ലേവ്യ
1 യഹോവ മോശയെ വിളിച്ച് സാന്നിധ്യകൂടാരത്തിൽനിന്ന്*+ അവനോടു പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘നിങ്ങളിൽ ആരെങ്കിലും വളർത്തുമൃഗങ്ങളിൽനിന്ന് യഹോവയ്ക്കു യാഗം അർപ്പിക്കുന്നെങ്കിൽ അതു കന്നുകാലികളിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ആയിരിക്കണം.+
3 “‘ദഹനയാഗം കന്നുകാലികളിൽനിന്നുള്ളതാണെങ്കിൽ അതു ന്യൂനതയില്ലാത്ത ആണായിരിക്കണം.+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് അവൻ അതു സ്വമനസ്സാലെ+ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. 4 അവൻ ദഹനയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈ വെക്കണം. അങ്ങനെ അത് അവന്റെ പാപപരിഹാരത്തിനായി അവന്റെ പേരിൽ സ്വീകരിക്കും.
5 “‘പിന്നെ കാളക്കുട്ടിയെ യഹോവയുടെ സന്നിധിയിൽവെച്ച് അറുക്കണം. എന്നിട്ട്, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ+ രക്തം കൊണ്ടുവന്ന് സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കണം.+ 6 ദഹനയാഗമൃഗത്തെ തോലുരിച്ച് കഷണങ്ങളാക്കണം.+ 7 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ, യാഗപീഠത്തിൽ തീ ഇട്ട്+ തീയുടെ മുകളിൽ വിറക് അടുക്കണം. 8 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ദഹനയാഗമൃഗത്തിന്റെ കഷണങ്ങൾ തലയും കൊഴുപ്പും* സഹിതം യാഗപീഠത്തിലെ തീയുടെ മുകളിലുള്ള വിറകിൽ അടുക്കിവെക്കണം.+ 9 അതിന്റെ കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകണം. പുരോഹിതൻ അവയെല്ലാം ഒരു ദഹനയാഗമായി യാഗപീഠത്തിൽ വെച്ച് പുക ഉയരുംവിധം ദഹിപ്പിക്കണം. യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ് ഇത്.+
10 “‘ഒരു ആടിനെയാണു ദഹനയാഗമായി അർപ്പിക്കുന്നതെങ്കിൽ,+ അത് ഇളംപ്രായത്തിലുള്ള ചെമ്മരിയാടോ കോലാടോ ആകട്ടെ, ന്യൂനതയില്ലാത്ത ആണായിരിക്കണം.+ 11 അതിനെ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ച് യഹോവയുടെ സന്നിധിയിൽ അറുക്കണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുകയും വേണം.+ 12 പുരോഹിതൻ അതിനെ മുറിച്ച് കഷണങ്ങളാക്കണം. എന്നിട്ട് അവ യാഗപീഠത്തിലെ തീയുടെ മുകളിലുള്ള വിറകിൽ തലയും കൊഴുപ്പും* സഹിതം അടുക്കിവെക്കണം. 13 അതിന്റെ കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകിയിട്ട് അവയെല്ലാം കൊണ്ടുവന്ന് യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കണം.* യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന ദഹനയാഗമാണ് ഇത്.
14 “‘അതേസമയം, പക്ഷികളിൽനിന്നാണ് യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുന്നതെങ്കിൽ, അതു ചെങ്ങാലിപ്രാവോ നാട്ടുപ്രാവിൻകുഞ്ഞോ+ ആയിരിക്കണം. 15 പുരോഹിതൻ അതിനെ യാഗപീഠത്തിലേക്കു കൊണ്ടുവന്ന് അതിന്റെ കഴുത്തു മുറിച്ച് യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കണം. എന്നാൽ അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്തുകൂടെ ഒഴുക്കിക്കളയണം. 16 അവൻ അതിന്റെ കണ്ഠസഞ്ചിയും തൂവലും നീക്കം ചെയ്ത് അവ യാഗപീഠത്തിന് അരികെ കിഴക്കുവശത്ത്, ചാരം*+ ഇടുന്ന സ്ഥലത്തേക്ക് എറിയണം. 17 അവൻ അതിനെ ചിറകിന്റെ ഭാഗത്ത് പിളർക്കണം. എന്നാൽ രണ്ടു ഭാഗമായി വേർപെടുത്തരുത്. പിന്നെ പുരോഹിതൻ അതിനെ യാഗപീഠത്തിൽ, തീയുടെ മുകളിലുള്ള വിറകിന്മേൽ വെച്ച് ദഹിപ്പിക്കണം. യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന ദഹനയാഗമാണ് ഇത്.
2 “‘ആരെങ്കിലും യഹോവയ്ക്ക് ഒരു ധാന്യയാഗം+ അർപ്പിക്കുന്നെങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊടിയായിരിക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.+ 2 പിന്നെ അവൻ അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ അതിൽനിന്ന് ഒരു കൈ നിറയെ ധാന്യപ്പൊടിയും എണ്ണയും അതിലെ കുന്തിരിക്കം മുഴുവനും എടുക്കും. എന്നിട്ട്, ആ മുഴുവൻ യാഗത്തിന്റെയും പ്രതീകമായി*+ അതു യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.* ഇത് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗം. 3 ധാന്യയാഗത്തിൽ ശേഷിക്കുന്നതെല്ലാം അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ അത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഭാഗമാണ്.+
4 “‘അടുപ്പിൽ ചുട്ടെടുത്തതാണു ധാന്യയാഗമായി അർപ്പിക്കുന്നതെങ്കിൽ അത് ഒന്നുകിൽ നേർത്ത ധാന്യപ്പൊടികൊണ്ട്, എണ്ണ ചേർത്ത് വളയാകൃതിയിൽ ഉണ്ടാക്കിയ പുളിപ്പില്ലാത്ത* അപ്പമായിരിക്കണം. അല്ലെങ്കിൽ, കനം കുറച്ച് മൊരിച്ചെടുത്ത, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അപ്പമായിരിക്കണം.+
5 “‘അപ്പക്കല്ലിൽ ഉണ്ടാക്കിയതാണു ധാന്യയാഗമായി കൊണ്ടുവരുന്നതെങ്കിൽ+ അത് എണ്ണ ചേർത്ത, നേർത്ത, പുളിപ്പില്ലാത്ത മാവുകൊണ്ടുള്ളതായിരിക്കണം. 6 അതു നുറുക്കി കഷണങ്ങളാക്കിയിട്ട് അതിനു മുകളിൽ എണ്ണ ഒഴിക്കണം.+ ഇത് ഒരു ധാന്യയാഗമാണ്.
7 “‘ചട്ടിയിൽ തയ്യാറാക്കിയതാണു ധാന്യയാഗമായി കൊണ്ടുവരുന്നതെങ്കിൽ അതു നേർത്ത ധാന്യപ്പൊടിയും എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കിയതായിരിക്കണം. 8 ഇങ്ങനെ ഉണ്ടാക്കിയതു ധാന്യയാഗമായി യഹോവയുടെ മുന്നിൽ കൊണ്ടുവരുമ്പോൾ അതു പുരോഹിതനെ ഏൽപ്പിക്കണം. അവൻ അതു യാഗപീഠത്തിന് അടുത്തേക്കു കൊണ്ടുവരണം. 9 പുരോഹിതൻ ധാന്യയാഗത്തിൽനിന്ന് കുറച്ച് എടുത്ത് മുഴുവൻ യാഗത്തിന്റെയും ഒരു പ്രതീകമായി+ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ് ഇത്.+ 10 ധാന്യയാഗത്തിൽ മിച്ചമുള്ളതു മുഴുവൻ, അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഒന്നായി, അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+
11 “‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗമൊന്നും പുളിച്ചതായിരിക്കരുത്.+ ഒരുതരത്തിലുമുള്ള പുളിച്ച മാവോ തേനോ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി നിങ്ങൾ ദഹിപ്പിക്കാൻ പാടില്ല.
12 “‘അവ ആദ്യഫലങ്ങളുടെ+ യാഗമായി യഹോവയ്ക്ക് അർപ്പിക്കാം. എന്നാൽ, പ്രസാദിപ്പിക്കുന്ന സുഗന്ധമായി അവ യാഗപീഠത്തിൽ അർപ്പിക്കരുത്.
13 “‘നീ അർപ്പിക്കുന്ന ധാന്യയാഗമെല്ലാം ഉപ്പു ചേർത്തതായിരിക്കണം. നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പു നിന്റെ ധാന്യയാഗത്തിൽ ഇല്ലാതെപോകരുത്. നിന്റെ എല്ലാ യാഗങ്ങളുടെയുംകൂടെ നീ ഉപ്പ്+ അർപ്പിക്കണം.
14 “‘നീ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗം ആദ്യവിളയിൽനിന്നാണെങ്കിൽ, അതു പുതിയ ധാന്യമായിരിക്കണം. അതു തീയിൽ വറുത്ത്, തരിയായി പൊടിക്കണം. ഇതായിരിക്കണം നിന്റെ ആദ്യവിളയിൽനിന്നുള്ള+ ധാന്യയാഗം. 15 നീ അതിന്റെ മുകളിൽ എണ്ണ ഒഴിച്ച് കുന്തിരിക്കം വെക്കണം. ഇത് ഒരു ധാന്യയാഗമാണ്. 16 തരിയായി പൊടിച്ച ധാന്യത്തിൽ കുറച്ചും അൽപ്പം എണ്ണയും കുന്തിരിക്കം മുഴുവനും പുരോഹിതൻ, മുഴുവൻ യാഗത്തിന്റെയും പ്രതീകമായി+ ദഹിപ്പിക്കും. ഇത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമാണ്.
3 “‘ഒരാൾ സഹഭോജനബലി*+ അർപ്പിക്കുന്നെന്നിരിക്കട്ടെ. അവൻ യഹോവയുടെ മുമ്പാകെ അർപ്പിക്കുന്നതു കന്നുകാലിയെയാണെങ്കിൽ, അതു ന്യൂനതയില്ലാത്ത ആണോ പെണ്ണോ ആയിരിക്കണം. 2 യാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെക്കണം. തുടർന്ന്, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് അതിനെ അറുത്ത് യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും അതിന്റെ രക്തം തളിക്കണം. 3 സഹഭോജനബലിയുടെ ഒരു ഭാഗം അവൻ അഗ്നിയിലുള്ള യാഗമായി യഹോവയ്ക്ക് അർപ്പിക്കും.+ കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും+ കുടലിനു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 4 രണ്ടു വൃക്കയും അവയുടെ മേൽ അരയ്ക്കു സമീപത്തുള്ള കൊഴുപ്പും ആണ് ഇങ്ങനെ അർപ്പിക്കേണ്ടത്. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 5 യാഗപീഠത്തിൽ, തീയുടെ മുകളിൽ വിറകിനു മീതെ വെച്ചിരിക്കുന്ന ദഹനയാഗമൃഗത്തിന്മേൽ വെച്ച് അഹരോന്റെ പുത്രന്മാർ അതു ദഹിപ്പിക്കും.*+ അത് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ്.+
6 “‘സഹഭോജനബലിയായി യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമൃഗം ആട്ടിൻപറ്റത്തിൽനിന്നാണെങ്കിൽ, അതു ന്യൂനതയില്ലാത്ത ആണോ പെണ്ണോ ആകാം.+ 7 യാഗമായി കൊണ്ടുവരുന്നത് ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയാണെങ്കിൽ, അവൻ അതിനെ യഹോവയുടെ മുമ്പാകെ അർപ്പിക്കണം. 8 യാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെക്കണം. ആ യാഗമൃഗത്തെ സാന്നിധ്യകൂടാരത്തിന്റെ മുന്നിൽവെച്ച് അറുക്കും. അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും അതിന്റെ രക്തം തളിക്കണം. 9 സഹഭോജനബലിയിൽനിന്നുള്ള കൊഴുപ്പ് അവൻ അഗ്നിയിലുള്ള യാഗമായി യഹോവയ്ക്ക് അർപ്പിക്കും.+ കൊഴുപ്പു നിറഞ്ഞ വാൽ അവൻ അപ്പാടേ നട്ടെല്ലിന് അടുത്തുവെച്ച് മുറിച്ചെടുക്കും. ഒപ്പം, കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 10 രണ്ടു വൃക്കയും അവയുടെ മേൽ അരയ്ക്കു സമീപത്തുള്ള കൊഴുപ്പും അവൻ എടുക്കും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 11 പുരോഹിതൻ അതു ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ് ഇത്.+
12 “‘യാഗമൃഗം ഒരു കോലാടാണെങ്കിൽ, അവൻ അതിനെ യഹോവയുടെ മുമ്പാകെ അർപ്പിക്കണം. 13 അതിന്റെ തലയിൽ അവൻ കൈ വെക്കും. ആ യാഗമൃഗത്തെ സാന്നിധ്യകൂടാരത്തിന്റെ മുന്നിൽവെച്ച് അറുക്കും. അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും അതിന്റെ രക്തം തളിക്കണം. 14 അതിൽനിന്ന് അഗ്നിയിലുള്ള യാഗമായി യഹോവയ്ക്ക് അർപ്പിക്കേണ്ടത് ഇതാണ്: കുടലുകളെ പറ്റിയിരിക്കുന്ന കൊഴുപ്പും അവയ്ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും+ 15 രണ്ടു വൃക്കയും അവയുടെ മേൽ അരയ്ക്കു സമീപത്തുള്ള കൊഴുപ്പും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും. 16 പുരോഹിതൻ അവ ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പ്രസാദിപ്പിക്കുന്ന സുഗന്ധം ഉണ്ടാകാൻ അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ് ഇത്. കൊഴുപ്പു മുഴുവൻ യഹോവയ്ക്കുള്ളതാണ്.+
17 “‘നിങ്ങൾ ഒരു കാരണവശാലും കൊഴുപ്പോ രക്തമോ+ കഴിക്കരുത്. ഇതു നിങ്ങൾ താമസിക്കുന്നിടത്തെല്ലാം നിങ്ങൾക്കും നിങ്ങളുടെ വരുംതലമുറകൾക്കും വേണ്ടി ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.’”
4 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘ആരെങ്കിലും യഹോവ വിലക്കിയിട്ടുള്ള എന്തെങ്കിലും അറിയാതെ ചെയ്ത്+ പാപിയാകുന്നെങ്കിൽ സ്വീകരിക്കേണ്ട നടപടി ഇതാണ്:
3 “‘അഭിഷിക്തപുരോഹിതൻ+ പാപം+ ചെയ്ത് ജനത്തിന്റെ മേൽ കുറ്റം വരുത്തിവെക്കുന്നെങ്കിൽ തന്റെ പാപത്തിനു പരിഹാരമായി, ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ പാപയാഗമായി യഹോവയ്ക്ക് അർപ്പിക്കണം.+ 4 അവൻ കാളയെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ+ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട് യഹോവയുടെ സന്നിധിയിൽവെച്ചുതന്നെ അതിനെ അറുക്കണം.+ 5 അഭിഷിക്തപുരോഹിതൻ+ കാളയുടെ രക്തം കുറച്ച് എടുത്ത് സാന്നിധ്യകൂടാരത്തിൽ കൊണ്ടുവരും. 6 എന്നിട്ട്, തന്റെ കൈവിരൽ രക്തത്തിൽ മുക്കി+ അതിൽ കുറച്ച് എടുത്ത് യഹോവയുടെ മുമ്പാകെ, വിശുദ്ധസ്ഥലത്തെ തിരശ്ശീലയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും.+ 7 പുരോഹിതൻ കുറച്ച് രക്തം സാന്നിധ്യകൂടാരത്തിൽ യഹോവയുടെ മുമ്പാകെയുള്ള സുഗന്ധദ്രവ്യത്തിന്റെ യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടുകയും ചെയ്യും.+ അവൻ കാളയുടെ ബാക്കി രക്തം മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.+
8 “‘പിന്നെ അവൻ പാപയാഗത്തിനുള്ള കാളയുടെ കൊഴുപ്പു മുഴുവൻ എടുക്കും. കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 9 രണ്ടു വൃക്കയും അവയുടെ മേൽ അരയ്ക്കു സമീപത്തുള്ള കൊഴുപ്പും ഇതിൽപ്പെടും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 10 സഹഭോജനബലിക്കുള്ള+ കാളയിൽനിന്ന് എടുത്തതുതന്നെയായിരിക്കും ഇതിൽനിന്നും എടുക്കുന്നത്. ദഹനയാഗത്തിനുള്ള യാഗപീഠത്തിൽ വെച്ച് പുരോഹിതൻ ഇവ ദഹിപ്പിക്കും.*
11 “‘പക്ഷേ കാളയുടെ തോൽ, മാംസം, തല, കണങ്കാലുകൾ, കുടലുകൾ, ചാണകം+ എന്നിങ്ങനെ 12 കാളയുടെ ബാക്കി ഭാഗം മുഴുവൻ പാളയത്തിനു പുറത്ത്, ചാരം* കളയുന്ന ശുദ്ധിയുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോകാൻ അവൻ ഏർപ്പാടാക്കണം. എന്നിട്ട് അവൻ അതു വിറകിൽ വെച്ച് കത്തിക്കണം.+ ചാരം കളയുന്ന സ്ഥലത്തുവെച്ച് വേണം അതു കത്തിക്കാൻ.
13 “‘ഇനി, അറിയാതെ പാപം ചെയ്ത് ഇസ്രായേൽസഭ മുഴുവൻ കുറ്റക്കാരായിത്തീരുന്നെന്നിരിക്കട്ടെ.+ യഹോവ വിലക്കിയിട്ടുള്ള എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് അവർ അറിയുന്നുമില്ല.+ 14 പക്ഷേ പിന്നീട് ആ പാപം വെളിപ്പെടുമ്പോൾ, പാപയാഗമായി അർപ്പിക്കാൻ സഭ ഒരു കാളക്കുട്ടിയെ നൽകണം. അവർ അതിനെ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവരണം. 15 ഇസ്രായേൽസമൂഹത്തിലെ മൂപ്പന്മാർ* യഹോവയുടെ സന്നിധിയിൽവെച്ച് കാളയുടെ തലയിൽ കൈ വെക്കും. എന്നിട്ട് യഹോവയുടെ സന്നിധിയിൽവെച്ച് അതിനെ അറുക്കും.
16 “‘അഭിഷിക്തപുരോഹിതൻ കാളയുടെ രക്തം കുറച്ച് എടുത്ത് സാന്നിധ്യകൂടാരത്തിൽ കൊണ്ടുവരും. 17 എന്നിട്ട് കൈവിരൽ രക്തത്തിൽ മുക്കി അതിൽ കുറച്ച് യഹോവയുടെ സന്നിധിയിൽ, തിരശ്ശീലയുടെ+ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും. 18 കുറച്ച് രക്തം സാന്നിധ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ+ കൊമ്പുകളിൽ പുരട്ടും. ബാക്കി രക്തം മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ+ ചുവട്ടിൽ ഒഴിക്കും. 19 അതിന്റെ കൊഴുപ്പു മുഴുവൻ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.+ 20 പാപയാഗമായി അർപ്പിച്ച മറ്റേ കാളയുടെ കാര്യത്തിൽ ചെയ്തതുപോലെ ഈ കാളയുടെ കാര്യത്തിലും ചെയ്യണം. അങ്ങനെതന്നെയായിരിക്കണം ചെയ്യേണ്ടത്. പുരോഹിതൻ അവർക്കു പാപപരിഹാരം+ വരുത്തുകയും അങ്ങനെ അവർക്കു ക്ഷമ ലഭിക്കുകയും ചെയ്യും. 21 അവൻ കാളയെ പാളയത്തിനു പുറത്തേക്കു കൊണ്ടുപോകാൻ ഏർപ്പാടാക്കണം. ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയണം.+ ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗമാണ്.+
22 “‘ദൈവമായ യഹോവ വിലക്കിയിട്ടുള്ള ഏതെങ്കിലും ഒരു കാര്യം, അറിയാതെ ചെയ്തുപോയതിന്റെ പാപം കാരണം ജനത്തിലെ ഒരു തലവൻ+ കുറ്റക്കാരനായിത്തീരുന്നെന്നിരിക്കട്ടെ. 23 അല്ലെങ്കിൽ താൻ ദിവ്യകല്പന ലംഘിച്ച് ഒരു പാപം ചെയ്തതിനെക്കുറിച്ച് അവൻ പിന്നീടു ബോധവാനാകുന്നെന്നിരിക്കട്ടെ. രണ്ടായാലും അവൻ യാഗമായി ന്യൂനതയില്ലാത്ത ഒരു ആൺകോലാട്ടിൻകുട്ടിയെ കൊണ്ടുവരണം. 24 അവൻ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്, യഹോവയുടെ മുമ്പാകെ ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ച് അതിനെ അറുക്കണം.+ ഇത് ഒരു പാപയാഗമാണ്. 25 പുരോഹിതൻ തന്റെ കൈവിരൽകൊണ്ട് പാപയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടും.+ ബാക്കി രക്തം മുഴുവൻ ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.+ 26 അതിന്റെ കൊഴുപ്പു മുഴുവനും സഹഭോജനബലിയുടെ കൊഴുപ്പിന്റെ കാര്യത്തിൽ ചെയ്തതുപോലെതന്നെ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.+ പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.
27 “‘ദേശത്തെ ജനത്തിൽ ആരെങ്കിലും, ചെയ്യരുതെന്ന് യഹോവ കല്പിച്ച ഒരു കാര്യം, അറിയാതെ ചെയ്തിട്ട് ആ പാപം കാരണം കുറ്റക്കാരനായെന്നിരിക്കട്ടെ.+ 28 അല്ലെങ്കിൽ താൻ ചെയ്ത ഒരു പാപത്തെക്കുറിച്ച് അവൻ പിന്നീടാണു ബോധവാനാകുന്നതെന്നിരിക്കട്ടെ. രണ്ടായാലും അവൻ പാപപരിഹാരമായി ന്യൂനതയില്ലാത്ത ഒരു പെൺകോലാട്ടിൻകുട്ടിയെ തന്റെ യാഗമായി കൊണ്ടുവരണം. 29 അവൻ പാപയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം. ദഹനയാഗമൃഗത്തെ അറുത്ത അതേ സ്ഥലത്തുവെച്ച് വേണം ഇതിനെയും അറുക്കാൻ.+ 30 പുരോഹിതൻ കൈവിരൽകൊണ്ട് അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടണം. ബാക്കി രക്തം മുഴുവൻ അവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.+ 31 സഹഭോജനബലിയുടെ മൃഗത്തിൽനിന്ന് കൊഴുപ്പ് എടുത്തതുപോലെതന്നെ+ ഇതിന്റെയും കൊഴുപ്പു മുഴുവൻ+ എടുക്കും. എന്നിട്ട് പുരോഹിതൻ അത് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.
32 “‘എന്നാൽ ചെമ്മരിയാട്ടിൻകുട്ടിയെയാണു പാപയാഗമായി അർപ്പിക്കുന്നതെങ്കിൽ ന്യൂനതയില്ലാത്ത പെണ്ണാട്ടിൻകുട്ടിയെയാണു കൊണ്ടുവരേണ്ടത്. 33 അവൻ പാപയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം. ദഹനയാഗമൃഗത്തെ അറുക്കുന്ന അതേ സ്ഥലത്തുവെച്ച് ഇതിനെയും പാപയാഗമായി അറുക്കണം.+ 34 പുരോഹിതൻ കൈവിരൽകൊണ്ട് പാപയാഗമൃഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടണം.+ ബാക്കി രക്തം മുഴുവൻ അവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും. 35 സഹഭോജനബലിക്കുള്ള ആൺചെമ്മരിയാട്ടിൻകുട്ടിയിൽനിന്ന് കൊഴുപ്പ് എടുത്തതുപോലെതന്നെ അവൻ ഇതിന്റെയും കൊഴുപ്പു മുഴുവൻ എടുക്കും. പുരോഹിതൻ അവ യാഗപീഠത്തിൽ, അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളുടെ മുകളിൽ വെച്ച് ദഹിപ്പിക്കും.+ പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.+
5 “‘സാക്ഷിമൊഴി+ കൊടുക്കാനുള്ള പരസ്യമായ ആഹ്വാനം* കേട്ടിട്ടും ഒരാൾ, താൻ സാക്ഷിയായിരിക്കുകയോ കാണുകയോ മനസ്സിലാക്കുകയോ ചെയ്ത കാര്യത്തെപ്പറ്റി വിവരം കൊടുക്കാതിരുന്നാൽ അതു പാപമാണ്. അവൻ സ്വന്തം തെറ്റിന് ഉത്തരം പറയണം.
2 “‘ഒരാൾ ശുദ്ധിയില്ലാത്ത എന്തിലെങ്കിലും തൊട്ടാൽ അശുദ്ധനാകും. അതു ചത്തുകിടക്കുന്ന, ശുദ്ധിയില്ലാത്ത ഒരു വന്യമൃഗമോ വളർത്തുമൃഗമോ കൂട്ടമായി കാണപ്പെടുന്ന ജീവിയോ ആകട്ടെ അതിനെ തൊട്ടാൽ അവൻ അശുദ്ധനാകും.+ അക്കാര്യം തിരിച്ചറിയുന്നില്ലെങ്കിൽപ്പോലും അവൻ കുറ്റക്കാരനാണ്. 3 അറിയാതെ ആരെങ്കിലും മനുഷ്യന്റെ അശുദ്ധിയിൽ+—ഒരാളെ അശുദ്ധനാക്കുന്ന അശുദ്ധമായ എന്തിലെങ്കിലും—തൊട്ടാൽ അത് അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.
4 “‘ചിന്താശൂന്യമായി സത്യം ചെയ്ത ഒരാൾ അതിന്റെ ഗൗരവം സംബന്ധിച്ച് ബോധവാനല്ലെന്നിരിക്കട്ടെ. താൻ ഉദ്ദേശിച്ച കാര്യം നല്ലതായാലും ചീത്തയായാലും ചിന്താശൂന്യമായാണു സത്യം ചെയ്തതെന്നു പിന്നീടു തിരിച്ചറിയുമ്പോൾ അവൻ കുറ്റക്കാരനാകും.*+
5 “‘ഇപ്പറഞ്ഞ ഏതെങ്കിലും കാര്യത്തിൽ അവൻ കുറ്റക്കാരനായിത്തീരുന്നെങ്കിൽ താൻ ചെയ്ത പാപം എന്താണെന്ന് അവൻ ഏറ്റുപറയണം.+ 6 പാപത്തിനു പരിഹാരമായി അവൻ യഹോവയ്ക്ക് അപരാധയാഗം കൊണ്ടുവരുകയും വേണം.+ ആട്ടിൻപറ്റത്തിൽനിന്ന് ഒരു പെണ്ണാട്ടിൻകുട്ടിയെയാണ് ഇങ്ങനെ പാപയാഗത്തിനായി കൊണ്ടുവരേണ്ടത്. അതു ചെമ്മരിയാടോ കോലാടോ ആകാം. അപ്പോൾ പുരോഹിതൻ അവനു പാപപരിഹാരം വരുത്തും.
7 “‘പക്ഷേ ഒരു ആടിനെ അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ, അപരാധയാഗമായി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ യഹോവയുടെ മുന്നിൽ കൊണ്ടുവരണം; ഒന്നു പാപയാഗത്തിനും മറ്റേതു ദഹനയാഗത്തിനും.+ 8 അവയെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. പുരോഹിതൻ ആദ്യം അർപ്പിക്കുന്നതു പാപയാഗത്തിനുള്ളതിനെയായിരിക്കും. പുരോഹിതൻ അതിന്റെ കഴുത്തിന്റെ മുൻഭാഗം മുറിക്കും. പക്ഷേ തല വേർപെടുത്തില്ല. 9 പാപയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് അവൻ യാഗപീഠത്തിന്റെ വശത്ത് തളിക്കും.+ ബാക്കി രക്തം യാഗപീഠത്തിന്റെ ചുവട്ടിലേക്കു വാർന്നുപോകാൻ ഇടയാക്കും. ഇത് ഒരു പാപയാഗമാണ്. 10 മറ്റേതിനെ അവൻ പതിവ് നടപടിക്രമമനുസരിച്ച്+ ദഹനയാഗമായി അർപ്പിക്കും. അവൻ ചെയ്ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.+
11 “‘എന്നാൽ പാപത്തിനുവേണ്ടി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ ഒരു ഏഫായുടെ പത്തിലൊന്ന്*+ അളവ് നേർത്ത ധാന്യപ്പൊടി അവൻ പാപയാഗമായി കൊണ്ടുവരണം. അതിൽ എണ്ണ ചേർക്കുകയോ അതിനു മുകളിൽ കുന്തിരിക്കം വെക്കുകയോ അരുത്. കാരണം ഇതൊരു പാപയാഗമാണ്. 12 അവൻ അതു പുരോഹിതന്റെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* അതിൽനിന്ന് കൈ നിറയെ എടുത്ത് യാഗപീഠത്തിൽ, യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളുടെ മുകളിൽ വെച്ച് ദഹിപ്പിക്കും.* ഇതൊരു പാപയാഗമാണ്. 13 അവൻ ചെയ്തത് ഇവയിൽ ഏതു പാപമായാലും പുരോഹിതൻ അവനുവേണ്ടി പാപപരിഹാരം വരുത്തും. അങ്ങനെ അവനു ക്ഷമ കിട്ടും.+ ഈ യാഗവസ്തുവിൽ ബാക്കിയുള്ള ഭാഗം ധാന്യയാഗത്തിന്റെ കാര്യത്തിലെന്നപോലെതന്നെ പുരോഹിതനുള്ളതാണ്.’”+
14 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 15 “യഹോവയുടെ വിശുദ്ധവസ്തുക്കൾക്കെതിരെ+ അറിയാതെ പാപം ചെയ്ത് ആരെങ്കിലും അവിശ്വസ്തത കാണിക്കുന്നെങ്കിൽ, അവൻ ആട്ടിൻപറ്റത്തിൽനിന്ന് ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം.+ അതിന്റെ മൂല്യം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരമുള്ള+ വെള്ളിപ്പണത്തിൽ കണക്കാക്കിയതായിരിക്കണം. 16 കൂടാതെ, വിശുദ്ധസ്ഥലത്തിന് എതിരെ അവൻ ചെയ്ത പാപത്തിനു നഷ്ടപരിഹാരവും കൊടുക്കണം. കണക്കാക്കിയ തുകയോടൊപ്പം അഞ്ചിലൊന്നുംകൂടെ ചേർത്ത് അവൻ അതു പുരോഹിതനെ ഏൽപ്പിക്കണം.+ അപരാധയാഗത്തിനുള്ള ആൺചെമ്മരിയാടിനെ അർപ്പിച്ച് പുരോഹിതൻ അവനു പാപപരിഹാരം+ വരുത്തുകയും അവനു ക്ഷമ കിട്ടുകയും ചെയ്യും.+
17 “ചെയ്യരുതെന്ന് യഹോവ കല്പിച്ചിരിക്കുന്ന എന്തെങ്കിലും ചെയ്ത് ഒരാൾ പാപം ചെയ്യുന്നെങ്കിൽ, അതിനെക്കുറിച്ച് ബോധവാനല്ലെങ്കിൽപ്പോലും അവൻ കുറ്റക്കാരനാണ്.+ അവന്റെ തെറ്റിന് അവൻ ഉത്തരം പറയണം. 18 അപരാധയാഗത്തിനുവേണ്ടി അവൻ ആട്ടിൻപറ്റത്തിൽനിന്ന്, ന്യൂനതയില്ലാത്തതും കണക്കാക്കിയ മൂല്യത്തിന് ഒത്തതും ആയ ഒരു ആൺചെമ്മരിയാടിനെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.+ അപ്പോൾ അവൻ അബദ്ധവശാൽ അറിയാതെ ചെയ്തുപോയ തെറ്റിനു പുരോഹിതൻ പാപപരിഹാരം വരുത്തുകയും അവനു ക്ഷമ കിട്ടുകയും ചെയ്യും. 19 ഇതൊരു അപരാധയാഗമാണ്. യഹോവയ്ക്കെതിരെ പാപം ചെയ്ത് അവൻ കുറ്റക്കാരനായല്ലോ.”
