സംഖ്യ
1 ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം വർഷം രണ്ടാം മാസം ഒന്നാം ദിവസം+ സീനായ് വിജനഭൂമിയിൽവെച്ച്*+ സാന്നിധ്യകൂടാരത്തിൽനിന്ന്*+ യഹോവ മോശയോടു സംസാരിച്ചു. ദൈവം പറഞ്ഞു: 2 “കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും* ഇസ്രായേൽസമൂഹത്തിലുള്ള എല്ലാ പുരുഷന്മാരുടെയും പേരുകൾ എണ്ണി* ഒരു കണക്കെടുപ്പു നടത്തണം.+ 3 ഇസ്രായേലിൽ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ എല്ലാവരുടെയും പേരുകൾ അവരുടെ ഗണമനുസരിച്ച്* നീയും അഹരോനും രേഖപ്പെടുത്തണം.
4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+ 5 നിങ്ങളെ സഹായിക്കേണ്ടവരുടെ പേരുകൾ ഇതാണ്: രൂബേനിൽനിന്ന് ശെദേയൂരിന്റെ മകൻ എലീസൂർ,+ 6 ശിമെയോനിൽനിന്ന് സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ,+ 7 യഹൂദയിൽനിന്ന് അമ്മീനാദാബിന്റെ മകൻ നഹശോൻ,+ 8 യിസ്സാഖാരിൽനിന്ന് സൂവാരിന്റെ മകൻ നെഥനയേൽ,+ 9 സെബുലൂനിൽനിന്ന് ഹേലോന്റെ മകൻ എലിയാബ്,+ 10 യോസേഫിന്റെ ആൺമക്കളിൽ എഫ്രയീമിൽനിന്ന്+ അമ്മീഹൂദിന്റെ മകൻ എലീശാമ, മനശ്ശെയിൽനിന്ന് പെദാസൂരിന്റെ മകൻ ഗമാലിയേൽ, 11 ബന്യാമീനിൽനിന്ന് ഗിദെയോനിയുടെ മകൻ അബീദാൻ,+ 12 ദാനിൽനിന്ന് അമ്മീശദ്ദായിയുടെ മകൻ അഹിയേസെർ,+ 13 ആശേരിൽനിന്ന് ഒക്രാന്റെ മകൻ പഗീയേൽ,+ 14 ഗാദിൽനിന്ന് ദയൂവേലിന്റെ മകൻ എലിയാസാഫ്,+ 15 നഫ്താലിയിൽനിന്ന് എനാന്റെ മകൻ അഹീര.+ 16 ഇസ്രായേൽസമൂഹത്തിൽനിന്ന് തിരഞ്ഞെടുത്തിരിക്കുന്ന ഇവർ ഇവരുടെ പിതാക്കന്മാരുടെ ഗോത്രങ്ങൾക്കു തലവന്മാരാണ്.+ അതായത് ഇസ്രായേലിലെ സഹസ്രങ്ങൾക്ക് അധിപന്മാർ.”+
17 അങ്ങനെ, നാമനിർദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശയും അഹരോനും തിരഞ്ഞെടുത്തു. 18 പേര്, കുടുംബം, പിതൃഭവനം എന്നിവയുടെ അടിസ്ഥാനത്തിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്താനായി രണ്ടാം മാസം ഒന്നാം ദിവസം അവർ ഇസ്രായേൽസമൂഹത്തെ മുഴുവൻ കൂട്ടിവരുത്തി. 19 യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ചെയ്തു. അങ്ങനെ സീനായ് വിജനഭൂമിയിൽവെച്ച് മോശ അവരുടെയെല്ലാം പേരുകൾ രേഖപ്പെടുത്തി.+
20 ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ മക്കളെ, അതായത് രൂബേന്റെ വംശജരെ,+ അവരുടെ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 21 രൂബേൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 46,500.
22 ശിമെയോന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 23 ശിമെയോൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 59,300.
24 ഗാദിന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 25 ഗാദ് ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 45,650.
26 യഹൂദയുടെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 27 യഹൂദ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 74,600.
28 യിസ്സാഖാരിന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 29 യിസ്സാഖാർ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 54,400.
30 സെബുലൂന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 31 സെബുലൂൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 57,400.
32 എഫ്രയീമിലൂടെയുള്ള യോസേഫിന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 33 എഫ്രയീം ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 40,500.
34 മനശ്ശെയുടെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 35 മനശ്ശെ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 32,200.
36 ബന്യാമീന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 37 ബന്യാമീൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 35,400.
38 ദാന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 39 ദാൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 62,700.
40 ആശേരിന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 41 ആശേർ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 41,500.
42 നഫ്താലിയുടെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി. 43 നഫ്താലി ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 53,400.
44 ഇവരെയാണു മോശ അഹരോന്റെയും അവരവരുടെ പിതൃഭവനത്തെ പ്രതിനിധീകരിക്കുന്ന ഇസ്രായേലിലെ 12 തലവന്മാരുടെയും സഹായത്തോടെ പേര് ചേർത്തത്. 45 ഇസ്രായേലിലെ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ഇസ്രായേല്യരുടെയും പേര് അവരുടെ പിതൃഭവനമനുസരിച്ച് രേഖപ്പെടുത്തി. 46 അങ്ങനെ പേര് ചേർത്തവർ ആകെ 6,03,550.+
47 എന്നാൽ ലേവ്യരെ+ പിതാക്കന്മാരുടെ ഗോത്രമനുസരിച്ച് ഇവരോടൊപ്പം പട്ടികപ്പെടുത്തിയില്ല.+ 48 യഹോവ മോശയോടു പറഞ്ഞു: 49 “ലേവി ഗോത്രത്തെ മാത്രം നീ രേഖയിൽ ചേർക്കരുത്; മറ്റ് ഇസ്രായേല്യരുടെ എണ്ണത്തിൽ ഇവരുടെ സംഖ്യ ഉൾപ്പെടുത്തുകയുമരുത്.+ 50 ലേവ്യരെ നീ സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനും+ അതിന്റെ എല്ലാ ഉപകരണങ്ങൾക്കും അതിനോടു ബന്ധപ്പെട്ട എല്ലാത്തിനും മേൽ നിയമിക്കണം.+ അവർ വിശുദ്ധകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും+ ചുമക്കുകയും അതിൽ ശുശ്രൂഷ+ ചെയ്യുകയും വേണം. അവർ വിശുദ്ധകൂടാരത്തിനു ചുറ്റും പാളയമടിക്കണം.+ 51 വിശുദ്ധകൂടാരം നീക്കേണ്ടിവരുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം.+ വിശുദ്ധകൂടാരം വീണ്ടും സ്ഥാപിക്കേണ്ടിവരുമ്പോൾ ലേവ്യർ അതു കൂട്ടിയോജിപ്പിക്കണം. അധികാരപ്പെടുത്താത്ത ആരെങ്കിലും* അതിന് അടുത്ത് വന്നാൽ അയാളെ കൊന്നുകളയണം.+
52 “ഇസ്രായേല്യർ ഓരോരുത്തരും അവരവർക്കു നിയമിച്ചുകിട്ടിയ പാളയത്തിൽത്തന്നെ കൂടാരം അടിക്കണം. ഓരോരുത്തരും മൂന്നുഗോത്രവിഭാഗത്തിൽ*+ സ്വന്തം ഗണത്തിൽത്തന്നെ കൂടാരം അടിക്കണം. 53 ഇസ്രായേൽസമൂഹത്തിനു നേരെ ദൈവക്രോധം ജ്വലിക്കാതിരിക്കാൻ+ ലേവ്യർ സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനു ചുറ്റും പാളയമടിക്കണം. ലേവ്യർക്കായിരിക്കും അതിന്റെ സംരക്ഷണച്ചുമതല.”*+
54 യഹോവ മോശയോടു കല്പിച്ചതെല്ലാം ഇസ്രായേൽ ജനം അനുസരിച്ചു; അങ്ങനെതന്നെ അവർ ചെയ്തു.
2 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 2 “ഇസ്രായേല്യർ തങ്ങളുടെ മൂന്നുഗോത്രവിഭാഗത്തിനു നിയമിച്ചുകിട്ടിയ സ്ഥലത്ത്,+ അവനവന്റെ പിതൃഭവനത്തിന്റെ കൊടിക്കരികെ,* പാളയമടിക്കണം. അവർ സാന്നിധ്യകൂടാരത്തിന് അഭിമുഖമായി അതിനു ചുറ്റും പാളയമടിക്കണം.
3 “യഹൂദ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി* കിഴക്കുഭാഗത്ത് സൂര്യോദയത്തിനു നേരെ പാളയമടിക്കേണ്ടത്. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ യഹൂദയുടെ വംശജരുടെ തലവൻ. 4 നഹശോന്റെ സൈന്യത്തിൽ പേര് ചേർത്തവർ 74,600.+ 5 യിസ്സാഖാർ ഗോത്രമാണു നഹശോന്റെ അരികിൽ പാളയമടിക്കേണ്ടത്. സൂവാരിന്റെ മകൻ നെഥനയേലാണു+ യിസ്സാഖാരിന്റെ വംശജരുടെ തലവൻ. 6 നെഥനയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 54,400.+ 7 അടുത്തായി സെബുലൂൻ ഗോത്രം. ഹേലോന്റെ മകൻ എലിയാബാണു+ സെബുലൂന്റെ വംശജരുടെ തലവൻ. 8 എലിയാബിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 57,400.+
9 “യഹൂദ നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,86,400. അവരാണ് ആദ്യം കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+
10 “രൂബേൻ+ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി തെക്കുഭാഗത്ത് പാളയമടിക്കേണ്ടത്. ശെദേയൂരിന്റെ മകൻ എലീസൂരാണു+ രൂബേന്റെ വംശജരുടെ തലവൻ. 11 എലീസൂരിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 46,500.+ 12 ശിമെയോൻ ഗോത്രമാണ് എലീസൂരിന്റെ അരികിൽ പാളയമടിക്കേണ്ടത്. സൂരിശദ്ദായിയുടെ മകൻ ശെലൂമിയേലാണു+ ശിമെയോന്റെ വംശജരുടെ തലവൻ. 13 ശെലൂമിയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 59,300.+ 14 അടുത്തായി ഗാദ് ഗോത്രം. രയൂവേലിന്റെ മകൻ എലിയാസാഫാണു+ ഗാദിന്റെ വംശജരുടെ തലവൻ. 15 എലിയാസാഫിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 45,650.+
16 “രൂബേൻ നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,51,450. അവരാണു രണ്ടാമതു കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+
17 “സാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോൾ+ ലേവ്യരുടെ പാളയം മറ്റു പാളയങ്ങളുടെ നടുവിലായിരിക്കണം.
“പാളയമടിക്കുന്ന അതേ ക്രമത്തിൽ,+ തങ്ങളുടെ മൂന്നുഗോത്രവിഭാഗമനുസരിച്ച് അതാതിന്റെ സ്ഥാനത്തുതന്നെ, അവർ സഞ്ചരിക്കണം.
18 “ഗണംഗണമായി പടിഞ്ഞാറുഭാഗത്ത് പാളയമടിക്കേണ്ടത് എഫ്രയീം നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണ്. അമ്മീഹൂദിന്റെ മകൻ എലീശാമയാണ്+ എഫ്രയീമിന്റെ വംശജരുടെ തലവൻ. 19 എലീശാമയുടെ സൈന്യത്തിൽ പേര് ചേർത്തവർ 40,500.+ 20 എലീശാമയുടെ അടുത്തായി മനശ്ശെ ഗോത്രം.+ പെദാസൂരിന്റെ മകൻ ഗമാലിയേലാണു+ മനശ്ശെയുടെ വംശജരുടെ തലവൻ. 21 ഗമാലിയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 32,200.+ 22 അടുത്തായി ബന്യാമീൻ ഗോത്രം. ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീന്റെ വംശജരുടെ തലവൻ. 23 അബീദാന്റെ സൈന്യത്തിൽ പേര് ചേർത്തവർ 35,400.+
24 “എഫ്രയീം നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,08,100. അവരാണു മൂന്നാമതു കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+
25 “ദാൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി വടക്കുഭാഗത്ത് പാളയമടിക്കേണ്ടത്. അമ്മീശദ്ദായിയുടെ മകൻ അഹിയേസെരാണു ദാന്റെ വംശജരുടെ തലവൻ.+ 26 അഹിയേസെരിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 62,700.+ 27 ആശേർ ഗോത്രമാണ് അഹിയേസെരിന്റെ അരികിൽ പാളയമടിക്കേണ്ടത്. ഒക്രാന്റെ മകൻ പഗീയേലാണ് ആശേരിന്റെ വംശജരുടെ തലവൻ.+ 28 പഗീയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 41,500.+ 29 അടുത്തായി നഫ്താലി ഗോത്രം. എനാന്റെ മകൻ അഹീരയാണു നഫ്താലിയുടെ വംശജരുടെ തലവൻ.+ 30 അഹീരയുടെ സൈന്യത്തിൽ പേര് ചേർത്തവർ 53,400.+
31 “ദാൻ നയിക്കുന്ന പാളയത്തിൽ പേര് ചേർത്തവർ ആകെ 1,57,600. അവരാണു മൂന്നുഗോത്രവിഭാഗമനുസരിച്ച് അവസാനം കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.”+
32 പിതൃഭവനമനുസരിച്ച് പാളയങ്ങളിൽനിന്ന് സൈന്യത്തിൽ പേര് ചേർത്ത ഇസ്രായേല്യർ ഇവരായിരുന്നു; ആകെ 6,03,550 പേർ.+ 33 എന്നാൽ യഹോവ മോശയോടു കല്പിച്ചിരുന്നതുപോലെ, മറ്റ് ഇസ്രായേല്യരോടൊപ്പം മോശ ലേവ്യരുടെ പേര് ചേർത്തില്ല.+ 34 യഹോവ മോശയോടു കല്പിച്ചതെല്ലാം ഇസ്രായേല്യർ അനുസരിച്ചു. കുടുംബം, പിതൃഭവനം എന്നിവയുടെ അടിസ്ഥാനത്തിൽ അവർ ഓരോരുത്തരും തങ്ങളുടെ മൂന്നുഗോത്രവിഭാഗത്തിൽ+ പാളയമടിച്ചതും കൂടാരം അഴിച്ച് പുറപ്പെട്ടതും+ ഇങ്ങനെയായിരുന്നു.
3 യഹോവ സീനായ് പർവതത്തിൽവെച്ച്+ മോശയോടു സംസാരിച്ച കാലത്ത് മോശയുടെയും അഹരോന്റെയും വംശപരമ്പര* ഇതായിരുന്നു. 2 അഹരോന്റെ ആൺമക്കളുടെ പേരുകൾ: മൂത്ത മകൻ നാദാബ്. കൂടാതെ അബീഹു,+ എലെയാസർ,+ ഈഥാമാർ.+ 3 അഹരോന്റെ ആൺമക്കളുടെ, അതായത് പുരോഹിതശുശ്രൂഷയ്ക്കു നിയമിതരായ അഭിഷിക്തപുരോഹിതന്മാരുടെ, പേരുകൾ ഇവയാണ്.+ 4 എന്നാൽ സീനായ് വിജനഭൂമിയിൽവെച്ച് യഹോവയുടെ മുമ്പാകെ അയോഗ്യമായ അഗ്നി അർപ്പിച്ചപ്പോൾ നാദാബും അബീഹുവും യഹോവയുടെ സന്നിധിയിൽവെച്ച് മരിച്ചുപോയി.+ അവർക്ക് ആൺമക്കളുണ്ടായിരുന്നില്ല. എന്നാൽ എലെയാസരും+ ഈഥാമാരും+ അപ്പനായ അഹരോനോടൊപ്പം പുരോഹിതശുശ്രൂഷയിൽ തുടർന്നു.
5 പിന്നെ യഹോവ മോശയോടു പറഞ്ഞു: 6 “ലേവി ഗോത്രത്തെ കൊണ്ടുവന്ന്+ പുരോഹിതനായ അഹരോന്റെ മുമ്പാകെ നിറുത്തുക. അവർ അഹരോനു ശുശ്രൂഷ ചെയ്യും.+ 7 വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട തങ്ങളുടെ ശുശ്രൂഷ നിർവഹിച്ചുകൊണ്ട് അവർ അഹരോനോടും മുഴുവൻ സമൂഹത്തോടും ഉള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ സാന്നിധ്യകൂടാരത്തിനു മുമ്പാകെ നിറവേറ്റണം. 8 അവർക്കായിരിക്കും സാന്നിധ്യകൂടാരത്തിലെ എല്ലാ ഉപകരണങ്ങളുടെയും സംരക്ഷണച്ചുമതല.+ വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട സേവനങ്ങൾ നിർവഹിച്ചുകൊണ്ട് ഇസ്രായേല്യരോടുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ അവർ നിറവേറ്റണം.+ 9 ലേവ്യരെ നീ അഹരോനും ആൺമക്കൾക്കും കൊടുക്കണം. അവരെ വേർതിരിച്ചിരിക്കുന്നു, ഇസ്രായേല്യരിൽനിന്ന് അഹരോനുവേണ്ടി വേർതിരിച്ചിരിക്കുന്നു.+ 10 നീ അഹരോനെയും ആൺമക്കളെയും പുരോഹിതകർമങ്ങൾ നിർവഹിക്കാൻ നിയമിക്കണം.+ അർഹതയില്ലാത്ത ആരെങ്കിലും* അടുത്ത് വന്നാൽ അയാളെ കൊന്നുകളയണം.”+
11 പിന്നെ യഹോവ മോശയോടു പറഞ്ഞു: 12 “ഞാൻ ഇതാ, ഇസ്രായേലിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരമായി ലേവ്യരെ ഇസ്രായേല്യരിൽനിന്ന് എടുക്കുന്നു!+ ലേവ്യർ എന്റേതായിരിക്കും. 13 കാരണം മൂത്ത ആൺമക്കളെല്ലാം എന്റേതാണ്.+ ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ച ദിവസം+ ഞാൻ ഇസ്രായേലിലെ മൂത്ത ആൺമക്കളെ, മനുഷ്യന്റെമുതൽ മൃഗങ്ങളുടെവരെ എല്ലാത്തിന്റെയും കടിഞ്ഞൂലുകളെ, എനിക്കുവേണ്ടി വിശുദ്ധീകരിച്ചു.+ അവർ എന്റേതാകും. ഞാൻ യഹോവയാണ്.”
14 സീനായ് വിജനഭൂമിയിൽവെച്ച്+ യഹോവ പിന്നെയും മോശയോടു സംസാരിച്ചു. ദൈവം പറഞ്ഞു: 15 “ലേവിയുടെ വംശജരുടെ പേരുകൾ അവരുടെ പിതൃഭവനങ്ങളും കുടുംബങ്ങളും അനുസരിച്ച് രേഖയിൽ ചേർക്കുക. ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ആണുങ്ങളുടെയും പേര് ചേർക്കണം.”+ 16 അങ്ങനെ യഹോവയുടെ ആജ്ഞയനുസരിച്ച്, ദൈവം കല്പിച്ചതുപോലെതന്നെ, മോശ അവരുടെ പേര് രേഖപ്പെടുത്തി. 17 ലേവിയുടെ ആൺമക്കളുടെ പേരുകൾ ഇതാണ്: ഗർശോൻ, കൊഹാത്ത്, മെരാരി.+
18 കുടുംബമനുസരിച്ച് ഗർശോന്റെ ആൺമക്കളുടെ പേരുകൾ: ലിബ്നി, ശിമെയി.+
19 കുടുംബമനുസരിച്ച് കൊഹാത്തിന്റെ ആൺമക്കൾ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.+
20 കുടുംബമനുസരിച്ച് മെരാരിയുടെ ആൺമക്കൾ: മഹ്ലി,+ മൂശി.+
ഇവയായിരുന്നു പിതൃഭവനമനുസരിച്ച് ലേവ്യരുടെ കുടുംബങ്ങൾ.
21 ഗർശോനിൽനിന്നാണു ലിബ്നിയരുടെ+ കുടുംബവും ശിമെയിയരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു ഗർശോന്യരുടെ കുടുംബങ്ങൾ. 22 അവരുടെ ഇടയിൽനിന്ന് പേര് ചേർത്ത, ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 7,500.+ 23 ഗർശോന്യരുടെ കുടുംബങ്ങൾ വിശുദ്ധകൂടാരത്തിനു പുറകിൽ പടിഞ്ഞാറാണു പാളയമടിച്ചിരുന്നത്.+ 24 ഗർശോന്യരുടെ പിതൃഭവനത്തിന്റെ തലവൻ ലായേലിന്റെ മകൻ എലിയാസാഫായിരുന്നു. 25 പിൻവരുന്നവയുടെ പരിരക്ഷയും അവയോടു ബന്ധപ്പെട്ട സേവനങ്ങളും ആയിരുന്നു വിശുദ്ധകൂടാരത്തിൽ ഗർശോന്റെ വംശജരുടെ ഉത്തരവാദിത്വം:+ വിശുദ്ധകൂടാരം,+ അതിന്റെ ആവരണങ്ങൾ,+ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യവനിക,*+ 26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിന്റെയും യാഗപീഠത്തിന്റെയും ചുറ്റുമുള്ള മുറ്റത്തെ പ്രവേശനകവാടത്തിലെ യവനിക,*+ അതിന്റെ കൂടാരക്കയറുകൾ.
27 കൊഹാത്തിൽനിന്നാണ് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു കൊഹാത്യരുടെ കുടുംബങ്ങൾ.+ 28 അവരിൽ ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള ആണുങ്ങളുടെ ആകെ എണ്ണം 8,600. അവർക്കായിരുന്നു വിശുദ്ധസ്ഥലം പരിപാലിക്കാനുള്ള ഉത്തരവാദിത്വം.+ 29 കൊഹാത്തിന്റെ വംശജരുടെ കുടുംബങ്ങൾ വിശുദ്ധകൂടാരത്തിന്റെ തെക്കുഭാഗത്താണു പാളയമടിച്ചിരുന്നത്.+ 30 ഉസ്സീയേലിന്റെ മകനായ എലീസാഫാനായിരുന്നു കൊഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്റെ തലവൻ.+ 31 പെട്ടകം,+ മേശ,+ തണ്ടുവിളക്ക്,+ യാഗപീഠങ്ങൾ,+ വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ,+ യവനിക*+ എന്നിവയുടെ പരിരക്ഷയും ഇവയോടു ബന്ധപ്പെട്ട സേവനങ്ങളും ആയിരുന്നു അവരുടെ ഉത്തരവാദിത്വം.+
32 ലേവ്യരുടെ മുഖ്യതലവൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസരായിരുന്നു.+ എലെയാസരാണു വിശുദ്ധസ്ഥലത്തെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നവർക്കു മേൽനോട്ടം വഹിച്ചിരുന്നത്.
33 മെരാരിയിൽനിന്നാണു മഹ്ലിയരുടെ കുടുംബവും മൂശിയരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു മെരാരിയുടെ കുടുംബങ്ങൾ.+ 34 അവരുടെ ഇടയിൽനിന്ന് പേര് ചേർത്ത, ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 6,200.+ 35 മെരാരിയുടെ കുടുംബങ്ങളുടെ പിതൃഭവനത്തിന്റെ തലവൻ അബീഹയിലിന്റെ മകനായ സൂരിയെലായിരുന്നു. വിശുദ്ധകൂടാരത്തിന്റെ വടക്കുഭാഗത്താണ് അവർ പാളയമടിച്ചിരുന്നത്.+ 36 വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാമ്പലുകൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടുകൾ, അതിന്റെ ഉപകരണങ്ങൾ+ എന്നിവയുടെയും അവയോടു ബന്ധപ്പെട്ട സേവനങ്ങളുടെയും മേൽനോട്ടം മെരാരിയുടെ വംശജർക്കായിരുന്നു.+ 37 മുറ്റത്തിനു ചുറ്റുമുണ്ടായിരുന്ന തൂണുകൾ, അവയുടെ ചുവടുകൾ,+ അവയുടെ കൂടാരക്കുറ്റികൾ, അവയുടെ കൂടാരക്കയറുകൾ എന്നിവയുടെ മേൽനോട്ടവും അവർക്കായിരുന്നു.
38 മോശയും അഹരോനും അഹരോന്റെ ആൺമക്കളും ആണ് വിശുദ്ധകൂടാരത്തിനു മുന്നിൽ കിഴക്കുഭാഗത്ത്, സാന്നിധ്യകൂടാരത്തിനു മുന്നിൽ സൂര്യോദയത്തിനു നേരെ, പാളയമടിച്ചിരുന്നത്. ഇസ്രായേല്യരെ പ്രതിനിധീകരിച്ച് വിശുദ്ധമന്ദിരം പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്കായിരുന്നു. അർഹതയില്ലാത്ത ആരെങ്കിലും* അടുത്തേക്കു വന്നാൽ അയാളെ കൊന്നുകളയണമായിരുന്നു.+
39 യഹോവ കല്പിച്ചതുപോലെ, മോശയും അഹരോനും ലേവ്യപുരുഷന്മാരുടെയെല്ലാം പേരുകൾ അവരുടെ കുടുംബമനുസരിച്ച് രേഖയിൽ ചേർത്തു. ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള ആണുങ്ങൾ ആകെ 22,000 ആയിരുന്നു.
40 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേല്യരിൽ ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള മൂത്ത ആൺമക്കളുടെയെല്ലാം പേര് ചേർക്കുക.+ അവരെ എണ്ണി അവരുടെ പേരിന്റെ ഒരു പട്ടിക ഉണ്ടാക്കണം. 41 ഇസ്രായേല്യരിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരം ലേവ്യരെ നീ എനിക്കായി എടുക്കണം.+ ഇസ്രായേല്യരുടെ വളർത്തുമൃഗങ്ങളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ വളർത്തുമൃഗങ്ങളെയും നീ എടുക്കണം.+ ഞാൻ യഹോവയാണ്.” 42 അങ്ങനെ യഹോവ കല്പിച്ചതുപോലെതന്നെ മോശ ഇസ്രായേലിലെ മൂത്ത ആൺമക്കളുടെയെല്ലാം പേര് ചേർത്തു. 43 ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള മൂത്ത ആൺമക്കളുടെയെല്ലാം പേര് ചേർത്തു. അവരുടെ എണ്ണം ആകെ 22,273.
44 യഹോവ പിന്നെയും മോശയോടു പറഞ്ഞു: 45 “ഇസ്രായേല്യരുടെ മൂത്ത ആൺമക്കൾക്കു പകരം ലേവ്യരെയും ഇസ്രായേല്യരുടെ വളർത്തുമൃഗങ്ങൾക്കു പകരം ലേവ്യരുടെ വളർത്തുമൃഗങ്ങളെയും എടുക്കുക. അങ്ങനെ ലേവ്യർ എന്റേതായിത്തീരും. ഞാൻ യഹോവയാണ്. 46 ഇസ്രായേല്യരിൽ ലേവ്യരെക്കാൾ അധികമുള്ള 273 മൂത്ത ആൺമക്കളുടെ+ മോചനവിലയായി,+ 47 വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം ആളൊന്നിന് അഞ്ചു ശേക്കെൽ* വീതം+ നീ എടുക്കണം. ഒരു ശേക്കെൽ 20 ഗേരയാണ്.*+ 48 അധികമുള്ളവരുടെ മോചനവിലയായി നീ ആ പണം അഹരോനും ആൺമക്കൾക്കും കൊടുക്കണം.” 49 അങ്ങനെ ലേവ്യരുടെ എണ്ണത്തെക്കാൾ അധികമുള്ളവരെ വീണ്ടെടുക്കാൻവേണ്ടി വീണ്ടെടുപ്പുവിലയായി നൽകേണ്ട പണം മോശ ശേഖരിച്ചു. 50 മോശ ഇസ്രായേലിലെ മൂത്ത ആൺമക്കളിൽനിന്ന് ആ പണം—വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം 1,365 ശേക്കെൽ—ശേഖരിച്ചു. 51 യഹോവയുടെ വാക്കനുസരിച്ച് മോശ മോചനവിലയായ ആ പണം അഹരോനും ആൺമക്കൾക്കും കൊടുത്തു. യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്തു.
4 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 2 “ലേവിയുടെ വംശജരുടെ ഇടയിൽനിന്ന് കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും കൊഹാത്തിന്റെ വംശജരുടെ+ കണക്കെടുക്കണം. 3 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം+ ലഭിച്ച കൂട്ടത്തിലുള്ള, 30-നും+ 50-നും+ ഇടയിൽ പ്രായമുള്ള, എല്ലാവരെയും എണ്ണണം.
4 “സാന്നിധ്യകൂടാരത്തിൽ കൊഹാത്തിന്റെ വംശജർ അനുഷ്ഠിക്കേണ്ട സേവനം ഇതാണ്.+ അത് അതിവിശുദ്ധമാണ്: 5 പാളയം പുറപ്പെടുമ്പോൾ അഹരോനും ആൺമക്കളും അകത്ത് വന്ന് തിരശ്ശീല+ അഴിച്ചെടുത്ത് അതുകൊണ്ട് സാക്ഷ്യപെട്ടകം+ മൂടണം. 6 അവർ അതിനു മുകളിൽ കടൽനായ്ത്തോൽകൊണ്ടുള്ള ഒരു ആവരണം ഇട്ട് അതിന്മേൽ നീലത്തുണി വിരിക്കണം. എന്നിട്ട്, അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അതിന്റെ സ്ഥാനത്ത് ഇടണം.
7 “കാഴ്ചയപ്പത്തിന്റെ മേശയിലും+ അവർ ഒരു നീലത്തുണി വിരിക്കണം. തുടർന്ന് അതിൽ തളികകളും പാനപാത്രങ്ങളും കുഴിയൻപാത്രങ്ങളും പാനീയയാഗത്തിനുള്ള കുടങ്ങളും വെക്കണം.+ പതിവായി അർപ്പിക്കുന്ന അപ്പം+ അതിന്മേലുണ്ടായിരിക്കണം. 8 അവയുടെ മേൽ കടുഞ്ചുവപ്പുതുണി വിരിച്ചിട്ട് കടൽനായ്ത്തോലുകൊണ്ടുള്ള ആവരണം ഇട്ട് മൂടണം. എന്നിട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത് ഇടണം. 9 അതിനു ശേഷം അവർ ഒരു നീലത്തുണി എടുത്ത് തണ്ടുവിളക്ക്,+ അതിന്റെ ദീപങ്ങളും+ അതിന്റെ കൊടിലുകളും കത്തിയ തിരി ഇടാനുള്ള പാത്രങ്ങളും+ വിളക്കിനുള്ള എണ്ണ സൂക്ഷിക്കുന്ന എല്ലാ പാത്രങ്ങളും സഹിതം മൂടണം. 10 അവർ അതും അതിന്റെ എല്ലാ ഉപകരണങ്ങളും കടൽനായ്ത്തോൽകൊണ്ടുള്ള ആവരണംകൊണ്ട് പൊതിഞ്ഞിട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടിൽ വെക്കണം. 11 കൂടാതെ സ്വർണയാഗപീഠത്തിന്മേൽ+ നീലത്തുണി വിരിച്ചിട്ട് അതു കടൽനായ്ത്തോൽകൊണ്ടുള്ള ആവരണത്താൽ മൂടണം. അതിനു ശേഷം, അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത് ഇടണം. 12 പിന്നെ അവർ വിശുദ്ധസ്ഥലത്തെ അവരുടെ പതിവായുള്ള ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം+ എടുത്ത് ഒരു നീലത്തുണിയിൽ വെച്ചശേഷം കടൽനായ്ത്തോൽകൊണ്ടുള്ള ആവരണത്താൽ മൂടണം. എന്നിട്ട് അവ ചുമന്നുകൊണ്ടുപോകാനുള്ള തണ്ടിൽ വെക്കണം.
13 “അവർ യാഗപീഠത്തിൽനിന്ന് ചാരം* നീക്കിക്കളയണം.+ അതിനു ശേഷം അതിൽ പർപ്പിൾ നിറത്തിലുള്ള ഒരു കമ്പിളിത്തുണി വിരിക്കണം. 14 അവർ യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഉപയോഗിക്കാറുള്ള അതിന്റെ എല്ലാ ഉപകരണങ്ങളും, അതായത് കനൽപ്പാത്രങ്ങളും മുൾക്കരണ്ടികളും കോരികകളും കുഴിയൻപാത്രങ്ങളും ഉൾപ്പെടെ യാഗപീഠത്തിലെ എല്ലാ ഉപകരണങ്ങളും,+ അവർ അതിന്മേൽ വെക്കണം. പിന്നെ അവർ അതിന്മേൽ കടൽനായ്ത്തോൽകൊണ്ടുള്ള ആവരണം ഇട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അതിന്റെ സ്ഥാനത്ത് ഇടണം.
15 “പാളയം പുറപ്പെടുമ്പോഴേക്കും അഹരോനും ആൺമക്കളും വന്ന് വിശുദ്ധസ്ഥലവും വിശുദ്ധസ്ഥലത്തെ എല്ലാ ഉപകരണങ്ങളും മൂടിയിട്ടുണ്ടാകണം.+ അതിനു ശേഷം കൊഹാത്തിന്റെ വംശജർ അകത്ത് വന്ന് അവയെല്ലാം കൊണ്ടുപോകണം.+ എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധസ്ഥലത്തുള്ള യാതൊന്നിലും തൊടരുത്.+ ഇവയെല്ലാമാണു സാന്നിധ്യകൂടാരവുമായി ബന്ധപ്പെട്ട് കൊഹാത്തിന്റെ വംശജരുടെ ഉത്തരവാദിത്വങ്ങൾ.*
16 “പുരോഹിതനായ അഹരോന്റെ മകൻ എലെയാസരിനാണു+ വിളക്കിനുള്ള എണ്ണയുടെയും+ സുഗന്ധദ്രവ്യത്തിന്റെയും+ പതിവായുള്ള ധാന്യയാഗത്തിന്റെയും അഭിഷേകതൈലത്തിന്റെയും+ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം. മുഴുവിശുദ്ധകൂടാരത്തിന്റെയും അതിലുള്ള എല്ലാത്തിന്റെയും, വിശുദ്ധസ്ഥലവും അതിന്റെ ഉപകരണങ്ങളും സഹിതം എല്ലാത്തിന്റെയും, മേൽനോട്ടം വഹിക്കേണ്ടത് എലെയാസരാണ്.”
17 യഹോവ പിന്നെ മോശയോടും അഹരോനോടും പറഞ്ഞു: 18 “ലേവ്യരുടെ ഇടയിൽനിന്ന് കൊഹാത്യകുടുംബങ്ങളുടെ+ ഗോത്രം ഒരിക്കലും നശിപ്പിക്കപ്പെടരുത്. 19 അവർ അതിവിശുദ്ധവസ്തുക്കളുടെ അടുത്ത് ചെല്ലുമ്പോൾ മരിക്കാതെ ജീവിച്ചിരിക്കാനായി അവർക്കുവേണ്ടി ഇങ്ങനെ ചെയ്യുക:+ അഹരോനും ആൺമക്കളും അകത്ത് ചെന്ന് അവർ ഓരോരുത്തരും എന്തു സേവനം ചെയ്യണമെന്നും എന്തെല്ലാം ചുമക്കണമെന്നും നിയമിച്ചുകൊടുക്കണം. 20 അവർ അകത്ത് കടന്ന് വിശുദ്ധവസ്തുക്കൾ ഒരു നോക്കുപോലും കാണരുത്. അല്ലാത്തപക്ഷം അവർ മരിക്കും.”+
21 പിന്നെ യഹോവ മോശയോടു പറഞ്ഞു: 22 “പിതൃഭവനമനുസരിച്ചും കുടുംബമനുസരിച്ചും ഗർശോന്റെ വംശജരുടെ+ കണക്കെടുക്കണം. 23 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരെയും നീ എണ്ണണം. 24 ഗർശോന്യകുടുംബങ്ങൾക്കു പരിരക്ഷിക്കാനും ചുമക്കാനും നിയമിച്ചുകൊടുത്തത് ഇവയാണ്:+ 25 വിശുദ്ധകൂടാരത്തിന്റെ കൂടാരത്തുണികൾ,+ സാന്നിധ്യകൂടാരം, അതിന്റെ ആവരണം, അതിനു മുകളിലുള്ള കടൽനായ്ത്തോൽകൊണ്ടുള്ള ആവരണം,+ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യവനിക,*+ 26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള മുറ്റത്തിന്റെ പ്രവേശനകവാടത്തിലെ യവനിക,*+ അവയുടെ കൂടാരക്കയറുകൾ, അവയുടെ ഉപകരണങ്ങൾ എന്നിങ്ങനെ അതിന്റെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്നതെല്ലാം അവർ ചുമക്കണം. ഇതാണ് അവരുടെ നിയമനം. 27 ഗർശോന്യരുടെ+ എല്ലാ സേവനങ്ങൾക്കും ചുമതലകൾക്കും മേൽനോട്ടം വഹിക്കേണ്ടത് അഹരോനും ആൺമക്കളും ആണ്. ഈ ചുമതലകളെല്ലാം അവരുടെ ഉത്തരവാദിത്വമായി നീ അവർക്കു നിയമിച്ചുകൊടുക്കണം. 28 ഇതാണു സാന്നിധ്യകൂടാരത്തിൽ ഗർശോന്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട സേവനം.+ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നിർദേശമനുസരിച്ചാണ് അവർ അവരുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്.
29 “കുടുംബവും പിതൃഭവനവും അനുസരിച്ച് മെരാരിയുടെ+ വംശജരുടെ പേരുകളും രേഖപ്പെടുത്തണം. 30 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരെയും നീ എണ്ണണം. 31 സാന്നിധ്യകൂടാരത്തിലെ അവരുടെ സേവനവുമായി ബന്ധപ്പെട്ട് അവർ ചുമക്കേണ്ടതു+ വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാമ്പലുകൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടുകൾ,+ 32 മുറ്റത്തിനു ചുറ്റുമുള്ള തൂണുകൾ,+ അവയുടെ ചുവടുകൾ,+ അവയുടെ കൂടാരക്കുറ്റികൾ,+ അവയുടെ കൂടാരക്കയറുകൾ എന്നിവ സഹിതം അവയുടെ എല്ലാ സാമഗ്രികളുമാണ്. അവയോടു ബന്ധപ്പെട്ട എല്ലാ സേവനങ്ങളും അവർ ചെയ്യണം. അവർ ചുമക്കേണ്ട സാമഗ്രികൾ നീ അവർക്കു പേരനുസരിച്ച് നിയമിച്ചുകൊടുക്കണം. 33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശമനുസരിച്ച്+ മെരാരിയുടെ വംശജരുടെ കുടുംബങ്ങൾ+ സാന്നിധ്യകൂടാരത്തിൽ സേവിക്കേണ്ടത് ഇങ്ങനെയാണ്.”
34 മോശയും അഹരോനും സമൂഹത്തിലെ തലവന്മാരും+ ചേർന്ന് കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും കൊഹാത്യരുടെ ആൺമക്കളുടെ+ പേരുകൾ രേഖപ്പെടുത്തി. 35 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരുടെയും പേര് ചേർത്തു.+ 36 കുടുംബമനുസരിച്ച് പേര് രേഖപ്പെടുത്തിയവർ ആകെ 2,750.+ 37 സാന്നിധ്യകൂടാരത്തിൽ സേവിച്ചിരുന്ന ഇത്രയും പേരാണു കൊഹാത്യരുടെ കുടുംബങ്ങളിൽനിന്ന് പേര് രേഖപ്പെടുത്തിയത്. യഹോവ മോശയിലൂടെ നൽകിയ ആജ്ഞയനുസരിച്ച് മോശയും അഹരോനും അവരുടെ പേര് ചേർത്തു.+
38 അവർ കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും ഗർശോന്റെ വംശജരുടെ+ പേരുകൾ രേഖപ്പെടുത്തി. 39 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരുടെയും പേര് ചേർത്തു. 40 കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും പേര് രേഖപ്പെടുത്തിയവർ ആകെ 2,630.+ 41 സാന്നിധ്യകൂടാരത്തിൽ സേവിച്ചിരുന്ന ഇവരെല്ലാമാണു രേഖയിൽ പേര് ചേർത്ത ഗർശോന്റെ വംശജരുടെ കുടുംബങ്ങൾ. യഹോവയുടെ ആജ്ഞയനുസരിച്ച് മോശയും അഹരോനും അവരുടെയെല്ലാം പേര് രേഖപ്പെടുത്തി.+
42 അവർ കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും മെരാരിയുടെ വംശജരുടെ പേരുകൾ രേഖപ്പെടുത്തി. 43 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരുടെയും പേര് ചേർത്തു.+ 44 കുടുംബമനുസരിച്ച് പേര് രേഖപ്പെടുത്തിയവർ ആകെ 3,200.+ 45 ഇവരെല്ലാമാണു രേഖയിൽ പേര് ചേർത്ത മെരാരിയുടെ വംശജരുടെ കുടുംബങ്ങൾ. യഹോവ മോശയിലൂടെ നൽകിയ ആജ്ഞയനുസരിച്ച് മോശയും അഹരോനും ഇവരുടെയെല്ലാം പേര് രേഖപ്പെടുത്തി.+
46 മോശയും അഹരോനും ഇസ്രായേലിലെ തലവന്മാരും ചേർന്ന്, കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും ഈ ലേവ്യരുടെയെല്ലാം പേരുകൾ രേഖപ്പെടുത്തി. 47 അവർ 30-നും 50-നും ഇടയിൽ പ്രായമുള്ളവരായിരുന്നു. സാന്നിധ്യകൂടാരവുമായി ബന്ധപ്പെട്ട സേവനങ്ങളും ചുമതലകളും നിർവഹിക്കുക എന്നതായിരുന്നു അവരുടെയെല്ലാം നിയമനം.+ 48 രേഖയിൽ പേര് ചേർത്തവർ ആകെ 8,580.+ 49 യഹോവ മോശയിലൂടെ നൽകിയ ആജ്ഞയനുസരിച്ച് ഓരോരുത്തരെയും അവരുടെ നിയമിതസേവനവും ചുമതലയും അനുസരിച്ച് പേര് ചേർത്തു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവരുടെ പേര് ചേർത്തു.
5 യഹോവ പിന്നെ മോശയോടു പറഞ്ഞു: 2 “കുഷ്ഠരോഗികളായ എല്ലാവരെയും+ സ്രാവമുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധരായ എല്ലാവരെയും+ പാളയത്തിനു പുറത്തേക്ക് അയയ്ക്കാൻ ഇസ്രായേല്യരോടു കല്പിക്കുക. 3 സ്ത്രീപുരുഷവ്യത്യാസമില്ലാതെ നിങ്ങൾ അവരെ പുറത്തേക്ക് അയയ്ക്കണം. ഞാൻ പാളയങ്ങളിൽ താമസിക്കുന്നവർക്കിടയിൽ വസിക്കുന്നു.+ ആ പാളയങ്ങളെ അവർ അശുദ്ധമാക്കാതിരിക്കാനായി+ നീ അവരെ പാളയത്തിനു പുറത്തേക്ക് അയയ്ക്കണം.” 4 അങ്ങനെ ഇസ്രായേല്യർ അവരെ പാളയത്തിൽനിന്ന് പുറത്താക്കി. യഹോവ മോശയോടു പറഞ്ഞതുപോലെതന്നെ അവർ ചെയ്തു.
5 പിന്നെ യഹോവ മോശയോടു പറഞ്ഞു: 6 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹജമായ ഒരു പാപം ചെയ്ത് യഹോവയോട് അവിശ്വസ്തത കാണിച്ചാൽ ആ വ്യക്തി കുറ്റക്കാരനാണ്.+ 7 ചെയ്ത പാപം ഏറ്റുപറഞ്ഞ്+ ആ വ്യക്തി തന്റെ* തെറ്റിനു നഷ്ടപരിഹാരമായി മുഴുവൻ മുതലും തിരികെ ഏൽപ്പിക്കണം. അതോടൊപ്പം അതിന്റെ മൂല്യത്തിന്റെ അഞ്ചിലൊന്നും കൊടുക്കണം.+ അനീതിക്കിരയായവന് അതു കൊടുക്കണം. 8 നഷ്ടപരിഹാരം കൈപ്പറ്റാൻ അയാളോ അയാളുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമോ ഇല്ലെങ്കിൽ അത് യഹോവയ്ക്കു നൽകണം; അതു പുരോഹിതനുള്ളതായിരിക്കും. കുറ്റം ചെയ്തവന്റെ പാപപരിഹാരത്തിനുവേണ്ടി പുരോഹിതൻ അർപ്പിക്കുന്ന പാപപരിഹാരത്തിന്റെ ആൺചെമ്മരിയാടും പുരോഹിതനുള്ളതായിരിക്കും.+
9 “‘പുരോഹിതന്റെ അടുത്ത് കൊണ്ടുവരുന്ന, ഇസ്രായേല്യരുടെ വിശുദ്ധസംഭാവനകളെല്ലാം+ പുരോഹിതനുള്ളതായിരിക്കും.+ 10 ഓരോരുത്തരുടെയും വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതായിരിക്കും. ഓരോരുത്തരും പുരോഹിതനു കൊടുക്കുന്നതെല്ലാം പുരോഹിതന്റേതായിരിക്കും.’”
