്ടെന്ന് ഉള്ളിന്റെ ഉള്ളിൽ നിനക്കു നന്നായി അറിയാമല്ലോ.+
23 “ഞാൻ ബുദ്ധിമാനാകും” എന്നു പറഞ്ഞ് ഇവയെല്ലാം ഞാൻ എന്റെ ജ്ഞാനം ഉപയോഗിച്ച് പരിശോധിച്ചു. പക്ഷേ, അത് എനിക്ക് അപ്രാപ്യമായിരുന്നു. 24 ഉള്ളതെല്ലാം എന്റെ കൈയെത്താദൂരത്താണ്. അവ വളരെ ആഴമുള്ളവയുമാണ്. ആർക്ക് അവ ഗ്രഹിക്കാനാകും?+ 25 ജ്ഞാനം, കാര്യങ്ങൾക്കു പിന്നിലെ കാരണം എന്നിവയെക്കുറിച്ച് അറിയാനും അപഗ്രഥിക്കാനും അന്വേഷിക്കാനും ഞാൻ ഹൃദയം തിരിച്ചു. മണ്ടത്തരത്തിന്റെ ദുഷ്ടതയും ഭ്രാന്തിന്റെ വിവരക്കേടും ഗ്രഹിക്കാനും ഞാൻ മനസ്സുവെച്ചു.+ 26 തുടർന്ന്, ഞാൻ ഇതു കണ്ടെത്തി: വേട്ടക്കാരന്റെ വലപോലുള്ള ഒരു സ്ത്രീ മരണത്തെക്കാൾ കയ്പേറിയവളാണ്. അവളുടെ ഹൃദയം മീൻവലകൾപോലെയും കൈകൾ തടവറയിലെ ചങ്ങലകൾപോലെയും ആണ്. സത്യദൈവത്തെ പ്രസാദിപ്പിക്കുന്നവൻ അവളിൽനിന്ന് രക്ഷപ്പെടും.+ പാപിയോ അവളുടെ പിടിയിലാകും.+
27 “ഞാൻ കണ്ടെത്തിയത് ഇതാണ്” എന്നു സഭാസംഘാടകൻ+ പറയുന്നു: “ഒരു നിഗമനത്തിലെത്താൻ കാര്യങ്ങൾ ഒന്നൊന്നായി പരിശോധിച്ചെങ്കിലും 28 ഞാൻ നിരന്തരം അന്വേഷിച്ചതു കണ്ടെത്തിയിട്ടില്ല. ആയിരം പേരിൽ ഒരു പുരുഷനെ* ഞാൻ കണ്ടെത്തി. പക്ഷേ, അവരിൽ ഒരു സ്ത്രീയെ ഞാൻ കണ്ടെത്തിയില്ല. 29 ഒരു കാര്യം മാത്രം ഞാൻ കണ്ടെത്തിയിരിക്കുന്നു: സത്യദൈവം മനുഷ്യവർഗത്തെ നേരുള്ളവരായി സൃഷ്ടിച്ചു.+ അവർ പക്ഷേ പല കുടിലപദ്ധതികളും മനയുന്നു.”+
8 ബുദ്ധിമാനെപ്പോലെ ആരുണ്ട്? പ്രശ്നങ്ങൾക്കുള്ള പരിഹാരം* ആർക്ക് അറിയാം? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുകയും അവന്റെ പരുഷഭാവം മയപ്പെടുത്തുകയും ചെയ്യുന്നു.
2 ഞാൻ പറയുന്നു: “ദൈവത്തോടുള്ള ആണയെ കരുതി+ രാജാവിന്റെ ആജ്ഞകൾ അനുസരിക്കുക.+ 3 രാജസന്നിധി വിട്ട് പോകാൻ തിടുക്കം കാട്ടരുത്.+ മോശമായ ഒരു കാര്യത്തെയും അനുകൂലിക്കരുത്.+ കാരണം, ഇഷ്ടമുള്ളതെന്തും ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും. 4 രാജാവിന്റെ വാക്ക് അന്തിമമാണല്ലോ.+ ‘അങ്ങ് എന്താണ് ഈ ചെയ്യുന്നത്’ എന്ന് അദ്ദേഹത്തോടു ചോദിക്കാൻ ആർക്കെങ്കിലും പറ്റുമോ?”