6 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതോ തന്റെ പക്കൽ നിക്ഷേപിച്ചതോ ആയ എന്തെങ്കിലുമായി ബന്ധപ്പെട്ട് ഒരാൾ അയൽക്കാരനെ വഞ്ചിച്ച് പാപം ചെയ്യുകയും+ അങ്ങനെ, യഹോവയോട് അവിശ്വസ്തത കാണിക്കുകയും+ ചെയ്യുന്നെന്നിരിക്കട്ടെ. അല്ലെങ്കിൽ, ഒരാൾ അയൽക്കാരനിൽനിന്ന് എന്തെങ്കിലും കട്ടെടുക്കുകയോ അയൽക്കാരനെ ചതിക്കുകയോ ചെയ്യുന്നു. 3 അതുമല്ലെങ്കിൽ അവന് എന്തെങ്കിലും കളഞ്ഞുകിട്ടുകയും അതു സംബന്ധിച്ച് നുണ പറയുകയും ചെയ്യുന്നു. ഇതുപോലുള്ള ഏതെങ്കിലും പാപം ചെയ്തിട്ട് അതെപ്പറ്റി അവൻ കള്ളസത്യം ചെയ്താൽ+ അവൻ ചെയ്യേണ്ടത് ഇതാണ്: 4 അവൻ പാപം ചെയ്ത് കുറ്റക്കാരനായെങ്കിൽ താൻ മോഷ്ടിച്ചതോ അന്യായമായി കൈവശപ്പെടുത്തിയതോ വഞ്ചിച്ചെടുത്തതോ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതോ തനിക്കു കളഞ്ഞുകിട്ടിയതോ ആയ വസ്തു തിരികെ കൊടുക്കണം. 5 ഇനി, അവൻ എന്തിനെയെങ്കിലും സംബന്ധിച്ച് കള്ളസത്യം ചെയ്തിട്ടുണ്ടെങ്കിൽ അതു മടക്കിക്കൊടുക്കണം. അവൻ മുതലും അതിന്റെ അഞ്ചിലൊന്നുംകൂടെ ചേർത്ത് മുഴുവൻ നഷ്ടപരിഹാരവും കൊടുക്കണം.+ കുറ്റം തെളിയിക്കപ്പെടുന്ന ദിവസം അവൻ അത് ഉടമസ്ഥനു കൊടുക്കണം. 6 മതിപ്പുവിലയനുസരിച്ച്, ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി യഹോവയ്ക്ക് അർപ്പിക്കാൻ പുരോഹിതന്റെ അടുത്ത് കൊണ്ടുവരുകയും വേണം.+ 7 പുരോഹിതൻ യഹോവയുടെ മുന്നിൽവെച്ച് അവനു പാപപരിഹാരം വരുത്തും. അങ്ങനെ അവന്റെ മേൽ കുറ്റം വരുത്തിവെച്ച അവന്റെ ഏതൊരു പ്രവൃത്തിക്കും ക്ഷമ കിട്ടും.”+
8 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 9 “അഹരോനോടും പുത്രന്മാരോടും ഇങ്ങനെ കല്പിക്കുക: ‘ദഹനയാഗത്തിന്റെ നിയമം ഇതാണ്:+ ദഹനയാഗവസ്തു യാഗപീഠത്തിലുള്ള അഗ്നികുണ്ഡത്തിൽ രാത്രി മുഴുവൻ, അതായത് രാവിലെവരെ, ഇരിക്കണം. യാഗപീഠത്തിൽ തീ കത്തിക്കൊണ്ടിരിക്കുകയും വേണം. 10 പുരോഹിതൻ ലിനൻകൊണ്ടുള്ള ഔദ്യോഗികവേഷവും+ നഗ്നത മറയ്ക്കേണ്ടതിനു ലിനൻകൊണ്ടുള്ള അടിവസ്ത്രവും+ ധരിച്ചശേഷം, യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ച ദഹനയാഗത്തിന്റെ ചാരം*+ നീക്കം ചെയ്ത് യാഗപീഠത്തിന്റെ ഒരു വശത്ത് വെക്കണം. 11 പിന്നെ വസ്ത്രം മാറി+ വേറെ വസ്ത്രം ധരിച്ചിട്ട് ചാരം എടുത്ത് പാളയത്തിനു പുറത്ത് ശുദ്ധിയുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോകണം.+ 12 യാഗപീഠത്തിൽ തീ കത്തിക്കൊണ്ടിരിക്കണം. അത് അണഞ്ഞുപോകരുത്. പുരോഹിതൻ ദിവസവും രാവിലെ അതിൽ വിറകു+ കത്തിച്ച് ദഹനയാഗവസ്തു അതിനു മുകളിൽ ക്രമത്തിൽ നിരത്തിവെക്കുകയും സഹഭോജനബലികളുടെ കൊഴുപ്പ് അതിൽ വെച്ച് ദഹിപ്പിക്കുകയും* വേണം.+ 13 യാഗപീഠത്തിൽ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണഞ്ഞുപോകരുത്.
14 “‘ധാന്യയാഗത്തിന്റെ+ നിയമം ഇതാണ്: അഹരോന്റെ പുത്രന്മാർ യാഗപീഠത്തിനു മുന്നിൽ യഹോവയുടെ സന്നിധിയിൽ ഇത് അർപ്പിക്കണം. 15 അവരിൽ ഒരാൾ ധാന്യയാഗത്തിന്റെ നേർത്ത ധാന്യപ്പൊടിയിൽനിന്ന് ഒരു കൈ നിറയെ പൊടിയും ധാന്യയാഗത്തിന്റെ മുകളിലുള്ള കുറച്ച് എണ്ണയും കുന്തിരിക്കം മുഴുവനും എടുക്കണം. എന്നിട്ട്, അതു പ്രസാദിപ്പിക്കുന്ന* സുഗന്ധമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* യഹോവയ്ക്ക് അർപ്പിക്കുന്നതാണ് ഇത്.+ 16 അതിൽ ബാക്കിവരുന്നത് അഹരോനും പുത്രന്മാരും കഴിക്കണം.+ പുളിപ്പില്ലാത്ത അപ്പമായി വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് അതു കഴിക്കണം. സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച് അവർ അതു കഴിക്കണം.+ 17 ചുടാനുള്ള മാവിൽ പുളിപ്പിക്കുന്നതൊന്നും ചേർക്കരുത്.+ എനിക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളിൽനിന്ന് അവരുടെ ഓഹരിയായി ഞാൻ അതു കൊടുത്തിരിക്കുന്നു.+ പാപയാഗവും അപരാധയാഗവും പോലെതന്നെ ഇതും ഏറ്റവും വിശുദ്ധമായ ഒന്നാണ്.+ 18 അഹരോന്യവംശത്തിലെ ആണുങ്ങളെല്ലാം അതു കഴിക്കണം.+ അത് യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളിൽനിന്ന് അവർക്കുള്ള സ്ഥിരമായ ഓഹരിയായിരിക്കും.+ നിങ്ങളുടെ തലമുറകളിലുടനീളം അത് അങ്ങനെയായിരിക്കണം. അവയിൽ* മുട്ടുന്നതെല്ലാം വിശുദ്ധമാകും.’”
19 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 20 “അഹരോനെ അഭിഷേകം*+ ചെയ്യുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട യാഗം ഇതാണ്: ഒരു ഏഫായുടെ പത്തിലൊന്ന്*+ അളവ് നേർത്ത ധാന്യപ്പൊടി പതിവായുള്ള ധാന്യയാഗമായി+ പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം. 21 എണ്ണ ചേർത്ത് അപ്പക്കല്ലിൽ ചുട്ടെടുത്തതായിരിക്കണം ഇത്.+ ഈ ധാന്യയാഗം എണ്ണയിൽ കുതിർത്ത് വേണം കൊണ്ടുവരാൻ. ഇതു കഷണങ്ങളാക്കി യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അർപ്പിക്കണം. 22 അവന്റെ പുത്രന്മാരിൽനിന്ന് അവന്റെ പിൻഗാമിയായി അഭിഷിക്തനാകുന്ന പുരോഹിതൻ+ അത് ഉണ്ടാക്കണം. ദീർഘകാലത്തേക്കുള്ള ഒരു ചട്ടമായിരിക്കട്ടെ ഇത്: ആ ധാന്യയാഗം ദഹിപ്പിച്ച് അതു മുഴുവൻ യഹോവയ്ക്ക് അർപ്പിക്കണം. 23 പുരോഹിതന്റെ എല്ലാ ധാന്യയാഗവും സമ്പൂർണയാഗമായിരിക്കണം. അതു കഴിക്കാൻ പാടില്ല.”
24 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 25 “അഹരോനോടും പുത്രന്മാരോടും ഇങ്ങനെ പറയുക: ‘പാപയാഗത്തിന്റെ+ നിയമം ഇതാണ്: ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ+ പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽവെച്ച് അറുക്കണം. ഇത് ഏറ്റവും വിശുദ്ധമായ ഒന്നാണ്. 26 പാപയാഗം അർപ്പിക്കുന്ന പുരോഹിതൻ ഇതു കഴിക്കണം.+ ഒരു വിശുദ്ധസ്ഥലത്തുവെച്ച്, അതായത് സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച്,+ ആണ് ഇതു കഴിക്കേണ്ടത്.
27 “‘അതിന്റെ മാംസത്തിൽ മുട്ടുന്നതെല്ലാം വിശുദ്ധമായിത്തീരും. അതിന്റെ രക്തം ആരുടെയെങ്കിലും വസ്ത്രത്തിൽ തെറിച്ചാൽ ആ വസ്ത്രം ഒരു വിശുദ്ധസ്ഥലത്തുവെച്ച് കഴുകണം. 28 അതു വേവിക്കാൻ ഉപയോഗിച്ച മൺപാത്രം ഉടച്ചുകളയണം. എന്നാൽ ഒരു ചെമ്പുപാത്രത്തിലാണ് അതു വേവിച്ചതെങ്കിൽ ആ പാത്രം നന്നായി ഉരച്ച് കഴുകിയാൽ മതി.
29 “‘പുരോഹിതന്മാരായ പുരുഷന്മാരെല്ലാം അതു കഴിക്കും.+ അത് ഏറ്റവും വിശുദ്ധമാണ്.+ 30 പക്ഷേ വിശുദ്ധസ്ഥലത്ത്+ പാപപരിഹാരം വരുത്താൻ പാപയാഗത്തിൽനിന്നുള്ള കുറച്ച് രക്തം സാന്നിധ്യകൂടാരത്തിനുള്ളിൽ കൊണ്ടുവരുന്നെങ്കിൽ ആ പാപയാഗം കഴിക്കരുത്. അതു ദഹിപ്പിച്ചുകളയണം.
7 “‘അപരാധയാഗത്തിന്റെ നിയമം+ ഇതാണ്: ഇത് ഏറ്റവും വിശുദ്ധമാണ്. 2 ദഹനയാഗമൃഗങ്ങളെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ അപരാധയാഗമൃഗത്തെയും അറുക്കണം. അതിന്റെ രക്തം+ യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കണം.+ 3 കൊഴുപ്പു നിറഞ്ഞ വാലും കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും+ 4 രണ്ടു വൃക്കയും അരയ്ക്കു സമീപത്തുള്ള കൊഴുപ്പും ഉൾപ്പെടെ അതിന്റെ കൊഴുപ്പു മുഴുവനും അവൻ അർപ്പിക്കും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 5 അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി പുരോഹിതൻ അവ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.*+ ഇത് ഒരു അപരാധയാഗമാണ്. 6 പുരോഹിതന്മാരായ പുരുഷന്മാരെല്ലാം ഇതു കഴിക്കും.+ വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് വേണം കഴിക്കാൻ. ഇത് ഏറ്റവും വിശുദ്ധമാണ്.+ 7 പാപയാഗത്തിന്റെ നിയമം അപരാധയാഗത്തിനും ബാധകമാണ്. യാഗമൃഗം പാപപരിഹാരം വരുത്തുന്ന പുരോഹിതനുള്ളതാണ്.+
8 “‘ആർക്കെങ്കിലുംവേണ്ടി പുരോഹിതൻ ദഹനയാഗം അർപ്പിക്കുന്നെങ്കിൽ ആ മൃഗത്തിന്റെ തോൽ+ പുരോഹിതനുള്ളതാണ്.
9 “‘അടുപ്പിൽ ചുട്ടെടുക്കുന്ന ധാന്യയാഗവും ചട്ടിയിലോ അപ്പക്കല്ലിലോ+ ഉണ്ടാക്കുന്ന ധാന്യയാഗവും അത് അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്. അത് അവനു കിട്ടും.+ 10 എന്നാൽ എണ്ണ ചേർത്ത+ എല്ലാ ധാന്യയാഗവും എണ്ണ ചേർക്കാത്ത+ എല്ലാ ധാന്യയാഗവും അഹരോന്റെ പുത്രന്മാർക്കെല്ലാം തുല്യമായി വീതിച്ചുകിട്ടും.
11 “‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സഹഭോജനബലിയുടെ+ നിയമം ഇതാണ്: 12 നന്ദിസൂചകമായിട്ടാണ്+ അവൻ അത് അർപ്പിക്കുന്നതെങ്കിൽ, ആ ബലിയുടെകൂടെ എണ്ണ ചേർത്ത, വളയാകൃതിയിലുള്ള, പുളിപ്പില്ലാത്ത അപ്പവും കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന, എണ്ണ പുരട്ടിയ, പുളിപ്പില്ലാത്ത അപ്പവും നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് നന്നായി കുഴച്ച് ഉണ്ടാക്കിയ വളയാകൃതിയിലുള്ള അപ്പവും അവൻ അർപ്പിക്കും. 13 ഈ യാഗവും അവൻ സഹഭോജനബലിയായി അർപ്പിക്കുന്ന നന്ദിപ്രകാശനബലിയും കാഴ്ചവെക്കുന്നതു വളയാകൃതിയിലുള്ള പുളിപ്പുള്ള അപ്പത്തോടൊപ്പമായിരിക്കും. 14 ഈ രണ്ടു യാഗത്തിൽനിന്നും ഓരോ അപ്പം വീതം അവൻ യഹോവയ്ക്കു കാഴ്ചവെക്കണം. അതു വിശുദ്ധമായ ഒരു ഓഹരിയാണ്. സഹഭോജനബലികളുടെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കും അത്.+ 15 താൻ സഹഭോജനബലിയായി അർപ്പിക്കുന്ന നന്ദിപ്രകാശനബലിയുടെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ അവൻ കഴിക്കണം. അതിൽ ഒട്ടും രാവിലെവരെ വെച്ചേക്കരുത്.+
16 “‘അവൻ അർപ്പിക്കുന്ന ബലി നേർച്ചയോ+ സ്വമനസ്സാലെ നൽകുന്ന കാഴ്ചയോ+ ആണെങ്കിൽ, ആ ബലി അർപ്പിക്കുന്ന ദിവസം അതു കഴിക്കണം. അതിൽ ബാക്കിവരുന്നത് അടുത്ത ദിവസവും കഴിക്കാം. 17 പക്ഷേ, ബലിയുടെ മാംസത്തിൽ വല്ലതും മൂന്നാം ദിവസവും ബാക്കിയുണ്ടെങ്കിൽ അതു തീയിലിട്ട് ചുട്ടുകളയണം.+ 18 സഹഭോജനബലിയുടെ മാംസത്തിൽ വല്ലതും മൂന്നാം ദിവസം കഴിച്ചാൽ അത് അർപ്പിക്കുന്നവനു ദൈവപ്രീതി ലഭിക്കില്ല. അത് അവന്റെ പേരിൽ കണക്കിടുകയുമില്ല. അത് അറപ്പുണ്ടാക്കുന്ന കാര്യമാണ്. അതിൽനിന്ന് കഴിക്കുന്നവൻ ആ തെറ്റിന് ഉത്തരം പറയണം.+ 19 അശുദ്ധമായ എന്തിലെങ്കിലും മാംസം മുട്ടിയാൽ അതു കഴിക്കരുത്. അതു തീയിലിട്ട് ചുട്ടുകളയണം. പക്ഷേ ശുദ്ധിയുള്ള മാംസം ശുദ്ധിയുള്ളവർക്കെല്ലാം കഴിക്കാം.
20 “‘എന്നാൽ അശുദ്ധനായിരിക്കെ ആരെങ്കിലും യഹോവയ്ക്കുള്ള സഹഭോജനബലിയുടെ മാംസം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.+ 21 ആരെങ്കിലും അശുദ്ധമായ എന്തിലെങ്കിലും തൊട്ടിട്ട്—അതു മനുഷ്യന്റെ അശുദ്ധിയോ+ ശുദ്ധിയില്ലാത്ത മൃഗമോ+ അശുദ്ധവും അറയ്ക്കേണ്ടതും+ ആയ മറ്റ് എന്തെങ്കിലുമോ ആയിക്കൊള്ളട്ടെ—യഹോവയ്ക്കുള്ള സഹഭോജനബലിയുടെ മാംസം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.’”
22 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 23 “ഇസ്രായേല്യരോടു പറയുക: ‘കാളയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കൊഴുപ്പു+ നിങ്ങൾ കഴിക്കരുത്. 24 താനേ ചത്ത മൃഗത്തിന്റെ കൊഴുപ്പോ മറ്റൊരു മൃഗം കൊന്ന മൃഗത്തിന്റെ കൊഴുപ്പോ നിങ്ങൾ ഒരിക്കലും കഴിക്കരുത്.+ പക്ഷേ അതിന്റെ കൊഴുപ്പു മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാം. 25 അഗ്നിയിൽ യഹോവയ്ക്കു യാഗം കഴിക്കാൻ കൊണ്ടുവരുന്ന മൃഗത്തിന്റെ കൊഴുപ്പു കഴിക്കുന്ന ആരെയും ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.
26 “‘നിങ്ങൾ എവിടെ താമസിച്ചാലും ഒന്നിന്റെയും രക്തം—അതു പക്ഷികളുടെയോ മൃഗങ്ങളുടെയോ ആയിക്കൊള്ളട്ടെ—കഴിക്കരുത്.+ 27 ആരെങ്കിലും രക്തം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.’”+
28 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 29 “ഇസ്രായേല്യരോടു പറയുക: ‘യഹോവയ്ക്കു സഹഭോജനബലി അർപ്പിക്കുന്നവരെല്ലാം ആ ബലിയുടെ ഒരു ഭാഗം യഹോവയ്ക്കു കൊണ്ടുവരണം.+ 30 കൊഴുപ്പും നെഞ്ചും അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കാനുള്ള യാഗമായി അവൻ സ്വന്തകൈകളിൽ കൊണ്ടുവരും.+ എന്നിട്ട് അവ ഒരു ദോളനയാഗമായി* യഹോവയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+ 31 പുരോഹിതൻ കൊഴുപ്പു യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.+ പക്ഷേ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+
32 “‘നിങ്ങളുടെ സഹഭോജനബലികളിൽനിന്ന് വലങ്കാൽ വിശുദ്ധമായ ഓഹരിയായി പുരോഹിതനു കൊടുക്കണം.+ 33 അഹരോന്റെ ഏതു മകനാണോ സഹഭോജനബലികളുടെ രക്തവും കൊഴുപ്പും അർപ്പിക്കുന്നത്, അവന് ആ വലങ്കാൽ ഓഹരിയായി കിട്ടും.+ 34 കാരണം ഞാൻ ഇസ്രായേല്യരുടെ സഹഭോജനബലികളിൽനിന്ന് ദോളനയാഗത്തിന്റെ നെഞ്ചും വിശുദ്ധയോഹരിയായ വലങ്കാലും എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും കൊടുക്കുന്നു.+ ഇത് ഇസ്രായേല്യർക്കു ദീർഘകാലത്തേക്കുള്ള ഒരു ചട്ടമായിരിക്കും.
35 “‘പുരോഹിതന്മാരായ അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ ഹാജരാക്കിയ+ ദിവസം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽനിന്ന് അവർക്കുവേണ്ടി മാറ്റിവെക്കേണ്ട ഓഹരിയായിരുന്നു ഇത്. 36 അവർക്ക് ഇസ്രായേല്യരിൽനിന്നുള്ള ഈ ഓഹരി കൊടുക്കണമെന്ന് അവരെ അഭിഷേകം ചെയ്ത+ ദിവസം യഹോവ കല്പിച്ചു. ഇത് അവർക്കു തലമുറതലമുറയോളം ഒരു സ്ഥിരനിയമമായിരിക്കും.’”
37 ഇതാണു ദഹനയാഗം,+ ധാന്യയാഗം,+ പാപയാഗം,+ അപരാധയാഗം,+ സ്ഥാനാരോഹണബലി,+ സഹഭോജനബലി+ എന്നിവ സംബന്ധിച്ചുള്ള നിയമം. 38 സീനായ് വിജനഭൂമിയിൽ* യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കണമെന്ന് ഇസ്രായേല്യർക്കു കല്പന+ കൊടുത്ത ദിവസം സീനായ് പർവതത്തിൽവെച്ച് യഹോവ മോശയോടു കല്പിച്ചതാണ് ഇത്.+
8 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “അഹരോനെയും പുത്രന്മാരെയും+ കൊണ്ടുവരുക. വസ്ത്രങ്ങൾ,+ അഭിഷേകതൈലം,+ പാപയാഗത്തിനുള്ള കാള, രണ്ട് ആൺചെമ്മരിയാട്, പുളിപ്പില്ലാത്ത അപ്പം+ വെച്ചിരിക്കുന്ന കൊട്ട എന്നിവയും കൊണ്ടുവരണം. 3 ഇസ്രായേൽസമൂഹത്തെ മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഒന്നിച്ചുകൂട്ടുകയും വേണം.”
4 യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്തു. ഇസ്രായേൽസമൂഹം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഒന്നിച്ചുകൂടി. 5 അപ്പോൾ മോശ അവരോടു പറഞ്ഞു: “ഇങ്ങനെ ചെയ്യാനാണ് യഹോവ നമ്മളോടു കല്പിച്ചിരിക്കുന്നത്.” 6 അതനുസരിച്ച് മോശ അഹരോനെയും പുത്രന്മാരെയും അടുത്ത് കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകി.+ 7 അതിനു ശേഷം അഹരോനെ നീളൻ കുപ്പായം+ ധരിപ്പിച്ചു, അരയിൽ നടുക്കെട്ടു+ കെട്ടി, കൈയില്ലാത്ത അങ്കിയും+ അണിയിച്ചു. എന്നിട്ട് ഏഫോദ്+ ധരിപ്പിച്ച് അതിന്റെ നെയ്തെടുത്ത അരപ്പട്ടകൊണ്ട്+ അതു മുറുക്കെ കെട്ടി. 8 അടുത്തതായി അഹരോനെ മാർച്ചട്ട+ അണിയിച്ച് അതിൽ ഊറീമും തുമ്മീമും+ വെച്ചു. 9 പിന്നെ തലപ്പാവ്+ അണിയിച്ചു. അതിന്റെ മുൻഭാഗത്തായി സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ,* തിളങ്ങുന്ന സ്വർണത്തകിടും വെച്ചു.+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇതെല്ലാം ചെയ്തു.
10 പിന്നെ മോശ അഭിഷേകതൈലം എടുത്ത് വിശുദ്ധകൂടാരവും അതിനുള്ളിലുള്ളതെല്ലാം അഭിഷേകം+ ചെയ്ത് വിശുദ്ധീകരിച്ചു. 11 അതിനു ശേഷം തൈലത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിൽ ഏഴു പ്രാവശ്യം തളിച്ച് യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്ത് വിശുദ്ധീകരിച്ചു. 12 ഒടുവിൽ അഹരോനെ വിശുദ്ധീകരിക്കാൻ അഭിഷേകതൈലത്തിൽ കുറച്ച് അഹരോന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്തു.+
13 പിന്നെ മോശ അഹരോന്റെ പുത്രന്മാരെ കൊണ്ടുവന്ന് അവരെ നീളൻ കുപ്പായങ്ങൾ ധരിപ്പിച്ചു, അരയിൽ നടുക്കെട്ടുകൾ കെട്ടി, തലേക്കെട്ടും+ അണിയിച്ചു.* യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്തു.
14 അതിനു ശേഷം, മോശ പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു.+ 15 മോശ അതിനെ അറുത്ത് അതിന്റെ രക്തം+ വിരൽകൊണ്ട് എടുത്ത് യാഗപീഠത്തിന്റെ ഓരോ കൊമ്പിലും പുരട്ടി യാഗപീഠത്തിനു പാപശുദ്ധി വരുത്തി. ബാക്കിയുള്ള രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ യാഗപീഠം വിശുദ്ധീകരിച്ച് അതിൽ വെച്ച് പാപപരിഹാരം വരുത്താൻ അത് ഒരുക്കി. 16 അതിനു ശേഷം കുടലുകളിന്മേലുള്ള മുഴുവൻ കൊഴുപ്പും കരളിന്മേലുള്ള കൊഴുപ്പും വൃക്കകൾ രണ്ടും അവയുടെ കൊഴുപ്പും+ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.* 17 കാളയുടെ ബാക്കി ഭാഗങ്ങൾ, അതിന്റെ തോൽ, മാംസം, ചാണകം എന്നിവ പാളയത്തിനു വെളിയിൽവെച്ച് തീയിലിട്ട് ചുട്ടുകളഞ്ഞു.+ യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്തു.
18 പിന്നെ മോശ ദഹനയാഗത്തിനുള്ള ആൺചെമ്മരിയാടിനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെച്ചു.+ 19 മോശ അതിനെ അറുത്ത് ആ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു. 20 മോശ ആൺചെമ്മരിയാടിനെ മുറിച്ച് കഷണങ്ങളാക്കി അതിന്റെ തലയും കഷണങ്ങളും കൊഴുപ്പും* ദഹിപ്പിച്ചു. 21 കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകി. അങ്ങനെ ആൺചെമ്മരിയാടിനെ മുഴുവൻ മോശ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു. ഇതു പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗമായിരുന്നു. യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്തു.
22 പിന്നെ മോശ രണ്ടാമത്തെ ആൺചെമ്മരിയാടിനെ, അതായത് സ്ഥാനാരോഹണത്തിന്റെ+ ആടിനെ, കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു.+ 23 മോശ അതിനെ അറുത്ത് കുറച്ച് രക്തം എടുത്ത് അഹരോന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടി. 24 അടുത്തതായി മോശ അഹരോന്റെ പുത്രന്മാരെ മുന്നോട്ടു കൊണ്ടുവന്ന് കുറച്ച് രക്തം അവരുടെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടി. ബാക്കിയുള്ള രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.+
25 എന്നിട്ട് മോശ കൊഴുത്ത വാലും കുടലുകളിന്മേലുള്ള മുഴുവൻ കൊഴുപ്പും കരളിന്മേലുള്ള കൊഴുപ്പും വൃക്കകൾ രണ്ടും അവയുടെ കൊഴുപ്പും ഉൾപ്പെടെ മുഴുവൻ കൊഴുപ്പും വലങ്കാലും എടുത്തു.+ 26 കൂടാതെ, യഹോവയുടെ സന്നിധിയിൽ ഇരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്ന് വളയാകൃതിയിലുള്ള, പുളിപ്പില്ലാത്ത ഒരു അപ്പവും+ വളയാകൃതിയിലുള്ള, എണ്ണ ചേർത്ത ഒരു അപ്പവും+ കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന ഒരു അപ്പവും എടുത്തു. എന്നിട്ട് അവ കൊഴുപ്പിന്റെ കഷണങ്ങളുടെയും വലങ്കാലിന്റെയും മുകളിൽ വെച്ചു. 27 അതിനു ശേഷം മോശ അവയെല്ലാം അഹരോന്റെ ഉള്ളങ്കൈകളിലും അഹരോന്റെ പുത്രന്മാരുടെ ഉള്ളങ്കൈകളിലും വെച്ച് യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടി. 28 എന്നിട്ട് അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിൽ ദഹനയാഗമൃഗത്തിന്റെ മുകളിൽ വെച്ച് ദഹിപ്പിച്ചു. അവ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അർപ്പിച്ച ഒരു സ്ഥാനാരോഹണബലിയായിരുന്നു. അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച ഒരു യാഗമായിരുന്നു അത്.
29 പിന്നെ അതിന്റെ നെഞ്ച് എടുത്ത് മോശ യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.+ സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിൽനിന്ന് ഇതു മോശയ്ക്കുള്ള ഓഹരിയായിരുന്നു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.+
30 മോശ അഭിഷേകതൈലവും+ യാഗപീഠത്തിലുണ്ടായിരുന്ന കുറച്ച് രക്തവും എടുത്ത് അഹരോന്റെ മേലും അഹരോന്റെ വസ്ത്രങ്ങളിലും അഹരോന്റെകൂടെയുണ്ടായിരുന്ന പുത്രന്മാരുടെ മേലും അവരുടെ വസ്ത്രങ്ങളിലും തളിച്ചു. അങ്ങനെ മോശ അഹരോനെയും പുത്രന്മാരെയും+ വിശുദ്ധീകരിച്ചു. കൂടാതെ അഹരോന്റെയും പുത്രന്മാരുടെയും വസ്ത്രങ്ങളും വിശുദ്ധീകരിച്ചു.+
31 എന്നിട്ട് മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് മാംസം വേവിക്കുക.+ സ്ഥാനാരോഹണത്തിന്റെ കൊട്ടയിലുള്ള അപ്പത്തോടൊപ്പം നിങ്ങൾ അത് അവിടെവെച്ച് കഴിക്കണം. ‘അഹരോനും പുത്രന്മാരും അതു കഴിക്കും’+ എന്ന് എന്നോടു കല്പിച്ചിരിക്കുന്നതുപോലെതന്നെ നിങ്ങൾ ചെയ്യണം. 32 ബാക്കിവരുന്ന മാംസവും അപ്പവും നിങ്ങൾ ചുട്ടുകളയണം.+ 33 നിങ്ങളുടെ സ്ഥാനാരോഹണം പൂർത്തിയാകാൻവേണ്ട ഏഴു ദിവസം കഴിയുന്നതുവരെ നിങ്ങൾ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടം വിട്ട് പുറത്തെങ്ങും പോകരുത്. കാരണം പുരോഹിതന്മാരായുള്ള നിങ്ങളുടെ സ്ഥാനാരോഹണത്തിന്*+ ഏഴു ദിവസം എടുക്കും. 34 നിങ്ങൾക്കു പാപപരിഹാരം+ വരുത്താൻ ഇന്നു നമ്മൾ ചെയ്തതുതന്നെ ഇനിയും ചെയ്യാൻ യഹോവ കല്പിച്ചിരിക്കുന്നു. 35 ഏഴു ദിവസത്തേക്ക്, രാവും പകലും സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിന് അടുത്തുണ്ടായിരിക്കുകയും+ യഹോവയോടുള്ള നിങ്ങളുടെ കടമ നിറവേറ്റുകയും വേണം.+ ഇല്ലെങ്കിൽ നിങ്ങൾ മരിക്കും. കാരണം ഇങ്ങനെയാണ് എന്നോടു കല്പിച്ചിരിക്കുന്നത്.”
36 അഹരോനും പുത്രന്മാരും മോശയിലൂടെ യഹോവ കല്പിച്ച എല്ലാ കാര്യങ്ങളും ചെയ്തു.
9 എട്ടാം ദിവസം+ മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേൽമൂപ്പന്മാരെയും വിളിച്ചു. 2 മോശ അഹരോനോടു പറഞ്ഞു: “അഹരോന്റെ പാപയാഗത്തിനുവേണ്ടി+ ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ദഹനയാഗത്തിനായി ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെയും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുക. 3 എന്നാൽ, ഇസ്രായേല്യരോട് ഇങ്ങനെ പറയണം: ‘പാപയാഗത്തിനുവേണ്ടി ഒരു ആൺകോലാടിനെയും ദഹനയാഗത്തിനുവേണ്ടി ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും 4 സഹഭോജനബലികൾക്കുവേണ്ടി+ ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും എടുക്കുക. ബലി അർപ്പിക്കാൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. എണ്ണ ചേർത്ത ധാന്യയാഗവും+ കൊണ്ടുവരണം. കാരണം യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’”+
5 മോശ കല്പിച്ചതെല്ലാം അവർ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവന്നു. തുടർന്ന് സമൂഹം മുഴുവൻ മുന്നോട്ടു വന്ന് യഹോവയുടെ സന്നിധിയിൽ നിന്നു. 6 അപ്പോൾ മോശ പറഞ്ഞു: “നിങ്ങൾക്ക് യഹോവയുടെ തേജസ്സു+ ദൃശ്യമാകാൻ നിങ്ങൾ ചെയ്യണമെന്ന് യഹോവ കല്പിച്ചിരിക്കുന്നത് ഇതാണ്.” 7 പിന്നെ മോശ അഹരോനോടു പറഞ്ഞു: “യാഗപീഠത്തിന്റെ അടുത്തേക്കു ചെന്ന് അഹരോനും ഭവനത്തിനും വേണ്ടി പാപയാഗവും+ ദഹനയാഗവും അർപ്പിച്ച് നിങ്ങൾക്കു പാപപരിഹാരം വരുത്തുക.+ ജനത്തിന്റെ യാഗം അർപ്പിച്ച്+ അവർക്കും പാപപരിഹാരം വരുത്തുക.+ യഹോവ കല്പിച്ചിരിക്കുന്നതുപോലെതന്നെ ചെയ്യണം.”
8 ഉടനെ അഹരോൻ യാഗപീഠത്തിന്റെ അടുത്ത് ചെന്ന് തന്റെ പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു.+ 9 തുടർന്ന് അഹരോന്റെ പുത്രന്മാർ ആ രക്തം+ അഹരോന്റെ മുന്നിൽ കൊണ്ടുവന്നു. അഹരോൻ അതിൽ കൈവിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി. ബാക്കിവന്ന രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്തു.+ 10 പാപയാഗമൃഗത്തിൽനിന്നുള്ള കൊഴുപ്പും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അഹരോൻ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.*+ യഹോവ മോശയോടു കല്പിച്ചിരുന്നതുപോലെതന്നെ എല്ലാം ചെയ്തു. 11 എന്നിട്ട് അതിന്റെ മാംസവും തോലും പാളയത്തിനു വെളിയിൽവെച്ച് ചുട്ടുകളഞ്ഞു.+
12 പിന്നെ അഹരോൻ ദഹനയാഗമൃഗത്തെ അറുത്തു. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം എടുത്ത് അഹരോനു കൊടുത്തു. അഹരോൻ അതു യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.+ 13 പിന്നെ അവർ ദഹനയാഗമൃഗത്തിന്റെ തലയും കഷണങ്ങളും കൊടുത്തു. അഹരോൻ അവ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു. 14 അതിന്റെ കുടലുകളും കണങ്കാലുകളും കഴുകി, അവയും യാഗപീഠത്തിലുള്ള ദഹനയാഗവസ്തുവിനു മുകളിൽ വെച്ച് ദഹിപ്പിച്ചു.
15 പിന്നെ അഹരോൻ ജനത്തിന്റെ യാഗം അർപ്പിച്ചു. അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാടിനെ കൊണ്ടുവന്ന് അറുത്ത് ആദ്യത്തെ മൃഗത്തിന്റെ കാര്യത്തിൽ ചെയ്തതുപോലെതന്നെ ഒരു പാപയാഗം അർപ്പിച്ചു. 16 എന്നിട്ട് ദഹനയാഗമൃഗത്തെയും അർപ്പിച്ചു. പതിവ് നടപടിക്രമമനുസരിച്ചുതന്നെ+ അഹരോൻ അതു ചെയ്തു.
17 അടുത്തതായി ധാന്യയാഗമാണ്+ അർപ്പിച്ചത്. അതിനുവേണ്ടി അഹരോൻ യാഗവസ്തുവിൽനിന്ന് ഒരു കൈ നിറയെ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു. രാവിലത്തെ ദഹനയാഗത്തിനു+ പുറമേയായിരുന്നു ഇത്.
