പുറപ്പാട്
1 യാക്കോബിനോടൊപ്പം സ്വന്തം വീട്ടിലുള്ളവരെയും കൂട്ടി ഈജിപ്തിലേക്കു വന്ന ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ:+ 2 രൂബേൻ, ശിമെയോൻ, ലേവി, യഹൂദ;+ 3 യിസ്സാഖാർ, സെബുലൂൻ, ബന്യാമീൻ; 4 ദാൻ, നഫ്താലി; ഗാദ്, ആശേർ.+ 5 യാക്കോബിനു ജനിച്ചവർ* ആകെ 70 പേർ. യോസേഫ് അപ്പോൾത്തന്നെ ഈജിപ്തിലായിരുന്നു.+ 6 ക്രമേണ യോസേഫും സഹോദരന്മാരും ആ തലമുറയിലുള്ള എല്ലാവരും മരിച്ചു.+ 7 ഇസ്രായേല്യർ* സന്താനസമൃദ്ധിയുള്ളവരായി പെരുകിത്തുടങ്ങി. അവർ അസാധാരണമായി വർധിച്ച് ശക്തിയാർജിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ ആ നാട്ടിലെങ്ങും നിറഞ്ഞു.+
8 പിന്നീട്, യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്തിൽ അധികാരത്തിൽ വന്നു. 9 അദ്ദേഹം തന്റെ ജനത്തോടു പറഞ്ഞു: “ഇതാ! ഇസ്രായേൽ ജനം നമ്മളെക്കാൾ എണ്ണത്തിൽ പെരുകി ശക്തരായിരിക്കുന്നു.+ 10 നമ്മൾ അവരോടു തന്ത്രപൂർവം ഇടപെടണം. അല്ലെങ്കിൽ അവർ ഇനിയും പെരുകും. ഒരു യുദ്ധമുണ്ടായാൽ അവർ ശത്രുപക്ഷം ചേർന്ന് നമുക്കെതിരെ പോരാടി രാജ്യം വിട്ട് പോകും.”
11 അതുകൊണ്ട് ഇസ്രായേല്യരെ കഠിനമായി പണിയെടുപ്പിച്ച് ദ്രോഹിക്കാൻവേണ്ടി നിർബന്ധിതവേല ചെയ്യിക്കുന്ന+ തലവന്മാരെ* അവരുടെ മേൽ നിയമിച്ചു. അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ്+ എന്നീ സംഭരണനഗരങ്ങൾ പണിതു. 12 എന്നാൽ അവരെ എത്രയധികം അടിച്ചമർത്തിയോ അത്രയധികം അവർ വർധിച്ചുപെരുകി ദേശത്ത് വ്യാപിച്ചുകൊണ്ടിരുന്നു. ഇസ്രായേല്യർ കാരണം അവർ ആകെ ഭയപരവശരായി.+ 13 അതുകൊണ്ട് ഈജിപ്തുകാർ ഇസ്രായേല്യരെക്കൊണ്ട് ക്രൂരമായി അടിമപ്പണി ചെയ്യിച്ചു.+ 14 കളിമണ്ണുചാന്തും ഇഷ്ടികയും ഉണ്ടാക്കുന്ന കഠിനജോലിയും വയലിലെ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ച് അവരുടെ ജീവിതം ദുരിതപൂർണമാക്കി. അതെ, അവർ അവരെക്കൊണ്ട് ദുസ്സഹമായ സാഹചര്യങ്ങളിൽ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ചു.+
15 പ്രസവമെടുക്കുന്ന ശിപ്ര, പൂവ എന്നീ എബ്രായസ്ത്രീകളോട് ഈജിപ്തിലെ രാജാവ് പിന്നീടു സംസാരിച്ചു. 16 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ എബ്രായസ്ത്രീകളുടെ പ്രസവമെടുക്കാൻ+ പ്രസവപീഠത്തിങ്കൽ ചെല്ലുമ്പോൾ, കുട്ടി ആണാണെന്നു കണ്ടാൽ അവനെ കൊന്നുകളയണം. പെണ്ണാണെങ്കിൽ ജീവനോടെ വെച്ചേക്കുക.” 17 എന്നാൽ ആ വയറ്റാട്ടികൾ* സത്യദൈവത്തെ ഭയപ്പെട്ടതുകൊണ്ട് ഈജിപ്തിലെ രാജാവ് പറഞ്ഞതുപോലെ ചെയ്തില്ല. അവർ ആൺകുഞ്ഞുങ്ങളെ ജീവനോടെ വെച്ചു.+ 18 അപ്പോൾ ഈജിപ്തിലെ രാജാവ് വയറ്റാട്ടികളെ വിളിച്ച് അവരോട്, “നിങ്ങൾ എന്താ ആൺകുഞ്ഞുങ്ങളെ ജീവനോടെ വെക്കുന്നത്” എന്നു ചോദിച്ചു. 19 അവർ പറഞ്ഞു: “എബ്രായസ്ത്രീകൾ ഈജിപ്തുകാരികളെപ്പോലെയല്ല. നല്ല ഓജസ്സുള്ള അവർ വയറ്റാട്ടി എത്തുന്നതിനു മുമ്പേ പ്രസവിച്ചിരിക്കും.”
20 അതുകൊണ്ട് ദൈവം വയറ്റാട്ടികൾക്കു നന്മ ചെയ്തു. ജനം എണ്ണത്തിൽ പെരുകി ശക്തിയാർജിച്ചുകൊണ്ടുമിരുന്നു. 21 വയറ്റാട്ടികൾ സത്യദൈവത്തെ ഭയപ്പെട്ടതുകൊണ്ട് ദൈവം പിന്നീട് അവർക്കു മക്കളെ നൽകി. 22 ഒടുവിൽ ഫറവോൻ മുഴുവൻ ജനത്തോടും ഇങ്ങനെ കല്പിച്ചു: “എബ്രായർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം നിങ്ങൾ നൈൽ നദിയിൽ എറിഞ്ഞുകളയണം.+ എന്നാൽ പെൺകുഞ്ഞുങ്ങളെ ജീവനോടെ വെക്കുകയും വേണം.”
2 ഏതാണ്ട് ആ സമയത്ത് ലേവിഗോത്രത്തിൽപ്പെട്ട ഒരാൾ ഒരു ലേവ്യസ്ത്രീയെ വിവാഹം കഴിച്ചു.+ 2 അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. അവൻ അതീവസുന്ദരനാണെന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.+ 3 പക്ഷേ അവനെ തുടർന്നും ഒളിപ്പിച്ചുവെക്കാൻ കഴിയാതെവന്നപ്പോൾ+ അവൾ പപ്പൈറസ്* ചെടികൊണ്ടുള്ള ഒരു കൂട* എടുത്ത് അതിൽ ടാറും കീലും തേച്ച് കുട്ടിയെ അതിനുള്ളിൽ കിടത്തി, നൈൽ നദിയുടെ തീരത്തുള്ള ഞാങ്ങണച്ചെടികൾക്കിടയിൽ വെച്ചു. 4 അവന് എന്തു സംഭവിക്കുമെന്നു കാണാൻ അവന്റെ പെങ്ങൾ+ ദൂരെ മാറി നിന്നു.
5 ഫറവോന്റെ മകൾ നൈൽ നദിയിൽ കുളിക്കാൻ വന്നു. അവളുടെ തോഴിമാർ അപ്പോൾ നദീതീരത്തുകൂടി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ചെടികൾക്കിടയിലിരിക്കുന്ന കൂട അവളുടെ കണ്ണിൽപ്പെട്ടു. അത് എടുത്തുകൊണ്ടുവരാൻ അവൾ ഉടനെ ഒരു ദാസിയെ പറഞ്ഞയച്ചു.+ 6 അവൾ അതു തുറന്നപ്പോൾ അതിൽ ഒരു കുഞ്ഞിനെ കണ്ടു. അവൻ കരയുകയായിരുന്നു. അവൾക്ക് അവനോട് അലിവ് തോന്നി. എന്നാൽ അവൾ, “ഇത് എബ്രായരുടെ കുഞ്ഞാണ്” എന്നു പറഞ്ഞു. 7 അപ്പോൾ അവന്റെ പെങ്ങൾ ഫറവോന്റെ മകളോട്, “കുമാരിക്കുവേണ്ടി ഈ കുഞ്ഞിനെ മുലയൂട്ടാൻ ഞാൻ പോയി ഒരു എബ്രായസ്ത്രീയെ വിളിച്ചുകൊണ്ടുവരട്ടേ” എന്നു ചോദിച്ചു. 8 അപ്പോൾ ഫറവോന്റെ മകൾ അവളോട്, “പോയി കൊണ്ടുവരൂ!” എന്നു പറഞ്ഞു. ഉടനെ അവൾ പോയി കുഞ്ഞിന്റെ അമ്മയെ+ വിളിച്ചുകൊണ്ടുവന്നു. 9 അപ്പോൾ ഫറവോന്റെ മകൾ ആ സ്ത്രീയോടു പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളർത്തുക. ഞാൻ ശമ്പളം തരാം.” അങ്ങനെ ആ സ്ത്രീ കുഞ്ഞിനെ കൊണ്ടുപോയി പരിപാലിച്ചു. 10 കുട്ടി വളർന്നപ്പോൾ അവനെ ഫറവോന്റെ മകളുടെ അടുത്ത് കൊണ്ടുചെന്നു. അവൻ അവൾക്കു മകനായിത്തീർന്നു.+ “ഞാൻ അവനെ വെള്ളത്തിൽനിന്ന് എടുത്തു”+ എന്നു പറഞ്ഞ് അവൾ അവനു മോശ* എന്നു പേരിട്ടു.
11 മുതിർന്നശേഷം മോശ ഒരിക്കൽ തന്റെ സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ+ കണ്ടറിയാൻ വെളിയിൽ അവരുടെ അടുത്ത് ചെന്നു. അപ്പോൾ, എബ്രായനായ തന്റെ ഒരു സഹോദരനെ ഒരു ഈജിപ്തുകാരൻ അടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. 12 മോശ നാലുപാടും നോക്കി ആരുമില്ലെന്നു കണ്ട് ആ ഈജിപ്തുകാരനെ കൊന്ന് മണലിൽ കുഴിച്ചുമൂടി.+
13 അടുത്ത ദിവസം മോശ പുറത്ത് പോയപ്പോൾ രണ്ട് എബ്രായപുരുഷന്മാർ തമ്മിൽ അടികൂടുന്നതു കണ്ടു. അപ്പോൾ മോശ തെറ്റുകാരനോട്, “എന്തിനാണു കൂട്ടുകാരനെ അടിക്കുന്നത്”+ എന്നു ചോദിച്ചു. 14 മറുപടിയായി അയാൾ ചോദിച്ചു: “നിന്നെ ആരാണു ഞങ്ങളുടെ പ്രഭുവും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ ഭാവം?”+ ഇതു കേട്ട് പേടിച്ചുപോയ മോശ, “ഇക്കാര്യം എല്ലാവരും അറിഞ്ഞു, സംശയമില്ല” എന്നു പറഞ്ഞു.
15 ഇതെക്കുറിച്ച് കേട്ടപ്പോൾ ഫറവോൻ മോശയെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ മോശ അവിടെനിന്ന് ഓടിപ്പോയി. മിദ്യാൻ+ ദേശത്ത് താമസമാക്കാൻ തീരുമാനിച്ച മോശ അവിടെ ചെന്ന് ഒരു കിണറ്റിന് അരികെ ഇരുന്നു. 16 മിദ്യാനിലെ പുരോഹിതന്റെ+ ഏഴു പെൺമക്കൾ അപ്പന്റെ ആട്ടിൻപറ്റത്തിനുവേണ്ടി വെള്ളം കോരി തൊട്ടികളിൽ നിറയ്ക്കാൻ അപ്പോൾ അവിടേക്കു വന്നു. 17 എന്നാൽ പതിവുപോലെ ഇടയന്മാർ വന്ന് അവരെ ആട്ടിപ്പായിച്ചു. അപ്പോൾ മോശ എഴുന്നേറ്റ് ആ സ്ത്രീകളെ സഹായിക്കാൻ ചെന്നു.* അവരുടെ ആട്ടിൻപറ്റത്തിനു വെള്ളം കോരിക്കൊടുത്തു. 18 അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അപ്പൻ രയൂവേൽ*+ ആശ്ചര്യത്തോടെ ചോദിച്ചു: “നിങ്ങൾ എങ്ങനെയാണ് ഇന്ന് ഇത്ര വേഗം തിരിച്ചെത്തിയത്?” 19 അവർ പറഞ്ഞു: “ഒരു ഈജിപ്തുകാരൻ+ ഞങ്ങളെ ഇടയന്മാരിൽനിന്ന് രക്ഷിച്ചു. അയാൾ ആട്ടിൻപറ്റത്തിനു വെള്ളം കോരിക്കൊടുക്കുകയും ചെയ്തു.” 20 അപ്പോൾ രയൂവേൽ ചോദിച്ചു: “എന്നിട്ട് അയാൾ എവിടെ? എന്താ നിങ്ങൾ അയാളെ കൂട്ടിക്കൊണ്ട് വരാതിരുന്നത്? നമ്മളോടൊപ്പം ഭക്ഷണം കഴിക്കാൻ അയാളെ വിളിക്ക്.” 21 പിന്നെ മോശ അയാളോടൊപ്പം താമസിക്കാൻ സമ്മതിച്ചു. രയൂവേൽ മകൾ സിപ്പോറയെ+ മോശയ്ക്കു വിവാഹം ചെയ്തുകൊടുത്തു. 22 പിന്നീട് സിപ്പോറ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി ജീവിക്കുകയാണല്ലോ”+ എന്നു പറഞ്ഞ് മോശ അവനു ഗർശോം*+ എന്നു പേരിട്ടു.
23 കാലം കടന്നുപോയി. ഇതിനിടെ ഈജിപ്തിലെ രാജാവ് മരിച്ചു.+ ഇസ്രായേല്യരാകട്ടെ അടിമപ്പണി കാരണം നെടുവീർപ്പിട്ട് സങ്കടം പറഞ്ഞ് വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്നു. സഹായത്തിനായുള്ള അവരുടെ നിലവിളി സത്യദൈവത്തിന്റെ അടുത്ത് എത്തി.+ 24 ഒടുവിൽ ദൈവം അവരുടെ ദീനരോദനം കേട്ടു.+ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓർക്കുകയും ചെയ്തു.+ 25 അതുകൊണ്ട് ദൈവം ഇസ്രായേല്യരെ നോക്കി. അവരുടെ അവസ്ഥ ദൈവം ശ്രദ്ധിച്ചു.
3 മോശ, മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായിയപ്പനും ആയ യിത്രൊയുടെ+ ആട്ടിൻപറ്റത്തിന്റെ ഇടയനായി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാറുവശത്തേക്ക് ആടുകളെയുംകൊണ്ട് പോയ മോശ ഒടുവിൽ സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി. 2 അവിടെവെച്ച് യഹോവയുടെ ദൂതൻ ഒരു മുൾച്ചെടിയുടെ+ നടുവിൽ അഗ്നിജ്വാലയിൽ മോശയ്ക്കു പ്രത്യക്ഷനായി. മോശ നോക്കിനിൽക്കുമ്പോൾ അതാ, മുൾച്ചെടി കത്തുന്നു! പക്ഷേ അത് എരിഞ്ഞുതീരുന്നില്ല! 3 അപ്പോൾ മോശ പറഞ്ഞു: “ഇത് ഒരു അസാധാരണമായ കാഴ്ചയാണല്ലോ. ഞാൻ ഒന്ന് അടുത്ത് ചെന്ന് നോക്കട്ടെ. എന്തായിരിക്കും ഈ മുൾച്ചെടി എരിഞ്ഞുതീരാത്തത്?” 4 മോശ അതു നോക്കാൻ വരുന്നതു കണ്ടപ്പോൾ യഹോവ മുൾച്ചെടിയിൽനിന്ന്, “മോശേ! മോശേ!” എന്നു വിളിച്ചു. മറുപടിയായി മോശ, “ഞാൻ ഇതാ” എന്നു പറഞ്ഞു. 5 അപ്പോൾ ദൈവം പറഞ്ഞു: “ഇനിയും അടുത്തേക്കു വരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധമായതുകൊണ്ട് നിന്റെ കാലിൽനിന്ന് ചെരിപ്പ് ഊരിമാറ്റുക.”
6 ദൈവം ഇങ്ങനെയും പറഞ്ഞു: “ഞാൻ നിന്റെ പൂർവികരുടെ* ദൈവമാണ്. അബ്രാഹാമിന്റെ ദൈവവും+ യിസ്ഹാക്കിന്റെ ദൈവവും+ യാക്കോബിന്റെ ദൈവവും+ ആണ് ഞാൻ.” അപ്പോൾ, സത്യദൈവത്തെ നോക്കാൻ ഭയന്ന മോശ മുഖം മറച്ചു. 7 യഹോവ ഇങ്ങനെയും പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവരെക്കൊണ്ട് നിർബന്ധിച്ച് പണിയെടുപ്പിക്കുന്നവർ കാരണം അവർ നിലവിളിക്കുന്നതു ഞാൻ കേട്ടു. അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം.+ 8 അവരെ ഈജിപ്തുകാരുടെ+ കൈയിൽനിന്ന് രക്ഷിച്ച് ആ ദേശത്തുനിന്ന് നല്ലതും വിശാലവും ആയ ഒരു ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന+ ഒരു ദേശത്തേക്ക്, ഞാൻ കൊണ്ടുവരും. അവരെ വിടുവിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരുടെ പ്രദേശത്തേക്കു കൊണ്ടുവരാൻ ഞാൻ ഇറങ്ങിച്ചെല്ലും. 9 ഇപ്പോൾ ഇതാ! ഇസ്രായേൽ ജനത്തിന്റെ നിലവിളി എന്റെ അടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാർ അവരെ വല്ലാതെ ദ്രോഹിക്കുന്നതും+ ഞാൻ കണ്ടു. 10 അതുകൊണ്ട് വരൂ, ഞാൻ നിന്നെ ഫറവോന്റെ അടുത്തേക്ക് അയയ്ക്കും. നീ എന്റെ ജനമായ ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവരും.”+
11 എന്നാൽ മോശ സത്യദൈവത്തോട്, “ഫറവോന്റെ അടുത്ത് പോയി ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവരാൻ എന്തു യോഗ്യതയാണ് എനിക്കുള്ളത്” എന്നു ചോദിച്ചു. 12 അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ നിന്റെകൂടെയുണ്ടായിരിക്കും.+ ഞാനാണു നിന്നെ അയച്ചത് എന്നതിനു നിനക്കുള്ള അടയാളം ഇതാണ്: ഈജിപ്തിൽനിന്ന് നീ ജനത്തെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഈ പർവതത്തിൽ+ നിങ്ങൾ സത്യദൈവത്തെ സേവിക്കും.”*
13 എന്നാൽ മോശ സത്യദൈവത്തോടു പറഞ്ഞു: “ഞാൻ ഇസ്രായേല്യരുടെ അടുത്ത് ചെന്ന്, ‘നിങ്ങളുടെ പൂർവികരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു പറയുന്നെന്നിരിക്കട്ടെ. അപ്പോൾ അവർ, ‘ആ ദൈവത്തിന്റെ പേരെന്താണ്’+ എന്നു ചോദിച്ചാൽ ഞാൻ അവരോട് എന്തു പറയണം?” 14 ദൈവം പറഞ്ഞു: “ഞാൻ എന്ത് ആയിത്തീരാൻ തീരുമാനിച്ചാലും* അങ്ങനെ ആയിത്തീരും.”*+ ദൈവം ഇങ്ങനെയും പറഞ്ഞു: “ഇസ്രായേല്യരോടു നീ പറയേണ്ടത് ഇതാണ്, ‘ഞാൻ ആയിത്തീരും എന്നവൻ+ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.’” 15 തുടർന്ന് ദൈവം ഒരിക്കൽക്കൂടി മോശയോടു പറഞ്ഞു:
“നീ ഇസ്രായേല്യരോടു പറയേണ്ടത് ഇതാണ്: ‘നിങ്ങളുടെ പൂർവികരായ അബ്രാഹാമിന്റെയും+ യിസ്ഹാക്കിന്റെയും+ യാക്കോബിന്റെയും+ ദൈവമായ യഹോവയാണ് എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്!’ ഇത് എന്നേക്കുമുള്ള എന്റെ പേരാണ്.+ തലമുറതലമുറയോളം എന്നെ ഓർക്കേണ്ടതും ഇങ്ങനെയാണ്. 16 ഇപ്പോൾ പോയി ഇസ്രായേൽമൂപ്പന്മാരെ* വിളിച്ചുകൂട്ടി അവരോട് ഇങ്ങനെ പറയുക: ‘നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എനിക്കു പ്രത്യക്ഷനായി. ആ ദൈവം ഇങ്ങനെ പറയുന്നു: “നിങ്ങളുടെ അവസ്ഥയും ഈജിപ്തുകാർ നിങ്ങളോടു ചെയ്യുന്നതും ഞാൻ ശ്രദ്ധിച്ചിരിക്കുന്നു.+ 17 അതുകൊണ്ട് ഈജിപ്തിൽ നിങ്ങൾ അനുഭവിക്കുന്ന യാതനകളിൽനിന്ന് നിങ്ങളെ വിടുവിച്ച്+ കനാന്യർ, ഹിത്യർ, അമോര്യർ,+ പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരുടെ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന+ ഒരു ദേശത്തേക്ക്, നിങ്ങളെ കൊണ്ടുവരുമെന്നു ഞാൻ പ്രഖ്യാപിക്കുന്നു.”’
18 “അവർ തീർച്ചയായും നിന്റെ വാക്കു ശ്രദ്ധിക്കും.+ നീയും ഇസ്രായേൽമൂപ്പന്മാരും ഈജിപ്തിലെ രാജാവിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറയണം: ‘എബ്രായരുടെ+ ദൈവമായ യഹോവ ഞങ്ങളോടു സംസാരിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു വിജനഭൂമിയിൽവെച്ച് ബലി അർപ്പിക്കുന്നതിനു+ മൂന്നു ദിവസത്തെ യാത്ര പോകാൻ ദയവായി അനുവദിച്ചാലും.’ 19 എന്നാൽ കരുത്തുറ്റ ഒരു കൈ നിർബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവ് നിങ്ങളെ പോകാൻ അനുവദിക്കില്ലെന്ന്+ എനിക്കു നന്നായി അറിയാം. 20 അതുകൊണ്ട് എനിക്ക് എന്റെ കൈ നീട്ടി ഈജിപ്തിനെ പ്രഹരിക്കേണ്ടിവരും. അവിടെ ചെയ്യാനിരിക്കുന്ന സകല തരം അത്ഭുതപ്രവൃത്തികളിലൂടെയും ഞാൻ ഈജിപ്തിനെ അടിക്കും. അതിനു ശേഷം അവൻ നിങ്ങളെ പറഞ്ഞയയ്ക്കും.+ 21 ഈജിപ്തുകാർക്ക് ഈ ജനത്തോടു പ്രീതി തോന്നാൻ ഞാൻ ഇടയാക്കും. നിങ്ങൾ അവിടെനിന്ന് പോരുമ്പോൾ, ഒരു കാരണവശാലും വെറുംകൈയോടെ പോരേണ്ടിവരില്ല.+ 22 സ്ത്രീകളെല്ലാം അയൽവാസിയോടും വീട്ടിൽ വന്നുതാമസിക്കുന്നവളോടും സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ഉരുപ്പടികളും വസ്ത്രങ്ങളും ചോദിച്ച് വാങ്ങണം. അവ നിങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും അണിയിക്കണം. അങ്ങനെ നിങ്ങൾ ഈജിപ്തുകാരെ കൊള്ളയടിക്കും.”+
4 എന്നാൽ മോശ പറഞ്ഞു: “‘യഹോവ നിനക്കു പ്രത്യക്ഷനായില്ല’ എന്നു പറഞ്ഞ് അവർ എന്നെ വിശ്വസിക്കാതിരിക്കുകയോ എന്റെ വാക്കു ശ്രദ്ധിക്കാതിരിക്കുകയോ+ ചെയ്യുന്നെങ്കിലോ?” 2 അപ്പോൾ യഹോവ മോശയോട്, “നിന്റെ കൈയിലിരിക്കുന്നത് എന്താണ്” എന്നു ചോദിച്ചു. “ഒരു വടി” എന്നു മോശ പറഞ്ഞു. 3 “അതു നിലത്ത് ഇടുക” എന്നു ദൈവം പറഞ്ഞു. മോശ അതു നിലത്ത് ഇട്ടു. അതൊരു സർപ്പമായിത്തീർന്നു.+ മോശ അതിന്റെ അടുത്തുനിന്ന് ഓടിമാറി. 4 അപ്പോൾ യഹോവ മോശയോട്, “നിന്റെ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക” എന്നു പറഞ്ഞു. മോശ കൈ നീട്ടി അതിനെ പിടിച്ചു. അതു മോശയുടെ കൈയിൽ ഒരു വടിയായി മാറി. 5 അപ്പോൾ ദൈവം പറഞ്ഞു: “അവരുടെ പൂർവികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമായ യഹോവ+ നിനക്കു പ്രത്യക്ഷനായെന്ന് അവർ വിശ്വസിക്കാനാണ് ഇത്.”+
6 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “ദയവായി നിന്റെ കൈ വസ്ത്രത്തിന്റെ മേൽമടക്കിനുള്ളിൽ ഇടുക.” അങ്ങനെ മോശ കൈ വസ്ത്രത്തിന്റെ മടക്കിനുള്ളിൽ ഇട്ടു. കൈ പുറത്തെടുത്തപ്പോൾ അതാ, അതു കുഷ്ഠം ബാധിച്ച് ഹിമംപോലെയായിരിക്കുന്നു!+ 7 അപ്പോൾ ദൈവം, “നിന്റെ കൈ വീണ്ടും വസ്ത്രത്തിന്റെ മേൽമടക്കിനുള്ളിൽ ഇടുക” എന്നു പറഞ്ഞു. അങ്ങനെ മോശ കൈ വീണ്ടും വസ്ത്രത്തിനുള്ളിൽ ഇട്ടു. കൈ പുറത്ത് എടുത്തപ്പോൾ അതു മറ്റു ശരീരഭാഗങ്ങൾപോലെ പൂർവസ്ഥിതിയിലായിരുന്നു! 8 തുടർന്ന് ദൈവം പറഞ്ഞു: “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ആദ്യത്തെ അടയാളത്തിനു ശ്രദ്ധ കൊടുക്കാതിരിക്കുകയോ ചെയ്താലും ഈ രണ്ടാമത്തെ അടയാളം+ തീർച്ചയായും ഗൗനിക്കും. 9 ഇനി അഥവാ ഈ രണ്ട് അടയാളവും അവർ വിശ്വസിക്കാതിരിക്കുകയും നിന്റെ വാക്കു കേൾക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നെങ്കിൽ, നൈൽ നദിയിൽനിന്ന് കുറച്ച് വെള്ളം എടുത്ത് ഉണങ്ങിയ നിലത്ത് ഒഴിക്കുക. നൈലിൽനിന്ന് നീ എടുക്കുന്ന വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും.”+
10 അപ്പോൾ മോശ യഹോവയോടു പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമിക്കേണമേ. ഞാൻ ഒരിക്കലും ഒഴുക്കോടെ സംസാരിച്ചിട്ടില്ല, എനിക്ക് അതിനു കഴിയില്ലല്ലോ. അങ്ങ് ഈ ദാസനോടു സംസാരിച്ചതിനു മുമ്പും സംസാരിച്ചശേഷവും അത് അങ്ങനെതന്നെയാണ്. വാക്കിനു തടസ്സവും* നാവിന് ഇടർച്ചയും ഉള്ളവനാണു ഞാൻ.”+ 11 മറുപടിയായി യഹോവ പറഞ്ഞു: “മനുഷ്യർക്കു വായ് കൊടുത്തത് ആരാണ്? അവരെ ഊമരോ ബധിരരോ കാഴ്ചയുള്ളവരോ കാഴ്ചയില്ലാത്തവരോ ആക്കുന്നത് ആരാണ്? യഹോവയെന്ന ഞാനല്ലേ? 12 അതുകൊണ്ട് ഇപ്പോൾ പോകൂ. നീ സംസാരിക്കുമ്പോൾ ഞാൻ നിന്റെകൂടെയുണ്ടാകും.* പറയേണ്ടത് എന്താണെന്നു ഞാൻ നിന്നെ പഠിപ്പിക്കും.”+ 13 എന്നാൽ മോശ പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമിക്കേണമേ. ഇതു ചെയ്യാൻ ദയവായി മറ്റാരെയെങ്കിലും അയച്ചാലും.” 14 അപ്പോൾ യഹോവ മോശയോടു വല്ലാതെ കോപിച്ചു. ദൈവം പറഞ്ഞു: “നിനക്കൊരു സഹോദരനില്ലേ, ലേവ്യനായ അഹരോൻ?+ അവനു നന്നായി സംസാരിക്കാൻ കഴിയുമെന്ന് എനിക്ക് അറിയാം. അവൻ ഇപ്പോൾ നിന്നെ കാണാൻ ഇങ്ങോട്ടു വരുന്നുണ്ട്. നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആഹ്ലാദിക്കും.+ 15 നീ അവനോടു സംസാരിച്ച് എന്റെ വാക്കുകൾ അവനു പറഞ്ഞുകൊടുക്കണം.+ നിങ്ങൾ സംസാരിക്കുമ്പോൾ ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ എന്താണു ചെയ്യേണ്ടതെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കും. 16 അവൻ നിനക്കുവേണ്ടി ജനത്തോടു സംസാരിക്കും. അവൻ നിന്റെ വക്താവായിരിക്കും; നീയോ അവനു ദൈവത്തെപ്പോലെയും.*+ 17 നീ ഈ വടി കൈയിലെടുക്കണം. അത് ഉപയോഗിച്ച് നീ അടയാളങ്ങൾ കാണിക്കും.”+
18 അതനുസരിച്ച് മോശ അമ്മായിയപ്പനായ യിത്രൊയുടെ+ അടുത്ത് മടങ്ങിച്ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ സഹോദരന്മാർ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് അറിയാൻവേണ്ടി അവിടേക്കു മടങ്ങിപ്പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവുചെയ്ത് അതിന് എന്നെ അനുവദിച്ചാലും.” അപ്പോൾ യിത്രൊ മോശയോട്, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. 19 അതിനു ശേഷം മിദ്യാനിൽവെച്ച് യഹോവ മോശയോടു പറഞ്ഞു: “പോകൂ, ഈജിപ്തിലേക്കു മടങ്ങിപ്പോകൂ. നിന്നെ കൊല്ലാൻ നോക്കിയവരെല്ലാം മരിച്ചുപോയി.”+
20 അപ്പോൾ മോശ ഭാര്യയെയും പുത്രന്മാരെയും കൊണ്ടുചെന്ന് കഴുതപ്പുറത്ത് കയറ്റി. എന്നിട്ട് ഈജിപ്ത് ദേശത്തേക്കു മടങ്ങി. സത്യദൈവത്തിന്റെ വടിയും മോശ കൈയിൽ എടുത്തു. 21 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “നീ ഈജിപ്തിൽ എത്തിയശേഷം, ഞാൻ നിനക്കു തന്നിട്ടുള്ള ശക്തി ഉപയോഗിച്ച് ഫറവോന്റെ മുന്നിൽ ആ അത്ഭുതങ്ങളെല്ലാം കാണിക്കണം.+ പക്ഷേ അവന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ അവൻ ജനത്തെ വിട്ടയയ്ക്കില്ല.+ 22 നീ ഫറവോനോടു പറയണം: ‘യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “ഇസ്രായേൽ എന്റെ മകനാണ്, എന്റെ മൂത്ത മകൻ.+ 23 ഞാൻ നിന്നോടു പറയുന്നു: എന്നെ സേവിക്കാൻവേണ്ടി എന്റെ മകനെ വിട്ടയയ്ക്കുക. എന്നാൽ അവനെ വിട്ടയയ്ക്കാൻ നീ വിസമ്മതിക്കുന്നെങ്കിൽ ഞാൻ നിന്റെ മകനെ, നിന്റെ മൂത്ത മകനെ, കൊന്നുകളയും.”’”+
24 വഴിമധ്യേ താമസസ്ഥലത്തുവെച്ച് യഹോവ+ അവനെ എതിരിട്ട് അവനെ കൊല്ലാൻ നോക്കി.+ 25 ഒടുവിൽ സിപ്പോറ+ ഒരു തീക്കല്ല്* എടുത്ത് പുത്രന്റെ അഗ്രചർമം പരിച്ഛേദന* ചെയ്ത് അത് അവന്റെ പാദങ്ങളിൽ മുട്ടാൻ ഇടയാക്കി. എന്നിട്ട് അവൾ, “അങ്ങ് എനിക്കൊരു രക്തമണവാളനായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്” എന്നു പറഞ്ഞു. 26 അപ്പോൾ ദൈവം അവനെ പോകാൻ അനുവദിച്ചു. പരിച്ഛേദന നിമിത്തം “ഒരു രക്തമണവാളൻ” എന്ന് അവൾ അപ്പോൾ പറഞ്ഞു.
27 പിന്നെ യഹോവ അഹരോനോട്, “വിജനഭൂമിയിൽ ചെന്ന് മോശയെ കാണുക”+ എന്നു പറഞ്ഞു. അങ്ങനെ അഹരോൻ പോയി സത്യദൈവത്തിന്റെ പർവതത്തിൽവെച്ച്+ മോശയെ കണ്ടു. അഹരോൻ മോശയെ ചുംബിച്ച് അഭിവാദനം ചെയ്തു. 28 തുടർന്ന് മോശ, തന്നെ അയച്ച യഹോവ പറഞ്ഞ എല്ലാ കാര്യങ്ങളും+ തന്നോടു ചെയ്യാൻ കല്പിച്ച എല്ലാ അടയാളങ്ങളും+ അഹരോനോടു വിശദീകരിച്ചു. 29 അതിനു ശേഷം മോശയും അഹരോനും പോയി ഇസ്രായേല്യരുടെ കൂട്ടത്തിലെ എല്ലാ മൂപ്പന്മാരെയും വിളിച്ചുകൂട്ടി.+ 30 യഹോവ മോശയോടു പറഞ്ഞതെല്ലാം അഹരോൻ അവരെ അറിയിച്ചു. ജനത്തിന്റെ മുന്നിൽവെച്ച് മോശ ആ അടയാളങ്ങൾ കാണിച്ചു.+ 31 അപ്പോൾ ജനം വിശ്വസിച്ചു.+ യഹോവ ഇസ്രായേല്യരുടെ നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നെന്നും+ അവരുടെ കഷ്ടപ്പാടുകൾ കണ്ടിരിക്കുന്നെന്നും+ കേട്ടപ്പോൾ അവർ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.
5 അതിനു ശേഷം മോശയും അഹരോനും ഫറവോന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘വിജനഭൂമിയിൽവെച്ച് എനിക്ക് ഒരു ഉത്സവം ആഘോഷിക്കാൻവേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക.’” 2 എന്നാൽ ഫറവോൻ പറഞ്ഞു: “ഇസ്രായേലിനെ വിട്ടയയ്ക്കണമെന്ന യഹോവയുടെ വാക്കു ഞാൻ കേൾക്കാൻമാത്രം അവൻ ആരാണ്?+ ഞാൻ യഹോവയെ അറിയുകയേ ഇല്ല. മാത്രമല്ല ഞാൻ ഇസ്രായേലിനെ വിട്ടയയ്ക്കാനുംപോകുന്നില്ല.”+ 3 എന്നാൽ അവർ ഇങ്ങനെ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങളോടു സംസാരിച്ചു. ഞങ്ങൾ മൂന്നു ദിവസത്തെ യാത്ര പോയി വിജനഭൂമിയിൽ ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കാൻ ആഗ്രഹിക്കുന്നു. ദയവായി അതിന് അനുവദിച്ചാലും.+ അല്ലെങ്കിൽ ദൈവം ഞങ്ങളെ രോഗംകൊണ്ടോ വാളുകൊണ്ടോ പ്രഹരിക്കും.” 4 അപ്പോൾ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ, നിങ്ങൾ ഈ ആളുകളുടെ പണി മിനക്കെടുത്താൻ നോക്കുന്നത് എന്തിനാണ്? പോയി നിങ്ങളെ ഏൽപ്പിച്ച പണി+ ചെയ്യാൻ നോക്ക്!” 5 ഫറവോൻ ഇങ്ങനെയും പറഞ്ഞു: “എത്ര ആളുകളാണു ദേശത്തുള്ളതെന്ന് അറിയാമോ? ഇവരുടെയെല്ലാം പണി മിനക്കെടുത്തുകയാണു നിങ്ങൾ.”
6 അടിമപ്പണി ചെയ്യിക്കുന്ന അധികാരികളോടും അവരുടെ കീഴിലുള്ള അധികാരികളോടും അന്നുതന്നെ ഫറവോൻ ഇങ്ങനെ കല്പിച്ചു: 7 “നിങ്ങൾ ഇനി ജനത്തിന് ഇഷ്ടിക ഉണ്ടാക്കാനുള്ള വയ്ക്കോൽ കൊടുക്കരുത്.+ അവർതന്നെ പോയി വയ്ക്കോൽ ശേഖരിക്കട്ടെ. 8 എന്നാൽ മുമ്പ് ഉണ്ടാക്കിയിരുന്ന അത്രയുംതന്നെ ഇഷ്ടികകൾ നിങ്ങൾ അവരെക്കൊണ്ട് ഉണ്ടാക്കിക്കണം. അതിന് ഒരു കുറവും വരുത്താൻ സമ്മതിക്കരുത്, കാരണം അവർ മടിയന്മാരാണ്. അതുകൊണ്ടാണ് അവർ ‘ഞങ്ങൾക്കു പോകണം, ഞങ്ങൾക്കു ഞങ്ങളുടെ ദൈവത്തിനു ബലി അർപ്പിക്കണം!’ എന്നു പറഞ്ഞ് മുറവിളികൂട്ടുന്നത്. 9 അവരെ വെറുതേ ഇരിക്കാൻ വിടാതെ അവരുടെ ജോലി കൂടുതൽ കഠിനമാക്കണം. അല്ലെങ്കിൽ അവർ നുണകൾക്കു ചെവി കൊടുക്കും.”
10 അപ്പോൾ, അടിമപ്പണി ചെയ്യിക്കുന്ന അധികാരികളും+ അവരുടെ കീഴിലുള്ളവരും പുറത്ത് ചെന്ന് ജനത്തോടു പറഞ്ഞു: “ഫറവോൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഇനിമുതൽ ഞാൻ നിങ്ങൾക്കു വയ്ക്കോൽ തരില്ല. 11 നിങ്ങൾതന്നെ പോയി എവിടെനിന്നെങ്കിലും വയ്ക്കോൽ സംഘടിപ്പിച്ചുകൊള്ളണം. പക്ഷേ നിങ്ങളുടെ പണിക്ക് ഒട്ടും ഇളവ് കിട്ടില്ല.’” 12 വയ്ക്കോൽ കിട്ടാതായപ്പോൾ ജനം വയ്ക്കോൽക്കുറ്റി തേടി ഈജിപ്ത് ദേശത്തിന്റെ നാനാഭാഗത്തേക്കും പോയി. 13 അടിമപ്പണി ചെയ്യിക്കുന്ന അധികാരികളാണെങ്കിൽ, “വയ്ക്കോൽ തന്നിരുന്ന സമയത്ത് ചെയ്തിരുന്നതുപോലെ ഓരോ ദിവസത്തെയും പണി ചെയ്തുതീർക്കണം” എന്നു പറഞ്ഞ് അവരുടെ മേൽ സമ്മർദം ചെലുത്തിക്കൊണ്ടുമിരുന്നു. 14 അടിമപ്പണി ചെയ്യിക്കാൻ ഫറവോൻ ആക്കിയിരുന്ന അധികാരികൾ, ഇസ്രായേല്യരുടെ മേൽ അവർ നിയമിച്ച അധികാരികളെ മർദിക്കുകയും ചെയ്തു.+ അവർ അവരോടു ചോദിച്ചു: “ഉണ്ടാക്കാൻ പറഞ്ഞിരുന്നത്രയും ഇഷ്ടികകൾ നിങ്ങൾ ഇപ്പോൾ ഉണ്ടാക്കാത്തത് എന്താണ്? ഇന്നും ഇന്നലെയും ഇതുതന്നെ സംഭവിച്ചു.”
15 അതുകൊണ്ട് ഇസ്രായേല്യകീഴധികാരികൾ ഫറവോന്റെ അടുത്ത് ചെന്ന് ഇങ്ങനെ പരാതിപ്പെട്ടു: “അങ്ങ് എന്താണ് അങ്ങയുടെ ദാസരോട് ഇങ്ങനെ പെരുമാറുന്നത്? 16 ഞങ്ങൾക്കു വയ്ക്കോൽ തരുന്നില്ല. എന്നിട്ടും ‘ഇഷ്ടിക ഉണ്ടാക്ക്’ എന്ന് അവർ ഞങ്ങളോടു പറയുന്നു. അങ്ങയുടെ ഈ ദാസരെ അവർ മർദിക്കുന്നു. പക്ഷേ കുറ്റം അങ്ങയുടെ ആളുകളുടെ ഭാഗത്താണ്.” 17 അപ്പോൾ ഫറവോൻ പറഞ്ഞു: “നിങ്ങൾ മടിയന്മാരാണ്, മടിയന്മാർ!+ അതുകൊണ്ടാണ് ‘ഞങ്ങൾക്കു പോകണം, യഹോവയ്ക്കു ബലി അർപ്പിക്കണം!’ എന്നൊക്കെ നിങ്ങൾ പറയുന്നത്.+ 18 പോ! പോയി പണി ചെയ്യ്! നിങ്ങൾക്കു വയ്ക്കോൽ തരില്ല. പക്ഷേ ഉണ്ടാക്കേണ്ട ഇഷ്ടികകളുടെ എണ്ണത്തിൽ ഒരു ഇളവുമില്ല. അത്രയുംതന്നെ നിങ്ങൾ ഇനിയും ഉണ്ടാക്കണം.”
19 “ഓരോ ദിവസവും ഉണ്ടാക്കേണ്ട ഇഷ്ടികകളുടെ എണ്ണത്തിൽ ഒരു കുറവും വരുത്തരുത്” എന്ന കല്പന തങ്ങളെ ആകപ്പാടെ കഷ്ടത്തിലാക്കിയിരിക്കുന്നെന്ന് ഇസ്രായേല്യകീഴധികാരികൾ മനസ്സിലാക്കി. 20 അവർ ഫറവോന്റെ അടുത്തുനിന്ന് പുറത്ത് വന്നപ്പോൾ മോശയും അഹരോനും അവരെ കാത്തുനിൽക്കുന്നതു കണ്ടു. 21 മോശയെയും അഹരോനെയും കണ്ട മാത്രയിൽ അവർ പറഞ്ഞു: “ഫറവോന്റെയും ദാസന്മാരുടെയും മുന്നിൽ ഞങ്ങളെ നാറ്റിച്ച് ഞങ്ങളെ കൊല്ലാൻ അവരുടെ കൈയിൽ വാൾ നൽകിയ നിങ്ങളെ യഹോവ ന്യായം വിധിക്കട്ടെ.”+ 22 അപ്പോൾ മോശ യഹോവയുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “യഹോവേ, എന്തിനാണ് ഈ ജനത്തെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്? എന്തിനാണ് എന്നെ അയച്ചത്? 23 അങ്ങയുടെ നാമത്തിൽ സംസാരിക്കാൻ+ ഞാൻ ഫറവോന്റെ മുന്നിൽ ചെന്നതുമുതൽ അവൻ ഈ ജനത്തോട് അങ്ങേയറ്റം മോശമായിട്ടാണു പെരുമാറുന്നത്.+ അങ്ങാകട്ടെ അങ്ങയുടെ ഈ ജനത്തെ ഇതുവരെ രക്ഷിച്ചിട്ടുമില്ല.”+
6 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും.+ അവരെ വിട്ടയയ്ക്കാൻ ശക്തമായ ഒരു കൈ അവനെ നിർബന്ധിക്കും. ആ കൈ കാരണം അവന് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാതെ നിവൃത്തിയില്ലെന്നാകും.”+
2 പിന്നെ ദൈവം മോശയോടു പറഞ്ഞു: “ഞാൻ യഹോവയാണ്. 3 യഹോവ എന്ന എന്റെ പേര്+ ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വെളിപ്പെടുത്തിയില്ലെങ്കിലും+ സർവശക്തനായ ദൈവമായി+ ഞാൻ അവർക്കു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. 4 അവർ പരദേശികളായി താമസിച്ചിരുന്ന കനാൻ ദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരുമായി ഉടമ്പടിയും ചെയ്തിരുന്നു.+ 5 ഈജിപ്തുകാർ അടിമകളാക്കിയിരിക്കുന്ന ഇസ്രായേൽ ജനത്തിന്റെ ദീനരോദനം ഞാൻ കേട്ടിരിക്കുന്നു. ഞാൻ എന്റെ ഉടമ്പടിയും ഓർക്കുന്നു.+
6 “അതുകൊണ്ട് ഇസ്രായേല്യരോടു പറയുക: ‘ഞാൻ യഹോവയാണ്. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിക്കും. അവരുടെ അടിമത്തത്തിൽനിന്ന് ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.+ നീട്ടിയ* കൈകൊണ്ടും മഹാന്യായവിധികൾകൊണ്ടും ഞാൻ നിങ്ങളെ വീണ്ടെടുക്കും.+ 7 ഞാൻ നിങ്ങളെ എന്റെ ജനമായി കൈക്കൊള്ളുകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കുകയും+ ചെയ്യും. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് നിങ്ങളെ വിടുവിക്കുന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തീർച്ചയായും അറിയും. 8 അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ ആണയിട്ട്* പറഞ്ഞ ദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരും. അതു ഞാൻ നിങ്ങൾക്ക് അവകാശമായി തരും.+ ഞാൻ യഹോവയാണ്.’”+
9 പിന്നീട് മോശ ഈ വിവരം ഇസ്രായേല്യരെ അറിയിച്ചു. പക്ഷേ നിരുത്സാഹവും കഠിനമായ അടിമപ്പണിയും കാരണം അവർ മോശ പറഞ്ഞതു കേൾക്കാൻ കൂട്ടാക്കിയില്ല.+
10 തുടർന്ന് യഹോവ മോശയോട്, 11 “ഈജിപ്ത് രാജാവായ ഫറവോന്റെ അടുത്ത് ചെന്ന് ഇസ്രായേല്യരെ ആ ദേശത്തുനിന്ന് വിട്ടയയ്ക്കണമെന്നു പറയുക” എന്നു പറഞ്ഞു. 12 എന്നാൽ മോശ യഹോവയോടു പറഞ്ഞു: “ഇസ്രായേല്യർപോലും ഞാൻ പറഞ്ഞതു കേട്ടില്ല.+ പിന്നെ ഫറവോൻ എങ്ങനെ കേൾക്കാനാണ്, പോരെങ്കിൽ ഞാൻ തപ്പിത്തടഞ്ഞാണു സംസാരിക്കുന്നതും.”*+ 13 എന്നാൽ ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേല്യരെ വിടുവിക്കാൻ ഇസ്രായേല്യർക്കും ഈജിപ്തിലെ രാജാവായ ഫറവോനും എന്തെല്ലാം ആജ്ഞകൾ കൊടുക്കണമെന്ന് യഹോവ വീണ്ടും മോശയോടും അഹരോനോടും പറഞ്ഞു.
14 ഇസ്രായേല്യരുടെ പിതൃഭവനത്തലവന്മാർ* ഇവരാണ്: ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ+ പുത്രന്മാർ: ഹാനോക്ക്, പല്ലു, ഹെസ്രോൻ, കർമ്മി.+ ഇവയാണു രൂബേന്റെ കുടുംബങ്ങൾ.
15 ശിമെയോന്റെ പുത്രന്മാർ: യമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാൻകാരിയുടെ പുത്രനായ ശാവൂൽ.+ ഇവയാണു ശിമെയോന്റെ കുടുംബങ്ങൾ.
16 ലേവിയുടെ+ പുത്രന്മാർ: ഗർശോൻ, കൊഹാത്ത്, മെരാരി.+ അവരിൽനിന്ന് അവരുടെ സന്തതിപരമ്പര ഉത്ഭവിച്ചു. ലേവി 137 വർഷം ജീവിച്ചു.
17 ഗർശോന്റെ പുത്രന്മാർ: അവരുടെ കുടുംബപ്രകാരം ലിബ്നി, ശിമെയി.+
18 കൊഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.+ കൊഹാത്ത് 133 വർഷം ജീവിച്ചു.
19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
ലേവ്യരുടെ പുത്രന്മാരിൽനിന്ന് ഉത്ഭവിച്ച കുടുംബങ്ങൾ ഇവയാണ്.+
20 അമ്രാം ഭാര്യയായി സ്വീകരിച്ചതു പിതൃസഹോദരിയായ യോഖേബെദിനെയാണ്.+ യോഖേബെദിൽ അമ്രാമിന് അഹരോനും മോശയും ജനിച്ചു.+ അമ്രാം 137 വർഷം ജീവിച്ചു.
21 യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്,+ നേഫെഗ്, സിക്രി.
22 ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ,+ സിത്രി.
23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു.
24 കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാന, അബിയാസാഫ്.+ കോരഹ്യരുടെ കുടുംബങ്ങൾ+ ഇവയായിരുന്നു.
25 അഹരോന്റെ മകൻ എലെയാസർ+ പൂത്തിയേലിന്റെ ഒരു മകളെ ഭാര്യയായി സ്വീകരിച്ചു. അവളിൽ എലെയാസരിനു ഫിനെഹാസ്+ ജനിച്ചു.
കുടുംബംകുടുംബമായി ലേവ്യരുടെ പിതൃഭവനത്തലവന്മാർ ഇവരാണ്.+
26 ഈ അഹരോനോടും മോശയോടും ആണ്, “ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ ഗണംഗണമായി* വിടുവിച്ച് കൊണ്ടുവരുക” എന്ന് യഹോവ പറഞ്ഞത്.+ 27 ഇതേ മോശയും അഹരോനും ആണ് ഈജിപ്തിൽനിന്ന് ഇസ്രായേൽ ജനത്തെ വിടുവിക്കാൻവേണ്ടി+ ഈജിപ്ത് രാജാവായ ഫറവോനോടു സംസാരിച്ചത്.