11 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 12 “ഇസ്രായേല്യരോടു പറയുക: ‘ഒരു പുരുഷന്റെ ഭാര്യ വഴിപിഴച്ച് അയാളോട് അവിശ്വസ്തത കാണിക്കുന്നെന്നിരിക്കട്ടെ. 13 അതായത് മറ്റൊരു പുരുഷൻ ആ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും+ അങ്ങനെ സ്ത്രീ തന്നെത്തന്നെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ അത് ആ സ്ത്രീയുടെ ഭർത്താവ് അറിയുകയോ അക്കാര്യം വെളിച്ചത്ത് വരുകയോ ചെയ്യുന്നില്ല. സ്ത്രീക്കെതിരെ സാക്ഷികളുമില്ല, സ്ത്രീ പിടിക്കപ്പെടുന്നുമില്ല. അപ്പോൾ ചെയ്യേണ്ടത് ഇതാണ്: 14 സ്ത്രീ കളങ്കിതയായിരിക്കെ സ്ത്രീയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ഭർത്താവിനു ജാരശങ്ക തോന്നിയാലും, സ്ത്രീ കളങ്കിതയല്ലാതിരിക്കെ സ്ത്രീയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ഭർത്താവിനു ജാരശങ്ക തോന്നിയാലും 15 അയാൾ തന്റെ ഭാര്യയെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. ഭാര്യക്കുവേണ്ടി യാഗമായി, ഒരു ഏഫായുടെ പത്തിലൊന്നു* ബാർളിപ്പൊടിയും അയാൾ കൊണ്ടുവരണം. അയാൾ അതിൽ എണ്ണ ഒഴിക്കുകയോ കുന്തിരിക്കം ഇടുകയോ അരുത്. കാരണം അതു തെറ്റിനെ ഓർമിപ്പിക്കുന്ന, സംശയത്തിന്റെ ധാന്യയാഗമാണ്.
16 “‘പുരോഹിതൻ ആ സ്ത്രീയെ കൊണ്ടുവന്ന് യഹോവയുടെ മുമ്പാകെ നിറുത്തണം.+ 17 പുരോഹിതൻ ഒരു മൺപാത്രത്തിൽ കുറച്ച് വിശുദ്ധജലം എടുത്ത് വിശുദ്ധകൂടാരത്തിന്റെ തറയിൽനിന്ന് കുറച്ച് പൊടി വാരി അതിൽ ഇടണം. 18 തുടർന്ന് പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിറുത്തി സ്ത്രീയുടെ മുടി അഴിച്ചിട്ടിട്ട് ഓർമിപ്പിക്കലിനുവേണ്ടിയുള്ള ധാന്യയാഗം, അതായത് സംശയത്തിന്റെ ധാന്യയാഗം,+ സ്ത്രീയുടെ കൈയിൽ വെക്കണം. ശാപം വരുത്തുന്ന കയ്പുവെള്ളം പുരോഹിതന്റെ കൈയിലുണ്ടായിരിക്കണം.+
19 “‘പിന്നെ പുരോഹിതൻ സ്ത്രീയെക്കൊണ്ട് സത്യം ചെയ്യിച്ച് സ്ത്രീയോടു പറയണം: “നീ നിന്റെ ഭർത്താവിന്റെ അധീനതയിലായിരിക്കെ+ മറ്റൊരു പുരുഷൻ നീയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയോ നീ വഴിപിഴച്ച് കളങ്കിതയാകുകയോ ചെയ്തിട്ടില്ലെങ്കിൽ ശാപകരമായ ഈ കയ്പുവെള്ളംമൂലം നിനക്ക് ഒരു കുഴപ്പവും വരാതിരിക്കട്ടെ. 20 എന്നാൽ ഭർത്താവിന്റെ അധീനതയിലായിരിക്കെ നീ നിന്നെത്തന്നെ കളങ്കപ്പെടുത്തി വഴിപിഴച്ച് നിന്റെ ഭർത്താവല്ലാത്ത ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ...”+ 21 പിന്നെ പുരോഹിതൻ സ്ത്രീയെക്കൊണ്ട്, ശാപം ഉൾപ്പെടുന്ന ഒരു ആണ ഇടുവിച്ച് സത്യം ചെയ്യിക്കണം. പുരോഹിതൻ സ്ത്രീയോട് ഇങ്ങനെ പറയണം: “യഹോവ നിന്റെ തുട* ക്ഷയിക്കാനും* വയറു വീർക്കാനും ഇടവരുത്തട്ടെ, അങ്ങനെ നിന്റെ ജനം നിന്റെ പേര് പറഞ്ഞ് ശപിക്കാനും ആണയിടാനും യഹോവ ഇടവരുത്തട്ടെ. 22 ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന് നിന്റെ വയറു വീർപ്പിക്കുകയും തുട ക്ഷയിപ്പിക്കുകയും ചെയ്യും.” അപ്പോൾ സ്ത്രീ, “ആമേൻ! ആമേൻ!”* എന്നു പറയണം.
23 “‘പിന്നെ പുരോഹിതൻ ഈ ശാപങ്ങൾ പുസ്തകത്തിൽ എഴുതി അവ ആ കയ്പുവെള്ളത്തിലേക്കു കഴുകിയൊഴിക്കണം. 24 തുടർന്ന് പുരോഹിതൻ ശാപകരമായ ആ കയ്പുവെള്ളം സ്ത്രീയെക്കൊണ്ട് കുടിപ്പിക്കണം. ശാപകരമായ വെള്ളം സ്ത്രീയുടെ ഉള്ളിൽ ചെന്ന് കഷ്ടതയുടെ കയ്പുനീരായിത്തീരും. 25 പുരോഹിതൻ സംശയത്തിന്റെ ധാന്യയാഗം+ സ്ത്രീയുടെ കൈയിൽനിന്ന് എടുത്ത് യഹോവയുടെ മുമ്പാകെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം. പിന്നെ പുരോഹിതൻ അതു യാഗപീഠത്തിന് അരികെ കൊണ്ടുവരണം. 26 പുരോഹിതൻ ധാന്യയാഗത്തിൽനിന്ന് ഒരു പിടി എടുത്ത്, മുഴുവൻ യാഗത്തിന്റെയും പ്രതീകമായി അതു യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കണം.*+ അതിനു ശേഷം പുരോഹിതൻ സ്ത്രീയെക്കൊണ്ട് കയ്പുവെള്ളം കുടിപ്പിക്കണം. 27 സ്ത്രീ തന്നെത്തന്നെ കളങ്കപ്പെടുത്തി ഭർത്താവിനോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കിൽ പുരോഹിതൻ സ്ത്രീയെ ആ വെള്ളം കുടിപ്പിക്കുമ്പോൾ ശാപകരമായ ആ വെള്ളം സ്ത്രീയുടെ ഉള്ളിൽച്ചെന്ന് കഷ്ടതയുടെ കയ്പുനീരായിത്തീരും. സ്ത്രീയുടെ വയറു വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യും. ജനത്തിന് ഇടയിൽ ആ സ്ത്രീയുടെ പേര് ഒരു ശാപവാക്കായിത്തീരും. 28 എന്നാൽ ആ സ്ത്രീ കളങ്കപ്പെടാത്തവളാണെങ്കിൽ, നിർമലയാണെങ്കിൽ, അത്തരം ശിക്ഷകളിൽനിന്ന് ഒഴിവുള്ളവളായിരിക്കും. ഗർഭിണിയാകാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും ആ സ്ത്രീക്കു കഴിയും.
29 “‘ഇതാണു ജാരശങ്ക സംബന്ധിച്ച നിയമം.*+ ഒരു സ്ത്രീ ഭർത്താവിന്റെ അധീനതയിലായിരിക്കെ വഴിപിഴച്ച് തന്നെത്തന്നെ കളങ്കപ്പെടുത്തുകയോ 30 ഒരു പുരുഷനു തന്റെ ഭാര്യയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ജാരശങ്ക തോന്നുകയോ ചെയ്താൽ അയാൾ തന്റെ ഭാര്യയെ യഹോവയുടെ മുമ്പാകെ നിറുത്തണം. അപ്പോൾ പുരോഹിതൻ ഈ നിയമത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം ആ സ്ത്രീയുടെ കാര്യത്തിൽ നടപ്പാക്കണം. 31 പുരുഷൻ കുറ്റവിമുക്തനായിരിക്കും. എന്നാൽ അയാളുടെ ഭാര്യ തന്റെ കുറ്റത്തിന് ഉത്തരം പറയണം.’”
6 യഹോവ പിന്നെയും മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ താൻ യഹോവയ്ക്കു നാസീരായി*+ ജീവിച്ചുകൊള്ളാം എന്ന സവിശേഷനേർച്ച നേർന്നാൽ, 3 ആ വ്യക്തി വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും ഒഴിവാക്കണം. വീഞ്ഞിൽനിന്നുള്ള വിനാഗിരിയോ മറ്റ് ഏതെങ്കിലും ലഹരിപാനീയത്തിൽനിന്നുള്ള വിനാഗിരിയോ മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്ന ഏതെങ്കിലും പാനീയമോ അയാൾ കുടിക്കരുത്.+ മുന്തിരിങ്ങ—പഴുത്തതായാലും ഉണങ്ങിയതായാലും—തിന്നുകയുമരുത്. 4 പച്ചമുന്തിരിങ്ങയിൽനിന്നാകട്ടെ തൊലിയിൽനിന്നാകട്ടെ മുന്തിരിച്ചെടിയിൽനിന്ന് ഉണ്ടാക്കുന്നതൊന്നും അയാൾ തന്റെ നാസീർവ്രതകാലത്ത് ഒരിക്കലും തിന്നരുത്.
5 “‘നാസീർവ്രതകാലത്ത് ഒരിക്കലും അയാളുടെ തലയിൽ ക്ഷൗരക്കത്തി തൊടരുത്.+ യഹോവയ്ക്കു വേർതിരിച്ചിരിക്കുന്ന കാലം പൂർത്തിയാകുന്നതുവരെ അയാൾ തലമുടി വളർത്തി വിശുദ്ധനായി തുടരണം. 6 യഹോവയ്ക്കു തന്നെത്തന്നെ വേർതിരിച്ചിരിക്കുന്ന കാലത്തൊന്നും അയാൾ ഒരു മൃതദേഹത്തിന്* അടുത്ത്* ചെല്ലരുത്. 7 ദൈവത്തോടുള്ള തന്റെ നാസീർവ്രതത്തിന്റെ അടയാളം അയാളുടെ തലയിൽ ഇരിക്കുന്നതുകൊണ്ട്, മരിക്കുന്നത് അയാളുടെ അപ്പനോ അമ്മയോ സഹോദരനോ സഹോദരിയോ ആണെങ്കിൽപ്പോലും തന്നെത്തന്നെ അശുദ്ധനാക്കരുത്.+
8 “‘നാസീർവ്രതകാലത്ത് ഉടനീളം അയാൾ യഹോവയ്ക്കു വിശുദ്ധനാണ്. 9 എന്നാൽ ആരെങ്കിലും അയാളുടെ അടുത്തുവെച്ച് പെട്ടെന്നു മരിച്ചതുകൊണ്ട്,+ ദൈവത്തിനു തന്നെത്തന്നെ വേർതിരിച്ചതിന്റെ പ്രതീകമായ തലമുടി അശുദ്ധമായാൽ അയാൾ തന്റെ ശുദ്ധീകരണദിവസത്തിൽ തല വടിക്കണം.+ ഏഴാം ദിവസം അയാൾ അതു വടിക്കണം. 10 എട്ടാം ദിവസം അയാൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. 11 പുരോഹിതൻ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും ഒരുക്കണം.+ എന്നിട്ട്, മരിച്ച ആളോടുള്ള ബന്ധത്തിൽ ചെയ്തുപോയ പാപത്തിന് അയാൾ പ്രായശ്ചിത്തം ചെയ്യണം. തുടർന്ന് അന്നേ ദിവസം അയാൾ തന്റെ തല വിശുദ്ധീകരിക്കണം. 12 തന്റെ നാസീർവ്രതകാലത്തിനുവേണ്ടി അയാൾ വീണ്ടും തന്നെത്തന്നെ യഹോവയ്ക്കു വേർതിരിക്കണം. ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി കൊണ്ടുവരുകയും വേണം. എന്നാൽ അയാൾ തന്റെ നാസീർവ്രതത്തെ അശുദ്ധമാക്കിയതുകൊണ്ട് അയാളുടെ മുമ്പിലത്തെ ദിവസങ്ങൾ എണ്ണത്തിൽപ്പെടുത്തുകയില്ല.
13 “‘നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം ഇതാണ്: അയാളുടെ നാസീർവ്രതകാലം പൂർത്തിയാകുമ്പോൾ+ അയാളെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരണം. 14 അവിടെ അയാൾ യഹോവയ്ക്കു യാഗമായി കൊണ്ടുവരേണ്ടത് ഇവയാണ്: ദഹനയാഗമായി ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്,+ പാപയാഗമായി ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു പെൺചെമ്മരിയാട്,+ സഹഭോജനബലിയായി ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്,+ 15 നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് ഉണ്ടാക്കിയ പുളിപ്പില്ലാത്തതും* വളയാകൃതിയിലുള്ളതും ആയ ഒരു കൊട്ട അപ്പം, കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്നതും എണ്ണ പുരട്ടിയതും ആയ പുളിപ്പില്ലാത്ത അപ്പങ്ങൾ എന്നിവയും അവയുടെ ധാന്യയാഗവും+ പാനീയയാഗങ്ങളും.+ 16 പുരോഹിതൻ ഇവ യഹോവയുടെ മുമ്പാകെ കൊണ്ടുവന്ന് അയാളുടെ പാപയാഗവും ദഹനയാഗവും അർപ്പിക്കണം. 17 പുരോഹിതൻ ആൺചെമ്മരിയാടിനെ സഹഭോജനബലിയായി കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊപ്പം യഹോവയ്ക്ക് അർപ്പിക്കണം. അതിന്റെ ധാന്യയാഗവും+ പാനീയയാഗവും പുരോഹിതൻ അർപ്പിക്കണം.
18 “‘പിന്നെ നാസീർവ്രതസ്ഥൻ തന്റെ മുറിക്കാത്ത മുടി+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് വടിക്കണം. തുടർന്ന് തന്റെ നാസീർവ്രതകാലത്ത് വളർന്ന ആ മുടി എടുത്ത് അയാൾ സഹഭോജനബലിയുടെ അടിയിലുള്ള തീയിലിടണം. 19 അയാൾ തന്റെ നാസീർവ്രതത്തിന്റെ അടയാളം വടിച്ചശേഷം പുരോഹിതൻ ആൺചെമ്മരിയാടിന്റെ വേവിച്ച+ ഒരു കൈക്കുറക്, കൊട്ടയിലെ പുളിപ്പില്ലാത്ത വളയാകൃതിയിലുള്ള ഒരു അപ്പം, കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന പുളിപ്പില്ലാത്ത ഒരു അപ്പം എന്നിവ എടുത്ത് നാസീർവ്രതസ്ഥന്റെ കൈയിൽ വെക്കണം. 20 പുരോഹിതൻ അവ യഹോവയുടെ മുമ്പാകെ ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം.+ അതും ദോളനയാഗത്തിന്റെ നെഞ്ചും സംഭാവനയായി ലഭിച്ചതിന്റെ കാലും പുരോഹിതനു വിശുദ്ധമാണ്.+ അതിനു ശേഷം നാസീർവ്രതസ്ഥനു വീഞ്ഞു കുടിക്കാം.
21 “‘നാസീർവ്രതസ്ഥർക്കുള്ള നിബന്ധനകൾക്കു പുറമേ തന്റെ പ്രാപ്തിയനുസരിച്ച് മറ്റു ചിലതുംകൂടി യഹോവയ്ക്ക് അർപ്പിക്കാം എന്ന് ഒരു നാസീർവ്രതസ്ഥൻ നേർന്നാൽ അയാൾ താൻ നേർന്നതു നിറവേറ്റണം. ഇതാണു നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം.’”+
22 പിന്നെ യഹോവ മോശയോടു പറഞ്ഞു: 23 “അഹരോനോടും ആൺമക്കളോടും ഇങ്ങനെ പറയുക: ‘നിങ്ങൾ ഇസ്രായേൽ ജനത്തെ ഇങ്ങനെ അനുഗ്രഹിക്കണം.+ അവരോട് ഇങ്ങനെ പറയണം:
24 “യഹോവ നിങ്ങളെ അനുഗ്രഹിച്ച്+ കാത്തുപരിപാലിക്കട്ടെ.
25 യഹോവ തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിച്ച്+ നിങ്ങളോടു പ്രീതി കാണിക്കട്ടെ.
26 യഹോവ തിരുമുഖം ഉയർത്തി നിങ്ങളെ കടാക്ഷിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.”’+
27 ഞാൻ ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കാനായി+ അവർ എന്റെ പേര് അവരുടെ മേൽ വെക്കണം.”+
7 താൻ വിശുദ്ധകൂടാരം സ്ഥാപിച്ചുകഴിഞ്ഞ ദിവസം,+ മോശ അതും അതിന്റെ എല്ലാ സാധനസാമഗ്രികളും യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും+ അഭിഷേകം ചെയ്ത്+ വിശുദ്ധീകരിച്ചു. മോശ അവയെല്ലാം അഭിഷേകം ചെയ്ത് വിശുദ്ധീകരിച്ചപ്പോൾ+ 2 ഇസ്രായേലിലെ പിതൃഭവനങ്ങൾക്കു തലവന്മാരായ പ്രമാണിമാർ+ ഒരു വഴിപാടു കൊണ്ടുവന്നു. ജനസംഖ്യാകണക്കെടുപ്പിനു നേതൃത്വം വഹിച്ച ഈ ഗോത്രത്തലവന്മാർ 3 അവരുടെ വഴിപാടായി, രണ്ടു തലവന്മാർക്ക് ഒന്ന് എന്ന കണക്കിൽ അടച്ചുകെട്ടിയ ആറു വണ്ടിയും അതോടൊപ്പം ഓരോരുത്തർക്കും ഓരോന്ന് എന്ന കണക്കിൽ 12 കാളയെയും യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു. അവർ അതു വിശുദ്ധകൂടാരത്തിനു മുമ്പാകെ സമർപ്പിച്ചു. 4 യഹോവ മോശയോടു പറഞ്ഞു: 5 “സാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്ക്കായി അവരിൽനിന്ന് അവ സ്വീകരിക്കുക. നീ അതു ലേവ്യർക്ക് അവരുടെ ജോലിയിലെ ആവശ്യമനുസരിച്ച് വീതിച്ച് കൊടുക്കണം.”
6 അങ്ങനെ മോശ, അവർ കൊണ്ടുവന്ന ആ വണ്ടികളും കന്നുകാലികളും ലേവ്യർക്കു കൊടുത്തു. 7 മോശ ഗർശോന്റെ വംശജർക്ക് അവരുടെ ജോലിയിലെ+ ആവശ്യമനുസരിച്ച് രണ്ടു വണ്ടിയും നാലു കാളയും 8 മെരാരിയുടെ വംശജർക്ക് അവരുടെ ജോലിയിലെ ആവശ്യമനുസരിച്ച് നാലു വണ്ടിയും എട്ടു കാളയും കൊടുത്തു. ഇവയുടെയെല്ലാം ചുമതല പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിനായിരുന്നു.+ 9 എന്നാൽ, വിശുദ്ധസ്ഥലത്ത് സേവിച്ചിരുന്നതിനാലും+ വിശുദ്ധവസ്തുക്കൾ ചുമലിൽവെച്ച്+ കൊണ്ടുപോയിരുന്നതിനാലും കൊഹാത്തിന്റെ വംശജർക്കു മോശ ഒന്നും കൊടുത്തില്ല.
10 യാഗപീഠത്തിന്റെ ഉദ്ഘാടനസമയത്ത്*+ അത് അഭിഷേകം ചെയ്ത ദിവസം തലവന്മാർ അവരുടെ വഴിപാടു കൊണ്ടുവന്നു. അവർ തങ്ങളുടെ വഴിപാടു യാഗപീഠത്തിനു മുമ്പാകെ കൊണ്ടുവന്നപ്പോൾ 11 യഹോവ മോശയോടു പറഞ്ഞു: “യാഗപീഠത്തിന്റെ ഉദ്ഘാടനത്തിനുവേണ്ടിയുള്ള അവരുടെ വഴിപാട്, ഒരു ദിവസം ഒരു തലവൻ എന്ന നിലയിൽ തുടർച്ചയായ ദിവസങ്ങളിൽ അവർ കൊണ്ടുവരണം.”
12 യഹൂദ ഗോത്രത്തിലുള്ള അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ ആദ്യത്തെ ദിവസം വഴിപാടു സമർപ്പിച്ചത്. 13 നഹശോന്റെ വഴിപാട് ഇതായിരുന്നു: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം+ 130 ശേക്കെൽ* തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 14 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം;* 15 ദഹനയാഗത്തിനായി+ ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്; 16 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 17 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.+
18 രണ്ടാം ദിവസം യിസ്സാഖാർ ഗോത്രത്തിന്റെ തലവനായ, സൂവാരിന്റെ മകൻ നെഥനയേൽ+ ഒരു വഴിപാടു സമർപ്പിച്ചു. 19 നെഥനയേലിന്റെ വഴിപാട് ഇതായിരുന്നു: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 20 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 21 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 22 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 23 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാട്.
24 മൂന്നാം ദിവസം സെബുലൂന്റെ വംശജരുടെ തലവനായ, ഹേലോന്റെ മകൻ എലിയാബ്+ 25 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 26 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 27 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 28 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 29 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു ഹേലോന്റെ മകനായ എലിയാബിന്റെ+ വഴിപാട്.
30 നാലാം ദിവസം രൂബേന്റെ വംശജരുടെ തലവനായ, ശെദേയൂരിന്റെ മകൻ എലീസൂർ+ 31 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 32 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 33 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 34 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 35 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു ശെദേയൂരിന്റെ മകനായ എലീസൂരിന്റെ+ വഴിപാട്.
36 അഞ്ചാം ദിവസം ശിമെയോന്റെ വംശജരുടെ തലവനായ, സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ+ 37 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 38 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 39 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 40 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 41 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു സൂരിശദ്ദായിയുടെ മകനായ ശെലൂമിയേലിന്റെ+ വഴിപാട്.
42 ആറാം ദിവസം ഗാദിന്റെ വംശജരുടെ തലവനായ, ദയൂവേലിന്റെ മകൻ എലിയാസാഫ്+ 43 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 44 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 45 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 46 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 47 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു ദയൂവേലിന്റെ മകനായ എലിയാസാഫിന്റെ+ വഴിപാട്.
48 ഏഴാം ദിവസം എഫ്രയീമിന്റെ വംശജരുടെ തലവനായ, അമ്മീഹൂദിന്റെ മകൻ എലീശാമ+ 49 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 50 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 51 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 52 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 53 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു അമ്മീഹൂദിന്റെ മകനായ എലീശാമയുടെ+ വഴിപാട്.
54 എട്ടാം ദിവസം മനശ്ശെയുടെ വംശജരുടെ തലവനായ, പെദാസൂരിന്റെ മകൻ ഗമാലിയേൽ+ 55 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 56 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 57 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 58 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 59 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു പെദാസൂരിന്റെ മകനായ ഗമാലിയേലിന്റെ+ വഴിപാട്.
60 ഒൻപതാം ദിവസം ബന്യാമീന്റെ വംശജരുടെ തലവനായ,+ ഗിദെയോനിയുടെ മകൻ അബീദാൻ+ 61 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 62 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 63 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 64 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 65 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു ഗിദെയോനിയുടെ മകനായ അബീദാന്റെ+ വഴിപാട്.
66 പത്താം ദിവസം ദാന്റെ വംശജരുടെ തലവനായ, അമ്മീശദ്ദായിയുടെ മകൻ അഹിയേസെർ+ 67 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 68 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 69 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 70 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 71 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു അമ്മീശദ്ദായിയുടെ മകനായ അഹിയേസെരിന്റെ+ വഴിപാട്.
72 11-ാം ദിവസം ആശേരിന്റെ വംശജരുടെ തലവനായ, ഒക്രാന്റെ മകൻ പഗീയേൽ+ 73 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 74 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 75 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 76 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 77 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു ഒക്രാന്റെ മകനായ പഗീയേലിന്റെ+ വഴിപാട്.
78 12-ാം ദിവസം നഫ്താലിയുടെ വംശജരുടെ തലവനായ, എനാന്റെ മകൻ അഹീര+ 79 വഴിപാടായി സമർപ്പിച്ചത്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 80 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം; 81 ദഹനയാഗത്തിനായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്;+ 82 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 83 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു എനാന്റെ മകനായ അഹീരയുടെ+ വഴിപാട്.
84 യാഗപീഠം അഭിഷേകം ചെയ്തപ്പോൾ, അതിന്റെ ഉദ്ഘാടനസമയത്ത്, ഇസ്രായേലിലെ തലവന്മാരിൽനിന്ന് ലഭിച്ച വഴിപാട്+ ഇതാണ്: 12 വെള്ളിത്തളിക, 12 വെള്ളിക്കിണ്ണം, 12 സ്വർണപാനപാത്രം.+ 85 അതിൽ ഓരോ വെള്ളിത്തളികയുടെയും തൂക്കം 130 ശേക്കെലും ഓരോ വെള്ളിപ്പാത്രത്തിന്റെയും തൂക്കം 70 ശേക്കെലും ആയിരുന്നു. അങ്ങനെ, വെള്ളികൊണ്ടുള്ള പാത്രങ്ങളുടെ ആകെ തൂക്കം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 2,400 ശേക്കെൽ. 86 സുഗന്ധക്കൂട്ടു നിറച്ച 12 സ്വർണപാനപാത്രവും വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം പത്തു ശേക്കെൽ വീതം തൂക്കമുള്ളതായിരുന്നു. അങ്ങനെ സ്വർണപാനപാത്രങ്ങളുടെ തൂക്കം ആകെ 120 ശേക്കെൽ. 87 ദഹനയാഗത്തിനായി ലഭിച്ച ആടുമാടുകൾ: 12 കാള, 12 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 12 ആൺചെമ്മരിയാടുകളും അവയുടെ ധാന്യയാഗങ്ങളും. പാപയാഗത്തിനായി ലഭിച്ചത് 12 കോലാട്ടിൻകുട്ടികൾ. 88 സഹഭോജനബലിയായി ലഭിച്ച ആടുമാടുകൾ: 24 കാള, 60 ആൺചെമ്മരിയാട്, 60 ആൺകോലാട്, ഒരു വയസ്സുള്ള 60 ആൺചെമ്മരിയാട്. ഇതെല്ലാമാണു യാഗപീഠം അഭിഷേകം ചെയ്തശേഷം+ അതിന്റെ ഉദ്ഘാടനത്തിനായി ലഭിച്ച വഴിപാട്.+
89 ദൈവത്തോടു* സംസാരിക്കാൻ മോശ സാന്നിധ്യകൂടാരത്തിൽ ചെല്ലുമ്പോഴെല്ലാം+ തന്നോടു സംസാരിക്കുന്ന തിരുശബ്ദം സാക്ഷ്യപെട്ടകത്തിന്റെ മൂടിയുടെ മുകളിൽനിന്ന്,+ രണ്ടു കെരൂബുകളുടെ നടുവിൽനിന്ന്,+ വരുന്നതായാണു മോശ കേട്ടിരുന്നത്. അവിടെനിന്ന് ദൈവം മോശയോടു സംസാരിക്കുമായിരുന്നു.
8 യഹോവ മോശയോടു പറഞ്ഞു: 2 “നീ അഹരോനോട് ഇങ്ങനെ പറയണം: ‘നീ ദീപങ്ങൾ കത്തിക്കുമ്പോൾ തണ്ടുവിളക്കിന്റെ മുൻവശത്ത് വെളിച്ചം കിട്ടുന്ന വിധത്തിലായിരിക്കണം അതിന്റെ ഏഴു ദീപങ്ങളും.’”+ 3 അഹരോൻ അതുപോലെതന്നെ ചെയ്തു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ, തണ്ടുവിളക്കിന്റെ മുൻവശത്ത് വെളിച്ചം കിട്ടുന്ന വിധത്തിൽ+ അഹരോൻ അതിന്റെ ദീപങ്ങൾ കത്തിച്ചു. 4 തണ്ടുവിളക്കു നിർമിച്ചത് ഇങ്ങനെയായിരുന്നു: സ്വർണം അടിച്ചുപരത്തിയാണ് അത് ഉണ്ടാക്കിയത്. അതിന്റെ തണ്ടുമുതൽ പൂക്കൾവരെ എല്ലാം ചുറ്റികകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു.+ യഹോവ മോശയ്ക്കു നൽകിയ ദർശനമനുസരിച്ചാണു തണ്ടുവിളക്കു പണിതത്.+
5 യഹോവ വീണ്ടും മോശയോടു പറഞ്ഞു: 6 “ഇസ്രായേല്യരുടെ ഇടയിൽനിന്ന് ലേവ്യരെ വേർതിരിച്ച് അവരെ ശുദ്ധീകരിക്കുക.+ 7 അവരെ ശുദ്ധീകരിക്കേണ്ടത് ഇങ്ങനെയാണ്: പാപശുദ്ധി വരുത്തുന്ന വെള്ളം അവരുടെ മേൽ തളിക്കണം. അവർ തങ്ങളുടെ ശരീരം മുഴുവൻ ഒരു ക്ഷൗരക്കത്തികൊണ്ട് വടിക്കുകയും വസ്ത്രം അലക്കുകയും തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം.+ 8 പിന്നെ അവർ ഒരു കാളക്കുട്ടിയെയും+ അതിനോടൊപ്പം അതിന്റെ ധാന്യയാഗമായി+ എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടിയും എടുക്കണം. പാപയാഗത്തിനായി നീ മറ്റൊരു കാളക്കുട്ടിയെ എടുക്കണം.+ 9 നീ ലേവ്യരെ സാന്നിധ്യകൂടാരത്തിനു മുമ്പാകെ നിറുത്തുകയും ഇസ്രായേൽസമൂഹത്തെ മുഴുവൻ കൂട്ടിവരുത്തുകയും വേണം.+ 10 നീ ലേവ്യരെ യഹോവയുടെ മുമ്പാകെ നിറുത്തുമ്പോൾ ഇസ്രായേല്യർ തങ്ങളുടെ കൈകൾ ലേവ്യരുടെ മേൽ വെക്കണം.+ 11 തുടർന്ന് അഹരോൻ ലേവ്യരെ ഇസ്രായേല്യരിൽനിന്ന് യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി*+ അർപ്പിക്കണം;* അവർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യട്ടെ.+
12 “പിന്നെ ലേവ്യർ കാളകളുടെ തലയിൽ കൈകൾ വെച്ചിട്ട്+ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും യഹോവയ്ക്ക് അർപ്പിച്ചുകൊണ്ട് തങ്ങൾക്കു പാപപരിഹാരം വരുത്തണം.+ 13 ലേവ്യരെ നീ അഹരോന്റെയും ആൺമക്കളുടെയും മുമ്പാകെ നിറുത്തിയിട്ട് അവരെ യഹോവയ്ക്ക് ഒരു ദോളനയാഗമായി അർപ്പിക്കണം. 14 ലേവ്യരെ നീ ഇസ്രായേല്യരുടെ ഇടയിൽനിന്ന് വേർതിരിക്കണം; ലേവ്യർ എന്റേതാകും.+ 15 അതിനു ശേഷം സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാനായി ലേവ്യർ അകത്ത് വരണം. ഇങ്ങനെയെല്ലാമാണു നീ അവരെ ശുദ്ധീകരിക്കേണ്ടതും ഒരു ദോളനയാഗമായി അർപ്പിക്കേണ്ടതും. 16 കാരണം അവർ ഇസ്രായേല്യരിൽനിന്ന് എനിക്കു സമ്മാനമായി ലഭിച്ചവരാണ്. ഇസ്രായേല്യരുടെ മൂത്ത ആൺമക്കൾക്കെല്ലാം+ പകരം എനിക്കുവേണ്ടി ഞാൻ അവരെ എടുക്കും. 17 ഇസ്രായേല്യരുടെ ഇടയിലെ കടിഞ്ഞൂലുകളെല്ലാം എന്റേതാണ്, മനുഷ്യന്റെയായാലും മൃഗത്തിന്റെയായാലും അവ എന്റേതാണ്.+ ഈജിപ്ത് ദേശത്തെ കടിഞ്ഞൂലുകളെ മുഴുവൻ സംഹരിച്ച നാളിൽ+ ഞാൻ അവരെ എനിക്കായി വിശുദ്ധീകരിച്ചു. 18 ഇസ്രായേല്യർക്കിടയിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരം ഞാൻ ലേവ്യരെ എടുക്കും. 19 ഇസ്രായേൽ ജനം വിശുദ്ധസ്ഥലത്തിന് അരികെ വന്നിട്ട് അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കാൻ+ അവർക്കു പകരം സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാനും+ അവർക്കു പാപപരിഹാരം വരുത്താനും വേണ്ടി ഞാൻ ലേവ്യരെ ഇസ്രായേല്യരിൽനിന്ന് അഹരോനും ആൺമക്കൾക്കും കൊടുക്കും. ഞാൻ ലേവ്യരെ അവർക്കു സമ്മാനമായി നൽകും.”
20 ലേവ്യരുടെ കാര്യത്തിൽ കല്പിച്ചതെല്ലാം മോശയും അഹരോനും ഇസ്രായേൽസമൂഹം മുഴുവനും ചെയ്തു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ ചെയ്തു. 21 ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്ത്രം അലക്കി.+ പിന്നെ അഹരോൻ അവരെ യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി അർപ്പിച്ചു.+ അതിനു ശേഷം, അവർക്കു പാപപരിഹാരം വരുത്തിക്കൊണ്ട് അഹരോൻ അവരെ ശുദ്ധീകരിച്ചു.+ 22 പിന്നെ അഹരോന്റെയും ആൺമക്കളുടെയും മുമ്പാകെ തങ്ങളുടെ ശുശ്രൂഷ ചെയ്യാൻ ലേവ്യർ സാന്നിധ്യകൂടാരത്തിലേക്കു ചെന്നു. ലേവ്യരെക്കുറിച്ച് യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ലേവ്യരോടു ചെയ്തു.
23 യഹോവ പിന്നെ മോശയോടു പറഞ്ഞു: 24 “ലേവ്യർക്കുള്ള ചട്ടം ഇതാണ്: 25-ഉം അതിനു മുകളിലും പ്രായമുള്ള എല്ലാ ലേവ്യപുരുഷന്മാരും സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവരുടെ ഗണത്തിൽ ചേരണം. 25 എന്നാൽ 50 വയസ്സിനു ശേഷം അയാൾ സേവകഗണത്തിൽനിന്ന് വിരമിക്കണം. പിന്നെ അയാൾ ശുശ്രൂഷ ചെയ്യരുത്. 26 സാന്നിധ്യകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന തന്റെ സഹോദരന്മാരെ അയാൾക്കു സേവിക്കാം. എന്നാൽ അയാൾ അവിടെ ശുശ്രൂഷ ചെയ്യരുത്. ഇതെല്ലാമാണു ലേവ്യരോടും അവരുടെ ഉത്തരവാദിത്വങ്ങളോടും ഉള്ള ബന്ധത്തിൽ നീ ചെയ്യേണ്ടത്.”+
9 അവർ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം വർഷം ഒന്നാം മാസം+ സീനായ് വിജനഭൂമിയിൽവെച്ച് യഹോവ മോശയോടു സംസാരിച്ചു. ദൈവം പറഞ്ഞു: 2 “നിശ്ചയിച്ച സമയത്തുതന്നെ+ ഇസ്രായേല്യർ പെസഹാബലി+ ഒരുക്കണം. 3 ഈ മാസം 14-ാം ദിവസം സന്ധ്യാസമയത്ത്,* അതിനു നിശ്ചയിച്ച സമയത്ത്, നിങ്ങൾ അത് ഒരുക്കണം. അതിന്റെ എല്ലാ നിയമങ്ങളും പതിവ് നടപടിക്രമങ്ങളും അനുസരിച്ച് വേണം നിങ്ങൾ അത് ഒരുക്കാൻ.”+
4 പെസഹാബലി ഒരുക്കാൻ മോശ ഇസ്രായേല്യരോടു പറഞ്ഞു. 5 അങ്ങനെ, സീനായ് വിജനഭൂമിയിൽവെച്ച് ഒന്നാം മാസം 14-ാം ദിവസം സന്ധ്യാസമയത്ത് അവർ പെസഹാബലി ഒരുക്കി. യഹോവ മോശയോടു കല്പിച്ചതൊക്കെ ഇസ്രായേല്യർ ചെയ്തു.
6 എന്നാൽ ഒരു ശവശരീരത്തിൽ തൊട്ട്* അശുദ്ധരായതിനാൽ+ അവിടെയുണ്ടായിരുന്ന ചിലർക്ക് അന്നേ ദിവസം പെസഹാബലി ഒരുക്കാൻ സാധിച്ചില്ല. അതുകൊണ്ട് അവർ അന്നു മോശയുടെയും അഹരോന്റെയും മുമ്പാകെ ചെന്ന്+ 7 അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ ശവത്തിൽ തൊട്ട് അശുദ്ധരായിരിക്കുന്നു. ഇസ്രായേല്യരെല്ലാം യഹോവയ്ക്കു നിശ്ചിതസമയത്ത് യാഗം അർപ്പിക്കുമ്പോൾ ഞങ്ങൾ മാറി നിൽക്കണോ?”+ 8 മോശ അവരോടു പറഞ്ഞു: “നിങ്ങൾ ഇവിടെ നിൽക്കൂ, യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്താണെന്നു ഞാൻ കേൾക്കട്ടെ.”+
9 അപ്പോൾ യഹോവ മോശയോട്: 10 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങളുടെ ഇടയിലോ വരുംതലമുറയിലോ ഉള്ള ആരെങ്കിലും ശവത്തിൽ തൊട്ട് അശുദ്ധനായാലും+ ഒരു ദൂരയാത്രയിലായാലും അയാൾ യഹോവയ്ക്കു പെസഹാബലി ഒരുക്കേണ്ടതാണ്. 11 രണ്ടാം മാസം+ 14-ാം ദിവസം സന്ധ്യാസമയത്ത് അവർ അത് ഒരുക്കണം. പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടും കൂടെ അവർ അതു തിന്നണം.+ 12 അതൊന്നും അവർ രാവിലെവരെ ബാക്കി വെക്കരുത്.+ അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയുമരുത്.+ പെസഹയുടെ എല്ലാ നിയമങ്ങളുമനുസരിച്ച് അവർ അത് ഒരുക്കണം. 13 എന്നാൽ ശുദ്ധിയുള്ളവനായിരിക്കുകയോ ദൂരയാത്രയിലല്ലാതിരിക്കുകയോ ചെയ്തിട്ടും ഒരാൾ പെസഹാബലി ഒരുക്കാൻ തയ്യാറല്ലെങ്കിൽ അയാളെ അയാളുടെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണം.*+ കാരണം നിശ്ചയിച്ച സമയത്ത് അയാൾ യഹോവയ്ക്കു യാഗം അർപ്പിച്ചില്ല. അയാൾ തന്റെ പാപത്തിനു കണക്കു ബോധിപ്പിക്കേണ്ടിവരും.
14 “‘നിങ്ങൾക്കിടയിൽ ഒരു വിദേശി താമസിക്കുന്നുണ്ടെങ്കിൽ അയാളും യഹോവയ്ക്കു പെസഹാബലി ഒരുക്കണം.+ പെസഹയുടെ എല്ലാ നിയമങ്ങളും പതിവ് നടപടിക്രമങ്ങളും അനുസരിച്ച് അയാൾ അതു ചെയ്യണം.+ സ്വദേശിയായാലും വിദേശിയായാലും നിങ്ങൾക്ക് എല്ലാവർക്കും ഒരേ നിയമമായിരിക്കണം.’”+
15 വിശുദ്ധകൂടാരം സ്ഥാപിച്ച ദിവസം+ മേഘം വിശുദ്ധകൂടാരത്തെ—സാക്ഷ്യകൂടാരത്തെ—മൂടി. എന്നാൽ വൈകുന്നേരംമുതൽ രാവിലെവരെ അതു വിശുദ്ധകൂടാരത്തിനു മുകളിൽ തീപോലെ കാണപ്പെട്ടു.+ 16 അങ്ങനെതന്നെ തുടർന്നും സംഭവിച്ചു: പകൽ മേഘവും രാത്രി അഗ്നിപ്രഭയും അതിനെ മൂടും.+ 17 മേഘം കൂടാരത്തിൽനിന്ന് ഉയർന്നാൽ ഉടൻ ഇസ്രായേല്യർ പുറപ്പെടും;+ മേഘം നിൽക്കുന്നിടത്ത് ഇസ്രായേല്യർ പാളയമടിക്കും.+ 18 യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ ഇസ്രായേല്യർ പുറപ്പെടും, യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ ഇസ്രായേല്യർ പാളയമടിക്കും.+ മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കുന്നിടത്തോളം അവർ പാളയത്തിൽത്തന്നെ കഴിയും. 19 ചിലപ്പോൾ, മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ പല ദിവസത്തേക്കു നിൽക്കും. ഇസ്രായേല്യർ യഹോവയെ അനുസരിക്കും, അവർ പുറപ്പെടില്ല.+ 20 മറ്റു ചിലപ്പോൾ, കുറച്ച് ദിവസമേ മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കൂ. യഹോവയുടെ ആജ്ഞയനുസരിച്ച് അവർ പാളയത്തിൽ താമസിക്കുകയും യഹോവയുടെ ആജ്ഞയനുസരിച്ച് അവർ പുറപ്പെടുകയും ചെയ്യും. 21 ചിലപ്പോൾ, മേഘം വൈകുന്നേരംമുതൽ രാവിലെവരെ മാത്രം നിൽക്കും. രാവിലെ മേഘം ഉയരുമ്പോൾ അവർ പുറപ്പെടും. പകലായാലും രാത്രിയായാലും, മേഘം ഉയർന്നാൽ അവർ പുറപ്പെടും.+ 22 രണ്ടു ദിവസമോ ഒരു മാസമോ അതിലേറെ കാലമോ ആയാലും, മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കുന്നിടത്തോളം ഇസ്രായേല്യർ പാളയത്തിൽത്തന്നെ താമസിക്കും; അവർ പുറപ്പെടില്ല. എന്നാൽ അത് ഉയരുമ്പോൾ അവർ പുറപ്പെടും. 23 യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ അവർ പാളയമടിക്കും, യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ അവർ പുറപ്പെടും. മോശയിലൂടെ യഹോവ നൽകിയ ആജ്ഞപോലെ അവർ യഹോവയെ അനുസരിച്ചു.
10 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “അടിച്ചുപരത്തിയ വെള്ളികൊണ്ട് നിങ്ങൾക്കുവേണ്ടി രണ്ടു കാഹളം+ ഉണ്ടാക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയമഴിച്ച് പുറപ്പെടാനുള്ള അറിയിപ്പു നൽകാനും വേണ്ടി അവ ഉപയോഗിക്കണം. 3 അവ രണ്ടും ഊതുമ്പോൾ സമൂഹം മുഴുവൻ നിന്റെ മുന്നിൽ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൂടിവരണം.+ 4 അവയിലൊരെണ്ണം മാത്രമാണ് ഊതുന്നതെങ്കിൽ ഇസ്രായേല്യരുടെ സഹസ്രങ്ങൾക്ക് അധിപന്മാരായ തലവന്മാർ മാത്രം നിന്റെ അടുത്ത് ഒന്നിച്ചുകൂടണം.+
5 “നിങ്ങൾ ശബ്ദവ്യതിയാനം വരുത്തി കാഹളം മുഴക്കുമ്പോൾ കിഴക്ക് പാളയമടിച്ചിരിക്കുന്നവർ+ പുറപ്പെടണം. 6 രണ്ടാം തവണ ശബ്ദവ്യതിയാനത്തോടെ കാഹളം മുഴക്കുമ്പോൾ തെക്ക് പാളയമടിച്ചിരിക്കുന്നവർ+ പുറപ്പെടണം. ഇങ്ങനെ, അവരിൽ ഓരോരുത്തരും പുറപ്പെടേണ്ടതുള്ളപ്പോൾ ഈ വിധത്തിൽ കാഹളം മുഴക്കണം.