18 അതിനു ശേഷം അഹരോൻ ജനത്തിനുവേണ്ടിയുള്ള സഹഭോജനബലിയുടെ കാളയെയും ആൺചെമ്മരിയാടിനെയും അറുത്തു. തുടർന്ന്, അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം എടുത്ത് അഹരോനു കൊടുത്തു. അഹരോൻ അതു യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.+ 19 കാളയുടെ കൊഴുപ്പ്,+ ആൺചെമ്മരിയാടിന്റെ കൊഴുത്ത വാൽ, ആന്തരാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പ്, വൃക്കകൾ, കരളിന്മേലുള്ള കൊഴുപ്പ്+ 20 എന്നിങ്ങനെ കൊഴുപ്പിന്റെ കഷണങ്ങളെല്ലാം അവർ അവയുടെ നെഞ്ചിൽ വെച്ചു. പിന്നെ അഹരോൻ കൊഴുപ്പിന്റെ ആ കഷണങ്ങൾ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.+ 21 എന്നാൽ നെഞ്ചുകളും വലങ്കാലും യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി* അഹരോൻ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി. മോശ കല്പിച്ചിരുന്നതുപോലെതന്നെ+ ഇതെല്ലാം ചെയ്തു.
22 പാപയാഗവും ദഹനയാഗവും സഹഭോജനബലികളും അർപ്പിക്കുകയായിരുന്ന അഹരോൻ, ജനത്തിനു നേരെ കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചിട്ട്+ ഇറങ്ങിവന്നു. 23 ഒടുവിൽ മോശയും അഹരോനും സാന്നിധ്യകൂടാരത്തിന്റെ ഉള്ളിലേക്കു പോയി. പിന്നെ പുറത്ത് വന്ന് ജനത്തെ അനുഗ്രഹിച്ചു.+
യഹോവയുടെ തേജസ്സ് അപ്പോൾ ജനത്തിനു മുഴുവൻ ദൃശ്യമായി.+ 24 യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ യാഗപീഠത്തിലുള്ള ദഹനയാഗമൃഗത്തെയും കൊഴുപ്പിന്റെ കഷണങ്ങളെയും ദഹിപ്പിച്ചുതുടങ്ങി. അതു കണ്ടപ്പോൾ ജനമെല്ലാം ആർത്തുവിളിക്കാൻതുടങ്ങി. അവർ നിലത്ത് കമിഴ്ന്നുവീണ് നമസ്കരിച്ചു.+
10 പിന്നീട് അഹരോന്റെ പുത്രന്മാരായ നാദാബും അബീഹുവും+ അവരവരുടെ സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം എടുത്ത് അതിൽ തീയും സുഗന്ധക്കൂട്ടും+ ഇട്ടു. അങ്ങനെ അവർ നിഷിദ്ധമായ അഗ്നി+ യഹോവയുടെ മുന്നിൽ അർപ്പിച്ചു. അവരോടു ചെയ്യാൻ കല്പിക്കാത്തതായിരുന്നു ഇത്. 2 അതുകൊണ്ട് യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു.+ അങ്ങനെ അവർ യഹോവയുടെ സന്നിധിയിൽവെച്ച് മരിച്ചുപോയി.+ 3 അപ്പോൾ മോശ അഹരോനോടു പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘എന്റെ അടുത്തുള്ളവർ എന്നെ വിശുദ്ധനായി കാണണം.+ എല്ലാ ജനത്തിന്റെയും മുന്നിൽ എന്നെ മഹത്ത്വീകരിക്കണം.’” അഹരോനോ മൗനം പാലിച്ചു.
4 അപ്പോൾ മോശ അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ+ പുത്രന്മാരായ മീശായേലിനെയും എൽസാഫാനെയും വിളിച്ചു. എന്നിട്ട് അവരോടു പറഞ്ഞു: “ഇവിടെ വന്ന് നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധസ്ഥലത്തിന്റെ മുന്നിൽനിന്ന് പാളയത്തിനു വെളിയിലുള്ള ഒരു സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകൂ.” 5 മോശ കല്പിച്ചതുപോലെ അവർ വന്ന് ആ പുരുഷന്മാരെ അവരുടെ കുപ്പായങ്ങളോടുകൂടെ പാളയത്തിനു വെളിയിലുള്ള ഒരു സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി.
6 പിന്നെ മോശ അഹരോനോടും അഹരോന്റെ മറ്റു പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കാനും മുഴുസമൂഹത്തിനും എതിരെ ദൈവം കോപിക്കാതിരിക്കാനും നിങ്ങൾ മുടി അലക്ഷ്യമായി വിടരുത്, വസ്ത്രം കീറുകയുമരുത്.+ യഹോവ തീകൊണ്ട് കൊന്നവരെച്ചൊല്ലി ഇസ്രായേൽഗൃഹത്തിലുള്ള നിങ്ങളുടെ സഹോദരന്മാർ കരഞ്ഞുകൊള്ളും. 7 നിങ്ങൾ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടം വിട്ട് പുറത്തെങ്ങും പോകരുത്, പോയാൽ നിങ്ങൾ മരിക്കും. കാരണം യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഉണ്ട്.”+ അങ്ങനെ അവർ മോശ പറഞ്ഞതുപോലെ ചെയ്തു.
8 പിന്നെ, യഹോവ അഹരോനോടു പറഞ്ഞു: 9 “സാന്നിധ്യകൂടാരത്തിൽ വരുമ്പോൾ നീയും നിന്റെകൂടെയുള്ള നിന്റെ പുത്രന്മാരും വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്.+ എങ്കിൽ നിങ്ങൾ മരിക്കില്ല. ഇതു നിങ്ങൾക്കു തലമുറതലമുറയായുള്ള സ്ഥിരനിയമമായിരിക്കും. 10 വിശുദ്ധമായതും വിശുദ്ധമല്ലാത്തതും തമ്മിലും അശുദ്ധമായതും ശുദ്ധമായതും തമ്മിലും നിങ്ങൾക്കു വേർതിരിക്കാൻ പറ്റേണ്ടതിനും+ 11 മോശയിലൂടെ യഹോവ ഇസ്രായേല്യരോടു സംസാരിച്ച എല്ലാ ചട്ടങ്ങളും നിങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയേണ്ടതിനും ആണ് ഈ നിയമം തരുന്നത്.”+
12 പിന്നെ, മോശ അഹരോനോടും അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും പറഞ്ഞു: “അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽപ്പെട്ട ധാന്യയാഗത്തിൽ ബാക്കിവന്നത് എടുത്ത് യാഗപീഠത്തിന് അടുത്തുവെച്ച് പുളിപ്പില്ലാത്ത അപ്പമായി കഴിക്കുക.+ കാരണം അത് ഏറ്റവും വിശുദ്ധമാണ്.+ 13 വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് വേണം നിങ്ങൾ അതു കഴിക്കാൻ.+ കാരണം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽനിന്ന് നിനക്കും നിന്റെ പുത്രന്മാർക്കും ഉള്ള ഓഹരിയാണ് അത്. ഇതാണ് എന്നോടു കല്പിച്ചിരിക്കുന്നത്. 14 കൂടാതെ ദോളനയാഗത്തിന്റെ* നെഞ്ചും വിശുദ്ധയോഹരിയായ കാലും+ ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ച് വേണം നിങ്ങൾ കഴിക്കാൻ. ഇവ ഇസ്രായേല്യരുടെ സഹഭോജനബലികളിൽനിന്ന് നിനക്കും മക്കൾക്കും ഉള്ള ഓഹരിയായി നൽകിയിരിക്കുന്നതുകൊണ്ട് നിനക്കും നിന്റെ പുത്രന്മാർക്കും നിന്റെകൂടെയുള്ള നിന്റെ പുത്രിമാർക്കും അതു കഴിക്കാം.+ 15 അവർ അഗ്നിയിൽ യാഗമായി അർപ്പിക്കുന്ന കൊഴുപ്പു കൊണ്ടുവരുന്നതിന്റെകൂടെ വിശുദ്ധയോഹരിയായ കാലും ദോളനയാഗത്തിന്റെ നെഞ്ചും കൊണ്ടുവരണം. എന്നിട്ട് ദോളനയാഗവസ്തു യഹോവയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടും. ഇതു നിനക്കും നിന്റെകൂടെയുള്ള നിന്റെ പുത്രന്മാർക്കും സ്ഥിരമായ ഓഹരിയായി കിട്ടും,+ യഹോവ കല്പിച്ചിരിക്കുന്നതുപോലെതന്നെ.”
16 പാപയാഗത്തിനുള്ള കോലാടിനെ+ മോശ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല. അതു ദഹിച്ചുതീർന്നെന്ന് അറിഞ്ഞപ്പോൾ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും മോശ ദേഷ്യപ്പെട്ട് ഇങ്ങനെ പറഞ്ഞു: 17 “നിങ്ങൾ എന്തുകൊണ്ടാണു വിശുദ്ധസ്ഥലത്തുവെച്ച് പാപയാഗം ഭക്ഷിക്കാതിരുന്നത്?+ അത് ഏറ്റവും വിശുദ്ധമായതല്ലേ? ഇസ്രായേൽസമൂഹത്തിന്റെ തെറ്റിനു നിങ്ങൾ ഉത്തരം പറയാനും യഹോവയുടെ മുമ്പാകെ അവർക്കു പാപപരിഹാരം വരുത്താനും വേണ്ടി ദൈവമല്ലേ അതു നിങ്ങൾക്കു തന്നത്? 18 പക്ഷേ നിങ്ങൾ അതിന്റെ രക്തം വിശുദ്ധസ്ഥലത്തേക്കു+ കൊണ്ടുവന്നിട്ടില്ല. എനിക്കു കിട്ടിയ കല്പനപോലെ, നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവെച്ച് കഴിക്കേണ്ടതായിരുന്നു.” 19 മറുപടിയായി അഹരോൻ മോശയോടു പറഞ്ഞു: “അവർ ഇന്ന് അവരുടെ പാപയാഗവും ദഹനയാഗവും+ യഹോവയുടെ മുമ്പാകെ അർപ്പിച്ചു. എന്നിട്ടും എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചു. അഥവാ ഇന്നു ഞാൻ പാപയാഗം കഴിച്ചിരുന്നെങ്കിലും യഹോവയ്ക്ക് അതിൽ പ്രസാദം തോന്നുമായിരുന്നോ?” 20 ആ വിശദീകരണം മോശയ്ക്കു തൃപ്തികരമായി തോന്നി.
11 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘കരയിലെ ജന്തുക്കളിൽ നിങ്ങൾക്കു കഴിക്കാകുന്നവ ഇവയാണ്:+ 3 പൂർണമായി പിളർന്ന ഇരട്ടക്കുളമ്പുള്ള, അയവിറക്കുന്ന മൃഗങ്ങൾ.
4 “‘എന്നാൽ അയവിറക്കുന്നതിലും ഇരട്ടക്കുളമ്പുള്ളതിലും നിങ്ങൾ ഭക്ഷിക്കരുതാത്ത മൃഗങ്ങളുമുണ്ട്: ഒട്ടകം അയവിറക്കുന്നതാണെങ്കിലും അതിന് ഇരട്ടക്കുളമ്പില്ല. അതു നിങ്ങൾക്ക് അശുദ്ധം.+ 5 പാറമുയൽ+ അയവിറക്കുന്നതാണെങ്കിലും അതിന് ഇരട്ടക്കുളമ്പില്ല. അതു നിങ്ങൾക്ക് അശുദ്ധം. 6 മുയൽ അയവിറക്കുന്നതാണെങ്കിലും അതിന് ഇരട്ടക്കുളമ്പില്ല. അതു നിങ്ങൾക്ക് അശുദ്ധം. 7 പന്നിക്കു+ പൂർണമായി പിളർന്ന ഇരട്ടക്കുളമ്പുണ്ട്. പക്ഷേ അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധം. 8 നിങ്ങൾ അവയുടെ മാംസം കഴിക്കുകയോ അവയുടെ ജഡത്തിൽ തൊടുകയോ അരുത്. അവ നിങ്ങൾക്ക് അശുദ്ധമാണ്.+
9 “‘വെള്ളത്തിൽ ജീവിക്കുന്നവയിൽ നിങ്ങൾക്കു കഴിക്കാകുന്നവ ഇവയാണ്: കടലിലോ നദിയിലോ ജീവിക്കുന്ന, ചിറകും ചെതുമ്പലും ഉള്ളതെല്ലാം നിങ്ങൾക്കു തിന്നാം.+ 10 എന്നാൽ കടലിലും നദിയിലും കൂട്ടമായി സഞ്ചരിക്കുന്ന എല്ലാ ജലജീവികളിലും വെള്ളത്തിലുള്ള മറ്റെല്ലാ ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തതെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം. 11 അതെ, അവ നിങ്ങൾക്ക് അറപ്പായിരിക്കണം. നിങ്ങൾ അവയുടെ മാംസം തിന്നുകയേ അരുത്.+ അവയുടെ ജഡം നിങ്ങൾക്ക് അറപ്പായിരിക്കണം. 12 ചിറകും ചെതുമ്പലും ഇല്ലാത്ത, വെള്ളത്തിലുള്ളതെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
13 “‘പക്ഷികളിൽ നിങ്ങൾ അറപ്പോടെ കാണേണ്ടവയുണ്ട്. അറയ്ക്കേണ്ടതായതുകൊണ്ട് അവയെ തിന്നരുത്. ആ പക്ഷികൾ ഇവയാണ്: കഴുകൻ,+ താലിപ്പരുന്ത്, കരിങ്കഴുകൻ,+ 14 ചെമ്പരുന്ത്, എല്ലാ തരത്തിലുമുള്ള ചക്കിപ്പരുന്ത്, 15 എല്ലാ തരത്തിലുമുള്ള മലങ്കാക്ക, 16 ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, എല്ലാ തരത്തിലുമുള്ള പ്രാപ്പിടിയൻ, 17 നത്ത്, നീർക്കാക്ക, നെടുഞ്ചെവിയൻ മൂങ്ങ, 18 അരയന്നം, ഞാറപ്പക്ഷി, ശവംതീനിക്കഴുകൻ, 19 കൊക്ക്, എല്ലാ തരത്തിലുമുള്ള മുണ്ടി, ഉപ്പൂപ്പൻ, വവ്വാൽ. 20 കൂട്ടമായി കാണപ്പെടുന്ന, ചിറകുള്ള ചെറുജീവികളിൽ* നാലു കാലിൽ നടക്കുന്നവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
21 “‘എന്നാൽ കൂട്ടമായി കാണപ്പെടുന്ന ചെറുജീവികളിൽ നിങ്ങൾക്കു കഴിക്കാകുന്നവ, ചിറകുകളും നാലു കാലും ചാടിനടക്കാൻ പാദങ്ങൾക്കു മീതെ കാലിൽ സന്ധിബന്ധവും ഉള്ളവ മാത്രമാണ്. 22 ഇവയിൽ നിങ്ങൾക്കു കഴിക്കാകുന്നവയാണ് ദേശാടനം നടത്തുന്ന വിവിധതരം വെട്ടുക്കിളികൾ, ഭക്ഷ്യയോഗ്യമായ മറ്റു വെട്ടുക്കിളികൾ,+ വിവിധതരം ചീവീടുകൾ, വിവിധതരം പുൽച്ചാടികൾ എന്നിവ. 23 എന്നാൽ കൂട്ടമായി കാണപ്പെടുന്ന ചെറുജീവികളിൽ ചിറകുള്ള, നാലു കാലിൽ നടക്കുന്ന മറ്റുള്ളവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം. 24 ഇവയാൽ നിങ്ങൾ അശുദ്ധരാകും. അവയുടെ ജഡത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+ 25 അവയിൽ ഏതിന്റെയെങ്കിലും ജഡം എടുത്തുകൊണ്ടുപോകുന്നവൻ വസ്ത്രം കഴുകണം.+ അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
26 “‘ഇരട്ടക്കുളമ്പുള്ളതെങ്കിലും കുളമ്പു പൂർണമായി പിളരാത്ത, അയവിറക്കാത്ത മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം. അവയെ തൊടുന്നവരെല്ലാം അശുദ്ധരാകും.+ 27 നാലു കാലിൽ നടക്കുന്ന ജീവികളിൽ പാദങ്ങളിൽ നഖമുള്ളവയെല്ലാം നിങ്ങൾക്ക് അശുദ്ധം. അവയുടെ ജഡത്തിൽ തൊടുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും. 28 അവയുടെ ജഡം എടുത്തുകൊണ്ടുപോകുന്നവൻ വസ്ത്രം കഴുകണം.+ അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. കാരണം അവ നിങ്ങൾക്ക് അശുദ്ധമാണ്.+
29 “‘കരയിൽ കാണുന്ന, എണ്ണത്തിൽ ധാരാളമുള്ള ചെറുജീവികളിൽ ഇവ നിങ്ങൾക്ക് അശുദ്ധം: തുരക്കുന്ന എലി, ചുണ്ടെലി,+ പല്ലിവർഗത്തിലുള്ള ജീവികൾ, 30 ഗൗളി, പെരുംപല്ലി, നീർപ്പല്ലി, മണൽപ്പല്ലി, ഓന്ത്. 31 എണ്ണത്തിൽ ധാരാളമുള്ള ഈ ജീവികൾ നിങ്ങൾക്ക് അശുദ്ധം.+ അവയുടെ ജഡത്തിൽ തൊടുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും.+
32 “‘ഇനി, അവ ചത്ത് എന്തിലെങ്കിലും വീഴുന്നെങ്കിൽ, അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുതുണിയോ എന്തായിരുന്നാലും, അത് അശുദ്ധമാകും. ഉപയോഗത്തിലുള്ള ഏതൊരു പാത്രവും വെള്ളത്തിൽ മുക്കണം. അതു വൈകുന്നേരംവരെ അശുദ്ധമായിരിക്കും, പിന്നെ ശുദ്ധമാകും. 33 അവ ഒരു മൺപാത്രത്തിലാണു വീഴുന്നതെങ്കിൽ നിങ്ങൾ അത് ഉടച്ചുകളയണം. അതിലുണ്ടായിരുന്നതെല്ലാം അശുദ്ധമാകും.+ 34 അങ്ങനെയൊരു പാത്രത്തിലെ വെള്ളം ഏതെങ്കിലും ആഹാരസാധനത്തിൽ പറ്റിയാൽ ആ ആഹാരം അശുദ്ധമാകും. ഏതെങ്കിലും പാനീയം ആ പാത്രത്തിലുണ്ടെങ്കിൽ അതും അശുദ്ധമാകും. 35 അവയുടെ ജഡം വീഴുന്നത് എന്തിലായാലും അത് അശുദ്ധമാകും. അത് അടുപ്പോ തീച്ചട്ടിയോ ആയാലും പൊട്ടിച്ചുകളയണം. അവ അശുദ്ധമാണെന്നു മാത്രമല്ല, അവയുടെ അശുദ്ധി മാറ്റാനും കഴിയില്ല. 36 നീരുറവയും ജലസംഭരണിയും* മാത്രം അശുദ്ധമാകില്ല. പക്ഷേ അവയുടെ ജഡത്തിൽ തൊടുന്നവരെല്ലാം അശുദ്ധരാകും. 37 വിതയ്ക്കാൻ വെച്ചിരിക്കുന്ന വിത്തിന്മേലാണ് അവയുടെ ജഡം വീഴുന്നതെങ്കിൽ അതു ശുദ്ധം. 38 എന്നാൽ നനച്ച വിത്തിലാണ് അവയുടെ ജഡത്തിന്റെ ഏതെങ്കിലും ഭാഗം വീഴുന്നതെങ്കിൽ ആ വിത്തു നിങ്ങൾക്ക് അശുദ്ധം.
39 “‘ഇനി, ഭക്ഷ്യയോഗ്യമായ ഒരു മൃഗം ചാകുന്നെങ്കിൽ, അതിന്റെ ജഡത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+ 40 ആ ജഡത്തിന്റെ ഏതെങ്കിലും ഭാഗം കഴിക്കുന്നവൻ തന്റെ വസ്ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.+ ആ ജഡം എടുത്തുകൊണ്ടുപോകുന്നവൻ തന്റെ വസ്ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും. 41 കരയിലെ ചെറുജീവികളിൽ എണ്ണത്തിൽ ധാരാളമുള്ളവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.+ അവയെ തിന്നരുത്. 42 ഉരഗങ്ങളെയോ നാലു കാലിൽ നടക്കുന്ന ചെറുജീവികളെയോ കൂട്ടമായി കാണപ്പെടുന്ന, കരയിൽ കാണുന്ന, ധാരാളം കാലുകളുള്ള ചെറുജീവികളെയോ നിങ്ങൾ കഴിക്കരുത്. അവ നിങ്ങൾക്ക് അറപ്പായിരിക്കണം.+ 43 കൂട്ടമായി കാണപ്പെടുന്ന ഏതെങ്കിലും ജീവി കാരണം നിങ്ങൾ അറയ്ക്കത്തക്ക അവസ്ഥയിലാകാൻ ഇടയാകരുത്. അവയെക്കൊണ്ട് നിങ്ങളെത്തന്നെ മലിനരാക്കി അശുദ്ധരാകരുത്.+ 44 കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+ ഞാൻ വിശുദ്ധനായതുകൊണ്ട്+ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരാകണം.+ അതുകൊണ്ട്, കൂട്ടമായി കാണപ്പെടുന്ന, കരയിൽ ജീവിക്കുന്ന ഒരു ചെറുജീവിയെക്കൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. 45 കാരണം നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്, ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ നയിച്ചുകൊണ്ടുവരുന്നത് യഹോവ എന്ന ഞാനാണ്.+ ഞാൻ വിശുദ്ധനായതുകൊണ്ട്+ നിങ്ങളും വിശുദ്ധരായിരിക്കണം.+
46 “‘മൃഗങ്ങളെയും പറക്കുന്ന ജീവികളെയും എല്ലാ ജലജന്തുക്കളെയും കരയിൽ കൂട്ടമായി കാണപ്പെടുന്ന എല്ലാ ചെറുജീവികളെയും സംബന്ധിച്ചുള്ള നിയമമാണ് ഇത്. 47 ശുദ്ധവും അശുദ്ധവും തമ്മിലും കഴിക്കാകുന്ന ജീവികളും കഴിച്ചുകൂടാത്തവയും തമ്മിലും വ്യത്യാസം കല്പിക്കാൻവേണ്ടിയുള്ളതാണ് ഈ നിയമം.’”+
12 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘ഒരു സ്ത്രീ ഗർഭിണിയായി ആൺകുഞ്ഞിനെ പ്രസവിക്കുന്നെങ്കിൽ, ആർത്തവകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.+ 3 എട്ടാം ദിവസം കുട്ടിയുടെ അഗ്രചർമം പരിച്ഛേദന* ചെയ്യണം.+ 4 തുടർന്ന് 33 ദിവസംകൂടെ അവൾ രക്തത്തിൽനിന്നുള്ള ശുദ്ധീകരണം ആചരിക്കും. തന്റെ ശുദ്ധീകരണദിവസങ്ങൾ പൂർത്തിയാകുന്നതുവരെ അവൾ വിശുദ്ധവസ്തുക്കളൊന്നും തൊടാനോ വിശുദ്ധമായ സ്ഥലത്ത് പ്രവേശിക്കാനോ പാടില്ല.
5 “‘എന്നാൽ പെൺകുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കിൽ അവൾ 14 ദിവസത്തേക്ക് ആർത്തവകാലത്തെന്നപോലെ അശുദ്ധയായിരിക്കും. തുടർന്ന് 66 ദിവസംകൂടെ അവൾ രക്തത്തിൽനിന്നുള്ള ശുദ്ധീകരണം ആചരിക്കണം. 6 മകനോ മകൾക്കോ വേണ്ടിയുള്ള അവളുടെ ശുദ്ധീകരണദിവസങ്ങൾ പൂർത്തിയാകുമ്പോൾ, അവൾ ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ ദഹനയാഗമായും+ ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു ചെങ്ങാലിപ്രാവിനെയോ പാപയാഗമായും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. 7 പുരോഹിതൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിച്ച് അവൾക്കു പാപപരിഹാരം വരുത്തും. അങ്ങനെ അവൾ തന്റെ രക്തസ്രവത്തിൽനിന്ന് ശുദ്ധയാകും. ഇതാണ് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീയെ സംബന്ധിച്ചുള്ള നിയമം. 8 എന്നാൽ ആടിനെ അർപ്പിക്കാൻ അവൾക്കു വകയില്ലെങ്കിൽ അവൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം.+ ഒന്നു ദഹനയാഗത്തിനും മറ്റേതു പാപയാഗത്തിനും. പുരോഹിതൻ അവൾക്കു പാപപരിഹാരം വരുത്തും. അങ്ങനെ അവൾ ശുദ്ധയാകും.’”
13 യഹോവ മോശയോടും അഹരോനോടും ഇങ്ങനെയും പറഞ്ഞു: 2 “ഒരാളുടെ തൊലിപ്പുറത്ത് തടിപ്പോ ചിരങ്ങോ പുള്ളിയോ ഉണ്ടായിട്ട് അത് അവന്റെ ചർമത്തിൽ കുഷ്ഠരോഗമായിത്തീരാൻ*+ സാധ്യതയുണ്ടെന്നു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരിൽ ഒരാളുടെയോ അടുത്ത് കൊണ്ടുവരണം.+ 3 പുരോഹിതൻ തൊലിപ്പുറത്തെ രോഗബാധ പരിശോധിക്കും. ആ ഭാഗത്തെ രോമം വെള്ള നിറമാകുകയും രോഗം തൊലിയുടെ അടിയിലേക്കു വ്യാപിച്ചതുപോലെ കാണപ്പെടുകയും ചെയ്താൽ അതു കുഷ്ഠരോഗമാണ്. പുരോഹിതൻ അതു പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കും. 4 എന്നാൽ തൊലിപ്പുറത്തെ പുള്ളി വെളുത്തിരിക്കുന്നെങ്കിലും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതായോ രോമം വെള്ള നിറമായതായോ കാണുന്നില്ലെങ്കിൽ രോഗബാധിതനായ വ്യക്തിയെ പുരോഹിതൻ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കും.+ 5 ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കും. അപ്പോൾ അതു തൊലിപ്പുറത്ത് പടരാതെ അങ്ങനെതന്നെ നിൽക്കുന്നെന്നു കണ്ടാൽ പുരോഹിതൻ വീണ്ടും ഏഴു ദിവസംകൂടെ അവനെ മാറ്റിപ്പാർപ്പിക്കും.
6 “ഏഴാം ദിവസം പുരോഹിതൻ വീണ്ടും അവനെ പരിശോധിക്കണം. രോഗബാധ മങ്ങിയെന്നും തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+ അതു വെറുമൊരു ചിരങ്ങായിരുന്നു. അവൻ വസ്ത്രം അലക്കി ശുദ്ധനാകും. 7 എന്നാൽ ശുദ്ധനാണെന്നു സ്ഥിരീകരിക്കാൻ പുരോഹിതന്റെ അടുത്ത് ചെന്നശേഷം ചിരങ്ങു* തൊലിപ്പുറത്ത് പടർന്നെങ്കിൽ അവൻ പുരോഹിതന്റെ അടുത്ത് രണ്ടാമതും ചെല്ലണം. 8 പുരോഹിതൻ അതു പരിശോധിക്കും. ചിരങ്ങു തൊലിപ്പുറത്ത് പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ.+
9 “ഒരാൾക്കു കുഷ്ഠരോഗം പിടിപെടുന്നെങ്കിൽ അവനെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. 10 പുരോഹിതൻ അവനെ പരിശോധിക്കും.+ തൊലിപ്പുറത്ത് ഒരു വെളുത്ത തടിപ്പ് ഉണ്ടായിട്ട് അവിടത്തെ രോമം വെള്ള നിറമാകുകയും അവിടെ വ്രണം വന്ന് പൊട്ടുകയും ചെയ്തിട്ടുണ്ടെങ്കിൽ+ 11 അതു തൊലിപ്പുറത്ത് ഉണ്ടാകുന്ന വിട്ടുമാറാത്ത കുഷ്ഠമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. നിരീക്ഷണാർഥം അവനെ മാറ്റിപ്പാർപ്പിക്കേണ്ടതില്ല.+ അവൻ അശുദ്ധനാണ്. 12 എന്നാൽ, അടിമുടി കുഷ്ഠം ഉണ്ടായി അതു തൊലിപ്പുറത്ത് പുരോഹിതനു കാണാനാകുന്നിടത്തെല്ലാം വ്യാപിച്ചിട്ടുണ്ടെങ്കിൽ 13 പുരോഹിതൻ അവനെ പരിശോധിച്ച് കുഷ്ഠം അവന്റെ ചർമത്തിൽ മുഴുവൻ പടർന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. അത് ഉറപ്പായാൽ പുരോഹിതൻ ആ രോഗിയെ ശുദ്ധനായി* പ്രഖ്യാപിക്കും. കാരണം ശരീരം മുഴുവൻ വെള്ള നിറമായിരിക്കുന്നു; അവൻ ശുദ്ധനാണ്. 14 എന്നാൽ എപ്പോഴെങ്കിലും ഒരു വ്രണം വന്ന് പൊട്ടിയാൽ അവൻ അശുദ്ധനാകും. 15 വ്രണം വന്ന് പൊട്ടിയെന്നു കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും.+ പൊട്ടിയ വ്രണം അശുദ്ധമാണ്. അതു കുഷ്ഠംതന്നെ.+ 16 അഥവാ, പൊട്ടിയ വ്രണം വീണ്ടും വെള്ള നിറമാകുന്നെങ്കിൽ, അവൻ പുരോഹിതന്റെ അടുത്ത് ചെല്ലണം. 17 പുരോഹിതൻ അവനെ പരിശോധിക്കും.+ രോഗബാധ വെള്ള നിറമായിട്ടുണ്ടെങ്കിൽ അവനെ ശുദ്ധനായി പ്രഖ്യാപിക്കും; അവൻ ശുദ്ധനാണ്.
18 “ഒരാൾക്കു തൊലിപ്പുറത്ത് പരു ഉണ്ടായിട്ട് അതു സുഖപ്പെട്ടെങ്കിലും 19 പരു വന്നിടത്ത് ഒരു വെള്ളത്തടിപ്പോ ചുവപ്പു കലർന്ന വെള്ള നിറത്തിലുള്ള പുള്ളിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അവൻ പുരോഹിതന്റെ അടുത്ത് ചെല്ലണം. 20 പുരോഹിതൻ അതു പരിശോധിക്കും.+ അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതായി കാണപ്പെടുകയും അതിലെ രോമം വെള്ള നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. പരുവിൽ ഉണ്ടായിരിക്കുന്നതു കുഷ്ഠമാണ്. 21 എന്നാൽ, പുരോഹിതൻ അതു പരിശോധിക്കുമ്പോൾ അതു മങ്ങിയിട്ടുണ്ടെന്നും അതിൽ വെള്ള നിറത്തിലുള്ള രോമമില്ലെന്നും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നും കാണുന്നെങ്കിൽ പുരോഹിതൻ ഏഴു ദിവസത്തേക്ക് അവനെ മാറ്റിപ്പാർപ്പിക്കും.+ 22 എന്നാൽ അതു തൊലിപ്പുറത്ത് പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. അത് ഒരു രോഗമാണ്. 23 എന്നാൽ പുള്ളി പടരാതെ അങ്ങനെതന്നെ നിൽക്കുന്നെങ്കിൽ അതു പരു നിമിത്തമുള്ള വീക്കം മാത്രമാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+
24 “ഇനി, ഒരാൾക്കു തീപ്പൊള്ളലേറ്റിട്ട് ആ ഭാഗത്തെ പച്ചമാംസം വെള്ളപ്പുള്ളിയോ ചുവപ്പു കലർന്ന വെള്ള നിറത്തിലുള്ള പുള്ളിയോ ആകുന്നെങ്കിൽ 25 പുരോഹിതൻ അതു പരിശോധിക്കും. അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതുപോലെ കാണപ്പെടുകയും പുള്ളിയിലെ രോമം വെള്ള നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ അതു പൊള്ളലിൽനിന്ന് ഉണ്ടായ കുഷ്ഠരോഗമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. അതു കുഷ്ഠരോഗമാണ്. 26 എന്നാൽ പുരോഹിതൻ അതു പരിശോധിക്കുമ്പോൾ അതു മങ്ങിയിട്ടുണ്ടെന്നും പുള്ളിയിൽ വെള്ള നിറത്തിലുള്ള രോമമില്ലെന്നും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നും കണ്ടാൽ അവനെ ഏഴു ദിവസത്തേക്കു നിരീക്ഷണാർഥം മാറ്റിപ്പാർപ്പിക്കും.+ 27 ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കും. അപ്പോൾ അതു തൊലിപ്പുറത്ത് പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. അതു കുഷ്ഠരോഗമാണ്. 28 എന്നാൽ പുള്ളി തൊലിപ്പുറത്ത് പടരാതെ അങ്ങനെതന്നെ നിൽക്കുന്നെന്നും അതു മങ്ങിയിട്ടുണ്ടെന്നും കണ്ടാൽ അത് ഒരു തടിപ്പു മാത്രമാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും. കാരണം അതു വെറുമൊരു വീക്കമാണ്.
29 “ഒരു പുരുഷന്റെയോ സ്ത്രീയുടെയോ തലയിലോ താടിയിലോ രോഗബാധ ഉണ്ടാകുന്നെങ്കിൽ 30 പുരോഹിതൻ അതു പരിശോധിക്കും. അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതായി കാണപ്പെടുകയും അതിലുള്ള രോമം എണ്ണത്തിൽ കുറഞ്ഞ് മഞ്ഞ നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. തലയിലെയോ താടിയിലെയോ ഈ രോഗബാധ+ കുഷ്ഠമാണ്. 31 എന്നാൽ രോഗബാധ തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നും അതിൽ കറുത്ത രോമമില്ലെന്നും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കണം.+ 32 പുരോഹിതൻ ഏഴാം ദിവസം രോഗബാധ പരിശോധിക്കും. അപ്പോൾ, അതു തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നും അതിൽ മഞ്ഞരോമം വളർന്നിട്ടില്ലെന്നും കാണുകയും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നു തോന്നുകയും ചെയ്യുന്നെങ്കിൽ 33 രോഗി തന്റെ തലയും താടിയും വടിക്കണം. പക്ഷേ, രോഗം ബാധിച്ച ഭാഗം അവൻ വടിക്കരുത്. തുടർന്ന് പുരോഹിതൻ രോഗിയെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കും.