28 ഈജിപ്ത് ദേശത്തുവെച്ച് യഹോവ മോശയോടു സംസാരിച്ച ദിവസം 29 യഹോവ പറഞ്ഞു: “ഞാൻ യഹോവയാണ്. ഞാൻ നിന്നോടു സംസാരിക്കുന്നതെല്ലാം ഈജിപ്ത് രാജാവായ ഫറവോനോടു പറയണം.” 30 അപ്പോൾ മോശ യഹോവയോടു ചോദിച്ചു: “ഞാൻ തപ്പിത്തടഞ്ഞ് സംസാരിക്കുന്നവനല്ലേ? ആ സ്ഥിതിക്ക്, ഞാൻ പറയുന്നതു ഫറവോൻ കേൾക്കുമോ?”+
7 യഹോവ പിന്നെ മോശയോടു പറഞ്ഞു: “ഇതാ! ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു.* നിന്റെ സഹോദരനായ അഹരോനെ നിനക്കു പ്രവാചകനും.+ 2 ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം നീ അഹരോനോടു പറയണം. നിന്റെ സഹോദരനായ അഹരോൻ ഫറവോനോടു സംസാരിക്കും. ഫറവോൻ തന്റെ ദേശത്തുനിന്ന് ഇസ്രായേല്യരെ വിട്ടയയ്ക്കുകയും ചെയ്യും. 3 എന്നാൽ ഫറവോന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ ഈജിപ്ത് ദേശത്ത് എന്റെ അടയാളങ്ങളും അത്ഭുതങ്ങളും+ ഞാൻ പല മടങ്ങു വർധിപ്പിക്കുകയും ചെയ്യും. 4 പക്ഷേ ഫറവോൻ നിങ്ങൾ പറയുന്നതു കേൾക്കില്ല. ഞാൻ ഈജിപ്തിന്മേൽ കൈവെച്ച് മഹാന്യായവിധികളോടെ ആ ദേശത്തുനിന്ന് എന്റെ വലിയ ജനസമൂഹത്തെ,* എന്റെ ജനമായ ഇസ്രായേല്യരെ, വിടുവിച്ച് കൊണ്ടുവരും.+ 5 ഞാൻ ഈജിപ്തിന് എതിരെ എന്റെ കൈ നീട്ടി അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഞാൻ യഹോവയാണെന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+ 6 മോശയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെതന്നെ ചെയ്തു. 7 ഫറവോനോടു സംസാരിച്ചപ്പോൾ മോശയ്ക്ക് 80 വയസ്സും+ അഹരോന് 83 വയസ്സും ഉണ്ടായിരുന്നു.
8 യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 9 “ഫറവോൻ നിങ്ങളോട്, ‘ഒരു അത്ഭുതം കാണിക്കൂ’ എന്നു പറഞ്ഞാൽ, ‘വടി എടുത്ത് ഫറവോന്റെ മുന്നിൽ നിലത്ത് ഇടൂ’ എന്നു നീ അഹരോനോടു പറയണം. അതു വലിയൊരു പാമ്പായിത്തീരും.”+ 10 അങ്ങനെ, മോശയും അഹരോനും ഫറവോന്റെ അടുത്ത് ചെന്ന് യഹോവ കല്പിച്ചതുപോലെതന്നെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും ദാസന്മാരുടെയും മുമ്പാകെ നിലത്ത് ഇട്ടു. അതു വലിയൊരു പാമ്പായിത്തീർന്നു. 11 എന്നാൽ ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും* വിളിച്ചുവരുത്തി. ഈജിപ്തിലെ മന്ത്രവാദികളും+ അവരുടെ മാന്ത്രികവിദ്യയാൽ അതുതന്നെ ചെയ്തു.+ 12 അവർ ഓരോരുത്തരും അവരുടെ വടി താഴെ ഇട്ടു. അവയും വലിയ പാമ്പുകളായിത്തീർന്നു. പക്ഷേ, അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13 എന്നിട്ടും, ഫറവോൻ അവർക്കു ചെവി കൊടുത്തില്ല, ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു.+ അങ്ങനെ, യഹോവ പറഞ്ഞതുതന്നെ സംഭവിച്ചു.
14 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഫറവോന്റെ ഹൃദയത്തിന് ഒരു കുലുക്കവുമില്ല.+ ജനത്തെ വിട്ടയയ്ക്കാൻ അവൻ സമ്മതിക്കുന്നില്ല. 15 രാവിലെ ഫറവോന്റെ അടുത്ത് ചെല്ലുക. അതാ, അവൻ വെള്ളത്തിന്റെ അടുത്തേക്കു പോകുന്നു! നീ നൈൽ നദിയുടെ തീരത്ത് അവനെ കാത്തുനിൽക്കണം. സർപ്പമായിത്തീർന്ന വടിയും+ നീ കൈയിലെടുക്കണം. 16 നീ അവനോട് ഇങ്ങനെ പറയണം: ‘എബ്രായരുടെ ദൈവമായ യഹോവയാണ്+ എന്നെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. ദൈവം ഇങ്ങനെ പറയുന്നു: “വിജനഭൂമിയിൽ ചെന്ന് എന്നെ സേവിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.” എന്നാൽ ഫറവോൻ ഇതുവരെ അനുസരിച്ചിട്ടില്ല. 17 ഇപ്പോൾ യഹോവ പറയുന്നത് ഇതാണ്: “ഞാൻ യഹോവയെന്ന് ഇങ്ങനെ നീ അറിയും.+ ഇതാ, എന്റെ കൈയിലിരിക്കുന്ന വടികൊണ്ട് ഞാൻ നൈൽ നദിയിലെ വെള്ളത്തിൽ അടിക്കുന്നു. അതു രക്തമായി മാറും. 18 നൈലിലെ മത്സ്യങ്ങൾ ചാകും, നൈൽ നാറും. ഈജിപ്തുകാർക്കു നൈലിൽനിന്ന് വെള്ളം കുടിക്കാൻ കഴിയാതെവരും.”’”
19 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “അഹരോനോടു പറയുക: ‘നിന്റെ വടി എടുത്ത് ഈജിപ്തിലെ വെള്ളത്തിനു മീതെ, അവിടത്തെ നദികളുടെയും കനാലുകളുടെയും* ചതുപ്പുനിലങ്ങളുടെയും+ എല്ലാ ജലസംഭരണികളുടെയും മീതെ, നീട്ടുക.+ അങ്ങനെ അവയെല്ലാം രക്തമായിത്തീരട്ടെ.’ ഈജിപ്ത് ദേശം മുഴുവൻ, മരപ്പാത്രങ്ങളിലും കൽപ്പാത്രങ്ങളിലും പോലും, രക്തമായിരിക്കും.” 20 ഉടനെ മോശയും അഹരോനും യഹോവ കല്പിച്ചതുപോലെതന്നെ ചെയ്തു. ഫറവോന്റെയും ദാസരുടെയും കൺമുന്നിൽവെച്ച് അഹരോൻ വടി ഉയർത്തി നൈൽ നദിയിലെ വെള്ളത്തിൽ അടിച്ചു. നൈലിലുണ്ടായിരുന്ന വെള്ളം മുഴുവനും രക്തമായി മാറി.+ 21 നദിയിലെ മത്സ്യങ്ങൾ ചത്തൊടുങ്ങി;+ നദി നാറാൻതുടങ്ങി. ഈജിപ്തുകാർക്കു നൈലിൽനിന്ന് വെള്ളം കുടിക്കാൻ കഴിയാതെയായി.+ ഈജിപ്ത് ദേശത്ത് എല്ലായിടത്തും രക്തമായിരുന്നു.
22 എന്നാൽ ഈജിപ്തിലെ മന്ത്രവാദികളും+ അവരുടെ ഗൂഢവിദ്യയാൽ അതുതന്നെ ചെയ്തു. അതുകൊണ്ട് യഹോവ പറഞ്ഞതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തന്നെയിരുന്നു. ഫറവോൻ അവർ പറഞ്ഞതു കേട്ടില്ല.+ 23 ഇത് ഒട്ടും കാര്യമാക്കിയതുമില്ല. പിന്നെ ഫറവോൻ കൊട്ടാരത്തിലേക്കു മടങ്ങി. 24 നൈലിലെ വെള്ളം കുടിക്കാൻ ഒട്ടും കൊള്ളില്ലായിരുന്നതുകൊണ്ട് ഈജിപ്തുകാരെല്ലാം കുടിവെള്ളത്തിനായി നൈലിനു ചുറ്റും കുഴി കുഴിച്ചുതുടങ്ങി. 25 അങ്ങനെ, യഹോവ നൈലിനെ അടിച്ചിട്ട് ഏഴു ദിവസം കടന്നുപോയി.
8 പിന്നെ യഹോവ മോശയോടു പറഞ്ഞു: “നീ ഫറവോന്റെ അടുത്ത് ചെന്ന് പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “എന്നെ സേവിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.+ 2 അവരെ വിട്ടയയ്ക്കാൻ നീ ഇനിയും വിസമ്മതിച്ചാൽ ഞാൻ തവളകളെ+ അയച്ച് നിന്റെ ദേശത്തുള്ളവരെയെല്ലാം കഷ്ടപ്പെടുത്തും. 3 നൈൽ നദിയിൽ തവളകൾ പെരുകിയിട്ട് അവ കയറിവന്ന് നിന്റെ വീട്ടിലും കിടപ്പറയിലും കിടക്കയിലും നിന്റെ ദാസരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും നിന്റെ അടുപ്പുകളിലും മാവ് കുഴയ്ക്കുന്ന പാത്രങ്ങളിലും കയറും.+ 4 തവളകൾ നിന്റെ മേലും നിന്റെ ജനത്തിന്റെ മേലും നിന്റെ എല്ലാ ദാസരുടെ മേലും കയറും.”’”
5 പിന്നീട് യഹോവ മോശയോടു പറഞ്ഞു: “അഹരോനോട് ഇങ്ങനെ പറയുക: ‘നിന്റെ വടി കൈയിലെടുത്ത് നദികളുടെയും നൈലിന്റെ കനാലുകളുടെയും ചതുപ്പുനിലങ്ങളുടെയും മീതെ നീട്ടുക, ഈജിപ്ത് ദേശത്തേക്കു തവളകൾ കയറിവരട്ടെ.’” 6 അങ്ങനെ അഹരോൻ ഈജിപ്തിലെ വെള്ളത്തിന്മേൽ കൈ നീട്ടി; തവളകൾ കയറിവന്ന് ഈജിപ്ത് ദേശം മുഴുവൻ നിറഞ്ഞു. 7 എന്നാൽ മന്ത്രവാദികളും അവരുടെ ഗൂഢവിദ്യയാൽ അതുതന്നെ ചെയ്തു. ഈജിപ്ത് ദേശത്ത് അവരും തവളകളെ വരുത്തി.+ 8 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “എന്റെയും എന്റെ ജനത്തിന്റെയും ഇടയിൽനിന്ന് തവളകളെ നീക്കിത്തരാൻ യഹോവയോടു യാചിക്കൂ.+ യഹോവയ്ക്കു ബലി അർപ്പിക്കാൻവേണ്ടി ജനത്തെ വിട്ടയയ്ക്കാൻ ഞാൻ തയ്യാറാണ്.” 9 അപ്പോൾ മോശ ഫറവോനോടു പറഞ്ഞു: “തവളകൾ അങ്ങയെയും അങ്ങയുടെ ദാസരെയും ജനത്തെയും വീടുകളെയും വിട്ട് പോകാൻ ഞാൻ എപ്പോഴാണു യാചിക്കേണ്ടതെന്ന് അങ്ങുതന്നെ എന്നോടു പറഞ്ഞാലും. പിന്നെ നൈൽ നദിയിലല്ലാതെ വേറെങ്ങും അവയെ കാണില്ല.” 10 അപ്പോൾ ഫറവോൻ, “നാളെ” എന്നു പറഞ്ഞു. മറുപടിയായി മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ മറ്റാരുമില്ലെന്ന്+ അങ്ങ് അറിയാൻ അങ്ങയുടെ വാക്കുപോലെതന്നെ സംഭവിക്കും. 11 തവളകൾ അങ്ങയെയും അങ്ങയുടെ വീടുകളെയും ദാസരെയും ജനത്തെയും വിട്ട് പോകും. പിന്നെ നൈൽ നദിയിലല്ലാതെ വേറെങ്ങും അവയെ കാണില്ല.”+
12 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുത്തുനിന്ന് പോയി. യഹോവ ഫറവോന്റെ മേൽ വരുത്തിയ തവളകൾ നീങ്ങിക്കിട്ടാൻ മോശ ദൈവത്തോടു യാചിച്ചു.+ 13 മോശ അപേക്ഷിച്ചതുപോലെ യഹോവ ചെയ്തു. വീടുകളിലും മുറ്റങ്ങളിലും വയലുകളിലും ഉള്ള തവളകൾ ചത്തുതുടങ്ങി. 14 അവർ അവയെ കൂമ്പാരംകൂമ്പാരമായി കൂട്ടിക്കൊണ്ടിരുന്നു, എണ്ണമറ്റ കൂമ്പാരങ്ങൾ! ദേശം നാറാൻതുടങ്ങി. 15 എന്നാൽ സ്വസ്ഥത വന്നെന്നു കണ്ടപ്പോൾ, യഹോവ പറഞ്ഞിരുന്നതുപോലെതന്നെ ഫറവോൻ ഹൃദയം കഠിനമാക്കി.+ ഫറവോൻ അവർക്കു ചെവി കൊടുക്കാൻ വിസമ്മതിച്ചു.
16 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “അഹരോനോട് ഇങ്ങനെ പറയുക: ‘നിന്റെ വടി നീട്ടി നിലത്തെ പൊടിയിൽ അടിക്കുക. അപ്പോൾ അതു കൊതുകുകളായി* ഈജിപ്ത് ദേശത്തെല്ലാം നിറയും.’” 17 അവർ അങ്ങനെ ചെയ്തു. അഹരോൻ കൈയിലിരുന്ന വടി നീട്ടി നിലത്തെ പൊടിയിൽ അടിച്ചു. അപ്പോൾ കൊതുകുകൾ വന്ന് മനുഷ്യരെയും മൃഗങ്ങളെയും പൊതിഞ്ഞു. നിലത്തെ പൊടി മുഴുവൻ ഈജിപ്ത് ദേശത്തെങ്ങും കൊതുകുകളായി മാറി.+ 18 മന്ത്രവാദികൾ അവരുടെ ഗൂഢവിദ്യ ഉപയോഗിച്ച്+ അതുപോലെതന്നെ കൊതുകുകളെ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അവർക്കു സാധിച്ചില്ല. കൊതുകുകൾ വന്ന് മനുഷ്യരെയും മൃഗങ്ങളെയും പൊതിഞ്ഞു. 19 അതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട്, “ഇതു ദൈവത്തിന്റെ വിരലാണ്!”+ എന്നു പറഞ്ഞു. പക്ഷേ യഹോവ പറഞ്ഞതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തന്നെയിരുന്നു. ഫറവോൻ അവർക്കു ചെവി കൊടുത്തില്ല.
20 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുന്നിൽ ചെന്ന് നിൽക്കുക. അതാ, അവൻ വെള്ളത്തിന്റെ അടുത്തേക്കു വരുന്നു! നീ അവനോടു പറയണം: ‘യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “എന്നെ സേവിക്കാൻ എന്റെ ജനത്തെ വിടുക. 21 എന്നാൽ നീ എന്റെ ജനത്തെ വിടുന്നില്ലെങ്കിൽ ഞാൻ നിന്റെ മേലും നിന്റെ ദാസരുടെ മേലും നിന്റെ ജനത്തിന്റെ മേലും നിന്റെ വീടുകളിലും രക്തം കുടിക്കുന്ന ഈച്ചയെ അയയ്ക്കും. ഈജിപ്തിലെ വീടുകളിലെല്ലാം അവ നിറയും. ഈജിപ്തുകാരുടെ പ്രദേശത്ത് കാലു കുത്താൻപോലും ഇടമില്ലാത്ത വിധം അവ നിലം മുഴുവൻ മൂടിക്കളയും. 22 എന്റെ ജനം വസിക്കുന്ന ഗോശെൻ ദേശം ഞാൻ അന്നേ ദിവസം നിശ്ചയമായും ഒഴിച്ചുനിറുത്തും. ആ ഈച്ചകളിൽ ഒരെണ്ണംപോലും അവിടെ കാണില്ല.+ അങ്ങനെ യഹോവ എന്ന ഞാൻ ഇവിടെ ഈ ദേശത്തുണ്ടെന്നു നീ അറിയും.+ 23 ഞാൻ എന്റെ ജനത്തിനും നിന്റെ ജനത്തിനും തമ്മിൽ പ്രകടമായ ഒരു വ്യത്യാസം വെക്കും. ഈ അടയാളം നാളെ സംഭവിക്കും.”’”
24 യഹോവ അങ്ങനെതന്നെ ചെയ്തു. രക്തം കുടിക്കുന്ന ഈച്ചകൾ വലിയ കൂട്ടങ്ങളായി വന്ന് ഫറവോന്റെ കൊട്ടാരത്തിലും ഫറവോന്റെ ദാസരുടെ വീടുകളിലും ഈജിപ്ത് ദേശത്ത് എല്ലായിടത്തും ആക്രമണം തുടങ്ങി.+ ഈച്ചകൾ ദേശം നശിപ്പിച്ചു.+ 25 ഒടുവിൽ ഫറവോൻ മോശയെയും അഹരോനെയും വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “പൊയ്ക്കൊള്ളൂ. ഈ ദേശത്ത് എവിടെയെങ്കിലുംവെച്ച് നിങ്ങളുടെ ദൈവത്തിനു ബലി അർപ്പിച്ചുകൊള്ളൂ.” 26 എന്നാൽ മോശ പറഞ്ഞു: “അതു ശരിയാകില്ല. കാരണം ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കുന്ന ബലികൾ ഈജിപ്തുകാർക്ക് അറപ്പാണ്.+ ഈജിപ്തുകാരുടെ കൺമുന്നിൽവെച്ച് അവർക്ക് അറപ്പു തോന്നുന്ന ബലി അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയില്ലേ? 27 ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു പറഞ്ഞതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ യാത്രപോയി വിജനഭൂമിയിൽവെച്ച് ദൈവത്തിനു ബലി അർപ്പിക്കും.”+
28 അപ്പോൾ ഫറവോൻ പറഞ്ഞു: “വിജനഭൂമിയിൽവെച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കാൻ ഞാൻ നിങ്ങളെ വിടാം. എന്നാൽ നിങ്ങൾ വളരെ ദൂരേക്കു പോകരുതെന്നു മാത്രം. എനിക്കുവേണ്ടി നിങ്ങളുടെ ദൈവത്തോടു യാചിക്കൂ.”+ 29 അപ്പോൾ മോശ പറഞ്ഞു: “ഇപ്പോൾ ഞാൻ പോകുന്നു. ഞാൻ യഹോവയോടു യാചിക്കും. രക്തം കുടിക്കുന്ന ഈച്ചകൾ നാളെ ഫറവോനെയും ദാസരെയും ജനത്തെയും വിട്ട് പോകുകയും ചെയ്യും. എന്നാൽ യഹോവയ്ക്കു ബലി അർപ്പിക്കാൻ ജനത്തെ വിടാതിരുന്നുകൊണ്ട് ഞങ്ങളെ പറ്റിക്കുന്നതു ഫറവോൻ നിറുത്തണമെന്നു മാത്രം.”+ 30 അതിനു ശേഷം മോശ ഫറവോന്റെ അടുത്തുനിന്ന് പോയി യഹോവയോടു യാചിച്ചു.+ 31 അങ്ങനെ യഹോവ മോശ പറഞ്ഞതുപോലെ ചെയ്തു. ആ ഈച്ചകൾ ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ദാസരെയും ജനത്തെയും വിട്ട് പോയി. 32 എന്നാൽ ഫറവോൻ വീണ്ടും ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടില്ല.
9 അതുകൊണ്ട് യഹോവ മോശയോടു പറഞ്ഞു: “ഫറവോന്റെ അടുത്ത് ചെന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “എന്നെ സേവിക്കാൻ എന്റെ ജനത്തെ വിടുക.+ 2 എന്നാൽ അവരെ വിടാൻ കൂട്ടാക്കാതെ നീ ഇനിയും അവരെ പിടിച്ചുവെച്ചാൽ, 3 ഓർക്കുക! യഹോവയുടെ കൈ+ വയലിലുള്ള നിന്റെ മൃഗങ്ങളുടെ മേൽ വരും; കുതിരകളെയും കഴുതകളെയും ഒട്ടകങ്ങളെയും ആടുമാടുകളെയും മാരകമായ ഒരു പകർച്ചവ്യാധി പിടികൂടും.+ 4 ഇസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജിപ്തുകാരുടെ മൃഗങ്ങൾക്കും തമ്മിൽ പ്രകടമായ ഒരു വ്യത്യാസം വെക്കും; ഇസ്രായേല്യരുടേതൊന്നും ചത്തുപോകില്ല.”’”+ 5 “നാളെ ഈ ദേശത്ത് യഹോവ ഇങ്ങനെ ചെയ്യും” എന്നു പറഞ്ഞുകൊണ്ട് യഹോവ അതിനുവേണ്ടി ഒരു സമയവും നിശ്ചയിച്ചു.
6 പിറ്റേന്നുതന്നെ യഹോവ അങ്ങനെ ചെയ്തു. ഈജിപ്തുകാരുടെ എല്ലാ തരം മൃഗങ്ങളും ചത്തുതുടങ്ങി.+ എന്നാൽ, ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒന്നുപോലും ചത്തില്ല. 7 ഫറവോൻ അന്വേഷിച്ചപ്പോൾ ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒന്നുപോലും ചത്തിട്ടില്ല! എന്നിട്ടും ഫറവോന്റെ ഹൃദയത്തിന് ഒരു കുലുക്കവും തട്ടിയില്ല; ഫറവോൻ ജനത്തെ വിട്ടില്ല.+
8 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “ചൂളയിലെ പുകക്കരി രണ്ടു കൈയും നിറയെ വാരുക. മോശ അതു ഫറവോന്റെ മുന്നിൽവെച്ച് വായുവിലേക്ക് എറിയണം. 9 അത് ഈജിപ്ത് ദേശം മുഴുവൻ പൊടിയായി വ്യാപിച്ച് അവിടെയെങ്ങുമുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും മേൽ പഴുത്ത് വീങ്ങുന്ന പരുവായിത്തീരും.”
10 അങ്ങനെ അവർ ഒരു ചൂളയിൽനിന്ന് പുകക്കരിയും എടുത്ത് ഫറവോന്റെ മുന്നിൽ ചെന്ന് നിന്നു. മോശ അതു വായുവിലേക്ക് എറിഞ്ഞു. അതു മനുഷ്യന്റെയും മൃഗത്തിന്റെയും മേൽ, പഴുത്ത് വീങ്ങുന്ന പരുക്കളായി മാറി. 11 പരുക്കൾ മൂലം മന്ത്രവാദികൾക്കു മോശയുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ല.+ അവർക്കും എല്ലാ ഈജിപ്തുകാർക്കും പരുക്കൾ വന്നു. 12 എന്നാൽ യഹോവ മോശയോടു പറഞ്ഞതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമാകാൻ യഹോവ അനുവദിച്ചു.+ ഫറവോൻ അവർക്കു ചെവി കൊടുത്തില്ല.
13 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ സന്നിധിയിൽ ചെന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “എന്നെ സേവിക്കാൻ എന്റെ ജനത്തെ വിടുക. 14 ഭൂമിയിൽ ഒരിടത്തും എന്നെപ്പോലെ മറ്റാരുമില്ലെന്നു നീ അറിയാൻ,+ ഞാൻ ഇപ്പോൾ എന്റെ ബാധകളെല്ലാം അയയ്ക്കുന്നു. അവ നിന്റെ ഹൃദയത്തെയും നിന്റെ ദാസരെയും നിന്റെ ജനത്തെയും പ്രഹരിക്കും. 15 എനിക്ക് ഇതിനോടകംതന്നെ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധിയാൽ പ്രഹരിക്കാമായിരുന്നു, ഈ ഭൂമുഖത്തുനിന്ന് നിന്നെ ഇല്ലാതാക്കാമായിരുന്നു. 16 എന്നാൽ എന്റെ ശക്തി നിന്നെ കാണിക്കാനും ഭൂമിയിലെങ്ങും എന്റെ പേര് പ്രസിദ്ധമാക്കാനും വേണ്ടി മാത്രമാണു നിന്നെ ജീവനോടെ വെച്ചിരിക്കുന്നത്.+ 17 എന്റെ ജനത്തെ വിട്ടയയ്ക്കാതിരുന്നുകൊണ്ട് നീ ഇനിയും അവരോടു ഗർവം കാണിക്കുകയാണോ? 18 നാളെ ഏതാണ്ട് ഇതേ സമയത്ത് ഇവിടെ അതിശക്തമായി ആലിപ്പഴം പെയ്യാൻ ഞാൻ ഇടയാക്കും. ഈജിപ്ത് സ്ഥാപിതമായ ദിവസംമുതൽ ഇന്നുവരെ പെയ്തിട്ടില്ലാത്തത്ര ശക്തമായി ആലിപ്പഴം പെയ്യും. 19 അതുകൊണ്ട് ആളയച്ച്, മൃഗങ്ങളടക്കം വയലിൽ നിനക്കുള്ളതെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുക. വീട്ടിലേക്കു കൊണ്ടുവരാതെ, വയലിൽ പെട്ടുപോകുന്ന ഏതു മനുഷ്യനും മൃഗവും ആലിപ്പഴം വീണ് ചാകും.”’”
20 ഫറവോന്റെ ദാസരിൽ യഹോവയുടെ വാക്കുകളെ ഭയപ്പെട്ടവരെല്ലാം അവരുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു. 21 എന്നാൽ യഹോവയുടെ വാക്കുകൾ കാര്യമായെടുക്കാതിരുന്നവർ അവരുടെ ദാസരെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടു.
22 യഹോവ മോശയോടു പറഞ്ഞു: “നിന്റെ കൈ ആകാശത്തേക്കു നീട്ടുക. അങ്ങനെ ഈജിപ്ത് ദേശം മുഴുവൻ, ഈജിപ്ത് ദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും സസ്യജാലങ്ങളുടെയും മേൽ, ആലിപ്പഴം പെയ്യട്ടെ.”+ 23 അപ്പോൾ മോശ വടി ആകാശത്തേക്കു നീട്ടി. യഹോവ ഇടിമുഴക്കവും ആലിപ്പഴവും അയച്ചു; തീയും* ഭൂമിയിൽ വന്നുവീണു. ഈജിപ്ത് ദേശത്തിന്മേൽ യഹോവ ആലിപ്പഴം പെയ്യിച്ചുകൊണ്ടിരുന്നു. 24 ആലിപ്പഴം പെയ്യുന്നതോടൊപ്പം തീയും മിന്നുന്നുണ്ടായിരുന്നു. അതു വളരെ ശക്തമായിരുന്നു. ഈജിപ്ത് ഒരു ജനതയായിത്തീർന്നതുമുതൽ അന്നുവരെ ആ ദേശത്ത് അങ്ങനെയൊന്നു സംഭവിച്ചിട്ടേ ഇല്ല.+ 25 ഈജിപ്ത് ദേശത്ത് അങ്ങോളമിങ്ങോളം മനുഷ്യൻമുതൽ മൃഗംവരെ വെളിയിലുള്ള എല്ലാത്തിന്മേലും ആലിപ്പഴം പതിച്ചു. അതു സസ്യജാലങ്ങളെ നശിപ്പിച്ചു, എല്ലാ മരങ്ങളും തകർത്തുകളഞ്ഞു.+ 26 പക്ഷേ ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെൻ ദേശത്തു മാത്രം ആലിപ്പഴം പെയ്തില്ല.+
27 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ച് വരുത്തി, അവരോടു പറഞ്ഞു: “ഇപ്രാവശ്യം ഞാൻ പാപം ചെയ്തിരിക്കുന്നു. യഹോവ നീതിമാനാണ്. ഞാനും എന്റെ ജനവും ആണ് തെറ്റുകാർ. 28 ഇടിമുഴക്കവും ആലിപ്പഴവർഷവും അവസാനിപ്പിക്കാൻ യഹോവയോടു യാചിക്കൂ. എങ്കിൽ ഞാൻ നിങ്ങളെ വിട്ടയയ്ക്കാം, ഒട്ടും കാലതാമസം വരുത്തില്ല.” 29 അപ്പോൾ മോശ ഫറവോനോടു പറഞ്ഞു: “നഗരത്തിൽനിന്ന് പുറത്ത് കടന്നാൽ ഉടൻ ഞാൻ യഹോവയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിച്ച് പ്രാർഥിക്കും. ഇടിമുഴക്കം നിന്നുപോകും, ആലിപ്പഴം പെയ്യുന്നതും നിൽക്കും. ഭൂമി യഹോവയുടേതാണെന്ന് അങ്ങനെ ഫറവോൻ അറിയും.+ 30 എന്നാൽ ഇത്രയൊക്കെയായാലും ഫറവോനും ദാസരും ദൈവമായ യഹോവയെ ഭയപ്പെടില്ലെന്ന് എനിക്ക് ഇപ്പോൾത്തന്നെ അറിയാം.”
31 ബാർളി കതിരിടുകയും ഫ്ളാക്സ്* മൊട്ടിടുകയും ചെയ്തിരുന്നതുകൊണ്ട് ഈ ബാധ ഉണ്ടായപ്പോൾ അവ രണ്ടും നശിച്ചുപോയി. 32 എന്നാൽ ഗോതമ്പും വരകും* വൈകിയുള്ള വിളകളായതിനാൽ അവ നശിച്ചില്ല. 33 മോശ ഫറവോന്റെ അടുത്തുനിന്ന് പോയി, നഗരത്തിനു വെളിയിൽ ചെന്ന് യഹോവയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിച്ച് പ്രാർഥിച്ചു. അപ്പോൾ മഴയും ഇടിമുഴക്കവും ആലിപ്പഴവർഷവും നിന്നു.+ 34 മഴയും ഇടിമുഴക്കവും ആലിപ്പഴവർഷവും നിന്നെന്നു കണ്ടപ്പോൾ ഫറവോൻ വീണ്ടും പാപം ചെയ്ത് ഹൃദയം കഠിനമാക്കി.+ ഫറവോന്റെ ദാസന്മാരും അങ്ങനെ ചെയ്തു. 35 മോശയിലൂടെ യഹോവ പറഞ്ഞതുപോലെ, ഫറവോന്റെ ഹൃദയം കഠിനമായിത്തന്നെയിരുന്നു, ഫറവോൻ ഇസ്രായേല്യരെ വിട്ടയച്ചില്ല.+
10 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഫറവോന്റെ അടുത്ത് ചെല്ലുക. അവന്റെയും അവന്റെ ദാസരുടെയും ഹൃദയം കഠിനമാകാൻ ഞാൻ അനുവദിച്ചിരിക്കുന്നു.+ അങ്ങനെ, എന്റെ ഈ അടയാളങ്ങൾ എനിക്ക് അവന്റെ മുന്നിൽ കാണിക്കാൻ അവസരം കിട്ടും.+ 2 കൂടാതെ ഈജിപ്തിനോടു ഞാൻ എത്ര കഠിനമായി പെരുമാറിയെന്നും എന്തെല്ലാം അടയാളങ്ങൾ അവരുടെ ഇടയിൽ കാണിച്ചെന്നും നിങ്ങൾക്കു നിങ്ങളുടെ മക്കളോടും മക്കളുടെ മക്കളോടും പറഞ്ഞുകൊടുക്കാനും+ അവസരമുണ്ടാകും. ഞാൻ യഹോവയാണെന്നു നിങ്ങൾ ഉറപ്പായും അറിയും.”
3 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുത്ത് ചെന്ന് പറഞ്ഞു: “എബ്രായരുടെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘ഇനിയും എത്ര നാൾ നീ എനിക്കു കീഴ്പെടാതിരിക്കും?+ എന്റെ ജനത്തിന് എന്നെ സേവിക്കാൻ കഴിയേണ്ടതിന് അവരെ വിടുക. 4 എന്റെ ജനത്തെ വിടാൻ നീ ഇനിയും വിസമ്മതിച്ചാൽ ഇതാ, നാളെ ഞാൻ നിന്റെ അതിരുകൾക്കുള്ളിൽ വെട്ടുക്കിളികളെ വരുത്താൻപോകുന്നു! 5 നിലം കാണാൻ സാധിക്കാത്ത വിധം അവ ഭൂമിയുടെ ഉപരിതലം മൂടും. ആലിപ്പഴം വീണ് നശിക്കാത്തതെല്ലാം അവ തിന്നുകളയും. നിലത്ത് വളരുന്ന എല്ലാ മരങ്ങളും അവ തിന്നുതീർക്കും.+ 6 നിന്റെ പിതാക്കന്മാരോ അവരുടെ പിതാക്കന്മാരോ ജനിച്ച കാലംമുതൽ ഇന്നുവരെ+ കണ്ടിട്ടില്ലാത്തത്ര വെട്ടുക്കിളികൾ നിന്റെ വീടുകളിലും നിന്റെ ദാസരുടെ വീടുകളിലും ഈജിപ്തിലെ എല്ലാ വീടുകളിലും നിറയും.’” ഇതു പറഞ്ഞിട്ട് മോശ തിരിഞ്ഞ് ഫറവോന്റെ അടുത്തുനിന്ന് പുറത്ത് പോയി.
7 അപ്പോൾ ഫറവോന്റെ ദാസർ അദ്ദേഹത്തോടു പറഞ്ഞു: “ഈ മനുഷ്യൻ എത്ര കാലം നമ്മളെ ഇങ്ങനെ ഭീഷണിപ്പെടുത്തും?* അവരുടെ ദൈവമായ യഹോവയെ സേവിക്കാൻ അവരെ വിട്ടാലും. ഈജിപ്ത് നശിച്ചെന്ന് ഇത്രയൊക്കെയായിട്ടും അങ്ങയ്ക്കു മനസ്സിലാകുന്നില്ലേ?” 8 അപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുത്ത് തിരികെ കൊണ്ടുവന്നു. ഫറവോൻ അവരോടു പറഞ്ഞു: “പോയി നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കൂ. എന്നാൽ ആരൊക്കെയാണു പോകുന്നത്?” 9 അപ്പോൾ മോശ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കാനാണു+ പോകുന്നത്. അതുകൊണ്ട്, ഞങ്ങളുടെ ചെറുപ്പക്കാരെയും പ്രായമായവരെയും പുത്രീപുത്രന്മാരെയും ആടുമാടുകളെയും+ ഞങ്ങൾ ഒപ്പം കൊണ്ടുപോകും.” 10 എന്നാൽ ഫറവോൻ അവരോടു പറഞ്ഞു: “അഥവാ ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ+ യഹോവ നിങ്ങളോടുകൂടെയുണ്ടെന്നു തീർച്ച! എന്തായാലും നിങ്ങൾക്ക് എന്തോ ദുരുദ്ദേശ്യമുണ്ടെന്നു വ്യക്തമാണ്. 11 വേണ്ടാ! യഹോവയെ സേവിക്കാൻ നിങ്ങളുടെ പുരുഷന്മാർ മാത്രം പോയാൽ മതി. അതായിരുന്നല്ലോ നിങ്ങളുടെ അപേക്ഷ.” ഇതു പറഞ്ഞ് ഫറവോൻ അവരെ തന്റെ മുന്നിൽനിന്ന് ആട്ടിയോടിച്ചു.
12 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നിന്റെ കൈ ഈജിപ്ത് ദേശത്തിന്മേൽ നീട്ടി വെട്ടുക്കിളികളെ വരുത്തുക. അവ വന്ന് ഈജിപ്ത് ദേശത്തെ എല്ലാ പച്ചസസ്യവും, ആലിപ്പഴം ബാക്കി വെച്ചതെല്ലാം, തിന്നുതീർക്കട്ടെ.” 13 ഉടനെ മോശ വടി ഈജിപ്ത് ദേശത്തിന്മേൽ നീട്ടി. യഹോവ അന്നു പകലും രാത്രിയും മുഴുവൻ ദേശത്ത് ഒരു കിഴക്കൻ കാറ്റ് അടിക്കാൻ ഇടയാക്കി. നേരം വെളുത്തപ്പോൾ കിഴക്കൻ കാറ്റ് വെട്ടുക്കിളികളെ കൊണ്ടുവന്നു. 14 അങ്ങനെ വെട്ടുക്കിളികൾ ഈജിപ്തിലേക്കു വന്ന് ദേശത്ത് എല്ലായിടത്തും ഇരിപ്പുറപ്പിച്ചു.+ ഈ ബാധ അതിരൂക്ഷമായിരുന്നു;+ ഇത്രയേറെ വെട്ടുക്കിളികൾ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഒരിക്കലും ഉണ്ടാകുകയുമില്ല. 15 അവ ദേശം മുഴുവൻ മൂടിക്കളഞ്ഞു. അവ കാരണം ദേശം ഇരുണ്ടുപോയി. ആലിപ്പഴം ബാക്കി വെച്ച എല്ലാ പച്ചസസ്യവും എല്ലാ വൃക്ഷഫലവും അവ തിന്നുമുടിച്ചു. ഈജിപ്ത് ദേശത്ത് മരങ്ങളിലോ സസ്യങ്ങളിലോ പച്ചയായതൊന്നും ബാക്കിവന്നില്ല.
16 അതുകൊണ്ട് ഫറവോൻ തിടുക്കത്തിൽ മോശയെയും അഹരോനെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയ്ക്കും നിങ്ങൾക്കും എതിരായി ഞാൻ പാപം ചെയ്തിരിക്കുന്നു. 17 ഇപ്പോൾ ഈ ഒരൊറ്റ പ്രാവശ്യം മാത്രം ദയവായി എന്റെ പാപം ക്ഷമിച്ച് മാരകമായ ഈ ബാധ എന്റെ മേൽനിന്ന് നീക്കിത്തരാൻ നിങ്ങളുടെ ദൈവമായ യഹോവയോടു യാചിച്ചാലും.” 18 അങ്ങനെ അദ്ദേഹം* ഫറവോന്റെ അടുത്തുനിന്ന് പോയി യഹോവയോടു യാചിച്ചു.+ 19 അപ്പോൾ യഹോവ കാറ്റിന്റെ ഗതി മാറ്റി. അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റായി മാറിയ അത്, വെട്ടുക്കിളികളെ ഒന്നാകെ കൊണ്ടുപോയി ചെങ്കടലിൽ ഇട്ടുകളഞ്ഞു. ഈജിപ്തിന്റെ പ്രദേശത്തെങ്ങും ഒറ്റ വെട്ടുക്കിളിപോലും ശേഷിച്ചില്ല. 20 എങ്കിലും ഫറവോന്റെ ഹൃദയം കഠിനമായിത്തീരാൻ യഹോവ അനുവദിച്ചു,+ ഫറവോൻ ഇസ്രായേല്യരെ വിട്ടില്ല.
21 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഈജിപ്ത് ദേശത്തിന്മേൽ ഇരുട്ട് ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്കു നീട്ടുക. തൊട്ടുനോക്കാനാകുന്നത്ര കനത്ത കൂരിരുട്ടു ദേശത്തെ മൂടട്ടെ.” 22 ഉടൻതന്നെ മോശ കൈ ആകാശത്തേക്കു നീട്ടി. ഈജിപ്ത് ദേശത്ത് എല്ലായിടത്തും മൂന്നു ദിവസത്തേക്കു കൂരിരുട്ടായി.+ 23 ആരും പരസ്പരം കണ്ടില്ല. മൂന്നു ദിവസത്തേക്ക് അവരിൽ ഒരാൾപ്പോലും സ്വസ്ഥാനങ്ങളിൽനിന്ന് എഴുന്നേറ്റതുമില്ല. എന്നാൽ, ഇസ്രായേല്യരുടെയെല്ലാം വീടുകളിൽ വെളിച്ചമുണ്ടായിരുന്നു.+ 24 അപ്പോൾ ഫറവോൻ മോശയെ വിളിപ്പിച്ച് ഇങ്ങനെ പറഞ്ഞു: “പോയി യഹോവയെ സേവിക്കൂ.+ നിങ്ങളുടെ കുട്ടികൾക്കും നിങ്ങളോടൊപ്പം പോരാം. ആടുമാടുകൾ മാത്രം ഇവിടെ നിൽക്കട്ടെ.” 25 എന്നാൽ മോശ പറഞ്ഞു: “ബലികൾക്കും ദഹനയാഗങ്ങൾക്കും വേണ്ടതുംകൂടെ ഞങ്ങൾക്കു തരണം.* അവ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കാനാണ്.+ 26 അതുകൊണ്ട് ഞങ്ങളുടെ മൃഗങ്ങളെയും ഞങ്ങൾ കൊണ്ടുപോകും. ഒരൊറ്റ മൃഗത്തെപ്പോലും ഞങ്ങൾ വിട്ടിട്ട് പോകില്ല. കാരണം അവയിൽ ചിലതിനെ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആരാധനയ്ക്കായി ഉപയോഗിക്കേണ്ടതുണ്ട്. യഹോവയെ ആരാധിക്കുമ്പോൾ എന്താണ് അർപ്പിക്കുകയെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾക്ക് അറിയാൻ കഴിയില്ല.” 27 അപ്പോൾ വീണ്ടും ഫറവോന്റെ ഹൃദയം കഠിനമായിത്തീരാൻ യഹോവ അനുവദിച്ചു; അവരെ വിടാൻ ഫറവോൻ സമ്മതിച്ചില്ല.+ 28 ഫറവോൻ മോശയോടു പറഞ്ഞു: “എന്റെ കൺവെട്ടത്തുനിന്ന് കടന്നുപോകൂ! മേലാൽ നീ എന്റെ മുഖം കണ്ടുപോകരുത്. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും.” 29 അപ്പോൾ മോശ പറഞ്ഞു: “പറഞ്ഞതുപോലെതന്നെ ആകട്ടെ. മേലാൽ ഫറവോന്റെ മുഖം കാണാൻ ഞാൻ ശ്രമിക്കില്ല.”
11 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഞാൻ ഫറവോന്റെയും ഈജിപ്തിന്റെയും മേൽ ഒരു ബാധകൂടി വരുത്താൻപോകുകയാണ്. അതിനു ശേഷം അവൻ നിങ്ങളെ ഇവിടെനിന്ന് വിട്ടയയ്ക്കും,+ ശരിക്കും പറഞ്ഞാൽ, ഓടിച്ചുവിടും.+ 2 ഇപ്പോൾ എല്ലാ പുരുഷന്മാരും സ്ത്രീകളും അവരുടെ അയൽവാസികളോടു വെള്ളികൊണ്ടും സ്വർണംകൊണ്ടും ഉള്ള ഉരുപ്പടികൾ ചോദിക്കണമെന്നു+ ജനത്തോടു പറയുക.” 3 യഹോവ ജനത്തിന് ഈജിപ്തുകാരുടെ പ്രീതി ലഭിക്കാൻ ഇടയാക്കി. കൂടാതെ മോശതന്നെയും ഇതിനോടകം ഈജിപ്ത് ദേശത്ത്, ഫറവോന്റെ ദാസരുടെ ഇടയിലും ജനത്തിന്റെ ഇടയിലും, അങ്ങേയറ്റം ആദരണീയനായിത്തീർന്നിരുന്നു.
4 അപ്പോൾ മോശ പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘അർധരാത്രിയോടെ ഞാൻ ഈജിപ്തിലൂടെ കടന്നുപോകും.+ 5 അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ഏറ്റവും മൂത്ത മകൻമുതൽ തിരികല്ലിൽ ജോലി ചെയ്യുന്ന ദാസിയുടെ ഏറ്റവും മൂത്ത മകൻവരെ, ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെല്ലാം മരിക്കും.+ മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലുകളും ചാകും.+ 6 ഈജിപ്ത് ദേശത്തെങ്ങും ഇതുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിമേൽ ഉണ്ടാകാത്തതും ആയ വലിയൊരു നിലവിളി ഉണ്ടാകും.+ 7 എന്നാൽ ഇസ്രായേല്യരുടെയോ അവരുടെ മൃഗങ്ങളുടെയോ നേരെ ഒരു നായ്പോലും കുരയ്ക്കില്ല. ഈജിപ്തുകാർക്കും ഇസ്രായേല്യർക്കും തമ്മിൽ വ്യത്യാസം വെക്കാൻ+ യഹോവയ്ക്കാകുമെന്ന് അപ്പോൾ നിങ്ങൾ അറിയും.’ 8 ഫറവോന്റെ ദാസരെല്ലാം നിശ്ചയമായും എന്റെ അടുത്ത് വന്ന് എന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ച്, ‘നീയും നിന്നെ അനുഗമിക്കുന്ന എല്ലാ ജനവും ഇവിടം വിട്ട് പോകുക!’ എന്നു പറയും.+ അപ്പോൾ ഞാൻ പോകും.” ഇതു പറഞ്ഞിട്ട് മോശ ഉഗ്രകോപത്തോടെ ഫറവോന്റെ അടുത്തുനിന്ന് പോയി.
9 പിന്നീട് യഹോവ മോശയോടു പറഞ്ഞു: “ഈജിപ്ത് ദേശത്ത് എന്റെ അടയാളങ്ങൾ പെരുകാൻ+ ഇടവരേണ്ടതിനു ഫറവോൻ നിങ്ങൾക്കു ചെവി തരില്ല.”+ 10 മോശയും അഹരോനും ഫറവോന്റെ മുന്നിൽ ഈ അത്ഭുതങ്ങളെല്ലാം ചെയ്തു.+ പക്ഷേ ഫറവോന്റെ ഹൃദയം കഠിനമാകാൻ യഹോവ അനുവദിച്ചു, ഫറവോൻ ദേശത്തുനിന്ന് ഇസ്രായേല്യരെ വിട്ടില്ല.+
12 യഹോവ ഈജിപ്ത് ദേശത്തുവെച്ച് മോശയോടും അഹരോനോടും പറഞ്ഞു: 2 “ഈ മാസം നിങ്ങൾക്കു മാസങ്ങളിൽ ആദ്യത്തേതായി വർഷത്തിലെ ഒന്നാം മാസമായിരിക്കും.+ 3 ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയുക: ‘ഈ മാസം പത്താം ദിവസം, ഒരു ഭവനത്തിന് ഒരു ആട്+ എന്ന കണക്കിൽ ഓരോരുത്തരും സ്വന്തം പിതൃഭവനത്തിനുവേണ്ടി ഓരോ ആടിനെ എടുക്കണം. 4 എന്നാൽ ആ ആടിനെ തിന്നുതീർക്കാൻ വേണ്ടത്ര ആളുകൾ വീട്ടിലില്ലെങ്കിൽ, അവർ* ഏറ്റവും അടുത്തുള്ള അയൽക്കാരെ വീട്ടിലേക്കു വിളിച്ച് ആളുകളുടെ എണ്ണമനുസരിച്ച് അതിനെ വീതിക്കണം. ഓരോരുത്തരും എത്രത്തോളം കഴിക്കുമെന്നു കണക്കാക്കി വേണം അതു നിർണയിക്കാൻ. 5 നീ എടുക്കുന്ന ആടു ന്യൂനതയില്ലാത്ത,+ ഒരു വയസ്സുള്ള ആണായിരിക്കണം. അതു ചെമ്മരിയാടോ കോലാടോ ആകാം. 6 ഈ മാസം 14-ാം ദിവസംവരെ+ അതിനെ പരിപാലിക്കണം. അന്നു സന്ധ്യക്ക്*+ ഇസ്രായേൽസഭ മുഴുവനും ആടിനെ അറുക്കണം. 7 അതിന്റെ രക്തം കുറച്ച് എടുത്ത് അവർ ആടിനെ ഭക്ഷിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലിലും വാതിലിന്റെ മേൽപ്പടിയിലും തളിക്കണം.+
8 “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെടുത്ത് പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്പുചീരയുടെയും കൂടെ കഴിക്കണം.+ 9 അതിൽ ഒട്ടും പച്ചയ്ക്കോ പുഴുങ്ങിയോ തിന്നരുത്. തലയും കണങ്കാലുകളും ആന്തരാവയവങ്ങളും സഹിതം അതു തീയിൽ ചുട്ടെടുക്കണം. 10 അതിൽ ഒട്ടും രാവിലെവരെ സൂക്ഷിച്ചുവെക്കരുത്. അഥവാ കുറച്ചെങ്കിലും രാവിലെവരെ ശേഷിച്ചിട്ടുണ്ടെങ്കിൽ അതു കത്തിച്ചുകളയണം.+ 11 നിങ്ങൾ അതു കഴിക്കേണ്ടത് ഇങ്ങനെയാണ്: അരപ്പട്ട കെട്ടിയും* കാലിൽ ചെരിപ്പിട്ടും വടി കൈയിൽ പിടിച്ചും കൊണ്ട് ധൃതിയിൽ നിങ്ങൾ അതു കഴിക്കണം. ഇത് യഹോവയുടെ പെസഹയാണ്. 12 അന്നു രാത്രി ഞാൻ ഈജിപ്ത് ദേശത്തുകൂടി കടന്നുപോയി ഈജിപ്തിലെ എല്ലാ ആദ്യസന്താനത്തെയും—മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ—പ്രഹരിക്കും.+ ഈജിപ്തിലെ എല്ലാ ദൈവങ്ങളുടെയും മേൽ ഞാൻ ന്യായവിധി നടപ്പാക്കും.+ ഞാൻ യഹോവയാണ്. 13 നിങ്ങളുടെ വീടുകളിന്മേലുള്ള രക്തം നിങ്ങളെ തിരിച്ചറിയിക്കുന്ന അടയാളമായി ഉതകും. ഞാൻ ആ രക്തം കണ്ട് നിങ്ങളെ ഒഴിവാക്കി കടന്നുപോകും. ഞാൻ ഈജിപ്ത് ദേശത്തെ പ്രഹരിക്കുമ്പോൾ നിങ്ങളുടെ മേൽ ബാധ വരുകയോ ബാധ നിങ്ങളെ കൊല്ലുകയോ ഇല്ല.+
14 “‘ആ ദിവസം നിങ്ങൾക്ക് ഒരു സ്മാരകമായിരിക്കും. തലമുറകളിലുടനീളം യഹോവയ്ക്ക് ഒരു ഉത്സവമായി നിങ്ങൾ അത് ആഘോഷിക്കണം. ദീർഘകാലത്തേക്കുള്ള ഒരു നിയമമായി* കണ്ട് നിങ്ങൾ അത് ആഘോഷിക്കുക. 15 ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കേണ്ടതാണ്.+ ഒന്നാം ദിവസംതന്നെ നിങ്ങൾ വീടുകളിൽനിന്ന് പുളിച്ച മാവ് നീക്കം ചെയ്യണം. കാരണം ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പിച്ചതു തിന്നാൽ അയാളെ ഇസ്രായേല്യരുടെ ഇടയിൽ വെച്ചേക്കരുത്. 16 ഒന്നാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം. ഏഴാം ദിവസം മറ്റൊരു വിശുദ്ധസമ്മേളനവും നടത്തണം. ഈ ദിവസങ്ങളിൽ ഒരു പണിയും ചെയ്യരുത്.+ ഓരോരുത്തർക്കും കഴിക്കാൻവേണ്ട ആഹാരം മാത്രം നിങ്ങൾക്കു പാകം ചെയ്യാം.