7 “സഭയെ കൂട്ടിവരുത്തേണ്ടതുള്ളപ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം.+ എന്നാൽ അവ ശബ്ദവ്യതിയാനത്തോടെ ഊതരുത്. 8 അഹരോന്റെ മക്കളായ പുരോഹിതന്മാരാണു കാഹളങ്ങൾ ഊതേണ്ടത്.+ അവയുടെ ഉപയോഗം നിങ്ങൾക്കു തലമുറകളിലെല്ലാം നിലനിൽക്കുന്ന, ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
9 “നിങ്ങളെ കഷ്ടപ്പെടുത്തുന്ന ശത്രുവിന് എതിരെ നിങ്ങളുടെ ദേശത്ത് യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾ കാഹളങ്ങൾകൊണ്ട് യുദ്ധാഹ്വാനം മുഴക്കണം.+ നിങ്ങളുടെ ദൈവമായ യഹോവ അപ്പോൾ നിങ്ങളെ ഓർക്കുകയും ശത്രുക്കളുടെ കൈയിൽനിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യും.
10 “കൂടാതെ നിങ്ങളുടെ ഉത്സവങ്ങൾ,+ മാസങ്ങളുടെ ആരംഭം എന്നീ ആഹ്ലാദവേളകളിൽ+ ദഹനയാഗങ്ങൾ,+ സഹഭോജനബലികൾ+ എന്നിവ അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അപ്പോൾ നിങ്ങളുടെ ദൈവം നിങ്ങളെ ഓർക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.”+
11 രണ്ടാം വർഷം രണ്ടാം മാസം 20-ാം ദിവസം+ മേഘം സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനു മുകളിൽനിന്ന് ഉയർന്നു.+ 12 അപ്പോൾ, പോകേണ്ട ക്രമമനുസരിച്ച് ഇസ്രായേല്യർ സീനായ് വിജനഭൂമിയിൽനിന്ന് പുറപ്പെട്ടു.+ മേഘം പിന്നീട്, പാരാൻ വിജനഭൂമിയിൽ നിന്നു.+ 13 അവർ മോശയിലൂടെ യഹോവ നൽകിയ ആജ്ഞയനുസരിച്ച്+ പുറപ്പെടുന്നത് ഇത് ആദ്യമായിട്ടായിരുന്നു.
14 അങ്ങനെ, യഹൂദയുടെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. 15 യിസ്സാഖാർ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നതു സൂവാരിന്റെ മകൻ നെഥനയേലായിരുന്നു.+ 16 ഹേലോന്റെ മകൻ എലിയാബാണു+ സെബുലൂൻ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
17 വിശുദ്ധകൂടാരം അഴിച്ചെടുത്തശേഷം+ അതു ചുമന്നുകൊണ്ട് ഗർശോന്റെ വംശജരും+ മെരാരിയുടെ വംശജരും+ പുറപ്പെട്ടു.
18 അതിനു ശേഷം, രൂബേൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. ശെദേയൂരിന്റെ മകൻ എലീസൂരാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. 19 ശിമെയോൻ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നതു സൂരിശദ്ദായിയുടെ മകൻ ശെലൂമിയേലായിരുന്നു.+ 20 ദയൂവേലിന്റെ മകൻ എലിയാസാഫാണു+ ഗാദ് ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
21 അതിനു ശേഷമാണു വിശുദ്ധമന്ദിരത്തിലെ വസ്തുക്കൾ ചുമന്നുകൊണ്ട് കൊഹാത്യർ പുറപ്പെട്ടത്.+ അവർ എത്തുമ്പോഴേക്കും വിശുദ്ധകൂടാരം സ്ഥാപിക്കണമായിരുന്നു.
22 തുടർന്ന് എഫ്രയീമിന്റെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. അമ്മീഹൂദിന്റെ മകൻ എലീശാമയാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. 23 മനശ്ശെ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നതു പെദാസൂരിന്റെ മകൻ ഗമാലിയേലായിരുന്നു.+ 24 ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീൻ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
25 അതിനു ശേഷം, എല്ലാ പാളയങ്ങളുടെയും പിൻപടയായി* ദാന്റെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹിയേസെരാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. 26 ആശേർ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത് ഒക്രാന്റെ മകൻ പഗീയേലായിരുന്നു.+ 27 എനാന്റെ മകൻ അഹീരയാണു+ നഫ്താലി ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. 28 യാത്ര പുറപ്പെടുമ്പോൾ ഈ ക്രമമാണ് ഇസ്രായേല്യരും അവരുടെ ഗണങ്ങളും* പിൻപറ്റിയിരുന്നത്.+
29 പിന്നീട് മോശ തന്റെ മിദ്യാന്യനായ അമ്മായിയപ്പൻ രയൂവേലിന്റെ*+ മകനായ ഹോബാബിനോടു പറഞ്ഞു: “യഹോവ ഞങ്ങളോട്, ‘ഞാൻ അതു നിങ്ങൾക്കു തരും’+ എന്നു പറഞ്ഞ സ്ഥലത്തേക്കു ഞങ്ങൾ ഇതാ പുറപ്പെടുന്നു. ഞങ്ങളോടൊപ്പം വരുക,+ ഞങ്ങൾ നിനക്കു നന്മ ചെയ്യും. കാരണം ഇസ്രായേലിനു നന്മ വരുത്തുമെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്.”+ 30 പക്ഷേ ഹോബാബ് മോശയോടു പറഞ്ഞു: “ഞാൻ വരില്ല, ഞാൻ എന്റെ ദേശത്തേക്കും എന്റെ ബന്ധുക്കളുടെ അടുത്തേക്കും തിരിച്ചുപോകുകയാണ്.” 31 അപ്പോൾ മോശ പറഞ്ഞു: “ദയവുചെയ്ത് ഞങ്ങളെ വിട്ട് പോകരുതേ! വിജനഭൂമിയിൽ എവിടെ പാളയമടിക്കണമെന്ന് അറിയാവുന്നതു നിനക്കാണ്. നീ ഞങ്ങളുടെ വഴികാട്ടിയായിരിക്കും.* 32 നീ ഞങ്ങളോടൊപ്പം വരുകയാണെങ്കിൽ+ യഹോവ ഞങ്ങൾക്കു തരുന്ന അനുഗ്രഹങ്ങളിലെല്ലാം ഞങ്ങൾ നിനക്കു പങ്കു തരും.”
33 അങ്ങനെ അവർ യഹോവയുടെ പർവതത്തിൽനിന്ന് പുറപ്പെട്ട്+ മൂന്നു ദിവസത്തെ ഒരു യാത്ര ആരംഭിച്ചു. ആ യാത്രയിൽ യഹോവയുടെ ഉടമ്പടിപ്പെട്ടകം+ അവർക്ക് ഒരു വിശ്രമസ്ഥലം അന്വേഷിച്ച് അവർക്കു മുന്നിൽ സഞ്ചരിച്ചു.+ 34 അവർ പാളയമഴിച്ച് പുറപ്പെട്ടതുമുതൽ പകൽസമയത്ത് യഹോവയുടെ മേഘം+ അവർക്കു മുകളിലുണ്ടായിരുന്നു.
35 പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇങ്ങനെ പറയുമായിരുന്നു: “യഹോവേ, എഴുന്നേൽക്കേണമേ.+ അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ. അങ്ങയെ വെറുക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.” 36 അത് എവിടെയെങ്കിലും വെക്കുമ്പോൾ മോശ പറയും: “യഹോവേ, എണ്ണിക്കൂടാത്ത വിധം അനേകായിരമായ ഇസ്രായേല്യരുടെ+ ഇടയിലേക്കു മടങ്ങിവരേണമേ.”
11 പിന്നീട് യഹോവയുടെ മുമ്പാകെ ജനം വല്ലാതെ പിറുപിറുക്കാൻതുടങ്ങി. അതു കേട്ടപ്പോൾ യഹോവയുടെ കോപം ആളിക്കത്തി. അവർക്കു നേരെ യഹോവയിൽനിന്ന് തീ പുറപ്പെട്ട് പാളയത്തിന്റെ അതിർത്തികളിലുള്ള ചിലരെ ദഹിപ്പിച്ചു. 2 എന്നാൽ ജനം മോശയോടു നിലവിളിച്ചപ്പോൾ മോശ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു;+ തീ കെട്ടടങ്ങി. 3 അവർക്കെതിരെ യഹോവയിൽനിന്ന് തീ ജ്വലിച്ചതുകൊണ്ട് ആ സ്ഥലത്തിനു തബേര* എന്നു പേര് കിട്ടി.+
4 പിന്നീട് അവർക്കിടയിലുണ്ടായിരുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണിക്കാൻതുടങ്ങി.+ ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. അവർ പിന്നെയും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+ 5 ഈജിപ്തിൽവെച്ച് ഞങ്ങൾ വില കൊടുക്കാതെ തിന്നുകൊണ്ടിരുന്ന മീൻ, വെള്ളരിക്ക, തണ്ണിമത്തൻ, ഉള്ളി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവയെക്കുറിച്ചൊക്കെ ഓർക്കുമ്പോൾത്തന്നെ കൊതിയാകുന്നു!+ 6 പക്ഷേ ഇപ്പോൾ ഇതാ, ഞങ്ങൾ ഇവിടെ കിടന്ന് മുടിയുന്നു. ഈ മന്നയല്ലാതെ+ വേറെയൊന്നും ഇവിടെ കാണാനില്ല.”
7 എന്നാൽ മന്ന+ കാഴ്ചയ്ക്കു കൊത്തമല്ലിപോലെയും+ സുഗന്ധപ്പശപോലെയും* ആയിരുന്നു. 8 ജനം നാലുപാടും നടന്ന് അതു ശേഖരിച്ച് തിരികല്ലിൽ പൊടിച്ചെടുക്കും, അല്ലെങ്കിൽ ഉരലിലിട്ട് ഇടിച്ചെടുക്കും. എന്നിട്ട് അവർ അതു കലത്തിലിട്ട് വേവിക്കുകയോ അത് ഉപയോഗിച്ച് വട്ടത്തിലുള്ള അപ്പം ഉണ്ടാക്കുകയോ ചെയ്യും.+ എണ്ണ ചേർത്ത, മധുരമുള്ള അടയുടെ രുചിയായിരുന്നു അതിന്. 9 പാളയത്തിൽ രാത്രി മഞ്ഞു പെയ്യുമ്പോൾ അതോടൊപ്പം മന്നയും പൊഴിയുമായിരുന്നു.+
10 ഓരോരുത്തനും കുടുംബത്തോടൊപ്പം കൂടാരത്തിന്റെ വാതിൽക്കൽ ഇരുന്ന് കരയുന്നതു മോശ കേട്ടു. അപ്പോൾ യഹോവയുടെ കോപം ആളിക്കത്തി,+ മോശയ്ക്കും അത് ഇഷ്ടമായില്ല. 11 മോശ യഹോവയോടു പറഞ്ഞു: “അങ്ങ് ഈ ദാസനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ഈ ജനത്തിന്റെ മുഴുവൻ ഭാരം അടിയന്റെ മേൽ വെച്ചത് എന്തിന്?+ അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നാത്തത് എന്താണ്? 12 ഞാനാണോ ഈ ജനത്തെ വയറ്റിൽ ചുമന്നത്? ‘മുല കുടിക്കുന്ന കുഞ്ഞിനെ ഒരാൾ പരിപാലിക്കുന്നതുപോലെ നീ അവരെ എടുത്തുകൊണ്ട് നടക്ക്’ എന്നു പറയാനും അവരുടെ പൂർവികർക്കു കൊടുക്കുമെന്ന് അങ്ങ് സത്യം ചെയ്ത ദേശത്തേക്ക്+ അവരെ ചുമന്നുകൊണ്ടുപോകണമെന്ന് എന്നോട് ആവശ്യപ്പെടാനും ഞാനാണോ അവരെ പ്രസവിച്ചത്? 13 ഇക്കാണുന്ന ജനത്തിനെല്ലാം ഞാൻ എവിടെനിന്ന് ഇറച്ചി കൊടുക്കും? ‘ഞങ്ങൾക്കു തിന്നാൻ ഇറച്ചി തരൂ!’ എന്ന് അവർ എന്നോടു കരഞ്ഞുപറയുന്നല്ലോ. 14 എനിക്ക് ഒറ്റയ്ക്ക് ഈ ജനത്തെ ചുമക്കാൻ കഴിയില്ല. ഇത് എനിക്കു താങ്ങാവുന്നതിലും അധികമാണ്.+ 15 ഇനിയും എന്നോട് ഇങ്ങനെതന്നെ ചെയ്യാനാണ് അങ്ങ് ഉദ്ദേശിക്കുന്നതെങ്കിൽ എന്നെ ഇപ്പോൾത്തന്നെ കൊന്നുകളഞ്ഞേക്കൂ.+ അങ്ങയ്ക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ മറ്റൊരു ദുരന്തംകൂടി കാണാൻ ഇടവരുത്തരുതേ.”
16 യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേലിലെ മൂപ്പന്മാർക്കിടയിൽനിന്ന്* ജനത്തിന്റെ മൂപ്പന്മാരും അധികാരികളും+ ആയി നീ അംഗീകരിക്കുന്ന* 70 പേരെ എനിക്കുവേണ്ടി കൂട്ടിവരുത്തുക. അവരെ സാന്നിധ്യകൂടാരത്തിൽ കൊണ്ടുവന്ന് നിന്നോടൊപ്പം നിറുത്തണം. 17 ഞാൻ അവിടേക്ക് ഇറങ്ങിവന്ന്+ നിന്നോടു സംസാരിക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച് എടുത്ത്+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായിക്കും, നീ അത് ഒറ്റയ്ക്കു ചുമക്കേണ്ടിവരില്ല.+ 18 ജനത്തോടു നീ ഇങ്ങനെ പറയണം: ‘നാളത്തേക്കായി നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക.+ നാളെ നിങ്ങൾ ഉറപ്പായും ഇറച്ചി തിന്നും. “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും? ഈജിപ്തിലായിരുന്നപ്പോൾ എത്ര നല്ലതായിരുന്നു!”+ എന്നു പറഞ്ഞ് യഹോവ കേൾക്കെ+ നിങ്ങൾ കരഞ്ഞല്ലോ. യഹോവ നിങ്ങൾക്ക് ഇറച്ചി തരും, നിങ്ങൾ തിന്നുകയും ചെയ്യും.+ 19 ഒരു ദിവസമല്ല, 2 ദിവസമല്ല, 5 ദിവസമല്ല, 10 ദിവസമല്ല, 20 ദിവസവുമല്ല, 20 ഒരു മാസം മുഴുവൻ നിങ്ങൾ തിന്നും. അതു നിങ്ങളുടെ മൂക്കിലൂടെ പുറത്ത് വന്ന് നിങ്ങൾക്ക് അറപ്പായിത്തീരുന്നതുവരെ നിങ്ങൾ തിന്നും.+ കാരണം നിങ്ങൾ നിങ്ങൾക്കിടയിലുള്ള യഹോവയെ തള്ളിക്കളയുകയും “ഞങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നത് എന്തിന്”+ എന്നു പറഞ്ഞ് ദൈവത്തിന്റെ മുമ്പാകെ കരയുകയും ചെയ്തല്ലോ.’”
21 അപ്പോൾ മോശ പറഞ്ഞു: “എന്നോടൊപ്പമുള്ള ഈ ജനത്തിൽ യോദ്ധാക്കൾതന്നെ 6,00,000 പേരുണ്ട്.+ എന്നിട്ടും, ‘ഞാൻ അവർക്ക് ഇറച്ചി കൊടുക്കും, ഒരു മാസം മുഴുവൻ അവർ ഇഷ്ടംപോലെ തിന്നും’ എന്ന് അങ്ങ് പറയുന്നു! 22 ആട്ടിൻപറ്റങ്ങളെയും കന്നുകാലിക്കൂട്ടങ്ങളെയും മുഴുവൻ അറുത്താലും അവർക്കു മതിയാകുമോ? അല്ല, സമുദ്രത്തിലുള്ള മീനിനെ മുഴുവൻ പിടിച്ചാലും അവർക്കു തികയുമോ?”
23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ അത്ര ചെറുതാണോ?+ ഞാൻ പറയുന്നതു സംഭവിക്കുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.”
24 മോശ പുറത്ത് ചെന്ന് യഹോവയുടെ വാക്കുകൾ ജനത്തെ അറിയിച്ചു. തുടർന്ന് മോശ ജനത്തിലെ മൂപ്പന്മാരിൽനിന്ന് 70 പേരെ കൂട്ടിവരുത്തി കൂടാരത്തിനു ചുറ്റും നിറുത്തി.+ 25 യഹോവ ഒരു മേഘത്തിൽ ഇറങ്ങിവന്ന്+ മോശയോടു സംസാരിച്ചു.+ ദൈവം മോശയുടെ മേലുണ്ടായിരുന്ന ദൈവാത്മാവിൽ കുറച്ച് എടുത്ത്+ 70 മൂപ്പന്മാരിൽ ഓരോരുത്തരുടെയും മേൽ പകർന്നു. ദൈവാത്മാവ് അവരുടെ മേൽ വന്ന ഉടനെ അവർ പ്രവാചകന്മാരെപ്പോലെ പെരുമാറി.*+ പക്ഷേ പിന്നീട് ഒരിക്കലും അവർ അങ്ങനെ ചെയ്തില്ല.
26 എന്നാൽ ആ പുരുഷന്മാരിൽ എൽദാദ്, മേദാദ് എന്നീ രണ്ടു പേർ അപ്പോഴും പാളയത്തിൽത്തന്നെയായിരുന്നു. അവർ മറ്റുള്ളവരോടൊപ്പം കൂടാരത്തിന്റെ അടുത്തേക്കു പോയില്ലായിരുന്നെങ്കിലും പേര് എഴുതപ്പെട്ടവരുടെ കൂട്ടത്തിൽ അവരുമുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ മേലും ദൈവാത്മാവ് വന്നു. അവർ പാളയത്തിൽവെച്ച് പ്രവാചകന്മാരെപ്പോലെ പെരുമാറി. 27 അപ്പോൾ ഒരു ചെറുപ്പക്കാരൻ ഓടിവന്ന്, “എൽദാദും മേദാദും അതാ പാളയത്തിൽ പ്രവാചകന്മാരെപ്പോലെ പെരുമാറുന്നു!” എന്നു മോശയെ അറിയിച്ചു. 28 അപ്പോൾ നൂന്റെ മകനും ചെറുപ്പംമുതൽ മോശയ്ക്കു ശുശ്രൂഷ ചെയ്യുന്നവനും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാനനായ മോശേ, അവരെ തടയണേ!”+ 29 എന്നാൽ മോശ യോശുവയോട്: “എന്നെ ഓർത്ത് നീ അസൂയപ്പെടുകയാണോ? അരുത്! യഹോവയുടെ ജനം മുഴുവൻ പ്രവാചകരാകുകയും യഹോവ അവരുടെ മേൽ തന്റെ ആത്മാവിനെ പകരുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു!” 30 പിന്നീട് മോശ ആ ഇസ്രായേൽമൂപ്പന്മാരോടൊപ്പം പാളയത്തിലേക്കു തിരിച്ചുപോയി.
31 പിന്നെ യഹോവയിൽനിന്ന് ഒരു കാറ്റ് പുറപ്പെട്ട് കടലിൽനിന്ന് കാടപ്പക്ഷികളെ കൊണ്ടുവന്ന് പാളയത്തിലിറക്കി.+ പാളയത്തിന്റെ രണ്ടു വശങ്ങളിലേക്കും ഒരു ദിവസത്തെ വഴിദൂരത്തോളം അവയുണ്ടായിരുന്നു. പാളയത്തിനു ചുറ്റോടുചുറ്റും, നിലത്തുനിന്ന് രണ്ടു മുഴം* ഉയരത്തിൽ അവയുണ്ടായിരുന്നു. 32 അന്നു പകലും രാത്രിയും പിറ്റേന്നു പകലും ജനം ഉറക്കം ഇളച്ചിരുന്ന് കാടപ്പക്ഷികളെ പിടിച്ചു. ഏറ്റവും കുറച്ച് പിടിച്ചവൻപോലും പത്തു ഹോമർ* പിടിച്ചു. അവർ അവയെ പാളയത്തിനു ചുറ്റും നിരത്തിയിട്ടു. 33 എന്നാൽ ഇറച്ചി അവരുടെ പല്ലിന് ഇടയിലിരിക്കെ, അവർ അതു ചവയ്ക്കുന്നതിനു മുമ്പുതന്നെ, ജനത്തിനു നേരെ യഹോവയുടെ കോപം ആളിക്കത്തി. വലിയൊരു സംഹാരത്താൽ യഹോവ ജനത്തെ ശിക്ഷിച്ചു.+
34 അത്യാർത്തി കാണിച്ച ജനത്തെ+ അവർ അവിടെ അടക്കം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് അവർ കിബ്രോത്ത്-ഹത്താവ*+ എന്നു പേരിട്ടു. 35 ജനം കിബ്രോത്ത്-ഹത്താവയിൽനിന്ന് ഹസേരോത്തിലേക്കു പുറപ്പെട്ടു. അവർ ഹസേരോത്തിൽ+ താമസിച്ചു.
12 മോശ ഒരു കൂശ്യസ്ത്രീയെയായിരുന്നു+ വിവാഹം കഴിച്ചത്. മോശയുടെ ഈ ഭാര്യ കാരണം മിര്യാമും അഹരോനും മോശയ്ക്കെതിരെ സംസാരിച്ചുതുടങ്ങി. 2 “മോശയിലൂടെ മാത്രമാണോ യഹോവ സംസാരിച്ചിട്ടുള്ളത്, ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ”+ എന്ന് അവർ പറഞ്ഞു. പക്ഷേ യഹോവ അതു കേൾക്കുന്നുണ്ടായിരുന്നു.+ 3 എന്നാൽ മോശ ഭൂമിയിലുള്ള എല്ലാ മനുഷ്യരെക്കാളും സൗമ്യനായിരുന്നു.*+
4 യഹോവ ഉടനെ മോശയോടും അഹരോനോടും മിര്യാമിനോടും പറഞ്ഞു: “നിങ്ങൾ മൂന്നു പേരും സാന്നിധ്യകൂടാരത്തിലേക്കു ചെല്ലുക.” അങ്ങനെ അവർ മൂന്നും അവിടേക്കു ചെന്നു. 5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങിവന്ന്+ കൂടാരവാതിൽക്കൽ നിന്നു. ദൈവം അഹരോനെയും മിര്യാമിനെയും വിളിച്ചു, അവർ രണ്ടും മുന്നോട്ടു ചെന്നു. 6 അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ പറയുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. നിങ്ങളുടെ ഇടയിൽ യഹോവയുടെ ഒരു പ്രവാചകനുണ്ടെങ്കിൽ ഒരു ദിവ്യദർശനത്തിലൂടെ+ ഞാൻ എന്നെത്തന്നെ അവനു വെളിപ്പെടുത്തും, ഒരു സ്വപ്നത്തിലൂടെ+ ഞാൻ അവനോടു സംസാരിക്കും. 7 എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല. എന്റെ ഭവനം മുഴുവനും ഞാൻ അവനെ ഭരമേൽപ്പിച്ചിരിക്കുന്നു.*+ 8 ഞാൻ അവനോടു നിഗൂഢമായ വാക്കുകളിലല്ല, വ്യക്തമായി, മുഖാമുഖമാണു* സംസാരിക്കുന്നത്.+ യഹോവയുടെ രൂപം കാണുന്നവനാണ് അവൻ. അങ്ങനെയുള്ള എന്റെ ദാസനായ ഈ മോശയ്ക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?”
9 യഹോവയുടെ കോപം അവർക്കെതിരെ ജ്വലിച്ചു, ദൈവം അവരെ വിട്ട് പോയി. 10 മേഘം കൂടാരത്തിനു മുകളിൽനിന്ന് നീങ്ങിയപ്പോൾ അതാ, മിര്യാം മഞ്ഞുപോലെ വെളുത്ത് കുഷ്ഠരോഗിയായിരിക്കുന്നു!+ അഹരോൻ തിരിഞ്ഞുനോക്കിയപ്പോൾ മിര്യാമിനു കുഷ്ഠം ബാധിച്ചിരിക്കുന്നതു കണ്ടു.+ 11 ഉടനെ അഹരോൻ മോശയോടു പറഞ്ഞു: “യജമാനനേ, ഈ പാപത്തെപ്രതി ഞങ്ങളെ ശിക്ഷിക്കരുതേ. ഞാൻ അങ്ങയോടു യാചിക്കുകയാണ്. വിഡ്ഢിത്തമാണു ഞങ്ങൾ കാണിച്ചത്. 12 മാംസം പകുതി അഴുകി പെറ്റുവീണ ചാപിള്ളയെപ്പോലെ മിര്യാമിനെ വിടരുതേ!” 13 അപ്പോൾ മോശ യഹോവയെ വിളിച്ചപേക്ഷിച്ചു: “ദൈവമേ, ദയവായി, ദയവായി മിര്യാമിനെ സുഖപ്പെടുത്തേണമേ!”+
14 യഹോവ മോശയോടു പറഞ്ഞു: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയാൽ ഏഴു ദിവസം അവൾ അപമാനം സഹിച്ച് കഴിയേണ്ടിവരില്ലേ? അതുകൊണ്ട് അവളെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കുക, അവൾ പാളയത്തിനു പുറത്ത് കഴിയട്ടെ.+ അതിനു ശേഷം അവളെ തിരികെ കൊണ്ടുവരാം.” 15 അങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്തേക്കു മാറ്റിപ്പാർപ്പിച്ചു.+ മിര്യാമിനെ തിരികെ കൊണ്ടുവരുന്നതുവരെ ജനം പാളയത്തിൽത്തന്നെ കഴിഞ്ഞു. 16 അതിനു ശേഷം ജനം ഹസേരോത്തിൽനിന്ന്+ പുറപ്പെട്ട് പാരാൻ വിജനഭൂമിയിൽ+ പാളയമടിച്ചു.
13 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന കനാൻ ദേശം ഒറ്റുനോക്കാനായി* ആളുകളെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അവർക്കിടയിലെ+ ഒരു തലവനെ+ വീതം നീ അയയ്ക്കണം.”
3 അങ്ങനെ യഹോവയുടെ ആജ്ഞയനുസരിച്ച് മോശ ഇസ്രായേല്യരുടെ തലവന്മാരായ ചിലരെ പാരാൻ വിജനഭൂമിയിൽനിന്ന്+ പറഞ്ഞയച്ചു. 4 അവരുടെ പേരുകൾ: രൂബേൻ ഗോത്രത്തിൽനിന്ന് സക്കൂരിന്റെ മകൻ ശമ്മൂവ, 5 ശിമെയോൻ ഗോത്രത്തിൽനിന്ന് ഹോരിയുടെ മകൻ ശാഫാത്ത്, 6 യഹൂദ ഗോത്രത്തിൽനിന്ന് യഫുന്നയുടെ മകൻ കാലേബ്,+ 7 യിസ്സാഖാർ ഗോത്രത്തിൽനിന്ന് യോസേഫിന്റെ മകൻ ഈഗാൽ, 8 എഫ്രയീം ഗോത്രത്തിൽനിന്ന് നൂന്റെ മകൻ ഹോശയ,+ 9 ബന്യാമീൻ ഗോത്രത്തിൽനിന്ന് രാഫൂവിന്റെ മകൻ പൽതി, 10 സെബുലൂൻ ഗോത്രത്തിൽനിന്ന് സോദിയുടെ മകൻ ഗദ്ദീയേൽ, 11 യോസേഫ്+ ഗോത്രത്തിൽ മനശ്ശെയുടെ ഗോത്രത്തിനുവേണ്ടി+ സൂസിയുടെ മകൻ ഗദ്ദി, 12 ദാൻ ഗോത്രത്തിൽനിന്ന് ഗമല്ലിയുടെ മകൻ അമ്മീയേൽ, 13 ആശേർ ഗോത്രത്തിൽനിന്ന് മീഖായേലിന്റെ മകൻ സെഥൂർ, 14 നഫ്താലി ഗോത്രത്തിൽനിന്ന് വൊപ്സിയുടെ മകൻ നഹ്ബി, 15 ഗാദ് ഗോത്രത്തിൽനിന്ന് മാഖിയുടെ മകൻ ഗയൂവേൽ. 16 ഇവരായിരുന്നു ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ. നൂന്റെ മകനായ ഹോശയയ്ക്കു മോശ, യോശുവ*+ എന്നു പേര് നൽകി.
17 കനാൻ ദേശം ഒറ്റുനോക്കാൻ അവരെ അയച്ചപ്പോൾ മോശ അവരോടു പറഞ്ഞു: “നെഗെബിലേക്കു ചെന്നിട്ട് അവിടെനിന്ന് മലനാട്ടിലേക്കു പോകുക.+ 18 ദേശം എങ്ങനെയുള്ളതാണെന്നു നോക്കണം.+ അവിടെ താമസിക്കുന്ന ജനം ശക്തരാണോ അതോ ദുർബലരാണോ, അവർ എണ്ണത്തിൽ കുറവാണോ കൂടുതലാണോ, 19 ദേശം നല്ലതാണോ മോശമാണോ, അവർ താമസിക്കുന്നതു പാളയങ്ങളിലാണോ കോട്ടമതിലുള്ള നഗരങ്ങളിലാണോ എന്നെല്ലാം നിങ്ങൾ നോക്കണം. 20 ദേശം ഫലഭൂയിഷ്ഠമാണോ* അതോ തരിശ്ശാണോ*+ എന്നും അവിടെ മരങ്ങളുണ്ടോ ഇല്ലയോ എന്നും നോക്കി മനസ്സിലാക്കണം. നിങ്ങൾ ധൈര്യത്തോടെ+ ആ ദേശത്തുനിന്ന് കുറച്ച് പഴവർഗങ്ങൾ പറിച്ചുകൊണ്ടുവരുകയും വേണം.” മുന്തിരിയുടെ ആദ്യത്തെ വിളവെടുപ്പു നടത്തുന്ന സമയമായിരുന്നു അത്.+
21 അങ്ങനെ അവർ പുറപ്പെട്ട് സീൻ വിജനഭൂമി+ മുതൽ ലബോ-ഹമാത്തിന്*+ അടുത്ത് സ്ഥിതി ചെയ്യുന്ന രഹോബ്+ വരെയുള്ള ദേശം ഒറ്റുനോക്കി. 22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ. 23 എശ്ക്കോൽ താഴ്വരയിൽ*+ എത്തിയ അവർ അവിടെനിന്ന് ഒരു മുന്തിരിക്കുല അതിന്റെ ശാഖയോടുകൂടെ മുറിച്ചെടുത്തു. അതു രണ്ടു പേർ ചേർന്ന് ഒരു തണ്ടിൽ ചുമക്കേണ്ടിവന്നു! കുറച്ച് മാതളനാരങ്ങയും അത്തിപ്പഴവും അവർ കൊണ്ടുപോന്നു.+ 24 അവിടെനിന്ന് ഇസ്രായേല്യർ മുന്തിരിക്കുല മുറിച്ചെടുത്തതുകൊണ്ട് അവർ ആ സ്ഥലത്തെ എശ്ക്കോൽ* താഴ്വര*+ എന്നു വിളിച്ചു.
25 ദേശം ഒറ്റുനോക്കി 40-ാം ദിവസം+ അവർ മടങ്ങി. 26 അവർ പാരാൻ വിജനഭൂമിയിലെ കാദേശിൽ+ മോശയുടെയും അഹരോന്റെയും ഇസ്രായേൽസമൂഹത്തിന്റെയും അടുത്ത് എത്തി. അവർ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെല്ലാം സമൂഹത്തെ മുഴുവൻ അറിയിച്ചു; അവിടെനിന്ന് കൊണ്ടുവന്ന പഴവർഗങ്ങൾ അവരെ കാണിക്കുകയും ചെയ്തു. 27 അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്ത് ഞങ്ങൾ ചെന്നു. പാലും തേനും ഒഴുകുന്ന ദേശംതന്നെയാണ് അത്.+ ഇത് അവിടത്തെ ചില പഴങ്ങളാണ്.+ 28 പക്ഷേ ആ ദേശത്ത് താമസിക്കുന്നവർ വളരെ ശക്തരാണ്. അവരുടെ നഗരങ്ങൾ വളരെ വലുതും കോട്ടമതിൽ കെട്ടി സുരക്ഷിതമാക്കിയവയും ആണ്. അവിടെ ഞങ്ങൾ അനാക്യരെയും കണ്ടു.+ 29 അമാലേക്യർ+ നെഗെബ് ദേശത്തും,+ ഹിത്യരും യബൂസ്യരും+ അമോര്യരും+ മലനാട്ടിലും, കനാന്യർ+ കടൽത്തീരത്തും+ യോർദാന്റെ കരയിലും താമസിക്കുന്നു.”
30 അപ്പോൾ കാലേബ് മോശയുടെ മുന്നിൽ നിന്നിരുന്ന ജനത്തെ ശാന്തരാക്കാൻ ശ്രമിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “വേഗം വരൂ, നമുക്ക് ഉടനെ പുറപ്പെടാം. അതു കീഴടക്കാനും കൈവശമാക്കാനും നമുക്കു കഴിയും, ഉറപ്പ്.”+ 31 പക്ഷേ കാലേബിനോടുകൂടെ പോയ പുരുഷന്മാർ പറഞ്ഞു: “ആ ജനത്തിനു നേരെ ചെല്ലാൻ നമുക്കു കഴിയില്ല. അവർ നമ്മളെക്കാൾ ശക്തരാണ്.”+ 32 തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ ഇസ്രായേല്യരുടെ ഇടയിൽ മോശമായ വാർത്ത പ്രചരിപ്പിച്ചു.+ അവർ പറഞ്ഞു: “ഞങ്ങൾ പോയി ഒറ്റുനോക്കിയ ദേശം നിവാസികളെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെ കണ്ട ജനങ്ങളെല്ലാം അസാമാന്യവലുപ്പമുള്ളവരാണ്.+ 33 ഞങ്ങൾ അവിടെ നെഫിലിമുകളെയും കണ്ടു. നെഫിലിമുകളിൽനിന്നുള്ള* ആ അനാക്യവംശജരുടെ+ മുമ്പിൽ ഞങ്ങൾ വെറും പുൽച്ചാടികളെപ്പോലെയായിരുന്നു. അവർക്കും ഞങ്ങളെ കണ്ട് അങ്ങനെതന്നെ തോന്നി.”
14 അപ്പോൾ സമൂഹം മുഴുവൻ പൊട്ടിക്കരഞ്ഞു; ജനം രാത്രി മുഴുവൻ കരയുകയും വിലപിക്കുകയും ചെയ്തു.+ 2 ഇസ്രായേല്യരെല്ലാം മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തു.+ സമൂഹം അവർക്കെതിരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഈജിപ്ത് ദേശത്തുവെച്ച് മരിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഈ മരുഭൂമിയിൽ* മരിച്ചുവീണിരുന്നെങ്കിൽ എത്ര നന്നായിരുന്നു! 3 യഹോവ എന്തിനാണു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നത്, വാളാൽ വീഴാനോ?+ ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കൊള്ളയായിപ്പോകും.+ ഇതിലും ഭേദം ഈജിപ്തിലേക്കു തിരിച്ചുപോകുന്നതല്ലേ?”+ 4 അവർ തമ്മിൽത്തമ്മിൽ ഇങ്ങനെപോലും പറഞ്ഞു: “വരൂ, നമുക്ക് ഒരു നേതാവിനെ നിയമിച്ച് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.”+
5 അപ്പോൾ, കൂടിവന്ന ഇസ്രായേൽ സഭയുടെ മുമ്പാകെ മോശയും അഹരോനും കമിഴ്ന്നുവീണു. 6 ദേശം ഒറ്റുനോക്കിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന, നൂന്റെ മകനായ യോശുവയും+ യഫുന്നയുടെ മകനായ കാലേബും+ തങ്ങളുടെ വസ്ത്രം കീറി 7 ഇസ്രായേല്യരുടെ സമൂഹത്തോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പോയി ഒറ്റുനോക്കിയ ദേശം വളരെവളരെ നല്ലതാണ്.+ 8 ദൈവമായ യഹോവ നമ്മളിൽ പ്രസാദിക്കുന്നെങ്കിൽ, പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു+ ദൈവം ഉറപ്പായും നമ്മളെ കൊണ്ടുപോകുകയും അതു നമുക്കു തരുകയും ചെയ്യും. 9 എന്നാൽ നിങ്ങൾ യഹോവയെ ധിക്കരിക്കുക മാത്രം ചെയ്യരുത്; ആ ദേശത്തെ ജനങ്ങളെ പേടിക്കുകയുമരുത്.+ അവർ നമുക്കിരയായിത്തീരും.* അവരുടെ സംരക്ഷണം പൊയ്പോയി. പക്ഷേ യഹോവ നമ്മുടെകൂടെയുണ്ട്.+ അവരെ പേടിക്കരുത്.”
10 എന്നാൽ അവരെ കല്ലെറിയണമെന്നു സമൂഹം മുഴുവൻ പരസ്പരം പറഞ്ഞു.+ അപ്പോൾ യഹോവയുടെ തേജസ്സു സാന്നിധ്യകൂടാരത്തിൽ ഇസ്രായേൽ ജനത്തിനു പ്രത്യക്ഷമായി.+
11 യഹോവ മോശയോടു പറഞ്ഞു: “എത്ര കാലം ഈ ജനം എന്നോട് അനാദരവ് കാണിക്കും?+ ഞാൻ അവരുടെ ഇടയിൽ ഈ അടയാളങ്ങളെല്ലാം ചെയ്തിട്ടും എത്ര നാൾ അവർ എന്നിൽ വിശ്വാസമർപ്പിക്കാതിരിക്കും?+ 12 ഞാൻ അവരെ മാരകമായ പകർച്ചവ്യാധികൾകൊണ്ട് പ്രഹരിച്ച് ഇല്ലാതാക്കാൻപോകുകയാണ്. എന്നാൽ നിന്നെ ഞാൻ അവരെക്കാൾ വലുതും പ്രബലവും ആയ ഒരു ജനതയാക്കും.”+
13 പക്ഷേ മോശ യഹോവയോടു പറഞ്ഞു: “അങ്ങനെ ചെയ്താൽ ഈജിപ്തുകാർ ഇതെക്കുറിച്ച് കേൾക്കും. അവരുടെ ഇടയിൽനിന്നാണല്ലോ അങ്ങ് ഈ ജനത്തെ അങ്ങയുടെ ശക്തിയാൽ വിടുവിച്ചുകൊണ്ടുവന്നത്.+ 14 അവർ ഇതെക്കുറിച്ച് ഈ ദേശവാസികളോടു പറയും. യഹോവ എന്ന അങ്ങ് ഈ ജനത്തോടൊപ്പമുണ്ടെന്നും+ അവർക്കു മുഖാമുഖം+ പ്രത്യക്ഷനായെന്നും ഈ ദേശവാസികളും കേട്ടിട്ടുണ്ട്. അങ്ങ് യഹോവയാണല്ലോ; അങ്ങയുടെ മേഘമാണ് ഈ ജനത്തിനു മീതെയുള്ളത്. പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അവരുടെ മുമ്പാകെ പോകുന്നത് അങ്ങാണ്.+ 15 അങ്ങ് ഈ ജനത്തെ ഒന്നടങ്കം ക്ഷണത്തിൽ* സംഹരിച്ചാൽ അങ്ങയുടെ കീർത്തി കേട്ടിട്ടുള്ള ജനതകൾ ഇങ്ങനെ പറയും: 16 ‘ഈ ജനത്തിനു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകാൻ യഹോവയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൻ അവരെ വിജനഭൂമിയിൽവെച്ച് കൊന്നുമുടിച്ചു!’+ 17 അതുകൊണ്ട് യഹോവേ, അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ ശക്തി ശ്രേഷ്ഠമായിരിക്കട്ടെ. അങ്ങ് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: 18 ‘യഹോവ കോപത്തിനു താമസമുള്ളവൻ; അചഞ്ചലമായ സ്നേഹം+ നിറഞ്ഞവൻ; തെറ്റുകുറ്റങ്ങളും ലംഘനവും പൊറുക്കുന്നവൻ. എന്നാൽ ഒരു പ്രകാരത്തിലും കുറ്റക്കാരനെ ശിക്ഷിക്കാതെ വിടില്ല. അവിടുന്ന് പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ മക്കളുടെ മേൽ, മൂന്നാമത്തെ തലമുറയുടെ മേലും നാലാമത്തെ തലമുറയുടെ മേലും, വരുത്തും.’+ 19 ഈജിപ്ത് മുതൽ ഇവിടെ വരെ ഈ ജനത്തോടു പൊറുത്തതുപോലെ അങ്ങയുടെ വലിയ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ഈ ജനത്തിന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കേണമേ.”+
20 അപ്പോൾ യഹോവ പറഞ്ഞു: “നീ പറഞ്ഞതുപോലെതന്നെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു.+ 21 എങ്കിലും ഞാനാണെ സത്യം, ഭൂമി മുഴുവൻ യഹോവയുടെ മഹത്ത്വംകൊണ്ട് നിറയും.+ 22 പക്ഷേ എന്റെ മഹത്ത്വം കണ്ടിട്ടും ഈജിപ്തിലും വിജനഭൂമിയിലും വെച്ച് ഞാൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടും+ ഈ പത്തു തവണ എന്നെ പരീക്ഷിക്കുകയും+ എന്റെ വാക്കു കേൾക്കാതിരിക്കുകയും+ ചെയ്ത ഒരാൾപ്പോലും 23 ഞാൻ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം കാണില്ല. അതെ, എന്നോട് അനാദരവ് കാണിക്കുന്ന ഒരുത്തനും അതു കാണില്ല.+ 24 എന്നാൽ എന്റെ ദാസനായ കാലേബിനെ+ അവൻ പോയ ദേശത്തേക്കു ഞാൻ കൊണ്ടുപോകും; അവന്റെ സന്തതി അത് അവകാശമാക്കും. കാരണം വ്യത്യസ്തമായ ഒരു ആത്മാവോടും* മുഴുഹൃദയത്തോടും കൂടെ അവൻ എന്നെ അനുഗമിച്ചിരിക്കുന്നു.+ 25 അമാലേക്യരും കനാന്യരും+ ഈ താഴ്വരയിൽ താമസിക്കുന്നതുകൊണ്ട് നാളെ നിങ്ങൾ തിരിച്ചുപോകണം. നിങ്ങൾ ചെങ്കടലിന്റെ വഴിക്കു വിജനഭൂമിയിലേക്കു പുറപ്പെടുക.”+
26 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 27 “ഈ ദുഷ്ടസമൂഹം എത്ര കാലം എനിക്കു നേരെ പിറുപിറുക്കും?+ എനിക്കു നേരെയുള്ള ഇസ്രായേല്യരുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു.+ 28 അവരോട് ഇങ്ങനെ പറയുക: ‘യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ സത്യം, ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞ അതേ കാര്യങ്ങൾതന്നെ ഞാൻ നിങ്ങളോടു ചെയ്യും!+ 29 രേഖയിൽ പേര് ചേർത്ത, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും+ ശവങ്ങൾ, അതെ, എനിക്കു നേരെ പിറുപിറുത്ത നിങ്ങൾ എല്ലാവരുടെയും ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും.+ 30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+
31 “‘“കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളെ ഞാൻ അവിടേക്കു കൊണ്ടുപോകും,+ നിങ്ങൾ തള്ളിക്കളഞ്ഞ ദേശം+ അവർ അനുഭവിക്കും. 32 എന്നാൽ നിങ്ങളുടെ ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും. 33 നിങ്ങളുടെ മക്കൾ 40 വർഷം ഈ വിജനഭൂമിയിൽ ഇടയന്മാരായിരിക്കും.+ നിങ്ങളുടെ ശവങ്ങളിൽ അവസാനത്തേതും ഈ വിജനഭൂമിയിൽ വീഴുന്നതുവരെ+ നിങ്ങളുടെ അവിശ്വസ്തതയ്ക്ക്* അവർ ഉത്തരം പറയേണ്ടിവരും. 34 നിങ്ങൾ ദേശം ഒറ്റുനോക്കാൻ എടുത്ത 40 ദിവസത്തിന്+ ആനുപാതികമായി 40 വർഷം,+ ഒരു ദിവസത്തിന് ഒരു വർഷം എന്ന കണക്കിൽ, ഓരോ ദിവസത്തിനും ഓരോ വർഷം എന്ന കണക്കിൽത്തന്നെ, നിങ്ങൾ നിങ്ങളുടെ തെറ്റുകൾക്ക് ഉത്തരം പറയേണ്ടിവരും. എന്നെ എതിർത്താൽ* എന്തു സംഭവിക്കുമെന്ന് അങ്ങനെ നിങ്ങൾ അറിയും.