5 കല്പന അനുസരിക്കുന്നയാൾക്കു കുഴപ്പമൊന്നുമുണ്ടാകില്ല.+ ജ്ഞാനമുള്ള ഹൃദയം ഉചിതമായ സമയവും രീതിയും* അറിയുന്നു.+ 6 ഓരോ കാര്യത്തിനും ഓരോ സമയവും രീതിയും* ഉണ്ട്.+ മനുഷ്യവർഗത്തിന്റെ ബുദ്ധിമുട്ടുകൾ വളരെ അധികമാണല്ലോ. 7 എന്താണു സംഭവിക്കാൻപോകുന്നതെന്ന് ആർക്കും അറിയില്ല. അപ്പോൾപ്പിന്നെ അത് എങ്ങനെ സംഭവിക്കുമെന്ന് ആർക്കു പറയാനാകും?
8 ഒരു മനുഷ്യനും ജീവനു മേൽ* അധികാരമില്ല, അതിനെ പിടിച്ചുനിറുത്താനും സാധിക്കില്ല. അതുപോലെ, മരണദിവസത്തിന്മേലും ആർക്കും അധികാരമില്ല.+ യുദ്ധസമയത്ത് ഒരു പടയാളിക്കും ഒഴിവ് കിട്ടാത്തതുപോലെ, ദുഷ്ടത പതിവാക്കിയവർക്ക് അത് അതിൽനിന്ന് മോചനം കൊടുക്കില്ല.*
9 ഇതൊക്കെയാണ് സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാൻ മനസ്സുവെച്ച ഞാൻ കണ്ടത്. മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് ഇക്കാലമത്രയും അവർക്കു ദോഷം ചെയ്തിരിക്കുന്നു.+ 10 ദുഷ്ടന്മാരുടെ ശവസംസ്കാരവും ഞാൻ കണ്ടു. അവർ വിശുദ്ധസ്ഥലത്ത് വന്നുപോയിരുന്നവരാണ്. പക്ഷേ, അവർ ഇതൊക്കെ ചെയ്ത നഗരം പെട്ടെന്നുതന്നെ അവരെ മറന്നുപോയി.+ ഇതും വ്യർഥതയാണ്.
11 ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി വേഗത്തിൽ നടപ്പാക്കാത്തതുകൊണ്ട്+ മനുഷ്യരുടെ ഹൃദയം തെറ്റു ചെയ്യാൻ ധൈര്യപ്പെടുന്നു.+ 12 പാപി നൂറു വട്ടം തെറ്റു ചെയ്തിട്ടും ദീർഘായുസ്സോടെ ഇരുന്നേക്കാമെങ്കിലും സത്യദൈവത്തെ ഭയപ്പെടുന്നവർക്ക് ഒടുവിൽ നല്ലതു വരുമെന്ന് എനിക്ക് അറിയാം. കാരണം, അവർ ദൈവത്തെ ഭയപ്പെടുന്നു.+ 13 പക്ഷേ, ദുഷ്ടനു നല്ലതു വരില്ല.+ നിഴൽപോലുള്ള അവന്റെ നാളുകൾ അവനു നീട്ടിക്കൊണ്ടുപോകാനുമാകില്ല.+ കാരണം, അവൻ ദൈവത്തെ ഭയപ്പെടുന്നില്ല.
14 വ്യർഥമായ* ഒരു കാര്യം ഭൂമിയിൽ നടക്കുന്നുണ്ട്. നീതിമാന്മാരായ ചിലരോടു പെരുമാറുന്നത് അവർ എന്തോ ദുഷ്പ്രവൃത്തി ചെയ്തു എന്നതുപോലെയാണ്.+ ദുഷ്ടന്മാരായ ചിലരോടാകട്ടെ നീതിപ്രവൃത്തി ചെയ്തു എന്നതുപോലെയും.+ ഇതും വ്യർഥതയാണെന്നു ഞാൻ പറയും.
15 അതുകൊണ്ട് സന്തോഷിക്കൂ!+ അതാണ് എന്റെ ശുപാർശ. കാരണം, മനുഷ്യന്റെ കാര്യത്തിൽ, തിന്നുകുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി സൂര്യനു കീഴെ ഒന്നുമില്ല.+ സത്യദൈവം സൂര്യനു കീഴെ തന്നിരിക്കുന്ന ജീവിതകാലത്ത് അധ്വാനിക്കുന്നതോടൊപ്പം മനുഷ്യൻ ആഹ്ലാദിക്കുകയും വേണം.