34 “ഏഴാം ദിവസം പുരോഹിതൻ രോഗം ബാധിച്ച ഭാഗം വീണ്ടും പരിശോധിക്കും. അപ്പോൾ, അതു തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നു കാണുകയും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നു തോന്നുകയും ചെയ്യുന്നെങ്കിൽ പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. അവൻ വസ്ത്രം അലക്കി ശുദ്ധനാകണം. 35 എന്നാൽ അവന്റെ ശുദ്ധീകരണത്തിനു ശേഷം രോഗബാധ തൊലിപ്പുറത്ത് പടരുന്നെങ്കിൽ 36 പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കും. രോഗബാധ തൊലിപ്പുറത്ത് പടർന്നിട്ടുണ്ടെങ്കിൽ മഞ്ഞ നിറത്തിലുള്ള രോമം അതിലുണ്ടോ എന്നു പുരോഹിതൻ നോക്കേണ്ടതില്ല. അവൻ അശുദ്ധനാണ്. 37 എന്നാൽ പരിശോധനയിൽ രോഗബാധ തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നും അതിൽ കറുത്ത രോമം വളർന്നിട്ടുണ്ടെന്നും കാണുന്നെങ്കിൽ രോഗം ഭേദമായിരിക്കുന്നു. അവൻ ശുദ്ധനാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+
38 “ഒരു പുരുഷന്റെയോ സ്ത്രീയുടെയോ തൊലിപ്പുറത്ത് പുള്ളികൾ ഉണ്ടായി അവ വെള്ള നിറമാകുന്നെങ്കിൽ, 39 പുരോഹിതൻ അവ പരിശോധിക്കും.+ തൊലിപ്പുറത്തെ പുള്ളികൾ മങ്ങിയ വെള്ള നിറത്തിലുള്ളതാണെങ്കിൽ, തൊലിപ്പുറത്ത് ഉണ്ടായിരിക്കുന്നതു വെറുമൊരു പാടാണ്. അവൻ ശുദ്ധനാണ്.
40 “ഒരാളുടെ മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്നെങ്കിൽ അവൻ ശുദ്ധനാണ്. 41 തലയുടെ മുൻവശത്തെ മുടി കൊഴിഞ്ഞ് അവിടെ കഷണ്ടിയുണ്ടാകുന്നെങ്കിൽ അവൻ ശുദ്ധനാണ്. 42 എന്നാൽ, അവന്റെ നെറ്റിയിലോ തലയിൽ കഷണ്ടിയുള്ള ഭാഗത്തോ ചുവപ്പു കലർന്ന വെള്ള നിറത്തിലുള്ള വ്രണം ഉണ്ടാകുന്നെങ്കിൽ, അവന്റെ നെറ്റിയിലോ തലയിലോ കുഷ്ഠം വരുകയാണ്. 43 പുരോഹിതൻ അവനെ പരിശോധിക്കും. രോഗബാധ നിമിത്തം അവന്റെ നെറ്റിയിലോ ഉച്ചിയിലെ കഷണ്ടിയിലോ ചുവപ്പു കലർന്ന വെള്ള നിറത്തിൽ കാണുന്ന തടിപ്പു തൊലിപ്പുറത്തെ കുഷ്ഠംപോലെ കാണപ്പെടുന്നെങ്കിൽ, 44 അവൻ കുഷ്ഠരോഗിയാണ്. അവൻ അശുദ്ധനാണ്. തലയിലെ രോഗം കാരണം പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. 45 കുഷ്ഠരോഗി കീറിയ വസ്ത്രം ധരിക്കണം. മുടി കോതിയൊതുക്കാനും പാടില്ല. അവൻ വായ്* മറച്ചുപിടിച്ച് ‘അശുദ്ധൻ! അശുദ്ധൻ!’ എന്നു വിളിച്ചുപറയണം. 46 രോഗം മാറുന്നതുവരെ അവൻ അശുദ്ധനായിരിക്കും. അവൻ മറ്റുള്ളവരിൽനിന്ന് മാറിത്താമസിക്കണം. അവന്റെ താമസം പാളയത്തിനു പുറത്തായിരിക്കണം.+
47 “കമ്പിളിവസ്ത്രമോ ലിനൻവസ്ത്രമോ, 48 ലിനന്റെയോ കമ്പിളിയുടെയോ ഇഴകളോ, തോലോ തോലുകൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലുമോ കുഷ്ഠരോഗത്താൽ മലിനമായിട്ട് 49 ആ വസ്ത്രത്തിലോ തോലിലോ ഇഴകളിലോ തോലുകൊണ്ടുള്ള വസ്തുവിലോ മഞ്ഞ കലർന്ന പച്ച നിറത്തിലുള്ളതോ ഇളഞ്ചുവപ്പു നിറത്തിലുള്ളതോ ആയ പാട് ഉണ്ടാകുന്നെങ്കിൽ അതു കുഷ്ഠരോഗംകൊണ്ടുള്ള മലിനതയാണ്. അതു പുരോഹിതനെ കാണിക്കണം. 50 പുരോഹിതൻ രോഗബാധ പരിശോധിക്കുകയും അതു ബാധിച്ച വസ്തു ഏഴു ദിവസം നിരീക്ഷണാർഥം മറ്റൊന്നുമായി സമ്പർക്കത്തിൽവരാതെ മാറ്റിവെക്കുകയും വേണം.+ 51 ഏഴാം ദിവസം പുരോഹിതൻ രോഗബാധ പരിശോധിക്കുമ്പോൾ അതു തോലിലോ (അതിന്റെ ഉപയോഗം എന്തുമാകട്ടെ.) വസ്ത്രത്തിലോ വസ്ത്രത്തിന്റെ ഇഴകളിലോ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ അതു കഠിനമായ കുഷ്ഠമാണ്. അത് അശുദ്ധം.+ 52 രോഗബാധ വസ്ത്രത്തിലോ കമ്പിളിയുടെയോ ലിനന്റെയോ ഇഴകളിലോ തോലുകൊണ്ടുള്ള വസ്തുവിലോ ആകട്ടെ അതു കത്തിച്ചുകളയണം. കാരണം അതു കഠിനമായ കുഷ്ഠമാണ്. അതു കത്തിച്ചുകളയണം.
53 “എന്നാൽ പുരോഹിതൻ അതു പരിശോധിക്കുമ്പോൾ രോഗബാധ വസ്ത്രത്തിലോ അതിന്റെ ഇഴകളിലോ തോലുകൊണ്ടുള്ള വസ്തുവിലോ വ്യാപിച്ചിട്ടില്ലെന്നാണു കാണുന്നതെങ്കിൽ, 54 മലിനമായ ആ വസ്തു കഴുകാൻ പുരോഹിതൻ അവരോടു കല്പിക്കും. എന്നിട്ട് അവൻ അതു മറ്റൊന്നുമായി സമ്പർക്കത്തിൽ വരാതെ നിരീക്ഷണാർഥം ഏഴു ദിവസംകൂടെ മാറ്റിവെക്കും. 55 പിന്നെ അതു നന്നായി കഴുകിയശേഷം പുരോഹിതൻ വീണ്ടും പരിശോധിക്കണം. ആ പാടിനു പ്രത്യക്ഷത്തിൽ വ്യത്യാസമൊന്നും വന്നിട്ടില്ലെങ്കിൽ, രോഗബാധ വ്യാപിച്ചിട്ടില്ലെങ്കിൽപ്പോലും, അത് അശുദ്ധമാണ്. അതു കത്തിച്ചുകളയണം. കാരണം, അതിന്റെ അകവശത്തുനിന്നോ പുറത്തുനിന്നോ അതു ദ്രവിച്ചല്ലോ.
56 “എന്നാൽ നന്നായി കഴുകിയപ്പോൾ, മലിനമായ ഭാഗം മങ്ങിയതായി പുരോഹിതൻ പരിശോധനയിൽ കാണുന്നെങ്കിൽ അവൻ ആ ഭാഗം വസ്ത്രത്തിൽനിന്നോ തുണിയുടെ ഇഴകളിൽനിന്നോ തോലിൽനിന്നോ നീക്കം ചെയ്യും. 57 എങ്കിലും അതു വസ്ത്രത്തിന്റെ മറ്റൊരു ഭാഗത്തോ തുണിയുടെ ഇഴകളിലോ തോലുകൊണ്ടുള്ള ആ വസ്തുവിലോ അപ്പോഴും കാണുന്നെങ്കിൽ അതു വ്യാപിക്കുന്നുണ്ട്. മലിനമായ ഏതൊരു വസ്തുവും തീയിലിട്ട് ചുട്ടുകളയണം.+ 58 എന്നാൽ കഴുകിയ വസ്ത്രത്തിൽനിന്നോ ഇഴകളിൽനിന്നോ തോലുകൊണ്ടുള്ള ആ വസ്തുവിൽനിന്നോ മലിനത അപ്രത്യക്ഷമാകുന്നെങ്കിൽ നീ അതു രണ്ടാമതും കഴുകണം. അപ്പോൾ അതു ശുദ്ധമാകും.
59 “കമ്പിളിത്തുണിയിലോ ലിനൻതുണിയിലോ തുണിയുടെ ഇഴകളിലോ തോലുകൊണ്ടുള്ള ഏതെങ്കിലും വസ്തുവിലോ ഉണ്ടാകുന്ന കുഷ്ഠരോഗത്തെ സംബന്ധിച്ചുള്ള നിയമമാണ് ഇത്. അവ ശുദ്ധമോ അശുദ്ധമോ എന്നു പ്രഖ്യാപിക്കാൻവേണ്ടിയുള്ളതാണ് ഈ നിയമം.”
14 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “കുഷ്ഠരോഗി ശുദ്ധനാണെന്നു സ്ഥിരീകരിക്കാൻ അവനെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരേണ്ട+ ദിവസം അവനെ സംബന്ധിച്ചുള്ള നിയമം ഇതായിരിക്കണം. 3 പുരോഹിതൻ പാളയത്തിനു വെളിയിൽ ചെന്ന് അവനെ പരിശോധിക്കും. കുഷ്ഠരോഗിയുടെ കുഷ്ഠം മാറിയെങ്കിൽ 4 അവന്റെ ശുദ്ധീകരണത്തിനുവേണ്ടി+ ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവ കൊണ്ടുവരാൻ പുരോഹിതൻ അവനോടു കല്പിക്കും. 5 ശുദ്ധമായ കുറച്ച് ഒഴുക്കുവെള്ളം ഒരു മൺപാത്രത്തിൽ എടുത്ത് പക്ഷികളിൽ ഒന്നിനെ അതിന്റെ മുകളിൽ പിടിച്ച് കൊല്ലാൻ പുരോഹിതൻ കല്പിക്കും. 6 എന്നാൽ അവൻ ജീവനുള്ള പക്ഷിയെ ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവയോടൊപ്പം എടുത്ത്, അവയെല്ലാംകൂടെ മൺപാത്രത്തിലെ വെള്ളത്തിനു മുകളിൽ പിടിച്ച് കൊന്ന പക്ഷിയുടെ രക്തത്തിൽ മുക്കണം. 7 തുടർന്ന് അവൻ അതു കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധി പ്രാപിക്കാൻ വന്നയാളുടെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കും. ജീവനുള്ള പക്ഷിയെ അവൻ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടും.+
8 “ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്നയാൾ വസ്ത്രം അലക്കി, രോമം മുഴുവൻ വടിച്ച് വെള്ളത്തിൽ കുളിക്കണം. അങ്ങനെ അവൻ ശുദ്ധനാകും. അതിനു ശേഷം അവനു പാളയത്തിൽ പ്രവേശിക്കാം. എന്നാൽ ഏഴു ദിവസം അവൻ തന്റെ കൂടാരത്തിനു വെളിയിൽ താമസിക്കണം. 9 ഏഴാം ദിവസം അവൻ തലമുടിയും താടിയും പുരികവും മുഴുവൻ വടിക്കണം. അവൻ രോമം മുഴുവൻ വടിച്ചശേഷം വസ്ത്രം അലക്കി, വെള്ളത്തിൽ കുളിക്കും. അങ്ങനെ അവൻ ശുദ്ധനാകും.
10 “എട്ടാം ദിവസം അവൻ ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു പെൺചെമ്മരിയാടിനെയും+ കൊണ്ടുവരണം. ഒപ്പം, ഒരു ലോഗ് * എണ്ണയും ധാന്യയാഗമായി+ എണ്ണ ചേർത്ത പത്തിൽ മൂന്ന് ഏഫാ* നേർത്ത ധാന്യപ്പൊടിയും വേണം.+ 11 അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കുന്ന പുരോഹിതൻ, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന ആ മനുഷ്യനെ യാഗവസ്തുക്കളോടൊപ്പം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരും. 12 പുരോഹിതൻ അതിലൊരു+ ആൺചെമ്മരിയാട്ടിൻകുട്ടിയെ എടുത്ത് ഒരു ലോഗ് എണ്ണയോടൊപ്പം അപരാധയാഗമായി അർപ്പിക്കാൻ കൊണ്ടുവരും. അവൻ അവ യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+ 13 പിന്നെ, ആ ആൺചെമ്മരിയാട്ടിൻകുട്ടിയെ, പാപയാഗമൃഗത്തെയും ദഹനയാഗമൃഗത്തെയും അറുക്കാറുള്ള വിശുദ്ധമായ സ്ഥലത്തുവെച്ചുതന്നെ അറുക്കും.+ കാരണം, പാപയാഗംപോലെതന്നെ അപരാധയാഗവും പുരോഹിതനുള്ളതാണ്.+ ഇത് ഏറ്റവും വിശുദ്ധമാണ്.+
14 “തുടർന്ന് പുരോഹിതൻ അപരാധയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത്, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടും. 15 പുരോഹിതൻ ആ ഒരു ലോഗ് എണ്ണയിൽ+ കുറച്ച് എടുത്ത് തന്റെ ഇടത്തെ ഉള്ളങ്കൈയിൽ ഒഴിക്കും. 16 എന്നിട്ട് ആ എണ്ണയിൽ വലങ്കൈയുടെ വിരൽ മുക്കി അതിൽ കുറച്ച് യഹോവയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും. 17 പിന്നെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണയിൽ കുറച്ച്, ശുദ്ധി പ്രാപിക്കാൻ വന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും അപരാധയാഗത്തിന്റെ രക്തം പുരട്ടിയതിനു മീതെ പുരട്ടും. 18 എന്നിട്ട് പുരോഹിതൻ, തന്റെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണ, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ തലയിൽ പുരട്ടി യഹോവയുടെ സന്നിധിയിൽവെച്ച് അവനു പാപപരിഹാരം വരുത്തും.+
19 “പുരോഹിതൻ പാപയാഗമൃഗത്തെ+ ബലി അർപ്പിച്ച്, അശുദ്ധിയിൽനിന്ന് ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന ആൾക്കു പാപപരിഹാരം വരുത്തും. അതിനു ശേഷം ദഹനയാഗമൃഗത്തെ അറുക്കും. 20 പുരോഹിതൻ ദഹനയാഗവും ധാന്യയാഗവും+ യാഗപീഠത്തിൽ അർപ്പിച്ച് അവനു പാപപരിഹാരം വരുത്തും.+ അങ്ങനെ അവൻ ശുദ്ധനാകും.+
21 “എന്നാൽ അവൻ ദരിദ്രനും വകയില്ലാത്തവനും ആണെങ്കിൽ പാപപരിഹാരം വരുത്തേണ്ടതിനു ദോളനയാഗമായി അർപ്പിക്കാൻ അപരാധയാഗമായി ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒപ്പം, ധാന്യയാഗമായി എണ്ണ ചേർത്ത പത്തിലൊന്ന് ഏഫാ* നേർത്ത ധാന്യപ്പൊടിയും ഒരു ലോഗ് എണ്ണയും കൊണ്ടുവരാവുന്നതാണ്. 22 കൂടാതെ അവനു വകയുള്ളതുപോലെ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗത്തിനും മറ്റേതിനെ ദഹനയാഗത്തിനും കൊണ്ടുവരാവുന്നതാണ്.+ 23 എട്ടാം ദിവസം,+ താൻ ശുദ്ധനാണെന്നു സ്ഥിരീകരിക്കാൻ അവൻ അവയെ പുരോഹിതന്റെ അടുത്ത് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരും.+
24 “പുരോഹിതൻ അപരാധയാഗത്തിനുള്ള ആൺചെമ്മരിയാട്ടിൻകുട്ടിയെയും+ ഒപ്പം ആ ഒരു ലോഗ് എണ്ണയും എടുത്ത് യഹോവയുടെ മുമ്പാകെ ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+ 25 പിന്നെ അപരാധയാഗത്തിന്റെ ആൺചെമ്മരിയാട്ടിൻകുട്ടിയെ അറുക്കും. എന്നിട്ട് അപരാധയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത്, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടും.+ 26 പുരോഹിതൻ എണ്ണയിൽ കുറച്ച് എടുത്ത് തന്റെ ഇടത്തെ ഉള്ളങ്കൈയിൽ ഒഴിക്കും.+ 27 എന്നിട്ട്, ആ എണ്ണയിൽ കുറച്ച് തന്റെ വലങ്കൈയുടെ വിരൽകൊണ്ട് യഹോവയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും. 28 പിന്നെ തന്റെ ഉള്ളങ്കൈയിലുള്ള എണ്ണയിൽ കുറച്ച്, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും താൻ അപരാധയാഗത്തിന്റെ രക്തം പുരട്ടിയ അതേ സ്ഥലങ്ങളിൽ പുരട്ടും. 29 എന്നിട്ട്, തന്റെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണ, ശുദ്ധനാകാൻ വന്നിരിക്കുന്ന മനുഷ്യന്റെ തലയിൽ പുരട്ടി യഹോവയുടെ സന്നിധിയിൽവെച്ച് അവനു പാപപരിഹാരം വരുത്തും.
30 “അവൻ തനിക്കു വകയുള്ളതുപോലെ, തന്റെ കഴിവനുസരിച്ച്, കൊണ്ടുവന്ന ചെങ്ങാലിപ്രാവുകളിലോ പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ+ 31 പാപയാഗമായും മറ്റേതിനെ ദഹനയാഗമായും+ ധാന്യയാഗത്തോടൊപ്പം അർപ്പിക്കും. ശുദ്ധനാകാൻ വന്ന മനുഷ്യനു പുരോഹിതൻ അങ്ങനെ യഹോവയുടെ സന്നിധിയിൽവെച്ച് പാപപരിഹാരം വരുത്തും.+
32 “തന്റെ ശുദ്ധീകരണത്തിന് ആവശ്യമായ വസ്തുക്കൾ കൊണ്ടുവരാൻ വകയില്ലാത്ത കുഷ്ഠരോഗിക്കുവേണ്ടിയുള്ള നിയമമാണ് ഇത്.”
33 പിന്നെ, യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 34 “ഞാൻ നിങ്ങൾക്ക് അവകാശമായി തരുന്ന കനാൻ ദേശത്ത്+ നിങ്ങൾ എത്തിയശേഷം നിങ്ങളുടെ ദേശത്തെ ഏതെങ്കിലും വീടു ഞാൻ കുഷ്ഠരോഗംകൊണ്ട് മലിനമാക്കുന്നെങ്കിൽ,+ 35 വീട്ടുടമസ്ഥൻ ചെന്ന് പുരോഹിതനോട്, ‘എന്തോ ഒരു മലിനത എന്റെ വീട്ടിൽ കാണുന്നു’ എന്നു പറയണം. 36 പുരോഹിതൻ മലിനത പരിശോധിക്കാൻ എത്തുമ്പോൾ വീട്ടിലുള്ളതെല്ലാം അശുദ്ധമെന്നു പ്രഖ്യാപിക്കുന്നത് ഒഴിവാക്കാൻ, താൻ വരുന്നതിനു മുമ്പുതന്നെ വീട്ടിലുള്ളതെല്ലാം എടുത്തുമാറ്റാൻ പുരോഹിതൻ കല്പന നൽകും. അതിനു ശേഷം പുരോഹിതൻ അകത്ത് ചെന്ന് വീടു പരിശോധിക്കും. 37 മലിനതയുള്ള ഭാഗം അവൻ പരിശോധിക്കും. വീടിന്റെ ചുവരിൽ മഞ്ഞ കലർന്ന പച്ച നിറത്തിലോ ഇളഞ്ചുവപ്പു നിറത്തിലോ ഉള്ള പാടുകൾ കാണുകയും അവ മറ്റു ഭാഗങ്ങളെക്കാൾ കുഴിഞ്ഞ് ഉള്ളിലേക്കുകൂടെ വ്യാപിച്ചതുപോലെ കാണപ്പെടുകയും ചെയ്യുന്നെങ്കിൽ, 38 പുരോഹിതൻ വീട്ടിൽനിന്ന് പുറത്ത് ഇറങ്ങി ഏഴു ദിവസത്തേക്കു വീട് അടച്ചിടും.+
39 “ഏഴാം ദിവസം പുരോഹിതൻ തിരികെ ചെന്ന് വീടു പരിശോധിക്കും. മലിനത വീടിന്റെ ചുവരിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ 40 അതു ബാധിച്ച കല്ലുകൾ ഇളക്കിയെടുത്ത് നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്ത് എറിഞ്ഞുകളയാൻ പുരോഹിതൻ കല്പന കൊടുക്കും. 41 തുടർന്ന് വീടിന്റെ ഉൾഭാഗം നന്നായി ചുരണ്ടാൻ അവൻ ഏർപ്പാടു ചെയ്യണം. അങ്ങനെ ചുരണ്ടിമാറ്റിയ ചാന്ത്, നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്ത് കളയണം. 42 നീക്കം ചെയ്ത കല്ലുകളുടെ സ്ഥാനത്ത് അവർ വേറെ കല്ലുകൾ വെക്കണം. എന്നിട്ട് പുതിയ ചാന്തുകൊണ്ട് വീടു തേപ്പിക്കണം.
43 “എന്നാൽ കല്ല് ഇളക്കിമാറ്റുകയും വീടു ചുരണ്ടി പുതിയ ചാന്തു തേക്കുകയും ചെയ്തിട്ടും മലിനത വീണ്ടും വീട്ടിൽ കണ്ടുതുടങ്ങിയാൽ 44 പുരോഹിതൻ അകത്ത് ചെന്ന് അതു പരിശോധിക്കും. മലിനത വീട്ടിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ അതു കഠിനമായ കുഷ്ഠമാണ്.+ ആ വീട് അശുദ്ധം. 45 തുടർന്ന് അവൻ, ആ വീട്—അതിന്റെ കല്ലും തടിയും ചാന്തും എല്ലാം—പൊളിച്ച് നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്തേക്കു+ കൊണ്ടുപോകാൻ ഏർപ്പാടാക്കും. 46 വീട് അടച്ചിട്ടിരിക്കുന്ന ദിവസങ്ങളിൽ+ ആരെങ്കിലും വീട്ടിൽ പ്രവേശിച്ചാൽ അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+ 47 ആരെങ്കിലും ആ വീട്ടിൽ കിടക്കുന്നെങ്കിൽ അവൻ തന്റെ വസ്ത്രം അലക്കണം. ആ വീട്ടിൽവെച്ച് ആഹാരം കഴിക്കുന്നവനും വസ്ത്രം അലക്കണം.
48 “എന്നാൽ, പുരോഹിതൻ വന്ന് നോക്കുമ്പോൾ, പുതിയ ചാന്തു തേച്ചശേഷം മലിനത വീട്ടിൽ വ്യാപിച്ചിട്ടില്ലെന്നാണു കാണുന്നതെങ്കിൽ അവൻ വീടു ശുദ്ധിയുള്ളതായി പ്രഖ്യാപിക്കും. കാരണം മലിനത നീങ്ങിയിരിക്കുന്നു. 49 അശുദ്ധി* നീക്കി വീടിനെ ശുദ്ധീകരിക്കാൻ അവൻ രണ്ടു പക്ഷി, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പു ചെടി എന്നിവ എടുക്കും.+ 50 പക്ഷികളിൽ ഒന്നിനെ അവൻ മൺപാത്രത്തിൽ എടുത്ത ശുദ്ധമായ ഒഴുക്കുവെള്ളത്തിനു മുകളിൽ പിടിച്ച് കൊല്ലണം. 51 തുടർന്ന് അവൻ ജീവനുള്ള പക്ഷിയെ ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പു ചെടി, കടുഞ്ചുവപ്പുനൂൽ എന്നിവയോടൊപ്പം ശുദ്ധമായ ഒഴുക്കുവെള്ളത്തിലും കൊന്ന പക്ഷിയുടെ രക്തത്തിലും മുക്കി വീടിനു നേരെ ഏഴു പ്രാവശ്യം തളിക്കണം.+ 52 അങ്ങനെ പക്ഷിയുടെ രക്തം, ശുദ്ധമായ ഒഴുക്കുവെള്ളം, ജീവനുള്ള പക്ഷി, ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പുചെടി, കടുഞ്ചുവപ്പുനൂൽ എന്നിവ ഉപയോഗിച്ച് അവൻ അശുദ്ധി നീക്കി വീടു ശുദ്ധീകരിക്കും. 53 എന്നിട്ട് അവൻ ജീവനുള്ള പക്ഷിയെ നഗരത്തിനു വെളിയിൽ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടുകയും വീടിനു പാപപരിഹാരം വരുത്തുകയും ചെയ്യും. അങ്ങനെ ആ വീടു ശുദ്ധിയുള്ളതാകും.
54 “ഏതുതരത്തിലുമുള്ള കുഷ്ഠം, ശിരോചർമത്തിലെയോ താടിയിലെയോ രോഗബാധ,+ 55 വസ്ത്രത്തിലോ+ വീട്ടിലോ ഉണ്ടാകുന്ന കുഷ്ഠം,+ 56 തടിപ്പ്, ചിരങ്ങ്, പുള്ളി+ എന്നിവ 57 എപ്പോൾ അശുദ്ധം എപ്പോൾ ശുദ്ധം എന്നു നിർണയിക്കാനുള്ള+ നിയമമാണ് ഇത്. ഇതാണു കുഷ്ഠത്തെ സംബന്ധിച്ചുള്ള നിയമം.”+
15 യഹോവ മോശയോടും അഹരോനോടും ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരോട് പറയുക: ‘ഒരാൾക്കു ജനനേന്ദ്രിയത്തിൽനിന്ന് സ്രാവം ഉണ്ടാകുന്നെങ്കിൽ ആ സ്രവം അയാളെ അശുദ്ധനാക്കുന്നു.+ 3 അയാൾ സ്രവം കാരണം അശുദ്ധനാണ്. സ്രവം ജനനേന്ദ്രിയത്തിൽനിന്ന് ഒഴുകിക്കൊണ്ടിരുന്നാലും അതിന്റെ ഒഴുക്കു തടസ്സപ്പെട്ടിരുന്നാലും അയാൾ അശുദ്ധനായിരിക്കും.
4 “‘സ്രാവമുള്ളയാൾ കിടക്കുന്ന കിടക്കയും അയാൾ ഇരിക്കുന്ന ഏതു സാധനവും അശുദ്ധമായിരിക്കും. 5 അയാളുടെ കിടക്കയിൽ തൊടുന്നയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം.+ 6 സ്രാവമുള്ളയാൾ ഇരുന്ന സാധനത്തിൽ ഇരിക്കുന്നയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം. 7 സ്രാവമുള്ളയാളുടെ ശരീരത്തിൽ തൊടുന്നവൻ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം. 8 സ്രാവമുള്ളയാളുടെ തുപ്പൽ ശുദ്ധിയുള്ള ഒരാളുടെ മേൽ വീഴുന്നെങ്കിൽ അയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം. 9 സ്രാവമുള്ളയാൾ മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുമ്പോൾ ഇരിക്കാൻ ഉപയോഗിക്കുന്ന എന്തും അശുദ്ധമായിരിക്കും. 10 അയാൾ ഇരുന്ന എന്തിലെങ്കിലും തൊടുന്നയാൾ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ആ വസ്തുക്കൾ എടുക്കുന്നയാളും വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കും. 11 സ്രാവമുള്ളയാൾ+ കൈ വെള്ളത്തിൽ കഴുകാതെ ആരെയെങ്കിലും തൊടുന്നെങ്കിൽ അയാളും വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം. 12 സ്രാവമുള്ളയാൾ തൊടുന്ന മൺപാത്രം ഉടച്ചുകളയണം. അയാൾ മരപ്പാത്രത്തിൽ തൊട്ടാൽ അതു വെള്ളത്തിൽ കഴുകണം.+
13 “‘ഇനി, സ്രാവം നിന്ന് അയാൾ ശുദ്ധനാകുന്നെങ്കിൽ ശുദ്ധീകരണത്തിനായി ഏഴു ദിവസം കാത്തിരുന്നശേഷം തന്റെ വസ്ത്രം അലക്കി ശുദ്ധമായ ഒഴുക്കുവെള്ളം ഉപയോഗിച്ച് കുളിക്കണം. അങ്ങനെ അയാൾ ശുദ്ധനാകും.+ 14 എട്ടാം ദിവസം അയാൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് പുരോഹിതനു കൊടുക്കണം. 15 പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും അർപ്പിക്കും. അയാളുടെ സ്രാവത്തെപ്രതി പുരോഹിതൻ യഹോവയുടെ മുമ്പാകെ അയാൾക്കു പാപപരിഹാരം വരുത്തും.
16 “‘ഇനി, ഒരാൾക്കു ബീജസ്ഖലനം ഉണ്ടാകുന്നെങ്കിൽ അയാൾ ശരീരം മുഴുവൻ വെള്ളത്തിൽ കഴുകി വൈകുന്നേരംവരെ അശുദ്ധനായിരിക്കണം.+ 17 ബീജം പറ്റിയിരിക്കുന്ന ഏതു വസ്ത്രവും തോലും വെള്ളത്തിൽ കഴുകണം. വൈകുന്നേരംവരെ അത് അശുദ്ധമായിരിക്കും.
18 “‘ഒരു പുരുഷൻ സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ ബീജസ്ഖലനം ഉണ്ടാകുന്നെങ്കിൽ, അവർ ഇരുവരും കുളിക്കണം; വൈകുന്നേരംവരെ അശുദ്ധരായിരിക്കുകയും വേണം.+
19 “‘ആർത്തവം കാരണം ഒരു സ്ത്രീക്കു രക്തസ്രാവം ഉണ്ടാകുന്നെങ്കിൽ അവൾ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.+ അവളെ തൊടുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും.+ 20 ആ സമയത്ത്, അവൾ കിടക്കാനോ ഇരിക്കാനോ ഉപയോഗിക്കുന്നത് എന്തും അശുദ്ധമാകും.+ 21 അവളുടെ കിടക്കയിൽ തൊടുന്നവരെല്ലാം വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധരായിരിക്കണം. 22 അവൾ ഇരുന്ന ഏതെങ്കിലും സാധനത്തിൽ തൊടുന്നവരെല്ലാം വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധരായിരിക്കണം. 23 കിടക്കയിലോ മറ്റ് ഏതെങ്കിലും സാധനത്തിലോ അവൾ ഇരുന്നാൽ അതിൽ തൊടുന്നവരും വൈകുന്നേരംവരെ അശുദ്ധരായിരിക്കും.+ 24 ഒരാൾ അവളുമായി ബന്ധപ്പെട്ട് അവളുടെ ആർത്തവാശുദ്ധി അയാളുടെ മേൽ ആകുന്നെങ്കിൽ+ അയാൾ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അയാൾ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും.
25 “‘ഒരു സ്ത്രീക്കു തന്റെ ആർത്തവസമയത്തല്ലാതെ+ കുറെ ദിവസത്തേക്കു രക്തസ്രാവം ഉണ്ടാകുകയോ+ തന്റെ ആർത്തവം പതിവിലും നീണ്ടുനിൽക്കുകയോ ചെയ്യുന്നെങ്കിൽ തന്റെ സ്രാവത്തിന്റെ ദിവസങ്ങളിലെല്ലാം ആർത്തവാശുദ്ധിയുടെ ദിവസങ്ങളിലെന്നപോലെതന്നെ അവൾ അശുദ്ധയായിരിക്കും. 26 സ്രാവത്തിന്റെ ദിവസങ്ങളിൽ അവൾ കിടക്കുന്ന കിടക്കയും ഇരിക്കുന്ന സാധനവും അവളുടെ ആർത്തവാശുദ്ധിയുടെ സമയത്തെന്നപോലെതന്നെ അശുദ്ധമാകും.+ 27 അവയിൽ തൊടുന്നയാൾ അശുദ്ധനാകും. അയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം.+
28 “‘എന്നാൽ അവൾ സ്രാവത്തിൽനിന്ന് ശുദ്ധയാകുമ്പോൾ ഏഴു ദിവസം എണ്ണും. അതു കഴിഞ്ഞാൽപ്പിന്നെ അവൾ ശുദ്ധയാണ്.+ 29 എട്ടാം ദിവസം അവൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ എടുത്ത് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.+ 30 പുരോഹിതൻ അവയിലൊന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും അർപ്പിക്കും. അവളുടെ അശുദ്ധസ്രാവത്തെപ്രതി പുരോഹിതൻ യഹോവയുടെ സന്നിധിയിൽവെച്ച് അവൾക്കു പാപപരിഹാരം വരുത്തും.+
31 “‘ഇസ്രായേല്യർ അവരുടെ ഇടയിലുള്ള എന്റെ വിശുദ്ധകൂടാരം അശുദ്ധമാക്കി അവരുടെ അശുദ്ധിയിൽ മരിച്ചുപോകാതിരിക്കാൻ നിങ്ങൾ അവരെ അവരുടെ അശുദ്ധിയിൽനിന്ന് ഇങ്ങനെ അകറ്റി നിറുത്തണം.+
32 “‘സ്രാവമുള്ള മനുഷ്യനും ബീജസ്ഖലനം നിമിത്തം അശുദ്ധനാകുന്ന മനുഷ്യനും+ 33 ആർത്തവാശുദ്ധിയിലായിരിക്കുന്ന+ സ്ത്രീക്കും സ്രാവമുള്ള ഏതൊരു ആണിനും പെണ്ണിനും+ അശുദ്ധയായ ഒരു സ്ത്രീയുമായി ബന്ധപ്പെടുന്ന പുരുഷനും ഉള്ള നിയമമാണ് ഇത്.’”