35 “‘“ഇതാ, യഹോവ എന്ന ഞാൻ ഇതു പറഞ്ഞിരിക്കുന്നു. എനിക്ക് എതിരെ സംഘടിച്ച ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ചെയ്യാൻപോകുന്നത് ഇതാണ്: ഈ വിജനഭൂമിയിലായിരിക്കും അവരുടെ അന്ത്യം; ഇവിടെ അവർ ചത്തൊടുങ്ങും.+ 36 ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ, അതായത് ദേശത്തെക്കുറിച്ച് മോശം വാർത്തയുമായി വന്ന് സമൂഹം മുഴുവൻ അവന് എതിരെ പിറുപിറുക്കാൻ ഇടയാക്കിയ പുരുഷന്മാർ,+ 37 അതെ, ദേശത്തെക്കുറിച്ച് തെറ്റായ വാർത്ത കൊണ്ടുവന്ന എല്ലാവരും, കൊല്ലപ്പെടും; അവർ യഹോവയുടെ മുമ്പാകെ മരിച്ചുവീഴും.+ 38 എന്നാൽ ദേശം ഒറ്റുനോക്കാൻ പോയവരിൽ നൂന്റെ മകനായ യോശുവയും യഫുന്നയുടെ മകനായ കാലേബും ജീവിച്ചിരിക്കും.”’”+
39 മോശ ഈ വാക്കുകൾ ഇസ്രായേല്യരെയെല്ലാം അറിയിച്ചപ്പോൾ ജനം അതിദുഃഖത്തോടെ കരഞ്ഞു. 40 തന്നെയുമല്ല, അവർ അതിരാവിലെ എഴുന്നേറ്റ് മലമുകളിലേക്കു പോകാൻ തുനിഞ്ഞു. അവർ പറഞ്ഞു: “ഞങ്ങൾ ഇതാ, യഹോവ പറഞ്ഞ സ്ഥലത്തേക്കു പോകാൻ തയ്യാറാണ്; ഞങ്ങൾ പാപം ചെയ്തുപോയി.”+ 41 എന്നാൽ മോശ അവരോടു പറഞ്ഞത്: “നിങ്ങൾ യഹോവയുടെ ആജ്ഞ ധിക്കരിക്കുന്നത് എന്തിനാണ്? ഇതിൽ നിങ്ങൾ വിജയിക്കില്ല. 42 നിങ്ങൾ പോകരുത്. യഹോവ നിങ്ങളോടുകൂടെയില്ല. നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.+ 43 അമാലേക്യരും കനാന്യരും അവിടെ നിങ്ങളോട് ഏറ്റുമുട്ടും.+ നിങ്ങൾ അവരുടെ വാളിന് ഇരയായിത്തീരും. നിങ്ങൾ യഹോവയെ അനുഗമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞതിനാൽ യഹോവ നിങ്ങളോടുകൂടെയുണ്ടായിരിക്കില്ല.”+
44 എന്നിട്ടും അവർ ധാർഷ്ട്യത്തോടെ മലമുകളിലേക്കു കയറിപ്പോയി.+ എന്നാൽ യഹോവയുടെ ഉടമ്പടിപ്പെട്ടകമോ മോശയോ പാളയത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ടില്ല.+ 45 ആ മലയിൽ താമസിച്ചിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് അവരെ ആക്രമിച്ച് ഹോർമ വരെ ചിതറിച്ചുകളഞ്ഞു.+
15 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങൾക്കു താമസിക്കാൻ ഞാൻ തരുന്ന ദേശത്ത്+ ചെന്നശേഷം 3 ആടുമാടുകളിൽനിന്ന് നിങ്ങൾ യഹോവയ്ക്ക് അഗ്നിയിൽ യാഗം അർപ്പിക്കുമ്പോൾ—ദഹനയാഗമോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയോ+ നിങ്ങളുടെ ഉത്സവകാലത്തെ യാഗമോ+ യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അർപ്പിക്കുമ്പോൾ+— 4 യാഗം അർപ്പിക്കുന്ന വ്യക്തി ഒരു ഏഫായുടെ* പത്തിലൊന്ന് അളവ് നേർത്ത ധാന്യപ്പൊടിയിൽ+ ഒരു ഹീന്റെ* നാലിലൊന്ന് എണ്ണ ചേർത്ത് തയ്യാറാക്കിയ ഒരു ധാന്യയാഗവുംകൂടെ യഹോവയ്ക്ക് അർപ്പിക്കണം. 5 കൂടാതെ, ദഹനയാഗത്തിന്റെയും+ ഓരോ ആൺചെമ്മരിയാട്ടിൻകുട്ടിയുടെ ബലിയുടെയും കൂടെ ഒരു ഹീന്റെ നാലിലൊന്നു വീഞ്ഞ് പാനീയയാഗമായും അർപ്പിക്കണം. 6 ആൺചെമ്മരിയാടാണെങ്കിൽ ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടിയിൽ ഒരു ഹീന്റെ മൂന്നിലൊന്ന് എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും അർപ്പിക്കണം. 7 കൂടാതെ, പാനീയയാഗമായി ഒരു ഹീന്റെ മൂന്നിലൊന്നു വീഞ്ഞും യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി നിങ്ങൾ അർപ്പിക്കണം.
8 “‘എന്നാൽ ആടുമാടുകളിൽനിന്ന് ഒരു ആണിനെ ദഹനയാഗമായോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയായോ+ സഹഭോജനബലിയായോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ+ 9 ആടുമാടുകളിലെ ഈ ആണിനൊപ്പം നിങ്ങൾ ഒരു ഏഫായുടെ പത്തിൽ മൂന്ന് അളവ് നേർത്ത ധാന്യപ്പൊടിയിൽ അര ഹീൻ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവുംകൂടെ+ അർപ്പിക്കണം. 10 കൂടാതെ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അര ഹീൻ വീഞ്ഞ് അഗ്നിയിലുള്ള യാഗമെന്ന നിലയിൽ പാനീയയാഗമായും+ അർപ്പിക്കണം. 11 കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി, ആൺകോലാട് എന്നിങ്ങനെ ഓരോ മൃഗത്തെ അർപ്പിക്കുമ്പോഴും നിങ്ങൾ ഇങ്ങനെ ചെയ്യണം. 12 നിങ്ങൾ എത്ര മൃഗങ്ങളെ അർപ്പിച്ചാലും, അവയുടെ എണ്ണമനുസരിച്ച്, ഓരോന്നിന്റെയും കാര്യത്തിൽ ഇങ്ങനെതന്നെ ചെയ്യണം. 13 ഇങ്ങനെയാണ് സ്വദേശത്ത് ജനിച്ച ഓരോ ഇസ്രായേല്യനും യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിലുള്ള യാഗം അർപ്പിക്കേണ്ടത്.
14 “‘നിങ്ങളുടെകൂടെ താമസിക്കുന്ന ഒരു വിദേശിയോ അനേകം തലമുറകളായി നിങ്ങളുടെകൂടെ താമസിക്കുന്ന ഒരാളോ യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിലുള്ള യാഗം അർപ്പിക്കുന്നെങ്കിൽ നിങ്ങൾ ചെയ്യുന്നതുപോലെതന്നെ അയാളും ചെയ്യണം.+ 15 സഭയിലെ അംഗങ്ങളായ നിങ്ങൾക്കും നിങ്ങളുടെകൂടെ താമസമാക്കിയ വിദേശിക്കും ഒരേ നിയമമായിരിക്കും. ഇതു നിങ്ങളുടെ എല്ലാ തലമുറകളിലേക്കുമുള്ള ഒരു ദീർഘകാലനിയമമാണ്. നിങ്ങളും വിദേശിയും യഹോവയുടെ മുമ്പാകെ ഒരുപോലെയായിരിക്കും.+ 16 നിങ്ങൾക്കും നിങ്ങളുടെകൂടെ താമസിക്കുന്ന വിദേശിക്കും ഒരേ നിയമവും ഒരേ ന്യായത്തീർപ്പും ആയിരിക്കണം.’”
17 യഹോവ മോശയോടു തുടർന്നുപറഞ്ഞു: 18 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് എത്തിയശേഷം 19 ആ ദേശത്തെ ഏതു ഭക്ഷണം കഴിക്കുമ്പോഴും+ നിങ്ങൾ യഹോവയ്ക്ക് ഒരു സംഭാവന കൊണ്ടുവരണം. 20 ആദ്യം പൊടിച്ചെടുക്കുന്ന തരിമാവിൽനിന്നുള്ള നിങ്ങളുടെ സംഭാവന+ വളയാകൃതിയിലുള്ള അപ്പമായി കൊണ്ടുവരണം. മെതിക്കളത്തിൽനിന്നുള്ള സംഭാവനപോലെയാണു നിങ്ങൾ അതു സംഭാവന ചെയ്യേണ്ടത്. 21 നിങ്ങൾ തലമുറതോറും ആദ്യഫലമായ തരിമാവിൽനിന്ന് കുറച്ച് എടുത്ത് ഒരു സംഭാവനയായി യഹോവയ്ക്കു നൽകണം.
22 “‘നിങ്ങൾ ഒരു തെറ്റു ചെയ്യുകയും യഹോവ മോശയോടു പറഞ്ഞിട്ടുള്ള കല്പനകൾ, 23 അതായത് മോശയിലൂടെ യഹോവ നിങ്ങളോടു കല്പിച്ചതും യഹോവ കല്പിച്ച അന്നുമുതൽ തലമുറകളിലുടനീളം നിലവിലിരിക്കുന്നതും ആയ കല്പനകൾ, പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യുന്നെന്നു കരുതുക. 24 അത് അറിയാതെ ചെയ്തുപോയതാണെങ്കിൽ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി സമൂഹം മുഴുവനും ഒരു കാളക്കുട്ടിയെ ദഹനയാഗമായി അർപ്പിക്കണം. കീഴ്വഴക്കമനുസരിച്ച് അതിന്റെ ധാന്യയാഗത്തോടും പാനീയയാഗത്തോടും കൂടെ അത് അർപ്പിക്കണം.+ കൂടാതെ പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.+ 25 പുരോഹിതൻ ഇസ്രായേല്യരുടെ സമൂഹത്തിനു മുഴുവൻ പാപപരിഹാരം വരുത്തണം. അപ്പോൾ ആ തെറ്റ് അവരോടു ക്ഷമിക്കും.+ കാരണം അവർ അത് അറിയാതെ ചെയ്തതാണ്. കൂടാതെ, തങ്ങളുടെ തെറ്റിനു പരിഹാരമായി അവർ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗവും യഹോവയുടെ മുമ്പാകെ അവരുടെ പാപയാഗവും കൊണ്ടുവരുകയും ചെയ്തു. 26 അറിയാതെ ചെയ്തതായതുകൊണ്ട് ഇസ്രായേല്യരുടെ സമൂഹത്തോടും അവരുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയോടും ആ തെറ്റു ക്ഷമിക്കും.
27 “‘എന്നാൽ, ഒരു വ്യക്തിയാണ് അറിയാതെ ഒരു പാപം ചെയ്യുന്നതെങ്കിൽ അയാൾ ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു പെൺകോലാടിനെ പാപയാഗമായി അർപ്പിക്കണം.+ 28 യഹോവയുടെ മുമ്പാകെ അയാൾ അറിയാതെ ചെയ്തുപോയ പാപത്തിനു പ്രായശ്ചിത്തമായി പുരോഹിതൻ അയാൾക്കു പാപപരിഹാരം വരുത്തണം. അപ്പോൾ അത് അയാളോടു ക്ഷമിക്കും.+ 29 അറിയാതെ ചെയ്തുപോയ തെറ്റിന്, സ്വദേശത്ത് ജനിച്ച ഇസ്രായേല്യർക്കും അവർക്കിടയിൽ വന്നുതാമസിക്കുന്ന വിദേശിക്കും ഒരേ നിയമമായിരിക്കണം.+
30 “‘എന്നാൽ മനഃപൂർവം എന്തെങ്കിലും ചെയ്യുന്ന ഒരു വ്യക്തി, + അയാൾ സ്വദേശിയോ വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, യഹോവയെ നിന്ദിക്കുകയാണ്; അയാളെ അയാളുടെ ജനത്തിന് ഇടയിൽനിന്ന് കൊന്നുകളയണം. 31 കാരണം അയാൾ യഹോവയുടെ വാക്കിനു വില കല്പിക്കാതെ ദൈവകല്പന ലംഘിച്ചിരിക്കുന്നു. അയാളെ കൊന്നുകളയണം.+ അയാളുടെ തെറ്റ് അയാളുടെ മേൽത്തന്നെ ഇരിക്കും.’”+
32 ഇസ്രായേല്യർ വിജനഭൂമിയിലായിരിക്കെ, ശബത്തുദിവസം ഒരാൾ വിറകു പെറുക്കുന്നതു കണ്ടു.+ 33 അയാൾ വിറകു പെറുക്കുന്നതു കണ്ടവർ അയാളെ മോശയുടെയും അഹരോന്റെയും സമൂഹത്തിന്റെയും മുമ്പാകെ കൊണ്ടുവന്നു. 34 അയാളെ എന്തു ചെയ്യണമെന്നു പ്രത്യേകം നിർദേശമൊന്നുമില്ലായിരുന്നതുകൊണ്ട് അവർ അയാളെ തടവിൽ വെച്ചു.+
35 യഹോവ മോശയോടു പറഞ്ഞു: “അയാളെ കൊന്നുകളയണം;+ പാളയത്തിനു പുറത്ത് കൊണ്ടുപോയി സമൂഹം മുഴുവനും അയാളെ കല്ലെറിയണം.”+ 36 അങ്ങനെ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ സമൂഹം മുഴുവനും അയാളെ പാളയത്തിനു പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നു.
37 പിന്നെ യഹോവ മോശയോടു പറഞ്ഞു: 38 “നീ ഇസ്രായേല്യരോട് അവരുടെ വസ്ത്രത്തിന്റെ താഴത്തെ വിളുമ്പിൽ തൊങ്ങലുകൾ പിടിപ്പിക്കാൻ പറയണം. തലമുറതോറും അവർ അതു ചെയ്യണം. താഴത്തെ വിളുമ്പിലെ തൊങ്ങലുകളുടെ മുകളിലായി വസ്ത്രത്തിൽ അവർ ഒരു നീലച്ചരടും പിടിപ്പിക്കണം.+ 39 ‘തൊങ്ങലുകൾ കാണുമ്പോൾ നിങ്ങൾ യഹോവയുടെ കല്പനകളെല്ലാം ഓർക്കുകയും അനുസരിക്കുകയും ചെയ്യാനായി അവ പിടിപ്പിക്കണം.+ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെയും കണ്ണുകളെയും അനുസരിച്ച് നടക്കരുത്. അവ നിങ്ങളെ ആത്മീയവേശ്യാവൃത്തിയിലേക്കാണു നയിക്കുക.+ 40 എന്റെ കല്പനകളെല്ലാം ഓർക്കാനും അവ അനുസരിക്കാനും അങ്ങനെ നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കാനും ഇതു സഹായിക്കും.+ 41 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്, നിങ്ങളുടെ ദൈവമായിരിക്കാനായി നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്ന ദൈവം!+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”+
16 പിന്നീട് ലേവിയുടെ മകനായ+ കൊഹാത്തിന്റെ മകനായ+ യിസ്ഹാരിന്റെ മകൻ+ കോരഹ്,+ രൂബേന്റെ വംശത്തിൽപ്പെട്ട എലിയാബിന്റെ മക്കളായ+ ദാഥാൻ, അബീരാം എന്നിവരോടും രൂബേന്റെ+ വംശത്തിൽപ്പെട്ട പേലെത്തിന്റെ മകൻ ഓനോടും കൂടെ ചേർന്ന്, 2 സമൂഹത്തിലെ തലവന്മാരും സഭയിലെ തിരഞ്ഞെടുക്കപ്പെട്ടവരും പ്രധാനികളും ആയ 250 ഇസ്രായേല്യപുരുഷന്മാരോടൊപ്പം മോശയ്ക്കെതിരെ സംഘടിച്ചു. 3 അവർ മോശയ്ക്കും അഹരോനും എതിരെ ഒന്നിച്ചുകൂടി+ അവരോടു പറഞ്ഞു: “ഞങ്ങൾക്കു നിങ്ങളെക്കൊണ്ട് മതിയായി. സമൂഹത്തിലുള്ള എല്ലാവരും വിശുദ്ധരാണ്.+ യഹോവ അവരുടെ മധ്യേയുണ്ട്.+ പിന്നെ നിങ്ങൾ എന്തിനാണ് യഹോവയുടെ സഭയ്ക്കു മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത്?”
4 ഇതു കേട്ട ഉടനെ മോശ കമിഴ്ന്നുവീണു. 5 പിന്നെ മോശ കോരഹിനോടും അയാളുടെ എല്ലാ കൂട്ടാളികളോടും പറഞ്ഞു: “തനിക്കുള്ളവൻ ആരെന്നും+ വിശുദ്ധൻ ആരെന്നും തന്നെ സമീപിക്കേണ്ടത് ആരെന്നും രാവിലെ യഹോവ വെളിപ്പെടുത്തും.+ ദൈവം തിരഞ്ഞെടുക്കുന്നയാൾ+ ദൈവത്തെ സമീപിക്കും. 6 കോരഹേ, താങ്കളും താങ്കളുടെ കൂട്ടാളികളും+ ഇങ്ങനെ ചെയ്യുക: നിങ്ങൾ കനൽപ്പാത്രം എടുത്ത്+ 7 നാളെ യഹോവയുടെ മുന്നിൽവെച്ച് അതിൽ തീ ഇട്ട് അതിനു മേൽ സുഗന്ധക്കൂട്ട് ഇടുക. യഹോവ ആരെ തിരഞ്ഞെടുക്കുന്നോ+ അയാളാണു വിശുദ്ധൻ. ലേവിപുത്രന്മാരേ,+ നിങ്ങൾ അതിരുകടന്നിരിക്കുന്നു!”
8 പിന്നെ മോശ കോരഹിനോടു പറഞ്ഞു: “ലേവിപുത്രന്മാരേ, ഇതു കേൾക്കുക. 9 ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസമൂഹത്തിൽനിന്ന് വേർതിരിച്ചിരിക്കുന്നതും+ യഹോവയുടെ വിശുദ്ധകൂടാരത്തിൽ സേവിക്കാനായി ദൈവത്തോട് അടുത്ത് ചെല്ലാൻ അനുവദിച്ചിരിക്കുന്നതും സമൂഹത്തെ ശുശ്രൂഷിക്കാനായി അവരുടെ മുമ്പാകെ നിൽക്കാൻ പദവി നൽകിയിരിക്കുന്നതും+ നിസ്സാരകാര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്? 10 താങ്കളെ ലേവിപുത്രന്മാരായ താങ്കളുടെ സഹോദരന്മാരോടൊപ്പം ദൈവം തന്റെ അടുത്ത് കൊണ്ടുവന്നിരിക്കുന്നതു ചെറിയ കാര്യമാണോ? പക്ഷേ ഇപ്പോൾ നിങ്ങൾ പൗരോഹിത്യവുംകൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നു!+ 11 അതുകൊണ്ട് യഹോവയ്ക്കെതിരെയാണു താങ്കളും താങ്കളെ പിന്തുണയ്ക്കുന്നവരും സംഘടിച്ചിരിക്കുന്നത്. നിങ്ങൾ അഹരോന് എതിരെ പിറുപിറുക്കാൻ അഹരോൻ ആരാണ്?”+
12 പിന്നീട് എലിയാബിന്റെ മക്കളായ ദാഥാനെയും അബീരാമിനെയും+ വിളിക്കാൻ മോശ ആളയച്ചു. എന്നാൽ അവർ പറഞ്ഞു: “ഞങ്ങൾ വരില്ല! 13 പാലും തേനും ഒഴുകുന്ന ഒരു ദേശത്തുനിന്ന് ഈ മരുഭൂമിയിൽ* ചത്തൊടുങ്ങാനായി ഞങ്ങളെ കൊണ്ടുവന്നതും+ പോരാഞ്ഞിട്ട്, നിനക്കു ഞങ്ങളെ അടക്കിഭരിക്കുകയും വേണോ? 14 ഇതുവരെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്കും നീ ഞങ്ങളെ കൊണ്ടുവന്നിട്ടില്ല;+ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തന്നിട്ടുമില്ല. നീ ആ മനുഷ്യരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമോ? ഇല്ല, ഞങ്ങൾ വരില്ല!”
15 അപ്പോൾ മോശ വല്ലാതെ കോപിച്ചു. മോശ യഹോവയോടു പറഞ്ഞു: “അവരുടെ ധാന്യയാഗങ്ങളെ കടാക്ഷിക്കരുതേ. അവരുടെ ഒരു കഴുതയെപ്പോലും ഞാൻ എടുത്തിട്ടില്ല, അവരിൽ ആരെയും ദ്രോഹിച്ചിട്ടുമില്ല.”+
16 പിന്നെ മോശ കോരഹിനോടു പറഞ്ഞു: “താങ്കളും താങ്കളുടെ പക്ഷത്തുള്ള എല്ലാവരും നാളെ യഹോവയുടെ മുമ്പാകെ സന്നിഹിതരാകണം. താങ്കളും അവരും അഹരോനും അവിടെയുണ്ടായിരിക്കണം. 17 ഓരോരുത്തരും അവരവരുടെ കനൽപ്പാത്രം എടുത്ത് അതിൽ സുഗന്ധക്കൂട്ട് ഇടുക. അവർ ഓരോരുത്തരും സ്വന്തം കനൽപ്പാത്രം—ആകെ 250 കനൽപ്പാത്രം—യഹോവയുടെ മുമ്പാകെ കൊണ്ടുവരണം. കൂടാതെ താങ്കളും അഹരോനും കനൽപ്പാത്രവുമായി വരണം.” 18 അങ്ങനെ അവർ ഓരോരുത്തരും അവരവരുടെ കനൽപ്പാത്രം എടുത്ത് അതിൽ തീയും സുഗന്ധക്കൂട്ടും ഇട്ട് മോശയോടും അഹരോനോടും ഒപ്പം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ നിന്നു. 19 കോരഹ് തന്റെ പക്ഷത്തുള്ളവരെ അവർക്കെതിരെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തിയപ്പോൾ+ യഹോവയുടെ തേജസ്സു സമൂഹത്തിനു മുഴുവൻ പ്രത്യക്ഷമായി.+
20 അപ്പോൾ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 21 “നിങ്ങൾ ഈ കൂട്ടത്തിൽനിന്ന് മാറി നിൽക്കുക! ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ ഇല്ലാതാക്കാൻപോകുകയാണ്!”+ 22 അപ്പോൾ അവർ കമിഴ്ന്നുവീണ് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, എല്ലാവരുടെയും ജീവന്റെ+ ഉടയവനായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സമൂഹത്തോടു മുഴുവൻ കോപിക്കുമോ?”+
23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: 24 “‘കോരഹ്, ദാഥാൻ, അബീരാം+ എന്നിവരുടെ കൂടാരത്തിന്റെ പരിസരത്തുനിന്ന് മാറിപ്പോകുക!’ എന്നു ജനത്തോടു പറയുക.”
25 പിന്നെ മോശ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുത്തേക്കു ചെന്നു; ഇസ്രായേൽമൂപ്പന്മാരും+ മോശയോടൊപ്പം പോയി. 26 മോശ ജനത്തോടു പറഞ്ഞു: “ഇവരുടെ പാപങ്ങളെല്ലാം കാരണം നിങ്ങൾ നശിക്കാതിരിക്കാൻ ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങൾക്കടുത്തുനിന്ന് മാറിനിൽക്കുക, അവർക്കുള്ള യാതൊന്നിലും തൊടരുത്!” 27 ഉടനെ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരത്തിന് അടുത്തുനിന്ന് അവർ മാറിനിന്നു. ദാഥാനും അബീരാമും പുറത്ത് വന്ന് ഭാര്യമാരോടും ആൺമക്കളോടും കുഞ്ഞുങ്ങളോടും ഒപ്പം തങ്ങളുടെ കൂടാരത്തിന്റെ വാതിൽക്കൽ നിന്നു.
28 അപ്പോൾ മോശ പറഞ്ഞു: “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചതാണ്, ഞാൻ സ്വന്തഹൃദയത്തിൽ തോന്നിയതുപോലെ* ചെയ്തതല്ല എന്ന് ഇങ്ങനെ നിങ്ങൾ അറിയും: 29 എല്ലാ മനുഷ്യരും മരിക്കുന്നതുപോലുള്ള ഒരു സാധാരണമരണമാണ് ഇവരുടേതെങ്കിൽ, എല്ലാ മനുഷ്യർക്കും ലഭിക്കുന്ന ശിക്ഷയാണ് ഇവർക്കു ലഭിക്കുന്നതെങ്കിൽ, യഹോവ എന്നെ അയച്ചിട്ടില്ല.+ 30 എന്നാൽ യഹോവ അസാധാരണമായി എന്തെങ്കിലും അവരോടു ചെയ്യുന്നെങ്കിൽ, അതായത് ഭൂമി വായ് തുറന്ന് അവരെയും അവർക്കുള്ള എല്ലാത്തിനെയും വിഴുങ്ങുകയും അങ്ങനെ അവർ ജീവനോടെ ശവക്കുഴിയിലേക്ക്* ഇറങ്ങുകയും ചെയ്യുന്നെങ്കിൽ, ഈ പുരുഷന്മാർ യഹോവയോടാണ് അനാദരവ് കാണിച്ചിരിക്കുന്നതെന്നു നിങ്ങൾ മനസ്സിലാക്കും.”
31 മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നതും അവർ നിന്നിരുന്ന നിലം രണ്ടായി പിളർന്നു.+ 32 ഭൂമി വായ് തുറന്ന് അവരെയും അവരുടെ വീട്ടിലുള്ളവരെയും കോരഹിനുള്ള എല്ലാവരെയും+ അവരുടെ വസ്തുവകകളോടൊപ്പം വിഴുങ്ങിക്കളഞ്ഞു. 33 അവരും അവർക്കുള്ള എല്ലാവരും ജീവനോടെ ശവക്കുഴിയിലേക്കു പോയി. ഭൂമി അവരെ മൂടിക്കളഞ്ഞു. അങ്ങനെ അവർ സഭയുടെ മധ്യേനിന്ന് നാമാവശേഷമായി.+ 34 അവരുടെ നിലവിളി കേട്ടപ്പോൾ അവർക്കു ചുറ്റുമുണ്ടായിരുന്ന ഇസ്രായേല്യരെല്ലാം, “അയ്യോ, ഭൂമി നമ്മളെയും വിഴുങ്ങിക്കളയും!” എന്നു പറഞ്ഞ് ഓടിമാറി. 35 തുടർന്ന് യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ സുഗന്ധക്കൂട്ട് അർപ്പിച്ചുകൊണ്ടിരുന്ന 250 പുരുഷന്മാരെയും ദഹിപ്പിച്ചുകളഞ്ഞു.+
36 പിന്നെ യഹോവ മോശയോടു പറഞ്ഞു: 37 “തീയിൽനിന്ന് കനൽപ്പാത്രങ്ങൾ എടുക്കാൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസരിനോടു പറയുക.+ കാരണം അവ വിശുദ്ധമാണ്. കനലുകൾ ദൂരേക്ക് എറിഞ്ഞുകളയാനും പറയുക. 38 പാപം ചെയ്ത് സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ കനൽപ്പാത്രങ്ങൾ യാഗപീഠം+ പൊതിയാൻവേണ്ടി നേർത്ത തകിടുകളാക്കാനും പറയണം. യഹോവയുടെ മുമ്പാകെ അർപ്പിച്ചതിനാൽ അവ വിശുദ്ധമാണ്. അവ ഇസ്രായേല്യർക്ക് ഒരു അടയാളമായിരിക്കണം.”+ 39 അങ്ങനെ പുരോഹിതനായ എലെയാസർ, തീയിൽ എരിഞ്ഞൊടുങ്ങിയവർ സുഗന്ധക്കൂട്ട് അർപ്പിച്ച ചെമ്പുകൊണ്ടുള്ള കനൽപ്പാത്രങ്ങൾ എടുത്ത് യാഗപീഠം പൊതിയാൻവേണ്ടി അടിച്ചുപരത്തി. 40 യഹോവ മോശയിലൂടെ എലെയാസരിനോടു പറഞ്ഞതുപോലെ എലെയാസർ ചെയ്തു. അഹരോന്റെ സന്തതികളല്ലാത്ത, അർഹതയില്ലാത്ത,* ആരും യഹോവയുടെ മുമ്പാകെ സുഗന്ധക്കൂട്ട് കത്തിക്കാൻ വരരുത്+ എന്നും ആരും കോരഹിനെയും അയാളുടെ ആളുകളെയും പോലെയാകരുത് എന്നും ഇസ്രായേല്യരെ ഓർമിപ്പിക്കാനായിരുന്നു അത്.+
41 എന്നാൽ പിറ്റേന്നുതന്നെ, ഇസ്രായേല്യരുടെ സമൂഹം മുഴുവൻ മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തുതുടങ്ങി.+ അവർ പറഞ്ഞു: “നിങ്ങൾ രണ്ടും ചേർന്ന് യഹോവയുടെ ജനത്തെ കൊന്നു.” 42 ജനം മോശയ്ക്കും അഹരോനും എതിരെ ഒന്നിച്ചുകൂടി. അവർ സാന്നിധ്യകൂടാരത്തിനു നേരെ നോക്കിയപ്പോൾ അതാ, മേഘം അതിനെ മൂടിയിരിക്കുന്നു! യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.+
43 മോശയും അഹരോനും സാന്നിധ്യകൂടാരത്തിനു മുന്നിലേക്കു ചെന്നു.+ 44 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: 45 “പുരുഷന്മാരേ, നിങ്ങൾ ഈ സമൂഹത്തിന്റെ മധ്യേനിന്ന് മാറുക, ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ നശിപ്പിക്കാൻപോകുകയാണ്!”+ അപ്പോൾ അവർ കമിഴ്ന്നുവീണ് നമസ്കരിച്ചു.+ 46 മോശ അഹരോനോടു പറഞ്ഞു: “കനൽപ്പാത്രം എടുത്ത് അതിൽ യാഗപീഠത്തിൽനിന്ന് എടുത്ത തീ ഇടുക.+ അതിൽ സുഗന്ധക്കൂട്ട് ഇട്ട് പെട്ടെന്നുതന്നെ സമൂഹത്തിലേക്കു ചെന്ന് അവർക്കുവേണ്ടി പാപപരിഹാരം വരുത്തുക.+ യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ടിരിക്കുന്നു. ബാധ തുടങ്ങിക്കഴിഞ്ഞു!” 47 മോശ പറഞ്ഞതുപോലെ, ഉടനെ അഹരോൻ അത് എടുത്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. അതാ, ജനത്തിന് ഇടയിൽ ബാധ തുടങ്ങിയിരിക്കുന്നു! അതുകൊണ്ട് അഹരോൻ കനൽപ്പാത്രത്തിൽ സുഗന്ധക്കൂട്ട് ഇട്ട് ജനത്തിനുവേണ്ടി പാപപരിഹാരം വരുത്താൻതുടങ്ങി. 48 മരിച്ചവർക്കും ജീവനുള്ളവർക്കും മധ്യേ അഹരോൻ നിലയുറപ്പിച്ചു. ക്രമേണ ബാധ നിലച്ചു. 49 കോരഹ് കാരണം മരിച്ചവരെക്കൂടാതെ, ബാധയാൽ മരിച്ചവരുടെ എണ്ണം 14,700 ആയിരുന്നു. 50 ബാധ നിലച്ചപ്പോൾ അഹരോൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ മോശയുടെ അടുത്തേക്കു മടങ്ങി.
17 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോടു സംസാരിച്ച് അവരിൽനിന്ന് ഓരോ പിതൃഭവനത്തിനുംവേണ്ടി ഓരോ വടി എടുക്കുക. ഓരോ പിതൃഭവനത്തിന്റെ തലവനിൽനിന്നും+ ഒരു വടി വീതം ആകെ 12 വടി എടുക്കണം. എന്നിട്ട് ഓരോരുത്തരുടെയും പേര് അവരവരുടെ വടിയിൽ എഴുതണം. 3 നീ അഹരോന്റെ പേര് ലേവിയുടെ വടിയിൽ എഴുതണം. കാരണം ഓരോ പിതൃഭവനത്തിന്റെ തലവനും ഒരു വടി വീതമാണുള്ളത്. 4 ഞാൻ പതിവായി നിങ്ങൾക്കു പ്രത്യക്ഷനാകുന്ന+ സാന്നിധ്യകൂടാരത്തിലെ സാക്ഷ്യപെട്ടകത്തിനു മുന്നിൽ+ അവ വെക്കണം. 5 ഞാൻ തിരഞ്ഞെടുക്കുന്നയാളിന്റെ+ വടി തളിർക്കും. അങ്ങനെ എനിക്ക് എതിരെയുള്ള ഇസ്രായേല്യരുടെ പിറുപിറുപ്പ് ഞാൻ അവസാനിപ്പിക്കും.+ അവരുടെ പിറുപിറുപ്പ് നിങ്ങൾക്കെതിരെയുമാണല്ലോ.”+
6 അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു. അവരുടെ എല്ലാ തലവന്മാരും മോശയ്ക്കു വടികൾ—ഓരോ പിതൃഭവനത്തിലെ തലവനുംവേണ്ടി ഓരോ വടി വീതം ആകെ 12 വടികൾ—കൊടുത്തു. അവരുടെ വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയുമുണ്ടായിരുന്നു. 7 മോശ ആ വടികൾ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ മുമ്പാകെ വെച്ചു.
8 പിറ്റേന്ന് മോശ സാക്ഷ്യകൂടാരത്തിൽ ചെന്നപ്പോൾ അതാ, ലേവിയുടെ ഭവനത്തിനുവേണ്ടിയുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നു! അതിൽ മുളകൾ പൊട്ടുകയും പൂവുകൾ ഉണ്ടാകുകയും ബദാംകായ്കൾ വിളയുകയും ചെയ്തിരുന്നു. 9 മോശ ആ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്ത് ഇസ്രായേൽ ജനത്തിന്റെ അടുത്തേക്കു കൊണ്ടുവന്നു. അവർ ആ വടികൾ കണ്ടു. പിന്നെ ഓരോരുത്തരും അവരവരുടെ വടി തിരിച്ചെടുത്തു.
10 യഹോവ മോശയോടു പറഞ്ഞു: “ധിക്കാരത്തിന്റെ പുത്രന്മാർക്ക്+ ഒരു അടയാളമായിരിക്കാനായി+ അഹരോന്റെ വടി+ തിരികെ സാക്ഷ്യപെട്ടകത്തിനു മുന്നിൽ വെക്കുക. അങ്ങനെ എനിക്ക് എതിരെയുള്ള അവരുടെ പിറുപിറുപ്പ് അവസാനിക്കും, അവർ മരിക്കാതിരിക്കും.” 11 മോശ ഉടനെ യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു. അങ്ങനെതന്നെ മോശ ചെയ്തു.
12 അപ്പോൾ ഇസ്രായേല്യർ മോശയോടു പറഞ്ഞു: “ഞങ്ങളെല്ലാം ഇതാ നശിക്കാൻപോകുന്നു! ഞങ്ങൾ ഇപ്പോൾ മരിക്കും, ഞങ്ങൾ ഉറപ്പായും നശിച്ചുപോകും! 13 യഹോവയുടെ വിശുദ്ധകൂടാരത്തിന് അടുത്തേക്കു വന്നാൽപ്പോലും ആളുകൾ മരിക്കും.+ ഞങ്ങൾ ഇങ്ങനെ ചത്തൊടുങ്ങണോ?”+
18 പിന്നെ യഹോവ അഹരോനോടു പറഞ്ഞു: “വിശുദ്ധമന്ദിരത്തിന് എതിരെയുള്ള തെറ്റുകൾക്കെല്ലാം നീയും നിന്റെ ആൺമക്കളും നിന്നോടൊപ്പമുള്ള നിന്റെ പിതൃഭവനവും ആണ് ഉത്തരം പറയേണ്ടത്.+ അതുപോലെ നിങ്ങളുടെ പൗരോഹിത്യത്തിന് എതിരെയുള്ള തെറ്റുകൾക്കെല്ലാം നീയും നിന്റെ ആൺമക്കളും ഉത്തരം പറയണം.+ 2 നിങ്ങളോടൊപ്പം ചേരാനും സാക്ഷ്യകൂടാരത്തിനു മുമ്പാകെ+ നിനക്കും നിന്റെ ആൺമക്കൾക്കും ശുശ്രൂഷ ചെയ്യാനും വേണ്ടി ലേവി ഗോത്രത്തിലെ+ നിങ്ങളുടെ സഹോദരന്മാരെ, നിങ്ങളുടെ പിതൃഗോത്രത്തെ, കൂട്ടിവരുത്തുക. 3 നിന്നോടും മുഴുകൂടാരത്തോടും ബന്ധപ്പെട്ട അവരുടെ ഉത്തരവാദിത്വങ്ങൾ അവർ നിർവഹിക്കണം.+ എന്നാൽ അവരും നീയും മരിക്കാതിരിക്കാൻ അവർ യാഗപീഠത്തിന്റെയോ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയോ അടുത്ത് വരരുത്.+ 4 അവർ നിന്നോടൊപ്പം ചേർന്ന് സാന്നിധ്യകൂടാരത്തിലെ തങ്ങളുടെ ഉത്തരവാദിത്വങ്ങളും അതിലെ എല്ലാ സേവനങ്ങളും നിർവഹിക്കണം. എന്നാൽ അർഹതയില്ലാത്ത* ആരും നിങ്ങളുടെ അടുത്ത് വരരുത്.+ 5 ഇസ്രായേൽ ജനത്തിനു നേരെ വീണ്ടും ദൈവകോപം ജ്വലിക്കാതിരിക്കാൻ+ വിശുദ്ധസ്ഥലത്തോടും+ യാഗപീഠത്തോടും+ ബന്ധപ്പെട്ട നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ നിർവഹിക്കണം. 6 നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ നിങ്ങൾക്ക് ഒരു സമ്മാനമായി+ ഇസ്രായേല്യരിൽനിന്ന് ഞാൻ എടുത്തിരിക്കുകയാണ്. സാന്നിധ്യകൂടാരത്തിലെ സേവനം നിർവഹിക്കുന്നതിന് അവരെ യഹോവയ്ക്കു നൽകിയിരിക്കുന്നു.+ 7 യാഗപീഠത്തിലെയും തിരശ്ശീലയ്ക്കുള്ളിലെയും പൗരോഹിത്യകർമങ്ങളുടെ ഉത്തരവാദിത്വം നിനക്കും നിന്റെ ആൺമക്കൾക്കും ആണ്.+ ഈ സേവനം നിങ്ങൾ ചെയ്യണം.+ പൗരോഹിത്യസേവനം നിങ്ങൾക്ക് ഒരു സമ്മാനമായി ഞാൻ നൽകിയിരിക്കുന്നു. അർഹതയില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ അവനെ കൊന്നുകളയണം.”+
8 പിന്നെ യഹോവ അഹരോനോടു പറഞ്ഞു: “എനിക്കു ലഭിക്കുന്ന സംഭാവനകളുടെ ചുമതല ഞാൻ നിന്നെ ഏൽപ്പിക്കുന്നു.+ ഇസ്രായേല്യർ സംഭാവന ചെയ്യുന്ന എല്ലാ വിശുദ്ധവസ്തുക്കളുടെയും ഒരു ഭാഗം ഞാൻ നിനക്കും നിന്റെ ആൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+ 9 അഗ്നിയിൽ അർപ്പിക്കുന്ന അതിവിശുദ്ധയാഗങ്ങളെല്ലാം, അവരുടെ ധാന്യയാഗങ്ങളും+ പാപയാഗങ്ങളും+ അപരാധയാഗങ്ങളും+ ഉൾപ്പെടെ അവർ കൊണ്ടുവരുന്ന ഓരോ യാഗവും, നിങ്ങൾക്കുള്ളതായിരിക്കും. അതു നിനക്കും നിന്റെ ആൺമക്കൾക്കും അതിവിശുദ്ധമാണ്. 10 നീ അത് അതിവിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് തിന്നണം.+ നിങ്ങൾക്കിടയിലെ ആണുങ്ങൾക്കെല്ലാം അതു തിന്നാം. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കും.+ 11 ഇസ്രായേല്യർ ദോളനയാഗങ്ങളോടൊപ്പം*+ സംഭാവന ചെയ്യുന്ന സമ്മാനങ്ങളും+ നിനക്കുള്ളതായിരിക്കും. ഞാൻ അവ നിനക്കും നിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.+
12 “അവർ യഹോവയ്ക്കു കൊടുക്കുന്ന ആദ്യഫലങ്ങൾ, അവരുടെ ഏറ്റവും നല്ല എണ്ണയും ഏറ്റവും നല്ല പുതുവീഞ്ഞും ധാന്യവും,+ ഞാൻ നിനക്കു തരുന്നു.+ 13 അവരുടെ ദേശത്ത് വിളയുന്ന എല്ലാത്തിന്റെയും ആദ്യഫലങ്ങൾ, യഹോവയുടെ മുന്നിൽ അവർ കൊണ്ടുവരുന്ന ആദ്യഫലങ്ങളെല്ലാം, നിങ്ങളുടേതായിരിക്കും.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.