16 ജ്ഞാനം സമ്പാദിക്കാനും ഭൂമിയിലെ പ്രവർത്തനങ്ങളെല്ലാം കാണാനും ഞാൻ മനസ്സുവെച്ചു.+ അതിനുവേണ്ടി ഞാൻ രാവും പകലും ഉറക്കമിളയ്ക്കുകപോലും ചെയ്തു.* 17 തുടർന്ന്, സത്യദൈവത്തിന്റെ എല്ലാ പ്രവൃത്തികളെയുംകുറിച്ച് ചിന്തിച്ചപ്പോൾ, സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ മനുഷ്യവർഗത്തിനു സാധിക്കില്ലെന്ന് എനിക്കു മനസ്സിലായി.+ മനുഷ്യർ എത്ര കഠിനമായി ശ്രമിച്ചാലും അവർക്ക് അതു ഗ്രഹിക്കാനാകില്ല. അത് അറിയാൻമാത്രം ജ്ഞാനമുണ്ടെന്ന് അവകാശപ്പെട്ടാലും അവർക്ക് അതു ശരിക്കും ഗ്രഹിക്കാനാകില്ല.+
9 അങ്ങനെ, ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച ഞാൻ ഈ നിഗമനത്തിലെത്തി: നീതിമാന്മാരും ബുദ്ധിമാന്മാരും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കൈയിലാണ്.+ തങ്ങൾ ജനിക്കുന്നതിനു മുമ്പുണ്ടായിരുന്ന സ്നേഹവും വെറുപ്പും മനുഷ്യർ അറിയുന്നില്ല. 2 നീതിമാനും ദുഷ്ടനും,+ നല്ലവനും ശുദ്ധനും അശുദ്ധനും, ബലി അർപ്പിക്കുന്നവനും ബലി അർപ്പിക്കാത്തവനും എല്ലാം ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെ.+ നല്ലവനും പാപിയും ഒരുപോലെ; ആണയിടുന്നവനും ആണയിടാൻ പേടിക്കുന്നവനും ഒരുപോലെ. 3 സൂര്യനു കീഴെ നടക്കുന്ന ദുഃഖകരമായ ഒരു കാര്യം ഇതാണ്: എല്ലാവർക്കും ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെയായതുകൊണ്ട്+ മനുഷ്യരുടെ ഹൃദയത്തിൽ തിന്മ നിറഞ്ഞിരിക്കുന്നു. ജീവിതകാലം മുഴുവൻ അവർക്കു ഹൃദയത്തിൽ ഭ്രാന്താണ്. പിന്നെ അവർ മരിക്കുന്നു!*
4 ജീവിച്ചിരിക്കുന്ന ഏതൊരാൾക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായയാണല്ലോ ഏറെ നല്ലത്.+ 5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.+ അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.+ 6 മാത്രമല്ല, അതോടെ അവരുടെ സ്നേഹവും വെറുപ്പും അസൂയയും നശിച്ചുപോയി. സൂര്യനു കീഴെ നടക്കുന്ന ഒന്നിലും മേലാൽ അവർക്ക് ഒരു ഓഹരിയുമില്ല.+
7 നീ പോയി ആനന്ദത്തോടെ നിന്റെ ഭക്ഷണം കഴിക്കുക, ആനന്ദഹൃദയത്തോടെ നിന്റെ വീഞ്ഞു കുടിക്കുക.+ കാരണം, സത്യദൈവം ഇതിനോടകംതന്നെ നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നു.+ 8 നിന്റെ വസ്ത്രം എപ്പോഴും വെൺമയുള്ളതായിരിക്കട്ടെ.* നിന്റെ തലയിൽ എണ്ണ പുരട്ടാൻ വിട്ടുപോകരുത്.+ 9 സൂര്യനു കീഴെ ദൈവം നിനക്കു തന്നിട്ടുള്ള വ്യർഥമായ ജീവിതകാലത്ത് ഉടനീളം നിന്റെ പ്രിയപത്നിയുടെകൂടെ ജീവിതം ആസ്വദിക്കുക.+ നിന്റെ ഈ വ്യർഥനാളുകളിലെല്ലാം നിനക്കുള്ളതും സൂര്യനു കീഴെ നീ ചെയ്യുന്ന കഠിനാധ്വാനത്തിനു നിനക്കു കിട്ടേണ്ടതും ആയ ഓഹരി അതാണ്.+ 10 ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ*+ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല.