16 അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ അടുത്തേക്കു ചെന്നതു കാരണം മരിച്ച ആ സംഭവത്തെത്തുടർന്ന്+ യഹോവ മോശയോടു സംസാരിച്ചു. 2 മോശയോട് യഹോവ പറഞ്ഞു: “നിന്റെ സഹോദരനായ അഹരോനോട്, അവൻ മരിക്കാതിരിക്കാൻ,+ തിരശ്ശീലയ്ക്കകത്തുള്ള+ വിശുദ്ധസ്ഥലത്ത്,+ പെട്ടകത്തിന്റെ മുകളിലുള്ള മൂടിയുടെ മുന്നിൽ,+ തോന്നുന്ന സമയത്തെല്ലാം വരരുതെന്നു പറയുക. കാരണം ആ മൂടിയുടെ മുകളിലാണല്ലോ ഞാൻ മേഘത്തിൽ പ്രത്യക്ഷനാകുന്നത്.+
3 “അഹരോൻ അതിവിശുദ്ധസ്ഥലത്തേക്കു വരുമ്പോൾ പാപയാഗത്തിനുവേണ്ടി ഒരു കാളക്കുട്ടിയെയും+ ദഹനയാഗത്തിനുവേണ്ടി ഒരു ആൺചെമ്മരിയാടിനെയും കൊണ്ടുവരണം.+ 4 അവൻ അവിടെ പ്രവേശിക്കുമ്പോൾ ലിനൻകൊണ്ടുള്ള വിശുദ്ധമായ നീളൻ കുപ്പായം+ ധരിച്ചിരിക്കണം. ലിനൻകൊണ്ടുള്ള അടിവസ്ത്രം+ ഉപയോഗിച്ച് തന്റെ നഗ്നത* മറയ്ക്കണം. ലിനൻകൊണ്ടുള്ള നടുക്കെട്ടും+ തലപ്പാവും+ കെട്ടണം. അവ വിശുദ്ധവസ്ത്രങ്ങളാണ്.+ കുളിച്ചശേഷം+ വേണം അവ ധരിക്കാൻ.
5 “ഇസ്രായേല്യരുടെ സമൂഹത്തിൽനിന്ന്, പാപയാഗത്തിനുവേണ്ടി രണ്ട് ആൺകോലാട്ടിൻകുട്ടിയെയും ദഹനയാഗത്തിനുവേണ്ടി ഒരു ആൺചെമ്മരിയാടിനെയും അവൻ എടുക്കണം.+
6 “തുടർന്ന് അഹരോൻ അവനുവേണ്ടിയുള്ള പാപയാഗത്തിന്റെ+ കാളയെ കൊണ്ടുവന്ന് അവനും അവന്റെ ഭവനത്തിനും പാപപരിഹാരം വരുത്തണം.
7 “പിന്നെ അവൻ രണ്ടു കോലാടിനെയും കൊണ്ടുവന്ന് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിറുത്തും. 8 അഹരോൻ രണ്ടു കോലാടിനുംവേണ്ടി നറുക്കിടും. ഒന്ന് യഹോവയ്ക്കും മറ്റേത് അസസേലിനും.* 9 യഹോവയ്ക്കായി നറുക്കു+ വീണ കോലാടിനെ അഹരോൻ കൊണ്ടുവന്ന് പാപയാഗമായി അർപ്പിക്കും. 10 പക്ഷേ അസസേലിനായി നറുക്കു വീണ കോലാടിനെ യഹോവയുടെ സന്നിധിയിൽ ജീവനോടെ കൊണ്ടുവന്ന് നിറുത്തി അതിന്മേൽ പാപപരിഹാരകർമം നടത്തണം. അതിനെ അസസേലിനുവേണ്ടി വിജനഭൂമിയിലേക്ക് അയയ്ക്കും.+
11 “അഹരോൻ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ യാഗപീഠത്തിന് അടുത്തേക്കു കൊണ്ടുവന്ന് തനിക്കും ഭവനത്തിനും പാപപരിഹാരം വരുത്തും.+ അതിനു ശേഷം, ആ കാളയെ അവൻ അറുക്കും.
12 “പിന്നെ അവൻ രണ്ടു കൈ നിറയെ, നേർമയായി പൊടിച്ച സുഗന്ധദ്രവ്യവും യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിൽനിന്ന് സുഗന്ധക്കൂട്ട്+ അർപ്പിക്കാനുള്ള പാത്രം+ നിറയെ തീക്കനലും+ എടുത്ത് അവ തിരശ്ശീലയുടെ ഉള്ളിൽ+ കൊണ്ടുവരും. 13 അവൻ യഹോവയുടെ സന്നിധിയിൽവെച്ച്+ സുഗന്ധക്കൂട്ടു തീയിലിടുമ്പോൾ, സുഗന്ധക്കൂട്ടിന്റെ പുക ‘സാക്ഷ്യം’+ വെച്ചിരിക്കുന്ന പെട്ടകത്തിന്റെ മൂടിയെ+ ആവരണം ചെയ്യും. അവൻ മരിക്കാതിരിക്കാൻ ഇങ്ങനെ ചെയ്യണം.
14 “അവൻ കാളയുടെ രക്തത്തിൽ+ കുറച്ച് എടുത്ത് കൈവിരൽകൊണ്ട് മൂടിയുടെ മുൻവശത്ത്, അതായത് കിഴക്കുവശത്ത്, തളിക്കും. അവൻ വിരൽകൊണ്ട് രക്തത്തിൽ കുറച്ച് എടുത്ത് മൂടിയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും.+
15 “പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള+ പാപയാഗത്തിന്റെ കോലാടിനെ അറുത്ത് അതിന്റെ രക്തം തിരശ്ശീലയ്ക്കുള്ളിൽ+ കൊണ്ടുവന്ന് കാളയുടെ രക്തംകൊണ്ട്+ ചെയ്തതുപോലെതന്നെ ചെയ്യും. അവൻ ആ രക്തം മൂടിയുടെ നേർക്ക്, അതിന്റെ മുന്നിൽ തളിക്കും.
16 “ഇസ്രായേല്യരുടെ അശുദ്ധമായ പ്രവൃത്തികളും ലംഘനങ്ങളും പാപങ്ങളും കാരണം അവൻ അതിവിശുദ്ധസ്ഥലത്തിനു പാപപരിഹാരം വരുത്തണം.+ അവരുടെ അശുദ്ധമായ പ്രവൃത്തികളുടെ മധ്യേ, അവരുടെ ഇടയിൽ സ്ഥിതിചെയ്യുന്ന സാന്നിധ്യകൂടാരത്തിനുവേണ്ടിയും ഇതുതന്നെ ചെയ്യണം.
17 “അതിവിശുദ്ധസ്ഥലത്തുവെച്ച് പാപപരിഹാരം വരുത്താൻ അവൻ അകത്ത് പ്രവേശിക്കുന്ന സമയംമുതൽ പുറത്ത് വരുന്നതുവരെ മറ്റാരും സാന്നിധ്യകൂടാരത്തിൽ ഉണ്ടാകരുത്. അവൻ അവനും അവന്റെ ഭവനത്തിനും ഇസ്രായേൽസഭയ്ക്കു മുഴുവനും പാപപരിഹാരം വരുത്തും.+
18 “പിന്നെ അവൻ വെളിയിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ+ അടുത്ത് വന്ന് അതിനു പാപപരിഹാരം വരുത്തും. അവൻ കാളയുടെയും കോലാടിന്റെയും രക്തത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിന്റെ ഓരോ കൊമ്പിലും പുരട്ടും. 19 കൂടാതെ അവൻ രക്തത്തിൽ കുറച്ച് കൈവിരൽകൊണ്ട് ഏഴു പ്രാവശ്യം അതിൽ തളിച്ച് ഇസ്രായേല്യരുടെ അശുദ്ധമായ പ്രവൃത്തികളിൽനിന്ന് അതിനു ശുദ്ധിവരുത്തി അതിനെ വിശുദ്ധീകരിക്കും.
20 “അവൻ അതിവിശുദ്ധസ്ഥലത്തിനും സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പാപപരിഹാരം വരുത്തിക്കഴിയുമ്പോൾ+ ജീവനുള്ള കോലാടിനെ കൊണ്ടുവരും.+ 21 അഹരോൻ ഇരുകൈകളും ജീവനുള്ള കോലാടിന്റെ തലയിൽ വെച്ച് ഇസ്രായേല്യരുടെ എല്ലാ തെറ്റുകളും ലംഘനങ്ങളും പാപങ്ങളും ഏറ്റുപറഞ്ഞ് അവ അതിന്റെ തലയിൽ ചുമത്തും.+ എന്നിട്ട് അതിനെ വിജനഭൂമിയിലേക്കു വിടാൻ നിയമിച്ചിരിക്കുന്ന* ആളുടെ കൈവശം കൊടുത്തയയ്ക്കും. 22 അങ്ങനെ കോലാട് അവരുടെ എല്ലാ തെറ്റുകളും ഒരു മരുപ്രദേശത്തേക്കു+ വഹിച്ചുകൊണ്ടുപോകും.+ ആ കോലാടിനെ അവൻ വിജനഭൂമിയിലേക്കു വിടും.+
23 “തുടർന്ന് അഹരോൻ സാന്നിധ്യകൂടാരത്തിനുള്ളിൽ പ്രവേശിച്ച്, അതിവിശുദ്ധസ്ഥലത്തിനുള്ളിലേക്കു പോയപ്പോൾ ധരിച്ച ലിനൻവസ്ത്രങ്ങൾ അവിടെ ഊരിയിടും. 24 അവൻ വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് കുളിച്ചശേഷം+ വസ്ത്രം+ ധരിച്ച് പുറത്ത് വരും. പിന്നെ തന്റെ ദഹനയാഗവും+ ജനത്തിന്റെ ദഹനയാഗവും+ അർപ്പിച്ച് തനിക്കും ജനത്തിനും പാപപരിഹാരം വരുത്തും.+ 25 പാപയാഗത്തിന്റെ കൊഴുപ്പ് അവൻ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.*
26 “അസസേലിനുള്ള കോലാടിനെയുംകൊണ്ട്+ പോയ വ്യക്തി വസ്ത്രം അലക്കി കുളിക്കണം. അതിനു ശേഷം അവനു പാളയത്തിൽ വരാം.
27 “പാപപരിഹാരം വരുത്താൻവേണ്ടി അതിവിശുദ്ധസ്ഥലത്തിനുള്ളിലേക്കു രക്തം കൊണ്ടുവരാൻ അറുത്ത പാപയാഗത്തിന്റെ കാളയെയും പാപയാഗത്തിന്റെ കോലാടിനെയും പാളയത്തിനു വെളിയിൽ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും അവിടെവെച്ച് കത്തിച്ചുകളയും.+ 28 അവ കത്തിക്കുന്നവൻ വസ്ത്രം അലക്കി കുളിക്കണം. അതിനു ശേഷം അവനു പാളയത്തിനുള്ളിൽ വരാം.
29 “ഇതു നിങ്ങൾക്കു ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും: ഏഴാം മാസം പത്താം ദിവസം നിങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കണം.* സ്വദേശിയോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, നിങ്ങൾ ആരും ഒരു ജോലിയും ചെയ്യുകയുമരുത്.+ 30 അന്നായിരിക്കും നിങ്ങളെ ശുദ്ധിയുള്ളവരായി പ്രഖ്യാപിക്കാൻ നിങ്ങൾക്കു പാപപരിഹാരം+ വരുത്തുന്നത്. യഹോവയുടെ മുന്നിൽ നിങ്ങൾ നിങ്ങളുടെ എല്ലാ പാപങ്ങളിൽനിന്നും ശുദ്ധരാകും.+ 31 അതു നിങ്ങൾക്കു സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്. നിങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കണം.+ ഇതു ദീർഘകാലത്തേക്കുള്ള ഒരു നിയമമാണ്.
32 “തന്റെ അപ്പന്റെ സ്ഥാനത്ത് പുരോഹിതനായി സേവിക്കാൻ+ അഭിഷേകം+ ചെയ്യപ്പെട്ട് അവരോധിതനാകുന്ന പുരോഹിതൻ+ പാപപരിഹാരം വരുത്തുകയും വിശുദ്ധവസ്ത്രങ്ങളായ+ ലിനൻവസ്ത്രങ്ങൾ+ ധരിക്കുകയും ചെയ്യും. 33 അവൻ അതിവിശുദ്ധസ്ഥലത്തിനും സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പാപപരിഹാരം വരുത്തും.+ പുരോഹിതന്മാർക്കും സഭയിലെ സർവജനത്തിനും അവൻ പാപപരിഹാരം വരുത്തും.+ 34 ഇസ്രായേല്യരുടെ എല്ലാ പാപങ്ങളും കാരണം വർഷത്തിലൊരിക്കൽ അവർക്കു പാപപരിഹാരം വരുത്താൻവേണ്ടി+ ഇതു നിങ്ങൾക്കു ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.”+
അങ്ങനെ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അഹരോൻ ചെയ്തു.
17 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും പറയുക: ‘യഹോവ കല്പിച്ചിരിക്കുന്നത് ഇതാണ്:
3 “‘“ഇസ്രായേൽഗൃഹത്തിൽപ്പെട്ട ആരെങ്കിലും ഒരു കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിന് അകത്തോ പുറത്തോ വെച്ച് അറുക്കുന്നെങ്കിൽ, 4 അതായത് അവൻ അതിനെ യഹോവയ്ക്ക് ഒരു യാഗമായി അർപ്പിക്കാൻ യഹോവയുടെ വിശുദ്ധകൂടാരത്തിനു മുന്നിൽ, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരുന്നില്ലെങ്കിൽ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം അവന്റെ മേൽ വരും. അവൻ രക്തം ചിന്തിയിരിക്കുന്നു. അവനെ ജനത്തിന് ഇടയിൽ വെച്ചേക്കാതെ കൊന്നുകളയണം. 5 വെളിമ്പ്രദേശത്തുവെച്ച് മൃഗങ്ങളെ അറുക്കുന്ന ഇസ്രായേല്യർ മേലാൽ അങ്ങനെ ചെയ്യാതെ അവയെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് യഹോവയുടെ മുമ്പാകെ കൊണ്ടുവരാൻവേണ്ടിയാണ് ഇത്. അവർ അവ സഹഭോജനബലികളായി യഹോവയ്ക്ക് അർപ്പിക്കണം.+ 6 പുരോഹിതൻ ആ രക്തം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിൽ തളിക്കുകയും, കൊഴുപ്പ് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി ദഹിപ്പിക്കുകയും* ചെയ്യണം.+ 7 കോലാട്ടുരൂപമുള്ള ഭൂതങ്ങളുമായി* വേശ്യാവൃത്തിയിൽ+ ഏർപ്പെടുന്ന അവർ ഇനി ഒരിക്കലും അവയ്ക്കു ബലി അർപ്പിക്കരുത്.+ ഇതു നിങ്ങൾക്കു തലമുറകളിലുടനീളം നിലനിൽക്കുന്ന ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.”’
8 “നീ അവരോട് ഇങ്ങനെ പറയണം: ‘ദഹനയാഗമോ ബലിയോ അർപ്പിക്കുന്ന ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഏതെങ്കിലും അന്യദേശക്കാരനോ 9 അത് യഹോവയ്ക്ക് അർപ്പിക്കാൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരുന്നാൽ അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കരുത്.+
10 “‘ഒരു ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഒരു അന്യദേശക്കാരനോ ഏതെങ്കിലും തരം രക്തം കഴിക്കുന്നെങ്കിൽ+ ഞാൻ അവന് എതിരെ തിരിയും. പിന്നെ അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല. 11 കാരണം ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്.+ ഈ രക്തമാണല്ലോ അതിലടങ്ങിയിട്ടുള്ള ജീവൻ മുഖാന്തരം പാപപരിഹാരം വരുത്തുന്നത്.+ അതുകൊണ്ട് പാപപരിഹാരം വരുത്താൻവേണ്ടി+ യാഗപീഠത്തിൽ ഉപയോഗിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു. 12 ഇക്കാരണത്താലാണു ഞാൻ ഇസ്രായേല്യരോട്, “നിങ്ങളോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന അന്യദേശക്കാരോ+ ആരും രക്തം കഴിക്കരുത്”+ എന്നു പറഞ്ഞിരിക്കുന്നത്.
13 “‘ഒരു ഇസ്രായേല്യനോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന അന്യദേശക്കാരനോ ഭക്ഷ്യയോഗ്യമായ ഒരു കാട്ടുമൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിക്കുന്നെങ്കിൽ അവൻ അതിന്റെ രക്തം നിലത്ത് ഒഴിച്ച് മണ്ണ് ഇട്ട് മൂടണം.+ 14 രക്തത്തിൽ ജീവൻ അടങ്ങിയിരിക്കുന്നതുകൊണ്ട് എല്ലാ തരം ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്. അതുകൊണ്ടാണ് ഞാൻ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞത്: “ഒരു ജീവിയുടെയും രക്തം നിങ്ങൾ കഴിക്കരുത്. കാരണം, എല്ലാ ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്. രക്തം കഴിക്കുന്ന ഒരുത്തനെയും ഞാൻ വെച്ചേക്കില്ല.”+ 15 താനേ ചത്ത മൃഗത്തെയോ വന്യമൃഗം കടിച്ചുകീറിയ മൃഗത്തെയോ തിന്നുന്നവൻ+ സ്വദേശിയായാലും അന്യദേശക്കാരനായാലും വസ്ത്രം അലക്കി, കുളിക്കണം. അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+ പിന്നെ അവൻ ശുദ്ധനാകും. 16 എന്നാൽ അവൻ വസ്ത്രം അലക്കുകയോ കുളിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവൻ സ്വന്തം തെറ്റിന് ഉത്തരം പറയേണ്ടിവരും.’”+
18 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+ 3 നിങ്ങൾ താമസിച്ചിരുന്ന ഈജിപ്ത് ദേശത്തെ ആളുകളെപ്പോലെ നിങ്ങൾ പെരുമാറരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻ ദേശത്തെ ആളുകൾ ചെയ്യുന്നതുപോലെയും നിങ്ങൾ ചെയ്യരുത്.+ നിങ്ങൾ അവരുടെ നിയമങ്ങളനുസരിച്ച് നടക്കരുത്. 4 നിങ്ങൾ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റണം. നിങ്ങൾ എന്റെ നിയമങ്ങൾ പാലിക്കുകയും അവയനുസരിച്ച് നടക്കുകയും വേണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. 5 നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കണം. അങ്ങനെ ചെയ്യുന്നവരെല്ലാം അവയാൽ ജീവിക്കും.+ ഞാൻ യഹോവയാണ്.
6 “‘നിങ്ങൾ ആരും അടുത്ത ബന്ധുക്കളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.*+ ഞാൻ യഹോവയാണ്. 7 നിന്റെ അപ്പനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. അമ്മയുമായും അരുത്. അവൾ നിന്റെ അമ്മയാണ്. നീ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.
8 “‘നിന്റെ അപ്പന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+ അങ്ങനെ ചെയ്താൽ നീ നിന്റെ അപ്പനു മാനക്കേട് ഉണ്ടാക്കുകയാണ്.*
9 “‘നിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. അവൾ നിന്റെ അപ്പന്റെ മകളായാലും അമ്മയുടെ മകളായാലും അവൾ ജനിച്ചതു നിന്റെ സ്വന്തം വീട്ടിലാണെങ്കിലും അല്ലെങ്കിലും അങ്ങനെ ചെയ്യരുത്.+
10 “‘നിന്റെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. കാരണം അതു നിന്റെതന്നെ നഗ്നതയാണല്ലോ.
11 “‘നിന്റെ അപ്പന്റെ ഭാര്യയിൽ അവനു ജനിച്ച മകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. കാരണം അവൾ നിന്റെ സഹോദരിയാണല്ലോ.
12 “‘നിന്റെ അപ്പന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. അവൾക്കു നിന്റെ അപ്പനുമായി രക്തബന്ധമുണ്ടല്ലോ.+
13 “‘നിന്റെ അമ്മയുടെ സഹോദരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. കാരണം അവൾക്കു നിന്റെ അമ്മയുമായി രക്തബന്ധമുണ്ട്.
14 “‘നിന്റെ പിതൃസഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുകൊണ്ട് പിതൃസഹോദരനു മാനക്കേട് ഉണ്ടാക്കരുത്. അവൾ നിന്റെ ബന്ധുവാണല്ലോ.+
15 “‘നിന്റെ മരുമകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+ അവൾ നിന്റെ മകന്റെ ഭാര്യയാണല്ലോ. അതുകൊണ്ട്, അവളുമായി ബന്ധപ്പെടരുത്.
16 “‘നിന്റെ സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+ കാരണം, അങ്ങനെ ചെയ്താൽ നീ നിന്റെ സഹോദരനു മാനക്കേട് ഉണ്ടാക്കുകയാണ്.
17 “‘ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നെങ്കിൽ അവളുടെ മകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+ അവളുടെ മകന്റെ മകളുമായോ അവളുടെ മകളുടെ മകളുമായോ ബന്ധപ്പെടരുത്. അവർ അവളുടെ അടുത്ത ബന്ധുക്കളാണല്ലോ. അതു മ്ലേച്ഛതയാണ്.*
18 “‘ഭാര്യ ജീവിച്ചിരിക്കുമ്പോൾ അവളുടെ സഹോദരിയെക്കൂടി ഭാര്യയായി സ്വീകരിച്ച്+ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.
19 “‘ഒരു സ്ത്രീ ആർത്തവാശുദ്ധിയിലായിരിക്കുമ്പോൾ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+
20 “‘നിന്റെ സഹമനുഷ്യന്റെ* ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് നിന്നെത്തന്നെ അശുദ്ധനാക്കരുത്.+
21 “‘നിന്റെ സന്തതികളിലാരെയും മോലേക്കിന്* അർപ്പിക്കാൻ* അനുവദിക്കരുത്.+ അങ്ങനെ ചെയ്ത് നിന്റെ ദൈവത്തിന്റെ പേര് അശുദ്ധമാക്കരുത്.+ ഞാൻ യഹോവയാണ്.
22 “‘സ്ത്രീയുടെകൂടെ കിടക്കുന്നതുപോലെ ഒരു പുരുഷന്റെകൂടെ കിടക്കരുത്.+ അതു ഹീനമായ പ്രവൃത്തിയാണ്.
23 “‘ഒരാൾ ഒരു മൃഗവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് അതിനാൽ അശുദ്ധനാകരുത്. ഒരു മൃഗവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് ഒരു സ്ത്രീ അതിന്റെ മുന്നിൽ നിന്നുകൊടുക്കരുത്.+ ഇതു പ്രകൃതിവിരുദ്ധമാണ്.
24 “‘ഇക്കാര്യങ്ങളൊന്നും ചെയ്ത് നിങ്ങൾ അശുദ്ധരായിത്തീരരുത്. കാരണം, നിങ്ങളുടെ മുന്നിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്താണ് അശുദ്ധരായിത്തീർന്നത്.+ 25 അങ്ങനെ ദേശം അശുദ്ധമായിരിക്കുന്നു. അതിന്റെ തെറ്റു കാരണം ഞാൻ അതിനെ ശിക്ഷിക്കും. ദേശം അതിലെ നിവാസികളെ ഛർദിച്ചുകളയുകയും ചെയ്യും.+ 26 എന്നാൽ നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിക്കുകയും എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കുകയും വേണം.+ ഹീനമായ ഈ കാര്യങ്ങളൊന്നും നിങ്ങൾ ആരും, സ്വദേശിയായാലും നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയായാലും, ചെയ്യുകയുമരുത്.+ 27 നിങ്ങൾക്കു മുമ്പ് ആ ദേശത്തുണ്ടായിരുന്നവർ ഇത്തരം ഹീനമായ കാര്യങ്ങൾ ചെയ്തതുകൊണ്ട്+ ദേശം ഇപ്പോൾ അശുദ്ധമായിരിക്കുന്നു. 28 എന്നാൽ നിങ്ങൾ ദേശം അശുദ്ധമാക്കരുത്. എങ്കിൽ, ദേശം അശുദ്ധമാക്കിയതിന്റെ പേരിൽ ആ ജനതകളെ അതു ഛർദിച്ചുകളയാൻപോകുന്നതുപോലെ നിങ്ങളെ അതിനു ഛർദിച്ചുകളയേണ്ടിവരില്ല. 29 ആരെങ്കിലും, ഹീനമായ ഈ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്താൽ, അങ്ങനെ ചെയ്യുന്നവനെ ജനത്തിന് ഇടയിൽ വെച്ചേക്കരുത്. 30 മുമ്പ് അവിടെയുണ്ടായിരുന്നവർ പിൻപറ്റിപ്പോന്ന ഹീനമായ ആചാരങ്ങൾ അനുഷ്ഠിച്ച് അശുദ്ധരാകരുത്.+ അങ്ങനെ നിങ്ങൾ എന്നോടുള്ള കടമ നിറവേറ്റണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
19 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യസമൂഹത്തോടു മുഴുവൻ പറയുക: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം.+
3 “‘നിങ്ങൾ എല്ലാവരും അപ്പനെയും അമ്മയെയും ബഹുമാനിക്കണം.*+ നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്ഠിക്കണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. 4 ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലേക്കു തിരിയരുത്.+ ലോഹംകൊണ്ടുള്ള ദൈവങ്ങളെ ഉണ്ടാക്കുകയുമരുത്.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
5 “‘നിങ്ങൾ യഹോവയ്ക്ക് ഒരു സഹഭോജനബലി+ അർപ്പിക്കുന്നെങ്കിൽ ദൈവാംഗീകാരം നേടുംവിധം വേണം അത് അർപ്പിക്കാൻ.+ 6 ബലി അർപ്പിക്കുന്ന ദിവസവും തൊട്ടടുത്ത ദിവസവും നിങ്ങൾക്ക് അതു കഴിക്കാം. പക്ഷേ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു കത്തിച്ചുകളയണം.+ 7 മൂന്നാം ദിവസം അതിൽനിന്ന് കഴിക്കുന്നെങ്കിൽ, അത് അറപ്പുളവാക്കുന്ന കാര്യമാണ്. അതു സ്വീകാര്യമാകില്ല. 8 അതു കഴിക്കുന്നവൻ അവന്റെ തെറ്റിന് ഉത്തരം പറയേണ്ടിവരും. കാരണം അവൻ യഹോവയുടെ വിശുദ്ധവസ്തു അശുദ്ധമാക്കിയിരിക്കുന്നു. അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കരുത്.
9 “‘നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്ത് കൊയ്തെടുക്കരുത്. കൊയ്തശേഷം കാലാ പെറുക്കുകയുമരുത്.*+ 10 കൂടാതെ വിളവെടുപ്പിനു ശേഷം നിന്റെ മുന്തിരിത്തോട്ടത്തിൽ ബാക്കിയുള്ളതോ വീണുകിടക്കുന്നതോ ശേഖരിക്കരുത്. അതു പാവപ്പെട്ടവനും+ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിക്കും വേണ്ടി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
11 “‘നിങ്ങൾ മോഷ്ടിക്കരുത്,+ വഞ്ചിക്കരുത്,+ പരസ്പരം കാപട്യത്തോടെ ഇടപെടരുത്. 12 നിങ്ങൾ എന്റെ നാമത്തിൽ കള്ളസത്യം+ ചെയ്ത് നിങ്ങളുടെ ദൈവത്തിന്റെ പേര് അശുദ്ധമാക്കരുത്. ഞാൻ യഹോവയാണ്. 13 നിന്റെ സഹമനുഷ്യനെ ചതിക്കരുത്.+ കവർച്ച ചെയ്യരുത്.*+ കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്.+
14 “‘ചെവി കേൾക്കാത്തവനെ ശപിക്കുകയോ കാഴ്ചയില്ലാത്തവന്റെ മുന്നിൽ തടസ്സം വെക്കുകയോ അരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ ഞാൻ യഹോവയാണ്.
15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം.
16 “‘ജനത്തിന്റെ ഇടയിൽ പരദൂഷണം പറഞ്ഞുനടക്കരുത്.+ സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താൻ നോക്കരുത്.*+ ഞാൻ യഹോവയാണ്.
17 “‘നിന്റെ സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്.+ സഹമനുഷ്യന്റെ പാപം നീയുംകൂടെ വഹിക്കേണ്ടിവരാതിരിക്കാൻ നീ ഏതു വിധേനയും അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം.+
18 “‘നിന്റെ ജനത്തിലെ ആരോടും പ്രതികാരം ചെയ്യുകയോ+ പക വെച്ചുകൊണ്ടിരിക്കുകയോ അരുത്. നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.+ ഞാൻ യഹോവയാണ്.
19 “‘നിങ്ങൾ എന്റെ നിയമങ്ങൾ പാലിക്കണം: നിന്റെ വളർത്തുമൃഗങ്ങളിൽ രണ്ടു തരത്തിൽപ്പെട്ടവയെ തമ്മിൽ ഇണചേർക്കരുത്. നീ വയലിൽ ഒരേ സമയം രണ്ടു തരം വിത്തു വിതയ്ക്കരുത്.+ രണ്ടു തരം നൂലുകൾ ഇടകലർത്തി ഉണ്ടാക്കിയ വസ്ത്രം ധരിക്കരുത്.+
20 “‘ഇനി മറ്റൊരുവനുവേണ്ടി നിശ്ചയിച്ചുവെച്ചിരിക്കുന്നവളും അതേസമയം, വീണ്ടെടുക്കപ്പെടുകയോ സ്വതന്ത്രയാക്കപ്പെടുകയോ ചെയ്യാത്തവളും ആയ ഒരു ദാസിയുടെകൂടെ ഒരു പുരുഷൻ കിടക്കുകയും അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നെങ്കിൽ തക്ക ശിക്ഷ നടപ്പാക്കണം. എന്നാൽ അവരെ കൊന്നുകളയരുത്. കാരണം അവൾ അപ്പോൾ സ്വതന്ത്രയല്ലായിരുന്നു. 21 അവൻ തന്റെ അപരാധയാഗമായി ഒരു ആൺചെമ്മരിയാടിനെ യഹോവയുടെ അടുത്ത്, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ, കൊണ്ടുവരണം.+ 22 അവൻ ചെയ്ത പാപത്തിനു പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അപരാധയാഗത്തിന്റെ ആൺചെമ്മരിയാടിനെക്കൊണ്ട് അവനു പാപപരിഹാരം വരുത്തും. അങ്ങനെ അവൻ ചെയ്ത പാപത്തിനു ക്ഷമ കിട്ടും.
23 “‘നിങ്ങൾ ദേശത്ത് എത്തിയശേഷം ആഹാരത്തിനായി ഏതെങ്കിലും ഫലവൃക്ഷം നട്ടാൽ അതിന്റെ ഫലം മലിനവും വിലക്കപ്പെട്ടതും ആയി* കണക്കാക്കണം. മൂന്നു വർഷത്തേക്ക് അതിന്റെ ഫലം വിലക്കപ്പെട്ടതായിരിക്കും.* അതു കഴിക്കരുത്. 24 എന്നാൽ, നാലാം വർഷം അതിന്റെ ഫലം മുഴുവനും വിശുദ്ധമായി കണക്കാക്കി ആഘോഷത്തോടെ യഹോവയ്ക്കു സമർപ്പിക്കണം.+ 25 അഞ്ചാം വർഷം നിനക്ക് അതിന്റെ ഫലം കഴിക്കാം. അങ്ങനെ അതിന്റെ ഫലം നിന്റെ വിളയോടു ചേരും. ഞാൻ നിന്റെ ദൈവമായ യഹോവയാണ്.
26 “‘രക്തം അടങ്ങിയിട്ടുള്ള ഒന്നും നിങ്ങൾ കഴിക്കരുത്.+
“‘ശകുനം നോക്കുകയോ മന്ത്രവാദം ചെയ്യുകയോ അരുത്.+
27 “‘തലയുടെ വശങ്ങളിലുള്ള മുടി* വടിക്കുകയോ* താടിയുടെ വിളുമ്പു വിരൂപമാക്കുകയോ അരുത്.+
28 “‘മരിച്ചവനുവേണ്ടി* നിങ്ങളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കരുത്.+ ദേഹത്ത് പച്ചകുത്തുകയുമരുത്. ഞാൻ യഹോവയാണ്.
29 “‘നിന്റെ മകളെ വേശ്യയാക്കി അപമാനിക്കരുത്.+ അങ്ങനെ ചെയ്താൽ ദേശം വേശ്യാവൃത്തിയിൽ ഏർപ്പെട്ട് അവിടം മുഴുവൻ അസാന്മാർഗികത നിറയും.+
30 “‘നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്ഠിക്കുകയും+ എന്റെ വിശുദ്ധമന്ദിരത്തോടു ഭയാദരവ്* കാണിക്കുകയും വേണം. ഞാൻ യഹോവയാണ്.
31 “‘ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ് അവർ നിമിത്തം അശുദ്ധരാകരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
32 “‘മുടി നരച്ചയാളുടെ+ മുന്നിൽ എഴുന്നേൽക്കുകയും പ്രായംചെന്നയാളോടു ബഹുമാനം കാണിക്കുകയും വേണം.+ നിന്റെ ദൈവത്തെ നീ ഭയപ്പെടണം.+ ഞാൻ യഹോവയാണ്.
33 “‘ഒരു അന്യദേശക്കാരൻ നിങ്ങളുടെ ദേശത്ത് വന്ന് നിങ്ങളുടെകൂടെ താമസിക്കുന്നെങ്കിൽ നിങ്ങൾ അവനെ ദ്രോഹിക്കരുത്.+ 34 നിങ്ങളുടെകൂടെ താമസിക്കുന്ന ആ അന്യദേശക്കാരനെ സ്വദേശിയെപ്പോലെ കണക്കാക്കണം.+ അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം. കാരണം നിങ്ങളും ഈജിപ്ത് ദേശത്ത് പരദേശികളായി താമസിച്ചിരുന്നല്ലോ.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
35 “‘നീളവും തൂക്കവും വ്യാപ്തവും അളക്കുമ്പോൾ നിങ്ങൾ കള്ളത്തരം കാണിക്കരുത്.+ 36 നിങ്ങൾ ഉപയോഗിക്കുന്ന ത്രാസ്സും തൂക്കക്കട്ടിയും ഏഫായും* ഹീനും* കൃത്യതയുള്ളതായിരിക്കണം.+ ഞാൻ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയാണ്. 37 അതുകൊണ്ട് നിങ്ങൾ എന്റെ നിയമങ്ങളെല്ലാം അനുസരിച്ച് എന്റെ എല്ലാ ന്യായത്തീർപ്പുകൾക്കും ചേർച്ചയിൽ ജീവിക്കണം.+ ഞാൻ യഹോവയാണ്.’”