14 “ഇസ്രായേലിലെ എല്ലാ സമർപ്പിതവസ്തുക്കളും* നിന്റേതായിരിക്കും.+
15 “അവർ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുന്ന, ജീവനുള്ള എല്ലാത്തിന്റെയും കടിഞ്ഞൂലുകൾ,+ അതു മനുഷ്യനായാലും മൃഗമായാലും, നിനക്കുള്ളതായിരിക്കും. എന്നാൽ മനുഷ്യരുടെ കടിഞ്ഞൂലുകളെ നീ വീണ്ടെടുക്കണം,+ അതിൽ വീഴ്ച വരുത്തരുത്. ശുദ്ധിയില്ലാത്ത മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും നീ വീണ്ടെടുക്കണം.+ 16 കടിഞ്ഞൂലിന് ഒരു മാസം തികഞ്ഞശേഷം നീ അതിനെ വീണ്ടെടുപ്പുവില വാങ്ങി വീണ്ടെടുക്കണം. അതായത് വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം, മതിപ്പുവിലയായ അഞ്ചു ശേക്കെൽ* വെള്ളി+ വാങ്ങി നീ അതിനെ വീണ്ടെടുക്കണം. ഒരു ശേക്കെൽ 20 ഗേരയാണ്.* 17 പക്ഷേ കാള, ആൺചെമ്മരിയാട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകൾക്കു മാത്രം നീ മോചനവില വാങ്ങരുത്;+ അവ വിശുദ്ധമാണ്. അവയുടെ രക്തം നീ യാഗപീഠത്തിൽ തളിക്കണം.+ അവയുടെ കൊഴുപ്പ് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിലുള്ള യാഗമെന്ന നിലയിൽ ദഹിപ്പിക്കണം.*+ 18 എന്നാൽ അവയുടെ മാംസം നിനക്കുള്ളതായിരിക്കും. ദോളനയാഗത്തിന്റെ നെഞ്ചും വലതുകാലും പോലെ അതു നിന്റേതായിരിക്കും.+ 19 ഇസ്രായേല്യർ യഹോവയ്ക്കു നൽകുന്ന എല്ലാ വിശുദ്ധസംഭാവനകളും+ ഞാൻ നിനക്കും നിന്നോടൊപ്പമുള്ള നിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്ഥിരമായ ഒരു ഓഹരിയായി തന്നിരിക്കുന്നു.+ അത് യഹോവയുടെ മുമ്പാകെ നിനക്കും നിന്റെ സന്തതികൾക്കും വേണ്ടിയുള്ള, ദീർഘകാലത്തേക്കു നിലനിൽക്കുന്ന ഒരു ഉപ്പുടമ്പടിയായിരിക്കും.”*
20 യഹോവ അഹരോനോടു തുടർന്നുപറഞ്ഞു: “അവരുടെ ദേശത്ത് നിനക്ക് അവകാശം ലഭിക്കില്ല. ദേശത്തിന്റെ ഒരു ഓഹരിയും അവർക്കിടയിൽ നിനക്കു ലഭിക്കില്ല.+ ഞാനാണ് ഇസ്രായേല്യർക്കിടയിൽ നിന്റെ ഓഹരിയും അവകാശവും.+
21 “ഇതാ, ഞാൻ ലേവിയുടെ വംശജർക്ക് ഇസ്രായേലിലെ എല്ലാത്തിന്റെയും പത്തിലൊന്ന്+ ഒരു അവകാശമായി കൊടുത്തിരിക്കുന്നു. സാന്നിധ്യകൂടാരത്തിൽ അവർ ചെയ്യുന്ന സേവനത്തിനു പകരമായിരിക്കും അത്. 22 ഇനി ഒരിക്കലും ഇസ്രായേൽ ജനം സാന്നിധ്യകൂടാരത്തിന്റെ അടുത്ത് വരരുത്. വന്നാൽ, അവർ പാപം നിമിത്തം മരിക്കേണ്ടിവരും. 23 സാന്നിധ്യകൂടാരത്തിലെ സേവനം നിർവഹിക്കേണ്ടതു ലേവ്യരാണ്. അവരുടെ തെറ്റിന് ഉത്തരം പറയേണ്ടതും അവരാണ്.+ ഇസ്രായേല്യർക്കിടയിൽ ലേവ്യർക്കു ഭൂസ്വത്തിൽ അവകാശമുണ്ടാകരുത്.+ ഇതു തലമുറകളോളം നിലനിൽക്കുന്ന ഒരു ദീർഘകാലനിയമമായിരിക്കും. 24 ഇസ്രായേൽ ജനം യഹോവയ്ക്കു നൽകുന്നതിന്റെ പത്തിലൊന്ന്, ഞാൻ ലേവ്യർക്ക് ഒരു അവകാശമായി കൊടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ അവരോട്, ‘ഇസ്രായേല്യർക്കിടയിൽ നിങ്ങൾക്ക് അവകാശമുണ്ടാകരുത്’ എന്നു പറഞ്ഞത്.”+
25 പിന്നെ യഹോവ മോശയോടു പറഞ്ഞു: 26 “നീ ലേവ്യരോട് ഇങ്ങനെ പറയണം: ‘ഇസ്രായേല്യരിൽനിന്നുള്ള ഒരു അവകാശമായി ഞാൻ നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം+ നിങ്ങൾ അവരിൽനിന്ന് സ്വീകരിക്കുമ്പോൾ നിങ്ങൾക്കു ലഭിക്കുന്നതിന്റെ, അതായത് പത്തിലൊന്നിന്റെ, പത്തിലൊന്നു നിങ്ങൾ യഹോവയ്ക്കു സംഭാവനയായി കൊടുക്കണം.+ 27 അതു നിങ്ങളുടെ സംഭാവനയായി, മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും+ മുന്തിരിയുടെയോ എണ്ണയുടെയോ ചക്കിലെ സമൃദ്ധിപോലെയും, കണക്കാക്കും. 28 ഇങ്ങനെ നിങ്ങൾക്കും, ഇസ്രായേല്യരിൽനിന്ന് നിങ്ങൾക്കു ലഭിക്കുന്ന ദശാംശത്തിൽനിന്നെല്ലാം യഹോവയ്ക്കു സംഭാവന കൊടുക്കാനാകും. യഹോവയ്ക്കുള്ള ആ സംഭാവന പുരോഹിതനായ അഹരോനു കൊടുക്കണം. 29 നിങ്ങൾ വിശുദ്ധമായി കണക്കാക്കി യഹോവയ്ക്കു നൽകുന്ന എല്ലാ തരം സംഭാവനകളും നിങ്ങൾക്കു ലഭിക്കുന്ന സമ്മാനങ്ങളിൽവെച്ച് ഏറ്റവും നല്ലതായിരിക്കണം.’+
30 “നീ ലേവ്യരോട് ഇങ്ങനെ പറയണം: ‘നിങ്ങൾ അവയിലെ ഏറ്റവും നല്ലതു സംഭാവനയായി കൊടുത്തശേഷം, ബാക്കിയുള്ളതു നിങ്ങൾക്കു സ്വന്തം മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും മുന്തിരിയുടെയോ എണ്ണയുടെയോ ചക്കിലെ സമൃദ്ധിപോലെയും ആയിരിക്കും. 31 നിങ്ങൾക്കും നിങ്ങളുടെ വീട്ടിലുള്ളവർക്കും അത് എവിടെവെച്ച് വേണമെങ്കിലും തിന്നാം. കാരണം സാന്നിധ്യകൂടാരത്തിലെ നിങ്ങളുടെ സേവനത്തിനുള്ള വേതനമാണ് അത്.+ 32 അവയിൽനിന്ന് ഏറ്റവും നല്ലതു സംഭാവന ചെയ്യുന്നിടത്തോളം ഇക്കാര്യത്തിൽ നിങ്ങൾ പാപം വഹിക്കേണ്ടിവരില്ല. ഇസ്രായേല്യരുടെ വിശുദ്ധവസ്തുക്കൾ നിങ്ങൾ അശുദ്ധമാക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ മരിച്ചുപോകും.’”+
19 യഹോവ പിന്നെ മോശയോടും അഹരോനോടും പറഞ്ഞു: 2 “യഹോവ കല്പിച്ച നിയമത്തിലെ ഒരു ചട്ടം ഇതാണ്: ‘ന്യൂനതയും വൈകല്യവും ഇല്ലാത്തതും ഇതുവരെ നുകം വെച്ചിട്ടില്ലാത്തതും ആയ ഒരു ചുവന്ന പശുവിനെ+ നിങ്ങൾക്കുവേണ്ടി കൊണ്ടുവരാൻ ഇസ്രായേല്യരോടു പറയുക. 3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസരിന്റെ പക്കൽ ഏൽപ്പിക്കണം. അവൻ അതിനെ പാളയത്തിനു പുറത്തേക്കു കൊണ്ടുപോകും. തുടർന്ന് അതിനെ എലെയാസരിന്റെ മുന്നിൽവെച്ച് അറുക്കണം. 4 പിന്നെ പുരോഹിതനായ എലെയാസർ വിരൽകൊണ്ട് അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് സാന്നിധ്യകൂടാരത്തിന്റെ മുൻവശത്തിനു നേരെ ഏഴു പ്രാവശ്യം തളിക്കണം.+ 5 അതിനു ശേഷം എലെയാസരിന്റെ കൺമുന്നിൽവെച്ച് പശുവിനെ തീയിലിട്ട് ചുട്ടുകളയണം. അതിന്റെ തോലും മാംസവും രക്തവും ചാണകവും ചുട്ടുകളയണം.+ 6 തുടർന്ന് പുരോഹിതൻ ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പുചെടി,+ കടുഞ്ചുവപ്പുതുണി എന്നിവ എടുത്ത് പശുവിനെ കത്തിക്കുന്ന തീയിലിടണം. 7 പിന്നെ പുരോഹിതൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. അതിനു ശേഷം പുരോഹിതനു പാളയത്തിലേക്കു വരാം. എന്നാൽ വൈകുന്നേരംവരെ പുരോഹിതൻ അശുദ്ധനായിരിക്കും.
8 “‘പശുവിനെ ദഹിപ്പിച്ചവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.
9 “‘ശുദ്ധിയുള്ള ഒരാൾ പശുവിന്റെ ഭസ്മം+ വാരിയെടുത്ത് പാളയത്തിന്റെ പുറത്ത് വൃത്തിയുള്ള ഒരു സ്ഥലത്ത് വെക്കണം. ശുദ്ധീകരണത്തിനുള്ള ജലം+ തയ്യാറാക്കുമ്പോൾ ഉപയോഗിക്കാനായി ഇസ്രായേൽസമൂഹം അതു സൂക്ഷിച്ചുവെക്കണം. അത് ഒരു പാപയാഗമാണ്. 10 പശുവിന്റെ ഭസ്മം വാരിയെടുത്തവൻ വസ്ത്രം അലക്കണം. അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
“‘ഇത് ഇസ്രായേല്യർക്കും അവരുടെ ഇടയിൽ താമസിക്കുന്ന വിദേശിക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.+ 11 മരിച്ച ഒരു വ്യക്തിയെ തൊടുന്ന ഏതൊരാളും ഏഴു ദിവസം അശുദ്ധനായിരിക്കും.+ 12 മൂന്നാം ദിവസം അയാൾ ആ ജലംകൊണ്ട്* തന്നെത്തന്നെ ശുദ്ധീകരിക്കണം. ഏഴാം ദിവസം അയാൾ ശുദ്ധനാകും. എന്നാൽ മൂന്നാം ദിവസം അയാൾ തന്നെത്തന്നെ ശുദ്ധീകരിക്കുന്നില്ലെങ്കിൽ ഏഴാം ദിവസം അയാൾ ശുദ്ധനാകില്ല. 13 ഒരാളുടെ ശവശരീരത്തെ തൊട്ടിട്ട് തന്നെത്തന്നെ ശുദ്ധീകരിക്കാത്ത ഏവനും യഹോവയുടെ വിശുദ്ധകൂടാരത്തെ അശുദ്ധമാക്കിയിരിക്കുന്നു.+ അയാളെ ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയണം.*+ കാരണം ശുദ്ധീകരണത്തിനുള്ള ജലം+ അയാളുടെ മേൽ തളിച്ചിട്ടില്ല. അയാൾ അശുദ്ധനാണ്. അയാളുടെ അശുദ്ധി അയാളുടെ മേൽത്തന്നെ ഇരിക്കുന്നു.
14 “‘ഒരുവൻ കൂടാരത്തിൽവെച്ച് മരിച്ചാലുള്ള നിയമം ഇതാണ്: ആ കൂടാരത്തിൽ കയറുന്നവരും ആ സമയത്ത് കൂടാരത്തിലുണ്ടായിരുന്നവരും എല്ലാം ഏഴു ദിവസം അശുദ്ധരായിരിക്കും. 15 അടപ്പു കെട്ടിമുറുക്കാതെ തുറന്നുവെച്ചിരുന്ന എല്ലാ പാത്രങ്ങളും അശുദ്ധമാകും.+ 16 കൂടാരത്തിനു വെളിയിൽവെച്ച് ആരെങ്കിലും ഒരാൾ, വാളുകൊണ്ട് കൊല്ലപ്പെട്ടവനെയോ ശവശരീരത്തെയോ മനുഷ്യന്റെ അസ്ഥിയെയോ കല്ലറയെയോ തൊട്ടാൽ ഏഴു ദിവസത്തേക്ക് അയാൾ അശുദ്ധനായിരിക്കും.+ 17 ദഹിപ്പിച്ച പാപയാഗത്തിൽനിന്ന്, അശുദ്ധനായവനുവേണ്ടി കുറച്ച് ഭസ്മം ഒരു പാത്രത്തിൽ എടുത്ത് അതിൽ ശുദ്ധമായ ഒഴുക്കുവെള്ളം ഒഴിക്കണം. 18 പിന്നെ ശുദ്ധിയുള്ള ഒരാൾ+ ഒരു ഈസോപ്പുചെടി+ എടുത്ത് ആ വെള്ളത്തിൽ മുക്കി, കൂടാരത്തിലും അവിടെയുള്ള പാത്രങ്ങളിലും അവിടെയുണ്ടായിരുന്ന ആളുകളുടെ ദേഹത്തും തളിക്കണം. അതുപോലെ മനുഷ്യന്റെ അസ്ഥിയെയോ ശവശരീരത്തെയോ കല്ലറയെയോ കൊല്ലപ്പെട്ട ഒരാളെയോ തൊട്ടവന്റെ മേലും അതു തളിക്കണം. 19 ശുദ്ധിയുള്ളവൻ മൂന്നാം ദിവസവും ഏഴാം ദിവസവും അത് അശുദ്ധന്റെ മേൽ തളിക്കണം. ഏഴാം ദിവസം അയാൾ അയാളുടെ പാപം നീക്കി അയാളെ ശുദ്ധീകരിക്കും.+ പിന്നെ, അയാൾ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. വൈകുന്നേരം അയാൾ ശുദ്ധനാകും.
20 “‘അശുദ്ധനായ ഒരാൾ തന്നെത്തന്നെ ശുദ്ധീകരിക്കുന്നില്ലെങ്കിൽ അയാളെ സഭയിൽനിന്ന് ഛേദിച്ചുകളയണം.+ കാരണം, അയാൾ യഹോവയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു. ശുദ്ധീകരണത്തിനുള്ള ജലം അയാളുടെ മേൽ തളിക്കാത്തതുകൊണ്ട് അയാൾ അശുദ്ധനാണ്.
21 “‘ഇത് അവർക്കു ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും: ശുദ്ധീകരണത്തിനുള്ള ജലം തളിക്കുന്നവൻ+ തന്റെ വസ്ത്രം അലക്കണം. ശുദ്ധീകരണത്തിനുള്ള ജലത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. 22 അശുദ്ധനായവൻ തൊടുന്നതെല്ലാം അശുദ്ധമാകും. അവയെ തൊടുന്നവനും വൈകുന്നേരംവരെ അശുദ്ധനായിരിക്കും.’”+
20 ഒന്നാം മാസം ഇസ്രായേല്യരുടെ സമൂഹം മുഴുവൻ സീൻ വിജനഭൂമിയിൽ എത്തി; ജനം കാദേശിൽ+ താമസംതുടങ്ങി. അവിടെവെച്ചാണു മിര്യാം+ മരിച്ചത്. മിര്യാമിനെ അവിടെ അടക്കം ചെയ്തു.
2 അവിടെ വെള്ളമില്ലായിരുന്നതുകൊണ്ട് സമൂഹം മുഴുവൻ+ മോശയ്ക്കും അഹരോനും എതിരെ സംഘടിച്ചു. 3 ഇങ്ങനെ പറഞ്ഞുകൊണ്ട് ജനം മോശയോടു കലഹിച്ചു:+ “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ മുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചിരുന്നെങ്കിൽ! 4 ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഈ മരുഭൂമിയിൽക്കിടന്ന്* ചാകാൻവേണ്ടി നിങ്ങൾ എന്തിനാണ് യഹോവയുടെ സഭയെ ഇവിടേക്കു കൊണ്ടുവന്നത്?+ 5 ഈ നശിച്ച സ്ഥലത്ത് കൊണ്ടുവരാൻവേണ്ടിയാണോ നിങ്ങൾ ഞങ്ങളെ ഈജിപ്തിൽനിന്ന് വിടുവിച്ചത്?+ ഇവിടെ വിത്തു വിതയ്ക്കാനാവില്ല. അത്തിയോ മുന്തിരിയോ മാതളനാരകമോ ഇവിടെ മുളയ്ക്കില്ല. എന്തിന്, കുടിക്കാൻ വെള്ളംപോലുമില്ല.”+ 6 അപ്പോൾ മോശയും അഹരോനും സഭയുടെ മുന്നിൽനിന്ന് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കലേക്കു വന്ന് കമിഴ്ന്നുവീണു. യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.+
7 യഹോവ മോശയോടു പറഞ്ഞു: 8 “നിന്റെ വടി എടുക്കുക. നീയും നിന്റെ ചേട്ടനായ അഹരോനും സമൂഹത്തെ വിളിച്ചുകൂട്ടിയിട്ട് അവർ കാൺകെ പാറയോടു സംസാരിക്കുക; അത് അതിൽനിന്ന് വെള്ളം തരും. അവർക്കുവേണ്ടി പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ച് നീ ജനത്തിനും അവരുടെ മൃഗങ്ങൾക്കും കുടിക്കാൻ കൊടുക്കണം.”+
9 അങ്ങനെ യഹോവയുടെ കല്പനപ്രകാരം മോശ ദൈവത്തിന്റെ സന്നിധിയിൽനിന്ന് വടി എടുത്തു.+ 10 തുടർന്ന് മോശയും അഹരോനും സഭയെ പാറയുടെ മുന്നിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “ധിക്കാരികളേ, കേൾക്കൂ! ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നതു കാണണോ?”+ 11 പിന്നെ മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയിൽ രണ്ടു തവണ അടിച്ചു, പാറയിൽനിന്ന് ധാരാളം വെള്ളം ഒഴുകാൻതുടങ്ങി. ജനവും അവരുടെ മൃഗങ്ങളും അതിൽനിന്ന് കുടിച്ചു.+
12 പിന്നീട് യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “നിങ്ങൾ എന്നിൽ വിശ്വാസം പ്രകടമാക്കുകയോ ഇസ്രായേൽ ജനത്തിനു മുമ്പാകെ എന്നെ വിശുദ്ധീകരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുന്ന ദേശത്തേക്കു നിങ്ങൾ ഈ സഭയെ കൊണ്ടുപോകില്ല.”+ 13 ഇതാണു മെരീബയിലെ*+ നീരുറവ്. ഇവിടെവെച്ചാണ് ഇസ്രായേല്യർ യഹോവയോടു കലഹിച്ചതും ദൈവം അവരുടെ മുമ്പാകെ തന്റെ പേര് വിശുദ്ധീകരിച്ചതും.
14 അതിനു ശേഷം മോശ കാദേശിൽനിന്ന് ഏദോമിലെ രാജാവിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു:+ “അങ്ങയുടെ സഹോദരനായ ഇസ്രായേൽ+ പറയുന്നു: ‘ഞങ്ങൾ അനുഭവിച്ച എല്ലാ ക്ലേശങ്ങളെക്കുറിച്ചും അങ്ങയ്ക്കു നന്നായി അറിയാമല്ലോ. 15 ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിലേക്കു പോയി,+ ഞങ്ങൾ ഒരുപാടു വർഷം* അവിടെ താമസിച്ചു.+ എന്നാൽ ഈജിപ്തുകാർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും ദ്രോഹിച്ചു.+ 16 ഒടുവിൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ+ ദൈവം അതു കേൾക്കുകയും ഒരു ദൈവദൂതനെ അയച്ച്+ ഞങ്ങളെ ഈജിപ്തിൽനിന്ന് മോചിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അതിർത്തിയിലുള്ള കാദേശ് നഗരത്തിൽ എത്തിയിട്ടുണ്ട്. 17 അങ്ങയുടെ ദേശത്തുകൂടെ കടന്നുപോകാൻ ദയവായി ഞങ്ങളെ അനുവദിച്ചാലും. ഏതെങ്കിലും വയലിലേക്കോ മുന്തിരിത്തോട്ടത്തിലേക്കോ ഞങ്ങൾ കടക്കില്ല; ഒരു കിണറ്റിൽനിന്നും കുടിക്കുകയുമില്ല. അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെത്തന്നെ ഞങ്ങൾ പൊയ്ക്കൊള്ളാം.’”+
18 എന്നാൽ ഏദോം മോശയോടു പറഞ്ഞു: “നീ ഞങ്ങളുടെ ദേശത്ത് കടക്കരുത്. കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ വരും.” 19 അപ്പോൾ ഇസ്രായേല്യർ ഏദോമിനോട്: “ഞങ്ങൾ പ്രധാനവീഥിയിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ മൃഗങ്ങളോ അങ്ങയുടെ വെള്ളം കുടിക്കുകയാണെങ്കിൽ അതിന്റെ വിലയും ഞങ്ങൾ തന്നുകൊള്ളാം.+ നടന്നുപോകാനുള്ള അനുവാദം മാത്രം തന്നാൽ മതി.”+ 20 പക്ഷേ ഏദോം പിന്നെയും പറഞ്ഞു: “നീ ഈ ദേശത്തുകൂടെ പോകരുത്.”+ തുടർന്ന് ഏദോം ഇസ്രായേലിനെ നേരിടാൻ അനേകം ആളുകളോടും ശക്തമായ ഒരു സൈന്യത്തോടും* കൂടെ വന്നു. 21 തന്റെ ദേശത്തുകൂടെ പോകാൻ ഏദോം ഇസ്രായേലിനെ അനുവദിച്ചില്ല. അതുകൊണ്ട് ഇസ്രായേൽ ഏദോമിന്റെ അടുത്തുനിന്ന് മാറി മറ്റൊരു വഴിക്കു പോയി.+
22 ഇസ്രായേൽ ജനം, അതായത് സമൂഹം മുഴുവനും, കാദേശിൽനിന്ന് പുറപ്പെട്ട് ഹോർ പർവതത്തിന് അടുത്ത് എത്തി.+ 23 ഏദോം ദേശത്തിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽവെച്ച് യഹോവ മോശയോടും അഹരോനോടും ഇങ്ങനെ പറഞ്ഞു: 24 “അഹരോൻ അവന്റെ ജനത്തോടു ചേരും.*+ നിങ്ങൾ രണ്ടു പേരും മെരീബയിലെ നീരുറവിന്റെ കാര്യത്തിൽ എന്റെ ആജ്ഞ ധിക്കരിച്ചതുകൊണ്ട് ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അവൻ കടക്കില്ല.+ 25 അഹരോനെയും അവന്റെ മകനായ എലെയാസരിനെയും ഹോർ പർവതത്തിലേക്കു കൂട്ടിക്കൊണ്ടുവരുക. 26 അഹരോന്റെ വസ്ത്രം+ ഊരി മകനായ എലെയാസരിനെ+ ധരിപ്പിക്കണം. അഹരോൻ അവിടെവെച്ച് മരിക്കും.”
27 യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്തു. സമൂഹം മുഴുവൻ നോക്കിനിൽക്കെ അവർ ഹോർ പർവതത്തിലേക്കു കയറി. 28 പിന്നെ മോശ അഹരോന്റെ വസ്ത്രം ഊരി അഹരോന്റെ മകൻ എലെയാസരിനെ ധരിപ്പിച്ചു. അതിനു ശേഷം അഹരോൻ ആ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു.+ മോശയും എലെയാസരും പർവതത്തിൽനിന്ന് തിരിച്ചുപോന്നു. 29 അഹരോൻ മരിച്ചെന്നു സമൂഹം അറിഞ്ഞപ്പോൾ ഇസ്രായേൽഗൃഹം മുഴുവൻ അഹരോനുവേണ്ടി 30 ദിവസം വിലപിച്ചു.+
21 അഥാരീം വഴി ഇസ്രായേൽ വന്നിരിക്കുന്നെന്നു നെഗെബിൽ താമസിച്ചിരുന്ന, അരാദിലെ കനാന്യരാജാവ്+ കേട്ടപ്പോൾ അയാൾ ഇസ്രായേലിനെ ആക്രമിച്ച് അവരിൽ ചിലരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയി. 2 അപ്പോൾ ഇസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് ഈ ജനത്തെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ ഞാൻ ഉറപ്പായും അവരുടെ നഗരങ്ങളെ നശിപ്പിക്കും.” 3 ഇസ്രായേലിന്റെ അപേക്ഷ കേട്ട് യഹോവ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെയും അവരുടെ നഗരങ്ങളെയും പൂർണമായി നശിപ്പിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് അവർ ഹോർമ*+ എന്നു പേരിട്ടു.
4 ഏദോമിന്റെ ദേശത്ത് കടക്കാതെ+ അതിനെ ചുറ്റിപ്പോകാനായി ഹോർ പർവതത്തിൽനിന്ന്+ ചെങ്കടലിന്റെ വഴിക്കു യാത്ര തുടർന്നതുകൊണ്ട് ജനം ക്ഷീണിച്ച് അവശരായി. 5 അവർ ദൈവത്തിനും മോശയ്ക്കും എതിരെ സംസാരിച്ചു.+ അവർ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “നിങ്ങൾ എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുവന്നത്, ഈ മരുഭൂമിയിൽക്കിടന്ന്* ചാകാനോ? ഇവിടെ ആഹാരവുമില്ല, വെള്ളവുമില്ല.+ അറപ്പ് ഉളവാക്കുന്ന ഈ ഭക്ഷണം ഞങ്ങൾക്കു വെറുപ്പാണ്.”+ 6 അതുകൊണ്ട് യഹോവ ജനത്തിന് ഇടയിലേക്കു വിഷസർപ്പങ്ങളെ* അയച്ചു. ഇസ്രായേല്യരിൽ പലരും അവയുടെ കടിയേറ്റ് മരിച്ചു.+
7 ജനം മോശയുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്കും അങ്ങയ്ക്കും എതിരെ സംസാരിച്ച് പാപം ചെയ്തിരിക്കുന്നു.+ ഈ സർപ്പങ്ങളെ ഞങ്ങൾക്കിടയിൽനിന്ന് നീക്കാൻ യഹോവയോട് അപേക്ഷിക്കേണമേ.” മോശ ജനത്തിനുവേണ്ടി അപേക്ഷിച്ചു.+ 8 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഒരു വിഷസർപ്പത്തിന്റെ* രൂപം ഉണ്ടാക്കി അത് ഒരു സ്തംഭത്തിൽ തൂക്കുക. പാമ്പുകടിയേൽക്കുന്നവൻ ജീവനോടിരിക്കാനായി അതിൽ നോക്കണം.” 9 മോശ ഉടനെ ചെമ്പുകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി+ സ്തംഭത്തിൽ തൂക്കി.+ പാമ്പുകടിയേറ്റയവർ ആ താമ്രസർപ്പത്തെ നോക്കിയപ്പോൾ രക്ഷപ്പെട്ടു.+
10 അതിനു ശേഷം ഇസ്രായേല്യർ പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു.+ 11 പിന്നെ അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിനു മുമ്പിൽ, കിഴക്കുള്ള വിജനഭൂമിയിലെ ഈയേ-അബാരീമിൽ പാളയമടിച്ചു.+ 12 അവർ അവിടെനിന്ന് പുറപ്പെട്ട് സേരെദ് താഴ്വരയിൽ*+ പാളയമടിച്ചു. 13 പിന്നെ അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ അതിർത്തിവരെ വ്യാപിച്ചുകിടക്കുന്ന വിജനഭൂമിയിലുള്ള അർന്നോൻ+ പ്രദേശത്ത് പാളയമടിച്ചു. മോവാബിന്റെ അതിർത്തിയായിരുന്നു അർന്നോൻ; അതായത് മോവാബിനും അമോര്യർക്കും ഇടയിലുള്ള അതിർ. 14 അതുകൊണ്ടാണ് യഹോവയുടെ യുദ്ധപുസ്തകത്തിൽ ഇങ്ങനെ പറയുന്നത്: “സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും* 15 മോവാബിന്റെ അതിർത്തിയിലൂടെ ഒഴുകി അരിന്റെ പ്രദേശംവരെ നീണ്ടുകിടക്കുന്ന അർന്നോനും അതിന്റെ പോഷകനദികളും.”
16 പിന്നെ അവർ ബേരിലേക്കു പോയി. “ജനത്തെ വിളിച്ചുകൂട്ടുക, ഞാൻ അവർക്കു വെള്ളം കൊടുക്കട്ടെ” എന്ന് യഹോവ മോശയോടു പറഞ്ഞ കിണർ ഇതാണ്.
17 അപ്പോൾ ഇസ്രായേൽ ഈ പാട്ടു പാടി:
“കിണറേ, നീ കുതിച്ച് പൊങ്ങിവാ!—അതിനു പ്രതിഗാനമുതിർക്കുവിൻ;
18 പ്രഭുക്കന്മാർ കുത്തിയ കിണർ; ജനത്തിന്റെ ശ്രേഷ്ഠന്മാർ കുഴിച്ച കിണർതന്നെ.
അധികാരദണ്ഡിനാലും സ്വന്തം ദണ്ഡിനാലും അവർ അതു കുഴിച്ചല്ലോ.”
പിന്നെ അവർ വിജനഭൂമിയിൽനിന്ന് നേരെ മത്ഥാനയിലേക്കു പോയി. 19 മത്ഥാനയിൽനിന്ന് നേരെ നഹലീയേലിലേക്കും നഹലീയേലിൽനിന്ന് ബാമോത്തിലേക്കും+ പോയി. 20 ബാമോത്തിൽനിന്ന് അവർ മോവാബ് ദേശത്ത്+ യശീമോന്*+ അഭിമുഖമായി നിൽക്കുന്ന പിസ്ഗയിലൂടെ+ അതിന്റെ താഴ്വരയിലേക്കു പോയി.
21 പിന്നെ ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു:+ 22 “അങ്ങയുടെ ദേശത്തുകൂടെ കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും. ഏതെങ്കിലും വയലിലേക്കോ മുന്തിരിത്തോട്ടത്തിലേക്കോ ഞങ്ങൾ കടക്കില്ല; ഒരു കിണറ്റിൽനിന്നും കുടിക്കുകയുമില്ല. അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ രാജപാതയിലൂടെത്തന്നെ ഞങ്ങൾ പൊയ്ക്കൊള്ളാം.”+ 23 എന്നാൽ തന്റെ ദേശത്തുകൂടെ പോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല. തന്റെ ജനത്തെ മുഴുവൻ കൂട്ടി വിജനഭൂമിയിൽ ഇസ്രായേലിന് എതിരെ ചെല്ലുകയും ചെയ്തു. സീഹോൻ യാഹാസിൽവെച്ച് ഇസ്രായേലിനോടു പോരാടി.+ 24 എന്നാൽ ഇസ്രായേൽ സീഹോനെ വാളുകൊണ്ട് തോൽപ്പിച്ച്+ അമ്മോന്യരുടെ അടുത്തുള്ള, അർന്നോൻ+ മുതൽ യബ്ബോക്ക്+ വരെയുള്ള അയാളുടെ ദേശം കൈവശമാക്കി.+ കാരണം യസേർ+ അമ്മോന്യരുടെ ദേശത്തിന്റെ അതിർത്തിയായിരുന്നു.+
25 അങ്ങനെ ആ നഗരങ്ങളെല്ലാം ഇസ്രായേൽ കൈവശമാക്കി. അവർ അമോര്യരുടെ+ നഗരങ്ങളിൽ, അതായത് ഹെശ്ബോനിലും അതിന്റെ എല്ലാ ആശ്രിതപട്ടണങ്ങളിലും,* താമസംതുടങ്ങി. 26 അമോര്യരുടെ രാജാവായ സീഹോന്റെ നഗരമായിരുന്നു ഹെശ്ബോൻ. മോവാബുരാജാവിനോടു യുദ്ധം ചെയ്ത് അർന്നോൻ വരെയുള്ള അയാളുടെ ദേശം മുഴുവൻ സീഹോൻ സ്വന്തമാക്കിയിരുന്നു. 27 അങ്ങനെയാണ് ഈ പരിഹാസച്ചൊല്ല് ഉണ്ടായത്:
“ഹെശ്ബോനിലേക്കു വരൂ.
സീഹോന്റെ നഗരം പണിത് സുസ്ഥിരമായി സ്ഥാപിക്കട്ടെ.
28 ഹെശ്ബോനിൽനിന്ന് ഒരു തീ പുറപ്പെട്ടു, സീഹോന്റെ പട്ടണത്തിൽനിന്ന് ഒരു തീജ്വാലതന്നെ.
അതു മോവാബിലെ അരിനെയും അർന്നോൻകുന്നുകളുടെ നാഥന്മാരെയും ദഹിപ്പിച്ചുകളഞ്ഞിരിക്കുന്നു.
29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ+ ജനങ്ങളായ നിങ്ങൾ നശിച്ചുപോകും!
അവൻ തന്റെ ആൺമക്കളെ അഭയാർഥികളും തന്റെ പെൺമക്കളെ അമോര്യരാജാവായ സീഹോന്റെ ബന്ദികളും ആക്കുന്നു.
30 വരൂ, നമുക്ക് അവരെ എയ്തുവീഴ്ത്താം,
ദീബോൻ+ വരെ ഹെശ്ബോനെ സംഹരിക്കാം.
വരൂ, നമുക്ക് അവരെ നോഫ വരെ ശൂന്യമാക്കാം,
മെദബ+ വരെ തീ വ്യാപിക്കും.”
31 അങ്ങനെ ഇസ്രായേൽ അമോര്യരുടെ ദേശത്ത് താമസംതുടങ്ങി. 32 പിന്നീട് യസേർ+ ഒറ്റുനോക്കാൻ മോശ ചിലരെ അയച്ചു. ഇസ്രായേല്യർ അതിന്റെ ആശ്രിതപട്ടണങ്ങൾ* പിടിച്ചടക്കുകയും അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളയുകയും ചെയ്തു. 33 അതിനു ശേഷം അവർ തിരിഞ്ഞ് ബാശാൻ വഴിയിലൂടെ പോയി. അപ്പോൾ ബാശാനിലെ രാജാവായ ഓഗ്+ അവരോടു യുദ്ധം ചെയ്യാൻ തന്റെ സകല ജനത്തോടും ഒപ്പം എദ്രെയിൽ വന്നു.+ 34 എന്നാൽ യഹോവ മോശയോടു പറഞ്ഞു: “ഓഗിനെ പേടിക്കേണ്ടാ.+ അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തരും.+ ഹെശ്ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെതന്നെ നീ അവനോടും ചെയ്യും.”+ 35 അങ്ങനെ അവർ ഓഗിനെയും അയാളോടൊപ്പം അയാളുടെ മക്കളെയും അയാളുടെ മുഴുവൻ ജനത്തെയും സംഹരിച്ചു. ഓഗിന്റെ ജനത്തിൽ ആരും ശേഷിച്ചില്ല.+ അവർ അങ്ങനെ ആ ദേശം കൈവശമാക്കി.+
22 പിന്നെ ഇസ്രായേല്യർ പുറപ്പെട്ട് യരീഹൊയ്ക്ക് അഭിമുഖമായി യോർദാന്റെ മറുകരയിൽ മോവാബ് മരുപ്രദേശത്ത് പാളയമടിച്ചു.+ 2 ഇസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകൻ ബാലാക്ക്+ അറിഞ്ഞു. 3 ജനത്തിന്റെ വലുപ്പം കണ്ട് മോവാബിനു വല്ലാത്ത ഭയം തോന്നി. ഇസ്രായേല്യർ കാരണം മോവാബ് ഭയപരവശനായി.+ 4 അതുകൊണ്ട് മോവാബ് മിദ്യാനിലെ+ മൂപ്പന്മാരോടു പറഞ്ഞു: “കാള നിലത്തെ പുല്ല് തിന്നുതീർക്കുംപോലെ നമ്മുടെ ചുറ്റുമുള്ളതെല്ലാം ഈ ജനം തിന്നുതീർക്കും.”
സിപ്പോരിന്റെ മകനായ ബാലാക്കായിരുന്നു ആ സമയത്ത് മോവാബിലെ രാജാവ്. 5 പെഥോരിലുള്ള, ബയോരിന്റെ മകനായ ബിലെയാമിന്റെ+ അടുത്തേക്കു ബാലാക്ക് ദൂതന്മാരെ അയച്ചു. ബിലെയാം തന്റെ ജന്മദേശത്തെ നദിയുടെ* തീരത്താണു താമസിച്ചിരുന്നത്. അയാളെ ക്ഷണിച്ചുകൊണ്ട് ബാലാക്ക് പറഞ്ഞു: “ഇതാ, ഈജിപ്തിൽനിന്ന് ഒരു ജനം വന്നിരിക്കുന്നു! അവർ ഭൂമുഖത്തെ* മുഴുവൻ മൂടിയിരിക്കുന്നു!+ എന്റെ തൊട്ടുമുന്നിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. 6 അവർ എന്നെക്കാൾ ശക്തരായതുകൊണ്ട് താങ്കൾ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണം.+ അങ്ങനെ എനിക്കു ചിലപ്പോൾ അവരെ തോൽപ്പിച്ച് ദേശത്തുനിന്ന് തുരത്തിയോടിക്കാൻ കഴിഞ്ഞേക്കും. താങ്കൾ അനുഗ്രഹിക്കുന്നവൻ അനുഗൃഹീതനും ശപിക്കുന്നവൻ ശപിക്കപ്പെട്ടവനും ആയിരിക്കുമെന്ന് എനിക്കു നന്നായി അറിയാം.”
7 അങ്ങനെ മോവാബിലെയും മിദ്യാനിലെയും മൂപ്പന്മാർ ഭാവിഫലം പറയുന്നതിനുള്ള പ്രതിഫലവുമായി ബിലെയാമിന്റെ അടുത്തേക്കു യാത്ര തിരിച്ചു.+ ബാലാക്ക് പറഞ്ഞതെല്ലാം അവർ ബിലെയാമിനെ അറിയിച്ചു. 8 അപ്പോൾ ബിലെയാം അവരോടു പറഞ്ഞു: “ഈ രാത്രി ഇവിടെ താമസിക്കുക. യഹോവ എന്താണോ എന്നോടു പറയുന്നത് അതു ഞാൻ നിങ്ങളെ അറിയിക്കാം.” അങ്ങനെ മോവാബിലെ പ്രഭുക്കന്മാർ ബിലെയാമിന്റെകൂടെ താമസിച്ചു.
9 അപ്പോൾ ദൈവം ബിലെയാമിനോട്,+ “നിന്റെകൂടെയുള്ള ഈ പുരുഷന്മാർ ആരാണ്” എന്നു ചോദിച്ചു. 10 ബിലെയാം സത്യദൈവത്തോടു പറഞ്ഞു: “സിപ്പോരിന്റെ മകനും മോവാബിലെ രാജാവും ആയ ബാലാക്ക് ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടുണ്ട്: 11 ‘ഇതാ, ഈജിപ്തിൽനിന്ന് പുറപ്പെട്ടുവന്ന ജനം ഭൂമുഖത്തെ മുഴുവൻ മൂടിയിരിക്കുന്നു. താങ്കൾ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കണം.+ ഒരുപക്ഷേ അവരോടു പോരാടി അവരെ തുരത്തിയോടിക്കാൻ എനിക്കു കഴിഞ്ഞേക്കും.’” 12 എന്നാൽ ദൈവം ബിലെയാമിനോട്: “നീ അവരോടൊപ്പം പോകരുത്; ആ ജനത്തെ ശപിക്കുകയുമരുത്. കാരണം അവർ അനുഗൃഹീതരായ ഒരു ജനമാണ്.”+
13 ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോടു പറഞ്ഞു: “നിങ്ങളുടെ ദേശത്തേക്കു തിരികെ പൊയ്ക്കൊള്ളുക. നിങ്ങളോടൊപ്പം വരുന്നതിൽനിന്ന് യഹോവ എന്നെ വിലക്കിയിരിക്കുന്നു.” 14 അങ്ങനെ മോവാബിലെ പ്രഭുക്കന്മാർ ബാലാക്കിന്റെ അടുത്ത് മടങ്ങിച്ചെന്ന്, “ഞങ്ങളോടുകൂടെ വരാൻ ബിലെയാം തയ്യാറായില്ല” എന്നു പറഞ്ഞു.
15 എന്നാൽ ബാലാക്ക് വീണ്ടും അവരെക്കാൾ ആദരണീയരായ കൂടുതൽ പ്രഭുക്കന്മാരെ അയച്ചു. 16 അവർ ബിലെയാമിന്റെ അടുത്ത് വന്ന് അയാളോടു പറഞ്ഞു: “സിപ്പോരിന്റെ മകനായ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘ഒരു കാരണവശാലും എന്റെ അടുത്ത് വരാതിരിക്കരുതേ. 17 ഞാൻ താങ്കളെ അതിയായി ആദരിക്കും. താങ്കൾ പറയുന്നതെന്തും ഞാൻ ചെയ്യാം. അതുകൊണ്ട് ദയവായി താങ്കൾ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണം.’” 18 എന്നാൽ ബിലെയാം ബാലാക്കിന്റെ ദാസന്മാരോടു പറഞ്ഞു: “ബാലാക്ക് സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും എന്റെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് ചെറിയതാകട്ടെ വലിയതാകട്ടെ ഒരു കാര്യവും ചെയ്യാൻ എനിക്കു കഴിയില്ല.+ 19 എന്നാലും ഈ രാത്രികൂടി ഇവിടെ താമസിക്കുക. യഹോവയ്ക്കു മറ്റ് എന്താണു പറയാനുള്ളതെന്നു ഞാൻ നോക്കട്ടെ.”+
20 രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുത്ത് വന്ന് പറഞ്ഞു: “നിന്നെ വിളിക്കാനാണ് ഈ പുരുഷന്മാർ വന്നിരിക്കുന്നതെങ്കിൽ അവരോടൊപ്പം പൊയ്ക്കൊള്ളുക. പക്ഷേ ഞാൻ പറഞ്ഞുതരുന്നതു മാത്രമേ നീ പറയാവൂ.”+ 21 അങ്ങനെ ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്കു* കോപ്പിട്ട് മോവാബിലെ പ്രഭുക്കന്മാരോടൊപ്പം പുറപ്പെട്ടു.+
22 എന്നാൽ ബിലെയാം പോകുന്നതുകൊണ്ട് ദൈവം കോപിച്ചു. ബിലെയാമിനെ തടയാൻ യഹോവയുടെ ദൂതൻ വഴിയിൽ നിലയുറപ്പിച്ചു. ബിലെയാം തന്റെ കഴുതപ്പുറത്ത് വരുകയായിരുന്നു; അയാളുടെ പരിചാരകരിൽ രണ്ടു പേരും അയാളോടുകൂടെയുണ്ടായിരുന്നു. 23 വാൾ ഊരിപ്പിടിച്ച് യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നതു കണ്ടപ്പോൾ ബിലെയാമിന്റെ കഴുത വഴിയിൽനിന്ന് വയലിലേക്കു തിരിഞ്ഞു. എന്നാൽ കഴുതയെ വഴിയിലേക്കു തിരിച്ചുകൊണ്ടുവരാനായി ബിലെയാം അതിനെ അടിക്കാൻതുടങ്ങി. 24 പിന്നീട് യഹോവയുടെ ദൂതൻ രണ്ടു മുന്തിരിത്തോട്ടങ്ങൾക്കു നടുവിലൂടെ പോകുന്ന, ഇരുവശവും കല്ലുമതിലുള്ള, ഒരു ഇടുങ്ങിയ വഴിയിൽ നിന്നു. 25 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത മതിലിനോടു ചേർന്നുനടക്കാൻ ശ്രമിച്ചു. അപ്പോൾ ബിലെയാമിന്റെ കാൽ മതിലിൽ ഉരഞ്ഞ് ഞെരിഞ്ഞമർന്നതുകൊണ്ട് അയാൾ വീണ്ടും അതിനെ അടിച്ചു.
26 യഹോവയുടെ ദൂതൻ പിന്നെയും മുന്നിൽക്കടന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ കഴിയാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു. 27 യഹോവയുടെ ദൂതനെ കണ്ട കഴുത നിലത്ത് കിടന്നുകളഞ്ഞു. അതിന്റെ പുറത്ത് ഇരിക്കുകയായിരുന്ന ബിലെയാം വല്ലാതെ കോപിച്ച് തന്റെ വടികൊണ്ട് അതിനെ പൊതിരെ തല്ലി. 28 ഒടുവിൽ യഹോവ കഴുതയ്ക്കു സംസാരിക്കാൻ പ്രാപ്തി കൊടുത്തു.*+ അതു ബിലെയാമിനോടു ചോദിച്ചു: “ഈ മൂന്നു പ്രാവശ്യവും എന്നെ അടിക്കാൻ ഞാൻ അങ്ങയോട് എന്തു തെറ്റാണു ചെയ്തത്?”+ 29 അപ്പോൾ ബിലെയാം കഴുതയോടു പറഞ്ഞു: “നീ എന്നെ അപമാനിച്ചതുകൊണ്ടാണ് ഞാൻ നിന്നെ അടിക്കുന്നത്. എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ നിന്നെ കൊന്നേനേ!” 30 അപ്പോൾ കഴുത ബിലെയാമിനോടു പറഞ്ഞു: “അങ്ങ് ജീവിതകാലം മുഴുവൻ യാത്ര ചെയ്ത അങ്ങയുടെ കഴുതയല്ലേ ഞാൻ? ഇതിനു മുമ്പ് എപ്പോഴെങ്കിലും ഞാൻ അങ്ങയോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ?” അപ്പോൾ ബിലെയാം, “ഇല്ല” എന്നു പറഞ്ഞു. 31 യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു.+ യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ച് വഴിയിൽ നിൽക്കുന്നതു ബിലെയാം കണ്ടു. ഉടനെ ബിലെയാം കുമ്പിട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു.
32 അപ്പോൾ യഹോവയുടെ ദൂതൻ ബിലെയാമിനോടു പറഞ്ഞു: “നീ ഈ മൂന്നു പ്രാവശ്യം നിന്റെ കഴുതയെ തല്ലിയത് എന്തിനാണ്? നിന്റെ ഈ പോക്ക് എന്റെ ഇഷ്ടത്തിനു വിരുദ്ധമായതുകൊണ്ട് ഞാനാണു നിന്നെ തടഞ്ഞത്.+ 33 കഴുത എന്നെ കണ്ട് ഈ മൂന്നു തവണയും എന്റെ അടുത്തുനിന്ന് മാറിപ്പോയി.+ അതു വഴിമാറിയില്ലായിരുന്നെങ്കിൽ ഇതിനോടകം ഞാൻ നിന്നെ കൊന്നേനേ, അതിനെ വെറുതേ വിടുകയും ചെയ്തേനേ!” 34 ബിലെയാം യഹോവയുടെ ദൂതനോടു പറഞ്ഞു: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്നെ തടയാൻ അങ്ങ് വഴിയിൽ നിൽക്കുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അങ്ങയ്ക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ തിരിച്ചുപൊയ്ക്കൊള്ളാം.” 35 എന്നാൽ യഹോവയുടെ ദൂതൻ ബിലെയാമിനോടു പറഞ്ഞു: “അവരോടൊപ്പം പൊയ്ക്കൊള്ളൂ. പക്ഷേ ഞാൻ പറഞ്ഞുതരുന്നതു മാത്രമേ നീ പറയാവൂ.” അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടൊപ്പം യാത്ര തുടർന്നു.