11 പിന്നീട്, സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: വേഗമുള്ളവർ ഓട്ടത്തിലും ബലമുള്ളവർ പോരാട്ടത്തിലും എപ്പോഴും വിജയിക്കുന്നില്ല.+ എപ്പോഴും ജ്ഞാനികൾക്കല്ല ഭക്ഷണം, ബുദ്ധിമാന്മാർക്കല്ല സമ്പത്ത്.+ അറിവുള്ളവർ എപ്പോഴും വിജയിക്കുന്നുമില്ല.+ കാരണം, സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു. 12 മനുഷ്യൻ അവന്റെ സമയം അറിയുന്നില്ലല്ലോ.+ മത്സ്യം നാശകരമായ വലയിൽപ്പെടുന്നതുപോലെയും പക്ഷികൾ കെണിയിൽപ്പെടുന്നതുപോലെയും അപ്രതീക്ഷിതമായി ദുരന്തം ആഞ്ഞടിക്കുമ്പോൾ മനുഷ്യമക്കൾ കെണിയിൽ അകപ്പെട്ടുപോകുന്നു.
13 സൂര്യനു കീഴെ ഞാൻ ജ്ഞാനത്തെക്കുറിച്ച് മറ്റൊരു കാര്യം നിരീക്ഷിച്ചു. എനിക്ക് അതിൽ മതിപ്പു തോന്നി: 14 ഏതാനും പുരുഷന്മാരുള്ള ഒരു ചെറിയ നഗരമുണ്ടായിരുന്നു. ബലവാനായ ഒരു രാജാവ് ആ നഗരത്തിന് എതിരെ വന്ന് അതിനെ വളഞ്ഞ് ശക്തമായ ഉപരോധം ഏർപ്പെടുത്തി. 15 ദരിദ്രനെങ്കിലും ബുദ്ധിമാനായ ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. തന്റെ ജ്ഞാനത്താൽ അവൻ ആ നഗരം സംരക്ഷിച്ചു. ആ ദരിദ്രനെ പക്ഷേ ആരും ഓർത്തില്ല.+ 16 ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘ബലത്തെക്കാൾ നല്ലതു ജ്ഞാനമാണെങ്കിലും+ ഒരു ദരിദ്രന്റെ ജ്ഞാനത്തിന് ആരും വില കല്പിക്കുന്നില്ല. അവന്റെ വാക്കുകൾ ആരും ചെവിക്കൊള്ളുന്നില്ല.’+
17 മൂഢന്മാരുടെ ഇടയിൽ ഭരണം നടത്തുന്നവന്റെ ആക്രോശത്തിനു ചെവി കൊടുക്കുന്നതിനെക്കാൾ ബുദ്ധിയുള്ളവന്റെ ശാന്തമായ വചനങ്ങൾ ശ്രദ്ധിക്കുന്നതാണു നല്ലത്.
18 യുദ്ധായുധങ്ങളെക്കാൾ ജ്ഞാനം നല്ലത്. പക്ഷേ ഒരൊറ്റ പാപി മതി ഏറെ നന്മ നശിപ്പിക്കാൻ.+
10 ചത്ത ഈച്ച സുഗന്ധദ്രവ്യക്കാരന്റെ തൈലത്തിനു ദുർഗന്ധമുണ്ടാക്കുകയും അതു പതയാൻ ഇടയാക്കുകയും ചെയ്യുന്നതുപോലെ അൽപ്പം വിഡ്ഢിത്തം ജ്ഞാനത്തെയും മഹത്ത്വത്തെയും നിഷ്പ്രഭമാക്കുന്നു.+
2 ബുദ്ധിമാന്റെ ഹൃദയം അവനെ ശരിയായ വഴിയിൽ നയിക്കുന്നു.* മണ്ടന്റെ ഹൃദയം അവനെ നയിക്കുന്നതോ തെറ്റായ വഴിയിലൂടെയും.*+ 3 വിഡ്ഢി ഏതു വഴിയേ നടന്നാലും സാമാന്യബോധം കാണിക്കില്ല.*+ താൻ വിഡ്ഢിയാണെന്ന് അവൻ എല്ലാവർക്കും വെളിപ്പെടുത്തുന്നു.+
4 നിന്റെ നേരെ ഭരണാധികാരിയുടെ കോപം* ജ്വലിച്ചാൽ നീ നിന്റെ സ്ഥാനം ഉപേക്ഷിച്ച് പോകരുത്.+ കാരണം, ശാന്തത വലിയ പാപങ്ങളെ തടഞ്ഞുനിറുത്തും.+
5 സൂര്യനു കീഴെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യം ഞാൻ കണ്ടു, പൊതുവേ അധികാരത്തിലുള്ളവർ വരുത്തുന്ന പിഴവ്:+ 6 വിഡ്ഢികളെ പല ഉന്നതസ്ഥാനങ്ങളിലും പ്രതിഷ്ഠിച്ചിരിക്കുന്നു. സമ്പന്നരോ* താഴ്ന്ന സ്ഥാനങ്ങളിൽത്തന്നെ തുടരുന്നു.