17 “‘നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോഷിക്കണം.+ കാരണം ആ ദിവസമാണു ഞാൻ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളുടെ വലിയ ജനസമൂഹത്തെ* വിടുവിക്കാൻപോകുന്നത്. ദീർഘകാലത്തേക്കുള്ള ഒരു നിയമമായി കണ്ട് തലമുറകളിലുടനീളം നിങ്ങൾ ആ ദിവസം ആചരിക്കണം. 18 ഒന്നാം മാസം 14-ാം ദിവസം വൈകുന്നേരം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കണം. ആ മാസം 21-ാം ദിവസം വൈകുന്നേരംവരെ ഇങ്ങനെ ചെയ്യണം.+ 19 ഏഴു ദിവസത്തേക്കു നിങ്ങളുടെ വീടുകളിൽ പുളിച്ച മാവ് കാണരുത്. കാരണം ആരെങ്കിലും പുളിപ്പിച്ചതു തിന്നാൽ, അവൻ വിദേശിയോ സ്വദേശിയോ ആകട്ടെ,+ അയാളെ ഇസ്രായേൽസമൂഹത്തിന്റെ ഇടയിൽ വെച്ചേക്കരുത്.+ 20 പുളിപ്പിച്ചത് ഒന്നും നിങ്ങൾ തിന്നരുത്. നിങ്ങളുടെയെല്ലാം വീടുകളിൽ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം.’”
21 മോശ വേഗം എല്ലാ ഇസ്രായേൽമൂപ്പന്മാരെയും വിളിച്ചുവരുത്തി+ അവരോടു പറഞ്ഞു: “പോയി നിങ്ങളുടെ ഓരോ കുടുംബത്തിനുംവേണ്ടി ഇളംപ്രായത്തിലുള്ള മൃഗത്തെ* തിരഞ്ഞെടുത്ത് പെസഹാബലിയായി അറുക്കുക. 22 പിന്നെ നിങ്ങൾ ഒരു ചെറിയ കെട്ട് ഈസോപ്പുചെടി എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി വാതിലിന്റെ മേൽപ്പടിയിലും രണ്ടു കട്ടിളക്കാലിലും അടിക്കണം. രാവിലെവരെ നിങ്ങളിൽ ആരും വീടിനു പുറത്ത് ഇറങ്ങുകയുമരുത്. 23 ഈജിപ്തുകാരെ ദണ്ഡിപ്പിക്കാൻ യഹോവ കടന്നുപോകുമ്പോൾ വാതിലിന്റെ മേൽപ്പടിയിലും രണ്ടു കട്ടിളക്കാലിലും രക്തം കണ്ട് ദൈവം നിങ്ങളുടെ വാതിൽ ഒഴിവാക്കി കടന്നുപോകും. മരണബാധ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കാൻ യഹോവ അനുവദിക്കില്ല.+
24 “നിങ്ങൾക്കും നിങ്ങളുടെ പുത്രന്മാർക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായി കണക്കാക്കി ഇതു നിങ്ങൾ ആചരിക്കണം.+ 25 നിങ്ങൾക്കു തരുമെന്ന് യഹോവ വാഗ്ദാനം ചെയ്ത ദേശത്ത് എത്തിയശേഷം നിങ്ങൾ ഈ ആചരണം മുടങ്ങാതെ നടത്തണം.+ 26 ‘ഈ ആചരണത്തിന്റെ അർഥം എന്താണ്’ എന്നു മക്കൾ+ ചോദിക്കുമ്പോൾ 27 നിങ്ങൾ പറയണം: ‘ഈജിപ്തുകാരുടെ മേൽ ബാധ വരുത്തിയപ്പോൾ ഈജിപ്തിലുള്ള ഇസ്രായേല്യരുടെ വീടുകൾ ഒഴിവാക്കി കടന്നുപോയ യഹോവയ്ക്കുള്ള പെസഹാബലിയാണ് ഇത്. നമ്മുടെ വീടുകൾ ദൈവം അന്നു ബാധയിൽനിന്ന് ഒഴിവാക്കി.’”
അപ്പോൾ ജനം താണുവണങ്ങി സാഷ്ടാംഗം നമസ്കരിച്ചു. 28 പിന്നെ ഇസ്രായേല്യർ പോയി യഹോവ മോശയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ ചെയ്തു.+ അവർ അങ്ങനെതന്നെ ചെയ്തു.
29 അർധരാത്രിയായപ്പോൾ, സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ മൂത്ത മകൻമുതൽ തടവറയിൽ* കിടക്കുന്നവന്റെ മൂത്ത മകൻവരെ ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം യഹോവ സംഹരിച്ചു.+ മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും ഒന്നൊഴിയാതെ ദൈവം കൊന്നു.+ 30 ആ രാത്രി, ഫറവോനും എല്ലാ ദാസരും മറ്റെല്ലാ ഈജിപ്തുകാരും ഉണർന്നെഴുന്നേറ്റു. ഈജിപ്തുകാരുടെ ഇടയിൽ വലിയൊരു നിലവിളിയുണ്ടായി. കാരണം മരണം നടക്കാത്ത ഒറ്റ വീടുപോലുമുണ്ടായിരുന്നില്ല.+ 31 ഉടനെ, രാത്രിയിൽത്തന്നെ, ഫറവോൻ മോശയെയും അഹരോനെയും വിളിച്ചുവരുത്തി+ ഇങ്ങനെ പറഞ്ഞു: “പോകൂ! എത്രയും വേഗം നിങ്ങളും നിങ്ങളുടെ ഇസ്രായേൽ ജനവും എഴുന്നേറ്റ് എന്റെ ജനത്തിന്റെ ഇടയിൽനിന്ന് പോകൂ. നിങ്ങൾ പറഞ്ഞതുപോലെതന്നെ, പോയി യഹോവയെ സേവിച്ചുകൊള്ളൂ.+ 32 നിങ്ങൾ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകൂ.+ എന്നാൽ എന്നെ അനുഗ്രഹിച്ചിട്ട് വേണം പോകാൻ.”
33 എത്രയും പെട്ടെന്നു+ ദേശം വിട്ട് പോകാൻ ഈജിപ്തുകാർ ജനത്തെ നിർബന്ധിച്ചു. “കാരണം,” അവർ പറഞ്ഞു: “ഞങ്ങൾ എല്ലാവരും ചത്തതുപോലെയായി!”+ 34 അതുകൊണ്ട് ജനം, മാവ് പുളിക്കാൻ വെക്കാതെ, കുഴയ്ക്കുന്ന പാത്രങ്ങൾ സഹിതം അതു തുണിയിൽ* പൊതിഞ്ഞ് തോളിലെടുത്തു. 35 മോശ പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു, അവർ സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ഉരുപ്പടികളും വസ്ത്രങ്ങളും ഈജിപ്തുകാരോടു ചോദിച്ചുവാങ്ങി.+ 36 ഈജിപ്തുകാർക്ക് ഇസ്രായേൽ ജനത്തോടു പ്രീതി തോന്നാൻ യഹോവ ഇടയാക്കിയതുകൊണ്ട് അവർ ചോദിച്ചതെല്ലാം ഈജിപ്തുകാർ കൊടുത്തു. അങ്ങനെ അവർ ഈജിപ്തുകാരെ കൊള്ളയടിച്ചു.+
37 ഇസ്രായേല്യർ രമെസേസിൽനിന്ന്+ സുക്കോത്തിലേക്കു+ യാത്ര പുറപ്പെട്ടു. കാൽനടക്കാരായി ഏതാണ്ട് 6,00,000 പുരുഷന്മാരുണ്ടായിരുന്നു; കുട്ടികൾ വേറെയും.+ 38 ഒരു വലിയ സമ്മിശ്രപുരുഷാരവും*+ അവരുടെകൂടെ പോയി. കൂടാതെ, ആടുമാടുകൾ ഉൾപ്പെടെ വലിയൊരു കൂട്ടം മൃഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. 39 അവർ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പം വട്ടത്തിൽ ചുട്ടെടുത്തു. ഈജിപ്തിൽനിന്ന് പെട്ടെന്ന് ഓടിച്ചുവിട്ടതുകൊണ്ട് അവർ മാവ് പുളിപ്പിച്ചില്ലായിരുന്നു; മറ്റു ഭക്ഷണസാധനങ്ങൾ ഒന്നും കൈയിൽ കരുതാനും അവർക്കു സമയം കിട്ടിയില്ല.+
40 ഈജിപ്ത് വിട്ടുപോന്നപ്പോഴേക്കും+ ഇസ്രായേല്യർ 430 വർഷം+ പരദേശികളായി താമസിച്ചിരുന്നു. 41 ഈ 430 വർഷം പൂർത്തിയായ അന്നുതന്നെ യഹോവയുടെ ജനം* മുഴുവനും ഈജിപ്ത് വിട്ടു. 42 ഈജിപ്ത് ദേശത്തുനിന്ന് യഹോവ അവരെ വിടുവിച്ച് കൊണ്ടുവന്നത് ആഘോഷിക്കേണ്ട രാത്രിയാണ് ഇത്. ഇസ്രായേല്യരെല്ലാം തലമുറകളോളം ഈ രാത്രി യഹോവയ്ക്ക് ആചരിക്കണം.+
43 യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “പെസഹയുടെ നിയമം ഇതാണ്: വിദേശികൾ ആരും അതിൽനിന്ന് കഴിക്കരുത്.+ 44 പണം കൊടുത്ത് വാങ്ങിയ അടിമ ആർക്കെങ്കിലുമുണ്ടെങ്കിൽ നീ അയാളുടെ അഗ്രചർമം പരിച്ഛേദന* ചെയ്യണം.+ അങ്ങനെ ചെയ്താൽ മാത്രമേ അയാൾ അതിൽനിന്ന് കഴിക്കാവൂ. 45 കുടിയേറ്റക്കാരനും കൂലിപ്പണിക്കു വന്നവനും അതിൽനിന്ന് കഴിക്കരുത്. 46 അതിനെ ഒറ്റ വീട്ടിൽവെച്ചുതന്നെ ഭക്ഷിക്കണം. അതിന്റെ ഇറച്ചി ഒട്ടും നീ വീടിന്റെ വെളിയിലേക്കു കൊണ്ടുപോകരുത്. അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്.+ 47 ഇസ്രായേൽസമൂഹം മുഴുവനും ഇത് ആഘോഷിക്കണം. 48 നിന്റെകൂടെ താമസിക്കുന്ന ഏതെങ്കിലും വിദേശി യഹോവയ്ക്കു പെസഹ ആഘോഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾക്കുള്ള ആണിന്റെയെല്ലാം അഗ്രചർമം പരിച്ഛേദന ചെയ്യണം. അപ്പോൾ മാത്രമേ അയാൾക്ക് അത് ആഘോഷിക്കാനാകൂ; അയാൾ ഒരു സ്വദേശിയെപ്പോലെയാകും. എന്നാൽ അഗ്രചർമം പരിച്ഛേദന ചെയ്യാത്ത ഒരാളും അതിൽനിന്ന് കഴിക്കരുത്.+ 49 സ്വദേശിക്കും നിങ്ങളുടെ ഇടയിൽ താമസിക്കുന്ന വിദേശിക്കും ഒരേ നിയമമായിരിക്കും+ ബാധകമാകുക.”
50 അങ്ങനെ യഹോവ മോശയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ എല്ലാ ഇസ്രായേല്യരും ചെയ്തു. അവർ അങ്ങനെതന്നെ ചെയ്തു. 51 ഇതേ ദിവസംതന്നെ യഹോവ ഇസ്രായേല്യരെയും അവരുടെ വലിയ ജനസമൂഹത്തെയും* ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നു.
13 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരുടെ ഇടയിലുള്ള മൂത്ത ആൺമക്കളെയെല്ലാം എനിക്കുവേണ്ടി വിശുദ്ധീകരിക്കുക.* മനുഷ്യനും മൃഗത്തിനും പിറക്കുന്ന ആദ്യത്തെ ആണെല്ലാം എനിക്കുള്ളതാണ്.”+
3 പിന്നെ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ അടിമത്തത്തിന്റെ വീടായ ഈജിപ്തിൽനിന്ന് പുറത്ത് പോന്ന ഈ ദിവസം ഓർമിക്കണം.+ കാരണം ബലമുള്ള കൈകൊണ്ട് യഹോവ നിങ്ങളെ അവിടെനിന്ന് വിടുവിച്ച് കൊണ്ടുപോന്നതാണല്ലോ.+ അതുകൊണ്ട് പുളിപ്പിച്ചതൊന്നും തിന്നരുത്. 4 ആബീബ്* മാസത്തിലെ ഈ ദിവസമാണു നിങ്ങൾ ഈജിപ്ത് വിട്ട് പോരുന്നത്.+ 5 യഹോവ നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോടു സത്യം ചെയ്ത ദേശമായ+ പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്ക്,+ കനാന്യരുടെയും ഹിത്യരുടെയും അമോര്യരുടെയും ഹിവ്യരുടെയും യബൂസ്യരുടെയും+ ദേശത്തേക്ക്, ദൈവം നിങ്ങളെ കൊണ്ടുചെന്നുകഴിഞ്ഞ് ഇതേ മാസം നിങ്ങൾ ഇത് ആചരിക്കണം. 6 ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+ ഏഴാം ദിവസമോ യഹോവയ്ക്ക് ഒരു ഉത്സവമുണ്ടായിരിക്കും. 7 പുളിപ്പില്ലാത്ത അപ്പമായിരിക്കണം ഏഴു ദിവസവും കഴിക്കേണ്ടത്.+ പുളിപ്പിച്ചതൊന്നും നിങ്ങളുടെ കൈവശം കാണരുത്.+ നിങ്ങളുടെ കൈവശം, നിങ്ങളുടെ പ്രദേശത്ത്* ഒരിടത്തും, പുളിച്ച മാവ് അൽപ്പംപോലും കാണരുത്. 8 അന്നേ ദിവസം നീ നിന്റെ മകനോട്, ‘ഞാൻ ഇതു ചെയ്യുന്നത് ഈജിപ്തിൽനിന്ന് പോന്നപ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യങ്ങളുടെ ഓർമയ്ക്കാണ്’ എന്നു പറയണം.+ 9 യഹോവയുടെ നിയമം നിന്റെ വായിലുണ്ടായിരിക്കാൻ ഇതു നിന്റെ കൈമേൽ ഒരു അടയാളമായും നെറ്റിയിൽ* ഒരു സ്മാരകമായും* ഇരിക്കും.+ ബലമുള്ള കൈയാൽ യഹോവ നിന്നെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നല്ലോ. 10 ഈ നിയമത്തിനു ചേർച്ചയിൽ, ഇതിനായി നിശ്ചയിച്ചിട്ടുള്ള സമയത്ത് വർഷംതോറും നീ ഇത് ആചരിക്കണം.+
11 “യഹോവ നിനക്കു നൽകുമെന്നു നിന്നോടും നിന്റെ പൂർവികരോടും സത്യം ചെയ്ത കനാന്യരുടെ നാട്ടിലേക്കു ദൈവം നിന്നെ കൊണ്ടുവരുമ്പോൾ,+ 12 എല്ലാ മൂത്ത ആൺമക്കളെയും നീ സമ്പാദിക്കുന്ന മൃഗങ്ങളുടെ എല്ലാ ആൺകടിഞ്ഞൂലുകളെയും യഹോവയ്ക്കു സമർപ്പിക്കണം. ആണെല്ലാം യഹോവയ്ക്കുള്ളതാണ്.+ 13 കഴുതയുടെ ഓരോ കടിഞ്ഞൂലിനെയും ഒരു ആടിനെ പകരം കൊടുത്ത് വീണ്ടെടുക്കണം. എന്നാൽ അതിനെ വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിക്കണം. നിന്റെ ആൺമക്കളിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കണം.+
14 “നിന്റെ മകൻ പിൽക്കാലത്ത്, ‘ഇതിന്റെ അർഥം എന്താണ്’ എന്നു ചോദിച്ചാൽ നീ അവനോടു പറയണം: ‘അടിമത്തത്തിന്റെ വീടായ ഈജിപ്തിൽനിന്ന് ബലമുള്ള കൈകൊണ്ട് യഹോവ നമ്മളെ വിടുവിച്ച് കൊണ്ടുവന്നു.+ 15 നമ്മളെ വിട്ടയയ്ക്കാൻ ഫറവോൻ ശാഠ്യപൂർവം വിസമ്മതിച്ചപ്പോൾ+ മനുഷ്യന്റെ ആദ്യജാതൻമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെ ഈജിപ്ത് ദേശത്തെ എല്ലാ ആദ്യജാതന്മാരെയും യഹോവ സംഹരിച്ചു.+ അതുകൊണ്ടാണ് നമ്മുടെ എല്ലാ ആൺകടിഞ്ഞൂലുകളെയും യഹോവയ്ക്കു ബലി അർപ്പിക്കുകയും നമ്മുടെ പുത്രന്മാരിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കുകയും ചെയ്യുന്നത്.’ 16 ഇതു നിന്റെ കൈമേൽ ഒരു അടയാളമായും നിന്റെ നെറ്റിയിൽ* ഒരു പട്ടയായും ഇരിക്കണം.+ ബലമുള്ള കൈകൊണ്ട് യഹോവ നമ്മളെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നല്ലോ.”
17 ഫറവോൻ ജനത്തെ വിട്ടപ്പോൾ, ഫെലിസ്ത്യരുടെ നാട്ടിലൂടെ ഒരു എളുപ്പവഴിയുണ്ടായിരുന്നിട്ടും ദൈവം അവരെ ആ വഴിക്കു നയിച്ചില്ല. കാരണം, “ഒരു യുദ്ധമുണ്ടായാൽ അതു കണ്ട് ജനം മനസ്സുമാറ്റി ഈജിപ്തിലേക്കു തിരിച്ചുപോയേക്കാം” എന്നു ദൈവം പറഞ്ഞു. 18 അതുകൊണ്ട് ജനം ചെങ്കടലിന് അടുത്തുള്ള വിജനഭൂമിവഴി ചുറ്റിവളഞ്ഞ് പോകാൻ ദൈവം ഇടയാക്കി.+ സൈനികഗണങ്ങളെപ്പോലെ ക്രമീകൃതമായിട്ടാണ് ഇസ്രായേല്യർ ഈജിപ്ത് ദേശം വിട്ട് പോയത്. 19 മോശ യോസേഫിന്റെ അസ്ഥികളും കൊണ്ടുപോയി. കാരണം, “ദൈവം നിങ്ങളുടെ നേരെ ശ്രദ്ധ തിരിക്കാതിരിക്കില്ല; നിങ്ങൾ ഇവിടെനിന്ന് പോകുമ്പോൾ എന്റെ അസ്ഥികളും കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേൽമക്കളെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.+ 20 അവർ സുക്കോത്തിൽനിന്ന് പുറപ്പെട്ട് വിജനഭൂമിയുടെ ഓരം ചേർന്ന് ഏഥാമിൽ കൂടാരം അടിച്ചു.
21 അവർക്കു പകലും രാത്രിയും യാത്ര ചെയ്യാനായി വഴികാണിച്ചുകൊണ്ട് പകൽ മേഘസ്തംഭത്തിലും,+ വെളിച്ചം നൽകിക്കൊണ്ട് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പേ പൊയ്ക്കൊണ്ടിരുന്നു.+ 22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല.+
14 യഹോവ മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോട്, ഇവിടെനിന്ന് തിരിഞ്ഞ് മിഗ്ദോലിനും കടലിനും ഇടയിലായി പീഹഹിരോത്തിനു മുന്നിലേക്കു ചെന്ന് ബാൽ-സെഫോൻ കാണാവുന്ന വിധത്തിൽ കൂടാരം അടിക്കാൻ പറയുക.+ അതിന് അഭിമുഖമായി കടലിന് അരികെ നിങ്ങൾ കൂടാരം അടിക്കണം. 3 അപ്പോൾ ഇസ്രായേല്യരെക്കുറിച്ച് ഫറവോൻ പറയും: ‘എന്തു ചെയ്യണമെന്ന് അറിയാതെ അവർ ദേശത്ത് അലഞ്ഞുതിരിയുകയാണ്. വിജനഭൂമിയിൽ അവർ കുടുങ്ങിയിരിക്കുന്നു.’ 4 അങ്ങനെ ഫറവോന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ അവൻ അവരെ പിന്തുടരും. ഞാനോ ഫറവോനെയും അവന്റെ സൈന്യത്തെയും ഉപയോഗിച്ച് എന്നെ മഹത്ത്വപ്പെടുത്തും.+ ഞാൻ യഹോവ എന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+ ഇസ്രായേല്യർ അങ്ങനെതന്നെ ചെയ്തു.
5 ജനം കടന്നുകളഞ്ഞെന്ന് ഈജിപ്ത് രാജാവിനു വിവരം കിട്ടി. അതു കേട്ട ഉടനെ ഫറവോനും ദാസർക്കും ജനത്തോടുണ്ടായിരുന്ന മനോഭാവം മാറി.+ അവർ പറഞ്ഞു: “നമ്മൾ എന്താണ് ഈ ചെയ്തത്? അടിമപ്പണി ചെയ്തുകൊണ്ടിരുന്ന ആ ഇസ്രായേല്യരെ നമ്മൾ എന്തിനാണു പറഞ്ഞയച്ചത്?” 6 ഫറവോൻ യുദ്ധരഥങ്ങൾ സജ്ജമാക്കി, തന്റെ ആളുകളെയും കൂടെ കൂട്ടി,+ 7 വിശേഷപ്പെട്ട 600 രഥങ്ങളും ഈജിപ്തിലെ മറ്റെല്ലാ രഥങ്ങളും സഹിതം പുറപ്പെട്ടു. അവയിൽ ഓരോന്നിലും യോദ്ധാക്കളുമുണ്ടായിരുന്നു. 8 യഹോവ ഈജിപ്ത് രാജാവായ ഫറവോന്റെ ഹൃദയം കഠിനമാകാൻ അനുവദിച്ചു. ആത്മവിശ്വാസത്തോടെ* പോകുകയായിരുന്ന ഇസ്രായേല്യരെ+ ഫറവോൻ പിന്തുടർന്നു. 9 ഈജിപ്തുകാർ അവരുടെ പിന്നാലെ ചെന്നു.+ ഇസ്രായേല്യർ കടലിന് അരികെ പീഹഹിരോത്തിന് അടുത്ത് ബാൽ-സെഫോന് അഭിമുഖമായി താവളമടിച്ചിരിക്കുമ്പോൾ ഫറവോന്റെ എല്ലാ രഥക്കുതിരകളും കുതിരപ്പടയാളികളും സൈന്യവും അവരെ ലക്ഷ്യമാക്കി പാഞ്ഞടുത്തു.
10 ഫറവോൻ അടുത്തെത്തിയപ്പോൾ ഇസ്രായേല്യർ കണ്ണ് ഉയർത്തി നോക്കി, ഈജിപ്തുകാർ പിന്തുടർന്ന് വരുന്നതു കണ്ടു. വല്ലാതെ പേടിച്ചുപോയ അവർ ഉറക്കെ യഹോവയെ വിളിച്ചപേക്ഷിച്ചു.+ 11 അവർ മോശയോടു പറഞ്ഞു: “ഈജിപ്തിലെങ്ങും ശ്മശാനങ്ങളില്ലാഞ്ഞിട്ടാണോ ഈ വിജനഭൂമിയിൽ കിടന്ന് ചാകാൻ ഞങ്ങളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്?+ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുപോന്നത്? 12 ഈജിപ്തിൽവെച്ച് ഞങ്ങൾ പറഞ്ഞതല്ലേ, ‘ഞങ്ങളെ വെറുതേ വിട്ടേക്ക്, ഞങ്ങൾ ഈജിപ്തുകാരെ സേവിച്ചുകൊള്ളാം’ എന്ന്? ഈ വിജനഭൂമിയിൽ കിടന്ന് ചാകുന്നതിലും എത്രയോ ഭേദമായിരുന്നു ഈജിപ്തുകാരെ സേവിക്കുന്നത്.”+ 13 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “പേടിക്കരുത്.+ ഉറച്ചുനിന്ന് യഹോവ ഇന്നു നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളൂ.+ ഇന്നു കാണുന്ന ഈ ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണില്ല.+ 14 യഹോവതന്നെ നിങ്ങൾക്കുവേണ്ടി പോരാടും.+ നിങ്ങളോ മിണ്ടാതെ നിശ്ചലരായി നിൽക്കും.”
15 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ എന്തിനാണ് എന്നെ വിളിച്ച് ഇങ്ങനെ കരയുന്നത്? കൂടാരം അഴിച്ച് യാത്ര തുടരാൻ ഇസ്രായേല്യരോടു പറയുക. 16 നീ നിന്റെ വടി കടലിനു മീതെ നീട്ടി അതിനെ വിഭജിക്കുക. അങ്ങനെ ഇസ്രായേല്യർക്കു കടലിനു നടുവിൽ ഉണങ്ങിയ നിലത്തുകൂടി പോകാനാകും. 17 ഞാൻ ഈജിപ്തുകാരുടെ ഹൃദയം കഠിനമാകാൻ അനുവദിക്കുകയാണ്. അതുകൊണ്ട് അവർ ഇസ്രായേല്യരെ പിന്തുടർന്നുചെല്ലും. അങ്ങനെ ഞാൻ ഫറവോനെയും അവന്റെ സർവസൈന്യത്തെയും യുദ്ധരഥങ്ങളെയും കുതിരപ്പടയാളികളെയും ഉപയോഗിച്ച് എന്നെ മഹത്ത്വപ്പെടുത്തും.+ 18 ഫറവോനെയും അവന്റെ യുദ്ധരഥങ്ങളെയും അവന്റെ കുതിരപ്പടയാളികളെയും ഉപയോഗിച്ച് ഞാൻ എന്നെ മഹത്ത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവയാണെന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+
19 ഇസ്രായേല്യരുടെ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന സത്യദൈവത്തിന്റെ ദൂതൻ+ അവിടെനിന്ന് മാറി അവരുടെ പുറകിലേക്കു പോയി. അവരുടെ മുന്നിലുണ്ടായിരുന്ന മേഘസ്തംഭം പുറകിലേക്കു നീങ്ങി അവരുടെ പിന്നിൽ നിന്നു.+ 20 അങ്ങനെ അത് ഈജിപ്തുകാർക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ വന്നു.+ അത് ഒരു വശത്ത് ഇരുണ്ട മേഘമായിരുന്നു; മറുവശത്തോ രാത്രിയെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.+ അതുകൊണ്ട് ഈജിപ്തുകാർ ഇസ്രായേല്യരോട് അടുക്കാതെ ആ രാത്രി മുഴുവൻ കഴിഞ്ഞുപോയി.
21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. അങ്ങനെ കടൽ രണ്ടായി പിരിഞ്ഞുതുടങ്ങി.+ കടലിന്റെ അടിത്തട്ട് ഉണങ്ങിയ നിലമായി.+ 22 ഇസ്രായേല്യർ കടലിനു നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.+ വെള്ളം അവരുടെ ഇടത്തും വലത്തും ഒരു മതിലായി നിന്നു.+ 23 ഈജിപ്തുകാർ അവരെ പിന്തുടർന്നു. ഫറവോന്റെ എല്ലാ കുതിരകളും യുദ്ധരഥങ്ങളും കുതിരപ്പടയാളികളും അവരുടെ പിന്നാലെ കടലിനു നടുവിലേക്കു ചെന്നു.+ 24 പ്രഭാതയാമത്തിൽ* യഹോവ തീയുടെയും മേഘത്തിന്റെയും സ്തംഭത്തിൽനിന്ന്+ ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി. ദൈവം അവരെ ആശയക്കുഴപ്പത്തിലാക്കി. 25 ദൈവം അവരുടെ രഥചക്രങ്ങൾ ഊരിക്കളഞ്ഞുകൊണ്ടിരുന്നതിനാൽ രഥങ്ങൾ ഓടിക്കാൻ അവർ നന്നേ പണിപ്പെട്ടു. അവർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഇസ്രായേല്യരെ വിട്ട് നമുക്ക് ഓടാം. കാരണം യഹോവ അവർക്കുവേണ്ടി ഈജിപ്തുകാർക്കെതിരെ പോരാടുകയാണ്.”+
26 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “വെള്ളം തിരികെ ഈജിപ്തുകാരുടെയും അവരുടെ യുദ്ധരഥങ്ങളുടെയും അവരുടെ കുതിരപ്പടയാളികളുടെയും മേൽ വരാൻ നിന്റെ കൈ കടലിനു മീതെ നീട്ടുക.” 27 ഉടൻതന്നെ മോശ കടലിനു മീതെ കൈ നീട്ടി. പ്രഭാതമാകാറായപ്പോൾ കടൽ വീണ്ടും പഴയപടിയായി. അതിൽനിന്ന് രക്ഷപ്പെടാൻ ഈജിപ്തുകാർ ഓടിയെങ്കിലും യഹോവ അവരെ കടലിനു നടുവിലേക്കു കുടഞ്ഞിട്ടു.+ 28 തിരികെ വന്ന വെള്ളം, ഇസ്രായേല്യരുടെ പിന്നാലെ കടലിലേക്കു ചെന്ന യുദ്ധരഥങ്ങളെയും കുതിരപ്പടയാളികളെയും ഫറവോന്റെ മുഴുസൈന്യത്തെയും മുക്കിക്കളഞ്ഞു.+ ഒറ്റയാൾപ്പോലും രക്ഷപ്പെട്ടില്ല.+
29 ഇസ്രായേല്യരോ കടലിന്റെ നടുവിലൂടെ, ഉണങ്ങിക്കിടക്കുന്ന അടിത്തട്ടിലൂടെ നടന്നുപോയി.+ വെള്ളം അവരുടെ ഇടത്തും വലത്തും ഒരു മതിലായി നിന്നു.+ 30 അങ്ങനെ ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിച്ചു.+ കടൽത്തീരത്ത് ഈജിപ്തുകാർ ചത്തടിഞ്ഞത് ഇസ്രായേല്യർ കണ്ടു. 31 ഈജിപ്തുകാർക്കെതിരെ യഹോവ പ്രയോഗിച്ച മഹാശക്തിയും ഇസ്രായേല്യർ കണ്ടു. ജനം യഹോവയെ ഭയപ്പെടാനും യഹോവയിലും ദൈവദാസനായ മോശയിലും വിശ്വസിക്കാനും തുടങ്ങി.+
15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്തുതിച്ച് ഈ പാട്ടു പാടി:+
“ഞാൻ യഹോവയെ പാടി സ്തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+
കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+
2 യാഹ്* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയായിരിക്കുന്നു.+
ഇതാണ് എന്റെ ദൈവം, ഞാൻ ദൈവത്തെ സ്തുതിക്കും;+ എന്റെ പിതാവിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്ത്തും.+
3 യഹോവ യുദ്ധവീരൻ.+ യഹോവ എന്നല്ലോ തിരുനാമം.+
4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും ദൈവം കടലിൽ എറിഞ്ഞു.+
ഫറവോന്റെ വീരയോദ്ധാക്കൾ ചെങ്കടലിൽ താണുപോയി.+
5 ആർത്തിരമ്പി വന്ന വെള്ളം അവരെ മൂടി. ആഴങ്ങളിലേക്ക് ഒരു കല്ലുകണക്കെ അവർ ആണ്ടുപോയി.+
6 യഹോവേ, അങ്ങയുടെ വലങ്കൈ മഹാശക്തിയുള്ളത്.+
യഹോവേ, അങ്ങയുടെ വലങ്കൈക്കു ശത്രുക്കളെ തകർക്കാനാകും.
7 അങ്ങയ്ക്കെതിരെ എഴുന്നേൽക്കുന്നവരെ അങ്ങയുടെ ശ്രേഷ്ഠമാഹാത്മ്യത്തിൽ അങ്ങ് തകർക്കും.+
അങ്ങ് കോപാഗ്നി അയയ്ക്കുന്നു. അത് അവരെ വയ്ക്കോൽ എന്നപോലെ തിന്നുകളയുന്നു.
8 അങ്ങയുടെ മൂക്കിൽനിന്നുള്ള ഒരു നിശ്വാസത്താൽ വെള്ളം ധാരാളമായി ഒന്നിച്ചുകൂടി.
അണതീർത്തതുപോലെ പ്രളയജലം നിശ്ചലമായി നിന്നു.
ഇളകിമറിയുന്ന വെള്ളം സാഗരഹൃദയത്തിൽ ഉറഞ്ഞുപോയി.
9 ശത്രു പറഞ്ഞു: ‘ഞാൻ അവരെ പിന്തുടർന്ന് പിടികൂടും!
എനിക്കു തൃപ്തിയാകുംവരെ ഞാൻ കൊള്ളമുതൽ പങ്കിടും!
ഞാൻ എന്റെ വാൾ ഊരും! എന്റെ കൈ അവരെ കീഴടക്കും!’+
10 എന്നാൽ അങ്ങ് ശ്വാസം അയച്ചപ്പോൾ കടൽ അവരെ മൂടി.+
ഈയംകണക്കെ അവർ പെരുവെള്ളത്തിൽ മുങ്ങിത്താണു.
11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്ക്കു തുല്യനായി ആരുണ്ട്?+
വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+
അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+
12 അങ്ങ് വലങ്കൈ നീട്ടി. ഭൂമി അവരെ വിഴുങ്ങിക്കളഞ്ഞു.+
13 അങ്ങ് മോചിപ്പിച്ച* ജനത്തെ+ അചഞ്ചലസ്നേഹത്തോടെ അങ്ങ് നയിച്ചിരിക്കുന്നു.
സ്വന്തം ശക്തിയാൽ അങ്ങ് അവരെ അങ്ങയുടെ വിശുദ്ധനിവാസത്തിലേക്കു നയിക്കും.
കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+
അങ്ങ് ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+
അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും.
17 അങ്ങ് അവരെ കൊണ്ടുവന്ന് അങ്ങയുടെ അവകാശപർവതത്തിൽ നടും.+
യഹോവേ, അങ്ങയുടെ നിവാസത്തിനായി അങ്ങ് നിശ്ചയിച്ച് ഒരുക്കിയ സ്ഥലത്ത്,
യഹോവേ, അങ്ങയുടെ കരങ്ങൾ സ്ഥാപിച്ച ഒരു വിശുദ്ധസ്ഥലത്തുതന്നെ.
19 ഫറവോന്റെ കുതിരകൾ ചെന്നപ്പോൾ, യുദ്ധരഥങ്ങളോടും കുതിരപ്പടയാളികളോടും കൂടെ അവ കടലിലേക്കു ചെന്നപ്പോൾ,+
യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി.+
ഇസ്രായേൽ ജനമോ കടലിനു മധ്യേ, ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി.”+
20 അപ്പോൾ അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചിക ഒരു തപ്പു കൈയിൽ എടുത്തു. സ്ത്രീകളെല്ലാം തപ്പു കൊട്ടി നൃത്തച്ചുവടുകളോടെ മിര്യാമിനെ അനുഗമിച്ചു. 21 മിര്യാം പുരുഷന്മാരുടെ ഗാനത്തിനു പ്രതിഗാനമായി പാടിയത്:
“യഹോവയെ പാടി സ്തുതിക്കുവിൻ. കാരണം നമ്മുടെ ദൈവം മഹോന്നതനായിരിക്കുന്നു.+
കുതിരയെയും കുതിരക്കാരനെയും കടലിലേക്കു ചുഴറ്റി എറിഞ്ഞിരിക്കുന്നു.”+
22 പിന്നീട് മോശ ഇസ്രായേലിനെ ചെങ്കടലിങ്കൽനിന്ന് നയിച്ച് ശൂർ വിജനഭൂമിയിലേക്കു കൊണ്ടുപോയി. അവർ മൂന്നു ദിവസം ആ വിജനഭൂമിയിലൂടെ സഞ്ചരിച്ചിട്ടും എങ്ങും വെള്ളം കണ്ടെത്തിയില്ല. 23 അവസാനം അവർ മാറയിൽ* എത്തിച്ചേർന്നു.+ എന്നാൽ അവിടത്തെ വെള്ളം കയ്പുള്ളതായിരുന്നതുകൊണ്ട് അതും അവർക്കു കുടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് മോശ അതിനു മാറ എന്നു പേരിട്ടത്. 24 അപ്പോൾ ജനം, “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞ് മോശയ്ക്കെതിരെ പിറുപിറുത്തുതുടങ്ങി.+ 25 മോശ യഹോവയെ വിളിച്ചപേക്ഷിച്ചു.+ യഹോവ ഒരു ചെറിയ മരത്തിന്റെ അടുത്തേക്കു മോശയെ നയിച്ചു. മോശ അതു പിഴുത് വെള്ളത്തിൽ എറിഞ്ഞപ്പോൾ വെള്ളം മധുരമുള്ളതായി.
അവിടെവെച്ച് ദൈവം അവർക്കുവേണ്ടി ഒരു നിയമം ഉണ്ടാക്കി, ന്യായവിധിക്കുള്ള ഒരു മാനദണ്ഡവും വ്യവസ്ഥ ചെയ്തു. അവിടെയായിരിക്കെ ദൈവം അവരെ പരീക്ഷിച്ചു.+ 26 ദൈവം പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും ദൈവമുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യുകയും ദൈവത്തിന്റെ കല്പനകൾക്കു ചെവി കൊടുക്കുകയും ദൈവത്തിന്റെ ചട്ടങ്ങളെല്ലാം പാലിക്കുകയും+ ചെയ്യുന്നെങ്കിൽ ഈജിപ്തുകാർക്കു ഞാൻ വരുത്തിയ രോഗങ്ങളിൽ ഒന്നുപോലും നിങ്ങൾക്കു വരുത്തില്ല.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ സുഖപ്പെടുത്തുന്നവനാണ്.”+
27 അതിനു ശേഷം അവർ ഏലീമിൽ എത്തി. അവിടെ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട് അവർ അവിടെ വെള്ളത്തിന് അരികെ പാളയമടിച്ചു.
16 ഇസ്രായേൽസമൂഹം മുഴുവനും ഏലീമിൽനിന്ന് പുറപ്പെട്ട് ഒടുവിൽ ഏലീമിനും സീനായിക്കും ഇടയിലുള്ള സിൻ വിജനഭൂമിയിൽ എത്തിച്ചേർന്നു.+ അവർ ഈജിപ്ത് ദേശം വിട്ട് പോന്നതിന്റെ രണ്ടാം മാസം 15-ാം ദിവസമായിരുന്നു അത്.
2 ഇസ്രായേൽസമൂഹം മുഴുവനും വിജനഭൂമിയിൽവെച്ച് മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തുതുടങ്ങി.+ 3 ഇസ്രായേല്യർ അവരോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “ഈജിപ്ത് ദേശത്ത് ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുത്ത് ഇരുന്ന് തൃപ്തിയാകുവോളം അപ്പം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യഹോവയുടെ കൈകൊണ്ട് മരിച്ചിരുന്നെങ്കിൽ!+ ഇപ്പോൾ ഈ സഭയെ മുഴുവൻ പട്ടിണിക്കിട്ട് കൊല്ലാൻ നിങ്ങൾ ഈ വിജനഭൂമിയിലേക്കു ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നു.”+
4 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഇതാ, ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് ആഹാരം വർഷിക്കാൻപോകുന്നു!+ ജനത്തിൽ ഓരോരുത്തരും ദിവസവും പുറത്ത് പോയി അവരവരുടെ പങ്കു ശേഖരിക്കണം.+ അങ്ങനെ അവർ എന്റെ നിയമമനുസരിച്ച് നടക്കുമോ ഇല്ലയോ എന്ന് എനിക്കു പരീക്ഷിച്ചറിയാനാകും.+ 5 എന്നാൽ ആറാം ദിവസം+ അവർ മറ്റു ദിവസങ്ങളിൽ പെറുക്കുന്നതിന്റെ ഇരട്ടി ശേഖരിച്ച് കൊണ്ടുവന്ന് തയ്യാറാക്കണം.”+
6 അതുകൊണ്ട് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്നത് യഹോവയാണെന്നു വൈകുന്നേരം നിങ്ങൾ അറിയും.+ 7 രാവിലെ യഹോവയുടെ മഹത്ത്വം നിങ്ങൾ കാണും. കാരണം തനിക്ക് എതിരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് യഹോവ കേട്ടിരിക്കുന്നു. അല്ലെങ്കിൽത്തന്നെ, നിങ്ങൾ ഞങ്ങൾക്കെതിരെ പിറുപിറുക്കാൻ ഈ ഞങ്ങൾ ആരാണ്?” 8 മോശ തുടർന്ന് പറഞ്ഞു: “നിങ്ങൾക്കു ഭക്ഷിക്കാൻ വൈകുന്നേരം ഇറച്ചിയും രാവിലെ തൃപ്തിയാകുവോളം അപ്പവും യഹോവ തരുമ്പോൾ, യഹോവയ്ക്കെതിരെയുള്ള നിങ്ങളുടെ ഈ പിറുപിറുപ്പു ദൈവം കേട്ടിരിക്കുന്നെന്നു നിങ്ങൾ കണ്ടറിയും. വാസ്തവത്തിൽ ഞങ്ങൾ ആരാണ്? നിങ്ങൾ പിറുപിറുക്കുന്നതു ഞങ്ങൾക്കെതിരെയല്ല, മറിച്ച് യഹോവയ്ക്കെതിരെയാണ്.”+
9 പിന്നെ മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയണം: ‘യഹോവയുടെ സന്നിധിയിൽ വന്നുകൂടുക. കാരണം ദൈവം നിങ്ങളുടെ പിറുപിറുപ്പു+ കേട്ടിരിക്കുന്നു.’” 10 ഇസ്രായേല്യരുടെ സമൂഹത്തോടു മുഴുവൻ അഹരോൻ സംസാരിച്ചുതീർന്ന ഉടനെ അവർ തിരിഞ്ഞ് വിജനഭൂമിക്ക് അഭിമുഖമായി നിന്നു. അപ്പോൾ അതാ, യഹോവയുടെ തേജസ്സു മേഘത്തിൽ പ്രത്യക്ഷമായി!+
11 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 12 “ഇസ്രായേല്യരുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു.+ അവരോടു പറയുക: ‘സന്ധ്യക്കു* നിങ്ങൾ ഇറച്ചി കഴിക്കും; രാവിലെ തൃപ്തിയാകുവോളം അപ്പവും തിന്നും.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ ഉറപ്പായും അറിയും.’”+
13 അങ്ങനെ അന്നു വൈകുന്നേരം കാടപ്പക്ഷികൾ വന്ന് പാളയം മൂടി.+ രാവിലെ പാളയത്തിനു ചുറ്റും മഞ്ഞിന്റെ ഒരു ആവരണം കണ്ടു. 14 മഞ്ഞിന്റെ ആ ആവരണം ആവിയായിപ്പോയപ്പോൾ വിജനഭൂമിയുടെ ഉപരിതലത്തിൽ തരിതരിയായി ഒരു വസ്തു കിടപ്പുണ്ടായിരുന്നു.+ നിലത്ത് വീണുകിടക്കുന്ന പൊടിമഞ്ഞുപോലെ നേർമയുള്ളതായിരുന്നു അത്. 15 ഇസ്രായേല്യർ അതു കണ്ടപ്പോൾ, “ഇത് എന്താണ്” എന്നു പരസ്പരം ചോദിച്ചുതുടങ്ങി. കാരണം അത് എന്താണെന്ന് അവർക്ക് അറിയില്ലായിരുന്നു. മോശ അവരോടു പറഞ്ഞു: “നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരിക്കുന്ന ആഹാരമാണ് ഇത്.+ 16 യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: ‘ഓരോരുത്തരും കഴിക്കാൻ പറ്റുന്നത്രയും വേണം ശേഖരിക്കാൻ. ഓരോരുത്തരുടെയും കൂടാരത്തിലെ ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെർ*+ വീതം പെറുക്കാം.’” 17 അങ്ങനെ ഇസ്രായേല്യർ അതു പെറുക്കാൻതുടങ്ങി; ചിലർ കൂടുതലും മറ്റു ചിലർ കുറച്ചും പെറുക്കി. 18 എന്നാൽ ഓമെർകൊണ്ട് അളന്ന് നോക്കിയപ്പോൾ ഏറെ പെറുക്കിയ ആൾക്കു മിച്ചം വന്നില്ല; കുറച്ച് പെറുക്കിയ ആൾക്കു തികയാതെയും വന്നില്ല.+ തങ്ങൾക്കു കഴിക്കാൻ പറ്റുന്നത്രയുമാണ് അവർ ഓരോരുത്തരും പെറുക്കിയത്.
19 പിന്നെ മോശ അവരോടു പറഞ്ഞു: “ആരും ഇതിൽ ഒട്ടും രാവിലെവരെ വെച്ചേക്കരുത്.”+ 20 പക്ഷേ അവർ മോശ പറഞ്ഞത് അനുസരിച്ചില്ല. ചിലർ അതിൽ കുറച്ച് രാവിലെവരെ വെച്ചപ്പോൾ അതു പുഴുത്ത് നാറി. അവർ ആ ചെയ്തതിൽ മോശ രോഷംകൊണ്ടു. 21 ഓരോരുത്തരും കഴിക്കാൻ പറ്റുന്നത്ര രാവിലെതോറും പെറുക്കിയെടുക്കും. വെയിൽ ഉറയ്ക്കുമ്പോൾ അത് അലിഞ്ഞുപോകുമായിരുന്നു.
22 ആറാം ദിവസം അവർ ഒരാൾക്ക് രണ്ട് ഓമെർ വീതം സാധാരണ പെറുക്കുന്നതിന്റെ ഇരട്ടി ആഹാരം ശേഖരിച്ചു.+ അപ്പോൾ ഇസ്രായേൽസമൂഹത്തിലെ തലവന്മാരെല്ലാം വന്ന് ഇക്കാര്യം മോശയെ അറിയിച്ചു. 23 അപ്പോൾ മോശ പറഞ്ഞു: “അതുതന്നെയാണ് യഹോവ പറഞ്ഞിരിക്കുന്നത്. നാളെ സമ്പൂർണവിശ്രമത്തിന്റെ ദിവസമായിരിക്കും,* അതായത് യഹോവയ്ക്കുള്ള ഒരു വിശുദ്ധശബത്ത്.+ ചുടേണ്ടതു ചുടുകയും പുഴുങ്ങേണ്ടതു പുഴുങ്ങുകയും ചെയ്യുക.+ ബാക്കിയുള്ളതു രാവിലെവരെ സൂക്ഷിച്ചുവെക്കുക.” 24 അങ്ങനെ മോശ കല്പിച്ചതുപോലെ അവർ അതു രാവിലെവരെ സൂക്ഷിച്ചുവെച്ചു. അതു പുഴുത്തില്ല, നാറിയതുമില്ല. 25 അപ്പോൾ മോശ പറഞ്ഞു: “ഇന്ന് ഇതു തിന്നുകൊള്ളൂ. കാരണം ഇന്ന് യഹോവയ്ക്കുള്ള ശബത്താണ്. ഇന്നു നിങ്ങൾ ഇതു നിലത്ത് കാണുകയില്ല. 26 ആറു ദിവസം നിങ്ങൾ ഇതു പെറുക്കും. എന്നാൽ ശബത്തായ+ ഏഴാം ദിവസം പെറുക്കാൻ ഒന്നുമുണ്ടാകില്ല.” 27 എന്നിട്ടും, ഏഴാം ദിവസം ജനത്തിൽ ചിലർ അതു പെറുക്കാൻ പുറത്ത് പോയി; പക്ഷേ ഒന്നും കണ്ടില്ല.