20 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “നീ ഇസ്രായേല്യരോടു പറയുക: ‘ഇസ്രായേല്യരിലോ ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളിലോ ആരെങ്കിലും തന്റെ മകനെയോ മകളെയോ മോലേക്കിനു കൊടുത്താൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ ദേശത്തെ ജനം അവനെ കല്ലെറിഞ്ഞ് കൊല്ലണം. 3 ഞാൻ അവന് എതിരെ തിരിയും. അവന്റെ ജനത്തിന് ഇടയിൽ ഞാൻ അവനെ വെച്ചേക്കില്ല. കാരണം അവൻ തന്റെ മക്കളിൽ ചിലരെ മോലേക്കിനു കൊടുത്ത് എന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും+ എന്റെ വിശുദ്ധനാമത്തിനു കളങ്കമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു. 4 ഒരാൾ മകനെയോ മകളെയോ മോലേക്കിനു കൊടുത്തിട്ടും ദേശത്തെ ജനം മനഃപൂർവം അതു കണ്ടില്ലെന്നു നടിച്ച് അവനെ കൊല്ലാതെ വിട്ടാൽ+ 5 ഞാൻ അവനും അവന്റെ കുടുംബത്തിനും എതിരെ തിരിയും.+ ഞാൻ അവനെയും മോലേക്കുമായി വേശ്യാവൃത്തിയിൽ ഏർപ്പെടാൻ അവന്റെകൂടെ ചേരുന്ന ആരെയും അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.
6 “‘ഒരാൾ ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ് അവരുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടാൽ ഞാൻ അവന് എതിരെ തിരിയും. അവനെ ഞാൻ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.+
7 “‘ഒരു വിശുദ്ധജനമായി നിങ്ങൾ നിങ്ങളെത്തന്നെ വേർതിരിക്കണം.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. 8 നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിച്ച് അവയ്ക്കു ചേർച്ചയിൽ ജീവിക്കണം.+ യഹോവ എന്ന ഞാനാണു നിങ്ങളെ വിശുദ്ധജനമായി വേർതിരിക്കുന്നത്.+
9 “‘ആരെങ്കിലും അപ്പനെയോ അമ്മയെയോ ശപിച്ചാൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ അപ്പനെയോ അമ്മയെയോ ശപിച്ചതുകൊണ്ട് അവൻതന്നെയാണ് അവന്റെ രക്തത്തിന് ഉത്തരവാദി.
10 “‘ഇനി, മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന ഒരു മനുഷ്യന്റെ കാര്യത്തിൽ ചെയ്യേണ്ടത്: സഹമനുഷ്യന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. വ്യഭിചാരം ചെയ്ത ആ പുരുഷനെയും സ്ത്രീയെയും കൊന്നുകളയണം.+ 11 അപ്പന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ അപ്പനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു.+ അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ. 12 ഒരാൾ മകന്റെ ഭാര്യയുമായി ബന്ധപ്പെടുന്നെങ്കിൽ അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർ പ്രകൃതിവിരുദ്ധമായതു ചെയ്തിരിക്കുന്നു. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.+
13 “‘ഒരാൾ സ്ത്രീയുടെകൂടെ എന്നപോലെ പുരുഷന്റെകൂടെ കിടന്നാൽ രണ്ടു പേരും കാണിച്ചതു മഹാവൃത്തികേടാണ്.+ അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.
14 “‘ഒരാൾ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും തനിക്കുവേണ്ടി എടുത്താൽ അതു മ്ലേച്ഛതയാണ്.*+ മേലാൽ ഇത്തരം മ്ലേച്ഛകാര്യങ്ങൾ നിങ്ങളുടെ ഇടയിൽ ആരും ചെയ്യാതിരിക്കാൻ അവർ അവനെയും ആ സ്ത്രീകളെയും ചുട്ടുകൊല്ലണം.+
15 “‘ഒരാൾ ഒരു മൃഗവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നെങ്കിൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. ആ മൃഗത്തെയും കൊല്ലണം.+ 16 ഒരു മൃഗവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഒരു സ്ത്രീ അതിന്റെ അടുത്ത് ചെല്ലുന്നെങ്കിൽ+ നീ ആ സ്ത്രീയെയും മൃഗത്തെയും കൊല്ലണം. അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.
17 “‘സ്വന്തം അപ്പനോ അമ്മയ്ക്കോ ജനിച്ച സഹോദരിയുമായി ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട്, അവൻ അവളുടെ നഗ്നതയും അവൾ അവന്റെ നഗ്നതയും കാണുന്നെങ്കിൽ അതു നിന്ദ്യമായ ഒരു കാര്യമാണ്.+ അവരുടെ ജനത്തിന്റെ കൺമുന്നിൽവെച്ച് അവരെ കൊന്നുകളയണം. അവൻ തന്റെ സഹോദരിക്കു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു. അവൻ ആ തെറ്റിന് ഉത്തരം പറയണം.
18 “‘ഒരു സ്ത്രീയുടെ ആർത്തവസമയത്ത് ഒരാൾ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അവനും അവളും അവളുടെ രക്തസ്രവം തുറന്നുകാട്ടിയിരിക്കുന്നു.+ രണ്ടു പേരെയും ജനത്തിന് ഇടയിൽ വെച്ചേക്കരുത്.
19 “‘അമ്മയുടെ സഹോദരിയുമായോ അപ്പന്റെ സഹോദരിയുമായോ നീ ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. കാരണം അങ്ങനെ ചെയ്താൽ നീ രക്തബന്ധമുള്ള ഒരു വ്യക്തിക്കു മാനക്കേട് ഉണ്ടാക്കുകയാണ്.+ അവർ അവരുടെ തെറ്റിന് ഉത്തരം പറയണം. 20 പിതൃസഹോദരന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ തന്റെ പിതൃസഹോദരനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു.+ അവർ തങ്ങളുടെ പാപത്തിന് ഉത്തരം പറയണം. അവർ മക്കളില്ലാതെ മരിക്കണം. 21 ഒരാൾ തന്റെ സഹോദരന്റെ ഭാര്യയെ തനിക്കായിട്ട് എടുക്കുന്നെങ്കിൽ അതു വെറുക്കത്തക്ക കാര്യമാണ്.+ അവൻ തന്റെ സഹോദരനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു. അവർ മക്കളില്ലാത്തവരായിരിക്കും.
22 “‘നിങ്ങൾ എന്റെ നിയമങ്ങളെല്ലാം അനുസരിച്ച് എന്റെ എല്ലാ ന്യായത്തീർപ്പുകൾക്കും+ ചേർച്ചയിൽ ജീവിക്കണം.+ അങ്ങനെയായാൽ ഞാൻ നിങ്ങളെ കൊണ്ടുപോയി താമസിപ്പിക്കുന്ന ദേശം നിങ്ങളെ ഛർദിച്ചുകളയില്ല.+ 23 നിങ്ങളുടെ മുന്നിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകളുടെ നിയമങ്ങളനുസരിച്ച് നിങ്ങൾ നടക്കരുത്.+ അവർ ഇക്കാര്യങ്ങളെല്ലാം ചെയ്തതുകൊണ്ട് ഞാൻ അവരെ വെറുക്കുന്നു.+ 24 അതുകൊണ്ടാണ് ഞാൻ നിങ്ങളോട് ഇങ്ങനെ പറഞ്ഞത്: “നിങ്ങൾ അവരുടെ ദേശം കൈവശമാക്കും. പാലും തേനും ഒഴുകുന്ന ആ ദേശം+ ഞാൻ നിങ്ങൾക്ക് അവകാശമായി തരും. മറ്റുള്ള എല്ലാ ജനങ്ങളിൽനിന്നും നിങ്ങളെ വേർതിരിച്ചിരിക്കുന്നതു നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാനാണ്.”+ 25 ശുദ്ധിയുള്ള മൃഗങ്ങളെ ശുദ്ധിയില്ലാത്തവയിൽനിന്നും ശുദ്ധിയുള്ള പക്ഷികളെ ശുദ്ധിയില്ലാത്തവയിൽനിന്നും നിങ്ങൾ വേർതിരിച്ച് കാണണം.+ നിങ്ങൾ അശുദ്ധമായി കണക്കാക്കാൻ ഞാൻ വേർതിരിച്ചിരിക്കുന്ന മൃഗമോ പക്ഷിയോ നിലത്തുകൂടെ ഇഴയുന്ന* എന്തെങ്കിലുമോ കാരണം നിങ്ങൾ നിങ്ങളെത്തന്നെ അറയ്ക്കത്തക്ക അവസ്ഥയിലാക്കരുത്.+ 26 യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട്+ നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. നിങ്ങൾ എന്റേതായിത്തീരാൻവേണ്ടി മറ്റുള്ള എല്ലാ ജനങ്ങളിൽനിന്നും ഞാൻ നിങ്ങളെ വേർതിരിക്കുകയാണ്.+
27 “‘ആത്മാക്കളുടെ ഉപദേശം തേടുകയോ ഭാവി പറയുകയോ* ചെയ്യുന്ന ഏതൊരു പുരുഷനെയും സ്ത്രീയെയും കൊന്നുകളയണം.+ ഒരു കാരണവശാലും അവരെ ജീവനോടെ വെക്കരുത്. ജനം അവരെ കല്ലെറിഞ്ഞ് കൊല്ലണം. അവരുടെ രക്തത്തിന് അവർതന്നെയാണ് ഉത്തരവാദികൾ.’”
21 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക: ‘അവരിൽ ആരും തന്റെ ജനത്തിൽപ്പെട്ട മരിച്ച ഒരാൾ നിമിത്തം അശുദ്ധനാകരുത്.+ 2 എന്നാൽ അത് അവന്റെ അടുത്ത രക്തബന്ധത്തിൽപ്പെട്ട ഒരാളാണെങ്കിൽ അവന് അശുദ്ധനാകാം. അതായത് അവന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ എന്നിവരുടെ കാര്യത്തിലും, 3 അവന്റെ അടുത്തുള്ള സഹോദരി അവിവാഹിതയായ കന്യകയാണെങ്കിൽ അവളുടെ കാര്യത്തിലും അവന് അശുദ്ധനാകാം. 4 പക്ഷേ, തന്റെ ജനത്തിൽപ്പെട്ട ഒരാൾ വിവാഹം കഴിച്ച ഒരു സ്ത്രീക്കുവേണ്ടി അവൻ മലിനനാകുകയോ അശുദ്ധനാകുകയോ അരുത്. 5 അവർ തലമുടി വടിക്കുകയോ+ താടിയുടെ വിളുമ്പു വടിക്കുകയോ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയോ അരുത്.+ 6 അവർ ദൈവത്തിനു വിശുദ്ധരായിരിക്കണം.+ അവരുടെ ദൈവത്തിന്റെ പേര് അവർ അശുദ്ധമാക്കരുത്.+ അവർ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗങ്ങൾ, അതായത് അവരുടെ ദൈവത്തിന്റെ അപ്പം,* അർപ്പിക്കുന്നവരാണ്. അതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.+ 7 അവർ ഒരു വേശ്യയെയോ ചാരിത്രശുദ്ധി നഷ്ടപ്പെട്ടവളെയോ വിവാഹമോചിതയെയോ വിവാഹം കഴിക്കരുത്.+ കാരണം പുരോഹിതൻ ദൈവത്തിനു വിശുദ്ധനാണ്. 8 നിന്റെ ദൈവത്തിന്റെ അപ്പം അർപ്പിക്കുന്നത് അവനായതുകൊണ്ട് നീ അവനെ വിശുദ്ധനായി കരുതണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് അവൻ നിനക്കു വിശുദ്ധനായിരിക്കണം.+
9 “‘ഒരു പുരോഹിതന്റെ മകൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ട് അശുദ്ധയാകുന്നെങ്കിൽ അവൾ തന്റെ അപ്പനെയാണ് അശുദ്ധനാക്കുന്നത്. അവളെ തീയിലിട്ട് ചുട്ടുകളയണം.+
10 “‘തലയിൽ അഭിഷേകതൈലം ചൊരിയപ്പെട്ട്+ പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ അവരോധിതനായ,+ തന്റെ സഹോദരങ്ങളുടെ മഹാപുരോഹിതൻ മുടി കോതിയൊതുക്കാതിരിക്കുകയോ വസ്ത്രം കീറുകയോ അരുത്.+ 11 അവൻ ആരുടെയും ശവശരീരത്തിന് അടുത്ത്* ചെന്ന് അശുദ്ധനാകരുത്.+ അതു സ്വന്തം അപ്പന്റെയായാലും അമ്മയുടെയായാലും അവൻ അതിന് അടുത്ത് ചെല്ലരുത്. 12 അവൻ വിശുദ്ധമന്ദിരം വിട്ട് പുറത്ത് പോകാനോ തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കാനോ പാടില്ല.+ കാരണം അവന്റെ ദൈവത്തിന്റെ അഭിഷേകതൈലം എന്ന സമർപ്പണചിഹ്നം അവന്റെ മേലുണ്ടല്ലോ.+ ഞാൻ യഹോവയാണ്.
13 “‘അവൻ ഭാര്യയായി സ്വീകരിക്കുന്നതു കന്യകയായ ഒരു സ്ത്രീയെയായിരിക്കണം.+ 14 വിധവയെയോ വിവാഹമോചിതയായ സ്ത്രീയെയോ ചാരിത്രശുദ്ധി നഷ്ടപ്പെട്ടവളെയോ വേശ്യയെയോ അവൻ വിവാഹം കഴിക്കരുത്. പകരം സ്വന്തം ജനത്തിൽപ്പെട്ട ഒരു കന്യകയെ വേണം അവൻ ഭാര്യയായി സ്വീകരിക്കാൻ. 15 എങ്കിൽ അവന്റെ ജനത്തിന് ഇടയിൽ അവന്റെ സന്തതി അശുദ്ധനാകില്ല.+ കാരണം അവനെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണല്ലോ.’”
16 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 17 “അഹരോനോടു പറയുക: ‘നിന്റെ സന്തതികളിൽ വൈകല്യമുള്ള ആരും ഒരിക്കലും ദൈവത്തിന്റെ അപ്പം അർപ്പിക്കാൻ അടുത്ത് വരരുത്. 18 ആർക്കെങ്കിലും വൈകല്യമുണ്ടെങ്കിൽ അവൻ അടുത്ത് വരരുത്: അന്ധനും മുടന്തനും മുഖം വിരൂപമായവനും* ഒരു കൈക്കോ കാലിനോ നീളക്കൂടുതലുള്ളവനും 19 കൈക്കോ കാലിനോ ഒടിവുള്ളവനും 20 കൂനനും കുള്ളനും* കണ്ണിനു തകരാറുള്ളവനും ചിരങ്ങോ പുഴുക്കടിയോ ഉള്ളവനും വൃഷണങ്ങൾക്കു തകരാറുള്ളവനും അതിൽപ്പെടും.+ 21 പുരോഹിതനായ അഹരോന്റെ മക്കളിൽ വൈകല്യമുള്ള ഒരു പുരുഷനും യഹോവയ്ക്ക് അഗ്നിയിലുള്ള യാഗങ്ങൾ അർപ്പിക്കാൻ അടുത്ത് വരരുത്. അവനു വൈകല്യമുള്ളതുകൊണ്ട് ദൈവത്തിന്റെ അപ്പം അർപ്പിക്കാൻ അവൻ അടുത്ത് വരരുത്. 22 അതിവിശുദ്ധമായവയിൽനിന്നും+ വിശുദ്ധമായവയിൽനിന്നും അവന്റെ ദൈവത്തിന്റെ അപ്പം അവനു കഴിക്കാം.+ 23 എന്നാൽ അവൻ അകത്ത്, തിരശ്ശീലയുടെ അടുത്ത് ചെല്ലുകയോ+ യാഗപീഠത്തെ+ സമീപിക്കുകയോ അരുത്. കാരണം അവനു വൈകല്യമുണ്ട്. അവൻ എന്റെ വിശുദ്ധമന്ദിരം+ അശുദ്ധമാക്കരുത്. അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണല്ലോ.’”+
24 മോശ അങ്ങനെ അഹരോനോടും അവന്റെ പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും സംസാരിച്ചു.
22 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “അഹരോനും അവന്റെ പുത്രന്മാരും ഇസ്രായേല്യരുടെ വിശുദ്ധവസ്തുക്കൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും* വിശുദ്ധമായി അവർ എനിക്ക് അർപ്പിക്കുന്ന വസ്തുക്കളോടുള്ള+ ബന്ധത്തിൽ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുതെന്നും+ പറയണം. ഞാൻ യഹോവയാണ്. 3 അവരോടു പറയുക: ‘നിങ്ങളോ നിങ്ങളുടെ സന്തതിപരമ്പരകളിൽ ആരെങ്കിലുമോ അശുദ്ധനായിരിക്കുമ്പോൾ, ഇസ്രായേല്യർ വിശുദ്ധമായി യഹോവയ്ക്ക് അർപ്പിക്കുന്ന വസ്തുക്കളുടെ അടുത്ത് വന്നാൽ അവനെ എന്റെ മുന്നിൽനിന്ന് ഛേദിച്ചുകളയും.*+ ഞാൻ യഹോവയാണ്. 4 അഹരോന്റെ മക്കളിൽ കുഷ്ഠമോ+ സ്രാവമോ+ ഉള്ള ആരും താൻ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കൾ കഴിക്കരുത്.+ കൂടാതെ ആരുടെയെങ്കിലും ശവശരീരം നിമിത്തം അശുദ്ധനായവനെ+ തൊടുന്നവനോ ബീജസ്ഖലനം ഉണ്ടായവനോ+ 5 കൂട്ടമായി കാണപ്പെടുന്ന, ശുദ്ധിയില്ലാത്ത ഏതെങ്കിലും ചെറുജീവിയെ+ തൊടുന്നവനോ ഏതെങ്കിലും കാരണത്താൽ അശുദ്ധനായിത്തീർന്നതുകൊണ്ട് മറ്റൊരാളെ അശുദ്ധനാക്കാനാകുന്നയാളെ തൊടുന്നവനോ അവ കഴിക്കരുത്.+ 6 ഇവയിലേതിലെങ്കിലും തൊടുന്നയാൾ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ആ സമയംവരെ വിശുദ്ധവസ്തുക്കൾ ഒന്നും കഴിക്കുകയുമരുത്. എന്നാൽ അവൻ കുളിക്കണം.+ 7 സൂര്യാസ്തമയശേഷം അവൻ ശുദ്ധനാകും. പിന്നെ അവനു വിശുദ്ധവസ്തുക്കൾ കഴിക്കാം. കാരണം അത് അവന്റെ ഭക്ഷണമാണല്ലോ.+ 8 കൂടാതെ താനേ ചത്ത ഏതെങ്കിലും മൃഗത്തെയോ വന്യമൃഗങ്ങൾ കടിച്ചുകീറിയതിനെയോ കഴിച്ച് അവൻ അശുദ്ധനാകരുത്.+ ഞാൻ യഹോവയാണ്.
9 “‘അവർ എന്നോടുള്ള കടമ നിറവേറ്റണം. അല്ലാത്തപക്ഷം അവർ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കി അവരുടെ മേൽ പാപം വരുത്തിവെക്കും. അങ്ങനെ അവർ മരിക്കും. അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണല്ലോ.
10 “‘അർഹതയില്ലാത്ത ആരും* വിശുദ്ധമായതു കഴിക്കരുത്.+ പുരോഹിതന്റെ വിദേശിയായ അതിഥിയോ കൂലിക്കാരനോ വിശുദ്ധമായത് ഒന്നും കഴിക്കരുത്. 11 പക്ഷേ പുരോഹിതൻ കൈയിലുള്ള പണം കൊടുത്ത് ആരെയെങ്കിലും വാങ്ങുന്നെങ്കിൽ ആ വ്യക്തിക്ക് അതിൽനിന്ന് കഴിക്കാം. കൂടാതെ അവന്റെ ഭവനത്തിൽ ജനിച്ച അടിമകൾക്കും അവന്റെ ഭക്ഷണത്തിൽ പങ്കുപറ്റാം.+ 12 പുരോഹിതന്റെ മകൾ പുരോഹിതനല്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നെങ്കിൽ അവൾ സംഭാവനയായ വിശുദ്ധവസ്തുക്കളിൽനിന്ന് കഴിക്കരുത്. 13 എന്നാൽ പുരോഹിതന്റെ മകൾ മക്കളില്ലാതെ വിധവയാകുകയോ വിവാഹമോചിതയാകുകയോ ചെയ്തിട്ട് അപ്പന്റെ വീട്ടിലേക്കു മടങ്ങിവന്ന് ചെറുപ്പകാലത്തെന്നപോലെ കഴിയുന്നെങ്കിൽ അവൾക്ക് അപ്പന്റെ ഭക്ഷണത്തിൽനിന്ന് കഴിക്കാം.+ പക്ഷേ അർഹതയില്ലാത്ത ആരും അതു കഴിക്കരുത്.
14 “‘ഇനി, ഒരാൾ അബദ്ധത്തിൽ ഒരു വിശുദ്ധവസ്തു കഴിച്ചാൽ അതിന്റെ മൂല്യത്തിന്റെ അഞ്ചിലൊന്നുംകൂടെ ചേർത്ത് അവൻ ആ വിശുദ്ധയാഗം പുരോഹിതനു കൊടുക്കണം.+ 15 ഇസ്രായേല്യർ യഹോവയ്ക്കു സംഭാവനയായി കൊടുത്ത വിശുദ്ധവസ്തുക്കൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.+ 16 ഇസ്രായേല്യർ വിശുദ്ധവസ്തുക്കൾ കഴിച്ച് കുറ്റക്കാരായി തങ്ങളുടെ മേൽ ശിക്ഷ വരുത്തിവെക്കാൻ അവർ ഇടയാക്കരുത്. അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണല്ലോ.’”
17 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 18 “അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും ഇങ്ങനെ പറയുക: ‘ഒരു ഇസ്രായേല്യനോ ഇസ്രായേലിൽ വന്നുതാമസമാക്കിയ വിദേശിയോ തന്റെ നേർച്ചകൾ നിവർത്തിക്കാൻ, അല്ലെങ്കിൽ സ്വമനസ്സാലെയുള്ള ഒരു കാഴ്ചയായി+ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ+ 19 അംഗീകാരം കിട്ടണമെങ്കിൽ, അതു കന്നുകാലിക്കൂട്ടത്തിൽനിന്നോ ആൺചെമ്മരിയാട്ടിൻകുട്ടികളിൽനിന്നോ കോലാടുകളിൽനിന്നോ എടുത്ത ന്യൂനതയില്ലാത്ത ഒരു ആണായിരിക്കണം.+ 20 വൈകല്യമുള്ള ഒന്നിനെയും നിങ്ങൾ അർപ്പിക്കരുത്.+ കാരണം അതു നിങ്ങൾക്ക് അംഗീകാരം നേടിത്തരില്ല.
21 “‘നേർച്ച നിവർത്തിക്കാൻവേണ്ടിയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയായോ ഒരാൾ യഹോവയ്ക്ക് ഒരു സഹഭോജനബലി+ അർപ്പിക്കുന്നെങ്കിൽ അംഗീകാരം നേടാൻ, കന്നുകാലിക്കൂട്ടത്തിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ന്യൂനതയില്ലാത്ത ഒരു മൃഗത്തെ വേണം അർപ്പിക്കാൻ. അതിനു വൈകല്യമൊന്നും ഉണ്ടായിരിക്കരുത്. 22 പൊട്ടക്കണ്ണോ ഒടിവോ മുറിവോ മുഴയോ ചിരങ്ങോ പുഴുക്കടിയോ ഉള്ള ഒന്നിനെയും യാഗമായി അർപ്പിക്കരുത്. നിങ്ങൾ ഇവയിൽ ഏതിനെയെങ്കിലും യഹോവയ്ക്കുവേണ്ടി കൊണ്ടുവരുകയോ അത്തരത്തിലുള്ള ഒന്നിനെ യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിക്കുകയോ അരുത്. 23 ഒരു കൈക്കോ കാലിനോ നീളക്കൂടുതലോ നീളക്കുറവോ ഉള്ള ഒരു കാളയെയോ ആടിനെയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയായി നിനക്കു കൊണ്ടുവരാം. പക്ഷേ നേർച്ചയാഗമായി അതിനെ അർപ്പിച്ചാൽ അതു സ്വീകാര്യമായിരിക്കില്ല. 24 എന്നാൽ വൃഷണം ഉടഞ്ഞതിനെയോ എടുത്തുകളഞ്ഞതിനെയോ മുറിച്ചുകളഞ്ഞതിനെയോ വൃഷണത്തിനു തകരാറുള്ളതിനെയോ നീ യഹോവയ്ക്കുവേണ്ടി കൊണ്ടുവരരുത്. നിങ്ങളുടെ ദേശത്തെങ്ങും അത്തരം മൃഗങ്ങളെ അർപ്പിക്കരുത്. 25 ഇവയിലേതിനെയെങ്കിലും ഒരു വിദേശിയുടെ കൈയിൽനിന്ന് വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ അപ്പമായി അർപ്പിക്കുകയുമരുത്. കാരണം അവ ഊനവും വൈകല്യവും ഉള്ളതാണ്. അവ സ്വീകാര്യമായിരിക്കില്ല.’”
26 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 27 “ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസത്തേക്ക് അതു തള്ളയുടെകൂടെയായിരിക്കണം.+ എന്നാൽ, എട്ടാം ദിവസംമുതൽ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി അതു സ്വീകാര്യമായിരിക്കും. 28 കന്നുകാലിയായാലും ആടായാലും, ഒരേ ദിവസം തള്ളയെയും കുഞ്ഞിനെയും അറുക്കരുത്.+
29 “നിങ്ങൾ യഹോവയ്ക്ക് ഒരു നന്ദിപ്രകാശനബലി അർപ്പിക്കുന്നെങ്കിൽ+ അംഗീകാരം കിട്ടുന്ന വിധത്തിൽ വേണം അത് അർപ്പിക്കാൻ. 30 അന്നുതന്നെ അതു കഴിക്കണം. അതിൽ ഒട്ടും നിങ്ങൾ രാവിലെവരെ ബാക്കി വെക്കരുത്.+ ഞാൻ യഹോവയാണ്.
31 “നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ച് അവയ്ക്കു ചേർച്ചയിൽ ജീവിക്കണം.+ ഞാൻ യഹോവയാണ്. 32 നിങ്ങൾ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുത്.+ പകരം ഇസ്രായേല്യരുടെ ഇടയിൽ നിങ്ങൾ എന്നെ വിശുദ്ധീകരിക്കണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണ്.+ 33 നിങ്ങൾക്കു ദൈവമായിരിക്കാൻവേണ്ടി ഞാനാണ് ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവരുന്നത്.+ ഞാൻ യഹോവയാണ്.”
23 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘നിങ്ങൾ വിളംബരം+ ചെയ്യേണ്ട, യഹോവയുടെ ഉത്സവങ്ങൾ വിശുദ്ധസമ്മേളനങ്ങളാണ്.+ എന്റെ ഉത്സവങ്ങൾ ഇവയാണ്:
3 “‘ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്.+ വിശുദ്ധസമ്മേളനത്തിനുള്ള ദിവസമാണ് അത്. ഒരുതരത്തിലുള്ള ജോലിയും അന്നു ചെയ്യരുത്. നിങ്ങൾ എവിടെ താമസിച്ചാലും അത് യഹോവയ്ക്കുള്ള ശബത്തായിരിക്കണം.+
4 “‘യഹോവയുടെ ഉത്സവങ്ങൾ അവയ്ക്കുവേണ്ടി നിശ്ചയിച്ച സമയത്ത് നിങ്ങൾ വിളംബരം ചെയ്യണം. ആ വിശുദ്ധസമ്മേളനങ്ങൾ ഇവയാണ്: 5 ഒന്നാം മാസം 14-ാം ദിവസം+ സന്ധ്യാസമയത്ത്* യഹോവയ്ക്കുള്ള പെസഹ+ ആചരിക്കണം.
6 “‘ആ മാസം 15-ാം ദിവസം യഹോവയ്ക്കുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമാണ്.+ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+ 7 ഒന്നാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനായി കൂടിവരണം;+ കഠിനജോലിയൊന്നും ചെയ്യരുത്. 8 പക്ഷേ ഏഴു ദിവസവും നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കണം. ഏഴാം ദിവസം ഒരു വിശുദ്ധസമ്മേളനമുണ്ടായിരിക്കും. അന്നു കഠിനജോലിയൊന്നും ചെയ്യരുത്.’”
9 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 10 “ഇസ്രായേല്യരോടു പറയുക: ‘ഒടുവിൽ നിങ്ങൾ, ഞാൻ തരുന്ന ദേശത്ത് എത്തി നിങ്ങളുടെ വിള കൊയ്യുമ്പോൾ വിളവിന്റെ ആദ്യഫലങ്ങളുടെ+ ഒരു കറ്റ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.+ 11 നിങ്ങൾക്കു ദൈവാംഗീകാരം ലഭിക്കാൻവേണ്ടി അവൻ ആ കറ്റ യഹോവയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടും. ശബത്തിന്റെ പിറ്റെന്നാളാണു പുരോഹിതൻ ഇതു ചെയ്യേണ്ടത്. 12 കറ്റ ദോളനം* ചെയ്യുന്ന ദിവസം ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ നിങ്ങൾ ദഹനയാഗമായി യഹോവയ്ക്ക് അർപ്പിക്കണം. 13 അതിന്റെകൂടെയുള്ള ധാന്യയാഗം ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്തതായിരിക്കും. അത് അഗ്നിയിലുള്ള യാഗമായി, പ്രസാദിപ്പിക്കുന്ന* സുഗന്ധമായി, യഹോവയ്ക്ക് അർപ്പിക്കണം. അതിന്റെകൂടെ പാനീയയാഗമായി കാൽ ഹീൻ* വീഞ്ഞും അർപ്പിക്കണം. 14 നിങ്ങൾ നിങ്ങളുടെ ദൈവത്തിനു യാഗം കൊണ്ടുവരുന്ന ഈ ദിവസംവരെ അപ്പമോ വറുത്ത ധാന്യമോ പുതിയ ധാന്യമോ ഒന്നും കഴിക്കരുത്. നിങ്ങൾ എവിടെ താമസിച്ചാലും ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
15 “‘ശബത്തിന്റെ പിറ്റെ ദിവസംമുതൽ, അതായത് ദോളനയാഗത്തിന്റെ* കറ്റ കൊണ്ടുവരുന്ന ദിവസംമുതൽ, നിങ്ങൾ ഏഴു ശബത്ത് എണ്ണണം.+ അവ ഏഴും പൂർണവാരങ്ങൾ ആയിരിക്കണം. 16 ഏഴാമത്തെ ശബത്തിന്റെ പിറ്റെ ദിവസംവരെ 50 ദിവസം+ എണ്ണിയിട്ട് നിങ്ങൾ യഹോവയ്ക്കു മറ്റൊരു ധാന്യയാഗം അർപ്പിക്കണം.+ 17 ദോളനയാഗമായി നിങ്ങൾ വീട്ടിൽനിന്ന് രണ്ട് അപ്പം കൊണ്ടുവരണം. അവ ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് നേർത്ത ധാന്യപ്പൊടികൊണ്ട് ഉണ്ടാക്കിയതായിരിക്കണം. നിങ്ങളുടെ വിളയിൽനിന്ന് യഹോവയ്ക്കുള്ള ആദ്യഫലമായി+ പുളിപ്പിച്ച് ചുട്ടെടുത്തതായിരിക്കണം+ അവ. 18 അപ്പങ്ങളോടൊപ്പം നിങ്ങൾ ഒരു വയസ്സുള്ള ന്യൂനതയില്ലാത്ത ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആൺചെമ്മരിയാടുകളെയും കാഴ്ചവെക്കണം.+ അവ യഹോവയ്ക്കുള്ള ദഹനയാഗമായി, അതതിന്റെ ധാന്യയാഗത്തോടും പാനീയയാഗങ്ങളോടും ഒപ്പം അഗ്നിയിലുള്ള ഒരു യാഗമായി, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അർപ്പിക്കാനുള്ളതാണ്. 19 കൂടാതെ, നിങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ പാപയാഗമായും+ ഒരു വയസ്സുള്ള രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടികളെ സഹഭോജനബലിയായും+ അർപ്പിക്കണം. 20 പുരോഹിതൻ ആ രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടികളെ ആദ്യഫലത്തിന്റെ രണ്ട് അപ്പത്തോടൊപ്പം യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടും. അവ യഹോവയ്ക്കു വിശുദ്ധമായിരിക്കും. അവ പുരോഹിതനുള്ളതാണ്.+ 21 അന്നുതന്നെ നിങ്ങൾ നിങ്ങൾക്കുവേണ്ടി ഒരു വിശുദ്ധസമ്മേളനം വിളംബരം ചെയ്യണം;+ കഠിനജോലിയൊന്നും ചെയ്യരുത്. നിങ്ങൾ താമസിക്കുന്നിടത്തെല്ലാം ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
22 “‘നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്ത് കൊയ്തെടുക്കരുത്. കൊയ്തശേഷം അവിടെ വീണുകിടക്കുന്നതു പെറുക്കുകയുമരുത്.+ അതു ദരിദ്രർക്കും+ വന്നുതാമസിക്കുന്ന വിദേശികൾക്കും ആയി വിട്ടേക്കണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
23 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 24 “ഇസ്രായേല്യരോടു പറയുക: ‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾക്കു സമ്പൂർണവിശ്രമമായിരിക്കണം. അതു കാഹളനാദംകൊണ്ട് വിളംബരം+ ചെയ്യുന്ന ഒരു അനുസ്മരണദിനം, ഒരു വിശുദ്ധസമ്മേളനദിനം, ആയിരിക്കും. 25 അന്നു നിങ്ങൾ കഠിനജോലിയൊന്നും ചെയ്യരുത്. പക്ഷേ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കണം.’”