7 ദാസർ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്. അതേസമയം പ്രഭുക്കന്മാർ ദാസരെപ്പോലെ നടന്നുപോകുന്നതും കണ്ടിട്ടുണ്ട്.+
8 കുഴി കുഴിക്കുന്നവൻ അതിൽ വീണേക്കാം.+ കൻമതിൽ പൊളിക്കുന്നവനെ പാമ്പു കടിച്ചേക്കാം.
9 പാറ പൊട്ടിക്കുന്നവനു മുറിവേറ്റേക്കാം. വിറകു കീറുന്നവന് അപകടമുണ്ടായേക്കാം.*
10 ഒരാൾ മൂർച്ചയില്ലാത്ത ഇരുമ്പായുധത്തിന്റെ വായ്ത്തലയ്ക്കു മൂർച്ച കൂട്ടാതിരുന്നാൽ അയാൾ കൂടുതൽ അധ്വാനിക്കേണ്ടിവരും. പക്ഷേ, വിജയം വരിക്കാൻ ജ്ഞാനം സഹായിക്കുന്നു.
11 പാമ്പാട്ടി മയക്കുംമുമ്പേ പാമ്പു കടിച്ചാൽ പാമ്പാട്ടി എത്രതന്നെ വിദഗ്ധനാണെങ്കിലും അവന്* എന്തു ഗുണം?
12 ബുദ്ധിമാനു തന്റെ വായിലെ വാക്കുകളാൽ പ്രീതി കിട്ടുന്നു.+ മണ്ടന്റെ ചുണ്ടുകളോ അവനു നാശം വരുത്തുന്നു.+ 13 അവന്റെ വായിൽനിന്ന് ആദ്യം വരുന്നതു വിഡ്ഢിത്തമാണ്.+ ഒടുവിൽ വരുന്നതോ വിനാശകമായ ഭ്രാന്തും. 14 എന്നിട്ടും വിഡ്ഢി സംസാരം നിറുത്തുന്നില്ല.+
എന്താണു സംഭവിക്കാൻപോകുന്നതെന്നു മനുഷ്യന് അറിയില്ല. അവന്റെ കാലശേഷം എന്തു സംഭവിക്കുമെന്ന് ആർക്ക് അവനോടു പറയാനാകും?+
15 മണ്ടന്റെ കഠിനാധ്വാനം അവനെ തളർത്തിക്കളയുന്നു. നഗരത്തിലേക്കുള്ള വഴി കണ്ടുപിടിക്കാൻപോലും അവന് അറിയില്ലല്ലോ.
16 ബാലനായ രാജാവും+ രാവിലെതന്നെ സദ്യ ഉണ്ണാൻ തുടങ്ങുന്ന പ്രഭുക്കന്മാരും ഉള്ള നാടിന്റെ സ്ഥിതി എത്ര ശോചനീയം! 17 പക്ഷേ, കുലീനപുത്രനായ ഒരു രാജാവും അമിതമായി കുടിക്കാനല്ല, ശക്തിയാർജിക്കാൻവേണ്ടി ഉചിതമായ സമയത്ത് മാത്രം ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള നാട് എത്ര സന്തോഷമുള്ളത്!+
18 അങ്ങേയറ്റത്തെ മടി കാരണം മേൽക്കൂരയുടെ തുലാം വളഞ്ഞുതൂങ്ങുന്നു. കൈകൾ അലസമായതുകൊണ്ട് വീടു ചോർന്നൊലിക്കുന്നു.+
19 അപ്പം* ഉല്ലാസത്തിനുവേണ്ടിയാണ്. വീഞ്ഞു ജീവിതം ആനന്ദഭരിതമാക്കുന്നു.+ പക്ഷേ പണമാണ് എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത്.+
20 നിന്റെ മനസ്സിൽപ്പോലും* രാജാവിനെ ശപിക്കരുത്.+ നിന്റെ കിടപ്പറയിൽവെച്ച് ധനവാനെയും ശപിക്കരുത്. കാരണം, ഒരു പക്ഷി* ആ ശബ്ദം* കൊണ്ടുപോകുകയോ ഒരു പറവ അക്കാര്യം പാടിനടക്കുകയോ ചെയ്തേക്കാം.
11 നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക;*+ കുറെ കാലം കഴിഞ്ഞ് നീ അതു വീണ്ടും കണ്ടെത്തും.+ 2 ഉള്ളതിൽ ഒരു ഓഹരി ഏഴു പേർക്കോ എട്ടു പേർക്കോ കൊടുക്കുക.+ ഭൂമിയിൽ എന്തു ദുരന്തമുണ്ടാകുമെന്നു നിനക്ക് അറിയില്ലല്ലോ.