28 അതുകൊണ്ട് യഹോവ മോശയോടു പറഞ്ഞു: “നിങ്ങൾ എത്ര കാലം എന്റെ കല്പനകളും നിയമങ്ങളും അനുസരിക്കാൻ വിസമ്മതിക്കും?+ 29 യഹോവയാണു നിങ്ങൾക്കു ശബത്ത്+ തന്നത് എന്ന വസ്തുത ഓർക്കുക. അതുകൊണ്ടാണ് ആറാം ദിവസം ദൈവം രണ്ടു ദിവസത്തേക്കുള്ള ആഹാരം നിങ്ങൾക്കു തരുന്നത്. ഓരോരുത്തരും എവിടെയാണോ അവിടെത്തന്നെ കഴിയട്ടെ. ഏഴാം ദിവസം ആരും അവിടം വിട്ട് എങ്ങോട്ടും പോകരുത്.” 30 അങ്ങനെ ജനം ഏഴാം ദിവസം ശബത്ത് ആചരിച്ചു.*+
31 ഇസ്രായേൽ ജനം ആ ആഹാരത്തിനു “മന്ന”* എന്നു പേരിട്ടു. അതു കൊത്തമല്ലിയുടെ അരിപോലെ വെളുത്തതും തേൻ ചേർത്ത അടയുടെ സ്വാദുള്ളതും ആയിരുന്നു.+ 32 മോശ പറഞ്ഞു: “യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: ‘ഞാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ വിജനഭൂമിയിൽവെച്ച് കഴിക്കാൻ തന്ന ആഹാരം നിങ്ങളുടെ വരുംതലമുറകൾക്കും കാണാൻ കഴിയേണ്ടതിന്+ അതിൽനിന്ന് ഒരു ഓമെർ എടുത്ത് സൂക്ഷിച്ചുവെക്കുക.’” 33 അതുകൊണ്ട് മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണി എടുത്ത് അതിൽ ഒരു ഓമെർ മന്ന നിറച്ച് അത് യഹോവയുടെ സന്നിധിയിൽ നിക്ഷേപിക്കുക. നിങ്ങളുടെ എല്ലാ തലമുറകളിലും അത് അങ്ങനെ ഇരിക്കട്ടെ.”+ 34 യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ, അഹരോൻ അതു സാക്ഷ്യത്തിന്റെ* സന്നിധിയിൽ+ സൂക്ഷിച്ചുവെച്ചു. 35 ജനവാസമുള്ള ഒരു ദേശത്ത് എത്തുന്നതുവരെ ഇസ്രായേല്യർ 40 വർഷം മന്ന തിന്നു.+ കനാൻ ദേശത്തിന്റെ അതിർത്തിയിൽ+ എത്തുന്നതുവരെ അവർ മന്ന തിന്നു. 36 ഒരു ഓമെർ എന്നു പറയുന്നത് ഒരു ഏഫായുടെ* പത്തിലൊന്നാണ്.
17 യഹോവയുടെ ആജ്ഞയനുസരിച്ച്+ സിൻ വിജനഭൂമിയിൽനിന്ന്+ പുറപ്പെട്ട ഇസ്രായേൽസമൂഹം പല സ്ഥലങ്ങളിൽ മാറിമാറി പാളയമടിച്ച് ഒടുവിൽ രഫീദീമിൽ എത്തി.+ എന്നാൽ അവിടെ പാളയമടിച്ച അവർക്കു കുടിക്കാൻ വെള്ളമില്ലായിരുന്നു.
2 അതുകൊണ്ട് ജനം, “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ” എന്നു പറഞ്ഞ് മോശയോടു കലഹിച്ചുതുടങ്ങി.+ എന്നാൽ മോശ അവരോടു ചോദിച്ചു: “എന്തിനാണു നിങ്ങൾ എന്നോട് ഇങ്ങനെ കലഹിക്കുന്നത്, എന്തിനാണു നിങ്ങൾ യഹോവയെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്?”+ 3 പക്ഷേ, അവിടെയായിരിക്കെ ദാഹിച്ചുവലഞ്ഞ ജനം മോശയ്ക്കെതിരെ പിറുപിറുത്തുകൊണ്ടിരുന്നു.+ അവർ പറഞ്ഞു: “എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് ഇങ്ങോട്ടു കൊണ്ടുവന്നത്? ഞങ്ങളും ഞങ്ങളുടെ മക്കളും മൃഗങ്ങളും ദാഹിച്ച് ചാകട്ടെ എന്നു കരുതിയാണോ?” 4 ഒടുവിൽ മോശ യഹോവയെ വിളിച്ച് കരഞ്ഞ് പറഞ്ഞു: “ഈ ജനത്തെ ഞാൻ എന്തു ചെയ്യും? അൽപ്പംകൂടെ കഴിഞ്ഞാൽ അവർ എന്നെ കല്ലെറിയും!”
5 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ജനത്തിനു മുമ്പേ പോകുക. ഇസ്രായേൽമൂപ്പന്മാരിൽ ചിലരെയും നിന്റെകൂടെ കൂട്ടിക്കൊള്ളൂ. നൈൽ നദിയെ അടിക്കാൻ ഉപയോഗിച്ച നിന്റെ വടിയും+ കൂടെ കരുതണം. അതു നിന്റെ കൈയിലെടുത്ത് നടക്കുക. 6 ഇതാ! ഞാൻ അവിടെ നിന്റെ മുന്നിൽ ഹോരേബിലെ പാറയുടെ മുകളിൽ നിൽക്കുന്നുണ്ടാകും. നീ പാറയിലടിക്കണം. അപ്പോൾ അതിൽനിന്ന് വെള്ളം പുറത്ത് വരും, ജനം അതു കുടിക്കുകയും ചെയ്യും.”+ ഇസ്രായേൽമൂപ്പന്മാരുടെ കൺമുന്നിൽവെച്ച് മോശ അങ്ങനെ ചെയ്തു. 7 ഇസ്രായേല്യർ കലഹിച്ചതുകൊണ്ടും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്നു പറഞ്ഞ് യഹോവയെ പരീക്ഷിച്ചതുകൊണ്ടും+ മോശ ആ സ്ഥലത്തിനു മസ്സ*+ എന്നും മെരീബ*+ എന്നും പേരിട്ടു.
8 പിന്നെ അമാലേക്യർ+ വന്ന് രഫീദീമിൽവെച്ച് ഇസ്രായേല്യരോടു പോരാടി.+ 9 അപ്പോൾ മോശ യോശുവയോടു+ പറഞ്ഞു: “നമുക്കുവേണ്ടി പുരുഷന്മാരെ തിരഞ്ഞെടുത്ത് അമാലേക്യരോടു പോരാടാൻ പുറപ്പെടൂ! ഞാൻ നാളെ സത്യദൈവത്തിന്റെ വടിയും പിടിച്ച് കുന്നിന്മുകളിൽ നിൽക്കും.” 10 മോശ പറഞ്ഞതുപോലെതന്നെ യോശുവ ചെയ്തു.+ യോശുവ അമാലേക്യരോടു പോരാടി. മോശയും അഹരോനും ഹൂരും+ കുന്നിന്റെ മുകളിലേക്കും കയറി.
11 മോശ കൈകൾ ഉയർത്തിപ്പിടിച്ച സമയം മുഴുവൻ ഇസ്രായേല്യർ വിജയിച്ചുനിന്നു. എന്നാൽ മോശയുടെ കൈകൾ താണുപോകുന്ന ഉടൻ അമാലേക്യർ ജയിച്ചുകയറി. 12 കൈ കഴച്ചപ്പോൾ മോശയ്ക്ക് ഇരിക്കാൻ അവർ ഒരു കല്ലു കൊണ്ടുവന്ന് കൊടുത്തു. മോശ അതിൽ ഇരുന്നപ്പോൾ അഹരോനും ഹൂരും ഇരുവശങ്ങളിലും നിന്ന് മോശയുടെ കൈകൾ താങ്ങിക്കൊടുത്തു. അതുകൊണ്ട് മോശയുടെ കൈകൾ സൂര്യാസ്തമയംവരെ താണുപോകാതെ നിന്നു. 13 അങ്ങനെ, യോശുവ അമാലേക്കിനെയും അയാളുടെ ജനത്തെയും വാളുകൊണ്ട് തോൽപ്പിച്ചു.+
14 യഹോവ മോശയോടു പറഞ്ഞു: “‘അമാലേക്കിന്റെ ഓർമ ആകാശത്തിൻകീഴിൽനിന്ന് ഞാൻ നിശ്ശേഷം മായ്ച്ചുകളയും’+ എന്നത് ഒരു സ്മരണയ്ക്കായി* പുസ്തകത്തിൽ എഴുതുകയും യോശുവയോടു പറയുകയും ചെയ്യുക.” 15 പിന്നെ മോശ ഒരു യാഗപീഠം പണിത് അതിന് യഹോവ-നിസ്സി* എന്നു പേരിട്ടു. 16 “അമാലേക്കിന്റെ കൈ യാഹിന്റെ സിംഹാസനത്തിന്+ എതിരെ ഉയർന്നിരിക്കുന്നതുകൊണ്ട് തലമുറതലമുറയോളം യഹോവയ്ക്ക് അമാലേക്കിനോടു യുദ്ധമുണ്ടായിരിക്കും”+ എന്നു മോശ പറഞ്ഞു.
18 ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനും വേണ്ടി എന്തെല്ലാം ചെയ്തെന്നും യഹോവ ഇസ്രായേലിനെ ഈജിപ്തിൽനിന്ന് എങ്ങനെ വിടുവിച്ചെന്നും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനും ആയ യിത്രൊ+ കേട്ടു.+ 2 അമ്മായിയപ്പനായ യിത്രൊയുടെ അടുത്തേക്കു മോശ തന്റെ ഭാര്യ സിപ്പോറയെ മടക്കി അയച്ചപ്പോൾ യിത്രൊ സിപ്പോറയെ വീട്ടിൽ സ്വീകരിച്ചിരുന്നു. 3 സിപ്പോറയോടൊപ്പം അവളുടെ രണ്ട് ആൺമക്കളുമുണ്ടായിരുന്നു.+ “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി താമസിക്കുകയാണല്ലോ” എന്നു പറഞ്ഞ് മോശ ഒരു മകനു ഗർശോം*+ എന്നു പേരിട്ടു. 4 “ഫറവോന്റെ വാളിൽനിന്ന് എന്നെ രക്ഷിച്ച എന്റെ പിതാവിന്റെ ദൈവം എനിക്കു സഹായി”+ എന്നു പറഞ്ഞ് മറ്റേ മകന് എലീയേസെർ* എന്നും പേരിട്ടു.
5 മോശയുടെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി അമ്മായിയപ്പനായ യിത്രൊ വിജനഭൂമിയിൽ, സത്യദൈവത്തിന്റെ പർവതത്തിന് അടുത്ത് പാളയമടിച്ചിരുന്ന+ മോശയെ കാണാൻ ചെന്നു. 6 “നിന്റെ അമ്മായിയപ്പനായ യിത്രൊ+ നിന്റെ ഭാര്യയെയും രണ്ടു പുത്രന്മാരെയും കൂട്ടി നിന്റെ അടുത്തേക്കു വരുകയാണ്” എന്നു യിത്രൊ ആളയച്ച് മോശയെ അറിയിച്ചു. 7 ഉടൻതന്നെ മോശ അമ്മായിയപ്പനെ സ്വീകരിക്കാൻ ചെന്നു. മോശ യിത്രൊയുടെ മുന്നിൽ കുമ്പിട്ട് അദ്ദേഹത്തെ ചുംബിച്ചു. അവർ തമ്മിൽത്തമ്മിൽ ക്ഷേമാന്വേഷണം നടത്തിയിട്ട് കൂടാരത്തിന് അകത്തേക്കു പോയി.
8 ഇസ്രായേലിനുവേണ്ടി യഹോവ ഫറവോനോടും ഈജിപ്തിനോടും ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ വഴിമധ്യേ അവർക്കു നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും+ യഹോവ അവരെ മോചിപ്പിച്ച വിധത്തെക്കുറിച്ചും മോശ അമ്മായിയപ്പനോടു വിവരിച്ചു. 9 ഈജിപ്തിൽനിന്ന് ഇസ്രായേല്യരെ രക്ഷിച്ചുകൊണ്ട് യഹോവ അവർക്കുവേണ്ടി ചെയ്ത നന്മകളെക്കുറിച്ചൊക്കെ കേട്ടപ്പോൾ യിത്രൊയ്ക്കു സന്തോഷമായി. 10 അപ്പോൾ യിത്രൊ പറഞ്ഞു: “ഈജിപ്തിൽനിന്നും ഫറവോനിൽനിന്നും നിങ്ങളെ രക്ഷിച്ചവനും ഈജിപ്തിന്റെ നിയന്ത്രണത്തിൻകീഴിൽനിന്ന് ജനത്തെ രക്ഷിച്ചവനും ആയ യഹോവ വാഴ്ത്തപ്പെടട്ടെ. 11 തന്റെ ജനത്തിന് എതിരെ ഗർവത്തോടെ പെരുമാറിയവരോട് ഇങ്ങനെയൊക്കെ ചെയ്ത യഹോവയാണു മറ്റെല്ലാ ദൈവങ്ങളെക്കാളും ശ്രേഷ്ഠനെന്ന്+ എനിക്ക് ഇപ്പോൾ മനസ്സിലായി.” 12 പിന്നെ മോശയുടെ അമ്മായിയപ്പനായ യിത്രൊ ദൈവത്തിനു ദഹനയാഗവും ബലികളും അർപ്പിക്കാൻ വേണ്ടതു കൊണ്ടുവന്നു. സത്യദൈവത്തിന്റെ സന്നിധിയിൽ മോശയുടെ അമ്മായിയപ്പനോടൊപ്പം ഭക്ഷണം കഴിക്കാൻ അഹരോനും എല്ലാ ഇസ്രായേൽമൂപ്പന്മാരും വന്നുചേർന്നു.
13 അടുത്ത ദിവസം മോശ പതിവുപോലെ, ജനത്തിന്റെ പരാതികൾ കേട്ട് ന്യായത്തീർപ്പു കല്പിക്കാൻ ഇരുന്നു. ജനം മോശയുടെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. രാവിലെമുതൽ വൈകുന്നേരംവരെ അവർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. 14 മോശ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടപ്പോൾ യിത്രൊ ചോദിച്ചു: “നീ എന്താണ് ഈ ചെയ്യുന്നത്? രാവിലെമുതൽ വൈകുന്നേരംവരെ ജനമെല്ലാം നിന്റെ അടുത്ത് വരുന്നുണ്ടല്ലോ. എന്തിനാണു നീ ഒറ്റയ്ക്ക് ഇതു ചെയ്യുന്നത്?” 15 അപ്പോൾ മോശ പറഞ്ഞു: “ദൈവത്തിന്റെ ഉപദേശം തേടാനാണു ജനം എപ്പോഴും എന്റെ അടുത്ത് വരുന്നത്. 16 ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അവർ അതുമായി എന്റെ അടുത്ത് വരും. ഇരുകക്ഷികൾക്കും മധ്യേ ഞാൻ വിധി കല്പിക്കണം. സത്യദൈവത്തിന്റെ തീരുമാനങ്ങളും നിയമങ്ങളും ഞാൻ അവർക്ക് അറിയിച്ചുകൊടുക്കും.”+
17 അപ്പോൾ മോശയുടെ അമ്മായിയപ്പൻ പറഞ്ഞു: “നീ ഈ ചെയ്യുന്നതു ശരിയല്ല. 18 നീയും നിന്റെ കൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും. കാരണം ഇതു നിനക്കു താങ്ങാനാകാത്ത ഭാരമാണ്. നിനക്ക് ഇത് ഒറ്റയ്ക്കു വഹിക്കാൻ പറ്റില്ല. 19 ഇപ്പോൾ ഞാൻ പറയുന്നതു ശ്രദ്ധിക്കൂ. ഞാൻ നിനക്ക് ഒരു വഴി പറഞ്ഞുതരാം. ദൈവം നിന്റെകൂടെയുണ്ടായിരിക്കുകയും ചെയ്യും.+ നീ സത്യദൈവത്തിന്റെ മുമ്പാകെ ജനത്തിന്റെ പ്രതിനിധിയായി സേവിക്കണം.+ സത്യദൈവത്തിന്റെ മുന്നിൽ പ്രശ്നങ്ങൾ കൊണ്ടുവരുന്നതു നീയായിരിക്കണം.+ 20 നീ അവർക്കു ചട്ടങ്ങളും നിയമങ്ങളും+ പറഞ്ഞുകൊടുക്കണം. നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും വേണം. 21 എന്നാൽ നീ ജനത്തിന്റെ ഇടയിൽനിന്ന് പ്രാപ്തരും+ ദൈവഭയമുള്ളവരും ആശ്രയയോഗ്യരും അന്യായലാഭം വെറുക്കുന്നവരും+ ആയ പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഇവരെ ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി നിയമിക്കണം.+ 22 പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ* അവർ ജനത്തിനു വിധി കല്പിക്കട്ടെ. ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ അവർ നിന്റെ അടുത്ത് കൊണ്ടുവരും.+ എന്നാൽ ചെറിയ പ്രശ്നങ്ങൾക്കെല്ലാം അവർതന്നെ തീർപ്പു കല്പിക്കും. ഭാരം വഹിക്കുന്നതിൽ അവരും നിന്നെ സഹായിക്കട്ടെ. അങ്ങനെ നിന്റെ ജോലി എളുപ്പമാക്കുക.+ 23 നീ ഇതു ചെയ്യുന്നെങ്കിൽ—അങ്ങനെ ദൈവം നിന്നോടു കല്പിക്കുന്നപക്ഷം—നിനക്കു തളരാതെ പിടിച്ചുനിൽക്കാനാകും. എല്ലാവരും സംതൃപ്തിയോടെ വീട്ടിൽ പോകുകയും ചെയ്യും.”
24 മോശ അമ്മായിയപ്പന്റെ വാക്കു കേട്ട് അദ്ദേഹം പറഞ്ഞതെല്ലാം ഉടൻതന്നെ ചെയ്തു. 25 മോശ എല്ലാ ഇസ്രായേലിൽനിന്നും പ്രാപ്തരായ പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ജനത്തിനു തലവന്മാരായി നിയമിച്ചു. ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി അവരെ നിയമിച്ചു. 26 പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവർ ജനത്തിനു വിധി കല്പിച്ചു. ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ അവർ മോശയുടെ അടുത്ത് കൊണ്ടുവരും.+ എന്നാൽ ചെറിയ പ്രശ്നങ്ങൾക്കെല്ലാം അവർതന്നെ തീർപ്പുകല്പിക്കും. 27 അതിനു ശേഷം മോശ അമ്മായിയപ്പനെ യാത്രയാക്കി.+ യിത്രൊ സ്വദേശത്തേക്കു മടങ്ങി.
19 ഈജിപ്ത് ദേശം വിട്ട് പോന്നതിന്റെ മൂന്നാം മാസം, അതേ ദിവസംതന്നെ, ഇസ്രായേല്യർ സീനായ് വിജനഭൂമിയിൽ എത്തിച്ചേർന്നു. 2 രഫീദീമിൽനിന്ന്+ പുറപ്പെട്ട് സീനായ് വിജനഭൂമിയിൽ വന്ന അവർ അവിടെ പർവതത്തിനു+ മുന്നിൽ പാളയമടിച്ചു.
3 പിന്നെ മോശ സത്യദൈവത്തിന്റെ അടുത്തേക്കു കയറിപ്പോയി. യഹോവ പർവതത്തിൽനിന്ന് മോശയെ വിളിച്ച്+ ഇങ്ങനെ പറഞ്ഞു: “യാക്കോബിന്റെ ഭവനത്തോട്, അതായത് ഇസ്രായേലിന്റെ പുത്രന്മാരോട്, നീ ഇങ്ങനെ പറയണം: 4 ‘നിങ്ങളെ കഴുകന്റെ ചിറകിൽ വഹിച്ച് എന്റെ അടുത്തേക്കു കൊണ്ടുവരാൻവേണ്ടി+ ഈജിപ്തുകാരോടു ഞാൻ ചെയ്തതു+ നിങ്ങൾ കണ്ടതാണല്ലോ. 5 നിങ്ങൾ എന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതെ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്താകും.*+ കാരണം ഭൂമി മുഴുവൻ എന്റേതാണ്.+ 6 നിങ്ങൾ എനിക്കു രാജ-പുരോഹിതന്മാരും വിശുദ്ധജനതയും ആകും.’+ ഇവയാണു നീ ഇസ്രായേല്യരോടു പറയേണ്ട വാക്കുകൾ.”
7 അപ്പോൾ മോശ പോയി ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചുകൂട്ടി യഹോവ കല്പിച്ച ഈ വാക്കുകളെല്ലാം അവരെ അറിയിച്ചു.+ 8 അതിനു ശേഷം, ജനം ഒന്നടങ്കം ഒരേ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവ പറഞ്ഞതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.”+ ഉടൻതന്നെ മോശ പോയി ജനത്തിന്റെ വാക്കുകൾ യഹോവയെ അറിയിച്ചു. 9 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഇതാ, ഇരുണ്ട മേഘത്തിൽ ഞാൻ നിന്റെ അടുത്തേക്കു വരുന്നു! അങ്ങനെ, ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കാനും അവർ എപ്പോഴും നിന്നിലുംകൂടെ വിശ്വാസമർപ്പിക്കാനും ഇടയാകട്ടെ.” പിന്നെ മോശ ജനത്തിന്റെ വാക്കുകൾ യഹോവയെ അറിയിച്ചു.
10 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ജനത്തിന്റെ അടുത്തേക്കു ചെന്ന് ഇന്നും നാളെയും അവരെ വിശുദ്ധീകരിക്കുക. അവർ വസ്ത്രം കഴുകി 11 മൂന്നാം ദിവസത്തിനായി തയ്യാറായിരിക്കണം. കാരണം മൂന്നാം ദിവസം സർവജനവും കാൺകെ യഹോവ സീനായ് പർവതത്തിൽ ഇറങ്ങിവരും. 12 നീ ജനത്തിനുവേണ്ടി പർവതത്തിന്റെ ചുറ്റോടുചുറ്റും അതിർ തിരിച്ച് അവരോടു പറയണം: ‘പർവതത്തിലേക്കു കയറിപ്പോകുകയോ അതിന്റെ അതിരിൽ തൊടുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ആരെങ്കിലും പർവതത്തിൽ തൊട്ടാൽ അവനെ കൊന്നുകളയണം. 13 ആരും അവനെ തൊടരുത്. പകരം, അവനെ കല്ലെറിഞ്ഞോ കുത്തിയോ* കൊല്ലണം. മനുഷ്യനായാലും മൃഗമായാലും ജീവനോടെ വെക്കരുത്.’+ എന്നാൽ കൊമ്പുവിളി* ഉയരുമ്പോൾ+ അവർക്കു പർവതത്തിന്റെ അടുത്ത് വരാം.”
14 പിന്നെ മോശ പർവതത്തിൽനിന്ന് ജനത്തിന്റെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് ജനത്തെ വിശുദ്ധീകരിക്കാൻതുടങ്ങി. അവർ വസ്ത്രം കഴുകി.+ 15 മോശ ജനത്തോടു പറഞ്ഞു: “മൂന്നാം ദിവസത്തിനുവേണ്ടി ഒരുങ്ങുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.”
16 മൂന്നാം ദിവസം രാവിലെ ഇടിമുഴക്കവും മിന്നലും ഉണ്ടായി. പർവതമുകളിൽ കനത്ത മേഘമുണ്ടായിരുന്നു;+ കൊമ്പുവിളിയുടെ ഗംഭീരശബ്ദവും മുഴങ്ങിക്കേട്ടു. പാളയത്തിലുണ്ടായിരുന്ന ജനം മുഴുവൻ ഭയന്നുവിറയ്ക്കാൻതുടങ്ങി.+ 17 സത്യദൈവവുമായി കൂടിക്കാണാൻ മോശ ഇപ്പോൾ ജനത്തെ പാളയത്തിനു പുറത്ത് കൊണ്ടുവന്നു. അവർ പർവതത്തിന്റെ അടിവാരത്ത് ചെന്ന് നിന്നു. 18 യഹോവ തീയിൽ സീനായ് പർവതത്തിൽ ഇറങ്ങിവന്നതിനാൽ പർവതം മുഴുവനും പുകഞ്ഞു.+ ഒരു ചൂളയിൽനിന്നെന്നപോലെ അതിൽനിന്ന് പുക ഉയർന്നുകൊണ്ടിരുന്നു. പർവതം മുഴുവൻ അതിശക്തമായി കുലുങ്ങുന്നുമുണ്ടായിരുന്നു.+ 19 കൊമ്പുവിളിയുടെ ശബ്ദം കൂടിക്കൂടി വന്നപ്പോൾ മോശ സംസാരിച്ചു. സത്യദൈവത്തിന്റെ ശബ്ദം മോശയ്ക്ക് ഉത്തരമേകി.
20 യഹോവ സീനായ് പർവതത്തിന്റെ മുകളിലേക്ക് ഇറങ്ങിവന്നു. എന്നിട്ട് യഹോവ മോശയെ പർവതത്തിന്റെ മുകളിലേക്കു വിളിച്ചു. മോശ കയറിച്ചെന്നു.+ 21 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ താഴേക്കു ചെന്ന്, യഹോവയെ കാണാൻവേണ്ടി അതിർത്തി ലംഘിച്ച് വരരുതെന്നു ജനത്തിനു മുന്നറിയിപ്പു കൊടുക്കുക. അല്ലാത്തപക്ഷം അനേകം ആളുകൾക്കു ജീവൻ നഷ്ടമാകും. 22 യഹോവയുടെ അടുത്ത് പതിവായി വരുന്ന പുരോഹിതന്മാർ തങ്ങളെ വിശുദ്ധീകരിക്കട്ടെ. അങ്ങനെയാകുമ്പോൾ യഹോവ അവരെ പ്രഹരിക്കില്ല.”+ 23 അപ്പോൾ മോശ യഹോവയോടു പറഞ്ഞു: “പർവതത്തിന് അടുത്തേക്കു വരാൻ ജനത്തിനു സാധിക്കില്ല. കാരണം, ‘പർവതത്തിനു ചുറ്റും അതിർത്തി തിരിച്ച് അതു വിശുദ്ധമാക്കണം’+ എന്നു പറഞ്ഞ് അങ്ങ് ഇതിനോടകംതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടല്ലോ.” 24 എന്നാൽ യഹോവ മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെയും കൂട്ടി തിരിച്ച് കയറിവരണം. പക്ഷേ പുരോഹിതന്മാരെയും ജനത്തെയും യഹോവ പ്രഹരിക്കാതിരിക്കേണ്ടതിന് അവർ അതിർത്തി ലംഘിച്ച് ദൈവത്തിന്റെ അടുത്തേക്കു വരാൻ അനുവദിക്കരുത്.”+ 25 അതുകൊണ്ട്, മോശ ജനത്തിന്റെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് ഇക്കാര്യം അറിയിച്ചു.
20 പിന്നെ ദൈവം ഈ കാര്യങ്ങൾ പറഞ്ഞു:+
2 “അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിന്നെ വിടുവിച്ച് കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയാണു ഞാൻ.+ 3 ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്.+
4 “മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+ 5 നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്.+ കാരണം നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.+ എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാം തലമുറയുടെ മേലും നാലാം തലമുറയുടെ മേലും വരുത്തും. 6 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കല്പനകൾ അനുസരിക്കുന്നവരോട്+ ആയിരം തലമുറവരെ ഞാൻ അചഞ്ചലമായ സ്നേഹം കാണിക്കും.
7 “നിന്റെ ദൈവമായ യഹോവയുടെ പേര് നീ വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കരുത്.+ തന്റെ പേര് വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കുന്ന ആരെയും യഹോവ ശിക്ഷിക്കാതെ വിടില്ല.+
8 “ശബത്തുദിവസം വിശുദ്ധമായി കണക്കാക്കി അത് ആചരിക്കാൻ ഓർക്കുക.+ 9 ആറു ദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം.+ 10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്. അന്നു നീ ഒരു പണിയും ചെയ്യരുത്. നീയോ നിന്റെ മക്കളോ നിനക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനോ സ്ത്രീയോ നിന്റെ വളർത്തുമൃഗമോ നിന്റെ അധിവാസസ്ഥലത്ത്* താമസമാക്കിയ വിദേശിയോ ആ ദിവസം പണിയൊന്നും ചെയ്യരുത്.+ 11 യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ആറു ദിവസംകൊണ്ട് ഉണ്ടാക്കിയിട്ട് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങിയല്ലോ.+ അതുകൊണ്ടാണ്, യഹോവ ശബത്തുദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധമാക്കിയത്.
12 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+
16 “സഹമനുഷ്യന് എതിരെ സാക്ഷി പറയേണ്ടിവരുമ്പോൾ കള്ളസാക്ഷി പറയരുത്.+
17 “സഹമനുഷ്യന്റെ വീടു നീ മോഹിക്കരുത്. അവന്റെ ഭാര്യ,+ അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന് അടിമപ്പണി ചെയ്യുന്ന സ്ത്രീ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.”+
18 അപ്പോൾ ജനമെല്ലാം ഇടിമുഴക്കവും കൊമ്പുവിളിയും കേട്ടു. ഇടിമിന്നലും പർവതം പുകയുന്നതും അവർ കണ്ടു. ഇതെല്ലാം കാരണം പേടിച്ചുവിറച്ച അവർ ദൂരെ മാറി നിന്നു.+ 19 അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കരുതേ. ദൈവം സംസാരിച്ചിട്ട് ഞങ്ങൾ മരിച്ചുപോയാലോ?”+ 20 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ പേടിക്കേണ്ടാ. കാരണം നിങ്ങളെ പരീക്ഷിക്കാനും+ നിങ്ങൾ പാപം ചെയ്യാതിരിക്കാൻ നിങ്ങളിൽ ദൈവഭയം+ ജനിപ്പിക്കാനും ആണ് സത്യദൈവം വന്നിരിക്കുന്നത്.” 21 ജനം തുടർന്നും ദൂരെത്തന്നെ നിന്നു. മോശയോ സത്യദൈവമുണ്ടായിരുന്ന ഇരുണ്ട മേഘത്തിന്റെ അടുത്തേക്കു ചെന്നു.+
22 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേല്യരോടു നീ ഇങ്ങനെ പറയണം: ‘ഞാൻ ആകാശത്തുനിന്ന് നിങ്ങളോടു സംസാരിക്കുന്നതു+ നിങ്ങൾതന്നെ കണ്ടല്ലോ. 23 വെള്ളികൊണ്ടോ സ്വർണംകൊണ്ടോ ഉള്ള ദൈവങ്ങളെ നിങ്ങൾ ഉണ്ടാക്കരുത്.+ ഞാനല്ലാതെ വേറൊരു ദൈവം നിങ്ങൾക്കു കാണരുത്. 24 മണ്ണുകൊണ്ടുള്ള ഒരു യാഗപീഠം നിങ്ങൾ എനിക്കുവേണ്ടി ഉണ്ടാക്കണം. നിങ്ങളുടെ ദഹനയാഗങ്ങൾ, സഹഭോജനബലികൾ,* നിങ്ങളുടെ ആടുമാടുകൾ എന്നിവ അതിൽ അർപ്പിക്കണം. എന്റെ പേര് അനുസ്മരിക്കാൻ ഞാൻ ഇടവരുത്തുന്നിടത്തെല്ലാം+ ഞാൻ നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളെ അനുഗ്രഹിക്കും. 25 നിങ്ങൾ എനിക്കുവേണ്ടി കല്ലുകൊണ്ടുള്ള ഒരു യാഗപീഠം പണിയുന്നെങ്കിൽ ആയുധം തൊടാത്ത കല്ലുകൾകൊണ്ട് വേണം അതു പണിയാൻ.+ കാരണം, അതിൽ കല്ലുളി തൊട്ടാൽ അത് അശുദ്ധമാകും. 26 നിങ്ങളുടെ ഗുഹ്യഭാഗങ്ങൾ* യാഗപീഠത്തിൽ പ്രദർശിതമാകാതിരിക്കാൻ നിങ്ങൾ അതിലേക്കു പടികൾ കയറി പോകരുത്.’
21 “നീ അവരെ അറിയിക്കേണ്ട ന്യായത്തീർപ്പുകൾ+ ഇവയാണ്:
2 “നീ എബ്രായനായ ഒരു അടിമയെ വാങ്ങുന്നെങ്കിൽ,+ അവൻ ആറു വർഷം അടിമയായി സേവിക്കും. എന്നാൽ ഏഴാം വർഷം പണം ഒന്നും അടയ്ക്കാതെതന്നെ അവൻ സ്വതന്ത്രനാകും.+ 3 അവൻ ഒറ്റയ്ക്കാണു വന്നതെങ്കിൽ അങ്ങനെതന്നെ തിരികെ പോകും. എന്നാൽ അവനു ഭാര്യയുണ്ടെങ്കിൽ അവളും അവനോടൊപ്പം പോകണം. 4 ഇനി, അവന്റെ യജമാനൻ അവന് ഒരു ഭാര്യയെ കൊടുക്കുകയും അവളിൽ അവനു പുത്രന്മാരോ പുത്രിമാരോ ജനിക്കുകയും ചെയ്യുന്നെങ്കിൽ ആ ഭാര്യയും കുട്ടികളും യജമാനന്റേതായിത്തീരും. അവനോ ഏകനായി അവിടം വിട്ട് പോകട്ടെ.+ 5 എന്നാൽ, ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു, സ്വതന്ത്രനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്ന് അടിമ തീർത്തുപറഞ്ഞാൽ+ 6 അവന്റെ യജമാനൻ സത്യദൈവത്തിന്റെ മുമ്പാകെ അവനെ കൊണ്ടുവരണം. എന്നിട്ട്, വാതിലിനോടോ കട്ടിളക്കാലിനോടോ ചേർത്തുനിറുത്തി ഒരു തോലുളികൊണ്ട് അവന്റെ കാതു തുളയ്ക്കണം. പിന്നെ അവൻ ആജീവനാന്തം അയാളുടെ അടിമയായിരിക്കും.
7 “ഒരാൾ മകളെ അടിമയായി വിൽക്കുന്നെന്നിരിക്കട്ടെ. പുരുഷന്മാരായ അടിമകൾ സ്വതന്ത്രരാകുന്നതുപോലെയായിരിക്കില്ല അവൾ സ്വതന്ത്രയാകുന്നത്. 8 യജമാനന് ഇഷ്ടമില്ലാത്തതുകൊണ്ട് അവളെ ഉപപത്നിയായി* അംഗീകരിക്കാതിരിക്കുകയും പകരം, മറ്റാരെങ്കിലും അവളെ വാങ്ങാൻ* ഇടയാക്കുകയും ചെയ്യുന്നെങ്കിൽ അവളെ വിദേശികൾക്കു വിൽക്കാൻ അയാൾക്ക് അധികാരമുണ്ടായിരിക്കില്ല. കാരണം അയാൾ അവളോടു വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. 9 അയാൾ അവളെ മകനുവേണ്ടി എടുക്കുന്നെങ്കിൽ ഒരു മകളുടെ അവകാശങ്ങൾ അവൾക്ക് അനുവദിച്ചുകൊടുക്കണം. 10 അയാൾ മറ്റൊരു ഭാര്യയെ എടുക്കുന്നെങ്കിൽ ആദ്യഭാര്യയുടെ ഉപജീവനം, വസ്ത്രം, വൈവാഹികാവകാശം+ എന്നിവയിൽ ഒരു കുറവും വരുത്തരുത്. 11 ഈ മൂന്നു കാര്യങ്ങൾ അയാൾ അവൾക്കു കൊടുക്കുന്നില്ലെങ്കിൽ പണമൊന്നും അടയ്ക്കാതെതന്നെ അവൾ സ്വതന്ത്രയായി പോകട്ടെ.
12 “ആരെങ്കിലും ഒരാളെ അടിച്ചിട്ട് അയാൾ മരിച്ചുപോയാൽ അടിച്ചവനെ കൊല്ലണം.+ 13 പക്ഷേ, അയാൾ അത് അബദ്ധത്തിൽ ചെയ്തുപോയതാണെങ്കിൽ, അങ്ങനെ സംഭവിക്കാൻ സത്യദൈവം അനുവദിച്ചതാണെങ്കിൽ, അയാൾക്ക് ഓടിപ്പോകാനാകുന്ന ഒരു സ്ഥലം ഞാൻ നിയമിക്കും.+ 14 ഒരാൾ സഹമനുഷ്യനോട് അത്യധികം കോപിച്ച് അയാളെ മനഃപൂർവം കൊന്നാൽ,+ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്ന് പിടിച്ചുകൊണ്ടുപോയിട്ടായാലും കൊന്നുകളയണം.+ 15 അപ്പനെയോ അമ്മയെയോ അടിക്കുന്നവനെ കൊന്നുകളയണം.+
16 “ആരെങ്കിലും ഒരു മനുഷ്യനെ തട്ടിക്കൊണ്ടുപോയി+ വിൽക്കുകയോ അയാളെ കൈവശം വെച്ചിരിക്കെ പിടിയിലാകുകയോ ചെയ്താൽ+ അവനെ കൊന്നുകളയണം.+
17 “അപ്പനെയോ അമ്മയെയോ ശപിക്കുന്നവനെ കൊന്നുകളയണം.+
18 “മനുഷ്യർ തമ്മിലുള്ള വഴക്കിനിടെ ഒരാൾ സഹമനുഷ്യനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ* ഇടിച്ചിട്ട്, ഇടികൊണ്ട ആൾ മരിച്ചില്ലെങ്കിലും കിടപ്പിലാകുന്നെന്നിരിക്കട്ടെ: 19 അയാൾക്ക് എഴുന്നേറ്റ് ഊന്നുവടിയുടെ സഹായത്താൽ പുറത്ത് ഇറങ്ങി നടക്കാൻ സാധിക്കുന്നെങ്കിൽ ഇടിച്ചവൻ ശിക്ഷയിൽനിന്ന് ഒഴിവുള്ളവനായിരിക്കും. എന്നാൽ പരിക്കു പറ്റിയ ആൾ പൂർണമായി സുഖപ്പെടുന്നതുവരെ, അയാൾക്കു ജോലി ചെയ്യാൻ കഴിയാതിരുന്ന സമയത്തേക്കുള്ള നഷ്ടപരിഹാരം ഇടിച്ചവൻ കൊടുക്കണം.
20 “ഒരാൾ തനിക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനെയോ സ്ത്രീയെയോ വടികൊണ്ട് അടിച്ചിട്ട് ആ വ്യക്തി അയാളുടെ കൈയാൽ മരിച്ചുപോകുന്നെങ്കിൽ ആ അടിമയ്ക്കുവേണ്ടി അയാളോടു പകരം ചോദിക്കണം.+ 21 എന്നാൽ അടിമ മരിക്കാതെ ഒന്നോ രണ്ടോ ദിവസം ജീവനോടിരുന്നാൽ അടിമയ്ക്കുവേണ്ടി പകരം ചോദിക്കരുത്. കാരണം അവനെ അവന്റെ ഉടമസ്ഥൻ പണം കൊടുത്ത് വാങ്ങിയതാണ്.
22 “മനുഷ്യർ തമ്മിലുണ്ടായ മല്പിടിത്തത്തിനിടെ, ഗർഭിണിയായ ഒരു സ്ത്രീക്കു ക്ഷതമേറ്റിട്ട് അവൾ മാസം തികയാതെ പ്രസവിച്ചതല്ലാതെ*+ ആർക്കും ജീവഹാനി* സംഭവിച്ചിട്ടില്ലെങ്കിൽ സ്ത്രീയുടെ ഭർത്താവ് ചുമത്തുന്ന നഷ്ടപരിഹാരം കുറ്റക്കാരൻ കൊടുക്കണം. ന്യായാധിപന്മാർ മുഖേന വേണം അയാൾ അതു കൊടുക്കാൻ.+ 23 എന്നാൽ ജീവഹാനി സംഭവിച്ചെങ്കിൽ നീ ജീവനു പകരം ജീവൻ കൊടുക്കണം.+ 24 കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ,+ 25 പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, അടിക്കു പകരം അടി.
26 “ഒരാൾ തനിക്ക് അടിമപ്പണി ചെയ്യുന്ന പുരുഷന്റെയോ സ്ത്രീയുടെയോ കണ്ണ് അടിച്ച് പൊട്ടിക്കുന്നെങ്കിൽ കണ്ണിനു നഷ്ടപരിഹാരമായി അയാൾ ആ അടിമയെ സ്വതന്ത്രനായി വിടണം.+ 27 അയാൾ തനിക്ക് അടിമപ്പണി ചെയ്യുന്ന പുരുഷന്റെയോ സ്ത്രീയുടെയോ പല്ല് അടിച്ച് പറിക്കുന്നെങ്കിൽ പല്ലിനു നഷ്ടപരിഹാരമായി അയാൾ ആ അടിമയെ സ്വതന്ത്രനായി വിടണം.
28 “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിയിട്ട് ആ വ്യക്തി മരിക്കുന്നെങ്കിൽ അതിനെ കല്ലെറിഞ്ഞ് കൊല്ലണം.+ അതിന്റെ മാംസം കഴിക്കരുത്. കാളയുടെ ഉടമസ്ഥനോ ശിക്ഷയിൽനിന്ന് ഒഴിവുള്ളവനാണ്. 29 എന്നാൽ കാളയ്ക്കു കുത്തുന്ന ശീലമുണ്ടെന്നിരിക്കട്ടെ. അതെക്കുറിച്ച് മുന്നറിയിപ്പു കിട്ടിയിട്ടും അതിന്റെ ഉടമസ്ഥൻ അതിനെ വരുതിയിൽ നിറുത്താതിരുന്നിട്ട് അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നാൽ കാളയെ കല്ലെറിഞ്ഞ് കൊല്ലണം. അതിന്റെ ഉടമസ്ഥനെയും കൊന്നുകളയണം. 30 ഒരു മോചനവില* അയാളുടെ മേൽ ചുമത്തുന്നെങ്കിൽ തന്റെ മേൽ ചുമത്തിയതെല്ലാം തന്റെ ജീവന്റെ വീണ്ടെടുപ്പുവിലയായി അയാൾ കൊടുക്കണം. 31 കാള ഒരു കുട്ടിയെയാണു* കുത്തുന്നതെങ്കിലും ഈ ന്യായത്തീർപ്പുപ്രകാരംതന്നെ അതിന്റെ ഉടമസ്ഥനോടു ചെയ്യണം. 32 അടിമപ്പണി ചെയ്യുന്ന ഒരു പുരുഷനെയോ സ്ത്രീയെയോ ആണ് കാള കുത്തുന്നതെങ്കിൽ അതിന്റെ ഉടമസ്ഥൻ അടിമയുടെ യജമാനന് 30 ശേക്കെൽ* വിലയായി നൽകണം. കാളയെ കല്ലെറിഞ്ഞ് കൊല്ലുകയും വേണം.
33 “ഒരാൾ ഒരു കുഴി തുറന്നുവെക്കുകയോ ഒരു കുഴി കുഴിച്ചശേഷം അതു മൂടാതിരിക്കുകയോ ചെയ്തിട്ട് ഒരു കാളയോ കഴുതയോ അതിൽ വീണാൽ 34 കുഴിയുടെ ഉടമസ്ഥൻ നഷ്ടപരിഹാരം കൊടുക്കണം.+ അയാൾ മൃഗത്തിന്റെ ഉടമസ്ഥനു പണം കൊടുക്കണം. ചത്ത മൃഗമോ അയാളുടേതായിത്തീരും. 35 ഒരുവന്റെ കാള മറ്റൊരുവന്റെ കാളയ്ക്കു ക്ഷതമേൽപ്പിച്ചിട്ട് അതു ചത്തുപോയാൽ അവർ ജീവനുള്ള കാളയെ വിറ്റിട്ട്, കിട്ടുന്ന തുക പങ്കിട്ടെടുക്കണം. ചത്ത മൃഗത്തെയും അവർ പങ്കിട്ടെടുക്കണം. 36 എന്നാൽ കാളയ്ക്കു കുത്തുന്ന ശീലമുണ്ടെന്ന് അറിയാമായിരുന്നിട്ടും ഉടമസ്ഥൻ അതിനെ വരുതിയിൽ നിറുത്താതിരുന്നതാണെങ്കിൽ അയാൾ കാളയ്ക്കു പകരം കാളയെ നഷ്ടപരിഹാരമായി കൊടുക്കണം. ചത്ത കാളയെ പക്ഷേ അയാൾക്ക് എടുക്കാം.
22 “ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അതിനെ അറുക്കുകയോ വിൽക്കുകയോ ചെയ്താൽ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും അയാൾ നഷ്ടപരിഹാരമായി കൊടുക്കണം.+
2 (“ഒരു കള്ളൻ+ അതിക്രമിച്ച് കടക്കുന്നതിനിടെ അടിയേറ്റ് മരിച്ചുപോയാൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റമുണ്ടായിരിക്കില്ല. 3 എന്നാൽ സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കിൽ അടിച്ചവന്റെ മേൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റമുണ്ടായിരിക്കും.)
“കള്ളൻ നഷ്ടപരിഹാരം കൊടുക്കണം. അവൻ വകയില്ലാത്തവനാണെങ്കിൽ മോഷ്ടിച്ച സാധനങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായി അവനെ വിൽക്കണം. 4 അവൻ മോഷ്ടിച്ചതിനെ അവന്റെ കൈവശം ജീവനോടെ കണ്ടെത്തിയാൽ, അതു കാളയോ കഴുതയോ ആടോ ആകട്ടെ, അവൻ ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.
5 “മൃഗങ്ങളെ വയലിലോ മുന്തിരിത്തോട്ടത്തിലോ മേയാൻ വിടുന്ന ഒരാൾ അവയെ മറ്റൊരുവന്റെ വയലിൽ ചെന്ന് മേയാൻ അനുവദിച്ചാൽ അവൻ തന്റെ സ്വന്തം വയലിലെയോ മുന്തിരിത്തോട്ടത്തിലെയോ ഏറ്റവും നല്ലതു നഷ്ടപരിഹാരമായി കൊടുക്കണം.
6 “ഒരു തീ മുൾച്ചെടികളിലേക്കു പടർന്നിട്ട് കറ്റകളോ വയലിലെ ധാന്യക്കതിരുകളോ വയൽതന്നെയോ കത്തിനശിച്ചാൽ തീ ഇട്ടവൻ കത്തിപ്പോയതിനെല്ലാം നഷ്ടപരിഹാരം കൊടുക്കണം.
7 “ഒരാൾ പണമോ സാധനങ്ങളോ ആരെയെങ്കിലും സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് അത് അയാളുടെ വീട്ടിൽനിന്ന് കളവുപോയാൽ, കള്ളനെ കണ്ടുകിട്ടുന്നപക്ഷം കള്ളൻ ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.+ 8 കള്ളനെ കണ്ടുകിട്ടാത്തപക്ഷം, വീട്ടുടമസ്ഥനെ സത്യദൈവത്തിന്റെ മുമ്പാകെ+ കൊണ്ടുവരണം. അയാൾ സഹമനുഷ്യന്റെ സാധനങ്ങളുടെ മേൽ കൈവെച്ചിട്ടുണ്ടോ എന്നു നിർണയിക്കുന്നതിനുവേണ്ടിയാണ് അത്. 9 നിയമവിരുദ്ധമായി സാധനങ്ങൾ കൈവശം വെച്ചിരിക്കുന്നു എന്നുള്ള എല്ലാ പരാതികളിലും—അതു കാള, കഴുത, ആട്, വസ്ത്രം എന്നിങ്ങനെ നഷ്ടപ്പെട്ട എന്തിനെക്കുറിച്ചായാലും—‘ഇത് എന്റേതാണ്!’ എന്ന് ഒരാൾ അവകാശപ്പെടുന്നെങ്കിൽ രണ്ടു കക്ഷികളും കേസുമായി സത്യദൈവത്തിന്റെ മുന്നിൽ വരണം.+ കുറ്റക്കാരനെന്നു ദൈവം പ്രഖ്യാപിക്കുന്നവൻ സഹമനുഷ്യന് ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.+
10 “ഒരാൾ ആരുടെയെങ്കിലും പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ച കഴുതയോ കാളയോ ആടോ മറ്റ് ഏതെങ്കിലും വളർത്തുമൃഗമോ ചത്തുപോകുകയോ അതിന് അംഗഭംഗം സംഭവിക്കുകയോ അതിനെ ആരെങ്കിലും പിടിച്ചുകൊണ്ടുപോകുകയോ ചെയ്യുകയും അതിനു സാക്ഷികൾ ആരും ഇല്ലാതിരിക്കുകയും ചെയ്യുന്നെന്നിരിക്കട്ടെ. 11 അയാൾ സഹമനുഷ്യന്റെ സാധനങ്ങളുടെ മേൽ കൈവെച്ചിട്ടില്ലെന്ന കാര്യം അവർ തമ്മിൽ യഹോവയുടെ മുമ്പാകെ ഒരു ആണയാൽ ഉറപ്പിക്കണം. ഉടമസ്ഥൻ അത് അംഗീകരിക്കുകയും വേണം. മറ്റേ വ്യക്തി നഷ്ടപരിഹാരം+ കൊടുക്കേണ്ടതില്ല. 12 എന്നാൽ ആ മൃഗം അയാളുടെ കൈയിൽനിന്ന് മോഷണം പോയതാണെങ്കിൽ അയാൾ അതിന്റെ ഉടമസ്ഥനു നഷ്ടപരിഹാരം കൊടുക്കണം. 13 ഒരു വന്യമൃഗം അതിനെ കടിച്ചുകീറിയതാണെങ്കിൽ അയാൾ തെളിവായി അതു കൊണ്ടുവരണം. വന്യമൃഗം പിച്ചിച്ചീന്തിയ ഒന്നിനുവേണ്ടിയും നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല.
14 “എന്നാൽ ആരെങ്കിലും സഹമനുഷ്യനിൽനിന്ന് ഒരു മൃഗത്തെ കടം വാങ്ങിയിട്ട് ഉടമസ്ഥന്റെ അസാന്നിധ്യത്തിൽ അതിന് അംഗഭംഗം സംഭവിക്കുകയോ അതു ചാകുകയോ ചെയ്യുന്നെങ്കിൽ കടം വാങ്ങിയ വ്യക്തി നഷ്ടപരിഹാരം കൊടുക്കണം. 15 എന്നാൽ അതു സംഭവിക്കുന്നത് ഉടമസ്ഥന്റെ സാന്നിധ്യത്തിലാണെങ്കിൽ നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല. അതിനെ വാടകയ്ക്കു വാങ്ങിയതാണെങ്കിൽ വാടകപ്പണമായിരിക്കും നഷ്ടപരിഹാരം.
16 “വിവാഹനിശ്ചയം കഴിയാത്തൊരു കന്യകയെ ഒരാൾ വശീകരിച്ച് അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ വധുവില കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം.+ 17 എന്നാൽ അവളെ അവനു കൊടുക്കാൻ അവളുടെ അപ്പൻ ഒട്ടും സമ്മതിക്കുന്നില്ലെങ്കിൽ അവൻ വധുവിലയ്ക്കു തുല്യമായ തുക കൊടുക്കണം.