26 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 27 “എന്നാൽ ഈ ഏഴാം മാസത്തിന്റെ പത്താം ദിവസം പാപപരിഹാരദിവസമാണ്.+ നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി കൂടിവരണം. നിങ്ങൾ നിങ്ങളെത്തന്നെ ക്ലേശിപ്പിക്കുകയും*+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം. 28 അന്നേ ദിവസം നിങ്ങൾ ഒരുതരത്തിലുള്ള ജോലിയും ചെയ്യരുത്. കാരണം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിങ്ങൾക്കു പാപപരിഹാരം വരുത്താനുള്ള+ പാപപരിഹാരദിവസമാണ് അത്. 29 ആ ദിവസം തങ്ങളെത്തന്നെ ക്ലേശിപ്പിക്കാത്തവരെയൊന്നും* ജനത്തിന് ഇടയിൽ വെച്ചേക്കില്ല.+ 30 അന്നേ ദിവസം ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല. 31 നിങ്ങൾ ഒരുതരത്തിലുള്ള ജോലിയും ചെയ്യരുത്. എവിടെ താമസിച്ചാലും ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും. 32 ഇതു നിങ്ങൾക്കു സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്. ആ മാസത്തിന്റെ ഒൻപതാം ദിവസം വൈകുന്നേരം നിങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കണം.+ വൈകുന്നേരംമുതൽ അടുത്ത വൈകുന്നേരംവരെ നിങ്ങൾ ശബത്ത് ആചരിക്കണം.”
33 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 34 “ഇസ്രായേല്യരോടു പറയുക: ‘ഈ ഏഴാം മാസം 15-ാം ദിവസംമുതൽ ഏഴു ദിവസത്തേക്ക് യഹോവയ്ക്കുള്ള കൂടാരോത്സവമായിരിക്കും.*+ 35 ഒന്നാം ദിവസം ഒരു വിശുദ്ധസമ്മേളനമുണ്ടായിരിക്കണം; കഠിനജോലിയൊന്നും ചെയ്യരുത്. 36 ഏഴു ദിവസവും നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കണം. എട്ടാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി+ കൂടിവരുകയും യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം. അതു പവിത്രമായ ഒരു സമ്മേളനമാണ്. അന്നു കഠിനജോലിയൊന്നും ചെയ്യരുത്.
37 “‘അതതു ദിവസത്തെ പട്ടികപ്രകാരമുള്ള ദഹനയാഗം,+ മൃഗബലിയോടൊപ്പമുള്ള ധാന്യയാഗം,+ പാനീയയാഗങ്ങൾ+ എന്നിങ്ങനെ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കാൻവേണ്ടി വിശുദ്ധസമ്മേളനങ്ങളായി+ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങളാണ് ഇവ.+ 38 ആ യാഗങ്ങളാകട്ടെ, നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ട യഹോവയുടെ ശബത്തുകളിലെ+ യാഗങ്ങൾക്കും നിങ്ങളുടെ സംഭാവനകൾക്കും+ നേർച്ചയാഗങ്ങൾക്കും+ സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾക്കും+ പുറമേയുള്ളവയാണ്. 39 എന്നാൽ ദേശത്തെ വിളവ് ശേഖരിച്ചുകഴിയുമ്പോൾ, ഏഴാം മാസം 15-ാം ദിവസംമുതൽ ഏഴു ദിവസത്തേക്കു നിങ്ങൾ യഹോവയ്ക്കുള്ള ഉത്സവം ആഘോഷിക്കണം.+ ഒന്നാം ദിവസവും എട്ടാം ദിവസവും സമ്പൂർണവിശ്രമത്തിന്റെ ദിവസങ്ങളായിരിക്കും.+ 40 ഒന്നാം ദിവസം നിങ്ങൾ മേത്തരം വൃക്ഷങ്ങളുടെ പഴങ്ങൾ, ഈന്തപ്പനയോലകൾ,+ ഇലകൾ നിറഞ്ഞ മരച്ചില്ലകൾ, താഴ്വരയിലെ* വെള്ളില മരങ്ങളുടെ ശാഖകൾ എന്നിവ എടുക്കണം. ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആഹ്ലാദിക്കണം.+ 41 നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി വർഷത്തിൽ ഏഴു ദിവസം ആഘോഷിക്കണം. നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായി നിങ്ങൾ ഏഴാം മാസം അത് ആഘോഷിക്കണം.+ 42 നിങ്ങൾ ഏഴു ദിവസത്തേക്കു കൂടാരങ്ങളിൽ താമസിക്കണം.+ എല്ലാ ഇസ്രായേല്യരും ഇങ്ങനെ ചെയ്യണം. 43 ഞാൻ ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിലാണു താമസിപ്പിച്ചതെന്നു+ നിങ്ങളുടെ വരുംതലമുറകൾ അറിയാൻവേണ്ടിയാണ് ഇത്.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
44 അങ്ങനെ യഹോവയുടെ ഉത്സവങ്ങളെക്കുറിച്ച് മോശ ഇസ്രായേല്യരോടു പറഞ്ഞു.
24 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻ അവയ്ക്കു വേണ്ട ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുത്ത് കൊണ്ടുവരാൻ ഇസ്രായേല്യരോടു കല്പിക്കുക.+ 3 സാന്നിധ്യകൂടാരത്തിലുള്ള ‘സാക്ഷ്യ’ത്തിന്റെ തിരശ്ശീലയ്ക്കു വെളിയിൽ, യഹോവയുടെ സന്നിധിയിൽ വൈകുന്നേരംമുതൽ രാവിലെവരെ ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻവേണ്ട ക്രമീകരണങ്ങൾ അഹരോൻ ചെയ്യണം. ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കുംവേണ്ടിയുള്ള സ്ഥിരമായ നിയമമാണ്. 4 യഹോവയുടെ സന്നിധിയിൽ തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കിൽ+ അവൻ നിത്യവും ദീപങ്ങൾ ഒരുക്കിവെക്കണം.
5 “നീ നേർത്ത ധാന്യപ്പൊടി എടുത്ത് വളയാകൃതിയിലുള്ള 12 അപ്പം ചുടണം. ഓരോ അപ്പവും ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് ധാന്യപ്പൊടികൊണ്ടുള്ളതായിരിക്കണം. 6 അവ യഹോവയുടെ മുമ്പാകെ തനിത്തങ്കംകൊണ്ടുള്ള മേശയിൽ+ ആറു വീതം രണ്ട് അടുക്കായി വെച്ച്+ 7 ഓരോ അടുക്കിന്റെയും മുകളിൽ ശുദ്ധമായ കുന്തിരിക്കം വെക്കണം. മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കാൻവേണ്ടിയുള്ള അപ്പമായിരിക്കും ഇത്.+ 8 ഓരോ ശബത്തുദിവസവും അവൻ പതിവായി യഹോവയുടെ മുമ്പാകെ അത് അടുക്കിവെക്കണം.+ ഇത് ഇസ്രായേല്യരുമായി ചെയ്തിരിക്കുന്ന ദീർഘകാലത്തേക്കുള്ള ഉടമ്പടിയാണ്. 9 അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ അവർ അത് ഒരു വിശുദ്ധസ്ഥലത്തുവെച്ച് കഴിക്കും.+ കാരണം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്ന് പുരോഹിതനു കിട്ടുന്ന ഏറ്റവും വിശുദ്ധമായ ഓഹരിയാണ് അത്. ഇതു ദീർഘകാലത്തേക്കുള്ള ഒരു ചട്ടമാണ്.”
10 ഇസ്രായേല്യരുടെ ഇടയിൽ, അമ്മ ഇസ്രായേൽക്കാരിയും അപ്പൻ ഈജിപ്തുകാരനും+ ആയ ഒരാളുണ്ടായിരുന്നു. അവനും ഒരു ഇസ്രായേല്യപുരുഷനും തമ്മിൽ പാളയത്തിൽവെച്ച് അടി ഉണ്ടായി. 11 അപ്പോൾ ഇസ്രായേൽക്കാരിയുടെ മകൻ ദൈവനാമത്തെ അധിക്ഷേപിക്കാനും ശപിക്കാനും തുടങ്ങി.+ അതുകൊണ്ട് അവർ അവനെ മോശയുടെ അടുത്ത് കൊണ്ടുവന്നു.+ അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകൾ ശെലോമീത്ത് ആയിരുന്നു. 12 യഹോവയുടെ തീരുമാനം എന്താണെന്നു വ്യക്തമായി അറിയുന്നതുവരെ അവർ അവനെ തടവിൽ വെച്ചു.+
13 തുടർന്ന് യഹോവ മോശയോടു പറഞ്ഞു: 14 “ശപിച്ചവനെ പാളയത്തിനു വെളിയിൽ കൊണ്ടുവരുക. അവൻ പറഞ്ഞതു കേട്ടവരെല്ലാം അവരുടെ കൈകൾ അവന്റെ തലയിൽ വെക്കണം. എന്നിട്ട് സമൂഹം ഒന്നടങ്കം അവനെ കല്ലെറിഞ്ഞ് കൊല്ലണം.+ 15 നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുകയും വേണം: ‘ആരെങ്കിലും ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപത്തിന് ഉത്തരം പറയേണ്ടിവരും. 16 യഹോവയുടെ നാമത്തെ അധിക്ഷേപിക്കുന്നവനെ ഒരു കാരണവശാലും കൊല്ലാതെ വിടരുത്.+ സമൂഹം ഒന്നടങ്കം അവനെ കല്ലെറിഞ്ഞ് കൊല്ലണം. ദൈവനാമത്തെ അധിക്ഷേപിക്കുന്നത് ആരായാലും, അത് ഒരു സ്വദേശിയായാലും ദേശത്ത് വന്നുതാമസമാക്കിയ ഒരു വിദേശിയായാലും, അവനെ കൊന്നുകളയണം.
17 “‘ആരെങ്കിലും ഒരു മനുഷ്യനെ കൊന്നാൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ 18 ആരെങ്കിലും മറ്റൊരാളുടെ വളർത്തുമൃഗത്തെ കൊന്നാൽ മൃഗത്തിനു പകരം മൃഗത്തെ നഷ്ടപരിഹാരമായി കൊടുക്കണം. 19 ആരെങ്കിലും തന്റെ സഹമനുഷ്യനു പരിക്ക് ഏൽപ്പിച്ചാൽ അവൻ ചെയ്തതുതന്നെ തിരിച്ച് അവനോടും ചെയ്യണം.+ 20 ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. അവൻ ഏതുതരത്തിലുള്ള പരിക്ക് ഏൽപ്പിച്ചോ അതേ തരത്തിലുള്ള പരിക്ക് അവനും ഏൽപ്പിക്കണം.+ 21 ആരെങ്കിലും ഒരു മൃഗത്തെ അടിച്ചിട്ട് അതു ചത്തുപോയാൽ അവൻ അതിനു നഷ്ടപരിഹാരം കൊടുക്കണം.+ എന്നാൽ ഒരു മനുഷ്യനെയാണു കൊല്ലുന്നതെങ്കിൽ അവനെ കൊന്നുകളയണം.+
22 “‘സ്വദേശിയായാലും ദേശത്ത് വന്നുതാമസമാക്കിയ വിദേശിയായാലും എല്ലാവർക്കുമുള്ള നിയമം ഒന്നുതന്നെ.+ കാരണം, ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
23 പിന്നെ മോശ ഇസ്രായേല്യരോടു സംസാരിച്ചു. തുടർന്ന് ശാപം ഉച്ചരിച്ചവനെ അവർ പാളയത്തിനു വെളിയിൽ കൊണ്ടുവന്ന് കല്ലെറിഞ്ഞ് കൊന്നു.+ അങ്ങനെ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ ചെയ്തു.
25 സീനായ് പർവതത്തിൽവെച്ച് യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘ഞാൻ തരുന്ന ദേശത്ത് നിങ്ങൾ എത്തിക്കഴിയുമ്പോൾ+ ദേശം യഹോവയ്ക്കു ശബത്ത് ആചരിക്കും.+ 3 ആറു വർഷം നിന്റെ വയലിൽ വിത്തു വിതയ്ക്കുകയും ആറു വർഷം നിന്റെ മുന്തിരി വെട്ടിയൊരുക്കുകയും ദേശത്ത് വിളയുന്നതു ശേഖരിക്കുകയും വേണം.+ 4 എന്നാൽ ഏഴാം വർഷം ദേശത്തിനു സമ്പൂർണവിശ്രമത്തിന്റെ ശബത്തായിരിക്കണം. ഇത് യഹോവയ്ക്കുള്ള ശബത്താണ്. നീ വയലിൽ വിത്തു വിതയ്ക്കുകയോ മുന്തിരി വെട്ടിയൊരുക്കുകയോ അരുത്. 5 വയലിൽ താനേ വളർന്നതിന്റെപോലും കൊയ്ത്തു നടത്താനോ വെട്ടിയൊരുക്കാത്ത മുന്തിരിയിൽനിന്ന് മുന്തിരിപ്പഴത്തിന്റെ വിളവെടുക്കാനോ പാടില്ല. ഒരു വർഷം ദേശത്തിനു സമ്പൂർണവിശ്രമമായിരിക്കണം. 6 പക്ഷേ ദേശത്തിന്റെ ശബത്തിൽ അവിടെ വിളയുന്നതു നിനക്കു കഴിക്കാം. നിനക്കും നിന്റെ അടിമകൾക്കും നിന്റെ കൂലിക്കാരനും നിന്നോടൊപ്പം വന്നുതാമസിക്കുന്ന വിദേശികളായ കുടിയേറ്റക്കാർക്കും അതു കഴിക്കാം. 7 നിന്റെ ദേശത്തെ വളർത്തുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കും അതു കഴിക്കാം. ദേശം ഉത്പാദിപ്പിക്കുന്നതെല്ലാം നിനക്കു കഴിക്കാം.
8 “‘നീ ഏഴു ശബത്തുവർഷം എണ്ണണം. അതായത് ഏഴു പ്രാവശ്യം ഏഴു വർഷം എണ്ണണം. ഏഴു ശബത്തുവർഷത്തിന്റെ ദൈർഘ്യം 49 വർഷമായിരിക്കും. 9 തുടർന്ന് പാപപരിഹാരദിവസമായ+ ഏഴാം മാസം പത്താം ദിവസം ഉച്ചത്തിൽ കൊമ്പു* വിളിക്കണം. ആ കൊമ്പുവിളി ദേശം മുഴുവൻ കേൾക്കണം. 10 നിങ്ങൾ 50-ാം വർഷത്തെ വിശുദ്ധീകരിച്ച് ദേശത്ത് എല്ലാവർക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യണം.+ അതു നിങ്ങൾക്ക് ഒരു ജൂബിലിയായിരിക്കും. നിങ്ങൾ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കും അവരവരുടെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.+ 11 നിങ്ങൾക്ക് 50-ാം വർഷം ഒരു ജൂബിലിയായിരിക്കും. നിങ്ങൾ വിത്തു വിതയ്ക്കുകയോ വീണുകിടന്ന ധാന്യമണികൾ താനേ വളർന്നുണ്ടായതിന്റെ കൊയ്ത്തു നടത്തുകയോ വെട്ടിയൊരുക്കാത്ത മുന്തിരിവള്ളിയിൽനിന്നുള്ള മുന്തിരിപ്പഴത്തിന്റെ വിളവെടുക്കുകയോ അരുത്.+ 12 കാരണം അതു ജൂബിലിയാണ്. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം. എന്നാൽ ദേശത്ത് താനേ വിളയുന്നതു നിങ്ങൾക്കു കഴിക്കാം.+
13 “‘ജൂബിലിവർഷത്തിൽ നിങ്ങൾ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കു മടങ്ങിപ്പോകണം.+ 14 നിങ്ങൾ എന്തെങ്കിലും വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ പരസ്പരം ചൂഷണം ചെയ്യരുത്.+ 15 നീ സഹമനുഷ്യനിൽനിന്ന് വാങ്ങുന്നതു ജൂബിലിക്കു ശേഷം കടന്നുപോയ വർഷങ്ങളുടെ എണ്ണം കണക്കിലെടുത്തായിരിക്കണം. വിളവെടുപ്പിനു ബാക്കിയുള്ള വർഷങ്ങൾ കണക്കിലെടുത്ത് വേണം അവൻ നിനക്കു വിൽക്കാൻ.+ 16 ധാരാളം വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അവന് അതിന്റെ വില കൂട്ടാം. എന്നാൽ കുറച്ച് വർഷങ്ങളേ ബാക്കിയുള്ളെങ്കിൽ അവൻ അതിന്റെ വില കുറയ്ക്കണം. കാരണം ശേഷിച്ചിരിക്കുന്ന വിളവെടുപ്പുകളാണല്ലോ അവൻ നിനക്കു വിൽക്കുന്നത്. 17 നിങ്ങൾ ആരും സഹമനുഷ്യനെ ചൂഷണം ചെയ്യരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+ 18 എന്റെ നിയമങ്ങൾ അനുസരിക്കുകയും എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നപക്ഷം നിങ്ങൾ ദേശത്ത് സുരക്ഷിതരായി താമസിക്കും.+ 19 ദേശം അതിന്റെ ഫലം തരും.+ നിങ്ങൾ തൃപ്തിയാകുന്നതുവരെ കഴിച്ച് അവിടെ സുരക്ഷിതരായി താമസിക്കും.+
20 “‘“വിത്തു വിതയ്ക്കാതെയും വിളവെടുക്കാതെയും ഇരുന്നാൽ ഏഴാം വർഷം എന്തു തിന്നും”+ എന്നു നിങ്ങൾ ചോദിച്ചേക്കാം. 21 ആറാം വർഷം ഞാൻ നിങ്ങളുടെ മേൽ എന്റെ അനുഗ്രഹം ചൊരിയും. അങ്ങനെ മൂന്നു വർഷത്തേക്ക് ആവശ്യമായത്ര വിളവ് ദേശത്ത് വിളയും.+ 22 പിന്നെ എട്ടാം വർഷം നിങ്ങൾ വിത്തു വിതയ്ക്കും. ഒൻപതാം വർഷംവരെ പഴയ വിളവിൽനിന്നായിരിക്കും കഴിക്കുന്നത്. പുതിയ വിളവ് കിട്ടുന്നതുവരെ പഴയതിൽനിന്നുതന്നെ നിങ്ങൾ തിന്നും.
23 “‘നിലം എന്നേക്കുമായി വിറ്റുകളയരുത്.+ കാരണം അത് എന്റേതാണ്.+ നിങ്ങൾ എന്റെ വീക്ഷണത്തിൽ, വന്നുതാമസിക്കുന്ന വിദേശികളും കുടിയേറ്റക്കാരും ആണല്ലോ.+ 24 നിങ്ങളുടെ അവകാശദേശത്ത് എല്ലായിടത്തും, നിലം തിരികെ വാങ്ങാനുള്ള അവകാശം നിങ്ങൾ അനുവദിച്ചുകൊടുക്കണം.
25 “‘ദരിദ്രനായിട്ട് നിന്റെ സഹോദരനു തന്റെ വസ്തുവിൽ കുറച്ച് വിൽക്കേണ്ടിവന്നാൽ അവന്റെ അടുത്ത ബന്ധത്തിലുള്ള ഒരു വീണ്ടെടുപ്പുകാരൻ വന്ന് തന്റെ സഹോദരൻ വിറ്റതു തിരികെ വാങ്ങണം.+ 26 എന്നാൽ വീണ്ടെടുപ്പുകാരനില്ലാത്ത ആർക്കെങ്കിലും പിന്നീടു സമൃദ്ധി ഉണ്ടായിട്ട് അതു വീണ്ടെടുക്കാനുള്ള വക ഉണ്ടായാൽ, 27 അവൻ അതു വിറ്റ സമയംമുതലുള്ള വർഷങ്ങളിലെ അതിന്റെ ആകെ മൂല്യം കണക്കുകൂട്ടണം. എന്നിട്ട് വ്യത്യാസം കണക്കാക്കി ബാക്കി പണം ആ വസ്തു വാങ്ങിയ വ്യക്തിക്കു മടക്കിക്കൊടുക്കണം. പിന്നെ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+
28 “‘എന്നാൽ അതു തിരികെ വാങ്ങാനുള്ള വക കണ്ടെത്താൻ അവനു സാധിക്കുന്നില്ലെങ്കിൽ വാങ്ങിയ ആളുടെ കൈവശംതന്നെ ജൂബിലിവർഷംവരെ അത് ഇരിക്കും.+ ജൂബിലിയിൽ അത് അവനു തിരികെ കിട്ടും. അപ്പോൾ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+
29 “‘ഇനി, ചുറ്റുമതിലുള്ള നഗരത്തിലെ ഒരു വീട് ഒരാൾ വിൽക്കുന്നെങ്കിൽ വിൽപ്പന നടന്നതുമുതൽ ഒരു വർഷം പൂർത്തിയാകുന്നതുവരെ അവന് അതു വീണ്ടെടുക്കാനുള്ള അവകാശമുണ്ട്. ഒരു വർഷം മുഴുവൻ അവന്റെ വീണ്ടെടുപ്പവകാശം+ പ്രാബല്യത്തിലുണ്ടായിരിക്കും. 30 എന്നാൽ ഒരു വർഷത്തിനുള്ളിൽ അതു തിരികെ വാങ്ങുന്നില്ലെങ്കിൽ ചുറ്റുമതിലുള്ള നഗരത്തിലെ ആ വീട്, അതു വാങ്ങിയ ആൾക്കു തലമുറകളിലുടനീളം സ്ഥിരമായ ഒരു അവകാശമാകും. ജൂബിലിയിൽ അതു വിട്ടുകൊടുക്കേണ്ടതില്ല. 31 എന്നാൽ ചുറ്റുമതിലില്ലാത്ത ഒരു പാർപ്പിടമേഖലയിലെ വീടുകൾ നാട്ടിൻപുറത്തെ നിലത്തിന്റെ ഭാഗമായി കണക്കാക്കണം. അവ വീണ്ടെടുക്കാനുള്ള അവകാശം എപ്പോഴുമുണ്ടായിരിക്കും. ജൂബിലിയിൽ അവ വിട്ടുകൊടുക്കുകയും വേണം.
32 “‘ലേവ്യരുടെ നഗരങ്ങളിലെ+ അവരുടെ വീടുകളുടെ കാര്യത്തിൽ, അവ വീണ്ടെടുക്കാൻ അവർക്ക് എന്നും അവകാശമുണ്ടായിരിക്കും. 33 അവർ ആ വീടുകൾ തിരികെ വാങ്ങുന്നില്ലെങ്കിൽ, അവരുടെ നഗരത്തിലുള്ള വിറ്റുപോയ വീടുകൾ ജൂബിലിയിൽ വിട്ട് കിട്ടും.+ കാരണം ആ വീടുകൾ ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ അവകാശമാണ്.+ 34 പക്ഷേ നഗരത്തിനു ചുറ്റുമുള്ള മേച്ചിൽപ്പുറമായ നിലം+ വിൽക്കരുത്. കാരണം അത് അവരുടെ സ്ഥിരമായ അവകാശമാണ്.
35 “‘നിന്റെ അയൽക്കാരനായ സഹോദരൻ ദരിദ്രനായി അവന് ഉപജീവനത്തിനു വകയില്ലാതാകുന്നെങ്കിൽ അവൻ നിങ്ങളുടെ ഇടയിൽ ജീവിച്ചിരിക്കാൻവേണ്ടി, ദേശത്ത് താമസമാക്കിയ ഒരു വിദേശിയുടെയും കുടിയേറ്റക്കാരന്റെയും+ കാര്യത്തിൽ ചെയ്യുന്നതുപോലെതന്നെ നീ അവനെയും പുലർത്തണം.+ 36 അവനിൽനിന്ന് പലിശ വാങ്ങുകയോ അവനെക്കൊണ്ട് ലാഭം ഉണ്ടാക്കുകയോ* അരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ അങ്ങനെ നിന്റെ സഹോദരൻ നിങ്ങളുടെ ഇടയിൽ ജീവനോടിരിക്കാൻ ഇടയാകും. 37 നീ അവനു പലിശയ്ക്കു പണം കൊടുക്കരുത്.+ ലാഭം വാങ്ങി ആഹാരം കൊടുക്കുകയുമരുത്. 38 നിങ്ങൾക്കു ദൈവമായിരിക്കാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച്+ കനാൻ ദേശം തരാൻ കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+
39 “‘നിന്റെ അയൽക്കാരനായ ഒരു സഹോദരൻ ദരിദ്രനായിട്ട് അവനെ നിനക്കു വിൽക്കേണ്ടിവന്നാൽ+ വെറുമൊരു അടിമയെപ്പോലെ അവനെക്കൊണ്ട് പണിയെടുപ്പിക്കരുത്.+ 40 പകരം ഒരു കൂലിക്കാരനോടോ+ ഒരു കുടിയേറ്റക്കാരനോടോ പെരുമാറുന്നതുപോലെ അവനോടു പെരുമാറണം. ജൂബിലിവർഷംവരെ അവൻ നിന്നെ സേവിക്കണം. 41 പിന്നെ അവൻ നിന്നെ വിട്ട് പോകും. അവനും കുട്ടികളും* അവന്റെ കുടുംബത്തിലേക്കു തിരികെപ്പോകും. അവൻ പൂർവികരുടെ അവകാശത്തിലേക്കു തിരികെപ്പോകണം.+ 42 കാരണം അവർ എന്റെ അടിമകളാണ്; ഈജിപ്ത് ദേശത്തുനിന്ന് ഞാൻ വിടുവിച്ച് കൊണ്ടുവന്നവർ.+ ഒരു അടിമയെ വിൽക്കുന്നതുപോലെ അവർ തങ്ങളെത്തന്നെ വിൽക്കരുത്. 43 നീ അവനോടു ക്രൂരമായി പെരുമാറരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ 44 എന്നാൽ ചുറ്റുമുള്ള ജനതകളിൽനിന്ന് നിങ്ങൾ ആണുങ്ങളെയും പെണ്ണുങ്ങളെയും അടിമകളായി സ്വന്തമാക്കിക്കൊള്ളൂ. അവരുടെ ഇടയിൽനിന്ന് അടിമകളെ നിങ്ങൾക്കു വിലയ്ക്കു വാങ്ങാം. 45 കൂടാതെ നിങ്ങളോടൊപ്പം വന്നുതാമസിക്കുന്ന വിദേശികളായ+ കുടിയേറ്റക്കാരിൽനിന്നും നിങ്ങളുടെ ദേശത്തുവെച്ച് അവർക്കു ജനിച്ച മക്കളിൽനിന്നും അടിമകളെ നിങ്ങൾക്കു വാങ്ങാം. അവർ നിങ്ങളുടെ സ്വത്താകും. 46 ഒരു പൈതൃകസ്വത്തായി നിങ്ങൾക്ക് അവരെ നിങ്ങളുടെ മക്കൾക്കു കൈമാറാം. അങ്ങനെ നിങ്ങളുടെ മക്കൾക്ക് അവരെ സ്ഥിരമായ ഒരു അവകാശമായി സ്വന്തമാക്കാം. നിങ്ങൾക്ക് അവരെ ജോലിക്കാരായി ഉപയോഗിക്കാം. എന്നാൽ നീ നിന്റെ ഇസ്രായേല്യസഹോദരന്മാരോടു ക്രൂരമായി പെരുമാറരുത്.+
47 “‘എന്നാൽ നിന്റെ ഇടയിൽ വന്നുതാമസിക്കുന്ന ഒരു വിദേശിയോ കുടിയേറ്റക്കാരനോ സമ്പന്നനാകുകയും അതേസമയം അവന്റെ അടുത്ത് താമസിക്കുന്ന നിന്റെ ഒരു സഹോദരൻ ദരിദ്രനായിട്ട് തന്നെത്തന്നെ ആ വിദേശിക്കോ കുടിയേറ്റക്കാരനോ വിദേശിയുടെ ഒരു കുടുംബാംഗത്തിനോ വിൽക്കേണ്ടിവരുകയും ചെയ്യുന്നെങ്കിൽ 48 അവൻ തന്നെത്തന്നെ വിറ്റശേഷവും അവന്റെ കാര്യത്തിൽ വീണ്ടെടുപ്പവകാശം പ്രാബല്യത്തിലുണ്ടായിരിക്കും. അവന്റെ സഹോദരന്മാരിൽ ഒരാൾക്ക് അവനെ തിരികെ വാങ്ങാം.+ 49 അല്ലെങ്കിൽ അവന്റെ പിതൃസഹോദരനോ പിതൃസഹോദരപുത്രനോ അവന്റെ കുടുംബത്തിൽപ്പെട്ട ഏതെങ്കിലും അടുത്ത ബന്ധുവിനോ* അവനെ തിരികെ വാങ്ങാം.
“‘ഇനി, അവൻ സമ്പന്നനാകുന്നെങ്കിൽ അവനു സ്വയമായും തന്നെ തിരികെ വാങ്ങാവുന്നതാണ്.+ 50 തന്നെ വിറ്റ വർഷംമുതൽ ജൂബിലിവർഷംവരെയുള്ള+ കാലയളവ് അവനും അവനെ വാങ്ങുന്നയാളും ചേർന്ന് കണക്കുകൂട്ടി നോക്കണം. അവന്റെ വിൽപ്പനവില ആ വർഷങ്ങളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം.+ ഒരു കൂലിക്കാരന്റെ വേതനനിരക്കിന് അനുസൃതമായിട്ടായിരിക്കും ആ കാലയളവിലെ അവന്റെ പ്രവൃത്തിദിനങ്ങളുടെ മൂല്യം നിർണയിക്കുന്നത്.+ 51 ധാരാളം വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ ബാക്കിയുള്ള വർഷങ്ങൾക്ക് ആനുപാതികമായി അവൻ അവന്റെ വീണ്ടെടുപ്പുവില കൊടുക്കണം. 52 പക്ഷേ ജൂബിലിവർഷമാകാൻ കുറച്ച് വർഷങ്ങളേ ബാക്കിയുള്ളൂ എങ്കിൽ അവശേഷിക്കുന്ന വർഷങ്ങൾക്ക് ആനുപാതികമായി അവന്റെ വീണ്ടെടുപ്പുവില കണക്കുകൂട്ടി ആ തുക കൊടുക്കണം. 53 അവൻ എല്ലാ വർഷവും ഒരു കൂലിക്കാരനായി അവനെ സേവിക്കണം. വാങ്ങിയയാൾ അവനോടു ക്രൂരമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കണം.+ 54 എന്നാൽ ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അവനു തന്നെത്തന്നെ തിരികെ വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ ജൂബിലിവർഷം അവൻ സ്വതന്ത്രനായി പോകും.+ അവനും അവനോടൊപ്പം മക്കളും പോകും.
55 “‘ഇസ്രായേല്യർ എന്റെ സ്വന്തം അടിമകളാണല്ലോ; ഈജിപ്ത് ദേശത്തുനിന്ന് ഞാൻ വിടുവിച്ച് കൊണ്ടുവന്ന എന്റെ അടിമകൾ.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
26 “‘നിങ്ങൾ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കരുത്.+ വിഗ്രഹമോ* പൂജാസ്തംഭമോ സ്ഥാപിക്കരുത്. നിങ്ങളുടെ ദേശത്ത്+ ഏതെങ്കിലും ശിലാരൂപം+ പ്രതിഷ്ഠിച്ച് അതിന്റെ മുന്നിൽ കുമ്പിടുകയുമരുത്.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. 2 നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്ഠിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയാദരവ്* കാണിക്കുകയും വേണം. ഞാൻ യഹോവയാണ്.
3 “‘നിങ്ങൾ തുടർന്നും എന്റെ നിയമങ്ങളനുസരിച്ച് നടക്കുകയും എന്റെ കല്പനകൾ പാലിക്കുകയും അവയ്ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്താൽ+ 4 തക്ക കാലത്ത് ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ് തരുകയും+ വൃക്ഷങ്ങൾ ഫലം നൽകുകയും ചെയ്യും. 5 നിങ്ങളുടെ മെതിയുടെ കാലം മുന്തിരിയുടെ വിളവെടുപ്പുവരെയും, മുന്തിരിയുടെ വിളവെടുപ്പു വിതയുടെ കാലംവരെയും നീളും. നിങ്ങൾ തൃപ്തിയാകുന്നതുവരെ അപ്പം തിന്ന് ദേശത്ത് സുരക്ഷിതരായി താമസിക്കും.+ 6 ഞാൻ ദേശത്ത് സമാധാനം തരും.+ ആരും നിങ്ങളെ ഭയപ്പെടുത്താതെ നിങ്ങൾ സ്വസ്ഥമായി കിടന്നുറങ്ങും.+ ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഞാൻ ദേശത്തുനിന്ന് നീക്കിക്കളയും. യുദ്ധത്തിന്റെ വാൾ നിങ്ങളുടെ ദേശത്തുകൂടെ കടന്നുപോകുകയുമില്ല. 7 നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ പിന്തുടർന്ന് പിടിക്കും. അവർ നിങ്ങളുടെ മുന്നിൽ വാളാൽ വീഴും. 8 നിങ്ങളിൽ അഞ്ചു പേർ 100 പേരെ പിന്തുടരും, നിങ്ങളിൽ 100 പേർ 10,000 പേരെയും. ശത്രുക്കൾ നിങ്ങളുടെ മുന്നിൽ വാളാൽ വീഴും.+
9 “‘ഞാൻ നിങ്ങളെ കടാക്ഷിച്ച് നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി വർധിച്ചുപെരുകാൻ ഇടയാക്കും.+ നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും.+ 10 നിങ്ങൾക്കു കഴിക്കാൻ തലേവർഷത്തെ വിളവ് ധാരാളമുണ്ടായിരിക്കും. ഒടുവിൽ പുതിയ വിളവ് സംഭരിച്ചുവെക്കാൻവേണ്ടി നിങ്ങൾക്കു പഴയതു നീക്കേണ്ടിവരും. 11 ഞാൻ എന്റെ വിശുദ്ധകൂടാരം നിങ്ങളുടെ ഇടയിൽ സ്ഥാപിക്കും.+ ഞാൻ നിങ്ങളെ തള്ളിക്കളയുകയുമില്ല. 12 ഞാൻ നിങ്ങളുടെ ഇടയിലൂടെ നടക്കും.+ ഞാൻ നിങ്ങളുടെ ദൈവമായിരിക്കും, നിങ്ങളോ എന്റെ ജനവും.+ 13 നിങ്ങൾ മേലാൽ ഈജിപ്തുകാരുടെ അടിമകളായി കഴിയാതിരിക്കാൻവേണ്ടി ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ. ഞാൻ നിങ്ങളുടെ നുകം ഒടിച്ച് നിങ്ങൾ തല ഉയർത്തി* നടക്കാൻ ഇടയാക്കിയിരിക്കുന്നു.