3 മേഘങ്ങളിൽ വെള്ളം നിറഞ്ഞാൽ അതു ഭൂമിയിൽ കനത്ത മഴ പെയ്യിക്കും. മരം വീഴുന്നതു തെക്കോട്ടായാലും വടക്കോട്ടായാലും അതു വീണിടത്തുതന്നെ കിടക്കും.
4 കാറ്റിനെ നോക്കുന്നവൻ വിതയ്ക്കില്ല. മേഘത്തെ നോക്കുന്നവൻ കൊയ്യുകയുമില്ല.+
5 ഗർഭിണിയുടെ ഉദരത്തിലെ കുഞ്ഞിന്റെ* അസ്ഥികളിൽ ആത്മാവ്* പ്രവർത്തിക്കുന്നത് എങ്ങനെയെന്നു നീ അറിയാത്തതുപോലെ,+ എല്ലാം ചെയ്യുന്ന സത്യദൈവത്തിന്റെ പ്രവൃത്തികളും നിനക്ക് അറിയില്ല.+
6 രാവിലെ നിന്റെ വിത്തു വിതയ്ക്കുക. വൈകുന്നേരംവരെ നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്;+ ഇതാണോ അതാണോ സഫലമാകുക, അതോ രണ്ടും ഒരുപോലെ സഫലമാകുമോ, എന്നു നിനക്ക് അറിയില്ലല്ലോ.
7 വെളിച്ചം ഹൃദ്യമാണ്. സൂര്യപ്രകാശം കാണുന്നതു കണ്ണിനു നല്ലതുമാണ്. 8 ഒരു മനുഷ്യൻ വർഷങ്ങളോളം ജീവിക്കുന്നെങ്കിൽ ആ കാലമെല്ലാം അയാൾ ജീവിതം ആസ്വദിക്കട്ടെ.+ പക്ഷേ ഇരുൾ മൂടിയ ദിനങ്ങൾ അനവധിയായിരിക്കാമെന്ന കാര്യം അവൻ ഓർക്കണം. വരാനുള്ളതെല്ലാം വ്യർഥതയാണ്.+
9 യുവാവേ, യൗവനകാലത്ത് നീ ആനന്ദിക്കുക. യൗവനനാളുകളിൽ നിന്റെ ഹൃദയം ആഹ്ലാദിക്കട്ടെ. നിന്റെ ഹൃദയം നിന്നെ നയിക്കുന്ന വഴികളിലൂടെ നടക്കുക. നിന്റെ കണ്ണുകൾ നയിക്കുന്നിടത്തേക്കു പോകുക. പക്ഷേ, ഇതെല്ലാം കാരണം സത്യദൈവം നിന്നെ ന്യായം വിധിക്കുമെന്ന്* അറിഞ്ഞുകൊള്ളുക.+ 10 അതുകൊണ്ട്, മനോവിഷമത്തിന് ഇടയാക്കുന്ന കാര്യങ്ങൾ നിന്റെ ഹൃദയത്തിൽനിന്ന് നീക്കുക. ശരീരത്തിനു ഹാനികരമായ കാര്യങ്ങളും ഒഴിവാക്കുക. കാരണം, യൗവനവും യുവത്വവും വ്യർഥതയാണ്.+
12 യൗവനകാലത്ത് നിന്റെ മഹാസ്രഷ്ടാവിനെ ഓർക്കുക.+ കഷ്ടത നിറഞ്ഞ നാളുകളും “ജീവിതത്തിൽ എനിക്ക് ഒരു സന്തോഷവുമില്ല” എന്നു പറയുന്ന കാലവും വരുന്നതിനു മുമ്പ്,+ 2 സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചം മങ്ങുകയും+ വന്മഴയ്ക്കു ശേഷം* മേഘങ്ങൾ മടങ്ങിവരുകയും ചെയ്യുന്നതിനു മുമ്പുതന്നെ, അങ്ങനെ ചെയ്യുക. 3 അന്നു വീട്ടുകാവൽക്കാർ വിറയ്ക്കും. ബലവാന്മാർ കൂനിപ്പോകും. അരയ്ക്കുന്ന സ്ത്രീകൾ എണ്ണത്തിൽ കുറഞ്ഞുപോയതുകൊണ്ട് പണി നിറുത്തും. ജനാലകളിലൂടെ നോക്കുന്ന സ്ത്രീകൾ ഇരുൾ മാത്രം കാണും.+ 4 തെരുവിലേക്കുള്ള വാതിലുകൾ അടഞ്ഞുകിടക്കും. തിരികല്ലിന്റെ ശബ്ദം മന്ദമാകും. പക്ഷി ചിലയ്ക്കുന്നതു കേട്ട് അവർ ഉണർന്നുപോകും. ഗായികമാരുടെ സ്വരം നേർത്തുവരും.