18 “ആഭിചാരം* ചെയ്യുന്നവളെ നീ ജീവനോടെ വെച്ചേക്കരുത്.+
19 “മൃഗവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നയാളെ കൊന്നുകളയണം.+
20 “ആരെങ്കിലും യഹോവയ്ക്കല്ലാതെ മറ്റ് ഏതെങ്കിലും ദൈവങ്ങൾക്കു ബലി അർപ്പിച്ചാൽ അവനെ കൊന്നുകളയണം.+
21 “നിങ്ങളുടെ ഇടയിൽ താമസമാക്കിയ ഒരു വിദേശിയെ നീ ദ്രോഹിക്കുകയോ കഷ്ടപ്പെടുത്തുകയോ അരുത്.+ കാരണം നിങ്ങൾ ഈജിപ്ത് ദേശത്ത് പരദേശികളായിരുന്നല്ലോ.+
22 “നിങ്ങൾ വിധവയെയോ അനാഥനെയോ* കഷ്ടപ്പെടുത്തരുത്.+ 23 അഥവാ നിങ്ങൾ അവനെ കഷ്ടപ്പെടുത്തിയിട്ട് അവൻ എന്നോടു കരഞ്ഞപേക്ഷിക്കാൻ ഇടയായാൽ ഞാൻ നിശ്ചയമായും അവന്റെ നിലവിളി കേൾക്കും.+ 24 അപ്പോൾ എന്റെ കോപം ജ്വലിച്ചിട്ട് ഞാൻ വാളുകൊണ്ട് നിങ്ങളെ കൊല്ലും. നിങ്ങളുടെ ഭാര്യമാർ വിധവമാരും കുട്ടികൾ അപ്പനില്ലാത്തവരും ആകും.
25 “നിങ്ങളുടെ ഇടയിൽ താമസിക്കുന്ന, എന്റെ ജനത്തിൽപ്പെട്ട ഒരു ദരിദ്രനു നീ പണം വായ്പ കൊടുത്താൽ പണമിടപാടുകാരനെപ്പോലെ* നീ അവനിൽനിന്ന് പലിശ ഈടാക്കരുത്.+
26 “വായ്പ കൊടുക്കുമ്പോൾ നീ നിന്റെ സഹമനുഷ്യന്റെ വസ്ത്രം* പണയമായി* വാങ്ങിയാൽ+ സൂര്യാസ്തമയത്തോടെ നീ അതു തിരികെ കൊടുക്കണം. 27 കാരണം ആ വസ്ത്രമല്ലാതെ അവനു പുതയ്ക്കാനോ വിരിച്ച് കിടന്നുറങ്ങാനോ മറ്റൊന്നുമില്ലല്ലോ.+ അവൻ എന്നെ വിളിച്ച് കരയുമ്പോൾ ഞാൻ നിശ്ചയമായും കേൾക്കും. കാരണം ഞാൻ അനുകമ്പയുള്ളവനാണ്.+
28 “നീ ദൈവത്തെയോ നിന്റെ ജനത്തിന് ഇടയിലുള്ള തലവനെയോ* ശപിക്കരുത്.*+
29 “നിന്റെ സമൃദ്ധമായ വിളവിൽനിന്നും നിറഞ്ഞുകവിയുന്ന ചക്കുകളിൽനിന്നും* കാഴ്ച അർപ്പിക്കാൻ നീ മടിക്കരുത്.+ നിന്റെ ആൺമക്കളിൽ മൂത്തവനെ നീ എനിക്കു തരണം.+ 30 നിന്റെ കാളയുടെയും ആടിന്റെയും കാര്യത്തിലും നീ ഇതു ചെയ്യണം:+ ഏഴു ദിവസം അത് അതിന്റെ തള്ളയുടെകൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.+
31 “നിങ്ങൾ എന്റെ വിശുദ്ധജനമാണെന്നു തെളിയിക്കണം.+ വന്യമൃഗം കടിച്ചുകീറിയിട്ടിരിക്കുന്ന ഒന്നിന്റെയും മാംസം നിങ്ങൾ തിന്നരുത്.+ നിങ്ങൾ അതു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കണം.
23 “സത്യമല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത്.*+ ദുഷ്ടനോടു കൂട്ടുചേർന്ന് ദ്രോഹബുദ്ധിയോടെ സാക്ഷി പറയരുത്.+ 2 ബഹുജനത്തിനു പിന്നാലെ പോയി തിന്മ ചെയ്യരുത്. ബഹുജനത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്ന രീതിയിൽ സാക്ഷി പറഞ്ഞുകൊണ്ട് നീതി നിഷേധിക്കരുത്.* 3 ദരിദ്രന്റെ കേസിൽ നിഷ്പക്ഷനായിരിക്കണം.+
4 “ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റി അലയുന്നതു കണ്ടാൽ നീ അതിനെ അവന്റെ അടുത്ത് തിരിച്ചെത്തിക്കണം.+ 5 നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത ചുമടുമായി വീണുകിടക്കുന്നതു കണ്ടാൽ അതിനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോകരുത്. അതിനെ ചുമടിനു കീഴെനിന്ന് മോചിപ്പിക്കാൻ അവനെ സഹായിക്കണം.+
6 “നിങ്ങളുടെ ഇടയിലെ ദരിദ്രന്റെ കേസ് കൈകാര്യം ചെയ്യുമ്പോൾ അവനു നീതി നിഷേധിക്കരുത്.+
7 “ഒരുതരത്തിലും വ്യാജാരോപണത്തിൽ പങ്കുചേരരുത്. നിരപരാധിയെയും നീതിമാനെയും കൊല്ലുകയും അരുത്. കാരണം ദുഷ്ടനെ ഞാൻ നീതിമാനായി പ്രഖ്യാപിക്കില്ല.*+
8 “കൈക്കൂലി വാങ്ങരുത്. കാരണം കൈക്കൂലി സൂക്ഷ്മദൃഷ്ടിയുള്ളവരെ അന്ധരാക്കുകയും നീതിമാന്മാരുടെ വാക്കുകൾ വളച്ചൊടിക്കുകയും ചെയ്യുന്നു.+
9 “നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ ഉപദ്രവിക്കരുത്. ഈജിപ്ത് ദേശത്ത് പരദേശികളായിരുന്ന നിങ്ങൾക്ക് മറ്റൊരു നാട്ടിൽനിന്ന് വന്നുതാമസിക്കുന്ന ഒരു വിദേശിയുടെ മനോവികാരങ്ങൾ* മനസ്സിലാകുമല്ലോ.+
10 “ആറു വർഷം നിന്റെ നിലത്ത് വിത്തു വിതച്ച് വിളവെടുത്തുകൊള്ളുക.+ 11 എന്നാൽ ഏഴാം വർഷം അതു കൃഷി ചെയ്യാതെ വെറുതേ ഇടണം. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനിന്ന് കിട്ടുന്നതു കഴിക്കട്ടെ. അവർ ബാക്കി വെക്കുന്നതോ വന്യമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം.
12 “ആറു ദിവസം നിനക്കു ജോലി ചെയ്യാം. എന്നാൽ, ഏഴാം ദിവസം ഒരു ജോലിയും ചെയ്യരുത്. അങ്ങനെ നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്റെ ദാസിയുടെ മകനും നിന്റെ ദേശത്ത് താമസമാക്കിയ വിദേശിയും ഉന്മേഷം വീണ്ടെടുക്കട്ടെ.+
13 “ഞാൻ നിങ്ങളോടു പറഞ്ഞതെല്ലാം ചെയ്യാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.+ മറ്റു ദൈവങ്ങളുടെ പേരുകൾ നിങ്ങൾ പറയരുത്. അവ നിന്റെ വായിൽനിന്ന് വരുകയേ അരുത്.+
14 “വർഷത്തിൽ മൂന്നു പ്രാവശ്യം നീ എനിക്ക് ഉത്സവം ആഘോഷിക്കണം.+ 15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം+ നീ ആചരിക്കണം. ഞാൻ കല്പിച്ചതുപോലെ, ആബീബ്* മാസത്തിലെ നിശ്ചയിച്ച സമയത്ത് ഏഴു ദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+ കാരണം ആ സമയത്താണല്ലോ നീ ഈജിപ്ത് ദേശത്തുനിന്ന് പുറത്ത് വന്നത്. വെറുങ്കൈയോടെ ആരും എന്റെ മുന്നിൽ വരരുത്.+ 16 കൂടാതെ, നിലത്ത് വിതച്ചതിൽനിന്ന് നിന്റെ അധ്വാനഫലമായി ലഭിച്ച ആദ്യഫലങ്ങളുടെ വിളവെടുപ്പുത്സവം*+ നീ ആചരിക്കണം. വർഷാവസാനം നിന്റെ അധ്വാനത്തിന്റെ ഫലം വയലിൽനിന്ന് ശേഖരിക്കുമ്പോൾ ഫലശേഖരത്തിന്റെ ഉത്സവവും* ആചരിക്കണം.+ 17 വർഷത്തിൽ മൂന്നു പ്രാവശ്യം നിങ്ങളുടെ ഇടയിലെ ആണുങ്ങളെല്ലാം യഹോവ എന്ന സാക്ഷാൽ കർത്താവിന്റെ സന്നിധിയിൽ വരണം.+
18 “എനിക്കുള്ള ബലിരക്തം പുളിപ്പിച്ച ഒന്നിന്റെയുംകൂടെ അർപ്പിക്കരുത്. എന്റെ ഉത്സവങ്ങളിൽ ബലിയായി അർപ്പിക്കുന്ന കൊഴുപ്പ് രാവിലെവരെ ഇരിക്കരുത്.
19 “നിന്റെ നിലത്ത് ആദ്യം വിളഞ്ഞ ഫലങ്ങളിൽ ഏറ്റവും നല്ലതു നിന്റെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരണം.+
“ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.+
20 “ഇതാ, വഴിയിൽ നിന്നെ സംരക്ഷിക്കാനും ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരാനും നിനക്കു മുമ്പായി ഞാൻ ഒരു ദൈവദൂതനെ അയയ്ക്കുന്നു.+ 21 അവനെ ശ്രദ്ധിച്ച് അവന്റെ സ്വരം കേട്ടനുസരിക്കുക. അവനെ ധിക്കരിക്കരുത്. നിങ്ങളുടെ ലംഘനങ്ങൾ അവൻ പൊറുക്കില്ല.+ കാരണം എന്റെ പേര് അവനിലുണ്ട്. 22 എന്നാൽ നീ അവന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താതെ ഞാൻ പറയുന്നതെല്ലാം അതേപോലെ ചെയ്യുന്നെങ്കിൽ ഞാൻ നിന്റെ ശത്രുക്കളോടു ശത്രുത കാണിക്കുകയും നിന്നെ എതിർക്കുന്നവരെ എതിർക്കുകയും ചെയ്യും. 23 എന്റെ ദൂതൻ നിനക്കു മുമ്പേ പോയി നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യബൂസ്യർ എന്നിവരുടെ അടുത്തേക്കു കൊണ്ടുപോകും. ഞാൻ അവരെ തുടച്ചുനീക്കുകയും ചെയ്യും.+ 24 നീ അവരുടെ ദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കുകയുമരുത്.+ പകരം, അവയെ തകർത്ത് അവരുടെ പൂജാസ്തംഭങ്ങളെ തരിപ്പണമാക്കണം.+ 25 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കണം.+ ദൈവം നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും.+ ഞാൻ നിന്റെ ഇടയിൽനിന്ന് രോഗം നീക്കിക്കളയും.+ 26 നിന്റെ ദേശത്തെ സ്ത്രീകളുടെ ഗർഭം അലസുകയോ ആരും വന്ധ്യയായിരിക്കുകയോ ഇല്ല.+ ഞാൻ നിന്റെ ആയുസ്സിനെ അതിന്റെ തികവിൽ എത്തിക്കും.
27 “എന്നെക്കുറിച്ചുള്ള ഭയം ഞാൻ നിനക്കു മുമ്പേ അയയ്ക്കും.+ നീ നേരിടുന്ന ജനങ്ങളെയെല്ലാം ഞാൻ ആശയക്കുഴപ്പത്തിലാക്കും. നിന്റെ ശത്രുക്കളെല്ലാം നിന്റെ മുന്നിൽനിന്ന് തോറ്റോടാൻ ഞാൻ ഇടയാക്കും.+ 28 നീ എത്തുംമുമ്പേ ഞാൻ അവരുടെ ഇടയിൽ പരിഭ്രാന്തി*+ പരത്തും. അതു ഹിവ്യരെയും കനാന്യരെയും ഹിത്യരെയും നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും.+ 29 എന്നാൽ, ഒറ്റ വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയില്ല. അങ്ങനെ ചെയ്താൽ, ദേശം വിജനമായിത്തീർന്നിട്ട് നിനക്ക് ഉപദ്രവമാകുന്ന രീതിയിൽ വന്യമൃഗങ്ങൾ പെരുകുമല്ലോ.+ 30 നീ വർധിച്ചുപെരുകി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശെക്കുറേശ്ശെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും.+
31 “ചെങ്കടൽമുതൽ ഫെലിസ്ത്യരുടെ കടൽവരെയും വിജനഭൂമിമുതൽ നദിവരെയും* ഞാൻ നിനക്ക് അതിർ നിശ്ചയിക്കും.+ ആ ദേശത്ത് താമസിക്കുന്നവരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുകയും ചെയ്യും.+ 32 നീ അവരുമായോ അവരുടെ ദൈവങ്ങളുമായോ ഉടമ്പടി ചെയ്യരുത്.+ 33 അവർ നിന്റെ ദേശത്ത് താമസിക്കരുത്. കാരണം അവർ നിന്നെക്കൊണ്ട് എനിക്ക് എതിരെ പാപം ചെയ്യിക്കും. എങ്ങാനും നീ അവരുടെ ദൈവങ്ങളെ സേവിച്ചാൽ അതു തീർച്ചയായും നിനക്ക് ഒരു കെണിയായിത്തീരും.”+
24 ദൈവം പിന്നെ മോശയോടു പറഞ്ഞു: “നീയും അഹരോനും, നാദാബും അബീഹുവും,+ ഇസ്രായേൽമൂപ്പന്മാരിൽ 70 പേരും യഹോവയുടെ അടുത്തേക്കു കയറിച്ചെന്ന് കുറച്ച് ദൂരെ നിന്ന് കുമ്പിടുക. 2 എന്നാൽ മോശ തനിച്ചായിരിക്കണം യഹോവയെ സമീപിക്കേണ്ടത്, മറ്റുള്ളവർ സമീപിക്കരുത്. ജനത്തിൽ ആരും അവന്റെകൂടെ കയറിപ്പോകരുത്.”+
3 പിന്നെ മോശ വന്ന് യഹോവയുടെ എല്ലാ വാക്കുകളും എല്ലാ ന്യായത്തീർപ്പുകളും+ ജനത്തെ അറിയിച്ചു. അപ്പോൾ ജനമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു: “യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.”+ 4 അപ്പോൾ മോശ യഹോവയുടെ വാക്കുകളെല്ലാം എഴുതിവെച്ചു.+ മോശ അതിരാവിലെ എഴുന്നേറ്റ് പർവതത്തിന്റെ അടിവാരത്തിൽ ഒരു യാഗപീഠവും ഇസ്രായേലിന്റെ 12 ഗോത്രത്തിന് അനുസൃതമായി 12 തൂണും നിർമിച്ചു. 5 അതിനു ശേഷം മോശ അയച്ച ചെറുപ്പക്കാരായ ഇസ്രായേൽപുരുഷന്മാർ ചെന്ന് ദഹനയാഗങ്ങളും യഹോവയ്ക്കു കാളകളെക്കൊണ്ടുള്ള സഹഭോജനബലികളും+ അർപ്പിച്ചു. 6 മോശ രക്തത്തിൽ പകുതി എടുത്ത് കുഴിയൻപാത്രങ്ങളിൽ ഒഴിച്ചുവെച്ചു. പകുതി രക്തം യാഗപീഠത്തിൽ തളിച്ചു. 7 പിന്നെ മോശ ഉടമ്പടിയുടെ പുസ്തകം എടുത്ത് ജനത്തെ ഉച്ചത്തിൽ വായിച്ചുകേൾപ്പിച്ചു.+ അപ്പോൾ അവർ പറഞ്ഞു: “യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്. ഞങ്ങൾ അനുസരണമുള്ളവരായിരിക്കും.”+ 8 അപ്പോൾ മോശ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചിട്ട്+ പറഞ്ഞു: “ഈ വാക്കുകൾക്കെല്ലാം ചേർച്ചയിൽ യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തമാണ് ഇത്.”+
9 പിന്നെ മോശയും അഹരോനും, നാദാബും അബീഹുവും, ഇസ്രായേൽമൂപ്പന്മാരിൽ 70 പേരും പർവതത്തിലേക്കു കയറിപ്പോയി. 10 അവർ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു.+ ദൈവത്തിന്റെ കാൽക്കീഴെ ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള തളംപോലെ കാണപ്പെട്ട ഒന്നുണ്ടായിരുന്നു. അതു സ്വർഗത്തിന്റെ അത്രയും പരിശുദ്ധമായിരുന്നു.+ 11 ഇസ്രായേലിലെ ഈ ശ്രേഷ്ഠപുരുഷന്മാർക്കു ദൈവം ഹാനിയൊന്നും വരുത്തിയില്ല.+ അവർ സത്യദൈവത്തെ ഒരു ദിവ്യദർശനത്തിൽ കാണുകയും അവിടെവെച്ച് തിന്നുകയും കുടിക്കുകയും ചെയ്തു.
12 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ പർവതത്തിൽ എന്റെ അടുത്തേക്കു കയറിവന്ന് അവിടെ നിൽക്കുക. അവരുടെ പ്രബോധനത്തിനായുള്ള നിയമവും കല്പനയും ഞാൻ കൽപ്പലകകളിൽ എഴുതി നിനക്കു തരും.”+ 13 അപ്പോൾ, മോശയും പരിചാരകനായ യോശുവയും+ എഴുന്നേറ്റു. മോശ സത്യദൈവത്തിന്റെ പർവതത്തിൽ കുറെക്കൂടി മുകളിലേക്കു കയറിപ്പോയി.+ 14 എന്നാൽ മോശ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഞങ്ങൾ നിങ്ങളുടെ അടുത്ത് മടങ്ങിയെത്തുന്നതുവരെ ഞങ്ങൾക്കുവേണ്ടി ഇവിടെ കാത്തിരിക്കുക.+ അഹരോനും ഹൂരും+ നിങ്ങളുടെകൂടെയുണ്ടല്ലോ. ആർക്കെങ്കിലും വല്ല പ്രശ്നവും തീർപ്പാക്കാനുണ്ടെങ്കിൽ അവരെ സമീപിക്കാം.”+ 15 പിന്നെ മോശ പർവതത്തിൽ കുറെക്കൂടി മുകളിലേക്കു കയറിപ്പോയി. അപ്പോൾ മേഘം പർവതത്തെ മൂടിയിരുന്നു.+
16 യഹോവയുടെ തേജസ്സു+ സീനായ് പർവതത്തിൽനിന്ന്+ മാറിയില്ല. മേഘം ആറു ദിവസം അതിനെ മൂടിനിന്നു. ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്ന് ദൈവം മോശയെ വിളിച്ചു. 17 ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇസ്രായേല്യർക്ക് യഹോവയുടെ തേജസ്സു പർവതത്തിനു മുകളിൽ, ആളിക്കത്തുന്ന തീപോലെ കാണപ്പെട്ടു. 18 പിന്നെ മോശ മേഘത്തിനുള്ളിൽ പ്രവേശിച്ച് പർവതത്തിൽ കുറെക്കൂടെ മുകളിലേക്കു കയറിപ്പോയി.+ മോശ 40 രാവും 40 പകലും ആ പർവതത്തിൽ കഴിഞ്ഞു.+
25 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: 2 “എനിക്കുവേണ്ടി സംഭാവന നീക്കിവെക്കാൻ ഇസ്രായേൽ ജനത്തോടു പറയുക. ഹൃദയത്തിൽ തോന്നി തരുന്നവരിൽനിന്നെല്ലാം നിങ്ങൾ സംഭാവന സ്വീകരിക്കണം.+ 3 അവരിൽനിന്ന് സംഭാവനയായി സ്വീകരിക്കേണ്ടത് ഇവയെല്ലാമാണ്: സ്വർണം,+ വെള്ളി,+ ചെമ്പ്,+ 4 നീലനൂൽ, പർപ്പിൾ* നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ, കോലാട്ടുരോമം, 5 ചുവപ്പുചായം പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോൽ, കടൽനായ്ത്തോൽ, കരുവേലത്തടി,*+ 6 ദീപങ്ങൾക്കുള്ള എണ്ണ,+ അഭിഷേകതൈലവും*+ സുഗന്ധദ്രവ്യവും ഉണ്ടാക്കാനുള്ള സുഗന്ധക്കറ,+ 7 ഏഫോദിലും+ മാർച്ചട്ടയിലും+ പതിപ്പിക്കാനുള്ള നഖവർണിക്കല്ലുകൾ, മറ്റു കല്ലുകൾ. 8 അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കണം. അങ്ങനെ ഞാൻ അവരുടെ ഇടയിൽ താമസിക്കും.+ 9 നിങ്ങൾ വിശുദ്ധകൂടാരവും അതിലെ എല്ലാ സാധനസാമഗ്രികളും ഞാൻ നിനക്കു കാണിച്ചുതരുന്ന അതേ മാതൃകയനുസരിച്ചുതന്നെ* ഉണ്ടാക്കണം.+
10 “അവർ കരുവേലത്തടികൊണ്ട് ഒരു പെട്ടകം* ഉണ്ടാക്കണം. അതിനു രണ്ടര മുഴം* നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരിക്കണം.+ 11 നീ അതു തനിത്തങ്കംകൊണ്ട് പൊതിയണം.+ അതിന്റെ അകവും പുറവും പൊതിയണം. അതിനു ചുറ്റോടുചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്ക്* ഉണ്ടാക്കണം.+ 12 സ്വർണംകൊണ്ടുള്ള നാലു വളയങ്ങൾ വാർത്തുണ്ടാക്കി അതിന്റെ നാലു കാലിനും മുകളിൽ, രണ്ടു വളയങ്ങൾ ഒരു വശത്തും രണ്ടു വളയങ്ങൾ മറുവശത്തും ആയി പിടിപ്പിക്കണം. 13 നീ കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിയണം.+ 14 പെട്ടകം എടുത്തുകൊണ്ടുപോകാൻ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ ആ തണ്ടുകൾ ഇടണം. 15 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽത്തന്നെ ഇരിക്കണം. അവ അതിൽനിന്ന് ഊരരുത്.+ 16 ഞാൻ നിനക്കു നൽകാനിരിക്കുന്ന ‘സാക്ഷ്യം’ നീ പെട്ടകത്തിനുള്ളിൽ വെക്കണം.+
17 “തനിത്തങ്കംകൊണ്ട് ഒരു മൂടി ഉണ്ടാക്കണം. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.+ 18 സ്വർണംകൊണ്ടുള്ള രണ്ടു കെരൂബുകൾ നീ ഉണ്ടാക്കണം.+ മൂടിയുടെ രണ്ട് അറ്റത്തുമായി ചുറ്റികകൊണ്ട് അടിച്ച് അവ ഉണ്ടാക്കണം. 19 മൂടിയുടെ ഓരോ അറ്റത്തും ഓരോ കെരൂബു വീതം രണ്ട് അറ്റത്തും കെരൂബുകളെ ഉണ്ടാക്കണം. 20 കെരൂബുകൾ അവയുടെ രണ്ടു ചിറകുകളും മുകളിലേക്ക് ഉയർത്തി, മൂടിയിൽ നിഴൽ വീഴ്ത്തുന്ന രീതിയിൽ വിരിച്ചുപിടിച്ചിരിക്കണം.+ രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരിക്കണം. കെരൂബുകളുടെ മുഖം താഴോട്ടു മൂടിയുടെ നേർക്കു തിരിഞ്ഞിരിക്കണം. 21 മൂടി+ പെട്ടകത്തിന്റെ മുകളിൽ വെക്കണം. ഞാൻ നിനക്കു തരാനിരിക്കുന്ന ‘സാക്ഷ്യം’ പെട്ടകത്തിനുള്ളിലും വെക്കണം. 22 ഞാൻ അവിടെ നിന്റെ അടുത്ത് സന്നിഹിതനായി മൂടിയുടെ മുകളിൽനിന്ന് നിന്നോടു സംസാരിക്കും.+ ഇസ്രായേല്യർക്കുവേണ്ടി ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം സാക്ഷ്യപ്പെട്ടകത്തിന്റെ മുകളിലുള്ള രണ്ടു കെരൂബുകളുടെ നടുവിൽനിന്ന് ഞാൻ നിന്നെ അറിയിക്കും.
23 “നീ കരുവേലത്തടികൊണ്ട് ഒരു മേശയും ഉണ്ടാക്കണം.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരിക്കണം.+ 24 നീ അതു തനിത്തങ്കംകൊണ്ട് പൊതിയണം. അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കണം. 25 നാലു വിരലുകളുടെ വീതിയിൽ* അതിനു ചുറ്റും ഒരു അരികുപാളി ഉണ്ടാക്കണം. അരികുപാളിക്കു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കുണ്ടായിരിക്കണം. 26 സ്വർണംകൊണ്ട് നാലു വളയം ഉണ്ടാക്കി നാലു കാൽ ഘടിപ്പിച്ചിരിക്കുന്ന നാലു കോണിലും പിടിപ്പിക്കണം. 27 മേശ എടുത്തുകൊണ്ടുപോകാനുള്ള തണ്ടുകൾ ഇടേണ്ട ആ വളയങ്ങൾ അരികുപാളിയോടു ചേർന്നിരിക്കണം. 28 തണ്ടുകൾ കരുവേലത്തടികൊണ്ട് ഉണ്ടാക്കി സ്വർണംകൊണ്ട് പൊതിയണം. അവ ഉപയോഗിച്ചുവേണം മേശ എടുത്തുകൊണ്ടുപോകാൻ.
29 “അതിൽ വെക്കാനുള്ള തളികകളും പാനപാത്രങ്ങളും പാനീയയാഗങ്ങൾ ഒഴിക്കാനായി അവർ ഉപയോഗിക്കാൻപോകുന്ന കുടങ്ങളും കുഴിയൻപാത്രങ്ങളും തനിത്തങ്കംകൊണ്ട് ഉണ്ടാക്കണം.+ 30 എന്റെ മുമ്പാകെ മേശപ്പുറത്ത് പതിവായി കാഴ്ചയപ്പവും വെക്കണം.+
31 “തനിത്തങ്കംകൊണ്ട് നീ ഒരു തണ്ടുവിളക്ക് ഉണ്ടാക്കണം.+ ചുറ്റികകൊണ്ട് അടിച്ച് വേണം അത് ഉണ്ടാക്കാൻ. അതിന്റെ ചുവടും തണ്ടും ശാഖകളും പുഷ്പവൃതികളും* മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരിക്കണം.+ 32 തണ്ടുവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്നു ശാഖയും മറുവശത്തുനിന്ന് മൂന്നു ശാഖയും ആയി അതിന്റെ വശങ്ങളിൽനിന്ന് മൊത്തം ആറു ശാഖ പുറപ്പെടും. 33 അതിന്റെ ഒരു വശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം. അതിന്റെ മറുവശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം. ഇങ്ങനെയായിരിക്കണം തണ്ടുവിളക്കിന്റെ തണ്ടിൽനിന്നുള്ള ശാഖകൾ ആറും പുറപ്പെടേണ്ടത്. 34 തണ്ടുവിളക്കിന്റെ തണ്ടിൽ ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ നാലു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം. 35 തണ്ടിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയുടെയും കാര്യത്തിൽ, ആദ്യത്തെ രണ്ടു ശാഖയ്ക്കു കീഴെ ഒരു മുട്ടും അടുത്ത രണ്ടു ശാഖയ്ക്കു കീഴെ വേറൊരു മുട്ടും അതിനടുത്ത രണ്ടു ശാഖയ്ക്കു കീഴെ മറ്റൊരു മുട്ടും ഉണ്ടായിരിക്കണം. 36 മുട്ടുകളും ശാഖകളും തണ്ടുവിളക്കു മുഴുവനും ചുറ്റികകൊണ്ട് അടിച്ച്+ തനിത്തങ്കത്തിന്റെ ഒറ്റ തകിടിൽ തീർത്തതായിരിക്കണം. 37 നീ അതിന് ഏഴു ദീപം ഉണ്ടാക്കണം. ദീപങ്ങൾ തെളിക്കുമ്പോൾ മുന്നിലുള്ള സ്ഥലത്ത് അവ പ്രകാശം ചൊരിയും.+ 38 അതിന്റെ കൊടിലുകളും കത്തിയ തിരികൾ ഇടാനുള്ള പാത്രങ്ങളും+ തനിത്തങ്കംകൊണ്ടുള്ളതായിരിക്കണം. 39 അതും ഈ ഉപകരണങ്ങളും എല്ലാംകൂടെ ഒരു താലന്തു* തനിത്തങ്കത്തിൽ തീർക്കണം. 40 പർവതത്തിൽവെച്ച് നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ* നീ അവ ഉണ്ടാക്കുന്നെന്ന് ഉറപ്പുവരുത്തുക.+
26 “പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു കൂടാരത്തുണി ഉപയോഗിച്ച് വിശുദ്ധകൂടാരം+ ഉണ്ടാക്കണം. ആ തുണികളിൽ കെരൂബുകളുടെ+ രൂപങ്ങൾ നൂലുകൊണ്ട് ചിത്രപ്പണിയായി+ ഉണ്ടാക്കണം. 2 ഓരോ കൂടാരത്തുണിക്കും 28 മുഴം* നീളവും 4 മുഴം വീതിയും ഉണ്ടായിരിക്കണം. എല്ലാ കൂടാരത്തുണികൾക്കും+ ഒരേ വലുപ്പമായിരിക്കണം. 3 അഞ്ചു കൂടാരത്തുണികൾ ഒറ്റ നിരയായി വരുന്ന വിധത്തിൽ ഒന്നോടൊന്നു യോജിപ്പിക്കണം. മറ്റേ അഞ്ചു കൂടാരത്തുണികളും ഒറ്റ നിരയായി യോജിപ്പിക്കണം. 4 നിരയുടെ അറ്റത്തുള്ള ഒരു കൂടാരത്തുണിയുടെ വിളുമ്പിൽ നീലനൂലുകൊണ്ട് കണ്ണികൾ ഉണ്ടാക്കണം. മറ്റേ നിരയുടെ ഏറ്റവും അറ്റത്തുള്ള കൂടാരത്തുണിയുടെ വിളുമ്പിൽ നിരകൾ തമ്മിൽ ചേരുന്ന ഭാഗത്തും ഇങ്ങനെതന്നെ ചെയ്യണം. 5 ആ കൂടാരത്തുണിയിൽ 50 കണ്ണി ഉണ്ടാക്കണം. മറ്റേ കൂടാരത്തുണിയുടെ അറ്റത്തും 50 കണ്ണി വേണം. നിരകൾ തമ്മിൽ ചേരുന്ന ഭാഗത്ത് കണ്ണികൾ നേർക്കുനേർ വരുന്ന രീതിയിലായിരിക്കണം അവ ഉണ്ടാക്കേണ്ടത്. 6 സ്വർണംകൊണ്ട് 50 കൊളുത്ത് ഉണ്ടാക്കി, അവകൊണ്ട് കൂടാരത്തുണികൾ തമ്മിൽ യോജിപ്പിക്കണം. അങ്ങനെ, അത് ഒരൊറ്റ വിശുദ്ധകൂടാരമായിത്തീരും.+
7 “വിശുദ്ധകൂടാരത്തിനു മീതെ ആവരണമായി ഇടാൻ കോലാട്ടുരോമംകൊണ്ടുള്ള+ തുണികളും വേണം. മൊത്തം 11 കൂടാരത്തുണി ഉണ്ടാക്കണം.+ 8 ഓരോ കൂടാരത്തുണിക്കും 30 മുഴം നീളവും 4 മുഴം വീതിയും ഉണ്ടായിരിക്കണം. 11 കൂടാരത്തുണിക്കും ഒരേ വലുപ്പമായിരിക്കണം. 9 കൂടാരത്തുണികളിൽ അഞ്ചെണ്ണം ഒന്നോടൊന്നു യോജിപ്പിക്കണം. മറ്റേ ആറു കൂടാരത്തുണിയും ഒന്നോടൊന്നു യോജിപ്പിക്കണം. കൂടാരത്തിന്റെ മുൻഭാഗത്തുള്ള ആറാമത്തെ തുണി മടക്കിയിടണം. 10 നിരയുടെ ഏറ്റവും അറ്റത്തുള്ള ഒരു കൂടാരത്തുണിയുടെ വിളുമ്പിൽ 50 കണ്ണി ഉണ്ടാക്കണം. മറ്റേ നിരയിൽ, നിരകൾ തമ്മിൽ ചേരുന്നിടത്തെ കൂടാരത്തുണിയുടെ വിളുമ്പിലും 50 കണ്ണി ഉണ്ടാക്കണം. 11 ചെമ്പുകൊളുത്ത് 50 എണ്ണം ഉണ്ടാക്കി അവ കണ്ണികളിൽ കൊളുത്തി ഇവ രണ്ടും ചേർത്ത് ഒരൊറ്റ ആവരണമാക്കണം. 12 കൂടാരത്തുണികളുടെ മിച്ചമുള്ള ഭാഗം തൂങ്ങിക്കിടക്കും. കൂടാരത്തുണിയുടെ മിച്ചമുള്ള പകുതി വിശുദ്ധകൂടാരത്തിനു പിൻഭാഗത്ത് തൂങ്ങിക്കിടക്കും. 13 കൂടാരത്തുണികളുടെ നീളത്തിൽ മിച്ചമുള്ള ഭാഗം വിശുദ്ധകൂടാരത്തിന്റെ രണ്ടു വശവും മറച്ച് അതിന്റെ രണ്ടു വശത്തും ഓരോ മുഴം വീതം തൂങ്ങിക്കിടക്കും.
14 “ആ ആവരണത്തിനു മീതെ ഇടാൻ ആൺചെമ്മരിയാടിന്റെ തോലുകൊണ്ടുള്ള, ചുവപ്പുചായം പിടിപ്പിച്ച ഒരു ആവരണവും അതിനു മീതെ ഇടാൻ കടൽനായ്ത്തോലുകൾകൊണ്ടുള്ള മറ്റൊരു ആവരണവും ഉണ്ടാക്കണം.+
15 “വിശുദ്ധകൂടാരത്തിനു കരുവേലത്തടികൊണ്ട്, ലംബമായി നിൽക്കുന്ന ചട്ടങ്ങൾ+ ഉണ്ടാക്കണം.+ 16 ഓരോ ചട്ടവും പത്തു മുഴം ഉയരവും ഒന്നര മുഴം വീതിയും ഉള്ളതായിരിക്കണം. 17 ഓരോ ചട്ടത്തിനും പരസ്പരം ബന്ധിച്ചിരിക്കുന്ന രണ്ടു കുടുമ* വീതമുണ്ടായിരിക്കണം. ഈ രീതിയിലാണു വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങളെല്ലാം ഉണ്ടാക്കേണ്ടത്. 18 വിശുദ്ധകൂടാരത്തിന്റെ തെക്കുവശത്തിനുവേണ്ടി 20 ചട്ടം വേണം.
19 “ആ 20 ചട്ടം ഉറപ്പിക്കാൻ അവയ്ക്കു കീഴെ 40 വെള്ളിച്ചുവട്+ ഉണ്ടാക്കണം: ഒരു ചട്ടത്തിന്റെ കീഴെ അതിന്റെ രണ്ടു കുടുമയ്ക്കുവേണ്ടി രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ അതിന്റെ രണ്ടു കുടുമയ്ക്കു രണ്ടു ചുവടുണ്ടായിരിക്കണം.+ 20 വിശുദ്ധകൂടാരത്തിന്റെ മറുവശത്തിനുവേണ്ടി, അതായത് വടക്കുവശത്തിനുവേണ്ടി, 20 ചട്ടവും 21 അവയ്ക്ക് 40 വെള്ളിച്ചുവടും വേണം. ഒരു ചട്ടത്തിന്റെ കീഴെ രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ ഈരണ്ടു ചുവടുണ്ടായിരിക്കണം. 22 വിശുദ്ധകൂടാരത്തിന്റെ പിൻവശത്തിനുവേണ്ടി, അതായത് പടിഞ്ഞാറുവശത്തിനുവേണ്ടി, ആറു ചട്ടം വേണം.+ 23 വിശുദ്ധകൂടാരത്തിന്റെ പിൻവശത്തെ രണ്ടു മൂലയ്ക്കും ഓരോ മൂലക്കാലായി നിൽക്കാൻ രണ്ടു ചട്ടം ഉണ്ടാക്കണം. 24 ആ ചട്ടങ്ങളുടെ വശങ്ങൾ താഴെ അകന്നും മുകളിൽ, അതായത് ആദ്യത്തെ വളയത്തിന് അടുത്ത്, യോജിച്ചും ഇരിക്കണം. രണ്ടു കാലിന്റെയും കാര്യത്തിൽ ഇങ്ങനെതന്നെ ചെയ്യണം. അവ രണ്ടും മൂലക്കാലുകളായി നിൽക്കും. 25 അങ്ങനെ എട്ടു ചട്ടവും അവയ്ക്ക് 16 വെള്ളിച്ചുവടും ഉണ്ടായിരിക്കും. ഒരു ചട്ടത്തിന്റെ കീഴെ രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ ഈരണ്ടു ചുവടുണ്ടായിരിക്കും.
26 “കരുവേലത്തടികൊണ്ട് കഴകൾ ഉണ്ടാക്കണം. വിശുദ്ധകൂടാരത്തിന്റെ ഒരു വശത്തുള്ള ചട്ടങ്ങൾക്ക് അഞ്ചു കഴയും+ 27 വിശുദ്ധകൂടാരത്തിന്റെ മറുവശത്തുള്ള ചട്ടങ്ങൾക്ക് അഞ്ചു കഴയും വിശുദ്ധകൂടാരത്തിന്റെ പിൻവശത്തുള്ള, അതായത് പടിഞ്ഞാറുവശത്തുള്ള, ചട്ടങ്ങൾക്ക് അഞ്ചു കഴയും ഉണ്ടാക്കണം. 28 ചട്ടങ്ങളുടെ നടുഭാഗത്തുകൂടി പോകുന്ന കഴ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്നതായിരിക്കണം.
29 “ചട്ടങ്ങൾ സ്വർണംകൊണ്ട് പൊതിയുകയും+ കഴകൾ പിടിപ്പിക്കാനുള്ള അവയിലെ വളയങ്ങൾ സ്വർണംകൊണ്ട് ഉണ്ടാക്കുകയും വേണം. കഴകളും സ്വർണംകൊണ്ട് പൊതിയണം. 30 പർവതത്തിൽവെച്ച് നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ വിശുദ്ധകൂടാരം ഉണ്ടാക്കണം.+
31 “പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല+ ഉണ്ടാക്കണം. കെരൂബുകളുടെ രൂപങ്ങൾ നൂലുകൊണ്ടുള്ള ചിത്രപ്പണിയായി അതിലുണ്ടായിരിക്കണം. 32 സ്വർണംകൊണ്ട് പൊതിഞ്ഞ നാലു കരുവേലത്തൂണിൽ അതു തൂക്കിയിടണം. അവയുടെ കൊളുത്തുകൾ സ്വർണംകൊണ്ടുള്ളതായിരിക്കണം. വെള്ളികൊണ്ടുള്ള നാലു ചുവടിന്മേലാണു തൂണുകൾ നിൽക്കേണ്ടത്. 33 കൊളുത്തുകൾക്കു കീഴെ തിരശ്ശീല തൂക്കിയശേഷം സാക്ഷ്യപ്പെട്ടകം+ കൊണ്ടുവന്ന് തിരശ്ശീലയ്ക്ക് അകത്ത് വെക്കണം. ഈ തിരശ്ശീല വിശുദ്ധത്തെയും+ അതിവിശുദ്ധത്തെയും തമ്മിൽ വേർതിരിക്കും.+ 34 അതിന്റെ മൂടി അതിവിശുദ്ധത്തിലെ സാക്ഷ്യപ്പെട്ടകത്തിനു മീതെ വെക്കണം.
35 “തിരശ്ശീലയ്ക്കു വെളിയിലായി മേശയും മേശയുടെ എതിർവശത്ത് വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത് തണ്ടുവിളക്കും+ വെക്കണം. മേശ വടക്കുവശത്തായിരിക്കണം. 36 കൂടാരത്തിന്റെ പ്രവേശനകവാടത്തിനുവേണ്ടി നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവ ഉപയോഗിച്ച് ഒരു യവനിക* നെയ്തുണ്ടാക്കണം.+ 37 യവനികയ്ക്കുവേണ്ടി കരുവേലംകൊണ്ട് അഞ്ചു തൂൺ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിയണം. അവയുടെ കൊളുത്തുകൾ സ്വർണംകൊണ്ടുള്ളതായിരിക്കണം. തൂണുകൾക്കു ചെമ്പുകൊണ്ടുള്ള അഞ്ചു ചുവടും വാർത്തുണ്ടാക്കണം.
27 “കരുവേലത്തടികൊണ്ട് യാഗപീഠം ഉണ്ടാക്കണം.+ അതിന് അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉണ്ടായിരിക്കണം. യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരമുള്ളതും ആയിരിക്കണം.+ 2 യാഗപീഠത്തിന്റെ നാലു കോണിലും കൊമ്പുകൾ+ ഉണ്ടാക്കണം. അവ യാഗപീഠത്തിൽനിന്നുതന്നെയായിരിക്കണം. യാഗപീഠം ചെമ്പുകൊണ്ട് പൊതിയണം.+ 3 അതിലെ ചാരം* നീക്കം ചെയ്യാൻ തൊട്ടികൾ ഉണ്ടാക്കണം. അതോടൊപ്പം കോരികകളും കുഴിയൻപാത്രങ്ങളും മുൾക്കരണ്ടികളും കനൽപ്പാത്രങ്ങളും ഉണ്ടാക്കണം. ചെമ്പുകൊണ്ടായിരിക്കണം അതിന്റെ എല്ലാ ഉപകരണങ്ങളും ഉണ്ടാക്കേണ്ടത്.+ 4 യാഗപീഠത്തിന് ഒരു ജാലം, അതായത് ചെമ്പുകൊണ്ടുള്ള ഒരു വല, ഉണ്ടാക്കണം. അതിന്റെ നാലു കോണിലായി ചെമ്പുകൊണ്ടുള്ള നാലു വളയവും ഉണ്ടാക്കണം. 5 അതു യാഗപീഠത്തിന്റെ അരികുപാളിക്കു കീഴെ കുറച്ച് താഴെയായി വേണം വെക്കാൻ. വല യാഗപീഠത്തിനുള്ളിൽ ഏതാണ്ടു മധ്യഭാഗംവരെ ഇറങ്ങിയിരിക്കണം. 6 യാഗപീഠത്തിനുവേണ്ടി കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി അവ ചെമ്പുകൊണ്ട് പൊതിയണം. 7 യാഗപീഠം എടുത്തുകൊണ്ടുപോകുമ്പോൾ ഈ തണ്ടുകൾ യാഗപീഠത്തിന്റെ രണ്ടു വശങ്ങളിലുമായിരിക്കുംവിധം അവ വളയങ്ങളിൽ ഇടണം.+ 8 പലകകൾകൊണ്ടുള്ള പൊള്ളയായ ഒരു പെട്ടിയുടെ രൂപത്തിൽ നീ യാഗപീഠം ഉണ്ടാക്കണം. പർവതത്തിൽവെച്ച് ദൈവം കാണിച്ചുതന്നതുപോലെതന്നെ അത് ഉണ്ടാക്കണം.+
9 “വിശുദ്ധകൂടാരത്തിനു മുറ്റം+ ഉണ്ടാക്കണം. മുറ്റത്തിന്റെ തെക്കുവശത്തിനുവേണ്ടി, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് 100 മുഴം നീളത്തിൽ മറശ്ശീലകൾ ഉണ്ടാക്കണം.+ 10 അവയ്ക്ക് 20 തൂണും തൂണുകൾക്ക് 20 ചെമ്പുചുവടും ഉണ്ടായിരിക്കണം. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും* വെള്ളികൊണ്ടുള്ളതായിരിക്കണം. 11 വടക്കുവശത്തും 100 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരിക്കണം. അവയ്ക്കും 20 തൂണും തൂണുകൾക്ക് 20 ചെമ്പുചുവടും ഉണ്ടായിരിക്കണം. തൂണുകൾക്കു വെള്ളികൊണ്ടുള്ള കൊളുത്തുകളും സംയോജകങ്ങളും വേണം. 12 പടിഞ്ഞാറുവശത്ത്, മുറ്റത്തിന്റെ വീതിപ്പാടിന് ഒരറ്റംമുതൽ മറ്റേ അറ്റംവരെ 50 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരിക്കണം. അവയ്ക്കു പത്തു തൂണും പത്തു ചുവടും വേണം. 13 കിഴക്കുവശത്ത്, അതായത് സൂര്യോദയത്തിനു നേരെയുള്ള വശത്ത്, മുറ്റത്തിന്റെ വീതി 50 മുഴമായിരിക്കണം. 14 പ്രവേശനകവാടത്തിന്റെ ഒരു വശത്ത് മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരിക്കും.+ 15 മറുവശത്തും മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരിക്കും.
16 “മുറ്റത്തിന്റെ പ്രവേശനകവാടത്തിന് 20 മുഴം നീളത്തിൽ ഒരു യവനികയുണ്ടായിരിക്കണം.* നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ+ എന്നിവ ഉപയോഗിച്ച് നെയ്തുണ്ടാക്കിയതായിരിക്കണം ഇത്. അതിനു നാലു തൂണും തൂണുകൾ ഉറപ്പിക്കാനുള്ള നാലു ചുവടും ഉണ്ടായിരിക്കണം.+ 17 മുറ്റത്തിനു ചുറ്റുമുള്ള എല്ലാ തൂണുകളുടെയും സംയോജകങ്ങളും കൊളുത്തുകളും വെള്ളികൊണ്ടുള്ളതും എന്നാൽ, അവയുടെ ചുവടുകൾ ചെമ്പുകൊണ്ടുള്ളതും ആയിരിക്കണം.+ 18 മുറ്റത്തിന് 100 മുഴം നീളവും+ 50 മുഴം വീതിയും ഉണ്ടായിരിക്കും. പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ടുള്ള മറശ്ശീലകളുടെ ഉയരമാകട്ടെ അഞ്ചു മുഴവും. അതിനു ചെമ്പുചുവടുകളും ഉണ്ടായിരിക്കണം. 19 വിശുദ്ധകൂടാരത്തിലെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും സാധനങ്ങളും അതിന്റെ കൂടാരക്കുറ്റികളും മുറ്റത്തിന്റെ എല്ലാ കുറ്റികളും ചെമ്പുകൊണ്ടുള്ളതായിരിക്കണം.+
20 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻവേണ്ടി,+ ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവന്ന് നിനക്കു തരാൻ നീ ഇസ്രായേല്യരോടു കല്പിക്കണം. 21 സാന്നിധ്യകൂടാരത്തിൽ,* ‘സാക്ഷ്യ’ത്തിന് അടുത്തുള്ള തിരശ്ശീലയ്ക്കു വെളിയിൽ,+ വൈകുന്നേരംമുതൽ രാവിലെവരെ യഹോവയുടെ മുമ്പാകെ ദീപങ്ങൾ കത്തിനിൽക്കാൻവേണ്ട ഏർപ്പാടുകൾ അഹരോനും പുത്രന്മാരും ചെയ്യും.+ ഇത് ഇസ്രായേല്യരുടെ എല്ലാ തലമുറകളും അനുസരിക്കേണ്ട ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.+
28 “എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി നിന്റെ സഹോദരനായ അഹരോനെ+ അവന്റെ പുത്രന്മാരായ+ നാദാബ്, അബീഹു,+ എലെയാസർ, ഈഥാമാർ+ എന്നിവരോടൊപ്പം ഇസ്രായേല്യരിൽനിന്ന് വിളിച്ചുവരുത്തണം.+ 2 നിന്റെ സഹോദരനായ അഹരോന് അഴകും മഹത്ത്വവും നൽകാൻ നീ അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങൾ ഉണ്ടാക്കണം.+ 3 ഞാൻ ജ്ഞാനത്തിന്റെ ആത്മാവ് നിറച്ചിരിക്കുന്ന വിദഗ്ധരായ* എല്ലാവരോടും+ നീ സംസാരിക്കണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ വിശുദ്ധീകരണത്തിനായി അവർ അവനുവേണ്ടി വസ്ത്രങ്ങൾ ഉണ്ടാക്കും.
4 “അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു മാർച്ചട്ട,+ ഒരു ഏഫോദ്,+ കൈയില്ലാത്ത ഒരു അങ്കി,+ ചതുരക്കളങ്ങളോടുകൂടിയ ഒരു നീളൻ കുപ്പായം, ഒരു തലപ്പാവ്,+ ഒരു നടുക്കെട്ട്.+ നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനുവേണ്ടിയും അവന്റെ പുത്രന്മാർക്കുവേണ്ടിയും അവർ ഈ വിശുദ്ധവസ്ത്രങ്ങൾ ഉണ്ടാക്കും. 5 അതിനായി വിദഗ്ധജോലിക്കാർ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവ ഉപയോഗിക്കും.
6 “സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ട് അവർ ഏഫോദ് ഉണ്ടാക്കണം. അതിൽ നൂലുകൊണ്ടുള്ള ചിത്രപ്പണിയുണ്ടായിരിക്കണം.+ 7 കൂടാതെ അതിന്റെ രണ്ട് മുകളറ്റത്തും വന്ന് യോജിക്കുന്ന വിധത്തിൽ രണ്ടു തോൾവാറും അതിലുണ്ടായിരിക്കണം. 8 ഏഫോദ് കൃത്യസ്ഥാനത്ത് ഭദ്രമായി കെട്ടിനിറുത്താൻവേണ്ടി അതിൽ പിടിപ്പിക്കുന്ന നെയ്തെടുത്ത അരപ്പട്ടയും+ ഏഫോദ്പോലെതന്നെ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ടുള്ളതായിരിക്കണം.