36 ബിലെയാം വന്നെന്നു കേട്ട ഉടനെ ബാലാക്ക് ബിലെയാമിനെ കാണാൻ ദേശത്തിന്റെ അതിർത്തിയിൽ അർന്നോന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മോവാബ് നഗരത്തിലേക്കു ചെന്നു. 37 ബാലാക്ക് ബിലെയാമിനോടു ചോദിച്ചു: “താങ്കളെ വിളിക്കാൻ ഞാൻ ആളയച്ചതല്ലേ? താങ്കൾ എന്താണ് എന്റെ അടുത്ത് വരാതിരുന്നത്? താങ്കളെ വേണ്ടപോലെ ആദരിക്കാൻ എനിക്കു കഴിയില്ലെന്നു കരുതിയോ?”+ 38 അതിനു ബിലെയാം ബാലാക്കിനോട്: “ഇതാ, ഇപ്പോൾ ഞാൻ വന്നല്ലോ. പക്ഷേ എനിക്ക് എന്തെങ്കിലും പറയാൻ അനുവാദമുണ്ടോ? ദൈവം എന്റെ നാവിൽ തരുന്നതു മാത്രമേ എനിക്കു പറയാനാകൂ.”+
39 അങ്ങനെ ബിലെയാം ബാലാക്കിന്റെകൂടെ പോയി; അവർ കിര്യത്ത്-ഹൂസോത്തിൽ എത്തി. 40 ബാലാക്ക് ആടുകളെയും കന്നുകാലികളെയും ബലി അർപ്പിച്ചിട്ട് അതിൽ കുറച്ച് ബിലെയാമിനും അയാളോടൊപ്പമുണ്ടായിരുന്ന പ്രഭുക്കന്മാർക്കും കൊടുത്തയച്ചു. 41 രാവിലെ ബാലാക്ക് ബിലെയാമിനെയും കൂട്ടി ബാമോത്ത്-ബാലിലേക്കു പോയി. അവിടെ നിന്നാൽ അയാൾക്കു ജനത്തെ മുഴുവൻ കാണാനാകുമായിരുന്നു.+
23 അപ്പോൾ ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിയുക;+ ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കുവേണ്ടി ഒരുക്കുക.” 2 ബാലാക്ക് ഉടനെ ബിലെയാം പറഞ്ഞതുപോലെയെല്ലാം ചെയ്തു. ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+ 3 പിന്നെ ബിലെയാം ബാലാക്കിനോട്: “ഞാൻ പോകട്ടെ, താങ്കൾ ഇവിടെ താങ്കളുടെ ദഹനയാഗത്തിന്റെ അടുത്ത് നിൽക്കുക. ഒരുപക്ഷേ യഹോവ എനിക്കു പ്രത്യക്ഷനായേക്കും. ദൈവം എന്നോടു വെളിപ്പെടുത്തുന്നതെല്ലാം ഞാൻ താങ്കളെ അറിയിക്കാം.” അങ്ങനെ ബിലെയാം ഒരു മൊട്ടക്കുന്നിലേക്കു പോയി.
4 ദൈവം ബിലെയാമിനു പ്രത്യക്ഷനായി.+ അപ്പോൾ ബിലെയാം ദൈവത്തോടു പറഞ്ഞു: “ഞാൻ ഇതാ, വരിവരിയായി ഏഴു യാഗപീഠം പണിത് അതിൽ ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചിരിക്കുന്നു.” 5 അപ്പോൾ യഹോവ തന്റെ വാക്കുകൾ ബിലെയാമിന്റെ നാവിൽ നൽകിയിട്ട് പറഞ്ഞു:+ “നീ മടങ്ങിച്ചെന്ന് ഈ വാക്കുകൾ ബാലാക്കിനോടു പറയണം.” 6 ബിലെയാം മടങ്ങിച്ചെന്നപ്പോൾ ബാലാക്കും എല്ലാ മോവാബ്യപ്രഭുക്കന്മാരും ദഹനയാഗത്തിന്റെ അടുത്ത് നിൽക്കുന്നതു കണ്ടു. 7 അപ്പോൾ ബിലെയാം ഈ സന്ദേശം അറിയിച്ചു:+
“അരാമിൽനിന്ന് മോവാബുരാജനായ ബാലാക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു,+
കിഴക്കൻ മലകളിൽനിന്ന് അയാൾ എന്നെ വരുത്തിയിരിക്കുന്നു:
‘വന്ന് എനിക്കായി യാക്കോബിനെ ശപിക്കുക,
വരുക, ഇസ്രായേലിനെ കുറ്റം വിധിക്കുക.’+
8 ദൈവം ശപിക്കാത്തവരെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ കുറ്റം വിധിക്കാത്തവരെ ഞാൻ എങ്ങനെ കുറ്റം വിധിക്കും?+
9 പാറകളുടെ മുകളിൽനിന്ന് ഞാൻ അവരെ കാണുന്നു,
കുന്നുകളിൽനിന്ന് ഞാൻ അവരെ ദർശിക്കുന്നു.
10 യാക്കോബിന്റെ മൺതരികളെ എണ്ണാൻ ആർക്കാകും?+
ഇസ്രായേലിന്റെ നാലിലൊന്നിനെയെങ്കിലും എണ്ണുക സാധ്യമോ?
നേരുള്ളവൻ മരിക്കുന്നതുപോലെ ഞാൻ മരിക്കട്ടെ,
എന്റെ അന്ത്യം അവരുടേതുപോലെയാകട്ടെ.”
11 അപ്പോൾ ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “താങ്കൾ എന്താണ് ഈ ചെയ്തത്? എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ കൊണ്ടുവന്നത്. പക്ഷേ താങ്കൾ അവരെ അനുഗ്രഹംകൊണ്ട് മൂടിയിരിക്കുന്നു.”+ 12 ബിലെയാം പറഞ്ഞു: “യഹോവ എന്റെ നാവിൽ തരുന്നതല്ലേ ഞാൻ പറയേണ്ടത്?”+
13 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്റെകൂടെ വരൂ, അവരെ കാണാനാകുന്ന മറ്റൊരു സ്ഥലത്തേക്കു നമുക്കു പോകാം. എന്നാൽ അവരുടെ ഒരു ഭാഗം മാത്രമേ താങ്കൾ കാണൂ; അവരെ എല്ലാവരെയും കാണില്ല. അവിടെ നിന്ന് എനിക്കുവേണ്ടി താങ്കൾ അവരെ ശപിക്കണം.”+ 14 അങ്ങനെ ബാലാക്ക് ബിലെയാമിനെ സോഫീം പ്രദേശത്തേക്ക്, പിസ്ഗയുടെ+ മുകളിലേക്ക്, കൊണ്ടുപോയി. അവിടെ ബിലെയാം ഏഴു യാഗപീഠം പണിത് ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+ 15 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാൻ പോയി ദൈവത്തോടു സംസാരിക്കട്ടെ. അതുവരെ താങ്കൾ ഇവിടെ താങ്കളുടെ ദഹനയാഗത്തിന്റെ അടുത്ത് നിൽക്കുക.” 16 യഹോവ ബിലെയാമിനു പ്രത്യക്ഷനായി തന്റെ വാക്കുകൾ ബിലെയാമിന്റെ നാവിൽ നൽകിയിട്ട് പറഞ്ഞു:+ “നീ തിരിച്ചുചെന്ന് ഈ വാക്കുകൾ ബാലാക്കിനോടു പറയണം.” 17 ബിലെയാം മടങ്ങിച്ചെന്നപ്പോൾ ബാലാക്ക് തന്റെ ദഹനയാഗത്തിന്റെ അടുത്ത് കാത്തുനിൽക്കുന്നതു കണ്ടു. മോവാബ്യപ്രഭുക്കന്മാരും ബാലാക്കിന്റെകൂടെയുണ്ടായിരുന്നു. ബാലാക്ക് ബിലെയാമിനോടു ചോദിച്ചു: “യഹോവ എന്തു പറഞ്ഞു?” 18 അപ്പോൾ ബിലെയാം ഈ സന്ദേശം അറിയിച്ചു:+
“ബാലാക്കേ, എഴുന്നേറ്റ് ശ്രദ്ധിക്കുക,
സിപ്പോരിന്റെ മകനേ, എനിക്കു ചെവി തരുക.
താൻ പറയുന്നതു ദൈവം നിവർത്തിക്കാതിരിക്കുമോ?
താൻ പറയുന്നതു ദൈവം ചെയ്യാതിരിക്കുമോ?+
20 ഇതാ, അനുഗ്രഹിക്കാൻ എന്നെ കൊണ്ടുവന്നിരിക്കുന്നു,
ദൈവം അനുഗ്രഹിച്ചിരിക്കുന്നു,+ അതു മാറ്റാൻ എനിക്കാകുമോ!+
21 യാക്കോബിന് എതിരെ ഒരു മന്ത്രപ്രയോഗവും ദൈവം വെച്ചുപൊറുപ്പിക്കില്ല,
ഇസ്രായേലിനെ ദ്രോഹിക്കാൻ ദൈവം അനുവദിക്കുകയുമില്ല.
ദൈവമായ യഹോവ അവരോടുകൂടെയുണ്ട്,+
അവർ ദൈവത്തെ തങ്ങളുടെ രാജാവായി വാഴ്ത്തിപ്പാടുന്നു.
22 ദൈവം അവരെ ഈജിപ്തിൽനിന്ന് കൊണ്ടുവരുന്നു.+
ദൈവം അവർക്കു കാട്ടുപോത്തിന്റെ കൊമ്പുകൾപോലെയാണ്.+
‘ദൈവം അവനുവേണ്ടി ചെയ്തതു കണ്ടാലും!’ എന്ന്
ഇപ്പോൾ യാക്കോബിനെയും ഇസ്രായേലിനെയും കുറിച്ച് പറയും.
24 ഇതാ, സിംഹത്തെപ്പോലെ എഴുന്നേൽക്കുന്ന ഒരു ജനം!
ഒരു സിംഹത്തെപ്പോലെ അത് എഴുന്നേറ്റുനിൽക്കുന്നു.+
ഇരയെ വിഴുങ്ങാതെ അതു വിശ്രമിക്കില്ല,
താൻ കൊന്നവരുടെ രക്തം കുടിക്കാതെ അത് അടങ്ങില്ല.”
25 അപ്പോൾ ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “താങ്കൾക്ക് ഇസ്രായേലിനെ ശപിക്കാൻ കഴിയില്ലെങ്കിൽ അനുഗ്രഹിക്കാനും പാടില്ല.” 26 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “‘യഹോവ പറയുന്നതെല്ലാം ഞാൻ ചെയ്യും’ എന്നു ഞാൻ താങ്കളോടു പറഞ്ഞതല്ലേ?”+
27 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “വരൂ, ഞാൻ താങ്കളെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാം. അവിടെവെച്ച് താങ്കൾ ഇസ്രായേലിനെ എനിക്കുവേണ്ടി ശപിക്കുന്നതു ചിലപ്പോൾ സത്യദൈവത്തിന് ഇഷ്ടമായിരിക്കും.”+ 28 അങ്ങനെ ബാലാക്ക് ബിലെയാമിനെ യശീമോന്*+ അഭിമുഖമായുള്ള പെയോരിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി. 29 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഈ സ്ഥലത്ത് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കായി ഒരുക്കുക.”+ 30 ബിലെയാം പറഞ്ഞതുപോലെതന്നെ ബാലാക്ക് ചെയ്തു. ബിലെയാം ഓരോ യാഗപീഠത്തിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും വീതം അർപ്പിച്ചു.
24 ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് ഇഷ്ടമെന്നു കണ്ടപ്പോൾ ബിലെയാം പിന്നെ ദുശ്ശകുനം+ നോക്കി പോയില്ല. പകരം വിജനഭൂമിക്കു നേരെ മുഖം തിരിച്ചു. 2 ബിലെയാം നോക്കിയപ്പോൾ ഇസ്രായേൽ ഗോത്രംഗോത്രമായി പാളയമടിച്ചിരിക്കുന്നതു കണ്ടു.+ അപ്പോൾ ദൈവത്തിന്റെ ആത്മാവ് ബിലെയാമിന്റെ മേൽ വന്നു.+ 3 അയാൾ ഈ പ്രാവചനികസന്ദേശം അറിയിച്ചു:+
“ബയോരിന്റെ മകനായ ബിലെയാമിന്റെ മൊഴികൾ,
കണ്ണുകൾ തുറന്നുകിട്ടിയവന്റെ വാക്കുകൾ,
4 ദൈവികവചനങ്ങൾ കേൾക്കുന്നവന്റെ,
സർവശക്തന്റെ ദർശനം കണ്ടവന്റെ,
കണ്ണുകൾ അടയ്ക്കാതെ കുമ്പിട്ടവന്റെ, വചനങ്ങൾ:+
6 അവ താഴ്വരകൾപോലെ* നീണ്ടുകിടക്കുന്നു,+
നദീതീരത്തെ തോട്ടങ്ങൾപോലെതന്നെ.
അവ യഹോവ നട്ട അകിൽ മരങ്ങൾപോലെയും
വെള്ളത്തിന് അരികെയുള്ള ദേവദാരുപോലെയും ആണ്.
7 അവന്റെ രണ്ടു തുകൽത്തൊട്ടിയിൽനിന്നും വെള്ളം തുളുമ്പുന്നു,
8 അവനെ ദൈവം ഈജിപ്തിൽനിന്ന് കൊണ്ടുവരുന്നു;
ദൈവം അവർക്കു കാട്ടുപോത്തിന്റെ കൊമ്പുകൾപോലെയാണ്.
തന്നെ ദ്രോഹിക്കുന്ന ജനതകളെ ഇസ്രായേൽ വിഴുങ്ങിക്കളയും,+
അവൻ അവരുടെ അസ്ഥികൾ കാർന്നുതിന്നും, അവന്റെ അസ്ത്രങ്ങൾ അവരെ ചിതറിക്കും.
9 അവൻ പതുങ്ങിക്കിടക്കുന്നു, ഒരു സിംഹത്തെപ്പോലെ വിശ്രമിക്കുന്നു.
അതെ, ഒരു സിംഹം! അവനെ ഉണർത്താൻ ആരു ധൈര്യപ്പെടും!
നിന്നെ അനുഗ്രഹിക്കുന്നവർ അനുഗ്രഹം നേടും,
നിന്നെ ശപിക്കുന്നവർ ശാപം പേറും.”+
10 അപ്പോൾ ബാലാക്കിനു ബിലെയാമിനോടു കടുത്ത കോപം തോന്നി. ബാലാക്ക് പുച്ഛത്തോടെ തന്റെ കൈ കൂട്ടിയടിച്ചുകൊണ്ട് ബിലെയാമിനോടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ നിന്നെ വിളിച്ചുവരുത്തിയത്.+ പക്ഷേ നീ ഈ മൂന്നു തവണയും അവരെ അനുഗ്രഹിച്ചു! 11 മതി, വേഗം നിന്റെ വീട്ടിലേക്കു പൊയ്ക്കൊള്ളുക. നിന്നെ അതിയായി ആദരിക്കാൻ ഞാൻ നിശ്ചയിച്ചിരുന്നു.+ പക്ഷേ നിന്നെ ആദരിക്കുന്നത് ഇതാ, യഹോവ തടഞ്ഞിരിക്കുന്നു.”
12 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “താങ്കൾ അയച്ച ദൂതന്മാരോട്, 13 ‘ബാലാക്ക് സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം* നല്ലതാകട്ടെ ചീത്തയാകട്ടെ ഒന്നും ചെയ്യാൻ എനിക്കു കഴിയില്ല; യഹോവ പറയുന്നതു മാത്രമേ ഞാൻ സംസാരിക്കൂ’ എന്നു ഞാൻ പറഞ്ഞതല്ലേ?+ 14 ഞാൻ ഇതാ, എന്റെ ജനത്തിന്റെ അടുത്തേക്കു പോകുകയാണ്. വരൂ, ഭാവിയിൽ* ഈ ജനം താങ്കളുടെ ജനത്തെ എന്തു ചെയ്യുമെന്നു ഞാൻ താങ്കൾക്കു പറഞ്ഞുതരാം.” 15 അങ്ങനെ ബിലെയാം ഈ പ്രാവചനികസന്ദേശം അറിയിച്ചു:+
“ബയോരിന്റെ മകനായ ബിലെയാമിന്റെ മൊഴികൾ,
കണ്ണുകൾ തുറന്നുകിട്ടിയവന്റെ വാക്കുകൾ,+
16 ദൈവികവചസ്സുകൾ കേൾക്കുന്നവന്റെ,
അത്യുന്നതന്റെ പരിജ്ഞാനം നേടിയവന്റെ, വചനങ്ങൾ.
കണ്ണുകൾ അടയ്ക്കാതെ കുമ്പിട്ടപ്പോൾ
സർവശക്തന്റെ ഒരു ദർശനം അവൻ കണ്ടു:
17 ഞാൻ അവനെ കാണും, പക്ഷേ ഇപ്പോഴല്ല;
ഞാൻ അവനെ ദർശിക്കും, പക്ഷേ ഉടനെയല്ല.
19 യാക്കോബിൽനിന്നുള്ള ഒരാൾ ജയിച്ചടക്കും,+
നഗരത്തിൽനിന്ന് രക്ഷപ്പെട്ട എല്ലാവരെയും അവൻ കൊന്നുമുടിക്കും.”
20 അമാലേക്കിനെ കണ്ടപ്പോൾ ബിലെയാം പ്രാവചനികസന്ദേശം തുടർന്നു:
21 കേന്യരെ+ കണ്ടപ്പോൾ പ്രാവചനികസന്ദേശം തുടർന്നുകൊണ്ട് ബിലെയാം പറഞ്ഞു:
“നിന്റെ വാസസ്ഥലം സുരക്ഷിതം, ശൈലത്തിൽ നീ നിന്റെ പാർപ്പിടം സ്ഥാപിച്ചിരിക്കുന്നു.
22 എന്നാൽ കെയീനെ ഒരാൾ കത്തിച്ച് ചാമ്പലാക്കും.
അസീറിയ നിന്നെ ബന്ദിയാക്കിക്കൊണ്ടുപോകാൻ ഇനി എത്ര നാൾ?”
23 പ്രാവചനികസന്ദേശം തുടർന്നുകൊണ്ട് ബിലെയാം പറഞ്ഞു:
“കഷ്ടം! ദൈവം ഇതു ചെയ്യുമ്പോൾ ആരു ശേഷിക്കും?
24 കിത്തീമിന്റെ+ തീരത്തുനിന്ന് കപ്പലുകൾ വരും,
അസീറിയയെ+ അവ ക്ലേശിപ്പിക്കും,
ഏബെരിനെയും അവ ക്ലേശിപ്പിക്കും.
എന്നാൽ അവനും പൂർണമായി നശിച്ചുപോകും.”
25 പിന്നെ ബിലെയാം+ എഴുന്നേറ്റ് തന്റെ സ്ഥലത്തേക്കു മടങ്ങി. ബാലാക്കും തന്റെ വഴിക്കു പോയി.
25 ഇസ്രായേൽ ശിത്തീമിൽ+ താമസിക്കുമ്പോൾ ജനം മോവാബിലെ സ്ത്രീകളുമായി അധാർമികപ്രവൃത്തികൾ* ചെയ്യാൻതുടങ്ങി.+ 2 ആ സ്ത്രീകൾ തങ്ങളുടെ ദൈവങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രായേല്യരെയും ക്ഷണിച്ചു. അങ്ങനെ ജനം ബലിവസ്തുക്കൾ തിന്നുകയും അവരുടെ ദൈവങ്ങളുടെ മുന്നിൽ കുമ്പിടുകയും ചെയ്തു.+ 3 ഇസ്രായേൽ അവരോടുകൂടെ പെയോരിലെ ബാലിനെ ആരാധിച്ചതുകൊണ്ട്*+ യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി. 4 യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിൽനിന്ന് നീങ്ങിപ്പോകണമെങ്കിൽ ഈ ജനത്തിന്റെ നേതാക്കന്മാരെയെല്ലാം പിടിച്ച് ജനം മുഴുവൻ കാൺകെ* യഹോവയുടെ സന്നിധിയിൽ തൂക്കുക.” 5 അപ്പോൾ മോശ ഇസ്രായേലിലെ ന്യായാധിപന്മാരോട്,+ “നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ഇടയിൽ പെയോരിലെ ബാലിനെ ആരാധിച്ച* ഈ പുരുഷന്മാരെ കൊന്നുകളയണം” എന്നു കല്പിച്ചു.+
6 ആ സമയത്ത് ഒരു ഇസ്രായേല്യൻ, സാന്നിധ്യകൂടാരത്തിന്റെ മുന്നിൽ വിലപിച്ചുകൊണ്ടിരുന്ന ഇസ്രായേൽസമൂഹത്തിന്റെയും മോശയുടെയും മുന്നിലൂടെ ഒരു മിദ്യാന്യസ്ത്രീയെയും+ കൂട്ടി തന്റെ സഹോദരന്മാരുടെ അടുത്തേക്കു വന്നു. 7 അതു കണ്ട ഉടനെ പുരോഹിതനായ, അഹരോന്റെ മകനായ എലെയാസരിന്റെ മകൻ ഫിനെഹാസ്+ ജനത്തിന് ഇടയിൽനിന്ന് എഴുന്നേറ്റ് കൈയിൽ ഒരു കുന്തവും എടുത്ത് 8 ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കു പാഞ്ഞുചെന്നു. ആ സ്ത്രീയുടെ ജനനേന്ദ്രിയം തുളയുംവിധം ഫിനെഹാസ് ആ പുരുഷനെയും സ്ത്രീയെയും കുന്തംകൊണ്ട് കുത്തി. അതോടെ ഇസ്രായേല്യരുടെ മേലുള്ള ബാധ നിലച്ചു.+ 9 ബാധ കാരണം മരിച്ചവർ ആകെ 24,000 പേരായിരുന്നു.+
10 പിന്നീട് യഹോവ മോശയോടു പറഞ്ഞു: 11 “പുരോഹിതനായ അഹരോന്റെ മകനായ എലെയാസരിന്റെ മകൻ ഫിനെഹാസ്+ ഇസ്രായേൽ ജനത്തിനു നേരെയുള്ള എന്റെ ക്രോധം ശമിപ്പിച്ചിരിക്കുന്നു. അവർ എന്നോടു കാണിച്ച അവിശ്വസ്തത അവൻ ഒട്ടും വെച്ചുപൊറുപ്പിച്ചില്ല.+ അതുകൊണ്ടുതന്നെ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണെങ്കിലും ഞാൻ ഇസ്രായേല്യരെ തുടച്ചുനീക്കിയില്ല.+ 12 അതുകൊണ്ട് അവനോട് ഇങ്ങനെ പറയുക. ഞാൻ അവനുമായി സമാധാനത്തിലായിരിക്കുമെന്ന് ഉടമ്പടി ചെയ്യുന്നു. 13 അത് അവനോടും അവന്റെ സന്തതികളോടും ഉള്ള ദീർഘകാലം നിലനിൽക്കുന്ന പൗരോഹിത്യത്തിന്റെ ഒരു ഉടമ്പടിയായിരിക്കും.+ കാരണം തന്റെ ദൈവത്തോടുള്ള അവരുടെ അവിശ്വസ്തത അവൻ വെച്ചുപൊറുപ്പിച്ചില്ല;+ ഇസ്രായേൽ ജനത്തിനുവേണ്ടി അവൻ പാപപരിഹാരം വരുത്തുകയും ചെയ്തു.”
14 മിദ്യാന്യസ്ത്രീയോടൊപ്പം കൊല്ലപ്പെട്ട ഇസ്രായേല്യപുരുഷന്റെ പേര് സിമ്രി എന്നായിരുന്നു. സാലുവിന്റെ മകനും ശിമെയോന്യരുടെ പിതൃഭവനത്തിന്റെ തലവനും ആയിരുന്നു സിമ്രി. 15 കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീയുടെ പേര് കൊസ്ബി. ആ സ്ത്രീ മിദ്യാനിലെ ഒരു പിതൃഭവനത്തിലെ കുടുംബങ്ങളുടെ തലവനായ+ സൂരിന്റെ മകളായിരുന്നു.+
16 പിന്നീട് യഹോവ മോശയോടു പറഞ്ഞു: 17 “നിങ്ങൾ മിദ്യാന്യരെ ദ്രോഹിച്ച് അവരെ സംഹരിക്കുക.+ 18 കാരണം പെയോരിന്റെ കാര്യത്തിലും+ മിദ്യാന്യതലവന്റെ മകളായ കൊസ്ബിയുടെ—പെയോർ കാരണം ഉണ്ടായ ബാധയുടെ സമയത്ത്+ കൊല്ലപ്പെട്ട തങ്ങളുടെ സഹോദരിയുടെ+—കാര്യത്തിലും അവർ തന്ത്രം പ്രയോഗിച്ച് നിങ്ങളെ ദ്രോഹിച്ചല്ലോ.”
26 ബാധയ്ക്കു ശേഷം+ യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസരിനോടും പറഞ്ഞു: 2 “പിതൃഭവനമനുസരിച്ച്, ഇസ്രായേൽസമൂഹത്തിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും ഒരു കണക്കെടുപ്പു നടത്തുക. ഇസ്രായേലിൽ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന എല്ലാവരെയും എണ്ണണം.”+ 3 അങ്ങനെ മോശയും പുരോഹിതനായ എലെയാസരും+ യരീഹൊയ്ക്കു+ സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച്+ അവരോടു സംസാരിച്ചു. അവർ പറഞ്ഞു: 4 “യഹോവ മോശയോടു കല്പിച്ചതുപോലെ, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ളവരുടെ കണക്കെടുപ്പു നടത്തുക.”+
ഇവരായിരുന്നു ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്ന ഇസ്രായേൽമക്കൾ: 5 ഇസ്രായേലിന്റെ മൂത്ത മകൻ രൂബേൻ.+ രൂബേന്റെ വംശജർ:+ ഹാനോക്കിൽനിന്ന് ഹാനോക്യരുടെ കുടുംബം; പല്ലുവിൽനിന്ന് പല്ലുവ്യരുടെ കുടുംബം; 6 ഹെസ്രോനിൽനിന്ന് ഹെസ്രോന്യരുടെ കുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യരുടെ കുടുംബം. 7 ഇവയായിരുന്നു രൂബേന്യരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 43,730.+
8 പല്ലുവിന്റെ മകനായിരുന്നു എലിയാബ്. 9 എലിയാബിന്റെ ആൺമക്കൾ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയോടു ധിക്കാരം കാണിച്ചപ്പോൾ+ കോരഹിന്റെ സംഘത്തോടു ചേർന്ന്+ മോശയെയും അഹരോനെയും എതിർത്തതു സമൂഹത്തിലെ നിയമിതപുരുഷന്മാരായ ഈ ദാഥാനും അബീരാമും ആണ്.+
10 അപ്പോൾ ഭൂമി വായ് പിളർന്ന് അവരെ വിഴുങ്ങിക്കളഞ്ഞു. എന്നാൽ തീ പുറപ്പെട്ട് 250 പുരുഷന്മാരെ ദഹിപ്പിച്ചപ്പോൾ കോരഹ് തന്റെ ആളുകളോടൊപ്പം മരണമടഞ്ഞു.+ അങ്ങനെ അവർ ഒരു മുന്നറിയിപ്പായിത്തീർന്നു.+ 11 എന്നാൽ കോരഹിന്റെ ആൺമക്കൾ മരിച്ചില്ല.+
12 കുടുംബമനുസരിച്ച് ശിമെയോന്റെ വംശജർ:+ നെമൂവേലിൽനിന്ന് നെമൂവേല്യരുടെ കുടുംബം; യാമീനിൽനിന്ന് യാമീന്യരുടെ കുടുംബം; യാഖീനിൽനിന്ന് യാഖീന്യരുടെ കുടുംബം; 13 സേരഹിൽനിന്ന് സേരഹ്യരുടെ കുടുംബം; ശാവൂലിൽനിന്ന് ശാവൂല്യരുടെ കുടുംബം. 14 ഇവയായിരുന്നു ശിമെയോന്യരുടെ കുടുംബങ്ങൾ. പേര് രേഖപ്പെടുത്തിയവർ 22,200.+
15 കുടുംബമനുസരിച്ച് ഗാദിന്റെ വംശജർ:+ സെഫോനിൽനിന്ന് സെഫോന്യരുടെ കുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗിയരുടെ കുടുംബം; ശൂനിയിൽനിന്ന് ശൂന്യരുടെ കുടുംബം; 16 ഒസ്നിയിൽനിന്ന് ഒസ്ന്യരുടെ കുടുംബം; ഏരിയിൽനിന്ന് ഏര്യരുടെ കുടുംബം; 17 അരോദിൽനിന്ന് അരോദ്യരുടെ കുടുംബം; അരേലിയിൽനിന്ന് അരേല്യരുടെ കുടുംബം. 18 ഇവയായിരുന്നു ഗാദിന്റെ ആൺമക്കളുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 40,500.+
19 യഹൂദയുടെ ആൺമക്കളായിരുന്നു+ ഏരും ഓനാനും.+ എന്നാൽ ഏരും ഓനാനും കനാൻ ദേശത്തുവെച്ച് മരിച്ചു.+ 20 കുടുംബമനുസരിച്ച് യഹൂദയുടെ വംശജർ: ശേലയിൽനിന്ന്+ ശേലാന്യരുടെ കുടുംബം; പേരെസിൽനിന്ന്+ പേരെസ്യരുടെ കുടുംബം; സേരഹിൽനിന്ന്+ സേരഹ്യരുടെ കുടുംബം. 21 പേരെസിന്റെ വംശജർ: ഹെസ്രോനിൽനിന്ന്+ ഹെസ്രോന്യരുടെ കുടുംബം; ഹമൂലിൽനിന്ന്+ ഹമൂല്യരുടെ കുടുംബം. 22 ഇവയായിരുന്നു യഹൂദയുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 76,500.+
23 കുടുംബമനുസരിച്ച് യിസ്സാഖാരിന്റെ വംശജർ:+ തോലയിൽനിന്ന്+ തോല്യരുടെ കുടുംബം; പുവ്വയിൽനിന്ന് പുന്യരുടെ കുടുംബം; 24 യാശൂബിൽനിന്ന് യാശൂബ്യരുടെ കുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യരുടെ കുടുംബം. 25 ഇവയായിരുന്നു യിസ്സാഖാരിന്റെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 64,300.+
26 കുടുംബമനുസരിച്ച് സെബുലൂന്റെ വംശജർ:+ സേരെദിൽനിന്ന് സേരെദ്യരുടെ കുടുംബം; ഏലോനിൽനിന്ന് ഏലോന്യരുടെ കുടുംബം; യഹ്ലെയേലിൽനിന്ന് യഹ്ലെയേല്യരുടെ കുടുംബം. 27 ഇവയായിരുന്നു സെബുലൂന്യരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 60,500.+
28 കുടുംബമനുസരിച്ച് യോസേഫിന്റെ ആൺമക്കൾ:+ മനശ്ശെ, എഫ്രയീം.+ 29 മനശ്ശെയുടെ വംശജർ:+ മാഖീരിൽനിന്ന്+ മാഖീര്യരുടെ കുടുംബം. മാഖീരിനു ഗിലെയാദ്+ ജനിച്ചു. ഗിലെയാദിൽനിന്ന് ഗിലെയാദ്യരുടെ കുടുംബം. 30 ഗിലെയാദിന്റെ വംശജർ: ഈയേസെരിൽനിന്ന് ഈയേസെര്യരുടെ കുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്യരുടെ കുടുംബം; 31 അസ്രിയേലിൽനിന്ന് അസ്രിയേല്യരുടെ കുടുംബം; ശെഖേമിൽനിന്ന് ശെഖേമ്യരുടെ കുടുംബം; 32 ശെമീദയിൽനിന്ന് ശെമീദ്യരുടെ കുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യരുടെ കുടുംബം. 33 ഹേഫെരിന്റെ മകനായ സെലോഫഹാദിന് ആൺമക്കളുണ്ടായിരുന്നില്ല, പെൺമക്കളേ ഉണ്ടായിരുന്നുള്ളൂ.+ മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ എന്നിവരായിരുന്നു സെലോഫഹാദിന്റെ പെൺമക്കൾ.+ 34 ഇവയായിരുന്നു മനശ്ശെയുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 52,700.+
35 കുടുംബമനുസരിച്ച് എഫ്രയീമിന്റെ വംശജർ:+ ശൂഥേലഹിൽനിന്ന്+ ശൂഥേലഹ്യരുടെ കുടുംബം; ബേഖെരിൽനിന്ന് ബേഖെര്യരുടെ കുടുംബം; തഹനിൽനിന്ന് തഹന്യരുടെ കുടുംബം. 36 ശൂഥേലഹിന്റെ വംശജർ: ഏരാനിൽനിന്ന് ഏരാന്യരുടെ കുടുംബം. 37 ഇവയായിരുന്നു എഫ്രയീമിന്റെ വംശജരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 32,500.+ ഇവരാണു കുടുംബമനുസരിച്ച് യോസേഫിന്റെ വംശജർ.
38 കുടുംബമനുസരിച്ച് ബന്യാമീന്റെ വംശജർ:+ ബേലയിൽനിന്ന്+ ബേല്യരുടെ കുടുംബം; അസ്ബേലിൽനിന്ന് അസ്ബേല്യരുടെ കുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യരുടെ കുടുംബം; 39 ശെഫൂഫാമിൽനിന്ന് ശൂഫാമ്യരുടെ കുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യരുടെ കുടുംബം. 40 ബേലയുടെ ആൺമക്കൾ:+ അർദ്, നയമാൻ. അർദിൽനിന്ന് അർദ്യരുടെ കുടുംബം; നയമാനിൽനിന്ന് നയമാന്യരുടെ കുടുംബം. 41 ഇവരാണു കുടുംബമനുസരിച്ച് ബന്യാമീന്റെ വംശജർ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 45,600.+
42 കുടുംബമനുസരിച്ച് ദാന്റെ വംശജർ:+ ശൂഹാമിൽനിന്ന് ശൂഹാമ്യരുടെ കുടുംബം. ഇവരാണു കുടുംബമനുസരിച്ച് ദാന്റെ വംശജർ. 43 ശൂഹാമ്യരുടെ കുടുംബത്തിൽനിന്ന് പേര് രേഖപ്പെടുത്തിയവർ ആകെ 64,400.+
44 കുടുംബമനുസരിച്ച് ആശേരിന്റെ വംശജർ:+ ഇമ്നയിൽനിന്ന് ഇമ്ന്യരുടെ കുടുംബം; യിശ്വിയിൽനിന്ന് യിശ്വിയരുടെ കുടുംബം; ബരീയയിൽനിന്ന് ബരീയരുടെ കുടുംബം; 45 ബരീയയുടെ ആൺമക്കളിൽനിന്നുള്ളവർ: ഹേബെരിൽനിന്ന് ഹേബെര്യരുടെ കുടുംബം; മൽക്കിയേലിൽനിന്ന് മൽക്കിയേല്യരുടെ കുടുംബം. 46 ആശേരിന്റെ മകളുടെ പേര് സേര എന്നായിരുന്നു. 47 ഇവയായിരുന്നു ആശേരിന്റെ വംശജരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 53,400.+
48 കുടുംബമനുസരിച്ച് നഫ്താലിയുടെ വംശജർ:+ യഹ്സേലിൽനിന്ന് യഹ്സേല്യരുടെ കുടുംബം; ഗൂനിയിൽനിന്ന് ഗൂന്യരുടെ കുടുംബം; 49 യേസെരിൽനിന്ന് യേസെര്യരുടെ കുടുംബം; ശില്ലേമിൽനിന്ന് ശില്ലേമ്യരുടെ കുടുംബം. 50 ഇവരായിരുന്നു കുടുംബമനുസരിച്ച് നഫ്താലിയുടെ വംശജർ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 45,400.+
51 അങ്ങനെ ഇസ്രായേല്യരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ ആകെ 6,01,730.+
52 അതിനു ശേഷം യഹോവ മോശയോടു പറഞ്ഞു: 53 “പട്ടികയിലെ പേരുകളനുസരിച്ച്* ഇവർക്കു ദേശം അവകാശമായി വിഭാഗിച്ചുകൊടുക്കണം.+ 54 വലിയ കൂട്ടങ്ങൾക്കു നീ കൂടുതൽ അവകാശവും ചെറിയ കൂട്ടങ്ങൾക്കു കുറച്ച് അവകാശവും കൊടുക്കണം.+ പേര് രേഖപ്പെടുത്തിയവരുടെ എണ്ണത്തിന് ആനുപാതികമായാണ് ഓരോ കൂട്ടത്തിനും അവകാശം കൊടുക്കേണ്ടത്. 55 എന്നാൽ ദേശം വിഭാഗിക്കുന്നതു നറുക്കിട്ടായിരിക്കണം.+ പിതൃഗോത്രത്തിന്റെ പേരിനനുസരിച്ച് അവർക്ക് അവരുടെ അവകാശം ലഭിക്കണം. 56 നറുക്കിട്ട് ഓരോ അവകാശവും തീരുമാനിക്കണം. എന്നിട്ട് വലുതും ചെറുതും ആയ കൂട്ടങ്ങൾക്ക് അവ വിഭാഗിച്ചുകൊടുക്കണം.”
57 കുടുംബമനുസരിച്ച് ലേവ്യരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ:+ ഗർശോനിൽനിന്ന് ഗർശോന്യരുടെ കുടുംബം; കൊഹാത്തിൽനിന്ന് കൊഹാത്യരുടെ കുടുംബം;+ മെരാരിയിൽനിന്ന് മെരാര്യരുടെ കുടുംബം. 58 ലേവ്യരുടെ കുടുംബങ്ങൾ ഇവയായിരുന്നു: ലിബ്നിയരുടെ കുടുംബം;+ ഹെബ്രോന്യരുടെ കുടുംബം;+ മഹ്ലിയരുടെ കുടുംബം;+ മൂശിയരുടെ കുടുംബം;+ കോരഹ്യരുടെ കുടുംബം.+
കൊഹാത്തിന് അമ്രാം+ ജനിച്ചു. 59 അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബെദ്+ എന്നായിരുന്നു. യോഖേബെദ് ലേവിയുടെ മകളായിരുന്നു. ലേവിയുടെ ഭാര്യ ഈജിപ്തിൽവെച്ചാണു യോഖേബെദിനെ പ്രസവിച്ചത്. യോഖേബെദ് അമ്രാമിന് അഹരോനെയും മോശയെയും അവരുടെ പെങ്ങളായ മിര്യാമിനെയും+ പ്രസവിച്ചു. 60 അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ എന്നീ ആൺമക്കൾ ജനിച്ചു.+ 61 എന്നാൽ നാദാബും അബീഹുവും യഹോവയുടെ മുമ്പാകെ അയോഗ്യമായ അഗ്നി അർപ്പിച്ചപ്പോൾ മരിച്ചുപോയി.+
62 രേഖയിൽ പേര് ചേർത്ത, ഒരു മാസവും അതിൽ കൂടുതലും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 23,000.+ ഇസ്രായേല്യർക്കിടയിൽ അവർക്ക് അവകാശമൊന്നുമില്ലായിരുന്നതുകൊണ്ട്+ മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ പേര് രേഖപ്പെടുത്തിയില്ല.+
63 യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് മോശയും പുരോഹിതനായ എലെയാസരും ചേർന്ന് പേര് രേഖപ്പെടുത്തിയ ഇസ്രായേല്യർ ഇവരായിരുന്നു. 64 എന്നാൽ സീനായ് വിജനഭൂമിയിൽവെച്ച്+ മോശയും പുരോഹിതനായ അഹരോനും ഇസ്രായേല്യരുടെ കണക്കെടുത്തപ്പോൾ അതിലുണ്ടായിരുന്ന ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല. 65 “വിജനഭൂമിയിൽ അവരെല്ലാം ചത്തൊടുങ്ങും” എന്ന് അവരെക്കുറിച്ച് യഹോവ തീർത്തുപറഞ്ഞിരുന്നു.+ അതുകൊണ്ട് യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ വേറെ ആരും ശേഷിച്ചില്ല.+
27 പിന്നീട് യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബത്തിൽപ്പെട്ട, മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പെൺമക്കൾ+ വന്നു. മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. 2 അവർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും തലവന്മാരുടെയും+ മുഴുവൻ സമൂഹത്തിന്റെയും മുമ്പാകെ നിന്ന് ഇങ്ങനെ പറഞ്ഞു: 3 “ഞങ്ങളുടെ അപ്പൻ വിജനഭൂമിയിൽവെച്ച് മരിച്ചുപോയി. എന്നാൽ അദ്ദേഹം കോരഹിനോടൊപ്പം+ യഹോവയ്ക്കെതിരെ സംഘം ചേർന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളായിരുന്നില്ല, സ്വന്തം പാപം കാരണമാണു ഞങ്ങളുടെ അപ്പൻ മരിച്ചത്. അപ്പന് ആൺമക്കൾ ആരുമില്ല. 4 ആൺമക്കളില്ലാത്തതുകൊണ്ട് ഞങ്ങളുടെ അപ്പന്റെ പേര് അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്ന് മാഞ്ഞുപോകുന്നത് എന്തിനാണ്? ഞങ്ങളുടെ അപ്പന്റെ സഹോദരന്മാർക്കിടയിൽ ഞങ്ങൾക്ക് ഒരു അവകാശം തന്നാലും.” 5 മോശ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ ഉണർത്തിച്ചു.+
6 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: 7 “സെലോഫഹാദിന്റെ പെൺമക്കൾ പറഞ്ഞതു ശരിയാണ്. അവർക്ക് അവരുടെ അപ്പന്റെ സ്വത്ത് അവന്റെ സഹോദരന്മാർക്കിടയിൽ അവകാശമായി നൽകുകതന്നെ വേണം, അവരുടെ അപ്പന്റെ അവകാശം നീ അവർക്കു കൈമാറണം.+ 8 മാത്രമല്ല, ഇസ്രായേല്യരോടു നീ ഇങ്ങനെ പറയുകയും വേണം: ‘ഒരാൾ ആൺമക്കളില്ലാതെ മരിച്ചാൽ നിങ്ങൾ അയാളുടെ അവകാശം അയാളുടെ മകൾക്കു കൊടുക്കണം. 9 അയാൾക്കു പെൺമക്കളില്ലെങ്കിൽ അയാളുടെ അവകാശം അയാളുടെ സഹോദരന്മാർക്കു നൽകണം. 10 അയാൾക്കു സഹോദരന്മാരുമില്ലെങ്കിൽ അയാളുടെ അവകാശം അയാളുടെ അപ്പന്റെ സഹോദരന്മാർക്കു കൈമാറണം. 11 അയാളുടെ അപ്പനു സഹോദരന്മാരില്ലെങ്കിൽ അവകാശം അയാളുടെ കുടുംബത്തിൽ ഏറ്റവും അടുത്ത രക്തബന്ധത്തിലുള്ളവനു കൊടുക്കണം, അയാൾ ആ സ്വത്ത് ഏറ്റെടുക്കും. യഹോവ മോശയോടു കല്പിച്ചതുപോലെ, ഈ ന്യായത്തീർപ്പ് ഇസ്രായേല്യർക്ക് ഒരു നിയമമായിരിക്കും.’”
12 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അബാരീം പ്രദേശത്തെ ഈ മലയിലേക്കു+ കയറിച്ചെന്ന് ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന ദേശം കണ്ടുകൊള്ളുക.+ 13 അതു കണ്ടശേഷം, നിന്റെ സഹോദരനായ അഹരോനെപ്പോലെ+ നീയും നിന്റെ ജനത്തോടു ചേരും.*+ 14 കാരണം സീൻ വിജനഭൂമിയിൽ ഇസ്രായേൽസമൂഹം എന്നോടു കലഹിച്ചപ്പോൾ വെള്ളത്തിന് അരികെവെച്ച് അവർക്കു മുമ്പാകെ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ ആജ്ഞ നിങ്ങൾ ധിക്കരിച്ചു, നിങ്ങൾ മത്സരിച്ചു.+ (ഇതാണു സീൻ+ വിജനഭൂമിയിലെ കാദേശിലുള്ള+ മെരീബനീരുറവ്.)”+
15 അപ്പോൾ മോശ യഹോവയോടു പറഞ്ഞു: 16 “എല്ലാവരുടെയും ജീവന്റെ* ദൈവമായ യഹോവേ, ഈ സമൂഹത്തിനു മേൽ ഒരു പുരുഷനെ നിയമിക്കേണമേ. 17 യഹോവയുടെ സമൂഹം ഇടയനില്ലാത്ത ആടുകളെപ്പോലെയാകാതിരിക്കാൻ അയാൾ അവരെ നയിച്ചുകൊണ്ട് അവർക്കു മുമ്പേ പോകുകയും അവർക്കു മുമ്പേ വരുകയും അവരെ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യട്ടെ.” 18 യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്. അവനെ വിളിച്ച് അവന്റെ മേൽ നിന്റെ കൈ വെക്കുക.+ 19 അവനെ പുരോഹിതനായ എലെയാസരിന്റെയും മുഴുവൻ സമൂഹത്തിന്റെയും മുന്നിൽ നിറുത്തി അവർ കാൺകെ+ അവനെ നിയോഗിക്കുക. 20 ഇസ്രായേൽസമൂഹം മുഴുവൻ അവൻ പറയുന്നത് അനുസരിക്കാനായി+ നീ നിന്റെ അധികാരത്തിൽ* കുറച്ച് അവനു കൊടുക്കണം.+ 21 അവൻ പുരോഹിതനായ എലെയാസരിന്റെ മുന്നിൽ ചെല്ലുകയും എലെയാസർ അവനുവേണ്ടി ഊറീം+ ഉപയോഗിച്ച് യഹോവയുടെ തീരുമാനം ചോദിക്കുകയും വേണം. അവന്റെ ആജ്ഞപ്രകാരം അവനും അവനോടൊപ്പമുള്ള എല്ലാ ഇസ്രായേല്യരും സമൂഹം മുഴുവനും പുറപ്പെടും; അവന്റെ ആജ്ഞപ്രകാരം അവരെല്ലാം മടങ്ങിവരും.”