+ 5 അവർ ഉയരങ്ങളെ പേടിക്കും. തെരുവുകളിൽ അപകടം പതിയിരിക്കുന്നതായി അവർക്കു തോന്നും. ബദാംവൃക്ഷം പൂക്കും.+ പുൽച്ചാടി നിരങ്ങിനീങ്ങും. കരീരക്കായ്* പൊട്ടിപ്പോകും. കാരണം, മനുഷ്യൻ തന്റെ ചിരകാലഭവനത്തിലേക്കു നടന്നുനീങ്ങുകയാണ്.+ വിലപിക്കുന്നവരാകട്ടെ, തെരുവിലൂടെ നടക്കുന്നു.+ 6 അന്നു വെള്ളിച്ചരട് അറ്റുപോകും. പൊൻപാത്രം തകരും. നീരുറവിലെ ഭരണി ഉടയും. കിണറിന്റെ കപ്പി തകരും. 7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+
8 “മഹാവ്യർഥത!” എന്നു സഭാസംഘാടകൻ+ പറയുന്നു. “എല്ലാം വ്യർഥമാണ്.”+
9 സഭാസംഘാടകൻ ബുദ്ധിമാനായെന്നു മാത്രമല്ല, തനിക്ക് അറിയാമായിരുന്ന കാര്യങ്ങൾ നിരന്തരം ജനത്തെ പഠിപ്പിക്കുകയും ചെയ്തു.+ അദ്ദേഹം അനവധി പഴഞ്ചൊല്ലുകൾ+ സമാഹരിച്ച് ചിട്ടപ്പെടുത്താൻ* ഗഹനമായി ചിന്തിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. 10 ഇമ്പമുള്ള വാക്കുകൾ+ കണ്ടെത്താനും സത്യവചനങ്ങൾ കൃത്യമായി രേഖപ്പെടുത്താനും അദ്ദേഹം പരിശ്രമിച്ചു.
11 ബുദ്ധിമാന്റെ വാക്കുകൾ+ ഇടയന്റെ വടിപോലെയും അവർ സമാഹരിച്ചിരിക്കുന്ന ജ്ഞാനമൊഴികൾ അടിച്ചുറപ്പിച്ചിരിക്കുന്ന ആണികൾപോലെയും ആണ്. ഒരേ ഇടയനിൽനിന്നാണ് അവ അവർക്കു കിട്ടിയിരിക്കുന്നത്. 12 മകനേ, അവയ്ക്കു പുറമേയുള്ള എന്തിനെക്കുറിച്ചും ഒരു മുന്നറിയിപ്പുണ്ട്: പുസ്തകങ്ങൾ എഴുതിക്കൂട്ടുന്നതിന് ഒരു അന്തവുമില്ല. അവ അധികം പഠിക്കുന്നത് ശരീരത്തെ തളർത്തിക്കളയും.+
13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+ 14 കാരണം സത്യദൈവം, എല്ലാ രഹസ്യകാര്യങ്ങളും ഉൾപ്പെടെ ഓരോ പ്രവൃത്തിയും നല്ലതോ ചീത്തയോ എന്നു ന്യായം വിധിക്കും.+
അഥവാ “വിളിച്ചുകൂട്ടുന്നവന്റെ.”
അഥവാ “കിതപ്പോടെ മടങ്ങുന്നു.”
അഥവാ “ശൈത്യകാലനീരൊഴുക്കുകളെല്ലാം.”
അഥവാ “അങ്ങേയറ്റത്തെ മണ്ടത്തരവും.”
അഥവാ “വനം.”
അക്ഷ. “വീട്ടിലെ പുത്രന്മാരും.”
അഥവാ “രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള തരം വസ്തുവകകളും.”
അക്ഷ. “എന്റെ കണ്ണുകൾ ചോദിച്ചതൊന്നും.”
അഥവാ “ഓഹരി.”
അഥവാ “നേട്ടമുള്ളതായി.”
അഥവാ “ബുദ്ധിമാന്റെ കണ്ണു തുറന്നിരിക്കുന്നു.”
അക്ഷ. “ഹൃദയത്തിന്റെ പ്രയത്നംകൊണ്ടും.”
അഥവാ “ക്രമീകൃതമായി; ഉചിതമായി; അനുയോജ്യമായി.”