9 “രണ്ടു നഖവർണിക്കല്ല്+ എടുത്ത് അവയിൽ ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ+ കൊത്തണം. 10 ജനനക്രമമനുസരിച്ച് അവരുടെ പേരുകൾ ആറെണ്ണം ഒരു കല്ലിലും ശേഷിക്കുന്ന ആറെണ്ണം മറ്റേ കല്ലിലും കൊത്തണം. 11 കല്ലു കൊത്തുന്ന ഒരാൾ ആ രണ്ടു കല്ലിലും ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ മുദ്ര കൊത്തുന്നതുപോലെ കൊത്തട്ടെ.+ എന്നിട്ട് അവ സ്വർണത്തടങ്ങളിൽ പതിക്കണം. 12 ആ രണ്ടു കല്ലും ഇസ്രായേലിന്റെ ആൺമക്കൾക്കുവേണ്ടി സ്മാരകക്കല്ലുകളായി ഏഫോദിന്റെ തോൾവാറുകളിൽ വെക്കണം.+ അഹരോൻ അവരുടെ പേരുകൾ യഹോവയുടെ മുന്നിൽ ഒരു സ്മാരകമായി തന്റെ രണ്ടു തോൾവാറുകളിലും വഹിക്കും. 13 സ്വർണംകൊണ്ട് തടങ്ങൾ ഉണ്ടാക്കണം. 14 തനിത്തങ്കംകൊണ്ട്, കയറുപോലെ പിരിഞ്ഞിരിക്കുന്ന രണ്ടു ചങ്ങല ഉണ്ടാക്കണം.+ ആ സ്വർണച്ചങ്ങലകൾ തടങ്ങളിൽ ഘടിപ്പിക്കണം.+
15 “നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്ന ഒരാളെക്കൊണ്ട് ന്യായവിധിയുടെ മാർച്ചട്ട+ ഉണ്ടാക്കിക്കണം. ഏഫോദ് ഉണ്ടാക്കിയതുപോലെ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ടായിരിക്കണം അത് ഉണ്ടാക്കേണ്ടത്.+ 16 അതു രണ്ടായി മടക്കുമ്പോൾ ഒരു ചാൺ* നീളവും ഒരു ചാൺ വീതിയും ഉള്ള സമചതുരമായിരിക്കണം. 17 തടത്തിൽ പതിപ്പിച്ച കല്ലുകൾ* നാലു നിരയായി അതിൽ പിടിപ്പിക്കണം. ആദ്യത്തെ നിര മാണിക്യം, ഗോമേദകം, മരതകം. 18 രണ്ടാമത്തെ നിര നീലഹരിതക്കല്ല്, ഇന്ദ്രനീലം, സൂര്യകാന്തം. 19 മൂന്നാമത്തെ നിര ലഷം കല്ല്,* അക്കിക്കല്ല്, അമദമണി. 20 നാലാമത്തെ നിര പീതരത്നം, നഖവർണി, പച്ചക്കല്ല്. അവ സ്വർണത്തടങ്ങളിൽ പതിക്കണം. 21 ഇസ്രായേലിന്റെ 12 ആൺമക്കളുടെ പേരുകളനുസരിച്ചായിരിക്കും ഈ കല്ലുകൾ. ഓരോ കല്ലിലും 12 ഗോത്രങ്ങളിൽ ഓരോന്നിനെയും പ്രതിനിധാനം ചെയ്യുന്ന ഓരോ പേരും, മുദ്രകൊത്തുന്നതുപോലെ കൊത്തണം.
22 “കയറുപോലെ പിരിഞ്ഞിരിക്കുന്ന ചങ്ങലകൾ മാർച്ചട്ടയിൽ ഉണ്ടാക്കണം. അവ തനിത്തങ്കംകൊണ്ടുള്ളതായിരിക്കണം.+ 23 സ്വർണംകൊണ്ട് രണ്ടു വളയം ഉണ്ടാക്കി അവ രണ്ടും മാർച്ചട്ടയുടെ രണ്ട് അറ്റത്തും പിടിപ്പിക്കണം. 24 മാർച്ചട്ടയുടെ അറ്റങ്ങളിലുള്ള വളയങ്ങൾ രണ്ടിലും സ്വർണംകൊണ്ടുള്ള ആ രണ്ടു ചരട് കോർക്കണം. 25 ചരടുകൾ രണ്ടിന്റെയും ഓരോ അറ്റം ഓരോ തടത്തിൽ കോർക്കുക. അവ ഏഫോദിന്റെ തോൾവാറുകളിൽ മുൻവശത്തായി പിടിപ്പിക്കണം. 26 സ്വർണംകൊണ്ട് രണ്ടു വളയം ഉണ്ടാക്കി മാർച്ചട്ടയുടെ ഉള്ളിലെ വിളുമ്പിന്റെ രണ്ട് അറ്റത്ത്, ഏഫോദിന് അഭിമുഖമായി പിടിപ്പിക്കണം.+ 27 രണ്ടു സ്വർണവളയംകൂടെ ഉണ്ടാക്കി ഏഫോദിന്റെ മുൻവശത്ത് രണ്ടു തോൾവാറുകൾക്കു കീഴെ, അതു യോജിപ്പിച്ചിരിക്കുന്നതിന് അടുത്തായി, നെയ്തെടുത്ത അരപ്പട്ടയുടെ മുകളിൽ പിടിപ്പിക്കണം.+ 28 മാർച്ചട്ടയുടെ വളയങ്ങളിൽനിന്ന് ഏഫോദിന്റെ വളയങ്ങളിലേക്ക് ഒരു നീലച്ചരടു കെട്ടി മാർച്ചട്ട കൃത്യമായ സ്ഥാനത്ത് ഉറപ്പിച്ചുനിറുത്തണം. ഇങ്ങനെ, മാർച്ചട്ടയെ ഏഫോദിൽ, നെയ്തെടുത്ത അരപ്പട്ടയ്ക്കു മുകളിലായി, അതിന്റെ സ്ഥാനത്തുതന്നെ ഇളകാതെ നിറുത്താനാകും.
29 “അഹരോൻ വിശുദ്ധത്തിലേക്കു വരുമ്പോൾ തന്റെ ഹൃദയത്തിന്മേലുള്ള, ന്യായവിധിയുടെ മാർച്ചട്ടയിൽ ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ യഹോവയുടെ മുമ്പാകെ ഒരു നിത്യസ്മാരകമായി വഹിക്കണം. 30 ന്യായവിധിയുടെ മാർച്ചട്ടയ്ക്കുള്ളിൽ നീ ഊറീമും തുമ്മീമും*+ വെക്കണം. അഹരോൻ യഹോവയുടെ മുന്നിൽ വരുമ്പോൾ അവ അവന്റെ ഹൃദയത്തിന്മേലുണ്ടായിരിക്കണം. ഇസ്രായേല്യരെ ന്യായം വിധിക്കാനുള്ള ഈ ഉപാധി അഹരോൻ തന്റെ ഹൃദയത്തിന്മേൽ യഹോവയുടെ മുന്നിൽ എപ്പോഴും വഹിക്കണം.
31 “ഏഫോദിന്റെ ഉള്ളിൽ ധരിക്കുന്ന കൈയില്ലാത്ത അങ്കി മുഴുവനായും നീലനൂലുകൊണ്ട് ഉണ്ടാക്കണം.+ 32 മുകളിൽ* മധ്യഭാഗത്ത് അതിനൊരു കഴുത്തുണ്ടായിരിക്കണം. ആ കഴുത്തിനു ചുറ്റോടുചുറ്റും നെയ്ത്തുകാരൻ ഒരു പട്ടയും നെയ്യണം. കീറിപ്പോകാതിരിക്കാൻ ഇത് ഒരു പടച്ചട്ടയുടെ കഴുത്തുപോലെയായിരിക്കണം. 33 അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റും നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള മാതളനാരങ്ങകളും അവയ്ക്കിടയിൽ സ്വർണംകൊണ്ടുള്ള മണികളും ഉണ്ടാക്കണം. 34 കൈയില്ലാത്ത അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റും അവ ഒരു സ്വർണമണി, ഒരു മാതളനാരങ്ങ, ഒരു സ്വർണമണി, ഒരു മാതളനാരങ്ങ എന്നിങ്ങനെ ഒന്നിടവിട്ട് വരണം. 35 ശുശ്രൂഷ ചെയ്യാൻ കഴിയേണ്ടതിന് അഹരോൻ അതു ധരിക്കണം. വിശുദ്ധമന്ദിരത്തിനുള്ളിൽ യഹോവയുടെ മുന്നിൽ ചെല്ലുമ്പോഴും അവിടെനിന്ന് പുറത്ത് വരുമ്പോഴും അതിൽനിന്നുള്ള ശബ്ദം കേൾക്കണം. അങ്ങനെയെങ്കിൽ, അവൻ മരിക്കില്ല.+
36 “തനിത്തങ്കംകൊണ്ട് തിളങ്ങുന്ന ഒരു തകിട് ഉണ്ടാക്കി അതിൽ മുദ്ര കൊത്തുന്നതുപോലെ, ‘വിശുദ്ധി യഹോവയുടേത്’+ എന്നു കൊത്തണം. 37 ഒരു നീലച്ചരടുകൊണ്ട് അതു തലപ്പാവിനോടു+ ചേർത്ത് ബന്ധിക്കണം. അതു തലപ്പാവിന്റെ മുൻവശത്തുതന്നെ കാണണം. 38 അത് അഹരോന്റെ നെറ്റിയിലുണ്ടായിരിക്കണം. ഇസ്രായേല്യരിൽ ആരെങ്കിലും വിശുദ്ധവസ്തുക്കളോടുള്ള ബന്ധത്തിൽ, അതായത് അവർ വിശുദ്ധകാഴ്ചകളായി അർപ്പിച്ച് വിശുദ്ധീകരിക്കുന്ന* വസ്തുക്കളുടെ കാര്യത്തിൽ, വീഴ്ച വരുത്തിയാൽ അഹരോൻ അതിന് ഉത്തരവാദിയായിരിക്കും.+ അവർക്ക് യഹോവയുടെ മുന്നിൽ അംഗീകാരം കിട്ടേണ്ടതിന് അത് എല്ലായ്പോഴും അവന്റെ നെറ്റിയിലുണ്ടായിരിക്കണം.
39 “ചതുരക്കളങ്ങളോടുകൂടിയ നീളൻ കുപ്പായം മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്തുണ്ടാക്കണം. മേന്മയേറിയ ലിനൻകൊണ്ട് ഒരു തലപ്പാവും ഉണ്ടാക്കണം. ഒരു നടുക്കെട്ടും നെയ്തുണ്ടാക്കണം.+
40 “അഹരോന്റെ പുത്രന്മാർക്കുവേണ്ടി, അഴകിനും മഹത്ത്വത്തിനും+ ആയി നീളൻ കുപ്പായങ്ങളും നടുക്കെട്ടുകളും തലേക്കെട്ടുകളും ഉണ്ടാക്കണം.+ 41 നീ നിന്റെ സഹോദരനായ അഹരോനെയും ഒപ്പം അവന്റെ പുത്രന്മാരെയും വസ്ത്രം അണിയിക്കുകയും അവരെ അഭിഷേകം* ചെയ്യുകയും+ അവരോധിക്കുകയും*+ വിശുദ്ധീകരിക്കുകയും വേണം. അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. 42 അവരുടെ നഗ്നത മറയ്ക്കാൻ അവർക്കുവേണ്ടി ലിനൻകൊണ്ടുള്ള അടിവസ്ത്രങ്ങളും ഉണ്ടാക്കണം.+ അവ അരമുതൽ തുടവരെ എത്തുന്നതായിരിക്കണം. 43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ യാഗപീഠത്തെ സമീപിക്കുമ്പോഴും സാന്നിധ്യകൂടാരത്തിനുള്ളിൽ വരുമ്പോഴും കുറ്റക്കാരായിത്തീർന്ന് മരിക്കാതിരിക്കാൻ അതു ധരിക്കണം. ഇത് അവനും അവന്റെ സന്തതികൾക്കും ഉള്ള ഒരു സ്ഥിരനിയമമാണ്.
29 “അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ യോഗ്യരാകേണ്ടതിന് അവരെ വിശുദ്ധീകരിക്കാൻ ചെയ്യേണ്ടത് ഇതാണ്: ഒരു കാളക്കുട്ടിയെയും ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടിനെയും എടുക്കുക.+ 2 ഒപ്പം പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേർത്ത, വളയാകൃതിയിലുള്ള പുളിപ്പില്ലാത്ത അപ്പങ്ങളും കനം കുറച്ച് മൊരിച്ചെടുത്ത, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അപ്പങ്ങളും വേണം.+ അവ നേർത്ത ഗോതമ്പുപൊടികൊണ്ട് ഉണ്ടാക്കി, 3 കൊട്ടയിലാക്കി, ആ കൊട്ടയിൽവെച്ചുതന്നെ കാഴ്ചയർപ്പിക്കണം.+ അവയോടൊപ്പം ആ കാളയെയും രണ്ട് ആൺചെമ്മരിയാടിനെയും കാഴ്ചവെക്കണം.
4 “നീ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഹാജരാക്കി,+ അവരെ വെള്ളംകൊണ്ട് കഴുകണം.+ 5 പിന്നെ നീ വസ്ത്രങ്ങൾ+ എടുക്കണം. നീളൻ കുപ്പായം, ഏഫോദിന്റെ ഉള്ളിൽ ധരിക്കുന്ന കൈയില്ലാത്ത അങ്കി, ഏഫോദ്, മാർച്ചട്ട എന്നിവ അഹരോനെ ധരിപ്പിച്ച് ഏഫോദിന്റെ ഭാഗമായ നെയ്തെടുത്ത അരപ്പട്ട അവന്റെ അരയ്ക്കു ചുറ്റും മുറുക്കിക്കെട്ടണം.+ 6 നീ അവന്റെ തലയിൽ തലപ്പാവും അതിൽ സമർപ്പണത്തിന്റെ വിശുദ്ധചിഹ്നവും*+ വെക്കണം. 7 എന്നിട്ട്, അഭിഷേകതൈലം+ എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യണം.+
8 “പിന്നെ അവന്റെ പുത്രന്മാരെ കൊണ്ടുവന്ന് അവരെ നീളൻ കുപ്പായം ധരിപ്പിക്കുക.+ 9 അഹരോന്റെയും പുത്രന്മാരുടെയും അരയിൽ നടുക്കെട്ടുകൾ കെട്ടുകയും വേണം. അവരുടെ തലേക്കെട്ട് അവരെ അണിയിക്കുക. അങ്ങനെ പൗരോഹിത്യം ഒരു സ്ഥിരനിയമമായി അവരുടേതാകും.+ ഇങ്ങനെയായിരിക്കണം പുരോഹിതശുശ്രൂഷ ചെയ്യാൻ നീ അഹരോനെയും പുത്രന്മാരെയും അവരോധിക്കേണ്ടത്.+
10 “ഇതിനു ശേഷം നീ കാളയെ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവരുക. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെക്കണം.+ 11 യഹോവയുടെ മുന്നിൽ, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്, കാളയെ അറുക്കുക.+ 12 കാളയുടെ രക്തത്തിൽ അൽപ്പം വിരലിൽ എടുത്ത് യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടുക.+ ബാക്കിയുള്ള രക്തം മുഴുവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.+ 13 എന്നിട്ട്, കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പു+ മുഴുവനും, കരളിന്മേലുള്ള കൊഴുപ്പും, വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴുപ്പും എടുത്ത് യാഗപീഠത്തിൽവെച്ച് പുക ഉയരുംവിധം ദഹിപ്പിക്കുക.+ 14 എന്നാൽ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയിൽവെച്ച് തീയിലിട്ട് ചുട്ടുകളയണം. ഇതൊരു പാപയാഗമാണ്.
15 “പിന്നെ, ഒരു ആൺചെമ്മരിയാടിനെ എടുക്കുക. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെച്ചശേഷം+ 16 അതിനെ അറുത്ത് അതിന്റെ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുക.+ 17 ആൺചെമ്മരിയാടിനെ മുറിച്ച് കഷണങ്ങളാക്കി അതിന്റെ കുടലുകളും കണങ്കാലുകളും കഴുകി+ തലയോടുകൂടെ കഷണങ്ങളെല്ലാം ക്രമത്തിൽ ചേർത്തുവെക്കുക. 18 എന്നിട്ട്, അതിനെ മുഴുവനായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിൽനിന്ന് പുക ഉയരട്ടെ. ഇതു യഹോവയ്ക്കുള്ള ദഹനയാഗം, ദൈവത്തെ പ്രസാദിപ്പിക്കുന്ന* സുഗന്ധം.+ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമാണ് ഇത്.
19 “അടുത്തതായി, നീ മറ്റേ ആൺചെമ്മരിയാടിനെ എടുക്കുക. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെച്ചശേഷം+ 20 അതിനെ അറുത്ത് അതിന്റെ രക്തം കുറച്ച് എടുത്ത് അഹരോന്റെയും പുത്രന്മാരുടെയും വലത്തെ കീഴ്ക്കാതിലും അവരുടെ വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടണം. രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുകയും വേണം. 21 എന്നിട്ട്, അൽപ്പം അഭിഷേകതൈലവും+ യാഗപീഠത്തിലുള്ള കുറച്ച് രക്തവും എടുത്ത് അഹരോന്റെ മേലും അവന്റെ വസ്ത്രങ്ങളിലും അവന്റെ പുത്രന്മാരുടെ മേലും അവരുടെ വസ്ത്രങ്ങളിലും തളിക്കുക. അങ്ങനെ, അവനും അവന്റെ വസ്ത്രങ്ങളും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രങ്ങളും വിശുദ്ധിയുള്ളതാകും.+
22 “പിന്നെ ആ ആൺചെമ്മരിയാടിന്റെ കൊഴുപ്പും, അതായത് കൊഴുത്ത വാലും കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും കരളിന്മേലുള്ള കൊഴുപ്പും വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴുപ്പും,+ വലങ്കാലും എടുക്കുക. കാരണം ഇതു സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടാണ്.+ 23 കൂടാതെ യഹോവയുടെ സന്നിധിയിൽ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്ന്, വട്ടത്തിലുള്ള ഒരു അപ്പവും എണ്ണ ചേർത്ത വളയാകൃതിയിലുള്ള ഒരു അപ്പവും കനം കുറച്ച് മൊരിച്ചെടുത്ത ഒരു അപ്പവും എടുക്കുക. 24 ഇവയെല്ലാം നീ അഹരോന്റെ കൈകളിലും അവന്റെ പുത്രന്മാരുടെ കൈകളിലും വെച്ചുകൊടുക്കണം. യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* നീ അവ അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം. 25 പിന്നെ അവ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിൽ ദഹനയാഗമൃഗത്തിന്മേൽവെച്ച് യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി ദഹിപ്പിക്കണം. യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ് ഇത്.
26 “തുടർന്ന്, അഹരോനുവേണ്ടി അർപ്പിച്ച സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിന്റെ നെഞ്ച്+ എടുത്ത് യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടുക. അതു നിന്റെ ഓഹരിയായിരിക്കും. 27 അഹരോനും പുത്രന്മാർക്കും വേണ്ടി അർപ്പിച്ച സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിൽനിന്ന്+ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി ദോളനയാഗമായി അർപ്പിച്ച നെഞ്ചും, അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയ വിശുദ്ധയോഹരിയായ കാലും നീ വിശുദ്ധീകരിക്കണം. 28 ഇത് ഒരു വിശുദ്ധമായ ഓഹരിയായതുകൊണ്ട് ഇസ്രായേല്യർ സ്ഥിരമായി പാലിക്കേണ്ട ചട്ടമെന്ന നിലയിൽ ഇത് അഹരോനും പുത്രന്മാർക്കും അവകാശപ്പെട്ടതാകും. ഇസ്രായേല്യർ നൽകേണ്ട വിശുദ്ധമായ ഓഹരിയായിരിക്കണം+ ഇത്, അവരുടെ സഹഭോജനബലിയിൽനിന്ന് യഹോവയ്ക്കുള്ള അവരുടെ വിശുദ്ധമായ ഓഹരി.+
29 “അഹരോന്റെ പിൻഗാമികളായ അവന്റെ പുത്രന്മാരെ പുരോഹിതന്മാരായി അഭിഷേകം ചെയ്ത് അവരോധിക്കുമ്പോൾ അവർ അവന്റെ വിശുദ്ധവസ്ത്രങ്ങൾ ധരിക്കും.+ 30 അവന്റെ പുത്രന്മാരിൽ അവനു പിൻഗാമിയായി വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ സാന്നിധ്യകൂടാരത്തിൽ കടക്കുന്ന പുരോഹിതൻ ഏഴു ദിവസത്തേക്ക്+ അവ ധരിക്കണം.
31 “നീ സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിനെ എടുത്ത് അതിന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് വേവിക്കണം.+ 32 അഹരോനും പുത്രന്മാരും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് ആൺചെമ്മരിയാടിന്റെ മാംസവും കൊട്ടയിലെ അപ്പവും കഴിക്കും.+ 33 അവരെ പുരോഹിതന്മാരായി അവരോധിക്കാനും വിശുദ്ധീകരിക്കാനും വേണ്ടി അവർക്കു പാപപരിഹാരം വരുത്താൻ ഉപയോഗിച്ച വസ്തുക്കൾ അവർ കഴിക്കണം. എന്നാൽ, അർഹതയില്ലാത്ത ആരും* അവ കഴിക്കരുത്. കാരണം, അവ വിശുദ്ധമാണ്.+ 34 അപ്പത്തിൽനിന്നോ സ്ഥാനാരോഹണബലിയുടെ മാംസത്തിൽനിന്നോ എന്തെങ്കിലും രാവിലെവരെ ശേഷിച്ചിട്ടുണ്ടെങ്കിൽ അതു കത്തിച്ചുകളയണം.+ അതു കഴിക്കരുത്. കാരണം, അതു വിശുദ്ധമാണ്.
35 “ഞാൻ നിന്നോടു കല്പിച്ച എല്ലാ കാര്യങ്ങൾക്കും ചേർച്ചയിൽ ഇങ്ങനെയൊക്കെ അഹരോനോടും പുത്രന്മാരോടും ചെയ്യണം. അവരെ പുരോഹിതന്മാരായി അവരോധിക്കാൻ നീ ഏഴു ദിവസം എടുക്കും.+ 36 പാപപരിഹാരത്തിനുവേണ്ടി പാപയാഗത്തിന്റെ കാളയെ നീ ദിവസേന അർപ്പിക്കണം. യാഗപീഠത്തിനുവേണ്ടി പാപപരിഹാരം ചെയ്ത് നീ അതിനു പാപശുദ്ധി വരുത്തുകയും അത് അഭിഷേകം ചെയ്ത് വിശുദ്ധീകരിക്കുകയും+ വേണം. 37 യാഗപീഠത്തിനു പാപപരിഹാരം വരുത്താൻ നീ ഏഴു ദിവസം എടുക്കും. അത് ഒരു അതിവിശുദ്ധയാഗപീഠമാകാൻ നീ അതു വിശുദ്ധീകരിക്കണം.+ യാഗപീഠത്തെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം.
38 “നീ യാഗപീഠത്തിൽ അർപ്പിക്കേണ്ടത് ഇവയാണ്: ഓരോ ദിവസവും മുടക്കം കൂടാതെ+ ഒരു വയസ്സുള്ള രണ്ട് ആൺചെമ്മരിയാട്. 39 ഒരു ആൺചെമ്മരിയാടിനെ രാവിലെയും മറ്റേതിനെ സന്ധ്യക്കും* അർപ്പിക്കുക.+ 40 ഒന്നാമത്തെ ആൺചെമ്മരിയാട്ടിൻകുട്ടിയോടൊപ്പം, ഇടിച്ചെടുത്ത കാൽ ഹീൻ* എണ്ണ ചേർത്ത നേർത്ത ധാന്യപ്പൊടി ഒരു ഏഫായുടെ* പത്തിലൊന്നും പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും അർപ്പിക്കണം. 41 രണ്ടാമത്തെ ആൺചെമ്മരിയാട്ടിൻകുട്ടിയെ രാവിലെത്തേതുപോലുള്ള ധാന്യയാഗത്തോടും പാനീയയാഗത്തോടും കൂടെ സന്ധ്യക്കു* നീ അർപ്പിക്കണം. പ്രസാദിപ്പിക്കുന്ന ഒരു സുഗന്ധമായി, അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമായി, നീ ഇത് യഹോവയ്ക്ക് അർപ്പിക്കണം. 42 നിങ്ങളുടെ തലമുറകളിലുടനീളം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് യഹോവയുടെ മുമ്പാകെ ക്രമമായി അർപ്പിക്കേണ്ട ഒരു ദഹനയാഗമാണ് ഇത്. നിന്നോടു സംസാരിക്കാൻ ഞാൻ നിങ്ങളുടെ മുന്നിൽ സന്നിഹിതനാകുന്നത് അവിടെയായിരിക്കുമല്ലോ.+
43 “അവിടെയായിരിക്കും ഞാൻ ഇസ്രായേല്യരുടെ മുന്നിൽ സന്നിഹിതനാകുന്നത്. എന്റെ തേജസ്സുകൊണ്ട്+ അവിടം വിശുദ്ധമായിത്തീരും. 44 ഞാൻ സാന്നിധ്യകൂടാരവും യാഗപീഠവും വിശുദ്ധീകരിക്കും. കൂടാതെ, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി ഞാൻ അഹരോനെയും പുത്രന്മാരെയും വിശുദ്ധീകരിക്കും.+ 45 ഞാൻ ഇസ്രായേൽ ജനത്തിന്റെ ഇടയിൽ കഴിയും. ഞാൻ അവരുടെ ദൈവമായിരിക്കും.+ 46 അവരുടെ ഇടയിൽ കഴിയാൻവേണ്ടി ഈജിപ്ത് ദേശത്തുനിന്ന് അവരെ വിടുവിച്ച് കൊണ്ടുവന്ന ഞാൻ അവരുടെ ദൈവമായ യഹോവയാണെന്ന് അവർ അറിയും;+ ഞാൻ അവരുടെ ദൈവമായ യഹോവയാണ്.
30 “സുഗന്ധക്കൂട്ടു കത്തിക്കാൻവേണ്ടി നീ ഒരു യാഗപീഠം ഉണ്ടാക്കണം.+ കരുവേലത്തടികൊണ്ട്+ വേണം അത് ഉണ്ടാക്കാൻ. 2 ഒരു മുഴം* നീളവും ഒരു മുഴം വീതിയും ഉള്ള സമചതുരമായിരിക്കണം അത്. അതിന്റെ ഉയരം രണ്ടു മുഴമായിരിക്കണം. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെയുള്ളതായിരിക്കണം.+ 3 അതിന്റെ ഉപരിതലം, ചുറ്റോടുചുറ്റും അതിന്റെ വശങ്ങൾ, അതിന്റെ കൊമ്പുകൾ എന്നിവയെല്ലാം തനിത്തങ്കംകൊണ്ട് പൊതിയണം. അതിനു ചുറ്റും സ്വർണ്ണംകൊണ്ടുള്ള ഒരു വക്കും* ഉണ്ടാക്കണം. 4 യാഗപീഠം ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ ഇടാനായി അതിന്റെ വക്കിനു കീഴെ രണ്ട് എതിർവശങ്ങളിലായി സ്വർണംകൊണ്ടുള്ള രണ്ടു വളയങ്ങളും ഉണ്ടാക്കണം. 5 തണ്ടുകൾ കരുവേലത്തടികൊണ്ട് ഉണ്ടാക്കി സ്വർണംകൊണ്ട് പൊതിയുക. 6 ഞാൻ നിന്റെ മുന്നിൽ സന്നിഹിതനാകുന്ന സ്ഥലമായ സാക്ഷ്യപ്പെട്ടകത്തിനു മുകളിലുള്ള മൂടിയുടെ മുന്നിലായി,+ അതിന്റെ സമീപത്തുള്ള തിരശ്ശീലയ്ക്കു+ മുന്നിൽ, നീ അതു വെക്കുക.
7 “അഹരോൻ+ ഓരോ പ്രഭാതത്തിലും ദീപങ്ങൾ+ ഒരുക്കുമ്പോൾ ആ യാഗപീഠത്തിൽ സുഗന്ധദ്രവ്യം+ പുകയ്ക്കണം.+ 8 കൂടാതെ അവൻ സന്ധ്യക്കു* ദീപങ്ങൾ തെളിക്കുമ്പോഴും സുഗന്ധക്കൂട്ടു കത്തിക്കണം. നിങ്ങളുടെ എല്ലാ തലമുറകളിലും യഹോവയുടെ മുമ്പാകെ ക്രമമായി ഈ സുഗന്ധക്കൂട്ട് അർപ്പിക്കണം. 9 നിങ്ങൾ അതിൽ ദഹനയാഗമോ ധാന്യയാഗമോ നിഷിദ്ധമായ സുഗന്ധക്കൂട്ടോ അർപ്പിക്കരുത്.+ അതിൽ പാനീയയാഗം ഒഴിക്കുകയുമരുത്. 10 വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകളിൽ പാപപരിഹാരം ചെയ്യണം.+ പാപപരിഹാരത്തിനായുള്ള പാപയാഗത്തിൽനിന്ന് കുറച്ച് രക്തം എടുത്ത് വേണം അവൻ അതിനു പാപപരിഹാരം വരുത്താൻ.+ നിങ്ങളുടെ എല്ലാ തലമുറകളിലും അതു വർഷത്തിലൊരിക്കൽ ചെയ്യണം. അത് യഹോവയ്ക്ക് ഏറ്റവും വിശുദ്ധമാണ്.”
11 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 12 “നീ ഇസ്രായേൽമക്കളെ എണ്ണി ജനസംഖ്യ കണക്കാക്കുമ്പോഴെല്ലാം+ ഓരോരുത്തനും തന്റെ ജീവനുവേണ്ടി ആ കണക്കെടുപ്പിന്റെ സമയത്ത് യഹോവയ്ക്കു മോചനവില നൽകണം. അവരുടെ പേര് രേഖപ്പെടുത്തുമ്പോൾ അവരുടെ മേൽ ബാധയൊന്നും വരാതിരിക്കാനാണ് ഇത്. 13 രേഖയിൽ പേര് വരുന്ന ഓരോ ആളും കൊടുക്കേണ്ടത് ഇതാണ്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് അര ശേക്കെൽ.+ ഒരു ശേക്കെൽ എന്നാൽ ഇരുപതു ഗേര.* അര ശേക്കെലാണ് യഹോവയ്ക്കുള്ള സംഭാവന.+ 14 പേര് രേഖപ്പെടുത്തിയ, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരും യഹോവയ്ക്കുള്ള സംഭാവന കൊടുക്കണം.+ 15 നിങ്ങളുടെ ജീവനു പാപപരിഹാരം വരുത്താൻ യഹോവയ്ക്കു സംഭാവന കൊടുക്കുമ്പോൾ അര ശേക്കെൽ* മാത്രം കൊടുക്കുക. സമ്പന്നർ കൂടുതലോ ദരിദ്രർ കുറവോ കൊടുക്കേണ്ടതില്ല. 16 നീ ഇസ്രായേല്യരിൽനിന്ന് പാപപരിഹാരത്തിനുള്ള ആ വെള്ളിപ്പണം വാങ്ങി സാന്നിധ്യകൂടാരത്തിലെ സേവനങ്ങൾക്കുവേണ്ടി കൊടുക്കുക. നിങ്ങളുടെ ജീവനു പാപപരിഹാരം വരുത്താൻ ഇത് ഇസ്രായേല്യർക്കുവേണ്ടി യഹോവയുടെ മുന്നിൽ ഒരു സ്മാരകമായി ഉതകട്ടെ.”
17 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 18 “കഴുകുന്നതിനുവേണ്ടിയുള്ള ഒരു പാത്രവും അതു വെക്കാനുള്ള താങ്ങും ചെമ്പുകൊണ്ട് ഉണ്ടാക്കുക.+ അതു സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട് അതിൽ വെള്ളം ഒഴിക്കുക.+ 19 അഹരോനും പുത്രന്മാരും അവിടെ കൈകാലുകൾ കഴുകണം.+ 20 അവർ സാന്നിധ്യകൂടാരത്തിൽ കടക്കുമ്പോഴോ പുക ഉയരുംവിധം യഹോവയ്ക്ക് അഗ്നിയിൽ യാഗങ്ങൾ അർപ്പിച്ച് ശുശ്രൂഷ ചെയ്യാൻ യാഗപീഠത്തെ സമീപിക്കുമ്പോഴോ മരിക്കാതിരിക്കേണ്ടതിനു വെള്ളത്തിൽ കഴുകണം. 21 മരിക്കാതിരിക്കാൻ അവർ കൈകാലുകൾ കഴുകണം. ഇത് അവനും അവന്റെ സന്തതികൾക്കും തലമുറതോറും സ്ഥിരമായ ഒരു ചട്ടമായിരിക്കും.”+
22 യഹോവ മോശയോടു തുടർന്ന് പറഞ്ഞു: 23 “അടുത്തതായി ഈ വിശിഷ്ടപരിമളദ്രവ്യങ്ങൾ എടുക്കുക: ഉറഞ്ഞ് കട്ടിയായ 500 ശേക്കെൽ മീറ, അതിന്റെ പകുതി അളവ്, അതായത് 250 ശേക്കെൽ, വാസനയുള്ള കറുവാപ്പട്ട, 250 ശേക്കെൽ സുഗന്ധമുള്ള വയമ്പ്, 24 500 ശേക്കെൽ ഇലവങ്ങം. വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച്+ വേണം അവ എടുക്കാൻ. ഒപ്പം ഒരു ഹീൻ* ഒലിവെണ്ണയും എടുക്കുക. 25 അവകൊണ്ട് വിശുദ്ധമായൊരു അഭിഷേകതൈലം ഉണ്ടാക്കണം. അതു വിദഗ്ധമായി സംയോജിപ്പിച്ചെടുത്തതായിരിക്കണം.*+ വിശുദ്ധമായൊരു അഭിഷേകതൈലമായിരിക്കും അത്.
26 “അത് ഉപയോഗിച്ച് നീ സാന്നിധ്യകൂടാരവും സാക്ഷ്യപ്പെട്ടകവും അഭിഷേകം ചെയ്യണം.+ 27 ഒപ്പം, മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും, തണ്ടുവിളക്കും അതിന്റെ ഉപകരണങ്ങളും, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠവും, 28 ദഹനയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്യണം. 29 അവ ഏറ്റവും വിശുദ്ധമാകാൻ നീ അവ വിശുദ്ധീകരിക്കണം.+ അവയിൽ തൊടുന്നയാൾ വിശുദ്ധനായിരിക്കണം.+ 30 അഹരോനും പുത്രന്മാരും+ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു നീ അവരെ അഭിഷേകം ചെയ്ത് വിശുദ്ധീകരിക്കണം.+
31 “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം: ‘നിങ്ങളുടെ വരുംതലമുറകളിലും ഇത് എനിക്കുവേണ്ടിയുള്ള വിശുദ്ധമായ ഒരു അഭിഷേകതൈലമായിരിക്കും.+ 32 സാധാരണമനുഷ്യരുടെ ദേഹത്ത് അതു പുരട്ടരുത്. ഈ ചേരുവകൾ ഉപയോഗിച്ച് ഇതുപോലുള്ള ഒന്നും നിങ്ങൾ ഉണ്ടാക്കരുത്. അതു വിശുദ്ധമാണ്. അതു നിങ്ങൾക്ക് എന്നും വിശുദ്ധമായ ഒന്നായിരിക്കണം. 33 ആരെങ്കിലും അതുപോലുള്ള ഒരു ലേപം ഉണ്ടാക്കുകയോ അത് അർഹതയില്ലാത്ത ഒരാളുടെ* മേൽ പുരട്ടുകയോ ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.’”+
34 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “സുഗന്ധക്കറ, ഒനീഖാ, വാസന വരുത്തിയ ഗൽബാനപ്പശ, ശുദ്ധമായ കുന്തിരിക്കം എന്നീ പരിമളദ്രവ്യങ്ങൾ+ ഒരേ അളവിൽ എടുത്ത് 35 അവകൊണ്ട് സുഗന്ധക്കൂട്ട്+ ഉണ്ടാക്കുക. ഈ സുഗന്ധവ്യഞ്ജനക്കൂട്ടു നിപുണതയോടെ സംയോജിപ്പിച്ച് ഉപ്പു ചേർത്ത്+ ഉണ്ടാക്കിയതായിരിക്കണം. അതു നിർമലവും വിശുദ്ധവും ആയിരിക്കണം. 36 അതിൽ കുറച്ച് എടുത്ത് ഇടിച്ച് നേർത്ത പൊടിയാക്കണം. എന്നിട്ട് അതിൽനിന്ന് അൽപ്പം എടുത്ത് ഞാൻ നിന്റെ മുന്നിൽ സന്നിഹിതനാകാനുള്ള സാന്നിധ്യകൂടാരത്തിലെ ‘സാക്ഷ്യ’ത്തിനു മുമ്പിൽ വെക്കുക. അതു നിങ്ങൾക്ക് ഏറ്റവും വിശുദ്ധമായിരിക്കണം. 37 ഇതിന്റെ ചേരുവകൾ അതേ കണക്കിൽ ചേർത്ത് സ്വന്തം ഉപയോഗത്തിനുവേണ്ടി നിങ്ങൾ സുഗന്ധക്കൂട്ട് ഉണ്ടാക്കരുത്.+ അത് യഹോവയ്ക്കു വിശുദ്ധമായ ഒന്നായി കരുതണം. 38 സൗരഭ്യം ആസ്വദിക്കാൻ ആരെങ്കിലും അതുപോലൊന്ന് ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.”
31 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “ഇതാ, യഹൂദാഗോത്രത്തിലെ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേലിനെ+ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു.*+ 3 ഞാൻ അവനിൽ ദൈവാത്മാവ് നിറച്ച് എല്ലാ തരം ശില്പവിദ്യയെക്കുറിച്ചുമുള്ള അറിവും ജ്ഞാനവും ഗ്രാഹ്യവും കൊടുക്കും. 4 അങ്ങനെ ഞാൻ അവനെ കലാഭംഗിയുള്ള വസ്തുക്കൾക്കു രൂപം നൽകാനും സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ട് പണിയാനും 5 രത്നക്കല്ലുകൾ ചെത്തിയെടുത്ത് പതിപ്പിക്കാനും+ തടികൊണ്ടുള്ള എല്ലാ തരം ഉരുപ്പടികളും ഉണ്ടാക്കാനും+ പ്രാപ്തനാക്കും. 6 കൂടാതെ അവനെ സഹായിക്കാൻ ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബിനെയും+ ഞാൻ നിയമിച്ചിരിക്കുന്നു. നിപുണരായ* എല്ലാവരുടെ ഹൃദയങ്ങളിലും ഞാൻ ജ്ഞാനം നൽകുന്നു. അങ്ങനെ, ഞാൻ നിന്നോടു കല്പിച്ചതെല്ലാം അവർ ഉണ്ടാക്കട്ടെ.+ 7 അതിൽ സാന്നിധ്യകൂടാരം,+ സാക്ഷ്യപ്പെട്ടകവും+ അതിന്മേലുള്ള മൂടിയും,+ കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും, 8 മേശയും+ അതിന്റെ ഉപകരണങ്ങളും, തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും,+ സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം,+ 9 ദഹനയാഗത്തിനുള്ള യാഗപീഠവും+ അതിന്റെ എല്ലാ ഉപകരണങ്ങളും, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും,+ 10 നെയ്തെടുത്ത മേത്തരം വസ്ത്രങ്ങൾ, പുരോഹിതനായ അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങൾ, പുരോഹിതശുശ്രൂഷ ചെയ്യാൻ അവന്റെ പുത്രന്മാർക്കുള്ള വസ്ത്രങ്ങൾ,+ 11 അഭിഷേകതൈലം, വിശുദ്ധമന്ദിരത്തിനുവേണ്ടിയുള്ള സുഗന്ധദ്രവ്യം+ എന്നിവയെല്ലാം ഉൾപ്പെടും. ഞാൻ നിന്നോടു കല്പിച്ചതെല്ലാം അവർ ചെയ്യട്ടെ.”
12 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 13 “നീ ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ എന്റെ ശബത്തുകൾ നിശ്ചയമായും ആചരിക്കണം.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്നെന്നു നിങ്ങൾ അറിയാൻ ഇതു നിങ്ങളുടെ തലമുറകളിലുടനീളം എനിക്കും നിങ്ങൾക്കും ഇടയിൽ ഒരു അടയാളമാണ്. 14 നിങ്ങൾ ശബത്ത് ആചരിക്കണം. കാരണം ഇതു നിങ്ങൾക്കു വിശുദ്ധമാണ്.+ ശബത്തുനിയമം ലംഘിക്കുന്നവരെയെല്ലാം കൊന്നുകളയണം. ശബത്തിൽ ആരെങ്കിലും എന്തെങ്കിലും ജോലി ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.+ 15 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്.+ അത് യഹോവയ്ക്കു വിശുദ്ധമാണ്. ആരെങ്കിലും ശബത്തുദിവസം ജോലി ചെയ്താൽ അവനെ കൊന്നുകളയണം. 16 ഇസ്രായേല്യർ ശബത്താചരണം മുടക്കരുത്. അവരുടെ എല്ലാ തലമുറകളിലും അവർ ശബത്ത് ആചരിക്കണം. ഇതു ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയാണ്. 17 ഇത് എനിക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ ദീർഘകാലത്തേക്കുള്ള ഒരു അടയാളമാണ്.+ കാരണം ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും ഉണ്ടാക്കി. ഏഴാം ദിവസമോ ദൈവം ആത്മസംതൃപ്തിയോടെ വിശ്രമിച്ചു.’”+
18 സീനായ് പർവതത്തിൽവെച്ച് മോശയോടു സംസാരിച്ചുതീർന്ന ഉടൻ ദൈവം മോശയ്ക്കു ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക കൊടുത്തു.+ അതു ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായിരുന്നു.+
32 മോശ പർവതത്തിൽനിന്ന് ഇറങ്ങിവരാൻ+ വളരെ വൈകുന്നെന്നു കണ്ടിട്ട് ജനം അഹരോനു ചുറ്റും കൂടി. അവർ പറഞ്ഞു: “വന്ന്, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക.+ ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്ക്ക് എന്തു പറ്റിയെന്ന് ആർക്ക് അറിയാം.” 2 അപ്പോൾ അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും കാതിലെ സ്വർണക്കമ്മലുകൾ+ ഊരിയെടുത്ത് എന്റെ അടുത്ത് കൊണ്ടുവരുക.” 3 അങ്ങനെ ജനമെല്ലാം അവരുടെ കാതിലെ സ്വർണക്കമ്മലുകൾ ഊരി അഹരോന്റെ അടുത്ത് കൊണ്ടുവന്നു. 4 അഹരോൻ ആ സ്വർണംകൊണ്ട് ഒരു കാളക്കുട്ടിയുടെ പ്രതിമ* കൊത്തുളി ഉപയോഗിച്ച് രൂപപ്പെടുത്തി.+ അപ്പോൾ അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഇസ്രായേലേ, ഇതാണു നിന്റെ ദൈവം, ഈജിപ്ത് ദേശത്തുനിന്ന് നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം.”+
5 ഇതു കണ്ടപ്പോൾ അഹരോൻ അതിനു മുന്നിൽ ഒരു യാഗപീഠം പണിതു. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവമുണ്ട്.” 6 അതുകൊണ്ട് അവർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു. പിന്നെ ജനം ഇരുന്ന് തിന്നുകുടിച്ചു. എന്നിട്ട് എഴുന്നേറ്റ് ആഘോഷിക്കാൻ തുടങ്ങി.+
7 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഇറങ്ങിച്ചെല്ലൂ. ഈജിപ്ത് ദേശത്തുനിന്ന് നീ നയിച്ചുകൊണ്ടുവന്ന നിന്റെ ജനം വഷളായിപ്പോയി.+ 8 ഞാൻ അവരോടു കല്പിച്ച പാതയിൽനിന്ന് അവർ എത്ര പെട്ടെന്നാണു മാറിപ്പോയത്!+ അവർ ഒരു കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി, ‘ഇസ്രായേലേ, ഇതാണു നിന്റെ ദൈവം; ഈജിപ്ത് ദേശത്തുനിന്ന് നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം’ എന്നു പറഞ്ഞ് അതിനു മുന്നിൽ കുമ്പിടുകയും അതിനു ബലികൾ അർപ്പിക്കുകയും ചെയ്യുന്നു.” 9 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “ഇവർ ദുശ്ശാഠ്യമുള്ള* ജനമാണെന്ന്+ എനിക്കു മനസ്സിലായി. 10 അതുകൊണ്ട് എന്റെ കോപാഗ്നിയിൽ ഞാൻ ഇപ്പോൾ ഇവരെ തുടച്ചുനീക്കും. എന്നെ തടയരുത്! എന്നിട്ട് നിന്നിൽനിന്ന് ഞാൻ ഒരു മഹാജനതയെ ഉളവാക്കട്ടെ.”+
11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ് ഈജിപ്ത് ദേശത്തുനിന്ന് അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്?+ 12 ‘ദുരുദ്ദേശ്യത്തോടെയാണ് അവൻ അവരെ കൊണ്ടുപോയത്. അവരെ പർവതങ്ങളിൽവെച്ച് കൊന്ന് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനായിരുന്നു അവന്റെ പദ്ധതി’ എന്നു വെറുതേ എന്തിന് ഈജിപ്തുകാരെക്കൊണ്ട് പറയിക്കണം?+ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കരുതേ! സ്വന്തം ജനത്തിന്മേൽ ഇങ്ങനെയൊരു ആപത്തു കൊണ്ടുവരാനുള്ള ആ തീരുമാനത്തെക്കുറിച്ച് ഒന്നുകൂടി ആലോചിക്കേണമേ.* 13 അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കേണമേ. അങ്ങയെക്കൊണ്ടുതന്നെ സത്യം ചെയ്ത് അങ്ങ് അവരോട്, ‘ഞാൻ നിങ്ങളുടെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കുകയും+ ഞാൻ കാണിച്ചുതന്ന ഈ ദേശം മുഴുവനും നിങ്ങളുടെ സന്തതി* സ്വന്തമാക്കാൻ അതു സ്ഥിരാവകാശമായി+ അവർക്കു കൊടുക്കുകയും ചെയ്യും’ എന്നു പറഞ്ഞതാണല്ലോ.”
14 ഇതു കേട്ടപ്പോൾ, തന്റെ ജനത്തിന്മേൽ വരുത്തുമെന്നു പറഞ്ഞ ആപത്തിനെക്കുറിച്ച് യഹോവ വീണ്ടും ചിന്തിച്ചു.*+
15 മോശയോ തിരിഞ്ഞ് ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലകകളും+ കൈയിൽ പിടിച്ച് പർവതത്തിൽനിന്ന് ഇറങ്ങി.+ അവയുടെ മുന്നിലും പിന്നിലും ആയി ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു. 16 പലകകൾ ദൈവത്തിന്റെ പണിയും അവയിൽ കൊത്തിയതായി കണ്ടതു ദൈവത്തിന്റെ കൈയെഴുത്തും ആയിരുന്നു.+ 17 ജനത്തിന്റെ ആരവം കേട്ടുതുടങ്ങിയപ്പോൾ യോശുവ മോശയോട്, “പാളയത്തിൽ പോരാട്ടത്തിന്റെ ശബ്ദം” എന്നു പറഞ്ഞു. 18 പക്ഷേ മോശ പറഞ്ഞു:
“അത് ഒരു വിജയഗീതമല്ല,
തോൽവിയെ ചൊല്ലിയുള്ള വിലാപഗീതവുമല്ല;
ഞാൻ കേൾക്കുന്നതു മറ്റൊരുതരം ഗാനാലാപനത്തിന്റെ ശബ്ദമാണ്.”
19 മോശ പാളയത്തിന് അടുത്ത് എത്തിയപ്പോൾ കാളക്കുട്ടിയെയും+ അവിടെ നൃത്തം ചെയ്യുന്നവരെയും കണ്ടു. മോശയ്ക്കു വല്ലാതെ ദേഷ്യം വന്നു. കൈകളിലുണ്ടായിരുന്ന പലകകൾ മോശ പർവതത്തിന്റെ അടിവാരത്തിൽ എറിഞ്ഞ് ഉടച്ചുകളഞ്ഞു.+ 20 പിന്നെ മോശ അവർ ഉണ്ടാക്കിയ കാളക്കുട്ടിയെ എടുത്ത് കത്തിച്ചു.+ എന്നിട്ട്, അത് ഇടിച്ചുപൊടിച്ച് വെള്ളത്തിൽ വിതറി+ ഇസ്രായേല്യരെ കുടിപ്പിച്ചു. 21 മോശ അഹരോനോട്, “നീ ഈ ജനത്തിന്മേൽ ഇത്ര വലിയൊരു പാപം വരുത്തിവെക്കാൻ അവർ നിന്നോട് എന്താണു ചെയ്തത്” എന്നു ചോദിച്ചു. 22 അപ്പോൾ അഹരോൻ പറഞ്ഞു: “യജമാനനേ, ദേഷ്യപ്പെടരുതേ. ഈ ജനം തിന്മ ചെയ്യാൻ ചായ്വുള്ളവരാണെന്ന്+ അങ്ങയ്ക്കു നന്നായി അറിയാമല്ലോ. 23 അവർ എന്നോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക. ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്ക്ക് എന്തു പറ്റിയെന്ന് ആർക്ക് അറിയാം.’+ 24 അപ്പോൾ ഞാൻ അവരോട്, ‘സ്വർണം കൈവശമുള്ളവർ അത് ഊരിത്തരുക’ എന്നു പറഞ്ഞു. ഞാൻ അതു തീയിലിട്ടു; ഈ കാളക്കുട്ടി പുറത്ത് വരുകയും ചെയ്തു.”