22 യഹോവ തന്നോടു കല്പിച്ചതുപോലെതന്നെ മോശ ചെയ്തു. മോശ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസരിന്റെയും സമൂഹത്തിന്റെയും മുന്നിൽ നിറുത്തി; 23 യോശുവയുടെ മേൽ കൈകൾ വെച്ച് യോശുവയെ നിയമിച്ചു.+ മോശയിലൂടെ യഹോവ പറഞ്ഞതുപോലെതന്നെ മോശ ചെയ്തു.+
28 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോട് ഇങ്ങനെ കല്പിക്കുക: ‘എന്റെ യാഗം, അതായത് എന്റെ അപ്പം, അർപ്പിക്കുന്നതിൽ നിങ്ങൾ വീഴ്ച വരുത്തരുത്. എന്നെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിലുള്ള എന്റെ യാഗങ്ങൾ നിശ്ചിതസമയത്തുതന്നെ നിങ്ങൾ അർപ്പിക്കണം.’+
3 “അവരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ട അഗ്നിയിലുള്ള യാഗം ഇതാണ്: ദിവസവും പതിവുദഹനയാഗമായി ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടുകൾ.+ 4 ഒരു ചെമ്മരിയാടിനെ രാവിലെയും മറ്റേതിനെ സന്ധ്യാസമയത്തും* അർപ്പിക്കണം.+ 5 ഓരോന്നിനോടുമൊപ്പം ധാന്യയാഗമായി ഒരു ഏഫായുടെ* പത്തിലൊന്നു നേർത്ത ധാന്യപ്പൊടി, ഒരു ഹീന്റെ* നാലിലൊന്ന് ഇടിച്ചെടുത്ത എണ്ണ ചേർത്ത് അർപ്പിക്കണം.+ 6 ഇതാണു സീനായ് പർവതത്തിൽവെച്ച് ഏർപ്പെടുത്തിയ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന പതിവുദഹനയാഗം.+ 7 അതോടൊപ്പം ഓരോ ചെമ്മരിയാട്ടിൻകുട്ടിയുടെയുംകൂടെ ഒരു ഹീന്റെ നാലിലൊന്ന് അളവിൽ അതിന്റെ പാനീയയാഗവും അർപ്പിക്കണം.+ ആ ലഹരിപാനീയം യഹോവയ്ക്കുള്ള പാനീയയാഗമായി വിശുദ്ധസ്ഥലത്ത് ഒഴിക്കണം. 8 മറ്റേ ചെമ്മരിയാട്ടിൻകുട്ടിയെ നിങ്ങൾ സന്ധ്യാസമയത്ത്* അർപ്പിക്കണം. രാവിലെ അർപ്പിച്ചതുപോലുള്ള ധാന്യയാഗത്തോടും അതേ പാനീയയാഗത്തോടും ഒപ്പം യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിലുള്ള യാഗം എന്ന നിലയിൽ അതിനെ അർപ്പിക്കണം.+
9 “‘ശബത്തുദിവസം+ ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടുകളെ അർപ്പിക്കുക. എന്നാൽ അതോടൊപ്പം ധാന്യയാഗമായി ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. അതിന്റെ പാനീയയാഗവും അർപ്പിക്കണം. 10 ഇതാണു ശബത്തുദിവസത്തെ ദഹനയാഗം. പതിവുദഹനയാഗത്തോടും അതിന്റെ പാനീയയാഗത്തോടും കൂടെ ഇത് അർപ്പിക്കണം.+
11 “‘ഓരോ മാസത്തിന്റെയും* ആരംഭത്തിൽ നിങ്ങൾ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണ്ടത്: രണ്ടു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ന്യൂനതയില്ലാത്ത ഏഴ് ആൺചെമ്മരിയാട്.+ 12 ഓരോ കാളക്കുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിൽ മൂന്ന് അളവ് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും+ ആൺചെമ്മരിയാടിനോടുകൂടെ+ ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും 13 ഓരോ ആൺചെമ്മരിയാട്ടിൻകുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്ന് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും ദഹനയാഗമായി, പ്രസാദകരമായ ഒരു സുഗന്ധമായി,+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗമായി, അർപ്പിക്കണം. 14 അവയുടെ പാനീയയാഗം ഒരു കാളയ്ക്ക് അര ഹീൻ വീഞ്ഞും+ ആൺചെമ്മരിയാടിന് ഒരു ഹീന്റെ മൂന്നിലൊന്നു വീഞ്ഞും+ ഒരു ആൺചെമ്മരിയാട്ടിൻകുട്ടിക്കു കാൽ ഹീൻ വീഞ്ഞും ആയിരിക്കണം.+ ഇതാണു വർഷത്തിലുടനീളം മാസംതോറും അർപ്പിക്കേണ്ട ദഹനയാഗം. 15 പതിവുദഹനയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേ ഒരു കോലാട്ടിൻകുട്ടിയെ യഹോവയ്ക്കു പാപയാഗമായും അർപ്പിക്കണം.
16 “‘ഒന്നാം മാസം 14-ാം ദിവസം യഹോവയുടെ പെസഹയായിരിക്കും.+ 17 ആ മാസം 15-ാം ദിവസം ഒരു ഉത്സവം ആചരിക്കണം. നിങ്ങൾ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം.+ 18 ഒന്നാം ദിവസം ഒരു വിശുദ്ധസമ്മേളനമുണ്ടായിരിക്കും; നിങ്ങൾ കഠിനാധ്വാനമൊന്നും ചെയ്യരുത്. 19 നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു ദഹനയാഗമായി രണ്ടു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാടിനെയും ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാടിനെയും അർപ്പിക്കണം. മൃഗങ്ങളെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 20 അവയെ നേർത്ത ധാന്യപ്പൊടികൊണ്ടുള്ള അവയുടെ ധാന്യയാഗങ്ങളോടൊപ്പം എണ്ണ ചേർത്ത് അർപ്പിക്കണം.+ ഒരു കാളയ്ക്ക് ഒരു ഏഫായുടെ പത്തിൽ മൂന്ന് അളവ് ധാന്യപ്പൊടിയും ആൺചെമ്മരിയാടിനു പത്തിൽ രണ്ട് അളവ് ധാന്യപ്പൊടിയും ആണ് കൊണ്ടുവരേണ്ടത്. 21 ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്ന് അളവ് ധാന്യപ്പൊടിയും അർപ്പിക്കണം. 22 മാത്രമല്ല നിങ്ങൾക്കു പാപപരിഹാരം വരുത്താനായി ഒരു കോലാടിനെ പാപയാഗമായും അർപ്പിക്കണം. 23 പതിവുദഹനയാഗമായി രാവിലെ അർപ്പിക്കുന്ന ദഹനയാഗത്തിനു പുറമേ ഇവയും നിങ്ങൾ അർപ്പിക്കണം. 24 ഇതേ വിധത്തിൽ ഏഴു ദിവസവും നിങ്ങൾ ഇവ ആഹാരമായി അർപ്പിക്കണം. അഗ്നിയിലുള്ള യാഗമായി, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി, നിങ്ങൾ ഇവ അർപ്പിക്കണം. പതിവുദഹനയാഗത്തോടും അതിന്റെ പാനീയയാഗത്തോടും കൂടെ ഇത് അർപ്പിക്കണം. 25 ഏഴാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം;+ ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+
26 “‘ആദ്യവിളകളുടെ ദിവസം+ നിങ്ങൾ യഹോവയ്ക്കു പുതുധാന്യം യാഗമായി അർപ്പിക്കുമ്പോൾ,+ അതായത് നിങ്ങളുടെ വാരോത്സവത്തിൽ, നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം;+ ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+ 27 യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമാകുന്ന ദഹനയാഗം എന്ന നിലയിൽ രണ്ടു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാടിനെയും ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാടിനെയും നിങ്ങൾ അർപ്പിക്കണം.+ 28 അവയുടെ ധാന്യയാഗമായി, ഓരോ കാളക്കുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിൽ മൂന്നും ആൺചെമ്മരിയാടിനോടുകൂടെ ഒരു ഏഫായുടെ പത്തിൽ രണ്ടും 29 ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്നും, നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. 30 കൂടാതെ, നിങ്ങൾക്കു പാപപരിഹാരം വരുത്താനായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.+ 31 പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പുറമേ നിങ്ങൾ ഇവയും അർപ്പിക്കണം. മൃഗങ്ങൾ ന്യൂനതയില്ലാത്തതായിരിക്കണം.+ നിങ്ങൾ അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
29 “‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം; ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+ നിങ്ങൾ കാഹളം മുഴക്കി വിളംബരം ചെയ്യേണ്ട+ ഒരു ദിവസമാണ് അത്. 2 അന്ന് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായ ദഹനയാഗമായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം. 3 അവയുടെ ധാന്യയാഗമായി നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. കാളയ്ക്ക് ഒരു ഏഫായുടെ പത്തിൽ മൂന്നും ആൺചെമ്മരിയാടിന് ഒരു ഏഫായുടെ പത്തിൽ രണ്ടും 4 ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനും ഒരു ഏഫായുടെ പത്തിലൊന്നും വീതമായിരിക്കണം ധാന്യപ്പൊടി. 5 കൂടാതെ നിങ്ങൾക്കു പാപപരിഹാരം വരുത്താൻ ഒരു കോലാട്ടിൻകുട്ടിയെ പാപയാഗമായും അർപ്പിക്കണം. 6 പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും+ മാസംതോറും അർപ്പിക്കുന്ന ദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും+ അവയുടെ പാനീയയാഗങ്ങൾക്കും+ പുറമേ ഇവയും അർപ്പിക്കണം. അവയ്ക്കുള്ള പതിവുനടപടിക്രമമനുസരിച്ച് യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗമായി, പ്രസാദകരമായ സുഗന്ധമായി, അത് അർപ്പിക്കണം.
7 “‘ഏഴാം മാസം പത്താം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം.+ അന്നു നിങ്ങൾ സ്വയം ക്ലേശിപ്പിക്കണം,* ഒരു ജോലിയും ചെയ്യരുത്.+ 8 യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായ ദഹനയാഗമായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 9 അവയുടെ ധാന്യയാഗമായി നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത്, കാളയ്ക്ക് ഒരു ഏഫായുടെ പത്തിൽ മൂന്നും ആൺചെമ്മരിയാടിന് ഒരു ഏഫായുടെ പത്തിൽ രണ്ടും 10 ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനും ഒരു ഏഫായുടെ പത്തിലൊന്നും വീതം അർപ്പിക്കണം. 11 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം. പാപപരിഹാരം വരുത്താനുള്ള പാപയാഗത്തിനും+ പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും അവയുടെ പാനീയയാഗങ്ങൾക്കും പുറമേയാണ് ഇവ.
12 “‘ഏഴാം മാസം 15-ാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം; ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്. ഏഴു ദിവസം നിങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം കൊണ്ടാടണം.+ 13 നിങ്ങൾ യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായ ദഹനയാഗമായി,+ അഗ്നിയിലുള്ള യാഗമായി, 13 കാളക്കുട്ടി, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 14 അവയുടെ ധാന്യയാഗമായി നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത്, 13 കാളകളിൽ ഓരോന്നിനും ഒരു ഏഫായുടെ പത്തിൽ മൂന്നും 2 ആൺചെമ്മരിയാടുകളിൽ ഓരോന്നിനും ഒരു ഏഫായുടെ പത്തിൽ രണ്ടും 15 14 ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനും പത്തിലൊന്നും വീതം അർപ്പിക്കണം. 16 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേയാണ് ഇവ.+
17 “‘രണ്ടാം ദിവസം 12 കാളക്കുട്ടി, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 18 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം. 19 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും അവയുടെ പാനീയയാഗങ്ങൾക്കും പുറമേയാണ് ഇവ.+
20 “‘മൂന്നാം ദിവസം 11 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 21 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം. 22 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
23 “‘നാലാം ദിവസം 10 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 24 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം. 25 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
26 “‘അഞ്ചാം ദിവസം 9 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 27 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം. 28 പാപയാഗമായി ഒരു കോലാടിനെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
29 “‘ആറാം ദിവസം 8 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 30 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം. 31 പാപയാഗമായി ഒരു കോലാടിനെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗങ്ങൾക്കും+ പുറമേയാണ് ഇവ.
32 “‘ഏഴാം ദിവസം 7 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 33 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് അവയ്ക്കുള്ള പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം. 34 പാപയാഗമായി ഒരു കോലാടിനെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
35 “‘എട്ടാം ദിവസം നിങ്ങൾ പവിത്രമായ ഒരു സമ്മേളനം നടത്തണം; ഒരുതരത്തിലുള്ള കഠിനാധ്വാനവും ചെയ്യരുത്.+ 36 അന്നു നിങ്ങൾ യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായ ദഹനയാഗമായി, അഗ്നിയിലുള്ള യാഗമായി, ഒരു കാള, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+ 37 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം. 38 പാപയാഗമായി ഒരു കോലാടിനെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
39 “‘ഇവയെല്ലാം നിങ്ങളുടെ ഉത്സവങ്ങളിൽ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കണം.+ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങളായും+ ധാന്യയാഗങ്ങളായും+ പാനീയയാഗങ്ങളായും+ സഹഭോജനബലികളായും+ അർപ്പിക്കുന്ന നിങ്ങളുടെ നേർച്ചയാഗങ്ങൾക്കും+ നിങ്ങൾ സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾക്കും+ പുറമേയാണ് ഇത്.’” 40 യഹോവ തന്നോടു കല്പിച്ചതെല്ലാം മോശ ഇസ്രായേല്യരെ അറിയിച്ചു.
30 അപ്പോൾ മോശ ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരോടു പറഞ്ഞു:+ “യഹോവയുടെ കല്പന ഇതാണ്: 2 ഒരാൾ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ+ വർജനവ്രതം എടുക്കാമെന്ന് ആണയിട്ട് സത്യം ചെയ്യുകയോ+ ചെയ്താൽ അയാൾ തന്റെ വാക്കു ലംഘിക്കരുത്.+ താൻ ചെയ്തുകൊള്ളാമെന്നു നേർന്നതെല്ലാം അയാൾ ചെയ്യണം.+
3 “ഒരു സ്ത്രീ ചെറുപ്പത്തിൽ അപ്പന്റെ വീട്ടിലായിരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വർജനവ്രതം എടുക്കുകയോ ചെയ്യുന്നെന്നിരിക്കട്ടെ. 4 അവളുടെ നേർച്ചയെയോ അവൾ എടുത്ത വർജനവ്രതത്തെയോ കുറിച്ച് കേട്ടിട്ട് അവളുടെ അപ്പൻ എതിർക്കുന്നില്ലെങ്കിൽ അവളുടെ എല്ലാ നേർച്ചകളും അവൾ എടുത്ത എല്ലാ വർജനവ്രതങ്ങളും നിലനിൽക്കും. 5 എന്നാൽ അവൾ ഒരു നേർച്ചയോ വർജനവ്രതമോ എടുത്തിട്ടുണ്ടെന്നു കേൾക്കുമ്പോൾ അപ്പൻ അവളെ വിലക്കുന്നെങ്കിൽ അതു നിലനിൽക്കില്ല. അപ്പൻ അവളെ വിലക്കിയതുകൊണ്ട് യഹോവ അവളോടു ക്ഷമിക്കും.+
6 “ഇനി, ഒരു നേർച്ചയോ ചിന്തിക്കാതെ ചെയ്തുപോയ ഒരു വാഗ്ദാനമോ നിവർത്തിക്കേണ്ടതുള്ളപ്പോൾ അവൾ വിവാഹം കഴിക്കുന്നെന്നിരിക്കട്ടെ. 7 അവളുടെ ഭർത്താവ് അതെക്കുറിച്ച് കേൾക്കുമ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ അവളുടെ നേർച്ചകളും അവൾ എടുത്ത വർജനവ്രതങ്ങളും നിലനിൽക്കും. 8 എന്നാൽ അതെക്കുറിച്ച് കേൾക്കുന്ന ദിവസം അവളുടെ ഭർത്താവ് അവളെ വിലക്കുന്നെങ്കിൽ അവൾ ചിന്തിക്കാതെ ചെയ്തുപോയ വാഗ്ദാനവും അവളുടെ നേർച്ചയും അവന് അസാധുവാക്കാം;+ യഹോവ അവളോടു ക്ഷമിക്കും.
9 “എന്നാൽ ഒരു വിധവയോ വിവാഹമോചിതയായ ഒരു സ്ത്രീയോ ഒരു നേർച്ച നേർന്നാൽ താൻ ചെയ്യാമെന്ന് ഏറ്റതെല്ലാം നിവർത്തിക്കാൻ അവൾ ബാധ്യസ്ഥയാണ്.
10 “ഒരു സ്ത്രീ ഭർത്താവിന്റെ വീട്ടിലായിരിക്കുമ്പോൾ ഒരു നേർച്ച നേരുകയോ വർജനവ്രതം എടുക്കുകയോ ചെയ്യുന്നെന്നിരിക്കട്ടെ. 11 അതെക്കുറിച്ച് കേട്ട അവളുടെ ഭർത്താവ് എതിർക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവളുടെ നേർച്ചകളും അവൾ എടുത്ത വർജനവ്രതങ്ങളും നിലനിൽക്കും. 12 പക്ഷേ അതെക്കുറിച്ച് കേൾക്കുന്ന ദിവസം അവളുടെ ഭർത്താവ് അവളുടെ നേർച്ചകളും വർജനവ്രതങ്ങളും അസാധുവാക്കുന്നെങ്കിൽ അവ നിലനിൽക്കില്ല.+ അവളുടെ ഭർത്താവ് അവ അസാധുവാക്കിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും. 13 അവളുടെ ഏതൊരു നേർച്ചയും അതുപോലെ, എന്തെങ്കിലും ത്യജിക്കാനുള്ള വർജനവ്രതം* ഉൾപ്പെട്ട ഏതൊരു ആണയും അംഗീകരിക്കണോ അതോ അസാധുവാക്കണോ എന്ന് അവളുടെ ഭർത്താവിനു തീരുമാനിക്കാം. 14 എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവ് എതിർപ്പൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ അയാൾ അവളുടെ എല്ലാ നേർച്ചകളും വർജനവ്രതങ്ങളും അംഗീകരിച്ചിരിക്കുന്നു. അതു കേട്ട ദിവസം അയാൾ എതിർക്കാതിരുന്നതുകൊണ്ട് അവയെല്ലാം അംഗീകരിച്ചതായി കണക്കാക്കും. 15 എന്നാൽ അതു കേട്ട ദിവസമല്ല, പിന്നീടൊരു സമയത്താണ് അയാൾ അത് അസാധുവാക്കുന്നതെങ്കിൽ അവളുടെ കുറ്റത്തിന്റെ അനന്തരഫലം അയാൾ അനുഭവിക്കേണ്ടിവരും.+
16 “ഇവയാണ് ഒരു ഭർത്താവിനെയും അയാളുടെ ഭാര്യയെയും സംബന്ധിച്ചും ഒരു അപ്പനെയും അപ്പന്റെ വീട്ടിൽ താമസിക്കുന്ന മകളെയും സംബന്ധിച്ചും മോശയോട് യഹോവ കല്പിച്ച ചട്ടങ്ങൾ.”
31 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യർക്കുവേണ്ടി മിദ്യാന്യരോടു+ പ്രതികാരം ചെയ്യുക.+ അതിനു ശേഷം നീ നിന്റെ ജനത്തോടു ചേരും.”*+
3 അപ്പോൾ മോശ ജനത്തോട് ഇങ്ങനെ പറഞ്ഞു: “മിദ്യാനോടു യുദ്ധം ചെയ്യാനും അവരുടെ മേൽ യഹോവയുടെ പ്രതികാരം നടത്താനും നിങ്ങൾക്കിടയിൽനിന്ന് പുരുഷന്മാരെ സജ്ജരാക്കുക. 4 ഇസ്രായേലിലെ എല്ലാ ഗോത്രത്തിൽനിന്നും 1,000 പേരെ വീതം യുദ്ധത്തിന് അയയ്ക്കണം.” 5 അങ്ങനെ ഇസ്രായേൽസഹസ്രങ്ങളിലെ+ ഓരോ ഗോത്രത്തിൽനിന്നും 1,000 പേരെ വീതം നിയമിച്ചു. ആകെ 12,000 പേർ യുദ്ധത്തിനു സജ്ജരായി.
6 പിന്നെ ഓരോ ഗോത്രത്തിൽനിന്നും 1,000 പേർ വീതമുള്ള ആ സൈന്യത്തെ മോശ എലെയാസരിന്റെ മകനും സൈന്യത്തിന്റെ പുരോഹിതനും ആയ ഫിനെഹാസിനോടൊപ്പം+ യുദ്ധത്തിന് അയച്ചു. ഫിനെഹാസിന്റെ കൈയിൽ വിശുദ്ധമായ ഉപകരണങ്ങളും യുദ്ധകാഹളങ്ങളും+ ഉണ്ടായിരുന്നു. 7 യഹോവ മോശയോടു കല്പിച്ചതുപോലെ അവർ മിദ്യാനോടു യുദ്ധം ചെയ്ത് പുരുഷന്മാരെയെല്ലാം കൊന്നുകളഞ്ഞു. 8 കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു മിദ്യാന്യരാജാക്കന്മാരുമുണ്ടായിരുന്നു. ബയോരിന്റെ മകനായ ബിലെയാമിനെയും+ അവർ വാളുകൊണ്ട് കൊന്നു. 9 എന്നാൽ മിദ്യാനിലെ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്യർ ബന്ദികളായി പിടിച്ചു. അവിടെയുള്ള വളർത്തുമൃഗങ്ങൾ ഉൾപ്പെടെ മൃഗസമ്പത്ത് മുഴുവനും, അവരുടെ എല്ലാ വസ്തുവകകളും, അവർ കൊള്ളയടിച്ചു. 10 അവർ താമസിച്ചിരുന്ന എല്ലാ നഗരങ്ങളും അവരുടെ എല്ലാ പാളയങ്ങളും* അവർ ചുട്ടെരിച്ചു. 11 കൊള്ളമുതലും തങ്ങൾ പിടിച്ചെടുത്ത എല്ലാ വസ്തുവകകളും അതുപോലെ, മനുഷ്യരെയും മൃഗങ്ങളെയും അവർ കൊണ്ടുപോന്നു. 12 അവർ ബന്ദികളെ കൊള്ളമുതലിനോടും തങ്ങൾ പിടിച്ചെടുത്ത എല്ലാ വസ്തുവകകളോടും ഒപ്പം മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും ഇസ്രായേൽസമൂഹത്തിന്റെയും അടുത്ത്, യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തിലെ+ പാളയത്തിലേക്ക്, കൊണ്ടുവന്നു.
13 അപ്പോൾ മോശയും പുരോഹിതനായ എലെയാസരും സമൂഹത്തിലെ എല്ലാ തലവന്മാരും അവരെ എതിരേൽക്കാൻ പാളയത്തിനു പുറത്തേക്കു വന്നു. 14 പക്ഷേ സൈന്യത്തിലെ നിയമിതപുരുഷന്മാരോട്, അതായത് യുദ്ധത്തിനു പോയ സഹസ്രാധിപന്മാരോടും* ശതാധിപന്മാരോടും,* മോശ കോപിച്ചു. 15 മോശ അവരോടു പറഞ്ഞു: “നിങ്ങൾ സ്ത്രീകളെ മുഴുവൻ ജീവനോടെ വെച്ചിരിക്കുന്നോ? 16 നോക്കൂ, ഇവരാണു ബിലെയാമിന്റെ വാക്കു കേട്ട് പെയോരിന്റെ കാര്യത്തിൽ+ യഹോവയോട് അവിശ്വസ്തത+ കാണിക്കാൻ ഇസ്രായേല്യരെ പ്രേരിപ്പിച്ചത്. അങ്ങനെ ഇവർ കാരണമാണ് യഹോവയുടെ സമൂഹത്തിന്റെ മേൽ ബാധ വന്നത്.+ 17 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ എല്ലാ ആൺകുട്ടികളെയും പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ സ്ത്രീകളെയും കൊന്നുകളയണം. 18 എന്നാൽ പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത പെൺകുട്ടികളെയെല്ലാം ജീവനോടെ വെക്കാം.+ 19 നിങ്ങൾ ഏഴു ദിവസം പാളയത്തിനു പുറത്ത് കഴിയണം. നിങ്ങളാകട്ടെ നിങ്ങളുടെ ബന്ദികളാകട്ടെ, ആരെയെങ്കിലും കൊന്നവനും കൊല്ലപ്പെട്ട ഒരാളെ തൊട്ടവനും+ മൂന്നാം ദിവസവും ഏഴാം ദിവസവും തന്നെത്തന്നെ ശുദ്ധീകരിക്കണം.+ 20 നിങ്ങളുടെ എല്ലാ വസ്ത്രങ്ങളും കോലാട്ടുരോമംകൊണ്ടുള്ള എല്ലാ വസ്തുക്കളും മരംകൊണ്ടും തോലുകൊണ്ടും ഉള്ള എല്ലാ സാധനങ്ങളും പാപം നീക്കി ശുദ്ധീകരിക്കണം.”
21 പിന്നെ പുരോഹിതനായ എലെയാസർ യുദ്ധത്തിനു പോയ സൈനികരോടു പറഞ്ഞു: “യഹോവ മോശയോടു കല്പിച്ച നിയമത്തിലെ ചട്ടം ഇതാണ്: 22 ‘സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തകരം, ഈയം 23 എന്നിങ്ങനെ തീയിലിട്ടാൽ നശിക്കാത്തതൊക്കെയും നിങ്ങൾ തീയിലിട്ട് എടുക്കണം; അപ്പോൾ അവ ശുദ്ധമാകും. എന്നാൽ, ശുദ്ധീകരണത്തിനുള്ള ജലംകൊണ്ടും അവ ശുദ്ധീകരിക്കണം.+ പക്ഷേ തീയിൽ നശിക്കുന്നതെല്ലാം നിങ്ങൾ വെള്ളത്താൽ ശുദ്ധീകരിക്കണം. 24 ഏഴാം ദിവസം നിങ്ങൾ വസ്ത്രം അലക്കി ശുദ്ധരാകണം. അതിനു ശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.’”+
25 പിന്നീട് യഹോവ മോശയോടു പറഞ്ഞു: 26 “പിടിച്ചുകൊണ്ടുവന്ന മനുഷ്യരെയും മൃഗങ്ങളെയും എണ്ണി, കൊള്ളമുതലിന്റെ ഒരു പട്ടിക ഉണ്ടാക്കുക. പുരോഹിതനായ എലെയാസരിനെയും സമൂഹത്തിലെ പിതൃഭവനത്തലവന്മാരെയും നിന്നോടൊപ്പം കൂട്ടണം. 27 ഇസ്രായേൽസമൂഹത്തിനും യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കും വേണ്ടി കൊള്ളമുതൽ രണ്ടായി ഭാഗിക്കുക.+ 28 യുദ്ധത്തിനു പോയ സൈനികർക്കു ലഭിച്ച മനുഷ്യർ, കന്നുകാലികൾ, കഴുതകൾ, ആടുകൾ എന്നിവയിൽനിന്ന് 500-ൽ ഒരു ദേഹിയെ* വീതം യഹോവയ്ക്ക് ഒരു നികുതിയായി എടുക്കണം. 29 അവർക്കു ഭാഗിച്ചുകിട്ടിയ പകുതിയിൽനിന്ന് നിങ്ങൾ അത് എടുത്ത് യഹോവയ്ക്കുള്ള സംഭാവനയായി പുരോഹിതനായ എലെയാസരിനു കൊടുക്കണം.+ 30 കൂടാതെ, ഇസ്രായേല്യർക്കു ഭാഗിച്ചുകിട്ടിയ പകുതിയിലെ മനുഷ്യരിൽനിന്നും കന്നുകാലികളിൽനിന്നും കഴുതകളിൽനിന്നും ആടുകളിൽനിന്നും എല്ലാ തരം വളർത്തുമൃഗങ്ങളിൽനിന്നും 50-ലൊന്നു വീതം എടുത്ത് യഹോവയുടെ വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടുക്കണം.”+
31 മോശയും പുരോഹിതനായ എലെയാസരും യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ചെയ്തു. 32 യുദ്ധത്തിനു പോയവർ എടുത്തശേഷം കൊള്ളമുതലിൽ ബാക്കിയുണ്ടായിരുന്നത് ആകെ 6,75,000 ആടുകളും 33 72,000 കന്നുകാലികളും 34 61,000 കഴുതകളും ആയിരുന്നു. 35 പുരുഷന്മാരോടുകൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത സ്ത്രീകൾ ആകെ 32,000 പേർ.+ 36 യുദ്ധത്തിനു പോയവർക്കു പകുതി ഓഹരിയായി ഭാഗിച്ചുകിട്ടിയ ആടുകൾ ആകെ 3,37,500. 37 ആടുകളിൽനിന്ന് യഹോവയ്ക്കുള്ള നികുതി 675. 38 കന്നുകാലികൾ ആകെ 36,000. അതിൽനിന്ന് യഹോവയ്ക്കുള്ള നികുതി 72. 39 കഴുതകൾ ആകെ 30,500. അതിൽനിന്ന് യഹോവയ്ക്കുള്ള നികുതി 61. 40 കൂടാതെ മനുഷ്യർ ആകെ 16,000. അവരിൽനിന്ന് യഹോവയ്ക്കു നികുതിയായി ലഭിച്ചത് 32 പേർ. 41 യഹോവ മോശയോടു കല്പിച്ചതുപോലെ മോശ ആ നികുതി യഹോവയുടെ സംഭാവനയായി പുരോഹിതനായ എലെയാസരിനു കൊടുത്തു.+
42 യുദ്ധത്തിനു പോയ പുരുഷന്മാർ കൊണ്ടുവന്നതിൽനിന്ന് മോശ ഇസ്രായേല്യർക്കു ഭാഗിച്ചുകൊടുത്ത പകുതിയിൽ 43 3,37,500 ആടുകളും 44 36,000 കന്നുകാലികളും 45 30,500 കഴുതകളും 46 16,000 മനുഷ്യരും ഉണ്ടായിരുന്നു. 47 യഹോവ മോശയോടു കല്പിച്ചതുപോലെ, ഇസ്രായേല്യർക്കുള്ള പകുതിയിൽനിന്ന് 50-ലൊന്ന് എന്ന കണക്കിൽ മനുഷ്യരെയും മൃഗങ്ങളെയും വേർതിരിച്ച് മോശ യഹോവയുടെ വിശുദ്ധകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടുത്തു.+
48 പിന്നീട്, സൈന്യത്തിലെ സഹസ്രങ്ങളുടെ മേൽ+ നിയമിതരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയെ സമീപിച്ചു. 49 അവർ മോശയോടു പറഞ്ഞു: “അടിയങ്ങൾ യുദ്ധത്തിനു പോയവരുടെ കണക്ക് എടുത്തു. ഞങ്ങളുടെ കീഴിലുള്ള ഒരാൾപ്പോലും നഷ്ടപ്പെട്ടിട്ടില്ല.+ 50 അതുകൊണ്ട് യഹോവയുടെ മുമ്പാകെ ഞങ്ങൾക്കു പാപപരിഹാരം വരുത്താനായി, ഞങ്ങൾക്ക് ഓരോരുത്തർക്കും കിട്ടിയ സ്വർണംകൊണ്ടുള്ള വസ്തുക്കളും പാദസരങ്ങളും വളകളും മുദ്രമോതിരങ്ങളും കമ്മലുകളും മറ്റ് ആഭരണങ്ങളും യഹോവയ്ക്കു യാഗമായി കൊണ്ടുവരാൻ ഞങ്ങളെ അനുവദിച്ചാലും.”
51 അങ്ങനെ മോശയും പുരോഹിതനായ എലെയാസരും അവരിൽനിന്ന് ആ സ്വർണാഭരണങ്ങളെല്ലാം സ്വീകരിച്ചു. 52 സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്കു സംഭാവനയായി കൊടുത്ത സ്വർണത്തിന്റെ ആകെ തൂക്കം 16,750 ശേക്കെൽ.* 53 ഓരോ സൈനികനും തനിക്കുവേണ്ടി കൊള്ളയടിച്ചിരുന്നു. 54 അങ്ങനെ മോശയും പുരോഹിതനായ എലെയാസരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ചു. അവർ അത് യഹോവയുടെ സന്നിധിയിൽ ഇസ്രായേൽ ജനത്തിനുവേണ്ടിയുള്ള ഒരു ഓർമിപ്പിക്കലായി* സാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവന്നു.
32 രൂബേന്റെയും+ ഗാദിന്റെയും വംശജർക്കു+ വളരെയധികം ആടുമാടുകളുണ്ടായിരുന്നു. യസേർ ദേശവും+ ഗിലെയാദ് ദേശവും മൃഗങ്ങളെ വളർത്താൻ പറ്റിയ സ്ഥലങ്ങളാണെന്നു കണ്ടപ്പോൾ 2 അവർ മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും സമൂഹത്തിലെ തലവന്മാരുടെയും അടുത്ത് ചെന്ന് അവരോടു പറഞ്ഞു: 3 “അതാരോത്ത്, ദീബോൻ, യസേർ, നിമ്ര, ഹെശ്ബോൻ,+ എലെയാലെ, സെബാം, നെബോ,+ ബയോൻ+ 4 എന്നിങ്ങനെ ഇസ്രായേൽസമൂഹത്തിന്+ യഹോവ കീഴടക്കിക്കൊടുത്ത പ്രദേശങ്ങൾ വളർത്തുമൃഗങ്ങൾക്കു പറ്റിയതാണ്. അടിയങ്ങൾക്കു ധാരാളം മൃഗങ്ങളുണ്ടുതാനും.”+ 5 അവർ തുടർന്നു: “നിങ്ങൾക്കു സമ്മതമാണെങ്കിൽ ഞങ്ങളുടെ അവകാശമായി ഈ ദേശം തന്നാലും. ഞങ്ങൾ യോർദാൻ കടക്കാൻ ഇടവരുത്തരുതേ.”
6 അപ്പോൾ മോശ ഗാദിന്റെയും രൂബേന്റെയും വംശജരോടു പറഞ്ഞു: “നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ താമസിക്കണമെന്നോ? 7 യഹോവ ഇസ്രായേൽ ജനത്തിനു കൊടുക്കുമെന്ന് ഉറപ്പായ ദേശത്തേക്കു കടക്കുന്നതിൽനിന്ന് നിങ്ങൾ അവരെ പിന്തിരിപ്പിക്കുന്നത് എന്തിനാണ്? 8 ദേശം നോക്കിക്കാണാൻ കാദേശ്-ബർന്നേയയിൽനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അയച്ചപ്പോൾ+ അവരും ചെയ്തത് ഇതുതന്നെയാണ്. 9 എശ്ക്കോൽ താഴ്വരയോളം*+ ചെന്ന് ദേശം കണ്ടശേഷം, യഹോവ കൊടുക്കാനിരുന്ന ദേശത്തേക്കു പോകുന്നതിൽനിന്ന് അവർ ഇസ്രായേൽ ജനത്തെ പിന്തിരിപ്പിച്ചു.+ 10 അന്ന് യഹോവയുടെ കോപം ആളിക്കത്തി; ദൈവം ഇങ്ങനെ സത്യം ചെയ്തു:+ 11 ‘ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത+ ദേശം കാണില്ല.+ കാരണം അവർ എന്നെ മുഴുഹൃദയത്തോടെ അനുഗമിച്ചില്ല. 12 യഹോവയെ മുഴുഹൃദയത്തോടെ അനുഗമിച്ച,+ കെനിസ്യനായ യഫുന്നയുടെ മകൻ കാലേബും+ നൂന്റെ മകൻ യോശുവയും+ മാത്രമേ അവിടെ പ്രവേശിക്കൂ.’ 13 അങ്ങനെ ഇസ്രായേലിനു നേരെ യഹോവയുടെ കോപം ആളിക്കത്തി; യഹോവയുടെ മുന്നിൽ തിന്മ ചെയ്ത ആ തലമുറ ഒന്നടങ്കം മരിച്ചൊടുങ്ങുന്നതുവരെ+ 40 വർഷം+ അവർ വിജനഭൂമിയിൽ അലഞ്ഞുതിരിയാൻ ദൈവം ഇടയാക്കി. 14 ഇപ്പോൾ ഇതാ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ, പാപികളായ നിങ്ങളും ഇസ്രായേലിനു നേരെയുള്ള യഹോവയുടെ കോപം ആളിക്കത്താൻ ഇടയാക്കുന്നു. 15 നിങ്ങൾ ദൈവത്തെ അനുഗമിക്കുന്നതു നിറുത്തിയാൽ ദൈവം അവരെ വീണ്ടും വിജനഭൂമിയിൽ ഉപേക്ഷിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ നിങ്ങൾ കാരണം ഈ ജനം നശിച്ചൊടുങ്ങും.”
16 പിന്നീട് അവർ മോശയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “ഇവിടെ ഞങ്ങളുടെ മൃഗങ്ങൾക്കു കൽത്തൊഴുത്തുകളും ഞങ്ങളുടെ കുട്ടികൾക്കു നഗരങ്ങളും പണിയാൻ അനുവദിച്ചാലും. 17 ഞങ്ങളുടെ കുട്ടികൾ ദേശത്തെ മറ്റു നിവാസികളിൽനിന്ന് സുരക്ഷിതരായി കോട്ടമതിലുള്ള നഗരങ്ങളിൽ താമസിക്കട്ടെ. എന്നാൽ ഞങ്ങൾ യുദ്ധസജ്ജരായി,+ ഇസ്രായേല്യരെ അവരുടെ സ്ഥലത്ത് എത്തിക്കുംവരെ അവർക്കു മുമ്പേ പൊയ്ക്കൊള്ളാം. 18 ദേശത്ത് ഓരോ ഇസ്രായേല്യനും അവകാശം കിട്ടുന്നതുവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിവരില്ല.+ 19 ഞങ്ങൾക്കു യോർദാന്റെ കിഴക്കുവശത്ത് ഞങ്ങളുടെ അവകാശം ലഭിച്ചതുകൊണ്ട് യോർദാന്റെ മറുകരയിലും അതിന് അപ്പുറത്തേക്കും ഉള്ള ദേശത്ത് ഞങ്ങൾക്ക് അവരോടൊപ്പം അവകാശം വേണ്ടാ.”+
20 അപ്പോൾ മോശ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസജ്ജരായി+ ആയുധം എടുക്കുകയും 21 ദൈവം തന്റെ ശത്രുക്കളെ തന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുമ്പോൾ+ നിങ്ങൾ ഓരോരുത്തരും ആയുധം ഏന്തി യഹോവയുടെ മുമ്പാകെ യോർദാൻ കടക്കുകയും ചെയ്താൽ 22 ദേശം യഹോവയുടെ മുമ്പാകെ അധീനമായിക്കഴിയുമ്പോൾ+ ഈ ദേശം യഹോവയുടെ വീക്ഷണത്തിൽ നിങ്ങളുടെ അവകാശമായിരിക്കും.+ അപ്പോൾ നിങ്ങൾക്കു ദേശത്തേക്കു മടങ്ങിവരാം.+ യഹോവയുടെയും ഇസ്രായേലിന്റെയും മുന്നിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കും. 23 പക്ഷേ നിങ്ങൾ ഇപ്പറഞ്ഞതുപോലെ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ യഹോവയ്ക്കെതിരെ പാപം ചെയ്യുകയായിരിക്കും. നിങ്ങളുടെ പാപത്തിനു നിങ്ങൾ കണക്കു പറയേണ്ടിവരുമെന്ന് ഓർക്കുക. 24 നിങ്ങളുടെ കുട്ടികൾക്കു നഗരങ്ങളും ആട്ടിൻപറ്റങ്ങൾക്കു തൊഴുത്തുകളും പണിതുകൊള്ളൂ;+ പക്ഷേ വാക്കു പറഞ്ഞതുപോലെതന്നെ നിങ്ങൾ ചെയ്യണം.”
25 ഗാദിന്റെ വംശജരും രൂബേന്റെ വംശജരും മോശയോടു പറഞ്ഞു: “യജമാനൻ കല്പിക്കുന്നതുപോലെതന്നെ അടിയങ്ങൾ ചെയ്തുകൊള്ളാം. 26 ഞങ്ങളുടെ കുട്ടികളും ഭാര്യമാരും കന്നുകാലികളും എല്ലാ വളർത്തുമൃഗങ്ങളും ഗിലെയാദിലെ നഗരങ്ങളിൽ കഴിയട്ടെ.+ 27 എന്നാൽ അടിയങ്ങൾ എല്ലാവരും ആയുധം ഏന്തി യുദ്ധസജ്ജരായി+ യജമാനൻ കല്പിച്ചതുപോലെ യഹോവയുടെ മുമ്പാകെ അവിടേക്കു പൊയ്ക്കൊള്ളാം.”
28 അങ്ങനെ മോശ അവരുടെ കാര്യത്തിൽ പുരോഹിതനായ എലെയാസരിനും നൂന്റെ മകനായ യോശുവയ്ക്കും ഇസ്രായേൽഗോത്രങ്ങളിലെ പിതൃഭവനത്തലവന്മാർക്കും ഒരു കല്പന കൊടുത്തു. 29 മോശ അവരോടു പറഞ്ഞു: “ഗാദിന്റെയും രൂബേന്റെയും വംശജരിൽ യഹോവയുടെ മുമ്പാകെ ആയുധം ഏന്തി യുദ്ധസജ്ജരായ എല്ലാ പുരുഷന്മാരും നിങ്ങളോടൊപ്പം യോർദാൻ കടന്ന് വരും. ദേശം നിങ്ങളുടെ മുന്നിൽ കീഴടങ്ങിക്കഴിയുമ്പോൾ നിങ്ങൾ ഗിലെയാദ് ദേശം അവർക്ക് അവകാശമായി കൊടുക്കണം.+ 30 എന്നാൽ അവർ ആയുധം ഏന്തി നിങ്ങളോടൊപ്പം അവിടേക്കു വരുന്നില്ലെങ്കിൽ അവർ നിങ്ങൾക്കിടയിൽ കനാൻ ദേശത്ത് താമസിക്കണം.”
31 അപ്പോൾ ഗാദിന്റെ വംശജരും രൂബേന്റെ വംശജരും പറഞ്ഞു: “യഹോവ പറഞ്ഞതുപോലെതന്നെ അടിയങ്ങൾ ചെയ്തുകൊള്ളാം. 32 ഞങ്ങൾ ആയുധം ഏന്തി യഹോവയുടെ മുമ്പാകെ കനാൻ ദേശത്തേക്കു വരാം.+ പക്ഷേ ഞങ്ങൾക്ക് അവകാശം കിട്ടുന്നതു യോർദാന്റെ ഇങ്ങേ കരയിലായിരിക്കും.” 33 അങ്ങനെ മോശ അവർക്ക്—ഗാദിന്റെ വംശജർക്കും രൂബേന്റെ വംശജർക്കും+ യോസേഫിന്റെ മകനായ മനശ്ശെയുടെ പാതി ഗോത്രത്തിനും+—അമോര്യരാജാവായ സീഹോന്റെ രാജ്യവും+ ബാശാൻരാജാവായ ഓഗിന്റെ രാജ്യവും+ ആ ദേശങ്ങളിലെ നഗരങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും കൊടുത്തു.
34 അങ്ങനെ ഗാദിന്റെ വംശജർ ദീബോൻ,+ അതാരോത്ത്,+ അരോവേർ,+ 35 അത്രോത്ത്-ശോഫാൻ, യസേർ,+ യൊഗ്ബെഹ,+ 36 ബേത്ത്-നിമ്ര,+ ബേത്ത്-ഹാരാൻ+ എന്നീ നഗരങ്ങൾ കോട്ടകെട്ടി പണിതു.* അവർ ആട്ടിൻപറ്റങ്ങൾക്കു കൽത്തൊഴുത്തുകളും ഉണ്ടാക്കി. 37 രൂബേന്റെ വംശജർ ഹെശ്ബോൻ,+ എലെയാലെ,+ കിര്യത്തയീം,+ 38 നെബോ,+ ബാൽ-മേയോൻ+ എന്നിവയും (അവയുടെ പേരുകൾക്ക് മാറ്റം വരുത്തി.) സിബ്മയും പണിതു. പുതുക്കിപ്പണിത നഗരങ്ങൾക്ക് അവർ പുതിയ പേരുകൾ നൽകി.