അഥവാ “പക്ഷേ പീഡിതരെ.” മറ്റൊരു സാധ്യത “പക്ഷേ മൺമറഞ്ഞതിനെ.”
അഥവാ “ആത്മാവാണുള്ളത്.”
അഥവാ “ആത്മാവ്.”
അഥവാ “ആത്മാവ്.”
അഥവാ “ഓഹരി.”
അക്ഷ. “സ്വന്തം മാംസം തിന്നുകൊണ്ട്.”
അഥവാ “അധ്വാനത്താൽ കൂടുതൽ നേട്ടമുണ്ട്.”
ഇത് ഒരുപക്ഷേ, ബുദ്ധിമാനായ ആ ബാലനായിരിക്കാം.
അഥവാ “അനവധി ആകുലതകളിൽനിന്ന്.”
അഥവാ “സന്ദേശവാഹകന്റെ.”
അഥവാ “ഓഹരി.”
അക്ഷ. “ഇവന് ഏറെ സ്വസ്ഥതയുണ്ട്.”
അക്ഷ. “ജീവിച്ചിരിക്കുന്നവരുടെ മുമ്പാകെ നടക്കാൻ.”
അഥവാ “വാദിച്ചുനിൽക്കാൻ.”
മറ്റൊരു സാധ്യത “വസ്തുക്കൾ.”
അക്ഷ. “ഒരു പേര്.”
അഥവാ “ഉല്ലാസത്തിലും.”
മറ്റൊരു സാധ്യത “വിഡ്ഢിയുടെ ലക്ഷണമല്ലോ.”
അതായത്, ജീവിച്ചിരിക്കുന്നവർക്കെല്ലാം.
അഥവാ “നേരുള്ള ഒരാളെ.”
അഥവാ “ഒരു കാര്യത്തിന്റെ അർഥം വിശദീകരിച്ചുതരാൻ.”
അഥവാ “തീരുമാനവും.”
അഥവാ “തീരുമാനവും.”
അഥവാ “ആത്മാവിന്മേൽ; ശ്വാസത്തിന്മേൽ; കാറ്റിന്മേൽ.”
മറ്റൊരു സാധ്യത “ദുഷ്ടന്മാരുടെ ദുഷ്ടതയ്ക്ക് അവരെ രക്ഷപ്പെടുത്താനാവില്ല.”
അഥവാ “നിരാശപ്പെടുത്തുന്ന.”
മറ്റൊരു സാധ്യത “ആളുകൾക്കു രാവും പകലും ഉറക്കമില്ല എന്നു ഞാൻ കണ്ടു.”
അക്ഷ. “അതിനു ശേഷമോ—മരിച്ചവരോടു ചേരുന്നു.”
അതായത്, സന്തോഷസൂചകമായ ശോഭയുള്ള വസ്ത്രം; വിലാപവസ്ത്രമല്ല.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “അവന്റെ വലതുകൈയുടെ വശത്താണ്.”
അക്ഷ. “അവന്റെ ഇടതുകൈയുടെ വശത്താണ്.”
അക്ഷ. “നടന്നാലും അവനു ഹൃദയമില്ല.”
അക്ഷ. “ആത്മാവ്; ശ്വാസം.”
അഥവാ “കാര്യപ്രാപ്തിയുള്ളവരോ.”
മറ്റൊരു സാധ്യത “വിറകു കീറുന്നവൻ അതു സൂക്ഷിച്ച് ചെയ്യണം.”
അക്ഷ. “നാവിന്റെ ഉപയോഗത്തിൽ നിപുണനായവന്.”
അഥവാ “ആഹാരം.”
മറ്റൊരു സാധ്യത “നിന്റെ കിടക്കയിൽവെച്ചുപോലും.”
അക്ഷ. “ആകാശത്ത് പറന്നുനടക്കുന്ന ഒരു ജീവി.”
അഥവാ “സന്ദേശം.”
അഥവാ “വെള്ളത്തിൽ ഒഴുക്കിവിടുക.”
അക്ഷ. “ഗർഭിണിയുടെ ഗർഭപാത്രത്തിലെ.”
ജീവശക്തിയെയോ ദൈവാത്മാവിനെയോ ആയിരിക്കാം കുറിക്കുന്നത്.
അഥവാ “നിന്നോടു കണക്കുചോദിക്കുമെന്ന്.”
മറ്റൊരു സാധ്യത “വന്മഴയുമായി.”
വിശപ്പു വർധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരുതരം കായ്.
അഥവാ “ആത്മാവാകട്ടെ.”
അഥവാ “ക്രമത്തിൽ അടുക്കാൻ.”