25 അഹരോൻ ജനത്തെ തോന്നിയവാസം കാണിക്കാൻ വിട്ടതുകൊണ്ട് അവർ തന്നിഷ്ടപ്രകാരം നടന്ന് എതിരാളികളുടെ മുമ്പാകെ നിന്ദിതരായിരിക്കുന്നെന്നു മോശ കണ്ടു. 26 പിന്നെ മോശ പാളയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ആരാണ് യഹോവയുടെ പക്ഷത്തുള്ളത്? അവർ എന്റെ അടുത്ത് വരട്ടെ!”+ അപ്പോൾ ലേവ്യരെല്ലാം മോശയ്ക്കു ചുറ്റും ഒന്നിച്ചുകൂടി. 27 മോശ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘നിങ്ങൾ ഓരോരുത്തരും വാൾ അരയ്ക്കു കെട്ടി കവാടങ്ങൾതോറും പോയി പാളയത്തിൽ എല്ലായിടത്തുമുള്ള നിങ്ങളുടെ സഹോദരനെയും അയൽക്കാരനെയും ഉറ്റസ്നേഹിതനെയും കൊല്ലുക.’”+ 28 മോശ പറഞ്ഞതുപോലെ ലേവ്യർ ചെയ്തു. അങ്ങനെ ആ ദിവസം ഏകദേശം 3,000 പുരുഷന്മാർ കൊല്ലപ്പെട്ടു. 29 പിന്നെ മോശ പറഞ്ഞു: “ഇന്ന് യഹോവയ്ക്കായി നിങ്ങളെത്തന്നെ വേർതിരിക്കുക. കാരണം നിങ്ങൾ ഓരോരുത്തരും, സ്വന്തം പുത്രനും സ്വന്തം സഹോദരനും എതിരെ ചെന്നിരിക്കുന്നു.+ ഇന്നു ദൈവം നിങ്ങൾക്ക് ഒരു അനുഗ്രഹം തരും.”+
30 പിറ്റേന്നുതന്നെ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു. നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തം+ ചെയ്യാൻ എനിക്കാകുമോ എന്നു നോക്കാൻ ഞാൻ ഇപ്പോൾ യഹോവയുടെ അടുത്തേക്കു കയറിച്ചെല്ലട്ടെ.” 31 അങ്ങനെ മോശ യഹോവയുടെ അടുത്ത് മടങ്ങിച്ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈ ജനം മഹാപാപം ചെയ്തിരിക്കുന്നു! അവർ സ്വർണംകൊണ്ട് ഒരു ദൈവത്തെ ഉണ്ടാക്കി!+ 32 എന്നാൽ തിരുഹിതമെങ്കിൽ ഇപ്പോൾ അവരുടെ പാപം പൊറുക്കേണമേ.+ അല്ലാത്തപക്ഷം, അങ്ങ് എഴുതിയ അങ്ങയുടെ പുസ്തകത്തിൽനിന്ന് എന്റെ പേര് ദയവായി മായ്ച്ചുകളഞ്ഞാലും.”+ 33 പക്ഷേ യഹോവ മോശയോടു പറഞ്ഞു: “ആരാണോ എനിക്ക് എതിരെ പാപം ചെയ്തത് അവന്റെ പേര് എന്റെ പുസ്തകത്തിൽനിന്ന് ഞാൻ മായ്ച്ചുകളയും. 34 ഇപ്പോൾ നീ പോയി ഞാൻ നിന്നോടു പറഞ്ഞ സ്ഥലത്തേക്കു ജനത്തെ നയിക്കുക. ഇതാ! എന്റെ ദൂതൻ നിനക്കു മുമ്പേ പോകുന്നു.+ ഞാൻ കണക്കു ചോദിക്കുന്ന ദിവസം അവരുടെ പാപം കാരണം ഞാൻ അവരെ ശിക്ഷിക്കും.” 35 ജനം കാളക്കുട്ടിയെ ഉണ്ടാക്കിയതു കാരണം—അതായത് അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടി നിമിത്തം—യഹോവ അവരെ കഷ്ടപ്പെടുത്തി.
33 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “ഈജിപ്ത് ദേശത്തുനിന്ന് നീ നയിച്ചുകൊണ്ടുവന്ന ജനത്തെയും കൂട്ടി ഇവിടെനിന്ന് പുറപ്പെടുക. ‘നിന്റെ സന്തതിക്കു* കൊടുക്കും’+ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ സത്യം ചെയ്ത ദേശത്തേക്കു യാത്രയാകുക. 2 ഞാൻ നിങ്ങൾക്കു മുമ്പേ ഒരു ദൈവദൂതനെ അയയ്ക്കും.+ കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യബൂസ്യരെയും ഞാൻ ഓടിച്ചുകളയും.+ 3 പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു പോകുക.+ എന്നാൽ നിങ്ങൾ ദുശ്ശാഠ്യമുള്ള* ഒരു ജനമായതുകൊണ്ട്+ യാത്രയിൽ ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല. ഒരുപക്ഷേ വഴിയിൽവെച്ച് ഞാൻ നിങ്ങളെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞാലോ?”+
4 ഈ കഠിനവാക്കുകൾ കേട്ട് ജനം വിലപിച്ചുതുടങ്ങി; അവർ ആരും ആഭരണങ്ങൾ അണിഞ്ഞതുമില്ല. 5 യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ ദുശ്ശാഠ്യമുള്ള ഒരു ജനമാണ്.+ നിങ്ങളുടെ നടുവിലൂടെ കടന്നുപോയി നിങ്ങളെ നിശ്ശേഷം നശിപ്പിക്കാൻ എനിക്ക് ഒറ്റ നിമിഷം മതി.+ ഇപ്പോൾ നിങ്ങളോട് എന്തു ചെയ്യണമെന്നു ഞാൻ ഒന്ന് ആലോചിക്കട്ടെ. അതുവരെ നിങ്ങൾ നിങ്ങളുടെ ആഭരണങ്ങൾ അണിയരുത്.’” 6 അതുകൊണ്ട് ഹോരേബ് പർവതംമുതൽ ഇസ്രായേല്യർ ആഭരണങ്ങൾ അണിഞ്ഞില്ല.*
7 മോശ തന്റെ കൂടാരം പാളയത്തിനു വെളിയിൽ, പാളയത്തിൽനിന്ന് കുറച്ച് അകലെ കൊണ്ടുപോയി സ്ഥാപിച്ചു. മോശ അതിനെ സാന്നിധ്യകൂടാരം എന്നു വിളിച്ചു. യഹോവയുടെ ഉപദേശം തേടാൻ ആഗ്രഹിക്കുന്ന എല്ലാവരും+ പാളയത്തിനു വെളിയിലുള്ള ഈ സാന്നിധ്യകൂടാരത്തിൽ ചെല്ലണമായിരുന്നു. 8 മോശ വെളിയിലുള്ള ആ കൂടാരത്തിലേക്കു പോകുന്ന ഉടനെ ജനമെല്ലാം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് മോശ കൂടാരത്തിനുള്ളിൽ പ്രവേശിക്കുന്നതുവരെ കണ്ണെടുക്കാതെ മോശയെത്തന്നെ നോക്കുമായിരുന്നു. 9 മോശ കൂടാരത്തിനുള്ളിൽ കടന്നാൽ ഉടൻ മേഘസ്തംഭം+ താഴേക്കു വന്ന് കൂടാരവാതിൽക്കൽ നിൽക്കും. ദൈവം മോശയോടു സംസാരിക്കുന്ന സമയമത്രയും അത് അവിടെയുണ്ടായിരിക്കും.+ 10 കൂടാരവാതിൽക്കൽ മേഘസ്തംഭം നിൽക്കുന്നതു ജനമെല്ലാം കാണുമ്പോൾ അവർ എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്ന് കുമ്പിടും. 11 മനുഷ്യർ തമ്മിൽത്തമ്മിൽ സംസാരിക്കുന്നതുപോലെ യഹോവ മോശയോടു മുഖാമുഖം സംസാരിച്ചു.+ മോശ തിരികെ പാളയത്തിലേക്കു പോകുമ്പോൾ പരിചാരകനായി മോശയ്ക്കു ശുശ്രൂഷ ചെയ്യുന്ന,+ നൂന്റെ മകൻ യോശുവ+ ആ കൂടാരം വിട്ട് പോകാതെ അവിടെത്തന്നെ കാണുമായിരുന്നു.
12 മോശ യഹോവയോടു പറഞ്ഞു: “ഇതാ, ‘ഈ ജനത്തെ നയിക്കുക’ എന്ന് അങ്ങ് എന്നോടു പറയുന്നു. എന്നാൽ, ആരെയാണ് എന്നോടൊപ്പം അയയ്ക്കുന്നതെന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘എനിക്കു നിന്നെ അടുത്ത് അറിയാം,* എനിക്കു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു’ എന്നൊക്കെ അങ്ങ് എന്നോടു പറഞ്ഞിട്ടുണ്ടല്ലോ. 13 അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ ദയവായി അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ.+ എങ്കിൽ എനിക്ക് അങ്ങയെ അറിഞ്ഞ് തുടർന്നും അങ്ങയുടെ പ്രീതിപാത്രമായി കഴിയാൻ പറ്റുമല്ലോ. ഈ ജനത അങ്ങയുടെ ജനമാണെന്ന+ കാര്യവും ഓർക്കേണമേ.” 14 അപ്പോൾ ദൈവം പറഞ്ഞു: “ഈ ഞാൻതന്നെ നിന്നോടൊപ്പം പോരും.+ ഞാൻ നിനക്കു സ്വസ്ഥത തരും.”+ 15 അപ്പോൾ മോശ ദൈവത്തോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടൊപ്പം പോരുന്നില്ലെങ്കിൽ ഞങ്ങളെ ഇവിടെനിന്ന് പറഞ്ഞയയ്ക്കരുതേ. 16 അങ്ങയ്ക്ക് എന്നോടും അങ്ങയുടെ ജനത്തോടും പ്രീതി തോന്നിയിരിക്കുന്നെന്നു ഞങ്ങൾ എങ്ങനെ അറിയും? അങ്ങ് ഞങ്ങളുടെകൂടെ പോന്നാലല്ലേ+ അത് അറിയാൻ പറ്റൂ. അങ്ങ് പോന്നാൽ, അത് എന്നെയും അങ്ങയുടെ ജനത്തെയും ഭൂമുഖത്തുള്ള മറ്റെല്ലാ ജനങ്ങളിൽനിന്നും വ്യത്യസ്തരാക്കുമല്ലോ.”+
17 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “നീ അപേക്ഷിക്കുന്ന ഇക്കാര്യവും ഞാൻ ചെയ്യും. കാരണം എനിക്കു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു. ഞാൻ നിന്നെ അടുത്ത് അറിയുകയും ചെയ്തിരിക്കുന്നു.” 18 അപ്പോൾ മോശ പറഞ്ഞു: “ദയവായി അങ്ങയുടെ തേജസ്സ് എന്നെ കാണിക്കേണമേ.” 19 പക്ഷേ ദൈവം പറഞ്ഞു: “എന്റെ നന്മ മുഴുവനും നിന്റെ മുന്നിലൂടെ കടന്നുപോകാൻ ഞാൻ ഇടയാക്കും. യഹോവ എന്ന പേര്+ നിന്റെ മുന്നിൽ ഞാൻ പ്രഖ്യാപിക്കും. എനിക്കു പ്രീതി കാണിക്കണമെന്നുള്ളവനോടു ഞാൻ പ്രീതി കാണിക്കും. എനിക്കു കരുണ കാണിക്കണമെന്നുള്ളവനോടു ഞാൻ കരുണ കാണിക്കും.”+ 20 എന്നാൽ ദൈവം ഇതുംകൂടെ പറഞ്ഞു: “നിനക്ക് എന്റെ മുഖം കാണാൻ സാധിക്കില്ല. കാരണം എന്നെ കണ്ടിട്ട് ഒരു മനുഷ്യനും ജീവനോടിരിക്കില്ല.”
21 യഹോവ ഇങ്ങനെയും പറഞ്ഞു: “ഇതാ! എന്റെ അടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ ആ പാറയുടെ മുകളിൽ നീ നിൽക്കണം. 22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ ഒരു വിള്ളലിലാക്കി ഞാൻ കടന്നുപോയിക്കഴിയുന്നതുവരെ എന്റെ കൈകൊണ്ട് നിന്നെ മറയ്ക്കും. 23 അതിനു ശേഷം ഞാൻ എന്റെ കൈ മാറ്റും. അപ്പോൾ നീ എന്റെ പിൻഭാഗം കാണും. പക്ഷേ നിനക്ക് എന്റെ മുഖം കാണാൻ പറ്റില്ല.”+
34 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ നീ വെട്ടിയുണ്ടാക്കുക.+ നീ എറിഞ്ഞുടച്ച+ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകൾ ഞാൻ ആ പലകകളിൽ എഴുതും.+ 2 അതുകൊണ്ട് രാവിലെത്തേക്കായി ഒരുങ്ങുക. കാരണം നിനക്കു രാവിലെ സീനായ് പർവതത്തിലേക്കു കയറിപ്പോയി അവിടെ പർവതമുകളിൽ+ എന്റെ മുമ്പാകെ നിൽക്കാനുള്ളതാണ്. 3 എന്നാൽ ആരും നിന്നോടുകൂടെ മുകളിലേക്കു കയറിപ്പോകരുത്. പർവതത്തിൽ എങ്ങും മറ്റാരെയും കാണുകയുമരുത്. ആ പർവതത്തിനു മുന്നിൽ ആടുമാടുകൾ മേഞ്ഞുനടക്കുകയുമരുത്.”+
4 യഹോവ കല്പിച്ചതുപോലെതന്നെ മോശ ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ വെട്ടിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് സീനായ് പർവതത്തിലേക്കു കയറിച്ചെന്നു. ആ രണ്ടു കൽപ്പലകകളും മോശ കൈയിൽ എടുത്തു. 5 യഹോവ മേഘത്തിൽ താഴേക്കു വന്ന്+ മോശയോടൊപ്പം അവിടെ നിന്നു. അതിനു ശേഷം, യഹോവ തന്റെ പേര് പ്രഖ്യാപിച്ചു.+ 6 മോശയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ യഹോവ പ്രഖ്യാപിച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹവും+ സത്യവും*+ നിറഞ്ഞവൻ, 7 ആയിരമായിരങ്ങളോട് അചഞ്ചലമായ സ്നേഹം+ കാണിക്കുന്നവൻ, തെറ്റുകളും ലംഘനവും പാപവും പൊറുക്കുന്നവൻ.+ എന്നാൽ കുറ്റക്കാരനെ ഒരു കാരണവശാലും അവൻ ശിക്ഷിക്കാതെ വിടില്ല.+ പിതാക്കന്മാരുടെ അകൃത്യത്തിനുള്ള ശിക്ഷ അവൻ മക്കളുടെ മേലും മക്കളുടെ മക്കളുടെ മേലും വരുത്തും. മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം അവൻ അവരെ ശിക്ഷിക്കും.”+
8 മോശ തിടുക്കത്തിൽ നിലംമുട്ടെ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു. 9 എന്നിട്ട് പറഞ്ഞു: “യഹോവേ, ഇപ്പോൾ അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, ഞങ്ങൾ ദുശ്ശാഠ്യമുള്ള+ ഒരു ജനമാണെങ്കിലും ഞങ്ങൾ പോകുമ്പോൾ യഹോവേ, അങ്ങ് ദയവായി ഞങ്ങളുടെ ഇടയിലുണ്ടായിരിക്കേണമേ.+ ഞങ്ങളുടെ തെറ്റുകളും പാപവും ക്ഷമിച്ച്+ അങ്ങയുടെ സ്വന്തം സ്വത്തായി ഞങ്ങളെ സ്വീകരിക്കേണമേ.” 10 അപ്പോൾ ദൈവം പറഞ്ഞു: “ഇതാ! ഞാൻ ഒരു ഉടമ്പടി ചെയ്യുന്നു: ഭൂമിയിലൊരിടത്തും ഒരു ജനതയുടെ ഇടയിലും ഒരിക്കൽപ്പോലും ചെയ്തിട്ടില്ലാത്ത അത്ഭുതകാര്യങ്ങൾ നിന്റെ ജനം മുഴുവൻ കാൺകെ ഞാൻ ചെയ്യും.+ ആരുടെ ഇടയിലാണോ നിങ്ങൾ താമസിക്കുന്നത് ആ ജനമെല്ലാം യഹോവയുടെ പ്രവൃത്തി കാണും. ഭയാദരവ് ഉണർത്തുന്ന ഒരു കാര്യമായിരിക്കും ഞാൻ നിങ്ങളോടു ചെയ്യുന്നത്.+
11 “ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങൾക്കു ചെവി കൊടുക്കുക.+ ഇതാ! ഞാൻ നിങ്ങളുടെ മുന്നിൽനിന്ന് അമോര്യരെയും കനാന്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യബൂസ്യരെയും ഓടിച്ചുകളയുന്നു.+ 12 നിങ്ങൾ ചെല്ലുന്ന ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.+ അല്ലെങ്കിൽ, അതു നിങ്ങളുടെ ഇടയിലുള്ള ഒരു കെണിയായിത്തീർന്നേക്കാം.+ 13 നിങ്ങൾ അവരുടെ യാഗപീഠങ്ങൾ നശിപ്പിക്കുകയും അവരുടെ പൂജാസ്തംഭങ്ങൾ തകർക്കുകയും അവരുടെ പൂജാസ്തൂപങ്ങൾ* വെട്ടിക്കളയുകയും വേണം.+ 14 മറ്റൊരു ദൈവത്തിനു മുന്നിൽ നിങ്ങൾ കുമ്പിടാൻ പാടില്ല.+ കാരണം സമ്പൂർണഭക്തി ആഗ്രഹിക്കുന്നവൻ* എന്നൊരു പേരാണ് യഹോവയ്ക്കുള്ളത്. അതെ, ദൈവം സമ്പൂർണഭക്തി ആഗ്രഹിക്കുന്നു.+ 15 ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉടമ്പടി ചെയ്താൽ അവർ അവരുടെ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്ത് അവരുടെ ദൈവങ്ങൾക്കു ബലി അർപ്പിക്കുമ്പോൾ+ അവരിൽ ആരെങ്കിലും നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിയിൽനിന്ന് നിങ്ങൾ ഭക്ഷിക്കാൻ ഇടവരുകയും ചെയ്യും.+ 16 പിന്നെ, നിങ്ങൾ നിങ്ങളുടെ പുത്രന്മാർക്കുവേണ്ടി അവരുടെ പുത്രിമാരെ എടുക്കും.+ അവരുടെ പുത്രിമാർ അവരുടെ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യുമ്പോൾ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടും ആ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യിക്കും.+
17 “ലോഹംകൊണ്ടുള്ള ദൈവങ്ങളെ ഉണ്ടാക്കരുത്.+
18 “നീ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കണം.+ ഞാൻ കല്പിച്ചതുപോലെ, നീ പുളിപ്പില്ലാത്ത അപ്പം കഴിക്കണം. ആബീബ്* മാസത്തിലെ നിശ്ചയിച്ച സമയത്ത് ഏഴു ദിവസത്തേക്ക് അതു ചെയ്യണം.+ കാരണം ആബീബ് മാസത്തിലാണല്ലോ നീ ഈജിപ്ത് ദേശത്തുനിന്ന് പുറത്ത് വന്നത്.
19 “ആദ്യം ജനിക്കുന്ന ആണെല്ലാം എന്റേതാണ്.+ ആദ്യം ജനിക്കുന്ന കാളക്കുട്ടിയും മുട്ടനാടും+ ഉൾപ്പെടെ എല്ലാ മൃഗങ്ങളുടെയും കടിഞ്ഞൂലായ ആണെല്ലാം ഇതിൽപ്പെടും. 20 കഴുതയുടെ കടിഞ്ഞൂലിനെ ഒരു ആടിനെ പകരം കൊടുത്ത് വീണ്ടെടുക്കണം. എന്നാൽ അതിനെ വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിക്കണം. നിന്റെ ആൺമക്കളിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കണം.+ വെറുങ്കൈയോടെ ആരും എന്റെ മുന്നിൽ വരരുത്.
21 “ആറു ദിവസം ജോലി ചെയ്യുക. എന്നാൽ ഏഴാം ദിവസം നീ വിശ്രമിക്കണം.*+ ഉഴവുകാലമായാലും കൊയ്ത്തുകാലമായാലും ഇങ്ങനെ വിശ്രമിക്കണം.
22 “ഗോതമ്പുകൊയ്ത്തിലെ ആദ്യവിളകൊണ്ട് വാരോത്സവം ആഘോഷിക്കണം. വർഷാവസാനം ഫലശേഖരത്തിന്റെ ഉത്സവവും* ആഘോഷിക്കണം.+
23 “വർഷത്തിൽ മൂന്നു പ്രാവശ്യം നിങ്ങളുടെ ഇടയിലെ ആണുങ്ങളെല്ലാം ഇസ്രായേലിന്റെ ദൈവമായ യഹോവ എന്ന സാക്ഷാൽ കർത്താവിന്റെ സന്നിധിയിൽ വരണം.+ 24 ഞാൻ ജനതകളെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ്+ നിന്റെ പ്രദേശം വിസ്തൃതമാക്കും. മാത്രമല്ല വർഷത്തിൽ മൂന്നു പ്രാവശ്യം നീ നിന്റെ ദൈവമായ യഹോവയുടെ മുഖം ദർശിക്കാൻ പോകുമ്പോൾ ആരും നിന്റെ ദേശം മോഹിക്കുകയുമില്ല.
25 “എനിക്കുള്ള ബലിരക്തം പുളിപ്പിച്ച ഒന്നിന്റെയുംകൂടെ അർപ്പിക്കരുത്.+ പെസഹാപ്പെരുന്നാളിൽ ബലി അർപ്പിക്കുന്നതു രാവിലെവരെ വെക്കരുത്.+
26 “നിന്റെ നിലത്ത് ആദ്യം വിളഞ്ഞ ഫലങ്ങളിൽ ഏറ്റവും നല്ലതു നിന്റെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരണം.+
“ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.”+
27 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “ഈ വാക്കുകൾ നീ എഴുതിവെക്കുക.+ കാരണം ഈ വാക്കുകൾക്കു ചേർച്ചയിലാണ് ഞാൻ നിന്നോടും ഇസ്രായേലിനോടും ഉടമ്പടി ചെയ്യുന്നത്.”+ 28 മോശ അവിടെ യഹോവയുടെകൂടെ 40 പകലും 40 രാവും ചെലവഴിച്ചു. മോശ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.+ ദൈവമോ ഉടമ്പടിയുടെ വചനങ്ങൾ, ആ പത്തു കല്പന,* പലകകളിൽ എഴുതി.+
29 പിന്നെ മോശ സീനായ് പർവതത്തിൽനിന്ന് ഇറങ്ങിവന്നു. ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലകകളും കൈയിലുണ്ടായിരുന്നു.+ ദൈവവുമായി സംസാരിച്ചതുകൊണ്ട് മുഖത്തുനിന്ന് പ്രഭാകിരണങ്ങൾ പ്രസരിക്കുന്നുണ്ടെന്നു പർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ മോശ അറിഞ്ഞില്ല. 30 എന്നാൽ അഹരോനും എല്ലാ ഇസ്രായേല്യരും മോശയെ കണ്ടപ്പോൾ, മോശയുടെ മുഖത്തുനിന്ന് പ്രഭാകിരണങ്ങൾ പ്രസരിക്കുന്നതു ശ്രദ്ധിച്ചു.+ അതുകൊണ്ട് മോശയുടെ അടുത്തേക്കു ചെല്ലാൻ അവർക്കു പേടി തോന്നി.
31 എന്നാൽ മോശ അവരെ വിളിച്ചപ്പോൾ അഹരോനും സമൂഹത്തിലെ എല്ലാ തലവന്മാരും മോശയുടെ അടുത്ത് ചെന്നു. മോശ അവരോടു സംസാരിച്ചു. 32 പിന്നെ എല്ലാ ഇസ്രായേല്യരും മോശയുടെ അടുത്ത് ചെന്നു. സീനായ് പർവതത്തിൽവെച്ച് യഹോവ തനിക്കു തന്ന എല്ലാ കല്പനകളും മോശ അവർക്കു കൊടുത്തു.+ 33 അവരോടു സംസാരിച്ചുകഴിയുമ്പോൾ മോശ ഒരു തുണികൊണ്ട് മുഖം മൂടും.+ 34 എന്നാൽ, യഹോവയോടു സംസാരിക്കുന്നതിനായി തിരുസന്നിധിയിലേക്കു കടന്നുചെല്ലുമ്പോൾ ആ തുണി മാറ്റും,+ തിരിച്ച് പുറത്ത് വരുന്നതുവരെ അത് അണിയുകയുമില്ല. തനിക്കു കിട്ടുന്ന കല്പനകൾ, മോശ പുറത്ത് വന്നിട്ട് ഇസ്രായേല്യർക്കു വെളിപ്പെടുത്തും.+ 35 മോശയുടെ മുഖത്തുനിന്ന് പ്രഭാകിരണങ്ങൾ പ്രസരിക്കുന്നത് ഇസ്രായേല്യർ കണ്ടപ്പോൾ മോശ വീണ്ടും തുണികൊണ്ട് മുഖം മൂടി. ദൈവത്തോടു* സംസാരിക്കാൻ വീണ്ടും അകത്ത് ചെല്ലുന്നതുവരെ അതു മാറ്റിയതുമില്ല.+
35 പിന്നീട് മോശ ഇസ്രായേൽസമൂഹത്തെ മുഴുവൻ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “യഹോവ നിങ്ങളോടു ചെയ്യാൻ കല്പിച്ചിരിക്കുന്ന കാര്യങ്ങൾ ഇവയാണ്:+ 2 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായിരിക്കും, യഹോവയ്ക്കുള്ള സമ്പൂർണവിശ്രമത്തിന്റെ ശബത്ത്.+ ആരെങ്കിലും അന്നു ജോലി ചെയ്താൽ അവനെ കൊന്നുകളയും.+ 3 നിങ്ങൾ താമസിക്കുന്ന ഒരു സ്ഥലത്തും ശബത്തുദിവസം തീ കത്തിക്കരുത്.”
4 പിന്നെ മോശ ഇസ്രായേൽസമൂഹത്തിലെ എല്ലാവരോടും പറഞ്ഞു: “യഹോവ കല്പിച്ചിരിക്കുന്നത് ഇതാണ്: 5 ‘നിങ്ങൾ യഹോവയ്ക്കുവേണ്ടി ഒരു സംഭാവന നീക്കിവെക്കണം.+ മനസ്സൊരുക്കമുള്ള+ എല്ലാവരും യഹോവയ്ക്കുള്ള സംഭാവനയായി സ്വർണം, വെള്ളി, ചെമ്പ്, 6 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ, കോലാട്ടുരോമം,+ 7 ചുവപ്പുചായം പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോൽ, കടൽനായ്ത്തോൽ, കരുവേലത്തടി, 8 ദീപങ്ങൾക്കുള്ള എണ്ണ, അഭിഷേകതൈലവും സുഗന്ധദ്രവ്യവും ഉണ്ടാക്കാനുള്ള സുഗന്ധക്കറ,+ 9 ഏഫോദിലും മാർച്ചട്ടയിലും+ പതിപ്പിക്കാനുള്ള നഖവർണിക്കല്ലുകൾ,+ മറ്റു കല്ലുകൾ എന്നിവ കൊണ്ടുവരട്ടെ.
10 “‘നിങ്ങളുടെ ഇടയിലുള്ള നിപുണരായ*+ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കട്ടെ. 11 വിശുദ്ധകൂടാരം അതിന്റെ എല്ലാ ഭാഗങ്ങളും അതിന്റെ ആവരണവും സഹിതം അവർ ഉണ്ടാക്കട്ടെ. അതിന്റെ കൊളുത്തുകളും ചട്ടങ്ങളും കഴകളും തൂണുകളും ചുവടുകളും, 12 പെട്ടകവും+ അതിന്റെ തണ്ടുകളും,+ മൂടിയും+ മറയ്ക്കുന്ന തിരശ്ശീലയും,+ 13 മേശയും+ അതിന്റെ തണ്ടുകളും അതിന്റെ എല്ലാ ഉപകരണങ്ങളും, കാഴ്ചയപ്പവും,+ 14 വെളിച്ചത്തിനുള്ള തണ്ടുവിളക്കും+ അതിന്റെ എല്ലാ ഉപകരണങ്ങളും അതിന്റെ ദീപങ്ങളും അവയ്ക്കുള്ള എണ്ണയും,+ 15 സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠവും+ അതിന്റെ തണ്ടുകളും, അഭിഷേകതൈലവും സുഗന്ധദ്രവ്യവും,+ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിലിടാനുള്ള യവനികയും,* 16 ദഹനയാഗത്തിനുള്ള യാഗപീഠവും+ അതിന്റെ ചെമ്പുജാലവും അതിന്റെ തണ്ടുകളും അതിന്റെ എല്ലാ ഉപകരണങ്ങളും, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും,+ 17 മുറ്റത്തിന്റെ മറശ്ശീലകളും അതിന്റെ തൂണുകളും ചുവടുകളും, മുറ്റത്തിന്റെ+ പ്രവേശനകവാടത്തിലിടാനുള്ള യവനികയും,* 18 വിശുദ്ധകൂടാരത്തിന്റെ കുറ്റികളും മുറ്റത്തിന്റെ കുറ്റികളും അവയുടെ കയറുകളും,+ 19 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി നെയ്തെടുത്ത മേത്തരം വസ്ത്രങ്ങളും+ പുരോഹിതനായ അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങളും+ പുരോഹിതശുശ്രൂഷ ചെയ്യാൻ അവന്റെ പുത്രന്മാർക്കുള്ള വസ്ത്രങ്ങളും അവർ ഉണ്ടാക്കട്ടെ.’”
20 ഇസ്രായേൽസമൂഹം മുഴുവൻ മോശയുടെ മുന്നിൽനിന്ന് പിരിഞ്ഞുപോയി. 21 ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവരും സ്വമനസ്സാലെ സാന്നിധ്യകൂടാരത്തിന്റെയും ആരാധനയ്ക്കുവേണ്ടി അത് ഒരുക്കാനുള്ള എല്ലാത്തിന്റെയും വിശുദ്ധവസ്ത്രങ്ങളുടെയും ആവശ്യത്തിലേക്കായി യഹോവയ്ക്കുള്ള സംഭാവനയുമായി എത്തി. 22 മനസ്സൊരുക്കമുള്ള എല്ലാവരും സ്ത്രീപുരുഷവ്യത്യാസമില്ലാതെ, സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മറ്റ് ആഭരണങ്ങളും സ്വർണംകൊണ്ടുള്ള എല്ലാ തരം ഉരുപ്പടികളും കൊണ്ടുവന്നുകൊണ്ടേയിരുന്നു. അവരെല്ലാം സ്വർണംകൊണ്ടുള്ള കാഴ്ചകൾ* യഹോവയ്ക്ക് അർപ്പിച്ചു.+ 23 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ, കോലാട്ടുരോമം, ചുവപ്പുചായം പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോൽ, കടൽനായ്ത്തോൽ എന്നിവ കൈവശമുള്ളവരെല്ലാം അവയും കൊണ്ടുവന്നു. 24 വെള്ളിയും ചെമ്പും സംഭാവന ചെയ്യാൻ തീരുമാനിച്ചവരെല്ലാം അവയും യഹോവയ്ക്കുള്ള സംഭാവനയായി കൊണ്ടുവന്നു. ഏതെങ്കിലും പണിക്ക് ഉപകരിക്കുന്ന കരുവേലത്തടി ഉണ്ടായിരുന്നവരെല്ലാം അതും കൊണ്ടുവന്ന് കൊടുത്തു.
25 നിപുണരായ സ്ത്രീകളെല്ലാം+ കൈകൊണ്ട് നൂൽ നൂറ്റ് നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവ കൊണ്ടുവന്നു. 26 ഹൃദയത്തിൽ പ്രേരണ തോന്നിയ നിപുണരായ സ്ത്രീകളെല്ലാം കോലാട്ടുരോമവും നൂറ്റെടുത്തു.
27 തലവന്മാരോ ഏഫോദിലും മാർച്ചട്ടയിലും+ പതിക്കാനുള്ള നഖവർണിക്കല്ലുകളും മറ്റു കല്ലുകളും 28 ദീപങ്ങൾക്കും അഭിഷേകതൈലത്തിനും+ സുഗന്ധദ്രവ്യത്തിനും+ വേണ്ട എണ്ണയും സുഗന്ധക്കറയും കൊണ്ടുവന്നു. 29 ഹൃദയത്തിൽ പ്രേരണ തോന്നിയ എല്ലാ പുരുഷന്മാരും സ്ത്രീകളും മോശ മുഖാന്തരം യഹോവ കല്പിച്ച പണിക്കുവേണ്ടി എന്തെങ്കിലുമൊക്കെ കൊണ്ടുവന്നു. സ്വമനസ്സാലെ യഹോവയ്ക്കു നൽകുന്ന കാഴ്ചയായിട്ടാണ് ഇസ്രായേല്യർ അവ കൊണ്ടുവന്നത്.+
30 പിന്നെ മോശ ഇസ്രായേല്യരോടു പറഞ്ഞു: “ഇതാ, യഹൂദാഗോത്രത്തിലെ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേലിനെ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.+ 31 ദൈവം ബസലേലിൽ തന്റെ ആത്മാവ് നിറച്ച് എല്ലാ തരം ശില്പവിദ്യയെക്കുറിച്ചുമുള്ള അറിവും ജ്ഞാനവും ഗ്രാഹ്യവും ബസലേലിനു കൊടുത്തിട്ടുണ്ട്. 32 അങ്ങനെ ബസലേലിനെ കലാഭംഗിയുള്ള വസ്തുക്കൾക്കു രൂപം നൽകാനും സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ട് പണിയാനും 33 രത്നക്കല്ലുകൾ ചെത്തിയെടുത്ത് പതിപ്പിക്കാനും തടികൊണ്ട് കലാഭംഗിയുള്ള എല്ലാ തരം ഉരുപ്പടികളും ഉണ്ടാക്കാനും പ്രാപ്തനാക്കിയിരിക്കുന്നു. 34 ബസലേലിന്റെയും ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബിന്റെയും ഹൃദയത്തിൽ പഠിപ്പിക്കാനുള്ള പ്രാപ്തി ദൈവം നിക്ഷേപിച്ചിട്ടുണ്ട്.+ 35 നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്നവനും തറിയിൽ വേല ചെയ്യുന്നവനും ശില്പവിദ്യക്കാരനും ചെയ്യുന്ന എല്ലാ പണികളും ചെയ്യാനും അതുപോലെ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരൻ ചെയ്യുന്ന എല്ലാ പണികളും ചെയ്യാനും വേണ്ട നൈപുണ്യം* ദൈവം അവരിൽ നിറച്ചിരിക്കുന്നു.+ ഈ പുരുഷന്മാർ സകലവിധ പണികളും ചെയ്യുകയും എല്ലാ തരം വസ്തുക്കൾക്കും രൂപം നൽകുകയും ചെയ്യും.
36 “ബസലേലിന്റെകൂടെ ഒഹൊലിയാബും നിപുണരായ* മറ്റു പുരുഷന്മാരും ജോലി ചെയ്യും. വിശുദ്ധസേവനവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും യഹോവ കല്പിച്ച അതേ വിധത്തിൽ ചെയ്യാൻവേണ്ട ജ്ഞാനവും ഗ്രാഹ്യവും യഹോവ അവർക്കു കൊടുത്തിട്ടുണ്ട്.”+
2 പിന്നെ, ഹൃദയത്തിൽ ജ്ഞാനം നൽകി യഹോവ അനുഗ്രഹിച്ച,+ ജോലി ചെയ്യാൻ ഹൃദയത്തിൽ പ്രേരണ തോന്നി സ്വമനസ്സാലെ മുന്നോട്ടു വന്ന,+ നിപുണരായ എല്ലാ പുരുഷന്മാരെയും ബസലേലിനെയും ഒഹൊലിയാബിനെയും മോശ വിളിച്ചു. 3 അവർ വന്ന് വിശുദ്ധസേവനവുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇസ്രായേല്യർ കൊണ്ടുവന്ന സംഭാവനകളെല്ലാം+ മോശയിൽനിന്ന് വാങ്ങി. പക്ഷേ ജനം പിന്നെയും രാവിലെതോറും സ്വമനസ്സാലെയുള്ള കാഴ്ചകൾ മോശയുടെ അടുത്ത് കൊണ്ടുവന്നുകൊണ്ടിരുന്നു.
4 അവർ വിശുദ്ധമായ ആ ജോലി തുടങ്ങിയശേഷം, നിപുണരായ ജോലിക്കാരെല്ലാം ഒന്നിനു പുറകേ ഒന്നായി വന്ന് 5 മോശയോടു പറഞ്ഞു: “യഹോവ കല്പിച്ച ജോലി ചെയ്യാൻ വേണ്ടതിനെക്കാൾ വളരെയേറെ സാധനങ്ങളാണു ജനം കൊണ്ടുവരുന്നത്.” 6 അതുകൊണ്ട് പാളയത്തിൽ എല്ലായിടത്തും ഇങ്ങനെയൊരു അറിയിപ്പു നടത്താൻ മോശ കല്പിച്ചു: “പുരുഷന്മാരേ, സ്ത്രീകളേ, വിശുദ്ധസംഭാവനയായി ഇനി സാധനങ്ങളൊന്നും കൊണ്ടുവരരുത്.” അങ്ങനെ, സാധനങ്ങൾ കൊണ്ടുവരുന്നതു നിറുത്തലാക്കി. 7 കിട്ടിയ സാധനങ്ങൾ പണി മുഴുവൻ ചെയ്തുതീർക്കാൻ ആവശ്യമായതിലും കൂടുതലായിരുന്നു.
8 പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു കൂടാരത്തുണി ഉപയോഗിച്ച് നിപുണരായ ജോലിക്കാരെല്ലാം+ ചേർന്ന് വിശുദ്ധകൂടാരം+ ഉണ്ടാക്കി. നൂലുകൊണ്ടുള്ള ചിത്രപ്പണിയായി കെരൂബുകളുടെ രൂപങ്ങൾ സഹിതമാണ് അവ ഉണ്ടാക്കിയത്.+ 9 ഓരോ കൂടാരത്തുണിക്കും 28 മുഴം* നീളവും 4 മുഴം വീതിയും ഉണ്ടായിരുന്നു. എല്ലാ കൂടാരത്തുണികൾക്കും ഒരേ വലുപ്പമായിരുന്നു. 10 കൂടാരത്തുണികളിൽ അഞ്ചെണ്ണം ഒന്നോടൊന്നു യോജിപ്പിച്ചു. മറ്റേ അഞ്ചു കൂടാരത്തുണികളും ഒന്നോടൊന്നു യോജിപ്പിച്ചു. 11 അതിനു ശേഷം, ഒരു നിരയുടെ അറ്റത്തുള്ള കൂടാരത്തുണിയുടെ വിളുമ്പിൽ, അതു മറ്റേ നിരയുമായി ചേരുന്ന ഭാഗത്ത്, നീലനൂലുകൊണ്ട് കണ്ണികൾ ഉണ്ടാക്കി. മറ്റേ നിരയുടെ ഏറ്റവും അറ്റത്തുള്ള കൂടാരത്തുണിയുടെ വിളുമ്പിൽ നിരകൾ തമ്മിൽ ചേരുന്ന ഭാഗത്തും ഇങ്ങനെതന്നെ ചെയ്തു. 12 ഒരു കൂടാരത്തുണിയിൽ 50 കണ്ണി ഉണ്ടാക്കി. അതു മറ്റേ നിരയുമായി ചേരുന്നിടത്തെ കൂടാരത്തുണിയുടെ വിളുമ്പിലും നേർക്കുനേർ വരുന്ന രീതിയിൽ 50 കണ്ണി ഉണ്ടാക്കി. 13 ഒടുവിൽ, സ്വർണംകൊണ്ട് 50 കൊളുത്ത് ഉണ്ടാക്കി, അവകൊണ്ട് കൂടാരത്തുണികൾ തമ്മിൽ യോജിപ്പിച്ചു. അങ്ങനെ അത് ഒരൊറ്റ വിശുദ്ധകൂടാരമായി.
14 പിന്നെ വിശുദ്ധകൂടാരത്തിനു മീതെ ആവരണമായി ഇടാൻ കോലാട്ടുരോമംകൊണ്ടുള്ള കൂടാരത്തുണികളും ഉണ്ടാക്കി. മൊത്തം 11 കൂടാരത്തുണി ഉണ്ടാക്കി.+ 15 ഓരോ കൂടാരത്തുണിക്കും 30 മുഴം നീളവും 4 മുഴം വീതിയും ഉണ്ടായിരുന്നു. 11 കൂടാരത്തുണിക്കും ഒരേ വലുപ്പമായിരുന്നു. 16 പിന്നെ, ആ കൂടാരത്തുണികളിൽ അഞ്ചെണ്ണം ഒന്നോടൊന്നു യോജിപ്പിച്ചു. മറ്റേ ആറു കൂടാരത്തുണിയും ഒന്നോടൊന്നു യോജിപ്പിച്ചു. 17 അടുത്തതായി, ആ നിരകൾ തമ്മിൽ ചേരുന്നിടത്തെ ഒരു കൂടാരത്തുണിയുടെ വിളുമ്പിൽ 50 കണ്ണി ഉണ്ടാക്കി. ഇതുമായി ചേരുന്ന മറ്റേ കൂടാരത്തുണിയുടെ വിളുമ്പിലും 50 കണ്ണി ഉണ്ടാക്കി. 18 ചെമ്പുകൊളുത്ത് 50 എണ്ണം ഉണ്ടാക്കി അവകൊണ്ട് നിരകൾ രണ്ടും ചേർത്ത് ഒരൊറ്റ ആവരണമാക്കി.
19 ആ ആവരണത്തിനു മീതെ ഇടാൻ ആൺചെമ്മരിയാടിന്റെ തോലുകൊണ്ടുള്ള, ചുവപ്പുചായം പിടിപ്പിച്ച ഒരു ആവരണവും അതിനു മീതെ ഇടാൻ കടൽനായ്ത്തോലുകൾകൊണ്ടുള്ള മറ്റൊരു ആവരണവും ഉണ്ടാക്കി.+
20 പിന്നെ വിശുദ്ധകൂടാരത്തിനു കരുവേലത്തടികൊണ്ട്+ ലംബമായി നിൽക്കുന്ന ചട്ടങ്ങൾ ഉണ്ടാക്കി.+ 21 ഓരോ ചട്ടവും പത്തു മുഴം ഉയരവും ഒന്നര മുഴം വീതിയും ഉള്ളതായിരുന്നു. 22 ഓരോ ചട്ടത്തിനും പരസ്പരം ബന്ധിച്ചിരുന്ന രണ്ടു കുടുമ* വീതമുണ്ടായിരുന്നു. ഈ രീതിയിലാണു വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങളെല്ലാം ഉണ്ടാക്കിയത്. 23 അങ്ങനെ വിശുദ്ധകൂടാരത്തിന്റെ തെക്കുവശത്തിനുവേണ്ടി 20 ചട്ടം ഉണ്ടാക്കി. 24 എന്നിട്ട് ആ 20 ചട്ടം ഉറപ്പിക്കാൻ അവയ്ക്കു കീഴെ വെക്കാൻ വെള്ളികൊണ്ട് 40 ചുവട് ഉണ്ടാക്കി. ഒരു ചട്ടത്തിന്റെ കീഴെ അതിന്റെ രണ്ടു കുടുമയ്ക്കുവേണ്ടി രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ അതിന്റെ രണ്ടു കുടുമയ്ക്കു രണ്ടു ചുവട്.+ 25 വിശുദ്ധകൂടാരത്തിന്റെ മറുവശത്തിനുവേണ്ടി, അതായത് വടക്കുവശത്തിനുവേണ്ടി, 20 ചട്ടവും 26 അവയുടെ 40 വെള്ളിച്ചുവടും ഉണ്ടാക്കി. ഒരു ചട്ടത്തിന്റെ അടിയിൽ രണ്ടു ചുവടുണ്ടായിരുന്നു; അതുപോലെ, മറ്റെല്ലാ ചട്ടങ്ങളുടെ അടിയിലും ഈരണ്ടു ചുവട്.
27 വിശുദ്ധകൂടാരത്തിന്റെ പിൻവശത്തിനുവേണ്ടി, അതായത് പടിഞ്ഞാറുവശത്തിനുവേണ്ടി, ആറു ചട്ടം ഉണ്ടാക്കി.+ 28 വിശുദ്ധകൂടാരത്തിന്റെ പിൻവശത്തെ രണ്ടു മൂലയ്ക്കും ഓരോ മൂലക്കാലായി നിൽക്കാൻ രണ്ടു ചട്ടം ഉണ്ടാക്കി. 29 ആ ചട്ടങ്ങളുടെ വശങ്ങൾ താഴെ അകന്നും മുകളിൽ, അതായത് ആദ്യത്തെ വളയത്തിന് അടുത്ത്, യോജിച്ചും ഇരുന്നു. രണ്ടു മൂലക്കാലുകളുടെ കാര്യത്തിലും ഇതുതന്നെയാണു ചെയ്തത്. 30 അങ്ങനെ, ആകെ എട്ടു ചട്ടവും ഓരോ ചട്ടത്തിന്റെയും കീഴെ അത് ഉറപ്പിക്കാനുള്ള ഈരണ്ടു ചുവടു വീതം 16 വെള്ളിച്ചുവടും ഉണ്ടായിരുന്നു.
31 പിന്നെ കരുവേലത്തടികൊണ്ട് കഴകൾ ഉണ്ടാക്കി. വിശുദ്ധകൂടാരത്തിന്റെ ഒരു വശത്തുള്ള ചട്ടങ്ങൾക്ക് അഞ്ചു കഴയും+ 32 വിശുദ്ധകൂടാരത്തിന്റെ മറുവശത്തുള്ള ചട്ടങ്ങൾക്ക് അഞ്ചു കഴയും വിശുദ്ധകൂടാരത്തിന്റെ പിൻവശത്തുള്ള, അതായത് പടിഞ്ഞാറുവശത്തുള്ള, ചട്ടങ്ങൾക്ക് അഞ്ചു കഴയും ഉണ്ടാക്കി. 33 എന്നാൽ നടുവിലുള്ള കഴ ചട്ടങ്ങളുടെ നടുഭാഗത്തുകൂടി ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്ന രീതിയിലാണ് ഉണ്ടാക്കിയത്. 34 ചട്ടങ്ങൾ സ്വർണംകൊണ്ട് പൊതിയുകയും കഴകൾ പിടിപ്പിക്കാനുള്ള അവയിലെ വളയങ്ങൾ സ്വർണംകൊണ്ട് ഉണ്ടാക്കുകയും ചെയ്തു. കഴകളും സ്വർണംകൊണ്ട് പൊതിഞ്ഞു.+
35 തുടർന്ന്, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല+ ഉണ്ടാക്കി. കെരൂബുകളുടെ+ രൂപങ്ങൾ നൂലുകൊണ്ടുള്ള ചിത്രപ്പണിയായി അതിലുണ്ടായിരുന്നു.+ 36 പിന്നെ അതിനുവേണ്ടി നാലു കരുവേലത്തൂൺ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിഞ്ഞു. സ്വർണംകൊണ്ടുള്ള കൊളുത്തുകളും ഉണ്ടാക്കി. തൂണുകൾ ഉറപ്പിക്കാൻ വെള്ളികൊണ്ട് നാലു ചുവടും വാർത്തുണ്ടാക്കി. 37 അടുത്തതായി കൂടാരത്തിന്റെ പ്രവേശനകവാടത്തിനുവേണ്ടി നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവ ഉപയോഗിച്ച് നെയ്ത ഒരു യവനികയും*+ 38 അതിന് അഞ്ചു തൂണും അവയ്ക്കു കൊളുത്തുകളും ഉണ്ടാക്കി. അവയുടെ മുകൾഭാഗവും സംയോജകങ്ങളും* സ്വർണംകൊണ്ട് പൊതിഞ്ഞു. എന്നാൽ, അവ ഉറപ്പിക്കാനുള്ള അഞ്ചു ചുവടു ചെമ്പുകൊണ്ടുള്ളതായിരുന്നു.
37 പിന്നെ ബസലേൽ+ കരുവേലത്തടികൊണ്ട് പെട്ടകം ഉണ്ടാക്കി.+ അതിനു രണ്ടര മുഴം* നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+ 2 അതിന്റെ അകവും പുറവും തനിത്തങ്കംകൊണ്ട് പൊതിഞ്ഞു. അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും* ഉണ്ടാക്കി.+ 3 അതിനു ശേഷം, അതിനു സ്വർണംകൊണ്ടുള്ള നാലു വളയങ്ങൾ വാർത്തുണ്ടാക്കി. അതിന്റെ നാലു കാലിനും മുകളിലായി, രണ്ടു വളയങ്ങൾ ഒരു വശത്തും രണ്ടു വളയങ്ങൾ മറുവശത്തും പിടിപ്പിക്കാനായിരുന്നു അത്. 4 അടുത്തതായി കരുവേലത്തടികൊണ്ട് തണ്ടുകൾ+ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിഞ്ഞു. 5 പെട്ടകം എടുത്തുകൊണ്ടുപോകാൻ+ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ ആ തണ്ടുകൾ ഇട്ടു.