39 മനശ്ശെയുടെ മകനായ മാഖീരിന്റെ വംശജർ+ ഗിലെയാദിന് എതിരെ ചെന്ന് അതു പിടിച്ചടക്കി, അവിടെയുണ്ടായിരുന്ന അമോര്യരെ തുരത്തിയോടിച്ചു. 40 അതുകൊണ്ട് മോശ മനശ്ശെയുടെ മകനായ മാഖീരിനു ഗിലെയാദ് കൊടുത്തു, മാഖീർ അവിടെ താമസംതുടങ്ങി.+ 41 മനശ്ശെയുടെ മകനായ യായീർ അവിടേക്കു ചെന്ന് ആ പ്രദേശങ്ങളിലെ ഗ്രാമങ്ങൾ പിടിച്ചടക്കി, അവയെ ഹവ്വോത്ത്-യായീർ*+ എന്നു വിളിച്ചു. 42 നോബഹ് കെനാത്തിന് എതിരെ ചെന്ന് അതും അതിന്റെ ആശ്രിതപട്ടണങ്ങളും* പിടിച്ചടക്കി. എന്നിട്ട് അതിനു തന്റെ പേരിട്ട് നോബഹ് എന്നു വിളിച്ചു.
33 മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ+ ഗണമനുസരിച്ച്*+ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്ന ഇസ്രായേൽ ജനം+ പിന്നിട്ട സ്ഥലങ്ങൾ ഇവയായിരുന്നു. 2 യഹോവയുടെ ആജ്ഞപ്രകാരം അവരുടെ യാത്രയിൽ അവർ പിന്നിട്ട സ്ഥലങ്ങൾ ഓരോന്നായി മോശ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള അവരുടെ യാത്ര ഇങ്ങനെയായിരുന്നു:+ 3 ഒന്നാം മാസം 15-ാം ദിവസം+ അവർ രമെസേസിൽനിന്ന്+ യാത്ര തിരിച്ചു. അന്നേ ദിവസം പെസഹയ്ക്കു ശേഷം+ ഈജിപ്തുകാരെല്ലാം കാൺകെ ഇസ്രായേല്യർ ധൈര്യപൂർവം* പുറപ്പെട്ടുപോന്നു. 4 യഹോവ ഈജിപ്തുകാരുടെ ദൈവങ്ങളുടെ മേൽ ന്യായവിധി നടത്തിയതിനാൽ,+ ആ സമയത്ത് ഈജിപ്തുകാർ യഹോവ സംഹരിച്ച കടിഞ്ഞൂലുകളെ മറവ് ചെയ്യുകയായിരുന്നു.+
5 അങ്ങനെ ഇസ്രായേല്യർ രമെസേസിൽനിന്ന് പുറപ്പെട്ട് സുക്കോത്തിൽ പാളയമടിച്ചു.+ 6 പിന്നെ അവർ സുക്കോത്തിൽനിന്ന് പുറപ്പെട്ട് വിജനഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമടിച്ചു.+ 7 തുടർന്ന് അവർ ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനു+ മുമ്പിലുള്ള പീഹഹിരോത്തിലേക്കു പിൻവാങ്ങി; അവർ മിഗ്ദോലിനു മുന്നിൽ പാളയമടിച്ചു.+ 8 അതിനു ശേഷം അവർ പീഹഹിരോത്തിൽനിന്ന് പുറപ്പെട്ട് കടലിനു നടുവിലൂടെ സഞ്ചരിച്ച്+ വിജനഭൂമിയിൽ എത്തി.+ ഏഥാം വിജനഭൂമിയിലൂടെ+ മൂന്നു ദിവസത്തെ വഴിദൂരം പിന്നിട്ട് അവർ മാറയിൽ പാളയമടിച്ചു.+
9 പിന്നെ അവർ മാറയിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി. ഏലീമിൽ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട് അവർ അവിടെ പാളയമടിച്ചു.+ 10 തുടർന്ന് അവർ ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിന് അരികെ പാളയമടിച്ചു. 11 അതിനു ശേഷം അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സിൻ വിജനഭൂമിയിൽ പാളയമടിച്ചു.+ 12 പിന്നെ അവർ സിൻ വിജനഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്ക്കയിൽ പാളയമടിച്ചു. 13 തുടർന്ന് അവർ ദൊഫ്ക്കയിൽനിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമടിച്ചു. 14 പിന്നെ അവർ ആലൂശിൽനിന്ന് പുറപ്പെട്ട് രഫീദീമിൽ പാളയമടിച്ചു.+ അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു. 15 അതിനു ശേഷം അവർ രഫീദീമിൽനിന്ന് പുറപ്പെട്ട് സീനായ് വിജനഭൂമിയിൽ പാളയമടിച്ചു.+
16 പിന്നെ അവർ സീനായ് വിജനഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമടിച്ചു.+ 17 തുടർന്ന് അവർ കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമടിച്ചു.+ 18 പിന്നീട് അവർ ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്ത്മയിൽ പാളയമടിച്ചു. 19 അതിനു ശേഷം അവർ രിത്ത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-പേരെസിൽ പാളയമടിച്ചു. 20 പിന്നീട് അവർ രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നയിൽ പാളയമടിച്ചു. 21 അതിനു ശേഷം അവർ ലിബ്നയിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമടിച്ചു. 22 പിന്നെ അവർ രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമടിച്ചു. 23 അതിനു ശേഷം അവർ കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർ പർവതത്തിന് അരികെ പാളയമടിച്ചു.
24 പിന്നെ അവർ ശാഫേർ പർവതത്തിന് അരികിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമടിച്ചു. 25 തുടർന്ന് അവർ ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമടിച്ചു. 26 പിന്നെ അവർ മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട്+ തഹത്തിൽ പാളയമടിച്ചു. 27 അതിനു ശേഷം അവർ തഹത്തിൽനിന്ന് പുറപ്പെട്ട് തേരഹിൽ പാളയമടിച്ചു. 28 പിന്നെ അവർ തേരഹിൽനിന്ന് പുറപ്പെട്ട് മിത്കയിൽ പാളയമടിച്ചു. 29 അതിനു ശേഷം അവർ മിത്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമടിച്ചു. 30 പിന്നീട് അവർ ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മോസേരോത്തിൽ പാളയമടിച്ചു. 31 അതിനു ശേഷം അവർ മോസേരോത്തിൽനിന്ന് പുറപ്പെട്ട് ബനേ-ആക്കാനിൽ പാളയമടിച്ചു.+ 32 പിന്നെ അവർ ബനേ-ആക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമടിച്ചു. 33 തുടർന്ന് അവർ ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്ബാഥയിൽ പാളയമടിച്ചു.+ 34 പിന്നീട് അവർ യൊത്ബാഥയിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമടിച്ചു. 35 അതിനു ശേഷം അവർ അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബരിൽ+ പാളയമടിച്ചു. 36 പിന്നെ അവർ എസ്യോൻ-ഗേബരിൽനിന്ന് പുറപ്പെട്ട് സീൻ വിജനഭൂമിയിൽ,+ അതായത് കാദേശിൽ, പാളയമടിച്ചു.
37 തുടർന്ന് അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോം ദേശത്തിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിന്+ അരികെ പാളയമടിച്ചു. 38 യഹോവയുടെ ആജ്ഞപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. ഇസ്രായേല്യർ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ 40-ാം വർഷം അഞ്ചാം മാസം ഒന്നാം ദിവസം അവിടെവെച്ച് അഹരോൻ മരിച്ചു.+ 39 ഹോർ പർവതത്തിൽവെച്ച് മരിക്കുമ്പോൾ അഹരോന് 123 വയസ്സായിരുന്നു.
40 പിന്നീട്, ഇസ്രായേൽ വരുന്നെന്നു കനാൻ ദേശത്തെ നെഗെബിൽ താമസിച്ചിരുന്ന, അരാദിലെ കനാന്യനായ രാജാവ് കേട്ടു.+
41 കുറച്ച് നാളുകൾക്കു ശേഷം അവർ ഹോർ പർവതത്തിൽനിന്ന്+ പുറപ്പെട്ട് സൽമോനയിൽ പാളയമടിച്ചു. 42 പിന്നെ അവർ സൽമോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമടിച്ചു. 43 തുടർന്ന് അവർ പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു.+ 44 പിന്നീട് അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഈയേ-അബാരീമിൽ പാളയമടിച്ചു.+ 45 അതിനു ശേഷം അവർ ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ+ പാളയമടിച്ചു. 46 പിന്നെ അവർ ദീബോൻ-ഗാദിൽനിന്ന് പുറപ്പെട്ട് അൽമോൻ-ദിബ്ലാഥയീമിൽ പാളയമടിച്ചു. 47 തുടർന്ന് അവർ അൽമോൻ-ദിബ്ലാഥയീമിൽനിന്ന് പുറപ്പെട്ട് നെബോയ്ക്കു+ മുമ്പിലുള്ള അബാരീം മലനിരകളിൽ+ പാളയമടിച്ചു. 48 ഒടുവിൽ അവർ അബാരീം മലനിരകളിൽനിന്ന് പുറപ്പെട്ട് യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്ത് പാളയമടിച്ചു.+ 49 അവർ യോർദാന് അരികെ മോവാബ് മരുപ്രദേശത്ത് ബേത്ത്-യശീമോത്ത് മുതൽ ആബേൽ-ശിത്തീം+ വരെയുള്ള സ്ഥലത്ത് പാളയമടിച്ച് താമസിച്ചു.
50 യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് യഹോവ മോശയോടു സംസാരിച്ചു. ദൈവം പറഞ്ഞു: 51 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ ഇതാ, യോർദാൻ കടന്ന് കനാൻ ദേശത്തേക്കു പോകുന്നു.+ 52 ആ ദേശത്തുള്ളവരെയെല്ലാം നിങ്ങൾ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയണം. അവർ കല്ലിൽ കൊത്തിയെടുത്ത എല്ലാ രൂപങ്ങളും+ എല്ലാ ലോഹവിഗ്രഹങ്ങളും*+ നിങ്ങൾ നശിപ്പിച്ചുകളയണം. അവരുടെ ആരാധനാസ്ഥലങ്ങളും* നിങ്ങൾ തകർത്ത് തരിപ്പണമാക്കണം.+ 53 ഞാൻ ഉറപ്പായും ആ ദേശം നിങ്ങൾക്കൊരു അവകാശമായി തരും; നിങ്ങൾ അതു കൈവശമാക്കി അവിടെ താമസിക്കും.+ 54 നിങ്ങൾ ദേശം നറുക്കിട്ട്+ വിഭാഗിച്ച് നിങ്ങൾക്കിടയിലുള്ള കുടുംബങ്ങൾക്ക് അവകാശമായി കൊടുക്കണം. വലിയ കൂട്ടത്തിനു കൂടുതൽ അവകാശവും ചെറിയ കൂട്ടത്തിനു കുറച്ച് അവകാശവും കൊടുക്കണം.+ നറുക്കു വീഴുന്നിടത്തായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ച് നിങ്ങൾക്കു നിങ്ങളുടെ ഓഹരി അവകാശമായി ലഭിക്കും.+
55 “‘എന്നാൽ ആ ദേശത്തുള്ളവരെ നിങ്ങൾ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നില്ലെങ്കിൽ,+ നിങ്ങൾ ദേശത്ത് അവശേഷിപ്പിച്ചവർ നിങ്ങളുടെ കണ്ണിൽ കരടും നിങ്ങളുടെ വശങ്ങളിൽ മുള്ളുകളും ആയിത്തീരും. നിങ്ങൾ താമസിക്കുന്ന ദേശത്ത് അവർ നിങ്ങളെ ദ്രോഹിക്കും.+ 56 ഞാൻ അവരോടു ചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.’”+
34 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യർക്ക് ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്+ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇതായിരിക്കും.+
3 “‘നിങ്ങളുടെ തെക്കേ അതിർ ഏദോമിന് അടുത്തുള്ള സീൻ വിജനഭൂമിയായിരിക്കും. ഈ തെക്കേ അതിരിന്റെ കിഴക്കുഭാഗം ഉപ്പുകടലിന്റെ*+ അറ്റത്തുനിന്ന് തുടങ്ങി, 4 ദിശ മാറി അക്രബ്ബീംകയറ്റത്തിന്റെ+ തെക്കുഭാഗത്തുകൂടി സീനിലേക്കു ചെന്ന് കാദേശ്-ബർന്നേയയുടെ+ തെക്കുഭാഗത്ത് അവസാനിക്കും. പിന്നെ അതു ഹസർ-അദ്ദാർ+ വരെ ചെന്ന് അസ്മോൻ വരെ എത്തും. 5 അസ്മോനിൽനിന്ന് തിരിഞ്ഞ് അത് ഈജിപ്ത് നീർച്ചാലിലൂടെ* പോയി കടലിൽ* ചെന്ന് അവസാനിക്കും.+
6 “‘നിങ്ങളുടെ പടിഞ്ഞാറേ അതിർ മഹാസമുദ്രവും* അതിന്റെ തീരദേശവും ആയിരിക്കും. അതായിരിക്കും നിങ്ങളുടെ പടിഞ്ഞാറേ അതിർ.+
7 “‘നിങ്ങളുടെ വടക്കേ അതിർ ഇതായിരിക്കും: മഹാസമുദ്രം മുതൽ ഹോർ പർവതം വരെ നിങ്ങൾ അത് അടയാളപ്പെടുത്തണം. 8 പിന്നെ ഹോർ പർവതത്തിൽനിന്ന് ലബോ-ഹമാത്ത്*+ വരെ നിങ്ങൾ അതിർ അടയാളപ്പെടുത്തണം. അതിരിന്റെ അങ്ങേയറ്റം സെദാദായിരിക്കും.+ 9 അവിടെനിന്ന് അത് സിഫ്രോനോളം ചെല്ലും. അതു ഹസർ-ഏനാനിൽ+ ചെന്ന് അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കേ അതിർ.
10 “‘നിങ്ങളുടെ കിഴക്കേ അതിർ ഹസർ-ഏനാൻ മുതൽ ശെഫാം വരെ അടയാളപ്പെടുത്തണം. 11 പിന്നെ അതു ശെഫാമിൽനിന്ന് നീണ്ട് അയീന്റെ കിഴക്കുള്ള രിബ്ലയിൽ എത്തും. തുടർന്ന് അതു താഴേക്കു ചെന്ന് കിന്നേരെത്ത് കടലിന്റെ*+ കിഴക്കേ ചെരിവിലൂടെ കടന്നുപോകും. 12 പിന്നെ അതു യോർദാനിലൂടെ പോയി ഉപ്പുകടലിൽ+ ചെന്ന് അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ ദേശവും+ അതിന്റെ അതിർത്തികളും.’”
13 അങ്ങനെ മോശ ഇസ്രായേല്യർക്ക് ഈ നിർദേശം നൽകി: “യഹോവ കല്പിച്ചതുപോലെ നിങ്ങൾ ഈ ദേശം ഒൻപതര ഗോത്രങ്ങൾക്കു നറുക്കിട്ട് അവകാശമായി വിഭാഗിക്കണം.+ 14 കാരണം, പിതൃഭവനമനുസരിച്ച് രൂബേന്യരുടെയും ഗാദ്യരുടെയും ഗോത്രങ്ങളും മനശ്ശെയുടെ പാതി ഗോത്രവും അവകാശം കൈപ്പറ്റിയിരിക്കുന്നു.+ 15 ആ രണ്ടര ഗോത്രങ്ങൾക്കു തങ്ങളുടെ അവകാശം യരീഹൊയ്ക്കടുത്തുള്ള യോർദാൻ പ്രദേശത്തിന്റെ കിഴക്ക് സൂര്യോദയത്തിനു നേരെ ലഭിച്ചല്ലോ.”+
16 യഹോവ പിന്നെ മോശയോടു പറഞ്ഞു: 17 “നിങ്ങൾ ദേശം കൈവശമാക്കാനായി അവ നിങ്ങൾക്കു ഭാഗിച്ചുതരേണ്ട പുരുഷന്മാരുടെ പേരുകൾ ഇതാണ്: പുരോഹിതനായ എലെയാസർ,+ നൂന്റെ മകനായ യോശുവ.+ 18 കൂടാതെ, ദേശം നിങ്ങളുടെ അവകാശമായി വിഭാഗിക്കാൻ ഓരോ ഗോത്രത്തിൽനിന്നും നിങ്ങൾ ഒരു തലവനെ തിരഞ്ഞെടുക്കണം.+ 19 അവരുടെ പേരുകൾ ഇതാണ്: യഹൂദ ഗോത്രത്തിൽനിന്ന്+ യഫുന്നയുടെ മകൻ കാലേബ്;+ 20 ശിമെയോന്റെ വംശജരുടെ ഗോത്രത്തിൽനിന്ന്+ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ; 21 ബന്യാമീൻ ഗോത്രത്തിൽനിന്ന്+ കിസ്ലോന്റെ മകൻ എലീദാദ്; 22 ദാന്റെ വംശജരുടെ ഗോത്രത്തിൽനിന്ന്+ തലവനായി യൊഗ്ലിയുടെ മകൻ ബുക്കി; 23 യോസേഫിന്റെ ആൺമക്കളിൽ+ മനശ്ശെയുടെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ എഫോദിന്റെ മകൻ ഹന്നീയേൽ; 24 എഫ്രയീമിന്റെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ ശിഫ്താന്റെ മകൻ കെമൂവേൽ; 25 സെബുലൂന്റെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ പർനാക്കിന്റെ മകൻ എലീസാഫാൻ; 26 യിസ്സാഖാരിന്റെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ അസ്സാന്റെ മകൻ പൽത്തിയേൽ; 27 ആശേരിന്റെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ ശെലോമിയുടെ മകൻ അഹിഹൂദ്; 28 നഫ്താലിയുടെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ അമ്മീഹൂദിന്റെ മകൻ പെദഹേൽ.” 29 ഇവരോടാണ് ഇസ്രായേല്യർക്കു കനാൻ ദേശം വിഭാഗിച്ചുകൊടുക്കാൻ യഹോവ കല്പിച്ചത്.+
35 യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച്+ യഹോവ മോശയോട് ഇങ്ങനെ പറഞ്ഞു: 2 “ഇസ്രായേല്യരോടു തങ്ങൾക്കു കിട്ടുന്ന അവകാശത്തിൽനിന്ന് ലേവ്യർക്കു താമസിക്കാൻ നഗരങ്ങളും+ ആ നഗരങ്ങൾക്കു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളും കൊടുക്കാൻ കല്പിക്കുക.+ 3 ലേവ്യർ ആ നഗരങ്ങളിൽ താമസിക്കും. മേച്ചിൽപ്പുറങ്ങൾ അവരുടെ കന്നുകാലികൾക്കും അവരുടെ സാധനസാമഗ്രികൾക്കും അവരുടെ മറ്റെല്ലാ മൃഗങ്ങൾക്കും വേണ്ടിയായിരിക്കും. 4 നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന ഓരോ നഗരത്തിന്റെയും മേച്ചിൽപ്പുറങ്ങൾ അതതു നഗരത്തിന്റെ ചുറ്റുമതിലിൽനിന്ന് പുറത്തേക്ക് 1,000 മുഴമായിരിക്കണം.* 5 നഗരം നടുവിൽ വരുന്ന വിധത്തിൽ നിങ്ങൾ നഗരത്തിനു വെളിയിൽ കിഴക്കുഭാഗത്ത് 2,000 മുഴവും തെക്കുഭാഗത്ത് 2,000 മുഴവും പടിഞ്ഞാറുഭാഗത്ത് 2,000 മുഴവും വടക്കുഭാഗത്ത് 2,000 മുഴവും അളന്ന് വേർതിരിക്കണം. ഇവയായിരിക്കും അവരുടെ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ.
6 “നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന നഗരങ്ങളിൽ ആറെണ്ണം കൊലയാളികൾക്ക് ഓടിരക്ഷപ്പെടാനുള്ള+ അഭയനഗരങ്ങളായിരിക്കും.+ ഇവയ്ക്കു പുറമേ 42 നഗരങ്ങൾകൂടി ലേവ്യർക്കു കൊടുക്കണം. 7 അങ്ങനെ ആകെ 48 നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും നിങ്ങൾ അവർക്കു നൽകണം.+ 8 ഇസ്രായേല്യരുടെ ഓഹരിയിൽനിന്നാണു നിങ്ങൾ അവർക്കു നഗരങ്ങൾ കൊടുക്കേണ്ടത്.+ വലിയ കൂട്ടങ്ങളിൽനിന്ന് അധികവും ചെറിയ കൂട്ടങ്ങളിൽനിന്ന് കുറച്ചും എടുക്കണം.+ എല്ലാ കൂട്ടങ്ങളും തങ്ങൾക്കു കിട്ടുന്ന അവകാശത്തിന് ആനുപാതികമായി തങ്ങളുടെ നഗരങ്ങളിൽ ചിലതു ലേവ്യർക്കു കൊടുക്കണം.”
9 യഹോവ മോശയോടു തുടർന്നുപറഞ്ഞു: 10 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ ഇതാ, യോർദാൻ കടന്ന് കനാൻ ദേശത്തേക്കു പോകുന്നു.+ 11 നിങ്ങൾക്ക് എളുപ്പം ചെന്നെത്താൻ കഴിയുന്ന നഗരങ്ങളാണ് അഭയനഗരങ്ങളായി തിരഞ്ഞെടുക്കേണ്ടത്. ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ അവിടേക്ക് ഓടിപ്പോകണം.+ 12 സമൂഹത്തിനു മുമ്പാകെ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് കൊലയാളികൾ മരിക്കാതിരിക്കാൻ+ ആ നഗരങ്ങൾ രക്തത്തിനു പകരം ചോദിക്കുന്നവനിൽനിന്ന് അവർക്ക് അഭയം നൽകും.+ 13 നിങ്ങൾ നൽകുന്ന ആറ് അഭയനഗരങ്ങൾ ഈ ലക്ഷ്യം സാധിക്കും. 14 യോർദാന്റെ ഈ വശത്ത് മൂന്നു നഗരങ്ങളും+ കനാൻ ദേശത്ത് മൂന്നു നഗരങ്ങളും+ നിങ്ങൾ അഭയനഗരങ്ങളായി കൊടുക്കണം. 15 ഇസ്രായേല്യരോ അവർക്കിടയിലെ കുടിയേറ്റക്കാരോ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളോ+ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ, ഓടിരക്ഷപ്പെടാനുള്ള അഭയസ്ഥാനമായിരിക്കും ഈ ആറു നഗരങ്ങൾ.+
16 “‘എന്നാൽ ഒരാൾ മറ്റൊരാളെ ഒരു ഇരുമ്പുപകരണംകൊണ്ട് അടിച്ചിട്ട് അയാൾ മരിച്ചാൽ അയാളെ അടിച്ചവൻ ഒരു കൊലപാതകിയാണ്; ആ കൊലപാതകിയെ കൊന്നുകളയണം.+ 17 ഒരാൾ മറ്റൊരാളെ ഒരു കല്ലുകൊണ്ട് ഇടിച്ചിട്ട് അയാൾ മരിച്ചാൽ അതു ചെയ്തവൻ ഒരു കൊലപാതകിയാണ്; ആ കൊലപാതകിയെ കൊന്നുകളയണം. 18 ഇനി, ഒരാൾ മറ്റൊരാളെ തടികൊണ്ടുള്ള ഒരു ഉപകരണം ഉപയോഗിച്ച് അടിച്ചിട്ട് അയാൾ മരിച്ചാലും അതു ചെയ്തവൻ ഒരു കൊലപാതകിയാണ്; ആ കൊലപാതകിയെ കൊന്നുകളയണം.
19 “‘രക്തത്തിനു പകരം ചോദിക്കാൻ ബാധ്യസ്ഥനായവനാണു കൊലപാതകിയെ കൊല്ലേണ്ടത്. കൊലപാതകിയെ കാണുമ്പോൾ അയാൾത്തന്നെ അവനെ കൊല്ലണം. 20 വിദ്വേഷംമൂലം ഒരാൾ മറ്റൊരാളെ തള്ളുകയോ ദ്രോഹചിന്തയോടെ* അവനു നേരെ എന്തെങ്കിലും എടുത്തെറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,+ 21 അല്ലെങ്കിൽ വിദ്വേഷംമൂലം അയാൾ മറ്റൊരാളെ കൈകൊണ്ട് അടിച്ചിട്ട് അവൻ മരിച്ചുപോയാൽ, അയാളെ ഉറപ്പായും കൊന്നുകളയണം; അയാൾ ഒരു കൊലപാതകിയാണ്. അയാളെ കാണുമ്പോൾ, രക്തത്തിനു പകരം ചോദിക്കുന്നവൻ അയാളെ കൊന്നുകളയണം.
22 “‘എന്നാൽ വിദ്വേഷമൊന്നും കൂടാതെ അവിചാരിതമായി ഒരാൾ മറ്റൊരാളെ തള്ളുകയോ ദ്രോഹചിന്തയൊന്നും കൂടാതെ* അവനു നേരെ എന്തെങ്കിലും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,+ 23 അല്ലെങ്കിൽ അയാൾ എറിഞ്ഞ കല്ല് അബദ്ധത്തിൽ അവന്റെ ദേഹത്ത് കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ, അയാൾ അവന്റെ ശത്രുവോ അവനെ ദ്രോഹിക്കാൻ അവസരം നോക്കി നടക്കുന്നവനോ അല്ലെങ്കിൽ, 24 സമൂഹം ഈ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ കൊലയാളിയുടെയും രക്തത്തിനു പകരം ചോദിക്കുന്നവന്റെയും മധ്യേ ന്യായം വിധിക്കണം.+ 25 പകരം ചോദിക്കുന്നവന്റെ കൈയിൽനിന്ന് സമൂഹം അയാളെ മോചിപ്പിച്ച് അയാൾ ഓടിച്ചെന്ന ആ അഭയനഗരത്തിലേക്കു തിരിച്ചയയ്ക്കണം. വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ താമസിക്കണം.+
26 “‘എന്നാൽ കൊലയാളി താൻ ഓടിപ്പോയ അഭയനഗരത്തിന്റെ അതിർത്തിക്കു പുറത്ത് പോകുകയും 27 രക്തത്തിനു പകരം ചോദിക്കുന്നവൻ അയാളെ അയാളുടെ അഭയനഗരത്തിന്റെ അതിർത്തിക്കു വെളിയിൽവെച്ച് കണ്ടിട്ട് കൊന്നുകളയുകയും ചെയ്താൽ അവന്റെ മേൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റമില്ല. 28 കാരണം മഹാപുരോഹിതന്റെ മരണംവരെ കൊലയാളി അഭയനഗരത്തിൽ പാർക്കേണ്ടതായിരുന്നു. എന്നാൽ മഹാപുരോഹിതന്റെ മരണശേഷം അയാൾക്കു സ്വന്തം സ്ഥലത്തേക്കു മടങ്ങിപ്പോകാവുന്നതാണ്.+ 29 ന്യായവിധി നടത്തുമ്പോൾ തലമുറകളോളം നിങ്ങളുടെ എല്ലാ താമസസ്ഥലങ്ങളിലും നിങ്ങൾ പിൻപറ്റേണ്ട നിയമങ്ങളാണ് ഇവ.
30 “‘ആരെങ്കിലും ഒരാളെ കൊന്നാൽ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ+ ആ കൊലപാതകിയെ കൊന്നുകളയണം.+ എന്നാൽ ഒരേ ഒരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരെയും കൊല്ലരുത്. 31 മരണയോഗ്യനായ ഒരു കൊലപാതകിയുടെ ജീവനുവേണ്ടി നിങ്ങൾ മോചനവില വാങ്ങരുത്. അയാളെ കൊന്നുകളയണം.+ 32 അതുപോലെ, അഭയനഗരത്തിലേക്ക് ഓടിപ്പോയവനുവേണ്ടിയും നിങ്ങൾ മോചനവില വാങ്ങരുത്, മഹാപുരോഹിതന്റെ മരണത്തിനു മുമ്പ് തിരികെ വന്ന് സ്വന്തം സ്ഥലത്ത് താമസിക്കാൻ അയാളെ അനുവദിക്കരുത്.
33 “‘നിങ്ങൾ താമസിക്കുന്ന ദേശം നിങ്ങൾ മലിനമാക്കരുത്. രക്തം ദേശത്തെ മലിനമാക്കുന്നതിനാൽ,+ രക്തം ചൊരിഞ്ഞവന്റെ രക്തത്താലല്ലാതെ ദേശത്ത് ചൊരിഞ്ഞ രക്തത്തിനു പാപപരിഹാരമില്ല.+ 34 ഞാൻ വസിക്കുന്നതും നിങ്ങൾ താമസിക്കുന്നതും ആയ ദേശം നിങ്ങൾ അശുദ്ധമാക്കരുത്. യഹോവ എന്ന ഞാൻ ഇസ്രായേൽ ജനത്തിന്റെ ഇടയിൽ താമസിക്കുന്നല്ലോ.’”+
36 യോസേഫിന്റെ വംശജരുടെ കുടുംബങ്ങളിൽപ്പെട്ട, മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ+ വംശജരുടെ കുടുംബത്തലവന്മാർ മോശയുടെയും ഇസ്രായേല്യരുടെ കുടുംബത്തലവന്മാരായ പ്രമാണിമാരുടെയും അടുത്ത് വന്ന് അവരോടു സംസാരിച്ചു. 2 അവർ പറഞ്ഞു: “ദേശം നറുക്കിട്ട് വിഭാഗിച്ച്+ ഇസ്രായേല്യർക്ക് ഒരു അവകാശമായി കൊടുക്കാൻ യഹോവ ഞങ്ങളുടെ യജമാനനായ അങ്ങയോടു കല്പിച്ചിരുന്നല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ അവകാശം അദ്ദേഹത്തിന്റെ പെൺമക്കൾക്കു നൽകാനും യഹോവയിൽനിന്ന് യജമാനനു കല്പന ലഭിച്ചു.+ 3 എന്നാൽ ആ പെൺകുട്ടികൾ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളിലുള്ളവരെ വിവാഹം കഴിച്ചാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങി, അവർ വിവാഹം കഴിച്ച് ചെല്ലുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ, ഞങ്ങൾക്കു നറുക്കിട്ട് കിട്ടിയ അവകാശത്തിൽനിന്ന് അവരുടെ അവകാശം നീങ്ങിപ്പോകും. 4 മാത്രമല്ല, ഇസ്രായേൽ ജനത്തിന്റെ ജൂബിലിവർഷത്തിൽ+ ഈ പെൺകുട്ടികളുടെ അവകാശം, അവർ വിവാഹം കഴിച്ച് ചെല്ലുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ ഗോത്രത്തിന്റെ അവകാശത്തിൽനിന്ന് നീങ്ങിപ്പോകും.”
5 അപ്പോൾ യഹോവയുടെ ആജ്ഞപ്രകാരം മോശ ഇസ്രായേല്യരോട് ഇങ്ങനെ കല്പിച്ചു: “യോസേഫിന്റെ ഗോത്രം പറഞ്ഞതു ശരിയാണ്. 6 സെലോഫഹാദിന്റെ പെൺമക്കളെക്കുറിച്ച് യഹോവ കല്പിച്ചത് ഇതാണ്: ‘ഇഷ്ടമുള്ള ആരെയും അവർക്കു വിവാഹം കഴിക്കാം. പക്ഷേ അത് അവരുടെ അപ്പന്റെ ഗോത്രത്തിലെ ഒരു കുടുംബത്തിൽനിന്നായിരിക്കണമെന്നു മാത്രം. 7 ഇസ്രായേല്യരുടെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊന്നിലേക്കു കൈമാറരുത്. കാരണം ഇസ്രായേല്യർ തങ്ങളുടെ പൂർവികരുടെ ഗോത്രത്തിന്റെ അവകാശം കാത്തുസൂക്ഷിക്കേണ്ടതാണ്. 8 ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ അവകാശം ലഭിക്കുന്ന പെൺമക്കളെല്ലാം അവരുടെ അപ്പന്റെ ഗോത്രത്തിലുള്ളവർക്കു ഭാര്യമാരാകണം.+ അങ്ങനെ പൂർവികരുടെ അവകാശം കാത്തുസൂക്ഷിക്കാൻ ഇസ്രായേല്യർക്കു സാധിക്കും. 9 അവകാശങ്ങൾ ഒന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊന്നിലേക്കു കൈമാറരുത്. കാരണം ഇസ്രായേൽഗോത്രങ്ങൾ തങ്ങളുടെ അവകാശം കാത്തുസൂക്ഷിക്കേണ്ടതാണ്.’”
10 യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ സെലോഫഹാദിന്റെ പെൺമക്കൾ ചെയ്തു.+ 11 സെലോഫഹാദിന്റെ പെൺമക്കളായ മഹ്ല, തിർസ, ഹൊഗ്ല, മിൽക്ക, നോഹ+ എന്നിവർ അപ്പന്റെ സഹോദരന്മാരുടെ ആൺമക്കളെ വിവാഹം കഴിച്ചു. 12 തങ്ങളുടെ അവകാശം അപ്പന്റെ കുടുംബത്തിന്റെ ഗോത്രത്തിൽ നിലനിൽക്കാൻവേണ്ടി അവർ യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽനിന്നുള്ള പുരുഷന്മാർക്കു ഭാര്യമാരായി.
13 ഇതെല്ലാമാണ് യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത കല്പനകളും ന്യായത്തീർപ്പുകളും.+
പദാവലി കാണുക.
അഥവാ “സമാഗമനകൂടാരത്തിൽനിന്ന്.” പദാവലി കാണുക.
പദാവലി കാണുക.
അഥവാ “തല എണ്ണി.”
അക്ഷ. “സൈന്യമനുസരിച്ച്.”
അക്ഷ. “അന്യർ ആരെങ്കിലും.” അതായത്, ലേവ്യനല്ലാത്ത ഒരാൾ.
അഥവാ “തന്റെ കൊടിയടയാളത്തിനു കീഴിൽ.”
അഥവാ “അവിടെ സേവിക്കാനുള്ള ചുമതല.”
അഥവാ “അടയാളത്തിന് അരികെ.”
അക്ഷ. “സൈന്യമനുസരിച്ച്.”
അക്ഷ. “തലമുറകൾ.”
അക്ഷ. “അന്യർ ആരെങ്കിലും.” അതായത്, അഹരോന്റെ കുടുംബത്തിൽപ്പെടാത്ത ഒരാൾ.
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അക്ഷ. “അന്യർ ആരെങ്കിലും.” അതായത്, ലേവ്യനല്ലാത്ത ഒരാൾ.
അഥവാ “വിശുദ്ധശേക്കെലിന്റെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ഗേര = 0.57 ഗ്രാം. അനു. ബി14 കാണുക.
അഥവാ “കൊഴുപ്പുള്ള ചാരം.” അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.
അക്ഷ. “ചുമട്.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “ഒരു ദേഹിയാൽ.” പദാവലി കാണുക.
അക്ഷ. “അവർ തങ്ങളുടെ.”
ഒരു ഏഫായുടെ പത്തിലൊന്ന് = 2.2 ലി. അനു. ബി14 കാണുക.
തെളിവനുസരിച്ച് പുനരുത്പാദനാവയവങ്ങളെ കുറിക്കുന്നു.
ഇതു വന്ധ്യതയെയായിരിക്കാം അർഥമാക്കുന്നത്.
അഥവാ “അങ്ങനെതന്നെയാകട്ടെ! അങ്ങനെതന്നെയാകട്ടെ!”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കണം.”
പദാവലി കാണുക.
എബ്രായയിൽ, നാസിർ. അർഥം: “തിരഞ്ഞെടുക്കപ്പെട്ടവൻ; സമർപ്പിതൻ; വേർതിരിക്കപ്പെട്ടവൻ.”
അഥവാ “ഒരു ദേഹിയുടെ.” പദാവലി കാണുക.
അഥവാ “സമീപത്തെങ്ങും.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “സമർപ്പണസമയത്ത്.”
അഥവാ “വിശുദ്ധശേക്കെലിന്റെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “സ്വർണംകൊണ്ടുള്ള ചെറിയ കുഴിയൻപാത്രം.”
അക്ഷ. “അവനോട്.”
പദാവലി കാണുക.
അക്ഷ. “ആട്ടുക.” അതായത്, അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാൻ ഇടവരുത്തുക.
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
അഥവാ “ഒരു മനുഷ്യദേഹിയാൽ.”
അഥവാ “കൊന്നുകളയണം.”
അക്ഷ. “സൈന്യമനുസരിച്ച്.”
അക്ഷ. “സൈന്യമനുസരിച്ച്.”
അക്ഷ. “സൈന്യമനുസരിച്ച്.”
പിന്നിൽനിന്നുള്ള ആക്രമണത്തെ ചെറുക്കുന്നവരാണു “പിൻപട.”
അക്ഷ. “സൈന്യമനുസരിച്ച്.”
അക്ഷ. “ഇസ്രായേല്യർ അവരുടെ സൈന്യമനുസരിച്ച്.”
അതായത്, യിത്രൊയുടെ.
അഥവാ “കണ്ണായിരിക്കും.”
അർഥം: “കത്തുന്ന.” അതായത്, ആളിക്കത്തുന്ന തീ.
അവർക്കിടയിലുണ്ടായിരുന്ന ഇസ്രായേല്യരല്ലാത്തവരായിരിക്കാനാണു സാധ്യത.
മുത്തുപോലുള്ള, സുതാര്യമായ ഒരുതരം പശ.
പദാവലി കാണുക.
അഥവാ “നിനക്ക് അറിയാവുന്ന.”
അഥവാ “പ്രവചിക്കാൻതുടങ്ങി.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
ഒരു ഹോമർ = 220 ലി. അനു. ബി14 കാണുക.
അർഥം: “അത്യാർത്തിയുടെ ശ്മശാനം.”
അഥവാ “വളരെ താഴ്മയുള്ളവനായിരുന്നു.”
അക്ഷ. “എന്റെ മുഴുവൻ ഭവനത്തിലുംവെച്ച് അവൻ വിശ്വസ്തനാണെന്നു തെളിയിക്കുന്നു.”
അക്ഷ. “വായോടുവായാണ്.”
അഥവാ “കനാൻ ദേശത്ത് ചാരവൃത്തി നടത്താൻ.”
അഥവാ “യഹോശുവ.” അർഥം: “യഹോവ രക്ഷയാണ്.”
അക്ഷ. “കൊഴുപ്പുള്ളതാണോ.”
അക്ഷ. “ശോഷിച്ചതാണോ.”
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടത്തിന്.”
അഥവാ “നീർച്ചാലിൽ.”
അർഥം: “മുന്തിരിക്കുല.”
അഥവാ “നീർച്ചാൽ.”
അഥവാ “നെഫിലിമുകളുടെ വംശജരായ.”
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
അക്ഷ. “അവർ നമുക്ക് അപ്പമാണ്.”
അക്ഷ. “ഒരൊറ്റയാളെ എന്നപോലെ.”
അഥവാ “മനോഭാവത്തോടും.”
അക്ഷ. “കൈ ഉയർത്തിയ.”
അക്ഷ. “വേശ്യാവൃത്തിക്ക്.”
അഥവാ “ശത്രുവാക്കിയാൽ.”
അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
അഥവാ “സ്വന്തം ഇഷ്ടപ്രകാരം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “അന്യർ.”
അക്ഷ. “അന്യർ.” അതായത്, അഹരോന്റെ കുടുംബക്കാരനല്ലാത്ത ഒരാൾ.
പദാവലി കാണുക.
അതായത്, വീണ്ടെടുക്കാനോ അസാധുവാക്കാനോ കഴിയാത്ത വിധം ദൈവത്തിനു വിശുദ്ധമായി സമർപ്പിച്ചതെല്ലാം.
അഥവാ “വിശുദ്ധശേക്കെലിന്റെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ഗേര = 0.57 ഗ്രാം. അനു. ബി14 കാണുക.
അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കണം.”
അതായത്, സ്ഥിരമായതും മാറ്റമില്ലാത്തതും ആയ ഒരു ഉടമ്പടി.
അക്ഷ. “അതുകൊണ്ട്.”
അഥവാ “കൊന്നുകളയണം.”
അഥവാ “വിജനഭൂമിയിൽക്കിടന്ന്.” പദാവലി കാണുക.
അർഥം: “കലഹം.”
അക്ഷ. “ദിവസം.”
അക്ഷ. “കൈയോടും.”
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
അർഥം: “നാശത്തിനു സമർപ്പിക്കൽ.”
അഥവാ “വിജനഭൂമിയിൽക്കിടന്ന്.” പദാവലി കാണുക.
അഥവാ “അഗ്നിസർപ്പങ്ങളെ.”
അഥവാ “അഗ്നിസർപ്പത്തിന്റെ.”
അഥവാ “നീർച്ചാലിൽ.”
അഥവാ “നീർച്ചാലുകളും.”
മറ്റൊരു സാധ്യത “മരുഭൂമിക്ക്; വിജനഭൂമിക്ക്.”
അഥവാ “ചുറ്റുമുള്ള പട്ടണങ്ങളിലും.”
അഥവാ “ചുറ്റുമുള്ള പട്ടണങ്ങൾ.”
തെളിവനുസരിച്ച് യൂഫ്രട്ടീസ്.
അക്ഷ. “ഭൂമിയുടെ കണ്ണ്.”
അക്ഷ. “പെൺകഴുതയ്ക്ക്.”
അക്ഷ. “പെൺകഴുതയുടെ വായ് തുറന്നു.”
അഥവാ “ഖേദിക്കാൻ.”
മറ്റൊരു സാധ്യത “മരുഭൂമിക്ക്; വിജനഭൂമിക്ക്.”
അഥവാ “നീർച്ചാലുകൾപോലെ.”
അഥവാ “സന്തതിയെ.”
അക്ഷ. “എന്റെ ഹൃദയത്തിൽനിന്ന്.”
അഥവാ “നാളുകൾ അവസാനിക്കുമ്പോൾ.”
അഥവാ “ചെന്നികൾ.”
ലൈംഗിക അധാർമികതയെ കുറിക്കുന്നു.
അഥവാ “ബാൽ-പെയോരിനോടു പറ്റിച്ചേർന്നതുകൊണ്ട്.”
അക്ഷ. “സൂര്യനു മുമ്പാകെ.”
അഥവാ “ബാലിനോടു പറ്റിച്ചേർന്ന.”
അഥവാ “പേരുകളുടെ എണ്ണത്തിന് ആനുപാതികമായി.”
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
അഥവാ “ആത്മാവിന്റെ.”
അഥവാ “മഹത്ത്വത്തിൽ.”
അഥവാ “എനിക്കു പ്രീതികരമായ; എന്റെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “എന്നെ ശാന്തമാക്കുന്ന.”
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിലും.”
ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.
അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
അക്ഷ. “നിങ്ങളുടെ മാസങ്ങളുടെ.”
അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
“സ്വയം ക്ലേശിപ്പിക്കുക” എന്നത് ഉപവാസം ഉൾപ്പെടെ ആത്മപരിത്യാഗത്തിന്റെ വ്യത്യസ്തരീതികളെ അർഥമാക്കുന്നതായി പൊതുവേ കരുതപ്പെടുന്നു.
അഥവാ “സ്വയം ക്ലേശിപ്പിക്കുന്ന വ്രതം.”
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
അഥവാ “മതിലുള്ള പാളയങ്ങളും.”
അതായത്, ആയിരം പേരുടെ അധിപന്മാർ.
അതായത്, നൂറു പേരുടെ അധിപന്മാർ.
പദാവലി കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “സ്മാരകമായി.”
അഥവാ “നീർച്ചാലോളം.”
അഥവാ “പുനർനിർമിച്ചു.”
അർഥം: “കൂടാരങ്ങൾ നിറഞ്ഞ യായീരിന്റെ ഗ്രാമങ്ങൾ.”
അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
അക്ഷ. “സൈന്യമനുസരിച്ച്.”
അക്ഷ. “ഉയർത്തിപ്പിടിച്ച കൈയോടെ.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകളും.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
അതായത്, ചാവുകടൽ.
പദാവലി കാണുക.
അതായത്, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
അതായത്, മെഡിറ്ററേനിയൻ കടൽ.
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”
അതായത്, ഗന്നേസരെത്ത് തടാകം (ഗലീലക്കടൽ).
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അക്ഷ. “പതിയിരുന്ന്.”
അക്ഷ. “പതിയിരുന്നല്ലാതെ.”
അക്ഷ. “വായുടെ.”