14 “‘എന്നാൽ നിങ്ങൾ എന്നെ ശ്രദ്ധിക്കാതിരിക്കുകയും ഈ കല്പനകളെല്ലാം പാലിക്കാതിരിക്കുകയും ചെയ്താൽ,+ 15 എന്റെ നിയമങ്ങൾ തള്ളിക്കളയുകയും+ എന്റെ ന്യായത്തീർപ്പുകൾ വെറുത്ത് എന്റെ കല്പനകൾ പാലിക്കാതെ എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്താൽ,+ 16 ഞാൻ നിങ്ങളോടു ചെയ്യുന്നത് ഇതായിരിക്കും: നിങ്ങളുടെ കാഴ്ചശക്തി നശിപ്പിക്കുകയും ജീവൻ ക്ഷയിപ്പിക്കുകയും ചെയ്യുന്ന ക്ഷയരോഗവും കലശലായ പനിയും വരുത്തി ഞാൻ നിങ്ങളെ കഷ്ടപ്പെടുത്തും. അങ്ങനെ നിങ്ങളെ ഞാൻ ശിക്ഷിക്കും. നിങ്ങൾ വിത്തു വിതയ്ക്കുന്നതു വെറുതേയാകും. കാരണം നിങ്ങളുടെ ശത്രുക്കളായിരിക്കും അതു കഴിക്കുന്നത്.+ 17 നിങ്ങളിൽനിന്ന് ഞാൻ എന്റെ മുഖം തിരിച്ചുകളയും. ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.+ നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ചവിട്ടിമെതിക്കും.+ ആരും പിന്തുടരാത്തപ്പോഴും നിങ്ങൾ ഭയന്ന് ഓടും.+
18 “‘ഇത്രയൊക്കെയായിട്ടും നിങ്ങൾ എന്നെ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാപങ്ങൾ കാരണം എനിക്കു നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കേണ്ടിവരും. 19 ഞാൻ നിങ്ങളുടെ കടുത്ത അഹങ്കാരം തകർത്ത് നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും+ നിങ്ങളുടെ ഭൂമിയെ ചെമ്പുപോലെയും ആക്കും. 20 നിങ്ങൾ നിങ്ങളുടെ മുഴുവൻ ഊർജവും വിനിയോഗിച്ചാലും ഒട്ടും പ്രയോജനമുണ്ടാകില്ല. കാരണം നിങ്ങളുടെ ദേശം വിളവ് തരുകയോ+ വൃക്ഷങ്ങൾ ഫലം നൽകുകയോ ഇല്ല.
21 “‘നിങ്ങൾ തുടർന്നും എനിക്കു വിരോധമായി നടന്ന് എന്നെ ശ്രദ്ധിക്കാൻ വിസമ്മതിച്ചാൽ നിങ്ങളുടെ പാപങ്ങൾക്കനുസരിച്ച് എനിക്കു നിങ്ങളെ ഏഴു മടങ്ങു പ്രഹരിക്കേണ്ടിവരും. 22 ഞാൻ വന്യമൃഗങ്ങളെ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കും.+ അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും+ നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികൾ വിജനമാകും.+
23 “‘ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും നിങ്ങൾ എന്റെ തിരുത്തൽ സ്വീകരിക്കാതെ+ ശാഠ്യത്തോടെ എനിക്കു വിരോധമായിത്തന്നെ നടന്നാൽ 24 ഞാനും നിങ്ങൾക്കു വിരോധമായി നടക്കും. നിങ്ങളുടെ പാപങ്ങൾ നിമിത്തം ഞാൻ, അതെ, ഞാൻ നിങ്ങളെ ഏഴു മടങ്ങു പ്രഹരിക്കും. 25 ഉടമ്പടി ലംഘിച്ചതിനു+ പ്രതികാരത്തിന്റെ വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും. നിങ്ങൾ നിങ്ങളുടെ നഗരങ്ങളിൽ അഭയം പ്രാപിച്ചാലും ഞാൻ നിങ്ങളുടെ ഇടയിൽ രോഗം അയയ്ക്കും.+ നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും.+ 26 ഞാൻ നിങ്ങളുടെ അപ്പത്തിന്റെ ശേഖരം* നശിപ്പിക്കുമ്പോൾ+ നിങ്ങൾക്കുവേണ്ടി അപ്പം ചുടാൻ പത്തു സ്ത്രീകൾക്കു വെറും ഒറ്റ അടുപ്പു മതി എന്ന സ്ഥിതിയാകും.+ അവർ നിങ്ങൾക്ക് അപ്പം അളന്നുതൂക്കിയേ തരൂ. നിങ്ങൾ അതു തിന്നും. പക്ഷേ തൃപ്തരാകില്ല.+
27 “‘ഇത്രയൊക്കെയായിട്ടും നിങ്ങൾ എന്നെ ശ്രദ്ധിക്കാതെ ശാഠ്യത്തോടെ എനിക്കു വിരോധമായി നടന്നാൽ 28 നിങ്ങളെ ഞാൻ കൂടുതൽ ശക്തമായി എതിർക്കും.+ നിങ്ങളുടെ പാപങ്ങൾ കാരണം എനിക്കു നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കേണ്ടിവരും. 29 സ്വന്തം മകന്റെയും മകളുടെയും മാംസം നിങ്ങൾക്കു തിന്നേണ്ടിവരും.+ 30 നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ* ഞാൻ നിശ്ശേഷം തകർത്ത്+ നിങ്ങളുടെ സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങൾ വെട്ടിവീഴ്ത്തും. നിങ്ങളുടെ തകർന്നുകിടക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളുടെ* മേൽ നിങ്ങളുടെ ശവശരീരങ്ങൾ കൂമ്പാരംകൂട്ടും.+ അങ്ങേയറ്റം വെറുപ്പോടെ ഞാൻ നിങ്ങളിൽനിന്ന് മുഖം തിരിക്കും.+ 31 ഞാൻ നിങ്ങളുടെ നഗരങ്ങളെ വാളിന് ഏൽപ്പിച്ച്+ നിങ്ങളുടെ വിശുദ്ധമന്ദിരങ്ങൾ വിജനമാക്കും. നിങ്ങളുടെ ബലികളിൽനിന്ന് ഉയരുന്ന സുഗന്ധം ഞാൻ മണക്കുകയുമില്ല. 32 ഞാൻ, ഞാൻതന്നെ, നിങ്ങളുടെ ദേശം ആൾപ്പാർപ്പില്ലാത്തതാക്കും.+ അവിടെ താമസമാക്കുന്ന നിന്റെ ശത്രുക്കൾ ഇതു കണ്ട് അതിശയിച്ച് കണ്ണുമിഴിക്കും.+ 33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും.
34 “‘നിങ്ങൾ ശത്രുദേശത്തായിരിക്കുന്ന ആ കാലം മുഴുവൻ ദേശം വിജനമായിക്കിടന്ന് ശബത്തുകളുടെ കടം വീട്ടും. ആ സമയത്ത് ദേശം വിശ്രമിക്കും.* അതിനു ശബത്തുകളുടെ കടം വീട്ടേണ്ടതുണ്ടല്ലോ.+ 35 വിജനമായിക്കിടക്കുന്ന കാലമത്രയും അതു വിശ്രമിക്കും. കാരണം നിങ്ങൾ അവിടെ താമസിച്ചപ്പോൾ നിങ്ങളുടെ ശബത്തുകളിൽ അതു വിശ്രമിച്ചില്ല.
36 “‘ജീവനോടെ ശേഷിക്കുന്നവരുടെ+ കാര്യത്തിലോ, ശത്രുദേശങ്ങളിലായിരിക്കുന്ന അവരുടെ ഹൃദയങ്ങളിൽ ഞാൻ നിരാശ നിറയ്ക്കും. കാറ്റത്ത് പറക്കുന്ന ഇലയുടെ ശബ്ദം കേട്ട് അവർ ഭയന്നോടും! വാളിനെ പേടിച്ച് ഓടുന്നവനെപ്പോലെ അവർ ഓടും. ആരും പിന്തുടരുന്നില്ലെങ്കിലും അവർ ഓടി വീഴും.+ 37 ആരും പിന്തുടരാത്തപ്പോഴും അവർ വാളിനെ പേടിച്ച് ഓടുന്നവരെപ്പോലെ ഓടി പരസ്പരം തട്ടി വീഴും. ശത്രുക്കളോടു ചെറുത്തുനിൽക്കാൻ നിങ്ങൾക്കാകില്ല.+ 38 ജനതകളുടെ ഇടയിൽക്കിടന്ന് നിങ്ങൾ നശിച്ചുപോകും.+ ശത്രുക്കളുടെ ദേശം നിങ്ങളെ വിഴുങ്ങിക്കളയും. 39 നിങ്ങളിൽ ബാക്കിയുള്ളവർ തങ്ങളുടെ തെറ്റു കാരണം ശത്രുദേശങ്ങളിൽവെച്ച് ക്ഷയിച്ചുപോകും.+ അതെ, അവരുടെ പിതാക്കന്മാരുടെ തെറ്റു നിമിത്തം അവർ ക്ഷയിച്ചുപോകും.+ 40 അപ്പോൾ അവർ അവരുടെ സ്വന്തം തെറ്റും അവരുടെ പിതാക്കന്മാരുടെ തെറ്റും അവിശ്വസ്തതയും ഏറ്റുപറയും.+ എനിക്കു വിരോധമായി നടന്ന് എന്നോട് അവിശ്വസ്തതയോടെ പെരുമാറി എന്ന് അവർ സമ്മതിക്കുകയും ചെയ്യും.+ 41 അവരെ ശത്രുദേശത്ത് അയച്ചുകൊണ്ട്+ ഞാനും അവർക്കു വിരോധമായി നടന്നിരുന്നല്ലോ.+
“‘അങ്ങനെ ചെയ്തത്, അവർ തങ്ങളുടെ പരിച്ഛേദന* ചെയ്യാത്ത* ഹൃദയം താഴ്മയുള്ളതാക്കുകയും+ തങ്ങളുടെ തെറ്റിനു വിലയൊടുക്കുകയും ചെയ്യും എന്നു കരുതിയാണ്. 42 അവർ അങ്ങനെ ചെയ്യുന്നപക്ഷം, ഞാൻ യാക്കോബുമായുള്ള എന്റെ ഉടമ്പടിയും+ യിസ്ഹാക്കുമായുള്ള എന്റെ ഉടമ്പടിയും+ അബ്രാഹാമുമായുള്ള എന്റെ ഉടമ്പടിയും+ ഓർക്കും. ദേശത്തെയും ഞാൻ ഓർക്കും. 43 അവർ ദേശം വിട്ട് പോയതുകൊണ്ട് അതു വിജനമായിക്കിടന്നു. അങ്ങനെ ആ കാലം മുഴുവൻ ദേശം അതിന്റെ ശബത്തുകളുടെ കടം വീട്ടി.+ അവരാകട്ടെ എന്റെ ന്യായത്തീർപ്പുകൾ തള്ളിക്കളയുകയും എന്റെ നിയമങ്ങൾ വെറുക്കുകയും ചെയ്തതുകൊണ്ട് ആ കാലം മുഴുവൻ തങ്ങളുടെ തെറ്റിനു വിലയൊടുക്കുകയും ചെയ്തു.+ 44 എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും അവർ ശത്രുക്കളുടെ ദേശത്തായിരിക്കുമ്പോൾ ഞാൻ അവരെ പൂർണമായും തള്ളിക്കളയുകയോ+ അവരെ നിശ്ശേഷം ഇല്ലാതാക്കുന്ന അളവോളം പരിത്യജിക്കുകയോ ഇല്ല. അങ്ങനെ ചെയ്താൽ അത് അവരുമായുള്ള എന്റെ ഉടമ്പടിയുടെ ലംഘനമായിരിക്കുമല്ലോ.+ ഞാൻ അവരുടെ ദൈവമായ യഹോവയാണ്. 45 അവരെപ്രതി അവരുടെ പൂർവികരുമായുള്ള എന്റെ ഉടമ്പടി+ ഞാൻ ഓർക്കും. അവർക്കു ദൈവമായിരിക്കാൻ ജനതകൾ കാൺകെ ഈജിപ്ത് ദേശത്തുനിന്ന് ഞാൻ അവരെ വിടുവിച്ച് കൊണ്ടുവന്നതാണല്ലോ.+ ഞാൻ യഹോവയാണ്.’”
46 യഹോവ സീനായ് പർവതത്തിൽവെച്ച് മോശയിലൂടെ തനിക്കും ഇസ്രായേല്യർക്കും ഇടയിൽ സ്ഥാപിച്ച ചട്ടങ്ങളും ന്യായത്തീർപ്പുകളും നിയമങ്ങളും ഇവയാണ്.+
27 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘ഒരു വ്യക്തിയുടെ മതിപ്പുവില യഹോവയ്ക്കു നൽകാമെന്ന് ഒരാൾ ഒരു സവിശേഷനേർച്ച നേരുന്നെങ്കിൽ+ 3 20-നും 60-നും ഇടയ്ക്കു പ്രായമുള്ള പുരുഷന്റെ മതിപ്പുവില വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം 50 ശേക്കെൽ വെള്ളിയായിരിക്കും. 4 സ്ത്രീയുടേതോ 30 ശേക്കെലും. 5 5-നും 20-നും ഇടയ്ക്കു പ്രായമുള്ള ആണിന്റെ മതിപ്പുവില 20 ശേക്കെലും പെണ്ണിന്റേത് 10 ശേക്കെലും ആയിരിക്കും. 6 ഒരു മാസത്തിനും അഞ്ചു വയസ്സിനും ഇടയ്ക്കു പ്രായമുള്ള ആണിന്റെ മതിപ്പുവില അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന്റേതു മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കും.
7 “60-ഓ അതിനു മുകളിലോ പ്രായമുള്ള പുരുഷന്റെ മതിപ്പുവില 15 ശേക്കെലും സ്ത്രീയുടേതു 10 ശേക്കെലും ആയിരിക്കും. 8 എന്നാൽ അവൻ ആ വ്യക്തിയുടെ മതിപ്പുവില കൊടുക്കാൻ കഴിയാത്തത്ര ദരിദ്രനാണെങ്കിൽ+ ആ വ്യക്തി പുരോഹിതന്റെ മുന്നിൽ നിൽക്കണം. പുരോഹിതൻ അവന് ഒരു വില നിശ്ചയിക്കും. നേർച്ച നേരുന്നവന്റെ പ്രാപ്തിയനുസരിച്ചായിരിക്കും പുരോഹിതൻ വില നിശ്ചയിക്കുന്നത്.+
9 “‘യഹോവയ്ക്ക് അർപ്പിക്കാൻ പറ്റിയ ഒരു മൃഗത്തെ ഒരാൾ നേരുന്നെന്നിരിക്കട്ടെ. ഇത്തരത്തിൽ യഹോവയ്ക്കു കൊടുക്കുന്ന ഏതൊരു മൃഗവും വിശുദ്ധമാണ്. 10 അവൻ അതിനു പകരം മറ്റൊന്നിനെ കൊടുക്കരുത്. നല്ലതിനു പകരം ചീത്തയോ ചീത്തയ്ക്കു പകരം നല്ലതോ വെച്ചുമാറുകയും അരുത്. അഥവാ, വെച്ചുമാറിയാൽ അവ രണ്ടും വിശുദ്ധമായിത്തീരും. 11 പക്ഷേ യഹോവയ്ക്ക് അർപ്പിക്കാൻ പാടില്ലാത്ത തരം ശുദ്ധിയില്ലാത്ത മൃഗമാണ്+ അതെങ്കിൽ അവൻ അതിനെ പുരോഹിതന്റെ മുന്നിൽ നിറുത്തും. 12 അതു നല്ലതോ ചീത്തയോ എന്നതിനനുസരിച്ച് പുരോഹിതൻ അതിന്റെ വില നിശ്ചയിക്കും. പുരോഹിതൻ മതിക്കുന്നതായിരിക്കും അതിന്റെ വില. 13 ഇനി, അഥവാ അവന് അതിനെ തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ ആ മതിപ്പുവിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം.+
14 “‘ഇനി, ഒരാൾ തന്റെ വീടു വിശുദ്ധമായ ഒന്നായി യഹോവയ്ക്കു കൊടുക്കുന്നെങ്കിൽ അതു നല്ലതോ ചീത്തയോ എന്നതിനനുസരിച്ച് പുരോഹിതൻ അതിന്റെ വില നിശ്ചയിക്കും. പുരോഹിതൻ നിശ്ചയിക്കുന്നതായിരിക്കും അതിന്റെ വില.+ 15 എന്നാൽ വീടു വിശുദ്ധമായ ഒന്നായി നൽകുന്ന ഒരാൾക്ക് അതു തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ, മതിപ്പുവിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം. അപ്പോൾ അത് അവന്റേതായിത്തീരും.
16 “‘ഒരു മനുഷ്യൻ കൈവശമുള്ള നിലത്തിൽ കുറച്ച് യഹോവയ്ക്കു നേർന്ന് വിശുദ്ധീകരിക്കുന്നെങ്കിൽ അവിടെ വിതയ്ക്കാൻ ആവശ്യമായ വിത്തിന് ആനുപാതികമായിട്ടായിരിക്കും അതിന്റെ വില മതിക്കുന്നത്: ഒരു ഹോമർ* ബാർളി വിത്തിന് 50 ശേക്കെൽ വെള്ളി. 17 അവൻ തന്റെ നിലം വിശുദ്ധീകരിക്കുന്നതു ജൂബിലിവർഷംമുതലാണെങ്കിൽ+ മതിപ്പുവിലയായിരിക്കും അതിന്റെ വില. 18 എന്നാൽ അവൻ നിലം വിശുദ്ധീകരിക്കുന്നതു ജൂബിലിക്കു ശേഷമാണെങ്കിൽ അടുത്ത ജൂബിലിവരെ ബാക്കിയുള്ള വർഷങ്ങൾക്ക് ആനുപാതികമായുള്ള വില പുരോഹിതൻ അവനുവേണ്ടി കണക്കുകൂട്ടി അതനുസരിച്ച് മതിപ്പുവിലയിൽ ഇളവ് വരുത്തണം.+ 19 ഇനി, അഥവാ നിലം വിശുദ്ധീകരിച്ചവന് അതു തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ മതിപ്പുവിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ അവൻ കൊടുക്കണം. പിന്നെ അത് അവന്റേതായിരിക്കും. 20 എന്നാൽ അവൻ നിലം തിരികെ വാങ്ങാതിരിക്കുകയും അതു മറ്റൊരു വ്യക്തിക്കു വിറ്റുപോകുകയും ചെയ്യുന്നെങ്കിൽ പിന്നീട് ഒരിക്കലും അതു തിരികെ വാങ്ങാനാകില്ല. 21 ജൂബിലിയിൽ നിലം സ്വതന്ത്രമാകുമ്പോൾ യഹോവയ്ക്കു സമർപ്പിച്ച നിലമെന്നപോലെ അത് അവനു വിശുദ്ധമായ ഒന്നായിത്തീരും. ആ വസ്തു പുരോഹിതന്മാരുടേതാകും.+
22 “‘താൻ വില കൊടുത്ത് വാങ്ങിയ, തന്റെ പൈതൃകാവകാശമല്ലാത്ത,+ ഒരു നിലമാണ് ഒരാൾ യഹോവയ്ക്കു നേർന്ന് വിശുദ്ധീകരിക്കുന്നതെങ്കിൽ 23 ജൂബിലിവർഷംവരെയുള്ള അതിന്റെ മൂല്യം പുരോഹിതൻ അവനുവേണ്ടി കണക്കുകൂട്ടും. അവൻ അന്നുതന്നെ ആ മതിപ്പുവില കൊടുക്കുകയും ചെയ്യും.+ അത് യഹോവയ്ക്കു വിശുദ്ധമാണ്. 24 ജൂബിലിവർഷത്തിൽ ആ നിലം, അവൻ അത് ആരിൽനിന്ന് വാങ്ങിയോ അവന്, അതായത് അതിന്റെ ശരിക്കുള്ള അവകാശിക്ക്, തിരികെ കിട്ടും.+
25 “‘എല്ലാ വിലയും കണക്കാക്കുന്നതു വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കമനുസരിച്ചായിരിക്കണം. 20 ഗേരയാണ്* ഒരു ശേക്കെൽ.
26 “‘പക്ഷേ മൃഗങ്ങളിലെ കടിഞ്ഞൂലിനെ ആരും വിശുദ്ധീകരിക്കരുത്. കാരണം അതു പിറക്കുന്നതുതന്നെ യഹോവയ്ക്കുള്ള കടിഞ്ഞൂലായിട്ടാണ്.+ കാളയായാലും ആടായാലും അത് യഹോവയുടേതാണ്.+ 27 എന്നാൽ അതു ശുദ്ധിയില്ലാത്ത* മൃഗങ്ങളിൽപ്പെട്ടതാണെങ്കിൽ മതിപ്പുവില കൊടുത്ത് അവന് അതിനെ വീണ്ടെടുക്കാം. പക്ഷേ അവൻ ആ തുകയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം.+ എന്നാൽ തിരികെ വാങ്ങുന്നില്ലെങ്കിൽ മതിപ്പുവിലയ്ക്ക് അതിനെ വിൽക്കും.
28 “‘എന്നാൽ ഒരാൾ തനിക്കുള്ളതിൽനിന്ന് യഹോവയ്ക്കു നിരുപാധികം സമർപ്പിക്കുന്ന യാതൊന്നും, അതു മനുഷ്യനോ മൃഗമോ അവന്റെ കൈവശമുള്ള നിലമോ ആകട്ടെ, വിൽക്കുകയോ തിരികെ വാങ്ങുകയോ അരുത്. സമർപ്പിതമായതെല്ലാം യഹോവയ്ക്ക് ഏറ്റവും വിശുദ്ധമാണ്.+ 29 കൂടാതെ, കുറ്റം വിധിച്ച് നാശത്തിനായി വേർതിരിച്ചിരിക്കുന്ന ആരെയും വീണ്ടെടുക്കരുത്.+ അവനെ കൊന്നുകളയണം.+
30 “‘വയലിലെ വിളവ്, വൃക്ഷങ്ങളുടെ ഫലം എന്നിങ്ങനെ നിലത്തിലെ എല്ലാത്തിന്റെയും പത്തിലൊന്ന്*+ യഹോവയ്ക്കുള്ളതാണ്. അത് യഹോവയ്ക്കു വിശുദ്ധമാണ്. 31 ഇനി, അഥവാ ഒരാൾക്ക് ആ പത്തിലൊന്നു തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ അവൻ അതിന്റെ വിലയോടൊപ്പം അഞ്ചിലൊന്നുകൂടെ കൊടുക്കണം. 32 കന്നുകാലികളിലെയും ആട്ടിൻപറ്റത്തിലെയും പത്തിലൊന്നിന്റെ കാര്യത്തിൽ, ഇടയന്റെ കോലിനു കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും* യഹോവയ്ക്കു വിശുദ്ധമായിരിക്കും. 33 അതു നല്ലതോ ചീത്തയോ എന്ന് അവൻ പരിശോധിക്കരുത്. അതിനെ മറ്റൊന്നുമായി വെച്ചുമാറാനും പാടില്ല. ഇനി, അഥവാ അവൻ അതിനെ മറ്റൊന്നുമായി വെച്ചുമാറാൻ ശ്രമിച്ചാൽ അതും വെച്ചുമാറിയതും വിശുദ്ധമാകും.+ അതിനെ തിരികെ വാങ്ങിക്കൂടാ.’”
34 ഇവയാണ് ഇസ്രായേല്യർക്കുവേണ്ടി സീനായ് പർവതത്തിൽവെച്ച്+ യഹോവ മോശയ്ക്കു കൊടുത്ത കല്പനകൾ.
അഥവാ “സമാഗമനകൂടാരത്തിൽനിന്ന്.” പദാവലി കാണുക.
അഥവാ “വൃക്കകൾക്കു ചുറ്റുമുള്ള കൊഴുപ്പും.”
അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
അഥവാ “വൃക്കകൾക്കു ചുറ്റുമുള്ള കൊഴുപ്പും.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കണം.”
അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.
അഥവാ “മുഴുവൻ യാഗത്തെയും ഓർമിപ്പിക്കുന്ന (പ്രതിനിധാനം ചെയ്യുന്ന) ഭാഗമായി.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കും.”
അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
പദാവലി കാണുക.
അഥവാ “സമാധാനയാഗങ്ങളിൽപ്പെട്ട ഒരു ബലി.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കും.”
അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
അതായത്, സഹഭോജനബലിയിൽനിന്ന് ദൈവത്തിനുള്ള ഓഹരിയായി.
അതായത്, സഹഭോജനബലിയിൽനിന്ന് ദൈവത്തിനുള്ള ഓഹരിയായി.
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കും.”
അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.
പദാവലി കാണുക.
അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
അക്ഷ. “ശാപം (ആണ) ഉച്ചരിക്കുന്നത്.” സാധ്യതയനുസരിച്ച്, കുറ്റകരമായ ഒരു പ്രവൃത്തിയെക്കുറിച്ചുള്ള അറിയിപ്പ്. ഇതിൽ, കുറ്റക്കാരന് എതിരെയോ സംഭവത്തിനു സാക്ഷിയായിരുന്നിട്ടും മൊഴി നൽകാത്ത ഒരുവന് എതിരെയോ ഉച്ചരിക്കുന്ന ശാപം ഉൾപ്പെട്ടേക്കാം.
അവൻ സ്വന്തം നേർച്ച നിറവേറ്റാത്തതാകാം ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഒരു ഏഫായുടെ പത്തിലൊന്ന് = 2.2 ലി. അനു. ബി14 കാണുക.
അഥവാ “മുഴുവൻ യാഗത്തെയും ഓർമിപ്പിക്കുന്ന (പ്രതിനിധാനം ചെയ്യുന്ന) ഭാഗമായി.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കും.”
അഥവാ “വിശുദ്ധശേക്കെലിന്റെ.” ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
അഥവാ “മുഴുവൻ യാഗത്തെയും ഓർമിപ്പിക്കുന്ന (പ്രതിനിധാനം ചെയ്യുന്ന) ഭാഗമായി.”
അഥവാ “യാഗവസ്തുക്കളിൽ.”
പദാവലി കാണുക.
ഒരു ഏഫായുടെ പത്തിലൊന്ന് = 2.2 ലി. അനു. ബി14 കാണുക.
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കും.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “വിശുദ്ധരാജമുടിയായ.”
അഥവാ “അവരുടെ തലയിൽ കെട്ടി.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ചു.”
അഥവാ “വൃക്കകൾക്കു ചുറ്റുമുള്ള കൊഴുപ്പും.”
അഥവാ “പ്രീതികരമായ, മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
പദാവലി കാണുക.
അക്ഷ. “നിങ്ങളുടെ കൈ നിറയ്ക്കാൻ.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ചു.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “പ്രാണികളിൽ.”
പദാവലി കാണുക.
പദാവലി കാണുക.
“കുഷ്ഠം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു വിപുലമായ അർഥമാണുള്ളത്. പകരുന്ന തരത്തിലുള്ള പല ചർമരോഗങ്ങളും, വസ്ത്രങ്ങളിലും വീടുകളിലും കാണുന്ന ചില അണുബാധകളും ഇതിൽ ഉൾപ്പെടാം.
അഥവാ “അണുബാധ.”
അഥവാ “ആ രോഗം പകരുന്നതല്ലെന്ന്.”
അഥവാ “മീശ.”
ഒരു ലോഗ് = 0.31 ലി. അനു. ബി14 കാണുക.
ഒരു ഏഫായുടെ പത്തിൽ മൂന്ന് = 6.6 ലി. അനു. ബി14 കാണുക.
പദാവലി കാണുക.
ഒരു ഏഫായുടെ പത്തിലൊന്ന് = 2.2 ലി. അനു. ബി14 കാണുക.
അക്ഷ. “പാപം.”
അഥവാ “അനാവൃതമായ ശരീരഭാഗം.”
“അപ്രത്യക്ഷമാകുന്ന കോലാട്” എന്നായിരിക്കാം അർഥം.
അഥവാ “തയ്യാറായി നിൽക്കുന്ന.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കും.”
“ക്ലേശിപ്പിക്കുക ” എന്നത് ഉപവാസം ഉൾപ്പെടെ ആത്മപരിത്യാഗത്തിന്റെ വ്യത്യസ്തരീതികളെ അർഥമാക്കുന്നതായി പൊതുവേ കരുതപ്പെടുന്നു.
അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
അക്ഷ. “കോലാടുകളുമായി.”
അക്ഷ. “നഗ്നത അനാവൃതമാക്കരുത്.” (ഇവിടെയും തുടർന്നുവരുന്ന ഇടങ്ങളിലും.)
അക്ഷ. “അതു നിന്റെ അപ്പന്റെ നഗ്നതയാണ്.”
അഥവാ “നാണംകെട്ട പെരുമാറ്റമാണ്; ദുർവൃത്തിയാണ്.”
അഥവാ “അയൽക്കാരന്റെ; കൂട്ടുകാരന്റെ.”
പദാവലി കാണുക.
അഥവാ “സമർപ്പിക്കാൻ; ബലി അർപ്പിക്കാൻ.”
അക്ഷ. “ഭയപ്പെടണം.”
അഥവാ “അവശേഷിക്കുന്നതു പെറുക്കുകയുമരുത്.” പദാവലി കാണുക.
ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
അക്ഷ. “രക്തത്തിനു വിരോധമായി നിൽക്കരുത്.” മറ്റൊരു സാധ്യത “നിന്റെ സഹമനുഷ്യന്റെ ജീവൻ അപകടത്തിലാകുമ്പോൾ വെറുതേ നോക്കിനിൽക്കരുത്.”
അക്ഷ. “അതിന്റെ ഫലം അതിന്റെ അഗ്രചർമംപോലെ മലിനമായി.”
അക്ഷ. “അഗ്രചർമം പരിച്ഛേദന നടത്താത്തതുപോലെയായിരിക്കും.”
അഥവാ “കൃതാവ്.”
അഥവാ “മുറിക്കുകയോ; വെട്ടുകയോ.”
അഥവാ “ഒരു ദേഹിക്കുവേണ്ടി.” ഇവിടെ നെഫെഷ് എന്ന എബ്രായപദം മരിച്ചയാളെ കുറിക്കുന്നു.
അക്ഷ. “ഭയം.”
പദാവലി കാണുക.
ഖരവസ്തുക്കൾ അളക്കാനുള്ള പാത്രം. അനു. ബി14 കാണുക.
ദ്രാവകം അളക്കാനുള്ള പാത്രം. അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “നാണംകെട്ട പെരുമാറ്റമാണ്; വഷളത്തമാണ്.”
എബ്രായയിൽ ഈ പദം എലി, പല്ലി, പ്രാണികൾ എന്നിവപോലുള്ള ജീവികളെ കുറിക്കുന്നു.
അഥവാ “ഭാവി പറയുന്ന ആത്മാവുണ്ടായിരിക്കുകയോ.”
അഥവാ “ആഹാരം.” ബലികളെ കുറിക്കുന്നു.
അഥവാ “മരിച്ച ദേഹിയുടെ അടുത്ത്.” ഇവിടെ, നെഫെഷ് എന്ന എബ്രായപദത്തെ “മരിച്ച” എന്ന് അർഥമുള്ള ഒരു എബ്രായപദവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
അക്ഷ. “പിളർന്ന മൂക്കുള്ളവനും.”
മറ്റൊരു സാധ്യത “ശോഷിച്ചവനും.”
അക്ഷ. “വിശുദ്ധവസ്തുക്കളോട് അകലം പാലിക്കണമെന്നും.”
അഥവാ “കൊന്നുകളയും.”
അക്ഷ. “ഒരു അന്യനും.” അതായത്, അഹരോന്റെ കുടുംബത്തിൽപ്പെടാത്തവൻ.
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
പദാവലിയിൽ “ദോളനയാഗം” കാണുക.
ഒരു ഏഫായുടെ പത്തിൽ രണ്ട് = 4.4 ലി. അനു. ബി14 കാണുക.
അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.
പദാവലി കാണുക.
ഒരു ഏഫായുടെ പത്തിൽ രണ്ട് = 4.4 ലി. അനു. ബി14 കാണുക.
“ക്ലേശിപ്പിക്കുക ” എന്നത് ഉപവാസം ഉൾപ്പെടെ ആത്മപരിത്യാഗത്തിന്റെ വ്യത്യസ്തരീതികളെ അർഥമാക്കുന്നതായി പൊതുവേ കരുതപ്പെടുന്നു.
മറ്റൊരു സാധ്യത “ഉപവസിക്കാത്തവരെയൊന്നും.”
അഥവാ “താത്കാലിക വാസസ്ഥലം കെട്ടിയുണ്ടാക്കിയുള്ള ഉത്സവമായിരിക്കും.”
അഥവാ “നീർച്ചാലിലെ.”
ഒരു ഏഫായുടെ പത്തിൽ രണ്ട് = 4.4 ലി. അനു. ബി14 കാണുക.
അഥവാ “മുഴുവൻ യാഗത്തെയും ഓർമിപ്പിക്കുന്ന (പ്രതിനിധാനം ചെയ്യുന്ന) ഭാഗമായി.”
പദാവലി കാണുക.
അഥവാ “കൊള്ളപ്പലിശ ഈടാക്കുകയോ.”
അക്ഷ. “പുത്രന്മാരും.”
അഥവാ “അവന്റെ രക്തബന്ധത്തിൽപ്പെട്ട ആർക്കെങ്കിലുമോ.”
അക്ഷ. “കൊത്തിയുണ്ടാക്കിയ വിഗ്രഹമോ.”
അക്ഷ. “ഭയം.”
അക്ഷ. “നിങ്ങൾ നിവർന്ന്.”
അക്ഷ. “വടി.” സാധ്യതയനുസരിച്ച്, ഇത് അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “ശബത്ത് ആചരിക്കും.”
പദാവലി കാണുക.
അഥവാ “ശാഠ്യമുള്ള.”
അഥവാ “വിശുദ്ധശേക്കെലിന്റെ.” ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ഹോമർ = 220 ലി. അനു. ബി14 കാണുക.
ഒരു ഗേര = 0.57 ഗ്രാം. അനു. ബി14 കാണുക.
ന്യൂനതയുള്ള ഒരു മൃഗത്തെയായിരിക്കാം ഇവിടെ ഉദ്ദേശിക്കുന്നത്.
അഥവാ “ദശാംശം മുഴുവൻ.”
അഥവാ “തലയും.”