6 തനിത്തങ്കംകൊണ്ട് ഒരു മൂടി+ ഉണ്ടാക്കി. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.+ 7 പിന്നെ സ്വർണം അടിച്ച് പരത്തി രണ്ടു കെരൂബുകളെ+ മൂടിയുടെ രണ്ട് അറ്റത്തുമായി ഉണ്ടാക്കി.+ 8 ഒരു കെരൂബിനെ ഒരറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ആയി മൂടിയുടെ രണ്ട് അറ്റത്തുമായിട്ടാണ് ആ കെരൂബുകളെ ഉണ്ടാക്കിയത്. 9 കെരൂബുകൾ അവയുടെ ചിറകുകൾ മുകളിലേക്ക് ഉയർത്തി, മൂടിയിൽ നിഴൽ വീഴ്ത്തുന്ന രീതിയിൽ വിരിച്ചുപിടിച്ചിരുന്നു.+ രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരുന്നു. അവയുടെ മുഖം താഴോട്ടു മൂടിയുടെ നേർക്കു തിരിഞ്ഞിരുന്നു.+
10 പിന്നെ കരുവേലത്തടികൊണ്ട് മേശ ഉണ്ടാക്കി.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+ 11 അതു തനിത്തങ്കംകൊണ്ട് പൊതിഞ്ഞിട്ട് അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്ക് ഉണ്ടാക്കി. 12 നാലു വിരലുകളുടെ വീതിയിൽ* അതിനു ചുറ്റും ഒരു അരികുപാളിയും ആ അരികുപാളിക്കു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കി. 13 പിന്നെ സ്വർണംകൊണ്ടുള്ള നാലു വളയങ്ങൾ വാർത്തുണ്ടാക്കി, അവ നാലു കാലുകൾ ഘടിപ്പിച്ചിരിക്കുന്ന നാലു കോണിലും പിടിപ്പിച്ചു. 14 മേശ എടുത്തുകൊണ്ടുപോകാൻവേണ്ടിയുള്ള തണ്ടുകൾ ഇടുന്ന ഈ വളയങ്ങൾ അരികുപാളിയുടെ അടുത്തായിരുന്നു. 15 പിന്നെ, മേശ എടുത്തുകൊണ്ടുപോകാൻ കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി, അവ സ്വർണംകൊണ്ട് പൊതിഞ്ഞു. 16 അതിനു ശേഷം, മേശയിൽ വെക്കാനുള്ള ഉപകരണങ്ങൾ—അതിന്റെ തളികകളും പാനപാത്രങ്ങളും പാനീയയാഗങ്ങൾ ഒഴിക്കാനുള്ള കുടങ്ങളും കുഴിയൻപാത്രങ്ങളും—തനിത്തങ്കംകൊണ്ട് ഉണ്ടാക്കി.+
17 പിന്നെ തനിത്തങ്കംകൊണ്ട് തണ്ടുവിളക്ക്+ ഉണ്ടാക്കി. ചുറ്റികകൊണ്ട് അടിച്ചാണ് അത് ഉണ്ടാക്കിയത്. അതിന്റെ ചുവടും തണ്ടും പുഷ്പവൃതികളും മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരുന്നു.+ 18 തണ്ടുവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്നു ശാഖയും മറുവശത്തുനിന്ന് മൂന്നു ശാഖയും ആയി അതിന്റെ തണ്ടിൽനിന്ന് മൊത്തം ആറു ശാഖ പുറപ്പെടുന്നുണ്ടായിരുന്നു. 19 അതിന്റെ ഒരു വശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരുന്നു. അതിന്റെ മറുവശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരുന്നു. തണ്ടുവിളക്കിന്റെ തണ്ടിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയുടെ കാര്യത്തിലും ഇതുതന്നെയാണു ചെയ്തത്. 20 തണ്ടുവിളക്കിന്റെ തണ്ടിൽ ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ നാലു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരുന്നു. 21 അതിന്റെ തണ്ടിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയുടെയും കാര്യത്തിൽ, ആദ്യത്തെ രണ്ടു ശാഖയ്ക്കു കീഴെ ഒരു മുട്ടും അടുത്ത രണ്ടു ശാഖയ്ക്കു കീഴെ വേറൊരു മുട്ടും അതിനടുത്ത രണ്ടു ശാഖയ്ക്കു കീഴെ മറ്റൊരു മുട്ടും ഉണ്ടായിരുന്നു. 22 മുട്ടുകളും ശാഖകളും തണ്ടുവിളക്കു മുഴുവനും ചുറ്റികകൊണ്ട് അടിച്ച് തനിത്തങ്കത്തിന്റെ ഒറ്റ തകിടിൽ തീർത്തതായിരുന്നു. 23 പിന്നെ അതിന്റെ ഏഴു ദീപങ്ങളും+ അതിന്റെ കൊടിലുകളും കത്തിയ തിരികൾ ഇടാനുള്ള പാത്രങ്ങളും* തനിത്തങ്കംകൊണ്ട് ഉണ്ടാക്കി. 24 തണ്ടുവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും കൂടെ ഒരു താലന്തു* തനിത്തങ്കത്തിൽ തീർത്തു.
25 പിന്നെ കരുവേലത്തടികൊണ്ട് സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം+ ഉണ്ടാക്കി. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിനു രണ്ടു മുഴം ഉയരവും ഉണ്ടായിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെയുള്ളതായിരുന്നു.+ 26 അതിന്റെ ഉപരിതലം, ചുറ്റോടുചുറ്റും അതിന്റെ വശങ്ങൾ, അതിന്റെ കൊമ്പുകൾ എന്നിവയെല്ലാം തനിത്തങ്കംകൊണ്ട് പൊതിഞ്ഞു. അതിനു ചുറ്റും സ്വർണ്ണംകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കി. 27 യാഗപീഠം ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ ഇടാനായി അതിന്റെ വക്കിനു കീഴെ രണ്ട് എതിർവശങ്ങളിലായി സ്വർണംകൊണ്ടുള്ള രണ്ടു വളയങ്ങളും ഉണ്ടാക്കി. 28 അതിനു ശേഷം കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി, അവ സ്വർണംകൊണ്ട് പൊതിഞ്ഞു. 29 കൂടാതെ, ചേരുവകൾ വിദഗ്ധമായി സംയോജിപ്പിച്ച്* വിശുദ്ധമായ അഭിഷേകതൈലവും+ ശുദ്ധമായ സുഗന്ധദ്രവ്യവും+ ഉണ്ടാക്കി.
38 കരുവേലത്തടികൊണ്ട് ദഹനയാഗത്തിനുള്ള യാഗപീഠം ഉണ്ടാക്കി. അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു അത്. അതിനു മൂന്നു മുഴം ഉയരവുമുണ്ടായിരുന്നു.+ 2 അതിന്റെ നാലു കോണിലും കൊമ്പുകൾ ഉണ്ടാക്കി. കൊമ്പുകൾ അതിൽനിന്നുതന്നെയുള്ളതായിരുന്നു. എന്നിട്ട് അതു ചെമ്പുകൊണ്ട് പൊതിഞ്ഞു.+ 3 അതിനു ശേഷം, തൊട്ടികൾ, കോരികകൾ, കുഴിയൻപാത്രങ്ങൾ, മുൾക്കരണ്ടികൾ, കനൽപ്പാത്രങ്ങൾ എന്നിങ്ങനെ യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും ഉണ്ടാക്കി. ചെമ്പുകൊണ്ടാണ് അതിന്റെ ഉപകരണങ്ങളെല്ലാം ഉണ്ടാക്കിയത്. 4 കൂടാതെ, യാഗപീഠത്തിന്റെ അരികുപാളിക്കു കീഴെ അതിന്റെ മധ്യഭാഗത്തേക്ക് ഇറങ്ങിയിരിക്കുന്ന രീതിയിൽ ഒരു ജാലവും, അതായത് ചെമ്പുകൊണ്ടുള്ള ഒരു വലയും, ഉണ്ടാക്കി. 5 തണ്ടുകൾ ഇടാൻ ചെമ്പുകൊണ്ടുള്ള ജാലത്തിന് അടുത്ത് യാഗപീഠത്തിന്റെ നാലു കോണിലുമായി നാലു വളയവും വാർത്തുണ്ടാക്കി. 6 അതിനു ശേഷം, കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി, അവ ചെമ്പുകൊണ്ട് പൊതിഞ്ഞു. 7 യാഗപീഠം എടുത്തുകൊണ്ടുപോകാനുള്ള ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ ഇട്ടു. പലകകൾകൊണ്ടുള്ള പൊള്ളയായ ഒരു പെട്ടിയുടെ രൂപത്തിലാണു യാഗപീഠം ഉണ്ടാക്കിയത്.
8 പിന്നെ വെള്ളം വെക്കാനുള്ള പാത്രവും+ അതു വെക്കാനുള്ള താങ്ങും ചെമ്പുകൊണ്ട് ഉണ്ടാക്കി. സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഊഴമനുസരിച്ച് സേവിച്ചിരുന്ന സ്ത്രീകളുടെ കണ്ണാടികൾ* അതിനുവേണ്ടി ഉപയോഗിച്ചു.
9 പിന്നെ മുറ്റം ഉണ്ടാക്കി.+ മുറ്റത്തിന്റെ തെക്കുവശത്തിനുവേണ്ടി, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് 100 മുഴം നീളത്തിൽ മറശ്ശീലകൾ ഉണ്ടാക്കി.+ 10 അവിടെ ചെമ്പുകൊണ്ടുള്ള 20 തൂണും 20 ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും* വെള്ളികൊണ്ട് ഉണ്ടാക്കി. 11 വടക്കുവശത്തും 100 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരുന്നു. അവയുടെ 20 തൂണും തൂണുകളുടെ 20 ചുവടും ചെമ്പുകൊണ്ടുള്ളതായിരുന്നു. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും വെള്ളികൊണ്ട് ഉണ്ടാക്കി. 12 എന്നാൽ, പടിഞ്ഞാറുവശത്തെ മറശ്ശീലകളുടെ നീളം 50 മുഴമായിരുന്നു. അവിടെ പത്തു തൂണും പത്തു ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും വെള്ളികൊണ്ട് ഉണ്ടാക്കി. 13 കിഴക്കുവശത്തിന്റെ, അതായത് സൂര്യോദയത്തിനു നേരെയുള്ള വശത്തിന്റെ, വീതി 50 മുഴമായിരുന്നു. 14 പ്രവേശനകവാടത്തിന്റെ ഒരു വശത്ത്, മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരുന്നു. 15 മുറ്റത്തിന്റെ പ്രവേശനകവാടത്തിന്റെ മറുവശത്തും മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരുന്നു. 16 മുറ്റത്തിനു ചുറ്റുമുള്ള മറശ്ശീലകളെല്ലാം പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ടാണ് ഉണ്ടാക്കിയത്. 17 തൂണുകൾ ഉറപ്പിക്കാനുള്ള ചുവടുകൾ ചെമ്പുകൊണ്ടുള്ളതായിരുന്നു. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും വെള്ളികൊണ്ട് ഉണ്ടാക്കി. തൂണുകളുടെ മുകൾഭാഗം വെള്ളികൊണ്ട് പൊതിഞ്ഞിരുന്നു. മുറ്റത്തിന്റെ തൂണുകളുടെയെല്ലാം സംയോജകങ്ങൾ വെള്ളികൊണ്ടുള്ളതായിരുന്നു.+
18 മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക* നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്തതായിരുന്നു. അതിന് 20 മുഴം നീളവും 5 മുഴം ഉയരവും ഉണ്ടായിരുന്നു; മുറ്റത്തിന്റെ മറശ്ശീലകളുടെ അതേ ഉയരംതന്നെ.+ 19 അവയുടെ നാലു തൂണും തൂണുകൾ ഉറപ്പിക്കാനുള്ള നാലു ചുവടും ചെമ്പുകൊണ്ടുള്ളതായിരുന്നു; അവയുടെ കൊളുത്തുകളും സംയോജകങ്ങളും വെള്ളികൊണ്ടും. തൂണുകളുടെ മുകൾഭാഗം വെള്ളികൊണ്ട് പൊതിയുകയും ചെയ്തിരുന്നു. 20 വിശുദ്ധകൂടാരത്തിന്റെ എല്ലാ കൂടാരക്കുറ്റികളും മുറ്റത്തിനു ചുറ്റുമുള്ള എല്ലാ കൂടാരക്കുറ്റികളും ചെമ്പുകൊണ്ടുള്ളതായിരുന്നു.+
21 വിശുദ്ധകൂടാരത്തിന്റെ, അതായത് ‘സാക്ഷ്യ’ത്തിന്റെ+ വിശുദ്ധകൂടാരത്തിന്റെ, ഇനവിവരപ്പട്ടികയാണു പിൻവരുന്നത്. മോശയുടെ കല്പനപ്രകാരം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നേതൃത്വത്തിൽ ലേവ്യർക്കായിരുന്നു+ ഇതു തയ്യാറാക്കാനുള്ള ചുമതല. 22 യഹോവ മോശയോടു കല്പിച്ചിരുന്നതെല്ലാം യഹൂദാഗോത്രത്തിലെ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേൽ+ ചെയ്തു. 23 ബസലേലിനോടൊപ്പം ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബും+ ഉണ്ടായിരുന്നു. ഒഹൊലിയാബ് ഒരു ശില്പിയും നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്നവനും നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്യുന്നവനും ആയിരുന്നു.
24 വിശുദ്ധസ്ഥലത്തെ എല്ലാ പണികൾക്കുമായി ഉപയോഗിച്ച മൊത്തം സ്വർണം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് 29 താലന്തും* 730 ശേക്കെലും ആയിരുന്നു. അത്രയും സ്വർണമാണു ദോളനയാഗമായി* അർപ്പിച്ചത്.+ 25 ഇസ്രായേൽസമൂഹത്തിൽ, രേഖയിൽ പേര് വന്നവർ നൽകിയ വെള്ളി വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് 100 താലന്തും 1,775 ശേക്കെലും ആയിരുന്നു. 26 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ളവരായി രേഖയിൽ പേര് വന്ന പുരുഷന്മാരെല്ലാം ആളോഹരി നൽകേണ്ട അര ശേക്കെൽ വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കമനുസരിച്ചുള്ളതായിരിക്കണമായിരുന്നു.+ മൊത്തം 6,03,550 പേരാണുണ്ടായിരുന്നത്.+
27 വിശുദ്ധസ്ഥലത്തിന്റെ ചുവടുകളും തിരശ്ശീലയുടെ ചുവടുകളും വാർത്തുണ്ടാക്കാൻ 100 താലന്തു വേണ്ടിവന്നു. ഓരോ ചുവടിനും ഓരോ താലന്തു വീതം 100 ചുവടിന് 100 താലന്ത്.+ 28 തൂണുകൾക്കുവേണ്ടി 1,775 ശേക്കെൽകൊണ്ട് കൊളുത്തുകൾ ഉണ്ടാക്കുകയും തൂണുകളുടെ മുകൾഭാഗം പൊതിയുകയും അവ കൂട്ടിയോജിപ്പിക്കുകയും ചെയ്തു.
29 കാഴ്ചയായി* ലഭിച്ച ചെമ്പ് 70 താലന്തും 2,400 ശേക്കെലും ആയിരുന്നു. 30 ഇത് ഉപയോഗിച്ച് സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിനുള്ള ചുവടുകളും ചെമ്പുയാഗപീഠവും അതിന്റെ ചെമ്പുജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും 31 മുറ്റത്തിനു ചുറ്റുമുള്ള ചുവടുകളും മുറ്റത്തിന്റെ പ്രവേശനകവാടത്തിനുള്ള ചുവടുകളും വിശുദ്ധകൂടാരത്തിന്റെ എല്ലാ കൂടാരക്കുറ്റികളും മുറ്റത്തിനു ചുറ്റുമുള്ള എല്ലാ കൂടാരക്കുറ്റികളും+ ഉണ്ടാക്കി.
39 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ+ എന്നിവകൊണ്ട് അവർ വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ടി മേത്തരം വസ്ത്രങ്ങൾ നെയ്തെടുത്തു. അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങൾ+ അവർ ഉണ്ടാക്കിയത് യഹോവ മോശയോടു കല്പിച്ച അതേ രീതിയിൽത്തന്നെയായിരുന്നു.
2 സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.+ 3 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവയുമായി ഇടകലർത്തി പണിയാൻ സ്വർണത്തകിടുകൾ കനം കുറഞ്ഞ പാളികളായി അടിച്ചുപരത്തി നൂലുകളായി മുറിച്ചെടുത്ത് ഏഫോദിൽ ചിത്രപ്പണി ചെയ്തു. 4 അതിന് തോൾവാറുകൾ ഉണ്ടാക്കി. അവ അതിന്റെ രണ്ട് മുകളറ്റത്തും യോജിപ്പിച്ചിരുന്നു. 5 ഏഫോദ് കൃത്യസ്ഥാനത്ത് ഭദ്രമായി കെട്ടിനിറുത്താൻവേണ്ടി അതിൽ പിടിപ്പിച്ചിരുന്ന നെയ്തെടുത്ത അരപ്പട്ട+ ഉണ്ടാക്കിയതും സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിങ്ങനെ അതേ വസ്തുക്കൾകൊണ്ടായിരുന്നു; യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ചെയ്തു.
6 പിന്നെ നഖവർണിക്കല്ലുകൾ സ്വർണത്തടങ്ങളിൽ പതിപ്പിച്ചു. മുദ്ര കൊത്തുന്നതുപോലെ, ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ അവയിൽ കൊത്തി.+ 7 അവ ഇസ്രായേലിന്റെ ആൺമക്കൾക്കുവേണ്ടി സ്മാരകക്കല്ലുകളായി ഏഫോദിന്റെ തോൾവാറുകളിൽ വെച്ചു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ. 8 പിന്നെ നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്നവന്റെ പണിയായി മാർച്ചട്ട+ ഉണ്ടാക്കി. ഏഫോദ് ഉണ്ടാക്കിയ രീതിയിൽത്തന്നെ, സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ടാണ് അത് ഉണ്ടാക്കിയത്.+ 9 അതു രണ്ടായി മടക്കുമ്പോൾ സമചതുരമായിരുന്നു. രണ്ടായി മടക്കുമ്പോൾ ഒരു ചാൺ* നീളവും ഒരു ചാൺ വീതിയും വരുന്ന വിധത്തിലാണു മാർച്ചട്ട ഉണ്ടാക്കിയത്. 10 അതിൽ നാലു നിര കല്ലുകൾ പതിപ്പിച്ചു. ആദ്യത്തെ നിര മാണിക്യം, ഗോമേദകം, മരതകം. 11 രണ്ടാമത്തെ നിര നീലഹരിതക്കല്ല്, ഇന്ദ്രനീലം, സൂര്യകാന്തം. 12 മൂന്നാമത്തെ നിര ലഷം കല്ല്,* അക്കിക്കല്ല്, അമദമണി. 13 നാലാമത്തെ നിര പീതരത്നം, നഖവർണി, പച്ചക്കല്ല്. സ്വർണത്തടങ്ങളിലാണ് അവ പതിപ്പിച്ചത്. 14 ഇസ്രായേലിന്റെ 12 ആൺമക്കളുടെ പേരുകളനുസരിച്ചായിരുന്നു ഈ കല്ലുകൾ. 12 ഗോത്രങ്ങളിൽ ഓരോന്നിനെയും പ്രതിനിധാനം ചെയ്യുന്ന ഓരോ പേരും, മുദ്ര കൊത്തുന്നതുപോലെ അവയിൽ കൊത്തിയിരുന്നു.
15 പിന്നെ കയറുപോലെ പിരിഞ്ഞിരിക്കുന്ന ചങ്ങലകൾ മാർച്ചട്ടയിൽ ഉണ്ടാക്കി. അവ തനിത്തങ്കംകൊണ്ടുള്ളതായിരുന്നു.+ 16 സ്വർണംകൊണ്ട് രണ്ടു തടവും രണ്ടു വളയവും ഉണ്ടാക്കി. എന്നിട്ട്, ആ വളയങ്ങൾ രണ്ടും മാർച്ചട്ടയുടെ രണ്ടു കോണിലും പിടിപ്പിച്ചു. 17 അതിനു ശേഷം, മാർച്ചട്ടയുടെ കോണുകളിലുള്ള വളയങ്ങൾ രണ്ടിലും സ്വർണംകൊണ്ടുള്ള ആ രണ്ടു ചരടു കോർത്തു. 18 പിന്നെ ചരടുകൾ രണ്ടിന്റെയും ഓരോ അറ്റം ഓരോ തടത്തിൽ കോർത്തു. അവ ഏഫോദിന്റെ മുൻവശത്തായി തോൾവാറുകളിൽ പിടിപ്പിച്ചു. 19 അടുത്തതായി സ്വർണംകൊണ്ട് രണ്ടു വളയം ഉണ്ടാക്കി മാർച്ചട്ടയുടെ ഉള്ളിലെ വിളുമ്പിന്റെ രണ്ട് അറ്റത്ത്, ഏഫോദിന് അഭിമുഖമായി പിടിപ്പിച്ചു.+ 20 തുടർന്ന് രണ്ടു സ്വർണവളയംകൂടെ ഉണ്ടാക്കി ഏഫോദിന്റെ മുൻവശത്ത് രണ്ടു തോൾവാറുകൾക്കു കീഴെ, അതു യോജിപ്പിച്ചിരിക്കുന്നതിന് അടുത്തായി, ഏഫോദിന്റെ നെയ്തെടുത്ത അരപ്പട്ടയ്ക്കു മുകളിൽ പിടിപ്പിച്ചു. 21 ഒടുവിൽ, മാർച്ചട്ടയുടെ വളയങ്ങളിൽനിന്ന് ഏഫോദിന്റെ വളയങ്ങളിലേക്ക് ഒരു നീലച്ചരടു കെട്ടി. മാർച്ചട്ട ഏഫോദിലെ അതിന്റെ കൃത്യസ്ഥാനത്തുതന്നെ, നെയ്തെടുത്ത അരപ്പട്ടയ്ക്കു മുകളിലായി, ഉറപ്പിച്ചുനിറുത്താനായിരുന്നു അത്. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെയാണ് അവർ ചെയ്തത്.
22 പിന്നെ ഏഫോദിന്റെ ഉള്ളിൽ ധരിക്കുന്ന കൈയില്ലാത്ത അങ്കി മുഴുവനായും നീലനൂലുകൊണ്ട് നെയ്ത്തുകാരന്റെ പണിയായി ഉണ്ടാക്കി.+ 23 കൈയില്ലാത്ത അങ്കിയുടെ മധ്യഭാഗത്ത് പടച്ചട്ടയുടെ കഴുത്തുപോലെ ഒരു കഴുത്തുണ്ടായിരുന്നു. അങ്കിയുടെ കഴുത്ത് കീറിപ്പോകാതിരിക്കാൻ അതിനു ചുറ്റും ഒരു പട്ടയും ഉണ്ടായിരുന്നു. 24 അടുത്തതായി അവർ നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവ കൂട്ടിപ്പിരിച്ച് അങ്കിയുടെ വിളുമ്പിൽ മാതളനാരങ്ങകളും ഉണ്ടാക്കി. 25 അവർ തനിത്തങ്കംകൊണ്ട് മണികൾ ഉണ്ടാക്കി അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റുമുള്ള മാതളനാരങ്ങകൾക്കിടയിൽ പിടിപ്പിച്ചു. 26 ശുശ്രൂഷയ്ക്കുവേണ്ടിയുള്ള ഈ അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റും അവ ഒരു സ്വർണമണി, ഒരു മാതളനാരങ്ങ, ഒരു സ്വർണമണി, ഒരു മാതളനാരങ്ങ എന്നിങ്ങനെ ഒന്നിടവിട്ടാണു പിടിപ്പിച്ചത്. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ഇതു ചെയ്തു.
27 പിന്നെ അഹരോനും പുത്രന്മാർക്കും വേണ്ടി മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്ത്തുകാരന്റെ പണിയായി നീളൻ കുപ്പായങ്ങൾ ഉണ്ടാക്കി.+ 28 കൂടാതെ, മേന്മയേറിയ ലിനൻകൊണ്ട് തലപ്പാവും+ മേന്മയേറിയ ലിനൻകൊണ്ട്, അലങ്കാരപ്പണിയുള്ള തലേക്കെട്ടും+ പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് അടിവസ്ത്രങ്ങളും+ 29 പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവ ഉപയോഗിച്ച് നെയ്ത നടുക്കെട്ടും ഉണ്ടാക്കി, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
30 ഒടുവിൽ, തനിത്തങ്കംകൊണ്ട് സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ* തിളങ്ങുന്ന തകിട് ഉണ്ടാക്കി അതിൽ മുദ്ര കൊത്തുന്നതുപോലെ, “വിശുദ്ധി യഹോവയുടേത്” എന്ന വാക്കുകൾ ആലേഖനം ചെയ്തു.+ 31 അതിനെ തലപ്പാവിനോടു ചേർത്തുനിറുത്താൻ അതിൽ നീലനൂലുകൊണ്ടുള്ള ഒരു ചരടു പിടിപ്പിച്ചു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
32 അങ്ങനെ, സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ എല്ലാ പണിയും പൂർത്തിയായി. യഹോവ മോശയോടു കല്പിച്ച എല്ലാ കാര്യങ്ങളും ഇസ്രായേല്യർ ചെയ്തു.+ അങ്ങനെതന്നെ അവർ ചെയ്തു.
33 അവർ വിശുദ്ധകൂടാരം+ മോശയുടെ അടുത്ത് കൊണ്ടുവന്നു—കൂടാരവും+ അതിന്റെ എല്ലാ ഉപകരണങ്ങളും: അതിന്റെ കൊളുത്തുകൾ,+ അതിന്റെ ചട്ടങ്ങൾ,+ അതിന്റെ കഴകളും+ തൂണുകളും ചുവടുകളും,+ 34 ചുവപ്പുചായം+ പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോലുകൊണ്ടുള്ള അതിന്റെ ആവരണം, കടൽനായ്ത്തോലുകൊണ്ടുള്ള അതിന്റെ ആവരണം, മറയ്ക്കുന്ന തിരശ്ശീല,+ 35 സാക്ഷ്യപ്പെട്ടകവും അതിന്റെ തണ്ടുകളും+ മൂടിയും,+ 36 മേശ, അതിന്റെ എല്ലാ ഉപകരണങ്ങളും+ കാഴ്ചയപ്പവും, 37 തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്ക്, അതിന്റെ ദീപങ്ങൾ,+ അതായത് ദീപനിര, അതിന്റെ എല്ലാ ഉപകരണങ്ങളും+ ദീപങ്ങൾക്കുള്ള എണ്ണയും,+ 38 സ്വർണംകൊണ്ടുള്ള യാഗപീഠം,+ അഭിഷേകതൈലം,+ സുഗന്ധദ്രവ്യം,+ കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക,*+ 39 ചെമ്പുകൊണ്ടുള്ള+ യാഗപീഠം, അതിന്റെ ചെമ്പുജാലം, അതിന്റെ തണ്ടുകൾ,+ അതിന്റെ എല്ലാ ഉപകരണങ്ങളും,+ വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും,+ 40 മുറ്റത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകളും അവ ഉറപ്പിക്കാനുള്ള ചുവടുകളും,+ മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക,*+ അതിന്റെ കൂടാരക്കയറുകളും കൂടാരക്കുറ്റികളും+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും, 41 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി നെയ്തെടുത്ത മേത്തരം വസ്ത്രങ്ങൾ, പുരോഹിതനായ അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങൾ,+ പുരോഹിതശുശ്രൂഷ ചെയ്യാൻ അവന്റെ പുത്രന്മാർക്കുള്ള വസ്ത്രങ്ങൾ എന്നിവയാണ് അവർ കൊണ്ടുവന്നത്.
42 യഹോവ മോശയോടു കല്പിച്ചതുപോലെയായിരുന്നു ഇസ്രായേല്യർ എല്ലാ പണികളും ചെയ്തത്.+ 43 മോശ അവരുടെ പണി മുഴുവൻ പരിശോധിച്ചു, യഹോവ കല്പിച്ചതുപോലെതന്നെയാണ് അവർ എല്ലാം ചെയ്തിരിക്കുന്നതെന്നു കണ്ടു. മോശ അവരെ അനുഗ്രഹിച്ചു.
40 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരം സ്ഥാപിക്കണം.+ 3 സാക്ഷ്യപ്പെട്ടകം+ അതിനുള്ളിൽ വെച്ച് അതു തിരശ്ശീലകൊണ്ട്+ മറച്ച് വേർതിരിക്കുക. 4 മേശ+ ഉള്ളിൽ കൊണ്ടുവന്ന് അതിന്റെ സാധനങ്ങൾ അതിൽ ക്രമീകരിക്കണം. തണ്ടുവിളക്കും+ കൊണ്ടുവന്ന് അതിന്റെ ദീപങ്ങൾ+ കത്തിക്കണം. 5 തുടർന്ന്, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള സ്വർണയാഗപീഠം+ സാക്ഷ്യപ്പെട്ടകത്തിനു മുന്നിൽ വെക്കുക. വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത് തൂക്കുകയും വേണം.
6 “സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ ദഹനയാഗത്തിനുള്ള യാഗപീഠം+ വെക്കണം. 7 യാഗപീഠത്തിനും സാന്നിധ്യകൂടാരത്തിനും ഇടയിൽ, വെള്ളം വെക്കാനുള്ള പാത്രം വെച്ചിട്ട് അതിൽ വെള്ളം ഒഴിക്കുക.+ 8 പിന്നെ, ചുറ്റും മുറ്റം+ വേർതിരിച്ച് മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ അതിന്റെ യവനിക*+ തൂക്കണം. 9 അടുത്തതായി, അഭിഷേകതൈലം+ എടുത്ത് വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്തുക്കളും അഭിഷേകം ചെയ്ത്+ അതും അതിന്റെ എല്ലാ ഉപകരണങ്ങളും വിശുദ്ധീകരിക്കുക. അങ്ങനെ, അതു വിശുദ്ധമായിത്തീരും. 10 ദഹനയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്ത് യാഗപീഠം വിശുദ്ധീകരിക്കണം. അങ്ങനെ, അത് ഏറ്റവും വിശുദ്ധമായ ഒരു യാഗപീഠമാകും.+ 11 കൂടാതെ, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്ത് വിശുദ്ധീകരിക്കണം.
12 “പിന്നെ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിന് അടുത്തേക്കു കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകുക.+ 13 നീ അഹരോനെ വിശുദ്ധവസ്ത്രങ്ങൾ+ ധരിപ്പിച്ച് അഭിഷേകം ചെയ്ത്+ വിശുദ്ധീകരിക്കണം. അവൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. 14 അതിനു ശേഷം അവന്റെ പുത്രന്മാരെ കൊണ്ടുവന്ന് അവരെ നീളൻ കുപ്പായം ധരിപ്പിക്കുക.+ 15 അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെതന്നെ നീ അവരെയും അഭിഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. അവരുടെ വരുംതലമുറകളിൽ അവരുടെ പൗരോഹിത്യം+ നിലനിന്നുപോകാനും ഈ അഭിഷേകം ഉതകും.”
16 യഹോവ കല്പിച്ചതുപോലെയെല്ലാം മോശ ചെയ്തു.+ അങ്ങനെതന്നെ ചെയ്തു.
17 അങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം ദിവസംതന്നെ വിശുദ്ധകൂടാരം സ്ഥാപിച്ചു.+ 18 അതിനുവേണ്ടി മോശ, അതിന്റെ ചുവടുകൾ+ നിലത്ത് വെച്ച് ചട്ടങ്ങൾ+ പിടിപ്പിച്ച് കഴകൾ+ ഇട്ടു. അതിന്റെ തൂണുകളും ഉറപ്പിച്ചു. 19 വിശുദ്ധകൂടാരത്തിനു മുകളിൽ അതിന്റെ ആവരണം+ വിരിച്ചു. ഈ ആവരണത്തിനു മീതെ അടുത്ത ആവരണവും+ വിരിച്ചു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
20 അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത് പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട് പെട്ടകത്തിനു തണ്ടുകൾ+ ഇട്ടു. എന്നിട്ട്, മൂടി+ പെട്ടകത്തിന്റെ മുകളിൽ വെച്ചു.+ 21 പെട്ടകം വിശുദ്ധകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു. മറയ്ക്കാനുള്ള തിരശ്ശീല+ യഥാസ്ഥാനത്ത് തൂക്കി സാക്ഷ്യപ്പെട്ടകം മറച്ച് വേർതിരിച്ചു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
22 അടുത്തതായി മേശ,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, വടക്കുഭാഗത്ത് തിരശ്ശീലയുടെ വെളിയിൽ വെച്ചു. 23 എന്നിട്ട് അതിൽ യഹോവയുടെ മുമ്പാകെ അപ്പം+ നിരയായി അടുക്കിവെച്ചു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
24 തണ്ടുവിളക്ക്,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത് മേശയുടെ മുന്നിൽ വെച്ചു. 25 യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്പിച്ചതുപോലെതന്നെ.
26 അടുത്തതായി സ്വർണയാഗപീഠം+ സാന്നിധ്യകൂടാരത്തിൽ തിരശ്ശീലയുടെ മുന്നിൽ വെച്ചു. 27 സുഗന്ധദ്രവ്യം+ പുകയ്ക്കേണ്ടിയിരുന്നത്+ അതിലായിരുന്നു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
28 പിന്നെ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത് തൂക്കി.
29 ദഹനയാഗവും+ ധാന്യയാഗവും അർപ്പിക്കാനുള്ള ദഹനയാഗത്തിന്റെ യാഗപീഠം+ മോശ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്പിച്ചതുപോലെതന്നെ.
30 പിന്നെ കഴുകാനുള്ള വെള്ളം വെക്കുന്ന പാത്രം സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട് അതിൽ വെള്ളം ഒഴിച്ചു.+ 31 മോശയും അഹരോനും അഹരോന്റെ പുത്രന്മാരും അവിടെ ചെന്ന് കൈകാലുകൾ കഴുകി. 32 അവർ സാന്നിധ്യകൂടാരത്തിൽ കടക്കുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോഴെല്ലാം ഇങ്ങനെ കഴുകുമായിരുന്നു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
33 ഒടുവിൽ, വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമായി മുറ്റം+ വേർതിരിച്ചു. മുറ്റത്തിന്റെ പ്രവേശനകവാടത്തിലിടാനുള്ള യവനികയും* തൂക്കി.+
അങ്ങനെ, മോശ പണി പൂർത്തിയാക്കി. 34 അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+ 35 മേഘം സാന്നിധ്യകൂടാരത്തിന്മേൽത്തന്നെ നിന്നിരുന്നതുകൊണ്ട് മോശയ്ക്ക് അതിനുള്ളിൽ കടക്കാൻ കഴിഞ്ഞില്ല. യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞിരുന്നു.+
36 മേഘം വിശുദ്ധകൂടാരത്തിൽനിന്ന് ഉയരുമ്പോൾ ഇസ്രായേല്യർ കൂടാരം അഴിച്ച് യാത്ര പുറപ്പെടും. യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അവർ ഇങ്ങനെ ചെയ്തിരുന്നു.+ 37 എന്നാൽ, മേഘം ഉയർന്നില്ലെങ്കിൽ, അത് ഉയരുന്ന ദിവസംവരെ അവർ യാത്ര പുറപ്പെടില്ലായിരുന്നു.+ 38 കാരണം, യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഇസ്രായേൽഗൃഹത്തിനു കാണാവുന്ന വിധത്തിൽ, വിശുദ്ധകൂടാരത്തിന്മേൽ പകൽസമയത്ത് യഹോവയുടെ മേഘവും രാത്രിയിൽ അഗ്നിയും നിന്നിരുന്നു.+
അക്ഷ. “യാക്കോബിന്റെ തുടയിൽനിന്ന് വന്നവർ.”
അക്ഷ. “ഇസ്രായേലിന്റെ പുത്രന്മാർ.”
അഥവാ “അടിമവേല ചെയ്യിക്കുന്നവരെ.”
അഥവാ “പ്രസവമെടുക്കുന്ന സ്ത്രീകൾ.”
പദാവലി കാണുക.
അഥവാ “പെട്ടകം; പെട്ടി.”
അർഥം: “വലിച്ചെടുത്ത.” അതായത്, വെള്ളത്തിൽനിന്ന് രക്ഷിച്ച.
അഥവാ “സ്ത്രീകളുടെ രക്ഷയ്ക്ക് എത്തി.”
അതായത്, യിത്രൊ.
അർഥം: “അവിടെ ഒരു പരദേശി.”
പദാവലി കാണുക.
അക്ഷ. “പിതാവിന്റെ.”
അഥവാ “ആരാധിക്കും.”
അഥവാ “ആഗ്രഹിച്ചാലും.”
അനു. എ4 കാണുക.
പദാവലിയിൽ “മൂപ്പൻ” കാണുക.
അക്ഷ. “വായ്ക്കു ഭാരവും.”
അക്ഷ. “ഞാൻ നിന്റെ വായുടെകൂടെയുണ്ടായിരിക്കും.”
അഥവാ “ദൈവത്തെ പ്രതിനിധാനം ചെയ്യും.”
അഥവാ “കൽക്കത്തി.”
പദാവലി കാണുക.
അഥവാ “ശക്തമായ.”
അക്ഷ. “കൈ ഉയർത്തി.”
അക്ഷ. “ഞാൻ പരിച്ഛേദന നടത്താത്ത ചുണ്ടുകളുള്ളവനുമാണ്.”
പദാവലിയിൽ “പിതൃഭവനം” കാണുക.
അക്ഷ. “സൈന്യംസൈന്യമായി.”
അതായത്, ഫറവോന്റെ മേൽ അധികാരം നൽകുന്നു.
അക്ഷ. “സൈന്യങ്ങളെ.”
പദാവലിയിൽ “ആഭിചാരം” കാണുക.
അതായത്, നൈലിൽനിന്നുള്ള തോടുകൾ.
ഈജിപ്തിൽ സർവസാധാരണമായി കണ്ടിരുന്ന കൊതുകിനെപ്പോലുള്ള ഒരു ചെറുപ്രാണിയായിരുന്നു ഇത്.
ഇതു ശക്തമായ മിന്നലായിരിക്കാം.
പുരാതനകാലംമുതൽ കൃഷി ചെയ്തിരുന്ന ഒരുതരം ചെടി. ഇതിന്റെ നാരു ലിനൻതുണി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.
ഇതിന്റെ എബ്രായപദം, പുരാതനകാലത്ത് ഈജിപ്തിൽ കൃഷി ചെയ്തിരുന്ന താണ തരം ഗോതമ്പിനെ കുറിക്കുന്നു.
അക്ഷ. “നമുക്ക് ഒരു കെണിയായിരിക്കും?”
മോശയായിരിക്കാനാണു സാധ്യത.
അഥവാ “ബലികളും ദഹനയാഗങ്ങളും അർപ്പിക്കാനും ഞങ്ങളെ അനുവദിക്കണം.”
അക്ഷ. “അവൻ.”
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
പദാവലി കാണുക.
അക്ഷ. “അര മുറുക്കിയും.”
പദാവലി കാണുക.
അക്ഷ. “സൈന്യങ്ങളെ.”
അതായത്, ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കുട്ടിയെ.
അക്ഷ. “ജലസംഭരണിഗൃഹത്തിൽ.”
അഥവാ “മേലാടയിൽ.”
അതായത്, ഈജിപ്തുകാർ ഉൾപ്പെടെ ഇസ്രായേല്യരല്ലാത്തവരുടെ ഒരു സമ്മിശ്രപുരുഷാരം.
അക്ഷ. “സൈന്യങ്ങൾ.”
പദാവലി കാണുക.
അക്ഷ. “സൈന്യങ്ങളെയും.”
അഥവാ “ഉഴിഞ്ഞുവെക്കുക.”
അനു. ബി15 കാണുക.
അക്ഷ. “അതിർത്തികൾക്കുള്ളിൽ.”
അക്ഷ. “കണ്ണുകൾക്കു മധ്യേ.”
അഥവാ “ഓർമിപ്പിക്കലായും.”
അക്ഷ. “കണ്ണുകൾക്കു മധ്യേ.”
അക്ഷ. “ഉയർത്തിപ്പിടിച്ച കൈയോടെ.”
എബ്രായരുടെ മൂന്നാമത്തേതും അവസാനത്തേതും ആയ യാമം. അതായത്, വെളുപ്പിന് ഏകദേശം 2 മണിമുതൽ 6 മണിവരെയുള്ള സമയം.
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അക്ഷ. “വീണ്ടെടുത്ത.”
അക്ഷ. “പ്രസവവേദന.”
അഥവാ “ഷെയ്ഖുമാർ.” ഇവർ ഗോത്രാധിപന്മാരായിരുന്നു.
അഥവാ “സ്വേച്ഛാധികാരികളെ.”
അർഥം: “കയ്പ്.”
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
ഏകദേശം 2.2 ലി. അനു. ബി14 കാണുക.
അഥവാ “ഒരു ശബത്താചരണമുണ്ടായിരിക്കും.”
അഥവാ “വിശ്രമിച്ചു.”
സാധ്യതയനുസരിച്ച്, “ഇത് എന്ത്” എന്ന എബ്രായ പദപ്രയോഗത്തിൽനിന്ന്.
“സാക്ഷ്യം” എന്നതു സുപ്രധാനരേഖകൾ സൂക്ഷിച്ചുവെക്കാനുള്ള ഒരു പെട്ടിയായിരിക്കാനാണു സാധ്യത.
ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
അർഥം: “പരീക്ഷിക്കൽ; പരീക്ഷ.”
അർഥം: “കലഹിക്കൽ.”
അഥവാ “ഓർമിപ്പിക്കലായി.”
അർഥം: “യഹോവ എന്റെ കൊടിമരം.”
അർഥം: “അവിടെ ഒരു പരദേശി.”
അർഥം: “എന്റെ ദൈവം സഹായി.”
അക്ഷ. “എല്ലാ സമയത്തും.”
അഥവാ “ഞാൻ ഏറെ പ്രിയപ്പെടുന്ന സ്വത്താകും.”
ഒരുപക്ഷേ, അമ്പ് എയ്ത്.
അക്ഷ. “ചെമ്മരിയാട്ടുകൊറ്റന്റെ കൊമ്പ് ഉപയോഗിച്ചുള്ള വിളി.”
അഥവാ “എന്നെ ധിക്കരിച്ചുകൊണ്ട്.” അക്ഷ. “എന്റെ മുഖത്തിന് എതിരെ.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
അഥവാ “സമാധാനയാഗങ്ങൾ.”
അക്ഷ. “നഗ്നത.”
പദാവലി കാണുക.
അക്ഷ. “പകരം, അവൾ വീണ്ടെടുക്കപ്പെടാൻ.”
മറ്റൊരു സാധ്യത “ഒരു ഉപകരണംകൊണ്ടോ.”
അക്ഷ. “അവളുടെ കുഞ്ഞുങ്ങൾ പുറത്ത് വന്നതല്ലാതെ.”
അഥവാ “ഗുരുതരമായ പരിക്ക്.”
അഥവാ “നഷ്ടപരിഹാരം.”
അഥവാ “ആൺകുട്ടിയെയോ പെൺകുട്ടിയെയോ ആണ്.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “പിതാവില്ലാത്ത കുട്ടിയെയോ.”
അഥവാ “കൊള്ളപ്പലിശ ഈടാക്കുന്നവനെപ്പോലെ.”
അഥവാ “മേലാട.”
അഥവാ “ഈടായി.”
അഥവാ “ഭരണാധികാരിയെയോ.”
അഥവാ “അധിക്ഷേപിക്കരുത്.”
അതായത്, എണ്ണയുടെയും വീഞ്ഞിന്റെയും ചക്കുകൾ.
അക്ഷ. “ഏറ്റെടുക്കരുത്.”
അഥവാ “ജനപ്രീതിയുള്ള മൊഴി കൊടുത്ത് നീ നീതി നിഷേധിക്കരുത്.”
അഥവാ “ഞാൻ കുറ്റവിമുക്തനാക്കില്ല.”
അഥവാ “ജീവിതം എങ്ങനെയെന്ന്.”
അനു. ബി15 കാണുക.
വാരോത്സവം അഥവാ പെന്തിക്കോസ്ത് എന്നും അറിയപ്പെട്ടിരുന്നു.
കൂടാരോത്സവം എന്നും അറിയപ്പെട്ടിരുന്നു.
മറ്റൊരു സാധ്യത “നിരാശ.”
അതായത്, യൂഫ്രട്ടീസ്.
പദാവലി കാണുക.
ഒരുതരം അക്കേഷ്യ മരത്തിന്റെ തടി.
പദാവലി കാണുക.
അഥവാ “രൂപരേഖയനുസരിച്ചുതന്നെ.”
അഥവാ “പെട്ടി.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അഥവാ “അലങ്കാരപ്പണിയുള്ള വിളുമ്പ്.”
ഏകദേശം 7.4 സെ.മീ. (2.9 ഇഞ്ച്). അനു. ബി14 കാണുക.
ഇതളുകളുടെ ചുവട്ടിൽ കാണുന്ന പച്ചനിറത്തിലുള്ള ഭാഗം.
ഒരു താലന്ത് = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അഥവാ “രൂപരേഖയനുസരിച്ചുതന്നെ.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അഥവാ “ലംബമായ രണ്ടു കാൽ.”
അഥവാ “തിരശ്ശീല.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.
അഥവാ (ബന്ധിപ്പിക്കുന്നതിനുള്ള) “വളയങ്ങളും; പട്ടകളും.”
അഥവാ “തിരശ്ശീലയുണ്ടായിരിക്കണം.”
അഥവാ “സമാഗമനകൂടാരത്തിൽ.” പദാവലി കാണുക.
അക്ഷ. “ജ്ഞാനഹൃദയമുള്ള.”
കൈപ്പത്തി ആധാരമാക്കിയുള്ള ഒരു അളവ്. ഏകദേശം 22.2 സെ.മീ. (8.75 ഇഞ്ച്). അനു. ബി14 കാണുക.
പദാവലിയിൽ “രത്നങ്ങൾ” കാണുക.
ഈ രത്നം ഏതെന്നു കൃത്യമായി അറിയില്ല. സാധ്യതയനുസരിച്ച് ചെഞ്ചല്യം, നീലരത്നം, ക്ഷീരസ്ഫടികം, കാന്തക്കല്ല് എന്നിവയിൽ ഏതെങ്കിലുമായിരിക്കാം.
പദാവലി കാണുക.
അഥവാ “തല കടത്താൻ.”
അഥവാ “വേർതിരിക്കുന്ന.”
പദാവലി കാണുക.
അക്ഷ. “അവരുടെ കൈ നിറയ്ക്കുകയും.”
അഥവാ “അതിന്മേൽ വിശുദ്ധരാജമുടിയും.”
അഥവാ “ദൈവത്തിനു പ്രീതികരമായ; ദൈവത്തിന്റെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “ദൈവത്തെ ശാന്തമാക്കുന്ന.”
പദാവലി കാണുക.
അക്ഷ. “ഒരു അന്യനും.” അതായത്, അഹരോന്റെ കുടുംബത്തിൽപ്പെടാത്തവൻ.
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിലും.”
ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.
ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അഥവാ “അലങ്കാരപ്പണിയുള്ള വിളുമ്പും.”
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
അഥവാ “വിശുദ്ധശേക്കെലിന്റെ.” ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ഗേര = 0.57 ഗ്രാം. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “വിശുദ്ധശേക്കെലിന്റെ.”
ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.
അഥവാ “സുഗന്ധതൈലക്കാരൻ തൈലം തയ്യാറാക്കുന്നതുപോലെ തയ്യാറാക്കിയതായിരിക്കണം.”
അക്ഷ. “ഒരു അന്യന്റെ.” അതായത്, അഹരോന്റെ കുടുംബത്തിൽപ്പെടാത്തവൻ.
അക്ഷ. “പേര് ചൊല്ലി വിളിച്ചിരിക്കുന്നു.”
അക്ഷ. “ജ്ഞാനഹൃദയമുള്ള.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമ.”
അക്ഷ. “വഴങ്ങാത്ത കഴുത്തുള്ള.”
അഥവാ “ഖേദം തോന്നേണമേ.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്ത്.”
അഥവാ “യഹോവയ്ക്കു ഖേദം തോന്നി.”
അക്ഷ. “വിത്തിന്.”
അക്ഷ. “വഴങ്ങാത്ത കഴുത്തുള്ള.”
അക്ഷ. “അഴിച്ചുമാറ്റി.”
അഥവാ “ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.” അക്ഷ. “എനിക്കു നിന്നെ പേരിനാൽ അറിയാം.”
അഥവാ “കൃപയും.”
അഥവാ “വിശ്വസ്തതയും.”
പദാവലി കാണുക.
അഥവാ “എതിരാളികളെ സഹിക്കാത്തവൻ.”
അനു. ബി15 കാണുക.
അഥവാ “ശബത്ത് ആചരിക്കണം.”
കൂടാരോത്സവം എന്നും അറിയപ്പെട്ടിരുന്നു.
അക്ഷ. “പത്തു വചനങ്ങൾ.”
അക്ഷ. “അവനോട്.”
അക്ഷ. “ജ്ഞാനഹൃദയമുള്ള.”
അഥവാ “തിരശ്ശീലയും.”
അഥവാ “തിരശ്ശീലയും.”
അഥവാ “ദോളനയാഗങ്ങൾ.”
അക്ഷ. “ഹൃദയജ്ഞാനം.”
അക്ഷ. “ജ്ഞാനഹൃദയമുള്ള.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അഥവാ “ലംബമായ രണ്ടു കാൽ.”
അഥവാ “തിരശ്ശീലയും.”
അഥവാ (ബന്ധിപ്പിക്കുന്നതിനുള്ള) “വളയങ്ങളും; പട്ടകളും.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അഥവാ “അലങ്കാരപ്പണിയുള്ള വിളുമ്പും.”
ഏകദേശം 7.4 സെ.മീ. (2.9 ഇഞ്ച്). അനു. ബി14 കാണുക.
അഥവാ “കൊടിലുകളും കനൽപ്പാത്രങ്ങളും.”
ഒരു താലന്ത് = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അഥവാ “സുഗന്ധതൈലക്കാരൻ തൈലം തയ്യാറാക്കുന്നതുപോലെ.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അതായത്, തേച്ചുമിനുക്കിയ ലോഹക്കണ്ണാടികൾ.
അഥവാ (ബന്ധിപ്പിക്കുന്നതിനുള്ള) “വളയങ്ങളും; പട്ടകളും.”
അഥവാ “തിരശ്ശീല.”
അഥവാ “വിശുദ്ധശേക്കെലിന്റെ.” ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു താലന്ത് = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “വിശുദ്ധശേക്കെലിന്റെ.”
അഥവാ “ദോളനയാഗമായി.”
കൈപ്പത്തി ആധാരമാക്കിയുള്ള ഒരു അളവ്. ഏകദേശം 22.2 സെ.മീ. (8.75 ഇഞ്ച്). അനു. ബി14 കാണുക.
ഈ രത്നം ഏതെന്നു കൃത്യമായി അറിയില്ല. സാധ്യതയനുസരിച്ച് ചെഞ്ചല്യം, നീലരത്നം, ക്ഷീരസ്ഫടികം, കാന്തക്കല്ല് എന്നിവയിൽ ഏതെങ്കിലുമായിരിക്കാം.
അഥവാ “വിശുദ്ധരാജമുടിയായ.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീലയും.”